2004 ഏപ്രിൽ മാസം, പ്ലസ്ടു കഴിഞ്ഞ് വേനലവധിക്ക് വട്ടചിലവിന് കാശ് ഉണ്ടാക്കാൻ വേണ്ടിയായിരുന്നു അന്നത്തെ ലൈറ്റ് പിടിത്തം അന്നൊക്കെ അത് ഒരു ഹരം ആയിരുന്നു കൂടെ ക്യാമറ പണിയും പടിക്കാല്ലോ. നല്ല പുത്തൻ ഉടുപ്പ് കൂട്ടുകാരിൽ നിന്നും ഒരു ദിവസത്തേക്ക് ഇരന്ന് വാങ്ങിയാകും പോകുന്നത് ഒരുപാട് പെണ്ണപിള്ളേർ വരുന്ന സ്ഥലമാണല്ലോ ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന സ്റ്റുഡിയോയിലേ പ്രധാന വീഡിയോ ഗ്രാഫർ ആണ് വേണുവേട്ടൻ. കല്യാണ പാർട്ടിയുടെ കയ്യിൽ നിന്നും നല്ല പൈസ വർക്കിന് മേടിക്കും എന്നിട്ട് ഞങ്ങൾ അസിസ്റ്റൻസിന് തരുന്നതോ നക്കാപിച്ച പൈസ. അന്നത്തെ വീട്ടിലെ ചുറ്റുപാട് കാരണം മടിക്കാതെ പോകും. അതുപോലെ തന്നെ ആൾ ബാക്കിയുള്ളവരുടെ മുന്നിൽ ആളാകാൻ വേണ്ടി ഞങ്ങളെ മനപ്പൂർവം ശകാരിക്കും. ഒരു ചീപ്പ് ഷോമാൻ ആയിരുന്നു അയാള്. ഞാൻ എല്ലാം സഹിച്ഛ് നിൽക്കും ക്യാമറ പണി പടിക്കണമല്ലോ!
അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ ഞാൻ വായനശാലയിൽ ഇരിക്കുമ്പോൾ വേണുവേട്ടൻ ബൈക്ക് ചവിട്ടിയിട്ട് "ടാ മോനെ ഇന്നൊരു വർക്കുണ്ട് കുറച്ച് ദൂരെയാ സ്ഥലം ഒരു ജോഡി തുണി കൂടി എടുത്തോ, വൈകിട്ട് മൂന്ന് മണിക്കെങ്കികും തിരിക്കണം പെണ്ണിന്റെ വീടാണ് ഇന്ന് വൈകിട്ടത്തെ റീസെപ്ഷനും നാളത്തെ കെട്ടും കഴിഞ്ഞേ നമ്മൾ തിരിച്ചു വരുള്ളൂ. ഇന്ന് നമ്മൾ അവിടെയായിരിക്കും സ്റ്റേ. കൃത്യം മൂന്നു മണിക്ക് കടയിലോട്ട് വാ" താമസിക്കരുത് എന്നൊരു താക്കീതും. കുറച്ച് പൈസക്ക് ആവശ്യമുള്ള സമയമായിരുന്നു, "ഉവ്വ് വരാം" എന്ന് ഞാനും. ഏതായാലും പറഞ്ഞ സമയത്ത് തന്നെ ഞാൻ കടയിൽ എത്തി. വേണുവേട്ടന്റെ ഹീറോ ഹോണ്ട സ്പ്ലെണ്ടറിൽ ആണ് ഞങ്ങൾ പോകാറ്. ഒരു ക്യാമറ ബാഗും രണ്ട് ചെറിയ ലൈറ്റ് ബാഗും തൂക്കി ഞാൻ പുറകിൽ ഇരിക്കും, നല്ല വെയിറ്റുള്ള ബാഗ് ആയതുകൊണ്ട് ദൂരെ യാത്രയിൽ കൈ കഴയ്ക്കാറുണ്ട്
പെണ്ണിന്റെ വീട് ജംഗ്ഷനിൽ നിന്നും അരമണിക്കൂർ ഉള്ളിലോട്ട് പോകണം വഴിയറിയാതെ ഒരുപാട് ചുറ്റി, ഒരു ചായ പോലും വാങ്ങി തന്നില്ല ദുഷ്ടൻ. അങ്ങനെ കറങ്ങി തിരിഞ്ഞ് ഒരുവിധത്തിൽ പെണ്ണിന്റെ വീടെത്തി. ഇറങ്ങിയപാടെ തന്നെ അവിടെ തലമൂത്ത കാർനോര് "മ്മ്...എന്താ വൈകിയേ സമയത്തിനും കാലത്തിനും ഇറങ്ങികൂടെ" എന്നൊരു ശകാരവും, പിന്നെ ധൃതി പിടിച്ച് ബാഗിലെ സാധനങ്ങൾ ഒക്കെ എടുത്ത് സജ്ജമായി നിന്നു. പതിവുപോലെ പെണ്ണ് ഒരുങ്ങുന്നതെ ഉള്ളു, അതിനാണ് ആ കാർണോർ കിടന്ന് ചാടിയത്, എല്ലാ കല്യാണ വീട്ടിലും കാണുമല്ലോ ഷോ കാണിക്കുന്ന വയസ്സന്മാർ. ഏതായാലും വേണുവേട്ടന് ഒരു കൂട്ടായി.
അങ്ങനെ സമയം അഞ്ചരയായി ആളുകൾ വന്നുതുടങ്ങി വീടിനോട് ചേർന്ന പറമ്പിലാണ് പന്തൽ കെട്ടിയിക്കുന്നത്. പാനസോണിക്കിന്റെ വലിയ ക്യാമറയും തൂക്കിപിടിച്ച് വേണുവേട്ടനും, ലൈറ്റും വയറുമായി പുറകെ ഞാനും നിന്നു. അപ്പോഴാണ് പെണ്ണും കൂടെ ഒരു തോഴിയും പന്തലിലേക്ക് വരുന്നത്, എന്റെ കണ്ണിൽ പെട്ടന്ന് ഒരു പ്രകാശം പതിച്ചു, മനോഹരമായ നയണങ്ങളോട് കൂടി കല്യാണപെണ്ണിന്റെ ചെവിയിൽ എന്തോ പറഞ് ഒരു നേർത്ത ചിരിയോടെ വരുന്നു അവൾ, സഹോദരിയോ? അല്ലെങ്കിൽ കൂട്ടുകരിയോ ആവനാണ് സാധ്യത ഞാൻ അറിയാതെ ലൈറ്റ് അവളിലേക്ക് തിരിച്ചുപോയി. "ലൗ അറ്റ് ഫസ്റ്റ് സൈറ്റ്" എന്നൊക്കെ പറയാറില്ലേ, ഇടതൂർന്ന ചുരുളൻ മുടിയും, എഴുതിയ കണ്ണുകളും, വെള്ളരിപല്ലുകളുമായ് ഒരു നാടൻ പെൺകുട്ടി. കൈ മെയ് മറന്ന് ലൈറ്റ് വേറെ ഏതോ ദിശയിലേക്ക് ഞാൻ പിടിച്ചു വേണുവേട്ടൻ എന്തോ പറയുന്നുണ്ടായിരുന്നു, ഞാൻ വേറൊരു മായിക ലോകത്തായിരുന്നു, പെട്ടന്നാണ് തലകിട്ട് ഒരു കൊട്ട് കിട്ടിയത് "എവിടെ നോക്കിയാടാ കഴുതെ ലൈറ്റ് പിടിക്കുന്നത്" പല്ലും കടിച്ച ദേശ്യത്തിൽ വേണുവേട്ടൻ, അവിടെ ഉള്ളവർ എല്ലാം അതു കണ്ടു, അവളും! എല്ലാരുടെയും മുന്നിൽ ഞാൻ നാണംകെട്ടു കൂട്ടത്തിൽചിലർ അടക്കം പറഞ്ഞ് ചിരിച്ചു. അവൾ എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഞാൻ നോക്കി, അവളും സഹതാപത്തോടെ എന്നെ നോക്കി ചിരിച്ചു. അവളെ കണ്ടതുമുതൽ യാന്ത്രികമായിരുന്നു എന്റെ പ്രവർത്തികൾ ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടും ആ സായാഹ്നത്തിൽ വന്ന എല്ലാ ചെറുപ്പകാരുടെയും കണ്ണുകളും അവളിലേക്കായിരുന്നു. സമയം ഏഴരയോടായി കല്യാണപെണ്ണിനെ കാണാൻ സമ്മാനങ്ങളുമായി നല്ല തിരക്കുളള നേരം, തിരക്കിട്ട് വീഡിയോ പിടിത്തത്തിലാണ് വേണുവേട്ടൻ, പുറകെ ലൈറ്റുമായി ഞാനും, അവൾ എന്തോ ആവശ്യത്തിന് വീടിനകത്ത് പോയി, ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യാൻ നിൽക്കുന്ന കല്യാണപെണ്ണിന്റെ കോളെജ് ഫ്രണ്ട്‌സ് കൊള്ളാം എല്ലാരും നല്ല സുന്ദരിമാർ പക്ഷെ ഒന്നും എന്റെ പെണ്ണിനോളം വരൂലാ എന്ന് മനസ്സിലൊന്നു പുച്ഛിച്ചു, പെട്ടന്നാണ് അത് സംഭവിച്ചത്, ഞാൻ പിടിച്ചുകൊണ്ടിരുന്ന ലൈറ്റ് തനിയെ ഓഫായി, പിന്നെ പറയണ്ട ചീത്തവിളിയുടെ മേളമായിരുന്നു വേണുവേട്ടന്
കോളേജ് പിള്ളേരുടെ മുന്നിൽ ഷോ കാണിക്കാൻ കിട്ടിയ ചാൻസ് നല്ലോണം മുതലെടുത്തു "മര കഴുതെ, കോവർ കഴുതെ"പറയാത്ത ചീത്തയില്ല, അവിടെ കളിച്ചുകൊണ്ടിരുന്ന ഏതോ ഒരു കുട്ടി പ്ലഗ് പോയിന്റിൽ കൊടുത്ത കണക്ഷൻ ഊരിയിട്ടതാ എന്ന് അതുവഴി പോയ ചേട്ടൻ പറഞ്ഞു. അതിനാണ് എന്റെ മെക്കിട്ട് കേറിയത്. പിറുപിറുത്ത് കൊണ്ട് ശരിയാക്കാൻ പോയപ്പോൾ പെട്ടന്ന് ലൈറ്റ് ഒണ്ണായി അന്തിച്ചു നിന്ന ഞാൻ കണ്ടത് അവൾ എന്നെ സഹായിക്കാൻ ആ പ്ലഗ് പോയിന്റിൽ കണക്റ്റ് ചെയ്തു തന്നു, എന്നിട്ട് ജന്നലിലൂടെ എന്നെ നോക്കി ഒരു ചിരിയും. എന്റെ മുഖം തിളങ്ങി, ആയിരം വാട്ട്സ് ലൈറ്റ് കത്തിച്ചത് പോലെ. ഞാൻ അതൊട്ടും പ്രതീക്ഷിച്ചിലായിരുന്നു.
അങ്ങനെ അന്നത്തെ പരിപാടിയൊക്കെ കഴിഞ്ഞ് ആളൊഴിഞ് തുടങ്ങിയിരുന്നു എല്ലാരും കഴിച്ചു കഴിഞ്ഞ് അവസാനമായിരിക്കും ക്യാമറമേനും കൂട്ടരും കഴിക്കുന്നത്. പലപ്പോഴും വിരുന്നിലെ എല്ലാ വിഭവങ്ങളും കിട്ടിയെന്ന് വരില്ല ഉള്ളത് കൊണ്ട് ഓണം പോലെ കഴിക്കും. ഞങ്ങൾക്ക് തങ്ങാനായി തൊട്ടടുത്ത കളപുറയിൽ സൗകര്യം ഒരുക്കിയിരുന്നു. വേണുവേട്ടൻ നേരത്തെ കിടന്നു എനിക്ക് ഉറക്കം വന്നില്ല ഞാൻ പുറത്തേക്കിറങ്ങി നല്ല നിലാവുള്ള രാത്രി അവളെ വീണ്ടും ഒരുനോക്ക് കാണാൻ കൊതിച്ചു. ദൈവം എന്റെ വിളി കേട്ടു അതാ ടെറസിൽ കല്യാണപെണ്ണിന് അവൾ മൈലാഞ്ചി ഇട്ട് കൊടുക്കുന്നു. നിലാവിന്റെ വെട്ടത്തിൽ അവളുടെ സുന്ദരമുഖം തെളിഞ്ഞു കാണാം. ഇരുട്ടിന്റെ മറവിൽ കുറെനേരം നോക്കി നിന്നു.
പിറ്റേന്ന് വെളുപ്പിനെ അഞ്ചു മണിക്ക് തന്നെ എണീറ്റ് ഇരന്ന് വാങ്ങിയ പുത്തൻ ഉടുപ്പും ഇട്ട് അമ്പലത്തിൽ തൊഴുന്ന വീഡിയോ പിടിക്കാൻ സജ്ജമായി തൊട്ടടുത്തുള്ള അമ്പലമായതിനാൽ കാറിൽ പോകാമെന്ന് കല്യാണ പെണ്ണിന്റെ ചേട്ടൻ കാറുമായി വന്നു നിന്നു മുന്നിലത്തെ സീറ്റിൽ നേരത്തെ വേണുവേട്ടൻ സ്ഥാനം ഉറപ്പിച്ചു പുറകിൽ കല്യാണ പെണ്ണും പിന്നെ അവളും,
എനിക്ക് അവളുടെ അടുത്തു വേണം ഇരിക്കാൻ എന്റെ ഹൃദയമിടിപ്പ് കൂടി, അവളാണ് എനിക്ക് ഡോർ തുറന്ന് തന്നത്, നീല പട്ടുപാവാടയും ബ്ലൗസും കണ്ണെഴുതി പൊട്ടും തൊട്ട് മുല്ലപൂവും ചൂടി അതാ ഇരിക്കുന്നു ആ നാടൻ സുന്ദരി, ഒരു പരുങ്ങലോടെയും, നാണത്തോടെയും ഞാൻ അവളുടെ അടുത്തിരുന്നു അവൾക്ക് മുഖം കൊടുക്കാൻ ധൈര്യമില്ലാതെ പുറത്തോട്ടു നോക്കി ഇരുന്നു. അവളുടെ മുല്ലപ്പൂവിന്റെ വാസന മൂക്കിൽ തുളച്ചു കേറി. ഒട്ടും പ്രതീക്ഷിക്കാത്ത തരുണം. ഒളികണ്ണിട്ട് ഇടക്ക് നോക്കും അവളും എന്നെ നോകുന്നോ എന്നറിയാൻ പണ്ടേ പെണ്ണുങ്ങളോട് സംസാരിക്കാൻ എനിക്ക് ചമ്മലായിരുന്നു, ഞാൻ പഠിച്ചത് ബോയ്സ് സ്കൂളിലാണ്. മിടിക്കുന്ന ഹൃദയവുമായി ആ സുന്ദര തരുണം ആസ്വദിച്ഛ് തിരിച്ചെത്തി.
വീട്ടുമുറ്റത്ത് ആൾക്കാരെ കൂട്ടാൻ വാനും കാറും സജ്ജമായി. കല്യാണ പെണ്ണ് വീട്ടിൽ നിന്ന് ഇറങ്ങി ഇനി മണ്ഡപത്തിലാണ് ബാക്കി പരിപാടികൾ പൊതുവെ ഞങ്ങൾ ക്യാമറ ടീം കല്യാണ ദിവസം രാവിലെ നല്ല തിരക്കിലായിരിക്കും ഒരു ചായയും വടയുമായിരിക്കും പ്രാതൽ. നേരത്തെ മണ്ഡപത്തിൽ ചെന്ന് സ്‌ഥാനം ഉറപ്പിക്കണം. അലങ്കരിച്ച കതിർമണ്ഡപത്തിന്റെ വീഡിയോ, കല്യാണത്തിന് വന്ന ആൾകൂട്ടത്തിന്റെ വീഡിയോ തുടങ്ങിയവ നേരത്തെക്കൂട്ടി എടുത്ത് വയ്ക്കും. അധ്യമൊക്കെ സ്റ്റേജിൽ കേറി ആൾക്കാരെ അഭിമുഖികരിക്കാൻ ഭയങ്കര ചമ്മലായിരുന്നു എല്ലാരും എന്നെ മാത്രം നോക്കുന്നത് പോലെ ചില വാല് പെണ്ണ്കുട്ടിയോളുടെ കണ്ണെടുക്കാതെയുള്ള നോട്ടവും, അടക്കപറച്ചിലും, ഓഹ് അവിടെ നിന്ന് ഉരുകി പോകാറുണ്ട്. വേണുവേട്ടന്റെ ഇടക്കുള്ള ദേഷ്യപെടലും, മറ്റുള്ളവരുടെ മുന്നിൽ എന്നെ തരംതാഴ്ത്തിയുള്ള ഷോ കാണിക്കലും പതിവ് പോലെ നടന്നു ഇന്നത്തെ പോലെ എൽഈഡി ബൾബ് അല്ല അന്ന് ചൂട് കൂടിയ ഹാലോജൻ ലൈറ്റും, സ്വിച്ചിബോക്സും വയറും തൂക്കിപിടിച്ഛ് ക്യാമറമാന്റെ കൂടെ നടക്കണം ക്യാമറ പഠിക്കാൻ വേണ്ടി എല്ലാം സഹിച്ചു നിൽക്കും. ചില വയസ്സന്മാരുടെ മുഖത്ത് വെട്ടമടിക്കുമ്പോൾ ഉള്ള ഭാവവ്യത്യാസം, പിറുപിറുക്കൽ, മറ്റ് ചിലവരുടെ മസ്സില് പിടിത്തം, ചെറുപ്പക്കാരികളുടെ കുണുങ്ങി ചിരി, മുതുക്കന്മാരുടെ ഗൗരവം എല്ലാംകൂടി ചിരിക്കാൻ ഉണ്ട് ഒരുപാട്.
കതിർമണ്ഡപത്തിൽ വരനും മാതാപിതാക്കളും എത്തി, ഞങ്ങളുടെ ക്യാമറ ബാഗും മറ്റ് സാധനങ്ങളും കല്യാണപെണ്ണിന്റെ മേക്കപ്പ് റൂമിലാണ് വച്ചിരിക്കുന്നത്. ബാറ്ററി ചാർജ് ചെയ്യാൻ എന്ന വ്യാജേന ഇടക്ക് അവളെ കാണാൻ പോകാറുണ്ട് എന്നെ കാണുംപോളുള്ള അവളുടെ ഭാവമാറ്റങ്ങൾ ഞാൻ പലപ്പോഴായി ശ്രദ്ധിച്ചിരുന്നു ആ ഇടകണ്ണിട്ടുള്ള നോട്ടവും, നാണിച്ചു തലതാഴ്ത്തിയുള്ള ചിരിയുമൊക്കെ അവൾക്കും എന്നോട് ഇഷ്ടമാണെന്ന് മനസ്സ് മന്ത്രിച്ചു. പക്ഷെ മിണ്ടാൻ ഇപ്പോഴും എന്തൊ ഒരു മടിപോലെ അവളെ ഒറ്റക്ക് കിട്ടാൻ മനസ്സ് ആഗ്രഹിച്ചു. കല്യാണപെണ്ണിനെ ഒരുക്കുന്നത് അവളാണ്, ഒരുക്കങ്ങളൊക്കെ കഴിഞ്ഞ് താലപ്പൊലിയും ഏന്തി കുരുന്നുകൾ ക്കൊപ്പം അവളും പുറകിൽ കല്യാണപെണ്ണും എത്തി, ആൾകൂട്ടത്തിനിടയിൽ അവളുടെ കണ്ണുകൾ എന്നെ പരതുന്നുണ്ടായിരുന്നു, ഞാൻ നിൽക്കുന്ന സ്ഥലം അവൾ ഉറപ്പുവരുത്തി എനിക്ക് കാണാൻ കണക്കിന് അവളും നിന്നു. മുഹൂർത്ത സമയമാകുമ്പോൾ താലികെട്ട് കവർ ചെയ്യാൻ രണ്ട് വീട്ടുകാരുടെ ക്യാമറ ടീമും ചുറ്റും കൂടിനിന്ന് പൊരിഞ്ഞ മത്സരമായിരിക്കും എന്റെ അറിവിൽ ഇന്നേവരെ കെട്ട് കാണാനുള്ള യോഗം കാണികൾക്ക് കിട്ടി കാണില്ല എന്നതാണ് സത്യം. പലപ്പോഴും താഴെ ഇരിക്കുന്നവരിൽ നിന്നും നല്ല താക്കിതു ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. "ശ്ശ്.. ച്ഛ്..മാറങ്ങോട്ട്"...ഇവന്മാർ ഇതെന്തോന്ന് കാണിക്കണത്" എന്ന സ്‌ഥിരം പല്ലവി, എനിക്ക് നല്ല പോക്കമുള്ളത് കൊണ്ട് കൂടുതലും വാങ്ങികൂട്ടിയത് ഞാനായിരിക്കും. നാഥസ്വരമേളം കേട്ടു, ചെറുക്കൻ പെണ്ണിന്റെ കഴുത്തിൽ താലി കെട്ടി അന്തരീക്ഷമാകെ പുഷപവർഷം ചൊരിഞ്ഞു. അവളെ ഞാനും അവൾ എന്നെയും ഒരുഞൊടി നോക്കി നിന്നു. അവൾക്ക് എന്നോട് എന്തോ പറയാനുള്ളത് പോലെ അവളുടെ മാന്ത്രികകണ്ണിലെ പ്രേമം ഞാൻ വായിച്ചെടുത്തു ആദ്യമായാണ് അങ്ങനെ ഒരാനുഭൂതി. സ്വപ്നലോകത്തായിരുന്ന ഞാൻ "ടാ മരങ്ങോടാ ലൈറ്റ് താഴ്ത്തിപിടിക്കട" എന്ന വേണുവേട്ടന്റെ വിളികേട്ട് ഞെട്ടി. ഓർക്കാപുറത്തെ തെറിവിളിയുടെ ചമ്മൽ മാറ്റാൻ നല്ലൊണോം ബുദ്ധിമുട്ടി. അവൾ അത് ശ്രദ്ധിച്ചോ എന്ന് ഒളികണ്ണിട്ട് നോക്കി.
കെട്ട് കഴിഞ്ഞാലുടൻ സദ്യ തുടങ്ങും പിന്നെ അവിടെയാണ് വീഡിയോ കവറേജ് കൗതുകമുള്ള കുറെ കാഴ്ചകൾ കാണാം, അവിയലും, തോരനും, കാളനും, പുളിശ്ശേരിയും, പായസവുമൊക്കെ കൂടി വെട്ടിവീശുന്ന ചില ആശാന്മാരുടെ ക്യാമറാ കാണുമ്പോലുള്ള ഭാവവ്യത്യാസവും, ഒതുക്കവും എല്ലാംകൂടി ചിരിക്കാനുണ്ട് ഒരുപാട്. വധുവും വരനും പിന്നെ കൂട്ടിന് അവളും ഒരുമിച്ചായിരുന്നു കഴിച്ചത് . അവരുടെ എതിർവശത്തായാണ് ഞങ്ങൾ ഇരുന്ന് കഴിച്ചത് ഇടയ്ക്ക് ഇടയ്ക്ക് എന്നെ അവൾ നോക്കുന്നുണ്ടായിരുന്നു. സമയം വൈകുംതോറും എന്റെ നെഞ്ച് പിടക്കാൻ തുടങ്ങി അവളോട് പ്രണയാഭ്യർഥന നടത്താൻ ഇപ്പോഴും ധൈര്യം ഇല്ല എന്നതാണ് സത്യം.
സമയം രണ്ട് മണി കഴിഞ്ഞിരുന്നു കല്യാണപെണ്ണിന് ഇറങ്ങാൻ സമയമായി എല്ലാരും മണ്ഡപതത്തിന്റെ പുറത്താണ് ലാളിച്ചുവളർത്തിയ മാതാപിതാക്കളെവിട്ട് പുതിയ വീട്ടിലേക്ക് പോകാൻ വീട് വിട്ടിറങ്ങുന്ന പെണ്ണിന്റെ മുഖം വിളറി അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു ഇനി പുതിയ വീട്ടിലാണ് ശിഷ്ടകാലമൊത്തവും. എന്റെ കണ്ണുകൾ അവളെ തിരഞ്ഞു, ആ പരിസരത്ത് ഒന്നും കണ്ടില്ല വേണുവേട്ടനോട് ക്യാമറയുടെ ബാഗ് മേക്കപ്പ് റൂമിലാണെന്നും പറഞ്ഞ് അവളെ തപ്പിയിറങ്ങി മണ്ഡപം മൊത്തം തിരഞ്ഞു എങ്ങും കണ്ടില്ല എന്റെ ഹൃദയമിടിപ്പ് കൂടി മേക്കപ്പ്റൂമിലാകുമെന്ന് കരുതി അവിടെ പോയി ഞാൻ ഒരു നിമിഷം അമ്പരന്ന് നിന്നുപോയി അവളെന്നെയും കാത്ത് നിൽക്കുന്നു. ക്യാമറബാഗ്ഗ് എടുക്കാൻ വരുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു, ഓടിവന്ന കിതപ്പും, ടെൻഷനും അവളെ കണ്ട സന്തോഷവും എല്ലാംകൂടി ചേർന്ന് ഞാൻ നിന്ന് വിയർത്തു. ആ മുറിയിൽ ഞങ്ങൾ മാത്രം, അവളും ടെൻഷനിൽ തലകുനിച്ച് നിൽക്കുന്നു. എനിക്ക് എങ്ങനെ തുടങ്ങണമെന്നറിയില്ലാ, എന്റെ ഉള്ളംകൈ വിയർക്കുന്നു, തൊണ്ടവെള്ളം വറ്റി തുടങ്ങി, അവളും വിയർക്കുന്നുണ്ട് സകലദൈവങ്ങളെയും വിളിച്ച് ധൈര്യം സംഭരിച്ഛ് അവളോട് ഞാൻ ചോദിച്ചു "എ...എന്താ പേര്" ആദ്യമായാണ് ഞാൻ പേടികൂടാതെ അവളുടെ കണ്ണിലേക്ക് നോക്കിയത് അവൾ എന്തോ പറയാൻ തുടങ്ങിയപ്പോൾ പുറത്ത് നിന്ന് ആരോ "മോളെ ജാനകി" എന്ന് വിളിചോണ്ട് അകത്തേക്ക് വന്നു അവളുടെ അമ്മയായിരുന്നു അത്, "നീ എവിടെയായിരുന്നു.....വാ സമയമായി, നാല് മണിക്കാണ് ട്രെയിൻ...വേഗം വാ"...എന്നും പറഞ്ഞ് അവളുടെ കൈയ്യും പിടിച്ച് കൂട്ടി കൊണ്ട് പോയി. പോകുമ്പോൾ അവൾ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു ആ കണ്ണുകൾ കലങ്ങിയിരുന്നു, എന്തോ പറയാൻ ബാക്കി വച്ച ചുണ്ടുകൾ. എന്റെ ഹൃദയം തകർന്ന നിമിഷമായിരുന്നു അത്. ഞാൻ ബാഗും എടുത്ത് പുറകിൽ പോയി. അവൾ കാറിൽ കയറിയിരുന്ന് എന്നെ തിരിഞ്ഞു നോക്കി ഞാൻ എന്ത്ചെയ്യണമെന്ന് അറിയാതെ വിഷമിച്ഛ്
നിന്നു അവളുടെ കാർ നീങ്ങി തുടങ്ങി. എല്ലാം കെട്ടിപ്പെറുക്കി ഞങ്ങളും ഇറങ്ങി. അവളുടെ കാറിന്റെ തൊട്ട് പുറകിലായി ഞങ്ങളും ഉണ്ടായിരുന്നു, ഒരു ജംക്ഷനിൽ അവളുടെ കാർ മറ്റൊരു ദിശയിലേക്ക് തിരിഞ്ഞു പോയി ഞങ്ങൾ വേറെ ദിശയിലും.
പറയാതെ പോയ എന്റെ ആദ്യ പ്രണയം ഇന്നും മനസ്സിന്റെ ഒരു മൂലയിൽ നോവ്വായി നീറി തുടിക്കുന്നുണ്ട്. അന്ന് ആ മേക്കപ്പ് മുറിയിൽ വച്ച് എന്റെ പേര് അറിയാൻ ആകാംഷയോടെ നിന്ന ജാനകിയെ ഞാൻ ഇപ്പോഴും ഓർക്കുന്നു. അന്ന് ഈ ധൈര്യമില്ലാത്തവന് പറയാൻ സാധിച്ചില്ല.
ഇപ്പൊ പറയുന്നു "എന്റെ പേര് റാം".