സാറേ ഞാനല്ല എന്ന് പിന്നേം പറയണമെന്നുണ്ടേലും ഔസേപ്പ് മിണ്ടീല്ല. വെറുതെ എന്നാത്തിനാ ഇനീം അടി മേടിക്കണേന്നേ.
ഇത്രേം നേരം കേട്ടോണ്ടിരുന്ന പുളിച്ച തെറീം, പോലീസ് ജീപ്പിൻറെ മനം മറിക്കണ ഒടുക്കത്തെ പാച്ചിലും, അപ്പുറത്തും ഇപ്പുറത്തും ഒട്ടി ഇരിക്കണ പോലീസുകാരുടെ അവിഞ്ഞ വിയർപ്പ് മണോം ഒന്നിച്ചു കേറി ഔസേപ്പിന് നല്ലോണം ഒന്ന് ഓക്കാനിക്കാൻ വന്നു. കേറി വന്ന ഓക്കാനത്തിനെ കൈ കൊണ്ട് വായ പൊത്തി ഔസേപ്പ് ഓടിച്ചു അകത്തോട്ടു തന്നെ പറഞ്ഞു വിട്ടു.
“കേരളത്തെ ഇളക്കി മറിച്ച മീനടം ടോണി വധക്കേസ് നിർണായക വഴിത്തിരിവിലേക്കോ? കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച ചില രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ശ്രീ മീനടം ടോമിയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഏറ്റുമാനൂർ സ്വദേശിയായ താഴമ്പത്താൽ ഔസേപ്പിനെ ഇന്ന് ഉച്ചയ്ക്ക് പോലീസ് അറസ്റ്റ് ചെയ്‌തു. കേരളത്തിൻറെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ശ്രീ മീനടം ടോമിയുടെ കൊലപാതകം ഏവരെയും ഞെട്ടിച്ച ഒന്നായിരുന്നു. ഇവിടെ കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്തു മീഡിയയും പൊതുജനങ്ങളും കൂട്ടം കൂടിയിരിക്കുകയാണ്. പ്രതിയെന്നു സംശയിക്കപ്പെടുന്ന ഔസേപ്പിനെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യാനാണ് ഇന്നിവിടെക്കു കൊണ്ട് വരുന്നത്. നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. മറ്റു വിശദശാംശങ്ങൾ എത്രയും വേഗം അറിയാൻ കഴിയും എന്ന് കരുതുന്നു. ഇനി ഏതു നിമിഷവും പോലീസ് സംഘം ഇവിടെ എത്തിച്ചേരാം. മലയാളി വിഷന് വേണ്ടി തത്സമയ വിവരങ്ങളുമായി ക്യാമറാമാൻ രാജേഷിനൊപ്പം ചന്ദ്രകുമാർ…”
ചന്ദ്രൻ പറഞ്ഞു നിർത്തിയതും ക്യാമെറയിൽ നിന്ന് കയ്യെടുത്ത് രാജേഷ് അടുത്ത സിഗരറ്റ് പോക്കറ്റിൽ നിന്ന് എടുത്തു. അപ്പോഴാണ് ജീപ്പിൻറെ ശബ്‌ദം പിന്നിൽ നിന്ന് കേട്ടത്.
താനൊരു വല്യ പുള്ളിയാണെന്ന് ഔസേപ്പിന് തോന്നി. ഘടാഘടിയന്മാരായ മൂന്നാലു പോലീസുകാര് ചുറ്റിനും. ആറടിക്കു മേലെ പൊക്കത്തിൽ ചുറ്റും മതില് കെട്ടിയ കണക്കു നിന്ന അവന്മാരുടെ നടുക്ക് ഔസേപ്പിന്റെ അഞ്ചടി നാലിഞ്ചിൻറെ മെലിഞ്ഞ ശരീരം വെറും അശുവായിരുന്നു. എന്നാലും ഇത്രേം ആൾക്കൂട്ടം കണ്ടപ്പോ ഔസേപ്പ് ഒന്ന് കിടുങ്ങി. പിന്നങ്ങോട്ട് എന്നാ നടന്നേ എന്ന് ഔസേപ്പിന് ഒരു ഓർമയുമില്ല. ഘടാഘടിയന്മാര് പട്ടിക്കുഞ്ഞിനെ തൂക്കിയെടുക്കണ കണക്ക് അങ്ങേരെ പൊക്കി അകത്തു ഒരു മുറീക്കേറ്റി. ഇടയ്ക്കു ആരാണ്ടൊക്കെ ഞോണ്ടുവോ തട്ടുവോ തെറി വിളിക്കുവോ ഒക്കെ ചെയ്‌തു. കൊറേ മുദ്രാവാക്യം വിളീം ഇതിൻറെ എടേല് കേട്ടു. മൊത്തത്തിൽ ഔസേപ്പ് ആ മുറിക്കകത്തു കേറുമ്പഴേക്ക് കിളി പോയ അവസ്ഥേലായിരുന്നു.
"വിജയൻ സാറേ...വിജയൻ സാറേ." സനീഷിൻറെ വിളി കേട്ട് വിജയന് ചൊറിഞ്ഞു വന്നു.
"എന്നാടാ കോപ്പേ.." വിജയൻ മുരണ്ടു.
"സാറേ, വല്യ പുള്ളിയെയാ കൊണ്ട് വന്നേക്കണേ അല്ലെ?"
വിജയൻ ചുമ്മാ ഒന്നിരുത്തി മൂളി.
"എന്നാലും അയാളെ കണ്ടാ അങ്ങിനെ ഒന്നും തോന്നൂല്ലല്ലോ." സനീഷിനു സംശയം തീരണില്ല.
"നീ മിണ്ടാണ്ട് നിക്കാൻ നോക്ക്. വല്യ സാറുമ്മാരു വരാറായി. ചവിട്ടി പിടിച്ചു നിന്നോ. കൊറേ സല്യൂട്ട് വേണ്ടി വരും.”
പറഞ്ഞു തീർന്നില്ല. ബൂട്ടിന്റെ ചടപടാ ശബ്‌ദങ്ങളും അതിൻറെ പുറത്തു കേറി കുറെ ഏമാന്മാരും ഇടനാഴീക്കൂടി പാഞ്ഞു വന്നു. എസ് പി ഏമാൻ, സർക്കിളദ്ദേഹം, പിന്നെ കണ്ടു പരിചയമില്ലാത്ത വേറെ കുറെ ഏമാന്മാരും കൂടി മുറിക്കകത്തോട്ടു കേറിയതും സനീഷ് പിന്നേം ചൊറിയാൻ തൊടങ്ങി.
"വിജയൻ സാറേ.. ശെരിക്കും അയാളാണോ മറ്റവനെ കാച്ചിയത്?"
"ആർക്കറിയാം. ഈ ചത്തവൻ ഏതാ മുതലെന്നറിയാവോ? ഇല്ലാത്ത കയ്യിലിരിപ്പൊന്നുമില്ലാരുന്നു.”
“അതാ സാറേ ഞാൻ ചോദിച്ചേ, ഈ ടോമിയൊക്കെ ഇയാള് കൂട്ടിയാ കൂടുവോ?” അകത്തേക്ക് കൈ കാണിച്ചോണ്ട് സനീഷ് ചോദിച്ചു.
“എടാ അത് ചോദിക്കാനല്ലേ അകത്തോട്ടു എല്ലാം കൂടെ കേറിയേക്കണേ. നീ മിണ്ടാണ്ട് നിന്നേ.”
വിജയൻ സാർ ശ്വാസം പിടിച്ചു കുടവയർ ഉള്ളിലേക്കാക്കി പാറാവിന് ഇത്തിരി കടുപ്പം കൂട്ടി.
കിളി പോയിരുന്ന ഔസേപ്പിന് കാതടച്ചു ഒരു പൊട്ടീരും കൂടെ കിട്ടിയപ്പോ പൂർത്തിയായി. കണ്ണിൻറെ മുന്നീക്കൂടെ പൊന്നീച്ച പറക്കുന്ന കണ്ടങ്ങിനെ ഇരിക്കുമ്പോ അങ്ങ് ദൂരേന്നു സൈറൺ കൂവുന്ന പോലെ ഒരു തെറി കേട്ടു. തലയൊന്നു കുലുക്കി നേരെ നോക്കിയപ്പോ എസ് പി ഏമാൻ ഇരിക്കുന്നു മുമ്പിൽ.
"എഡോ നാനാ ചെയ്തേ എന്ന് താനാ സമ്മതിച്ചു. വെർതെ ഏന്തിനാ പർശനം ഉണ്ടക്കണേ."
കൊച്ചു പിള്ളേര് കൊഞ്ചുന്ന പോലെ അങ്ങേരുടെ പെറുക്കി പെറുക്കിയുള്ള മലയാളം കേട്ടിട്ട് ഔസേപ്പിന് ചിരി വന്നു.
ആ ചിരി മുഴുവൻ നിക്കുന്നേനു മുന്നേ സാറേ ഞാനല്ല എന്ന് പറഞ്ഞു കഴിഞ്ഞതും വേണ്ടാരുന്നു എന്ന് ഔസേപ്പിന് തോന്നി. അടുത്ത് നിന്ന ഘടാഘടിയൻറെ അടുത്ത വീശിനു ഔസേപ്പ് കസേരയുടെ മോളീന്ന് താഴെ വീണു.
“പട്ടാപ്പകൽ തൻറെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്ന നിലയിൽ ടോമിയെ കണ്ടത് അടുത്ത സുഹൃത്തും സാമൂഹികപ്രവർത്തകയുമായ ലിസി കുഞ്ഞുമോനാണ്. നെഞ്ചിൽ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണ് മരണകാരണമായി പോസ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. സി സി ടി വി ദൃശ്യങ്ങളിൽ നിന്നും പൊലീസിന് നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം.” ചന്ദ്രൻ പറഞ്ഞു നിർത്തി കാമറ കട്ട് ചെയ്‌തു എന്ന് ഉറപ്പാക്കിയിട്ടു ശ്വാസം വിട്ടു.
"എടാ ഇത് തന്നെയല്ലെ തിരിച്ചും മറിച്ചും രാവിലെ മുതലേ പറയണേ? കേട്ട് കേട്ട് എനിക്ക് മടുത്തു." രാജേഷ് തല ചൊറിഞ്ഞു കോട്ടുവായിട്ടു.
"എൻറെ ചേട്ടാ ഈ മീനടം ടോമിയുടെ കദന കഥ, നേതാക്കന്മാരുടെ ഞെട്ടൽ രേഖപ്പെടുത്തൽ, ഭാര്യയുടെ കരച്ചിൽ, പോലീസിന്റെ അനാസ്ഥ ഇതൊക്കെ നമ്മൾ കൊടുത്തു കഴിഞ്ഞു. പിന്നെ അയാളെക്കുറിച്ചു ഉള്ളതൊക്കെ ഇപ്പൊ വിളിച്ചു പറയാൻ പറ്റൂല്ലേന്നേ. ആള് വല്യ പുള്ളിയാരുന്നു. എല്ലാ പാർട്ടികൾക്കും ഒരു പോലെ വേണ്ടപ്പെട്ടവൻ. അത് കൊണ്ട് കൈ വിട്ടൊന്നും പറയാൻ പറ്റൂല്ല." ചന്ദ്രൻ തൻറെ നിസ്സഹായതയെ എടുത്തു വലിച്ചു പുറത്തേക്കിട്ടു.
"എന്നാ പിന്നെ ആ ഔസേപ്പിന്റെ കഥ മാന്തിയെടുക്ക്. അയാളെ ആർക്കും വേണ്ടല്ലോ."
"അതല്ലേ പ്രശ്‌നം. അയാള് ഒരു മണകൊണാഞ്ചൻ. ഇത് വരെ കേസൊന്നുമില്ല പേരിൽ. ഒരു തല്ലു കേസ് പോലുമില്ല. ആള് ടോമിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു. ഭാര്യ മരിച്ചു. പിള്ളേരൊന്നുമില്ല. അങ്ങേരു ഒരു ഒറ്റത്തടിയാ. പെട്ടാൽ ആർക്കു ചേതം. ഇച്ചിരി മസാല കേറ്റാനുള്ള സ്കോപ്പില്ലെന്നേ."
“അപ്പൊ അത് വച്ച് പിടിച്ചാലോ? നീതി നിഷേധം, ഇര, അന്യായം ആ ഒരു ലൈൻ?”
“നിക്ക് സമയമായിട്ടില്ല. കാര്യങ്ങൾ പോണ പോക്ക് നോക്കട്ടെ. അയാളുടെ ചരിത്രം മാന്താൻ നമ്മടെ റെജി എറങ്ങീട്ടൊണ്ട്. പിന്നെ കേരളാ ടൈംസും, വാർത്താകേരളവും ആ ലൈൻ തന്നെയാ പിടിക്കണേ എന്ന് കേട്ടു. റെജി ആയ കൊണ്ട് വേറെ ആര് പൊക്കുന്നതിനു മുന്നേ അങ്ങേരുടെ ചരിത്രോം ഭൂമിശാസ്ത്രോം എല്ലാം നമ്മള് പൊക്കും. റെജിയുടെ ബോംബ് കിട്ടുന്നു നമ്മൾ നേരെ പൊട്ടിക്കുന്നു. അത് വരെ ഇപ്പൊ പൊട്ടും ദേ പൊട്ടാൻ പോണൂ."
“എടോ അവനെന്തേലും കഴിക്കാൻ മേടിച്ചു കൊടുത്തേക്ക്.” പോണ പോക്കിന് ഒരു ഓർഡർ സർക്കിളദ്ദേഹം വിജയന് നേരെ എറിഞ്ഞു. എല്ലാരും ഇറങ്ങി പോണ പോക്കിന് എസ് പി ഏമാൻറെ ഫോൺ അടിച്ചു. അങ്ങേരു ഫോണും എടുത്തു യെസ് സർ പറഞ്ഞോണ്ട് സ്പീഡ് കൂട്ടി നടന്നു.
"മന്ത്രിയായിരിക്കും. എന്താ അല്ലെ?" സനീഷ് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചോണ്ടു പറഞ്ഞു.
"നീ ഇങ്ങു വന്നേ." വിജയൻ സനീഷിനേം വിളിച്ചു അകത്തേക്ക് കേറി.
മുറിയുടെ മൂലയ്ക്ക് മലന്ന് കണ്ണും തുറിച്ചു കിടന്ന ഔസേപ്പിൻറെ നോട്ടം വിജയൻ സാറിൻറെ കപ്പടാ മീശേൽ ചെന്ന് നിന്നു.
"കർത്താവേ" എന്ന് വിളിച്ചോണ്ട് ഔസേപ്പ് ഞരങ്ങി.
സനീഷ് വേഗം മുമ്പോട്ടു ചെന്ന് പതുക്കെ ഔസേപ്പിനെ പിടിച്ചെണീപ്പിച്ചു മൂലയിൽ ചാരിയിരുത്തി. മേശപ്പുറത്തിരുന്ന വെള്ളത്തിൻറെ കുപ്പി എടുത്തു കൈയിലേക്ക് കൊടുത്തു. ഇതൊക്കെ കണ്ടിട്ടും അനങ്ങാതെ നിക്കണ വിജയൻ സാറിൻറെ നേരെ നോക്കി ഒതുക്കത്തിൽ ഒരു പുച്ഛം എറിയാനും സനീഷ് മടിച്ചില്ല.
“നീയേ വേഗം പോയി ആ തങ്കച്ചൻറെ കടേന്ന് കഴിക്കാൻ എന്നേലും മേടിച്ചോണ്ടു വന്നേ, വേഗം. സാറുമ്മാരു വരുന്നേനു മുന്നേ വേണം. ഞാൻ ഇവിടെ നിക്കാം.” വിജയൻ സാർ മുരണ്ടു.
താനെന്തൊരു മനുഷ്യനാടോ എന്ന ഭാവത്തിൽ വിജയൻ സാറിനെ നോക്കി നിന്ന സനീഷിനെ നോക്കി സാറിൻറെ മീശേം സാറും കണ്ണുരുട്ടി. പിറുപിറുത്തു കൊണ്ട് സനീഷ് വേഗം സ്റ്റാൻഡ് വിട്ടു.
പതുക്കെ വാതിലടച്ചിട്ട് വിജയൻ ഔസേപ്പിന്റെ അടുത്തേക്ക് ചെന്നു.
"ഔസേപ്പേട്ടാ."
ഔസേപ്പേട്ടൻറെ കണ്ണീന്ന് രണ്ടു ചാല് കണ്ണീര് തിടുക്കത്തിൽ ഒട്ടിയ കവിൾ വഴി താഴേക്കു പോന്നു നരച്ച താടിയിൽ കേറി കെട്ടിപ്പിടിച്ചു സംശയിച്ചങ്ങനെ കിടന്നു.
“വി..വിജയാ....” ഔസേപ്പ് ഞരങ്ങി.
“All we have is till tomorrow morning. Come on, get to work. I need results. Get going.” എസ് പി ഏമാന്റെ ആംഗലേയ ഭീഷണി രണ്ടു കയ്യും നീട്ടി മേടിച്ചു ആസനത്തിൽ തീ കത്തിയ ഭാവത്തിൽ ബാക്കി ഏമാന്മാര് മുറീന്ന് പുറത്തേക്കു ചാടി.
ചോദ്യം ചെയ്യൽ കലാപരിപാടി തുടരാൻ നാല് ഘടാഘടിയന്മാർ ഔസേപ്പിനെ ലക്ഷ്യമാക്കി പാഞ്ഞു. ഘടന്മാർ അകത്തേക്ക് കേറിയ ഊക്കിൽ വിജയൻ പുറത്തേക്ക് തെറിച്ചു. സമയം കളയാതെ ഘടന്മാർ ഔസേപ്പിൻറെ ഇടുങ്ങിയ നെഞ്ചത്തു അടുത്ത റൌണ്ട് വെടിക്കെട്ട് തുടങ്ങി.
ഔസേപ്പിന്റെ കർത്താവേ വിളി മുറീടെ പുറത്തിറങ്ങി അവിടേം ഇവിടേം വട്ടം കറങ്ങി കർത്താവിനെ കാണാതെ അന്തിച്ചു നിന്നു. കാര്യം കർത്താവാണേലും മുന്നും പിന്നും നോക്കാതെങ്ങിനാ പോലീസുകാരുടെ മുന്നിച്ചെന്നു കേറിക്കൊടുക്കണേ? പഴേ കാലം വല്ലോമാണോ. ഗതികെട്ട് ഒടുക്കം ആ വിളി പുറത്തു നിന്ന വിജയൻ സാറിൻറെ ചങ്കത്ത് കേറി ഒന്ന് കൊളുത്തി വലിച്ചേച്ചും റസ്റ്റ് ഇൻ പീസായി.
“ഈ ടോമിക്ക് കൊറേ എടപാടൊണ്ടാരുന്നെന്നെ. പല വല്യ ടീമിൻറേം ബിനാമി ആയിരുന്നു ഇവൻ. ഹ അല്ലേ പിന്നെങ്ങനാ നാല് ചക്രത്തിന് വെട്ടാനും കുത്താനും നടന്നവൻ ഇരുട്ടി വെളുത്തപ്പം വല്യ പാർട്ടിയാകണേ? ഇതവമ്മാർക്ക് ആവശ്യം തീർന്നപ്പോ അങ്ങ് തീർത്തതാ. എന്നിട്ടു കയ്യീ കിട്ടിയവനെ പ്രതിയാക്കുവല്ലേ.”
പൊറോട്ടേം കറീം പൊതിയുന്നതിന്റെ എടേല് ആ കറിയെക്കാളും എരിവുള്ള ന്യൂസിട്ടു തങ്കച്ചൻ ഒന്ന് കൊഴച്ചു. കടേൽ ഇരുന്ന സ്ഥിരം ചായകുടിക്കാര് വായും പൊളിച്ച് ആ വർത്തമാനം ചൂടോടെ വിഴുങ്ങി.
പൊലീസുകാരെ താങ്ങുന്ന വർത്തമാനമാണേലും താൻ മനസ്സിൽ കണ്ടത് തങ്കച്ചൻ മാനത്തു ഫ്ളക്സ് അടിച്ചു തൂക്കണ കണ്ട് എന്നാ പറയണമെന്നറിയാൻ മേലാണ്ടു സനീഷ് നിന്ന് പരുങ്ങി.
“നോക്കിക്കോ ഇന്ന് ഇരുട്ടി വെളുക്കുമ്പോ ആ പാവത്തിനെ കൊണ്ട് കുറ്റം സമ്മതിപ്പിക്കും. എന്നിട്ട് തെളിവെടുപ്പായി, വിചാരണയായി, അമ്മേടെ പതിനാറായി...പാവം അയാടെ കാര്യം പോക്കായി." തങ്കച്ചൻ സനീഷ് നിക്കെത്തന്നെ അങ്ങ് കത്തിക്കേറി. അല്ലേലും തങ്കച്ചനെത്ര പോലീസിനെ കണ്ടതാ. ഇന്നലെ വന്ന മീശ കുരുക്കാത്ത ഈ ചെക്കനൊന്നും തങ്കച്ചന് തണ്ടിയല്ല.
"മതി മതി..." എന്ന് ആരും കേക്കാതെ പിറുപിറുത്തു സനീഷ് പൊറോട്ടപ്പൊതീം കൈയിൽ പിടിച്ചു വേഗം സ്ഥലം വിട്ടു.
നേരം പാതിരായായിട്ടും ഒരു സ്‌കൂപ്പ് കിട്ടാതെ റെജി നെട്ടോട്ടം ഓടുന്നതിന്റെ എടേൽ മൂന്നാലു വട്ടം ഫോൺ അടിച്ചു. സഹി കേട്ടപ്പോ ബൈക്ക് ഒതുക്കി റെജി ഫോൺ എടുത്തു ഒരു ഹലോ എറിഞ്ഞു.
"റെജീ, വിജയനാ." അപ്പുറത്തൂന്ന് വിജയൻ സാറിന്റെ തൊണ്ട മുക്രയിട്ടു.
"സാറേ, പറ, നമക്ക് പറ്റിയ സ്പെഷ്യൽ വല്ലോമുണ്ടോ?" റെജി ത്രില്ലടിച്ചു.
"പറ്റിയ ഒരു സാധനം ഉണ്ട്, നീ ഞാൻ പറയണ പോലെ വീശണം, പറ്റുവോ?"
"ഏറ്റു സാറേ, എവിടെ എപ്പോ എന്ന് മാത്രം പറഞ്ഞാ മതി. ബാക്കി ഞാനേറ്റു."
“മീനടം ടോമി വധക്കേസിൽ പുത്തൻ വഴിത്തിരിവ്. പ്രതിയെന്നു സംശയിക്കപ്പെടുന്ന താഴംപത്താൽ ഔസേപ്പിൻറെ മുൻകാല ചരിത്രം വിരൽ ചൂണ്ടുന്നത് രാഷ്ട്രീയ കൊലപാതകത്തിന്റെ സാധ്യതകളിലേക്കോ? പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പല പരിപാടികളിലും താഴംപത്താൽ ഔസേപ്പിന്റെ സാന്നിധ്യത്തിന് തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. ഇതോടൊപ്പം ചില നേതാക്കന്മാരുടെ കൂടെയുള്ള ചിത്രങ്ങളും മലയാളി വിഷന് കിട്ടിയിട്ടുണ്ട്. ഇത് ഒരു മലയാളി വിഷൻ എക്സ്ക്ലൂസീവ്. ക്യാമറാമാൻ രാജേഷിനൊപ്പം ജില്ലാ പോലീസ് ആസ്ഥാനത്തു നിന്ന് ചന്ദ്രകുമാർ.”
പാതിരായ്ക്ക് റെജി വഴി ചന്ദ്രൻറെ കൈയിൽ എത്തിയ സ്‌കൂപ്പ് ഉറക്കം തൂങ്ങി ഇരുന്ന ബാക്കി ചാനലുകാരെയും ചവിട്ടി ഉണർത്തി. ഒന്ന് തണുത്തു വന്ന മീനടം ടോമി കേസ് പിന്നേം കേറി വെട്ടി തിളച്ചു.
അകത്തു ഔസേപ്പ് ടോമിയെ കൊന്ന കുറ്റം രണ്ടു കയ്യും നീട്ടി സ്വന്തം നെഞ്ചത്തേക്ക് കെട്ടി വച്ച് ഘടന്മാരോട് കുമ്പസാരിച്ചു. വേണേൽ കർത്താവിനെ കുരിശിൽ കേറ്റിയ കുറ്റം വരെ സമ്മതിക്കാമേ എന്നും പറഞ്ഞു രണ്ടും കയ്യും നീട്ടി തൊഴുതു ഔസേപ്പ് മലന്നു കിടന്നു.
ഏപ്പിച്ച പണി മെനയ്ക്കു ചെയ്‌തതിന്റെ അഭിമാനോം ഉരുട്ടിക്കേറ്റി ഘടാഘടിയന്മാർ നേരെ എസ് പി ഏമാനെ കാണാൻ പുറപ്പെട്ടു.
വല്യ ഏമാന്മാരും അവരുടെ തോളത്തെ നക്ഷത്രങ്ങളും കൂടി ഇടിച്ചു കുത്തി മുറിക്കകത്തു കൂടി നിന്നു. അകത്തേക്ക് തല നീട്ടിയ ഘടന്മാരോട് തൽക്കാലം പുറത്തു നിക്കാൻ സർക്കിളദ്ദേഹം ആംഗ്യം കാണിച്ചു.
“The higher-ups don’t want this to be a political circus. High stakes are involved. And the bloody media somehow is making this into a shit-fest. Too dangerous a path to pursue.” എസ് പി ആംഗലേയത്തിൽ കുറെ ഒക്കെ ഏമാന്മാരോടും ബാക്കി തന്നോട് തന്നെയും എന്ന പോലെ പിറുപിറുത്തു.
“വിജയൻ സാറേ, സാറേ…” സനീഷ് പിന്നേം ചൊറിഞ്ഞു തുടങ്ങി.
“എന്നാടാ.”
“ഇങ്ങേരു രക്ഷപെടാൻ എന്നേലും വഴിയൊണ്ടോ?”
“കർത്താവ് കനിയണം മോനെ, അല്ലാതെ വേറെ ഒരു വഴീമില്ല”
എന്നാ പറ്റിയതാന്നു ചോദിച്ചാൽ ഔസേപ്പിന് ഒരു പിടീമില്ല.
"കണ്ണും കൈയുമൊന്നും പറഞ്ഞാ കേക്കാത്ത പ്രായമായി സാറേ, ഇനി വളയം പിടിക്കണത് ശെരിയാവൂല്ല" എന്നു പറഞ്ഞപ്പോ ടോമിസാറ് മനസറിഞ്ഞു തന്ന കൊറേ കാശും മേടിച്ച് വീട്ടി വന്നു കെടന്നൊറങ്ങിയതാ. കണ്ണ് തൊറപ്പിച്ചത് കൊറേ പോലീസുകാരാ. സാറിനേതാണ്ട് പറ്റിയെന്നും അത് ചെയ്‌തെന്ന് വേഗം സമ്മതിക്കാനും പറഞ്ഞു തെറീം ഇടീം തൊഴീം കുരിശേക്കേറ്റോം കഴിഞ്ഞു മൂന്നാം ദെവസം കൊണ്ട് പോയ പോലെ ആഘോഷമായിട്ടല്ലേലും വിജയൻ സാർ തിരിച്ച് ജീപ്പെ കേറ്റി വീടിൻറെ അടുത്ത് കൊണ്ടിറക്കി.
ഇതൊക്കെ എന്നാരുന്നു എന്ന് ചോദിച്ചപ്പോ വിജയൻ സാർ ഒന്നേ പറഞ്ഞൊള്ളൂ.
"എല്ലാം കർത്താവിനറിയാം."
വീട്ടിലോട്ടു പോണ ഇടവഴീടെ അപ്പുറത്തൊള്ള കവലേൽ ഇറക്കി വിട്ടേച്ച് സാർ അങ്ങ് പോയി. സാർ എന്നൊക്കെ വിളിക്കുവേലും വിജയൻ അനിയനെപ്പോലാ ഔസേപ്പിന്. പഠിപ്പിന് പോകാതെ അലഞ്ഞു തിരിഞ്ഞു നടന്നവനെ വളയം പിടിപ്പിക്കാൻ പഠിപ്പിച്ച് ഒരു ജീവിത മാർഗം ഉണ്ടാക്കി തന്ന വർക്കിയാശാന്റെ മോൻ കപ്പടാ മീശയൊക്കെ വച്ച് പോലീസായേലും ചിരിക്കുമ്പ ആ കണ്ണില് ഇപ്പഴും കാണാം വർക്കിയാശാന്റെ നല്ല മനസിന്റെ തെളക്കം.
പോണ വഴി കുരിശു പള്ളീടെ മുമ്പി നിന്ന് ഒന്ന് പ്രാർത്ഥിച്ചപ്പോ ഔസേപ്പിന് ഒരു കുളിരു തോന്നി. കണ്ണ് തുറന്നു നോക്കിയപ്പോ കുരിശേ കെടക്കണ കർത്താവിൻറെ മീശയ്ക്കു രണ്ടറ്റത്തും മേലോട്ട് ഒരു വളവുണ്ടോ? ശെടാ കപ്പടാ മീശ വച്ച കർത്താവോ. ഒന്ന് പോയെടാവേ, തനിക്കു വട്ടായെന്നു ഔസേപ്പിന് തോന്നി. ഒരു ചിരീം ചിരിച്ച് ഔസേപ്പ് ഇടവഴി കേറിയതും ചാനൽ ക്യാമെറയിൽ നോക്കി ചന്ദ്രൻ അലറാൻ തൊടങ്ങിയതും ഒന്നിച്ചായിരുന്നു.
"മീനടം ടോമി വധക്കേസിൽ അടുത്ത വഴിത്തിരിവ്. രാഷ്ട്രീയ കൊലപാതകം എന്ന സാധ്യത പോലീസ് തള്ളിക്കളഞ്ഞിരിക്കുന്നു. മോഷണശ്രമത്തിനിടയിൽ ഉണ്ടായ കൊലപാതകം എന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട് സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്‌തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള തിരുട്ടു സംഘത്തിൽ പെട്ടവർ എന്ന് സംശയിക്കുന്ന ഇവർ പകൽ തേപ്പു തൊഴിലാളികളായി അഭിനയിച്ചു രാത്രി മോഷണം നടത്തുന്ന രീതിയാണ് പിന്തുടരുന്നത്. കൂടുതൽ വിശദാംശങ്ങൾ ഉടനെ തന്നെ അറിയാൻ കഴിയും എന്നാണ് പ്രതീക്ഷ.”
"സാറേ...വിജയൻ സാറേ." സനീഷിനു പിന്നേം തൊടങ്ങി.
“എന്നാടാ മൈ...മൈത്താണ്ടി?”
“സാറേ ഇവന്മാര് തിരുട്ടു സംഘമൊന്നുമല്ലെന്നാ എനിക്ക് തോന്നണേ, അതിൽ ഒരുത്തനെ എനിക്കറിയാമെന്നെ. കൊറേ കാലമായിട്ടു ഇവിടെ ഒക്കെ ഉള്ളതാ. ഒരു പാവം തേപ്പുകാരൻ. ഇവമ്മാരെങ്ങിനെ ഇതിന്റകത്തു പെട്ടെന്നാ മാനസിലാവാത്തെ.”
കൊച്ചു പിള്ളേർക്ക് പറഞ്ഞു കൊടുക്കണ പോലെ ക്ഷമയോടെ വിജയൻ സാർ പറഞ്ഞു തൊടങ്ങി.
"എൻറെ സനീഷേ, നിനക്കറിയാല്ലോ കുറ്റം ചെയ്താ ശിക്ഷിക്കപ്പെടണം. അല്ലെ?"
"അതെ"
"ആ, ഇവിടിപ്പോ ഒരു കുറ്റം നടന്നു, എന്നാ പറ്റിയേ? ചാവേണ്ട ഒരുത്തൻ ചത്തു. അതിന് ആരെ ശിക്ഷിക്കും? ജീവിച്ചിരുന്നിട്ട് വല്യ കാര്യമൊന്നുമില്ലാത്ത ആരേലും ഒരുത്തനെ. അത്രേ ഉള്ളൂ."
"അല്ല, അപ്പൊ..."
സനീഷിന്റെ ബാക്കി സംശയങ്ങളെ ഇടനാഴീൽ കൂടി പാഞ്ഞു പറിച്ചു വന്ന ബൂട്ട് ശബ്ദങ്ങൾ ചവിട്ടി കൂട്ടി ഒരു മൂലയ്ക്കിട്ടു.