Skip to main content
Srishti-2022   >>  Short Story - Malayalam   >>  കഥാവശേഷം

Aswathy V S

Infosys Limited

കഥാവശേഷം

ഞാനൊരു കഥ എഴുതാൻ ശ്രമിച്ചു.

എഴുതി പൂർത്തിയാക്കിയ ആ കഥയിലേക്ക് വീണ്ടും

സഞ്ചരിച്ചപ്പോൾ അതിൽ കാമ്പുള്ളതായി തോന്നിയില്ല

ആ കഥ മുഖപുസ്തകത്തിന്റെ താളിൽ ഞാൻ സൂക്ഷിച്ചു വച്ചു.

ലൈക്കും കമന്റും കൊണ്ട് ആ കഥയെ നേരിടുന്നവരെ കണ്ടു.

പുസ്തകമാക്കിക്കൂടേ?എന്ന ഇൻബോക്സ് മെസ്സേജുകൾ എന്നെ തേടിയെത്തി.

അപ്പോഴും ഞാൻ ചിരിച്ചുകൊണ്ട് നന്ദി പറഞ്ഞു.

ഞാനൊരു നോവലെഴുതി.

കഥാപാത്രങ്ങൾക്ക് വലിയ സ്ഥാനമൊന്നും ഉണ്ടായിരുന്നില്ല.

നോവലിന് പറ്റിയ കഥാതന്തുവോ ഗതിയോ അവതരണമോ ഒന്നുമുണ്ടായിരുന്നില്ല...

എഴുതി കഴിഞ്ഞു വീണ്ടും വായിച്ചപ്പോൾ എനിക്കിതൊക്കെ ബോധ്യപ്പെട്ടതാണ്.

ആ കടലാസിനെ നിർദയം ഞാൻ ഒരൊഴിഞ്ഞ കോണിലേയ്ക്ക് വലിച്ചെറിഞ്ഞു.

ഞാൻ മരിച്ചു കഴിഞ്ഞപ്പോൾ പൊടി പിടിച്ച ആ കടലാസിലെ നോവലിനെ ആരോ ഒരാൾ

ഒരു പുസ്തകപ്രസാധകന് സമ്മാനിച്ചു.

അയാൾ അതൊരു പുസ്തകമാക്കി.. മരിച്ചു പോയ ഒരുവളുടെ ആദ്യത്തെയും അവസാനത്തെയും നോവലെന്ന അടികുറിപ്പോടെ ഇറങ്ങിയ പുസ്തകം ചൂടപ്പം പോലെ വിറ്റു പോയി.

മരണം പോലും ആഘോഷമാക്കിമാറ്റിയ പുസ്തക പ്രസാധകർ.

അതിലെ കഥാപാത്രങ്ങളെയും കഥയെയും കുറിച്ച് വലിയ ചർച്ചകൾ ഉണ്ടായി.

ഒരു ചർച്ചയ്ക്കിടയിൽ

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ മലയാളത്തിലെ മികച്ച സാഹിത്യകാരിൽ ഒരാൾ ഞാനാകുമെന്ന പ്രസ്താവന കേട്ടു

എന്റെ ആത്മാവും മരിച്ചു.

ഒരു ചിരി കൂടി ബാക്കി വച്ചു.. ഞാൻ അവിടം വിട്ടിറങ്ങി വന്നു.

Srishti-2022   >>  Short Story - Malayalam   >>  അവൾ

Rugma M Nair

EY

അവൾ

കൈയ്യിലിരുന്ന വൈൻ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു, കണ്ണുകൾ പാതി മൂടി, സംഗീതത്തിൽ മുഴുകിയെന്നതു പോലെ ആണ് അവളുടെ നിൽപ്പ്. "സംഗീതമോ ഹെന്ത് പോക്രിത്തരമാണ്!, കുറേ ഇംഗ്ലീഷ് വാക്കുകൾ കൂട്ടി ചേർത്ത് തൊണ്ട കീറി അലറിയാൽ സംഗീതമാവുമോ ! "ദേവ ദേവ കലയാമിതേ ...." മോഹന ടീച്ചറുടെ തെളിഞ്ഞ ശബ്ദം , അതിലും തെളിച്ചത്തിൽ അവളുടെ ചെവിയിൽ മുഴങ്ങി.

പക്ഷേ , ആസ്വദിച്ചെന്നത് പോലെയുള്ള അവളുടെ ഈ നിൽപ്പ്, അതൊരടവാണ് , ജീവിതം മുന്നോട്ടു തള്ളിനീക്കുന്ന തത്രപ്പാടിൽ കളിക്കുന്ന അനേകം അടവുകളിലൊന്ന്.

ഇളം പച്ചനിറത്തിൽ ചെറിയ ചുവന്ന പൂക്കളുള്ള വിലകൂടിയ ജോര്ജറ്റ് സാരിയുടിത്തിരുന്നവൾ. അവളുടെ പേരോ അഡ്രസ്സോ ആ പാർട്ടിക്ക് വന്നതിൽ പലർക്കും അറിയില്ല, അവൾക്ക് തിരിച്ചും. ഇവിടെ അവൾ അറിയപ്പെടുന്നത് ഒരേ ഒരു മേൽവിലാസത്തിലാണ് - ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള പരമോന്നത ബഹുമതി നേടിയ നടൻറ്റെ സഹധർമിണി.

ചായം തേച്ച മുഖങ്ങളേയും അവയുടെ കാപട്യം നിറഞ്ഞ പേക്കുത്തുകളുടെ ഇടയിലൂടെ നടക്കുമ്പോൾ, മനസ്സ് കരയിലിട്ട മീൻപോലെ പിടയ്ക്ക്കണത് അവൾ അറിഞ്ഞു. അവൾക്ക് തീർത്തും അപരിചിതമായ, യോജിക്കാൻ കഴിയാത്ത ഒരിടം, എന്നാലവൾ, ആ പിടപ്പൊക്കെ ഉള്ളിലാക്കി അവിടവുമായ് ഇണങ്ങിചേർന്നു; ഭംഗിയായി അഭിനയിച്ചു, ആർത്തട്ടഹസിച്ചും, മദ്യലഹരിയിൽ കുഴഞ്ഞാടിയും, ആ പാർട്ടിയിൽ ഒരുവളായി.

അഭിനയം, അതയാളേക്കാൾ വഴങ്ങിയിരുന്നത് അവൾക്കായിരുന്നു. അയാൾ ജീവിക്കാൻ അഭിനയിച്ചു അവൾ അഭിനയിച്ചു ജീവിച്ചു.

"നീ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടാവും" ഇങ്ങനെ പറഞ്ഞു പഠിപ്പിച്ചാണ് അമ്മായി, അനാഥയായ അവളെ വളർത്തിയത്; അത് കൊണ്ട് തന്നെ ലോകത്തു സംഭവിക്കുന്ന എല്ലാ അനർഥങ്ങളുടേയും ഹേതു താനാണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു, കാരണം അമ്മായിക്ക് തെറ്റില്ലല്ലോ.

"ഞാൻ കാരണമല്ല' "ഇത് എൻറ്റെ തെറ്റല്ല" "ഞാനിതർഹിക്കുന്നില്ല" എന്നിങ്ങനെ ഉള്ളിൽ നിന്ന് കത്തി പൊങ്ങുന്ന ആളങ്ങളേ ഊതികെടുത്തി എല്ലാത്തിനോടും, തലകുനിച്ചു വളർന്നപ്പോൾ അവൾ "നല്ല കുട്ടി"യായി അഭിനയിക്കുകയായിരുന്നു. അവളുടെ ഉള്ളിലുള്ള അഹങ്കാരിയും തന്നിഷ്ടക്കാരിയുമായ സത്വത്തെ പിടിച്ചു കെട്ടിയുള്ള അഭിനയം.

പിന്നീടെപ്പോഴോ ആ സത്ത്വം പുറത്തു വരാൻ വെമ്പൽ കൊണ്ടപ്പോൾ അവളത് വേറെ വഴിക്ക് തിരിച്ചു വിട്ടു. സ്ത്രീസ്വാത്രന്ത്യത്തെപ്പറ്റി അഗ്നിയിൽ കുറിച്ച വാക്കുകൾ കൊണ്ട് കോരിത്തരിപ്പിക്കുന്ന പ്രസംഗങ്ങൾ പറയുമെങ്കിലും , തിരിച്ചു വീട്ടിൽ ചെന്നു കേറുമ്പോൾ ഇതെല്ലാം വളരെ കൗശലത്തിൽ നിരസിക്കപ്പെട്ട വെറും ഒരു പെണ്ണാണ് താൻ എന്ന ഉത്തമബോധ്യത്തിനിടയിലും അവൾ ഫെമിനിസത്തിന്ൻറ്റെ അവസാനവാക്കായ്, പീഡനമനുഭവിക്കുന്നവരുടെ പ്രചോദനമുഖമായി അഭിനയിച്ചു തകർത്തഭിനയിച്ച കോളേജ് ദിനങ്ങൾ.

സ്വന്തം കാലിൽ നിന്ന് സ്വന്തം കാര്യങ്ങളിൽ സ്വയം തീരുമാനം എടുക്കുന്ന ഒരുവൾ - അതൊരു വെറും കെട്ടുകഥയാണെന്ന് മനസിലാക്കിയ നിമിഷം, വിങ്ങി പൊട്ടിയ കണ്ണുനീര് ഭൂമിക്ക് സമ്മാനിക്കാതേ, ചെറുപുഞ്ചിരിയോടെ, തൻറ്റെ മനസ്സും ശരീരവും ആദ്യമായി സ്വന്തമാക്കിയവനെ വിധിയ്ക്ക്ക് കൊടുത്തു്, അവൻറ്റെ കല്യാണത്തിനു, അതിൽ സന്തോഷിക്കുന്ന അവൻറ്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ വേഷം അതിമനോഹരമായി അഭിനയിചുഫലിപ്പിച്ചു. മറ്റൊരുവൻറ്റെ മുന്നിൽ കഴുത്തുനീട്ടി. പിന്നീടിങ്ങോട്ട് നാളിതുവരെ സൗഭാഗ്യവതിയായ ഭാര്യയുടെ വേഷമാണ് അരങ്ങിൽ.

"പൊതുവേ ശാന്തനായ ഭർത്താവ്, ഉപദ്രവിച്ചോ, സാരമില്ല നീ ഇനി മുതൽ ഒരു തഞ്ചത്തിൽ നിന്നാൽ മതി".

"നിൻറ്റെ പിറന്നാൾ വീണ്ടും മറന്നോ ഇതാ ഇപ്പൊ നന്നായേ അവനൊരുപാട് തിരക്കുള്ളതല്ലേ എങ്ങനെ ഓർക്കാനാ "

"ശൊ ഇത്രയും തിരക്കുള്ള ആളായിട്ടും കണ്ടില്ലേ ദോശ ചുടുന്നത്, നിൻറ്റെ ഭാഗ്യം"

"അച്ഛനും അമ്മയും ജോലിത്തിരക്കായി നടന്നാൽ കുട്ടികളേ ആര് നോക്കും! നീ വിചാരിച്ചാലേ നടക്കൂ".

അവളൊന്നിനേയും എതിർത്തില്ല, ത്യാഗസ്വരൂപത്തിൻറ്റെ മൂർത്തിമത്ഭാവമായത് കൊണ്ടല്ല, എതിർക്കാനുള്ള ശക്തി എന്നേ നഷ്ടമായിരിക്കുന്നു.

എന്തിനേറെ, "ആർ യു ഓക്കേ? ആർ യു നോട്ട് എൻജോയിങ്" എന്ന ചോദ്യത്തിൽ തുടങ്ങുന്ന അസുഖകരമായ സംഭാഷണത്തിൽ നിന്ന് രക്ഷപ്പെടാൻ കിടപ്പുമുറിയിൽ വരെ അസ്സല്ലായി അഭിനയിച്ച എത്രയെത്ര രാത്രികൾ.

പാർട്ടി കഴിഞ്ഞു എത്തിയപാടെ മുറിയിൽ കേറി കുറ്റിയിട്ട്, വിയര്പ്പിൻറ്റേയും മദ്യത്തിൻറ്റേയും ഗന്ധമുള്ള സാരി വെറുപ്പോടെ ഊരി അലക്ഷ്യമായി എറിഞ്ഞു. അത് ചെന്ന് തട്ടി മേശപ്പുറത്തിരുന്ന മാലാഖയുടെ രൂപം താഴെ വീണുടഞ്ഞു. പൊട്ടിയ കഷ്ണങ്ങൾ പെറുക്കിയെടുക്കുമ്പോ ആരോ ചിരിക്കുന്നത് പോലെ തോന്നി.

മാലാഖയുടെ മുഖത്തിൻറ്റെ പകുതിയോളം അടന്നു പോയിരുന്നു; മറുപകുതിയിൽ പൊതുവേയുള്ള നിസംഗത നീങ്ങി, മാലാഖ തന്നേ ഒരു പുച്ഛഭാവത്തിൽ നോക്കുന്നത് പോലെ അവൾക്ക് തോന്നി.

"അവന്, അഭിനയത്തിനു അവാർഡും അംഗീകാരവും, നിനക്ക് ബി പിയുടെ മരുന്നും മാസം തോറുമുള്ള സൈക്യാർട്ടിസ്റ് വിസിറ്റും!! വിചിത്രം തന്നേ!"

മാലാഖയുടെ ബാക്കിയുള്ള മുഖത്തിനാഞ്ഞൊരേറു കൊ ടുത്തിട്ട് , അർധനഗ്നയായി അവളാ വെറും തറയിലേക്ക് ചാഞ്ഞു വീണു.

Srishti-2022   >>  Short Story - Malayalam   >>  തിരോധാനം

Elsamma Tharian

UST Global Trivandrum

തിരോധാനം

ആ പരിസരത്തെ വീടുകളിലെ കുട്ടികളൊക്കെ പോകുന്ന ഒരു ഇടത്തരം എയ്ഡട് സ്കൂളിൽ തന്നെയാണ്

അഞ്ചാം ക്ലാസ്സുകാരനായ വിനുവും പോയത്. പോകാനും വരാനും ചെറുതും വലുതും ആണും പെണ്ണുമൊക്കെയുള്ള ഒരുപാട് കൂട്ടങ്ങൾ അങ്ങനെ ഉണ്ടെങ്കിലും വിനുവിനെ ആരുംതന്നെ തങ്ങളുടെ കുട്ടത്തിൽ കൂട്ടുന്നതായി അവന് തോന്നിയിട്ടില്ല. അങ്ങനെ വലിയ ബുദ്ധിയുള്ള മിടുക്കരുടെ കൂട്ടത്തിൽ അവൻ അംഗീകരിക്കപ്പെട്ടിരുന്നില്ല. ഒന്നുകിൽ പഠിക്കാൻ ബുദ്ധിയുണ്ടെന്ന് നാലാളെ ബോധിപ്പിക്കണം, അല്ലേൽ ഉഴപ്പാനുള്ള ധൈര്യവും തല്ലിനും തെറിക്കുമുള്ള തൊലിക്കട്ടിയുമെങ്കിലും വേണം. ഇതിപ്പോ ഒന്നാമനുമല്ല ഒടുക്കത്തവനുമല്ലാത്ത ഒരുതരം സാധാ ഇനം ജീവി. ഉണ്ടോന്ന് ഹാജറെടുത്താൽ ഉണ്ട് എന്നാൽ ശരിക്കും കണ്ടവരൊട്ട് ഇല്ലതാനും. ഇനി ഇല്ലേലും, അയ്യോ കണ്ടില്ലല്ലോന്ന് ഒരുത്തനും ചോദിക്കില്ല.

പഠിപ്പികളുടെ കൂട്ടത്തിൽ വലിഞ്ഞുകയറാൻ ഒരിക്കൽ ഒരു ശ്രമം നടത്തി. ബുദ്ധിയുള്ള കൂട്ടമായതുകൊണ്ട് ബുദ്ധിയില്ലാത്തവൻ്റെ വിവരക്കേട് പെട്ടന്ന് തിരിച്ചറിഞ്ഞു. അവഗണനയുടെ ഭാരം പുസ്തകസഞ്ചിയേക്കാൾ കൂടുതലായപ്പോൾ അവൻ ആ കൂട്ടിൽ നിന്ന് പുറത്തുചാടി.

പഠിച്ചു നന്നാവാമെന്നുള്ള ആഗ്രഹം പാതിവഴിയിൽ ഉപേക്ഷിച്ച് പുതിയ മാർഗ്ഗങ്ങളാലോചിച്ച് പിറ്റേന്നും സ്കൂളിലേയ്ക്കുള്ള നടപ്പ് തുടർന്നു. ദുർനടപ്പായതുകൊണ്ട് തന്നെ നിയമങ്ങൾക്കൊന്നും വഴങ്ങിക്കൊടുക്കാതെ രണ്ടടി മുന്നോട്ട് പിന്നെ ഇടത്തോട് വലത്തോട്ട് അങ്ങനെ തോന്നിയയിടത്തോട്ടൊക്കെ വളഞ്ഞുതിരിഞ്ഞ അവൻ്റെ വഴികൾക്ക് മാത്രം നീളക്കൂടുതലായിരുന്നു. അങ്ങനെ ഇഴഞ്ഞുനീങ്ങുന്നതിനിടയിൽ

സ്കൂളിലേക്കുള്ള അവസാനത്തെ പിള്ളേരുകൂട്ടവും അവനെ പിന്നിലാക്കി മുന്നേറി.

ഇത്തിരിപ്പോന്ന വലിയ കലാകാരന്മാരൊക്കെ ഉള്ളതായിരുന്നു ആ കൂട്ടം. എങ്ങനെയെങ്കിലും ആ അവസാന കുട്ടത്തിൽ എങ്കിലും കയറിപ്പറ്റണമെന്ന തീവ്രമായ ആഗ്രഹം അവനിലെ കലാകാരനെ പുറത്തെടുത്തു.

'താൻ എന്താ അത്ര മോശാണോ, ഇവരെക്കാൾ നന്നായി കൊട്ടും പാട്ടുമൊക്കെ ചെയ്തേനെ തന്നെയും ഇതൊക്കെ പഠിക്കാൻ വിട്ടിരുന്നെങ്കിൽ'.

ഒരു കുഞ്ഞു സ്വകാര്യ അഹങ്കാരം അങ്ങനെ അവനിലും മുളപൊട്ടി.

കൈ വീശി വീശി നടന്ന വിനുവിൻ്റെ മനോഗതമറിഞ്ഞ സഹയാത്രി പുസ്തകസഞ്ചി ആടിക്കുലുങ്ങിച്ചിരിച്ചു നിലത്തുവീണു. പുസ്തകങ്ങളും അവൻ്റെ മനസ്സിനൊത്ത് പെരുമാറി, മണ്ണിനെ നമസ്കരിച്ചു. ഒരുതരം ദക്ഷിണ വയ്പ്പ്, ഭൂമിദേവിക്ക്. എന്നും വിനുവിൻ്റെ വിരലുകളുടെ തലോടലൽ തെരു തെരെ ഏറ്റുവാങ്ങുന്ന ചോറ്റുപാത്രത്തിന് പക്ഷേ കാര്യങ്ങൾ അതങ്ങനെയല്ല. വീഴ്ച്ചയുടെ ആഘാതം താങ്ങാനായില്ല, അത് പേടിച്ച് തൂറിപ്പോയി. പുസ്തകങ്ങളിലൊക്കെ പറ്റി, തൊടാൻ അറപ്പായി, ആകെ അങ്കലാപ്പായി. വിനുവിന് കരയണമെന്നുണ്ട് പക്ഷേ കാണാനാളില്ലാത്തവൻ കരഞ്ഞിട്ടെന്തിനാ !!

'ആരെങ്കിലും കണ്ട് നാണക്കേടാകുന്നതിന് മുമ്പ് എല്ലാം കൂടി വാരിക്കൂട്ടി വിട്ടിലേക്ക് തിരിച്ച് പോയാലോ ? സ്കൂളിൽ പോകാതിരിക്കാൻ മനപ്പൂർവ്വം ചെയ്തതാന്ന് പറഞ്ഞ് അമ്മ തല്ലും. വയറ്റുവേദന, തൂറാൻമുട്ടൽ, കാലുളുക്കി ഞൊണ്ടിനടപ്പ്, ഇതൊക്കെ മടക്കയാത്രയ്ക്കുള്ള ഓരോരോ കാരണങ്ങളാണ്. ഇതും അക്കൂട്ടത്തിലൊന്നായേ അമ്മ കാണു. അതിലും ഭേദം യാത്ര സ്കൂളിലേക്ക് തന്നെ.' അവൻ മുന്നോട്ട് തന്നെ നടന്നു.

എത്തിയപ്പോഴേയ്ക്കും അസമ്പിള്ളി തുടങ്ങി, ഇനിയിപ്പോ റ്റീച്ചറുടെ അനുമതി വാങ്ങിവേണം ക്ലാസ്സിൽ കയറാൻ. നെഞ്ചിടിപ്പ് കൂടുന്നു, മുട്ടിടിക്കുന്നു മുള്ളാൻമുട്ടുന്നു. അസമ്പിള്ളി കഴിഞ്ഞു വരുന്നവരെ വരവേൽക്കാനെന്നോണം ക്ലാസ്സുമുറിയുടെ വാതിലിനോട് ചേർന്ന് പുറത്തായി തലകുനിച്ച് നിലയുറപ്പുച്ചു. പല പല ക്ലാസ്സുകാര് നിരനിരയായി വരാന്തയിലൂടെ നടന്നുപോകുന്നു. വായടച്ച് ചിരിച്ചവരും വാ തുറന്ന് ചിരിച്ചവരും ചെവിയിൽ പയ്യെ കൂകിയും തോണ്ടിയുമൊക്കെ നടന്നവരും ആരും തന്നെ അവൻ്റെ ചങ്കിടിപ്പ് മാത്രം കേട്ടില്ല. രണ്ടായിരത്തോളം വരുന്ന കുട്ടികൾ തിങ്ങിഞെരിഞ്ഞു നടക്കുന്നയിടത്തും ഒരുത്തന് തീർത്തും ഒറ്റപ്പെട്ടിരിക്കാൻ ഇത്രയുമിടം തന്നെ ധാരാളം!

എല്ലാവരും ക്ലാസ്സിൽ കയറി, പിന്നാലെയായി റ്റീച്ചറും കയറി. അറവുശാലയിലെത്തിയ പശുവിൻ്റെ കണക്കേ തല ഒന്ന് ക്ലാസ്സിലോട്ട് വലിച്ചുനീട്ടി കെഞ്ചി.

"കേറിക്കോട്ടെ റ്റീച്ചറേ...; ഞാൻ ഇങ്ങോട്ട് വന്നോണ്ടിരുന്നപ്പോ എൻ്റെ കാല് തെന്നി... '

ബലിമൃഗം നല്ല ഇനമാണെങ്കിലെ ഫലമുള്ളു എന്ന വകതിരിവുള്ള റ്റീച്ചറായിരുന്നകൊണ്ട് കൂടുതൽ ഒന്നും പറയാതെ ഒന്നു മുരണ്ടു

"കേറിപ്പോടാ..."

ആ ഒറ്റ വാക്കിൽ പ്രശ്നം തീർന്നു.

ആകെ ഒരു പുളിച്ച മോരിൻ്റെയും കാബേജിൻ്റെയും മണം. ഇരിപ്പിടങ്ങൾ റോൾ നമ്പർ അനുസരിച്ചാണ്. കൂട്ടത്തിൽ ബെഞ്ചിലിരിക്കുന്നവർക്ക് സഹിക്കാതെ വേറെ വഴിയില്ല.

"അയ്യേ, എന്തു നാറ്റാ നിന്നെ, എന്നെ തൊട്ടാ ഞാൻ പറഞ്ഞുകൊടുക്കും." തൊട്ടടുത്തിരിക്കുന്ന ഹതഭാഗ്യൻ തോമസ് ആക്രോശിച്ചു. അതുകേട്ട് അവൻ്റെ അപ്പുറത്തെ മിനിമോളോന്ന് വിനുവിനെ എത്തിനോക്കി. സ്കൂളിൽ അവനെ കണ്ടുവെന്ന് അവന് തോന്നുന്ന ചുരുക്കം ചിലരിലൊരാളാണ് മിനിമോള്. വലിയ ഇണക്കമോ പിണക്കമോ ഒന്നുമില്ലേലും കളിയാക്കാറില്ലാന്നൊരു തോന്നൽ. അതൊരു ആത്മവിശ്വാസത്തിൻ്റെ വീണ്ടെടുപ്പുകൂടിയാണ്. കാര്യം പിടികിട്ടാതെ അവളും പയ്യെ തല നേരയാക്കി റ്റീച്ചറെ നോക്കി തിരിഞ്ഞിരുന്നു. അതോടെ അന്ന് അവിടെയും ആശ്വസിക്കാനൊന്നുമില്ലെന്ന് ബോധ്യമായി.

ആ ക്ലാസ്സ് അങ്ങനെ കഴിഞ്ഞു. അടുത്തത് സാമൂഹ്യപാഠം. ഈ പാഠം അങ്ങനെ ഇരുന്നു കേട്ട ചരിത്രം കുറവാണ്. വാളെടുത്താൽ പിന്നെ കൊന്നിട്ടേ ഉറയിലിടൂന്ന് തീർപ്പുകൽപ്പിച്ചിറങ്ങിയ ജാൻസി റാണിയാണ് വരാൻ പോകുന്നത്. വിനുവിന് മാത്രമായൊരു ഭയപ്പാടില്ല ഇവിടെ. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ചോദിക്കുന്നു, പറയുന്നു, പഠിച്ചതും പഠിക്കാത്തതും പങ്കുവെയ്ക്കുന്നു. കൊടുക്കാനും വാങ്ങാനുമൊന്നുമില്ലാത്തവൻ കൈയ്യിലെ അടിപ്പാടുകൾ തിരുമ്മുന്നു. സർവ്വ വിചാരവികാരകങ്ങളോടും കൂടി തന്നെ അവൻ നിർവികാരത അഭിനയിച്ചിരുന്നു.

അല്പം വൈകിയിട്ടും റ്റീച്ചർ എത്താത്തതിനാൽ ആശ്വാസത്തിൻ്റെ നുറുങ്ങുവെട്ടം പലരുടെയും മുഖത്ത് പ്രകാശം പരത്തിത്തുടങ്ങിയിരിക്കുന്നു. മിടുക്കുതെളിയിക്കാൻ കച്ചകെട്ടി വന്ന ജോത്സനയ്ക്ക് മാത്രം പക്ഷേ മ്ലാനത !

ഒമ്പതിലും പത്തിലും പഠിപ്പിക്കുന്ന, കണ്ടാൽ ഗൗരവക്കാരനായ കൊമ്പൻ മീശയുള്ള മാത്യൂസ് സാറ് ദാ വരുന്നു പകരക്കാരനായി. കാട്ടുകോഴിക്കെന്തു സംക്രാന്തി, വിനുവിന് മാത്രം അപ്പോഴും ഒരു ഭാവഭേദവുമില്ല.

പൊടിമീശയ്ക്കൊപ്പം ഹുങ്കും മുളപൊട്ടുന്ന പ്രായക്കാരെ കൈകാര്യം ചെയ്യുന്ന സാറിന് ഈ മുക്കാൽമണിക്കൂറ് പക്ഷേ നേരമ്പോക്കിൻ്റെതാണ്. പിള്ളേരെ മൊത്തമായൊന്ന് നോക്കി. പിന്നെ പ്ലാസ്റ്റിക്ക് വള്ളി കെട്ടിയ പഴയ മരകസേരയിൽ ചാരിക്കിടന്നു. മുന്നിലുള്ള മേശയുടെ അടിയിലെ ഒടിയാറായ താങ്ങ് കോലിൽ കാലിന്മേൽ കാലും കയറ്റി ആഞ്ഞു കുലുക്കി വിശ്രമമാരംഭിച്ചു. സർവ്വത്ര മൗനം.

പിന്നെ പെട്ടന്ന് ഒരു പ്രകോപനവുമില്ലാതെ തലപൊക്കി ഒരു ചെറു കടംകഥ പിള്ളേർക്കുനേരെ വീശി എറിഞ്ഞു. "നോക്കട്ടെ, കൂട്ടത്തിലാരാ മിടുക്കരെന്ന് ."

മിടുക്കന്മാരൊക്കെ പരാക്രമം കാട്ടിയെങ്കിലും അങ്ങ് തെളിയിക്കാൻ പറ്റിയില്ല. വിനു അതിനൊട്ട് മുതിർന്നുമില്ല. നിലംപൊത്താൻ കാത്തിനിൽക്കുന്ന സാറിൻ്റെ മുഴുത്തു മുഷിഞ്ഞ കാലുകളിലാണവൻ്റെ ശ്രദ്ധ. എല്ലാവരും തോൽവി സമ്മതിച്ച് പിൻവാങ്ങിയിട്ടും സമയം പിന്നേയും ബാക്കിയായി. സാറ് പയ്യെ എഴുന്നേറ്റ് മേശപ്പുറത്തു കിടന്ന മുറിചോക്കെടുത്ത് ബോർഡിലൊരു പടം വരച്ചു. രണ്ടു മൂന്ന് ഗോണിപ്പടികൾ അങ്ങോട്ടുമിങ്ങോട്ടും കിടത്തിയും ചാരിയുമൊക്കെ വച്ചിരിക്കുന്നതിനിടയിലെ കളങ്ങൾക്കുള്ളിൽ ചില അക്കങ്ങളങ്ങനെ വിതറിയിട്ടു.

"അക്കങ്ങളാവർത്തിക്കാതെ എങ്ങോട്ട് കൂട്ടിയാലും ഒരേയുത്തരം കിട്ടാൻ ഒഴിഞ്ഞ കളങ്ങളിൽ അക്കങ്ങളിടണം."

സാറ് കളിയുടെ നിയമം പറഞ്ഞു. ക്ലാസ്സിന് ആകെ ഒരുണർവായി, ഒറ്റയ്ക്കും കൂട്ടമായും ശ്രമങ്ങൾ തുടങ്ങി. എഴുതുന്നു, കൂട്ടുമ്പോൾ തെറ്റുന്നു, മായ്ക്കുന്നു, പരസ്പരം ഒളിപ്പിക്കുന്നു, സന്തോഷിക്കുന്നു, സങ്കടപ്പെടുന്നു, അങ്ങനെ സർവ്വ ഭാവങ്ങളും ആ നാലു ചുമരുകൾക്കുള്ളിൽ നടമാടാൻ തുടങ്ങി. പെൻസിലും പേപ്പറും പോലുമെടുക്കാൻ മടിതോന്നിയ വിനു മാത്രം വെറുതെ ബോർഡിലെ പടത്തിലേക്ക് മിഴിച്ചുനോക്കിയിരുന്നു.

''കിട്ടിപ്പോയി... "

അപ്രതീക്ഷിതമായി ശബ്ദമുണ്ടാക്കി കൈപൊക്കിയവനെ കണ്ടപ്പോൾ മിടുക്കന്മാർക്ക് ആശ്വാസമായി. പിന്നെ കൂട്ടച്ചിരിയായി, പരിഹാസമായി. അമളി പറ്റിയ വിനു തലതാഴ്ത്തി ചമ്മൽ മറക്കാനുള്ള ശ്രമത്തിലായി.

"നീ ഇങ്ങ് വാടാ, നിൻ്റെ പേരെന്നാ." സാറ് വിളിച്ചു.

"വിനു; ഞാൻ പെട്ടന്ന് ഉത്തരം കിട്ടീന്ന് തോന്നിയപ്പാ അറിയാതെ പറഞ്ഞുപോയതാ.." കരച്ചിലടക്കിപ്പിടിച്ച് വിനു സാറിൻ്റടുത്തു വന്നു പറഞ്ഞു.

"നീ എന്നാടാ, അതിനടിയിലൊളിച്ചിരുന്ന് ചോറുണ്ടോ? നിന്നെ ആകെ കറി നാറുന്നല്ലോ?"

ഒരു പത്തുവയസ്സുകാരന് താങ്ങാവുന്നതിൻ്റെ പരിധി കഴിഞ്ഞു. അവൻ കരഞ്ഞുപോയി. വാക്കുകൾ മുറിഞ്ഞ് വീണ്, ചത്ത് മരവിച്ച്.

"നിനക്ക് തോന്നിയ അക്കങ്ങൾ അതിലെഴുതിക്കേ നീ, ഞാനൊന്ന് കാണട്ടെ". ചോക്ക് നീട്ടിയിട്ട് സാറ് പയ്യെ പറഞ്ഞു. ആർക്കും മുഖം കൊടുക്കാതെ ബോർഡിലേക്ക് നോക്കാൻ കിട്ടിയ അവസരം അവനും ഒരു ആശ്വാസമായി.

കുറച്ചുനേരം അനങ്ങാതെ നിന്നു; മിഴിച്ചു നോക്കി, പിന്നെ എന്തൊക്കെയോ എഴുതിനിറച്ച് ചോക്ക് തിരിച്ചു കൊടുത്ത് ശിക്ഷ ഏറ്റുവാങ്ങാൻ തലകുനിച്ചു. ബോർഡിലൊന്ന് കണ്ണോടിച്ച കണക്കുമാഷിൻ്റെ ചുണ്ടിലൊരു ചിരി വിടർന്നു.

"ആറിലും ഏഴിലും പോലും ഇത്ര പെട്ടന്ന് ആരും ഇതിന് ഉത്തരം പറഞ്ഞില്ലെടാ. നീ മിടുക്കനാ. കഴിഞ്ഞ പരീക്ഷയ്ക്ക് നിനക്ക് കണക്കിനെത്ര മാർക്കാ?"

"13"

"എത്രേല് ?"

" 50 ല് "

"അപ്പോ നീ ശരിക്കും മിടുക്കൻ തന്നാ. അടുത്ത പരീക്ഷയ്ക്ക് 50 വാങ്ങീട്ട് സ്റ്റഫ് റൂമില് വന്ന് എൻ്റെ കൈയ്യീന്ന് ഒരു സമ്മാനം വാങ്ങിക്കോണം, കേട്ടോടാ.. ഇപ്പോ ഇതേ ഉള്ളെടാ, വെച്ചോ." പോക്കറ്റിൽ നിന്ന് പച്ച പൊതിയുള്ള ചെറിയ രണ്ടു പ്യാരി മിഠായി എടുത്തു അവൻ്റെ ഷർട്ടിൻ്റെ പോക്കറ്റിലിട്ടുകൊടുത്തു.

ദുർഗന്ധമവനെ പെട്ടന്ന് വിട്ടൊഴിഞ്ഞ പോലെ;

കണ്ണുകൾ പ്രകാശിക്കാൻ തുടങ്ങി. മിന്നാമിനുങ്ങിൻ്റ നുറുങ്ങുവെട്ടം പോലൊന്ന് അവനും കാണാൻ തുടങ്ങി. അപമാനം പയ്യെ ആത്മവിശ്വാസത്തിനായി വഴിമാറി.

ഒരു ഇടവേളക്കായി ബെല്ലടിച്ചു! എല്ലാം പഴയപടി, മണ്ടർ മണ്ടരായും മിടുക്കർ മിടുക്കരായും തുടർന്നു. വിനു മാത്രം പെട്ടന്ന് ചുവടു മാറ്റിയിരിക്കുന്നു.

മണ്ടനെ ബുദ്ധിമാനാക്കി മാറ്റിയ മഹാനാണ് താന്നെന്നറിയാതെ മാത്യൂസ് സാറും മടങ്ങി.

ഇടവേളയിൽ എല്ലാം മറന്നവൻ പറന്നു നടന്നു. ആർക്കും അവനെ പിന്നെ നാറിയില്ല.

"നീയിതെങ്ങനെ കണ്ടുപിടിച്ചു? നിനക്കപ്പോ ശരിക്കും നന്നായി പഠിച്ചുടെ, സാറ് പറഞ്ഞല്ലോ നല്ല ബുദ്ധിയാന്ന്." മിനിമോൾടെ കുശലമന്വേഷണം വിനുവിൻ്റെ ആത്മവിശ്വാസത്തെ ആളിക്കത്തിച്ചു.

"ഉം, അടുത്ത പരീക്ഷയ്ക്ക് 50 ൽ 50 വാങ്ങണോന്ന് സാറ് പറഞ്ഞതല്ലേ, അപ്പോ വാങ്ങാതെ പറ്റില്ലല്ലോ" അവൻ്റെ വാക്കുകൾക്ക് വല്ലാത്തൊരു തീക്ഷണയുണ്ടായിരുന്നു.

ഇടവേള കഴിഞ്ഞ് പിന്നെയും ക്ലാസ്സ്റ്റീച്ചർ( ശാന്ത റ്റീച്ചർ) തന്നെ എത്തി. രണ്ടാഴ്ച കൂടുമ്പോ ക്ലാസ്സിൽ ലൈബ്രറി പുസ്തകം വിതരണം ചെയ്യുന്ന പതിവുണ്ട്. വായനശീലമുള്ളവർക്കും, ഉണ്ടെന്ന് കാണിക്കേണ്ടവർക്കും എണീറ്റു വന്ന് റ്റീച്ചർ കൊണ്ടുവന്ന പുസ്തകക്കൂട്ടത്തിൽ നിന്ന് ഏതെങ്കിലുമൊരെണ്ണം പേരും നാളുമൊക്കെ എഴുതിക്കൊടുത്ത് എടുക്കാം. വായിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞാൽ മടക്കികൊടുക്കണമെന്നതാണ് നടപ്പ് രീതി.

പെട്ടന്ന് ബുദ്ധിമാനായി സ്ഥാനകയറ്റം കിട്ടിയ വിനുവെങ്ങനെ പുതിയ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറും ! ജീവിതത്തിൽ ആദ്യമായി അവനതിൽ നിന്നു ഒരു പുസ്തകമെടുത്തു. കാഴ്ച്ചയിൽ ശക്തിമാന്മാർക്കും ബുദ്ധിമാന്മാർക്കുമുള്ളതെന്ന തോന്നൽ ജനിപ്പിച്ച ഒരെണ്ണം തന്നെ. 'The Three Musketeers'.

അന്നത്തെ മടക്കയാത്രയിൽ അവന് ആരും കൂട്ട് വേണമെന്ന് തോന്നിയില്ല. മനസ്സുനിറയെ മാത്യുസ് സാറാണ്. പിന്നെ 50/50 ഉം. ഇന്ന് വേഗത്തിലാണ് നടപ്പ്. വീട്ടിലെത്തി ചോറ്റുപാത്രം തുറന്നുപോയി പട്ടിണിയായതിൻ്റെ പങ്കുകൂടി വെട്ടിവിഴുങ്ങി.

"ആ പുസ്ത്തോങ്ങളെടുത്ത് കഴുകി പുറത്തുവക്കെടാ, നാറ്റം പോട്ടെ." ചെയ്തുകൊടുക്കാൻ ഭാവിക്കാതെ അമ്മ പറഞ്ഞ് അങ്ങ് പോയി.

അന്ന് അതിനോടവന് മടുപ്പ് തോന്നിയില്ല. എല്ലാം പുറത്തേയ്ക്ക് കൊട്ടിയിട്ടു. ചായയിൽ മുക്കിയ ബിസ്ക്കറ്റ് പോലെ 'The Three Musketeers' ൻ്റെ രണ്ടു തുമ്പുകൾ മോരിൽ കുതിർന്ന് വളഞ്ഞുതുടങ്ങിയിരിക്കുന്നു. എല്ലാമൊന്നും കഴുകാൻ കൂട്ടാക്കിയില്ലെങ്കിലും അവനത് കഴിയുന്ന പോലെ വൃത്തിയാക്കി ഉണക്കാൻ വച്ചു.

സന്ധ്യയായി. ആരും പറയാതെ അവൻ കണക്കു പുസ്തകം പഠിക്കാൻ തുറന്നു. വിചാരിച്ച പോലെ എളുപ്പമല്ല കാര്യങ്ങൾ. ഒന്നും മനസ്സിലാകുന്നില്ല. കുറേ കാണാതെ പഠിക്കാനും ശ്രമിച്ചു. എങ്കിലും അവൻ ശ്രമമുപേക്ഷിച്ചില്ല, മാത്യൂസ് സാറിൻ്റെ പ്രചോദനം അത്ര ആഴത്തിലേക്കായിരുന്നു വിത്തു പാകിയത്.

ദിവസങ്ങളും ആഴ്ച്ചകളും നീങ്ങി. ലൈബ്രറി പുസ്തകം മടക്കിവാങ്ങാനും പുതിയതു കൊടുക്കാൻ ശാന്ത റ്റീച്ചറെത്തി. പതിവില്ലാത്ത പണി എങ്ങനെ ഓർക്കാൻ! വിനുവത് മറന്നു. മോര് കഴുകിക്കളഞ്ഞ് ഉണക്കാൻ വച്ചിട്ട് പിന്നെ എടുത്തിട്ടേയില്ല. അതിനും കിട്ടി ചെറിയ ശകാരം.

"നാളെ ഉച്ചയ്ക്ക് സ്റ്റാഫ് മുറിയിൽ കൊണ്ടെത്തിച്ചേക്കണം." റ്റീച്ചറുടെ ശബ്ദത്തിൽ ഗൗരവം മുഴച്ചു നിന്നു.

പറഞ്ഞപോലെ പിറ്റേന്ന് പുസ്തകവുമായി സ്റ്റാഫ് മുറിയിലെത്തി. ഉച്ചയൂണ് കഴിഞ്ഞ ഇടവേളയാണ്. അദ്ധ്യാപകരെല്ലാം വട്ടം കൂടിയിരുന്ന് അന്താക്ഷരി കളിക്കുന്നു. വിനുവിൻ്റെ കണ്ണുകൾ ആദ്യം തിരഞ്ഞത് മാത്യൂസ് സാറിനെയാണെങ്കിലും അവിടെ കണ്ടില്ല. സാറ് പിന്നേയും ആർക്കോ മിഠായി കൊടുക്കാൻ പോയിക്കാണുമോ ! സോളി റ്റീച്ചറുടെ മേശപ്പുറത്ത് ചാരി നിന്ന് പാട്ടു പാടുന്ന ശാന്ത റ്റീച്ചർക്ക് വിനുവിൻ്റെ അപ്പോഴത്തെ വരവ് ദഹിച്ചില്ല.

"എന്താടാ ?"

"ഇത് തിരിച്ച് തരാൻ വന്നതാ റ്റീച്ചറെ"

"എൻ്റെ മേശപ്പുറത്ത് വച്ചേച്ച് പൊക്കോ" റ്റീച്ചറ് പിന്നേയും പാട്ടിലേയ്ക്ക് കടന്നു. മാത്യൂസ് സാറിനെ കാണാൻ കിട്ടിയ അവസരം പാഴായതിൽ അവനും സങ്കടം വന്നു.

പുജയ്ക്ക് മൂന്നും ശനിയും ഞായറും കൂട്ടി അഞ്ചുദിവസത്തെ ഒരു അവധി അടുത്തു വരുന്നു. അന്ന് ശാന്ത റ്റീച്ചർ ഹാജറെടുത്തതിനു ശേഷം, മൂന്ന് പേരുകൾ വായിച്ചു.

" ബിനോയ് മോഹൻ, വിനു വിജയൻ, സൂസൻ കുര്യൻ, നിങ്ങള് മൂന്ന് പേരും നാളെ തന്നെ ലൈബ്രറി പുസ്തകം 50 പൈസ ഫൈനടക്കം കൊണ്ടുവരണം. പൂജയ്ക്ക് പോകുന്നതിന് മുമ്പ് ലൈബ്രറിയിൽ ഏൽപ്പിച്ചില്ലൽ ഫൈൻ ഇനിയും കൂടും."

"ഞാൻ അന്ന് അത് റ്റീച്ചർടെ മേശപ്പുറത്ത് വച്ചതാ." വിനു ചാടി എണീറ്റ് പറഞ്ഞു.

'' എന്ന് ? പഠിക്കത്തുമില്ല, പിന്നെ നുണയും പറയുന്നോടാ ? പുസ്തകമില്ലേൽ അതിൻ്റെ കാശു കൂടി കൊണ്ടുപോരെ." ശാന്ത റ്റീച്ചറുടെ ശാന്തഭാവമില്ലാത്ത ഉത്തരം അവനെ ഞെട്ടിച്ചു.

വീട്ടിൽപ്പോയി പറയുന്ന ചിത്രം അവൻ്റെ മസ്തിഷ്കത്തെ മരവിപ്പിച്ചു. സാമൂഹ്യപാഠം ജാൻസി റാണിയുടെ അടിയൊക്കെ എത്ര നിസ്സാരം ! കാശ് കിട്ടാൻ പോകുന്നില്ലെന്ന് മാത്രമല്ല തോൽക്കുമ്പോൾ കിട്ടുന്നതിൻ്റെ പത്തിരട്ടി ശിക്ഷ ഉറപ്പാണ് ഫൈൻ കൊടുക്കാൻ അച്ഛനോട് കാശ് ചോദിച്ചാൽ. അതിനുള്ള ധൈര്യം അവനാർജ്ജിച്ചിട്ടില്ല. പിന്നെ പുസ്തകം ! അത് കൊടുത്തൂന്ന് ഇനി എങ്ങനെ സ്ഥാപിക്കും. റ്റീച്ചറുടെ കയ്യിലില്ലെങ്കിൽ പിന്നെ അതെവിടപ്പോയി, എന്തുചെയ്യും ! വിനു ആകെ തകർന്നു പോയി.

അച്ഛൻ്റ ഭയങ്കരഭാവങ്ങളുള്ള അലർച്ച അവൻ്റെ ആമാശയത്തിൻ്റെ ഭിത്തികളിൽ തട്ടി തലച്ചോറിൽ പ്രതിധ്വനിച്ചു. ഇടവേളയ്ക്ക് ബെല്ലടിച്ചതും അവൻ സ്റ്റാഫ്മുറിയിലേക്ക് ഓടി. പതിവില്ലാത്തിsത്ത് പോകുന്ന സഭാകമ്പമുണ്ടെങ്കിലും വേറെ മാർഗ്ഗമില്ല. അവൻ ശാന്തറ്റീച്ചറുടെ മേശക്കരികിലെത്തി വിങ്ങിപൊട്ടി

"ഞാൻ തന്നായിരുന്നു പുസ്തകം, സത്യായിട്ടും തന്നതാ. ഇവിടാ വെച്ചേ."

"നീ തന്നെ നോക്ക് അവിടെങ്ങാനുമുണ്ടോന്ന്."

പേടിച്ചു കൈവിറയ്ക്കുന്നുണ്ടെങ്കിലും മേശപ്പുറത്ത് അട്ടിയിട്ട നോട്ടുബുക്കുകൾക്കിടയിലും മുകളിലും താഴെയുമൊക്കെ അവൻ വാളേന്തി നിൽക്കുന്ന 'The Three Musketeers' നെ തിരഞ്ഞു. റ്റീച്ചർ അവൻ്റെ നിഷ്ഫല ശ്രമത്തെ മൗനമായി നോക്കിക്കണ്ടുനിന്നു. അവൻ്റെ വിശ്വാസം അവനെ രക്ഷിക്കട്ടെന്ന് കരുതിയാവും!

"ഇവിടെയില്ല" വിനു വിതുമ്പി

"നീ വീട്ടിൽ പോയി ഒന്നൂടെ നോക്ക്, എവിടേലും മറന്നു വെച്ചിട്ടുണ്ടാവും". ശാന്തറ്റീച്ചറുടെ ശാന്ത സ്വരം വിനുവിന് ആശ്വാസമായില്ല.

"ഉം, ഞാൻ നോക്കാം. പക്ഷേ, എത്ര രൂപയാ പുസ്തകത്തിന് ?"

"ഏതാ പുസ്തകം?"

''ദി ത്രീ മുസ്ക് റ്റീർസ് "

"എന്തിനാടാ കുറച്ചേ? നിനക്ക് Sherlock Holmes എടുക്കായിരുന്നില്ലേ, ഇപ്പോ തന്നെ കണ്ടുപിടിച്ചേനേലോ ! "

റ്റീച്ചറുടെ പരിഹാസം മനസ്സിലാക്കാനുള്ള പരിജ്ഞാനം ഇല്ലാതിരുന്നതുകൊണ്ട് അവർ ചിരിച്ചുമില്ല കരഞ്ഞുമില്ല.

''നിനക്ക് വല്ല മലയാളവുമെടുത്താ പോരാലേ, പേരു പോലും പറയാൻ അറിയാത്ത ഇംഗ്ലീഷ് തന്നെ വേണം! എന്നിട്ട് വായിച്ചോടാ നീ ? "

''മ്ച്ചും."

''നിൻ്റെ അപ്പന് ഇതിതുമാത്രം കാശ് ഒണ്ടോടാ, ഇതിനൊക്കെ കൊണ്ടുപോയി കളയാൻ?"

റ്റീച്ചർ എണീറ്റ് സ്റ്റാഫ് മുറിയുടെ മുലയ്ക്കിരിക്കുന്ന അലമാരയിൽ നിന്ന് നീണ്ട് നിവർന്ന രണ്ടു മൂന്ന് പുസ്തകങ്ങളെടുത്ത് തിരിച്ചും മറിച്ചും നോക്കി. തുറന്നുകിടന്ന അലമാരപ്പാളികൾക്ക് ഉള്ളിലേയ്ക്ക് അവൻ്റ കണ്ണുകൾ ഏറെ പ്രതീക്ഷയോടെ വാളേന്തി നിൽക്കുന്ന മുവരെ തിരഞ്ഞുകൊണ്ടിരുന്നു

ഹരിച്ചും ഗുണിച്ചും നോക്കി റ്റീച്ചർ പറഞ്ഞു.

"അമ്പത്തിയേഴ് രൂപ അമ്പതു പൈസ."

ഇത്തിൽ കണ്ണി ചുറ്റിപ്പിടിച്ച തൈമാവ് കണക്കെ അവൻ ഞെരിഞ്ഞമർന്നു. റ്റീച്ചറാണ് പുസ്തകം കളഞ്ഞതെന്ന് പറയണമെന്നുണ്ടായിരുന്നു, പക്ഷേ പറ്റിയില്ല. എല്ലാ സത്യങ്ങളും ഉറക്കെ പറയാൻ പാടില്ലെന്ന് അനുഭവം അവൻ പണ്ടേ പഠിപ്പിച്ചു കാണണം! സ്വയം രക്ഷപ്പെടാനുള്ള വഴികളെല്ലാമടഞ്ഞു. വീട്ടിൽ പറയാനുള്ള ധൈര്യമില്ല മോഷ്ടിക്കാനായുള്ള കലയുമില്ല, കഴിവുമില്ല. ഉത്തരമില്ലാത്ത ചോദ്യവുമായി അവൻ പയ്യെ ക്ലാസ്സിലേയ്ക്ക് മടങ്ങി. രണ്ടാഴ്ച്ച മുമ്പ് തന്നെ ചതിച്ച ചോറുപാത്രത്തോട് അവനും വെറുപ്പ് തോന്നി. തൊട്ടുമില്ല, തലോടിയുമില്ല; വിശപ്പവനറിഞ്ഞുമില്ല.

പൂജയ്ക്ക് സ്കൂള് പൂട്ടി. പുസ്തകം തൊടാതെ കളിക്കാനുള്ള സ്വാതന്ത്ര്യകാലം. വിനു മാത്രം പക്ഷേ പുസ്തകകൂട്ടങ്ങളിലും പഴയപെട്ടികളിലും പത്രക്കൂട്ടത്തിനിടയിലുമൊക്കെയായി തപ്പിതിരഞ്ഞു നടന്നു, ഇനി റ്റീച്ചർ പറഞ്ഞപോലെ അവൻ തന്നെ എവിടേലും മറന്നു വെച്ചതാണോന്ന്, ഒരാഗ്രഹമങ്ങനെ ഇല്ലാതെയുമില്ല. ഇതിനിടയിൽ മറ്റൊന്നുകൂടി കളഞ്ഞുപോയി. അതവനറിഞ്ഞുമില്ല. കണക്കിന് 50/50 എന്ന വലിയ സ്വപ്നം !

ആ ദിനങ്ങളിലെ രാത്രികാലങ്ങളിൽ അവൻ്റെ ചിന്തകൾക്ക് കാവൽ കിടന്നത് ഒരു വശത്ത് റ്റീച്ചറും പുസ്തകത്തിൻ്റെ കാശും മറുവശത്ത് അച്ഛനും അടിയും. വശങ്ങളിലേക്ക് നോക്കാതെ കണ്ണുകൾ ഫാനിൽ നിലയുറപ്പിച്ച് അവൻ ഉണർന്നിരുന്ന് ഉറങ്ങി.

അഞ്ചുദിവസമെങ്ങനെയോ പോയി. പാഴായിപ്പോയി. അവൻ്റെ നിശ്ശബ്ദത പിടിക്കപ്പെട്ടു. അമ്മയ്ക്കു മുന്നിൽ ഒരുപാട് നേരം പിടിച്ചുനിൽക്കാനായില്ല. അമ്മയെ കെട്ടിപ്പിടിച്ചവൻ വാവിട്ട് കരഞ്ഞു.

"സാരില്ലാട, അച്ഛനോട് പറയാതെ നടക്കോന്ന് മ്മക്ക് നോക്കാടാ."

തലേന്നത്തെ വഴക്കിലും അപ്പനുമമ്മയ്ക്കുമിടയിൽ ഇടം നേടിയ പത്തു രൂപയുമായി തുലനം ചെയ്യുമ്പോൾ അമ്പത്തിയേഴ് രൂപ അമ്പതു പൈസ അത്ര നിസ്സാരമല്ല. അമ്മ അടുക്കളയിലേയ്ക്ക് നടന്നു, കൂടെ അവനും. അടുപ്പ് വച്ചിരിക്കുന്ന തിണ്ണക്കു താഴെ വിറകു കൂട്ടിയിട്ടിരിക്കുന്നിടത്തേയ്ക്ക് അമ്മ കുനിഞ്ഞുകയറി പഴയ ഓട്ടപ്പാത്രത്തിൽ കൈയ്യിട്ടു, കിട്ടിയതുമായി തിരിച്ചുപൊങ്ങി. അമ്മയേക്കാൾ വേഗത്തിൽ വിനുവത് എണ്ണിതിട്ടപ്പെടുത്തി. മുപ്പത്തിമൂന്ന് രൂപ. ദയനീയത അവൻ്റെ കണ്ണുകളിൽ നിഴലിച്ചു.

അമ്മ പ്രതീക്ഷ കൈവിട്ടിട്ടില്ല. അരിപാത്രത്തിൻ്റെ അടിയിലായി പേപ്പറിൽ പൊതിഞ്ഞു സൂക്ഷിച്ച സമ്പാദ്യവും പുറത്തെടുത്തു. എല്ലാം കൂടി കൂട്ടിയിട്ടും രണ്ടു രൂപ പിന്നെയും കുറവ്. ഇനി എല്ലാം അമ്മ ശരിയാക്കിക്കോളുമെന്ന് അവൻ ആശ്വസിച്ചു, വഴികളടഞ്ഞതിൽ പക്ഷേ അമ്മയ്ക്ക് വേദന ബാക്കിയായി.

"വേറെ വഴിയില്ലെടാ, നീ അച്ഛനോട് ഒരു നോട്ടുപുസ്തകം തീർന്നെന്ന് പറഞ്ഞ് നാളെ രണ്ടു രൂപ തരാമോന്ന് ചോദിക്ക്. നമ്മുക്കിതല്ലേയുള്ളെടാ പൊന്നേ. തന്നില്ലേൽ രണ്ടുരൂപ പിന്നെ തരാന്ന് റ്റീച്ചറോട് പറഞ്ഞുനോക്ക്." കൈട്ടിപ്പിടിച്ചൊരുമ്മകൊടുത്തിട്ട് അമ്മ പറഞ്ഞു. അമ്മയുടെ ആലിംഗനം അവന് പ്രാണവായുവായി.

"മൂന്നാലു പ്രാശ്യായില്ലേ നിൻ്റെ സഞ്ചി പൊട്ടണു; ആ ലില്ലിയെക്കൊണ്ട് ക്രിസ്മസ്സ് വരുമ്പോ ഒരു പുതിയ സഞ്ചി വാങ്ങാൻ വെച്ചതാടാ. ഇനി തച്ചാലും അത് നിക്കാൻ പാടാ. സാരില്ല, ഈ വർഷം കൂടി ഇങ്ങനങ്ങ് പോട്ടെ. നീ ഇത്തിരികൂടി സൂക്ഷിച്ച് ഉപയോഗിച്ചാ മതി."

അനുകൂലമായൊരു സാഹചര്യം കണ്ട് വിനു അച്ഛനോട് നോട്ട് പുസ്തകം തീർന്ന കഥ തൻമയത്തത്തോടെ അവതരിപ്പിച്ചു. പ്രതീക്ഷിച്ചത്ര പുകിലുണ്ടാകാതെ കാര്യം നടന്നു. ഇത്രയും പുസ്തകങ്ങൾ വാങ്ങി എഴുതി പഠിച്ചിട്ടും ഉത്തരക്കടലാസിലെ അക്കങ്ങളുടെ വലിപ്പക്കുറവ് ഒരു പ്രശ്നമാണ്. എന്തായാലം തൽക്കാലത്തെ പ്രശ്നമതല്ലല്ലോ.

ആശനിരാശകളുടെ ഊഞ്ഞാലിൽ ഉയർന്നും താഴ്ന്നും വിനു ആ അവധി തളളിനീക്കി. തിങ്കളാഴ്ച്ച രാവിലെ സ്കൂളിലെത്തി, 57 രൂപ 50 പൈസ കൈമുതലോടെ. പുസ്തകം കണ്ടുകിട്ടിയെന്നു പറയുന്ന റ്റീച്ചറുടെ മുഖം, പിന്നെ അമ്മയുടെ സമ്പാദ്യത്തിലേയ്ക്ക് രണ്ടു രൂപ കൂടി കൊടുത്ത് പുതിയ സഞ്ചിയും അമ്മയുടെ ഒരുമ്മയും വാങ്ങുന്ന സ്വപ്നം അവനെ കൊതിപ്പിച്ചു.

ആദ്യം ചെന്നത് സ്റ്റാഫ് മുറിയിലേയ്ക്കാണ്. ചെറിയൊരവധിയുടെയും വിശ്രമത്തിൻ്റെയും ശേഷിപ്പെന്നോണം റ്റീച്ചറുടെ മുഖം സ്വസ്ഥവും ശാന്തവുമായ നിലപാടുകളിൽ സ്ഥിരത കൈവരിച്ച പോലെ, അവനെ കണ്ടതും

"അവധിയൊക്കെ നന്നായി കളിച്ചു രസിച്ചോടാ നീ? "

റ്റീച്ചറുടെ മുഖം അവൻ്റെ പ്രതീക്ഷകൾക്ക് ചിറക് നൽകി.

"എന്താടാ രാവിലെ?"

"ആ കാണാതെ പോയ ലൈബ്രറി പുസ്തകം... "

''കിട്ടിയല്ലേ ? ഞാൻ പറഞ്ഞില്ലേ അത് വീട്ടിലെവിടേലും കാണുമെന്ന്. ഇവിടെ വെച്ചാ ഒന്നും അങ്ങനെ കാണാതെ പോവില്ല, ഇവിടെ തന്നെ ഇരിക്കും. അതല്ലെ ഞാൻ ഉറപ്പിച്ച് പറഞ്ഞത് വീട്ടിൽ പോയി നോക്കാൻ."

റ്റീച്ചർ സ്വന്തം അസ്തിത്വത്തിന് അടിവരയിട്ട് ചോദ്യവും ഉത്തരവും പറഞ്ഞു കഴിഞ്ഞിരിക്കുന്നു.

നിശ്ശബ്ദതയേക്കാൾ അനുയോജ്യമായ മറ്റൊരു ചോദ്യം അവനിലും അവശേഷിച്ചില്ല.

''പുസ്തകത്തിൻ്റെ കാശ് തരാൻ വന്നതാ..." വിനു വിതുമ്പി.

തൻ്റെയും അമ്മയുടെയും ജീവിതം വാരിക്കൂട്ടി അവൻ റ്റീച്ചറുടെ മേശപ്പുറത്ത് വച്ചു. അവരത് എണ്ണിത്തിട്ടപ്പെടുത്തി പുസ്തകത്തിൽ രേഖപ്പെടുത്തി റസീതും കൊടുത്തു.

അവൻ്റെ കണ്ണിലും മനസ്സിലും ഇരുട്ട് വീണു. മാത്യൂസ് സാറിനെ കാണണമെന്ന് അന്നവന് തോന്നിയില്ല, അങ്ങോട്ട് നോക്കിയുമില്ല. സാറ് ആളിക്കത്തിച്ച തീ പയ്യെ കെട്ട് കനലുകൾ തണുത്തുതുടങ്ങിയിരുന്നു. പിന്നീടങ്ങോട്ട് സ്റ്റാഫ് മുറി എന്നത് നഷ്ടകണക്കുകളുടെ പുസ്തകങ്ങൾ മാത്രം സൂക്ഷിക്കുന്ന ഇടമായി. പുതുമഴയിൽ പൊട്ടിമുളച്ച കൂണുകൾ കണക്കേ വിനുവിൻ്റെ സ്വപ്നങ്ങൾക്കും അല്പായുസ്സായി, അവ ചീഞ്ഞഴുകാൻ തുടങ്ങിയിരിക്കുന്നു. അവൻ ബുദ്ധിമാനിൽ നിന്ന് മണ്ടനിലേക്കുള്ള മടക്കയാത്രക്ക് ചുവടുകൾ വച്ചു നീങ്ങി, ഒറ്റയ്ക്ക്.

 

Image removed.

2You and Vineeth Chandran

Srishti-2022   >>  Short Story - Malayalam   >>  ഒരു ഫിലോസോഫിയും കുറച്ചു സിംബോളിസവും

Nithin Eldho Abraham

Fakeeh Technologies Trivandum

ഒരു ഫിലോസോഫിയും കുറച്ചു സിംബോളിസവും

ഇതൊരു കഥയല്ല. കഴിവില്ലാത്ത ഒരു കഥാകാരന്റെ ഒരാഴ്ച നീണ്ടു നിന്ന ആത്മവ്യഥ മാത്രമാണ്.

വർക്ക് ഫ്രം ഹോം - ഡേ 282:

"മലയാള സാഹിത്യ ചരിത്രം കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ മൂന്ന് പ്രധാന വഴി തിരിവുകൾക്കു സാക്ഷ്യം വഹിക്കുന്നു,

ഒന്ന് കാല്പനിക കാലഘട്ടം അഥവാ റോമാന്റിസിസം,

രണ്ട ആധുനികം അഥവാ.. "

"മതി മതി. ചരിത്രം വേണ്ട. ഒരു ചെറു കഥ ഒപ്പിക്കാനുള്ളത് അതിലുണ്ടോ എന്ന് നോക്കിയാൽ മതി."

"കുറേ ഗൂഗിൾ ചെയ്തു ഒപ്പിച്ചതാ. ചെറുകഥ കൂടെ നോക്കാം.. ആ കിട്ടി ചെറുകഥ പ്രസ്ഥാനം.. ബഷീർ, ഒ വി വിജയൻ, വി കെ എൻ, എൻ എസ്‌ മാധവൻ"

"ന്യൂ ജെൻ ആരെങ്കിലും മതി ഇതൊക്കെ ഔട്ട് ഡേറ്റഡ് ആയി!"

"ന്യൂ ജെൻ ആണെങ്കിൽ സുഭാഷ് ചന്ദ്രൻ, ഇന്ദുഗോപൻ, വി ജെ ജെയിംസ്, സന്തോഷ് ഏച്ചിക്കാനം"

"ആരെയും കേട്ടിട്ട് പോലും ഇല്ല, പിന്നെ പുസ്തകങ്ങളുടെ കാര്യം പറയണോ ?"

"ഓരോരുത്തരുടേയും പുസ്തകങ്ങൾ പി ഡി എഫ് ഡൌൺലോഡ് ചെയ്തു വെയ്ക്കാം. അതിൽ കൊള്ളാവുന്ന ഒരെണ്ണം എടുത്തു അതുപോലെ ഒരെണ്ണം ഇറക്കാം."

"എയ് അത് വേണ്ട .അത് നമ്മുടെ എത്തിക്‌സിനു ചേരില്ല!"

"ഓ ശരി. അല്ലെങ്കിലും ഒരു ചെറു കഥ എഴുതാൻ അത്ര വായനയുടെ കാര്യം ഒന്നും ഇല്ല. കാലിക പ്രസക്തിയുള്ള ഒരു തീം അതിൽ കുറച്ചു ഫിലോസഫി പിന്നെ കുറച്ചു സിമ്പോളിസം അവസാനം ഒരു മെസ്സേജ്. പ്രൈസ് ഉറപ്പാ!.

"ഓക്കേ എന്നാൽ ഇപ്പോൾ തന്നെ പണി തുടങ്ങിയേക്കാം"

"അപ്പോൾ ആഖ്യാനം എങ്ങനെ ?"

"എന്ന് വെച്ചാൽ?"

"നറേഷൻ എങ്ങനെ ആണെന്ന്?"

"ഓ അത് നാടകീയ സ്വഗതാഖ്യാനം മതി"

"എന്ന് വെച്ചാൽ?"

"എന്ന് വെച്ചാൽ ഇതുതന്നെ. soliloquy. ആത്മഗതങ്ങളിലൂടെ കഥ പറച്ചിൽ"

.......

വർക്ക് ഫ്രം ഹോം - ഡേ 283:

"ആദ്യം കാലിക പ്രസക്തിയുള്ള ഒരു തീം. അതിപ്പോൾ എങ്ങനെ കിട്ടും..നീ പത്രം വായിക്കാറില്ലല്ലോ? "

"പത്രം ഒക്കെ ഔട്ട്‍ ഡേറ്റഡ് ആയി. ട്രോള് പേജുകളിൽ #currentaffairs ടാഗ് സെർച്ച് ചെയ്തു നോക്കിയാൽ മതി എല്ലാം കിട്ടും!"

"നോക്കട്ടെ. ഫുട്ബോൾ , ഇരട്ട ചങ്കൻ , നരബലി , കഷായം, വർക്ക് ഫ്രം ഹോം.. ഇതിൽ കുറെ ഉണ്ടല്ലോ! ഏത് വേണം?"

"തിരക്ക് പിടിക്കല്ലേ!. തീം ഓർഗാനിക് ആയിട്ടു വരണം. അത് കിട്ടിയാൽ പിന്നെ എളുപ്പം അല്ലേ!."

"പിന്നെ ഒരു ഫിലോസോഫിയും കുറച്ചു സിംബോളിസവും. പണി തീർന്നു!"

.......

വർക്ക് ഫ്രം ഹോം - ഡേ 284:

"അടുത്തത്?"

"വർക്ക് ഫ്രം ഹോം"

"ഇതൊരു നല്ല തീം ആണ്. ഇത് നന്നാവും!"

"ഇത് തന്നെ അല്ലേ കഴിഞ്ഞ ഏഴു തീം എടുത്തപ്പോഴും പറഞ്ഞത്. ഒരു വരി പോലും ഇതുവരെ എഴുതിയില്ല!"

"റൈറ്റേർസ് ബ്ലോക്ക് എന്ന് കേട്ടിട്ടില്ലേ . ഒന്ന് തുടങ്ങികിട്ടിയാൽ പിന്നെ തീരുന്ന വരെ ഒറ്റ പോക്ക് ആയിരിക്കും. എന്തായാലും ഫിലോസോഫി കിട്ടിയാലോ അപ്പോൾ പിന്നെ ഇത് നടക്കും"

........

വർക്ക് ഫ്രം ഹോം - ഡേ 285:

"എന്നെപോലെ സാധാരണ ഒരു ഐ ടി തൊഴിലാളി വെള്ളിയാഴ്ചകളിൽ പണി എടുക്കാറില്ല . ഫ്രൈഡേ ഈസ് ദി ഡേ ഓഫ് പ്രൊക്രാസ്റ്റിനേഷൻ എന്നാണ് എന്റെ തന്നെ മഹത് വചനം."

.........

വർക്ക് ഫ്രം ഹോം - ഡേ 286:

നാടകീയ സ്വഗതാഖ്യാനം അവസാനിപ്പിക്കുവാൻ അവൻ തീരുമാനിച്ചു. അവനു "ഞാൻ" എന്ന് എഴുതി മടുത്തിരിക്കുന്നു . ഇനി "ഞാൻ" ഇല്ല "അവൻ" മാത്രം.

എങ്കിലും നോട്ട്പാഡ് ഇപ്പോഴും ശൂന്യമായി ഇരുന്നു , ഒരു വരി പോലും ഇല്ലാതെ. എഴുതിയതൊക്കെ അവൻ backspace അടിച്ചു കളഞ്ഞിരുന്നു. അവന്റെ പ്രതീക്ഷകളുടെ അമിത ഭാരം താങ്ങാൻ ഉള്ള കെൽപൊന്നും ആ എഴുതിയവയ്ക്ക് ഇല്ലായിരുന്നു.

പെട്ടെന്ന് ഒരു ഇമെയിൽ നോട്ടിഫിക്കേഷൻ. ചെറു കഥ എൻട്രികൾ വന്നു തുടങ്ങിയിരിക്കുന്നു.

ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരുന്ന കഥകൾ . ഐ ടി വർക്ക് ഫ്രം ഹോം അനുഭവങ്ങൾ , നാടിന്റെ അന്ധവിശ്വാസങ്ങളും ആചാരങ്ങളും , പ്രകൃതിരമണീയതയുടെ തട്ടി കൂട്ടു കഥകൾ.

ഇതിലും നന്നായി എഴുതാൻ സാധിക്കും എന്നവന് അറിയാം. അറിയാം എന്നല്ല ഉറപ്പാണ് . ആത്മവിശ്വാസത്തിൽ തുടങ്ങി അമിത വിശ്വാസവും കടന്നു പുച്ഛത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ അവൻ എത്തി നിന്നു.

കണ്ണിൽ കണ്ട ആദ്യത്തെ ചെറുകഥ അവൻ വായിച്ചു തുടങ്ങി, തീർക്കാനല്ല!.

"കിഴക്കൻ മലകളെ പിൻപറ്റി സൂര്യൻ യാത്ര ആരംഭിച്ചു. ജനാലക്കിപ്പുറം ആ കാഴ്ച നോക്കി നിന്ന അവളുടെ അരികിലേക്ക് ഒരു തണുത്ത ശീതക്കാറ്റ് വീശി വന്നു . സ്വപ്നങ്ങളും പ്രതീക്ഷകളും മരിച്ച അവളുടെ ശരീരം മരവിച്ചത് അവൾ കാര്യമാക്കിയില്ല . ഒരുപക്ഷെ അന്ന് അവളെ അറിയാൻ ശ്രമിച്ചത് ആ കാറ്റു മാത്രമായിരിക്കും. മൂകമായ ആ ശീതകാറ്റ് മാത്രം!"

"മതി വെറും കാല്പനിക പൈങ്കിളി!"

വീണ്ടും ഒരെണ്ണം കൂടെ എടുത്തു ആദ്യ വരി വായിച്ചു.

"തണുത്തുറച്ച ശരീരം പട്ടടയിൽ അഗ്നി വിഴുങ്ങുമ്പോൾ,

കത്തിയമർന്നു പുകമറ വായു വരവേൽക്കുമ്പോൾ,

പിനീട് അത് ആകാശം കൈ നീട്ടി സ്വീകരിക്കുമ്പോൾ,

ബാക്കി വന്ന ഒരു പിടി ചാരം ഭൂമി ഏറ്റുവാങ്ങുമ്പോൾ,

ഒടുവിലെ അസ്ഥികൾ ചിതാഭസ്മമായി ഭാരതപ്പുഴയിൽ ലയ്ക്കുമ്പോൾ ,

മനുഷ്യൻ അറിയുന്നു പ്രകൃതി നിയന്ത്രിക്കുന്ന പഞ്ചഭൂതത്തെ,

ജീവനോടെ അല്ലെങ്കിലും!"

ഒരു നിമിഷം, മറന്നു തുടങ്ങിയ ഏതോ ഓർമ്മകൾ തിരിച്ചു വരുന്ന പോലെ.

പെട്ടെന്ന്.

"തനി സംഘി! ഇതിലും നന്നായി എഴുതി കാണിച്ചു കൊടുക്കണം!"

...

വർക്ക് ഫ്രം ഹോം - ഡേ 287:

ഒരു കഥ എഴുതണം എന്ന ആഗ്രഹം അവൻ ഉപേക്ഷിച്ചു. വേണ്ട കഥ വേണ്ട ഒരു വരി എങ്കിലും എഴുതണം. അവന്റെ ഈഗോയ്ക്ക് അതെങ്കിലും വേണമായിരുന്നു.

പക്ഷെ ആ വരി?. എന്തായാലും ഒരു ഫിലോസോഫി വേണം പറ്റുമെങ്കിൽ കുറച്ചു സിംബോളിസവും. ഒരു വരി എങ്കിലും!!

......

വർക്ക് ഫ്രം ഹോം - ഡേ 288:

ഒരു വാക്ക് പോലും ഇല്ലാതെ അവന്റെ നോട്ട്പാഡ് തുറന്നു തന്നെയിരുന്നു . അല്ലെങ്കിൽ ഒരു വരി വേണ്ട. ലോകത്തിലെ മഹത്തായ പല ഫിലോസോഫികളും ഒരു വാക്കിൽ ഉള്കൊള്ളുന്നവയാണ് . അതെ ഒരു വാക്ക് മതി. ലോകത്തിലെ എല്ലാ ഫിലോസോഫിയും എല്ലാ സയന്സും എല്ലാം എല്ലാം ഉൾകൊള്ളുന്ന ഒരു വാക്ക്. അതാണ് എന്റെ ഷോർട് സ്റ്റോറി എൻട്രി. പക്ഷെ ആ വാക്ക്??.

കാലങ്ങൾക്കു മുന്നേ അവൻ വിശ്വാസി ആയിരുന്നപ്പോൾ ഏറ്റവും ആകർഷിച്ച ഒരു വാക്ക്, മറന്നു തുടങ്ങിയ ഒരു വാക്ക് , അവന്റെ മനസ്സിലേക്ക് വീണ്ടും വന്നു . ഗുരുദേവനും അഴിക്കോടും വന്നു.

പക്ഷെ ഈ വാക്ക് അവൻ എഴുതില്ല, മത നിരാകരണം ഒരു അനുഷ്ട പോലെ പിന്തുടരുന്നത് കൊണ്ടല്ല, രണ്ടു ദിവസം മുന്നേ അവൻ ആർക്കോ ചാർത്തി കൊടുത്ത സംഘി ചാപ്പ അവന്റെ തലക്ക് മേൽ വാളായി കിടക്കുന്നത്കൊണ്ട്.

"അല്ലെങ്കിലും വസ്തുതകളെ മാത്രം കണക്കിൽ എടുക്കുന്ന , സയൻസിൽ മാത്രം വിശ്വാസം അർപ്പിക്കുന്ന ഞാൻ വെറും കഥ അല്ല എഴുതേണ്ടത്!".

തൊട്ടു അടുത്ത് തുറക്കാതെ കിടന്ന ഇമെയിൽ തലക്കെട്ടു അവൻ വായിച്ചു "പ്രബന്ധ രചന മത്സരം"

പുതിയ ഒരു ടാബ് തുറന്നു അവൻ സെർച്ച് ചെയ്തു "പ്രബന്ധ രചന കാലഘട്ടങ്ങളിലൂടെ"

..........

വർക്ക് ഫ്രം ഹോം - ഡേ 289:

Srishti-2022   >>  Short Story - Malayalam   >>  (അ)ശാന്തിതീരം

(അ)ശാന്തിതീരം

(അ)ശാന്തിതീരം

ബെത്ലേഹേം ഉറങ്ങുകയാണ്……!

……തൂവെള്ളമഞ്ഞിന്റെ പുതപ്പ് ഗ്രാമത്തെ മൊത്തം ആവരണം ചെയ്തിരിക്കുന്നു. ചൂളം വിളിയോടെത്തുന്ന കാറ്റിൽ മഞ്ഞിൻ കണങ്ങൾ ഇടതടവില്ലാതെ വീണുക്കൊണ്ടിരുന്നു. വീശിയടിച്ച നേർത്ത കാറ്റിൽ കാതോടുകാതോരം മന്ത്രിക്കുന്നത് ഒരു പ്രവാചക ശബ്ദമാണോ…? മഞ്ഞിൽ ഇലയുതിർത്ത മരങ്ങൾക്കിടയിലൂടെ ഒളിഞ്ഞുനോക്കുന്ന ചന്ദ്രൻ... ആരെയാണാവോ തിരയുക…? പകലിന്റെ ആലസ്യത്തിൽ സുഖസുഷുക്തിയിൽ മയങ്ങുന്ന ഗ്രാമവാസികൾ, ഒരല്ലലുമില്ലാതെ… ഭാഗ്യം ചെയ്തവർ. ഗ്രാമം ഉറങ്ങുകയാണ് ……!

……ഉണരുന്ന പട്ടണത്തിന്റെ നെഞ്ചിലൂടെ പ്രഭാത സവാരിക്കിറങ്ങി നടക്കുന്ന ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും കാലടി ശബ്ദം വ്യക്തമായി കേൾക്കാം. എന്തെല്ലാം തരത്തിലുള്ള വേഷവിധാനങ്ങളാണ് അവരുടേത്. മൊബൈൽ ഫോണിലൂടെ വരുന്ന പാട്ടിന്റെ ഈരടികളിൽ ത്രസിച്ചു നടക്കുന്ന സവാരിക്കാർ. കൊച്ചു വർത്തമാനം പറഞ്ഞു നടക്കുന്നവരും കുറവല്ല. നാട്ടിൽ അലയുന്ന ചില പട്ടികൾ അവരോടൊപ്പം കൂടിയിട്ടുണ്ട്. ചിലരതിനെ താലോലിക്കുന്നു, ചിലരതിനെ ആട്ടുന്നുമുണ്ട്. റോഡിൽ തിരക്ക് വർദ്ധിക്കുന്നതോടെ സവാരിക്കാരുടെ ശബ്ദം അപ്രത്യക്ഷമായി. വാഹനങ്ങളിൽ നിന്ന് വരുന്ന പുക ആകെ അസ്വസ്ഥത ഉളവാക്കി. വടക്കുനിന്ന് വരുന്ന ജാഥ ഗതാഗത തടസ്സം സൃഷ്ടിച്ചു. കിടപ്പാടംപ്പോലും നഷ്ടപ്പെടാൻ പോകുന്ന തുറമുഖതൊഴിലാളികൾക്ക് വേണ്ടി, അവർക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ജാഥക്കാർ. ഏതോ വലിയ വാഹനം തട്ടി മറിഞ്ഞുവീണ ബൈക്ക് യാത്രക്കാരന് ചുറ്റും ഓടിക്കൂടുന്ന മനുഷ്യർ. ചീത്ത വിളികളുടെ കീർത്തനത്തിൽ രാത്രിയുടെ കരിമ്പടം ഏറ്റുവാങ്ങി പട്ടണം മയക്കത്തിലേക്ക്……!

……ദൂരെയെവിടെയോ നിന്ന് ഒരു സംഗീതത്തിന്റെ നേർത്ത അലയൊലികൾ കാറ്റിനൊപ്പം അരികണയുന്നു. മഞ്ഞിൻ പുതപ്പിൽ നേർത്ത വരയായി തെളിയുന്ന ഗ്രാമവീഥിയിലൂടെ നടന്നുനീങ്ങുന്ന യാത്രാസംഘത്തിന്റെ നാടൻ രാഗശീലുകളാണോ അത്…? അതോ… മഞ്ഞിന്റെ കൂർത്ത ദംശനമേറ്റ് പിടയുന്ന കുഞ്ഞിനെ പാടിയുറക്കുന്ന അമ്മയുടെ താരാട്ടോ…? അതേ… ഉറങ്ങുന്ന ഗ്രാമത്തിലെ ഉറങ്ങാത്ത മാതൃത്വത്തിന്റെ താരാട്ട്… ഗ്രാമം ഉറങ്ങുകയാണ് ……!

……താരാട്ട് പാടിയുറക്കിയ അമ്മയെ വെട്ടികൊലപ്പെടുത്തിയ മകന്റെ വാർത്ത കേട്ടുണരുന്ന പട്ടണം. ചൂടോടെ വീണുകിട്ടിയ വാർത്തയുടെ സന്തോഷത്തിരക്കിലാണ് പത്രമാഫീസുകളും നാട്ടുകാരും. പോലീസുകാർക്കും, ഈ ദിവസം സമ്മാനിച്ച ഉത്സാഹതിമിർപ്പിന്റെ ആവേശം. ചിലർ മൂക്കത്ത് വിരൽവെക്കുന്നു. പക്ഷെ ഇതൊക്കെ ശ്രദ്ധിക്കാൻ പട്ടണത്തിനെവിടെയാ നേരവും സമയവും. തിരക്കല്ലേ… തിരക്കോട് തിരക്ക്… ശാന്തത നഷ്ട്ടപെട്ട പട്ടണത്തിന്റെ ശാന്തമാവാത്ത രാത്രികളിലേക്കുള്ള യാത്ര……!

……ദൂരെ… ഒരു കുന്നിൻ ചെരിവിലെ കാലിത്തൊഴുത്തിൽ വിരിയുന്ന ഒരു അഭൗമ പ്രകാശം… പ്രകാശത്തിന്റെ പ്രഭാപൂർണിമയിൽ താളം ചവിട്ടുന്ന കാലിക്കൂട്ടങ്ങൾ... ആട്ടിൻപറ്റങ്ങൾ, ഗ്രാമം ഉറങ്ങുകയാണ്……!

……പട്ടണത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ നീണ്ട ക്യു. ചുമയും കുരയുമൊക്കെയായി അണഞ്ഞണഞ്ഞു നീങ്ങുന്ന ക്യുവിന്റെ ഇങ്ങേത്തലക്കൽനിന്ന് അങ്ങേത്തലക്കലേക്കെത്തുമ്പോൾ എന്താണാവോ സംഭവിക്കുക. അതിനിടയിൽ പട്ടികടിച്ച ഒരു സ്ത്രീയെ കൊണ്ടുവന്നു. അവരും ക്യുവിന്റെ ഇങ്ങേ തലക്കൽത്തന്നെ നിന്നു. അമ്മയെ പട്ടികടിക്കുന്നത് കണ്ടപ്പോൾ പട്ടിയെ തല്ലിക്കൊന്ന മകന്റെ പേരിൽ കേസ്. കഷ്ടം ……! പ്രകാശം കെട്ടുപോയ മനസ്സുകൾ. കന്നുകാലികളോ ആട്ടിൻപറ്റമോ ആയി ജനിച്ചാലും മതിയായിരുന്നു എന്ന് അമ്മയുടെ ആത്മഗതം. സന്ധ്യയാവുന്നു ……! ഇപ്പോഴും ക്യു നീണ്ടുത്തന്നെ……!

……കയ്യിലിരിക്കുന്ന കുഞ്ഞിനെ ആരാധനയോടെ നോക്കുന്ന അമ്മ, അമ്മയ്‌ക്കരികിൽ വളർന്ന താടിരോമങ്ങളിൽ വിരലുകളോടിച്ച്, പിതാവെന്ന് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ യുവാവ്. ആ ദിവ്യപൈതൽ മിഴികൾ തുറന്ന് അമ്മയെ നോക്കി. പുഞ്ചിരി പൊഴിഞ്ഞുവീണ അധരങ്ങൾ നുണഞ്ഞുകൊണ്ട്, അമ്മയ്‌ക്കരികെ നിൽക്കുന്ന പിതാവിനെയും……!

……മയക്കുമരുന്ന് കൈയിൽ സൂക്ഷിച്ചതിന് ഇരുമ്പഴികൾക്കുളിലായ മകൻ, അവൻ കുറ്റക്കാരനോ നിരപരാധിയോ എന്ന് ആ പിതാവിനറിയില്ല, ഒരുപക്ഷെ അവനെ ആരെങ്കിലും ചതിച്ചതാവും. മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ ഒരു ലക്ഷണവും ആ പിതാവ് അവനിൽ കണ്ടിട്ടുമില്ല. ചങ്കുപൊട്ടി കരയുന്ന അച്ഛൻ. കരയാൻ പോലും ശേഷിയില്ലാതെ നിൽക്കുന്ന അമ്മ. ഒടുവിൽ അപമാനം സഹിക്കാൻ വയ്യാതെ ആത്മഹത്യയിലേക്ക് നീങ്ങുന്നു ആ പിതാവ്. ദൈവമേ വികസനം തകർച്ചയാണോ..? അറിയില്ല …… മയക്കുമരുന്നിന്റെ ആലസ്യത്തിലേക്ക് തെന്നി വീഴുന്ന പട്ടണം. നിദ്ര തഴുകാത്ത ശരീരവുമായി ആ അമ്മ കിടന്നു. നെടുവീർപ്പുകൾക്ക്മീതെ……!

……വീണ്ടും ആ മിഴികൾ ഒരിക്കൽക്കൂടി തുറന്നു. വിടർന്ന മിഴികളിൽ സ്വർണത്തിളക്കം. അധരങ്ങളിൽ പാൽപുഞ്ചിരി. ആ മിഴികൾ അടയുകയായി.

അപ്പോൾ... കനത്ത കാലൊച്ചകൾ... ദീനരോദനങ്ങൾ. റാഹേൽ തന്റെ സന്താനങ്ങളെക്കുറിച്ചു കരയുന്നു. എന്തെന്നാൽ അവൾക്ക് സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. ഗ്രാമം ഉണരുകയായി……!

……മിഴി തുറന്ന പട്ടണത്തിന്റെ നെഞ്ചിലേക്ക് അന്ധവിശ്വാസത്തിന്റെ കനത്ത ബൂട്ടുകളിട്ട് ആഞ്ഞാഞ്ഞു ചവിട്ടുകയാണ്. അവിടെ രണ്ടു ജീവനുകൾ പിടഞ്ഞമരുമ്പോൾ വികസനം കൊണ്ടുവന്ന അശാന്തത നാടെങ്ങും പരക്കുകയായി. ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു. എങ്ങും അക്രമവും കൂട്ടകരച്ചിലുകളും മാത്രം. ഗ്രാമത്തിന്റെ ശാന്തതയിൽനിന്നും പട്ടണത്തിന്റെ വികസനത്തിലേക്ക് നടക്കുകയായിരുന്നു ഞാൻ. വയ്യ …… എന്റെ ചിന്തകളിൽ തീ പടരുകയാണ്. തല വെട്ടിപ്പിളർക്കുന്ന വേദന. ഗ്രാമത്തെക്കാൾ പട്ടണത്തെ സ്നേഹിച്ച എന്റെ മനസ്സ് പിടയുകയാണ്. ഒന്നും കാണാതിരിക്കാനായി എന്റെ മിഴികൾ ഞാൻ മുറുക്കനെ അടച്ചു …… ഗ്രാമത്തിന്റെ ശാന്തതയും ഒപ്പം പട്ടണത്തിന്റെ വികസനവും ഞാനിഷ്ടപ്പെടുന്നു. ഞാൻ ഇഷ്ടപ്പെടുന്ന എന്റെ പട്ടണമേ ഉറങ്ങുക…… ഉറങ്ങുക…… ശാന്തതയോടെ ഉറങ്ങുക., ശാന്തപൂർണമായ ഒരു ജീവിതത്തിലേക്ക് വീണ്ടും ഒരിക്കൽക്കൂടി ഉണരാനായി…………!!!!

Srishti-2022   >>  Short Story - Malayalam   >>  ദി ഹാപ്പിനെസ്സ് കോഡ്

ദി ഹാപ്പിനെസ്സ് കോഡ്

 

 

അന്നൊരു വെള്ളിയാഴ്ചയായിരുന്നു തിരക്കിട്ട ജോലികളെല്ലാം തീർത്തു ഞങ്ങൾ വീട്ടിലെക്ക് തിരിച്ചു.

ഞങ്ങൾ എന്ന് പറയുമ്പോ ഞാനും വിവേകും.

2 വർഷമായി കല്യാണം കഴിഞ്ഞിട്ട് , ഇപ്പൊ ഇവിടൊരു IT കമ്പനിയിൽ ജോലി ചെയ്യുന്നു.

വല്ലാത്തൊരു ദിവസമായിരുന്നു അന്ന് തല പുകഞ്ഞ ടാസ്കുകൾ , 2 മീറ്റിംഗ് എല്ലാത്തിനും പുറമേ സമയം തെറ്റി വന്ന പിരീഡ്‌സും.

കാറിലെ മുൻസീറ്റിൽ ചാരിയിരുന്ന ഞാൻ എപ്പഴോ ഉറങ്ങി പോയിരുന്നു...

വിൻഡോ ഗ്ലാസിൽ ആരോ മുട്ടിയത് വലിയൊരു മുഴക്കത്തിൽ ന്റെ ചെവിയിൽ പതിഞ്ഞു , തുറന്ന കണ്ണുകൾക്ക് ആദ്യം കാണേണ്ടി വന്നത് മടുപ്പിക്കുന്ന നീണ്ട വരിയിൽ കാത്തു കിടക്കുന്ന വാഹനങ്ങളാണ്, ഗ്ലാസിൽ മുട്ടിയ തിളങ്ങുന്ന കണ്ണുകളുള്ള കൊച്ചു കുട്ടി ട്രാഫിക്കിൽ ചെറിയ കച്ചവടം നടത്തുന്നവരുടെ കൂടെയുള്ളതാണ്, അവൾ വെച്ച് നീട്ടിയ വർണ ബലൂൺ ഞാൻ പത്ത് രൂപ കൊടുത്തു വേടിച്ചു , ചെറിയ ചിരിയും പാസാക്കി അവൾ നടന്നകന്നു...

തുറന്ന ഗ്ലാസ്സിനകത്തേക്ക് തിങ്ങി നിന്ന ശബ്ദ കോലാഹലങ്ങൾ കേറി വന്നു , പാതി മിഴിഞ്ഞ കണ്ണുകളിലേക്ക് ബ്രേക്ക് ലൈറ്റുകളുടെ ചുവന്ന വെളിച്ചം ചൂഴ്ന്നിറങ്ങി, നിർത്തിയിട്ട സ്കൂട്ടറിന്റെ പിന്നിൽ അമ്മയോട് ചേർന്നിരുന്ന കൊച്ചു സുന്ദരി എന്നെ തന്നെ നോക്കിയിരുന്നു....

വിവേക് : നല്ല തിരക്കാണ് , എപ്പഴാണാവോ ഒന്ന് ഫ്രീ ആയി കിട്ടാ... നീ ഓക്കേ അല്ലെ ?

മനസ്സ് മടുപ്പിക്കുന്ന ട്രാഫിക് ബ്ലോക്കിൽ കിടക്കുമ്പോഴും അവൻ എന്റെ അസ്വസ്ഥതകളെ പറ്റി ചോദിക്കാൻ മറന്നിരുന്നില്ല.

വൈകാതെ ഞങ്ങൾ അപ്പാർട്മെന്റിലെത്തി പാർക്കിങ്ങിൽ വണ്ടിയൊതുക്കി സെക്യൂരിറ്റി ചേട്ടനൊരു ഹായ് പറഞ്ഞു ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു.. ” Lift Under Maintenance, Use Stairs “ എന്നെഴുതി വെച്ച മഞ്ഞ ബോർഡ് ,

നീണ്ട കോഡിൽ ഒളിഞ്ഞു കിടന്ന 404 ഫാറ്റാൽ error പോലെ തോന്നി.

സാരല്ല... ദേഷ്യം. ആവണ്ട എന്ന രീതിയിലൊരു നോട്ടം തന്ന് അവൻ എന്നെയും തള്ളി കോണിപ്പടികൾ കേറി മുകളിലെത്തി...

ഡോറിന് മുന്നിലെത്തി കീ എടുക്കാനായി തിരഞ്ഞ ഹാൻഡ്ബാഗ് കാറിന്റെ ബാക്ക്സീറ്റിരിപ്പുണ്ട്, തിളച്ചു കേറിയ ദേഷ്യത്തിൽ തലയിൽ കൈ വെച്ച് ഞാൻ മുകലിലൊട്ട് നോക്കി.

ചെറിയ ചിരിയോടെ എന്റെ തോളിൽ തട്ടി അവൻ ബാഗ് എടുക്കാനായി താഴോട്ട് തന്നെ നടന്നു.

നിസ്സഹായമായ ന്റെ കണ്ണുകൾ ദേഷ്യവും, സങ്കടവും കുമിഞ്ഞു കൂടിയപ്പോൾ കണ്ണീരിനാൽ നിറഞ്ഞിരുന്നു, അനിയത്രിതമായ ചിന്തകൾ കൂടുതൽ വേട്ടയാടിക്കൊണ്ടേയിരുന്നു.

അകത്തു കേറി ഫ്രിഡ്ജിൽന്ന് അര കുപ്പി വെള്ളവും കുടിച്ചു കുറച്ചു നേരം ഒന്നും മിണ്ടാണ്ട് സോഫയിൽ തന്നെ ഇരുന്നു , മുഷിപ്പ് മാറ്റാനായി നേരെ കുളിക്കാനായി നടന്നു, ഷവറും തുറന്ന് ന്തൊക്കെയോ ആലോചിച്ചു തല തണുക്കുവോളം അവിടെ തന്നെ നിന്നു.

കുളിച്ചു തലയും തോർത്തി പുറത്ത് വന്നപ്പോ എനിക്ക് അവൻ വെച്ച് നീട്ടിയ ആവി പറക്കുന്ന കോഫിക്ക് വലിയ സ്നേഹത്തിന്റെ മധുരമായിരുന്നു.

ബാൽകണിയിൽ ഞങ്ങൾ കോഫിയും കുടിച്ചൊരുപാട് നേരം സംസാരിച്ചോണ്ടിരുന്നു. പൊടിഞ്ഞിറങ്ങിയ ചാറ്റൽ മഴയിൽ അവിടം ചെറുതായൊന്ന് തണുത്തു, പതിഞ്ഞു വീശിയ തെന്നൽ അവന്റെ മുഖത്തും, മുടിയിലും തലോടി വീശിയൊഴിഞ്ഞു... എന്നെ മാത്രം നോക്കി നിന്ന ആ കണ്ണുകളിൽ അഗാധമായ സ്നേഹം എനിക്ക് കാണാം.

അവൻറെ കൈയും പിടിച്ചു ഞാൻ വിദൂരദയിലേക്ക് കണ്ണുകളയച്ചു... ഉയർന്നു നില്ക്കുന്ന വലിയ കെട്ടിടങ്ങൾ , നിർത്താതെയോടുന്ന വാഹങ്ങളുടെ പൊടി വെളിച്ചം... കണ്ടുമടുത്ത കാഴ്ച്ചകൾ.

" ഡാ നമുക്ക് അമ്മടെ വീട്ടിലേക്ക് ഒന്ന് പോയാലോ ? ഒറ്റപ്പാലത്തിക്ക് !

"ഓ പോവാലോ , നാളെ തന്നെ പോവാം, എവിടേലും പോയാലോ ന്ന് ഞാനും മനസ്സിൽ വിചാരിച്ചിരുന്നു"

എന്തിനാ, ഏതിനാ എന്നൊന്നും അവൻ എന്നോട്‌ ചോദിച്ചില്ല, ഈ തിരക്കിൽ നിന്നും ഒരു മാറ്റം ഞാൻ ആഗ്രഹിക്കുന്നുണ്ടെന്ന് എന്നെക്കാൾ കൂടുതൽ അവനറിയാം...

ഓർഡർ ചെയ്ത ഫുഡും കഴിച്ചു, വേണ്ടതെല്ലാം ബാഗിൽ എടുത്തു വെച്ച് ഉറങ്ങാൻ കിടന്നു.

രാവിലെ നേരം വൈകാതെ തന്നെ ഞങ്ങൾ പാലക്കാട്ടേക്ക് യാത്ര തിരിച്ചു, ഈ തിരക്കിനിടയിൽ നിന്നൊരു ചെറിയ മാറ്റം അനിവാര്യമായിരുന്നു.

റോഡിൽ വാഹനങ്ങൾ കുറവാണ് , ഇടതിങ്ങിയ പട്ടണത്തിലെ ശബ്ദ കോലാഹലങ്ങൾ ഒന്നും കേൾക്കാനില്ല , നോക്കെത്താ ദൂരം വലിയ വയൽ ശേഖരങ്ങൾ കാണാം. വലിയ കെട്ടിടങ്ങളില്ല , വയലുകൾക്ക് നടുവിൽ നിവർന്നു നിൽക്കണ കരിമ്പനകൾ കാണാം,ആകാശം മുട്ടെ പരന്നു കിടക്കണ മലനിരകളും...

വീടിന്റെ മുറ്റത്തേക്ക് കാർ കേറില്ല പടിപ്പുരക്കടുത്ത് വണ്ടിയൊതുക്കി ഞങ്ങൾ അകത്തേക്ക് നടന്നടുത്തു. ഉമ്മറത്തെ ചാരി കസേരയിലിരുന്ന് നെറ്റിയിൽ കൈയും വെച്ച് ഞങ്ങളെയും നോക്കാണ് മുത്തശ്ശൻ , അടുത്തെത്തിയപ്പോഴാണ് ഞങ്ങളെ മനസിലായത്. അപ്പോഴേക്കും അമ്മമ്മയും കോലായിലെത്തിയിരുന്നു, പ്രതീക്ഷിക്കാതെയുള്ള ഞങ്ങളുടെ വരവ് അവരുടെ സന്തോഷം ഇരട്ടിയാക്കി, ചിരിച്ചോണ്ടിരുന്ന അവരുടെ മുഖത്ത് ന്തോ ഒരു വെളിച്ചം ഞാൻ കണ്ടു.

ഉച്ചയൂണും കഴിഞ്ഞു വെയിലൊതുങ്ങിയപ്പോൾ ഞങ്ങൾ പുറത്തേക്കിറങ്ങി, ഞാൻ ചുറ്റും നോക്കി... വർഷമിത്ര കഴിഞ്ഞിട്ടും ഇവിടം വലിയ മാറ്റങ്ങളൊന്നുമില്ല. മുറ്റത്തെ തുളസി തറയും, മൂവാണ്ടൻ മാവും, തൊടിയിലെ മരങ്ങളും, തൊഴുത്തും പശുക്കളും , എല്ലാം അതുപോലെ തന്നെയുണ്ട്...

പടിപ്പുര കടന്ന് എന്നെയും തേടി വന്നു കുഞ്ഞു തെന്നൽ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ ബാല്യകാലത്തേക്ക് എന്നെ കൈപിടിച്ചു..

മൂവാണ്ടൻ മാവിന്റെ കൊമ്പിൽ തൂങ്ങിയാടുന്ന ഊഞ്ഞാലായിലെ 5 വയസ്സുകാരിയുടെ ചിരി എനിക്ക് മാത്രം കേൾക്കാം, എന്നെയും വിളിച്ചവൾ പടിപ്പുരയിലേക്കോടി ,യാന്ത്രികമായി കൂടെ ഞാനും...

വീടിനു പുറത്തായി പരന്നു കിടക്കുന്ന വയൽ പച്ചപ്പണിഞ്ഞു അതിമനോഹരമായിരുന്നു, മുറുക്കി ചോപ്പിച്ച ചുണ്ടിൽ നെൽകതിരുമായി ഒരു പച്ചതത്ത എങ്ങോട്ടോ പറന്നകന്നു.

അവൻറെ കൈയും പിടിച്ചു വരമ്പത്തൂടെ ഞങ്ങൾ നടന്നു, പണ്ട് അച്ഛന്റെ കൂടെ ഉത്സവം കാണാൻ പോയതെല്ലാം മനസ്സിൽ മിന്നിമറഞ്ഞു,

അച്ഛന്റെ തോളത്തിരിക്കുന്ന ആ അഞ്ചു വയസുകാരിയെ എനിക്കിപ്പോഴും മനസ്സിൽ തെളിഞ്ഞു കാണാം.

വരമ്പിനപ്പുറം നിവർന്നു നിന്ന ആൽമരം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ആൽത്തറയിൽ എത്രം നേരം വേണമെങ്കിലും മടുപ്പിലാണ്ട് ഇരിക്കാം, സന്ധ്യ മയങ്ങും വരെ ഞങ്ങൾ കഥകൾ പറഞ്ഞിരുന്നു.

ഇരുട്ട് മറയുന്നതിനെ മുന്നേ ഞങ്ങൾ വീട്ടിലെത്തി, ഉമ്മറത്തെ ചെറിയ വെളിച്ചത്തിൽ കാലും നീട്ടിയിരുന്ന് രാമായണം വായിക്കാണ് മുത്തശ്ശി, ചാരുകസേരയിലിരുന്നു എന്തോ വലിയ ആലോചനയിലാണ് കാർനോർ...

പാടത്ത് റാന്തൽ വിളക്കും പിടിച്ചു ആരൊക്കെയോ മീൻ പിടിക്കാൻ ഇറങ്ങീട്ടുണ്ട്, അവരുടെ വലിയ കൂക്കു വിളികൾ ഇവിടെ കേൾക്കാം. തെങ്ങിനിടയിലൂടെ ഒളിച്ചു നോക്കിയ പൂർണചന്ദ്രന്റെ നിലാവെളിച്ചം അവിടം കൂടുതൽ മനോഹരമാക്കി. സംസാരത്തിനിടയിൽ ഞാൻ അവനെ തന്നെ നോക്കിയിരുന്നു, ജീവിതത്തിൽ വെളിച്ചമായി എന്നും കൂടെ നിന്ന് ചേർത്ത് പിടിച്ചതിനു സ്നേഹമല്ലാതെ മറിച്ചൊന്നും തിരിച്ചു കൊടുക്കാനില്ലെന്ന തിരിച്ചറിവോടെ.

ഇത്രയും സമാധാനത്തിലും, സന്തോഷത്തിലും അടുത്തൊന്നും ഉറങ്ങാൻ കിടന്നിട്ടില്ല എന്നത് രണ്ട് പേരുടെയും ചിരിയിൽ വ്യക്തമായിരുന്നു.

രാവിലെ ഉറക്കമുണർന്നപ്പോൾ നെഞ്ചിലെ വലിയ ഭാരങ്ങളെല്ലാം കാറ്റിൽ എവിടെയോ പറന്നകന്നപോൽ തോന്നി.

ഉള്ളിൽ സങ്കടമുണ്ടെങ്കിലും നിറഞ്ഞ ചിരിയോടു കൂടിയാണ് അവർ ഞങ്ങളെ യാത്രയാക്കിയത്, പടിപ്പുരക്കൽ നിന്ന് കൈ വീശി യാത്ര പറയുമ്പോൾ പട്ടുപാവാടയിട്ട 5 വയസ്സുകാരി എന്നെ മാത്രം നോക്കി ചിരിക്കുന്നുണ്ടായിരുന്നു , എന്റെ കണ്ണുകൾ നിറഞ്ഞത് സന്തോഷം കൊണ്ടായിരിക്കാം..

ചെറിയ ജീവിതത്തിലെ വലിയ തിരിച്ചറിവുകളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്.

നിന്റെ സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും ഉത്തരം നിന്നിൽ തന്നെയാണ്, ' ദി ഹാപ്പിനെസ്സ് കോഡ് '

Srishti-2022   >>  Short Story - Malayalam   >>  കട്ടൻ

:Dileep Perumpidi

TCS

കട്ടൻ

രണ്ടുമാസത്തെ ലീവിന് വരുമ്പോൾ ഇങ്ങനെയൊരു പ്ലാൻ ഇല്ലായിരുന്നു . തികച്ചും യാദർശ്ചികമായാണ് ടൗണിൽ വെച്ച് അനിലിനെ കാണുന്നത്. ചായകുടിച്ച് കഥപറഞ്ഞ് തുടങ്ങിയപ്പോൾ അവനു കോളേജിൽ പോയി ഒന്ന് കാറ്റുകൊള്ളണം. സംഭവം എനിക്കും കളറായി തോന്നി . കോളേജ് വിട്ടിറങ്ങിയിട്ട് ഏതാണ്ട് പതിനഞ്ച് വർഷങ്ങൾ ആകുന്നു . പാസ്ഔട്ട് ആയതിനുശേഷം തുടക്കകാലത്തൊക്കെ വർഷത്തിൽ ഒരിക്കലെങ്കിലും ഒത്തുകൂടലുകൾ നടന്നിരുന്നു . പിന്നീട് എല്ലാവരും അവരവരുടെ വഴിയേ പോയി .

കോളേജിന് വന്ന മാറ്റം അതിശയിപ്പിക്കുന്നതും വിഷമിപ്പിക്കുന്നതും ആയിരുന്നു . ഒട്ടുമിക്ക കെട്ടിടങ്ങളും പുതുക്കി പണിതിരിക്കുന്നു . പല ഭാഗങ്ങളും തിരിച്ചറിയാൻ പറ്റാത്തവിധം മാറിയിരിക്കുന്നു . "ഇതിപ്പോ ഏത് കോളേജാണെടോ" അനിലിന്റെ വാക്കിലും നൊസ്റ്റു കിട്ടാത്തതിന്റെ വിഷമം പ്രകടമായിരുന്നു . കോളേജുകൾ ചുറ്റിക്കറങ്ങികഴിഞ്ഞ് മെൻസ് ഹോസ്റ്റൽ കണ്ടപ്പോൾ മാത്രമാണ് ഞങ്ങൾക്ക് ആ പഴയ ഫീൽ തിരിച്ചുകിട്ടിയത് . പഴമ കൂടിയെന്നല്ലാതെ കാര്യമായ ഒരു മാറ്റവും ഇല്ലാത്ത ആ കെട്ടിടം ഹോസ്റ്റൽ വീരഗാഥകൾ ഓരോന്നോരോന്നായി മനസ്സിൽ നിറച്ചു . തന്റെ ഒരു ബന്ധുവിന് വേണ്ടി ഹോസ്റ്റൽ ഒന്ന് നോക്കിക്കാണാൻ വന്നതാണെന്ന് ഒരു കള്ളം ഹോസ്റ്റൽ വാർഡനോട് പറഞ്ഞത് എന്തിനാണെന്ന് അറിയില്ല . അല്ലേലും ഹോസ്റ്റൽ വാര്ഡന്മാരെ കാണുമ്പോൾ ഒരിക്കലും സത്യം പറയാൻ തോന്നാറില്ല .

ഗെയിംസ് റൂമും ടീവി റൂമും ഷട്ടിൽ കോർട്ടും സ്ഥിരം വെള്ളമടി വേദിയായ ഇട്ടിയുടെ റൂമും റാഗിംഗിന്റെ പ്രധാന വേദിയായിരുന്ന വാഷ്‌റൂമും അനുബന്ധ സ്ഥലങ്ങളും കണ്ടതോടെ മൊത്തത്തിൽ ഉണ്ടായിരുന്ന വൈബ് അങ്ങ് കത്തിക്കേറി .തിരിച്ചിറങ്ങുമ്പോൾ പണ്ടത്തെ ഗാങ്ങിലെ എല്ലാവരെയും നിരത്തിയങ്ങ് വിളിച്ചു . റഫിക്കും ബേബിയും സ്ഥലത്തില്ല . ഇട്ടി കേട്ടതും ഡബിൾ ഒക്കെ പറഞ്ഞതും ഒരുമിച്ചായിരുന്നു . കോളേജിന് രണ്ടു കിലോമീറ്റർ മാറി പണ്ട് കൂടാറുള്ള ഒരു മൂന്നാംകിട ലോഡ്‌ജുണ്ട് . അവിടെ വിളിച്ച് റൂമും തരപ്പെടുത്തി . ഹോസ്റ്റലിനുപുറത്ത് വൈബ് നിലനിർത്താൻ അതിലും പറ്റിയ ഒരിടമില്ല .

ഞങ്ങൾക്ക് മുൻപേ ഇട്ടി ലോഡ്ജിൽ എത്തിയിരുന്നു . കയ്യിൽ ഉണ്ടായിരുന്ന വലിയ സഞ്ചിയിൽ കുപ്പിയും ടച്ചിങ്‌സും ആവശ്യത്തിനുള്ള ഫുഡും എല്ലാം റെഡിയാണ് . പണ്ടും പരിപാടി സെറ്റ് ചെയാൻ അവനെ കഴിഞ്ഞേ ആളുള്ളു .ഞങ്ങളെ കണ്ടതും അവൻ സഞ്ചി നിലത്തുവെച്ച് കെട്ടിപിടിച്ചു . ഞങ്ങൾ താമസിയാതെ പരിപാടിയിലേക്ക് കടന്നു . ഇട്ടിക്ക് ഒരു മാറ്റാവും ഇല്ല . അതെ വളവളാ സംസാരം . പണ്ടുള്ള വീരസാഹസ കഥകൾ തുടങ്ങി നാട്ടിലുള്ള ഓരോരുത്തരുടെയും ഇപ്പോളത്തെ ജീവിതം വരെ ഉപ്പും മുളകും ചേർത്ത് അവൻ വിശദീകരിച്ചു . അതിനിടയിൽ ഞങ്ങളുടെ ബാച്ചിൽ ഉണ്ടായിരുന്ന വിജീഷ് ആക്‌സിഡന്റിൽ മരിച്ചതും അവൻ പറഞ്ഞു . എനിക്ക് പക്ഷെ അങ്ങനെ ഒരാളെ ഓർമയിൽ വന്നില്ല . രാത്രി പതിനൊന്നോടടുത്ത് അനിൽ യാത്രപറഞ്ഞിറങ്ങി . അവനു പിറ്റേന്ന് ഏതോ ഫാമിലി ഗെറ്റുഗതർ ഉണ്ട് . അടുത്ത ലീവിന് മീറ്റ് ചെയ്യാം എന്ന് വാക്ക് പറഞ്ഞ് അവനെ പറഞ്ഞയച്ചു . ഇട്ടി പൂസായിരിക്കുന്നു .

"ടാ മതി ... ഒന്ന് ഒതുങ്ങടാ..ഇപ്പോളും ഈ ലെവലാണോ ". ഉറങ്ങാനായി കട്ടിലിലേക്ക് കിടന്നുകൊണ്ട് ഞാൻ പറഞ്ഞു . "ആശാന്റെ ശിക്ഷണത്തിൽ കുടി തുടങ്ങിയവരാരും മോശക്കാരാവില്ലല്ലോ " ഇട്ടി കസേരയിൽ തലചാരി ഉറക്കത്തിലേക്ക് നീങ്ങിക്കൊണ്ട് പറഞ്ഞു .

സംഭവം ശരിയാണ് ഇട്ടിക്ക് ആദ്യ ഗ്ലാസ് ഒഴിച്ചത് ഞാനും ബേബിയും കൂടാണ് . ഹോസ്റ്റലിൽ വന്ന് അധികനാൾ ആയിട്ടില്ലെന്നാണ് ഓര്മ . ഞങ്ങൾ രണ്ടുപേരും ഹോസ്റ്റലിലെ 'ആൽക്കഹോളിക് കൗൺസിലേഴ്‌സ്' എന്നാണ് അറിയപ്പെട്ടിരുന്നത് . കുടിക്കാത്ത പിള്ളേരെ പറഞ്ഞ് കുടിപ്പിക്കുന്നതിൽ ഞാനും ബേബിയും തമ്മിൽ ഒരു സൗഹൃദ മത്സരം തന്നെ ഉണ്ടായിരുന്നു . ഉറക്കത്തിലേക്ക് വീണുകൊണ്ടിരിക്കുമ്പോളും ഞാൻ വിജീഷിനെ പറ്റി ആലോചിച്ചു . അങ്ങനെ ഒരു പേര് ഓർമയിൽ നിൽക്കുന്നില്ല . എന്തായാലും പിറ്റേന്ന് അവന്റെ വീട്ടിൽ ഒന്നുപോകാൻ തന്നെ തീരുമാനിച്ചു .

പിറ്റേന്ന് ഇട്ടിയെ വിളിച്ചെഴുന്നേപ്പിച്ച് വിജീഷിനെ കുറിച്ചുള്ള കാര്യങ്ങൾ മനസ്സിലാക്കി . ഇട്ടിയുടെ വീടിനടുത്താണ് വിജീഷിന്റെ വീട് . ഒന്നോ രണ്ടോ തവണ തന്റെ കൂടെ ഹോസ്റ്റലിൽ വന്നിട്ടുണ്ടെന്നും ഒരുമിച്ച് കൂടിയിട്ടുണ്ടെന്നും ഇട്ടി തറപ്പിച്ച് പറഞ്ഞു . എന്താണ് എനിക്ക് ഇതൊന്നും ഓര്മ വാരാത്തത് ? എന്റെ ഓർമ്മക്ക് എന്തോ കാര്യമായ പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നി . ലീവുകഴിഞ്ഞ് പോകുന്നതിനു മുൻപ് ഒരു ഡോക്ടറെ കാണണം എന്നുറപ്പിച്ചു . വിജീഷ് ഹോസ്റ്റലിൽ താമസിച്ചിരുന്നില്ല എന്നതും സിവിൽ എഞ്ചിനീയറിംഗ് ബാച്ച് ആയിരുന്നു എന്നതും എന്റെ മറവിയെ കുറച്ചെങ്കിലും ന്യായികരിക്കാൻ സഹായിച്ചു . മാത്രമല്ല ആകാലത്ത് ഒരുപാടാളുകൾ ഹോസ്റ്റലിൽ കേറിയിറങ്ങുന്നത് പതിവായിരുന്നു . ചിലരെയൊക്കെ ഓർത്തെടുത്ത് ഞാൻ സ്വയം ആശ്വസിപ്പിച്ചു .

രണ്ടാഴ്‌ച്ച മുൻപ് ഒരപകടത്തിലാണ് വിജീഷ് മരിക്കുന്നത് . മുഖം കാണാനുള്ള ഉൾവിളി എന്നെ അവന്റെ വീട്ടിലേക്ക് നയിച്ചു . ഇട്ടിയുടെ വർണന വീടുകണ്ടുപിടിക്കൽ എളുപ്പമാക്കി . എഴുപതിനോടടുത്ത് പ്രായം തോന്നുന്ന വൃദ്ധൻ വീടിനു പുറത്ത് വരാന്തയിലെ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു . വിജേഷിന്റെ സുഹൃത്തെന്ന് പറഞ്ഞപ്പോൾ എന്നെ വിളിച്ച് അകത്തേക്കിരുത്തി . അടുക്കളയുടെ വാതിലുവരെ വന്ന് ഒന്ന് എത്തിനോക്കിയതിന് ശേഷം അവന്റെയമ്മ എന്റെ പകുതി ചിരിക്ക് മറുപിടി തരാതെ തിരിച്ചുപോയി . ഞാൻ വിജേഷിന്റെ ഫോട്ടോക്കായി ആ മുറിയിൽ ചുറ്റും പരതി . ഒരു വലിയ ഫോട്ടോ മാലയിട്ട് തൂക്കിയിരിക്കുന്നു . കട്ട താടിയും മീശയും വെച്ച് മെലിഞ്ഞുണങ്ങിയ ആ മുഖം കണ്ടിട്ടുള്ളതായി എനിക്ക് തോന്നിയില്ല . ഇനിയിപ്പോൾ ഇട്ടിക്ക് തെറ്റിയതാവുമോ ? അതുവരെ അവിടെ തളം കെട്ടിനിന്ന അസഹ്യമായ മൗനം മുറിച്ചുകൊണ്ട് ഞാൻ ചോദിച്ചു . "എന്താ ഉണ്ടയാത് ? "

"ആക്‌സിഡന്റാ മോനെ .ഇതിപ്പോ മൂന്നാമത്തെ തവണയാ അവൻ വെള്ളമടിച്ച് വണ്ടിയിടിപ്പിക്കുന്നത് . ആ ഒരുക്കണക്കിന് കുടിച്ച് മരിക്കുന്നതിലും നല്ലത്" അച്ഛൻ പകുതിയിൽ നിർത്തി

സംഭാഷണം മുന്നോട്ട് കൊണ്ടുപോകാൻ ചോദ്യങ്ങൾക്കായി ഞാൻ തിരഞ്ഞു . പക്ഷെ ഒന്നും തന്നെ തെളിഞ്ഞുവരുന്നില്ല . വീണ്ടും പടർന്ന മൗനത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമെന്നോണം സീറ്റിൽ നിന്നും എഴുന്നേറ്റ് മാലയിട്ട ഫോട്ടോയുടെ മുന്നിൽ കുറച്ചുനേരം നോക്കിനിന്നു . പിന്നീട് ചുറ്റുപാടും കണ്ണോടിച്ചു . അടുത്തുള്ള ഷോകേസിൽ ഒരുപാട് മെഡലുകൾ തൂങ്ങിക്കിടക്കുന്നു .

"പ്ലസ് ടു വരെ പഠിപ്പിലും ചിത്രംവരയിലും മിടുക്കനായിരുന്നു . കോളേജിൽ പോയാണ് നശിച്ചത് " ഒരു നെടുവീർപ്പോടെ അച്ഛന്റെ ശബ്ദം പിന്നിൽ നിന്നും എന്നെ തുളച്ച് കേറുന്നതായി തോന്നി . തിരിഞ്ഞു നോക്കാതെ ഞാൻ ആ ഷോകേസിലെ നിരത്തിവെച്ചിരിക്കുന്ന ചിത്രങ്ങളിലൂടെ കണ്ണോടിച്ചു . ചെറുപ്പം മുതലുള്ള വിജേഷിന്റെ പല പ്രായത്തിലെ ചിത്രങ്ങളും അവരുടെ കുടുംബ ചിത്രങ്ങളും ആയിരുന്നു . അതിലൊരു ചിത്രം അത് ഞാൻ മുൻപ് കണ്ടിരിക്കുന്നു . 18 നോടടുത്ത ക്ലീൻ ഷേവ്‌ ചെയ്ത വിജീഷ് അവന്റെ അച്ഛനോടും അമ്മയോടും കൂടെ നിൽക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അത് . എവിടെയാണ് ഞാൻ മുൻപ് അത് കണ്ടത് ? മറവിയുടെ ചുരുളുകൾ ഓരോന്നായി അഴിഞ്ഞു വീണു .

"ഏതാടാ ഈ കുഞ്ഞാട് ?" അതാണ് ഞാൻ അവനെ അന്ന് ആദ്യം ഇട്ടിയുടെ കൂടെ ഹോസ്റ്റലിൽ കാണുമ്പോൾ ചോദിച്ചത് . ഞങ്ങളുടെ വെള്ളമടി സഭയിൽ ഒറ്റപ്പെട്ട് ബുദ്ധിമുട്ടിയിരുന്ന അവന്റെ അടുത്ത് പോയി തോളിൽ കയ്യിട്ട് സംസാരിച്ചതും , അവന്റെ മൊബൈലിൽ ഈ ചിത്രം വാൾപേപ്പറായി കണ്ട് കൂട്ടുകാരെ കാട്ടി പുഛിച്ച് ചിരിച്ചതും എനിക്കോർമയുണ്ട് . എങ്ങനെ മാതാ പിതാക്കളുടെ തണലിൽ നിന്ന് പുറത്തുവരണമെന്നും എങ്ങനെ ഒരു പുരുഷനാകണം എന്നുമൊക്കെ നീണ്ട ക്ലാസ് എടുത്ത് അവന്റെ മുൻപിലേക്ക് ഒരു പെഗ് നീട്ടുമ്പോൾ എനിക്കുറപ്പായിരുന്നു അവൻ അത് കുടിക്കുമെന്ന് . പക്ഷെ അത് ഇവിടെവരെ എത്തുമെന്ന് ...

"മോനെ കട്ടൻ കുടിക്കില്ലേ? " ഓർമകളിൽ നിന്നും രക്ഷിച്ചുകൊണ്ട് അവന്റെയമ്മ എനിക്കുനേരെ കുപ്പിഗ്ലാസ്സിൽ കറുത്ത പാനീയം നീട്ടി .

Srishti-2022   >>  Short Story - Malayalam   >>  ചക്കയപ്പം

ചക്കയപ്പം

വീടിനോടു ചേർന്നുള്ള തൊടിയിൽ മുറ്റത്തേക്ക് ചാഞ്ഞ് പടര്‍ന്നു നില്‍ക്കുന്ന പ്ലാവിന്റെ മുകളിൽ കിടക്കുന്ന ഒരു ചക്ക, മുളേന്തോട്ടിയുടെ അറ്റത്ത് അരിവാള്‍ വയ്ച്ച് കെട്ടി, സര്‍ക്കസ് കൂടാരത്തിലെ ട്രിപ്പീസ് കളിക്കാരന്‍റെ ശ്രദ്ധയോടെയും, വലിച്ചുകെട്ടിയ കയറിനു മുകളിലൂടെ നടക്കുന്ന അഭ്യാസിയുടെ മെയ് വഴക്കത്തോടെയും ചക്ക വലിച്ച് താഴെയിട്ട് , വെട്ടിമുറിച്ച് ചകിണി കളഞ്ഞ് അരിഞ്ഞ് നല്ല അരപ്പും ചേർത്ത് പുഴുങ്ങി മീൻ കറിയും കൂട്ടി ആസ്വദിച്ച് കഴിക്കുന്നതിനിടയിലാണ് ഭാര്യയുടെ ചോദ്യം

'' ത്രേസ്യാമ്മാമ്മ വയ്യാതിരിക്കുവേല്ലേ ഒന്നു പോയി കാണത്തില്ലാരുന്നോ കുറേ നാളായില്ലയോ പോയിട്ട് - "

കാര്യം ശരി തന്നെ ജോലി തിരക്കും മറ്റ്‌ തിരക്കുകളുമൊക്കെ കാരണം ത്രേസ്യാമ്മാമ്മയെ കാണാൻ പോയിട്ട് കാലം കുറേ ആയി.

"നാളെ രാവിലത്തെ കുർബാന കൂടിയേച്ച് ഞാൻ അവിടേം കേറിയേച്ച് വന്നോളാം... ഇപ്പൊ സന്ധ്യ ആയില്ലേ."

പള്ളിയിലെ ആദ്യ കുർബാന കഴിഞ്ഞ് പുറത്തിറങ്ങി. " ആ ജോസ് മോനോ?... ഇങ്ങോട്ടൊന്നും കാണാനേ ഇല്ലല്ലോ.... തിരുവന്തോരത്ത്ന്ന് എപ്പ വന്നു - ? " കാണുന്നവർക്കെല്ലാം ചോദിക്കാൻ ഈ ചോദ്യമേ ഉള്ളോ?... മനസിൽ പിറുപിറുത്തെങ്കിലും, എല്ലാവരോടും ചിരിച്ചും കൈപിടിച്ച് കുലുക്കിയും പുറത്തു തട്ടിയും കുശലം പങ്കിട്ടു. ഏറ്റവും ഒടുവിൽ പള്ളിക്കമ്മറ്റി പ്രസിഡന്റ് വറീതിച്ചായന്റെ കയ്യിൽ പുതിയ പരിഷ് ഹാള് പണിയാനുള്ള ഒരു വിഹിതവും നൽകി, പള്ളിക്കു പിന്നിലെ റബ്ബർ തോട്ടത്തിലൂടെ നീളുന്ന നടപ്പുവഴിയിലൂടെ ത്രേസ്യാമ്മാമ്മയുടെ വീട്ടിലേക്ക് നടന്നു.

ഉമ്മറത്തെ അരപ്രൈസിൽ ഒരു മുഷിഞ്ഞ മുണ്ടും ചട്ടയുമിട്ട് ത്രേസ്യാമ്മാമ്മ ഇരിപ്പുണ്ട്. വലിയ ശബ്ദ്ധത്തിൽ അമ്മാമ്മയെ വിളിച്ചാണ് കയറി ചെന്നത്. കാഴ്ച്ചക്ക് കുഴപ്പമില്ലെങ്കിലും ചെവി അൽപ്പം പിന്നിലാണ്. വിശേഷങ്ങൾ പലതും ചോദിച്ചു. പഴയ ഓർമ്മകൾ പങ്കു വയ്ച്ചു. അമ്മാമ്മയുടെ നടുവേദനയുടെയും കാലു വേദനയുടെയും കൈ വേദനയുടെയുമൊക്കെ കാര്യങ്ങൾ പറഞ്ഞു. അപ്പോളേക്കും അമ്മാമ്മയുടെ മരുമകൾ റോസി ഒരു ഗ്ലാസ് ചായയും ഒരു പ്ലേറ്റിൽ നിറയെ മിശ്ചറും ബിസ്കറ്റും ഒക്കെ ആയി വന്നു.

" ജോസ് ചേട്ടായീ ചായ കുടിക്ക് ..... അമ്മക്ക് ആരെ കണ്ടാലും ഇല്ലാത്ത വേദനയില്ല."

"നീ ഒന്നു പോടീ റോസിക്കുട്ടി ..... വേറാരോടുമല്ലല്ലോ എന്റെ ജോസ്മോന്റടുത്തല്ലയോ?...... "

കാൽമുട്ട് തടവിക്കൊണ്ട് അമ്മാമ്മ തുടർന്നു

" ഇന്നലത്തെ ചക്കയപ്പം ഇരിപ്പില്ലയോടീ... അത് രണ്ടെണ്ണം ഇവന് കൊടുക്ക്.... ഇവന് പണ്ട് ചക്കയപ്പം ഭയങ്കര ഇഷ്ടമാരുന്നു."

അത് കേട്ട് അകത്തേക്ക് കയറിപ്പോയ റോസി ഒരു പ്ലേറ്റിൽ നാലഞ്ച് ചക്കയപ്പവും ഇട്ടു വന്ന് ടീപോയിയിലേക്ക് വെച്ചു. ഓർമ്മകൾ എന്തോ തിരയടിച്ചുയരുന്ന പോലെ. ചായ കുടിച്ച് വേറൊന്നും കഴിക്കാതെ യാത്ര പറഞ്ഞിറങ്ങി. റബ്ബർ തോട്ടത്തിലൂടെ തിരികെ നടക്കുമ്പോൾ, കാലചക്രത്തിനു പിന്നിൽ ഒരു അഞ്ച് വയസുകാരൻ കലങ്ങിയ മനസ്സുമായി മുന്നിലോടുന്നുണ്ടായിരുന്നു. അത് ജോസ് മോൻ തന്നെയായിരുന്നു.

മുപ്പത് വർഷങ്ങൾക്കു മുന്നേയുള്ള ഒരു നനുത്ത പ്രഭാതം. ഉമ്മിക്കരി കയ്യിലിട്ട് തിരുമി പല്ല് തേപ്പ് കഴിഞ്ഞ്. ലൂണാറിന്റെ നീലയും വെള്ളയും കലർന്ന ചെരിപ്പിലെ ചെളി ചകിരിയിൽ സോപ്പ് മുക്കി കിണറിന്റെ കരയിലിരുന്ന് തേച്ച് കഴുകുമ്പോളാണ്, വല്ല്യച്ചാച്ചൻ കയ്യിലേക്ക് ഒരു ഇല്ലെന്റ് തന്നിട്ട് ത്രേസ്യാമ്മാമ്മേടെ കയ്യിൽ കൊണ്ടക്കൊടുക്കാൻ പറയുന്നെ. കഴുകിക്കൊണ്ടിരുന്ന ചെരുപ്പ് വീടിന്റെ മൺ തറയോട് ചേർത്ത് കുത്തിച്ചാരി നിർത്തിയിട്ട് " ബൂം... ബൂ ... കീ..... കീ..... '' ഒറ്റ ഓട്ടമാരുന്നു. കളറ് മങ്ങി, ഭിത്തിയിലൊക്കെ പായല് പിടിച്ച് നിൽക്കണ പള്ളി മുറ്റത്തിലൂടെ. തുള്ളി തുളളിയായി റബറിന്റെ പാല് വീണ് ചിരട്ട നിറയാറായ റബ്ബർ തോട്ടത്തിനു നടുവിലൂടെ കീ... കീ ... മുഴക്കി ഓടിയ ഓട്ടം ത്രേസ്യാമ്മാമ്മയുടെ വീടിന്റെ നീളൻ വരാന്തയിലാണ് സഡൻ ബ്രേക്കിട്ട് നിർത്തുന്നത്.

ഉമ്മറത്തെ തിണ്ണയിൽ തന്നെ അമ്മാമ്മയും മക്കളും ഹാജരുണ്ട്. അവർക്കു മുന്നിലായി നറുമണം പരത്തി ഒരു ചെറിയ ചരുവം നിറയെ ഇടനയിലയിൽ പൊതിഞ്ഞ ചക്കയപ്പങ്ങൾ. മുക്കിലേക്ക് തുളഞ്ഞു കയറിയ ചക്കയപ്പത്തിന്റെ മണം ആ അഞ്ചു വയസുകാരന്റെ വായിൽ കപ്പലോടിച്ചു. കയ്യിലിരുന്ന കത്ത് അമ്മാമ്മയ്ക്കു നീട്ടി നൽകി. അവർക്കൊപ്പം നിലത്തിരുന്നു. അമ്മാമ്മ എഴുത്തു വായിച്ചു തീരും വരെ ക്ഷമയോടെ കാത്തിരുന്നു. വായന കഴിഞ്ഞ അമ്മാമ്മ ചായ വെള്ളം മോന്തിക്കുടുക മാത്രമല്ലാതെ ഒന്നും പറഞ്ഞില്ല. വായിലെ വെള്ളം പതിയെ ഇറക്കി, എഴുന്നേറ്റ് അവർക്ക് ചുറ്റും നടന്നു. പോകുവാണെന്നും പറഞ്ഞ് പുറത്തിറങ്ങി - ഒരു ചക്കയപ്പം തനിക്കു നേരെ നീളുമെന്ന് കിനാവ് കണ്ടു. പോകാൻ മനസു വരാതെ വീണ്ടും തിണ്ണയിലേക്ക് ചാടി കയറി. വീണ്ടും പോകുവാണെന്നു പറഞ്ഞു മുറ്റത്ത് കുറച്ച് നേരം നിന്നു, അമ്മാമ്മയുടെ വായിൽ നിന്നും കേൾക്കാൻ കൊതിക്കുന്നതൊന്നും പുറപ്പെട്ടില്ല. വീണ്ടും പോകുവാന്ന് പറഞ്ഞ് പതിയെ തിരിഞ്ഞ് നോക്കി പിന്നിൽ നിന്നൊരു വിളി പ്രതീക്ഷിച്ച് നടന്നു, വിളിച്ചില്ല.

വീട്ടിലെത്തി നേരെ അടുക്കളയിലെ അമ്മയുടെ അടുത്തെത്തി പറഞ്ഞു " എനിക്ക് ചക്കയപ്പം വേണം"

" ഇപ്പൊ എവിടുന്നാ ചക്കയപ്പം "

" അമ്മാമ്മേടവിടെ ഉണ്ടല്ലോ ... എനിക്കൊരണ്ണം പോലും തന്നില്ല. ആരും തരാതെ ഒന്നും എടുക്കരുതെന്നമ്മ പറഞ്ഞേക്കണ കൊണ്ടാ ഞാൻ എടുത്ത് തിന്നാത്തത്"

അമ്മയുടെ മനസ്സൊന്നു പിടഞ്ഞു അമ്മ പലതും പറഞ്ഞു സമാധാനിപ്പിച്ചു.- അഞ്ചു വയസ്സുകാരന്റെ കണ്ണിൽ നിന്നും കവിളിലൂടെ പൊടിഞ്ഞ കണ്ണുനീർ കൈ കൊണ്ട് തുടച്ച് മേശയിൽ വിളമ്പി വയ്ച്ചിരുന്ന ദോശയും ചമ്മന്തിയും മനസില്ലാ മനസോടെ കഴിച്ച് സ്കൂളിലേക്ക് പോയി. വൈകുന്നേരമായപ്പോഴേക്കും അമ്മ എവിടെയൊക്കെയോ പോയി ആരോടൊക്കെയോ ചോദിച്ച് വാങ്ങിയ ഒരു മുറി ചക്കപ്പഴം കൊണ്ട് ഒരു പാത്രം നിറയെ ചക്കയപ്പം ഉണ്ടാക്കി മേശയിൽ വയ്ച്ചു. സ്കൂൾ വിട്ടു വന്ന വഴി ആർത്തിയോടെ തന്നെ രണ്ടെണ്ണം അകത്താക്കി - അമ്മയെ നോക്കി ചിരിച്ചു. അമ്മയുടെ മനസ് നിറഞ്ഞു. പിറ്റേന്ന് രാവിലെ തന്നെ അമ്മ അവനെക്കൊണ്ട് മുറ്റത്തോട് ചേർന്ന് ഒരു ചക്കക്കുരു നടീച്ചു. അത് മുളച്ചു, വളർന്നു, വലിയ മരമായി.

അന്ന്, തിരുവനന്തപുരത്തേക്ക് പോകാനുള്ള സാധനങ്ങൾ എല്ലാം എടുത്ത് വെച് വൈകിട്ട് അത്താഴം കഴിക്കുന്നതിനിടയിൽ ഭാര്യയോടായി പറഞ്ഞു

" നാളെ പോകുന്നതിനുമുന്നെ മുറ്റത്തെ പ്ലാവീന്ന് മൂത്ത ഒരു ചക്കയിട്ട് കാറിനകത്ത് വെക്കണം - കുറച്ച് ഇടന എലേം പറിക്കണം- പഴുത്തു കഴിയുമ്പോ നമുക്ക് കുറച്ച് ചക്കയപ്പം ഉണ്ടാക്കണടീ .... "

Srishti-2022   >>  Short Story - Malayalam   >>  “മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ “..

“മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ “..

സ്കൂൾ കാലത്തെ ഏതോ ഒരു മഴക്കാലത്ത് മനസ്സിൽ കയറി കൂടിയതാണ് ഈ വരികൾ . അതുവരെയും സമീർ ആ വരികൾ മുഴുമിപ്പിചിട്ടില്ലായിരുന്നു. ആ വരികൾ മുഴുമിപ്പിക്കാൻ ശ്രമിച്ചപ്പോഴൊക്കെ തനിക്ക്‌ പ്രചോദനം ആകുന്ന എന്തോ ഒന്ന് ഇനിയും വരാനിരിക്കുന്ന പോലെ അവന്റെ മനസ് പറഞ്ഞു . ഓരോ മഴയിലും അവനാ വരികൾ മൂളുമായിരുന്നു. അവനു തോന്നുന്ന ഈണത്തിൽ.

അന്നും ഒരു മഴ ദിവസം. കോളേജിലെ എല്ലാവരുടെയും കണ്ണ് വെട്ടിച്ചു സിഗരറ്റ് വലിക്കുന്ന ഇടം. അവന്റെതു മാത്രമായ സ്ഥലം . . മഴ തണുപ്പിൽ നല്ല ചൂട് പുക ഉള്ളിലേക്ക് വലിചെടുക്കുന്നതിൽ കവിഞ്ഞ ഹരം തരുന്ന ഒന്നും തന്നെ ഇല്ല. കൂടെ നാരായണേട്ടന്റെ നല്ല ചൂട് ചായ കൂടെ ഉണ്ടെങ്കിൽ പിന്നെ ദിവസം ധന്യമാകാൻ വേറൊന്നും വേണ്ട. അങ്ങനെ തുടങ്ങുന്ന ദിവസങ്ങൾ ആയിരുന്നു സമീറിന് പ്രിയം. അവന്റെ ദേഷ്യം അറിയാവുന്നത് കൊണ്ട് ശല്യം ചെയ്യാൻ ആരും വരികയും ഇല്ല. അവിടെക്കാണ് അനുവാദം ചോദിക്കാതെ അവൾ കയറി വന്നത്.

തന്റെ സ്വകാര്യതയിലേക്ക് ആരും കയറി വരുന്നത് ഇഷ്ടമല്ലാത്തത്‌ കൊണ്ട് ദേഷ്യപെട്ടാണ് സമീർ പ്രതികരിച്ചത്.

നീയെതാ ?

ഞാൻ …അത് ..ഫസ്റ്റ് ഇയർ ഇൽ

ഓഹോ ഫസ്റ്റ് ഇയർ ആണ്.. ഇങ്ങോട്ട് സീനിയേഴ്സ് നു മാത്രമേ വരാനാവു അറിയില്ലേ.?

അത്..ഞാൻ..അറിയാതെ..മഴ പെയ്തപ്പോൾ.. അവൾ കരയാറായി

അവളുടെ പരിഭ്രമവും ഇപ്പം കരയും എന്ന ഭാവവും ഒക്കെ കണ്ടപ്പോൾ സമീർ നു ചിരി ആണ് വന്നത്. പിന്നെ ഇതുവരെ തോന്നാത്ത അവനു പോലും മനസിലാകാത്ത എന്തോക്കെയോയും. പക്ഷെ പുറത്തു കാണിക്കാൻ പറ്റില്ല. സീനിയർ അല്ലെ വില പോവും.

ആ ശരി. ഇതിങ്ങനെ എപ്പഴും ആവര്ത്തിക്കണ്ട . പൊയ്ക്കോ..

അതായിരുന്നു തുടക്കം. അന്ന് രാത്രി ഉറങ്ങും മുൻപ് സമീർ ഓർത്തത്‌ അവളെ പറ്റി ആയിരുന്നു. അവളുടെ ഭാവവും പേടിയും എല്ലാം ഓർക്കുന്തോറും സമീറിന് ചിരി വന്നു. അന്ന് തന്റെ കവിതയ്ക്ക് അവനൊരു വരി കൂടി ചേർത്തിട്ടു

“പ്രണയതിനാൽ മാത്രം എരിയുന്ന ജീവന്റെ തിരികളുണ്ടാത്മവിനുള്ളിൽ”

അവർ വീണ്ടും കണ്ടു. രാഷ്ട്രീയ സമരങ്ങൾക്കിടയിൽ, ലൈബ്രറി യിലെ പുസ്തക ഷെൽഫുകൾക്കു ഇടയിൽ കോളേജിലെ ഇടനാഴിയിൽ. അങ്ങനെ പല അവസരങ്ങളിലും.ഒടുക്കം കോളേജ് ആർട്സ് ഡേ യുടെ അന്ന് രാത്രി അവന്റെ മാത്രം ഇടം അവരുടേതായി മാറി. അവന്റെ കവിതയിലേക്ക് അവനൊരു വരി കൂടി ചേർത്തു വച്ചു.

“ഒരു ചുംബനത്തിനായി ദാഹം ശമിക്കാതെ എരിയുന്ന പൂവിതൾ തുമ്പുമായി പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ മധുരം പടർന്നൊരു ചുണ്ടുമായി വെറുതെ പരസ്പരം നോക്കിയിരിക്കുന്നു നിറമൌന ചഷകത്തിൻ ഇരുപുറം നാം..”

അനുവാദം ചോദിക്കാതെ കയറി വന്നവൾ അനുവാദം ചോദിച്ചു കൊണ്ടാണ് ഇറങ്ങി പോയത്. മതത്തിന്റെയും ആചാരങ്ങളുടെയും വേലികെട്ടുകൾക്കിടയിൽ നിന്ന് വീട്ടുകാരെ സങ്കടപ്പെടുത്തി അവന്റെതാവാൻ കഴിയില്ലെന്ന് അവൾ പറഞ്ഞു. പ്രാണൻ പിരിയുന്ന വേദനയോടെയാണെങ്കിലും അവളുടെ സന്തോഷങ്ങളിലേക്ക് അവൻ അവളെ പറഞ്ഞു വിട്ടു.

“സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍…

ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ പിരിയുന്നു സാന്ധ്യവിഷാദമായി…ഒരു സാഗരത്തിന്‍ മിടിപ്പുമായി…”

യാത്ര പറഞ്ഞവൾ പോയ രാത്രി ഈ വരികൾ എഴുതി അവനാ കവിത അവസാനിപ്പിചു.

അവിടുന്നങ്ങോട്ട് ജീവിതത്തിൽ കൂട്ടായത് മദ്യവും പിന്നെ രഘുവേട്ടനും മീരേച്ചിയും അടങ്ങിയ പുതിയ സൌഹൃദ വലയവുമാണ് . അവൾക്കു പങ്കിട്ടു കൊടുത്ത അവന്റെ ഏകാന്തത ഇനിയൊരാൾക്ക് കൂടെ പകുത്തു നൽകില്ലെന്നവൻ ഉറപ്പിച്ചു. അവനതാവില്ലായിരുന്നു . സ്വപ്നങ്ങളിലൂടെയും കവിതകളിലൂടെയും അവളെപ്പോഴും അവനൊപ്പമുണ്ടായിരുന്നു .

ദിവസങ്ങൾ എണ്ണപ്പെട്ടു എന്ന് ഡോക്ടർ പറഞ്ഞപ്പോൾ പണ്ടൊരിക്കൽ അവളുടെ മടിയിൽ കിടന്നു മരിക്കണം എന്ന് കളിയായി പറഞ്ഞതാണവനൊർമ്മ വന്നത്. അന്നവൾ പിണങ്ങികൊണ്ട് അവന്റെ കൈ തണ്ടയിൽ ഒരു നുള്ള് വെച്ച് കൊടുത്തു. ഇപ്പോഴവൾ അടുത്തുണ്ടായിരുന്നെങ്കിൽ .മരണമെത്തുന്ന നേരത്ത് അവളെന്റെ അരികത്തു ഇത്തിരി നേരം ഇരുന്നെങ്കിൽ അവളുടെ മടിയിൽ തലവെച്ചു മരിക്കാനായെങ്കിൽ .അവസാന ശ്വാസത്തിൽ അവളുടെ ഗന്ധം നിറഞ്ഞിരുന്നെങ്കിൽ ….

“അതുമതി ഈ ഉടൽ മൂടിയ മണ്ണിൽ നിന്നിവന് പുൽക്കൊടിയായി ഉയിര്ത്തെൽക്കുവാൻ ”

സമീർ തന്റെ അവസാന കവിത എഴുതാൻ ഇരുന്നു…

Srishti-2022   >>  Short Story - Malayalam   >>  നിഴൽ നഷ്ടപെടുന്നവർ

Abhilash Nedumpurath

H n R Block

നിഴൽ നഷ്ടപെടുന്നവർ

4-E ലെ ജിനേഷിന്റെ മുന്നിൽ കൂടെ നാളെ ഉപ്പയുടെ കയ്യും പിടിച്ചു നടക്കാം. അതോർത്തപ്പോൾ തന്നെ

ഐഷുവിനു സന്തോഷം തോന്നി..

" പോടി പുളു അടിക്കാതെ ..നിന്റെ ഉപ്പ പേപ്പറിൽ ന്യൂസ് കൊടുക്കുന്ന ആൾ ഒന്നും അല്ല.ഇത് നിന്റെ ഉപ്പ ഒന്നും അല്ല.."

.ഉപ്പയുടെ ഫോട്ടോ പേപ്പറിൽ വന്നത് കാണിച്ചു കൊടുത്തിട്ടും അവൻ വിശ്വസിച്ചിട്ടില്ല. അവൻ നാളെ ഉപ്പാനെ PTA മീറ്റിങ്ങിൽ കാണുമ്പോൾ മനസിലാകുമല്ലോ.

"പേപ്പറിൽ ന്യൂസ് കൊടുക്കുന്ന ആളായോണ്ടല്ലേ ഉപ്പാക്ക് രാത്രി ജോലി ചെയ്യേണ്ടി വരുന്നതാണ് തന്നെ " .ഐഷുവിനു അതൊക്കെ അറിയാം.

നാളെ സ്കൂൾ വാനിൽ പോകില്ല, ഉപ്പാന്റെ കൂടെ ബൈക്കിൽ മാത്രമേ പോകു എന്ന് ഐഷു ആദ്യമേ പറഞ്ഞു വെച്ചിട്ടുണ്ട്.ബൈക്കിൽ ഉപ്പാന്റെ കൂടെ പോകുന്നത് ഐഷുവിനു പെരുത്തിഷ്ടമാണ്. ഓണത്തിനും ക്രിസ്മസ് നും പെരുന്നാളിനും രാത്രി എന്നും ഉപ്പയും ഉമ്മയും ഐഷു വും ലൈറ്റ് കാണാൻ വെറുതെ ബൈക്കിൽ കറങ്ങും. അപ്പോൾ ആ റോഡ് ഉള്ള മരങ്ങളിൽ മുഴുവൻ നല്ല കളർ ലൈറ്റ് ഇട്ടിട്ടുണ്ടായിരിക്കും.

"ഇതാണോ ജിനേഷ് പറയാറുള്ള സ്വർഗ്ഗത്തിലോട്ടുള്ള വഴി ? സ്വർഗത്തിലോട്ടുള്ള വഴികളിൽ എപ്പോഴും ലൈറ്റ് ഉണ്ടാകുമോ ? "

പക്ഷെ ഉപ്പ ബൈക്ക് പതിയെ ഓടിക്കുള്ളു. "ഐഷു സ്പീഡിൽ ഇത് പോയി വല അപകടവും പറ്റിയാലോ ? പിന്നെ ഐഷുവിനു ഹോസ്പിറ്റലിൽ പോയി സൂചി വെക്കേണ്ടി വരില്ലേ? " . ഉപ്പാക്ക് ഞാൻ ഇപ്പോളും കുഞ്ഞുകുട്ടി ആണ്. സൂചി വെക്കും പോലും, ഐഷുവിനു ചിരി വന്നു.

ഉപ്പാക്ക് അല്ലേലും റോഡ് എപ്പോളും പേടി ആണ്. "ഐഷു റോഡിന്റെ വലതു ഭാഗത്തു കൂടിയേ നടക്കാവു ".ഉപ്പ എപ്പോളും പറയും. പേപ്പറിൽ കള്ളും കുടിച്ചു വണ്ടി ഓടിച്ചു അപകടത്തിൽ പെടുന്നവരുടെ വാർത്തകൾ എന്നും കിട്ടാറുണ്ടത്ര..ഇതൊക്കെ എന്തിനാ പേപ്പറിൽ കൊടുക്കുന്നെ ? ഐഷു അതൊന്നും അല്ല പേപ്പറിൽ നോക്കാറ്. "ഉപ്പ ഇന്ന് സ്കൂൾ ലീവ് ആണോ എന്ന് പേപ്പറിൽ ഉണ്ടോ ?" നല്ല മഴ ഉള്ള ദിവസങ്ങളിൽ ഐഷു ഉപ്പാനോട് ചോദിക്കും.

"ഉമ്മ ഉപ്പ വിളിച്ചിനാ ? ഇപ്പോൾ ഇറങ്ങുമോ ? " ഐഷുവിനു ഉറക്കം വരുന്നുണ്ട്.

"ഉപ്പാക്ക് കുറച്ചും കൂടെ ജോലി ഉണ്ട്. ഉപ്പ ജോലി തീർത്തിട്ട് വേഗം വരും" ഉമ്മ ഐഷുവിനെ സമാധാനിപ്പിച്ചു.

"ഉപ്പ വന്നില്ലെങ്കിൽ ഐഷുഎന്തായാലും നാളെ സ്കൂളിൽ പോകില്ല, ഉപ്പാനോട് Elsa പെന്സില് എടുക്കാൻ പറയണേ " പെന്സില് എടുക്കാൻ മറന്നതിനു ഇന്നലെ ഐഷു ഉപ്പാനോട് പിണക്കമായിരുന്നു.പക്ഷെ എത്ര പിണക്കം ആയാലും രാത്രി ഉറങ്ങുമ്പോൾ ഐഷുവിനു ഉപ്പാനെ കെട്ടിപിടിക്കണം .

ഇന്ന് ഉപ്പ വരാൻ കാത്തു നിൽക്കുന്നതിനു വേറെ ഒരു കാരണം കൂടെ ഉണ്ട്. ഐഷു വിന്റെ പല്ലു ഇന്ന് ഇളകി . ഐഷു അത് തലയിണയുടെ അടിയിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട് . നാളെ ഐഷു ഉണരുമ്പോൾ ആ പല്ല് Tooth Fairy എടുത്തു കൊണ്ട് പോയി പകരം അവിടെ പൈസ വെക്കും. പക്ഷെ ഐഷു വിനു അറിയാം ഉപ്പ ആണ് Tooth Fairy ആയി വരുന്നതെന്ന്. ഐഷു വിനു പെരുത്തിഷ്ടമാണ് ഉപ്പാനെ !

*************************************************************************************************************************************************

"സർ, വണ്ടി ഓടിച്ച ആൾ നല്ല വെള്ളത്തിലാണ് ,ഐഡി കാർഡിലെ അഡ്രസ് നോക്കിയപ്പോൾ IAS ഓഫീസെർസ് കോളനി ആണ്..എന്ത് ചെയ്യണം സർ"

*************************************************************************************************************************************************

ഉമ്മ എന്തിനാ കരയുന്നേ ? എന്തിനാ അടുത്ത വീട്ടിലെ സാറയുടെ അച്ഛനും അമ്മയും ഒക്കെ ഇവിടെ വന്നെ.സാറ യ്ക്കു എന്തെങ്കിലും പറ്റിയോ ? സാറ കരയുവാണേൽ ഉപ്പ കൊണ്ട് വരുന്ന Elsa പെന്സില് അവൾക്കു കൊടുക്കാം .അവൾക്കു സന്തോഷം ആകും . ആരും കരയുന്നത് ഐഷയുവിന് ഇഷ്ടമല്ല.

ഐഷു ഇതൊക്കെ സ്വപ്നം കാണുന്നതാണോ ? ഐഷു വേഗം തലയിണ ഉയർത്തി നോക്കി. ഇളകിയ പല്ല് അവിടെ തന്നെ ഉണ്ട്. ഉപ്പ എന്താ Tooth Fairy ആയി വരാഞ്ഞെ ? ഐഷുവിന് ചെറുതായിട്ട് സങ്കടം വരുന്നുണ്ട്.

ഐഷു പിന്നെ മെല്ലെ ക്ഷീണിച്ചു ഉറങ്ങി പോയി. മുഴുവൻ ലൈറ്റ് ഇട്ട സ്വർഗത്തിലേക്കുള്ള വഴിയിലൂടെ Tooth Fairy വരുന്നത് അവൾ സ്വപനം കാണുന്നുണ്ടായിരുന്നു .

Srishti-2022   >>  Short Story - Malayalam   >>  നിഴലുകൾ

Lekshmi RS (EY - Trivandrum)

EY Trivandrum

നിഴലുകൾ

പ്രിയപ്പെട്ട എഴുത്തുകാർ പലരും പറഞ്ഞു കേട്ടിട്ടുണ്ട് എഴുതാനായി പേനയും പേപ്പറും എടുത്തു കാത്തിരുന്നാൽ ഒരു കഥയും വരാറില്ല പകരം, നിനച്ചിരിക്കാത്ത നേരത്തു വലിഞ്ഞു കയറി വന്നു ബഹളമുണ്ടാക്കും. ആ വരവിൽ ഒരു കസേരയിട്ട് പിടിച്ചിരുത്തിയാൽ ചിലപ്പോ ബിരിയാണിയും കിട്ടും.

എന്റെ കഥകൾക്ക് എന്നോട് സംവദിക്കാനുള്ള മാധ്യമം എന്റെ സ്വപ്നങ്ങളാണ്. ആരുടേയും ശല്യമില്ലാതെ എന്നെ കിട്ടുന്നത് അപ്പോഴായതു കൊണ്ടാവാം. എന്തെങ്കിലുമൊന്ന് എഴുതണമെന്നു മനസ്സിൽ തോന്നിയിട്ട് കൊറേ നാളായി. ഈയിടയായിട്ട് സ്വപ്നത്തിലും ഞാൻ ബിസിയായതു കൊണ്ടാവാം കഥകളൊന്നും തിരിഞ്ഞു നോക്കാത്തതു.

ഇങ്ങോട്ടു വരാത്തവരെ അങ്ങോട്ട് പോയി കണ്ടു പിടിക്കാമെന്നു ഞാനും കരുതി. അങ്ങനെയൊരു സ്വപ്നത്തിൽ വലിഞ്ഞുകയറി ചെന്ന് ഞാൻ കണ്ടെത്തിയ കഥയാണിത്. കഥയിലേക്ക് കടക്കും മുൻപൊരു കാര്യം പറയാനുണ്ട് "ഈ കഥക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ടെന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും സ്വാഭാവികം മാത്രം"

ഒരു ബസ് യാത്രയാണ് സീൻ. സ്വപ്നം ആയതു കൊണ്ട് തന്നെ യാത്രയുടെ തുടക്കവും ഒടുക്കവും വ്യക്തമല്ല. ഭൂരിഭാഗം ആൾക്കാരെയും പോലെ വിൻഡോ സീറ്റ് ആണ് എനിക്കുമിഷ്ടമെങ്കിലും സ്വപ്നത്തിൽ കിട്ടിയത് അതല്ല. ഇഷ്ടപ്പെട്ട സീറ്റ് കിട്ടാത്തത് കൊണ്ട് തന്നെ അതിൽ സ്ഥാനം പിടിച്ചയാളെ ഞാൻ ഇടം കണ്ണിട്ടൊന്നു നോക്കി. ഒരു സ്ത്രീയാണ് കക്ഷി ഒരു 40 വയസ്സ് വരുമായിരിക്കണം. പൊതുവെ 5 മിനുട്ടിൽ കൂടുതൽ വായടച്ചിരുന്നു ശീലമില്ലാത്തതുകൊണ്ട് തന്നെ ഞാനവരോട് സംസാരിക്കാൻ തുടങ്ങി.

സ്വപ്നത്തിലെ ഞാൻ : എവിടേക്കാണ്?

സ്വപ്നത്തിലെ സ്ത്രീ : അറിയില്ല!

ഒരു വക്കീലായതുകൊണ്ടാവാം ആ ഉത്തരം എന്നെ അടുത്ത ചോദ്യത്തിലേക്കു പോകാൻ പ്രേരിപ്പിച്ചു

സ്വപ്നത്തിലെ ഞാൻ: അറിയില്ലേ? എന്ത് പറ്റി അങ്ങനെ?

സ്വപ്നത്തിലെ സ്ത്രീ : ഒരുപാടു പറ്റിയിട്ടുണ്ട് അത് കൊണ്ടാണ് അങ്ങനെ!

സ്വപ്നത്തിലെ ഞാൻ: ബുദ്ധിമുട്ടില്ലെങ്കിൽ നിങ്ങൾക്ക് എന്താണ് പറ്റിയതെന്ന് എന്നോട് പറയു, ഞാനൊരു വക്കീലാണ്

അവരെന്റെ മുഖത്തേക്ക് നോക്കി

സ്വപ്നത്തിലെ സ്ത്രീ : നിങ്ങൾ എങ്ങോട്ടാണോ അങ്ങോട്ടേക്കു തന്നെയാണ് ഞാനും

ഈശ്വരാ പെട്ട് ! ഇതിപ്പോ ഞാനെങ്ങോട്ടാണാവോ? എനിക്കും അറിയാൻ പാടില്ലല്ലോ!

സ്വപ്നത്തിലെ സ്ത്രീ : നിങ്ങൾക്കും അറിയില്ലല്ലേ ?

ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു. അവർ തുടർന്നു...

"സ്വന്തം വികാരങ്ങളെയും വിചാരങ്ങളെയും നിയന്ത്രിക്കാൻ കഴിയാതെ മറ്റുള്ളവരുടെ മേൽ ശാരീരികവും മാനസികവുമായ മുറിവുകളേൽപ്പിക്കാൻ കഴിവുള്ള ഒരു കൂട്ടം മനുഷ്യരുടെ ഇടയിൽ നിന്നിറങ്ങി വന്നതാണ് ഞാൻ.. ജീവിതത്തിൽ കടന്നു പോയ 40 വർഷങ്ങളിൽ ഞാനെന്റെ നിഴൽ കണ്ടിട്ടില്ല. "

സ്വപ്നത്തിലെ ഞാൻ: എന്താ? നിഴൽ കണ്ടിട്ടില്ലെന്നോ?

സ്വപ്നത്തിലെ സ്ത്രീ : അതെ സത്യമാണ് എന്റെ സ്വന്തം നിഴൽ ഞാൻ ഇത്രയും കാലം കണ്ടിട്ടില്ല. അച്ഛൻ, അമ്മ, ബന്ധുക്കൾ, ഭർത്താവു , മക്കൾ, അങ്ങനെ കുറേ പേരുടെ നിഴലുകളായിരുന്നു എന്റെയൊപ്പം ഇത്രയും നാളും.

തനിച്ചു നടന്നാൽ പോലും എന്റെയുള്ളിലെ ചിന്തകൾ മക്കളുടെ, ഭർത്താവിന്റെ, ചെയ്തു തീർക്കാനുള്ള ഉത്തരവാദിത്തങ്ങളുടെയൊക്കെ നിഴലുകളായി കൂടെ കൂടും. അതിനിടയിലൊരിക്കൽ പോലും ഞാനെന്റെ നിഴൽ തിരഞ്ഞിട്ടുമില്ല കണ്ടിട്ടുമില്ല

നിങ്ങൾ ചോദിച്ചില്ലേ ഞാൻ എവിടേക്കാണെന്നു? ഇതെന്റെ യാത്രയാണ് സ്വന്തം നിഴൽ തേടിയുള്ള യാത്ര! അതിരിക്കട്ടെ നിങ്ങൾ സ്വന്തം നിഴൽ കാണാറുണ്ടോ?

സ്വപ്നത്തിലെ ഞാൻ: നിഴലോ ? പിന്നേ ഞാൻ നടക്കുമ്പോഴൊക്കെ എന്റെ നിഴൽ തന്നെയാണ് കാണാറുള്ളത്

സ്വപ്നത്തിലെ സ്ത്രീ : എന്നാൽ ഭാഗ്യം !

അവർ ചിരിക്കുന്നത് കണ്ടു എനിക്കാകെ സംശയം തോന്നി. പെട്ടെന്ന് ഞാൻ മുകളിലേക്ക് നോക്കി. ബസിന്റെ മേൽക്കൂര പറന്നു പോയിരിക്കുന്നു. സൂര്യൻ എന്റെ ഇടതു വശത്തേക്ക് ചാഞ്ഞു.ഞാനെന്റെ നിഴലെന്നു തെറ്റിദ്ധരിച്ചു മറു വശത്തേക്ക് നോക്കി .

കോട്ടിട്ട കുറെ മനുഷ്യരുടെ നിഴലുകൾ, കോടതി വരാന്ത, വർക്കി സാറിന്റെ നിഴൽ, അതാ അപ്പുറത് തോമസും കുട്ടികളും കാറിൽ ചാരി നിൽക്കുന്നു, പുസ്തകങ്ങൾ നിറഞ്ഞ ഷെൽഫുകൾ... ആ നിഴലുകൾക്കിടയിൽ ഞാനെന്നെ തിരഞ്ഞു.. ആ സ്ത്രീ പറഞ്ഞത് ശരിയാണ്, എന്റെ നിഴലുകളിലും ഞാനില്ല!!!

വല്ലാത്തൊരു വീർപ്പുമുട്ടലെനിക്കനുഭവപ്പെട്ടു, ഒരു വശത്തേക്ക് ആരോ മറിച്ചിടുന്നത് പോലെ തോന്നി. നോക്കിയപ്പോ വിൻഡോ സീറ്റിൽ ആ സ്ത്രീയില്ല. സൂര്യൻ പോയി.. ഞാൻ എത്തി വലിഞ്ഞു ജനലിലൂടെ പുറത്തേക്കു നോക്കി. ബസ് ഒരു കടൽത്തീരത്ത് കൂടിയാണിപ്പോൾ പോകുന്നത്. നിറയെ കാറ്റാടി മരങ്ങൾ നിറഞ്ഞൊരു കടൽത്തീരം. കുറെ അവ്യക്തമായ കാഴ്ചകൾ.. ഒരു തിരക്ക് പിടിച്ച കവലയിൽ ബസ് നിർത്തി, ഞാനിറങ്ങി.

അതൊരു തെരുവായിരുന്നു. സിനിമയിലും മറ്റും കണ്ടിട്ടുള്ള ജൂതത്തെരുവ് പോലൊരെണ്ണം. നിറയെ മാലകൾ, സിൽവർ വളകൾ, മൂക്കുത്തികൾ, കണ്ണാടികൾ, ബൊഹീമിയൻ സ്റ്റൈലിലുള്ള ഉടുപ്പുകളും ബാഗുകളും. കാറ്റിൽ അപ്പൂപ്പൻ താടികൾ ആരോ ഊതി വിട്ട കുമിളകൾ പോലെ അലസമായി പാറി പറന്നു നടക്കുന്നു.

ആഹാ വളരെ കാലമായി ആഗ്രഹിച്ചതാണ് ഇത് പോലൊരു തെരുവിൽ ചുമ്മാ തെണ്ടി നടക്കണമെന്ന്. കെട്ടു പൊട്ടിയ പട്ടം പോലെ ഞാനോടി.. ഒരു കടയിൽ നിന്നും മറ്റൊരു കടയിലേക്കു. ഇഷ്ടമുള്ളതെല്ലാം വാരി കൂട്ടി. ഇഷ്ടമുള്ളതെല്ലാം വാരിയണിഞ്ഞു. വർക്കി സാറിനെ ഭയന്ന് വാങ്ങാനും അണിയാനും ഭയന്ന നാഥ് മൂക്കുത്തി അതും ഞാനെടുത്തു. കടയിലെങ്ങും ആരുമില്ല. ഇഷ്ടമുള്ളതെല്ലാം കിട്ടിയ സന്തോഷത്തിൽ ഞാൻ മുന്നോട്ടു നടന്നു.ദൂരെ കടൽത്തീരം കാണാം. സൂര്യൻ അസ്തമിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി..കടൽതീരം ലക്ഷ്യമാക്കി ഞാനോടി. വഴിയിലൊരാൾ ഐസ്ക്രീം നീട്ടി. മനസ്സിത്രയും സന്തോഷിച്ച നിമിഷങ്ങൾ മുന്പുണ്ടായിട്ടില്ലെന്നു തോന്നി. ഐസ്ക്രീം വാങ്ങി കുടിച്ചു ഞാൻ വീണ്ടുമോടി.

മണൽത്തട്ടിൽ മുട്ടുകുത്തി നിന്ന് മണൽ വാരിയെറിഞ്ഞു. ഷാരൂഖാൻ ഒരു സിനിമയിൽ പറഞ്ഞ പോലെ തിരമാലകളോടൊപ്പം കബഡി കളിച്ചു. ഓരോ തിരയും എനിക്ക് പ്രിയപ്പെട്ട ചിപ്പികൾ തന്നു. ഞാനവയെല്ലാം ആർത്തിയോടെ പെറുക്കിക്കൂട്ടി. പെട്ടെന്ന് സൂര്യന്റെ വെയിൽ കണ്ണിലേക്കടിച്ചു. മുഖം കൈ കൊണ്ട് മറച്ചു ഞാൻ പിറകിലേക്ക് നോക്കി.

ഞാൻ, എന്റെ നിഴൽ!!

പെട്ടെന്ന് മറുവശത്തു നിന്നും ഒരു കൂട്ടം നിഴലുകളുടെ സുനാമി തിര വന്നെന്നെ മുക്കി. ശ്വാസം കിട്ടുന്നില്ല. ഞാൻ പിടഞ്ഞു. തിര മൂക്കിലേക്ക് കയറി, അവസാന ശ്വാസം വലിക്കുന്നത് പോലെ എനിക്ക് തോന്നി.

ഞാൻ ഞെട്ടിയെണീറ്റു!!!!

ഹോ !!! മുഴുവൻ വിയർത്തു കുളിച്ചു. ഫോണെടുത്തു, മക്കളുടെ ഫോട്ടോയുള്ള വോൾപേപ്പറിൽ സമയം 4.37. അലാറം അടിക്കാൻ ഇനിയും ഒരു മണിക്കൂർ കൂടെ.എഴുന്നേൽക്കണോ വേണ്ടയോ എന്നാലോചിക്കുന്നതിനിടയിൽ മോന്റെ കാൽ വന്നു ദേഹത്തേക്ക് വീണു. മെല്ലെ അവനെ തിരിച്ചു കിടത്തി ഞാൻ എഴുന്നേറ്റു കുറച്ച വെള്ളം കുടിച്ചു. തലക്ക് ആകെ ഭാരം. ഒരു ചായ കുടിച്ചേക്കാമെന്നു കരുതി നേരെ അടുക്കളയിലേക്കു വിട്ടു ചായ ഇട്ടു കുടിച്ചു.

വീണ്ടും ഒരു വർക്കിങ് ഡേയിലെ റ്റുടു ലിസ്റ്റുകൾ എന്റെ മുന്നിൽ നിരന്നു. സമയം സൂപ്പർഫാസ്റ്റു പോലെ പോയി. ഇപ്പോൾ 8.30 മാണി. തോമസും മക്കളും പോകാൻ റെഡിയായി. കൂട്ടത്തിലെപ്പോഴോ ഞാനും. കാറിൽ കയറി, മക്കളെ സ്‌കൂളിൽ വിട്ട ശേഷം എന്നെ ബസ്റ്റോപ്പിൽ വിടാൻ ഞാൻ പറഞ്ഞു. എന്തിനാ ഏതിനാ എന്നൊക്കെ ചോദ്യങ്ങൾ വന്നു. ഒരു ക്ലൈന്റിനെ കാണണമെന്ന് മാത്രം പറഞ്ഞു, വ്യക്തമല്ലാത്ത ഉത്തരങ്ങൾ ഭർത്താക്കന്മാരെ ചൊടിപ്പിക്കുമെന്നോ മറ്റോ ഒരു ചൊല്ലില്ലേ? ഉണ്ടോ? ഇല്ലേ? ആഹ് എന്നാലുണ്ട്..

ഞാനാ ബസ്റ്റോപ്പിലിറങ്ങി. കുറച്ചു നേരം വന്നതും പോയതുമായ ബസുകൾ നോക്കി. പിന്നെ ഫോണെടുത്തു വാട്സാപ്പ് ഓപ്പൺ ചെയ്തു, "ഞാനിന്നു കോടതിയിലേക്കില്ല, ഡീറ്റെയിൽസ് എല്ലാം വർഷക്ക് മെയിൽ അയച്ചിട്ടുണ്ടെന്നു" വർക്കി സാറിന് മെസ്സേജ് അയച്ചു. രണ്ടു ടിക്ക് വീണത് കണ്ടതും ഫോൺ ഓഫ് ചെയ്തു ബാഗിലിട്ടു. ഒരു KSRTC ബസ് എന്നെ ലക്ഷമാക്കി വന്നു. കന്യാകുമാരി ബോർഡ്. ഒന്നും ആലോചിച്ചില്ല അതിൽ കയറി. വിൻഡോ സീറ്റുകളിലേതിലെങ്കിലും ഒരു സ്‌ത്രീയുണ്ടോയെന്നു ഞാൻ നോക്കി. ഒന്നിലുമില്ല. ബസിന്റെ മധ്യഭാഗത്തുള്ള വിൻഡോ സീറ്റിൽ ഞാനിടം പിടിച്ചു. അവസാന സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുത്തു.

ബാഗിൽ നിന്ന് വെള്ളമെടുത്തു കുടിച്ചു. കോളേജ് കാലത്തിനു ശേഷം ബസിൽ കയറിയ കാലം മറന്നു. നഗരങ്ങളുടെയും ചെറിയ കവലകളുടെയും ശ്വാസം എന്നെ തട്ടി പിറകിലേക്ക് പോയി. ഇതുവരെ അനുഭവിക്കാത്ത ഒരു തരാം ഉണർവ് മനസ്സിന് അനുഭവപ്പെട്ടു. എനിക്ക് വേണ്ടിയൊരു യാത്ര. ചിന്തകളോരോന്നും ജനൽ കാഴ്ചകളായി പിറകിലേക്ക് മായുന്നു. മുന്നിലേക്ക് നോക്കിയാൽ വേഗത്തിലോടുന്ന എന്റെ നിഴൽ കാണാം. അതിനു പിറകെ ഞാനും പോവുകയാണ്. കന്യാകുമാരിയിലേക്ക്...

മിഡിൽ ലൈഫ് ക്രൈസിസിലൂടെ കടന്നു പോകുന്ന നമ്മളോരോരുത്തർക്കും ഇങ്ങനൊരു യാത്ര അനിവാര്യമാണ്. മറ്റെല്ലാ നിഴലുകളെയും പിന്നിലാക്കി സ്വന്തം നിഴൽ തേടിയുള്ള യാത്ര

Srishti-2022   >>  Short Story - Malayalam   >>  ദാമോദരൻ മെമ്മോറിയൽ ട്രോഫി

ദാമോദരൻ മെമ്മോറിയൽ ട്രോഫി

മുതലമല പഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമമാണ് ‘കിക്കിരിമുട്ടം’, പൊതുവെ ആധുനികതാ എത്തിച്ചെരാത്ത പ്രദേശംകൂടിയാണത്. BA’യ്ക്ക് അഡ്മിഷൻ എടുക്കാൻ കോളേജിൽ പോയ മരണവിളയിൽ മനീഷാണ് ആ നാടുകണ്ട ഏറ്റവും വലിയ പഠിപ്പിസ്റ്റ്. എന്നിരുന്നാലും മനീഷിനു കോളേജിൽ അഡ്മിഷൻ കിട്ടിയില്ല, +2 പാസ്സായാലെ കോളേജിൽ ചേരാൻ കഴിയൂ എന്ന അറിവ് മനീഷിന് അഡ്മിഷൻ എടുക്കാൻ ചെന്നപ്പോളാണ് കിട്ടിയത്. പിന്നെ മരണവിളയിൽ എന്ന വ്യത്യാസ്തമായ വീട്ടുപേരിട്ടത് മനീഷിന്റെ മുത്തച്ഛനാണ്. തെക്കേവീട്, വടക്കേടത്ത്‌, പടിഞ്ഞാറ്റെത്തിൽ എന്നി ക്ലീഷേ വീട്ടുപ്പേരിന് ഒരു അന്ത്യം എന്നോണമാണ് അക്കാലത്തെ ഫ്രീക്കനായിരുന്ന മനീഷിന്റെ മുത്തച്ഛൻ മരണവിളയിൽ എന്ന വീട്ടുപ്പേരിട്ടത്.

കിക്കിരിമുട്ടത്തെ രണ്ടു പ്രദേശമായി തിരിക്കുന്നുണ്ട്, വടക്ക് കിക്കിരിമുട്ടവും തെക്ക് കിക്കിരിമുട്ടവും. രണ്ടും ഒരു വാർഡ് തന്നെയാണ്,രണ്ടിനെയും തമ്മിൽ തിരിക്കുന്നത് ഒരു കനാലും അതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു ഗ്രൗണ്ടുമാണ്. അവിടെയാണ് ആ നാട്ടിലെ കൊച്ചുകുട്ടികൾ മുതൽ പണിക്ക് പോവാതെ പുരനിറഞ്ഞു നിൽക്കുന്ന കിളവന്മാർ വരെ വൈകിട്ട് കളിക്കുന്നത്. ഓരോ സീസണിലും ഓരോ കളിയാണ്. ക്രിക്കറ്റ്‌, ഫുട്ബോൾ മുതൽ ചക്കും ഗോലിയും സാറ്റും വരെയവർ കളിക്കും, അതിൽ തെക്ക് കിക്കിരിമുട്ടത്തെയാളുകളും വടക്ക് കിക്കിരിമുട്ടത്തെയാളുകളും ഉൾപ്പെടും. ആ ഗ്രൗണ്ടായിരുന്നു അവരുടെ വാങ്കഡെയും ചിന്നസ്വാമിയും ലോർഡ്‌സുമെല്ലാം.

ഇടയ്ക്കൊക്കെ കളിയുടെ ഇടയിൽ വാക്ക് തർക്കങ്ങളും വഴക്കുകളും ഉണ്ടാകുമെങ്കിലും അത് കളി തീരുമ്പോൾ മറന്ന് പിറ്റേന്നു കൂടുന്നതാണ് അവരുടെ പതിവ്. പക്ഷെ അന്നത്തെ കളി തുടങ്ങുന്നതിനു മുന്നേ സ്ഥലത്തെ കൊച്ചുകുട്ടികളെല്ലാം കൂടിയുള്ള കളിക്കിടയിൽ എല്ലാം തകിടം മറിഞ്ഞു.

ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ആകാശും അവന്റെ തന്നെ ക്ലാസ്സിൽ പഠിക്കുന്ന കണ്ണനും തമ്മിൽ പൊരിഞ്ഞയടി, തമ്മിൽ തമ്മിൽ തെറി വിളി, അച്ഛനു വിളി, അച്ഛന്റെ അച്ഛനു വിളി. ആ സമയത്ത് ആകാശിന്റെ അച്ഛൻ രമേശനും കണ്ണന്റെ അച്ഛൻ രാജനും തുമ്മിയത് കണ്ടാൽ ഇന്നായിരുന്നേൽ പറഞ്ഞേനെ അവർക്ക് കോറോണയാണെന്ന്.

വഴക്കിന്റെ അടിസ്ഥാനകരണമൊന്നുമില്ല, കണ്ണനും ആകാശും ഒരു ടീമായിരുന്നിട്ടുകൂടി ആകാശിന്റെ റൺഔട്ട്‌ ഔട്ടാണെന്ന് കണ്ണൻ പറഞ്ഞു. കണ്ടത്തിലെയും നാട്ടിലെ ഗ്രൗണ്ടിലെയും കളിയിൽ ഒരിക്കലും പൊറുക്കാനാവാത്ത കുറ്റമാണ് കണ്ണൻ ഇവിടെ ചെയ്തിരിക്കുന്നത്.

അടി അതിന്റെ മുർദ്ധന്യാവസ്ഥയിലെത്തി, ഗ്രൗണ്ടിൽ കളിക്കുന്ന പ്രായത്തിൽ മൂത്തവരെല്ലാം രംഗത്തെത്തി. കുറച്ചുപേർ ആകാശിനെ ന്യായികരിച്ചു ചിലർ കണ്ണന്റെ സത്യസന്ധതയെ അഭിനന്ദിച്ചു അവന്റെയൊപ്പവും കൂടി. പറഞ്ഞ് പറഞ്ഞ് വഴക്ക് വലിയവർ തമ്മിലായി. അതിൽ മരണവിളയിൽ മനീഷും ശംഭുവും ജിംബാലു സുജിത്തും ബൈജുവുമെല്ലാമുണ്ട് ഇവരൊക്കെയാണാലോ അവിടുത്തെ മെയിൻ.

പിന്നീട് പിള്ളേരുടെ റോൾ അവിടെ ഇല്ലാണ്ടായി, മുതിർന്നവരുടെ പ്രശ്നമായി. ആകാശിന്റെ അച്ഛൻ രമേശനും കണ്ണന്റെ അച്ഛൻ രാജനും രംഗത്തെത്തി. കുറച്ചുകഴിഞ്ഞപ്പോൾ സ്ഥലം പറഞ്ഞുള്ള പ്രശ്നമായി മാറിയത്. ഏത് നമ്മുടെ തെക്ക് കിക്കിരിമുട്ടവും വടക്ക് കിക്കിരിമുട്ടവും പറഞ്ഞ്, അതിനുകാരണവുമുണ്ട് ആകാശിന്റെ വീട് നിൽക്കുന്നത് തെക്ക് കിക്കിരിമുട്ടത്തും കണ്ണന്റേത് വടക്ക് കിക്കിരിമുട്ടത്തുമാണ്.

വഴക്കിന്റെ അടുത്ത ഘട്ടത്തിൽ രമേശനും രാജനുമായിരുന്നു മുൻപന്തിയിൽ, അവരവർ അവരവരുടെ മക്കളെ ന്യായികരിച്ചു. രമേശിനെ അനുകൂലിച്ച് മരണവിളയിൽ മനീഷും ബൈജുവും കുറച്ചാളുകളും രംഗത്തെത്തി. അതുപോലതന്നെ രാജനെ അനുകൂലിച്ച് ജിംബാലു സുജിത്തും ശംഭുവും കുറച്ചുപേരും രംഗത്തെത്തി.

അടി കൊഴുക്കുമെന്ന് ഉറപ്പായപ്പോൾ ചിലരൊക്കെ റേഷൻ കടയിൽ പോകണമെന്നും മുളക് പൊടിപിക്കാൻ പോകണമെന്നുമൊക്കെ പറഞ്ഞ് സ്കൂട്ടായി. ചാനൽ ചർച്ചകളിലെ പോലെ രണ്ടു പക്ഷക്കാരും ഗ്രൗണ്ടിന്റെ മുകളിലുള്ള തങ്ങളുടെ അവകാശത്തെപറ്റി വാതോരാതെപറഞ്ഞു.

വഴക്ക് 2018ലെ പ്രളയത്തിലെ മുല്ലപെരിയാർ ഡാം പോലെ നിറഞ്ഞ് നിന്ന സമയത്ത് വാർഡ് മെമ്പർ 52 ദാമോദരൻ സ്ഥലത്തെത്തി. പുള്ളി 52 തരത്തിലുള്ള ശബ്ദത്തിൽ പ്രസംഗിക്കുമെന്നാണ് പുള്ളിയുടെ പണ്ടുതൊട്ടേയുള്ള അവകാശവാദം, അതുകൊണ്ട് നാട്ടിൽ പൊതുവെ അറിയപ്പെടുന്ന പേരാണ് 52 ദാമോദരൻ. നാട്ടുകാരുടെ അറിവിൽ പുള്ളിക്ക് ആകെ അമ്മാവൻ ബലൂണിൽ നിന്ന് കാറ്റു പോകുന്നപോലെയുള്ള ശബ്ദമെയുള്ളൂ. പിന്നെ 52 എന്നുള്ളത് പ്രകടനപത്രികയിൽ ഉള്ളതുപോലെയുള്ള ഒരിക്കലും സാധ്യമാകാതകാര്യമാണ്.

മെമ്പറിനോട് ജിംബാലു സുജിത് അവിടെ നടന്ന കാര്യങ്ങൾ മലയാളരമയിലെ വാർത്ത പോലെ വിശദീകരിച്ചു. കയ്യിൽ പേപ്പറില്ലാതത്തുകൊണ്ട് റൂട്ട് മാപ്പ് മാത്രം വരച്ചില്ല. ഇപ്പോളത്തെ വിഷയം ഗ്രൗണ്ടാണ്. തെക്ക് വിഭാഗക്കാർ പറയുന്നു ഗ്രൗണ്ട് തങ്ങളുടെയാണെന്ന്, ഇനിം അവിടെ കളിക്കാൻ പോകുന്നത് അവരാണെന്നും വടക്ക് ഭാഗത്തുളളവർ അവിടെ കയറി പോകരുതെന്ന് പോകരുതെന്നും പറഞ്ഞു. തെക്കുള്ളവർ ഇനിം അവിടെ കാലുകുത്തിയാൽ ഷവർമ അറിഞ്ഞിടുന്നപോലെ അറിയുമെന്ന് വടക്ക് ഭാഗക്കാരും പറഞ്ഞു.

‘ഒരു കളിയിൽ തുടങ്ങിവെച്ച വഴക്കല്ലെ ഇത്, അതൊരു മത്സരത്തിലുടെ തന്നെ അവസാനിപ്പിക്കാം’ മെമ്പർ പറഞ്ഞു. രണ്ടു കൂട്ടരും കുറെ തർക്കത്തിനോടുവിൽ അത് സമ്മതിച്ചു.

തെക്കും വടക്കും തമ്മിൽ ഒരു ക്രിക്കറ്റ്‌ മത്സരം, തെക്കിന്റെ ക്യാപ്റ്റൻ രമേശനും വടക്കിന്റെ ക്യാപ്റ്റൻ രാജനും. ജിംബാലു സുജിത്തിന് ഉടൻ സംശയം, മത്സരമാകുമ്പോൾ ഒരു പേരൊക്കെ വേണ്ടേയെന്ന് എന്നാലെ കളിക്കൊരു വീറും വാശിയും വരുമെന്നും പറഞ്ഞു. കൂട്ടത്തിൽ ഏറ്റവും വിവരം ഉണ്ടെന്ന് കരുതുന്ന മനീഷ് പറഞ്ഞു ‘മെമ്പറല്ലെ ആശയം മുന്നോട്ടു വെച്ചത്, അപ്പോൾ മെമ്പറിന്റെ പേരിൽ തന്നെ ഇത് അറിയപ്പെടട്ടെ ‘ യെന്ന്. ‘എന്ത് ദാമോദരൻ ട്രോഫിയെന്നോ, അതിൽ ഒരു ഗുമ്മില്ല ‘ ജിംബാലു ഉടനെ പറഞ്ഞു. ‘ദാമോദരൻ ട്രോഫിയല്ല,ദാമോദരൻ മെമ്മോറിയൽ ട്രോഫി ! വെല്യ വെല്യ ട്രോഫിക്ക് മെമ്മോറിയൽ ചേർത്ത് വിളിക്കുന്നത് ഫാഷനാ’ മനീഷ് പറഞ്ഞു.

വെല്യ വെല്യ ട്രോഫിയെന്ന് പറഞ്ഞത് മെമ്പർക്കും ഇഷ്ടമായി. ആ പേര് എല്ലാവരും കൂടിച്ചേർന്ന് അടിവരയിട്ടുറപ്പിച്ചു. കളി അടുത്ത ശനിയാഴ്ച വെക്കാമെന്ന് മെമ്പർ പറഞ്ഞു. ‘അന്ന് തനിക്ക് പറ്റില്ല, ടൗണിൽ ഒരു ഇന്റർവ്യൂ ഉണ്ടെന്ന് മനീഷ് പറഞ്ഞു ‘. സത്യത്തിൽ മനീഷിന്റെ വീട്ടിലെ ആട്ടിൻകുട്ടിയെ കുത്തിവെയിപ്പിനു മൃഗാശുപത്രിയിൽ കൊണ്ടുപോകേണ്ട ദിവസമാണത്. അത് പറയാൻ മരണവിളയിൽ മനീഷിന്റെ അഭിമാനം അവനെ അനുവദിചില്ല. ടൗണിൽ എന്തിന്റെ ഇന്റർവ്യൂ ആണെന്ന് മെമ്പർ ചോദിച്ചപ്പോൾ മനീഷ് മിന്നാരത്തിൽ ലാലു അലക്സ്‌ മോഹൻലാലിനോട് പറയുന്ന അസുഖത്തിന്റെ പേരങ്ങ് കാച്ചി.

എങ്കിൽ ഞായറാഴ്ച നടത്തമെന്ന് മെമ്പർ പറഞ്ഞു, എല്ലാവരും സമ്മതിച്ചു. അതുവരെ നിങ്ങൾക്ക് നിങ്ങളുടെ ടീം രൂപീകരിക്കാമെന്നും പരിശീലനം നടത്താമെന്നും മെമ്പർ പറഞ്ഞു. അതുപോലെ അതുവരെയും ആരും ഗ്രൗണ്ട് ഉപയോഗിക്കരുതെന്നും താക്കിത് നൽകി. രമേശനും രാജനും അവരവരുടെ ഭാഗത്തുള്ളവരെ വെച്ച് ടീം രൂപീകരിച്ചു. തെക്കേടത്ത്‌ ബോയ്സ് വടക്കേടത്ത്‌ കൊമ്പൻമാർ എന്നിങ്ങനെ പേരുമിട്ടു. 30 വയസിൽ താഴെ ആരും ഇല്ലാഞ്ഞിട്ടു കൂടി മനീഷ് തെക്കേടത്ത്‌ ഉള്ളത് കൊണ്ടാണ് ഇതുവരേം ആരും ഉപയോഗിക്കാത്ത തെക്കേടത് ബോയ്സ് എന്ന ഫ്രഷ് പേര് അവര് തിരെഞ്ഞെടുത്തത്. വടക്കേടത്താട്ടെ ജിംബാലു ഒരു കടുത്ത ആനപ്രേമിയാണ്.അടുത്താഴ്ച നടക്കാൻ പോകുന്നത് ആനയൂട്ടല്ലാ ക്രിക്കറ്റാണെന്ന് പറഞ്ഞിട്ടും ജിംബാലു ആ പേരിൽ തന്നെയുറച്ചു നിന്നു വണ്ടി കേറിയിറങ്ങാത്താ പാലാരിവട്ടം പാലം പോലെ.

പിറ്റേ ദിവസം മുതൽ ആ നാട്ടിലെ മുക്കിലും മൂലയിലും പരിശീലനമായിരുന്നു. പരിശീലനമുണ്ടെന്ന് പറഞ്ഞ് പലരും പണിക്ക് പോയില്ല. ടീമിൽ ഇല്ലാത്തവരും ക്രിക്കറ്റ്‌ എന്ന് കേട്ടിട്ട് പോലും ഇല്ലാത്തവരും പരിശീലനം കാണാൻ വേണ്ടി പണിക്ക് അവധി കൊടുത്തു.

ടീമിലെ ആളുകൾക്കുള്ള ഭക്ഷണം മറ്റു ചിലവുകൾ എന്നിവ ക്യാപ്റ്റൻമാരായ രമേശന്റെയും രാജന്റെയും തലയിലായി. വീട് വിറ്റിട്ടായാലും കുഴപ്പമില്ല കളി ജയിക്കണമെന്ന് തെക്കേടത്ത്‌ ബോയ്സിന്റെ ക്യാപ്റ്റൻ രമേശൻ (ജേഴ്‌സി നമ്പർ 8, കിട്ടിയ പണിയല്ല ) പറഞ്ഞു. കേട്ടപാതി കേൾക്കാത്താ പാതി വീട് എത്ര സെന്റ് ഉണ്ടെന്ന് മനീഷും ചോദിച്ചു.

വടക്കേത്ത്‌ കൊമ്പൻമാരാട്ട് രാജന്റെ പേരിൽ നാട്ടിലെ കടയിൽ പറ്റുവരെ തുടങ്ങി. ഒടുവിലത്തെ വിവരമനുസരിച്ച് 200 പേജിന്റെ ബുക്കിന്റെ പകുതിവരെ പറ്റായെന്നും അത് എഴുതാൻ 2 പേന തീർന്നെന്നും അതും പറ്റിൽ എഴുതിക്കോ എന്ന് രാജേട്ടൻ പറഞ്ഞെന്നു ജിംബാലു കടക്കാരനോട് പറഞ്ഞു.

അങ്ങനെ മത്സരദിവസം വന്നെത്തി, ഗ്രൗണ്ടിന്റെ അടുത്ത് വീടുള്ള ശിവാനന്ദൻ ചേട്ടനാണ് അമ്പയർ. പുള്ളി ആ ഗ്രൗണ്ടിലാണ് പശുവിനെ തീറ്റിക്കുന്നത്, അതാണ് പുള്ളിക്ക് ഗ്രൗണ്ടിനോടുള്ള ബന്ധം അതുവഴി ക്രിക്കറ്റിനോടും.

കളി കാണാൻ നാട്ടിലെ കുട്ടികളും സ്ത്രീകളുമടക്കം സകലമാന ആളുകളും ഒത്തുകൂടി,വാർത്തയറിഞ്ഞ് അയൽ നാട്ടിൽ നിന്നും കുറച്ചുപ്പേരെത്തി. ആളുകൂടിയതുമൂലം അവിടെ പെട്ടി കടകളും കപ്പലണ്ടി കച്ചവടക്കാരും സ്ഥാനമുറപ്പിച്ചു.ആകെ ഒരു ഉത്സവ അന്തരീക്ഷം.

ടോസ് കിട്ടിയ തെക്കേടത്ത്‌ ബോയ്സിന്റെ ക്യാപ്റ്റൻ ഇന്റർനാഷണൽ സ്റ്റൈലിൽ ബൌളിംഗ് തിരഞ്ഞെടുത്തു. ജിംബാലുവും രാജനുമാണ് വടക്കേടത്ത്‌ കൊമ്പന്മാർക്ക് വേണ്ടി ബാറ്റിങ്ങിന് ഇറങ്ങിയത്. അവരുടെ ബാറ്റിങ് മികവുകൊണ്ടാണോ ബാറ്റിൽ നിന്നുള്ള കാറ്റുകൊണ്ടാണോ എന്നറിയില്ല ഗ്രൗണ്ടിലെ അത്യാവശ്യം പൊടിയൊക്കെ പറന്നുമാറി. വെയിലായിട്ടും കീപ്പർ നിന്ന സുനിമോൻ ഒട്ടും വിയർത്തതുമില്ല ഈ കാറ്റു കാരണം. സുനിമോൻ പ്രഫഷണൽ കീപ്പറാണ്, വാർക്കപ്പണിക്ക് കട്ട മുകളിലോട്ടു എറിയുമ്പോൾ കറക്റ്റ് പിടിക്കും അതാണ് സുനിമോനെ കീപ്പർ ആകാൻ രമേശന് പ്രചോദനമായത്. ബോൾ പിടിച്ചിട്ടു കട്ട എറിയുന്ന പോലെ ബൗണ്ടറിയിലേക്ക് എറിയല്ലെന്ന് പറഞ്ഞ് മനസ്സിലാക്കിയിട്ടുമുണ്ട്.

നന്നായി തുഴഞ്ഞെങ്കിലും അവർക്ക് ആറു ഓവറിൽ 45 റൺ എടുക്കാനായി. 3 റൺ എടുത്ത ജിംബാലുവും 2 റൺ എടുത്ത രാജനും നോട്ട് ഔട്ടായിരുന്നു. 40 റൺ എടുത്ത എക്സ്ട്രായായിരുന്നു ടോപ് സ്‌കോറർ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തെക്കേടത്ത്‌ ബോയ്സിന് വേണ്ടി മനീഷ് നിന്നു കറങ്ങിയ കൂട്ടത്തിൽ എങ്ങനെയൊക്കെയോ കുറച്ച് റൺ കിട്ടി. പിന്നെ ക്യാപ്റ്റൻ രാജൻ ഓരോവറിൽ 15 വൈഡ് എറിഞ്ഞപ്പോളെക്ക് വടക്കേടത്ത്‌ കൊമ്പന്മാർ ഏകദേശം ചരിഞ്ഞു.

പൊരിഞ്ഞപോരാട്ടത്തിനൊടുവിൽ തെക്കേടത്ത്‌ ബോയ്സ് ദാമോദരൻ മെമ്മോറിയൽ ട്രോഫി സ്വന്തമാക്കി. കപ്പ്‌ കിട്ടിയ ക്യാപ്റ്റൻ രമേശന് അതിയായ ആഗ്രഹം തന്റെ മകൻ ആകാശിനെ ട്രോഫി ഏല്പിക്കാൻ, ആകാശിനെ അവിടെയൊന്നും കണ്ടതുമില്ല. അതുപോലെ തോറ്റ ക്യാപ്റ്റൻ രാജനാട്ടെ വേഗം വീട്ടിലേക്ക് സ്കൂട്ടാവാൻ മകൻ കണ്ണനെയും തിരക്കി,കണ്ണനെയും ആരും കണ്ടില്ല.

ആകാശിനെയും കണ്ണനെയും തിരക്കി ചെന്നവരാകട്ടെ കണ്ടത് തോളിൽ കയ്യിട്ട് സിപ്പ് അപ്പ് കുടിച്ചുവരുന്ന അവരെയാണ്. കൂടാതെ ആകാശിന്റെ വക ഒരു ചോദ്യവും രമേശനോട് ‘അച്ഛാ കളിയെന്തായി... ഇത് കഴിഞ്ഞിട്ടുവേണം ഞങ്ങൾക്ക് കളി തുടങ്ങാൻ ‘.

Srishti-2022   >>  Short Story - Malayalam   >>  തിരിച്ചുവരാത്ത പെൺകുട്ടി!

Ajay Joy

ULTS Trivandrum

തിരിച്ചുവരാത്ത പെൺകുട്ടി!

 

നീങ്ങി തുടങ്ങിയ ട്രെയിനിൽ ഓടി കയറുമ്പോൾ ഇരിക്കാൻ ഒരിടം എന്നതായിരുന്നു അയാൾക്കു സ്വപ്നം.എന്നാൽ ജനറൽ കമ്പാർട്മെന്റിലെ ഏറ്റവും സുഖപ്രദമായ സീറ്റ് തന്നെ അയാൾക്കു വേണ്ടി കാത്തിരുപ്പുണ്ടായിരുന്നു "ലഗ്ഗേജ് റാക്ക് ".

 

 

വലിഞ്ഞു കയറാൻ ആരും തയ്യാറാകാത്തത് കൊണ്ട് അവിടം ഒഴിഞ്ഞു കിടക്കുയായിരുന്നു.കൈയിൽ ഉണ്ടായിരുന്ന ബാഗ് മുഴുവൻ മുകളിലാക്കി റാക്കിൽ അയാൾ സ്ഥാനം പിടിച്ചു.ഒന്നു നിവർന്നു നിൽക്കാൻ സ്ഥലം ആഗ്രഹിച്ചവനു നടുവ് നിവർത്താൻ സ്ഥലം.!

 

 

ചിന്തിച്ചു കാട്‌ കയറാൻ യാത്രകളിലും നല്ലൊരു അവസരമില്ലലോ?! അയാളും എങ്ങോട്ടൊക്കെയോ കാട്‌ കയറി.... ജോലി.. ജീവിതം...ബന്ധങ്ങൾ .. പ്രണയം... നഷ്ട പ്രണയം... അങ്ങനെ അങ്ങനെ.ഈ ചിന്തയുടെ ഭാരം കൊണ്ട് അയാൾ എപ്പോഴോ മയങ്ങിയിരുന്നു.

 

 

തൊട്ടു താഴെ ഇരുന്ന പെൺകുട്ടിയുടെ അസാധാരണമായ ശബ്ദം കേട്ടാണ് അയാൾ മയക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത്.പാതി മയക്കത്തിൽ അവൾ പറയുന്നത് അയാൾക്ക്‌ ആദ്യം മനസിലായില്ല.നിശബ്ദരായ കുറേ മുഖങ്ങൾക്ക് ഇടയിൽ രോഷം കൊള്ളുന്ന ഒരു പെൺകുട്ടി.. നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ച ആണല്ലോ..? അധികം നേരം വേണ്ടി വന്നില്ല,അയാൾക്കു കാര്യം മനസിലായി. ആ കുട്ടിയുടെ അടുത്തിരുന്നയാൾ അവളോട് അപമര്യാദയായി പെരുമാറിയിരിക്കുന്നു.

 

 

അവൾ അക്ഷരാർത്ഥത്തിൽ പൊട്ടി തെറിക്കുകയായിരുന്നു. അവനു നേരെ കൈ ചൂണ്ടി അവൾ ചോദ്യം ചെയ്തു... അവനു പക്ഷേ ഉത്തരം ഇല്ലായിരുന്നു... മറ്റുള്ളവർ തന്നെ നോക്കുന്നുണ്ടല്ലോ എന്നതായിരുന്നു അവനു അവളുടെ ചോദ്യങ്ങളെക്കാൾ പേടി.

 

 

അടുത്തിരുന്ന ആരോ പോലീസിനെ വിളിക്കാൻ ആളെ പറഞ്ഞു വിട്ടു... പക്ഷേ ഒരാളും ആരുടെ പക്ഷവും ചേർന്നില്ല... അവളുടെ വാ അടപ്പിക്കാൻ ചിലരെങ്കിലും നോക്കുകയും ചെയ്തു.പെൺകുട്ടികളുടെ ശബ്ദം പൊങ്ങിയത് അവർക്ക് അരോചകം ആയിരുന്നിരിക്കാം. അവൾ പക്ഷേ അതൊന്നും കാര്യമാക്കിയില്ല.

 

 

പെണ്ണ് പറയുന്നതും ഇന്ന് വിശ്വസിക്കാൻ പറ്റില്ലാലോ..??ഇന്നത്തെ കാലത്തു പക്ഷം ചേരാതെ ഇരിക്കുന്നതാണ് ബുദ്ധി... ഈ ബഹളം കേട്ടു അയാൾ മനസ്സിൽ വിചാരിച്ചു.

 

 

പോലീസ് വന്നപ്പോൾ രംഗം ഒന്നു ശാന്തമായി. രോഷം കണ്ണീരിന് വഴി മാറി. കാര്യങ്ങൾ ഓരോന്നായി വിവരിക്കുമ്പോൾ അവളുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.ആ കവിളിലൂടെ നിറഞ്ഞൊഴുകിയ കണ്ണുനീരിൽ ഒരു സത്യമുണ്ടായിരുന്നു,അത് അവളെ അശ്വസിപ്പിക്കുന്നതായി അയാൾക്കു തോന്നി.

 

 

ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടവളുടെ കണ്ണുനീര്!ആ കണ്ണുനീർ അയാളെയും ചോദ്യം ചെയ്യുന്നതായി അയാൾക്കു തോന്നി.അവളുടെ അടുത്ത് ചെന്നിരുന്ന് ആശ്വസിപ്പിക്കാൻ അയാൾക്ക്‌ തോന്നി.പക്ഷേ ഇനി പോയാൽ എല്ലാവരും എന്ത് വിചാരിക്കും..?എന്നൊരു ചിന്ത 

 

 

എന്തായാലും ഇറങ്ങുന്നതിനു മുമ്പ് അവളെ ചെന്നു കണ്ട് സംസാരിക്കണമെന്ന് തോന്നി.രണ്ട് നല്ല വാക്ക് പറയണം എന്ന് തോന്നി.. അവൾ കാണിച്ച പ്രീതിരോധത്തിന്.കരഞ്ഞു കലങ്ങിയ കണ്ണുമായി അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ അവൾ എഴുന്നേറ്റു.

 

 

 

കണ്ണീരു വറ്റിയ ആ കണ്ണുകൾ ആരെയോ തിരയുന്നുണ്ടായിരുന്നു ?

 

 

 

പാടുപെട്ടു ആണെങ്കിലും വലിഞ്ഞു കയറിയ റാക്കിൽ നിന്നും ഇറങ്ങി അയാൾ ആ കുട്ടിയെ തിരഞ്ഞു.. അവൾ ട്രെയിൻ ഇറങ്ങി നടന്നിരുന്നു.അൽപം പരിഭ്രമത്തോടെ ആണെങ്കിലും അയാൾ അവളെ പിന്നിൽ നിന്നും വിളിച്ചു.

 

 

"ഒന്നു നിൽക്കാമോ?"

 

 

അവൾ തിരിഞ്ഞു നോക്കി

 

 

"ഞാൻ എല്ലാം കണ്ടിരുന്നു.. ഇയാൾ ചെയ്തതു നന്നായി.. ഒരുപാട് പെൺകുട്ടികൾ ഒന്നും മിണ്ടില്ല.. താൻ പ്രതികരിച്ചല്ലോ..ഇതൊന്നു കണ്ട് പറയണം എന്ന് തോന്നി "

 

 

അവൾ രൂക്ഷമായി അയാളെ നോക്കി.

 

 

"ഇയാൾക്കെങ്കിലും എന്റെ കൂടെ നിൽക്കാമായിരുന്നു .. അവൻ ചെയ്തതിലും എനിക്ക് വേദനിച്ചത്.. ആരും എന്റെ കൂടെ നിൽക്കാത്തത് ആയിരുന്നു…ഇനിയിപ്പോ പറഞ്ഞിട്ടു എന്തിനാ.. എല്ലാം കഴിഞ്ഞില്ലേ?"

 

 

അവൾ മെല്ലെയൊന്നു ചിരിച്ചു.

 

 

അയാൾക്കു മറുപടി ഇല്ലായിരുന്നു.

 

 

ശരിയാണ്.. ഒരു തെറ്റും ചെയ്യാതെ ആത്മാഭിമാനത്തിന് വേണ്ടി ശബ്‌ദം ഉയർത്തുമ്പോൾ ഏതൊരാളും ആഗ്രഹിക്കും.. കൂടെ ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നെങ്കിലെന്നു.

 

 

"ഇയാളുടെ പെങ്ങളോ അമ്മയോ ആയിരുന്നു എന്റെ സ്ഥാനത്തു എങ്കിൽ ഇയാൾ അവിടെ മിണ്ടാതെ ഇരിക്കുമായിരുന്നോ..?"

 

 

എന്താ പറയണ്ടേ എന്ന് അറിയാതെ അയാൾ തല താഴ്ത്തി.. മറുപടിക്ക് വേണ്ടി കാത്തു നിൽക്കാതെ അവളും തിരിച്ചു നടന്നു.

 

 

ലോകത്തിലെ ഏറ്റവും വലിയ വേദന ഒറ്റപ്പെടലിന്റെയാണ്. അവളുടെ കണ്ണുനീർ ആ ഒറ്റപ്പെടലിന്റെ കണ്ണുനീർ ആയിരുന്നു.പക്ഷേ അത് മനസിലാക്കാൻ അവിടെ ആർക്കും കഴിഞ്ഞില്ല.

 

ചില നേരത്ത് വൈകി കിട്ടുന്ന തിരിച്ചറിവുകൾ അർത്ഥശൂന്യമാണ് എന്ന് അയാൾക്കു തോന്നി.

 

 

തീർത്തും അർത്ഥശൂന്യം!!ജീവിതം ആരെയും കാത്തു നിൽക്കില്ലലോ.. മനസാക്ഷി പറയുന്നത് കേൾക്കുക!

 

 

ജീവിതത്തിൽ ഇനി ഒരിക്കലും കാണിലാത്ത ആ പെൺകുട്ടി അയാളുടെ കണ്മുന്നിൽ നിന്നും എവിടേക്കോ മറഞ്ഞു.

 

 

ജീവിതം പോലെ തന്നെ ട്രെയിനും അയാൾക്കു വേണ്ടി കാത്തു നിൽക്കാതെ പിന്നെയും നീങ്ങി തുടങ്ങിയിരുന്നു.!

 

ശുഭം!

Srishti-2022   >>  Short Story - Malayalam   >>  മായ

Sanu Murali

TCS

മായ

പതിവില്ലാതെ പെയ്ത മഴയായിരുന്നു അന്ന്.

സിദ്ധുവും വിവേകും കഫെയിൽ നിനച്ചിരിക്കാതെ വന്ന മഴയും ആസ്വദിച്ച് മായയെ കാത്തിരിക്കുകയായിരുന്നു.

സിദ്ധു : "എവിടെയാടാ അവൾ? ഇപ്പോൾ എത്തുമെന്ന് പറഞ്ഞിട്ട് മണിക്കൂർ ഒന്നായി. നീ ഒന്നുകൂടെ വിളിച്ചേ"

വിവേക് മായയെ വിളിക്കുന്നു

മായ: "വിവി, ഞാൻ എത്തി. കാർ പാർക്ക് ചെയ്യുകയാണ്. വരുന്ന വഴി കുറെ ഇടങ്ങേറുകള് ഉണ്ടായിരുന്നു."

വിവേക്:" ഓക്കേ.. ഓക്കേ വേഗം വായോ മാഡം"

സിദ്ധു: "എത്തിയോ അവൾ . ആഹ് ..ഞാൻ വന്ന അന്ന് മുതൽ നിങ്ങൾ രണ്ടു പേരോടും കാണണം എന്ന് പറഞ്ഞതാ . രണ്ടുപേരുക്കും ഒരേ ബിസി. നിങ്ങളെ ഒരുമിച്ച് കിട്ടാൻ ഇരിക്കുകയായിരുന്നു. കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്.”

വിവേക്:"ഒന്ന് പോടാ...അവൾ ഇതൊന്നും കേൾക്കേണ്ട" .

സിദ്ധു വിവേകനോട് എന്തോ പറയാൻ തുടങ്ങിയതും മായാ വരുന്നത് കണ്ടു .

നീണ്ട ഇടവേളയ്ക്കു ശേഷമാണ് മായയും സിദ്ധുവും കാണുന്നത്.

കോളേജ് കാലത്തേ ഇന്റെർവഡ് ആയ മായയിൽ നിന്ന് ഇന്ന് തിരക്കുള്ള, ബോൾഡായ എന്റർപ്രെന്യൂർ ആയി അവൾ മാറിയിരിക്കുന്നു.

കോളേജ് കാലം കഴിഞ്ഞു വര്ഷം 15 ആയെങ്കിലും കാലം അവളിൽ അധികം മാറ്റം ഒന്നും വരുത്താതെപോലെ സിദ്ധുവിനു തോന്നി.

മൂന്ന് പേരുടെയും സൗഹൃദം പോലെ.

നീല സാരിയിൽ അതീവ സുന്ദരിയാണ് മായ എത്തിയത്.

സിദ്ധുവിനെ കണ്ടതും മായ ഓടി വന്നു കെട്ടിപ്പിച്ചു.

സിദ്ധു: "ന്തൊക്കെയുണ്ട് ബോസ് ലേഡി വിശേഷങ്ങൾ"

മായ : " വിശേഷങ്ങൾ ഒകെ നിനക്കു അല്ലെ.. എങ്ങനെയുണ്ട് കാനഡ ജീവിതം എന്ന് ചോദിക്കണ്ടല്ലോ. (വിവേകനോട്) വിവി, ഇപ്പോൾ ഇവൻ ശെരിക്കും ഒരു പ്രവാസി ലുക്ക് ആയി അല്ലെ? "

വിവേക് :"അത് കറക്റ്റ് ആണ് പ്രവാസിയുടെ എല്ലാ ക്വാളിറ്റീസും ഇപ്പോൾ ഉണ്ട്. പിന്നെ എക്സ്ട്രാ കുറെ തള്ളും "

വിവേകും സിദ്ധുവും മായയും അവരുടെ പഴയ കോളേജ് കാലം പോലെ കാര്യങ്ങൾ പറഞ്ഞു ഇരുന്നു.

ഇതിനിടയിൽ മഴ മാറി ഇരുൾ വീണത് ഒന്നും അവർ അറിഞ്ഞില്ല.

പെട്ടെന്നാണ് മായ്ക്ക് ഒരു കാൾ വന്നത്. മാറി നിന്നു സംസാരിച്ചശേഷം തിരിച്ചു വന്നു വിവേകനോട്

മായ: "വിവി ,കിച്ചു ആണ് വിളിച്ചേ.. ഇന്ന് അവൻ മേമേടെ കൂടെ പോകുന്നുന്നു ….നാളെ അവിടെന്നു അവനെ സ്കൂളിലേക്കു പിക്ക് ചെയ്താൽ മതിയെന്നു”.

സിദ്ധു: “ ആ… മേമേ കണ്ടാൽ പിന്നെ അവനു നമ്മളെ വേണ്ടലോ. അപ്പോ നീ ലേറ്റ് ആകേണ്ട ഇറങ്ങിക്കോ... ഞാൻ പോയ് ബില് സെറ്റൽ ചെയ്യാം “.

വിവേക് പോയതും സിദ്ധു മായയോട്

സിദ്ധു: "ഡീ... എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. ഞാൻ ഇതേ കുറിച് പറയുമ്പോൾ എല്ലാം നീ ഒഴിഞ്ഞുമാറി. "

സിദ്ധു അടുത്തു പറയുന്നതിനു മുന്നേ മായ സിദ്ധു വിന്റെ കൈയിൽ പിടിച്ചുകൊണ്ട്

മായ : “എടാ.. എനിക്ക് അറിയാം നീ എന്താ പറയാൻ വരുന്നത് എന്ന്.. അത് ക്ലോസ് ചെയ്ത ചാപ്റ്റർ ആണ്... അത് അങ്ങനെ ഇരിക്കട്ടെ. ഞാൻ ഹാപ്പി ആണ്.. അത് പോരെ.”

മായാ പറയുന്നത് കേട്ട് നിസ്സംഗനായി ഒരു നിമിഷം അവളെ തന്നെ സിദ്ധു നോക്കിനിന്നു.

അപ്പോഴേക്കും വിവേക് ബില്ല് സെറ്റൽ ചെയ്തു തിരിച്ച വന്നു.

മായ: "എന്നാൽ പിന്നെ ഞൻ ഇറങ്ങട്ടെ ..ഇനി പരിപാടി ഇല്ലേചേട്ടന്മാർക് ..എങ്ങോട്ടെക് ആണ് ..( വിവേകനോട്)- വിവി ,നാളെ കിച്ചന് പി.ടി.എ ഉള്ളതാ. (സിദ്ധുവിനോട്‌ ) സിദ്ധു …ഇവനെ ഒരുപാടു ലേറ്റ് ആകരുതേ.. “

സിദ്ധു: “ആയിക്കോട്ടെ മാഡം “

മായാ സിധുവിനെ ഹഗ് ച്യ്തത് വിവേകന് കയ്യും കൊടുത്തു അവിടെന്നു ഇറങ്ങി.

മായ പോകുന്നത് കഫേ യുടെ മുകളിലത്തെ നിലയിൽ നിന്ന് വിവേകും സിദ്ധു വും നോക്കുന്നുണ്ടായിരുന്നു.

മായ പോയതും ഇരുൾ വീണത് തന്റെ കണ്ണുകളിലേക്കു ആണെന് വിവേകിന് തോന്നി.

വിവേകിന്റെ മുഖത്തെ ഭാവവ്യതാസം സിദ്ധു ശ്രദ്ധിച്ചിരുന്നു.

തെല്ലുനേരത്തേക്കു അവർ നിശ്ശബ്ദരായിരുന്നു

സിദ്ധു: "നിങ്ങൾ ഡിവോഴ്‌സ്ഡ് ആയി എന്ന് എനിക്ക് ഇപ്പോഴും ഉൾക്കൊള്ളുവാൻ പറ്റുന്നില്ല. ഡിവോഴ്സ് ആയവർക്ക് ഇങ്ങനെ ഒകെ പറ്റുമോ ? ഞാനും ദീപ്തിയും ഇതു പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഡിവോഴ്സ് കഴിഞ്ഞിട്ട് പരസ്പരം പഴി ചാരി ശത്രുക്കൾ പോലെ ആണലോ മിക്കവാറും..

കോ-പാരന്റിങ് ഒകെ നമ്മടെ നാട്ടിൽ അക്‌സെപ്റ്റഡ് ആകുന്നത് അത്ര പോസ്സിബിലിറ്റി ആയിട്ട് എനിക്ക് തോന്നിയിട്ടില്ലായിരുന്നു...

റെസ്‌പെക്ട് ഫോർ യു പീപ്പിൾ ഇങ്ങനെ ഹെൽത്തിയായി ഈ റിലേഷന്ഷിപ് കൊണ്ടുപോകുന്നതിനു "

ഒന്നും പറയാതെ ദൂരെ നോക്കി നിസ്സംഗനായി ഒരു ചെറിയ പുഞ്ചിരി തൂകി വിവേക് നിന്നു.

വീണ്ടും ഇരുളും നിശബ്ദതയും അവർക്കിടയിൽ തിങ്ങി നിന്നു. അൽപനേരം കഴിഞ്ഞിട്ട് ചിന്തകളിൽ നിന്ന് പുറത്തു വന്നിട് വിവേക് പറഞ്ഞു.

വിവേക് : "ഡാ, നീ വാ നമ്മുക് ഈ കഫെയുടെ ടോപ് ഫ്ലോറിൽ പോകാം. അവിടെ ഒരു ഡ്രിങ്ക്സ് കോർണർ ഉണ്ട്. കൂടെ നല്ല ബീച്ച് വ്യൂ ഉള്ള സ്പോട്ടും. നമ്മുക്ക് അവിടെ പോയി ഇരിക്കാം "

ഡ്രിങ്ക്സ് കോർണറിൽ എത്തി അവിടെ ബീച്ച് വ്യൂ കിട്ടുന്ന ടേബിൾ ഇൽ അവർ സ്ഥാനം പിടിച്ചു. വിവേക് തന്റെ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു. സിദ്ധു മൈൽഡ് മോക്‌റ്റൈൽസ് ഓർഡർ ചെയ്തു. അവിടെ ഇരുന്നു അവർ "മായ" അല്ലാതെ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു .

അതിനിടയിൽ രാത്രിമഴപെയ്തതും കാർമേഘങ്ങൾ മാറിയതും നിലാവെളിച്ചവുമായ ചന്ദ്രൻ വന്നതൊന്നും അവർ അറിഞ്ഞില്ല .

കുറച്ചു കഴിഞ്ഞപ്പോൾ സിദ്ധുവിനു ഒരു കാൾ വന്നു. ദീപ്തി ആയിരുന്നു അങ്ങേത്തലക്കൽ.. അത് അറ്റൻഡ് ചെയ്ത ശേഷം സിദ്ധു ഫോൺ നോക്കി വിവേകനോട് പറഞ്ഞു.

സിദ്ധു: "എടാ, നമ്മുടെ ഫോട്ടോസ് മായ ഗ്രൂപ്പിൽ ഇട്ടല്ലോ. ദീപ്തി അത് കണ്ടിട്ടാ വിളിച്ചേ. ഇന്ന് ഇനി സ്‌റ്റെയ്‌ബാക്ക് ആണോ വീട്ടിൽ വരുമോന്നു അറിയാൻ"

വിവേക് ഫോട്ടോസ് നോക്കി നിശബ്ദനായി ചിരിച്ച ശേഷം

വിവേക്: “നീ മായയോട് നമ്മുടെ കാര്യം ചോദിച്ചു അല്ലെ?”

സിദ്ധു: “നീ എങ്ങനെയാ അറിഞ്ഞേ ?”

വിവേക് ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി ഇരുന്നു.

സിദ്ധു: "നിന്നോട് ഞാൻ പല തവണ ചോദിച്ചിട്ടുള്ളത് തന്നെയാ അവളോടും ചോദിച്ചത് . നിങ്ങൾക് റീ-തിങ്ക് ചെയ്തുകൂടെ ? ഞാൻ നോകിയിട്ടു ഒരു പ്രോബ്ലെവും തോന്നുന്നില്ല. നിങ്ങൾ കിച്ചുവുമായിട്ടു ഫാമിലി ട്രിപ്സ് പോകുന്നു.. എപ്പോഴും നിങ്ങൾ കമ്മ്യൂണിക്കേഷൻ ഉണ്ട് . പിന്നെ എന്ത് കൊണ്ട് റീ-തിങ്ക് ചെയ്തു ഒന്നുകൂടെ സ്റ്റാർട്ട് ചെയ്തുകൂടെ?"

വിവേക് നിസ്സംഗനായി ഇരുന്നു പുഞ്ചിരിച്ചു. അത് കണ്ടപ്പോൾ തെല്ലു ദേഷ്യത്തോടെ

സിദ്ധു: "അസ്ഥാനത് ഉള്ള നിന്റെ ഈ ചിരി ഉണ്ടല്ലോ .. എനിക്ക് നിങ്ങളോട് ഉള്ള സ്പേസ് ഉള്ളതുകൊണ്ടാണ് ഇത് എല്ലാം പറയുന്നത് “".

വിവേക്: "എടാ , ഇന്ന് നീ കാണുന്ന എല്ലാം ... ഡിവോഴ്സ് ആയിട്ടും അങ്ങനെ ഒന്നും തോന്നിക്കാതെ നന്നായിട് കോ-പാരന്റിങ് ചെയ്തു നമ്മൾ പോകുന്നതും , എല്ലാം കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുന്നത് ..ഈ സ്റ്റേജ് വരെ എത്തുവാൻ അത്ര എളുപ്പം അല്ലായിരുന്നു … മെന്റലി , പിഹൈസിക്കലി, ഇമോഷണലി ഒരുപാട് സ്ട്രൂഗ്ഗലെ ചെയിതിട്ടുണ്ട്. അതിൽ എന്നേക്കാൾ കൂടുതൽ മായ ആണ് സ്ട്രൂഗ്ഗലെ ചെയ്തത്. എല്ലായിടത്തെത്തും പോലെ ആഫ്റ്റർ മാര്യേജ് ഞങ്ങൾക്കും പല താളപ്പിഴകൾ വന്നു . എല്ലാം കണ്ടില്ലന്നു വച്ചിട് കുറെയൊക്കെ അഡ്ജസ്റ്റ് ചെയ്യുവാൻ അവൾ ശ്രമിച്ചു. എവിടെയോകെയോ എന്തൊക്കെയോ കൈവിട്ടു പോയ്. ഇതൊക്കെ ഒരുപക്ഷെ ചിലപ്പോൾ എല്ലാ മാരിയേജിനും സംഭവിക്കുന്നത് ആകാം. പ്രാരാബ്ധങ്ങളും ജീവിതത്തിൽ രക്ഷപെടാൻ ഉള്ള ഓട്ടപാച്ചിലുകൾ, ഫ്രുസ്ട്രേഷൻസ്.. പലപ്പോഴും ഞാൻ അവളെ മനസിലാക്കിയില്ല .

അഡ്ജസ്റ്റ് ചെയ്തുചെയ്തു അത് പിന്നീട് ഒരു സാറ്റുറേഷൻ ലെവൽ എത്തും. അതും കഴിഞ്ഞാൽ പിന്നെ ലൈഫ് ഒരു റൂട്ടീനെയാകും. മായ ആഗ്രഹിച്ച ലൈഫ് അങ്ങനെ ഒരു റൂട്ടിനെ ആയിരുന്നില്ല. ഞാനും...

അങ്ങനെയുള്ള റൂട്ടിനെ ജീവിതം പിന്നീട് വെറുപ്പ് ആകും. അതിനേക്കാൾ നല്ലത് പിരിയുന്നത് ആണെന്ന് ഞങ്ങൾക്ക് തോന്നി .. . "

സിദ്ധു: "എടാ , ഇതൊക്കെ നിങ്ങൾ ഇപ്പോൾ മനസിലാക്കിയല്ലോ. ഇനി അതുകൊണ്ട് റിസോൾവ് ചെയിതു മുന്നോട് പോയാൽ പോരെ. ?"

വിവേക്: " വേണ്ട... അത് അവൾ ആഗ്രഹിക്കുന്നില്ല. ഒരുമിച്ചാൽ ഇതൊക്കെ തന്നെ വീണ്ടും ഉണ്ടാകില്ല എന്ന് ഉറപ്പില്ലല്ലോ. അത് അവൾക്ക് അറിയാം ..ഐ നോ ഹേർ... ഇപ്പോൾ അവൾ കംഫോര്ട്ടബിള് ആണ് . ഞങ്ങൾക്ക് നല്ല ഫ്രണ്ട്സായിട്ടുമുന്നോട് പോകാൻ പറ്റുന്നുണ്ട്...

ഇനി ഒരു സെക്കന്റ് ചാൻസ് എടുത്താൽ ഒരുപക്ഷെ ഈ ഫ്രണ്ട്ഷിപ് പോലും നഷ്ടമാകും. മായ എന്റെ ലൈഫെയിൽ ഇല്ലാതെ, അവളുടെ ഒരു പ്രെസെൻസ് പോലും ഇല്ലാതെ ആയാൽ.. അത് എനിക്ക് സർവൈവ് ചെയ്യുവാൻ പറ്റുന്നത് അല്ല. സൊ ….. ഇതാകുമ്പോൾ സ്റ്റിൽ ഐ ക്യാൻ ലവ് ഹേർ.. അത് ഇങ്ങനെ പോകട്ടെ. പിന്നെ ആസ് പേരെന്റ്സ് കിച്ചന് നമ്മൾ എന്നും ഒരുമിച്ച് ഉണ്ടാകും. അവൻ ഇതിൽ സ്ടര്ഗ്ഗലെ ചെയ്യുവാൻ പാടില്ല എന്ന് ഞങ്ങൾക്ക് നിർബന്ധം ആണ് .. ആ കാര്യത്തിൽ നമ്മൾ സക്‌സസ് ആണ് റ്റിൽ നൗ...."

സിദ്ധു: " മ്മ്മ്മ് ... ഇതിലൊക്കെ ഇനി കൂടതൽ ഞാൻ എന്ത് പറയാൻ ആണ് ... നിങ്ങളുടെ രണ്ടുപേരുടെയും ഫ്രണ്ട് എന്ന നിലയില ഞാൻ എല്ലാം പറഞ്ഞത് ... ഒരു സമയത്തു നിങ്ങളെ ഒന്നിപ്പിച്ചത് ആണലോ.. എന്തായാലും ചോയ്സ് നിങ്ങളുടെ ആണ്.. നിങ്ങൾക്കു ഇത് കംഫോര്ട് ആണേൽ ഇങ്ങനെ പോകട്ടെ. ബട്ട് ….എപ്പോഴെങ്കിലും റീ-തിങ്ക് വേണം എന്ന് നിനക്കു തോന്നിയാൽ അത് പറയാതിരിക്കരുത്. "

വിവേക് ചെറു ചിരിയോടെ സിദ്ധുവിന്റെ തോളിൽ തട്ടിയശേഷം.

വിവേക്: "ഐ നോ മാൻ…...എടാ, നീ കേട്ടിട്ടില്ലേ , " സം പീപ്പിൾ ആർ മെൻറ് ടു ബി ഇൻ ലവ് .. ബട്ട് നോട്ട് മെൻറ് ടു ബി ടുഗെതെർ....”

അതാണ് ഞങ്ങൾക്ക് ഇടയിലും... ഇപ്പോൾ ഞാൻ അവളെ കൂടുതൽ സ്നേഹിക്കുന്നുണ്ട്, കൂടുതൽ മനസിലാക്കുന്നുണ്ട്... പിന്നെ സം ടൈംസ് ഐ റീലി മിസ് ഹേർ, ആസ് മൈ ബെറ്റർ ഹാഫ്.. നഷ്ടപ്പെടുമ്പോൾ ആണല്ലോ അതിനു വിലവരുന്നത്.. അത് ഇപ്പോൾ ആ പഴയ കോളജ് പയ്യന്റെ പ്രണയത്തിനും മുകളിൽ എന്തോകെയോയാണ്….. "

ദൂരെ ആകാശത്തിൽ ചന്ദ്രന് കൂട്ടായ് ഇന്നും ആ മായാ താരകത്തെ വിവേക് കണ്ടു.

Srishti-2022   >>  Short Story - Malayalam   >>  ആയാനം

ആയാനം

അജയ്‌ക്ക്‌ ഇഷ്ടമുള്ള ഷഹബാസ് അമൻറെ പ്രണയാതുരമായാ ഗസൽ കാറിന്റെ സ്റ്റീരിയോയിൽ നേർത്ത ശബ്ദത്തിൽ...., അങ്ങനെ ലയിച്ചു ഞാൻ എപ്പോഴോ ഉറങ്ങിയിരുന്നു ..

ഓർമ്മയുടെ തുണ്ടുകൾ ഒരു മിന്നൽ പ്രഭയോടെ ശിരസ്സിനു ചുറ്റും മിന്നി മറഞ്ഞു, ഞാനെങ്ങോട്ടോ ഒഴുകുകയാണ് ..,

അവ്യക്തമായ സംസാര ശകലങ്ങൾ ഇരു കാതുകളിലും വന്നു മുഴങ്ങുന്നു , ഒന്ന് മനസിലായി ഞാൻ എന്റെ സ്വപ്നത്തിലെ മേഘ ശിഖരങ്ങളിൽ അല്ല, ഏതോ ആശുപത്രിയിലെ സേഫ്റ്റി ബെഡിൻറെ ചക്രങ്ങളിൽ നീങ്ങുകയാണ് ..,

ഞാൻ റിയ ,

അന്ന് ഒരു സുഖമുള്ള പ്രഭാതമായിരുന്നു; സൂര്യന്റെ തെളിമയുള്ള രെശ്മികളേറ്റ് റിസോർട്ടിന്റെ ലാൻഡ്‌സ്‌കേപ്പിലെ പുൽ തകിടികൾ രാത്രിമഴയുടെ ഓർമ്മകൾ മറന്നു സ്വർണ്ണം പുതച്ചിരിക്കുന്നു ..

മലമുകളിൽ നിന്നൊഴുകിയെത്തുന്ന തണുത്ത കാറ്റ്, ജനാല തുണികൾ ഇളക്കിയാട്ടി എന്നെ തഴുകി കടന്നു പോയി.

സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കാതെയുള്ള ഈ യാത്രക്ക് ഞാൻ അവനെ സ്നേഹത്തോടെ വിലക്കിയിരുന്നു . പക്ഷെ സ്നേഹിക്കപ്പെടുന്നതിന്റെ നിർവൃതിയിലേക്കു ഊളിയിടാൻ ഞാനും എപ്പോഴോ കൊതിച്ചിരുന്നു. പിന്നെ വിവാഹത്തിന് മുൻപുള്ള ഒരു കുസൃതി , തിരക്കുകളുടെ മാറാല വകഞ്ഞു മാറ്റി ഒരു ഒളിച്ചോട്ടം.

ഇത്ര ആസ്വാദ്യകരമായ ഒരു പകൽ ഇതുവരെയുള്ള എന്റെ ജീവിത യാത്രയിൽ ഞാൻ അറിഞ്ഞിരുന്നില്ല.

അജയ്‌ക്ക്‌ എന്നോടുള്ള പ്രണയത്തേക്കാളേറെ ഡ്രൈവിങ്ങിനോടുള്ളതുകൊണ്ടാവും ഇത്ര ലോങ്ങ് പ്ലെയ്സ് തിരഞ്ഞെടുത്തത് എന്ന് തോന്നും ; തോന്നലല്ല അതാണ് ശരി !.

സുഹൃത്തുക്കളുടെ വല്ലപ്പോഴും ഉള്ള നിർബന്ധത്തിനു വഴങ്ങി മാത്രമേ അവൻ മദ്യം തൊടാറുള്ളു , ശരിക്കും അതൊരു "തൊടൽ" മാത്രമായിരുന്നു.., ആ ദിവസങ്ങളിൽ എന്റെ സെൽഫോൺ ചൂടിൽ iron ബോക്സ് ആകുമായിരുന്നു.

പക്ഷെ ഇപ്പോൾ അവൻ പതിവിലും ഏറെ മദ്യപിച്ചിരുന്നു . ഞാനെന്ന ലഹരിക്ക്‌ പുറമേയുള്ള സ്വാതന്ത്ര്യത്തിന്റെ വിശാലതയിലേക്കു ഇറങ്ങാൻ ആവും ..!!.

എല്ലാം നൈമിഷികമായപോലെ!!, ഓഫീസ് അംഗങ്ങളിൽ നിന്ന് വന്ന ഒരു ഫോൺ കാൾ അവനെ നിരാശപ്പെടുത്തി " Emergency Client Meeting " നാളെ രാവിലെ ഓഫീസിൽ എത്തണം!! .

എന്റെ നിർബന്ധങ്ങൾ വകവെക്കാതെ , കാരണങ്ങൾ പറഞ്ഞു ഒഴിവാകാൻ ഉള്ള അവസരം ഉണ്ടായിട്ടും മദ്യം അവനെ കൂടുതൽ professional ആക്കി.

ആ രാത്രി തന്നെ കോരിച്ചൊരിയുന്ന മഴയത്തു !!....,

മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ എന്നും ഉപദേശിക്കാറുള്ള അവൻ .., സീറ്റ് ബെൽറ്റ് പോലും ധരിക്കാതെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു .

യാത്രയിലുടനീളം അവനോടു എന്തെങ്കിലും സംസാരിച് ഉറക്കത്തിന്റെ ലാഞ്ചനയില്ലാതെയിരിക്കാൻ ഉള്ള എന്റെ ഉദ്ദേശം, കാറിലെ തണുപ്പിന്റെയും ഗസലിന്റെയും മുന്നിൽ തോറ്റുപോയിരുന്നു.

..............

!! ഇടതുകൈയിൽ സൂചിയിറങ്ങുന്ന വേദന എന്നെ ബോധ്യത്തിലേക്കു തിരിച്ചു കൊണ്ട് വന്നു !!.

അജയ് !!... അജയ് ..!! ,.. എന്ന ഉറക്കെയുള്ള നിലവിളിയിൽ അടുത്തുള്ള ആളനക്കങ്ങളിൽ ആരൊക്കെയോ എന്നെ സാന്ത്വനിപ്പിക്കുന്നുണ്ടായിരുന്നു ...

...............

"നിയമങ്ങൾ അനുസരിക്കാൻ ഉള്ളതാണ്" എന്ന് എന്നും ശാഠ്യ൦ പിടിക്കുന്ന അവന് പറ്റിയ ഒരേയൊരു പിഴവിൽ

ദൈവം കരുണ കാട്ടുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു !! .. ദൈവമേ ... എന്റെ അജയ് !!

"!!............റിയയുടെ വിശ്വാസങ്ങളെ മാനിക്കാം , നമുക്കും പ്രാർഥിക്കാം .............!!"

അപ്പോഴേക്കും MORTUARY യുടെ 39 )൦ നമ്പർ ലോക്കറിൽ എഴുതപ്പെട്ടു

===========================

അജയ് ഫിലിപ് (29 )

അപകട മരണം

========================

Srishti-2022   >>  Short Story - Malayalam   >>  മിഥ്യ

Keerthana U R

TCS

മിഥ്യ

\അവൻ തന്റെ പണിപ്പുരയിലാണ്. കാലിന്മേൽ തറച്ച ആണിമുള്ളിന്റെ പ്രാണവേദനയിലും എന്തൊക്കയോ നേടിയെടുക്കാൻ വെമ്പൽകൊള്ളുന്ന അവന്റെ ചേഷ്ടികൾ അൽപനേരം അമ്മ നോക്കിനിന്നു. "നീ എന്താണ് ബാലു ഈ കാട്ടിക്കൂട്ടുന്നത്? നിന്റെ കാലിനിതെന്തുപറ്റി ? " അവൻ തന്റെ സ്പാനർ മാറ്റിവച്ചു കാലിൽ നിന്നും മുള്ള് നീക്കം ചെയ്തു. തന്റെ വിലയേറിയ സമയം നഷ്ടപ്പെടുത്തി എന്ന തോന്നൽ അവന്റെയുള്ളിൽ ഉണ്ടായെങ്കിലും അമ്മയുമായി തർക്കത്തിലേർപെട്ടാൽ ഉണ്ടാകുന്ന സമയ ലാഭത്തെ കുറിച്ചോർത്തു അഭിമാനിച്ചു. വീണ്ടും പണിയിൽ മുഴുകി.

"ജലപാനമില്ലാതെ നീ ഇവിടെത്തന്നെ തമ്പടിച്ചേക്കുവാണോ? എന്താ നിന്റെ ഉദ്ദേശം?" അമ്മ വിടുന്ന ലക്ഷണമില്ലെന്നു കണ്ടിട്ടാവണം അവൻ മറുപടി നൽകി. "എനിക്കിവിടെ അല്പം ജോലിയുണ്ട്! നഷ്ടപ്പെടുത്താൻ എനിക്ക് സമയമില്ല. എത്രയും പെട്ടെന്ന് ഇത് ചെയ്തു തീർക്കണം. അമ്മ പൊയ്ക്കോളൂ." അമ്മ പിന്നയും ചോദ്യശരങ്ങൾ തൊടുത്തുവിട്ടു . പ്രതികരണം ഉണ്ടാകില്ലന്നുറപ്പുവന്നപ്പോൾ അവിടെയുണ്ടായിരുന്ന ചായക്കപ്പും എടുത്ത് അമ്മ അമ്മയുടെ പണിപ്പുരയിലേക്കുപോയി.

അടുത്തിരുന്നു ഫോൺ റിംഗ് ചെയുന്നുണ്ടങ്കിലും അവന്റെ ശ്രദ്ധ തന്റെ നട്ടിലും ബോൾട്ടിലും തന്നെയാണ്. അവിടെയുണ്ടായിരുന്ന ക്ലോക്കിലെ സൂചികൾ പരസ്പരം പന്തയംവച്ച് ഓട്ടം തുടരുന്നതൊന്നും അവന്റെ ശ്രദ്ധയിൽ പെട്ടില്ല.അവർ ഓടികൊണ്ടേയിരുന്നു.

പുറത്ത് ബൈക്കിന്റെ ശബ്ദം. "എടാ ബാലു, നീ എന്താ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്."ചോദിച്ചത് സുഹൃത്ത് ഹരി ആയിരുന്നു. കൂടെ എൽദോയും ഉണ്ട്."ഒരു മെസ്സേജ് എങ്കിലും നിനക്ക് അയച്ചുകൂടെ." തെല്ലു പരിഭവത്തോടെ ഇത്തവണ ചോദിച്ചത് എൽദോയാണ്. "അല്ല നീ എന്താ ഇവിടെ ഉണ്ടാക്കികൊണ്ടിരിക്കുന്നത്. എന്തോ മെഷീൻ പോലെ ഉണ്ടല്ലോ."മൗനം വിഴുങ്ങിയ കുറച്ചു സമയത്തിനുശേഷം ഹരി വീണ്ടും അവന്റെ തോളിൽ കുലുക്കി ചോദിച്ചു "എടാ നീ ഈ പറയുന്നത് ഒന്നും കേൾക്കുന്നില്ലേ? നീ ആരോടാണ് ഈ ദേഷ്യം കാണിക്കുന്നത്? നീ ആരെയാണ് ശിക്ഷിക്കുന്നത്? നഷ്ടങ്ങൾ എല്ലാർക്കും ഉണ്ടാകും! വിഷമവും ഉണ്ടാകും. പക്ഷെ അതിനെ മറികടന്ന് മുന്നോട്ട് പോകാതെയിരുന്നാൽ ആർക്കാണ് ഇല്ലാണ്ടാകുന്നത്? അവൾ ഞങ്ങളുടെയും ഫ്രണ്ട് ആയിരുന്നു. ഞങ്ങൾക്കും ദുഃഖമുണ്ട്. പക്ഷേ...."പൊടുന്നനെ നിശ്ചലമായ ബാലുവിന്റെ കരങ്ങൾ കണ്ട് ഹരിക്ക് പിന്നെ ഒന്നും പറയാൻ ആയില്ല.

മൂവരും അമ്മ കൊണ്ടുവന്ന ചായ എടുത്തു. ശൂന്യത ഖണ്ഡിച്ചത് എൽദോ ആയിരുന്നു. "എടാ നിന്നെ ബിനു സാർ തിരക്കി. ഇനിയും വൈകിയാൽ സബ്ജെക്ട് നീ അണ്ടർ ആകുമെന്നുപറഞ്ഞു!" "ഞാൻ സാറിനെ കാണാനിരിക്കുവായിരുന്നു. എനിക്ക് ഈ വർക്ക്‌ പൂർത്തിയാക്കാൻ സാറിന്റെ കുറച്ചു സഹായം വേണം. ടൈം എസ്ടിമേഷൻ എറർ സോൾവ് ചെയ്യണം." "എന്ത് ടൈം എസ്ടിമേഷൻ?" "എന്റെ ഈ ടൈം മെഷീനുവേണ്ടി!"ഇരുവരും മുഖത്തോടുമുഖം നോക്കി."നീ എന്താ ബാലു ഈ പറയുന്നത്, ടൈം മെഷീനോ?" ആശ്ചര്യത്തോടെ ഹരി വീണ്ടും ചോദിച്ചു. "നീ ഈ സിനിമയും സീരിസും കണ്ട് ടൈം മെഷീൻ ഉണ്ടാക്കാൻ ഇറങ്ങി തിരിച്ചിരിക്കുവാണോ? വല്യ ശാസ്ത്രജ്ഞന്മാർ വിചാരിച്ചിട്ട് നടക്കുന്നില്ല! അങ്ങനെ ഒന്ന് ഉണ്ടോന്നുതന്നെ സംശയമാ. ഉണ്ടകിൽ തന്നെ അമേരിക്കക്കാർ കണ്ടു പിടിക്കാതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ? നീ ഒന്ന് റിയാലിറ്റിലേക് തിരിച്ചു വാ ബാലു."

ബാലുവിന്റെ ഈ ശ്രമത്തിനുപിന്നിലെ ഉദ്ദേശം അവർക്ക് ഊഹികമായിരുന്നതുകൊണ്ടുതന്നെ 'ഇതെന്തിന് ' എന്നുള്ള ചോദ്യത്തിന് പ്രസക്തി ഉണ്ടായില്ല. ഇരുവരും ബാലുവിനെ പിന്തിരിപ്പിക്കുവാൻ കഴിവതും ശ്രമിച്ചു. ഫലംകാണില്ലെന്നുറപ്പവന്നപ്പോൾ പിന്തിരിഞ്ഞു. ഇറങ്ങാൻ നേരം ഹരി "ബാലൂ, നിന്റെ ഇഷ്ടത്തിനൊന്നും ഞങ്ങൾ എതിരല്ല. നിനക്ക് ശെരിയെന്നു തോന്നുന്നത് നീ ചെയൂ. പക്ഷെ നിന്റെ ജീവിതം നശിച്ചുപോകരുതെന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ട്. നാളെ മുതൽ നി കോളേജിൽ വരണം. അത് കഴിഞ്ഞിട്ടുള്ള സമയവും ആവാല്ലോ നിന്റെ പരീക്ഷണം." ബാലു സമ്മതം മൂളി.

തിരികെ ബൈക്കെടുക്കുമ്പോൾ അവർ തന്റെ ഉറ്റ സുഹൃത്തിനെ ഒന്ന് തിരിഞ്ഞുനോക്കി. അവൻ തന്റെ കർത്തവ്യത്തിൽ മുഴുകി നിൽക്കുന്നതും കണ്ട് അവർ ഇറങ്ങി.

ചിലപ്പോൾ ജീവിതം അങ്ങനെയാണ്. നഷ്ടങ്ങൾ നമ്മെ തളർത്തും. അവയെ ജീവിതത്തിൽ നിന്നും മായിച്ചു കളയാനുള്ള ശ്രമമായിരിക്കും പിന്നീടങ്ങോട്ട്. പല കണ്ടുപിടുത്തങ്ങളെയും കുറിച്ച് ചിന്തിക്കും. അതിനായി ശ്രമിക്കും. എന്നിട്ടും ഫലം കണ്ടില്ലെങ്കിൽ.....

മുന്നോട്ടു പോകാനുള്ള ഒരു പ്രതീക്ഷയായി ബാലുവിന് ടൈം മെഷീൻ മാറുമ്പോൾ, പ്രതീക്ഷ കണ്ടെത്താനുള്ള ശ്രമത്തിലാകും മറ്റുചിലർ. പല കണ്ടെത്തലുകൾക്കും പിന്നിൽ പ്രതീക്ഷയും വിരഹവുമൊക്കെ ഉണ്ടാകും. വഴിതെറ്റിപ്പോയ മനുഷ്യമനസിനെ മുന്നോട്ട് കുതിക്കാൻ സഹായിക്കുന്ന പ്രതീക്ഷയുടെ ഒരു കെടാവെളിച്ചം മുന്നിൽ ഉള്ളപ്പോൾ ആരും ഇരുട്ടിലാകില്ലന്നുറപ്പിക്കാം.

Srishti-2022   >>  Short Story - Malayalam   >>  നസീമ

നസീമ

നസീമ ആദ്യമായി ആൻഫ്രാങ്കിന്റെ കഥ കേൾക്കുന്നത് തൻറെ ഉപ്പൂപ്പയിൽ നിന്നാണ് . അബു എന്നാണ് അവൾ ഉപ്പൂപ്പയെ സ്നേഹപൂർവ്വം വിളിച്ചിരുന്നത്. വാഹിദിലെ ജോലിത്തിരക്കുകളിൽ ഉപ്പയും ഉമ്മയും മുഴുകുമ്പോൾ അവൾക്ക് കൂട്ടായി എന്നും അബുവാണ് ഉണ്ടായിരുന്നത്.

ആൻഫ്രാങ്കിന്റെ കഥ അബു പറഞ്ഞത് മുതൽ അവളുടെ കുഞ്ഞു മനസ്സിൽ ഏറെ വിഷമിപ്പിച്ച കാര്യം ഇത്രെയൊക്കെ ത്യാഗം സഹിച്ചിട്ടും ആനിന്‌ രക്ഷപ്പെടാനായില്ലല്ലോ ? 'അബു ആനിനെ രക്ഷപെടുത്താൻ കഴിയുമോ?' കൊണ്ടു വരുമല്ലോ ...ഉപ്പൂപ്പ കഥകൾ പറയാറില്ലേ അതുപോലെ ആനിനെ മോളുടെ കഥകളിലൂടെ കൊണ്ട് വന്നു കൂടെ. ഉപ്പൂപ്പയുടെ വാക്കുകൾ കേട്ട നസീമ തന്റെ കുഞ്ഞിപെൻസിലും ബുക്കുമെടുത്ത് ആനിനെ വേണ്ടി എഴുതിത്തുടങ്ങിയത്. '' ആൻ ഒളിച്ചിരുന്ന സ്ഥലം ആര്യന്മാർ കണ്ടെത്തി എന്നാൽ അവർക്ക് പിടികൊടുക്കുന്നതിന് മുൻപേ ആൻ വാനിലേക്കുയർന്നു. അതിനു കാരണം കുഞ്ഞു നസീമ അവൾക്കൊരു ചിറക് നൽകിയിരുന്നു. ആ ചിറക് വിടർത്തി അവൾ രക്ഷപ്പെടുകയായിരുന്നു.

അബുവിൻറെ പക്കൽ അവൾ എഴുതിയ കഥയുമായി ഓടിച്ചെന്ന് ഇങ്ങനെ പറഞ്ഞു അബു ആൻ രക്ഷപ്പെട്ടല്ലോ...അവൾ ചിറകു വിടർത്തി മാലാഖയെപ്പോലെ ഉയർന്നു പൊങ്ങി. അതു കേട്ട് അബു വാത്സല്യത്തോടെ അവളുടെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു...ആൻ രക്ഷപ്പെട്ടാൽ മതിയോ ബാക്കിയുള്ളവരെ രക്ഷപ്പെടുത്തേണ്ട? ''അയ്യോ അബു അത് ഞാൻ മറന്നു പോയി ''.

അബു ഞാൻ ബാക്കിയുള്ളവരെ കൂടി രക്ഷപ്പെടുത്തിയിട്ട് ഇപ്പോൾ വരാം . അവളുടെ നിഷ്കളങ്കമായ സംസാരം കേട്ട് അബു പുഞ്ചിരിച്ചു. അവൾ വീണ്ടും എഴുതിത്തുടങ്ങി. തൻറെ ചിറകുമായി ആൻ ജർമ്മൻ വീഥികളിലൂടെ ഉയർന്ന് പൊങ്ങുന്നത് ജർമ്മൻ ജനങ്ങൾ അത്ഭുതത്തോടെ വീക്ഷിച്ചു. അവൾക്കെതിരെ ആക്രോശിച്ചെടുക്കുന്ന ആര്യന്മാർക്ക് നേരെ അവളൊരു പ്രകാശം പുറപ്പെടുവിക്കുന്നു. ആ പ്രകാശമേറ്റ് ആര്യന്മാർ കുറച്ചു നേരത്തേക്ക് അനങ്ങാതാവുന്നു. പിന്നീട് അവർ പെട്ടന്ന് ആനിനോടൊപ്പം നീങ്ങുന്നു. അത് വരെ ഹിറ്റ്ലറിന് ജയിവിളിച്ചവർ മനുഷ്യർക്ക് വേണ്ടി ജയി വിളിച്ചു .'നിനക്ക് അങ്ങനെ തന്നെ വേണം ഹിറ്റ്‌ലർ ' കുഞ്ഞു നസീമ മനസ്സിൽ പറഞ്ഞു.

അവരെല്ലാവരും ഒത്തൊരുമിച്ച്‌ നീങ്ങിയത് കോൺസെൻട്രേഷൻ ക്യാംപിലേക്ക് ആയിരുന്നു. തന്നെപ്പോലെ ദുരിതം അനുഭവിച്ച മറ്റുള്ളവരെ കൂടി രക്ഷപ്പെടുത്തുക അതാണ് ആനിന്റെ ലക്‌ഷ്യം. അവളൊരു കുഞ്ഞു മാലാഖയെപ്പോലെ നടന്നു നീങ്ങി അവരോരുത്തരെയും ഒരു മാന്ത്രികനെപ്പോലെ വാനിലേക്ക് എടുത്തുയർത്തി ക്യാപിനെ വെളിയിൽ എത്തിച്ചു. നിറമിഴികളോടെ ആനിനെ നന്ദി പറഞ്ഞ് അവർ ആനിനൊപ്പം നടന്നു നീങ്ങി. 'അബു ആൻ എല്ലാവരേയും രക്ഷപ്പെടുത്തി' നസീ അപ്പോൾ ഹിറ്റ്ലറെ ഒന്നും ചെയ്യുന്നില്ലേ? 'അയ്യോ ഹിറ്റ്‌ലറെ ഒരു പാഠം പഠിപ്പിക്കണം'. അതു പറഞ്ഞ് നസീമ വീണ്ടും എഴുതിത്തുടങ്ങി.

ക്യാംപിലെ തടവുകാരുമായി ആൻ നീങ്ങാൻ തുടങ്ങിയപ്പോൾ ഹിറ്റ്‌ലർ തന്റെ സർവ്വ സന്നാഹങ്ങളുമായി ആനിനെ തടയാൻ വന്നപ്പോൾ ആ തോക്കുകളും പടയാളികളും ആൻ കയ്യുയർത്തിയപ്പോൾ നിശ്ചലമായി നിന്നു. ആൻ ഹിറ്റ്‌ലറെ പതുക്കെ കൈയ്യുയർത്തി ഹിറ്റ്ലറുടെ കുട്ടിക്കാലത്തെ ദുരിതജീവിതം മായിച്ചു കളയുന്നു. എന്നിട്ട് പതിയെ തലയുയർത്താൻ ആൻ ഹിറ്റ്ലറോട് പറയുന്നു. 'നീ ചെയ്തത് എന്തെന്ന് നീ ഓർക്കുന്നുണ്ടോ?' ഹിറ്റ്ലറിൻറെ മിഴികൾ പതിയെ നനയുന്നുണ്ടായിരുന്നു. കൊല്ലണോ ഹിറ്റ്‌ലറെ...നസീമയുടെ കുഞ്ഞു മനസ്സ് ചിന്തിച്ചു. വേണ്ട അത് പാപമാണ് അവൾ സ്വയം പറഞ്ഞു' ...

മോളെ ....അബുവിൻറെ നീട്ടിയുള്ള വിളിയിൽ ഞെട്ടൽ ഒഴിവാകും മുൻപേ അവളെ വാരിപ്പുണർന്ന് നെഞ്ചോട് ചേർത്തിരുന്നു. 'അബു എന്ത് പറ്റി?' കാലാപകാരികൾ ഇങ്ങെത്തി മോളെ നമുക്ക് എത്രെയും പെട്ടന്ന് പോകണം...സ്വേച്ഛാധിപത്യ രാഷ്ട്രമായ വാഹിദിൽ കലാപകാരികളും ഭരണാധികാരി ഖലീഫയും തമ്മിൽ യുദ്ധം നടക്കുന്ന സമയം ആയിരുന്നു അത്. അബു നസീമയുമായി വേഗത്തിൽ പടികൾ ഇറങ്ങിക്കൊണ്ടിരുന്നു. അപ്പോഴാണ് അത് സംഭവിച്ചത് കലാപകാരികളെ ലക്ഷ്യമാക്കി ഉതിർത്ത വെടിയുണ്ടകളേറ്റ് അബുവും കുഞ്ഞു നസീമയും പിടഞ്ഞു വീണു. അവളുടെ അരികിലായി രക്‌തത്തിൽ കുതിർന്ന കുറിപ്പിന്റെ ആദ്യഭാഗത്തിൽ ഇങ്ങനെ കൂട്ടിച്ചേർത്തിരുന്നു.'സമർപ്പണം എൻറെ ആനിനായ്'

ആ കുറിപ്പുകളും ഓർമ്മകളും ദുരിതാശ്വാസ ക്യാംപിൽ നിന്ന് നസീമയുടെ ഉപ്പയും ഉമ്മയും മാധ്യമപ്രവർത്തകനു മുന്നിൽ കണ്ണീരോടെ പറയുമ്പോൾ അവിടെയാകെ ഒരു പ്രകാശം നിറഞ്ഞിരുന്നു. ചിലപ്പോൾ നസീമയാവാം അല്ലെങ്കിൽ ആനാവാം അതുമല്ലെങ്കിൽ ആനിനു വേണ്ടി നസീമയോ നസീമയ്ക്ക് വേണ്ടി ആനോ ആവാം.

Srishti-2022   >>  Short Story - Malayalam   >>  Trip( ട്രിപ്)

Krishnakumar Muraleedharan

Wipro

Trip( ട്രിപ്)

Trip( ട്രിപ്പ്)

നാമം : noun

അർത്ഥം: സഞ്ചാരം,യാത്ര,മയക്കം,തള്ളിയിടുക, ഭ്രമാത്മകത, വിഭ്രാന്തി,തട്ടിവീഴൽ,ആകസ്‌മികപതനം, വീഴാന്‍പോകുക, കാലിടറി വീഴുക

-------------------------

കറുത്ത മുഖത്ത് എടുത്തുകാണിക്കുന്ന തുറിച്ച കണ്ണുകളും  ചോരച്ചുവപ്പുള്ള ചുണ്ടുകളും. ചുണ്ടിൻ്റെ കോണിൽ നിന്നും ഇറ്റുന്നത് ചോരയോ, അതോ മുറുക്കാൻ്റെ നീരോ? ഞാനയാളുടെ നോട്ടം അവഗണിക്കാൻ ശ്രമിച്ചു. എതിർവശത്തെ ബസ്സ്റ്റോപ്പിലെ ബംഗാളി-ബിഹാറിമാരുടെ കൂട്ടത്തിൽ ഏറ്റവും കുറിയവൻ, ഏറ്റവും ഇരുണ്ടവൻ. അവരിൽ പെടാത്തതു പോലെ ഒരുത്തൻ. അവൻ അവിടെ വന്നു നിന്നപ്പോൾ മുതൽ എന്തെന്നില്ലാത്ത ഒരസഹ്യത. ചുവന്ന നാവു നീട്ടി ഒലിച്ചിറങ്ങിയതു വടിച്ചെടുക്കുന്നു. ഞാൻ വീണ്ടും മുഖം തിരിച്ചു. സുരക്ഷക്കെന്നോണം പള്ളിയുടെ മിനാരത്തിനടുത്തേക്കു നടന്നു. ബഷീറിനെ ഒന്നു കൂടി ഫോൺ ചെയ്തു. എത്തുന്നതേയുള്ളുപോലും. പള്ളിയുടെ മുന്നിൽ നിൽപ്പുണ്ടെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. 

ബാഗ് തോളിൽ നിന്നുമെടുത്ത് ഒരു കവചം പോലെ മുന്നിൽ പിടിച്ചു. പുറത്തെ അറയുടെ പരിചിതമായ മുഴുപ്പിലൂടെ വിരലോടിച്ചു - ചെറിയൊരാശ്വാസം തോന്നി. ഒരാത്മരക്ഷ. ഇപ്പോളതിൻ്റെ ആവശ്യമില്ലെന്നറിയാം - എന്നാലും ഡോക്ടറു പറഞ്ഞതനുസരിച്ച്  ഒരു 'പ്രികോഷൻ'. 

ഇപ്പോൾ പിൻവശത്ത് ചില നോട്ടങ്ങൾ വന്നുകുത്തുന്നതു പോലെ. തിരിഞ്ഞു നോക്കാൻ കെൽപ്പു തോന്നുന്നില്ല. ചൂട്. വെയിലൊന്നുമില്ല. എന്നാലും ഒരു ഉരുക്കം. വിയർത്തുകുതിർന്ന ഷർട്ട് പുറത്തോട് ഒട്ടിയിട്ടുണ്ട്. ഉള്ളിൽ  ബനിയനിടേണ്ടതായിരുന്നു. മറക്കാത്തതാണ്. സമയം എത്രയായി? നാശം വാച്ചും മറന്നിരിക്കുന്നു. ഈയിടെയായി മറവികളാണ്. അതുണ്ടാകുമെന്നു ഡോക്ടർ പറഞ്ഞിരുന്നു, ഉണ്ടായാൽ പരിഭ്രമിക്കരുതെന്നും. എന്നാലും പരിഭ്രമിക്കാതിരിക്കാൻ ആവുന്നില്ല.  വിയർപ്പിന് ആക്കം കൂടുന്നു. 

കളിയാക്കുന്നതു പോലെ പിന്നിൽ നിന്നും ഒരു പൊട്ടിച്ചിരി. പിറകിലെ സ്റ്റോപ്പിൽ നിൽക്കുന്ന സ്കൂൾപ്പിള്ളേരാണ്. ഞാൻ  ഇല്ലാത്ത വാച്ചിൽ സമയം നോക്കിയതിനോ, അതോ എൻ്റെ ഷർട്ടു വിയർത്തൊട്ടിയതിനോ ചിരിക്കുന്നത്? ഛെ, ഞാനെന്തൊക്കെയാണീ ചിന്തിച്ചു കൂട്ടുന്നത്. അവരെന്നെ കാണുന്നതു പോലുമുണ്ടാകില്ല. 

ഫോണിൽ സമയം നോക്കി. ഒമ്പതര ആകുന്നു. ബഷീർ പറഞ്ഞ സമയം ആവുന്നതേയുള്ളൂ. ഇത്ര നേരത്തെ വരേണ്ടായിരുന്നു. എന്തു ചെയ്യാൻ, ശീലമായിപ്പോയി.

തലേന്നു രാത്രി ബഷീർ ഒരുപാടു നിർബന്ധിച്ചിട്ടാണ് ഞാൻ ഇറങ്ങിത്തിരിച്ചത്. ഒരു യാത്രപോകാനുള്ള മാനസികാവസ്ഥയല്ലെന്നു വാദിച്ചു നോക്കിയെങ്കിലും ഈ മാനസികാവസ്ഥ മാറ്റാൻ ഒരു യാത്ര നല്ലതാണെന്ന പ്രതിവാദത്തിനു കീഴടങ്ങി. ഒന്നിച്ചു ജോലിക്കു ചേർന്നവരിൽ ഏറ്റവും ഇഴയടുപ്പം ബഷീറിനോടാണ്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഒരുപാടു സഹായിച്ചിട്ടുണ്ട് - അതിൻ്റെ ഒരു കടപ്പാട്. പറ്റില്ലെന്നു പറയാൻ തോന്നിയില്ല.

ഹോൺമുഴക്കം ചിന്തകളിൽ നിന്നും ഉണർത്തി.

"ഇങ്ങനെ റോട്ടിൽ നിന്നു സ്വപ്നം കാണല്ലേടോ. വടിച്ചെടുക്കേണ്ടി വരും." കറുത്ത എസ് യു വിയിൽ നിന്നും തല പുറത്തേക്കിട്ട് വിപിൻ കളിയാക്കി. 

പിൻഡോർ തുറന്നു നീങ്ങിയിരുന്നു സ്ഥലമുണ്ടാക്കിത്തന്നു ബഷീർ. ശ്രീനാഥാണു സാരഥി. എല്ലാവരും ബാച്ച്മേറ്റ്സ് - പക്ഷേ ഇപ്പോൾ എല്ലാവരും പല വഴിയ്ക്കാണ്.

"ഇപ്പോ എങ്ങനെയുണ്ട്, മാൻ? ഓൾ ഓക്കെ? " ഇരുന്നതും പിൻതിരിഞ്ഞ് വിപിൻ്റെ ചോദ്യം. മദ്യത്തിൻ്റെ മണം. രാവിലെത്തന്നെ തുടങ്ങിയിരിക്കുന്നു. 'അസുഖമൊക്കെ മാറിയോ, ഞങ്ങളെ കുഴപ്പത്തിലാക്കുമോ' എന്ന ധ്വനി.

"അവനിപ്പോ ഓക്കെയാണ്" ബഷീറിൻ്റെ ഇടപെടൽ.

"ഓക്കെയല്ലെങ്കിലും നമ്മൾ ഓക്കെയാക്കും, അല്ലേ മുത്തേ?" ഡ്രൈവിംഗ് സീറ്റിലേക്കു തിരിഞ്ഞ് വിപിൻ്റെ ചോദ്യം. ശ്രീനാഥിൻ്റെ മുഖത്ത് അനിഷ്ടം. അതു വിപിൻ്റെ കുഴഞ്ഞ സംസാരത്തോടുള്ളതല്ല, മറിച്ച് എന്നോടുള്ളതാണെന്ന് എനിക്കറിയാമായിരുന്നു. അവൻ്റെ സ്ഥിരം കമ്പനിക്കാരെല്ലാം അവസാനനിമിഷം കാലു മാറിയപ്പോൾ ആളെത്തികയ്ക്കാൻ വേണ്ടിയാണ് എന്നെക്കൂട്ടേണ്ടിവന്നതെന്ന് എനിക്കറിയാമായിരുന്നു - ബഷീറിൻ്റെ സംസാരത്തിൽ നിന്നും മനസ്സിലായതാണ്. 'ഫ്ലൈറ്റ് റിസ്ക്' ആയ ഒരാളെ കൂടെക്കൂട്ടാൻ ബഷീറിന് ശ്രീനാഥിൻ്റെ കാലുപിടിക്കേണ്ടി വന്നിട്ടുണ്ടാകാം. എന്തായാലും ഞാൻ ഒരു 'ലാസ്റ്റ് ഓപ്ഷനാ'ണ്.

റിയർ വിൻഡോയിലൂടെ എതിരെയുള്ള ബസ്സ്റ്റോപ്പിലേക്കൊന്നു പിൻതിരിഞ്ഞു നോക്കി. ചുവന്ന നാവുള്ള 'ബംഗാളിക്കുട്ടിച്ചാത്തൻ' എന്നെത്തന്നെ നോക്കി നിൽക്കുന്നു. എസ് യു വി മുന്നോട്ട് ഉരുളുകയാണ്. ഈശ്വരാ, അവനെൻ്റെ നേരെയാണോ ഈയോടി വരുന്നത്. നാക്കുനീട്ടി വാതുറന്ന് ചുവന്ന ദ്രാവകവും തെറിപ്പിച്ച്.. പെട്ടെന്ന് അവനെ മറച്ചു കൊണ്ട് ഒരു പ്രൈവറ്റ് ബസ്. അതു ബ്രേക്കിടുന്ന ശബ്ദം കാറിൻ്റെ കണ്ണാടിക്കൂടിനകത്തുവരെ മുഴങ്ങി. 

കുഴപ്പമാണ്.

"അയ്യോ ആരെയോ വണ്ടി തട്ടിയെന്നാ തോന്നണെ."

"അല്ലേലും ഇവൻമാരെന്നാ വരവാ ഈ വരണേ." വർഷങ്ങൾക്കു ശേഷമാണ് ശ്രീനാഥിൻ്റെ ശബ്ദം ഞാൻ കേൾക്കുന്നത്.

"നിക്കണ്ടാ. അല്ലെങ്കിലേ ലേറ്റാ. "

-----------

ആ അപകടത്തിൽ ഇടപെടാതെ തുടർന്ന യാത്ര രണ്ടു മണിക്കൂർ പിന്നിട്ടിരുന്നു. ലഘു ഭക്ഷണത്തിനും മൂത്രശങ്ക തീർക്കലിനും ഫോട്ടോ എടുപ്പിനുമായി ഇടയ്ക്കു നിർത്തി. ബഷീറും ശ്രീനാഥും മാറിമാറി ഡ്രൈവു ചെയ്തു. വിപിൻ ഒരു കുപ്പി ഫിനിഷ് ചെയ്തു. അതിനിടെ ചൂടുള്ള വാർത്തകൾ  കൈമാറ്റം ചെയ്യപ്പെട്ടു. കമ്പനികളിൽ നിന്നും കമ്പനികളിലേക്കുള്ള കൂടുമാറ്റങ്ങളും അതിൻ്റെ മെച്ചങ്ങളും പ്രശ്നങ്ങളുമാണു കൂടുതലും ചർച്ചചെയ്യപ്പെട്ടത്. എന്നോട്  ആകെ ചോദിക്കപ്പെട്ടത് 'മെഡിക്കൽ ലീവ് തീർന്നോ', 'എന്നാണു തിരിച്ചു ജോയിൻ ചെയ്യുന്നത്' തുടങ്ങിയ ചോദ്യങ്ങളായിരുന്നു. അതും വിപിനാണു ചോദിച്ചത്. ബഷീറിന് അതിൻ്റെ ഉത്തരങ്ങളറിയാമായിരുന്നു, ശ്രീനാഥ് അതറിയാൻ താൽപര്യം കാണിച്ചതുമില്ല.

മല കയറുന്തോറും തണുപ്പ്  വണ്ടിയ്ക്കകത്തേക്ക്  അരിച്ചു  കയറിക്കൊണ്ടിരുന്നു. കഴിഞ്ഞ മൂന്നുനാലു മാസം കൊണ്ടു പരിചിതമായ അസുഖകരമായ തണുപ്പ്. മരുന്നിൻ്റെയും ആൻ്റിസെപ്റ്റിക്കിൻ്റെയും ഫ്ലോർ ക്ലീനറുടെയും കൊതുകുതിരിയുടേയും മണമുണ്ടോ ഈ തണുപ്പിന്? പരിചിതമായ ഒരു കയറ്റം കൂടി കയറി. റോഡു വക്കിൽ രണ്ടു മാലാഖമാർ ചിറകു വിരിച്ചു പിടിച്ചു സ്വാഗതമോതുന്ന കമാനം. ഇരുവശത്തും ബുഷ് വച്ചു പിടിപ്പിച്ച ചരൽ പാകിയ വഴി. അതു ചെന്നെത്തുന്നത് എവിടെയെന്ന് എനിക്കറിയാം.  അവിടെ എന്നെ രണ്ടു മൂന്നു തവണ വന്നു സന്ദർശിച്ച ബഷീറിനുമറിയാം. വണ്ടി ആ മതിൽക്കെട്ടിനെ മറികടന്ന് അടുത്ത കയറ്റം കയറിയപ്പോൾ 'ബ്ലോക്ക് സി' എന്നെഴുതിയ കെട്ടിടം മാത്രം മൈനാകം പോലെ ഉയർന്നു വരുന്നതായി എനിക്കു തോന്നി. ഞാൻ കണ്ണടച്ചിരുന്നു. മുന്നിലിരുന്ന ശ്രീനാഥ് വണ്ടിയോടിച്ചിരുന്ന ബഷീറിനോട് 'ഇവിടെയല്ലേ' എന്നു ചോദിച്ചതും ബഷീർ അതേയെന്നു തലയാട്ടുന്നതും കൂടുതൽ ചോദ്യങ്ങൾ കൈകൊണ്ട് വിലക്കുന്നതും  കണ്ടു. രണ്ടാളും എന്നെ പാളിനോക്കുന്നത് പാതികണ്ണടവിൽ ഞാനറിഞ്ഞു. 'എന്താളിയാ' എന്നു ചോദിച്ചു പകുതിബോധത്തിലായിരുന്ന വിപിൻ ആ സംഭാഷണത്തിൽ പങ്കെടുക്കാനെത്തിയെങ്കിലും 'പിന്നെപ്പറയാം' എന്നു മന്ത്രിച്ച് ശ്രീനാഥ് അവനെ പിൻസീറ്റിലേക്കു തന്നെ ചായ്ച്ചുകളഞ്ഞു. 

വണ്ടി തൻ്റെ ജോലിഭാരത്തെപ്പറ്റി പ്രതിഷേധിക്കാൻ തുടങ്ങിയതും ഞാൻ മയക്കത്തിലേക്കു വീണു. 

----------

കറുത്തമുഖത്തു തുറിച്ചകണ്ണുകളും ചുവന്നനാവും നീട്ടി അയാൾ. ഇത്തവണ വായിൽ നിന്നും ഒഴുകുന്നതു ചോരതന്നെ. കണ്ണാടിയ്ക്കപ്പുറത്തു നിന്നും അയാൾ വാപിളർന്നു. ഞാൻ പേടിച്ചു കരഞ്ഞു…

ഞെട്ടി ഉണരുമ്പോൾ വണ്ടി നിർത്തിയിട്ടിരിക്കുന്നു. ആ തണുപ്പിലും വെട്ടിവിയർത്തിരിക്കുന്നു.  കണ്ണാടിയ്ക്കപ്പുറം ആ ബംഗാളിയില്ല. പകരം ഒരു ലോട്ടറിക്കാരൻ. 'നാളെ നറുക്കെടുപ്പാണ് സാറെ. എടുക്കട്ടെ ഒരെണ്ണം?' എന്നു ചോദിക്കുന്നു. ഞാനൊഴികെ എല്ലാവരും  പുറത്തുണ്ട്. മുന്നിലെ മാടക്കടയിൽ നിന്നും ചായ വാങ്ങുന്നുണ്ട്. ബഷീർ ഒരു കപ്പ്കൊണ്ടു വന്നു തന്നു. പകുതി കുടിച്ചു. വിപിൻ ഒരു ടിക്കറ്റു വാങ്ങി. ശ്രീനാഥ് വൃഥാ പിന്തിരിപ്പിക്കാൻ നോക്കി. പരാജയപ്പെട്ടു.

-----

ഇരുപതു കോടി അടിച്ചാലുള്ള നികുതിയും മിച്ചത്തിൻ്റെ വീതംവയ്പും നീക്കിവയ്പും അങ്ങനെ കണക്കുകളുടെ മനക്കോട്ട ബാക്കിയുള്ള വഴിയിൽ വിപിൻ വിസ്തരിച്ചു. ടാർ റോഡ്  പതിയെ മണ്ണുറോഡായി, പോകെപ്പോകെ അതു കല്ലു റോഡായി. അവസാനം ഒരു പുൽപ്പരപ്പിൽ വന്നു നിന്നു.    ഒരു കുന്നിൻമുകൾ അടിച്ചു പരത്തി അതിൽ പടുത്ത രണ്ടു കെട്ടിടങ്ങളും അതിനു മുന്നിലൊരു നീന്തൽക്കുളവും. അതായിരുന്നു ആ വാരാന്ത്യം അടിച്ചുപൊളിക്കാൻ ശ്രീനാഥ് ഏർപ്പാടാക്കിയ റിസോർട്ട്. ഞങ്ങളായിരുന്നു ആകെയുള്ള 'കസ്റ്റമേഴ്സ്'. നടത്തിപ്പുകാരൻ ജോസഫ് ചേട്ടൻ ബഷീറിനെയും എന്നെയും വന്നു  പരിചയപ്പെട്ടു. ബാക്കി രണ്ടാളും ഇടയ്ക്കിടയ്ക്കു  വന്നു പോകുന്നതാണെന്നു സൂചന കിട്ടി. 

 ഉച്ചയാകാറായിട്ടും നനുത്ത മഞ്ഞു തങ്ങിനിൽക്കുന്ന അന്തരീക്ഷം. വന്നിറങ്ങിയപ്പോൾ തന്നെ അട്ടയുടെ ആക്രമണം. ചെരുപ്പിലൊക്കെ കട്ടച്ചോര. നനഞ്ഞ പുല്ലിൽ നിന്നും മാറി നടക്കുകയല്ലാതെ വേറെ  നിവൃത്തിയില്ലായിരുന്നു. 

ചെന്നപാടെ വിപിനും ശ്രീനാഥും പൂളിൽ ഇറങ്ങി. കുപ്പികളും ഗ്ലാസുകളും അനുസാരികളും കരയിൽ നിരന്നു. വിപിൻ എന്നെയും ബഷീറിനെയും പൂളിലേക്കു ക്ഷണിച്ചു. ഞാൻ കാലുകൊണ്ടു  വെള്ളത്തിൻ്റെ താപനില അളന്നു. അന്തരീക്ഷത്തെ വച്ചു നോക്കുമ്പോൾ ഒരിളം ചൂടുണ്ട്. പരിചിതമായ, അസുഖകരമായ ഒരു ചൂട്. ആശുപത്രിയിലെ ബാത്ത്ടബ്ബ്. യൂക്കാലിയുടെ മണം. ഞാൻ കാൽ വലിച്ചു. 

വെയിലു മൂത്തു തുടങ്ങിയപ്പോൾ കുന്നിനു ചുറ്റുമുള്ള പുകമഞ്ഞ് പതുക്കെ തിരശ്ശീല പോലെ വകഞ്ഞു മാറിത്തുടങ്ങി. തിരശ്ശീലയ്ക്കു പിന്നിൽ മറ്റൊരു കുന്ന്. അതിനു മുകളിൽ മേഞ്ഞു  നടക്കുന്ന കന്നുകാലികൾ. പച്ചനിറം അടിച്ച ഒരു കെട്ടിടം. അതൊരു ശവകുടീരമാണെന്നു ജോസഫുചേട്ടൻ പറഞ്ഞു തന്നു. ഉച്ചഭക്ഷണം കഴിഞ്ഞു നടക്കാൻ പോകുമ്പോൾ അടുത്തു കാണാമെത്രേ. ആൾപ്പൊക്കമുള്ള പുല്ലുകൾക്കിടയിലൂടെ  രണ്ടു മൂന്നുപേർ മലയുടെ തുഞ്ചത്തേക്കു കയറുന്നു. ഉച്ചവെയിലേറ്റു മയങ്ങുന്ന ഒരു രാക്ഷസൻ്റെ തലപോലെ ആ കുന്ന്. പേൻപോലെ അരിച്ചുകയറുന്ന ശല്ല്യക്കാർ കാരണം ആ തലയൊന്നു മൊത്തത്തിൽ  അനങ്ങിയതുപോലെ. കാറ്റടിച്ചപ്പോൾ തോന്നിയതാകാം. 

ഉച്ചഭക്ഷണം പൊടിപൊടിച്ചു. 'കഴിഞ്ഞതവണ മാൻ ഉണ്ടായിരുന്നു' എന്നു ചിക്കൻകാലു ചവച്ചിറക്കുന്നതിനിടയിൽ  വിപിൻ ഓർത്തെടുത്തു. 'അതു മാനല്ല സാറെ, കൂരാൻ ആയിരുന്നു.' എന്നു ജോസഫുചേട്ടൻ തിരുത്തി. മാൻ പോലെ ഇരിക്കും, പക്ഷേ ഒരു വലിയ മുയലിൻ്റെ വലിപ്പമേ കാണൂ. മുയലിനെപ്പോലെ അത്ര എളുപ്പം പിടി തരില്ല. ഇറച്ചിയ്ക്കു പക്ഷേ നല്ല ടേസ്റ്റാണെന്നൊക്കെ വിശദീകരിച്ചു. ബഷീറിനും എനിക്കും ജോസഫ്ചേട്ടനും ഓരോ പെഗ് വീതം നീട്ടപ്പെട്ടു. മരുന്നു കഴിക്കാനുണ്ടെന്നു പറഞ്ഞ് ഞാൻ നിരസിച്ചു. 

മരുന്നിൻ്റെ കാര്യം പറഞ്ഞപ്പോഴാണ് രാവിലത്തേതു കഴിച്ചില്ല എന്നോർമ്മ വന്നത്.  റൂമിലേക്കു ചെന്നു ബാഗിൻ്റെ മുഴച്ചു നിന്ന പുറത്തെ കള്ളി തുറന്നു. ഛെ! അതു വെറും സ്ട്രെപ്സിൽസ് ആയിരുന്നു. ഞാനെടുത്തു വച്ചതായിരുന്നല്ലോ. എല്ലാ അറകളും പരിശോധിച്ചു. ബാഗിലുള്ളതെല്ലാം കട്ടിലിലേക്കു കുടഞ്ഞു. തുണികളൊക്കെ പരതി. അതെല്ലാം വീണ്ടും അകത്തു കയറ്റി. ആ തണുപ്പത്തും നിന്നു വിയർക്കാൻ തുടങ്ങി. മറന്നു പോയതാണോ. എൻ്റെ അന്ധാളിപ്പു കണ്ട് പിന്നിൽ ബഷീർ. ബഷീറിനു പിന്നിൽ ശ്രീനാഥ് - ഫോണിൽ നോക്കുന്നതു പോലെ നിൽപാണ്, പക്ഷേ ശ്രദ്ധ എന്നിൽത്തന്നെ.

"എന്താടാ" എന്ന ബഷീറിൻ്റെ ചോദ്യത്തിന്  ഉത്തരം പറയാതെ നടന്നു - ജോസഫു ചേട്ടനും വിപിനും സംസാരിച്ചു നിൽക്കുന്നിടത്തേക്ക്. പുൽപ്പരപ്പ് ഒഴിവാക്കാനായില്ല, അട്ട കയറും ഉറപ്പ്. കാലിപ്പോൾ തന്നെ ചൊറിഞ്ഞുതുടങ്ങിയിട്ടുണ്ട്. പിന്നിൽ നിന്നും ബഷീറിൻ്റെയും ശ്രീനാഥിൻ്റെയും സംഭാഷണം അപ്പോൾ വീശിയ കാറ്റു കൊണ്ടു വന്നു തന്നു.

"ഇവനെ മല കയറാൻ കൊണ്ടുപോണോ?"

"അല്ലാതെ ഇവിടെ നിർത്തീട്ടു പോകുന്നതു സേഫാണോ?"

"നിന്നെ പറഞ്ഞാമതീലോ. തലയ്ക്കു സുഖമില്ലാത്തതിനെയൊക്കെ.."

"പതുക്കെപ്പറ അവൻ കേൾക്കും."

"ഇത്ര ദൂരത്തൂന്നോ. നോ ചാൻസ്"

എന്തായാലും കേൾക്കാനുള്ളതു കേട്ടു. ഇതും ഇതിനപ്പുറവും കേൾക്കേണ്ടിവരും എന്നറിഞ്ഞു കൊണ്ടു തന്നെയാണു വന്നത്. 

ജോസഫു ചേട്ടൻ നയിച്ചു. ഞങ്ങൾ പിറകെ നടന്നു. ഇടയ്ക്കിടയ്ക്ക് തണുത്ത കാറ്റ് ജാക്കറ്റിൻ്റെ കഴുത്തു,കൈ കവാടങ്ങളിൽ വന്നു മുട്ടിവിളിച്ചു തോറ്റുപിൻമാറിപ്പോയി. ജാക്കറ്റിൻ്റെ സിപ്പർ കഴുത്തുവരെ എത്തിയിട്ടില്ലേ എന്ന്  ഉറപ്പുവരുത്തിക്കൊണ്ടിരുന്നു. 

 റിസോർട്ടിൻ്റെ ഗേറ്റു കടന്നതും വനംവകുപ്പിൻ്റെ മുന്നറിയിപ്പു ബോർഡുകൾ. 'നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കയ്യിൽ തന്നെയാണ്, സൂക്ഷിച്ചും കണ്ടും നടന്നോളൂ' എന്നു രത്നച്ചുരുക്കം.

 പെട്ടെന്നു വഴിയരികിലെ പൊന്തകളിൽ നിന്നും ഒരനക്കം. ചെടികളെ ഉലച്ചുകൊണ്ട് എന്തോ ഓടി വരുന്നതു പോലെ. വിപിനായിരുന്നു പൊന്തകൾക്കടുത്തു നിന്നത്. 'മാറിക്കോ' എന്നു പറയാനാകുന്നതിനു മുൻപേ വിപിനെ തട്ടിയിട്ട് ഒരു രൂപം വഴിയിലേക്കു ചാടി. നാലു കാലിൽ നിന്ന് ചുര മാന്തി. തലയിൽ വളഞ്ഞു കൂർത്ത കൊമ്പുകൾ. അതൊരു കലമാനായിരുന്നു - ഒരാൾപൊക്കം. എന്തോ കണ്ട് വിരണ്ടു വന്നതായിരിക്കണം.

 വിപിൻ പിടഞ്ഞെണീക്കാൻ നോക്കുന്നുണ്ടായിരുന്നു - ജോസഫ് ചേട്ടൻ അവനെ സഹായിക്കാനും. നെറ്റിപൊട്ടിയിട്ടുണ്ട്. 

 ഒരു പട്ടിയുടെ കുര അടുത്തു വരുന്നുണ്ടായിരുന്നു. അതു കേട്ടാവണം മാൻ വീണ്ടും വിപിനടുത്തേക്കു നീങ്ങി. അതിൻ്റെ കൊമ്പുകൊണ്ടൊന്നു വരഞ്ഞാൽ മതി...  

എന്നെ എന്താണ് ആവേശിച്ചതെന്നറിയില്ല.  ഞാൻ വിപിൻ്റെയും കലമാനിൻ്റെയും ഇടയിൽ ചാടിയതും കയ്യിൽ തടഞ്ഞ ഭാരമുള്ളതെന്തോയെടുത്ത് വീശിയതും ഒന്നിച്ചായിരുന്നു. 'ക്രാക്ക്' എന്നൊരു ശബ്ദംകേട്ടു. കലമാൻ വലിയൊരു ശബ്ദത്തോടെ മറിഞ്ഞു വീണു. ഞാൻ കിതയ്ക്കുന്നതിനിടെ ചുറ്റും സ്തബ്ധരായി നിൽക്കുന്ന ബാക്കിയുള്ളവരെക്കണ്ടു. ഒരു മിന്നായം പോലെ ദൂരെ നിന്നും പാഞ്ഞു വരുന്ന ഒരു കറുത്ത നായേയും അതിനു പിന്നിൽ ഓടിവരുന്ന രണ്ടു മൂന്നു പെൺകുട്ടികളേയും കണ്ടു. എൻ്റെ കാൽക്കൽ  ചോരയിറ്റുന്ന നാവു നീട്ടി അതിൻ്റെ അവസാന ശ്വാസമെടുക്കുന്ന മാനിനെ ഒന്നു നോക്കി. എൻ്റെ തൊണ്ടയിൽ നിന്നും ഒരലർച്ച പുറത്തു വന്നു....

"എന്താടാ എന്തു പറ്റി" ബഷീറായിരുന്നു. 
 
ഞാൻ ചുറ്റിനും നോക്കി. ഞങ്ങളിപ്പോഴും റിസോർട്ടിൻ്റെ കോമ്പൗണ്ടിനുള്ളിലാണ്. ഗേറ്റ് ഇനിയും ഒരുപാടു ദൂരെയാണ്. സ്വപ്നം കണ്ടതാണോ?

ശ്രീനാഥ് സംശയത്തോടെ നോക്കുന്നു. എല്ലാ നോട്ടങ്ങളും എന്നിലേക്ക്. ഞാൻ എന്തു പറയണമെന്നറിയാതെ കുഴങ്ങി. എന്നെ രക്ഷപ്പെടുത്താനെന്നവണ്ണം ഫോൺ ബീപ് ചെയ്യുന്നു. ബാറ്ററി തീർന്നിട്ടുണ്ട്.  

"അതു പിന്നെ... ഫോൺ ഓഫായിപ്പോയി. മോളിൽ ചെന്നിട്ടു ഫോട്ടോ എടുക്കാൻ..." ഞാൻ പറഞ്ഞൊപ്പിച്ചു. 

"ഓ അത്രേയൊള്ളോ.. നീയെൻ്റെ ഫോണെടുത്തോടാ മുത്തേ... " വിപിൻ്റെ ഓഫർ. ബഷീറിൻ്റെ മുഖത്ത് ആശ്വാസം. ശ്രീനാഥ് ഇപ്പോഴും വിശ്വസിച്ചിട്ടില്ല.

ജാള്യത കാരണം ഞാൻ കുറച്ചു മുന്നോട്ടു നടന്നു ജോസഫുചേട്ടൻ്റെ കൂടെക്കൂടി. "ഫോറസ്റ്റുകാരുടെ മുന്നറിയിപ്പുബോർഡൊക്കെ ഉണ്ടല്ലേ. മാനോടുന്ന പ്രദേശമാണെന്നൊക്കെ.." ആ കുശലാന്വേഷണം വേണ്ടെന്നെനിക്കു അപ്പോൾ തോന്നിയില്ല. 

"ഉണ്ട് സാറെ. സാറിവിടെ വന്നിട്ടുണ്ടോ നേരത്തെ?  നമ്മൾ അങ്ങോട് എത്തുന്നതേയുള്ളൂ. ബോർഡുണ്ടെന്നേയുള്ളൂ. ഞാനിതേവരെ മാനിനെ ഒന്നും കണ്ടിട്ടില്ല. " 

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

കുറച്ചു ചെന്നപ്പോഴേക്കും വഴിയരികിൽ ഞാൻ നേരത്തേ സ്വപ്നം കണ്ട അതേ ബോർഡുകളും പൊന്തയും. 

------------------

കുന്നു കയറാൻതുടങ്ങി. കയറ്റത്തിൻ്റെ ഏകദേശം പകുതിയെത്തിയപ്പോൾ ദൂരെ നിന്നും കണ്ട പച്ചനിറമുള്ള ആ ശവകുടീരമെത്തി. രാജാവിൻ്റെ കൊട്ടാരം സൂക്ഷിപ്പുകാരൻ്റേതായിരുന്നെത്രേ. അയാളുടെ പേരിലാണ് ഈ സ്ഥലം പോലും അറിയപ്പെടുന്നത് എന്നത് പുതിയ അറിവായിരുന്നു. ഫലകത്തിൽ എഴുതിവയ്ച്ചതു പഴക്കം കൊണ്ടു മാഞ്ഞുപോയെങ്കിലും ജോസഫ്ചേട്ടൻ അച്ചടിഭാഷയിൽ അതെല്ലാം പറഞ്ഞു തന്നു. അൽപമെങ്കിലും അതൊന്നും രസിക്കാതിരുന്നത് ശ്രീനാഥിനു മാത്രമായിരുന്നു. 

അങ്ങനെ നടന്നും ഓടിയും കിതച്ചും ഫോട്ടോയെടുത്തും ആളുയരത്തിൽ പുല്ലുവളർന്നയിടത്തെത്തി. രാക്ഷസൻ്റെ മുടി. അവിടെ പുല്ലുവളരാത്ത ചെറിയ പാറകളുള്ള ഭാഗത്ത് രണ്ടു പെൺകുട്ടികൾ വിശ്രമിക്കുന്നുണ്ടായിരുന്നു. പെട്ടെന്നു ഞങ്ങളെക്കണ്ട അന്ധാളിപ്പിലാകണം  ആരെയോ പേരുചൊല്ലി വിളിച്ച് അവർ എഴുന്നേറ്റു പോകാനൊരുങ്ങി. 

"ഞങ്ങളെക്കണ്ടിട്ടാണോ..? ഈസി ഈസി.. " വിപിൻ  അതിലൊരു കുട്ടിയോടു പറഞ്ഞു. 

"വരുന്നോ മോളിലേക്ക്" ഒരു മയവുമില്ലാതെ ശ്രീനാഥ് ചോദിച്ചു. 'ഇല്ലെ'ന്ന് തലയാട്ടി രണ്ടാളും താഴേക്കു നടക്കാൻ ശ്രമിച്ചെങ്കിലും അവൻ കൈനീട്ടി വഴിതടഞ്ഞു. രണ്ടു പെൺകുട്ടികളും മുന്നോട്ടുപോകാനാവാതെ കുഴങ്ങി നിന്നു.

"വാന്നേ, ബിയറൊക്കെയുണ്ട്. നമുക്ക് മോളിൽ ചെന്നിട്ടു ചിൽ ആവാം"  ശ്രീനാഥ് അടുത്തേക്കു ചെന്നതും ഒരു കുട്ടി  കരച്ചിലിൻ്റെ വക്കിലെത്തി. 

"സാറേ, വിട്ടേക്ക്" ജോസഫുചേട്ടൻ ഇടപെട്ടു. 

അതിനിടയിൽ മുന്നിൽ നിന്നും ഒരു കുര കേട്ടു. ഇടതൂർന്ന പുല്ലുകൾക്കിടയിൽ നിന്നും കറുത്ത ഒരു നായും അതിനു പിന്നാലെ വേറൊരു പെൺകുട്ടിയും. നായ ശ്രീനാഥിനെ നോക്കി മുരണ്ടു. അവൻ പോലുമറിയാതെ അവർക്കു വഴിമാറി നിന്നു കൊടുത്തു. മുന്നിൽ നായും പിറകിൽ ആ മൂന്നു പെൺകുട്ടികളുമായി ആ കൂട്ടം കുന്നിറങ്ങിപ്പോയി. പോകുന്നതിനിടയിൽ  അതിലൊരാൾ ഞങ്ങളെ കത്തുന്ന ഒരു നോട്ടം നോക്കി. 

"ഇവിടെ അടുത്തൊരു എഞ്ചിനിയറിംഗ് കോളേജുണ്ട്. അവിടത്തെ പിള്ളേരാണ്." ജോസഫുചേട്ടൻ ആരോടെന്നില്ലാതെ പറഞ്ഞു. 

സ്വപ്നത്തിൽ കണ്ട നായും പെൺകുട്ടികളും തന്നെയാണോ ഇപ്പോൾ ഞങ്ങളെ കടന്നു പോയത്? മരുന്നു കൊണ്ടു വരേണ്ടതായിരുന്നു. 

------

കുന്നിൻ്റെ തുഞ്ചത്തു കയറി ആരോടെന്നില്ലാതെ ആക്രോശിച്ചും സെൽഫികളെടുത്തും ഒന്നിച്ചു നിശബ്ദതയിലാണ്ടും മടുത്തപ്പോൾ തിരിച്ചിറങ്ങി. ഞങ്ങളുടെ താവളമെത്തിയപ്പോഴേക്കും ഇരുട്ടു വീണു തുടങ്ങിയിരുന്നു. 

അത്താഴത്തിനു മുൻപ് അടുത്ത റൗണ്ട് കുപ്പികൾ പൊട്ടി. ഞാനൊഴിച്ച് എല്ലാവരും നീന്തൽക്കുളത്തിലിറങ്ങി. എന്നെ തൽക്കാലത്തേക്കു മറന്ന് അവർ അവരുടെ ലോകത്ത് ഒതുങ്ങി.

കോടമഞ്ഞ് തിരിച്ചു വന്നുതുടങ്ങിയിരുന്നു. കുറച്ചു മുൻപ് കയറിയിറങ്ങിയ എതിർവശത്തുള്ള ആ കുന്ന് പതിയേ കാഴ്ചയിൽ നിന്നും മറഞ്ഞു. 

ഞാനതും നോക്കി കുറേനേരമിരുന്നു. കാറ്റ് ഒരുപാടു കഷ്ടപ്പെട്ട് മഞ്ഞിൻ തിരശ്ശീലയെ നീക്കും. ചെറിയ നിലവെളിച്ചത്തിൻ്റെ കീറിൽ ആ കുന്നു ദൃശ്യമാകും.വീണ്ടും മറയും.  കുന്നിന് ഉറങ്ങുന്ന രാക്ഷസനോടുള്ള സാദൃശ്യമേറി വരുന്നു.  

ഇടയ്ക്കെപ്പോഴോ ആ കുന്നു കണ്ണു തുറന്നതുപോലെ. നല്ല ഉറക്കം വരുന്നുണ്ട്, അതായിരിക്കാം. ഞാൻ കണ്ണു ചിമ്മി മിഴിച്ചു. അല്ല അതു കണ്ണു തുറന്നിരിപ്പാണ്, തീക്കണ്ണുകൾ - എന്നെയാണു നോക്കുന്നത്. ആരെങ്കിലും കുന്നുമ്പുറത്തു  തീകൂട്ടിയതാണോ.  നേരത്തെക്കണ്ടപോലെ സ്വപ്നം ആണോ? സ്വപ്നമല്ല, തോന്നൽ. വിഭ്രാന്തി. അല്ല തോന്നലല്ല. ഞാൻ കണ്ണിറുക്കിയടച്ചു. നീന്തൽക്കുളത്തിലുള്ളവരോട് അങ്ങോടു നോക്കാൻ പറഞ്ഞാലോ. നിലാവൊന്നു മറഞ്ഞെങ്കിൽ. അങ്ങോടു നോക്കാൻ പേടിയാവുന്നു. ഞാൻ വാതിൽപ്പടിയിൽ ഇരുന്നു.

'ഏയ്' ആരോ സംസാരിക്കുന്നു. എൻ്റെ തലയ്ക്കകത്ത്.

'ആരാ?' 

'പേടിച്ചോ? കണ്ണുപൂട്ടിയിരിക്കാതെ. ഇതു ഞാൻ തന്നെ'

'ഇല്ല. ഇതു തോന്നലാണ്.' ഞാൻ കാൽമുട്ടുകൾക്കിടയിൽ തലതിരുകി ആ ശബ്ദത്തെ തടയാൻ ശ്രമിച്ചു.

ഇല്ല അതെൻ്റെ തലയോട്ടിയ്ക്കുള്ളിലാണു മുഴങ്ങിയിരുന്നത്. 'അല്ല. തോന്നലല്ല. തനിക്കു മാത്രേ എന്നെക്കാണാൻ പറ്റൂ.' 

'പോ'

'ഞാൻ പറയുന്നതു ചെയ്താൽ പോയിത്തരാം.'

'എന്താ വേണ്ടത്?'

'കൂടെയുള്ളവൻമാരുടെ ജീവൻ. അതു തന്നാൽ പൊയ്ക്കോളാം.'

'അയ്യോ... ഇല്ല. നടക്കില്ല. പോ. പൊയ്ക്കോ.'

'ഹഹ. എന്നാ താൻ ഒന്നും ചെയ്യണ്ട. ഇനിയും ഇങ്ങോട്ടു വരവുണ്ടാകുമല്ലോ. ഞാനെടുത്തോളാം.  ' പിന്നെ നിശബ്ദത.

.....

ഉണർന്നിരിക്കുകയാണ്. പക്ഷേ കണ്ണു തുറക്കാനാവുന്നില്ല. വല്ലാത്ത ക്ഷീണം. വീണ്ടും സ്വപ്നമോ. എപ്പോഴാണു വന്നു കിടന്നത്? ഓർമ്മയില്ല. 

അടുത്തു നിന്നും കൂർക്കംവലി കേൾക്കാം. വിപിനാവണം.മുറിയിൽ ലൈറ്റുണ്ട് കൺപോളകളിൽ വന്നു കുത്തുന്നു. ആരെങ്കിലും കൊണ്ടുവന്നു കിടത്തിയതാണോ? ഞാൻ കുഴപ്പം വല്ലതും ഉണ്ടാക്കിയോ?

കാൽപ്പെരുമാറ്റം.

"ഇവനെപ്പോ വന്നുകിടന്നു. " ശ്രീനാഥിൻ്റെ ശബ്ദം

"ആര് വിപിനോ? അവൻ രണ്ടു റൗണ്ടു കഴിഞ്ഞതും ഫ്ലാറ്റായി. " ബഷീറിൻ്റെ ശബ്ദം.

"വിപിനല്ല. " എന്നെയാണ്.

"ഓഹ്.. അവനു മരുന്നു കഴിക്കാൻ ഉണ്ടാവും. എന്തൊക്കെയോ വലിച്ചുവാരിത്തിന്നുന്നതു കണ്ടു. പിന്നെ ഉറക്കം വരുന്നെന്നും പറഞ്ഞ് ഇറങ്ങി." എപ്പോൾ? അത്താഴം കഴിച്ചതുപോലും ഓർമ്മയില്ല.

"പതുക്കെ സംസാരിക്ക്. അവനെ എണീപ്പിക്കണ്ട.."

"അവൻ മരുന്നു കഴിച്ചാൽ പിന്നെ ഒന്നും അറിയില്ല. നല്ല ഉറക്കമായിരിക്കും. ഇനി ഒരു നാലഞ്ചു മണിക്കൂറ് നോക്കണ്ട"

"എനിക്കൊരു സിഗററ്റു വേണം. നിൻ്റെ കയ്യിലുണ്ടോ."

"തീർന്നല്ലോ. വിപിൻ്റെ ബാഗിൽ കാണും."

"നോക്കി. കണ്ടില്ല. ഇവനെ വിളിച്ചുനോക്കട്ടെ. അളിയാ വിപിനെ.. മൂടിപ്പൊതച്ചു സുഖിച്ചുകെടക്കാതെ വാടേ. അടുത്ത റൗണ്ട് റമ്മി കളിക്കാം." പുതപ്പു മാറ്റുന്ന ശബ്ദം.

"അയ്യോ ഇതെന്താ ഇവൻ്റെ മേത്ത്. ചോര.."

"ഈ മറ്റവൻ ആപ്പിളു ചെത്താൻ കത്തിയും കൊണ്ടു നടന്നപ്പോഴേ ഞാൻ എടുത്തു മാറ്റിയതായിരുന്നു. ചതിച്ചോ? എടാ വിപിനേ എണീക്ക്" കുന്നിൻപുറത്തു വളർന്നു നിന്നിരുന്ന ആപ്പിളുകൾ വിപിൻ  പറിച്ചുകൊണ്ടുവന്നതും അതു ചെത്താൻ കത്തി ഏർപ്പാടാക്കിയതും ആ ചുമതല എന്നെ ഏൽപ്പിച്ചതും ഓർമ്മ വന്നു - ആ കത്തി ശ്രീനാഥ് എൻ്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങിയതും. പക്ഷേ എപ്പോൾ?

"വിപിനേ.." ബഷീറിൻ്റെ ശബ്ദത്തിൽ പരിഭ്രമം.

"ഈ പ്രാന്തനെയൊന്നും കൊണ്ടുവരണ്ടാന്നു പറഞ്ഞതാ ഞാൻ.."  

വിപിൻ്റെ ഞരക്കം കേട്ടു. ഉണരുന്നു.

"ഹോ ബോധമുണ്ട്. ആശ്വാസം. അളിയാ നിൻ്റെ ദേഹത്തു മുഴുവൻ ചോര."

"അയ്യോ" എന്നു പറഞ്ഞു വിപിൻ ചാടി എഴുന്നേറ്റെന്നു മനസ്സിലായി. 

"നാശം. ഇത് അട്ട കടിച്ചതാ. ദേഹം മുഴുവനും ഉണ്ടല്ലോ. നീയാ ബാത്ത്റൂമിൽ ചെന്നു കഴുകി വാ. ഡെറ്റോൾ ഇരിപ്പുണ്ട്. " 

താമസിയാതെ ബാത്ത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു.

"ഞാൻ അങ്ങു വല്ലാതായിപ്പോയി."

"എന്തേ, കുത്തിമലത്തിയെന്നു കരുതിയോ?"

"അല്ല ഇവൻ്റെ കണ്ടീഷൻ….  ശരിക്കും ഇവനെന്താ പറ്റിയേ?" ശ്രീനാഥിൻ്റെ ചോദ്യം.

"ഓഹ്. ആസ് യൂഷ്വൽ വർക് പ്രഷർ. സ്ട്രെസ്സ്. "

"അയ്യേ അതിനാണോ? നമ്മളൊക്കെ ഇതെന്തോരം കണ്ടിരിക്കുന്നു. ഞാനൊക്കെയാണെങ്കി പോട്ട് പുല്ലെന്നു പറഞ്ഞ് ഇറങ്ങിപ്പോരും"

"അതു നമ്മൾ. ഇവൻ അങ്ങനെയാണോ?   മാനേജറെ തല്ലാൻ ചെന്നെന്നോ തല്ലിയെന്നോ ഒക്കെ കേട്ടു. ശരിക്കും ഒരു മെൽറ്റ്ഡൗൺ. കമ്പനി തന്നെയാണ് ഇവനെ ട്രീറ്റ്മെൻ്റിനു വിട്ടത്. നാലു മാസം. ഓഫ് ദ ഗ്രിഡ്. "

"നമ്മളു വരുമ്പൊ കണ്ട ആ ഹോസ്പിറ്റൽ..."

"ആ.. അവിടെത്തന്നെ. ഇപ്പൊ ആളൊന്നു  നോർമലായിട്ടുണ്ട്. മെഡിക്കേഷനിലാണ് എന്നാലും." 

"ഹും. നോർമല്.."

സംഭാഷണത്തിൽ വിപിനും കൂടി പങ്കുചേർന്നപ്പോഴേക്കും എനിക്കു വീണ്ടും ഉറക്കം വന്നു. 

--------

നീന്തൽകുളത്തിലെ തിരയിളക്കം കേട്ടാണ് കണ്ണുതുറന്നത്. നേരം വെളുത്തിട്ടില്ല. എല്ലാവരും നല്ല ഉറക്കമാണ്. 

വീണ്ടും വെള്ളം ഇളകുന്ന ശബ്ദം. അല്ല എന്തോ വെള്ളം വലിച്ചു കുടിക്കുന്നതു പോലെ. ഒരു ഓട്ടോമാറ്റിക് പമ്പാണ് പൂളിലെ വെള്ളം ഇടയ്ക്കു മാറ്റുന്നതെന്നു പറഞ്ഞു കേട്ടിരുന്നു. അതിൻ്റെ പമ്പ്ഹൗസ് അടുത്തു തന്നെ ഉണ്ടായിരുന്നു താനും. ചിലപ്പോൾ ആ ശബ്ദം ആയിരിക്കും.

തണുത്ത കാറ്റു ചൂളംകുത്തുന്നുണ്ട്. ചില്ലു ജനാലകളെല്ലാം അപ്പുറത്തെന്തെന്നറിയാനാകാത്തവിധം തണുത്തുറഞ്ഞിരിക്കുന്നു. വീണ്ടും വെള്ളം വലിച്ചെടുക്കുന്ന ശബ്ദം. കാൽപ്പെരുമാറ്റം. മനുഷ്യനല്ല. എന്തോ ജീവി. 

ശ്വാസമടക്കി കിടന്നു. ഇപ്പോൾ  തിരയിളക്കമില്ല. കാൽപ്പെരുമാറ്റം മാത്രം.   കനത്ത കാൽവയ്പുകളോടെ ഒരു വലിയ നിഴൽ എനിക്കു മുന്നിലൂടെ ജനാലയ്ക്കപ്പുറത്തുകൂടെ കടന്നുപോയി.  

ഞാൻ കണ്ണുമിഴിച്ചു തന്നെ നേരം വെളുപ്പിച്ചു.

---------

"ആനയോ? പോടെ. സ്വപ്നം കണ്ടതായിരിക്കും. ഈ കുന്നിൻമുകളിലാണോ ആന. " ബഷീറിനോടു മാത്രമേ സംഭവം പറയാനാകുമായിരുന്നുള്ളൂ. പക്ഷേ വിചാരിച്ചപോലെതന്നെ അവനതു തട്ടിക്കളഞ്ഞു. 

ജോസഫുചേട്ടനും തൻ്റെ പത്തു പന്ത്രണ്ടു  കൊല്ലത്തെ അനുഭവജ്ഞാനം കൊണ്ട് എൻ്റെ വാദങ്ങളെ ഖണ്ഡിച്ചു. ഇത്രയും ഉയരത്തിൽ ആന കയറിവരില്ലെന്നും ഇനി അഥവാ അങ്ങനെ വല്ലതും നടന്നിട്ടുണ്ടെങ്കിൽ അതു പമ്പ്ഹൗസിൻ്റെയും കോടയുടേയും ചെയ്തികളാണെന്നും പറഞ്ഞ് എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. 

-----------

പ്രാതൽ കഴിഞ്ഞ് ചെറിയൊരു ട്രെക്കിംഗ് കൂടി. ഒരു പ്രഭാതനടത്തം. കെട്ടിറങ്ങിയിട്ട് അതുകൂടി വേണമെന്നു വിപിനു നിർബന്ധമായിരുന്നു. തലേന്നു കയറിയ എതിർവശത്തെ കുന്നുതന്നെ. 

രാക്ഷസൻ!

തലേന്നത്തെ കാര്യങ്ങളോർത്തപ്പോൾ അറിയാതെ ഒരു ഉൾക്കിടിലം. ഇനിയൊരു മലകയറ്റം വേണ്ടെന്നു എല്ലാവരോടുമായി  പറഞ്ഞു നോക്കി. കേൾക്കുന്ന മട്ടില്ല. പിന്നെ കാലുവേദനയാണെന്നു പറഞ്ഞു പ്രതിഷേധിച്ചു നോക്കി. 'ഇന്നലെ പോയ വഴിയല്ല സാറെ. അതിനേക്കാൾ എളുപ്പമുള്ള വഴിയാ. വലിയ കയറ്റമില്ല' എന്നൊക്കെ പറഞ്ഞ് ജോസഫുചേട്ടൻ കൂടി നിർബന്ധിച്ചപ്പോൾ വഴങ്ങി.

----------

തലേന്നു നടന്ന പുൽപ്പരപ്പിലൂടെയല്ല കുന്നുകയറിയത്. ഇത്തവണ മൊത്തം പാറക്കെട്ടുകളായിരുന്നു. ഒരു പാറയിൽ നിന്നും മറ്റൊന്നിലേക്ക് ചാടിയും ചാടാൻ പറ്റാത്തതിൽ അള്ളിപ്പിടിച്ചു കയറിയും കുന്നിൻ്റെ മുകൾഭാഗമെത്താറായി. കാറ്റത്തു മുടിയിഴകളാടി രാക്ഷസൻ്റെ തല. 
 
അങ്ങോട്ടു നോക്കാൻ ശക്തിയില്ലാഞ്ഞ് തിരിഞ്ഞു നോക്കി - കയറിവന്ന വഴിയേ. ബാക്കി മൂന്നാളും കയറി വരുന്നതേയുള്ളൂ. പരിചയസമ്പന്നനായ ജോസഫുചേട്ടൻ എൻ്റെ അടുത്തു നിന്നു കിതയ്ക്കുന്നുണ്ട്. എളുപ്പവഴിയാണു പോലും.

അടിവാരം തെളിഞ്ഞു കാണാം. അപ്പുറത്തെ മലയിലൂടെ വെട്ടിയ റോഡിൽ നിറയെ വണ്ടികൾ. അവ ഉറുമ്പരിക്കുന്നതു പോലെ കയറ്റം കയറുന്നു. 

കുറച്ചപ്പുറത്തുള്ള പാറക്കെട്ടുകൾക്കിടയിൽ എന്തൊക്കെയൊ തുള്ളിച്ചാടുന്നത് അപ്പോഴാണു ശ്രദ്ധിച്ചത്. മുയലാണെന്നാണ് ആദ്യം കരുതിയത്. അല്ല അതു ചെറിയ മാനുകളായിരുന്നു. മുയലിനോളം വലിപ്പമുള്ള മാനുകളോ? വീണ്ടും മായക്കാഴ്ച്ചകളോ? സ്വപ്നമാണോ? ഞാൻ ഇപ്പോഴും  ഉറക്കമാണോ. ജോസഫു ചേട്ടൻ കാണാതെ കൈവിരലെടുത്തു കടിക്കാൻ ഒരുങ്ങിയതാണ് - ഉണരാൻ.

"കൂരാനാണു സാറേ" 
"എന്താ?"
"ഞാനിന്നലെ പറഞ്ഞില്ലേ കൂരാൻ. നല്ല കിടിലൻ ഇറച്ചിയാ." ഞാൻ ഇല്ലെന്നു കരുതിയ, തുള്ളിച്ചാടുന്ന ചെറിയ മാനുകളുടെ കൂട്ടത്തിലേക്കു ചൂണ്ടി ജോസഫുചേട്ടൻ പറഞ്ഞു.  

അപ്പോഴേക്കും മൂവർ സംഘവും ഒപ്പമെത്തി. കൂരാൻകൂട്ടത്തിൻ്റെ ചിത്രങ്ങൾ വിപിൻ തുരുതുരാ പകർത്തി. 

------

രാക്ഷസൻ്റെ തലമുടിനാരുകൾക്കിടയിലൂടെ ഞങ്ങൾ നടന്നു. വല്ലാത്ത അസ്വസ്ഥത. ജോസഫുചേട്ടൻ ആ പാറക്കെട്ടുകളുടെ പ്രത്യേകതയെപ്പറ്റി പ്രസംഗിച്ചു കൊണ്ടിരുന്നതൊന്നും തലയിൽ കയറിയില്ല. ഒരു കാറ്റു കൂടി കടന്നുപോയി. ജാക്കറ്റിൻ്റെ കഴുത്തു തുറന്നു കിടന്നിരുന്നു. ഉള്ളു തരിച്ചുപോയി.

ചവിട്ടി നിന്ന മണ്ണ് ഒന്നിളകിയോ? ഇല്ല, തോന്നലാണ്. 

'ഞാൻ പറഞ്ഞില്ലേ, നമ്മൾ വീണ്ടും കാണുമെന്ന്..' തലയ്ക്കുള്ളിൽ വീണ്ടും ആ ശബ്ദം.

ഞാൻ ചുറ്റിനും നോക്കി. എല്ലാവരും കലപിലാ സംസാരത്തിലാണ്. 

'ഞാൻ പറഞ്ഞില്ലേ, നിൻ്റെ കൂട്ടുകാരെയെല്ലാം ഞാൻ കൊണ്ടുപോകുമെന്ന്.. ദാ എല്ലാരെയും ഒന്നു കൂടി കണ്ടോളൂ.' ആ ശബ്ദം വീണ്ടും.

ശ്രീനാഥ്. വിപിൻ. ബഷീർ. അവരെന്തൊക്കെയോ പറഞ്ഞു വലിയ ചിരിയിലാണ്. 

ശ്രീനാഥ് ആകെ ചിരിച്ചു മറിഞ്ഞ് പിറകിലെ പുൽപ്പടർപ്പിലേക്കു ചാഞ്ഞതും ജോസഫ് ചേട്ടൻ എന്തോ വിളിച്ചു പറഞ്ഞു കൊണ്ട് അയാളെ തടയാൻ ശ്രമിക്കുന്നതും കണ്ടു.

'ദാ കണ്ടോ. ഒരാളെ ഞാൻ ജീവനോടെ വിഴുങ്ങാൻ പോകുന്നു. '

ഇല്ല, ഞാനുള്ളപ്പോൾ അതിനു സമ്മതിക്കില്ല. ഇനി ഇതും ഒരു തോന്നലായാലും അല്ലെങ്കിലും. 

---------

"അല്ലേലും അങ്ങനെയൊരു കിണറ്. അതും അവിടെ. ആരെങ്കിലും വിചാരിക്കുവോ?" വിപിൻ 

"ഞാൻ നേരത്തേ പറഞ്ഞതല്ലേ സാറേ ഈ വഴി അൽപം റിസ്കാന്ന്.. ഇങ്ങനെ രണ്ടു മൂന്നു പൊട്ടക്കിണറുണ്ട്, ഈ കയറ്റത്ത്. ഈ പുല്ലിങ്ങനെ വളർന്നുനിക്കണ കാരണം ആരും ശ്രദ്ധിക്കില്ല. " ജോസഫുചേട്ടൻ വിശദീകരിച്ചു. അങ്ങനെയൊരു 'റിസ്കു'ള്ള കാര്യം അങ്ങേരു പറഞ്ഞതായി എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാനായില്ല.

ശ്രീനാഥ് നിലത്തു കുമ്പിട്ടിരിപ്പാണ്. കയ്യിലും കാലിലും ചെറിയ പോറലുണ്ടെന്നതൊഴിച്ചാൽ കാര്യമായ പരിക്കൊന്നുമില്ല. പക്ഷേ ആളു ശരിക്കും വിരണ്ടിട്ടുണ്ട്. ബഷീർ അവൻ്റെ അടുത്തു തന്നെ നിൽപ്പുണ്ട്. 

"എന്നാലും സാറിൻ്റെ ധൈര്യം സമ്മതിക്കണം. കൂട്ടുകാരനെ രക്ഷിക്കാൻ അങ്ങെടുത്തു ചാടുവല്ലായിരുന്നോ കിണറ്റിലോട്ട്. " ജോസഫുചേട്ടൻ്റെ വാക്കുകളിൽ എന്നോടുള്ള മതിപ്പ്. ശ്രീനാഥിൻ്റെ കണ്ണുകളിൽ ജീവൻ രക്ഷിച്ചതിനുള്ള നന്ദി. 

ശ്രീനാഥിനെ വലിച്ചുകയറ്റുന്നതിനിടെ പിടുത്തം കിട്ടിയ മുരിക്കു പോലുള്ള ആ മരത്തിൽ നിന്നും എൻ്റെ കയ്യിൽ തറച്ച വലിയ മുള്ളുകൾ പിഴുതു മാറ്റാൻ ജോസഫുചേട്ടനും കൂടി. 

"സാറേ, പോകുന്നതു വരെ കൂട്ടുകാരുടെ മേലെ ഒരു കണ്ണുവേണെ. സാറാകുമ്പോ വിശ്വസിച്ചേൽപ്പിക്കാം. ഇപ്പോത്തന്നെ സാറില്ലാരുന്നെങ്കിൽ എന്തായേനെ?" അയാൾ മറ്റുള്ളവർ കേൾക്കാതെ എൻ്റെ ചെവിയിലോതി.

--------

അങ്ങനെ ട്രിപ്പ് അവസാനിച്ചു. 

ഉച്ചയൂണും കഴിഞ്ഞ് ഇറങ്ങാൻ നേരം മൂന്നു നാലു പാക്കറ്റ് ചായപ്പൊടിയുമായി ജോസഫുചേട്ടൻ എത്തി. വാടകയും ചേട്ടനുള്ള നല്ലൊരു ടിപ്പും കൊടുത്തു വണ്ടിയിൽ കയറുമ്പോഴാണ് ചേട്ടനതു പറയുന്നത്. "സാറു പറഞ്ഞതു ശരിയാ.. പുലർച്ചെ ആന കയറിയിറങ്ങിട്ടുണ്ട്. പമ്പ്ഹൗസിനപ്പുറത്ത് പിണ്ടം കിടപ്പുണ്ടായിരുന്നു."

--------

മലയിറങ്ങുമ്പോൾ ആരുമൊന്നും മിണ്ടുന്നില്ലായിരുന്നു. ശ്രീനാഥും ഞാനും പിൻസീറ്റിലായിരുന്നു. എന്നോടുള്ള അകൽച്ച ഒരൽപം വിട്ടൊഴിഞ്ഞ മട്ടായിരുന്നു.

ഇറക്കങ്ങൾ. ഒരോ ഇറക്കത്തിലും എടുത്ത തീരുമാനത്തിന് ഉറപ്പു കൂടിവന്നു. 

എനിക്കു പരിചിതമായ ഒരു വളവെത്താറായപ്പോൾ വണ്ടിയോടിച്ചിരുന്ന ബഷീറിനോടു പറഞ്ഞു "ഞാൻ ഇവിടെയിറങ്ങും. ഇവിടുത്തെ അച്ചനെ കാണാനുണ്ട്. അതു കഴിഞ്ഞു ബസിനു പൊയ്ക്കോളാം." അതൊരു നുണയായിരുന്നു.

മാലാഖമാർ കാവൽനിൽക്കുന്ന കമാനത്തിനു മുൻപിൽ വണ്ടി നിന്നു. എല്ലാവരോടുമായി  യാത്രപറഞ്ഞു. 

വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ ശ്രീനാഥ് ചോദിച്ചു "ഞങ്ങളു വരണോ?"

ഞാൻ ഒന്നു ചിരിക്കുക മാത്രം ചെയ്തു. ഇരുവശത്തും ബുഷ് വച്ചു പിടിപ്പിച്ച ചരൽ പാകിയ വഴിയിലൂടെ  നടന്നു. എസ് യു വി ഞാൻ കാണാമറയത്താകുന്നതുവരെ കാത്തു കിടന്നു കാണും. അല്ലെങ്കിൽ സമയം പാഴാക്കാതെ അപ്പോൾ തന്നെ പോയിക്കാണും. എന്തെങ്കിലുമാകട്ടെ.

ചരൽവഴി പിരിയുന്നിടത്തു ഞാൻ നിന്നു. 'അഡ്മിഷൻ, ബ്ലോക്ക് സി' എന്നെഴുതി അമ്പടയാളമിട്ട ഭാഗത്തേക്കു തിരിഞ്ഞു.

Srishti-2022   >>  Short Story - Malayalam   >>  അന്ധകാരത്തിന്റെ ആഴങ്ങളിൽ

Anoop Pappully

Wipro

അന്ധകാരത്തിന്റെ ആഴങ്ങളിൽ

 

ഇരുമ്പഴികളിൽ തകരപ്പാട്ട കൊണ്ടടിച്ചാലുണ്ടാവുന്ന പതിവ് ശബ്ദം അയാളെ ഉണർത്തി . കനത്ത കരിങ്കൽ ഭിത്തികൾക്കുള്ളിലാണ് താനെന്ന ബോധം അയാളെ അലോസരപ്പെടുത്തിയെങ്കിലും, അതിനുള്ളിലെ സുരക്ഷിതത്വം അയാൾക്ക്‌ ആശ്വാസമായി.ചിന്തയോയുടെ പ്രകാശങ്ങൾക്കു നടുവിൽ നട്ടം തിരിയുന്ന നിമിഷങ്ങൾ . അവക്ക് പുറകെ ഓടിത്തളരുമ്പോൾ ഉണ്ടാവുന്ന മടുപ്പ് ......

 

മലഞ്ചെരിവിലൂടെയുള്ള ചെമ്മൺ പാത അവസാനിക്കുന്നത് ഒരു കുഗ്രാമത്തിലാണ്. കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന പാട ശേഖരം . അതിനിടയിൽ വയൽ വരമ്പിലൂടെ നടന്നു നീങ്ങുന്ന ഒരമ്മയും മകനും. ചുറ്റും പറന്നു നടക്കുന്ന തുമ്പികളോടും പൂമ്പാറ്റകളോടും കിന്നാരം പറഞ്ഞു നടക്കുന്ന അവന്ടെ കയ്യിൽ പിഞ്ഞിത്തുടങ്ങിയ പുസ്തകങ്ങൾ നിറച്ച ഒരു കൊച്ചു സഞ്ചിയുണ്ട്.

 

ആത്മാവിന്റെ അകത്തളങ്ങളിൽ ചിറകു കൊഴിഞ്ഞ മോഹപ്പക്ഷികളുമായി അമ്മയുടെ ചിതക്ക് മുമ്പിൽ ഏകനായി ആ യൂവാവ് നിന്നു .

 

 

 

കയ്‌പേറിയ ജീവിതാനുഭവങ്ങളുടെ തേര് തെളിച്ചു കൊണ്ട്, ഒരു കയ്യിൽ ഇച്ഛാശക്തിയുടെ ചാട്ടയും മറുകയ്യിൽ മറുകയ്യിൽ സർട്ടിഫിക്കറ്റുകൾ ഭംഗിയായി അടുക്കും വെച്ച ഫയലുമായി അയാൾ പട്ടണത്തിലേക്കു തിരിച്ചു.

 

വിശപ്പ് മാറ്റാൻ പല വിധ ജോലികൾ ചെയ്‌തെങ്കിലും, പ്രതീക്ഷ വിടാതെ പല കെട്ടിടങ്ങളും, ആ ഫയലും പിടിച്ചു അയാൾ വൃഥാ കയറിയിറങ്ങി. ഏതോ വിലാസം തേടിയുള്ള അങ്ങനത്തെ ഒരു ബസ് യാത്രയിൽ, തന്ടെ കയ്യിലുള്ള നോട്ടുകെട്ടുകൾ കൊണ്ട് നക്ഷത്രങ്ങളും സിംഹാസനങ്ങളും വിലക്ക് വാങ്ങു ന്നതായ് അയ്യാൾ ദിവാസ്വപ്നം കണ്ടു .

 

ആരോ തോളത്തു തട്ടിയപ്പോൾ അയാൾ ഞെട്ടി ഉണർന്നu . , ബസ്സിൽ മയക്കു മരുന്ന് കടത്തുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് തിരച്ചിൽ നടത്തുന്നത്രെ. അയാളുടെ ഊഴവും എത്തി . തന്റെതല്ലാത്ത ഒരു പാക്കറ്റ് തന്ടെ ബാഗിൽ നിന്നും എടുക്കുന്നത് കണ്ടു അയാൾ സ്തബ്ധനായി. ചുറ്റും ആശ്വാസത്തിന്റെയും അമർഷത്തിന്ടെയും സ്വരങ്ങൾ . അഴികൾക്കുള്ളിലേക്കു എടുത്തെറിയപ്പെട്ടപ്പോഴും വേദനയുടെ മുള്മുനകൾ മൂടിയപ്പോഴും അയാൾക്കൊന്നും പറയാനുണ്ടായിരുന്നില്ല (ആവുമായിരുന്നില്ല).

 

ജയിലിൽ വെച്ചാണ് അയാൾ വെളുത്തു സുന്ദരനായ സുഗുണനെ പരിചയപ്പെടുന്നത് . സംഭാഷണ ചതുരനായ സുഗുണനുമായുള്ള കൂട്ടുകെട്ട് അയാൾക്ക്‌ പ്രകാശമാർന്ന ജീവിതത്തിന്റെ പ്രതീക്ഷകൾ നൽകി. സുഗുണന്ടെയും അയാളുടെയും തടവുകൾ ഒപ്പമായിരുന്നു അവസാനിച്ചത്.

 

സാമൂഹ്യാസമത്വങ്ങളും വർഗീയ കോമരങ്ങളുടെ പേക്കൂത്തുകൾ കൊണ്ട് ഉടഞ്ഞു പോയ കൗമാരവും, ദാരിദ്രവും എല്ലാം കണ്ടു മടുത്ത അയാൾ സുഗുണനിൽ ഒരു രക്ഷകനെ കണ്ടെത്തുകയായിരുന്നു.

 

 

ധനാഗമനത്തിന്ടെ എല്ലാ അസന്മാര്ഗങ്ങളും മനഃ പാഠമായിരുന്ന സുഗുണനുമൊത്തുള്ള ജീവിതം അപരിമിതമായ സുഖസൗകര്യങ്ങൾ നിറഞ്ഞതായിരുന്നു. എങ്കിലും, വിയർപ്പു ചിന്തി വേലയെടുക്കുന്നവരെയും, വിദ്യാർത്ഥികളെപ്പോലും , തന്ടെ ചിലന്തി വലയിൽ കുടുക്ക് നീരൂറ്റിക്കുടിക്കുന്ന നിർദാക്ഷിണ്യ മനസ്ഥിതിയോട് , തന്ടെ ഗതകാല ജീവിതത്തിന്ടെ കയ്പുരസം മറന്നിട്ടില്ലാത്ത അയാൾക്ക് യോജിച്ചു പോവാനായില്ല .

 

 

മോഹങ്ങളുടെയും പ്രതീക്ഷകളുടെയും ശവപ്പെട്ടി ചുമന്നു കൊണ്ട് വീണ്ടും പഴയതു പോലെ ആരുടെയൊക്കെയോ സൗമനസ്യത്താൽ അയാൾ അരിഷ്ടിച് കഴിഞ്ഞു കൂടി .

 

 

 

ഒരു രാത്രിയിൽ ഏതോ കടത്തിണ്ണയിൽ കൊതുകളുമായി മല്ലിട്ടു കിടക്കുകയായിരുന്ന അയാൾ പൊടുന്നനെ ഒരു തീരുമാനത്തിൽ എത്തി . ഇരുട്ടിന്റെ മറപറ്റി ആ ബാങ്ക് കെട്ടിടത്തിന്റെ പുറകിലൂടെ മുകളിലേക്ക് കയറുമ്പോൾ അയാൾ പതിവില്ലാതെ കിതച്ചു. ജന്നൽ ചില്ലുകൾ ഒന്നൊന്നായി ഇളക്കി മാറ്റുമ്പോൾ കൈകൾ തളരുകയായിരുന്നു. തളർച്ച ക്രമേണ കൈകളിൽ നിന്നും ശരീരമാസകലം വ്യാപിച്ചു. തന്ടെ ശരീരത്തിന്റെ ഭാരം കൂടിവരുന്നതായും , ചുറ്റും ഒരു സമുദ്രം ഉണ്ടാവുന്നതും , കണ്ണുകളിൽ ഇരുട്ട് പരക്കുന്നതും അയാൾ അറിഞ്ഞു.

 

അയാൾ സാവധാനം താഴുകയായിരുന്നു .. ആഴങ്ങളിലേക്ക് ....

Subscribe to srishti 2022