പ്രേമ സാഫല്യം
'ഞാൻ' നിറഞ്ഞാടിയ വരികളാണിവിടെ
'നീ' വന്നു നോക്കുക, നിനക്കു എന്നെയും
എനിക്ക് നിന്നെയും കാണാം.
മറന്നു വെച്ച് പോയ നിശ്വാസത്തിന്റെ
അവസാന ശ്വാസവും കാണാം
'നീ' ഞാനായി മാറിയ നമ്മളെ കാണാം!
കൊല്ലങ്ങളെത്ര കാത്തു ഞാൻ പ്രിയനേ..
നിന്നോടിങ്ങനെയോരം ചേർന്നിരിക്കാൻ
കണ്ണോട് കൺ നോക്കി കാലം കഴിക്കാൻ
കുന്നോളം കഥയുണ്ട് , കടലോളം കിനാവുണ്ട്
തീരാത്ത നോവുണ്ട് ഉള്ളിന്റെ ഉള്ളിൽ
വരിക നീ, എന്നിലേക്ക് തുന്നി ചേർക്കുക -
നീ നിന്നെ …
മോക്ഷവും മുക്തിയും കാത്തെത്ര കൊല്ലം ഞാൻ
ഇനി വയ്യ , പറയാതെ വയ്യ , അറിയാതെ വയ്യ അകലാനും വയ്യ..
തെക്കേത്തൊടിയിലെ ചുടലപ്പറമ്പിൽ
നീയേകിയ അവസാന ചുടുചുംബനത്തിൽ
മരവിപ്പുവിട്ട ദേഹിയുണ്ടിപ്പോഴുമിവിടെ..
ജീർണ്ണിച്ച ദേഹത്തിൽ, ജ്വലിക്കുന്ന ആത്മാവിൽ
നീമാത്രമായിരുന്നെന്നും നീ മാത്രം!
ജീവിക്കുകയായിരുന്നു ഞാനിന്നോളം
നിന്നിലെ കനലൂതി കത്തിച്ച ഓര്മകളിൽമാത്രം
കാത്തിരിപ്പായിരുന്നു ഞാനിന്നോളം
നീ എന്നിലേക്കെത്തുന്ന ഈ 'ഒറ്റ' നിമിഷത്തിനായി
കൈകൾ കോർക്കുന്ന ഈ നിമിഷത്തിനായി
ഇനിയൊരിക്കലും പിരിയില്ലായെന്ന ഈ
ഒരൊറ്റ സത്യത്തിനായി…
കാത്തുകാത്തെത്ര കാലം കടന്നതെന്നറിയില്ല
എത്ര നരകൾ ബാധിച്ചതെന്നറിയില്ല
എത്ര നിറം മങ്ങിയതെന്നറിയില്ല , ഓർമ്മകൾക്ക്
അറിയുന്നതിത്രമാത്രം!
നീയില്ലാതെ ഞാനില്ലായെന്നു മാത്രം!
വേർപിരിക്കാൻ മാത്രമറിയുള്ള മരണമേ..
നിന്നെ നമ്മൾ തോൽപ്പിച്ചിരിക്കുന്നു.
നിന്റെ വിധിയെ നാം മാറ്റികുറിച്ചിരിക്കുന്നു.
ഇനി നീയാണ് സാക്ഷി
ഈ ഒന്നിച്ചയാത്രയിൽ നീയാണ് സാക്ഷി!!!