Skip to main content
Srishti-2022   >>  Short Story - Malayalam   >>  സുഹൃത്ത്

Farshadudheen k

Phases

സുഹൃത്ത്

' എടാ..  നീ  ഇറങ്ങുന്നില്ലേ.. '  
   സത്യം പറഞ്ഞാൽ  ഹരിയുടെ  ചോദ്യത്തിൽ  നിന്നാണ്  സമയം  എന്തായി എന്നുള്ള ഒരു ബോധം  എങ്കിലും  വന്നത്.. 
 'ഇപ്പൊ ഇറങ്ങുമെടാ   ഈ പോയിന്റ്  ഒന്ന്  കമ്മിറ്റ്  ചെയ്തോട്ടെ..'  
അവനെ ഒന്ന്  തിരിഞ്ഞു പോലും  നോക്കാതെയാണ് ഇത്രയും   പറഞ്ഞത്..  
 ആദ്യമൊക്കെ നേരത്തെ ഇറങ്ങുമായിരുന്നു..  അന്നൊക്കെ ലാപ്ടോപ്പും കൂടെ കൂട്ടും.. വീട്ടിലിരുന്നു  ചെയ്യാറായിരുന്നു  പതിവ്..  പിന്നെ  പിന്നെ അതിനോടൊരു മടുപ്പായി.. വേറൊരു  കാരണം കൂടെയുണ്ട്.. 
  വൈകുന്നേരം  വരെ ഇതിന്  മുമ്പിൽ  കുത്തിയിരുന്ന്  വീട്ടിലെത്തിയാലെങ്കിലും  നിനക്കിത്  ഒഴിവാക്കികൂടെ  എന്ന  സുഹൃത്തിന്റെ ചോദ്യത്തിൽ നിന്നുള്ള ഒരു പ്രചോദനം എന്നും  പറയാം.. 
സമയം  ഏഴുമണി    ആകാറായി...  ഇപ്പോഴെങ്കിലും  ഇറങ്ങിയാലേ  ഒമ്പതു  മണിക്ക് മുമ്പെങ്കിലും വീട്ടിലെത്താൻ കഴിയൂ.. ഒന്നര മണിക്കൂറോളം ദൂരമുണ്ട്  വീട്ടിലേക്ക്..
ഒരു വിധം  കഴിയാറായി  എന്ന് തോന്നയപ്പോഴേക്ക്..  അടുത്ത  ബഗ്ഗ്‌  കാണിക്കുന്നുണ്ടാകും... കഴിഞ്ഞ ദിവസം ടെസ്റ്റിംഗിന് പോകേണ്ട  പോയിന്റായിരുന്നു    ഇത് വരെയും കൊടുക്കാൻ പറ്റിയിട്ടില്ല.. ഇനിയും ഇതിന് മുന്നിൽ   ഇരിക്കാൻ  വയ്യ    ഇനിയിപ്പോ എന്തായാലും  വയ്യ   നാളെ നേരത്തെ നോക്കാം..  
ലാപ്ടോപ്പും  മടക്കിവെച് ബാഗുമെടുത്തു ഇറങ്ങി.. 
ഇന്നാണെൽ  പതിവിലേറെ  നേരം  വൈകിയിട്ടുണ്ട്. ബസ് കിട്ടിയാൽ മതിയായിരുന്നു.. 
 നേരത്തെ  ഇറങ്ങുവാണേൽ   കണ്ണൂർ - ഷൊർണുർ  പാസഞ്ചറാണ് ആശ്രയം.. ട്രെയിനിൽ  യാത്ര  ചെയ്യാൻ ഒരു പ്രത്യേക രസമാണ്..  തിക്കും  തിരക്കുമൊന്നുമില്ലാതെ ഇടക്കൊന്ന് മയങ്ങി..    കയ്യിലൊരു പുസ്തകവും കൂടി  ഉണ്ടേൽ  അന്തസ്സായി.. ഇടക്ക് ചെറുതായി ലേറ്റായി വരുന്നതൊഴിച്ചാൽ ആളൊരു മിടുക്കനാണ്...  
 നേരത്തെ ഇറങ്ങിയാലുള്ള കാര്യമാണ് ഇത്രേം വലിച്ചു നീട്ടി പറഞ്ഞത്... നേരെ തിരിച്ചാണെങ്കിൽ..  ശരിക്കുമൊരു  ബുദ്ധിമുട്ട്  തന്നെയാണ്.. സീറ്റ്‌  കിട്ടിയാൽ ഭാഗ്യം  എന്ന് തീർത്തു പറയാം..  ചില സമയത്ത് കാല് കുത്താൻ പോലുമുള്ള ഇടം കിട്ടാറില്ല.. 
ബസ്റ്റോപ്പിൽ അധിക നേരം നിൽക്കേണ്ടി വന്നില്ല.. മുമ്പിലൊരു ബസ്  വന്നു  നിർത്തി..  കാല് കുത്താൻ പോലുമുള്ള ഇടമില്ല.. സീറ്റും  നോക്കി നിന്നാൽ ഇന്ന് വീട്ടിലെത്തില്ല..  എങ്ങനെയോ..  തിക്കി തിരക്കി ഉള്ളിലോട്ടു കയറി...
സീറ്റ്‌  കിട്ടിയാൽ  അഞ്ചു  മിനിറ്റുനിള്ളിൽ തന്നെ ഉറങ്ങിത്തുടങ്ങും..
 തിരക്കാണേൽ പിന്നെ  പറയേണ്ട സമയത്തെത്താനുള്ള ബസിന്റെ മരണപ്പാച്ചിലിനിടയിൽ ബാലൻസ് ചെയ്യാൻ  വേണ്ടി ഒരു അഭ്യാസി കണക്കെ ബസ്സിന്റെ കമ്പിയിൽ പിടിച്ചു നിക്കേണ്ട അവസ്ഥ.. 
 കക്കാട് വരെ എത്തിയപ്പോഴേക്കും കുറച്ചു  തിരക്കൊഴിഞ്ഞു.  ശ്വാസം വിട്ടു നിൽക്കാം എന്ന ഒരവസ്ഥയായി. 
ചുറ്റുമുള്ള  സീറ്റിലേക്കൊന്ന് കണ്ണോടിച്ചു.. എല്ലാം നല്ല ഉറക്കത്തിലാണ്..  ഇപ്പോഴടുത്തൊന്നും  സീറ്റ്‌ കിട്ടുമെന്ന് തോന്നുന്നില്ല...  പിന്നത്തെ  ഒരാശ്വാസം  ഫോണാണ്.. ഫോൺ കയ്യിലെടുത്തു കുറച്ചു നേരം അതിൽ കളിച്ചിരുന്നു..  പിന്നെ അതും  ഒരു ബോറടിയായി.. 
 പെട്ടെന്ന്  ഒന്ന് വീട്ടിലെത്തിയാൽ മതി  എന്ന അവസ്ഥയായി.. നാളത്തെ  വർക്കിനെ കുറിച്ചും മറ്റും ആലോചിക്കുന്നതിനിടയിൽ..  ഒരു കൂട്ടച്ചിരി കേട്ടു.. ഒരു മിനിട്ടിന്  എല്ലാവരുടെയും ശ്രദ്ധ അവിടെക്കായി..
കുറച്ചു  കോളേജ് പിള്ളേരാണ്..  ഒരഞ്ചു പേരുണ്ട്..  എല്ലാവരുടെയും നോട്ടം പതിഞ്ഞത് കൊണ്ടാകണം.. ശബ്ദം പെട്ടെന്ന് തന്നെ കുറഞ്ഞു പോയത്.. 
പെട്ടെന്ന്  ഇവരെ കണ്ടപ്പോ.. ഒരു രണ്ടു വർഷം പിറകിലോട്ടു പോയ പോലെയായി.. 
കുറച്ചു നേരം അവരെ ശ്രദ്ധിച്ചിരുന്നപ്പോ തന്നെ ഒരു കാര്യം മനസ്സിലായി..  അവിടൊരു ചെറിയ ബുള്ളിയിങ് നടക്കുവാണെന്ന്..  കൂട്ടത്തിലൊരുത്തനെ എല്ലാം കൂടിയിട്ട് ഒരു പാവയെപോലെ കളിപ്പിക്കുന്നുണ്ട്..  അവൻ ചെയ്യുന്ന അല്ലേൽ പറയുന്ന ഓരോ കാര്യങ്ങളിൽ പോലും അവനെ ഒരു കോമാളിയാക്കി ചിത്രീകരിക്കുന്നുണ്ട്.. കുറച്ചു നേരം അവനെയൊന്ന് ശ്രദ്ധിച്ചു..  അവഗണനയുടെ ഇടയിലും കൂട്ടുകാർക്കിടയിൽ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ കഷ്ടപ്പെടുന്ന വിളറിയ ഒരു ചിരി അവന്റെ മുഖത്തു കാണുന്നുണ്ട്... ഈ  ചിരി ഇതെന്നോടുള്ള ഒരോര്മപ്പെടുത്തലാണ്. അറിവില്ലാത്ത പ്രായത്തിലാണെങ്കിലും ഇനിയൊരിക്കലും   തിരുത്താൻ കഴിയാത്ത..  തിരുത്താനതിലേറെ ആഗ്രഹിക്കുന്ന ഒരു തെറ്റിനെ കുറിച്..  കുറച്ചു കാലം പുറകിലോട്ട് പോകേണ്ടി വരും..   ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന സമയം..  അഞ്ചാം ക്ലാസ്സു മുതൽ പഠിക്കുന്ന സ്കൂളായത് കൊണ്ട്.  സൗഹൃദങ്ങൾക് ഒരു കുറവുമുണ്ടായിരുന്നില്ല..  ഒമ്പതിലെത്തിയപ്പോഴും  ചുറ്റും എപ്പോഴും ഒരു സൗഹൃദ വലയമുണ്ടായിരിക്കും.. അങ്ങനെയുള്ള ഞങ്ങളുടെയിടയിലേക്കാണ് അവൻ വന്നത്..  ക്ലാസ്സു തുടങ്ങി രണ്ടു മാസം കഴിഞ്ഞാണ് അവൻ വന്നത്..  നേരെ ഫസ്റ്റ് ബെഞ്ചിൽ പോയിരുന്ന  അവൻ രൂപം  കൊണ്ടും ഭാവം കൊണ്ടും എല്ലാം അന്ന് തന്നെ ഒരു കോമാളിയായി ഞങ്ങളുടെയിടയിൽ  ചിത്രീകരിക്കപ്പെട്ടു..  പച്ചക്കുതിര എന്ന പേര് അന്ന് തന്നെ ഞങ്ങളവനു ചാർത്തി കൊടുത്തു.. പഠിക്കാനത്യാവശ്യം മിടുക്കനായിരുന്നത് കൊണ്ടും..  സത്യവാനായിരുന്നത് കൊണ്ടും.  അധ്യാപകർക്ക് അവനെ വലിയ വിശ്വദമായിരുന്നു..  ആ ഒരു കാരണം കൊണ്ട് തന്നെ.. ഞങ്ങളുടെ ചെറിയ ചെറിയ കള്ളത്തരങ്ങളെല്ലാം ഉടനടി സ്റ്റാഫ്‌റൂമിൽ  എത്തിയിരുന്നു.. 
 ഇതവനോട് ഞങ്ങൾക്കുള്ള ദേഷ്യം ഒന്ന് കൂടെ കൂട്ടാനിരയാക്കി.. പിടി  പീരിയഡുകളിലും മറ്റും  അവനൊരിക്കൽ പോലും ഞങ്ങളുടെ കൂടെ കൂടിയിരുന്നില്ല..  അതവന്റെ ആസ്മ പ്രശ്നം കൊണ്ടായിരുന്നോ..  അതോ ഞങ്ങളവനെ കളിക്കാൻ കൂട്ടില്ല എന്ന് കരുതിയിട്ടാണോ എന്നിപ്പോഴുമറിയില്ല.. ഈ പരിഹാസങ്ങൾക്കിടയിലും അവൻ ഞങ്ങളോട് സൗഹൃദം പുലർത്താൻ പരമാവധി അവൻ ശ്രമിച്ചിരുന്നു..  വിളറിയ ആ ചിരി പലപ്പോഴും അവന്റെ മുഖത്തു പ്രകടമായിരുന്നു..  അത് ഞങ്ങൾക്കൊരാവേശമായിരുന്നു അന്നൊക്കെ..  മറ്റുള്ളവരെക്കാൾ കുറച്ചു കൂടെ എനിക്കവനെ അറിയാമായിരുന്നു.. വീടിനടുത്തുള്ള ട്യൂഷൻ സെന്ററിൽ ഞാനും അവനും ഒരുമിച്ചായിരുന്നുണ്ടായിരുന്നത്.. പരസ്പരം പരിചയമുള്ളത്  ഞങ്ങൾ രണ്ടു പേർക്ക് മാത്രം..  ഇവൻ എന്റെ സുഹൃത്താണെന്ന് പറയാനുള്ള മടി കൊണ്ടും മറ്റും ഞാൻ മാറി നടന്നിട്ടുണ്ട്.. 
 അതിലേറ്റവും നശിച്ച ഒരു നിമിഷം ഏതെന്നാൽ.  ഒരിക്കൽ ട്യൂഷൻ കഴിഞ്ഞു വരുന്ന വഴി..  ഞങ്ങൾ കുറച്ചു പേർ സംസാരിക്കുന്നതിനിടയിൽ ഇവൻ കയറി വന്നു..  ഞങ്ങൾ ഒരു ക്ലാസ്സിലാണെന്നു പറഞ്ഞു  എന്റെ തോളിൽ കൈ വെച്ചു.. ഉടനെ ആ കൈ ഞാൻ തട്ടി മാറ്റി.. ഒരു നീരസം പ്രകടിപ്പിച്ചു കൊണ്ട്  പെട്ടെന്ന് ഞങ്ങൾ അവിടെ നിന്ന്  മാറി നിന്നു .  അന്നവന്റെ  മുഖത്തു വന്ന ആ ഒരു നിരാശ  എവിടെയൊക്കെയോ ഒന്ന് കൊണ്ട പോലെ..  തോന്നി. പ്രായത്തിന്റെ ചാപല്യത്തിൽ അന്നത് മനസ്സിലാകാതെ പോയി.. പിന്നെ പത്താം ക്ലാസ്സിൽ ഞാനും അവനും വേറെ വേറെ ക്ലാസ്സിലായി..  വല്ലപ്പോഴും അവനെ കാണാറായി പിന്നെ..  ഇതിനിടയിലെല്ലാം..  അവനെ കളിയാക്കുന്നതിലൊന്നും ഒരു വിട്ട് വീഴ്ചയും വരുത്തിയിരുന്നില്ല.. പത്താം ക്ലാസും കഴിഞ്ഞ്..  പ്ലസ് വൺ ക്ലാസ്സു തുടങ്ങിയ സമയം..  രണ്ടു മാസമേ ആയിട്ടുള്ളു ക്ലാസ്സു തുടങ്ങിയിട്ട്.. ആരുമായും അധികം അടുപ്പമായിട്ടില്ല..  അങ്ങനെയിരിക്കെയാണ്..  ആ വാർത്ത വന്നത്.. ആദ്യമൊന്നും വിശ്വസിക്കാൻ പറ്റിയില്ല..  അവൻ പോയിന്ന്..  ആസ്മ കൂടി കുറച്ചു നാളായി ഹോസ്പിറ്റലിൽ ആയിരുന്നു  അവൻ..  അവിടെ നിന്നു തന്നെ അവൻ പോയി.. അറിഞ്ഞപോ തന്നെ എന്തൊക്കെയോ ഒരു കുറ്റബോധം പോലെ..  ഒരു  ആഴ്ച കഴിഞ്ഞ് ഞങ്ങൾ കുറച്ചു പേർ അവന്റെ വീട്ടിലേക്കു പോയി..
  വീടെന്നോന്നും  പറയാൻ പറ്റില്ല..  മേൽക്കൂരയില്ല..  പകരം ടാർപോളിൻ കൊണ്ട് മറച്ചിരിക്കുകയാണ്..  നിലമൊന്നും തേക്കാതെ നല്ലൊരു വാതിലു  പോലുമില്ല..   ഒരു നിമിഷം ഞങ്ങളെല്ലാം ഒന്ന് പരസ്പരം നോക്കി..  ആരും ഒന്നും പറഞ്ഞതുമില്ല..  അമ്മയും അച്ഛനും അനിയനും മാത്രമുള്ളു..  അവന്റെ കൂടെ പഠിച്ചതാണെന്  ആ അമ്മയുടെ കണ്ണൊന്നു നിറഞ്ഞു ഒന്ന് വിതുമ്പി..  ആകെ വല്ലാതായിപോയ ഒരു അവസ്ഥയിലായിരുന്നു.  ഞങ്ങൾ.. മോനെ പ്പറ്റി എന്റെ ഉണ്ണി എപ്പോഴും പറഞ്ഞിട്ടുണ്ട്..  നിങ്ങളൊരുമിച്ചല്ലേ ട്യൂഷൻ പോയിരുന്നത്.. നിങ്ങളെല്ലാവരെ കുറിച്ചും. ക്ലാസ്സിലെ കാര്യങ്ങളെല്ലാം അവൻ പറയും..  നിങ്ങൾ കളിയാക്കുന്നതിനെ കുറിച്ചുമെല്ലാം..  നിങ്ങളെയൊക്കെ അവനു വലിയ കാര്യമായിരുന്നു.. എന്ന് പറഞ്ഞു ആ അമ്മയുടെ കരച്ചിൽ ഇന്നും..  ഉള്ളിൽ നിന്ന് പോയിട്ടില്ല.. കണ്ണു കലങ്ങിയാണ് അവിടെ നിന്ന് പടിയിറങ്ങിയത്.. 
 കാലമെത്ര. കഴിഞ്ഞാലും...  ഒരു മുറിവായി അവൻ കൂടെ തന്നെയുണ്ട്.. പിന്നീടിന്ന് വരെ ഒരാളെ പോലും അവരുടെ രൂപവും ഭാവവും നോക്കി അകറ്റി നിർത്തിയിട്ടില്ല.. 
വളാഞ്ചേരി   ഇറങ്ങുന്നില്ലെന്ന് കണ്ടക്ടറുടെ ചോദ്യത്തിൽ നിന്നാണ്.. പരിസര ബോധം വന്നത്... ബസ്സിൽ നിന്നിറങ്ങി നടക്കുമ്പോഴും മനസ്സിൽ നിന്നാ കാര്യങ്ങൾ പോയിട്ടില്ല.. 
ഒരിക്കലെങ്കിലും ഇനിയൊരു   ഒരു സെക്കന്റ്‌  ചാൻസ്  കിട്ടിയിരുന്നെങ്കിൽ.  അവനെ    ഒന്ന് ചേർത്ത് പിടിക്കാൻ.. അവന്റെ തോളിൽ കൈ വെച്ച് ഒരുമിച്ച് നടക്കാൻ ഒരവസരം കൂടി ലഭിച്ചിരുന്നെങ്കിൽ...

Subscribe to Phases