അവൾ അന്ന്
കൗമാരം അവൾക്കു നൽകിയതു അച്ചടക്കവും നിശബ്ദകളും മാത്രം...കൂടെ കരിഞ്ഞവൾ എന്ന വിളിയും.... ഞങ്ങൾക്ക് വായ്നോക്കി രസിക്കാൻ ഒരുപാടു സുന്ദരികളും ന്യുജെൻസ്റ്റാറുകളും ഉള്ളപ്പോൾ അതിനിടയിൽ വായ്നോട്ടത്തിന്റ രസം കളയാൻ ഓരോന്നു വന്നോളും, ഓരോ കരിഞ്ഞവളുമാർ.....
വല്ലാണ്ട് കറുത്ത ഇത്തരം പെൺകുട്ടികൾ, പ്രത്യേകിച്ച് ഈ ഫാഷനൊന്നും തൊട്ടുതീണ്ടാത്തവർ,വായ്നോക്കികളുടെ രസം കളയുമെനാണവരുടെ പരാതി.... കറുത്തു കരിഭൂതം പോലെ ഇരിക്കുന്ന ഇവളെയൊക്ക കാണുന്നതെ, കലിയായിരുന്നു.......
കോളേജ്
ചരിത്രമുറങ്ങുന്ന മതിൽക്കെട്ടുകൾ, അവകാശസമരങ്ങൾ അലയടിച്ച മണൽത്തരികൾ,പ്രണയിനികൾക്കു അഭയം നല്കിയ തണൽ മരങ്ങൾ, കൗമാരം യൗവ്വനത്തിനു വഴിമാറിയ സ്വപ്നങ്ങൾ.....
അന്ന് കോളേജിൽ ചങ്ക് ബ്രോസ് കുറച്ചു പേർ ഉണ്ടായിരുന്നു, പിന്നെ കാണാൻ കൊള്ളാവുന്ന ചില പെൺകുട്ടികളോട് സൗഹൃദം സൂക്ഷിച്ചിരുന്നു..... അതിലൊരുത്തിയെ പ്രണയിക്കുകയും ചെയ്തിരുന്നു... പിന്നെ ചില ബൈക്ക് ടീംസ് ന്റെ കൂടെ കറങ്ങിയടിക്കാനും നല്ല രസമായിരുന്നു........
സുന്ദരിമാരെ മാത്രം ധ്യാനിച്ചിരിന്നു ക്ളാസ് ശ്രദ്ധിക്കാതെ ഉഴപ്പിനടക്കുന്നവരും ക്ലസ്സിലിരുന്നു ദിവാസ്വാപ്പ്നങ്ങൾ കാണുന്നവരും ധാരാളം,പ്രണയം തന്നെയായിരുന്നു പ്രധാന വികാരം ,പിന്നെ ചില സെലിബ്രറ്റികളോടുള്ള അതിരുകവിഞ്ഞ ആരാധനയും ,ഭാവിയിൽ ഒരു ബൈക്ക് റേസിംഗ് ടീമിന്റെ ക്യാപ്റ്റൻ ആകണമെന്നായിരുന്നു ആഗ്രഹം.ഒടുവിലൊരുനാൾ അലിഞ്ഞലിഞ്ഞില്ലാതായൊരു പകലിന്റെ അത്മനൊമ്പരങളെ സാക്ഷിയാക്കി, ഒരു കാലഘട്ടത്തിന്റെ കഥകളും യൗവ്വനത്തെക്കുറിച്ചുള്ള സങ്കല്പങളും പങ്കുവെച്ചു ഞങ്ങൾ വിടചൊല്ലിയപ്പോൾ, കണ്ടുനിന്ന മദിരാശിമരങ്ങൾ വരെ യാത്രാമൊഴിയേകി വിതുമ്പി .......
ഞാൻ ഇപ്പോൾ
നാട്ടിൽ ചെറിയൊരു ജോലിയുമായി കഴിഞ്ഞു കൂടുന്നു,അതിനിടയ്ക്കാണ് അമ്മയുടെ ഓപ്പറേഷൻ,നല്ലൊരു തുക ആദ്യമേ കെട്ടിവെയ്ക്കണം ,ബാക്കി പിന്നെ വേറെയും തുക വേണം .....ചോദ്യചിന്ഹം പോലെ നീണ്ടു കിടക്കുന്ന കുറേ ചോദ്യങ്ങൾ ......ഞാനും അച്ഛനും അതിന്റെ ഓട്ടത്തിലാണ് ...പലരോടും കടം വാങ്ങിയതും വീട് വിറ്റതും ഒക്കെക്കൂടി കുറച്ചു ആയിട്ടുണ്ട് ,പ്ക്ഷേ ഇനിയും വേണം
വാട്സാപ്പ്
കണ്ട അണ്ടനും അടകോടനും വരെ ഇപ്പോൾ വാട്സാപ്പും ഫേസ്ബുക്കുമുണ്ട് , ഏതൊരു ശരാശരി മലയാളിയെയും പ്പോലെ സ്കൂൾ, കോളേജ് വാട്സാപ്പ് ഗ്രൂപ്പുകളിലൊക്കെ നമ്മളുമുണ്ട് ..പക്ഷെ പ്രേത്യേകിച്ചു ഗുണമൊന്നും ഇല്ല ,ചിലർ ടിക്ക്ടോക് ഇട്ടു വെറുപ്പിക്കലാണ് ,പൂർവവിദ്യാർത്ഥി വാട്സാപ്പ് ഗ്രൂപ്പുകൾ പോലീസിന് തലവേദനയാകാൻ തുടങ്ങിയെന്നു പത്രത്തിൽ വാർത്ത വരെ വന്നു, ആദിവസി പെണ്‍കുട്ടി വിശപ്പ് സഹിക്കാതെ ആത്മഹത്യ ചെയ്ത് സംഭവത്തെക്കാൾ സിനിമാനടിയുടെ അവിഹിതകഥകളുടെ വാർത്തയ്ക്കു കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ചാനലുകളും ഫേസ്ബുക് ഗ്രൂപ്പുകളും ഉള്ള ഈ കാലത്തു കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടല്ലോ .......
'പാലാരിവട്ടം ബഡ്ഡീസിൽ' മോസപ്പനും കൂട്ടരും തകർക്കുന്ന സമയങ്ങളിൽ ഞാനും കൂടാറുണ്ട് , പാലാരിവട്ടത്തെ ഒരു തട്ടുകടയിൽ സ്ഥിരമായി ഭക്ഷണം കഴിക്കാൻ വരുന്നവരുടെ ഗ്രൂപ്പാണിത്, ചെറിയൊരു ഗുണ്ടാനേതാവാണെങ്കിലും മോസപ്പൻ ആള് അടിപോളിയാണ് ... മോസപ്പനും പിള്ളേരും വോയിസ് മെസ്സേജുകളുമായി അരങ്ങുതകർക്കുമ്പോൾ വീണ്ടും ആ തട്ടുകടയുടെ ഒരു സ്പെഷ്യൽ ഫീലിംഗ് ,തട്ടുകട എന്നും മലയാളിക്കു ഒരു പ്രത്യേക വികാരമാണ് ...അത് ആസ്വദിച്ചവർക്കു നന്നായി അറിയാം ,എന്റെ സ്ഥിതിയറിഞ്ഞു മോസപ്പൻ വിളിച്ചിരുന്നു,കാര്യങ്ങളറിഞ്ഞപ്പോൾ അവർ പിരിച്ചെടുത്ത ആയിരം രൂപ അയച്ചു തന്നിരുന്നു ,
കിഷോറിന്റ ഇടപെടൽ മൂലം പഴയ ബാച്ചിന്റെ വാട്സാപ്പ് ഗ്രൂപ്പ് വഴി അമ്മയുടെ ഓപ്പറേഷന്റെ കാര്യമൊക്കെ ഒരുമാതിരി എല്ലാവരും അറിഞ്ഞിട്ടുണ്ട്.....
പക്ഷേ നോ റിസൾട് .... അഞ്ചാറ് കൊല്ലമായില്ലേ അതുകൊണ്ടാകും പിന്നെ എല്ലാരും ഭയങ്കര ബിസിയല്ലേ ........ ചിലർ വാട്സാപ്പിൽ സന്ദേശങ്ങൾ അയച്ചു തന്നു സമാധാനിപ്പിച്ചു...
ഒരാൾ മാത്രം
പക്ഷെ ഒരാൾ മാത്രം സഹായിക്കാൻ വന്നു, രണ്ടു മൂന്നു തവണ ഫോൺ വിളിച്ചു അന്വേഷിച്ചശേഷം അമ്മയെ കാണാൻ വരാമെന്നു പറഞ്ഞു...ഒപ്പം കുറച്ചു പണം തരാമെന്നും പറഞ്ഞു....
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറയുന്നതുപോലെ, അന്ന് ആരും ശ്രദ്ധിക്കാതെ വിട്ടുകളഞ്ഞ സൗഹൃദം.... ശ്രീലക്ഷ്മി... ആ കരിഞ്ഞവൾ.... ഒരു ആവശ്യം വന്നപ്പോൾ സഹായിക്കാൻ വന്നതു അവൾ മാത്രം.. ദൈവമേ അന്ന് ഇതുപോലെ എത്രയോ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോയിട്ടുണ്ട്.......
നമുക്കന്നു സുന്ദരികോതകളെ മാത്രമല്ലേ പിടിക്കു.... സ്വൽപ്പം വിരൂപയായ ഇന്ദിരാമിസ്സിനെയൊക്ക കളിയാക്കി കളിയാക്കി കൊന്നിട്ടുണ്ട്... ഹ്ഹോ
അവൾ ഇന്ന്
ആശുപത്രിയിൽ അമ്മയോടൊപ്പം കുറച്ചധികം സമയം ചിലവഴിച്ച ശേഷം, ഒരു പൊതി ഉണ്ണിയപ്പം അമ്മയ്ക്ക് സമ്മാനിച്ചശേഷം അവൾ എഴുന്നേറ്റു, ഞാൻ തന്നെ ഉണ്ടാക്കിയതാ എന്നുപറഞ്ഞു കൊണ്ട് ഒരെണ്ണം അമ്മയുടെ വായിലേക്ക് സ്നേഹത്തോടെ വെച്ചുകൊടുക്കാനും അവൾ മറന്നില്ല, യാത്ര പറയും മുൻപേ ഒരു പതിനായിരം രൂപ എന്റെ കയ്യിൽ ഏൽപ്പിച്ചു....
ഇടയ്ക്കു പുറത്തേയ്ക്കു നടക്കുമ്പോൾ എന്നോട് പറഞ്ഞിരുന്നു.... ആദ്യം രണ്ടു മൂന്ന് കൊല്ലം സെയിൽസ് ഗേൾ ആയൊക്കെ ജോലി ചെയ്തിരുന്നു.... പിന്നെ അതിനിടയിൽ പി. സ്. സി. കോച്ചിങ്ങിന് പോയി ഒടുവിൽ ഒരു ജോലി കിട്ടി... കഴിഞ്ഞ രണ്ടു കൊല്ലമായി സർക്കാർ ജോലിക്കാരിയാണ്..... അതുകൊണ്ട് പേടിക്കേണ്ട എന്റെ കയ്യിൽ കുറച്ചു പണം ഒക്കെയുണ്ട്.... എന്തെങ്കിലും അത്യാവശ്യം വന്നാൽ പറയണം.......
ഹോ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച സൗഹൃദങ്ങളെ മാപ്പ്..... പ്രതീക്ഷകൾ കൈവിടാതെ, ദിശാസൂചികകൾ നോക്കി മുന്നോട്ടുള്ള വഴി കണ്ടുപിടിക്കാൻ സഹായകമായേക്കാവുന്ന ഒരു വെളിപാട് കൂടി.....
പഴയ കോളേജ്മേറ്റ്സിന്റെ വാട്സ്ആപ് ഗ്രൂപ്പ് ഒന്നെടുത്തു നോക്കി...
ആരോ ഒരു തരികിട ടിക് ടോക് മെസ്സേജ് ഇട്ടിട്ടുണ്ട്.... അതിനു പുച്ഛഭാവത്തിൽ കിഷോറിന്റെ ഒരുഗ്രൻ കമന്റ് "നിന്റെ അച്ഛനാടാ പറയുന്നത്, ഇനി ഇതാവർത്തിക്കരുത് "
ഈ ലോകം
രാവിലത്തെ പത്രവാര്‍ത്തകളില്‍നിന്നു നമ്മളെ തുറിച്ചുനോക്കുന്ന ലോകം,
യുദ്‌ധവും ശീതസമരങ്ങളും വിദ്വേഷവും പീഡനങ്ങളും പട്ടിണിമരണങ്ങളും
നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ഈ ലോകം,സ്നേഹിക്കാന്‍ മറന്നുപോയ
ലോകത്തിനൊരു ഉണര്‍ത്തുപാട്ടായ്,ദേവാംഗനമാരുടെ മൂളിപ്പാട്ടുപ്പോലെ ഒഴുകിവരുന്ന പരിശുദ്‌ധമായ ഈ സ്നേഹം,ആന്നു വിലകൽപ്പിക്കാതെ വിട്ടുകളഞ്ഞ ഈ സ്നേഹം,
ഇതുപോലുള്ള ഒരു സുഹൃത്തിനെയായിരുന്നു ആദ്യമേ കൂട്ടുകൂട്ടേണ്ടതു,ഈ സ്നേഹമായിരുന്നു ആദ്യം തിരിച്ചറിയേണ്ടിയിരുന്നത്.ഇതുപ്പോലുള്ള കുറച്ചുപേർ മാത്രം മതി ഈ ലോകം നന്നാവാൻ .