Bibin Baiju Raj
IDynamics Software Pvt Ltd
ഓർമയുടെ പടവുകൾ
അഗ്നി.. സർവ്വതിനും സാക്ഷിയായ അഗ്നി. ഒരു മർത്യായുസ്സിന്റെ പാപങ്ങൾ മുഴുവൻ ജ്വലിപ്പിച്ചു പഞ്ചഭൂതങ്ങളിൽ ലയിപ്പിക്കുന്ന അഗ്നി. വിദ്വേഷവും, പ്രതികാരവും, പ്രണയവും, കാമവും, ദുഃഖങ്ങളും ഈ കാശിയുടെ മണികർണ്ണിക ഗട്ടിലെ ആത്മാവിലേക്ക് സന്നിവേശിപ്പിച്ചു ഗംഗയിൽ ലയിക്കാനായി വെറും വിഭൂതി മാത്രമാക്കുന്ന അഗ്‌നി. ഇവിടെ ഘോര പാപങ്ങൾ കൊഴിഞ്ഞു വീഴുന്നു. മന്ത്രത്തിൽ ബന്ധിച്ച കല്യാണ ചരടുകൾ അഴിഞ്ഞു വീഴുന്നു. ഇരുപത്തിനാല് മണിക്കൂറും സർവ്വദാഹിയായ അവൻ കത്തിയമർന്നു തന്നിലേക്ക് വരുന്നവരെയെല്ലാം ശാന്തികവാടത്തിലേക്കു അയക്കുന്നു. അവന്റെ നിലയ്ക്കാത്ത അട്ടഹാസച്ചിരിയുടെ കാഴ്ചക്കാരനായി, ആയിരങ്ങളിൽ ഒരുവനായി, ഞാനും ഈ ഗംഗാതീരത്തെ പടിക്കെട്ടിന്റെ മരവിച്ച തണുപ്പിൽ ഭൂതകാലത്തിൻ സ്‌മൃതികളെ കഴുകിക്കളയാൻ ശ്രമിക്കുന്നു.
മൂന്നു കൊല്ലത്തിലേറെയായി സ്ഥിരം തെറ്റാത്ത കൂടിക്കാഴ്ച്ച. ഇവിടെ ലയിച്ച ആത്മാക്കളെല്ലാം ബന്ധുജനങ്ങൾ ആകുന്ന അവസ്ഥ. അവർ ഏകാന്തതയെ ശല്യം ചെയ്യാറില്ല. തെറ്റുകുറ്റങ്ങൾ ചൂണ്ടികാണിക്കാറില്ല. ദുഃഖങ്ങളുടെ കാണാക്കിണറുകൾ എത്തിനോക്കാറില്ല. എന്നെപോലെ വെറും കാഴ്ച്ചക്കാരനായി, എന്നെയും നോക്കികൊണ്ട് മോക്ഷപ്രാപ്തി നേടും വരെ എന്റെ സഹചാരിയായി തുടരുന്നു. ആത്മമിത്രങ്ങൾ...
എന്നത്തെ പോലെ ഇന്നും റയിൽവേ ടിക്കറ്റുകൾ ബുക്കു ചെയ്യുന്ന കടയുടെ എനിക്കു മാത്രമായി ആറടിക്കു തുല്യം തയ്യാറാക്കപ്പെട്ട പ്ലാസ്റ്റിക് നൂലിനാൽ വരിഞ്ഞ കട്ടിലിലേക്ക് പ്രജ്‌ഞ നശിച്ചുറങ്ങാൻ പോകേണ്ട എന്നെ മൊബൈലിൽ വന്ന ആ സന്ദേശം പിടിച്ചുലച്ചു. ആരുവിളിച്ചാലും ഞാൻ ഇതെടുക്കാറില്ല. എടുത്തുവളർത്തിയ അപ്പച്ചിയുടെ മരണശേഷം മണികർണ്ണിക ഗട്ടിലെ എരിഞ്ഞടങ്ങുന്ന ബന്ധുക്കളൊഴിച്ചാൽ എനിക്കാരും ഇല്ല. പിന്നെയും ഞാൻ ഇതും പേറി നടന്നത് ചിലപ്പോൾ ഈ ഒരു സന്ദേശത്തിനു വേണ്ടിയാകും. ഉള്ളടക്കം വളെരെ ചെറുതാണ്.
എനിക്കൊന്നു കാണണം
ഞാൻ എനിക്കുചുറ്റും കെട്ടിപ്പൊക്കിയ കൂറ്റൻ ഭിത്തികളെ വകഞ്ഞുമാറ്റി ഹൃദയത്തിന്റെ ഉൾനാമ്പിലേക്കു ഇടിച്ചുകയറാൻ പ്രഹരശേഷി ഉണ്ടായിരുന്നു ആ സന്ദേശത്തിനു. ഒരായിരം മെസ്സേജുകളും കാളുകളും വന്നിട്ടുണ്ട്. ഒന്നും എത്തിനോക്കിയതുപോലും ഇല്ല. ഒഴിവാക്കലായിരുന്നു, അതോ ഒളിച്ചോടാലോ? അറിയില്ല. പക്ഷെ ഈ മെസ്സേജ്... അവളുടെ മനോഹരമായ ചുണ്ടുകളിൽ ഒരു ചെറു ചിരിയോടെ ആ വാക്കുകൾ തത്തിക്കളിക്കുന്നത് മനസ്സിനെ വേട്ടയാടി തോല്പിച്ചിരിക്കുന്നു.
"എനിക്കൊന്നു കാണണം".
മീനു... അവൾ ഇപ്പോഴും എന്നെ ഓർക്കുന്നുണ്ടാവുമോ.
ഓർമ്മകൾ, നശിച്ച ഓർമ്മകൾ, മരിക്കാത്ത ഓർമ്മകൾ. ഒരു വേട്ടപ്പട്ടിയുടെ രൂപം ധരിച്ചു അവ ഏകാന്തതയിൽ എന്നെ വേട്ടയാടുന്നു. ഞാൻ ബോധത്തെ ഭയക്കുന്നു. ജീവിതത്തെ ഭയക്കുന്നു. മരിച്ചു മുകളിൽ നിൽക്കുന്ന ആത്മാക്കൾ എന്നിൽ അസൂയ ജനിപ്പിക്കുന്നു. ജീവിതം മരണത്തെക്കാൾ എത്രയോ ഭയപെടുത്തുന്നതെന്ന സത്യം ഓരോ നിമിഷവും എന്നെ അതിലേക്കടുപ്പിക്കുന്നു. ഓർമ്മകൾ, നശിച്ച ഓർമ്മകൾ.
സ്‌കൂൾ കാലം മുതൽ അവൾ എന്നുമുണ്ടായിരുന്നു എന്റെ കൂടെ. അവളുടെ ചിരിയും, നുണക്കുഴിയും, കിലുങ്ങുന്ന കുപ്പിവളകളും, ദഹിപ്പിക്കുന്ന നോട്ടവും. ദേഷ്യം വരുന്നമാത്രയിൽ ബുദ്ധിജീവികണ്ണട താങ്ങിയിരുന്ന മൂക്കു ചുവക്കുമായിരുന്നു. അവളുടെ നോട്ടത്തിൽ ഞാൻ എന്നും ചൂളിപ്പോയിരുന്നു. കണ്ണുകൾ, തീ പാറുന്ന കണ്ണുകൾ. പക്ഷെ എപ്പോളോ ആ കണ്ണിനപ്പുറം അവളുടെ ഹൃദയകവാടം ഞാൻ കണ്ടിരുന്നു. ദേഷ്യത്തിൽ തീക്കടലാകുന്ന കണ്ണുകളിൽ തേൻ നിറഞ്ഞൊഴുകുന്നതും കണ്ടിരുന്നു. അത്ഭുദവും ഹാസ്യവും സമ്മിശ്രമായി തഴുകിയിരുന്ന അവളുടെ മുഖത്തെ നുണക്കുഴികളെ ഞാൻ സ്നേഹിച്ചിരുന്നു. അവളുടെ ഓർമ്മകൾ പാമ്പിനെ പോലെയാണ്. അത് കഴുത്തു ഞെരിക്കുന്നു. ശ്വാസം മുട്ടിക്കുന്നു.
അവൾ എന്നോട് ആദ്യം മിണ്ടിയത് നാലാം ക്ലാസ്സിൽ വച്ചാണ്. കൂട്ടുകാരനെ പെൻസിലിനു കുത്തിയതിനു ഉടുതുണി ഉരിയപെട്ടു അടിവസ്ത്രത്തിൽ സ്റ്റാഫ് റൂമിൽ നിൽകുകയെന്ന ഹെഡ്മാസ്റ്ററിൻ കാടൻ ശിക്ഷയ്ക്കു വിധേയനായ ദിവസം. നാണം രോമകൂപങ്ങളിലൂടെ വിയർത്തു പുറത്തേക്കു തള്ളപ്പെട്ട ആ ദിവസം. ഒടുവിൽ ക്ലാസ്സ്ടീച്ചറിൻ കരുണയിൽ തിരികെ ക്ലാസ്സിലെത്തിയപ്പോൾ ആദ്യം അടക്കിച്ചിരികളും പിന്നീട് പൊട്ടിച്ചിരികളെയും അഭിമുഖീകരിക്കേണ്ടി വന്ന ദിവസം. അവളുമുണ്ടായിരുന്നു ആദ്യബെഞ്ചിൽ ചിരിനിർത്താതെ. ഒടുവിൽ തിരികെ പോകാൻ നേരം അവൾ റോഡിൻ അരികിലൂടെ അടുത്തേക്കു വന്നു.
"ഞാൻ അറിഞ്ഞു കേട്ടോ... നോക്കിക്കോ ഞാൻ എല്ലാരോടും പറയും"
അക്ഷരാർത്ഥത്തിൽ ഭയന്ന നിമിഷം. അയല്പക്കത്തെ പെണ്ണാണ്. അവിടൊക്കെ അറിഞ്ഞാലുള്ള അവസ്ഥ ചിന്തിച്ചു കൂടുതൽ വിഷമത്തിലായി. പിന്നെ അവളെ കാണുമ്പോൾ ഒഴിഞ്ഞു നടക്കുക പതിവായി. അവൾ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. എന്നാലും ഭയമായിരുന്നു എനിക്കു. ഒരിക്കൽ അവൾ റോഡിൽ വച്ച് ഓടി വന്നു എന്നെ തടഞ്ഞു നിർത്തി.
" എന്തിനാ എന്നെ കാണുമ്പോൾ പേടിക്കുന്നേ?"
"ഒന്നുമില്ല".
"ഇയാൾക്ക് അച്ഛനും അമ്മയും ഇല്ല അല്ലേ"
"ഉം"
"നമ്മൾ ഒരു സ്ഥലത്തേക്കു അല്ലെ പോകുന്നെ. ഇനി മുതൽ എന്റെ കൂടെ വാ കേട്ടോ"
അവിടം മുതലാണ് ഞാൻ ക്ഷണിക്കപ്പെട്ടത്. അനാഥന്റെ ലോകത്തുനിന്ന് അവളുടെ എല്ലാമായത് . അപ്പച്ചി എന്നോട് എല്ലാം പറഞ്ഞിട്ടില്ല. പക്ഷെ അടക്കം പറച്ചിലും നാട്ടിലെ പരക്കെയുള്ള സഹതാപകണ്ണീരിലും എന്റെ അച്ഛനും അമ്മയും ഒരു കയറിൽ തൂങ്ങിയാടിയതാണ് എന്ന് എനിക്ക് അന്നേ അറിയാമായിരുന്നു. ഒരിക്കലും ഞാൻ അതിനെപ്പറ്റി അന്വേഷിച്ചിട്ടില്ല. ഞാൻ ഒരിക്കലും അതൊന്നും ഓർക്കാനും ഇഷ്ടപ്പെട്ടിരുന്നില്ല. എനിക്കെല്ലാം അപ്പച്ചിയായിരുന്നു. ആ നിമിഷം മുതൽ അവളും. ഉള്ളിലേക്ക് ചൂഴ്ന്നു വേരുകൾ ആഴത്തിൽ ഇറങ്ങിയ ബന്ധം. അവളുടെ ഓർമ്മകൾ തിരമാലകൾ പോലെയാണ്. പിന്നോക്കം ആയുന്നതിലും ഇരട്ടിവേഗത്തിൽ മുന്നോട്ടു ഇരമ്പിവരുന്ന തിരമാലകൾ.
രാവിലെ ജ്യോതിഷ് ദയാലും സുഹൃത്ത് തുളസിലാലും ഷോപ്പിൽ എത്തിയപ്പോൾ ഓർമ്മകളിൽ തണുത്തു മരവിച്ച എന്നെയാണ് കണ്ടത്. മൂന്ന് വർഷങ്ങൾക്കു മുൻപ് മരണത്തിനു മേൽ സന്യാസജീവിതം ജയിച്ചപ്പോൾ, ഇരുണ്ട മനസ്സുമായി കാശിയിലെ തെരുവുകളിൽ അലഞ്ഞപ്പോൾ, സാക്ഷാൽ കാശിദേവൻ പോലും തുണയ്‌ക്കെത്തിയില്ല. കാഷായവേഷം പൊതിഞ്ഞ ശരീരമല്ല മനസ്സാണ് സന്യാസത്തിനു വേണ്ടത് എന്ന തിരിച്ചറിവ്, ശാന്തിയുടെ നാരു പോലും ലഭ്യമായില്ല എന്ന സത്യവും ചേർന്ന് എന്നെ പിന്നെയും മാതാപിതാക്കൾ പോയ വഴിയേ പോകാൻ പ്രേരിപ്പിച്ച നിമിഷം. ഗംഗയുടെ ആഴങ്ങളിൽ വിശ്രമിക്കാൻ തീരുമാനിച്ച സമയം. പടിക്കെട്ടിൽ നിന്നായുന്ന എന്റെ തോളിൽ കടുത്ത ഹിന്ദി ചുവയിൽ ജ്യോതിഷ് ദയാൽ എന്ന മനുഷ്യന്റെ കൈകൾ പ്രത്യക്ഷപ്പെട്ട ദിവസം. ഭക്ഷണത്തിനു പുറമെ ഒരു ജോലിയും കിടക്കാൻ ഈ കട്ടിലും എനിക്കായി മാറ്റപ്പെട്ട ദിവസം. അദ്ദേഹം ഒരിക്കലും എന്റെ ഭൂതകാലം അന്വേഷിച്ചിരുന്നില്ല. ഒരിക്കൽ ഒരു ആസ്സാമീസ് യാത്രികനോട് അദ്ദേഹം പറഞ്ഞു ഇവിടെ അലയുന്ന ഒരുപാടു മനുഷ്യരുടെ ഹൃദയം മുറിവേറ്റതാണ് എന്ന്. പലതിലും ആഴത്തിൽ ഇറങ്ങിയ യക്ഷിയുടെ തേറ്റ പല്ലുകൾ കാണാമെന്നും.
കാര്യങ്ങൾ പറഞ്ഞു മുഴുവിപ്പിക്കും മുൻപേ ജ്യോതിഷ് ദയാൽ എന്നോട് നാട്ടിലേക്കു പോകാൻ പറഞ്ഞു.
"സുഹൃത്തേ ഞാനും ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. നിങ്ങൾ ഇതിനകത്ത് എരിഞ്ഞു തീരുന്നത് കാണാൻ എനിക്കും വയ്യ. കാശിയിൽ എന്നല്ല ഒരിടത്തും നിങ്ങൾക്കു ശാന്തി കിട്ടുകയും ഇല്ല. എത്ര ദൂരേക്ക് ഓടിയാലും നിങ്ങൾക്കു ഭൂതകാലത്തിൽ നിന്ന് മോചനവും കിട്ടില്ല. മനസ്സിലായില്ലേ, നിനക്ക് ക്ഷമിക്കാനുള്ളത് നിന്നോട് തന്നെയാണ്. ജീവിതത്തിന്റെ കുറച്ചു താളുകൾ പിന്നോട്ട് മറിക്കൂ."
ചുവന്ന ബാഗിൽ നിന്ന് പതിനയ്യായിരം രൂപയും രണ്ടുലക്ഷം രൂപയുടെ ഭാരം പേറുന്ന ഒരു ഇന്ത്യൻ ബാങ്കിന്റെ ചെക്കും അദ്ദേഹം എന്റെ നേരെ നീട്ടി. ഈ തുക മതി ചെക്ക് വേണ്ട എന്ന് പറഞ്ഞിട്ടും അദ്ദേഹം സമ്മതിച്ചില്ല. ആ ചിരിയിൽ കരുണയുണ്ടായിരുന്നു. പേര് അന്വർത്ഥമാക്കുന്ന ദയ ഉണ്ടായിരുന്നു.
"ഇത് നിങ്ങൾ ജോലി ചെയ്ത തുക തന്നെയാണ്. ഇത് നിങ്ങൾടെയാണ്. ഇടയ്ക്കു വിളിക്കുക. നിങ്ങൾക്ക് നല്ലതു വരാൻ ഞാൻ പ്രാർത്ഥിക്കും"
തീവണ്ടിച്ചക്രങ്ങൾ, മുന്നിലേക്കിരമ്പി നീങ്ങുന്ന ചക്രങ്ങൾ. എന്നെയും വലിച്ചുകൊണ്ട് ഭൂതകാലത്തിന്റെ മടിത്തട്ടിലേക്കോടുന്ന ചക്രങ്ങൾ. അവളെന്നോട് എന്നും ദേഷ്യപ്പെട്ടിരുന്നു. പരീക്ഷ നന്നായി എഴുതിയില്ലേൽ, തുണികൾ വൃത്തിയായിരുന്നില്ല എങ്കിൽ, ക്ലാസ്സിൽ വൈകിയാൽ ഒക്കെ. അവൾ ചിലപ്പോൾ എന്റെ അമ്മയായും, മറ്റു ചിലപ്പോൾ അച്ഛനായും ഒക്കെ ഭാവിച്ചിരുന്നു. ഒരിക്കൽ ഞാൻ അവളോട് ചോദിച്ചു
"എല്ലാരോടും നിനക്ക് സ്നേഹമാണല്ലോ, എന്നോട് മാത്രം എന്തിനാ എപ്പോഴും ദേഷ്യപ്പെടുന്നേ?"
"എന്റെ വായിന്നു ഒന്നും കേൾക്കണ്ട എങ്കിൽ മര്യാദയ്‌ക്കു നടന്നോ..!"
ഭയന്നിരുന്നു ഞാൻ അവളെ ഒരുപാട്. അവളെ നഷ്ടമാകുമോ എന്ന ഭയം. അതിതീവ്രമായ പ്രണയത്തിന്റ ഇരമ്പലുകളായിരുന്നു അത്. അവളോട് മറ്റൊരാൾ ഇഷ്ടമാണ് എന്ന് പറഞ്ഞതുമുതൽ ഹൃദയത്തിൽ വല്ലാത്തൊരു കല്ലിന്റെ ഭാരം ആയിരുന്നു. ശ്വാസം കിട്ടാത്ത മീൻ പിടയുന്നപോലെ അത് വെറുതെ പിടച്ചിരുന്നു.പലയിടത്തും വച്ചു ഞാൻ അവളോട്
അതിനെ പറ്റി ചോദിച്ചു
"എന്തായി, നീ എന്ത് പറഞ്ഞു"
"എന്ത്? എന്ത് പറയാൻ"
" അല്ല മറ്റേ ചേട്ടൻ ഇഷ്ടാണ് എന്ന് പറഞ്ഞിട്ട് നീ എന്ത് തീരുമാനിച്ചു എന്ന്"
" ആ, എനിക്കറിയില്ല"
"ഒരു തീരുമാനം എടുത്തൂടെ? ഇഷ്ടമില്ലേൽ വേണ്ട എന്ന് പറയരുതോ?"
"അതിനു ഇഷ്ടമല്ല എന്നു ഞാൻ പറഞ്ഞില്ലലൊ. നിനക്ക് ഇപ്പോ എന്താ വേണ്ടേ? അയാളെക്കാളും വലിയ ദൃതി ആണല്ലോ."
എന്റെ സർവ്വ നിയന്ത്രണവും വിട്ടുപോയ നിമിഷം. ഭൂമിയിലെ സർവദൈര്യവും എന്റെ നാവിലേക്ക് ആവാഹിക്കപ്പെടുന്നതായി തോന്നി. അത് ഭയത്തിന്റെ കെട്ടു പൊട്ടിച്ചു ചലിക്കുകയും ചെയ്തു.
"എടി എനിക്ക് നിന്നെ പ്രാന്ത് പിടിക്കുന്ന പോലെയുള്ള ഇഷ്ടമാണ്. ഇനിയും ഞാൻ ഇത് പറയാതിരുന്നാൽ ഇതുപോലെ പലരും നിന്നോട് ഇഷ്ടം പറയുന്നത് ഞാൻ കേൾക്കേണ്ടി വരും. നീ എന്നെ ഇഷ്ടപ്പെടാതിരുന്നാലും കുഴപ്പമില്ല. പക്ഷെ പറയാതിരിക്കാൻ വയ്യ. ഇനി അയാളെ ആണ് നിനക്കിഷ്ടമെങ്കിൽ, ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ ആ ഭാഗ്യവാന് എന്റെ ആശംസകൾ"
പൊട്ടിത്തെറിക്കുമെന്നു കരുതി മുഖത്തേക്ക് നോക്കിയപ്പോൾ അവൾ പുഞ്ചിരിക്കുന്നതാണ് ഞാൻ കണ്ടത്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ആ ചിരി. അവളുടെ നുണക്കുഴികളിൽ കുറുമ്പ് നിറഞ്ഞിരുന്നു. മനോഹരമായ ആ കൈകൾ എന്റെ നേർക്കു നീട്ടി. എന്റെ കൈകളിൽ അവളുടെ കൈകൾ കോർത്ത് അവൾ പറഞ്ഞു.
"കാള വാലുപൊക്കുമ്പോഴൊക്കെ എനിക്കറിയാമായിരുന്നു. പിന്നെ പറയട്ടെ എന്ന് കരുതി"
എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഈ ഭൂമിയിലെ എല്ലാ മാലാഖമാരും എന്റെ ചുറ്റും നിൽക്കുന്നതായി എനിക്ക് തോന്നി. അമ്മയെയും അച്ഛനെയും ഞാൻ ഓർത്തു. ഈശ്വരാ ആ ഭാഗ്യവാൻ ഞാനാണെന്നോ.. പ്രണയം.. അതിതീവ്രമായ പ്രണയം..
നാലു വർഷങ്ങൾക്കിപ്പുറം പറന്നകന്ന ദേശാടനക്കിളി തിരികെയെത്തിയ പ്രതീതിയായിരുന്നു എനിക്ക്. വീടിനു ചുറ്റും കാടുപിടിച്ചിരിക്കുന്നു, എന്റെ തലച്ചോറിനും. പൊടിപിടിച്ച ചുമരിലെ അപ്പച്ചിടെ ചിത്രം എന്നെ നോക്കി ചിരിക്കുന്നതായി തോന്നി. മോനെ നീ വന്നോടാ എന്ന് ചോദിക്കുന്നതായി തോന്നി. അപ്പച്ചി പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. രണ്ടാം ദിവസം ആശുപത്രിക്കാർ പൊതിഞ്ഞു കെട്ടിവിട്ട ശരീരത്തിനുമുന്നിൽ കരഞ്ഞിരുന്ന എന്റെ തല അവളുടെ തോളിലാണ് ചാരിയിരുന്നെ. അവൾ കവിളിൽ തടവുന്നുണ്ടായിരുന്നു. ഇടക്കെപ്പോഴോ അവളുടെ അമ്മയെത്തി അവളോട് എനിക്ക് വല്ലതും കഴിക്കാൻ കൊടുക്കാൻ പറഞ്ഞു. അവളുടെ അച്ഛനും അമ്മയ്ക്കും എന്നെ ഒരുപാടിഷ്ടമായിരുന്നു. പിന്നെയും അവൾ എന്നെ പറിച്ചെറിഞ്ഞതെന്താണ് എന്ന് ചോദ്യത്തിനുള്ള ഉത്തരം മാത്രം ബാക്കിനിൽക്കുന്നു. ജീവിതം വല്ലാത്തൊരു പ്രഹേളികയാണ്. ബുദ്ധിസ്ഥിരതയില്ലാത്തൊരു ഭ്രാന്തന്റെ നിരർത്ഥമായ ചൂളംവിളി പോലെയാണ്.
വായനശാലയിലെത്തി രാമേട്ടനെ കണ്ടു. എന്റെ സ്‌പ്ലെൻഡർ ബൈക്കിന്റെ ചാപി വാങ്ങി. നിധികാക്കുന്ന ഭൂതത്തെ പോലെ എന്റെ വാഹനത്തെ രാമേട്ടൻ സൂക്ഷിച്ചിരിക്കുന്നു. ഒരുതരത്തിൽ പറഞ്ഞാൽ ഇത് നിധി തന്നെയാണ്. അവളുമായിയുള്ള യാത്രയുടെ ഓർമ്മകൾ നിറഞ്ഞു തുളുമ്പുന്ന നിധികുംഭം. ഒരിക്കൽ ക്ലാസ് കഴിഞ്ഞു അവളെകൂട്ടാൻ പോയ എന്നോട് അവൾ വല്ലാണ്ട് ദേഷ്യപ്പെട്ടു.
"എന്താടി ഒരുകാരണവും ഇല്ലാണ്ട് ഇത്ര ദേഷ്യം, പിരീഡ്സ് മൂഡ് സ്വിങ് വല്ലോം ആണോ?"
"ആണെങ്കിൽ? സാധാരണ അച്ഛനോട് ആണ് കാണിക്കുന്നേ, ഇന്ന് നിന്നയാ കിട്ടിയേ, എനിക്ക് വല്ലാണ്ട് ദേഷ്യം വരുന്നുണ്ടേ."
"ഈ മുഖമൊന്നു നേരെയാക്കാൻ ഞാൻ ഇപ്പൊ എന്താ ചെയ്യേണ്ടേ!"
"എനിക്ക് കടലിൽ കുളിക്കണം, പറ്റുവോ.. ഒലിപ്പിക്കാണ്ട് വണ്ടി എട്"
ഞാൻ അവളെയൊന്നു നോക്കി. സ്ഥിരം പോകാറുള്ളവഴി മാറിയപ്പോൾ അവൾ ബഹളമുണ്ടാക്കി.
"എങ്ങോട്ടു പോകുന്നു. വീട്ടിൽ പോ.ഞാൻ വെറുതെ പറഞ്ഞതാ"
ഞാൻ നിർത്തിയില്ല. അസ്തമയസൂര്യൻ മുങ്ങാംകുഴിയിടാൻ വെമ്പുന്ന കടൽത്തീരത്തെത്തി. അവളുടെ ബാഗും ചെരുപ്പും ഇരിക്കുന്നടത്തു ഞാൻ ഇരുന്നു. അവൾ ദൂരെ തിരമാലകൾക്കരികിലെത്തി എന്നെ തിരിഞ്ഞു നോക്കി. ആ കൈകൾ ഉയർന്നു. ചിരിച്ചുകൊണ്ട് എന്നോട് അടുത്തുവരാൻ ആഗ്യം കാണിച്ചു. പരസ്പരം കൈകൾ കോർത്തപ്പോൾ അവളുടെ തല എന്റെ തോളിൽ വിശ്രമിച്ചു.
"പറയുമ്പോൾ കൊണ്ടുവരാൻ ഒരാളുണ്ടാകുന്നതും ഭാഗ്യമാണ് അല്ലെ"
ഹൃദയത്തിൽ നിന്നുതിർന്ന ആ ചോദ്യത്തിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. പൊടുന്നനെ ഒരു തിരമാല ശക്തിയായി നമ്മളെ പൊതിഞ്ഞു. അവൾ ഒന്ന് ചാടി തുള്ളി. പിന്നെയും എന്റെ മേലേക്ക് ചാഞ്ഞു പറഞ്ഞു.
"മുഴുവനും വെള്ളം അടിച്ചു കയറി നനഞ്ഞു"
"നിനക്ക് കുളിക്കണം എന്നല്ലേ പറഞ്ഞെ. അതാവും തിരമാലകൾ നിന്നെ കുളിപ്പിച്ചേ"
കടൽ ഒരു അത്ഭുദമായ് തോന്നിയത് അന്നാണ്. തിരമാലകളിൻ കൊഞ്ചൽ അത്രമേൽ ശ്രവണമനോഹരമായതും അന്നാണ്. അതിന്റെ കാറ്റിനു എന്റെ ഹൃദയത്തെ തണുപ്പിക്കാനും ആത്മാവിനെ കുളിർമയമാക്കാനും ശേഷിയുണ്ട് എന്ന് മനസ്സിലായതും അന്നാണ്…. കിഴക്കിനേക്കാൾ പടിഞ്ഞാറിനേറ്റ ഭംഗി… നിന്റെ തിലകക്കുറി… പ്രപഞ്ചമേ നന്ദി.. നിലക്കാത്ത തിരകളാൽ നിന്നെ നിറച്ചതിനു.. ഇളം സ്വർണ്ണരശ്മികളാൽ നിന്നെ തിളക്കിയതിന് .. സർവോപരി ഒരു തീരവും അതിൽ കൈകൾ കോർത്ത് നിന്നെ കാണാൻ ഒരു പ്രിയപെട്ടവളേയും തന്നതിന്...
ഓർമയുടെ തീരങ്ങൾ പുൽകിയ കാലുകൾ അറിയാതെ ചലിച്ചു. മുൻപെങ്ങോ അവളുമായി ചിരിച്ചുല്ലസിച്ച വഴികളിൽ ഇപ്പോഴും ഞാൻ തങ്ങിനിൽപുണ്ടന്നു തോന്നി. ഒരിക്കൽ അകലുമെന്നു അന്നേ അറിഞ്ഞിരുന്നേൽ ആ നിമിഷങ്ങളിൽ കുറെ കൂടി ജീവിക്കാമായിരുന്നു എന്ന് തോന്നി. നിരാശയുടെ പടവുകൾ പായലുകളും ചതുപ്പുകളും നിറഞ്ഞതാണ്. ഒരിക്കലും കയറിത്തീരാത്തവിധം കുരുക്കുന്ന ഇരുട്ടിന്റെ നിറമില്ലാത്ത നരച്ച അറകൾ ആണ്.
ചില വൈകുന്നേരങ്ങളിൽ കിള്ളിയാറിന്റെ തീരത്തെ പാറക്കൂട്ടങ്ങൾക്കു മുകളിൽ ഞങ്ങൾ സ്വപ്നങ്ങൾ മെനയാറുണ്ടായിരുന്നു. ഒരിക്കൽ ഒരു ചാറ്റൽ മഴയിൽ അവൾ വരാൻ വിസമ്മതിച്ചു.
"മഴയാടാ, എനിക്കെങ്ങും വയ്യ"
"ഞാൻ പോകുന്നു. നീ വരുന്നില്ലേൽ വേണ്ട"
മുന്നോട്ടു നടന്നു നീങ്ങിയ എന്റെ പുറകെ തെല്ലു ഒന്ന് അമാന്തിച്ചു അവൾ വന്നു. എന്നിട്ടു ചിരിച്ചു കൊണ്ട് പറഞ്ഞു
"ഉടായിപ്പ് അല്ലെ ഈ സ്ഥിരം പോക്ക്"
"എന്ത് ഉടായിപ്പ് "
"അല്ല പാറക്കൂട്ടങ്ങളിൽ പേടികാരണം നിന്റെ കൈയിൽ തൂങ്ങി അല്ലെ എനിക്ക് നടക്കാൻ പറ്റൂ. മനപൂർവം എന്റെ കൈ പിടിക്കാൻ വേണ്ടി അല്ലെ ഈ സ്ഥിരം പോക്കെന്ന്"
"എന്നാൽ പിന്നെ തമ്പുരാട്ടി ഒറ്റയ്ക്ക് നടന്നോ. എന്നെ തൊട്ടു അയിത്തമാക്കണ്ട"
ഒരു ചെറുപിണക്കം നടിച്ചുകൊണ്ടാണ് ഞാൻ മുന്നോട്ടു നടന്നേ. പലിടങ്ങളിലും അവൾ നടക്കാൻ നന്നേ ബുദ്ധിമുട്ടി. പലപ്പോഴും കൈനീട്ടി എങ്കിലും ഞാൻ നോക്കിയില്ല. ഒടുവിൽ ചാറ്റൽ മഴയുടെ നനവിൽ ഒരു നന്ദ്യാർവട്ടത്തിന്റെ ഇലകളുടെ മറവിൽ ഞങ്ങൾ ഇരുന്നു. അവൾ എന്റെ മുഖത്തു തന്നെ നോക്കികൊണ്ടിരുന്നു
"വിഷമമായോടാ"
ഞാൻ തലയാട്ടി. അവളുടെ കൈകൾ എന്റെ മുഖത്തെ അവളുടെ മുഖത്തേക്ക് തിരിച്ചു. നെറുകയിൽ മൃദുവായി ആ ചുണ്ടുകൾ പതിച്ചു. എന്റെ അടഞ്ഞ കണ്ണുകളിലും കവിളിലും അതാവർത്തിച്ചു. പിന്നെ അധരങ്ങളുടെ ഇതളുകൾ പരസ്പരം കെട്ടിപ്പുണർന്നു. നേരം കഴിയുംതോറും നന്ദ്യാർ വട്ടത്തിന്റെ ഇലകൾക്ക് നാണമേറിക്കൊണ്ടിരുന്നു. വിവസ്ത്രമായ ശരീരങ്ങളുടെ ഉരസലിൽ നനഞ്ഞ പാറകളിൽ പോലും തീ പടരുന്നതായി തോന്നി. ഒടുവിൽ ഉരുകിയൊലിച്ച കാമത്തിനു ഇരുപുറവും ദൃഢാലിംഗനത്തിൽ മുഴുകി ഞങ്ങൾ കിടന്നിരുന്നു.
നാളുകൾക്കിപ്പുറം നദ്ധ്യാർവട്ടത്തിന്റ ശോഭ വർദ്ധിച്ചിരിക്കുന്നു. തഴച്ചുവളർന്നു പുഷ്പലതാദികളോടെ തലയുയർത്തിനിൽക്കുന്നു. പാറകളിൽ പടർന്ന കരിനീല പായലുകൾ എന്റെ ജീവിതത്തിന്റെ ഭാഗമാണെന്നു തോന്നി. ഇവിടെയാണ് ഒടുക്കമുണ്ടായതും. അവളുടെ പൊട്ടിയ വളച്ചില്ലുകൾ പെറുക്കിയെടുത്തു ഞാൻ കരഞ്ഞതും. പൊടുന്നനെ മാറ്റം വരികയായിരുന്നു അവളിൽ. എന്നെ കാണാൻ നിൽക്കാതായി. സംസാരിക്കാൻ കൂട്ടാക്കാതെയായി. കാണുമ്പോൾ ഒഴിഞ്ഞു പോക്ക് സ്ഥിരമായി. ഒരുപാടു പുറകെനടന്നു ഞാൻ ചോദിച്ചു. കാരണമെന്താണെന്ന്. നീ എന്നെ മറന്നേക്കൂ. ഏന്നൊഴിച്ചു മറ്റൊരു മറുപടിയും എനിക്ക് കിട്ടിയിരുന്നില്ല. ആ നാളുകൾ വേദനയോടെ ഞാൻ അലഞ്ഞിട്ടുണ്ട്. എന്നിട്ടും ഞാൻ വിട്ടുകൊടുത്തില്ല. ദിവസവും അവളെ കാണാൻ ശ്രമിച്ചു. അവസാനം ഒരു ദിവസം അവൾ എന്നോട് ഇതേ നദ്ധ്യാർവട്ടത്തിന്റെ ചുവട്ടിൽ വരാൻ പറഞ്ഞു. ജീവിതത്തിലെ ഒരിക്കലും മറക്കാത്ത സമയം. കഴിഞ്ഞ മൂന്നുകൊല്ലമായി കാശിയുടെ ഇരുട്ടിൽ ഞാൻ കഴുകിക്കളയാൻ ശ്രമിച്ച നിമിഷം. അവൾ എന്നോട് ഒരുപാട് ദേഷ്യപ്പെട്ടു. ഇനി ഒരിക്കലും അവളെ കാണരുത് എന്ന് പറഞ്ഞു. മറ്റൊരു ജീവിതം തെരഞ്ഞെടുക്കാൻ പറഞ്ഞു. സാധ്യമല്ല എന്ന് പറഞ്ഞ എന്റെ മുന്നിൽ, അന്ന് ഞങ്ങൾ ഒന്നായ അതെ പാറയിൽ അവളുടെ കൈകൾ ശക്തിയായി മർദ്ധിച്ചു. പൊട്ടിയ കുപ്പിവളകളിൽ നിന്നും ചോരത്തുള്ളികൾ തെറിച്ചു. ഈ ഭ്രാന്ത് ഒന്ന് നിർത്താൻ ഞാൻ ആവതും കേണു പറഞ്ഞു. അവസാനം എനിക്ക് സമ്മതിക്കേണ്ടി വന്നു. ഇനി ഒരിക്കലും തമ്മിൽ കാണില്ല എന്ന് പറഞ്ഞു. അവൾ പോയിക്കഴിഞ്ഞും ഞാൻ ആ പാറമേൽ കരഞ്ഞുകൊണ്ടിരുന്നു. അവളുടെ കുപ്പിവളത്തുണ്ടുകൾ പെറുക്കിയെടുത്തുകൊണ്ടിരുന്നു. ഓർമ്മകൾ ഒരിക്കലും പൊറുക്കാത്ത വൃണം പോലെയാണ്. ഓർക്കാപ്പുറത്തു അത് പഴുക്കും, വേദനയുണ്ടാക്കും. ദുർഗന്ധം വമിച്ചുകൊണ്ട് ഉള്ളിൽ ഉള്ളതെല്ലാം പുറത്തുതള്ളും.
ചിന്തകൾ താണ്ടിയ ദൂരം അവളുടെ വീടിന്റെ ഉമ്മറത്തു അവസാനിച്ചു. മുറ്റം നിറയെ കരിഞ്ഞ ഇലകൾ. ഉപേക്ഷിക്കപ്പെട്ട ഒരു ഭവനപ്രതീതി അതിനുണ്ടായിരുന്നു. സോപാനത്തിൽ വിശ്രമിക്കുവായിരുന്ന അവളുടെ അമ്മ എന്നെ കണ്ടതും ചിരിച്ചുകൊണ്ട് എണീറ്റു. ആ കണ്ണുകളിൽ മുൻപ് എപ്പോഴോ കരഞ്ഞതിന്റെ ലക്ഷണങ്ങൾ ദൃശ്യമായിരുന്നു. ഉള്ളിലേക്ക് വിളിച്ചുകൊണ്ട് അവർ അവളുടെ അച്ഛനെയും പുറത്തുകൊണ്ടുവന്നു. രണ്ടുപേരും എന്നെ അടിമുടി നോക്കി. ഈ നീണ്ട താടിയാവും, സന്യാസകോലമാകും, നിരാശകൾ നിഴലിച്ച കണ്ണുകൾ ആകും.
"നീ വരുമെന്ന് കരുതിയില്ല. മെസ്സേജ് കണ്ടിട്ടുണ്ടാകുമോ എന്ന് പോലും സംശയം ആയിരുന്നു. ഞാനാണ് അത് അയച്ചത്"
അവളുടെ അമ്മ ഇതും പറഞ്ഞു എന്റെ അടുത്തേക്ക് വന്നപ്പോൾ ആയിരം ചോദ്യങ്ങളുടെ കുന്തമുനകൾ എന്റെ ഉള്ളിൽ നിന്നും മുഖം തുളച്ചു പുറത്തുവന്നിരുന്നു. അത് മനസ്സിലായിട്ടാകണം അച്ഛൻ നമുക്ക് ഒന്ന് പുറത്തു പോകാം എന്നു പറഞ്ഞതും എന്റെ പുറകിൽ ഇരുന്നു യാത്രയായതും. വഴിനീളെ അദ്ദേഹം ഒരുപാടു സംസാരിച്ചു. നിരർത്ഥമായി കാശിയിൽ അലയുന്നതിനെയും നാട്ടിൽ നിൽകാത്തതിനെയും പഴിച്ചു. ഒന്നും എനിക്ക് വ്യക്തമായിരുന്നില്ല. അല്ലെങ്കിൽ എനിക്ക് വ്യക്തത ആവശ്യവും ഇല്ലായിരുന്നു. മനസ്സിൽ ചോദ്യങ്ങൾ മുഴുവൻ മീനുവിനെ പറ്റിയാണ്. അവൾക്കു വേണ്ടങ്കിലും നിങ്ങൾ ഇപ്പോൾ എന്നെ എന്തിനു വിളിച്ചു വരുത്തി എന്നതിനെപ്പറ്റിയാണ്. ഇനി പാപഭാരമാകുമോ, എങ്കിൽ ലവലേശം വേണ്ട. അവളെ ഞാൻ ഒരിക്കലും ശപിക്കില്ല. അവസാനം ഒരു കഥയിൽ തുടങ്ങി അവളുടെ അച്ഛൻ.
"മോനെ, നിനക്കറിയാല്ലോ അവളുടെ ദേഷ്യം. നീ ഇവിടന്നു പോകുന്നതിനും മറ്റും കുറച്ചു മുൻപ് അത് ചിലപ്പോൾ വളരെ കൂടുതലായതും നിനക്കോർമ്മ കാണും. പ്രശ്നം അതായിരുന്നില്ല. ചില കാര്യങ്ങളിൽ ഒരു മിസ്സിംഗ് വരുന്നതായി അവൾക്കു തന്നെ ആദ്യമേ സംശയം ഉണ്ടായിരുന്നു. ഉദാഹരണത്തിന് അവൾ രാവിലെ ഇട്ടോണ്ട് പോയ ഡ്രസിന്റെ കളർ ചിലപ്പോൾ അവൾക്കു ഓർത്തെടുക്കാൻ കഴിയുമായിരുന്നില്ല. പിന്നെ സ്ഥിരം പോയികൊണ്ടിരിക്കുന്ന വഴികളിൽ കൺഫ്യൂഷൻ ഉണ്ടാകുക അങ്ങനെയൊക്കെ. പിന്നെ പിന്നെ അത് കാര്യമായി കൂടി. പല്ലു തേച്ചോ എന്ന് മറന്നിട്ട് രണ്ടും മൂന്നും തവണ അവൾ പല്ലു തേക്കാൻ തുടങ്ങി. പല ബന്ധുക്കളെയും മുഖങ്ങൾ മറന്നു തുടങ്ങി. ചികിത്സക്കായി ചെന്നപ്പോൾ ആണ് ഏർളി കേസ് ഓഫ് ഡിംനേഷ്യ എന്ന് മനസ്സിലായത്. ബ്ലഡ് ഷുഗർ കൂടിയിട്ട് തലച്ചോറിൽ പോകുന്ന ഏതോ ഞരമ്പുകൾ നശിച്ചുവെന്നും. നാലു വർഷത്തിൽ ഓർമ്മ മുഴുവനായിപോകും എന്ന് വിധിയെഴുതിയതു മുതൽ പിന്നെ നിന്നെ ഒഴിവാക്കണം എന്നായി ചിന്ത. അവൻ എന്നെ ജീവിതകാലം മുഴുവൻ നോക്കും. ഞാൻ ഒരു പാവയായി അവന്റെ മുന്നിൽ ഒന്നും അറിയാതെ ജീവിക്കും. അതിലും വലിയ ഒരു ശിക്ഷ ഇല്ല. അവനെന്നും ആരെങ്കിലും തുണയാകണം. ജീവിതകാലം മുഴുവനും ഇനിയും ഒരു അനാഥനായി തുടരാൻ പാടില്ല. അവൻ പോയി രക്ഷപെടട്ടെ എന്നും പറഞ്ഞു കരഞ്ഞുകൊണ്ട് അവൾ തീരുമാനമെടുത്തതും. ഈ ഇടയ്ക്ക് രാമനെ കണ്ടപ്പോൾ നീ കാശിയിൽ അലയുന്നതിനെപ്പറ്റി അവൻ എന്നോട് പറഞ്ഞു. അവൾ അതറിഞ്ഞപ്പോൾ മുതൽ ഒരു കുറ്റബോധം. എടുത്ത തീരുമാനം തെറ്റായിപോയോ എന്നൊരു തോന്നൽ. ഭാനു എന്നോട് ചോദിച്ചു നിന്നെ ഒന്ന് വിളിച്ചാലോ എന്നു. അങ്ങനെയാണ് അവൾ ആ മെസേജ് നിനക്കയച്ചത്. നീ വരുന്നതും വന്നതും ഒന്നും മീനു അറിഞ്ഞിട്ടില്ല. ഇപ്പൊ കുറെ കാര്യങ്ങൾ പാവം മറന്നു പോയി. പക്ഷെ ഒരു കാര്യം ഞങ്ങൾക്കുറപ്പാണ്. നിന്നെയാവും അവളുടെ മനസ്സ് അവസാനം പടിയിറക്കുക, എന്നിട്ടു ഒരു ജീവച്ഛവം ആകുക."
ഭൂമി വിറയ്ക്കുന്നതു കണ്ടിട്ടുണ്ടൊ? ഞാൻ കണ്ടു. നിലയില്ലാതെ താളം തെറ്റി ഞാൻ മണ്ണിലേക്ക് വീണു. ശരീരം മുഴുവൻ വിയർത്തു, നാവിൽ വെള്ളം വറ്റി, കണ്ണുകൾ നിറഞ്ഞു, ശക്തിയെല്ലാം ക്ഷയിച്ചു മണ്ണിൽ കിടന്നു വീണ്ടും വിറച്ചു. ആരെക്കയോ ഓടിക്കൂടി അവളുടെ അച്ഛന്റെ കൂടെ കൂടി എന്നെ താങ്ങി ഒരു പോസ്റ്റ് ബെഞ്ചിൻമേൽ ഇരുത്തി. എനിക്കുമാത്രം എന്തിനീ വിധി. ചിന്തയിൽ അവൾ മാത്രം. മുഴുവൻ ദൈവങ്ങളെയും ശപിക്കാൻ തോന്നി. വളരെനേരം എടുത്തു മനസ്സ് തിരികെ കൈപ്പിടിയിൽ ഒതുക്കാൻ. തിരികെ വീട്ടിൽ എത്തി കോണിപ്പടികൾ ഓടിക്കയറുമ്പോളും കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ഇല്ല എന്റെ കണ്ണുകൾക്ക് അഭിനയിക്കാൻ അറിയില്ല. മുറിക്കുള്ളിൽ അവളെ കണ്ടു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു. ചുണ്ടുകൾ വിറയ്ക്കുന്നതു കണ്ടു. തേങ്ങലുകൾക്കു ശക്തിപ്രാപിക്കുന്നതും അതു തിരമാലകളായി ഭവിക്കുന്നതും ഞാൻ അറിഞ്ഞു. ഓർമ്മകൾ അവളുടെ കണ്ണിലൂടെ മിന്നിമായുന്നതും ഞാൻ അറിഞ്ഞു. വളരെ നേരം നമ്മൾ പരസ്പരം നോക്കികൊണ്ടിരുന്നു. ജീവിതം ഒരു മയക്കണ്ണാടിയായിരുന്നെങ്കിൽ, ഓർമകളിലേക്ക് ഒരിക്കൽ കൂടി വാതിലുകൾ തുറന്നു തന്നിരുന്നുവെങ്കിൽ.
"എന്നെ വല്ലാണ്ട് ശപിച്ചിട്ടുണ്ടാകും അല്ലേടാ"
"ഇല്ല, എനിക്കതിനു പറ്റുമോ. നിനക്ക് എന്നോട് പറയാമായിരുന്നില്ലേ. ദേഷ്യമുണ്ട്, നമ്മുടെ ജീവിതത്തിലെ മൂന്നു കൊല്ലം നീ പറിച്ചു മാറ്റിയതിന്"
ഞാനിതു പറഞ്ഞപ്പോൾ അവൾ എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. കൈവിരലുകൾ പരസ്പരം കോർത്തു.
"സന്യാസി ആവാൻ പോയിന്നു കേട്ടു"
"മരിക്കാനാണ് പോയത്. സാധിച്ചില്ല. മരണത്തിനും സന്യാസത്തിനും നടുവിലായിരുന്നു"
അവൾ എന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകൾ നിറഞ്ഞിരുന്നു.
"എനിക്ക് തെറ്റിപ്പോയടാ, നീ മറന്ന് നന്നായി ജീവിക്കും എന്ന് കരുതി. തെറ്റിപ്പോയി. അല്ലേലും മറവിയുടെ പക്ഷികൾ എന്നെയാണല്ലോ വേട്ടയാടുന്നത്. നിന്നെയും ഞാൻ ഒരിക്കൽ മറക്കും. ഓർമ്മകൾ എന്നന്നേക്കും നശിച്ചു വെറുമൊരു മരപ്പാവയാവും. പക്ഷെ അന്ന് എന്റെ ജീവനും ഈ ശരീരം വിട്ടകന്നിരിക്കും"
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. പറയാൻ എനിക്കൊന്നും ഇല്ലായിരുന്നു. വാക്കുകളാൽ മറിച്ചൊന്നും അവിടെ സംഭവിക്കുകയും ഇല്ല. ഞാൻ അവളെ കെട്ടിപ്പുണർന്നു. അവളുടെ നെറ്റി എന്റെ ഹൃദയത്തിൽ ചേർത്തുവച്ചു നെറുകയിൽ ചുംമ്പിച്ചു.
ജീവിതം നദിയിൽ ദിശയില്ലാതെ ഒഴുകുന്ന കരിയിലപോലെയായി. പലസമയങ്ങളിലും അവളുടെ സ്വഭാവം മാറിക്കൊണ്ടിരുന്നു. ഒരിക്കൽ ദേഷ്യത്താൽ അവൾ കുപ്പിഗ്ലാസ്സ് എറിഞ്ഞുടച്ചു. ഞാൻ ചിരിച്ചുകൊണ്ട് ആ കുപ്പി കഷ്ണങ്ങൾ പെറുക്കിയെടുത്തപ്പോൾ അവൾ എന്നെ വന്നു കെട്ടിപ്പിടിച്ചു.
"എന്റെ കൈയിൽ നിന്ന് പോവുന്നു ടാ. എന്തെക്കെയോ പോലെ തോന്നുന്നു"
"സാരമില്ല ടി. ഈ ഗ്ലാസ് നല്ല പഴകി. ഞാനേ ഇതെറിഞ്ഞുടക്കണം എന്ന് വിചാരിച്ചിരിക്കുവായിരുന്നു"
അവൾ കുടു കൂടെ ചിരിച്ചു. ആ പഴയ ചിരി. നുണക്കുഴികളിൽ കുറുമ്പു നിറയുന്ന ചിരി.
" ടാ, എന്നെ വൈകിട്ട് നമ്മുടെ പുഴക്കരയിൽ കൊണ്ടു പോകുമോ"
"ഓ"
"എന്നും?"
"ഓ. എന്നും കൊണ്ട് പോകാം"
പലപ്പോഴും പഴകിയ ഓർമ്മകൾ പൊടിതട്ടിയെടുത്തു ചില്ലിൻകൂട്ടിൽ സൂക്ഷിച്ചു വയ്ക്കുന്ന ഒരു കുട്ടിയായിമാറിയവൾ. പുസ്തകങ്ങൾ, എഴുത്തുകൾ, പേനകൾ അങ്ങനെ കാലങ്ങളായി അവൾ ശേഖരിച്ച ഓർമ്മകൾ വെറും വസ്തുക്കളായി മാറുന്നതും കണ്ടു ഒരു നിഴലായി ഞാൻ അവളുടെ കൂടെയും. ഒരിക്കൽ പുഴക്കരയിൽ അവൾ വിരലിലെ ആനവാൽ മോതിരം കറക്കി ഇരിക്കുമ്പോൾ ഞാൻ ചോദിച്ചു.
"ഇപ്പോഴും പേടി തോന്നാറുണ്ടോ ടി"
"ഇല്ല, ഇതിങ്ങനെ വിരലിൽ കിടക്കുമ്പോൾ ഒരു ധൈര്യം ആണേ"
അവൾ എന്റെ മുഖത്തേക്ക് നോക്കി
"ടാ ഇതെന്റെ വലത് മോതിരവിരലിൽ ഇട്ടു തരുമോ"
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. കാലങ്ങൾക്കു മുൻപ് ഒരിക്കൽ ഉത്സവപ്പറമ്പിൽ എഴുന്നള്ളത്തും കണ്ടുകൊണ്ടു നിന്ന എന്റെ ഷർട്ടിന്റെ കൈയിൽ അവൾ പിടിച്ചു വലിച്ചു പറഞ്ഞു.
"ഈ ആനേടെ വാൽ ഒരെണ്ണം കിട്ടുമോ ടാ"
"അതിനു ഈ ആനയ്ക്ക് ഒരു വാലേ ഉള്ളു ടി"
അവൾ എന്നെ ഒന്ന് നോക്കി. അസ്ഥാനത്തെ ആ തമാശ അവളുടെ തീ പാറുന്ന കണ്ണുകളെ കൂടുതൽ ചുവപ്പാക്കി
"പേടിപ്പിക്കാതെ ടി, ദേവിയെ പോലെ ഇരിക്കുന്നു നിന്റെ കണ്ണ്. ആട്ടെ എന്തിനാ ഇപ്പോ ആനവാൽ"
"വല്ലാത്ത സ്വപ്‌നങ്ങൾ ആടാ. ഇതിട്ടാ പേടി പോവുന്നു ലവളുമാർ പറയുന്നു. ഒരു മോതിരം ആക്കണം"
"ഞാൻ ചെയ്തു തരാം. കുറച്ചൊന്നു സാവകാശം തരണേ. റ്റ്യൂഷൻ കാശു മുഴുവൻ കിട്ടട്ടെ. നമുക്ക് സ്വർണ്ണത്തിൽ ചെയ്യാം"
"വേണ്ട വേണ്ട. സ്വർണ്ണത്തിൽ ഒന്നും വേണ്ട. അച്ഛൻ കൊണ്ടുപോയി പണയം വച്ചു കളയും. എനിക്ക് ചെമ്പിലോ തകിടിലോ മതി."
"ഓ ശരി മാഡം"
രണ്ടു മാസം കഴിഞ്ഞു വായനശാലയുടെ മുന്നിൽ വച്ചു ഞാൻ ചെറിയൊരു കണ്ണാടി ഡപ്പിയിൽ ഒരു വെള്ളിയിൽ ചെയ്യിച്ച മോതിരം അവൾക്കു നേരെ നീട്ടി. അവൾ ശരിക്കും അത്ഭുദപ്പെട്ടു എന്റെ മുഖത്തേക്ക് നോക്കി. അതു വാങ്ങുന്നതിനു പകരം അവൾ ഇടതുകൈയുടെ മോതിരവിരൽ എനിക്ക് നേരെ നീട്ടി. എന്റെ സന്തോഷത്തിനു അതിരുകളില്ലായിരുന്നു.
"ശരിക്കും"
വിശ്വാസം വരാത്തത്കൊണ്ടു ചോദിച്ചു പോയതാണ്. അവൾ മറുപടിയൊന്നും പറഞ്ഞില്ല. ഒന്ന് മൂളി. ആ മുഖത്ത് ആദ്യമായി നാണമെന്ന വികാരം കൊള്ളിയാൻ മിന്നുന്നപോലെ മിന്നി. അണിയിക്കുമ്പോൾ എന്റെ വിരലുകൾക്ക് വിറയൽ അനുഭവപ്പെട്ടോ എന്നു തോന്നിപ്പോയി.
"നന്നായി ചേരുന്നുണ്ട് അല്ലേടാ"
എന്റെ മുഖത്തു നല്ല ചിരിയുണ്ടായിരുന്നു.
"മം.. അപ്പോ ഇനിയിപ്പോൾ എനിക്ക് അധികാരം ആയി അല്ലെ."
"എന്ത് അധികാരം. നീ എന്റെ ഇടതു കൈയിലാ ഇതിട്ടെ. ഫ്രണ്ട്‌സ് ഇടുന്ന പോലെ. വലതു കൈയിൽ ഇടട്ടെ. അപ്പൊ എഴുതിത്തരാം കേട്ടോ"
"ഓ അങ്ങനെയൊ.. അതെപ്പോഴാണാവോ"
"വരും ഒരിക്കൽ, ആ അനർഘ നിമിഷം"
രണ്ടുപേരും ചിരിച്ചു. ഒരിക്കലും അന്ന് കരുതിയിരുന്നില്ല. കാലങ്ങൾക്കിപ്പുറം ഈ നദ്ധ്യാർവട്ടത്തിന്റെ ചുവട്ടിലാണ് ആ അനർഘ നിമിഷം വരികയെന്ന്. ഒരു പക്ഷെ ഇവിടെത്തന്നെയാണ് ഇത് സംഭവിക്കേണ്ടതും. ഇതേ പാറയിൽ, ഇതേ നദ്ധ്യാർ വട്ടത്തിനു കീഴെ. ഇത്തവണ എന്റെ കൈകൾ വിറച്ചില്ല. അവൾ എന്റെ മേലേക്ക് ചാഞ്ഞു. അതെ, അധികാരം എഴുതിത്തന്നിരിക്കുന്നു.
ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. പലപ്പോഴും അവൾ വല്ലാതെ ബഹളമുണ്ടാക്കിയിരുന്നു. മുറിയിൽ ചിലപ്പോഴക്കെ മൂത്രത്തിന്റെ ദുർഗന്ധം അനുഭവപ്പെട്ടു. താൻ തന്നെയാണ് കാരണം എന്ന തിരിച്ചറിവ് അവളെ വല്ലാണ്ട് വേദനിപ്പിച്ചിരുന്നു. പലപ്പോഴും ഞാൻ അവളെ സമാധാനിപ്പിച്ചിരുന്നു. ഇതൊക്കെ പതിവാണ്. ഇതിപ്പോ എനിക്കാണെങ്കിലോ. നീയും കുടുംബവും എന്നെ പൊന്നുപോലെ നോക്കില്ലേ എന്നൊക്കെ പറഞ്ഞിരുന്നു. ഒരുദിവസം രാത്രി അവളുടെ അച്ഛൻ എന്നെ വിളിച്ചു പെട്ടന്നു വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു. മുറിയിൽ അവൾ ആകെ ദേഷ്യത്തിൽ ഇരിപ്പാണ്. അടുത്തെത്തിയതും വളരെ താണ ശബ്ദത്തിൽ അവൾ എന്നോട് ചോദിച്ചു
"ആ നിൽക്കുന്നതു എന്റെ അച്ഛനും അമ്മയും ആണ് അല്ലേടാ. എനിക്ക് മനസ്സിലായില്ല അവരെ"
എന്റെ കണ്ണുകൾ നിറഞ്ഞു. ഈശ്വരാ.. അവൾ അവരെ മറന്നിരിക്കുന്നു. അവൾ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞിട്ട് പറഞ്ഞു
"ഇനി നീ എവിടെയും പോകരുത്. എപ്പോളും എല്ലാ നിമിഷവും എന്റെ കൂടെ ഉണ്ടാകണം. ഞാൻ എപ്പോൾ നിന്നെ മറക്കുമെന്നറിയില്ല. അത്രേം സമയം എനിക്ക് നിന്റെ കൂടെ ജീവിക്കണം"
അന്നു മുതൽ ആ മുറിയിൽ ഞാനും താമസക്കാരനായി. എല്ലാ നിമിഷവും അവളുടെ കൂടെ ജീവിക്കാൻ തുടങ്ങി. ഉറങ്ങുമ്പോൾ അവൾ വല്ലാതെ എന്നെ മുറുകെ കെട്ടിപ്പിടിച്ചിരുന്നു. വിട്ടു പോകുമെന്നുള്ള ഭയം അവളെ വല്ലാണ്ട് അലട്ടിയിരുന്നു. നാഴികകൾ അവൾ മനസ്സിൽ കുറിച്ചിടുന്നപോലെ തോന്നിപ്പോവുന്ന ദിവസങ്ങൾ. പലപ്പോഴും രാവിലെ ഉറക്കമുണർന്നു ഇരിക്കുന്ന അവളെ ഞാൻ ദയനീയമായി നോക്കാറുണ്ടായിരുന്നു. അവൾ എന്റെ മുഖത്തു നോക്കി ചിരിക്കാൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു. ആ ചിരിവിടരുമ്പോൾ ആശ്വാസത്തിന്റെ തേനീച്ചകൾ എനിക്കുചുറ്റും മൂളിപ്പാട്ടുമായി പറക്കാറുണ്ടായിരുന്നു. ഈശ്വരാ അവൾ എന്നെ മറന്നിട്ടില്ലലോ!
ദിവസങ്ങൾ കഴിയുംതോറും അവളുടെ ശരീരം മെലിയുന്നുണ്ടായിരുന്നു. കണ്ണുകൾക്ക് ചുറ്റും കറുപ്പ് നിറം വന്നു തുടങ്ങി. പിന്നെയങ്ങോട്ട് ഞാൻ ഭക്ഷണം വാരിക്കൊടുക്കാൻ തുടങ്ങി. പറമ്പിൽ ഒക്കെ കൊണ്ട് നടന്നു കാഴ്ചകൾ കാണിച്ചു കുറച്ചു കുറച്ചായി ഒരു കുട്ടിയെപ്പോലെ അവളെ ഊട്ടാൻ തുടങ്ങി. ചലങ്ങൾക്കു വേഗത ഗണ്യമായി കുറയുന്നത് എന്നെ ഏറെ വിഷമിപ്പിക്കാനും തുടങ്ങി. ഒരു രാത്രി നടക്കും വഴി അവൾ എന്നോട് ചോദിച്ചു
"പണ്ട് ഞാൻ പിണങ്ങിയപ്പോൾ നീ എന്താണ് കാരണം എന്ന് കരുതിയത്. എനിക്ക് മറ്റാരുമായെങ്കിലും ഇഷ്ടം അങ്ങനെ വല്ലോം?"
"ഏയ് ആ പോസ്സിബിലിറ്റി ആദ്യമേ ഞാൻ തള്ളിക്കളഞ്ഞായിരുന്നു"
"പിന്നെ , പറയു "
"എടി പലതരത്തിൽ ചിന്തിച്ചു. മുൻപേ നടന്ന സംഭവങ്ങൾ എല്ലാം ഓർത്തെടുത്തു എവിടെയാണ് ഞാൻ നിനക്ക് വിഷമം ഉണ്ടാക്കിയത്, എവിടെയാണ് ഞാൻ തെറ്റിയത് എന്നെല്ലാം ചിന്തിച്ചു. പക്ഷ ഒരു ഉത്തരം കിട്ടിയില്ല. പിന്നെ കരുതിയത് നിന്നിൽ ഒരു യക്ഷി കയറിയെന്നാണ്. ഏഴിലം പാലയിൽ നിന്നും പറന്നു അവൾ നിന്റെ ശരീരത്തിലേക്ക് കയറി ഉള്ളിലെ സ്നേഹമെല്ലാം കളഞ്ഞു തേറ്റ പല്ലുകൾ പുറത്തു നാട്ടി നിന്നെ നീ അല്ലാതാക്കിയെന്ന് "
അവൾ ചിരിച്ചു
"സത്യാടാ, യക്ഷി തന്നെയാ കയറിയിരിക്കുന്നെ. വൈകാതെ ഉള്ളിലുള്ളതെല്ലാം അവൾ പറിച്ചു പുറത്തെറിയും. പതിയെ പതിയ ഞാൻ അവളാകും. അവൾക്കു നിങ്ങളെ അറിയില്ല. അവൾ ആക്രമിക്കും ചിലപ്പോ. ചിലപ്പോ കണ്ടില്ല എന്ന് നടിക്കും. അങ്ങനെ ആവുമ്പോൾ നീ ആ യക്ഷിയെ തളയ്ക്കണം. ആണിയടിച്ചു ഏതേലും പാലയിൽ ബന്ധിക്കണം. എന്നിട്ടു മനസ്സിന്റെ വാതിലുകൾ എന്നെന്നേക്കുമായി കൊട്ടിയടയ്ക്കണം"
"എടി എനിക്കൊരാളെ പ്രണയിക്കാൻ അയാൾ എന്റെ കൂടെയുണ്ടാകണം എന്നില്ല. കൂടയില്ലാതാവുമ്പോൾ ആണ് അത് ഏറ്റവും മനോഹരമാകുന്നത്, അനശ്വരമാകുന്നത്. അനശ്വര പ്രണയം"
അവൾ എന്നെ നോക്കി കരയാൻ തുടങ്ങി. എത്ര സമാധാനിപ്പിച്ചിട്ടും ആ കണ്ണുകൾ അടങ്ങിയല്ല. കണ്ണുകൾ കാട്ടിയതിനും ആയിരം മടങ്ങു വേദനയിൽ ആ ഹൃദയവും വിങ്ങുന്നുണ്ടായിരിക്കണം. അന്നു രാത്രി നിർത്താതെ മഴ പെയ്തിരുന്നു. ജനാലകൾക്കു ഭ്രാന്തുപിടിപ്പുകുമാറു കാറ്റ് അട്ടഹസിച്ചിരുന്നു. അവൾ വല്ലാണ്ട് മൂളുന്നതായി തോന്നി. കൈയിലും കഴുത്തിലും വിയർപ്പിന്റെ കണങ്ങൾ ഉള്ളതായി തോന്നി.
"ടി എന്താണ്, നിനക്ക് സുഖമില്ലേ. നമുക്ക് ഒന്ന് ആശുപത്രി വരെ പോകാം"
"വേണ്ട വേണ്ട. കുഴപ്പമൊന്നും ഇല്ല. എനിക്കിങ്ങനെ കിടന്നാൽ മതി. നിന്നെ ചേർന്ന് കിടന്നാൽ മതി"
പുറത്തു പ്രകൃതി ഗംഭീര താണ്ഡവമാടി തകർക്കുമ്പോൾ അവൾ എന്നെ വരിഞ്ഞു മുറുകി കണ്ണുകൾ അടച്ചു. എപ്പോഴോ സർവ്വതും ശാന്തമായപ്പോൾ ഞാനും കണ്ണുകൾ തുറന്നു. മഴയും കാറ്റും ഒക്കെ മാറിയിരിക്കുന്നു. എല്ലാം നിശംബ്ദം. അവളുടെ ചേർന്നിരുന്ന മാറിൽ നിന്നും സ്ഥിരം കിട്ടാറുളള ഹൃദയമിടിപ്പും കേൾക്കാനില്ല. എല്ലാം നിശബ്ദം. ഈശ്വരാ.. ഞാൻ ആവുന്നതും കേണു വിളിച്ചു. അവൾ കണ്ണുകൾ തുറക്കുന്നില്ല. ആ മുഖത്തു ആ ചിരിയുള്ളപോലെ. എന്റെ കരച്ചിലുകൾ വീട്ടുകാരെ മുഴുവൻ ഉണർത്തിയെങ്കിലും അവളെ ഉണർത്തിയില്ല. ഏറെ നേരം ഞാൻ അവളെ കെട്ടിപ്പിടിച്ചു തന്നെ കരഞ്ഞു കിടന്നു. ആളുകൾ കൂടിയപ്പോൾ അവളുടെ അച്ഛൻ എന്റെ അടുത്ത് വന്നു.
"മോനെ, എണീക്കു. അവൾ പോയി".
ഞാൻ എണീറ്റ് ഭ്രാന്തമായി അലറി
"കണ്ടോ...കണ്ടോ..... അവൾ എന്നെ മറന്നില്ല. അവൾ എന്നെ മാത്രം മറന്നില്ല"
സമചിത്തത എന്നെ വിട്ടകന്ന മണിക്കൂറുകൾ ആയിരുന്നു പിന്നെങ്ങോട്ടു. ഞാൻ അവൾക്കു വെള്ളം കൊടുക്കാൻ പറഞ്ഞു. അവൾ അനങ്ങുന്നുണ്ടോ എന്ന് ചോദിച്ചു. ആരും മറുപടി പറയുന്നില്ല. എല്ലാർക്കും കരച്ചിൽ മാത്രം. എല്ലാർക്കും കരച്ചിൽ മാത്രം. രാമേട്ടൻ എന്നെ മുറുകെപ്പിടിച്ചിരുന്നു. ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
"രാമേട്ടാ കണ്ടോ, അവൾ എന്നെ മറന്നില്ല. അവൾ എന്നെ മറന്നിട്ടില്ല"
മണിക്കൂറുകൾ ചിറകുകകൾ വച്ചു പറന്നുകൊണ്ടിരുന്നു. എന്നെ ഒഴികെ എല്ലാരും ബന്ധം വേർപെടുത്തിയ ചടങ്ങുകൾ കഴിച്ചു. എനിക്ക് അത് പറ്റില്ലാലോ. അവൾക്കു വായ്ക്കരിയിട്ടു എല്ലാരും, വേണ്ട ഞാൻ അവൾ ഉള്ളപ്പോൾ ആവോളം ഊട്ടിയതാണ്. പോകാൻ നേരം ആ നുണകുഴിയിൽ ഞാൻ ഒന്നു ചുംബിച്ചു. അവൾ പിന്നെയും ചിരിക്കുന്നുവോ.
വൈകാതെ ഒരു കൊച്ചു മൺകുടത്തിലായി അവൾ എന്റെ കൈയിൽ എത്തി. നെഞ്ചോടു ചേർത്ത് എത്ര നേരം വച്ചുവെന്നറിയില്ല. ഒടുവിൽ ആ വലിയ സദസ്സിൽ ഞാൻ പറഞ്ഞു.
"ഞാൻ കാശിക്കു പോകുവാണ്. ഇവളെ ഗംഗയിൽ ഒഴുക്കണം"
അന്നു ഗംഗാ ആരതിക്കു മങ്ങൽ ഉള്ളതായി തോന്നി. ദേവസ്‌തുതികൾക്ക് ശബ്ദം കുറവായി തോന്നി. രാത്രിയിൽ ഗംഗയുടെ തണുപ്പ് പോലും എന്നെ മരവിപ്പിക്കാത്തതായി തോന്നി. ചന്ദ്രിക കരയുന്നു. അവൾ മേഘങ്ങൾക്കുള്ളിലൊളിക്കുന്നു. അവളെയും നെഞ്ചോടു ചേർത്തുകൊണ്ട് തന്നെ ഞാൻ ഗംഗയുടെ ആഴങ്ങളിലേക്കിറങ്ങി.
ഒരു ചെറു മൺകുടത്തിലടയ്ക്കപ്പെട്ട വിഭൂതിയാണിന്നവൾ. അത് ചെറുതായി അലിഞ്ഞു തുടങ്ങി. അവൾ ഗംഗയിൽ ലയിക്കാൻ തുടങ്ങി. അത് ഗംഗയിലെ ഉപ്പിനു തീവ്രതയേകുന്നതായി തോന്നി
അതെ ഞാൻ കുടിച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിന് ഉപ്പുരസം. വല്ലാത്ത ഉപ്പുരസം...