Lakshmi Mohandas
Allianz Technologies
അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും
അന്ധവിശ്വാസങ്ങൾ ഉയർത്തെഴുനേൽക്കുമ്പോൾ
"അന്ധമായി വിശ്വസിക്കുന്നത് മനുഷ്യാത്മാവിനെ അധഃപതിപ്പിക്കലാണ്.നിങ്ങൾ വേണമെങ്കിൽ ഒരു നിരീശ്വരവാദി ആകുക,എന്നാൽ സംശയാതീതമായി ഒന്നിലും വിശ്വസിക്കരുത്. " ----സ്വാമി വിവേകാനന്ദൻ.
ചരിത്രാതീത കാലം മുതൽക്കേ മനുഷ്യമനസ്സിനെ നിയന്ത്രിക്കുന്ന അടിസ്ഥാന വികാരങ്ങളിൽ ഭയവും ,അത്യാഗ്രഹവും മുൻപന്തിയിൽ ആണ്. നമുക്ക് അറിവുള്ള ഏതൊരു യുദ്ധത്തിന്റെയും,അധികാരസ്ഥാപനത്തിന്റെയും ,ചൂഷണങ്ങളുടെയും പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും ഈ രണ്ടു വികാരങ്ങൾ കാണുവാൻ സാധിക്കും . കൈയൂക്കിന്റെയും പാരമ്പര്യത്തിന്റെയും മാനദണ്ഡത്തിൽ അവരോധിക്കപെടുന്ന അധികാരാവർഗ്ഗങ്ങളെ ,അനുസരിച്ചു മാത്രം ശീലിച്ച ജനത, സ്വഭാഗധേയം നിര്ണയിക്കുവാനുള്ള അവകാശം നേടിയെടുക്കുക എന്ന വിപ്ലവകരമായ മാറ്റങ്ങളിലൂടെ കടന്നുപോയി ,ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ഒട്ടുമിക്ക മാനദണ്ഡങ്ങളും പാലിക്കുന്നു എന്ന് കണക്കാക്കുന്ന ഈ കാലഘട്ടത്തിൽ പോലും ഭയത്തിൽ നിന്നും അത്യാഗ്രഹങ്ങളിൽ നിന്നും മുക്തിനേടാൻ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്.ഒരുപക്ഷെ അത് അവനിൽ അന്തർലീനമായ വികാരങ്ങൾ ആയതിനാൽ തന്നെ പൂർണമായ മുക്തി പ്രായോഗികമല്ല എന്ന് തന്നെ പറയേണ്ടി വരും...മാനവസമൂഹം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പല കാലങ്ങളിലും സന്ദർഭങ്ങളിലുമായി രൂപപ്പെടുത്തിയെടുത്ത സാംസ്കാരികമൂല്യങ്ങളുടെ സ്ഫുരണങ്ങൾക്കിടയിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒളിഞ്ഞിരിക്കുന്നതിനു പിന്നിലെ കാരണവും ഈ അടിസ്ഥാന വികാരങ്ങൾ മനുഷ്യ മനസ്സിൽ ചെലുത്തുന്ന അനതിസാധാരണമായ സ്വാധീനം തന്നെ ആണ്. വിശ്വാസങ്ങൾ അന്ധവിശ്വാസങ്ങളായി പരിണമിക്കുമ്പോൾ ജീവനുള്ള ഓരോ മനുഷ്യനും വിശ്വാസങ്ങളും ഉണ്ട്.അവ ആത്മനിഷ്ടമോ,വസ്തുനിഷ്ഠമോ വ്യക്തിനിഷ്ഠമോ മതാത്മകമോ ,രാഷ്ട്രീയമോ ,സാമൂഹികമോ ആവാം .ഒരു വ്യക്തി വളർന്നു വരുന്ന സാഹചര്യങ്ങൾ അവനിലെ വിശ്വാസങ്ങളുടെ വിത്ത് പാകുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട് .അറിവും വിശ്വാസവും തമ്മിൽ ഉള്ള അന്തരം എന്തെന്നാൽ അറിവ് വസ്തുതാധിഷ്ഠിതവും വിശ്വാസം പലപ്പോഴും ചോദ്യംചെയ്യപ്പെടാത്തതും ആണ് എന്നുള്ളതാണ് . പക്ഷെ പലപ്പോഴും മതവിശ്വാസങ്ങൾ അടക്കമുള്ളവ മനുഷ്യനിലെ നന്മ ഊതിക്കാച്ചിയെടുക്കുന്നതിലും അവനിൽ ആത്മവിശ്വാസം വളർത്തുന്നതിലും എല്ലാം ചെറുതല്ലാത്ത പങ്കു തന്നെ വഹിക്കുന്നുണ്ട് .എന്നാൽ ഈ വിശ്വാസങ്ങൾ അന്ധവിശ്വാസങ്ങൾ ആയി പരിണമിക്കുന്നിടത്താണ് അധഃപതനം ആരംഭിക്കുന്നത് .വസ്തുതകളെ ചോദ്യചെയ്യുക എന്നത് മനുഷ്യന്റെ അന്തർലീനമായ ഒരു സ്വഭാവവിശേഷം ആണ്. ഈ ചോദ്യം ചെയ്യലുകൾ തന്നെ ആണ് പലപ്പോഴും മഹത്തായ കണ്ടുപിടിത്തങ്ങളിലേക്കും തിരിച്ചറിവുകളിലേക്കും മനുഷ്യനെ നയിച്ചിട്ടുള്ളതും .ഈ ചോദ്യം ചെയ്യലുകൾ അവസാനിക്കുന്നിടത്തു വിശ്വാസങ്ങൾ അന്ധവിശ്വാസങ്ങൾ ആയി പരിണമിക്കുന്നു. അന്ധമായ വിശ്വാസങ്ങൾ അതിരുവിട്ടു ജീവഹാനിക്ക് വരെ ഇടയാകുന്ന സന്ദർഭങ്ങളിൽ അന്ധവിശ്വാസങ്ങൾ ദുരാചാരങ്ങളും അക്ഷന്തവ്യങ്ങളായ അപരാധങ്ങളും ആയി മാറുന്ന കാഴ്ചയാണ് ഇന്ന് നമുക്ക് ചുറ്റും കാണുന്നത്.
അന്ധവിശ്വാസങ്ങൾ കേരളത്തിൽ .
മാടനും,മറുതയും,കുട്ടിച്ചാത്തനും,യക്ഷിയും,രക്ഷസ്സും മുതൽ കരിമ്പൂച്ചയും ഗൗളിയും അടക്കം അടക്കിവാണിരുന്ന അന്ധവിശ്വാസങ്ങളുടെ ഒരു ലോകം തന്നെ ആയിരന്നു കേരളം എന്ന കാര്യത്തിൽ തർക്കമില്ല .നാം കേട്ട മുത്തശ്ശിക്കഥകളും ,ഐതിഹ്യമാല പോലുള്ള പുസ്തകങ്ങളും ഇത്തരത്തിൽ ഉള്ള ധാരാളം കഥകളാൽ നിറഞ്ഞതാണല്ലോ .ഇന്നും ഗ്രാമങ്ങളിൽ ചെന്നാൽ രാത്രിയിൽ കേൾക്കുന്ന ചിലമ്പൊച്ചയുടെയും കാവിലെ മാണിക്യം കാക്കുന്ന നാഗത്തിന്റേം കഥകൾക്കു ഒരു പഞ്ഞവും ഇല്ല എന്നത് ഒരു വസ്തുത തന്നെ ആണ്.പക്ഷെ കഴിഞ്ഞ ദശാബ്ദങ്ങളായി കേരളം സമൂഹം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിന് ഭാഗമായി ഇത്തരം അന്ധവിശ്വാസങ്ങൾ ഒരു വലിയ പരിധിവരെ തുടച്ചുമാറ്റപ്പെട്ടിട്ടുണ്ട് .പക്ഷെ ഈ അടുത്തകാലത്ത് ഇലന്തൂരിൽ ഉണ്ടായ മനുഷ്യബലിയും , കൃപാസനം പത്രം അരച്ച് മകന് കഴിക്കാൻ കൊടുത്ത മാതാവും ,ജാതക ദോഷത്തിന്റെ പേരിൽ കാമുകനെ വിഷം കൊടുത്തു കൊന്ന പെൺകുട്ടിയും എല്ലാം തന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പൂർണമായും പ്രബുദ്ധരെന്നു അവകാശപ്പെടുന്ന കേരളം സമൂഹത്തെ വിട്ടുപോയിട്ടില്ലെന് തെളിയിക്കുന്നു . പലപ്പോഴും മനുഷ്യന്റെ നിസ്സഹായതയും ഭയവും ചൂഷണം ചെയ്യപ്പെടുന്നു . എന്നാൽ എന്തുകൊണ്ട് താരതമേന്യ സാമൂഹിക ഉന്നമനം കുറവുള്ള അന്യസംസ്ഥാനങ്ങളെക്കാൾ കൂടുതൽ ഇത്തരം കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു എന്ന ചോദ്യത്തിന്റെ ഉത്തരം ആണ് നമ്മൾ ഇവിടെ അന്വേഷിക്കുന്നത്. ഒരിക്കലും ഇതിനർത്ഥം മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ അന്ധവിശ്വാസത്തിന്റെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ കൂടുതൽ ആണ് എന്ന് പറയാനാകില്ല.പരിഷ്‌കൃത സമൂഹത്തിൽ തെറ്റുകൾ നിയമവ്യവസ്ഥിക്കു മുന്നിൽ കൊണ്ടുവരപ്പെടുന്നതിന്റെ തോത് ഒരു അപരിഷ്‌കൃത സമൂഹത്തിലെക്കാൾ കൂടുതൽ ആകുന്നത് പലപ്പോളും അവിടുത്തെ ജനങ്ങൾ നിയമ വ്യവസ്ഥിയെ കുറിച്ച് കൂടുതൽ അറിവുള്ളവരും അതിൽ വിശ്വസിക്കുന്നവരും ആയതു കൊണ്ട് കൂടി ആണ് . ഇന്നും ഉത്തരേന്ത്യയിൽ നാട്ടുക്കൂട്ടങ്ങളുടെ നിയമ വ്യവസ്ഥികൾക്കു അടിമപ്പെട്ടു ,ജാതകദോഷമുള്ള പെൺകുട്ടിയെ ഗ്രാമമുഖ്യന്റെ നേതൃത്വത്തിൽ 'പീഡിപ്പിച്ചു' ശുദ്ധീകരിച്ചത്തിനെതിരെ പരാതികൊടുക്കാൻ പോലും ആളില്ലാത്ത ശോചനീയ അവസ്ഥയെക്കുറിച്ചു പുലിസ്റ്റർ സെന്ററിലെ ലേഖനം നടുക്കത്തോടെ അല്ലാതെ നമുക്ക് വായിച്ചു തീർക്കാൻ ആകില്ല .ഇത്തരത്തിൽ അനവധി സംഭവങ്ങൾ പുറംലോകം അറിയാതെ പൂഴ്ത്തിവെക്കപ്പെടുന്നു എന്നത് വേദനാജനകമായ സത്യം മാത്രമാണ്. അന്ധവിശ്വാസം എന്ന കച്ചവടം മുൻപ് പ്രതിപാദിച്ച മനുഷ്യൻ്റെ നിസ്സഹായതയും ഭയവും അത്യാർത്തിയും എല്ലാം അന്ധവിശ്വാസം എന്ന കച്ചവടത്തിന്റെ മൂലധനങ്ങൾ ആണ് . സമ്പത്തു കൊണ്ടുവരുന്ന നക്ഷത്ര ആമയും , പുത്രഭാഗ്യം കൊണ്ടുവരുന്ന അത്ഭുത കല്ലും , സർക്കാർ ജോലി തരുന്ന ശംഖും ,പൊട്ടിയ ഫോണിന്റെ സ്ക്രീൻ കവർ താനേ ശരിയാക്കി തരുന്ന കൃപാസനം പത്രവും , ഒക്കെ നമ്മുടെ നാട്ടിൽ ഇന്നും ഉറപ്പുള്ള വരുമാന മാർഗ്ഗങ്ങളായി നിറഞ്ഞു നിൽക്കുന്നതു ഇത് കൊണ്ട് തന്നെ .ലക്ഷങ്ങളുടെയും കൊടികളുടെയും കച്ചവടം ആണ് അന്ധവിശ്വാസത്തിന്റെ മറവിൽ കേരളത്തിൽ മാത്രം നടക്കുന്നത് . വഞ്ചിക്കപെടാൻ ആളുകൾ തയ്യാറായി നിൽക്കുന്നിടത്തോളം ഈ കച്ചവടത്തിന്റെ ലാഭത്തിൽ യാതൊരു കുറവും ഉണ്ടാകാൻ പോകുന്നില്ല . നിയമ നിർമാണങ്ങളും പ്രതിവിധികളും ജനാധിപത്യ രാജ്യമായ ഭാരതത്തിൽ ശാസ്ത്രീയ അവബോധം വളർത്തണമെന്ന ആഹ്വാനം ചെയുന്ന ഭരണഘടന ആണ് നിലവിൽ ഉള്ളത് .ഇത്തരം ഒരു നിയമം മഹാരാഷ്ട്രയിൽ 2013 ഇൽ നിലവിൽ വരികയുണ്ടായി .ഡോക്ടറും സാമൂഹിക പ്രവർത്തകനും ,അന്ധവിശ്വാസ ഉന്മൂലന സമിതി സ്ഥാപകനുമായ നരേന്ദ്ര ധാബോൽക്കറുടെ വര്ഷങ്ങളുടെ നീണ്ട പ്രയത്നവും ഒടുവിൽ വർഗ്ഗീയ വാദികളുടെ ആക്രമണത്തിൽ ഉണ്ടായ അദ്ദേഹത്തിന്റെ അകാലമരണവും എല്ലാം ഈ നിയമവുമായി ബന്ധപെട്ടു കിടക്കുന്നു .പിന്നീട് 2017 ഇത് കർണാടകത്തിലും ഇപ്പോൾ കേരളത്തിലും ഇത്തരത്തിൽ ഒരു നിയമനിർമാണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നു എന്നുള്ളത് ആശാവഹം ആണ്. പക്ഷെ എത്രത്തോളം നിയമങ്ങൾ കൊണ്ട് തടയിടാൻ ശ്രമിച്ചാലും ഇത്തരത്തിലുള്ള അനാചാരങ്ങൾ മനുഷ്യൻ സ്വയം തിരിച്ചറിഞ്ഞു തിരുത്തിയാൽ മാത്രമേ പൂർണമായി തുടച്ചു നീക്കാൻ സാധിക്കുയായുള്ളു .ഒരു പരിധിവരെ മാറ്റങ്ങൾ കൊണ്ടുവരാൻ മതസ്ഥാപനങ്ങൾക്കും ആചാര്യന്മാർക്കും സാധിക്കുമായിരിക്കാം.ഒട്ടുമിക്ക അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കപ്പെടുന്നത് മതങ്ങളുടെ മറവിൽ ആണെന്നത് കൊണ്ട് തന്നെ അവർക്കു ചെലുത്താവുന്ന സ്വാധീനം വളരെ വലുതാണ്. അതുപോലെ തന്നെ പ്രസക്തമാണ് മതനേതാക്കളെ പിണക്കാൻ മടിച്ചു വേണ്ട നടപടി എടുക്കാൻ മടിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ കാര്യവും . .പക്ഷെ തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾ മാറ്റി നിർത്തി സാമൂഹ്യ നന്മ കണക്കിലെടുത്തു എത്രപേർ അതിനു തയ്യാറാകും എന്നതാണ് പ്രസക്തമായ ചോദ്യം .
അന്ധവിശ്വാസങ്ങളുടെ വേരുകൾ നമ്മുടെ സമൂഹത്തിൽ കാലങ്ങളായി ആഴ്ന്നിറങ്ങിയവയാണ് .അതുകൊണ്ടുതന്നെ അതിനെ പിഴുതുമാറ്റി ഒരു ശുദ്ധികലശം നടത്തണമെങ്കിൽ കൂട്ടായ പരിശ്രമംതന്നെ ആവശ്യമാണ് .മതത്തിന്റെ പേരിൽ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് ബോധവത്കരിക്കാൻ മതപണ്ഡിതരും ,മുഖംനോക്കാതെ നടപടിയെടുക്കാൻ സർക്കാരും ,കേട്ടതെന്തും തൊണ്ട തൊടാതെ വിഴുങ്ങുന്നതിനു മുൻപ് ചിന്തിക്കാൻ നമ്മൾ ഓരോരുത്തരും പരിശ്രമിച്ചാൽ മാത്രമേ അതിനു ഒരുപരിധിവരെ എങ്കിലും സാധിക്കൂ .പൂർണമായും അന്ധവിശ്വാസങ്ങളെ തുടച്ചുമാറ്റുക എന്നത് അപ്രായോഗികമാണെങ്കിലും ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഇത് കൊണ്ട് സാധിക്കും .അതിനു വേണ്ടി നമുക്ക് കൂട്ടായി പരിശ്രമിക്കാം.