Skip to main content
Srishti-2022   >>  Short Story - Malayalam   >>  അനന്തരം

Sarath Chandran V.S

KSITIL

അനന്തരം

ആഴിയിലേക്ക് മുങ്ങാൻ വെമ്പി നിൽക്കുന്ന സൂര്യനെയും നോക്കി അയാൾ ഇരുന്നു. പകലിൻ്റെ രോഷം മുഴുവൻ ഉള്ളിൽ പേറുന്നത് കൊണ്ടാണോ എന്നറിയില്ല, സൂര്യൻ അന്ന് പതിവിലും കൂടുതൽ ചുവന്നു പൂക്കുന്നുണ്ടായിരുന്നു. നനഞ്ഞ പൂഴി മണ്ണിൽ കാൽ വിരലുകൾ കൊണ്ട് കോറി വരക്കുമ്പോൾ ഈ ഭൂമിക്ക് നോവുന്ന് ഉണ്ടാകുമോ എന്ന ചിന്ത അയാളുടെ മനസ്സിൽ മിന്നി മറഞ്ഞു.

 

അവള് പറയാറുള്ളത് പോലെ ആയാൾ എന്നും ഒരു ദുർബല ഹൃദയൻ ആയിരുന്നു. അവളുടെ കാതിൽ കിടന്നിരുന്ന ഇത്തിരി പൊന്ന് വിറ്റു കിട്ടിയത് ആയിരുന്നു ആ പണം. അത് ആലോചിച്ചപ്പോൾ അയാൾ വിങ്ങിപ്പോയി. തിരക്ക് കുറഞ്ഞു വരുന്നുണ്ട്. കുറച്ച് കൂടി കഴിയട്ടെ. എന്നിട്ട് ആകാം.  ഈ സൂര്യ രശ്മികൾ ആഴിയിൽ  വിലീനമാകും പോലെ അയാളുടെ ശരീരവും ഇന്ന്  ഇതിൽ ലയിക്കും. ഇനിയും കുറച്ചു നിമിഷങ്ങൾ മാത്രം ബാക്കി. 

 

നഗരം വളരെ അപകടം പിടിച്ചത് ആണ്. ഇവിടെ കാണുന്നവർക്ക് എല്ലാം കഴുകൻ്റെ കണ്ണുകൾ ഉള്ളത് പോലെ. അവരുടെ വശ്യമായ ചിരിക്ക് പുറകിൽ രക്തം കൊതിക്കുന്ന ദംഷ്ട്രകൾ  തെളിയുന്നുമുണ്ട്.

 

ഇടിഞ്ഞു തകർന്ന കുപ്പ തൊട്ടിയിൽ നിന്നും ഉയർന്നു വന്ന രൂപം ഒരു മനുഷ്യൻ്റെത് ആണ് എന്ന് മനസ്സിലാക്കാൻ അയാൾ കുറച്ച് സമയം എടുത്തു.  ഏഴോ എട്ടോ വയസ്സ് തോന്നുന്ന അവൻ്റെ കഴുത്തിലേക്ക് പാറി വീഴുന്ന ചെമ്പൻ തലമുടിയിൽ വിശപ്പിൻ്റെ നീറ്റൽ പറ്റി പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. വീങ്ങിയ പോളകൾക്ക് ഇടയിലൂടെ തെളിയുന്ന കണ്ണുകളിൽ ഒളിഞ്ഞ് ഇരിക്കുന്ന  നിഗൂഢത. തിരമാലകളിൽ ആർത്തു ഉല്ലസിക്കുന്നവരെയും ഉറ്റ് നോക്കി കൊണ്ട് അവൻ മന്ദം മന്ദം കടലിനെ ലക്ഷ്യമാക്കി നടന്നു. പൂഴിയിൽ മാളിക പണിയുന്ന കുട്ടികളിൽ അവൻ്റെ കണ്ണ് ഉടക്കി നിന്നു. അവരുടെ സൃഷ്ടിവൈഭവം പൂർണതയിലേക്ക് അടുക്കുന്നതിൻ്റെ സന്തോഷം ആ കുട്ടികളുടെ മുഖത്ത് പ്രകടം ആയിരുന്നു.

 

ഒന്ന് കൈ ഉയർത്തിയാൽ തൊടാം എന്ന് തോന്നുന്ന ദൂരത്തിൽ മേഖാവൃതമായ ആകാശം പടർന്നു കിടക്കുന്നു.  തൻ്റെ ജീവിതവും ഇത് പോലെ കറുത്ത് ഇരുണ്ടത് ആണെന്ന് അയാൾക്ക് തോന്നി. കാറ്റിനോട് മത്സരിച്ച് കുതിച്ചു പൊങ്ങുന്ന തിരമാലകൾ കരയിലേക്ക് എത്തുമ്പോൾ ശാന്തമാകൂന്നു. നമ്ര ശിരസ്കരായി കരയുടെ പാദങ്ങളെ തഴുകി തലോടി കൊണ്ട് അവ തിരിച്ചു പോകുന്നു. തിരകളും അഭിനയിക്കുന്നുണ്ട് എന്ന് അയാൾ പിറുപിറുത്തു. 

 

ഈർപ്പമില്ലാത്ത മണൽതിട്ടയിൽ തല ചായ്ച്ചു അയാൾ കിടന്നു. ഓർമ്മകൾ  ശലഭങ്ങളായി  പറന്നു  വന്ന്  അയാളിൽ വർണ്ണങ്ങൾ വിതറി. ആ വർണ്ണങ്ങളിൽ അയാൾ അമ്മയുടെ കൈ  ഉരുളയുടെ മാധുര്യം അറിഞ്ഞു. പൊക്കാളി പാടത്തു നിന്നും വീശി അടിക്കുന്ന കാറ്റിന്റെ കുളിരറിഞ്ഞു. ആളൊഴിഞ്ഞ നാട്ടു വഴികളിൽ കൈമാറിയ പ്രണയത്തിന്റെ ചൂര് അറിഞ്ഞു.

 

പെട്ടെന്ന് കുട്ടികളുടെ കരച്ചിൽ അയാളെ ചിന്തയിൽ നിന്ന് ഉണർത്തി. പൂർണ്ണതയിലേക്ക് അടുത്തിരുന്ന അവരുടെ കൊട്ടാരം തകർന്നിരിക്കുന്നു. കണ്ണുകളിൽ ഒളിപ്പിച്ച നിഗൂഢത തൻ്റെ ചുണ്ടുകളിലേക്കും പകർന്ന് തെരുവിൻ്റെ പുത്രൻ ഉറച്ച കാലടികളോടെ നടന്ന് അകലുന്നു. 

 

ദേഹത്ത് പറ്റിയിരുന്ന മണ്ണ് തട്ടി കളഞ്ഞ ശേഷം അയാൾ എഴുന്നേറ്റു. എന്തോ കണ്ടെത്തിയ ആത്മ വിശ്വാസത്തോടെ ആകാശത്തേക്ക് നോക്കി. ആകാശം തെളിഞ്ഞിരുന്നു. കറുത്ത മേഘ പാളികൾ ഇല്ല. അയാൾ ഒന്ന് ചിരിച്ചു. വന്യമായ ചിരി. പുതുതായി മുളച്ച ദംഷ്ട്രകളിൽ ചോരയുടെ നിഴൽപ്പാടുകൾ. പുറകിൽ ആർത്തു ഇരമ്പുന്ന ജനസമുദ്രത്തെ ലക്ഷ്യമാക്കി അയാൾ നടന്ന് അകന്നു.

 

സിംഹ രൂപം പൂണ്ട മാരിക്കാർ കൂട്ടങ്ങൾ തെളിഞ്ഞ ആകാശം ലക്ഷ്യമാക്കി കുതിക്കുന്നത് അയാൾ കണ്ടതേ ഇല്ല....

Subscribe to KSITIL