ഒരു ഏഴുമണി ചായക്കഥ
ഭാഗം ഒന്ന്
കൊല്ലവർഷം ഏതാണെന്ന് ഓർമയില്ല.. എന്തായാലും 2-3 വർഷത്തിന് മുകളിൽ ആയിട്ടുണ്ടാവില്ല..
എങ്ങനെയെങ്കിലും ഓഫീസിൽ നിന്ന് ഇറങ്ങിയോടണം എന്ന വിചാരം മനസ്സിൽ വന്നതോടെ എങ്ങനെയൊക്കെയോ പണിയൊക്കെ ഒതുക്കി ലാപ് മടക്കി ബാഗിലാക്കി പോവാൻ തയ്യാറായി നിന്നു.. ഫോൺ എടുത്ത് റീസെന്റ് ലിസ്റ്റ് ൽ നിന്നും ഉയിർ നൻപന്റെ നമ്പറിൽ വിളിച്ചു.. ഒരു ചപ്പാത്തി മുഴുവനായി മടക്കി കിഴങ്ങ് കറിയിൽ മുക്കി വായിൽ കയറ്റി വ്യായമം ചെയ്തിരുന്ന അദ്ദേഹം, കഴിച്ചു കഴിഞ്ഞു വരാം എന്നു പറഞ്ഞതോടെ പോസ്റ്റ് എന്നു മനസ്സിൽ വിചാരിച്ചു ഞാൻ ഫോൺ വെച്ചു..
സ്വതവേ മടിയനും നടക്കാൻ തീരെ താല്പര്യം ഇല്ലാതിരുന്നതിനാലും ശേഷിക്കുന്ന സമയം ഏഴാം നിലയിലെ ഫുഡ് കോർട്ട് ൽ പോയി ഒരു ചായ കുടിച്ചു കളക്ഷൻ എടുക്കാം എന്നു കരുതി. അവിടെ ഒരു പണിയും ഇല്ലെങ്കിലും എന്തിനോ വേണ്ടി ലാപ് ൽ മസ്സിൽ പിടിക്കുന്ന താടി നരച്ച കിളവനെ കൂട്ടി ലിഫ്റ്റ് ന്റെ മുൻപിലേക്ക് നടന്നു..
നിരയായി കിടക്കുന്ന ലിഫ്റ്റുകളിൽ ആദ്യമെത്തുന്ന ലിഫ്റ്റ് ൽ കയറാൻ അവിടെ ആരൊക്കെയോ കാത്തു നില്കുന്നുണ്ടായിരുന്നു.. സാധാരണ 360 ഡിഗ്രി നിന്നു കറങ്ങി കളക്ഷൻ എടുത്തിരുന്ന കൂടെപ്പിറപ്പ് പതിവില്ലാതെ, ഒന്നും മൊഴിയാതെ ഒരു സർവൈലൻസ് ക്യാമറ പോലെ അരികിൽ നിന്ന ആരെയോ നോക്കി കാര്യമായി ഡ്യൂട്ടി ചെയുന്നുണ്ട്.. പെട്ടന്ന് തിരിഞ്ഞു നോക്കാൻ പാടില്ല എന്ന എഴുത്തപ്പെടാത്ത നിയമം പ്രാബല്യത്തിൽ നിലനിൽക്കുന്നതിനാൽ കോളേജിൽ പയറ്റിതെളിഞ്ഞ "യാദൃശ്ച്ചികം" കളിക്കാം എന്നു മനസ്സിൽ ഉറപ്പിച്ചപ്പോളേക്കും ലിഫ്റ്റ് മുൻപിൽ തുറക്കപ്പെട്ടിരുന്നു..
നല്ല സമയത്തെ മനസ്സിൽ പഴിച്ച് ലിഫ്റ്റ് ൽ കയറി 7 അമർത്തിയ ഞാൻ ആളുകളുടെ തിരക്കു കാരണം ആ ആൾക്കൂട്ടത്തിൽ ഏറ്റവും പിന്നിലായി കിളവന്റെയൊപ്പം നിലയുറപ്പിച്ചു. ഒരു കള്ളച്ചിരിയോടെ നിന്നിരുന്ന ജന്മനാ കള്ളലക്ഷണം ഉള്ള കിളവനോട് പതിഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു ആരാണെന്ന്..! പച്ച എന്നു മറുപടി കിട്ടി..!
ലിഫ്റ്റ് നു മുകളിലെ വലിയ ഫാനിന്റെ കാറ്റു ഉള്ളിലേക്ക് വീശുന്നുണ്ടായിരുന്നു..! സ്വതവേ അപരിചിതരായി അവിടേക്ക് എത്തുന്ന ആളുകൾക്കിടയിൽ സാധാരണയായ നിശബ്ദതയും മുകളിലെ ഫാനിന്റെ ഞരക്കവും നിഴലിച്ചു നിന്നു.. അതിനിടയിലും എന്റെ കണ്ണുകൾ പരിചിതം എന്ന പോലെ അവരെ തിരഞ്ഞുകൊണ്ടിരുന്നു..
ഏകദേശം എന്റെയൊപ്പം ഉയരവും അധികമോ കുറവോ അല്ലാത്ത വണ്ണവും. ഓണത്തിനും മറ്റും ഓഫീസിലെ പെൺ സുഹൃത്തുക്കൾ അണിഞ്ഞു വരാറുള്ള ചന്ദനക്കളറിൽ കടും നീല നിറത്തിൽ സ്ട്രാപ്പ് ഓട് കൂടിയ ചെരുപ്പും.. ഒട്ടും പരിഷകൃതം എന്നു പറയാൻ കഴിയാത്ത വേഷ വിധാനങ്ങൾ.. ഒരു നീണ്ട ദിവസത്തെ ജോലിക്ക് ശേഷം അനുസരണ ഇല്ലാതെ തെറിച്ചു നിന്നിരുന്ന മുടിച്ചുരുളുകൾ കൈ കൊണ്ട് കോതിയൊതുക്കി ചെവിക്കു പിന്നിലേക്ക് വെക്കാൻ അലസമായി ശ്രെമിക്കുന്നുണ്ട്. സാധാരണയിൽ കൂടുതൽ നീളമുള്ള മുടി ഭംഗിയായി പിന്നിയിട്ടിരിക്കുന്നു..! നീളൻ മുടിയോട് എന്നും എനിക്കുള്ള പ്രണയത്തിനു മുകളിൽ എന്തോ ഒന്ന് എന്നെ വല്ലാതെ ആകർഷിക്കുന്നു. മാസങ്ങളായി വന്നു പോവുന്ന ഈ ഫുഡ് കോർട്ട് ൽ കണ്ടു മറന്ന ആയിരക്കണക്കിന് മുഖങ്ങളിൽ കാണാൻ കഴിയാത്ത ഈ മുഖം മാത്രം..!
പഴക്കം ചെന്ന് നിറം മങ്ങിയ കടും ചുവപ്പ് ടാഗ് കഴുത്തിൽ ചുറ്റിക്കിടന്ന ആ ഇളം പച്ച ചുരിദാറുകാരി മുൻപിൽ നിന്ന സുഹൃത്തിനോട് എന്തൊക്കെയോ ചെവിയിൽ പറയുന്നുമുണ്ട്.. കൂടി നിന്ന ആൾക്കൂട്ടത്തിൽ മുഖം കാണാൻ കഴിയുന്നില്ല എന്നൊരു നിരാശ എനിക്കുണ്ടെങ്കിലും ഫുഡ് കോർട്ട് എത്തിയാൽ കാണാം എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു..
ലിഫ്റ്റ് നു മുകളിലെ LCD ഡിസ്പ്ലേ ൽ 7 എന്നു തെളിഞ്ഞപ്പോഴേക്കും ഫോൺ റിംഗ് ചെയ്തു..! ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടു മനസ്സിൽ ചീത്ത പറഞ്ഞു കൊണ്ട് പതിഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു.. "I have finished the chart. Also sent a status mail.. Can you please check and let me know?". അപ്പോഴേക്കും ആളുകൾ ലിഫ്റ്റിൽ നിന്നും ഇറങ്ങി തുടങ്ങിയിരുന്നു.. ഫോൺ കട്ട് ചെയ്തു പോക്കറ്റിൽ ഇടുന്നതിനൊപ്പം കിളവനൊപ്പം പുറത്തേക്ക് ഇറങ്ങിയ എന്റെ കണ്ണുകൾ ലിഫ്റ്റിൽ കയറാനായി തിരക്കു കൂടി നിന്നവരുടെ ഇടയിൽ അപ്രത്യക്ഷമായ ആ പച്ച ചുരിദാറുകാരിയെ തിരഞ്ഞുകൊണ്ടേയിരുന്നു..!
ഭാഗം രണ്ട്
നേരം ഇരുട്ടി തുടങ്ങിയിരുന്നു..
ഒരു ഫുട്ബോൾ കോർട്ടിനോളം വലുപ്പം തോന്നിക്കുന്ന വിശാലമായ ഡൈനിങ് സ്പേസ്. അതിനു ഇരു വശങ്ങളിലുമായി ഇടം പിടിച്ചിരിക്കുന്ന ഭക്ഷണ ശാലകൾ.. സ്വദേശി ആയ നാടൻ കപ്പയും മീനും മുതൽ വിദേശിയായ ഡോമിനോസ് പിസ്സ വരെ ഇവിടെ ലഭിക്കും.
ഓരോ കടകൾക്ക് മുൻപിലും അക്ഷമരായി തങ്ങളുടെ ഭക്ഷണത്തിനായി കാത്തുനിൽക്കുന്ന ആൾക്കൂട്ടങ്ങൾ.. പാകമായ ഭക്ഷണം വാങ്ങി ഇരിപ്പിടങ്ങൾ തേടി പോവുന്നവരെയും ഇക്കൂട്ടത്തിൽ നിന്നും കാണാം. ചിക്കൻ കറിയിൽ ചാറില്ല എന്ന് പിറുപിറുത്തു പോവുന്ന ഒരു അന്യ സംസ്ഥാന സ്നേഹിതനെ കാണുവാൻ ഇടയായി.. ഭാഗ്യം, അദ്ദേഹം എന്നെ കണ്ടില്ല എന്നു തോന്നുന്നു.. അതി വിശിഷ്ടമായ ഒരു കലവറ തന്നെയാണ് ഇവിടുത്തെ ഫുഡ് കോർട്ട്. വൈവിധ്യങ്ങളായ വിഭവങ്ങൾ കൊണ്ട് സമ്പന്നമാണ് പത്തിനടുത്തു വരുന്ന ഇവിടുത്തെ ഭക്ഷണ ശാലകൾ.
അധികം തിരക്ക് ഇല്ലാത്ത ഭാഗത്തു ഒരു ടേബിൾ കണ്ടെത്തി ഞാൻ ഇരിപ്പ് ഉറപ്പിച്ചു.. ഇനി ചായ വാങ്ങി വരാൻ പോയ കിഴവനെ കാത്തുള്ള ഇരിപ്പാണ്. സഞ്ചാരം വീഡിയോസ് നിങ്ങളെ പോലെ ഞാനും കണ്ടിട്ടുണ്ടെന്ന് മനസ്സിൽ പറഞ്ഞു ചുറ്റുപാടും നിരീക്ഷിക്കുന്നതിൽ ആയി എന്റെ ശ്രദ്ധ മുഴുവൻ.
അധികം അകലെ അല്ലാതെ എന്റെ റൂം മേറ്റ്, ഒരു കോട്ടയംകാരൻ അച്ചായൻ ഒരു പടക്കൊപ്പം പൊറോട്ട ചാറിൽ മുക്കി അകത്താകുന്നുണ്ട്.. സ്ഥിരമായി മൂവർ സംഘമായി കാണപ്പെട്ടിരുന്ന ഇവരുടെ കൂടെ പുതിയതായി ജോയിൻ ചെയ്ത ചില പെൺകുട്ടികൾ ഉണ്ടായിരുന്നതിനാൽ ആവാം.. കൂടുതൽ ശ്രെദ്ധിക്കാൻ പോയില്ല.. അപ്പോഴും, ആൾക്കൂട്ടത്തിൽ നഷ്ടമായിരുന്ന ആ പച്ച ചുരിദാറുകാരി എവിടെ എന്നു ആ ഫുഡ്‌കോർട്ട് മുഴുവൻ എന്റെ കണ്ണുകൾ പരതികൊണ്ടേയിരുന്നു.
കിഴവൻ വരും മുൻപ് എഴുന്നേൽക്കേണ്ടി വന്നാൽ സീറ്റ് നഷ്ടപ്പെടും എന്ന റിസ്ക് എടുക്കാൻ കഴിയാത്തതിനാൽ എന്റെ നിരീക്ഷണം ആ ടേബിൾ നിന്നും കണ്ണെത്തുന്ന ദൂരം വരെ എനിക്ക് പരിമിതപ്പെടുത്തേണ്ടി വന്നു. സ്ഥിരമായി കാണാറുള്ള പല മുഖങ്ങളും കടന്നു പോവുന്നു.. തേടിക്കൊണ്ടിരുന്ന, മുഖം കണ്ടിട്ടില്ലാത്ത ഒരാളെ മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല..
ഒരു മയത്തിനൊക്കെ എന്നൊരു കമ്മെന്റും കയ്യിൽ പിടിച്ച രണ്ടു ചായയുമായി അങ്ങേർ എത്തി. എന്ത് തിരക്കാടെ അവിടെ.. ടേബിൾ നു പിന്നിലെ ചെയർ വലിച്ചിട്ടു ഇരിക്കുന്നതിനിടയിൽ അങ്ങേരു പറഞ്ഞൊപ്പിച്ചു. ചൂട് ചായ ഊതിക്കുടിക്കുമ്പോൾ ഞാൻ വീണ്ടും ചോദിച്ചു, എങ്ങനെ ഉണ്ടായിരുന്നു പച്ച?? ഏഹ് നി കണ്ടില്ലെ, സാധാരണ ഇതൊന്നും വിടാത്തത് ആണല്ലോ.. ഇല്ല ബ്രോ.. മുഖം കണ്ടില്ല.. ഞാൻ പറഞ്ഞു. ആ തരക്കേടില്ല.. ഒരു താല്പര്യം ഇല്ലാത്ത പോലെ പുള്ളിക്കാരൻ മറുപടി പറഞ്ഞു.
എങ്ങനെയെങ്കിലും ഒന്നുകൂടി കണ്ടിരുന്നെങ്കിൽ എന്ന് മനസ്സിൽ പലവട്ടം ഓർത്തു.. പതിയെ ചുറ്റും കണ്ടിരുന്ന കാഴചകളിലേക് ഞങ്ങളുടെ സംസാരം നീണ്ടെങ്കിലും കാണാതെ കണ്ടു പോയ ആ ഇളം പച്ച നിറം എന്നെ അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു..
ചായകുടി അവസാനിപ്പിച്ചു എഴുന്നേൽക്കാൻ തുടങ്ങുമ്പോളേക്കും എന്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു.. മാഡി ആണ്.. എന്നെ പിക്ക് ചെയ്യാൻ താഴെ എത്തിയിട്ടുണ്ട് ആൾ.. ഞാൻ ഫോൺ വെച്ച് കിഴവനുമായി ധൃതിയിൽ പുറത്തേക്കു നടന്നു.. വീണ്ടും ഒരു ലിഫ്റ്റ് പിടിക്കണം.. ദൂരെ നിന്നു തന്നെ ലിഫ്റ്റിന് മുന്പിലെ ആൾക്കൂട്ടം കാണമായിരുന്നു..
പതിവ് പോലെ ലിഫ്റ്റ് എടുക്കുവാൻ ഉള്ള ആൾ തിരക്ക് ആണ്.. അവിടെ എത്തുമ്പോളേക്കും ഒരു ലിഫ്റ്റ് തുറക്കപ്പെട്ടിരുന്നു.. തപ്പിയും തടഞ്ഞും അതിലക്ക് ഇടിച്ചു കയറിക്കൊണ്ടിരുന്ന ആൾക്കൂട്ടത്തെ നോക്കി അടുത്തതിൽ പോവാം എന്ന് മനസ്സിൽ കരുതി കുറച്ചു മുൻപിലേക് കയറി നിന്നു.. അവിടെ അവശേഷിച്ച ചിലരിലേക്ക് നിരാശയോടെ വെറുതെ ഒന്ന് നോക്കി.
വിരുന്നു വന്ന ബന്ധുക്കൾ തിരികെ പോകുമ്പോൾ തോന്നാറുള്ള ആ വിഷാദ ഭാവം എന്റെ മുഖത്തും ഉണ്ടായിട്ടുണ്ടാവണം.. വേഗം മടങ്ങി വരൂ എന്നൊരു യാത്രമൊഴി ലിഫ്റ്റിനു മനസ്സിൽ ചൊല്ലി ആളുകൾ കയറിക്കഴിഞ്ഞ ലിഫ്റ്റിലേക് അലസമായി നോക്കി ലിഫ്റ്റ് ന്റെ വാതിലിനു പുറത്തെ ഇരുമ്പ് വരികളിൽ ചാരി ഞാൻ നിന്നു.
തികച്ചും അപ്രതീക്ഷിതമായി, അടഞ്ഞു തുടങ്ങിയ ലിഫ്റ്റ്ന്റെ ഇരുമ്പ് പാളികൾക്കുള്ളിൽ പുറത്തെ വെളിച്ചത്തിലേക് അലസമായി തുറന്നു വെച്ചിരുന്ന ഒരു ജോഡി കണ്ണുകളിൽ എന്റെ ശ്രദ്ധ ഉടക്കി.. ലിഫ്റ്റിലെ പതിഞ്ഞ വെളിച്ചത്തിലും വീതിയുള്ള കണ്മഷിക്കൂട്ടുകൾ ചാലുകൾ തീർത്ത ആ നീളൻ കണ്ണുകൾ ഒരു നിമിഷം എന്നെ പിടിച്ചു നിർത്തി.. മാഞ്ഞു തുടങ്ങിയ കണ്മഷിയിൽ തീർത്ത നേരിയ വാൽക്കണ്ണുകൾ, കൂടെയുള്ള സുഹൃത്തിനെ നോക്കി ചിരിക്കുമ്പോൾ കണ്ണുകൾക്ക് ചുറ്റുമുണ്ടായ ചുഴികളിൽ അപ്രത്യക്ഷമാവുന്നുണ്ടായിരുന്നു.. വില്ലുപോലെ വളഞ്ഞു നിൽക്കുന്ന കറുത്തിരുണ്ട പുരികങ്ങൾ ഒരു ചുവർ ചിത്രത്തിലെ നർത്തകിയുടേതുപോലെ ജീവനുള്ളതായി തോന്നി..!
അനുസരണയില്ലാതെ നെറ്റിത്തടത്തിലേക്ക് ചാഞ്ഞിറങ്ങുന്ന മുടിച്ചുരുളുകൾ ഇടം കൈകൊണ്ട് ഒതുക്കി, ഒരു ദിവസത്തെ മുഴുവൻ ജോലിഭാരം നിഴലിക്കുന്ന കണ്ണുകൾ കൊണ്ട്ആ ലിഫ്റ്റ് നു പുറത്തെ അപരിചിതമായ കാഴ്ചകൾ നോക്കി കാണുന്നതിനിടയിൽ അടയുന്ന വാതിലിനു പുറത്ത് നിന്നും തന്നെ ശ്രദ്ധിക്കുന്ന ഒരു ജോഡി കണ്ണുകൾ പുറത്ത് ഉണ്ടെന്ന് തിരിച്ചറിയുന്ന നിമിഷം തെല്ലു കപടമായൊരു ഗൗരവ ഭാവം മുഖത്ത് വരുത്തി തന്റെ ശ്രദ്ധ മറ്റെവിടേക്കോ തിരിച്ചു വിട്ടു.
ഈ സിനിമയിൽ ഒക്കെ കാണില്ലേ.. എവിടെനിന്നോ ഓടിവരുന്ന നായികയെ കണ്ടു സ്‌തബ്ദൻ ആയി നിന്നു പോവുന്ന നായകൻ.. ഏകദേശം അതേപോലെ ആയിരുന്നു എന്റെ അവസ്ഥ.. പക്ഷെ സത്യത്തിന്റെ മുഖം വികൃതം ആണെന്ന് ആണല്ലോ വെയ്പ്പ്.. പെട്ടന്നുണ്ടായ അന്ധാളിപ്പിൽ പാതി തുറന്ന വായും ചലനമാറ്റ നിൽപ്പും അത്രമാത്രം വികൃതം ആയിട്ടുണ്ടാവണം..
സ്ഥലകാല ബോധം വീണ്ടു കിട്ടുമ്പോഴേക്കും പാതി അടഞ്ഞ വാതിലുകൾക്ക് ഇടയിലൂടെ
കൂട്ടുകാരിയുടെ ചെവിയിലേക് എന്തോ പറയാൻ പോവുമ്പോഴും, തെല്ലൊരു സങ്കോചത്തോടെ ഇടംകണ്ണെറിഞ്ഞു നോക്കിയതും ഉടക്കിയ കണ്ണുകൾ മുഖത്ത് ഒരു ചിരിയായി വിരിഞ്ഞതും ഒരു സ്ലോ മോഷൻ സിനിമ പോലെ എന്റെ മനസ്സ് രേഖപ്പെടുത്തി..!
അന്ന് അവിടെ വിരിഞ്ഞ ചിരിക്ക് മുല്ലമൊട്ടിന്റെ ഭംഗിയുള്ള പല്ലുകളും, വിരിയുന്ന പൂവിന്റെ ഭംഗിയുള്ള നുണക്കുഴികളും കൂട്ടിനുണ്ടായിരുന്നു..
അന്നും ആ പൂവിനു ഒരു ഇളം പച്ച നിറമായിരുന്നു...
ഭാഗം മൂന്ന്
ഓഫീസിലെത്തി ബാഗ് തോളിൽ കയറ്റി പാർക്കിംഗ് ഏരിയ യിലേക്ക് നടക്കുമ്പോഴും അല്പം മുൻപ് കണ്ട കാഴ്ച എന്റെ മനസ്സിൽ നിന്നും പോവുന്നുണ്ടായിരുന്നില്ല.. നിമിഷങ്ങൾ മാത്രം നീണ്ട കണ്ടുമുട്ടൽ അപ്പോഴും എന്നിൽ ഒരു ചിരി ബാക്കി വെച്ചിരുന്നു.. സാധാരണ ജോലിക്ക് ശേഷം തികച്ചും ക്ഷീണിതനായി എന്നെ സ്ഥിരമായി കാണാറുള്ള മാഡിക്ക് ചെറുപുഞ്ചിരിയുമായി നടന്നെത്തിയ എന്നെ കണ്ടിട്ട് സംശയം തോന്നേണ്ടതാണ്.. പക്ഷെ യൂ നോ, മാഡി ഈസ് എ ജെം.. എങ്ങനെ തന്റെ ജോലി ഭാരം കുറക്കാം എന്ന് മാത്രം ആലോചിച് ഓരോ നിമിഷവും ജീവിക്കുന്ന അദ്ദേഹം ബൈക്ക് ൽ നിന്ന് ഇറങ്ങി ഒരു സ്വാതസിദ്ധമായ ഇളിയും സമ്മാനിച്ച് താക്കോൽ എന്റെ നേരെ നീട്ടി..
തർകിച്ചു നില്കുന്നതിൽ യാതൊരു ഫല സിദ്ധിയും ഉണ്ടാവില്ല എന്നെ പൂർണ ബോധ്യം ഉള്ളതിനാൽ അത് കൈ നീട്ടി വാങ്ങി ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.. എന്റെ ബാഗ് തോളിലിട്ട് ഒരു ടാസ്ക് എന്നെ കൊണ്ട് ചെയ്യിച്ചു എന്ന ചാരിതാർഥ്യത്തോടെ അവൻ എന്റെ പിന്നിൽ കയറി.. ഇന്ന് ഇനി പണി ഒന്നും ഇല്ലല്ലോ അല്ലേ.. അവൻ ചോദിച്ചു.. ഇല്ല അളിയാ എന്നു പറഞ്ഞു ഞാൻ ഞങ്ങളുടെ സ്ഥിരം കടയിലേക്ക് വണ്ടിയൊടിച്ചു..
യാത്രമദ്ധ്യേ ഇടവേളകൾ ഇല്ലാതെ ചിലച്ചുകൊണ്ടിരുന്ന എന്റെ ഫോൺ കടയിലെത്തി എടുത്ത് നോക്കി.. 2 മിസ്സ്കാൾ ഭീകുവിന്റെ നാമത്തിൽ തെളിഞ്ഞു കണ്ടു.. വാട്സ്ആപ്പ് ൽ മെസ്സേജ് ഉണ്ട്.. ഒരു പാക്കറ്റ് ലൈറ്സ്, ഒരു സെവൻ അപ്പ്.. ഉദ്ദേശം വ്യക്തമാണ്.. സാധനങ്ങൾ ഒക്കെ വാങ്ങി ഞങ്ങൾ ഞങ്ങളുടെ തറവാട്ടിലേക് വെച്ച് പിടിച്ചു..
വീട്ടിൽ എത്തി ബൈക്ക് സ്റ്റാൻഡിൽ വെച്ച് ഇറങ്ങുബോഴേക്കും ഉള്ളിൽ നിന്നും ഉച്ചത്തിൽ എന്തോ സംസാരം നടക്കുന്നുണ്ടായിരുന്നു.. പാതിയായ ഒരു ബാലന്റൈൻസ് കുപ്പിക്കും ഉമ്മറം മുതൽ ഊണ്മേശ വരെ പരന്നു കിടക്കുന്ന, മിച്ചർ മുതൽ ബീഫ് ഫ്രൈ വരെ എത്തുന്ന ടച്ചിങ്‌സ്കൾക്കും ഇടയിൽ പാതി കൂമ്പിയ കണ്ണുകളും വിറയാർന്ന കൈകളുമായി ആ പിഞ്ചുകുഞ്ഞുങ്ങൾ.. യാതൊരു കാരണവും ഇല്ലാതെ ഒരു ബിയർ കുപ്പിയും കയ്യിൽ പിടിച്ചു ഇടതടവില്ലാതെ ചിരിച്ചു മറിയുന്ന ജിബി മോൻ.. ഇടയിൽ എവിടെയോ ചിന്നിചിതറുന്ന സിനിമ മുതൽ രാഷ്ട്രീയം വരെ എത്തുന്ന അവസാനിക്കാത്ത വാഗ്വാദങ്ങൾ..
എന്റെ ബാഗ് അവിടെ കണ്ട ആദ്യത്തെ കസേരയിൽ വെച്ച് മാഡിയും അവർക്കൊപ്പം ചേർന്നു. എന്നെ കണ്ട മാത്രയിൽ പച്ച മലയാളത്തിൽ സ്വാഗതം ചെയ്ത ഭീഗുവിനെ ഗൗനിക്കാതെ ഞാൻ വേഗം ഡ്രസ്സ് മാറി വന്നു.. ബ്ലൂട്ടൂത് സ്പീക്കർ ൽ ഫോൺ കണക്ട് ചെയ്തു വേഗം തന്നെ ഞാനും അവരുടെ ഒപ്പം ചേർന്നു.. കാന്തൻ വെച്ച് നീട്ടിയ ഒരു ഗ്ലാസ് വാങ്ങി ഞാനും ആ സദസ്സിന്റെ ഭാഗമായി..
ഇന്ന് കണ്ട കാഴ്ചകൾ പങ്കുവെക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും അതിനു സാധിക്കാതെ സിരകളിൽ പടർന്ന സ്കോട്ലാൻഡ് വിസ്കിയിലും നിർത്താതെ സ്പീക്കർ ൽ ഒഴുകുന്ന ഗസലിലും ഞാൻ അലിഞ്ഞു ചേർന്നു..
* * *
ഫോണിൽ അലാറം നിർത്താതെ ചിലക്കുന്നു.. എഴുന്നേൽക്കണം എന്നുണ്ട്.. പക്ഷെ തലക്ക് വല്ലാത്ത ഭാരം.. ഫോൺ എടുത്തു നോക്കി.. 9 മണി കഴിഞ്ഞിരുന്നു.. എങ്ങനെയൊക്കെയോ എഴുന്നേറ്റ് ഡൈനിങ് ടേബിൾ ൽ ഇരുന്ന ഒരു കുപ്പി വെള്ളത്തിന്റെ പാതിയോളം കുടിച്ചു വറ്റിച്ചു.. ക്ഷമ വേണം.. സമയമെടുക്കും.. ഞാൻ മനസ്സിൽ ഓർത്തു.. പതിയെ മുഖം കഴുകി തിരികെ നടക്കുമ്പോൾ ആളൊഴിഞ്ഞ ഉത്സവപ്പറമ്പ് പോലെ കിടക്കുന്ന ആ ഹാൾ ഞാൻ ഒരു കുറ്റബോധത്തോടെ നോക്കി..
യാതൊരു ഹാങ്ങോവർ ബുദ്ധിമുട്ടുകളും ഇല്ലാതെ പയറുപോലെ ഓടി നടക്കുന്ന കാന്തനെ ഞാൻ അത്ഭുതം കൂറുന്ന കണ്ണുകളോടെ നോക്കി.. എങ്ങനെ സാധിക്കുന്നു അളിയാ.. ഞാൻ ചോദിച്ചു.. ഒരു നിഷ്കളങ്ക പുഞ്ചിരിയോടെ, "ഇതൊക്കെ യെന്ത്.." കാന്തൻ മറുപടി പറഞ്ഞു.. അല്ല രാവിലെ എങ്ങോട്ടാണ്.. ഇന്ന് ഓഫീസ് ഇല്ലേ.. ഇല്ല അളിയാ, ഒരു കല്യാണം.. ലീവ് എടുത്തു.. അവൻ പറഞ്ഞു.. ഓഹ് വെറുതെ അല്ല.. ആന്നേ, ഓണം ആയാൽ പിന്നെ കല്യാണത്തിന്റെ മേളം ആണ്.. ഇനിയുള്ള 15 മിനിട്ടോളാം നീളുന്ന മുടി ചീകൽ കർമത്തിലേക് കടക്കും മുൻപ് അവൻ പറഞ്ഞു നിർത്തി.
കാന്തന്റെ ലൈഫ് ആണ് ലൈഫ് എന്ന ആക്കാലത്തെ ഹിറ്റ് ഡയലോഗ് വിളിച്ചു കൂവി ഞാൻ എന്റെ റൂമിലേക്കു നടന്നു..
* * *
കാര്യമായ ജോലി ബാക്കി ഇല്ലെങ്കിലും
ഇന്നലത്തെ ഹാങ്ങോവർ സംഭാവന ചെയ്യുന്ന ക്ഷീണം എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. 11 മണിക്ക് പതിവുള്ള ചായ കമ്മറ്റി ഇന്ന് ഉണ്ടാവും എന്ന് തോന്നുന്നില്ല.. ഞാൻ പതിയെ എഴുന്നേറ്റ് ഓഫീസിനു പിൻവാതിൽക്കൽ കൂടി പുറത്ത് ഇറങ്ങി.. വരാന്തയിലെ ഇരുമ്പ് വരികളിൽ ചാരി അവിടുത്തെ രണ്ടു കടകളിലും പൊട്ടും കമ്മലും മുതൽ ചോക്ലേറ്റ് വരെ വാങ്ങാൻ വന്നു പോവുന്ന ആളുകളെ നോക്കി അങ്ങനെ നിന്നു..
അധികം വൈകാതെ, അല്പം അകലെയായി പാർക്കിംഗിനു പുറത്ത് വന്നു നിന്ന കാറിൽ നിന്നും ഓഫീസിൽ ജോലി ചെയ്യുന്ന ദിവ്യ കൈക്കുഞ്ഞിനേയും കൊണ്ട് ഇറങ്ങി നടന്നു വരുന്നുണ്ടായിരുന്നു. കുറച്ചു കാലങ്ങളായി ഇത് ഒരു പതിവ് കാഴ്ചയാണ്.. പതിവുപോലെ വരുന്ന വഴി, കടകളിൽ ഒന്നിൽ കയറിയ മിയക്കുട്ടി അമ്മയുടെ ചുമലിൽ ഇരുന്ന് ഒരു ചോക്ലേറ്റ് കയ്യിൽ പിടിച്ചു പുറത്തേക്കു വന്നു..
എന്താ ഇവിടെ നിക്കണേ.. ദിവ്യ ചോദിച്ചു.. എയ്യ് വെറുതെ.. ചിരിച്ചു കൊണ്ട് ഞാൻ മറുപടി പറഞ്ഞു.. ചായകുടി കഴിഞ്ഞോ.. പതിയെ നടന്നു കൊണ്ട് ദിവ്യ ചോദിച്ചു.. ഓഹ് ഇല്ല.. എല്ലാവരും ബിസി ആണെന്ന് തോന്നുന്നു.. അവരെ അനുഗമിച്ചു ആ വരാന്തയിൽ കൂടി നടന്നുകൊണ്ട് ഞാൻ പറഞ്ഞു.. എങ്കിലിനി പാൻട്രിയിൽ പോയി ഒരു ചായ കുടിക്കാം.. ഞാൻ മനസ്സിൽ കരുതി. മുളച്ചു വരുന്ന കിന്നരി പല്ലിൽ ഒട്ടിയിരുന്ന ചോക്ലേറ്റ് കാട്ടി മിയക്കുട്ടി എന്നെ നോക്കി ചിരിച്ചു.. അമ്മയുടെ ചുമലിൽ ഇരുന്ന് "ചൈൽഡ് കെയർ ഹബ്ബിലേക്" മറയുന്ന അവളെ നോക്കി ഞാൻ ഓഫീസിനു പിന്നിലെ പാൻട്രിയിലേക്ക് നടന്നു..
സ്വിച്ച് ഇട്ടാൽ ശറ പറാന്ന് വരുന്ന ഒരു ഗ്ലാസ് ചായയും എടുത്ത് ഞാൻ അവിടെ നിരത്തിയിട്ടിരിക്കുന്ന ടേബിൾ ൽ ഒന്നിൽ ഇരിപ്പുറപ്പിച്ചു.. CC ഹബ്ബിൽ വന്നു പോവുന്ന കുരുന്നുകളും അതിനോട് ചേർന്നുള്ള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ൽ വരുന്ന പെൺകൊടികളെയും നോക്കി ആശ്വാസം കണ്ടെത്താൻ ഞാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു..
വെള്ളിയാഴ്ച്ച ആയതിനാൽ ആവണം.. 5 മണി കഴിഞ്ഞപ്പോഴേക്കും ഓഫീസ് ഏറെക്കുറെ വിജിനമായിരുന്നു.. ലേറ്റ് ആയി വന്നതും പോരാതെ ചായകുടിയും ഊണും ഒക്കെ ആയി ഏറെനേരം പുറത്ത് ആയിരുന്നത് കൊണ്ട് ഓഫീസ് ഇൻടൈം കുറവായിരുന്നു..
ഇഴഞ്ഞു നീങ്ങുന്ന സമയത്തെ, വാച്ചിൽ തുറിച്ചു നോക്കി പേടിപ്പിച്ച് ഓടിക്കുവാൻ ഒരു വൃഥാ ശ്രമം നടത്തി നോക്കി ഞാൻ പരാജിതനായി.. ഏറെക്കുറെ നോർമൽ ആയി കഴിഞ്ഞിരുന്ന ഞാൻ വാച്ചിൽ നോക്കി അബ്നോര്മലായായി എന്തോ പിറുപിറുക്കുന്നത് നോക്കി കിളവൻ എന്തരടെ പ്രശ്നം എന്ന് ചോദിച്ചു.. പാടിപ്പഴകിയ ഒരു പഴയ പല്ലവി ഞാൻ ആവർത്തിച്ചു, കുറച്ചു ഇൻടൈം ഉണ്ടാവോ എടുക്കാൻ..??
ഇത് കേട്ടു കുറച്ചു മാറി ഇരുന്ന ടെസ്റ്റർ പാറു ഏതോ പാവം ഡെവലപ്പർക്ക് വീക്കെൻഡ് പണി കൊടുത്ത ചാരിതാർഥ്യത്തിൽ ലാപ് ഒക്കെ മടക്കി ഞങ്ങളുടെ അടുത്തേക്ക് വന്നു..! ഈ പാപം ഒക്കെ ഇവൾ എവിടെ കൊണ്ട് ഒഴുക്കുമോ ആവോ!! ഞാൻ മനസ്സിൽ കരുതിയത് കിളവൻ ഉറക്കെ ചോദിച്ചു.. താൻ പോടോ എന്നു പറഞ്ഞു അവിടെ ഉണ്ടായിരുന്ന ഒരു ചെയർ വലിച്ചിട്ടു പാറു ഞങ്ങൾക്ക് അരികിൽ സ്ഥാനം പിടിച്ചു..
സ്വഭാവികമായും ജോലിയെയും നാട്ടുകാരെയും കുറ്റം പറഞ്ഞു തുടങ്ങുന്ന ഞങ്ങൾ, ആ സഭ അവസാനിക്കുമ്പോഴേക്കും എക്സിസ്റ്റിംഗ് ആയിട്ടുള്ള സകലരെയും സകലതിനെയും പറ്റി പരദൂഷണം പറഞ്ഞിട്ടുണ്ടാവും.. അന്നും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.. ജോലി കഴിഞ്ഞ മുറക്ക് ഐശുവും ലത ചേച്ചിയും മാർട്ടിൻ ചേട്ടനും ഒക്കെ ഞങ്ങൾക്കൊപ്പം ചേർന്നു.
നേരം ഇരുട്ടി തുടങ്ങുമ്പോഴേക്കും ബാക്കി ഉണ്ടായിരുന്നവരും ഓഫീസ് വിട്ടു തുടങ്ങിയിരുന്നു.. പതിവ് പോലെ ഏഴുമണിച്ചായ എന്നൊരു ആഗ്രഹം മനസ്സിൽ ഉണ്ടെങ്കിലും സാധാരണ ഗതിയിൽ വെള്ളിയാഴ്ച തിരക്കൊഴിഞ്ഞ ഫുഡ് കോർട്ട് ൽ എനിക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല.. എങ്കിലും മനസ്സിൽ മായാതെ കിടന്ന ഒരു ഇളം പച്ച നിറം വീണ്ടും എന്റെ പ്രതീക്ഷകൾക്ക് നിറം പകർന്നു..
കിഴവനെ കൂട്ടി ഞാൻ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു തുടങ്ങി.. ഓഫീസ് വാതിൽക്കൽ നിന്നും അടുത്ത് തന്നെ പോവാൻ തയ്യാറായി വെറുതെ കിടക്കുന്ന ലിഫ്റ്റ്കൾ എന്റെ പ്രതീക്ഷകൾക്ക് സാരമായ മങ്ങൽ ഏല്പിച്ചു എന്നു തന്നെ പറയേണ്ടി വരും.. ലിഫ്റ്റ് ൽ കയറി 7 അമർത്തി നിന്ന ഞങ്ങൾക്കിടയിലേക് കടന്നു വന്ന 2 ഹിന്ദിക്കാരികൾ ഒഴിച്ചാൽ ആശ്വാസത്തിനു വകയായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല..
ഫുഡ് കോർട്ട് ന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.. അങ്ങിങ്ങായി പാർസൽ വാങ്ങി പോവാൻ കാത്തു നിൽക്കുന്ന ആളുകൾ മാത്രം ഉണ്ടായിരുന്ന അവിടം നിരാശ തന്നെ ബാക്കിയാക്കി.. വിശ്രമം ഇല്ലാതെ എന്റെ കണ്ണുകൾ, അക്കൂട്ടത്തിൽ ഇളം പച്ച നിറത്തിൽ ഒരു വട്ടം മാത്രം ഞാൻ കണ്ടു പോയ മുഖം ഉണ്ടോ എന്നു തേടിക്കൊണ്ടേയിരുന്നു..
അവിടുത്തെ ചായക്കടകളിൽ ഒന്നിൽ 2 കട്ടൻ ചായ പറഞ്ഞിട്ട് നില്കുന്നതിനിടയിൽ നിരാശയോടെ ചുറ്റും നോക്കി നിന്ന എന്നെ, കിഴവൻ സംശയത്തോടെ നോക്കി..
എന്ത് പറ്റി ബ്രോ..
ഒന്നുല്ല ബ്രോ.. ഞാൻ മറുപടി പറഞ്ഞു..
ഒരു ടേബിൾ നു ഇരു വശങ്ങളിലായി ചൂട് കട്ടൻ ചായ ഊതിക്കുടിക്കുന്നതിനിടയിൽ പതിവില്ലാത്ത ഒരു മൂകത ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്നിരുന്നു.. മടുത്തിട്ടാവണം, കിളവൻ ഫോൺ എടുത്ത് എന്തൊക്കെയോ നോക്കുന്നുണ്ട്.. പുള്ളിക്കാരനെ പോസ്റ്റ് ആകുന്നതിൽ തെല്ലൊരു സങ്കടം തോന്നിയെങ്കിലും ഒന്നും സംസാരിക്കുവാൻ തോന്നിയിരുന്നില്ല..
അപ്പോഴും ആവി പറക്കുന്ന, തേയില ചുവയ്ക്കുന്ന ആ കട്ടൻ താഴെ വെച്ച്, കട്ടൻ വാങ്ങാൻ തോന്നിയതിനെ മനസ്സിൽ പഴി പറഞ്ഞു ഞാനും ഫോൺ കയ്യിലെടുത്തു..
ഇമെയിൽ മുതൽ ഇൻസ്റ്റാഗ്രാം വരെ നോട്ടിഫിക്കേഷൻ ബാറിൽ തെളിഞ്ഞ സകലതും, എന്തിനോടോ ഉള്ള ദേഷ്യം തീർക്കാൻ എന്ന വണ്ണം ഞാൻ ദൃതിയിൽ വകഞ്ഞു മാറ്റി.. ശേഷം, ബാക്കിയായ വാട്സ്ആപ്പ് ഗ്രൂപ്പ് മെസ്സേജുകളിൽ ഒന്നിൽ വിരലമർത്തി.. ഓരോ ഗ്രൂപ്പുകളിക്കും വന്ന മെസ്സേജ് എടുത്ത് റെഡ് ആക്കി എന്റെ വിരസതയെ തല്ലി കെടുത്താൻ ശ്രമിച്ചു പരാജിതനായികൊണ്ടിരുന്നു..
അലസമായി സ്വൈപ് ചെയ്തു സ്റ്റാറ്റസ് ടാബ് ൽ എത്തിയ ഞാൻ അതിൽ കണ്ട മാഡി യുടെ സ്റ്റാറ്റസ് എടുത്തു.. ആൾ എവിടെയോ കളിക്കാൻ പോയി എന്നു തോനുന്നു.. ഫുട്ബോൾ ടർഫ് ന്റെ ഫോട്ടോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.. ഇന്ന് പോസ്റ്റ് ആയല്ലോ ദേവ്യേ.. നടന്നു പോവേണ്ടി വരും.. ഞാൻ മനസ്സിൽ കരുതി..
അവൻ പോസ്റ്റ് ചെയ്ത 3-4 ചിത്രങ്ങളിൽ കൂടി സ്റ്റാറ്റസ് തെന്നി മാറിക്കൊണ്ടിരുന്നു.. ആരൊക്കെയോ ട്രെയിനിൽ വീട്ടിലേക് പോവുന്നതൊക്കെയും സ്റ്റാറ്റസ് ആക്കിയിരുന്നു.. സ്റ്റാറ്റസ് പോസ്റ്റുകൾ മാറി മാറി വരുമ്പോഴേക്കും അതിനു മുകളിൽ തെളിഞ്ഞ പേരുകളും മാറി മാറി വന്നു കൊണ്ടേയിരുന്നു.. കട്ടൻ എടുത്ത് ഊതി ഒരു സിപ് കൂടി എടുക്കുമ്പോഴും അലസമായി ഓടിപ്പോവുന്ന സ്റ്റാറ്റസ് പോസ്റ്റുകൾ അലക്ഷ്യമായി ഞാൻ നോക്കിയിരുന്നു..
അതിൽ ഒന്നായിരുന്നു ഇന്നത്തെ കാന്തൻ സ്പെഷ്യൽ കല്യാണ ഫോട്ടോസ്..! അണിഞ്ഞൊരുങ്ങിയ കാന്തനെയും പിന്നെ കൂടെ പോയ പെൺകുട്ടികളെയും കാണാം എന്ന സദ് ഉദ്ദേശത്തോടെ തിരക്കിട്ട് പോവാൻ തുടങ്ങുന്ന അവന്റെ ആദ്യത്തെ ഫോട്ടോ ഞാൻ പിടിച്ചു നിർത്തി.. വധു വരന്മാർക്ക് വിവാഹ മംഗളാശംസകൾ നേർന്ന നന്മയുള്ള കാന്തൻ.. ഞാൻ അടുത്തതിലേക്ക് കടന്നു.. മഞ്ഞ കുർത്തയും മുള്ളൻപന്നിയുടെ മുള്ളു പോലെ പുറത്തേക്ക് തെറിച്ചു നിക്കുന്ന മുടിയോടു കൂടിയ കാന്തൻ, സിംഗിൾ -1.. ചെറിയൊരു ചിരി എന്റെ മുഖത്ത് വന്നിട്ടുണ്ടാവണം..
കിളവൻ മുഖമുയർത്തി എന്നെ നോക്കി.. അങ്ങേരെ നോക്കി ചെറിയൊരു ചിരി പാസ്സ് ആക്കി, ഒരു കവിൾ കട്ടൻ കൂടി ഇറക്കുമ്പോഴേക്കും കഴിഞ്ഞു പോയ മൂന്നാമത്തെ ഫോട്ടോ സ്വൈപ് ചെയ്തു വീണ്ടും എടുത്തു.. ഒരു ഗ്രൂപ്പ് ഫോട്ടോ ആണ്.. വധൂ വരന്മാർക്ക് ഒപ്പം കാന്തനും അവരുടെ കുറച്ചു സഹപ്രവർത്തകരും..
എന്റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചിട്ടുണ്ടാവണം.. കണ്ണുകൾ വിടർന്നിട്ടുണ്ടാവണം.. അത്ഭുതം ആണോ സന്തോഷം ആണോ കൂടുതൽ എന്ന് എനിക്ക് തന്നെ നിശ്ചയം ഉണ്ടായിരുന്നില്ല..!
ഓടിമറയാൻ ശ്രമിക്കുന്ന സ്റ്റാറ്റസ് വിൻഡോ, കണ്മുന്നിൽ അടഞ്ഞു തുടങ്ങിയ ലിഫ്റ്റ് ന്റെ പാളികൾ പോലെ, നിമിഷങ്ങൾ മാത്രം നീണ്ടു നിന്ന കഴിഞ്ഞ ദിവസത്തെ കണ്ടുമുട്ടൽ അനുസ്മരിപ്പിക്കുന്നതായി തോന്നി.
ഉള്ളിൽ എവിടെയോ ഇളം പച്ച പുതച്ചു തറച്ചു പോയ ഒരു പുഞ്ചിരി, ഒരു വട്ടം കൂടി ഞാൻ കണ്ടിരുന്നു, ലിഫ്റ്റിലെ ആൾക്കൂട്ടത്തിനിടയിൽ കണ്ടതു പോലെ..
നിർജീവമായ ആ ഫോട്ടോയിൽ, ജീവനുള്ള ഒരു പുഞ്ചിരിയായി..!
ഭാഗം നാല്
പൊട്ടിയ ജനൽ ചില്ലിനിടയിലൂടെ അരിച്ചിറങ്ങുന്ന നേരിയ വെളിച്ചം.. ചൂട് കൂടി വരുന്നതിനൊപ്പം ഉറക്കത്തിൽ എപ്പോഴോ എന്റെ കാലുകൾ വകഞ്ഞു നീക്കി മാറ്റിയിരുന്ന പുതപ്പ് മുട്ടോളം എത്തിയിരുന്നു..! ഉറക്കം നഷ്ടമായെങ്കിലും എഴുന്നേൽക്കാൻ തോന്നുന്നില്ല.. ഒരു മയക്കത്തിനുള്ള സമയം ഇല്ലെന്ന് അറിയാമായിരുന്നിട്ടും സ്വയം സമാധാനിപ്പിക്കാൻ വെറുതെ കണ്ണുകളടച്ചു തിരിഞ്ഞു കിടന്നു..
അടുക്കളയിൽ പാചകം തകൃതിയായി നടക്കുന്ന ഒച്ചപ്പാടും ബഹളവും.. നമ്മുടെ കോട്ടയംകാരൻ അച്ചായൻ ചാക്കോച്ചൻ ഹാളിൽ പുട്ടും പഴവും തട്ടുന്നു.. ഏറെക്കുറെ മാറ്റമില്ലാതെ എന്നും കണി കണ്ടുണരുന്ന നന്മ..! കിടക്ക വിട്ട് എഴുന്നേറ്റു.. മുഖം കഴുകി അടുക്കളയിൽ കയറി ഹാജർ വച്ചു.. ആഹാ നേരത്തെ എഴുന്നേറ്റോ! എന്തു പറ്റി..! ഞങ്ങളുടെ കാവൽ മാലാഖയും ട്രിവാൻഡ്രം ലോഡ്ജ് ന്റെ കൺകണ്ട ദൈവവും സർവോപരി ഞങ്ങളുടെ അന്നദാതാവുമായ ഞങ്ങളുടെ അമ്മയാണ്.. സ്ഥിരമായി എനിക്ക് കൗണ്ടർ അടിക്കൽ ആണ് ഹോബി!
അതിരാവിലെ ഷിഫ്റ്റ് നു പോയ മാഡി എത്തിയിട്ടില്ല.. അവനു ഇന്ന് ഓണം സെലിബ്രേഷൻ ഉണ്ടെന്ന് പറഞ്ഞിരുന്നു.. മുണ്ടുടുക്കാൻ നേരത്തെ എത്തുമെന്ന് തോന്നുന്നു.. ടെക്‌നോപാർക്കിൽ പല ഓഫീസുകളിലും ഇന്നും നാളേയുമൊക്കെ ആയിട്ടാണ് ഓണം സെലിബ്രേഷൻസ്.. കളക്ഷൻ എടുക്കാൻ ഇതിലും പറ്റിയ സമയം വേറെ ഇല്ല.. ഞാൻ മനസ്സിൽ ഓർത്തു.. അതുകൊണ്ട് തന്നെ പതിവിനു വിപരീതമായി ഓഫീസിൽ പോവാൻ ഒരു ഉന്മേഷം ഒക്കെ തോന്നിയിരിക്കണം..
മുറിയിൽ കയറി ഫോൺ എടുത്തു.. വൈശാഖ് മാച്ചു എന്ന ചാക്ക രഘുവിനെ വിളിച്ചു.. ഓഫീസിൽ പോവാൻ പതിവുപോലെ ഇന്നും ചാക്ക രഘു തന്നെ ശരണം.. ഡെയ് പോസ്റ്റ് തരാൻ ആണെങ്കിൽ ഞാൻ വരൂല്ല..
.. ഇല്ല ബ്രോ.. ഇങ്ങള് ബാ.. ഇന്നും പതിവു മുടക്കാതെ ഞാൻ പറഞ്ഞു.. പോസ്റ്റ് കിട്ടും എന്നു പുള്ളിക്കും പോസ്റ്റ് കൊടുക്കും എന്ന് എനിക്കും അറിയാം.. എങ്കിലും ഫോണിൽ കൂടി ഉള്ള ഈ ചടങ്ങ് എന്നും നിർബാധം തുടരും.. രാവിലെ വീട്ടിൽ എത്തി എന്നെ അണിയിച്ചൊരുക്കി എന്നും ഓഫീസിൽ കൊണ്ടുപോവുന്നത് സ്നേഹത്തിന്റെ ഈ നിറകുടം ആണ്..
ഓഫീസിലേക്ക് വൈശാഖേട്ടന്റെ ബൈക്കിനു പിന്നിൽ ഇരുന്ന് പോവുമ്പോഴും റോഡിനു ഇരുവശങ്ങളിലായി കണ്ട കാഴ്ചകൾ ഏതൊരു മലയാളി ചെറുപ്പക്കാരനും സ്വല്പം ഗൃഹാതുരുത്വവും അതിനോടൊപ്പം ലേശം മനസ്സുഖവും നൽകുന്നതായിരുന്നു..
അൽപ്പം മങ്ങിയ സ്വർണ ഛായ തോന്നുന്ന സെറ്റ് സാരികളും ദാവണികളും, അങ്ങിങ്ങായി പാട്ടുപാവാടകളും, എല്ലാത്തിനുമൊപ്പം വിടർന്ന മുല്ലപ്പൂ മാലകളും. ആ പഞ്ചായത്ത് റോഡ് അതിനകം തന്നെ ഒരു രാജവീഥി ആണോ എന്നു സംശയം തോന്നും വിധം വർണശബളം ആയി കഴിഞ്ഞിരുന്നു..
ഇതൊക്കെ വായിച്ച് ഒരു തികഞ്ഞ വായിനോക്കിയായി എന്നെ കാണരുത്.. എങ്കിലും ഓണക്കാലം ഒരു പൂക്കാലം തന്നെ ആണെന്ന് ഉള്ളതിൽ എന്റെ ഫെല്ലോ ബോയ്സ് ഫ്രം ടെക്നോ പാർക്കിന് മറിച്ചൊരു അഭിപ്രായം ഉണ്ടാവാൻ സാധ്യതയില്ല..
ബൈക്ക് പാർക്ക് ചെയ്തു വൈശാഖ് ചേട്ടനൊപ്പം ഓഫീസിന്റെ പിൻവാതിൽക്കലേക്ക് നടന്നടുക്കുമ്പോൾ അരികിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നിന്നും ജേക്കബിന്റെ സ്വർഗ്ഗ രാജ്യം സിനിമയിലെ ആ ഓണപ്പാട്ട് ഒഴുകി വരുന്നുണ്ടായിരുന്നു.. പൊതുവേ നാടിനോടും നാടൻ രീതികളോടും ഒരിക്കലും ആണായാത്ത പ്രണയം ഉള്ളിൽ സൂക്ഷിക്കുന്ന എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. ഒരു ചെറു പുഞ്ചിരി ഉള്ളിൽ ഒളിപ്പിച്ച് ഒരു മൂളിപ്പാട്ടായി ആ പാട്ടും ചുണ്ടിൽ കരുതി, വരാന്തയിലെ ഇരുമ്പ് വരികളിൽ ചെറു താളം പിടിച്ചു ഓഫീസിലേക്കു ഞാൻ നടന്നു കയറി..
***
ഓണക്കാലം എല്ലാവരെയും പോലെ ഒരു ഓർമ്മക്കാലമാണ് എനിക്കും.. ഓഫീസിൽ അടുത്ത ദിവസം ആണ് ഓണാഘോഷം എങ്കിലും ഏറെക്കുറെ ഒരു ആഘോഷത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന ഒരുക്കങ്ങളും തയ്യാറെടുപ്പുകളും.. പൂക്കളങ്ങളുടെ ഡിസൈൻ, ഓണപ്പാട്ടുകളുടെ പ്രാക്ടീസ്, നാലു പേരെങ്കിലും നാല്പതായി തിരിഞ്ഞു തിരുവാതിരയുടെ പേരിൽ വഴക്കിടുന്ന ആസ്ഥാന നർത്തകിമാർ എന്നു വേണ്ട.. ആകെ മൊത്തം ഒച്ചപ്പാടും ബഹളവും..
ഉച്ചയോട് അടുക്കുമ്പോഴേക്കും ചുറ്റും നടക്കുന്ന കോലാഹലങ്ങൾ ഒന്നും ശ്രെദ്ധിക്കാതെ പതിവുപോലെ കിളവനും ഡ്യൂഡ് സാറും ഉച്ചക്ക് എന്ത് കഴിക്കണം എന്ന തിരക്കിട്ട ചർച്ചയിലാണ്.. എത്രയൊക്കെ ചർച്ച ചെയ്താലും ഫുഡ് കോർട്ട് എത്തിയാൽ യന്ത്രികമായി ബിരിയാണി മാത്രം വാങ്ങുന്നതാണ് എന്റെ ശീലം.. അവരുടെ അടുത്തേക്ക് നടന്നെത്തി പോയാലോ എന്നു ചോദിച്ചു.. കേൾക്കേണ്ട താമസം, രണ്ടാളും റെഡി.. പെട്ടെന്ന് തന്നെ ലാപ് ഒക്കെ അടച്ച് വാഷ്റൂം ഒക്കെ പോയി രണ്ടാളും തയ്യാറായി വന്നു.. പോവാനായി ഇറങ്ങുമ്പോഴേക്കും ഞാനും ഉണ്ട് എന്നു പറഞ്ഞു സൗമ്യജിയും ഞങ്ങൾക്കൊപ്പം ചേർന്നു..
എന്നത്തേയും പോലെ ഇന്നും ഉച്ചനേരം ലിഫ്റ്റ് കയറാൻ ഉള്ള ആൾതിരക്ക് കൂടുതൽ ആണ്.. പക്ഷെ ഓണാഘോഷങ്ങൾ കാരണം ഇന്നത്തെ ആൾതിരക്കിനു സെറ്റും മുണ്ടും നൽകിയ ഒരു മലയാളത്തനിമയുണ്ടായിരുന്നു.. അസാമാന്യ തിരക്ക് ഉണ്ടായിരുന്നു എങ്കിലും എങ്ങനെയൊക്കെയോ ഭക്ഷണം വാങ്ങി ഞങ്ങൾ ഒഴിഞ്ഞ ഒരു ടേബിൾ ൽ ഒത്തുകൂടി.. കഴിക്കുന്നതിനിടയിൽ കിളവന്റെയും ഡ്യൂഡ് സർന്റെയും തല തിരിയുന്നത് നോക്കി ടാർഗറ്റ്സ് ലോക്കറ്റ് ചെയ്തു വായിനോക്കുന്ന കലാപരിപാടി അതിഗംഭീരമായി ഞാൻ നടപ്പിലാക്കുകയും ചെയുന്നുന്നുണ്ട്.. ഓണക്കാലം ആയതു കൊണ്ട് പിന്നെ പറയുകയും വേണ്ടല്ലോ..
ഭക്ഷണത്തിനു ശേഷം കൈ കഴുകി കൂടെ വന്നവർക് വേണ്ടി വെയിറ്റ് ചെയ്യുന്ന സമയത്താണ് കുറച്ചു അകലെയായി കാന്തനെ കാണാൻ ഇടയായത്.. കഴിച്ചു കഴിഞ്ഞു എന്നു തോന്നുന്നു.. വീക്കെൻഡ് വീട്ടിൽ ആയിരുന്ന കാന്തനോട് ആ ഫോട്ടോയിൽ കണ്ട ആളെ പറ്റി തിരക്കണം എന്നു കരുതിയിരുന്നെങ്കിലും അവനെ കാണാൻ കഴിഞ്ഞിരുന്നില്ല.. അവനെ കണ്ടപാടേ മറ്റുള്ളവർക് വേണ്ടി കാത്തു നില്കാതെ ഞാൻ അവനു നേരെ നടന്നടുത്തു..
എന്നെ കണ്ടപ്പോളേക്കും ആഹ് അളിയാ.. എന്നു പറഞ്ഞുകൊണ്ട് അവനും വന്നു.. എന്താ അളിയാ ഒറ്റക്കെ ഉള്ളോ.. അല്ലടാ ശ്രീജി ഒക്കെ ഉണ്ട്.. അവർ കൈ കഴുകാൻ പോയി.. ഇപ്പോ വരും.. ആഹ് ഓക്കേ.. കല്യാണം കഴിഞ്ഞു എന്താ റൂമിലേക്കു വരാതിരുന്നത് എന്നൊരു മുഖവുരയോടെ ഞാൻ കാര്യത്തിലേക്ക്
കടക്കുബോഴേക്കും കിളവനും സംഘവും എന്റെ അടുത്തേക്ക് എത്തിയിരുന്നു.. സൗമ്യജി ഒഴികെ ബാക്കി രണ്ടാൾക്കും കാന്തനെ അറിയാം.. കാന്തനെ കേരളീയ വേഷത്തിൽ കണ്ടതോടെ അതിന്റെ വിശേഷങ്ങളിലേക്ക് സംസാരം നീണ്ടു.. ഞങ്ങളുടെ പിന്നിലായി പോസ്റ്റ് ആയി സൗമ്യജിയും നിലയുറപ്പിച്ചു.. അഞ്ചു മിനിട്ടോളാം മാത്രം നീണ്ട സംസാരം അവസാനിപ്പിച്ചു ഞങ്ങൾ കാന്തനോട് യാത്ര പറഞ്ഞുകൊണ്ട് നിൽകുമ്പോൾ പിന്നിൽ നിന്നും കാന്തനും പോവാൻ ഉള്ള വിളി എത്തി.. അവന്റെ ഫ്രണ്ട്‌സ് ആവും.. അവൻ കൈ ഉയർത്തി അവരെ ആംഗ്യം കാണിച്ചു..
എങ്കിൽ നടക്കട്ടെ അളിയാ.. വൈകിട്ട് റൂമിൽ കാണാം.. അവന്റെ ചുമലിൽ തട്ടി, അല്പം മുൻപിലേക്ക് നടന്നുകൊണ്ട് പാതി തിരിഞ്ഞു അവനെ വിളിച്ച ഭാഗത്തേക്ക് നോക്കി യാത്ര പറയുമ്പോഴേക്കും അവനും നടന്നു തുടങ്ങിയിരുന്നു.. ഒരു നിമിഷം, എന്റെ കാലുകൾ ചലനമറ്റു.. കണ്ണുകളിൽ ഒരു പൂത്തിരി കത്തുന്ന വെളിച്ചമുണ്ടായി.. തൊണ്ട വരളുന്നത് പോലെ..! നട്ടുച്ച നേരത്തും വീശുന്ന കാറ്റിനു കുളിരുന്ന തണുപ്പ് തോന്നി.. ഒന്നിലേറെ തവണ കണ്ടിട്ടുണ്ടെങ്കിലും, തട്ടത്തിൻ മറയത്ത് സിനിമയിൽ നിവിൻ പറയും പോലെ.. ഓരോ തവണ കാണുമ്പോഴും അവളുടെ മൊഞ്ചു കൂടി കൂടി വന്നു..!!
ഒരു ഇളം പച്ച നിറത്തിൽ ഞാൻ മനസ്സിൽ കുറിച്ചിട്ട ഒരു മുഖം.. അത് ഞാൻ വീണ്ടും കണ്ടു.. ഭംഗിയായി ഞൊറിഞ്ഞുടുത്ത
കസവിന്റെ കരയുള്ള സെറ്റ് സാരിയും കൈ മുട്ടോളം നീളമുള്ള, നെയ്ത്തു പണികൾ പൂക്കളം തീർത്ത ഇളം ചുവപ്പുള്ള ബ്ലൗസും, നെറ്റിയിൽ അടർന്നു തുടങ്ങിയ ഒരു ചെറു ചന്ദനക്കുറിയും ആ മുഖത്തിന് മിഴിവു പകർന്നു.. ഓരോ ചെറു പുഞ്ചിരിയും നെയ്‌വിളക്കിലെ ദീപം കണക്കെ പ്രകാശം പരത്തുന്നത് പോലെ എനിക്കു തോന്നി..
ഞാൻ കാണുമ്പോഴേക്കും അവരും തിരികെ നടന്നു തുടങ്ങിയിരുന്നു.. ഭംഗിയായി കോതിയൊതുക്കിയ, അടക്കമുള്ള നീളൻ മുടിയിൽ കോർത്തെടുത്ത മുല്ലപ്പൂ മാല..
വലുപ്പം കൂടുതലോ കുറവോ അല്ലാത്ത സ്വർണത്തിൽ തീർത്ത ജിമിക്കി കമ്മൽ..
ഒരു നോക്ക് കൂടി കണ്ട സന്തോഷം ഉള്ളിൽ ഒളിപ്പിക്കുവാൻ ഒരു ശ്രമം നടത്തിയെങ്കിലും ഒരു പുഞ്ചിരിയായി എന്റെ ചുണ്ടിൽ അത് പുറത്തേക്ക് വന്നിട്ടുണ്ടാവണം..
സന്തോഷത്തിന്റെ ഒരു പെരുമ്പറ ഉള്ളിൽ മുഴങ്ങുമ്പോഴും, പേരു പോലും അറിയില്ലെങ്കിലും, അടുത്തൊന്നു കാണുവാൻ കഴിഞ്ഞില്ലല്ലോ എന്നൊരു സങ്കടം ബാക്കിയായി.. കാന്തനോട് ചോദിക്കുവാൻ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ കരുതി ഞാൻ അവർക്കൊപ്പം തിരികെ നടന്നു..
****
സമയം വൈകുന്നേരം ആറു മണിയോട് അടുക്കുന്നു..
ശേഷിച്ച കുറച്ചു ജോലികൾ തീർത്ത ശേഷം ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ പോയി ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾ കാണാൻ പോകുവാൻ കിളവനെ വിളിച്ചു എങ്കിലും പുള്ളിക്കാരന്റെ ജോലി കഴിഞ്ഞിരുന്നില്ല.. മടുപ്പ് തോന്നിയ ഞാൻ ലാപ്പ് ഒക്കെ ഓഫ് ആക്കി കുറച്ചു നേരം ഓഫീസിൽ കറങ്ങി നടന്ന് അവിടെ ഇരുന്ന ആളുകളെ ശല്യം ചെയ്ത് എന്റെ മടുപ്പിനെ തല്ലി കെടുത്താൻ ശ്രമിച്ചു..
ഒടുവിൽ ഓഫീസ് പ്രദക്ഷിണം മടുത്ത ഞാൻ ഓഫീസിന്റെ പിൻവാതിലിനോട് ചേർന്ന എന്റെ സീറ്റിലേക് തിരികെ നടന്നു.. ചെയറിൽ ഇരുന്നാൽ ചുറ്റുപാടും കാണാൻ കഴിയാത്തതിനാൽ ടേബിൾ നു മുകളിൽ കയറി ഇരുന്ന് ചുറ്റുപാടും വീക്ഷിച്ചു കിളവനെ ശല്യം ചെയാം എന്നു കരുതി. എങ്കിലും കാര്യമായ എന്തോ കോളിൽ സംസാരിച്ചിരുന്ന അങ്ങേരെ ചൊറിയാൻ നിന്നാൽ ആരോഗ്യത്തിന് ഹാനികരം എന്നു മനസിലാക്കി ഞാൻ എന്റെ ഉദ്യമത്തിൽ നിന്നും പിന്മാറി..
കുറച്ചു നേരം കൂടി അങ്ങേരുടെ തള്ള് കേട്ട് അവിടെ ഇരുന്നെങ്കിലും അതും മടുത്ത ഞാൻ അങ്ങേരുടെ ബാഗിൽ നിന്നും ബ്ലൂട്ടൂത് ഇയർഫോൺസ് തപ്പി എടുത്ത് എന്റെ ഫോൺ ൽ കണക്ട് ചെയ്തു.. യൂട്യൂബ് ൽ ലാലേട്ടൻ ഹിറ്റ്സ് സെർച്ച് ചെയ്തു.. ചിത്രം സിനിമയിലെ ആദ്യം കണ്ട പാട്ട് ഓപ്പൺ ചെയ്തു പിൻവാതിൽ വഴി പുറത്തേക്ക് ഇറങ്ങി.. പുറത്തെ ഇരുമ്പ് വരികളിൽ ചാരി, ലാലേട്ടന്റെ ഹിറ്റ് പ്രണയ ഗാനങ്ങളുടെ അകമ്പടിയോടെ അവിടുത്തെ കടകളിൽ വന്നു പോവുന്ന മലയാളി മങ്കമാരെ യാത്രയാക്കി സമയം കളഞ്ഞു..
ആകാശത്തിന് ആരോ പൂശിയ ഒരു സ്വർണ നിറം വന്നു തുടങ്ങി.. വരാനിരിക്കുന്ന ഓണക്കാലവും ആഘോഷങ്ങളും ഒക്കെ ഓർത്തു ചെവിയിൽ മുഴങ്ങുന്ന മധുര ഗാനങ്ങളിൽ മയങ്ങി എത്ര നേരം നിന്നു എന്നറിയില്ല.. വല്ലാത്തൊരു സമാധാനവും സന്തോഷവും അപ്പോൾ തോന്നിയിരുന്നു..
ഇടയ്ക്കിടെ രസംകൊല്ലി ആയി എത്തുന്ന യൂട്യൂബ് പരസ്യങ്ങാളാണ് ആകെ അപവാദം.. ഒരു പരസ്യം ഒഴിവാക്കാൻ വേണ്ടി ഫോൺ കയ്യിലെടുക്കവേ ഞാൻ മനസ്സിൽ ഓർത്തു.. സ്കിപ് അമർത്തി ഫോൺ ആ വരിയിൽ താഴ്ത്തി വച്ചു തല ഉയർത്തി.. ജാനകിയമ്മയുടെ മധുര സ്വരം കേൾക്കുമ്പോൾ തന്നെ എന്റെ മുഖം വിടർന്നു.. ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ.. ഇയർഫോൺ പാടി തുടങ്ങി.. വല്ലാത്തൊരു ഇഷ്ടമുണ്ട് ഈ പാട്ടിനോട്.. പണ്ട് എവിടെയോ നഷ്ടപ്പെട്ടു പോയ ഒരു സുഹൃത്തിനെ കണ്ടു മുട്ടുന്ന സന്തോഷം തോന്നി ഈ പാട്ട് വീണ്ടും കാലങ്ങൾക്ക് ശേഷം കേട്ടപ്പോൾ..
അല്പം അകലെയായി പാർക്കിംഗ് കാണാം..
എവിടെ നിന്നോ വന്നു നിന്ന ഒരു നീല നിറമുള്ള കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും പുറത്തിറങ്ങി, എന്റെ നേരെ നടന്നടുക്കുന്ന ആ മുഖം കണ്ട് ഞാൻ സ്ഥബ്ധനായി.. ചെവിയിൽ ഒഴുകുന്ന മധുര സംഗീതം ഒരു സിനിമയിലെന്ന പോലെ പശ്ചാത്തല സംഗീതം മാത്രമായി തോന്നി.. അവിടെ വീശുന്ന തണുത്ത കാറ്റിനു എന്തെന്നില്ലാത്ത സുഗന്ധം ആയിരുന്നുവോ.. എനിക്ക് അറിയില്ല..
ഒതുക്കി കെട്ടിയിരുന്ന അവളുടെ നീളമുള്ള മുടിയിഴകൾ അനുസരണയില്ലാതെ പാറി നടക്കാൻ തുടങ്ങിയിരുന്നു.. കാറിന്റെ ഡോർ അടച്ച ശേഷം എന്റെ നേരെ നടന്നടുത്ത എന്റെ ഓർമയിലെ ആ പച്ച ചുരിദാറു കാരി സെറ്റ് സാരിയിൽ പതിന്മടങ്ങു സുന്ദരിയായ് തോന്നി.. ഓണാഘോഷം കഴിഞ്ഞതിന്റെ നേരിയ ക്ഷീണം മുഖത്ത് നിഴലിച്ചിരുന്നു എങ്കിലും ഓരോ തവണ പുഞ്ചിരിക്കുമ്പോഴും ആ കവിളുകളിൽ മൊട്ടിട്ട ചെറു നുണക്കുഴിക്ക്
ഒരു ചെന്താമരയിതളിന്റെ ഭംഗി തോന്നിയിരുന്നു..
അലതല്ലുന്ന സന്തോഷത്തിലും കണ്ണിമ ചിമ്മാതെ ഒരു കൊച്ചു കുട്ടിയെ പോലെ പകച്ചു നിൽക്കുന്ന എന്റെ മുൻപിലൂടെ, ഒരു കുളിർ തെന്നലായി അവൾ കടന്നു പോവുന്നു.. ഒരു ഇരുമ്പ് വരികൾക്കിപ്പുറം, ദിവസങ്ങളെണ്ണി കാത്തിരുന്ന എന്റെ ഹൃദയതാളം കടിഞ്ഞാണില്ലാത്ത കുതിച്ചുകൊണ്ടിരുന്നു.. കണ്ണെത്തും ദൂരത്ത് ഓഫീസിനു പിന്നിലെ വഴിയിലേക്ക് മറഞ്ഞ പേരറിയാത്ത എന്റെ കനവിലെ പ്രണയിനി തിരികെ വരുന്നതും കാത്ത് ഞാൻ നിന്നു..
ഒരു അഞ്ചു മിനിറ്റ് ആയിട്ടുണ്ടാവില്ല.. കോൺക്രീറ്റ് കെട്ടിടങ്ങൾ തണലു തീർക്കുന്ന, മിനുസമുള്ള ഇന്റർലോക്ക് വിരിച്ച പാതയിൽ, അല്പം അകലെയായി അവളെ ഞാൻ കണ്ടു.. ഒരു നിമിഷം കൂടി, നിലച്ച ഹൃദയ താളം ഞാൻ വീണ്ടെടുത്തു.. എന്റെ കണ്ണുകളിലെ പ്രകാശം എങ്ങോ പോയി മറഞ്ഞിരുന്നു..
പതിയെ വീശുന്ന ഇളം കാറ്റിൽ പാറി നടന്ന തന്റെ മുടി വലം കൈ കൊണ്ട് കോതിയൊതുക്കി, ഒരു ചെറു പുഞ്ചിരിയോടെ അവൾ നടന്നടുത്തു.. ചൈൽഡ് കെയർ ഹബ്ബിൽ കാത്തിരുന്നു മുഷിഞ്ഞ ഒന്നര വയസ്സോളം പ്രായം വരുന്ന തന്റെ മകനെ ഇടം കയ്യിൽ നെഞ്ചോടു ചേർത്തുകൊണ്ട്..!!
ചെവിയിൽ ഒഴുകുന്ന ഗാനം അവസാനത്തോടെടുക്കുന്നു.. ജാനകിയമ്മയുടെ മധുര സ്വരം ഗാനഗന്ധർവ്വനു വഴി മാറിയിരുന്നു..
മോഹ ഭംഗ മനസ്സിലെ ശാപ പങ്കില നടകളിൽ..!!
ലാലേട്ടൻ കുത്തേറ്റു വീണു കഴിഞ്ഞു..!
യോഗമില്ല അമ്മിണിയേ..!! മനസ്സിൽ പറഞ്ഞു ഞാൻ തിരികെ നടന്നു..!!
(ശുഭം)