Skip to main content
Srishti-2022   >>  Short Story - Malayalam   >>  അന്ന

Rahul K Pillai

Oracle India Pvt Ltd

അന്ന

മലയാള മനോരമ പത്രത്തിൽ പണ്ട് സ്വർണ തംബോല എന്നൊരു ഗെയിം ഉണ്ടായിരുന്നു.... അതിൽ സ്വർണ നാണയം സമ്മാനം കിട്ടിയ ഒരു പെൺകുട്ടിയുടെ ഫോട്ടോ അതിനടുത്ത ലക്കം ബാലരമയിൽ ഒരു ഫുൾ പേജിൽ പ്രിന്റ് ചെയ്ത് വന്നു.. അന്ന് ഞാൻ സ്കൂളിൽ പോയത് ആ ബാലരമയും കൊണ്ടാണ്.. ഫസ്റ്റ് ഇന്റർവെൽ ടൈമിന് ക്ലാസ്സിന്റെ വരാന്തയിൽ ഇട്ട് എല്ലാവരും നോക്കി നിൽക്കെ ഞാൻ ആ ബാലരമ കത്തിച്ച് കളഞ്ഞു, കൂട്ടിന് എന്റെ ചങ്ക് ഫ്രണ്ട്സും... കത്തി തീരാത്ത ഭാഗം നിലത്തിട്ട് ചവുട്ടി അരച്ചു, ക്ലാസ്സിനകത്തേക്ക് കൊണ്ട് വന്ന് ഫുട്ബോൾ പരുവമാക്കി തട്ടി കളിച്ചു.. ഇതെല്ലാം കണ്ടു കൊണ്ട് ദേഷ്യം കടിച്ചമർത്തി ഒരു ഭാവ വ്യത്യാസവുമില്ലാതെ അവളും ക്ലാസ്സിൽ ഉണ്ടായിരുന്നു - സ്വർണം നേടിയവൾ - എന്റെ ബാല്യകാലത്തെ ഏറ്റവും വലിയ ശത്രു - "അന്ന ജോർജ്" !!

പതിനാറു വർഷങ്ങൾക്ക് ഇപ്പുറം, കഴിഞ്ഞ ആഴ്ച അവൾക്ക് ഞാൻ വാക്ക് കൊടുത്തു - നമ്മുടെ കഥ ഞാൻ എഴുതാം.. ഒരു സ്കൂൾ ഒന്നടങ്കം പ്രണയമാണെന്ന് സംശയിച്ച, ചുവരെഴുത്തുകൾ വീണ, സംഘട്ടനങ്ങൾ നടന്ന നമ്മുടെ കഥ..

"നമ്മൾ പ്രണയിതാക്കളല്ല, അത്രമേൽ മാറി നാം" !!

അവനവന്റെ അമ്മ പഠിപ്പിക്കുന്ന സ്കൂളിൽ പഠിക്കുന്ന ഒട്ടു മിക്ക എല്ലാ കുട്ടികളും അച്ചടക്കത്തിന് പേര് കേട്ടവരായിരിക്കും.. ഒരു പക്ഷേ ജന്മനാ അല്ലെങ്കിൽ പോലും നിർബന്ധിത പരിവേഷം കൊണ്ട് അച്ചടക്ക പൂരിതമായി പോയ ഒരു സ്കൂൾ ജീവിതമായിരുന്നു എനിക്കും..."ടീച്ചറിന്റെ മോൻ" - ചാർത്തികിട്ടിയ ആ 'പട്ടം' ഇറക്കാനും തുപ്പാനും വയ്യാതെ കൊണ്ട് നടക്കേണ്ടി വരുന്നത് കുറച്ചൊക്കെ ബുദ്ധിമുട്ടാണ് .. !

ഹൈ സ്‌കൂൾ കാലഘട്ടത്തിന്റെ തുടക്കത്തിൽ ആണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മിക്സ് ചെയ്ത് ക്ലാസ് നടത്തുന്ന രീതി ഞങ്ങളുടെ സ്കൂളിൽ കൊണ്ട് വന്നത് .. അത് വരെ രണ്ട് ഷിഫ്റ്റുകളായിട്ട് ആയിരുന്നു ക്ലാസുകൾ , രാവിലെ ബോയ്സിനും ഉച്ചയ്ക്ക് ഗേൾസിനും.. തൊട്ടപ്പുറത്തെ എൽ പി സ്കൂളിലെ ടീച്ചറിന്റെ മോൾ ഉച്ചയ്ക്കത്തെ ബാച്ചിൽ ഉണ്ടെന്നും, പഠിക്കാൻ മിടുക്കിയാണെന്നും ഒക്കെയുള്ള കഥകൾ കുറേ നാളായി കേൾക്കാൻ തുടങ്ങിയിരുന്നു.. അതുവരെ കേട്ടറിഞ്ഞതിനേക്കാൾ വലിയ സത്യമാണെന്ന് അറിയിച്ചാണ് "കലപിലകൂട്ടം" ക്ലാസിലെത്തിയത് .. ഞങ്ങളിൽ പല ആൺപിള്ളേർക്കും ഈ മിക്സിങ് അത്ര അങ്ങോട്ട് രസിച്ചില്ലെങ്കിലും, പതുക്കെ പതുക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു.. പറഞ്ഞു വന്നത് പൊക്കം കുറഞ്ഞ, തീരെ വണ്ണമില്ലാത്ത, ആകെ കൂടി അടയ്ക്കാ കുരുവി പോലെയുള്ള കലപില കൂട്ടത്തിന്റെ ലീഡറിനെ കുറിച്ചാണ് - നേരത്തെ പറഞ്ഞ അതേ ടീച്ചറിന്റെ മകൾ .. വേണേൽ ഒറ്റ നോട്ടത്തിൽ ഒരു പ്രണയം ഒക്കെ തോന്നിയെന്ന് വരാം .. പിന്നെ ഞാൻ ഒരു ടീച്ചറിന്റെ മകൻ, അവളൊരു ടീച്ചറിന്റെ മകൾ .. രണ്ടു പേരും നന്നായിട്ട് പഠിക്കുന്നവർ , അപ്പൊ സെറ്റ് ആയി, വേറെന്ത് വേണം? .... ഇങ്ങനൊക്കെ നിങ്ങൾ കരുതിയെങ്കിൽ തെറ്റി .. പ്രണയമെന്നല്ല ഒരു മണ്ണാങ്കട്ടയും തോന്നിയില്ല എനിക്ക്, വന്നു കേറിയതോ മുളകുപൊടിയിൽ മൂക്കിപ്പൊടി മിക്സ് ചെയ്ത പോലത്തെ ഒരു ഐറ്റവും ..

സുഹൃത്തുക്കളായി നടക്കണം എന്നൊരു അജണ്ട ഞങ്ങൾ രണ്ടു പേർക്കും ഒട്ടും ഉണ്ടായിരുന്നില്ല, എന്താണെന്നറിയില്ല ആദ്യം മുതലേ ശത്രുതയും മത്സരവും ഒക്കെ തന്നെയാണ് ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നത്.. പഠന കാര്യത്തിലും ഇതര കാര്യങ്ങളിലും എന്നും വഴക്കും തല്ലും മാത്രം എന്ന രീതി ശത്രുതയെ അതിന്റെ പാരമ്യത്തിൽ എത്തിച്ചിട്ടുണ്ടായിരുന്നു.. ഒടുവിൽ സ്കൂളിലെ ടീച്ചർമാർ വരെ അറിയുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു.. സ്റ്റാഫ് റൂമിലെ സംസാരങ്ങൾ അമ്മ പറഞ്ഞ് എനിക്കറിയാമായിരുന്നു, "അന്നയും രാഹുലും എന്ത് പിള്ളേരാണ്, രണ്ടും അങ്ങോട്ടും ഇങ്ങോട്ടും വിട്ടുകൊടുക്കില്ല, ഇങ്ങനെയും ഉണ്ടോ വിരോധം" എന്നൊക്കെയുള്ള ഡയലോഗുകൾ നിത്യ സാധാരണം ആയിരുന്നു ...

പരീക്ഷകൾ കഴിഞ്ഞ് പേപ്പർ ക്ലാസ്സിൽ കൊണ്ട് വരുന്ന പല ടീച്ചേഴ്സിനും ഞങ്ങൾ പിള്ളേരെക്കാൾ ടെൻഷൻ ആയിരുന്നു.. രാഹുലിന് മാർക്ക് കൂടുതലും അന്നയ്ക്ക് കുറവും ആണെങ്കിൽ പ്രശ്നമാണ്.. അവളുടെ ബുദ്ധിയുടെ ആഴവും അളവും ഞാൻ അറിഞ്ഞത് അങ്ങനെ ഒരു പരീക്ഷ പേപ്പർ കിട്ടിയ ദിവസമാണ് .. എന്നേക്കാൾ ഒന്നോ രണ്ടോ മാർക്ക് കുറവായിരുന്നു അന്ന് അവൾക്ക്.. എന്നോട് വന്ന് പേപ്പർ ഒന്ന് തരുമോ എന്ന് ചോദിച്ചു .. പൊതുവെ "മണ്ടൻ" ആയിരുന്ന ഞാൻ പേപ്പർ കൊടുത്തു, ഒരു റൗണ്ട് തിരിച്ചും മറിച്ചും നോക്കിയിട്ട് എന്റെ പേപ്പറും കൊണ്ട് അവൾ ടീച്ചറിന്റെ അടുത്തേക്ക് പോകുന്നത് ഞാൻ കണ്ടു, ടീച്ചർ എന്തോ വെട്ടും തിരുത്തും നടത്തി പേപ്പർ എനിക്ക് തിരിച്ച് കിട്ടുമ്പോൾ എന്റെ ഒന്നോ രണ്ടോ മാർക്കിൽ ഓട്ട വീണിട്ടുണ്ടായിരുന്നു.. സംഭവം എന്റെ ടോട്ടൽ മാർക്കിൽ ടീച്ചറിന്റെ കണക്കു കൂട്ടൽ തെറ്റി പോയത് അവൾ കൊണ്ട് പോയി വെട്ടി തിരുത്തിച്ചതാണ്.. എന്റെ മാർക്ക് കുറച്ച് അവളുടെ മാർക്കിനൊപ്പം എത്തിച്ചപ്പോൾ എവറസ്റ്റ് കീഴടക്കിയ പോലെ പേപ്പർ വലിച്ച് എന്റെ നേരെ എറിഞ്ഞിട്ട് അവൾ പോവുന്നുണ്ടായിരുന്നു.. ഏതാണ്ട് "പ്ലിങ്ങിയ" അവസ്ഥയിൽ മണ്ടനായ ഞാനും !!!!!!

അതിനു ശേഷം പിന്നെ പല പരീക്ഷക്കും ഇത് പോലെ പേപ്പർ ചോദിച്ച് വന്നിട്ടുണ്ടെങ്കിലും ഞാൻ കൊടുത്തില്ല, ചിലപ്പോ വേറെ ചില സഖിമാർ വഴിയും പേപ്പർ റിക്വസ്റ്റ് വന്നു കൊണ്ടിരുന്നു, ഒന്ന് രണ്ട് വട്ടം ആ റൂട്ട് വഴിയും എന്റെ മാർക്കുകൾ തേയ്ക്കപ്പെട്ടിട്ടുണ്ട് - എത്ര കിട്ടിയാലും പഠിക്കാത്ത ഞാൻ !!!

ഞങ്ങൾക്ക് രണ്ടു പേർക്കും അന്നൊന്നും ഒരു സ്പെഷ്യൽ ട്യൂഷനും ഉണ്ടായിരുന്നില്ല, ഞാൻ ഇടയ്ക്ക് ലോയലിലും സ്റ്റുഡന്റസ് സെന്ററിലും (നാട്ടിലെ ട്യൂഷൻ സെന്ററുകൾ ആണ്) ഒക്കെ പോയിട്ടുണ്ടെങ്കിലും സ്ഥിരമായി എങ്ങും ഉറച്ച് നിന്നിരുന്നില്ല. എന്റെ ഓർമയിൽ അന്ന ട്യൂഷൻ സെന്ററുകളിൽ ഒന്നും പോയിട്ടില്ല.. പത്താം ക്ലാസ്സിലാണെന്ന് തോന്നുന്നു, ഞാൻ സ്കൂളിൽ വച്ച് ഒരു കാര്യം ശ്രദ്ധിച്ചത്.. ഇന്റർവെൽ സമയത്ത് അന്ന, സുമി, ജൂലി ടീം എന്തൊക്കെയോ എഴുതുന്നു, പഠിക്കുന്നു.. കുറെ ദിവസം സ്ഥിരമായി ഇത് കണ്ടപ്പോൾ ഞാൻ എന്റെ ചാര സംഘടനയെ രംഗത്ത് ഇറക്കി, ഞെട്ടിപ്പിക്കുന്ന ആ സത്യം മനസിലാക്കി.. അവർക്ക് 3 പേർക്കും അന്നയുടെ വീട്ടിൽ വച്ച് സദാശിവൻ സാർ മാത്‍സ് ട്യൂഷൻ എടുക്കുന്നുണ്ടെന്ന്.. കണക്കിന്റെ ഉസ്താദ് ആണ് സദാശിവൻ സർ.. KSRTC യിൽ ആണ് ജോലി എങ്കിലും ട്യൂഷൻ ആണ് മെയിൻ.. നാട്ടിൽ അന്നും ഇന്നും അറിയപ്പെടുന്ന ഏറ്റവും നല്ല കണക്ക് ട്യൂട്ടർ, അത് സദാശിവൻ സർ തന്നെയാണ് ... സാറിന്റെ ഹോംവർക്കുകൾ ആണ് ലവൾ ക്ലാസ്സിൽ ഇരുന്ന് ചെയ്ത് തീർക്കുന്നത്. ഞാനറിഞ്ഞാൽ പിന്നെ അത് ക്ലാസ് മൊത്തം അറിഞ്ഞത് പോലെയാണല്ലോ, സംഭവം പബ്ലിക് ആക്കി.. എങ്കിലും പത്താം ക്ലാസ്സിൽ സ്കൂൾ ഫസ്റ്റ് വാങ്ങാൻ വേണ്ടി അവളുടെ മുൻപിലും പിന്നിലും സൈഡിലും ഒക്കെയായി ഓടിക്കൊണ്ടിരുന്ന എനിക്ക് ആ സ്പെഷ്യൽ ട്യൂഷൻ പരിപാടി അത്ര അങ്ങട്ട് സഹിച്ചില്ല. പിന്നീടങ്ങോട്ട് പല വഴിക്കു നിന്നുള്ള ശുപാർശകൾക്കും, ഫോളോ അപ്പിനും, ഫോൺ വിളികൾക്കും എല്ലാം ഒടുവിൽ രണ്ടാഴ്ചയ്ക്കകത്ത് ആ മൂവർ സംഘത്തിന്റെ ട്യൂഷൻ ക്ലാസ്സിലേക്ക് (അന്നയുടെ വീട്ടിൽ) എന്റെ മാസ്സ് എൻട്രി ഉണ്ടായി, സാറിന്റെ നാലാമത്തെ സ്റ്റുഡന്റ് - ആ ക്ലാസ്സിലെ ഏക ആൺകുട്ടി !!!!

സാർ പൊതുവെ നല്ല സ്ട്രിക്റ്റ് ആയതു കൊണ്ടും, ഡെയിലി അടി കൊള്ളുന്നത് കൊണ്ടും ഞങ്ങൾക്ക് ആ ക്ലാസ്സ്മുറിയിൽ ഒരുപാട് നാൾ ശത്രുക്കളായി തുടരാൻ പറ്റിയില്ല. ശത്രുവിന്റെ ശത്രു മിത്രം എന്ന ആധാരത്തിൽ ഊന്നി പതുക്കെ ഞങ്ങളുടെ കോമൺ ശത്രുവായ സാറിന്റെ അടിയിൽ നിന്ന് ഒഴിവാകാനുള്ള ശ്രമങ്ങൾക്ക് ഇടയിൽ എപ്പോഴോ ഞങ്ങളിൽ ഒരു സൗഹൃദം മുള പൊട്ടി - രണ്ടു വർഷത്തോളമായി തുടർന്ന കടുത്ത ശത്രുതയൊക്കെ എവിടെയോ പതുക്കെ അലിയാൻ തുടങ്ങിയിരുന്നു... സാറിന് വരാൻ പറ്റാത്ത ദിവസങ്ങളിൽ 3 പെൺകുട്ടികളും അവരുടെ ഇടയിലെ കൃഷ്ണൻ ആയ ഞാനും കൂടി അന്നയുടെ വീട്ടിൽ ആർത്തുല്ലസിച്ചു നടന്നിരുന്നു.. ക്യാമറയും ഫോണും ഒക്കെ പോപ്പുലർ ആവുന്നതിനു മുന്നേ ഉള്ള കാലമായതിനാൽ പലതിനും തെളിവില്ലെന്നേ ഉള്ളു - 3 ഉം കൂടി എന്നെ ഒരു ദിവസം മേക്ക് അപ്പ് ഒക്കെ ഇട്ട് പെണ്ണായി ഒരുക്കിയതിനുൾപ്പെടെ !!!!!!

പക്ഷേ സ്കൂളിൽ ഞങ്ങളെ കാത്തിരുന്നത് വേറെ കഥകൾ ആയിരുന്നു.. അന്നയുടെ വീട്ടിലെ തകർപ്പൻ അനുഭവങ്ങൾ ഒന്നും ഞങ്ങൾ സ്കൂളിൽ അത്ര പരസ്യമാക്കിയിരുന്നില്ലെങ്കിലും രണ്ടു രണ്ടര വർഷമായി കണ്ട ശത്രുത കാണാതെ വന്നപ്പോൾ ആർക്കൊക്കെയോ സഹിച്ചില്ല.. അന്നയുടെ ഫോട്ടോ ക്ലാസ്സിലിട്ട് കത്തിച്ച രാഹുൽ ഇപ്പോൾ അവളോട് കമ്പനി ആയത് സ്കൂളിലെവിടൊക്കെയോ പുതിയ കഥകൾ സൃഷ്ടിച്ചു.. പ്രശ്‍നം സീരിയസ് ആയത് സ്കൂൾ കെട്ടിടത്തിൽ പലയിടത്തും വലിയ ഹാർട്ട് ഷേപ്പിന്റെ ഉള്ളിൽ കരിക്കട്ട കൊണ്ട് വരച്ച "രാഹുൽ + അന്ന" ചിത്രങ്ങൾ പ്രത്യക്ഷപെട്ടപ്പോഴാണ്...നിങ്ങൾക്ക് അറിയാം, മറ്റേ അമ്പൊക്കെ ഉള്ള പടമില്ലേ? അത് തന്നെ..

ഏത് മഹാന്റെ പണി ആണെന്ന് അറിഞ്ഞിരുന്നില്ല, എങ്കിലും സ്കൂളിലെ കുട്ടികൾക്ക് പാടി നടക്കാൻ ഒരു പുതിയ പ്രണയ കഥ ആയിരുന്നു അത്, രണ്ട് ശത്രുക്കൾ പ്രണയിച്ച കഥ !!! ആദ്യം കുറച്ച് കാലം അതുമായിട്ട് അഡ്ജസ്റ്റ് ചെയ്യാനും ടീച്ചർമാരെ ഫേസ് ചെയ്യാനും കുറച്ച് കഷ്ടപ്പെട്ടു ഞങ്ങൾ, പതുക്കെ സാറിന്റെ അസൗകര്യം കാരണം ഞങ്ങളുടെ ട്യൂഷനും ഇല്ലാതെയായി.. സ്കൂൾ കാലഘട്ടത്തിന്റെ അവസാന കാലം അങ്ങനെ ഒരു മിക്സഡ് ഇമോഷൻസിൽ അങ്ങ് കടന്നു പോയി.. എങ്കിലും ഞാൻ അവളുടെ വീട്ടിലും അവൾ എന്റെ വീട്ടിലും ഒക്കെ ഇടയ്ക്ക് വന്നിരുന്നു, ഒരിക്കൽ പോലും പ്രണയത്തിന്റെ ഒരു കണിക പോലും എന്റെയോ അവളുടെയോ പെരുമാറ്റത്തിൽ ഉണ്ടായിട്ടില്ല, എന്റെ ഉള്ളിൽ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ......... ഞാൻ പുതിയ കള്ളങ്ങൾ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു !!!!

ഒരുപാട് പ്ലാനിംഗ് ഒന്നും ഇല്ലായിരുന്നു എങ്കിലും പ്ലസ്ടുവിനും ഞങ്ങൾ പുതിയ സ്കൂളിൽ ഒരേ ക്ലാസ്സിൽ തന്നെ വന്നു പെട്ടു.... ഞങ്ങളുടെ പഴയ ഹിസ്റ്ററി ഒന്നും അറിയുന്ന ആരും ആ ക്ലാസ്സിൽ ഉണ്ടായിരുന്നില്ല... പക്ഷേ അവളോടുള്ള ആ അടുപ്പം അത് പോലെ മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് ആ പുതിയ സ്കൂളിൽ കഴിഞ്ഞില്ല എന്നതാണ് സത്യം.. അവിടെ ഞാൻ പുതിയ സുഹൃദ് ബന്ധങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു, ഇന്ന് കൂടെ ഇല്ലാത്ത ഒരുപാട് പാഴ് ബന്ധങ്ങൾ !!! ശരിക്കും പറഞ്ഞാൽ അമ്മയുടെ സ്കൂളിന്റെ പുറത്തേക്ക് വന്ന ഞാൻ കൂടു തുറന്ന് വിട്ട കിളി പോലെയായിരുന്നു.. ചുറ്റും എപ്പോഴും കൂട്ടുകാർ - സ്ഥായി അല്ലെന്ന് അന്ന് തിരിച്ചറിയാതെ പോയ കുറെ കൂട്ടുകാർ.. ഞാൻ തിരക്കിട്ട് കൂട്ട് കൂടി നടക്കുമ്പോഴും ഒറ്റപ്പെട്ടു പോയ അവളെ ഒരിക്കൽ പോലും ഞാൻ ശ്രദ്ധിച്ചില്ല.. അധികം ആരോടും കൂട്ട് കൂടാതെ, ഒറ്റയ്ക്ക് ഒതുങ്ങി പോയ, പഠിത്തത്തിൽ ഉഴപ്പി തുടങ്ങിയ അന്നയെ കണ്ടിട്ടും പലപ്പോഴും ഒഴിഞ്ഞു മാറി പോയിട്ടുണ്ട് ഞാൻ.. പലപ്പോഴും ക്ലാസ്സിൽ അവൾ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.. ഒരിക്കൽ എപ്പോഴോ പോയി ഞാൻ സമാധാനിപ്പിച്ചിട്ടുമുണ്ട്, പക്ഷേ ഒന്ന് കൂടിരിക്കാനോ, അവളുടെ വിഷമം തിരക്കാനോ ഞാൻ സമയം കണ്ടെത്തിയിട്ടില്ല.. കൊച്ചേ, ഇന്നിത് എഴുതുമ്പോൾ നീ ഇരുന്ന സീറ്റും യൂണിഫോമും നിന്റെ കലങ്ങിയ കണ്ണും നോട്ടുബുക്കും ഒക്കെ എന്റെ കണ്ണിന്റെ മുന്നിൽ അങ്ങനെ വന്ന് നിൽക്കുന്നുണ്ട്, ഒരൽപ്പം കണ്ണുനീര് എന്റെ കാഴ്ച മറയ്ക്കുന്നതൊഴിച്ചാൽ എനിക്ക് അതെല്ലാം കാണാം ... !!!!!

ഇന്ന് അന്നയ്ക്ക് ഒരു മോളുണ്ട് - അവളുടെ ഫോട്ടോ കാണുമ്പോൾ എനിക്ക് ആ യൂണിഫോമിട്ട എന്റെ സ്കൂളിലെ ശത്രുവിനെ തന്നെയാണ് ഓർമ വരാറുള്ളത്.. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അവളെന്ന് തിരിച്ചറിയാൻ എനിക്ക് കുറെ സമയം വേണ്ടി വന്നു, പക്വത പാകപ്പെടുത്തി എടുത്ത എന്റെ ബോധ മണ്ഡലങ്ങൾക്ക് നന്ദി !! ഇന്നെന്റെ ഏറ്റവും നല്ല സുഹൃത്തും സപ്പോർട്ടും ഒക്കെ അവൾ തന്നെയാണ്...

"എടാ ഇനി നാട്ടിൽ വരുമ്പോൾ നമുക്ക് രണ്ടു പേർക്കും കൂടി സ്കൂളിൽ പോകണം, കുറച്ച് നേരം അവിടൊക്കെ നടക്കണം, നീ കൊണ്ട് പോകുവോ?" ഈ ചോദ്യം ഞാൻ കുറെ നാളായി അവളിൽ നിന്ന് കേൾക്കുന്നുണ്ട്.. കൊണ്ട് പോകാം എന്ന് ആവർത്തിച്ച് ഞാൻ പറയാറുമുണ്ട് .. പലപ്പോഴും എനിക്കും തോന്നാറുണ്ട്, ആ സ്കൂളിന്റെ ഓരോ കോണിലും അവളുടെ കൂടെ പോയി നടക്കണമെന്ന്... പ്രണയിച്ചില്ലെങ്കിലെന്താ, ഒരു കുന്ന് നിറയെ ഓർമ്മകളുണ്ട് ഞങ്ങൾ രണ്ടാൾക്കും അവിടെ !!

വീണ്ടും ചെല്ലുമ്പോഴും ആ ചുമരെഴുത്തുകൾ അവിടെ ഉണ്ടായിരുന്നെങ്കിൽ !!

വാൽക്കഷ്ണം:-

"എടീ നിന്റെ കഥ ഞാൻ സൃഷ്ടി മത്സരത്തിന് അയക്കട്ടേ?, നിനക്ക് സമ്മതം അല്ലെ?" ഇന്നലെ ഞാൻ അവളോട് ചോദിച്ചു..

"അതിനു അത് ത്രില്ലെർ ഒന്നുമല്ലല്ലോ, അത് ക്ലിക്ക് ആവുമോ ?"

"ഇന്നേവരെ ഞാൻ ഒരു എഴുത്തും ഇത്രേം ഹൃദയത്തിൽ തട്ടി എഴുതിയിട്ടില്ല, അത്കൊണ്ട് ഇത് തന്നെ മതി.." എന്ന് ഞാൻ മറുപടി പറയുമ്പോൾ, 16 വർഷങ്ങളായി നിധി പോലെ സൂക്ഷിച്ചു വച്ചൊരു കരിക്കട്ട എന്നെ വല്ലാണ്ട് നോക്കുന്നുണ്ടായിരുന്നു.... !!

Srishti-2022   >>  Short Story - Malayalam   >>  ഓടി തീർക്കുന്ന ജീവിതങ്ങൾ

Abdulla Harry

UST Global Trivandrum

ഓടി തീർക്കുന്ന ജീവിതങ്ങൾ

“ See Mister Farhan you are not giving proper answers for any of the questions , you have completed your engineering before 2 years and have not done anything since then ,we are very sorry to inform you, we don’t think you will be suitable for us , Best of luck .” ചോദ്യങ്ങൾ ചോദിച്ചവരിൽ ഒരാൾ ഇതും പറഞ്ഞു ഫർഹാൻറ്റെ കൈകളിലേക്ക് അവൻറ്റെ ഫയൽ തിരിച്ചു നൽകി . ഫർഹാൻ അവർ ആരുടേയും മുഖത്തു നോക്കാതെ തൻറ്റെ കാലുകളിലേക്കു നോക്കി ഇരിക്കുകയായിരുന്നു . ഈ മാസം ഇത് തൻറ്റെ പതിമൂന്നാമത്തെ ഇൻറ്റർവ്യൂ ആണ് , ആദ്യത്തെ 5 -6 എണ്ണത്തിൽ തനിക്കു അറിയാവുന്ന ഉത്തരങ്ങൾ എല്ലാം ആത്മവിശ്വാസത്തോടെ എല്ലാവരുടെയും മുഖത്തു നോക്കി തന്നെ ആയിരുന്നു അവൻ പറഞ്ഞുകൊണ്ടിരുന്നത് ,പിന്നെയുള്ളതിൽ അവൻ്റെ നോട്ടം അവരുടെ ടൈകളിലേക്കും റൂമിലെ മറ്റു വസ്തുക്കളിലേക്കും മാറി ,മുന്നോട്ടു പോകുംതോറും ഒന്നും നേടാൻ കഴിയാത്ത അപമാനഭാരത്താൽ നിലത്തേക്ക് തല താഴ്ത്തി ഇരിക്കും അവൻ , അങ്ങനെ അത് ഒരു പതിവായി മാറി .ഒന്നിനും കൊള്ളാത്ത തന്നെ ചുമന്നു നടക്കുന്ന കാലുകളോട് അവൻ പുച്ഛമായി തുടങ്ങി .അറിയാവുന്ന ഉത്തരങ്ങൾ കൂടി പറയാൻ കഴിയാതെ തന്നിലെ അപകർഷതാബോധം കൂടി കൂടി വന്നു .ഇന്നത്തെ ഇൻറ്റർവ്യൂ ആ തിരിച്ചറിവിന്റെ എരിതീയിലേക്കു എണ്ണ ഒഴിക്കുകയാണ് ചെയ്‌തത്‌ .

വീട്ടിലേക്കു കേറി ചെല്ലുമ്പോൾ തൻ്റെ വരവും കാത്തിരിക്കുന്ന ഇമ്മച്ചിയെ അവൻ കണ്ടു , ഇൻറ്റർവ്യൂ എന്തായി എന്ന അർത്ഥത്തിൽ അവർ അവനെ നോക്കി ,അവൻ ഒന്നും പറയാതെ തൻറ്റെ മുറിയിലേക്ക് നടന്നു പോയി . ഈ മാസം ഇത് ഒരുപാട് കണ്ടത് കൊണ്ട് ഇമ്മച്ചിക്കു കാര്യം മനസിലായി . കൂടുതൽ ചോദ്യങ്ങൾ ഒന്നും നേരിടാൻ വയ്യാത്തത് കൊണ്ട് റൂമിലേക്ക് കേറുന്ന വഴിയേ ഫർഹാൻ വാതിൽ അടച്ചാണ് മുറിയിലേക്ക് കയറിയത് , തൻറ്റെ കൈയിൽ ഉള്ള ഫയൽ വലിച്ചെറിഞ്ഞു അവൻ ബെഡിൽ കിടന്നു . വീട്ടിനുള്ളിലെ നിശ്ശബ്ദതക്കിടയിൽ തൻറ്റെ തലയ്ക്കു മീതെ കറങ്ങുന്ന ഫാനിൻറ്റെ ശബ്ദം അവന് കേൾക്കാമായിരുന്നു . പണ്ട് താൻ ഏറെ ആസ്വദിച്ച വീട്ടിലെ ഈ നിശബ്ദത ഇപ്പോൾ അവനെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു .അടുക്കളയിൽ നിന്ന് ഇമ്മച്ചി എന്തോ പുലമ്പുന്നത് കേൾക്കാം , എന്താണെന്നു അവനു വ്യക്തമല്ല . ഇൻറ്റർവ്യൂ കഴിയുന്ന എല്ലാം ദിവസങ്ങളിലും താൻ എങ്ങനെ ഇവിടം വരെ എത്തി എന്ന് ഫർഹാൻ ആലോചിക്കും , മുമ്പ് എടുത്ത ഏതേലും തീരുമാനങ്ങളിൽ എന്തെങ്കിലും ഒന്ന് മാറ്റം വരുത്തിയിരുന്നെങ്കിൽ താൻ ഈ ദുരവസ്ഥയിൽ നിന്ന് രക്ഷപെടുമായിരുന്നോ , ആർക്കറിയാം .

ഇമ്മച്ചി അവനോടു എപ്പോഴും പറയുന്ന ഒരു കാര്യം ഉണ്ട് , എല്ലാ കാലത്തും ജീവിതം ഒരു ഓട്ടമത്സരം പോലെ ആണ് , ജയം കാണണമെങ്കിൽ ജയം ആഗ്രഹിച്ചു മുന്നോട്ടു ഓടണം , സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ പിന്നിലേക്ക് നോക്കി അതിനെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല , ഓടുക തന്നെ വഴി , ഒന്ന് വിശ്രമിക്കാൻ നേരമില്ല , ഈ സമയം കൊണ്ട് കൂടെ ഉള്ളവർ എല്ലാം വളരെ മുന്നിൽ ആയിക്കാണും പിന്നെ സങ്കടപ്പെട്ടിട്ടു കാര്യമില്ല , ജയിക്കണേൽ നമ്മൾ ആമ ആയിട്ട് കാര്യമില്ല ഉറങ്ങാത്ത മുയൽ ആയിട്ടും കാര്യമില്ല എതിരാളികളെ ഓടി തോല്പിക്കുന്ന ചീറ്റപുലി ആകണം എന്നാലേ എന്തേലും കാര്യമുള്ളൂ . ആദ്യമായി അവൻ ഈ വാക്കുകൾ കേൾക്കുന്നത് എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ഒരു വർഷത്തേക്ക് ബ്രേക്ക് എടുത്താലോ എന്ന അവൻറ്റെ ആലോച്ചന വീട്ടിൽ അറിയിക്കുമ്പോഴാണ് .ഇമ്മച്ചിക്കു ഒരിക്കലും ഉൾകൊള്ളാൻ പറ്റാത്ത ഒരു തീരുമാനം ആയിരുന്നു അത് , കൂടെ പഠിച്ചവരിൽ 5 -6 പേർക്ക് കോളേജ് തീരും മുന്നേ ജോലി ആയവർ ഉണ്ട് , ഈ ഒരു കൊല്ലം കഴിയുമ്പോൾ പിന്നെയും കൂടെയുള്ളവർ ജോലി കിട്ടി പോകും ഇതെല്ലം ആയിരുന്നു ഇമ്മച്ചിയുടെ പേടികൾ . ഇമ്മച്ചി അവൻറ്റെ ആ തീരുമാനത്തെ ഒരു വിധത്തിലും അംഗീകരിച്ചില്ല .അതൊന്നും ഫർഹാൻ കാര്യമാക്കിയില്ല , അവന് അവൻറ്റെതായ കാരണങ്ങളുണ്ടായിരുന്നു . ഇത് വരെ അവൻ പഠിച്ചതും ജീവിച്ചതും മറ്റുള്ളവർ പറയുന്നത് കേട്ടിട്ടായിരുന്നു ,ചെറുപ്പത്തിൽ തനിക്ക് നേരെ വന്നിരുന്ന വലുത് ആകുമ്പോൾ ആര് ആകാനാ ആഗ്രഹം എന്ന ചോദ്യത്തിന് മറ്റുള്ളവരുടെ ഉത്തരം കേട്ട് ഒരുപാട് കഥകൾ എഴുതണം എന്നും അതിലൂടെ ലോകം കീഴടക്കണം എന്നുള്ള അവൻറ്റെ ആഗ്രഹം അവൻ പുറത്തു പറഞ്ഞിരുന്നില്ല,പറയാൻ ധൈര്യം വന്നില്ല . ആഗ്രഹിക്കുമ്പോൾ നല്ലവണം സമ്പാദിക്കാൻ പറ്റിയ എന്തേലും ജോലി അല്ലെ ആഗ്രഹിക്കണ്ടത് എന്നായിരുന്നു ചോദ്യം , ഒരു ജോലിയുടെ കൂടെ ഹോബി ആയി ചെയ്യാവുന്നത് അല്ലേ ഈ എഴുത്തു എന്നാണ് അവനു ചുറ്റിലും ഉള്ളവർ അവനോടു പറഞ്ഞത് .

പത്താം ക്ലാസ്സിൽ ഫുൾ A + കിട്ടിയത് കൊണ്ട് മെഡിക്കൽ എൻട്രൻസ് കോച്ചിങ്നു പോയാൽ നന്നായിരിക്കുമെന്ന ഇമ്മച്ചിയുടെയും കുടുംബക്കാരുടെയും നിർബന്ധത്തിൽ ആ വഴിക്കു പോയി . തന്നെ കൊണ്ട് കഴിയില്ല എന്ന് ആദ്യ മാസം കഴിഞ്ഞു പറഞ്ഞപ്പോഴും ആദ്യമൊക്കെ ഇങ്ങനെ തന്നെയാ ,പിന്നെ ആ ട്രാക്കിൽ ആവും എന്നതായിരുന്നു ഉത്തരം . അവനെക്കാൾ ഒക്കെ ജീവിതം കണ്ട ആൾകാർ അല്ലെ ഈ പറയുന്നത് സംഗതി ശരിയാകും എന്ന പ്രത്യാശയിൽ അവൻ മുന്നോട്ടു പോയി ,ഒടുവിൽ ഇത് ചെന്ന് അവസാനിച്ചത് 6 ലക്ഷത്തിനു അപ്പുറമുള്ള നാണംകെട്ട റാങ്കിലും ,ആ നാണക്കേടിൽ നിന്ന് കര കേറാൻ തന്നെ റിപീറ്റിനു അയച്ചു ഡോക്ടർ ആക്കി എല്ലാവരുടെയും മുന്നിൽ നിർത്തുമെന്ന ഇമ്മച്ചിയുടെ വാശിയിലുമാണ് . തന്നോട് ഈ കാര്യം ഒന്നും ചോദിക്ക പോലും ചെയ്യാതെ അവിടെ അടുത്തു കോച്ചിങ്നു ചേർക്കുകയും ചെയ്തു .അത് കൊണ്ടൊന്നും റാങ്കിൽ വലിയ മാറ്റമുണ്ടായില്ല . ഈ കഷ്ടകാലത്തു അവൻ കുറച്ചു സമാധാനവും ധൈര്യവും നൽകിയത് ഗൾഫിലുള്ള വാപ്പച്ചിയുടെ വാക്കുകൾ ആയിരുന്നു .”നീ നിൻറ്റെ ഇഷ്ടം പോലെ ചെയ്യ് എന്തിനും ഞാൻ ഉണ്ട് കൂടെ” എന്ന് വാപ്പച്ചി അവനോടു പറഞ്ഞു ,വാപ്പച്ചി ഗൾഫിൽ നിന്നാണ് ആ വാക്കുകൾ പറഞ്ഞതെങ്കിലും തൻറ്റെ അടുത്ത് നിന്ന് തന്നെ കെട്ടിപിടിച്ചു പറയും പോലൊരു സുഖം ആ വാക്കുകളിൽ നിന്ന് കിട്ടിയിരുന്നു .

വാപ്പച്ചി എപ്പോഴും ഇത് പോലെ തന്നെ എന്ത് വേണേലും ചെയ്തോ ഇമ്മയെ വല്ലാതെ വിഷമിപ്പിക്കരുത് അത് ഒരു പാവം ആണെന്ന് ഇടയ്ക്കു പറയും .തൻറ്റെ ഏതു ഇഷ്ടത്തിനും സപ്പോർട്ട് ആണ് , വ്യക്തമായി ഒരു ലക്‌ഷ്യം ഇല്ലാത്തത്ത് കൊണ്ട് വാപ്പച്ചിക്ക് അങ്ങനെ ഒന്നും നോക്കാതെ തന്നെ സപ്പോർട്ട് ചെയ്യേണ്ട ഒരു അവസ്ഥ വന്നിട്ടില്ല . ജേർണലിസം അല്ലേൽ സിനിമ പഠിച്ചാലോ എന്ന ഒരു ആഗ്രഹം മനസ്സിൽ വന്നപ്പോഴേക്കും ഇമ്മച്ചി അത് മുളയിലേ നുള്ളി കളഞ്ഞു . ഇതിനെ കുറിച്ച് അറിയാൻ ഇമ്മ ചോദിച്ചവർ എല്ലാം അവരോടു പറഞ്ഞത് കേട്ട് പേടിച്ചു പോയ അവർ ഫർഹാന്‌ മുന്നിൽ വച്ച ഒരേ ഒരു കണ്ടീഷന് ഇതാണ് , “ആദ്യം ഒരു പ്രഫഷണൽ ഡിഗ്രി കമ്പ്ലീറ്റ് ചെയ്യ് എന്നിട്ടു നിനക്ക് ഇഷ്ടമുള്ളത് പഠിച്ചോ “. കേട്ടപ്പോൾ തെറ്റില്ലാത്ത ഒരു ഐഡിയ ആയി ഫർഹാന്‌ അത് തോന്നി .എന്നാ പിന്നെ എഞ്ചിനീയറിംഗ് ആയിക്കോട്ടെ എന്ന് അവനും കരുതി , ഇത് എടുത്താൽ വേറെ ഏതു ഫീൽഡിലേക്കും പോകാം അങ്ങനെ ഒരു ഗുണവും ഉണ്ട് ,അങ്ങനെ പോയ ഒരുപാട് തിരക്കഥാകൃത്തുക്കളെയും നോവലിസ്റ്റുകളെയും അവൻ അറിയാം .

വാപ്പയോടു ഫോണിൽ കാര്യങ്ങൾ അറിയിച്ചപ്പോൾ പതിവ് മറുപടി തന്നെ .”നീ നിൻറ്റെ ഇഷ്ടം പോലെ ചെയ്യ് “.അടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിൽ അന്ന് ഏതു ബ്രാഞ്ചിൽ ആണോ സീറ്റുള്ളത് അത് തന്നെ എടുക്കാം എന്ന് തീരുമാനിച്ചു , ഇമ്മച്ചിയുടെ മനസ്സ് എങ്ങാനും മാറിയാലോ ,പിന്നെയും റിപീറ്റിനു പോകേണ്ടി വന്നാലോ ..

mbbs പോലെ സീറ്റ് കിട്ടാൻ കടിയും പിടിയും കൂടേണ്ട ആവശ്യം ഒന്നും വന്നില്ല . ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിലും , ഇലെക്ട്രിക്കൽ എനിജിനീറിങ്ങിലും ആവശ്യത്തിൽ കൂടുതൽ സീറ്റ് ഉണ്ടെന്നു മാനേജ്മെൻറ്റ് അറിയിച്ചു . കുറച്ചു കമ്മ്യൂണിക്കേഷൻ കൂടി കിടക്കട്ടെ എന്ന് കരുതി ECE തന്നെ എടുത്തു .സബ്ജെക്റ്റുകളും അവനും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ ഒരേ വേവ് ലെങ്ങ്തിൽ ഒന്നും അല്ലായിരുന്നെങ്കിലും എല്ലാ പേപ്പറുകളും തട്ടിയും മുട്ടിയും കറക്റ്റ് സമയത്തു തന്നെ പാസ് ആവാനും കാര്യങ്ങൾ എല്ലാം നീറ്റ് ആയി തീർക്കാനും അവൻ ശ്രദ്ധിച്ചിരുന്നു .കോളേജിലെ 4 വർഷങ്ങൾ കളിയും ചിരിയുമെല്ലാം ആയി അടിപൊളിയായിട്ടു തന്നെയാണ് പര്യവസാനിച്ചതും .

കോളേജിലെ ആരവങ്ങളും കൂടെ ഉള്ള കൂട്ടുകാർ എല്ലാം മെല്ലെ അകന്നു പോയി തുടങ്ങിയപ്പോൾ ആണ് ആണ് ഫർഹാന്‌ തനിക്കു ഇനി മുന്നോട്ടു എന്ത് ചെയ്യണം എന്ന കാര്യത്തിൽ ഒരു അന്തവും കുന്തവും ഇല്ലായിരുന്നു എന്ന കാര്യം മനസിലാക്കുന്നത് . മനസ്സിൽ ഒരു വഴി സ്വപ്നം കണ്ടിട്ട് പല വഴികളിലൂടെയാന്നെകിലും അത്യാവശ്യം കുറച്ചു സമയം എടുത്തിട്ട് ആയാലും താൻ ആഗ്രഹിച്ച ആ വഴിയിൽ എത്താം എന്ന് സ്വപ്നം കണ്ടു ,ഒടുവിൽ എത്തി ചേരേണ്ട വഴി മറന്നു പോയ ഒരു യാത്രകാരൻറ്റെ അവസ്ഥ ആയിരുന്നു അവനു . നിറയെ കഥകൾ എഴുതി ലോകം തന്നെ കിഴടക്കണം എന്ന തീരുമാനം എടുത്ത ഒരുവനിൽ നിന്ന് ഡോക്ടർ ആകാനുള്ള പഠനവും അതിൽ പരാജയപെട്ടു എഞ്ചിനീറിങ്ങിൽ എത്തിയ അവനു ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം ഇല്ലായിരുന്നു . ഇമ്മച്ചിയോടു ചോദിച്ചാൽ എഞ്ചിനീറിങ്ങിൽ ഇനി എന്തേലും Phd എടുത്തു കഥകൾ എഴുതാൻ പറയും .

ഈ ആശയകുഴപ്പത്തിന് ഒരു ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിൽ ആണ് അവൻ ഒരു വർഷം ബ്രേക്ക് എടുക്കാൻ തീരുമാനിച്ചത് .പതിവ് പോലെ വാപ്പയുടെ സപ്പോർട്ട് കൂടെ ഉണ്ടായിരുന്നു , ആ സപ്പോർട്ടിലും കൂടിയാണ് അവന് വീട്ടിൽ പിടിച്ചു നിൽക്കാൻ സാധിച്ചത് .ഈ സമയം കൊണ്ട് മനസ്സിലുള്ള കുറച്ചു സിനിമ കഥകളും ചെറുകഥകളും എഴുതണം എന്നായിരുന്നു പ്ലാൻ . പിന്നീടുള്ള ദിവസങ്ങളിൽ കഥകൾ എഴുതാനായി ഏകാഗ്രതയോടെ മുറിക്കുള്ളിൽ ഇരിക്കുന്ന ദിവസങ്ങൾ ആയിരുന്നു . ഒന്ന് രണ്ടു നല്ല കഥകളും മനസ്സിലെ സിനിമ കഥ രൂപപ്പെട്ടു വരുമ്പോഴേക്കും , ഇമ്മച്ചിയുടെ ഭീഷണിയുടെ സ്വരം നിറഞ്ഞ ഓർമ്മപ്പെടുത്തലുകൾ എത്തിതുടങ്ങി അധികം സമയം ഒന്നും ഇങ്ങനെ ഇരിക്കാം എന്ന് കരുതണ്ട ,ഇവിടെ ഒന്നും ശരിയായില്ലെങ്കിൽ കുവൈറ്റിലുള്ള മാമൻറ്റെ സൂപ്പർമാർക്കറ്റിലേക്കു സൂപ്പർവൈസർ ആയി പറഞ്ഞു വിടും എന്നും ഓർമിപ്പിച്ചു . തൻറ്റെ കൂടെ ഉള്ള ബാക്കിയുള്ളവരും ജോലി കിട്ടി പോകുന്നതിൻറ്റെ ടെൻഷൻ ആയിരുന്നു അത് എന്ന് ഫർഹാൻ തിരിച്ചറിഞ്ഞിരുന്നു .പിന്നീടുള്ള എല്ലാ ദിവസവും ഈ ഓർമ്മപ്പെടുത്തലുകൾ ആയിരുന്നു, അത് വേണ്ടായെങ്കിൽ കൂടെ ഉള്ളവർ ചെയ്ത പോലെ പ്രോഗ്രാമിങ് പഠിച്ചു നാട്ടിലെ ഏതേലും കമ്പനിയിൽ കയറിപ്പറ്റാൻ ഇമ്മച്ചി അവനോടു പറഞ്ഞു .എന്ത് വന്നാലും പ്രോഗ്രാമിങ് പഠിക്കാൻ എന്നെ കൊണ്ട് വയ്യാ എന്ന് അവൻ തീർത്തു പറഞ്ഞു . ഒരു വർഷം കഴിയുമ്പോഴേക്കും എങ്ങും എത്താത്ത കുറച്ചു കഥകളും പൂർത്തിയാക്കാൻ പറ്റാത്ത തിരക്കഥകളും മാത്രമേ കൈയിൽ ഉണ്ടായിരുന്നുള്ളു . ഓരോ ദിവസം കഴിയുംതോറും എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റുമെന്ന ആത്മവിശ്വാസം കുറഞ്ഞു കുറഞ്ഞു വന്നു , ഒരേ സമയം തൻറ്റെ എഴുത്തും ജോലിയുടെ കാര്യങ്ങളും നോക്കാനുള്ള ശ്രമം തുടങ്ങി , രണ്ടിടത്തേക്കും ഒരേ പോലെ മനസ്സിനെ കൊണ്ടുവരാൻ ശ്രമിച്ചിട്ട് ഒരു സ്ഥലത്തും മനസ്സ് എത്തിയില്ല ,അവന്റെ മനസ്സ് നിറയെ ചോദ്യങ്ങളും അത് ഉണ്ടാക്കുന്ന വീർപ്പുമുട്ടലുകളും ആയിരുന്നു .

ഇമ്മച്ചി പറയും പോലെ ജീവിച്ചാ ഇപ്പോൾ എന്താ കുഴപ്പം , പ്രോഗ്രാമിങ് പഠിച്ചു നല്ല കമ്പനിയിൽ കേറീട്ടുള്ള ശമ്പളം വച്ച് സമാധാനത്തോടെ ജീവിച്ചൂടെ അപ്പോഴും എഴുതാൻ ആഗ്രഹം ഉണ്ടെങ്കിൽ ഒഴിവു സമയങ്ങളിൽ അത് ചെയ്യാമല്ലോ .എല്ലാവരും ജോലിക്കു പോകുന്നതല്ലേ പിന്നെ തനിക്കും അത് പോലെ ചെയ്താ എന്താ . ഇമ്മച്ചി പറയും പോലെ വാപ്പക്ക് പ്രായം ആയി വരികയല്ലേ ,അവനു താഴെയുള്ള രണ്ടു പെങ്ങന്മാർക്കും അനിയനും താങ്ങായി നിൽക്കണ്ടത് അവനല്ലേ , വാപ്പക് ആഗ്രഹം കാണില്ലേ അവിടുത്തെ പണി ഒക്കെ മതിയാക്കി നാട്ടിൽ വന്നു എല്ലാവരുടെയും കൂടെ സമയം ചിലവഴിക്കാൻ , ഇനി അങ്ങനെ ഒരു ആഗ്രഹം ഉണ്ടോ എന്ന് ചോദിച്ചാ തന്നെ വാപ്പച്ചി അത് പറയുകയും ഇല്ല , അല്ലെങ്കിൽ തന്നെ ഇതൊക്കെ ചോദിക്കാൻ നിൽക്കണോ മൂത്ത മകൻ എന്ന നിലയിൽ താൻ അറിഞ്ഞു ചെയ്യണ്ടത് അല്ലെ ഇതൊക്കെ . അവൻറ്റെ മനസ്സ് നിറയെ ഈ വിധം ചോദ്യങ്ങൾ ആയിരുന്നു . ഈ ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തുന്നിതിനിടയിൽ ഇതിൻറ്റെ മറുചോദ്യങ്ങൾ അവനെ അലട്ടും .

അവൻറ്റെ വാപ്പയും ഇമ്മയും ജീവിക്കും പോലെ ആണോ ജീവിതം ജീവിച്ചു തീർക്കേണ്ടത് , എത്രയോ ആളുകൾ ആഗ്രഹിച്ച ജീവിതം അല്ല തെരെഞ്ഞെടുക്കുന്നത് , അത് പോലെ ഉള്ള എത്രയോ സുഹൃത്തുക്കളെ അവനു തന്നെ അറിയാം ,ഇമ്മച്ചി പറയും പോലെ മത്സരത്തിൽ തോറ്റു പോകാണ്ടിരിക്കാൻ ആകും . ആരാകും ഇമ്മച്ചിയെ ജീവിതം ഒരു മത്സരം ആയി കാണാൻ പഠിപ്പിച്ചിട്ടുണ്ടാകാ , ഇമ്മാമാ ആകും അവർക്കു അവരുടെ ഇമ്മ ആകും , തലമുറകൾ ആയി ഇങ്ങനെ തന്നെ ആവും ,കൂട്ടത്തിലെ ഒരാൾ പോലും മാറി ചിന്തിച്ചു കാണില്ലേ .ഇതിൻറ്റെ ഒക്കെ ആരംഭം എവിടെ നിന്നായിരിക്കും . ഫർഹാൻറ്റെ മനസ്സിലെ അന്ത്യമില്ലാത്ത സംശയങ്ങൾ ആയിരുന്നു ഇതൊക്കെ .അന്നന്നത്തെ അന്നം കണ്ടെത്താൻ കഷ്ടപെട്ടിരുന്ന മനുഷ്യർക്കെല്ലാം ജീവിതം ഒരു മത്സരം ആയി തോന്നി കാണണം , അന്ന് എന്തെങ്കിലും ആസ്വദിക്കാനോ ഒന്ന് വിശ്രമിക്കാനൊ നിന്നിരുന്നെങ്കിൽ തൻറ്റെ അന്നം വേറെ ആരുടെ എങ്കിലും കൈകളിൽ എത്തുമായിരുന്നേനെ. ആഗ്രഹങ്ങളുടെ പിന്നാലെ ഓടുന്ന സാധാരണകാരൻറ്റെ വീട്ടിൽ അരി എത്തില്ല എന്ന് തലമുറകളായി നമ്മളെ പഠിപ്പിക്കുന്നത് നമുക്ക് മുന്നേ ഉണ്ടായിരുന്ന തൻറ്റെ എന്തെങ്കിലും ആഗ്രഹങ്ങൾ നടക്കാത്ത അതിൻറ്റെ നഷ്ടബോധത്തിൽ ജീവിച്ചിരുന്ന ഇനി താൻ വിചാരിച്ച പോലെ തൻറ്റെ കാര്യങ്ങൾ നടന്നില്ലെങ്കിലും ഇനി വരാൻ പോകുന്ന തൻറ്റെ മക്കൾക്ക് ഇങ്ങനെ ഒരു അവസ്ഥ വരുത്തില്ലെന്ന് അവർ തീരുമാനിച്ചത് കൊണ്ട് കൂടിയാകണം . തോറ്റു പോകുമെന്ന ആ പേടി കൂടിയാകും അവർ ഇങ്ങനെ കൈമാറി കൊണ്ടിരിക്കുന്നതും .താനും തോറ്റു പോയവൻ ആണോ .ഈ ചിന്തകളിൽ നിന്നെല്ലാം അവനെ ഉണർത്തിയത് ഇമ്മച്ചിയുടെ ഭക്ഷണം കഴിക്കാനുള്ള വിളി ആയിരുന്നു .

മുറിക്കുള്ളിൽ നിന്ന് ഇറങ്ങി ഡൈനിങ് ടേബിളിൽ വന്നിരുന്ന അവൻറ്റെ അടുത്ത് വാപ്പച്ചിയും വന്നിരുന്നു . വാപ്പച്ചി നാട്ടിൽ എത്തിയിട്ട് രണ്ടു മാസത്തോളം ആയി . അവിടത്തെ ഫാക്ടറിയിലെ പണി വാപ്പച്ചിയെ ശാരീരികമായി ഏറെ തളർത്തിയിരുന്നു . ഒരു ദിവസം ജോലി കഴിഞ്ഞെത്തി തീരെ വയ്യാതെ വന്നപ്പോൾ ആശുപത്രിയിൽ കൊണ്ട് പോയി . ഇനി ജോലി ചെയ്യാനുള്ള ആരോഗ്യമില്ല എന്ന് ഡോക്ടർമാർ വിധി എഴുതി . വാപ്പച്ചി കുറച്ചു കാലം കൂടി പിടിച്ചു നിൽക്കാം എന്നാണ് കരുതിയത് , എന്നാ ഇത് അറിഞ്ഞ ഇമ്മ അവിടെ നിൽക്കാൻ സമ്മതിച്ചില്ല നാട്ടിലേക്കു ഉടനെ വരാൻ പറഞ്ഞു . അല്ലെങ്കിലും ഇനിയെങ്ങോട്ടാ , ആ മനുഷ്യനിപ്പോ പ്രായം 56 ആയി , ജീവിതത്തിൻറ്റെ ഒരു നല്ല ഭാഗം അവിടെ ചെലവഴിച്ചു തീർത്തു, വയ്യായ്ക വന്നില്ലായിരുന്നെകിൽ ഇനിയും ഈ കുടുംബത്തെ നോക്കിയിരുന്നെനെ . വല്ലാത്തൊരു ജീവിതം തന്നെ . തളരുവോളം പണി എടുക്കുക ശേഷം പിന്നെ തന്റെ ജീവിച്ചിരിക്കുക എന്ന പണി തീരുന്നതു വരെ ഒരു തളർച്ചയോടെ ജീവിച്ചു തീർക്കുക ,തന്നെ കൊണ്ടൊക്കെ ഇങ്ങനെ ജീവിക്കാൻ ഒരിക്കലും സാധിക്കില്ല എന്ന് ഫർഹാൻ ഉറപ്പിച്ചു .

നാട്ടിൽ വന്നതിനു ശേഷം അവനോടു അയാൾ കാര്യമായി ഒന്നും സംസാരിച്ചിരുന്നില്ല , എന്നും കാര്യങ്ങൾ അന്വഷിക്കും . വയ്യായ്കയുടെ ക്ഷീണം ഇപ്പോളും അയാളിൽ ഉണ്ടായിരുന്നു . താൻ കോളേജ് കഴിഞ്ഞു ഉടനെ ജോലിയിൽ കയറിയിരുന്നെങ്കിൽ വാപ്പക്ക് ഈ അവസ്ഥ വരുമായിരുന്നോ എന്ന് അവൻ ഇടയ്ക്കു ഇങ്ങനെ ചിന്തിക്കും . പിന്നെ പിന്നോട്ട് നോക്കീട്ടു കാര്യമില്ല എന്ന ഇമ്മച്ചിയുടെ ഉപദേശം ആലോചിക്കും .ഇമ്മച്ചിയുടെ മുന വച്ചുള്ള ഓര്മപെടുത്തലുകൾ സഹിക്കാതെ 5 മാസത്തെ നെറ്റ്‌വർക്കിങ് കോഴ്സ് ചെയ്തു ജോലി നോക്കുന്നതിനു ഇടയിൽ ആണ് വാപ്പച്ചി നാട്ടിൽ എത്തിയെ . അന്നേ കുവൈറ്റിലേക്ക് പാക്ക് ചെയാൻ നിന്ന ഇമ്മച്ചിയോടു നാട്ടിൽ തന്നെ ഈ സമയം കൊണ്ട് ജോലി മേടിക്കാം എന്ന് പറഞ്ഞത് ഫർഹാനാണ് .അങ്ങനെ ആണ് പ്രോഗ്രാമിങ് പഠിക്കാൻ അവൻ തുടങ്ങിയത് .ഒരു വിധം എല്ലാം കമ്പനികളും സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ നോക്കുന്നുണ്ട് . കുവൈറ്റിൽ പോയി കഷ്ടപെടുന്നതിനെകാൾ നല്ലതു നാട്ടിൽ നിന്ന് കഷ്ടപെടുന്നതാണ് എന്ന് അവന് തോന്നി . അല്ലെങ്കിലും അങ്ങനെ ആണെലോ നാട് വിട്ടു പോകണ്ട ഒരു അവസ്ഥ വരുമ്പോൾ നമ്മൾ നാട്ടിൽ എങ്ങനേലും പിടിച്ചു നിൽക്കാൻ നോക്കും അത് പോലെ തന്നെ ഫർഹാനും ,എങ്ങനെ എന്നോ എന്തെന്നോ അവൻ നോക്കിയില്ല നാട്ടിൽ നിൽക്കണം അത്ര മാത്രം മതിയായിരുന്നു അവനു ..

പിന്നെയുള്ള രണ്ടു മാസങ്ങൾ കൊണ്ട് രണ്ടു വർഷത്തെ കാര്യങ്ങൾ പഠിക്കാനുള്ള ഓട്ടത്തിൽ ആയിരുന്നു , അത്രയും ഗാപ് ഉള്ളത് കൊണ്ട് കമ്പനികളും നമ്മളിൽ നിന്ന് അത്ര അറിവ് പ്രതീക്ഷിക്കും .ഓരോ ഇൻറ്റർവ്യൂകൾ അറ്റൻഡ് ചെയ്യുംതോറും അവൻറ്റെ ഇമ്മച്ചി അവനോടു പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നു അവന് ബോധ്യമായി തുടങ്ങി . ഈ ഓട്ടത്തിൽ അവൻറ്റെ കൂടെ ഉണ്ടായിരുന്നവരെല്ലാം അവനെക്കാൾ ഏറെ മുന്നിലാണ് . സ്റ്റാർട്ട് ചെയ്യും മുന്നേ തന്നെ അവൻ മത്സരത്തിൽ നിന്ന് പുറത്തായിരുന്നു . രണ്ടു വർഷത്തെ ഗ്യാപ്പും രണ്ടു മാസത്തെ അറിവുമുള്ള ഒരു ക്യാൻഡിഡേറ്റിനെ ഒരു കമ്പനിക്കും ആവശ്യം ഇല്ലായിരുന്നു . ഇനിയെന്തു എന്നൊരു ചോദ്യം അവന് മുന്നിൽ ഇങ്ങനെ നെഞ്ചും വിരിച്ചു നിൽപ്പുണ്ടായിരുന്നു .

“ഇനി എന്താ നിൻറ്റെ അടുത്ത പരിപാടി “ പാത്രത്തിലേക്ക് ഇഡ്ഡ്ലി ഇട്ടു കൊണ്ടിരിക്കുമ്പോൾ ഇമ്മച്ചി അവനോടു ചോദിച്ചു . “കുറച്ചു ഇൻറ്റർവ്യൂകൾ ഉണ്ട് അടുത്ത മാസം അതിൽ ഏതെങ്കിലും ഒന്ന് കിട്ടും “. അവൻ ആരുടേയും മുഖത്തു നോക്കാതെ പറഞ്ഞു , താൻ കള്ളം പറയുകയാണെന്ന് എങ്ങാനും ഇമ്മച്ചിക്കു മനസിലായാലോ . “ഉം “ ഇമ്മച്ചി അത് കേട്ട് മൂളി . ഇമ്മച്ചിയുടെ നോട്ടത്തിൽ നിന്ന് രക്ഷപെടാൻ തൻറ്റെ മുഖം തിരിച്ച ഫർഹാൻറ്റെ കണ്ണുകൾ പോയത് തനിക്കു എതിരെയുള്ള ഷെൽഫിലേക്കാണ് അതിനുള്ളിൽ ഉള്ള ഫോട്ടോകളിലേക്കാണ് . അവൻറ്റെ വാപ്പ അവരുടെ നിക്കാഹിനു മുമ്പ് എടുത്ത കുറച്ചു ഫോട്ടോസ് ആണ് . ഇപ്പോഴത്തെ ക്യാമെറകളിൽ എത്രയോ ടെക്നോളോജികൾ ഉണ്ടായിട്ടും ഇത്രയും മനോഹരമായ ഫോട്ടോകൾ അവൻ ഇത് വരെ കണ്ടിട്ടില്ല . ഇമ്മച്ചി ഏറ്റവും സുന്ദരിയായി കാണപ്പെട്ടിരുന്നത് വാപ്പച്ചിയുടെ ഫോട്ടോകളിൽ ആണ് . ഇത്രയും മനോഹരമായ ഫോട്ടോസ് എടുത്തിരുന്ന വാപ്പച്ചി പെട്ടെന്ന് ഒരു ദിവസം എന്തേ ഫോട്ടോകൾ എടുക്കുന്നത് നിർത്തി എന്ന് അവൻ ഇടയ്ക്കു ആലോചിക്കാറുണ്ട് .

ഒരിക്കൽ അവൻ കുട്ടിയായിരിക്കെ അലമാരയിലെ പഴയ സാധനങ്ങൾക്കിടയിൽ വാപ്പച്ചിയുടെ ആ പഴയ ക്യാമറയും അവൻ കണ്ടു , ആവേശത്തോടെ അവൻ അത് കൈകളിൽ എടുത്തു വാപ്പച്ചിയുടെ അടുത്തേക്ക് ഓടിച്ചെന്നു തൻറ്റെ ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചു . ആ ക്യാമറ കൈകളിലേക്ക് വാങ്ങി അയാൾ ഒരു നിമിഷം അതിലേക്കു ഒന്ന് നോക്കിയിട്ട് അത് കേടാണെന്നും തിരിച്ചു കൊണ്ട് വച്ചോ എന്ന് പറഞ്ഞു അവനു തന്നെ കൊടുത്തു . അന്ന് അത് വിശ്വസിച്ചുവെങ്കിലും പിന്നീട് വലുതായി കഴിഞ്ഞു ആ ക്യാമറ ഒന്നും കൂടി കൈകളിൽ എത്തുമ്പോഴാണ് കേടായതു ക്യാമറ അല്ലെന്നു അവൻ മനസിലായത് .

“ഇനി നീ തീരുമാനിക്കും പോലെ നടക്കില്ല കാര്യങ്ങൾ “, ഫർഹാൻ ഇത് ശ്രദിക്കാതെ ഭക്ഷണം കഴിക്കാൻ ശ്രമിച്ചു , ഇമ്മ അവനോടായി തുടർന്നു “നിനക്ക് നിൻറ്റെ താഴെ ഉള്ളവരെ കുറിച്ച് ബോധമുണ്ടോ ഈ കുടുംബം എങ്ങനെയാ കഴിഞ്ഞു പോകുന്നെ എന്ന് ധാരണ ഉണ്ടോ ,അറിയാവുന്നവരുടെ ഒക്കെ അടുത്തിന്നു കടം വാങ്ങിയാ ഇവിടെ രണ്ടറ്റം മുട്ടിക്കുന്നേ ഇനി അത് നടക്കില്ല . അത് കൊണ്ട് ഞാനും വാപ്പയും ഒരു തീരുമാനം എടുത്തു .നീ അടുത്ത മാസം മാമൻറ്റെ അടുത്തേക്ക് പോകാന്നു . ടിക്കറ്റ് ഞങ്ങൾ എടുത്തിട്ടുണ്ട് “.ഇതും പറഞ്ഞു ഇമ്മച്ചി അകത്തേക്ക് എണീച്ചു പോയി . ഫർഹാൻ ഒരു നിമിഷം വാപ്പയെ നോക്കി , അയാൾ അവനു മുഖം കൊടുക്കാതെ ഭക്ഷണം കഴിക്കുകയായിരുന്നു .അയാളുടെ ,മുഖത്തെ നിസഹായാവസ്ഥ അവനു കാണാം ആയിരുന്നു , അവൻറ്റെ മുഖത്തെ നിരാശ അയാൾക്കും . രണ്ടു പേർ ഒന്നും മിണ്ടാതെ ബാക്കിയുള്ളത് കഴിച്ചു തീർത്തു .

അങ്ങനെ അവന് പോകാനുള്ള ആ ദിവസം വന്നെത്തി , വീട്ടിൽ നിന്ന് പടിയിറങ്ങുന്ന ആ അവസാനനിമിഷങ്ങൾ അവൻ ചെലവഴിക്കാൻ തീരുമാനിച്ചത് വാപ്പച്ചിയുടെ അടുത്ത് ഇരുന്നാണ് .കട്ടിലിൽ വിശ്രമിക്കുന്ന വാപ്പച്ചിയുടെ കൈകൾ പിടിച്ചു അതിനു അടുത്തായി അവൻ ഇരുന്നു , അവർ പരസപരം ഒന്നും സംസാരിച്ചില്ല , പറയാൻ ഒന്നുമില്ലാഞ്ഞിട്ടല്ല ഇതാണ് നല്ലതു എന്ന് തോന്നി രണ്ടാൾക്കും . ഇമ്മച്ചിയും മാമനും മറ്റു കുടുംബക്കാരും തിരക്കിട്ടു അപ്പുറത്തു പെട്ടി പാക്ക് ചെയ്യുന്നുണ്ടായിരുന്നു . എല്ലാ സാധനങ്ങളും പാക്ക് ചെയ്തെന്നു ഉറപ്പു വരുത്തി ഇമ്മ അവർ രണ്ടു പേരുമുള്ള മുറിയിലേക്ക് കടന്ന് വന്നു. “പാസ്സ്പോർട്ടും ടിക്കറ്റും ഒക്കെ നിൻറ്റെ ആ സൈഡ്ബാഗിൽ എടുത്തു വച്ചില്ലേ “ ഫർഹാനെ നോക്കി അവർ ചോദിച്ചു . ഫർഹാൻ ഉണ്ടെന്നു അർത്ഥത്തിൽ തലയാട്ടി , പിന്നെ മുഖം തിരിച്ചു . “ എനിക്ക് അറിയാം നിനക്ക് എന്നോട് നല്ല ദേഷ്യം കാണുമെന്ന് , നിൻറ്റെ തന്നെ നല്ലതിന് വേണ്ടിയാ ഞാൻ ഇത് ചെയ്യുന്നേ , നിനക്ക് അത് പിന്നെ മനസിലാകും , നീ ഈ പറയും പോലെയല്ല ജീവിതം , അത് ഇത്രയും കാലം ജീവിച്ച ഞങ്ങൾക്കറിയാം . നാളെ നിനക്ക് ഒരു കുടുംബവും കുട്ടികളും ഒക്കെ ആകുമ്പോൾ ഞാൻ ഈ പറയുന്നത് മനസിലാകും “. ഇമ്മച്ചി ചിരിച്ചു കൊണ്ട് അവനോടു പറഞ്ഞു. “ എൻ്റെ മക്കളേ ഞാൻ ഈ ഓട്ടത്തിന് വിടില്ല , അവരെ അവരുടെ ഇഷ്ടത്തിന് വിടും “. ഫർഹാൻ ആ പറഞ്ഞ കാര്യം അവൻറ്റെ വാപ്പ മാത്രമേ കേട്ടുള്ളൂ , അവൻ അവൻ്റെ മനസ്സിൽ പറയുന്ന ഒരു കാര്യം പോലെ അത്ര പതുക്കെയാണ് അത് പറഞ്ഞത് . മാമൻ ഇവർ ഉണ്ടായിരുന്ന മുറിയിലേക്ക് കടന്ന് വന്നു ഇറങ്ങാൻ സമയം ആയെന്നു അവരെ ഓർമ്മിപ്പിച്ചു . ഫർഹാൻ വാപ്പച്ചിയോടു യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി .

മുറിയിൽ നിന്ന് പുറത്തിറങ്ങും മുമ്പ് ഫർഹാൻ വാപ്പ കിടക്കുന്നിടത്തേക്കു ഒന്ന് തിരിഞ്ഞു നോക്കി ,നിസ്സഹായാവസ്ഥയും നിരാശയും കലർന്ന ഒരു പുഞ്ചിരിയോടെ തന്നെ കൈ വീശി യാത്ര അയക്കുന്ന വാപ്പച്ചിയെ അവൻ കണ്ടു .എന്തായിരിക്കും ആ ചിരിയുടെ അർഥം ,താൻ ഇതുവരെ ഓടി കൊണ്ടിരുന്ന റിലേയുടെ ബാറ്റൺ അവൻ കൈമാറേണ്ടി വന്ന നിസ്സഹായാവസ്ഥ ആലോചിചതാകുമോ , അല്ലെങ്കിൽ പണ്ടൊരിക്കൽ ഇതിൽ നിന്ന് എല്ലാം കുതറി മാറാൻ ശ്രമിച്ചു പരാജയപ്പെട്ട് തൻറ്റെ അടുത്ത തലമുറയും അതിലേക്കു ഇറങ്ങി ചെല്ലുന്നത് കാണേണ്ടി വരുന്ന ഒരാളുടെ കുറ്റബോധം നിറഞ്ഞ ചിരിയാന്നോ , അല്ലെങ്കിൽ ഒരു പക്ഷെ ഈ ചിരി ഒരു തിരിച്ചറിവിൻറ്റെ ചിരി ആകാം , പണ്ടൊരിക്കൽ തൻറ്റെ വാപ്പയിൽ കണ്ട ഇതേ ചിരിയുടെ അർഥം ഒരു പക്ഷെ ഇന്ന് ആകും അയാൾക്ക്‌ മനസിലായി കാണുക . ആർക്കറിയാം ഈ ചോദ്യത്തിൻറ്റെ ഉത്തരം എന്നെങ്കിലും തനിക്കു കിട്ടുമോ , അല്ലെങ്കിൽ തൻറ്റെ ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ കൂട്ടത്തിലെ മറ്റൊരു ചോദ്യം ആയി മാറുമോ ഇതെന്ന്, എന്തായാലും ഒരു കാര്യം അവൻ മനസിലാക്കിയിരുന്നു അവൻറ്റെ ജീവിതം തന്നെയാകും എന്തായാലും ഇതിനുള്ള ഉത്തരം .

ഒരു നാൾ ഈ മത്സരത്തിൽ നിന്ന് വിട്ടു നില്ക്കാൻ പറ്റുമെന്നും തൻറ്റെ അടുത്ത തലമുറയെ ഇതിൽ നിന്ന് മോചിപ്പിക്കാം എന്ന പ്രത്യാശയോടെയും ഫർഹാൻ ആ വീട് വിട്ട് ഇറങ്ങി.തനിക്കു ഉണ്ടായ സ്റ്റാർട്ടിങ് ട്രബിൾ മറന്നു ഒരു ചീറ്റ പുലിയെ പോലെ കുതിച്ചു പായാൻ .….……………..,.....................................

Srishti-2022   >>  Short Story - Malayalam   >>  ഫിഷ് ബൗൾ

ഫിഷ് ബൗൾ

കിടപ്പുമുറിയിൽ ഞരങ്ങിയും മൂളിയും വ്യസനിച്ചു ഫാൻ കറങ്ങുന്നുണ്ടായിരുന്നു. ഓരോ ഞരക്കവും ഹൃദയത്തിൽ നിന്നെന്ന പോലെ അവളെ വീർപ്പു മുട്ടിച്ചു. എപ്പോഴോ ഓൺ ചെയ്തിരുന്ന ടിവി ആരോടെന്നില്ലാതെ സംസാരിച്ചു കൊണ്ടേയിരുന്നു. ചിതലരിച്ചു തുടങ്ങിയ കട്ടിലിനടിയിൽ നിന്നും മനസ്സ് മടുപ്പിക്കുന്ന കരാകരശബ്ദത്തോടെ അവൾ ഒരു പെട്ടി വലിച്ചെടുത്തു. മരുന്നുകൾ തീർന്നു തുടങ്ങിയിരിക്കുന്നു.

തലയിണയുടെ അടിയിൽ നിന്നും ഫോൺ പരതി അവൾ ആരെയോ വിളിച്ചു.

"ഡോക്ടർ, മരുന്ന് തീരാറായി. എനിക്ക് ഒരു മാറ്റവും തോന്നുന്നില്ല. എന്താ വേണ്ടതെന്ന് എനിക്കറിയില്ല."

"സീ, റീച്ചിങ് ഔട്ട് ഫോർ ഹെല്പ്, അത് തന്നെ വല്യ കാര്യമാണെന്ന് മനസിലാക്കൂ. മരുന്ന് ഞാൻ കുറിച്ച് തരാം. എന്തെങ്കിലും പെറ്റ്സ് നെ കൂടെ വാങ്ങിയാൽ നന്നായിരിക്കും. ലൈക് എ ഫിഷ് ഓർ സംതിങ്."

നാനാവർണങ്ങൾ മിന്നിമറയുന്ന മനോഹരമായ മീനുകൾ. തമ്മിൽ ഒതുക്കം പറഞ്ഞും കലപില കൂട്ടിയും അവ അങ്ങിങ്ങായി തെന്നി മാറുന്നു. എത്ര മനോഹരമായ കാഴ്ചയാണ്..!

"എന്താ വേണ്ടത്?"

"ഇതിൽ ഒന്ന് വേണം. ഏറ്റവും ഭംഗിയുള്ള ഒന്ന്. അതിനെ വളർത്താൻ ഭംഗിയുള്ള ബൗൾ വേണം."

"ഇവനാണ് ഇതിൽ ഏറ്റവും സുന്ദരൻ. പക്ഷെ വില അല്പം കൂടുതലാ."

"അത് സാരമില്ല. ഇത് തന്നെ എടുത്തോളൂ."

ഒരു ഗ്ലാസ്സെടുത്തു അയാൾ അതിനെ പിടിക്കാൻ ശ്രമിക്കുമ്പോൾ ഓരോ തവണയും അത് കുതറി മാറിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു വിധം അയാൾ അതിനെ പിടിച്ചു ഒരു കൊച്ചു ബൗളിൽ ഇട്ടു. തിളങ്ങുന്ന കണ്ണുകളോടെ അവൾ അതിനെ ഏറ്റു വാങ്ങി.

സ്ഥാനം തെറ്റി കിടക്കുന്ന പുസ്തകങ്ങൾ, കർട്ടനുകൾ ഇട്ടു മൂടിയ ജനലുകൾ.., അരണ്ട വെളിച്ചം പരന്നു കിടന്ന ആ മുറിയിൽ ഒരു കോണിൽ അവൾ ആ ബൗൾ വച്ചു. ഒരു നിമിഷം വാലാട്ടി തെന്നി നീന്തുന്ന മീനിനെ നോക്കി നിന്നു. പിന്നീട് ഫോൺ എടുത്ത് വീണ്ടും ഡയൽ ചെയ്തു.

"മരുന്ന് വാങ്ങി. മീനിനെയും. എനിക്കൊന്നിനും കഴിയുന്നില്ല ഡോക്ടർ. ഈ ഏകാന്തത എന്നെ കൊല്ലുകയാണ്...!"

അപ്പോഴും വയലറ്റ് നിറമുള്ള ആ സുന്ദരൻ മീൻ ബൗളിന്റെ ഭിത്തികളിൽ നാലുപാടും തട്ടി കുതറിമാറാൻ ശ്രമിക്കുകയായിരുന്നു. ഇരുണ്ട ആ മുറി അതിന്റെ തിളക്കം മായ്ച്ചു കളഞ്ഞിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  നിള

നിള

പലപ്പോഴും അവളങ്ങനെ ആണ് പ്രതീക്ഷിക്കാതെ ഇരിക്കുമ്പോൾ ആയിരിക്കും ചിണുങ്ങിക്കൊണ്ടുള്ള ആ വരവ്. സ്ഥിരം പല്ലവിതന്നെ ...! കാണുമ്പോഴുള്ള സ്നേഹം മാത്രമേ ഉള്ളൂ, ആരെയും അന്വേഷിക്കുകയും വേണ്ട അറിയുകയും വേണ്ട ... എന്നൊക്കെ പറഞ്ഞുകൊണ്ട് കാതിൽ ഒരു വർഷത്തേക്ക് കേൾക്കാനുള്ള പരാതി മുഴുവനും പൊതിഞ്ഞു കെട്ടിയാണ് വരവ്.

പണ്ടപ്പും പരാതിയും ഇങ്ങനെ പറയുവാൻ സ്വാതന്ത്ര്യമുള്ള മറ്റൊരാൾ ജീവിതത്തിൽ ഇല്ലാത്തതിൻ്റെ സകല അധികാരവും ഉപയോഗിച്ച് കൊണ്ടാവും അവൾ താഴേക്കാവിലെ വീട്ടിലേക്ക് വരിക. അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതത്തിലേക്ക് നടന്നു കയറിയ നല്ലൊരു സുഹൃത്ത്. ലൈബ്രറിയിൽ നിന്നും ഉടലെടുത്ത വെറുമൊരു സുഹൃത്ത് ബന്ധം എപ്പോഴോക്കെയോ ആയി കാലം അഴത്തിലൂട്ടി ഉറപ്പിക്കുകയായിരുന്നു. ഞാനവളെ നിളയെന്ന് വിളിച്ചു. പരിചയപ്പെട്ട നാളിൽ അവൾ നൽകിയ അനുവാദമാണ് ഇഷ്ടമുള്ള പേര് നൽകി വിശേഷിപ്പിച്ചുകൊള്ളാൻ….!

നിളയിൽ നിന്നുമാണ് ഞാൻ എന്നെ മനസ്സിലാക്കിതുടങ്ങുന്നത്, മദ്യവും സിഗരറ്റും മനം മടുപ്പിച്ചു തുടങ്ങിയ നാളുകളിലാണ് ഒരു ബ്രേക്ക് വേണമെന്ന് തോന്നി അങ്ങാടിപ്പുറത്തെ ലൈബ്രറിയിൽ ഒരു അക്കൗണ്ട് തുടങ്ങിയത്. ലൈബ്രറി എന്ന് പറയുമ്പോൾ നല്ല പ്രായം ചെന്ന ഒരു കെട്ടിടമാണ് ടൗണിന്റെ ഒത്ത നടുക്ക് ഗീവർഗീസ് പുണ്യാളനെയും നോക്കി അതവിടെയെങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പ്രെസ്സിലെ ജോലി കഴിഞ്ഞ് കഴിവതും നേരത്തെ ലൈബ്രറിയിലെ ഒരു മൂലയിൽ പുസ് തകങ്ങളിലേക്ക് മറയുകയാണ് പതിവ്.

ഒരു ധനുമാസപ്പകലിൽ തെരുവ് നായ കണക്കെ ഒരു ലക്ഷ്യ ബോധമില്ലാതെ എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞു നടന്നിട്ട് ഇനിയെങ്ങോട്ട് എന്ന ചോദ്യം മനസിലുയർന്നപ്പോഴാണ് ലൈബ്രറി മനസ്സിലേക്ക് വന്നത്, ലൈബ്രറിയിൽ എത്തിയപ്പോൾ കണ്ണിൽ ഒരു സോഡാകുപ്പി ഗ്ലാസും അവിടെ ഇവിടെയായി നരച്ച രോമങ്ങൾ എത്തി നോക്കുന്ന താടിയുമായി നിൽക്കുന്ന ലൈബ്രറിയൻ അജയേട്ടനോട് ഒരു സലാം പറഞ്ഞു ബുക്കും എടുത്ത് സ്ഥിരം മൂലയിലേക്ക് ഒതുങ്ങാനായി ചെന്നപ്പോഴാണ് പരിചയമില്ലാത്ത മുഖം സാവധാനം പുസ്തകത്തിൽ നിന്നും മുഖമുയർത്തി പതിയെ സംശയത്തോടെ നോക്കി, ആ വിടർന്ന കണ്ണുകളിലേക്ക് നോക്കി എന്തെങ്കിലും പറയുന്നതിന് മുൻപേ അജയേട്ടൻ ചോദിച്ചു ... എന്താ അനി ഇന്ന് സ്ഥലം പോയോ..?! ഒരു ദീർഘ നിശ്വാസത്തിൽ മറുപടി കൊടുത്തുകൊണ്ട് തെല്ലിട ഞാൻ മാറിയിരുന്നു. പുസ്തകം കയ്യിലെടുത്തപ്പോഴേ ചോദ്യം വന്നു ഇവിടെ സ്ഥിരം വരുന്നതാണോ എന്ന്… തലയിട്ടികൊണ്ട് അതെ എന്ന് പറഞ്ഞു. സമയം കടന്നു പോയതറിഞ്ഞില്ല, അജയേട്ടനോട് യാത്ര പറഞ്ഞ് അയ്യപ്പേട്ടന്റെ കടയിൽ നിന്ന് ഭക്ഷണവും വാങ്ങി താഴെകാവിലേക്ക് ബസ് കയറി.

പാന്റ് വലിച്ചു കേറ്റിയിട്ടുകൊണ്ട് ഒരു പുഴുങ്ങിയ ചിരി ചിരിച്ചു ടിക്കറ്റ് നൽകാൻ വന്ന രമേശൻ എടുത്ത വായ്ക്കു കുശലം ചോദിച്ചതു രേണുകയെ പറ്റിയായിരുന്നു സുഖമായിരിക്കുന്നു എന്ന് മറുപടി ഒറ്റവാക്കിലൊതുക്കി മറ്റുള്ളവയെ എല്ലാം ഒഴിവാക്കി പുറത്തേക്ക് നോക്കിയിരുന്നു. കാലം തെറ്റി എവിടെയോ മഴപെയ്യുന്നു എന്നൊരു തോന്നൽ ..! വണ്ടിയിരച്ചു തുടങ്ങിയതും കാറും കോളും കൊണ്ട് ആകാശം മാറിത്തുടങ്ങി വിൻഡോ ഷീറ്റ് മൂടിയിട്ടതും കുത്തിയൊലിച്ചുകൊണ്ട് ഓർമകളും ആ മഴയിൽ....

രമേശൻ തട്ടിവിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്. സ്റ്റെപ്പിൽ നിന്നും വെള്ളക്കെട്ടൊഴിവാക്കിക്കൊണ്ട് ചാടിയിറങ്ങി ബസ് സ്റ്റോപ്പിൽ കയറിയതും, നശിച്ച മഴ യാതൊരുവിധ ദയവുമില്ലാതെ ഉറഞ്ഞു തുള്ളുകയായിരുന്നു. പിച്ചും പേയും പറഞ്ഞുകൊണ്ട് ആരെയൊക്കെയോ മനസ്സിൽ ചീത്ത വിളിച്ചുകൊണ്ടു ഒരു മൂലയിലേക്കു മാറി നിന്ന് നനഞ്ഞു കുതിർന്ന കൈകൾ കൊണ്ട് തലയിലെ വെള്ളം കുടഞ്ഞുകൊണ്ട് നിൽക്കുമ്പോൾ ആണ് ബസ്റ്റോപ്പിൽ മറ്റൊരാൾ കൂടെയുണ്ടെന്ന ബോധ്യം വന്നത്. തല മെല്ലെ ചെരിച്ചുകൊണ്ട് നോക്കിയപ്പോൾ ഞാൻ കാണുന്ന കാഴ്ച.... സ്വയം പുണർന്നുകൊണ്ട് തന്നിലേക്ക് അലിഞ്ഞു ചേരുന്ന മഴത്തുള്ളികളെ കണ്ണുകളടച്ചു മുഖം തെല്ലൊന്നു പൊക്കി വിടർന്ന പുഞ്ചിരിയോടെ അകമഴിഞ്ഞാസ്വദിക്കുകയാണവൾ ഇതുപോലെ മഴയെ ഒരാൾ ആസ്വദിക്കുന്നത് ഞാൻ കണ്ടിട്ടില്ല, കാപ്പിപ്പൊടി കളറുള്ള ഷിഫോൺ സാരിയിൽ അവൾ കൊച്ചു സുന്ദരിയായിരുന്നു കാറ്റിൽ അവളുടെ സാരി മെല്ലെ പറക്കുന്നുണ്ടായിരുന്നു. ഒരു സംശയമുനയിൽ ഞാൻ വിമ്മിഷ്ടത്തോടെ ചോദിച്ചു ലൈബ്രറിയിൽ ഉണ്ടായിരുന്ന...! മുഴവനാക്കും മുൻപേ മുഖത്തേക്ക് പറ്റിക്കിടന്ന മുടി ഒതുക്കിക്കൊണ്ട് " അതെ," എന്നൊരു മറുപടിയും തന്നുകൊണ്ടവൾ ഒരു നേർത്ത മൗനത്തിനു ശേഷം പറഞ്ഞു "അമ്മയുടെ വീട് ഇവിടെയാണ് ഇവിടേയ്ക്ക് വരുമ്പോൾ ഇടക്കു ലൈബ്രറിയിൽ വരും... അനി എന്നാണല്ലേ പേര്..?", "അതെ.." എന്ന് ഞാനും, എങ്ങനെ മനസിലായി എന്ന് ചോദിക്കേണ്ടതായി തോന്നിയില്ല കാരണം അജയേട്ടൻ പേരും ജാതകവുമെല്ലാം വിളിച്ചു ചോദിച്ചത് അടുത്ത ദേശത്തെ ആൾക്കാർ വരെ കേട്ടിട്ടുണ്ടാകും. എന്താണ് പേരെന്ന് ചോദിച്ചപ്പോൾ.. കുസൃതി കലർന്ന സ്വരത്തിൽ എന്തിനാ എന്ന് ചോദിച്ചുകൊണ്ടവൾ ഇഷ്ടമുള്ള പേര് വിളിച്ചോളൂ എന്ന് പറഞ്ഞു... നിളയിലേക്കുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു...!

Srishti-2022   >>  Short Story - Malayalam   >>  സാന്ദ്രസ്വപ്നം

Divya Rose R

Oracle India

സാന്ദ്രസ്വപ്നം

അവൾ വീണ്ടും കയ്യിലെ വാച്ചിൽ സമയം നോക്കി. മണി രണ്ടു കഴിഞ്ഞിരിക്കുന്നു. നല്ലതു പോലെ ഉറക്കവും വരുന്നുണ്ട്. പക്ഷെ ഉറങ്ങാൻ ഇപ്പോൾ പേടി ആണ്. കഴിഞ്ഞ മൂന്നു മാസങ്ങൾ ആയി ഒന്ന് സമാധാനമായി ഉറങ്ങിയിട്ട്. എന്നും കുറെ സ്വപ്‌നങ്ങൾ. ചിലപ്പോൾ നല്ല സന്തോഷമുള്ള സ്വപ്‌നങ്ങൾ. ചിലപ്പോൾ നെഞ്ച് പറിക്കുന്ന പോലെ വേദനിപ്പിക്കുന്ന സ്വപ്‌നങ്ങൾ. ചിലപ്പോൾ മുഴുവൻ നിഗൂഡത ഉള്ള സ്വപ്‌നങ്ങൾ. എത്രയോ രാത്രികളിൽ അവൾ ഞെട്ടി ഉണർന്നു അലറി വിളിച്ചിരിക്കുന്നെന്നോ. ബാക്കി ഉള്ളവരുടെ ഉറക്കം കൂടി കളയാൻ ഓരോന്ന് വന്നിട്ടുണ്ട് എന്ന പഴിയും കേട്ട് ആ ഹോസ്റ്റൽ റൂമിൽ എത്രയോ രാത്രികൾ അവൾ പേടിച്ചും കരഞ്ഞും തീർത്തിട്ടുണ്ടെന്നോ. എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഇവൾ സാന്ദ്ര. അനാഥാലയത്തിൽ വളർന്ന ഇവൾക്കു സ്വന്തം എന്ന് പറയാൻ ആരും ഇല്ല. പൊതുവെ ആരോടും അധികം സംസാരിക്കാത്ത ആളായത് കൊണ്ട് സുഹൃത്തുക്കളും അങ്ങനെ ഇല്ല. എല്ലാം സ്വയം സഹിച്ചു ഇനിയും വയ്യ. മതിയായി.

അങ്ങനെ ഇരിക്കെ,സാന്ദ്ര പഠിപ്പിക്കുന്ന കോളേജിൽ ഒരു സെമിനാർ എടുക്കാൻ പ്രശസ്തനായ ഒരു സൈക്കിയാട്രിസ്റ് എത്തി. അദ്ദേഹത്തിന്റെ പ്രസംഗം എല്ലാവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഡോക്ടർ നാഥ്. പേരിൽ തന്നെ ഉണ്ട് ഒരു ഗമ. സെമിനാറിന്റെ അവസാനം ചോദ്യങ്ങൾ ചോദിക്കാൻ ഉള്ള അവസരം ഉണ്ടായിരുന്നു. എല്ലാവരുടെയും ചോദ്യങ്ങൾ പേപ്പറിൽ എഴുതി ഒരു ബോക്സിൽ ഇട്ടു. അക്കൂട്ടത്തിൽ സാന്ദ്രയും അവളുടെ സംശയങ്ങൾ എഴുതി ഇട്ടു. ഡോക്ടർ ഓരോ ചോദ്യം എടുക്കുമ്പോളും, അവളുടെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടേ ഇരുന്നു. പക്ഷെ വിധി അവളെ അവിടെയും തോൽപ്പിച്ചു.അവളുടെ ചോദ്യം ഡോക്ടർ എടുത്തില്ല. അതിനുള്ളിൽ തന്നെ സമയം കഴിഞ്ഞു പോയി. അതുകൊണ്ടു തന്നെ ഡോക്ടർ അദ്ദേഹത്തിന്റെ ഫോൺ നമ്പർ എല്ലാവർക്കുമായിട്ടു പറഞ്ഞു കൊടുത്തിട്ടാണ് വേദിയിൽ നിന്നും പോയത്.

സാന്ദ്രക്കു കിട്ടിയ ആകെ ഉള്ള കച്ചിത്തുരുമ്പായിരുന്നു ആ ഫോൺ നമ്പർ. പക്ഷെ എങ്ങനെ വിളിക്കുമെന്നോ എന്ത് പറയണമെന്നു അവൾക്കു അറിയില്ലായിരുന്നു. പല രീതികളിൽ അവളുടെ അവസ്ഥ പറഞ്ഞു നോക്കി എപ്പോഴോ അവൾ അറിയാതെ ഉറങ്ങി പോയി. സ്വപ്നാ.... സ്വപ്നാ.... എണീക്കു സ്വപ്ന... കണ്ണ് തുറക്ക് സ്വപ്നാ... ഹേമന്ത് സ്വപ്നയുടെ നിർജീവമായ ശരീരത്തിനടുത്തിരുന്നു തേങ്ങി തേങ്ങി കരഞ്ഞു.. സ്വപ്നാ... പോകല്ലേ സ്വപ്നാ... അയാളുടെ കരച്ചിൽ കേട്ട് കൂടി നിന്നവരും അറിയാതെ കരഞ്ഞു പോയി. എല്ലാവരുടെയും കരച്ചിലിന്റെ ശബ്ദം കൂടി കൂടി വന്നു. സാന്ദ്ര അലറി വിളിച്ചു ഞെട്ടി എണീറ്റു. അവളുടെ സ്വപ്നങ്ങളിൽ എന്നും വരുന്ന സ്വപ്ന. അത് വേറെയാരും അല്ല. താൻ തന്നെ ആണെന്ന് അവൾക്കറിയാം. തന്നെ പോലെ തന്നെ... പക്ഷെ സ്വപ്ന കൂടുതൽ സുന്ദരി ആണ്.. കൂടുതൽ സൗകര്യങ്ങളോടെ ജീവിക്കുന്നവൾ ആണ്. തന്റെ ഭാവി ആണോ സ്വപ്നം ആയി കാണുന്നത്? അറിയില്ല. സാന്ദ്രക്കു അവളുടെ തല പൊട്ടിത്തെറിക്കുന്ന പോലെ തോന്നി. അവൾ പുസ്തകം എടുത്തു അന്നത്തെ തീയതി എഴുതി, കണ്ട സ്വപ്നം വള്ളിപുള്ളി തെറ്റാതെ എഴുതി വച്ചു. ഇനിയും ഇത് സഹിക്കാൻ വയ്യ. നാളെ തന്നെ ഡോക്ടർ നാഥിനെ കാണണം എന്നവൾ തീരുമാനിച്ചു.

അടുത്ത ദിവസം രാവിലെ തന്നെ സാന്ദ്ര ഡോക്ടർ നാഥിന്റെ നമ്പറിലേക്കു വിളിച്ചു. രണ്ടു പ്രാവശ്യം വിളിച്ചിട്ടും ആരും എടുത്തില്ല. നിരാശയോടെ അവൾ ഒരിക്കൽ കൂടി വിളിക്കാൻ തീരുമാനിച്ചു. എടുത്തത് ഒരു സ്ത്രീ ആണ്. അവർ ഡോക്ടറിന്റെ അസിസ്റ്റന്റ് ആണെന്നും ഒരാഴ്ച കഴിഞ്ഞു ഹോസ്പിറ്റലിലേക്ക് വന്നു കണ്ടോളാനും അവർ പറഞ്ഞു. സാന്ദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്തിനാണ് ദൈവം തന്നോട് മാത്രം ഇങ്ങനെ. ഒരാഴ്ച കൂടി വയ്യ. ആത്മഹത്യ ചെയ്താലോ? ഇങ്ങനെ ജീവിക്കുന്നതിലും ഭേദം അതല്ലേ? പക്ഷെ അതിനുള്ള ധൈര്യം പോലും തനിക്കില്ലെന്ന് അവൾക്കു അറിയാമായിരുന്നു. അടുത്ത ഏഴു ദിവസങ്ങൾ അവൾക്കു ഏഴു വർഷങ്ങൾ പോലെ തോന്നി. ഒന്ന് കണ്ണടക്കാൻ തന്നെ പേടി തോന്നി. കണ്ണടക്കുമ്പോൾ ജീവനില്ലാത്ത കിടക്കുന്ന സ്വപ്ന ആയിരുന്നു മുന്നിൽ.

എട്ടാം ദിവസം രാവിലെ സാന്ദ്ര തന്റെ പുസ്തകവുമായി ഡോക്ടർ നാഥിന്റെ ആശുപത്രിയിലേക്ക് പോയി. ഒരു സൈക്കിയാട്രിസ്റ്റിന്റെ മുറിക്കു മുന്നിൽ തന്നെ ആരും കാണേണ്ട എന്നോർത്ത് അവൾ തന്റെ ഷാൾ കൊണ്ട് മുഖം മറച്ചു വച്ചു. അൽപ്പ സമയത്തെ കാത്തിരിപ്പിനൊടുവിൽ ഡോക്ടർ എത്തി. നേഴ്സ് മുറിയിൽ നിന്ന് പുറത്തു വന്നു ഉറക്കെ വിളിച്ചു സാന്ദ്ര.. സാന്ദ്ര ആരാണ്. സാന്ദ്ര ഞെട്ടി എണീറ്റ് നഴ്‌സിന്റെ അടുത്തേക്ക് ഓടി ചെന്ന് പറഞ്ഞു, പതുക്കെ വിളിക്കൂ.. ആരെങ്കിലും കേൾക്കും. നേഴ്സ്നു അൽപ്പം ദേഷ്യം തോന്നിയെങ്കിലും, ഒരു സൈക്കിയാട്രിസ്റ്റിനെ കാണാൻ വരുന്ന ആളെ സമൂഹം നോക്കി കാണുന്ന രീതി ആലോചിച്ചപ്പോൾ ചിരിച്ചു കൊണ്ട് സാൻഡ്രയെ മുറിയിലേക്ക് കൊണ്ട് പോയി. പുസ്തകം ഡോക്ടറിന്റെ കയ്യിൽ കൊടുത്തിട്ടു അവൾ തല കുനിച്ചിരുന്നു പറഞ്ഞു, എല്ലാം ഞാൻ കണ്ട സ്വപ്‌നങ്ങൾ ആണ്. എനിക്കിതിൽ നിന്നും ഒരു മുക്തി വേണം. അവൾ തല കുനിച്ചു തന്നെ ഇരുന്നു.

ഡോക്ടർ പുസ്തകത്തിലെ ഓരോ സ്വപ്നവും ശ്രെദ്ധയോടെ വായിച്ചു. ആദ്യത്തെ മൂന്നു സ്വപ്‌നങ്ങൾ വായിച്ച ശേഷം അദ്ദേഹം സാന്ദ്രയോടു ചോദിച്ചു, 'സ്വപ്നയെ കുട്ടി അറിയുമോ?' ഒരു ഞെട്ടലോടെ സാന്ദ്ര ഡോക്ടറുടെ മുഖത്തു നോക്കി. സാന്ദ്രയുടെ മുഖം കണ്ട ഡോക്ടർ അതിലും വലിയ ഞെട്ടലോടെ ഇരുന്ന കസേരയിൽ നിന്നും ചാടി എണീറ്റു. പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം സാൻഡ്രയെ നോക്കി വിളിച്ചു... "മോളെ... സ്വപ്ന മോളെ..." എന്താണ് സംഭവിക്കുന്നതെന്ന് സാന്ദ്രക്കു മനസിലായില്ല. അവൾ പതുക്കെ എണീറ്റ് ഡോക്ടറോട് പറഞ്ഞു. ഞാൻ സാന്ദ്ര ആണ്. സ്വപ്ന എന്റെ സ്വപ്നത്തിൽ വരുന്ന എന്റെ അതെ രൂപസാദൃശ്യം ഉള്ള സാങ്കൽപ്പിക വ്യക്തി ആണ്. ഡോക്ടർ പതുക്കെ കസേരയിൽ ഇരുന്നു. അല്പനേരത്തെ മൗനം കഴിഞ്ഞു അദ്ദേഹം സാന്ദ്രയോടു സംസാരിക്കുവാൻ തുടങ്ങി.

"സാന്ദ്ര... നിന്റെ സ്വപ്നങ്ങളിൽ വന്നു നിന്റെ ഉറക്കം കെടുത്തുന്ന സ്വപ്ന വെറും സാങ്കല്പിക വ്യക്തി അല്ല. സ്വപ്ന... സ്വപ്ന എന്റെ മകളാണ്. സ്വപ്ന മാത്രമല്ല. സാന്ദ്രാ... നീയും എന്റെ മകൾ ആണ്." സാന്ദ്രക്കു തന്റെ കാതുകളെ വിശ്വസിക്കാൻ പറ്റിയില്ല. ഇനി താൻ സ്വപ്നം കാണുന്നതാണോ? അവൾ സ്വയം ഒന്ന് നുള്ളി നോക്കി. അല്ല സ്വപ്നമല്ല. സാന്ദ്ര ഉള്ളിൽ തിരയടിക്കുന്ന സങ്കടത്തോടെ പറഞ്ഞു. "സാറിനു എന്തോ തെറ്റ് പറ്റി. ഞാൻ ഒരു അനാഥയാണ്." ഡോക്ടർ നാഥ് പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു. " അല്ല മോളെ... നീ അനാഥയല്ല. നിനക്ക് അച്ഛനും അമ്മയും ഒരു പെങ്ങളും... എല്ലാവരും ഉണ്ട്." സാന്ദ്ര പൊട്ടിക്കരഞ്ഞു. അവൾ വിതുമ്പി വിതുമ്പി പറഞ്ഞു, "എല്ലാവരും ഉണ്ടായിട്ടു പിന്നെ ഞാൻ എങ്ങനെ അനാഥയായി.." ഡോക്ടർ നാഥ് അവളുടെ അടുത്ത് പോയി, കൈകൾ രണ്ടും പിടിച്ചു പറഞ്ഞു, "നീയും സ്വപ്നയും ഇരട്ടകുട്ടികളായിരുന്നു. നിങ്ങൾ ജനിച്ചു മൂന്നു മാസമായപ്പോൾ ബോംബെയിൽ നിന്നും നാട്ടിലേക്ക് വരികയായിരുന്നു. നമ്മൾ വന്ന ട്രെയിൻ ആക്സിഡന്റ് ആയി. ചെറിയ പരിക്കുകളോടെ സ്വപ്നയേയും സരസ്വതിയെയും.... സരസ്വതി, നിന്റെ അമ്മയാണ്... " ഡോക്ടർ കണ്ണുകൾ തുടച്ചു തുടർന്നു, "സ്വപ്നയേയും സരസ്വതിയെയും ചെറിയ പരിക്കുകളോടെ കിട്ടി. എത്ര അന്വേഷിച്ചിട്ടും നിന്നെക്കുറിച്ചു ഒരു അറിവും കിട്ടിയില്ല. ഒടുവിൽ നീ മരിച്ചു പോയി എന്ന് എല്ലാവരും വിശ്വസിച്ചു." ഡോക്ടർ കരഞ്ഞു കൊണ്ട് പറഞ്ഞു. "നീ എന്റെ മകൾ ആണെന്ന് തെളിയിക്കാൻ എനിക്ക് മറ്റൊന്നും വേണ്ട. സ്വപ്നയും നീയും... നിങ്ങൾ ഐഡന്റിക്കൽ ട്വിൻസ് ആണ്." സാന്ദ്രക്കു ഇതെല്ലം ഒരു സ്വപ്നം പോലെ തോന്നി. കണ്ണുകൾ തുടച്ചു ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു, "സ്വപ്ന?". ഡോക്ടർ പതുക്കെ എണീറ്റ് ജനലിന്റെ അരികിൽ പോയി നിന്നു. സാന്ദ്രയുടെ മുഖത്തു നോക്കി അത് പറയാൻ അദ്ദേഹത്തിന് ആവുമായിരുന്നില്ല. "സ്വപ്ന പോയി മോളെ... നമ്മളെ ഒക്കെ വിട്ടു സ്വപ്ന പോയി... മൂന്നു മാസങ്ങൾക്കു മുൻപ് നടന്ന ഒരു കാർ അപകടത്തിൽ അവൾ പാരലൈസ്ഡ് ആയി. കിടപ്പായിരുന്നു." "മൂന്നു മാസങ്ങൾക്കു മുൻപാണ്, സ്വപ്നയെ എന്റെ സ്വപ്നത്തിൽ ഞാൻ കണ്ടു തുടങ്ങിയത്." സാന്ദ്ര ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു. ഡോക്ടർ വീണ്ടും അവളുടെ അടുത്ത് ചെന്നിരുന്നു. "മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്കും അപ്പുറം എന്തൊക്കെയോ ഉണ്ടല്ലോ മോളെ... അവൾ... സ്വപ്ന.. ശരീരം തളർന്നു കിടന്ന അവൾ ചിലപ്പോൾ മനസ്സ് കൊണ്ട് നിന്നോട് സംസാരിച്ചതാകും... നിന്റെ സ്വപ്നങ്ങളിലൂടെ... കാണണമെന്ന് കൊതിച്ചിട്ടുണ്ടാകും... അറിയില്ല... എനിക്കറിയില്ല... ഒരു മകളെ കിട്ടിയപ്പോൾ മറ്റൊരു മകളെ എനിക്ക് നഷ്ട്ടമായല്ലോ." ഡോക്ടർ സാൻഡ്രയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

ഡോക്ടർ നാഥ് സാന്ദ്രയെയും കൂട്ടി വീട്ടിലേക്കു ചെന്ന്. അവളെ കണ്ട എല്ലാവരും അത്ഭുതപ്പെട്ടു. എല്ലാവരും കരഞ്ഞു കൊണ്ട് പരസ്പരം കെട്ടിപ്പിടിച്ചു നിന്ന്. സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാതെ... പെട്ടെന്നൊരു കുഞ്ഞിന്റെ കരച്ചിൽ കേട്ട് സാന്ദ്ര ഞെട്ടി തിരിഞ്ഞു നോക്കി. ഒരു കുഞ്ഞുമോൾ... ഉറക്കത്തിൽ നിന്നും എണീറ്റ് വന്നതാണ്... സാൻഡ്രയെ കണ്ടതും അവൾ ഓടി ചെന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു... സാൻഡ്രയെ നോക്കി അവൾ ചോദിച്ചു... "'അമ്മ എവിടെ പോയതാ... എന്നെ വിട്ടിട്ടു? ഇനി എങ്ങും പോവല്ലേ... എപ്പോം എന്റെ കൂടെ തന്നെ ഇരിച്ചനെ..." സാന്ദ്രക്കു സങ്കടം അടക്കാൻ കഴിഞ്ഞില്ല. സാന്ദ്ര മോളെ കെട്ടിപ്പിടിച്ചു പറഞ്ഞു... "ഇല്ല മോളു.. അമ്മ ഇനി എവിടേം പോവില്ല".

 

Srishti-2022   >>  Short Story - Malayalam   >>  ഇടത്താളുകളിലെ രഹസ്യം

Irshad I

way.com

ഇടത്താളുകളിലെ രഹസ്യം

ഞാനീ കഥയുടെ സാക്ഷിയാണു. ഈ കഥയുടെ എഴുത്തുകാരനെ എനിക്കടുത്തറിയാം. എന്നാലാ കഥാപാത്രം സുകുമാരനെയിതുവെരെ ഒരുപിടിയും കിട്ടിയിട്ടുമില്ല. കഥ തുടങ്ങുന്നതേയുള്ളു. നിങ്ങളോടൊപ്പം ഞാനും കഥ വായിക്കുകയാണു. വഴിയിലെവിടെയെങ്ങിലും നിങ്ങളാ സുകുവിനെ തിരിച്ചറിഞ്ഞാൽ അപ്പോൾതന്നെ എനിക്കും പറഞ്ഞുതരിക.

സാക്ഷിയായതു കൊണ്ടു കഥയിലുടനീളം എന്നെ നിങ്ങൾക്കുകാണാം. നമുക്കിടക്കു സംസാരിച്ചിരിക്കാം. എഴുത്തുകാരനെ ശല്യപ്പെടുത്താതെ, അയാൾ കഥ എഴുതട്ടെ.

ഞാനും എഴുത്തുകാരനും വളരെ മുൻപേ ആത്മബന്ദം സ്ഥാപിച്ചവരാണു. ചിന്തിക്കാനും നിരൂപിക്കാനും കഥയിലിടയ്ക്കു ഇടപെടാനും എന്നെ അനുവദിച്ചിട്ടുമുണ്ടു. എന്റെ അതീന്ദ്ര കഴിവുകളോടു അയാൾക്കു വല്യ മമതയാണു. എന്നാലയാളുടെ വിളി എനിക്കു തീരെപിടിച്ചിട്ടില്ല, ‘ഭൂതം.!!!’ ഇത്ര സൌന്തര്യവും സൌരഭ്യവുമുള്ള എന്നെ ഭൂതമെന്നു.! ചോദിച്ചാൽ പറയും ഇന്ത്യ ഒരു ജനാതിപത്യ രാജ്യമാണു, എഴുത്തുകാരന്റെ തൂലികക്കു വിലങ്ങിടാനാകില്ലെന്നു...!

നമ്മുടെ വിഷയം സുകുമാരന്റെ കഥയാണു. എഴുത്തുകാരൻ എന്നോടായി പറഞ്ഞൊരു രഹസ്യമുണ്ടു. ഈ കഥയുടെ രഹസ്യം.! അയാളെന്നെ വിശ്വസിചു സാക്ഷിയാക്കിയതുതന്നെ അതിനാണു. രഹസ്യങ്ങൾ സൂക്ഷികാനുള്ള എന്റെ കഴിവിൽ തൃപ്തനായിക്കൊണ്ടു. രഹസ്യം സൂക്ഷിക്കുന്നവൻ, അങ്ങനെയൊന്നുണ്ടുണ്ടെന്നു പറയുബോഴാണു അയാൾ രഹസ്യങ്ങൾ സൂക്ഷിക്കുവാൻ അർഹനാകുന്നതു. ആകാംഷജനിപ്പിചു,ചുറ്റും ആളെകൂട്ടുകയാണു രഹസ്യസൂക്ഷിപ്പുകാരന്റെ ഉത്തരവാദിത്വം. എന്നാലയാൾ അതെന്തെന്നു മാത്രം ഒരിക്കളും വെളിപ്പെടുത്തുകയില്ല. ഇവിടെ എഴുത്തുകാരന്റെ ഈ സാക്ഷി ഭൂതം നിങ്ങളെ കൈവിടുകയില്ല. ഞാനാ രഹസ്യം കഥയുടെ ഒടുവിൽ പറയാം. എഴുത്തുകാരനറിയാതെ...!

എഴുത്തുകാരന്റെ കഥയുടെ ഇടമാണു നമ്മളീ അപഹരിക്കുന്നതു. അയാൾ എഴുതട്ടെ. നിങ്ങൾ വായിക്കൂ.. ഞാൻ സാക്ഷിയാകാം.

““സ്ഥലത്തെപ്പറ്റി ഏകദേശധാരണതയയുള്ളൂ,മാത്രവുമല്ല നല്ല

മഴക്കാറുമുള്ളതിനാൽ നേരത്തേ തന്നെ ഇറങ്ങി. ഫാക്ട് * ഏരിയ വിട്ടപ്പോഴേക്കും അന്തരീക്ഷം അല്പം തെളിഞ്ഞിരുന്നുവെൻകിലും വെളിച്ചത്തിനു സന്ധ്യയുടെ ക്ഷീണം വന്നിരുന്നു. മെട്രോയുടെ പണിനടക്കുന്നതു കാരണം കല്ലൂരാകെ പൊടിപടർന്നും റോഡുകൾ ഇടുങ്ങിയും കിടന്നു. ഇടത്തോട്ടു സൂചനാ ബോർഡ് കണ്ടു തിരിഞ്ഞെൻകിലും ഇനിയുമെത്രയെന്നു നിശ്ചയമുണ്ടായിരുന്നില്ല. ചുവരിൽ പേരുകണ്ടു അകത്തേക്കു സ്കൂട്ടർ ഓടിചു കയറിയപ്പോഴും ഉറപ്പില്ലായിരുന്നു.

“Café Pa..pa..’papaya”. ജയ് ആണു papaya എന്നു പൂരിപ്പിചതു. ഹെല്മറ്റൂരി ചപ്പിയമുടി നിവർത്തുംബോഴേക്കും അവൻ ആകാശത്തേക്കുതുറന്ന, ഭംഗിയായ മുറ്റത്തേക്കു നടന്നു കഴിഞ്ഞിരുന്നു. സുകുമാരൻ നിന്നിടത്തിനു മുകളിൽ വള്ളിപ്പടർപ്പിൽ വയലറ്റ് കോളാംബിപൂക്കൾ വിടർന്നു നിന്നിരുന്നു...

സുകുമാരൻ ‘ജയ്’യെ തലയാട്ടി വിളിചുകൊണ്ടു ആ കെട്ടിടത്തിന്റെ പ്രധാന വാതലിലേക്കു നടന്നു. പുറത്തെ നോട്ടീസ് ബോർഡിൽ ‘ താഴ്വരയുടെ സംഗീതം, താവോ ദർശനം: ഷൗകത്ത്** എന്നു എഴുതി ഒരു താടിരൂപത്തിന്റെ ചിത്രവും ചേർത്തിട്ടുള്ളൊരു പോസ്റ്റ്ർ പതിച്ചിരുന്നു. ആശ്വാസം, ഇതുതന്നെ ഇടം.

അകത്തു നിരത്തിയിരുന്ന മേശക്കരികിലെ കസേരകളിൽ ആളുകൾ എന്തൊക്കെയോ കഴിച്ചും കുടിച്ചും വർത്തമാനം പറഞ്ഞിരിക്കുന്നു. വിളക്കുകളുടെ വെളിചം നിയന്ത്രിച്ചും പോപ്പ് സംഗീതവും ശീതളിനിയുടെ തണുപ്പുംകൊണ്ടു ഉള്ളം ഹൃദ്യമായിരുന്നു. നിരത്തിയിരുന്ന മേശകളിലെല്ലാം ആളുകളാണു. സുകുമാരനും ജയ്യും കൂടി പുറകിലെ സോഫാകോച്ചിലേക്കു ചെന്നിരുന്നു.

Café Papaya എന്നെഴുതിയ T shirt ഇട്ട ഒരുവൻ എന്തെൻകിലും വേണമോയെന്ന മട്ടിൽവന്നു മെനുകാർഡ് നീട്ടി.

“അല്ല, ഞങ്ങൾ പ്രോഗ്രാമിനു വന്നതാണു” സുകുമാരൻ പറഞ്ഞു. “ഹോ..സാർ പ്രോഗ്രാം 6 മണിക്കുതന്നെ തുടങ്ങും.” ഒന്നു തിരിഞ്ഞുനോക്കി “ഇവരൊക്കെ ഇപ്പോൾതന്നെ ഇറങ്ങുമെന്നുകൂടി പറഞ്ഞു ചിരിചു.” പ്രതീക്ഷിക്കാത്ത ഭവ്യത ആ ചെറുപ്പക്കാരൻ തങ്ങളോടു കാട്ടുന്നതായി സുകുവിനുതോന്നി. പോകും മുൻപു “എന്തെൻകിലും വേണമോസാർ” എന്നവൻ പിന്നെയും തിരക്കി. ഒന്നും കഴിക്കാൻ പദ്ധതിയില്ലായിരുന്നിട്ടും മെനുകാർഡ് കയ്യിൽ വാങ്ങി വെറുതേ മറിചു. മെനു കാർഡിൽ നിന്നും തെറ്റി ആളുകൾ കഴിക്കുന്നതെന്തൊക്കെയെന്നു ചുമ്മാ നോക്കി.

“എനിക്കൊരു ഓറഞ്ഞ് ജൂസ്” ജയ്യാണു പറഞ്ഞത്. “എനിക്കൊരു ചായ മതി” സുകു പറഞ്ഞു. കൂടുതൽ വിടർന്നൊരു ചിരിസമ്മാനിചു ആ പയ്യൻ ഉള്ളിലേക്കു നടന്നു പോയി.

മുറിയിലാകെ കറുത്ത ചായം എഴുന്നു നിന്നുവെൻകിലും അതിന്റെ ഉള്ളിൽ വെള്ളപൂശിയ ഒരു ഭാഗമുണ്ടു. ആ മുറിയുടെ ഹൃദയം അതാണെന്നു തോന്നി..

നാനാ ഭാഷകളിൽ സ്നേഹമെന്നും സമാധാനമെന്നും സന്തോഷമെന്നും നമ്മൾ ഒന്നാണെന്നും ഒരു മരമായി വളർന്നു വിരിഞ്ഞു നില്പ്പുണ്ടു അതിനുള്ളിൽ. സുകു ആ മരത്തിന്റെ തണലിലേക്കു കണ്ണുനട്ടിരുന്നു... അതിനിടയിൽ ജയ്യുടെ കണ്ണുകൾ പരതികണ്ടെത്തിയ ലൈബ്രറിയിലേക്കവൻ എഴുന്നേറ്റു നടന്നു. സുകു എന്നാൽ മരത്തണലിൽ ചില്ലകളിലേക്കു കാണ്ണോടിചു അവിടെ തന്നെയിരുന്നു...

ജയ് പോയപ്പോഴേക്കും തൊട്ടടുത്ത മേശക്കരികിലിരുന്നവർ എഴുന്നേറ്റു പോയി. വെയിറ്റർ പയ്യന്മാർ സാധനങ്ങൾ കൊടുക്കുകയും മേശകൾ വൃത്തിയാക്കുകയും ചെയ്തുകൊണ്ടിരുന്നു...

പെട്ടെന്നാണുആ മേശയിലേക്കു രണ്ടു പെൺകുട്ടികൾ വന്നിരുന്നത്. സുകു ആദ്യം ശ്രദ്ധിച്ചതേയില്ല.

ഞാൻ (സാക്ഷി): “നിങ്ങൾ കേട്ടല്ലോ രണ്ടു പെൺകുട്ടികൾ വന്നിരുന്നിട്ടു സുകു ശ്രദ്ധിചില്ലാപോലും...അവനും നമ്മുടെ എഴുത്തുകാരനെ പോലെ നൈരാശ്യം പിടിച്ചിരിക്കയാണോ.. ആദ്യം ശ്രദ്ധിചില്ലെന്നല്ലേ പറഞ്ഞുള്ളു.. ബാക്കി കാണട്ടെ.”

വീണ്ടും മൂന്നുപേർ കൂടി കടന്നുവന്നു. പ്രായത്തെ നരകൊണ്ടു വെളുപ്പെടുത്തിയവർ. അവർക്കായി കസേരകൾ ഒഴിഞ്ഞിട്ടെന്നപോൽ ആ പെൺകുട്ടികൾ എഴുന്നേറ്റു സുകു ഇരുന്ന സോഫയുടെ ഒരുഭാഗത്തേക്കു വന്നിരുന്നു. മുഖം പരസ്പരമുടക്കിയതിനാൽ ഒരു ചിരിയേവരിലും വിരിഞ്ഞു...

“പ്രോഗ്രാമിനു വന്നതാണോ.?” ഒരു പെൺകുട്ടി ചോദിചു.

“അതെ”. എന്നുമാത്രം സുകു പറഞ്ഞു.

അവനേറെ ആറ്റുനോറ്റു വളർത്തികൊണ്ടു വന്ന ബന്ദങ്ങൾ പലതും, ഒടുവിൽ സമ്മാനിചു കടന്നുപോയതു വേദനമാത്രമായിരുന്നു. ഒരോ പുതിയ ബന്ദങ്ങളേയും അവനിപ്പോൾ അത്രമേൽ സംശയത്തേടെയാണു നോക്കിയിരുന്നത്. സത്യതിൽ, പുതിയ ബന്ദങ്ങളോടു അവനു ഭയമായിരുന്നു.

ഞാൻ: “മനുഷ്യൻ എന്തിനാണു പറയുന്നതെല്ലാം സത്യപെടുത്തുന്നതു.? ഈ സുകു എഴുത്തുകാരനേക്കാൾ കഷ്ടപെട്ട ഉയിരാണല്ലോ..!!!”

“എവിടെന്നാ.?” ആ പെൺകുട്ടി വീണ്ടും ചോദിചു.

ആ ചോദ്യത്തിന്റെ ഉത്തരത്തിനായി ഒരു ചിന്ത തെല്ലുനേരം അവന്റെയുള്ളിൽ നിന്നുവെങ്ങിലും,ഒടുവിൽ “തിരുവനന്തപുരം” എന്നുപറഞ്ഞു സോഫായിലൊന്നുനിവർന്നിരുന്നു...

ആ പെൺകുട്ടിയുടെ പുരികവും കണ്ണും ഉയർന്നു എന്തോയെന്നു കേൾക്കാൻ ബാക്കിയായതു പോലെ നിന്നു. സുകു അതുകൂടി പൂരിപിച്ചുകൊടുത്തു.

“ട്രിവാന്ദ്രം ആണു വീടു. പക്ഷെ ഇപ്പോൾ ഫാക്റ്റിൽ എൻജിനീയർ ട്രയ്നിയായി ജോലി നോക്കുന്നു.”

ആ പെൺകുട്ടി വീണ്ടും ചിരിചു.

“എന്താപേരു?”

സുകുമാരൻ പേരുപറഞ്ഞു. “അവിടെയോ?”

“ഞാൻ പല്ലവി. ഇതെന്റെ സുഹ്രുത്തു നീതു.”

എഴുത്തുകാരൻ ഡയറിയുടെ താളുമറിചു. പിന്നേടുള്ള കുറേതാളുകൾ അവിടെയുണ്ടായിരുന്നില്ല. ബ്ലയ്ഡ് വെചു അവമുറിചു മാറ്റപ്പെട്ടതായി കണ്ടു. എഴുത്തുകാരൻ അസ്വസ്തനായിക്കൊണ്ടു ശേഷിക്കുന്ന താളുകൾ മറിചുകൊണ്ടേയിരുന്നു.

ഇതിപ്പോൾ എന്താണു നടക്കുന്നതു. എഴുത്തുകാരന്റെ മുഖം ഒട്ടും സുഖകരമല്ല. നിങ്ങളല്പ്പം സമയം തരൂ. ഞാൻ എഴുത്തുകാരനുമായൊന്നു സംസാരിക്കട്ടെ.

എഴുത്തുകാരൻ ആകെ പിരിമുറുക്കത്തിലാണു. ജീവിതത്തോടും പുതുമയോടുമുള്ള കൌതുകമാണു അയാളെയാ മേശക്കരികിൽ പിടിചിരുത്തിയതു. ഒരു വരി പിറക്കുന്നതിനു മുന്നിലെ ആലോചന, അതിനു തൊങ്ങലുകൾ പിടിപ്പിക്കുന്നതിനു മുൻപു അയാളുടെയുള്ളിലെ ഭാവനാഘടികാരം എത്രവട്ടം ചുഴലികൾ തീർത്തിരിക്കണം. എഴുത്തുകാരൻ എഴുത്തിൽ അർദ്ദനഗ്നനാണു. എഴുത്തുചൂടു അയാളെ സദാ വിയർപ്പിൽ കുതിർക്കുന്നു. അതിതീവ്രമായ ഭാരം കെട്ടിവലിക്കും പോലെ ഹൃദയത്തിലും തലചോറിലും കുരുക്കിട്ടു, അയാൾ തന്റെ വിരൽതുബിലെ പേനയിലൂടെ കുതറിയിടുന്ന വാക്കുകൾ എത്ര നാഴിയയുടെ ചിന്താഭാരമാണു പേറുന്നതു. ചിലപ്പോളയാൾ അതൊക്കെയും നിസ്സാരമായ ഒരുവര കുറുകേപായ്ച്ചു വിഭലമാക്കികളയും. എനിക്കറിയാം, അതിൽ പലതും എന്നെ പുളകമണിയിച്ചിട്ടുള്ള വരികളാണു. കുറുകെയുള്ള വരകൾതീർത്ത ജയിലിൽ നിത്യതടവുകാരായി പുറത്തിറങ്ങാതെ മരിചുപോകുന്ന ഉന്മയുടെ വരികൾ...

ഇന്നയാൾ സുകുമാരന്റെ കഥയെഴുതാനിരുന്നതാണു. ആ മുറിയിൽ എഴുത്തുകാരൻ താമസം തുടങ്ങിയിട്ടു അധികമായിട്ടില്ല. ഫാക്ടിൽ AOCP**** ട്രയ്നിയായി വന്നതാണു. മഹാരാജാസിൽ പടിക്കുക എന്ന ആഗ്രഹമാണു ഇഷ്ട് വിഷയം സാഹിത്യമായിട്ടും കെമിസ്ട്രി എടുത്തു പടിച്ചതു. ആ ക‌ലാലയത്തിൽ പടിക്കുന്നകാലത്താണു, മാതൃഭൂമിയുടെ ‘കോളേജ് മാഗസ്സിൻ’ ഭാഗത്തു ഒരു കഥ പ്രസിദ്ധീകരിചു വന്നതും. പിന്നെയും എഴുതി. പക്ഷെ, പിന്നേടൊരിക്കലും എവിടെയും പ്രസിദ്ധീകരിചുവന്നില്ല. തന്നിലെ എഴുത്തുകാരന്റെ കഴിവു ക്ഷയിചുവോ എന്നയാൾ ചിന്തിചു, തന്റെയുള്ളിൽ തന്നെ പലയിടത്തുമലഞ്ഞു. ഉള്ളിലെവികാരങ്ങളേയും ചിന്തകളേയും അയാൾ നിരന്തരം പകർത്തുന്ന ശീലം മാത്രം നിർത്താതെ തുടർന്നു. കോളേജുകഴിഞ്ഞു വീട്ടുകാരുടെ നിർബന്ദമാണു ഒടുവിൽ ഫാക്റ്റിൽ കയറാൻ തീരുമാനിച്ചതു.

ഫാക്ട് മൈതാനത്തിനു കിഴക്കുഭാഗതുള്ള കോട്ടേസിലെ ഒരു മുറി എഴുത്തുകാരനും സുഹൃത്തും ചേർന്നെടുത്താണു താമസം. വൈപ്പിൻകാരൻ സുഹൃത്തു അപൂർവമായേ ആ മുറിയിൽ തങ്ങാറുള്ളു. എഴുത്തുകാരനെന്ന സ്വപ്നജീവിക്കു ഏകാന്തത സമ്മാനിചു അവൻ വീട്ടിലേക്കു പോകും.

മുൻപു താമസിച്ചയാൾ ഉപേക്ഷിച്ചുപോയ സാധനങ്ങളുടെ കൂട്ടത്തിൽ മേശക്കകത്തുകിടന്ന ഒരു ഡയറിയിൽ നിന്നാണു എഴുത്തുകാരൻ വായിക്കപെട്ട ആ ഭാഗം കിട്ടിയതു.

മന:പൂർവം കീറിമാറ്റിയപോലെ ആ ഡയറിയിൽ കുറെയേറെ താളുകൾ കാണ്മാനില്ല. അവിടെയവിടെയായ് കുറേ ഈരടികളും ചെറുകവിതകളും കുറുപ്പുകളും ഉണ്ടെൻകിലും പ്രധാനഭാഗമെന്നു തോന്നിക്കുന്ന ഏറിയ പേജുകളും നഷ്ടപെട്ടിരിക്കയാണു.

എന്നാലാ താളുകളിൽ മറന്നുവെചപോൽ ഓർമയുടെ ഒരു തുണ്ടു എഴുത്തുകാരൻ കണ്ടെടുത്തു. ആ ഡയറിത്താളിൽ വരചിട്ടപോൽ ഉണങ്ങി കറപടർത്തി പറ്റിചേർന്നിരുന്ന ഒരു കോളാബിപ്പൂവ്. എഴുത്തുകാരനതെടുത്തു തന്റെ മൂക്കിനോടടുപ്പിച്ചു. കരിഞ്ഞിട്ടില്ലാത്ത ഒരു പ്രണയത്തെ അയാളാ ഗന്ദത്തിൽ നിന്നുതിരിചറിഞ്ഞു, ഞാൻ സാക്ഷി.

“എന്തോ എനിക്കുപലപ്പോഴും ഈ എഴുത്തുകാരുടെ ഭാഷ മനസ്സിലാവുകയില്ല”: ഞാൻ

എഴുത്തുകാരൻ അടുത്തതാളിലേക്കു നീങ്ങി. ശേഷിക്കുന്ന താളുകളിൽ നിന്നു ബാക്കിയറിയാൻ എനിക്കും കൊതിയായി.

“Author PerumalMuruhan is dead. He is no God. Hence he will not resurrect. Hereafter only

P. Murugan, a teacher will live. “

“ഒരു കവി മരിചിരിക്കുന്നു. ദൈവമല്ലാത്തതിനാൽ ഉയർത്തെഴുന്നേൾക്കുന്നില്ല.” എഴുത്തുകാരൻ നിശബ്ദനാകുംബോൾ സാധാരണക്കാരന്റെ ശബ്ദമാണു നിലച്ചുപോകുന്നതു. അവന്റെ പ്രതിരേധമാണു കീഴ്പ്പെട്ടുപോകുന്നതു. ഇനിയും ആളുകൾ നിശബ്ധരാക്കപ്പെടും...

സ്വതന്ത്രചിന്തകരായ വിദ്ധ്യാർത്തികൾ, ബുദ്ധിജീവികൾ, എഴുത്തുകാർ എന്നിവരെ അവർക്കു ഭയമാണു, അവരെക്കൂടി മൌനത്തിലാഴ്ത്തി സ്വന്തം അജൻടകൾ ജനങ്ങൾക്കുമേൽ അടിചേല്പ്പിക്കയാണു ഗൂഡസംഘങ്ങളുടെ ലക്ഷ്യം. സമീപ ഭൂതകാലചരിത്രം അതാണുകാട്ടിത്തരുന്നതു. നരേന്ദ്ര ധബോല്ക്കറേയും, എം എം കല്ബുർഗിയേയും നമ്മെപ്പോലുള്ള വിദ്ധ്യാർത്തികളേയും കൊന്നൊടുക്കുകയും നിശബ്ദരാക്കപ്പെടുകയും, രാഷ്ട്ര ഭരണഘടനതന്നെ കാർന്നു തിന്നുകയുമാണവർ. ഈ സവർണ്ണഹൈന്ദവ മേലാളന്മാരുടെ കെട്ടിമാറാപ്പുകൾക്കു താളം പിടിക്കാൻ ഭരണകർത്താക്കളും കൂടെക്കൂടുന്നതാണു ഇന്ത്യയുടെ എറ്റവും വല്യദുരന്തം,ജനാതിപത്യത്തിൽ വിശ്വസിക്കുന്ന സാധാരണക്കാരന്റെ ഭയം, പരാജയം.

എം.ഫ് ഹുസൈനും തസ്ളീമയും നാടുകടത്തപ്പെട്ട ഇന്ത്യയുടെ അസഹിഷ്ണത മുൻപേ ബോദ്ധ്യപെട്ടിട്ടുള്ളതാണു. സത്യസന്ധമായ അറിവുകൊണ്ടേ ഇതിനെ പ്രതിരോധിക്കാനാകൂ. ആ പ്രതിരോധം എന്നിൽ നിന്നു നമ്മളോരോരുത്തരിൽ നിന്നും തുടങ്ങട്ടെ, പരക്കട്ടെ...

സമൂഹത്തിൽ ആശയങ്ങളും അതുണ്ടാക്കുന്ന ചിന്തകളുമാണു മാറ്റങ്ങൾക്ക്, വിപ്ലവങ്ങൾക്ക് തിരികൊളുത്തിയിട്ടുള്ളതു...

‌എന്റെ ആയുധം ഈ അക്ഷരങ്ങളാണു. എന്റെ ബ്ലോഗിലും എഫ്ബി**യിലുമായി എഴുതുന്നതും പ്രചരിക്കുന്നതിനും ഇന്നു വായനക്കാർ ഏറെയുണ്ടു. ഞാനും പലരേയും പിൻപറ്റുന്നവനാണു. എഫ്ബിയിലെ തുറന്ന കൂട്ടായിമകൾ, ഞാനുൾപ്പെടെ നേതൃത്വം കൊടുക്കുന്ന അത്തരം പേജുകൾ, അവ മുന്നോട്ടു വെക്കുന്ന ആശയങ്ങളിൽനിന്നു ആർജവമുൾക്കൊണ്ടു ഇന്ത്യയിലെംബാടുമുള്ള വിദ്യാർത്ഥികൾ, യുവാക്കൾ, ചിന്തകർ അതിൽ അങ്ങമായികൊണ്ടിരിക്കുന്നു. നമ്മുടെ പ്രതിരോധം തുടങ്ങിക്കഴിഞ്ഞു.

“പാപിയല്ലാത്ത ഈ ജനം,

കല്ലെറിഞ്ഞു കൊന്നാലും ശരി,

അവസാന ശ്വാസവരെയെൻ നാവു-

ഉറക്കെ ശബ്ദിചു കൊണ്ടിരിക്കും,

മനുഷ്യത്വം നഷ്ട്ടപെട്ട മനുഷ്യനും,

ആത്മീയത കളവുപോയ മതങ്ങൾക്കുമെതിറരെ.

..............................................................................................

എഴുത്തുകാരൻ ദീർഘമായൊന്നു നിശ്വസിചു. കണ്ണുകൾ ആ ഡയറിത്താളുകളിൽ ഇറക്കിവെചു കുറേനേരം ചലനമറ്റിരുന്നു. അയാളുടെ മിഴികൾപോലും 34 സെക്കൻസ് ഇമവെട്ടിയിരുന്നില്ല: ഞാൻ സാക്ഷി.

എഴുത്തുകാരൻ ആ രാത്രി എറെ അസ്വസ്ത്തനായിരുന്നു. മുറിയിലങ്ങോട്ടുമിങ്ങോട്ടും ആലോചനയിൽ നടന്നു.. ഒരാൾ ചിന്തിക്കുന്നതു, അതു പൂർണ്ണമായും മനസ്സിലാക്കാൻ മനുഷ്യനിനിയും സാധ്യമല്ലലോ... ഭൂതമായ എനിക്കതും വായിക്കാം. ഞാനതുകണ്ടു, ഏറെ വ്യാകുലപ്പെട്ടു. അതു നിങ്ങളോടു പറയുക നിർവാഹമില്ല. മറ്റൊരു രഹസ്യമായതും എന്റെയുള്ളിൽ കുടിയേറി.

പിറ്റേന്നു വൈകുന്നേരം മുറിയിൽ വന്നപ്പോഴേക്കും എഴുത്തുകാരൻ പരിക്ഷീണിതനായി കണ്ടു. ഇന്നു ഫാക്ട്ടിലെ പല എൻജിനിയേഴ്സിന്റെ- യടുത്തും സുകുമാരൻ എന്ന യുവാവിനേയും, ജയ് എന്ന പയ്യനേയുംപറ്റി തിരഞ്ഞുപരാചയപ്പെട്ടാണു വന്നിരിക്കുന്നതു. പേരുകൾ അയാൾ കള്ളം ചമച്ചതാകാം... വ്യക്തിവിവരങ്ങൾക്കുമേൽ ഒരു മറ അയാൾ മനപ്പൂർവം തീർത്തിട്ടുള്ളതായ് എഴുത്തുകാരനു തോന്നി. രഹസ്യങ്ങൾ ഒരു വല്യ പ്രതിരോധം തന്നെയാണു

എന്തോ ആവശ്യമെന്നുപറഞ്ഞു നാട്ടിലേക്കുപോയ ഒരു ആന്ദ്രയുവാവു പിന്നെ മടങ്ങി വന്നിട്ടില്ലെന്ന ഒരു വിവരംമാത്രം സംശയിക്കത്തരത്തിൽ ലാബ്ഹെഡ് അശോകൻ സാറിൽ നിന്നുകിട്ടി. ആ പയ്യന്റെ പേരുകൃത്യമായി ഒർമിക്കുന്നില്ലെൻകിലും അയാൾക്കു വിക്കുള്ളതായി സാർ പറയുന്നു. ഒരു ദിവസം ഊണു കഴിഞ്ഞു പുറത്തുനില്ക്കുംബോൾ, കയ്യിന്നുവീണതെന്തോ കുനിഞ്ഞെടുത്തു നിവർന്നപ്പോൾ തുറന്നുകിടന്ന ജനൽപ്പാളിയിൽ തട്ടി തല മുറിഞ്ഞൊരുയുവാവിനെ സാർ ആണു ഫസ്റ്റ്എയ്ട് റൂമിലേക്കു കൊണ്ടുപോയതു. അന്നു സാർ അയാളോടു സംസാരിചിട്ടുണ്ടു. രാഹുലെന്നോ മറ്റോയാണു പേരെന്നു സാറിന്റെ ഒർമയിൽ നിന്നു പറഞ്ഞു, എന്നാൽ അതും ഉറപ്പല്ല. അതേ...അയാളുടെ കാര്യം ആർക്കും ഒരുറപ്പുമില്ല.

എഴുത്തുകാരന്റെയുള്ളിൽ ആശങകൾ നിറഞ്ഞു പൊങ്ങി. അയാളെപറ്റിയുള്ള അവ്യക്തമായ വിവരങ്ങൾ, എങ്ങുമെത്താത്ത അനേഷണങ്ങൾ, ഡയറിക്കുറിപ്പുകൾ, ചിന്തകൾ, അയാളുടെ പ്രണയം എല്ലാം അയാളെകാര്യമായി ബാധിക്കുന്നതായി തോന്നി.

എന്നും വൈകുന്നേരങ്ങളിൽ മുറിയിൽ വന്നശേഷം, കുളിചു ഫാക്ടിന്റെ മൈതാനത്തുപോയിരുന്നു ഫുട്ബാൾകളി കാണുകായാണു അയാളുടെ പതിവു. ഇന്നു കുളിചുവന്നു വീണ്ടും മേശക്കരികിലെ കസേരയിലേക്കാണയാൾ വീണിരുന്നത്. അയാളന്നു തലതോർത്തികണ്ടില്ല. വെള്ളം മുടിയിഴകളിലൂടെ ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു. മൂന്നു തുള്ളികളാണു ആദ്യം താഴെ വീണത്: ഞാൻ സാക്ഷി.

സുകുമാരന്റെ ഡയറിയിലേക്കുതന്നെ അയാൾ നീങ്ങി, “സുകുവിന്റെ ഡയറി ..” അങ്ങനെ പറയാമോയെന്നറിയില്ല. എന്തിനേയും മനുഷ്യനൊരുപേരിട്ടല്ലേ മതിയാകൂ.

ശേഷിച ചില താളുകളിലേക്കു എഴുത്തുകാരൻ വീണ്ടും മനസ്സിരുത്തി.

“...അന്നവളെക്കാണുബോൾ ആദ്യപ്രണയത്തിന്റെ നഷ്ടം എന്നെ പൂർണ്ണമായും ഒറ്റപ്പെടുത്തിയിരുന്നു. ഇനിയില്ലെന്നറിഞ്ഞിട്ടും ഉണ്ടാകണമെന്നാശിക്കുകയും, അതുളവാക്കുന്ന ശൂന്യത, അതിങ്ങനെ തൊട്ടടുത്തു വായുപോലും കയറാൻമടിചു പ്രേതാത്മാവുപോലെ നിലകൊള്ളുന്നതായി സുകുമാരനു തോന്നി. ആ ശൂന്യത നികത്താൻ ആർക്കും കഴിയില്ലെന്നു നിനച്ചിരിക്കുംബോഴാണു യോഗാത്മമായ ആ അന്തരീക്ഷത്തിൽവെച്ചവൾ കടന്നുവന്നതു. പിരിയുംബോൾ ആ പുതുമഴയിൽ നനഞ്ഞുകൊഴിഞ്ഞ കോളാബിപൂക്കളിലൊന്നവൾ കയ്യിലെടുത്തു താലോലിച്ചു, പുഞ്ചിരിച്ചു തന്നിലേക്കു നോക്കിയ ആ നോട്ടം... തിരകെ നടക്കുബോൾ അലസമായെന്നപോൽ സുകുമാരന്റെ സ്കൂട്ടറിന്റെ സീറ്റിലേക്കു വെചു പോയതെന്തിനായിരുന്നുവെന്നിപ്പോളവനു തീർച്ചയാണു.

“പ്രണയത്തിന്റെ പനിനീർപുഷ്പം, അതൊരു ഋതുകാലം മാത്രമല്ല പൂക്കുന്നതും സുഗന്ദം പരത്തുന്നതും മധുവൂറുന്നതും, വർണ്ണങ്ങൾ നിറയ്ക്കുന്നതും. അതു വരും ഋതുകാലങ്ങളിലും തളിരിടുകയും പുഷ്പിക്കുകയും ഉള്ളിൽ നിറയുകയും ചെയും. പ്രണയിതാക്കളുടെ ഒരോ ഹൃദയസ്പന്ദനങ്ങളിലുമതു പുനർജനിക്കുകയും ചക്രവാളസീമകൾക്കപ്പുറം, അതിന്റെ സൌരഭ്യം പരക്കുകയും ചെയ്യും.””

എഴുത്തുകാരൻ പുംജിരിക്കുന്നതായി കണ്ടു. ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുവന്ന പ്രത്യാശയുടെ ആ ചിരി എനിക്കപരിചതമായിരുന്നു. എന്നാലിന്നു ആ സൌരഭ്യം ഞാനുമുൾക്കൊള്ളുന്നു.

എഴുത്തുകാരൻ ആവേശപൂർവം പിന്നെയും താളുകൾ മറിചു. അയാൾ പ്രതീക്ഷിചതല്ല അവിടെകണ്ടതെന്നു അയാളുടെ സംഗീർണമായമുഖം വ്യക്തമാക്കി.

പുറത്തു ഒരൂക്കൻ ഇടിവെട്ടി. എഴുത്തുകാരന്റെ ഹൃദയത്തിലുമതൊരു പ്രകംബനമുണ്ടാക്കി. അയാളെഴുന്നേറ്റു കതകുതുറന്നു. പുറത്തു ആദ്യമഴക്കു കാത്തുനില്കുന്ന കൊച്ചിയിലെ ചെടികളും മണ്ണും മനുഷ്യനും, അപ്പുറത്തെങ്ങോ അറബിക്കടലും.!

ആദ്യം മാനം നനഞ്ഞു. പിന്നെ മണ്ണും. ഇടവപ്പാതി കൊയ്തെടുത്ത നെല്മണികൾ തുള്ളികളായി ചൊരിഞ്ഞിറങ്ങി.

ഹാ..നിങ്ങളിതു ശ്രദ്ധിചുവോ എഴുത്തുകാരനോടൊത്തുകൂടി എനിക്കുമിതാ നല്ലഭാഷ കൈവന്നിരിക്കുന്നു. എനിക്കിതാ ഉള്ളിൽ സന്തോഷം: ഞാൻ സാക്ഷി.

നനഞ്ഞ മണ്ണും ഫാക്റ്റിന്റെ പരിസരം നിറഞ്ഞുള്ള രസചണ്ടികളും ചേർന്നു അഴുകിയ ഒരു ഗന്ദം അവിടെയാകെ നിറിഞ്ഞു. ദുസ്സഹമായപ്പോൾ എഴുത്തുകാരൻ അകത്തുകയറി കതകടിച്ചു. വീണ്ടും കസേരയിലേക്കുതന്നെ വന്നിരുന്നു. മഴയിൽ നനയാത്ത, തോർത്താത്ത മുടിയിൽ ഈർപ്പമപ്പോഴും നിന്നു. അതിൽ 21 മുടിനാരുകൾ ഉയർന്നു നിന്നിരുന്നു: ഞാൻ സാക്ഷി.

അടയാളം വെചിരുന്ന ആ താളിലേക്കു എഴുത്തുകാരന്റെ ശ്രദ്ധ വീണ്ടും നീങ്ങി.

“....സുകുമാരന്റെ 3 ഫെയ്സ്ബുക്ക് പോസ്റ്റുകൾ കഴിഞ്ഞ ദിവസം തന്റെ ചുവരിൽ നിന്നു മാറ്റം ചെയ്യപ്പെട്ടു. ആശയങ്ങളെ അധികാരം കൊണ്ടു തടയിടുംബോൾ പ്രതിരോധത്തിന്റെ ചുവരുകൾ ഇനിയും ഉയരണം, അതിൽ നിശേധിക്കപ്പെടുന്നവനും അടിചമർത്തപ്പെട്ടവനും കൈതാങ്ങും, ജനാതിപത്യത്തെ രാഷ്ട്രസ്നേഹത്തിന്റെ പേരിൽ അട്ടിമറിക്കുന്ന സംഘങ്ങൾക്കെതിരെയുള്ള ഉറച്ച മറുപടികളുമായിമാറണം. അതിനു ഇലക്ട്രോണിക്ക് ജാലകങ്ങൾ വിട്ടു സമൂഹത്തിലേക്കു ഇറങ്ങിയേതീരൂ.. കൂടുതൽ ക്യാബസുകളിലേക്കും തെരുവിലേക്കുമതു വളർന്നുകഴിഞ്ഞു, തിരിചറിഞ്ഞുകഴിഞ്ഞു...

നാളെ ജയന്തിക്കു ടിക്കറ്റ് എടുത്തിരിക്കയാണു, ഹൈദ്രാബാദിലേക്കു. അവിടെ യൂണിവേഴ്സിറ്റിതലത്തിൽ ഇപ്പോൾ നമ്മുടെ സംഘടനക്കു വേരുകൾ ഉണ്ടു. ന്യൂനപക്ഷത്തിന്റെ വേർതിരിവും അടിചമർത്തലും തെക്കിനേക്കാൾ ഇന്ത്യയുടെ മുകളിലേക്കുള്ള പാതകളിലാണുഏറുന്നത്. ഒരു കീഴ്ജാതിക്കാരനുണ്ടാകുന്ന അവഗണന എന്തുമാത്രമാണെന്നു ജീവിതം കൊണ്ടെനിക്കു ബോദ്ധ്യപ്പെട്ടിട്ടുള്ളതാണു.

നഷ്ട്ടപ്പെട്ടതൊക്കെ വീണ്ടും സീമകളില്ലാതെ തന്നുനിറച്ച പ്രിയപ്പെട്ടവളെക്കൂടിയൊന്നും അറിയിക്കുന്നില്ല... ഒരു യാത്രികന്റെ മടങ്ങിവരവു തീർത്തും അനിശ്ചിതത്വം മാത്രമാണു.

ഈ 233 നബർ മുറി എനിക്കൊരിക്കലും മറക്കാനാകില്ല. ഞാനിവിടെ ജീവിച്ചിരുന്നു എന്നതിനു തെളിവായി എന്തെൻകിലും ശേഷിപ്പിക്കണമല്ലോ.! എന്റെ ഡയറിക്കുറിപ്പുകൾ ഇവിടെ ഉപേക്ഷിക്കുന്നു. ഇനിയൊരിക്കലും പ്രകാശിതമാകാൻ ഇടയില്ലാത്ത കവിതകളും ചിന്തകളും കൂടെക്കൂട്ടുന്നു. എഴുത്തുകാരനാകാൻ കൊതിച്ച എനിക്കിനിയെന്തെന്നു തീർച്ചയില്ല. എവിടെയായാലും ജീവിക്കണം, സ്വന്തം അസ്ഥിത്വവും ചിന്തയും പണയം വെക്കാതെ. അതിനെതിരെ ഉയരുന്ന ആക്രോഷങ്ങല്ക്കെതിരെ പോരാടിക്കൊണ്ടു. എന്നെങ്ങിലും ഞാൻ...”

ഇല്ലാ...ആ താളിനപ്പുറം പിന്നെ ഒന്നും ശേഷിചിരുന്നില്ല... എഴുത്തുകാരൻ നിശബ്ദനായി കസേരയിലേക്കു ചാഞ്ഞിരുന്നു. “ഞാൻ...” ചുണ്ടുകൾ ആ ശബ്ദം അവ്യക്തമായി ഉച്ചരിക്കുന്നതായി തോന്നി. അയാളെന്തോപറയാൻ തുടങ്ങുകയായിരുന്നു...

‌ “ടക് ടക്..” പുറത്തു കതകിലാരോ ശക്തിയായിമുട്ടുന്ന ശബ്ദം. എഴുത്തുകാരനൊപ്പം ഞാനും ഞെട്ടിത്തരിചു പോയി. ഡയറി കൈയിൽനിന്നു താഴേക്കൂർന്നുവീണു. വീണ്ടുമാ ശബ്ദം കേട്ടു. പുറത്തു വീണ്ടും ശക്തമായൊരു ഇടിവെട്ടി. മഴയിൽ കുതിർന്നാ ശബ്ദം വിക്കുന്നതായി തോന്നി... ഞാൻ സാക്ഷി.!

സമർപ്പണം: ചിന്തയും ഭാവനയുമുള്ള സർഗാത്മഹൃദയങ്ങളായ നിങ്ങൾക്ക്. പിന്നിട്ട കാലത്തിന്റെ ഒർമയെന്നപോൽ ഞാനെന്ന ഭൂതം നിങ്ങളോടൊപ്പമെന്നുമുണ്ടു; തൊട്ടുമുൻപു വായിചു നിർത്തിയ നിമിശത്തിന്റെ അവകാശിയായി. വായന ചിന്തക്കു വഴിമാറി നിങ്ങളുടെയുള്ളിൽ വിരിയുന്ന ഭാവനയാൽ കഥപൂർത്തിയാകുംബോഴാണു എഴുത്തുകാരന്റെ ജോലി പൂർണ്ണമാകുന്നതു. അങ്ങന്നെ നിങ്ങളിൽതന്നെയാ എഴുത്തുകാരൻ പുനർജ്ജനിക്കുന്നു,അതേ നിങ്ങൾതന്നെയാണു എന്റെ യഥാർത്ഥ യജമാനൻ, എഴുത്തുകാരൻ.

നമ്മുടെയീ കഥയുടെ രഹസ്യവും ഞാനാരോടും പറയുകയില്ല. വാക്ക്. ഞാൻ നിത്യ സാക്ഷി.

Srishti-2022   >>  Short Story - Malayalam   >>  കാവില്ലാത്ത ഭഗവതി....

Hridya KT

UST Kochi

കാവില്ലാത്ത ഭഗവതി....

ചുറ്റിലും ദൈവികമായ ചുവപ്പ് നിറം..... മുല്ലപ്പൂ പല്ലുകൾ കാട്ടി ഭഗവതി ചിരിക്കുന്നു... ആ ശോഭയിൽ നാട് മുഴുവൻഐശ്വര്യത്താൽ നിറയുന്നു...,

ഉത്സവം കഴിഞ്ഞു... കൊടിയിറങ്ങി.... കച്ചവടക്കാർ പൂരപ്പറമ്പോഴിഞ്ഞു....

കുട്ടികൾ വീണ്ടും അമ്പലപ്പറമ്പിൽ കളി തുടങ്ങി... അമ്പലകുളത്തിൽ കളി പന്ത് എറിഞ്ഞു നീന്തി കളിച്ചു... തലേന്ന് കഴിഞ്ഞ പൂരത്തെ അഭിനയിച്ചു തകർക്കലായിരുന്നു കുട്ടികളുടെ ഇഷ്ട വിനോദം... ഇനിയും എരിഞ്ഞടങ്ങിയിട്ടില്ലാത്ത കനൽ വാരിയും, ചാരത്തിലൂടെ ഓടി കളിച്ചും അവർ ഉല്ലസിച്ചു.. ഇതെല്ലാം കാണാൻ ഭഗവതിക്കും ഇമ്പമായിരുന്നു.... അമ്പലകുളത്തിൽ കുളികഴിഞ്ഞെത്തുന്ന സുന്ദരിമാർക്കിടയിലൂടെ ഭഗവതിയും പൂ ചൂടി നടന്നു.... എല്ലാം ശുഭം.... എങ്ങും നന്മ... പൂർണത....

ആ നാടിന്റെയും തറവാടിന്റെയും ഐശ്വര്യം ഭഗവതിയുടെ മുഖപ്രസാദം എന്ന കാര്യത്തിൽ തർക്കമില്ല...

വർഷങ്ങൾ കടന്നു പോയി.. റോഡ് വീതി കൂട്ടലിന്റെ ഭാഗമായി അമ്പല പരിസരം അളന്നെടുത്തു.... ഭഗവതി പെരുവഴിയിലായി... മുല്ലപ്പൂ നൈർമ്മല്യമുള്ള ഭഗവതി കരിയിൽ പുരണ്ടു.... ശോഭ മങ്ങി... ആരും ദേവിയെ തിരിച്ചറിഞ്ഞില്ല.. കുട്ടികൾ കല്ലെറിഞ്ഞു....

പാവം ഭഗവതി... ദീപാരാധനയും, വഴിപാടുകളുമായി കഴിഞ്ഞ ഭഗവതി തെരുവിൽ അലഞ്ഞു നടന്നു...

ഒടുവിൽ ഭഗവതിക്ക് ക്ഷമ കെട്ടു... കോപത്താൽ ജ്വലിച്ചു... നാട്ടിൽ മാറാ വ്യാധികൾ വിതറി... തറവാട്ടിലെ ഇളം തലമുറയ്ക്ക് ശാപമേറ്റ് തുടങ്ങി.... ചിലർക്കു ഭഗവതിയുടെ കോപ ജ്വാലയിൽ മനോനില തെറ്റി തുടങ്ങി... എന്നിട്ടും ഭഗവതിക്ക് കലിയടങ്ങിയില്ല..

ദുശകുനങ്ങൾ കണ്ടു തറവാട്ടു കാരണവർ പ്രശ്നം വെച്ചു... അപ്പോഴതാ ശ്രീകോവിലിൽ ഇരിക്കേണ്ട ഭഗവതി രോഷാകുലയായി അങ്ങിങ്ങു അലഞ്ഞു നടക്കുന്നു... തറവാട് വേരോടെ നിലമ്പതിക്കുമെന്ന് മനസ്സിലായ കാരണവർ എല്ലാരേയും വിളിച്ചു കൂട്ടി.... "ഒരു ശ്രീകോവിൽ പണിയേണം. ഭഗവതിയെ സർവലങ്കാര വിഭൂഷിതയായി പൂജ ചെയ്യേണം.. തെറ്റുകൾക്ക് മാപ്പപേക്ഷിക്കേണം..."

എല്ലാവരും സമ്മതിച്ചു... സ്ഥലമന്വേഷണം തുടങ്ങി.... പറ്റിയ സ്ഥലം കിട്ടുന്നില്ല.. ഓരോന്നിനും ഓരോ മുടക്കം.. എല്ലാവരും തിരച്ചിൽ നിർത്തി.....

ഭഗവതിക്ക് ഇതെല്ലാം കണ്ടു കണ്ണിൽ തീ കത്തി....

ഇവരെയാണോ താനിത്രെയും സ്നേഹിച്ചത്... ഇവർക്കു വേണ്ടിയാണോ മണ്ണിലവതരിച്ചത്... നാട്ടിൽ മാറാവ്യാധികൾ കൂടി കൂടി വന്നു....

ഒടുവിൽ എല്ലാവരും ചേർന്നു തത്കാലം ഒരു പ്രശ്നം കണ്ടു.... ക്ഷേത്രത്തിനു സ്ഥലം ലഭിക്കുന്നത് വരെ തറവാട്ടിൽ എല്ലാ ദിവസവും നാമജപം വെക്കണം... പൂജയും കഴിക്കാം.... ഭഗവതി തത്കാലം അടങ്ങി....

എല്ലാ ദിവസവും പൂജയും നാമജപവും തുടങ്ങി... പക്ഷേ ഓരോ ആസ്വാരസ്യങ്ങൾ കാരണം എന്നും വീട്ടുകാർ തമ്മിൽ വഴക്ക്... പൂവിനും, പൂജാ ദ്രവ്യത്തിനും... എന്തിനു ഉണ്ടാക്കുന്ന പ്രസാദത്തിന്റെ പേരിൽ വരെ അടി... എല്ലാവരുടെയും ശ്രദ്ധ ഭക്തിയിലല്ലായിരുന്നു ... ആർക്ക് ക്ഷേത്ര പരിപാലത്തിന്റെ മേൽനോട്ടം എന്നതിലായി... ഭഗവതി നിസ്സഹായയായി....

ഇതിലൊന്നും പെടാത്ത ഒരു പാവമായിരുന്നു സുമതി... അവൾ എന്നും തറവാട് മുഴുവൻ അടിച്ചു വാരി വൃത്തിയാക്കും.... പൂജാ ദ്രവ്യങ്ങൾ ഒരുക്കും... ആളുകളുടെ പ്രഹസനങ്ങൾ ശ്രദ്ധിക്കാതെ ഭക്തിയോടെ നാമം ജപിക്കും... മറ്റുള്ളവരുടെ വമ്പിച്ച കനമുള്ള നോട്ടുകൾക്കിടയിലും സുമതിയുടെ ഒരു രൂപ തുട്ട് തിളങ്ങാറുണ്ടായിരുന്നു... ഭഗവതി അവളെ ശ്രദ്ധിച്ചു .

ഏഴു സഹോദരന്മാരുടെ ഒറ്റ പെങ്ങളായ സുമതി.... അച്ഛനും അമ്മയും താഴത്തും തലയിലും വെക്കാതെ വളർത്തിയവൾ.... ഗ്രാമീണതയുടെ വസന്തത്തിൽ ജനിച്ചു വളർന്ന അവൾ ഒറ്റപെട്ട നഗരത്തിൽ സ്വാർത്ഥതയുടെ നടുവിൽ ജീവിച്ചു പോവുകയാണ്... ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ, ഒരു പ്രഹസനത്തിലും പെടാതെ ഒരിത്തിരി നന്മയും മുറുകെ പിടിച്ച്...

സുമതിയായിരുന്നു പ്രായമായ തറവാട്ടമ്മയെ നോക്കുന്നത്... മക്കളെല്ലാവരും ഉപേക്ഷിച്ചു പോയ തൊണ്ണൂറ് കഴിഞ്ഞ ആ വൃദ്ധയെ സുമതി പരിചരിക്കുന്നത് കണ്ണിൽ ആർദ്രത യോടെ യാണ് ഭഗവതി നോക്കി കണ്ടത്..... സ്വന്തം അമ്മയെ തിരിഞ്ഞു നോക്കാത്ത തറവാട്ടുകാർ തനിക്ക് ക്ഷേത്രം പണിയാത്തതിലും, പൂജ കഴിക്കാത്തതിലും ഭഗവതിക്ക് ഒരു അത്ഭുതവും തോന്നിയില്ല....

ഭഗവതിക്ക് അവളൊരു ആശ്വാസമായിരുന്നു.... ഭഗവതി അവളോട് പറഞ്ഞു.. "സുമതി... നമ്മൾ തുല്യ ദുഃഖിദരാണ്... പ്രഹസനങ്ങളിൽ നമ്മുടെ നിഷ്കളങ്കത പോലും തെറ്റിദ്ധരിക്കപ്പെട്ടേക്കാം... നീ ഭക്തിയോടെ സമർപ്പിക്കുന്ന ഒരു നുള്ള് പ്രസാദം മതി എനിക്ക്.. ആ ഒരു തിരി വെളിച്ചം മതി എനിക്ക്.. ഈ ബഹളത്തിലും ഞാൻ കേൾക്കുന്നത് നിന്റെയുള്ളിലെ പ്രാർത്ഥനയാണ്..

സുമതി മന്ദഹസിച്ചു... അവർ പരസ്പരം ഒരിക്കലും ഒറ്റപ്പെടുത്തിയില്ല... ഏറെ കാലം സന്തോഷത്തോടെ തറവാട്ടിൽ കഴിഞ്ഞു....

മനുഷ്യന്റെ സ്വാർത്ഥതയിലും, ആത്മാർത്ഥതയില്ലായ്മയിലും പെട്ടു ഈശ്വരന്മാർ പോലും നിസ്സഹായരാവരുണ്ടാവാം.. മനുഷ്യന് ഊഹിക്കാവുന്നതിലും വലിയ പരിതാപകരമായ അവസ്ഥ അവർക്കുമുണ്ടാവാം... ഒരു കുഞ്ഞു ഹൃദയത്തിലെ ഇത്തിരി നന്മയും തേടി അമൂർത്തമായി അവർ നമുക്ക് ചുറ്റുമുണ്ടാവാം...!!!!

 

Image removed.

8You, Rajeev Krishnan, Rahul Chandran and 5 others

Srishti-2022   >>  Short Story - Malayalam   >>  മഴ

SREEJITH K S

Fakeeh Technologies

മഴ

ഇന്നും ആ കുഞ്ഞു മനസ്സ് വേദനിച്ചിട്ടുണ്ടാകും. പക്ഷെ എന്ത് ചെയ്യാനാണ്. തനിക്കു കിട്ടുന്ന തുച്ചമായ വരുമാനം, അത് മാത്രമാണിന്നു തന്റെയും മകന്റെയും ആശ്വാസം.
ചില കാര്യങ്ങളിൽ കുഞ്ഞിനോട് പോലും ദേഷ്യപ്പെടുന്നു.
എല്ലാ കുഞ്ഞുങ്ങളും നല്ല ഉടുപ്പും നിറമുള്ള കുടകളും മറ്റുമായി സ്കൂളിൽ വരുമ്പോൾ അവന്റെ മനസ്സു അങ്ങനെ ഒന്ന് ആഗ്രഹിച്ചത് അവന്റെ തെറ്റല്ല. എന്നാലും താൻ പറയുന്ന പരാധീനതകൾ അവന്റെ കുഞ്ഞു മനസ്സ് ഉള്‍ക്കൊള്ളാൻ തയ്യാറാകുന്നു. എന്നും മഴയത്ത് തന്റെ കൂടെ സ്കൂളിലേക്ക് പോകുമ്പോൾ അവൻ പറയും,

"അമ്മെ അടുത്ത മഴക്കാലത്ത്‌ നമുക്ക് നല്ല നിറമുള്ള ഒരു കുട വാങ്ങണം "

ഉറപ്പായും അമ്മ വാങ്ങി തരാം" , നടക്കില്ലെന്നു അറിയാഞ്ഞിട്ടല്ല,
പക്ഷെ ഈ പ്രായത്തിൽ മുതിർന്നവർ പറയുന്ന ഇത്തരം ചില വാക്കുകളാണല്ലോ കുഞ്ഞുങ്ങൾക്കാശ്വാസം.
ഇവിടെ തന്റെ മകന് ധൈര്യം തന്റെ ഈ വാക്കുകൾ മാത്രമാണ്.
കിട്ടുന്ന ശമ്പളത്തിൽ നിന്നും മിച്ചം വച്ച് ഒരു കുട വാങ്ങണമെന്ന് കരുതിയിട്ടു ഇതുവരെ നടന്നില്ല.
ഇന്ന് സ്കൂളിൽ നിന്നും വന്നപ്പോൾ മുതൽ ഈ ചിന്തയിലാണ് ദേവു.
അവന്റെ അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് നാല് വര്ഷം കഴിഞ്ഞു.
തന്നെയും മോനെയും പോന്നു പോലെ നോക്കണം എന്ന ചിന്ത മാത്രമായിരുന്നു എപ്പോഴും. അതിനു വേണ്ടി എത്ര കഷ്ടപ്പെടാനും ഒരുക്കവുമായിരുന്നു അദ്ദേഹം. പക്ഷെ വിധി ഞങ്ങൾക്കായി കാത്തു വച്ചത് മറ്റൊന്നായിരുന്നു. താൻ അച്ഛനാകുന്നു എന്നറിഞ്ഞപ്പോൾ തുടങ്ങി കുഞ്ഞിനു വേണ്ട ഒരുക്കങ്ങൾ. ഒരു പക്ഷെ ആരൊക്കെയോ അത് കണ്ടു, കണ്ണ് വെച്ചതാകാം . ഞങ്ങളുടെ കുഞ്ഞിനു അവന്റെ അച്ഛന്റെ സ്നേഹം അനുഭവിച്ചു കൊതി തീരും മുന്‍പേ....

"എന്താ ഇന്നും പതിവ് ആലോച്ചനയാണോ ചേച്ചി?" പെട്ടന്നാണ് ബോധം വന്നത്.
ചോദിച്ചത് മാളു ആയിരുന്നു.
സ്കൂളിൽ നിന്ന് വന്നിട്ട് അതുപോലെ വരാന്തയിൽ നില്‍ക്കുകയായിരുന്നു.
മഴയത്ത് നിന്നും കയറി വന്നിട്ട്, നിന്നിരുന്നിടമെല്ലാം നനഞ്ഞു..

"ഇനി ഇത് കൂടെ ഒന്ന് തുടച്ചു കളയാതെ......... അല്ലാ മഴയും പോയോ.....എന്നും അതെ എന്റെ കുഞ്ഞിന്റെ മനസ്സ് വേദനിപ്പിക്കാ൯ ഈ നശിച്ച മഴ കൃത്യമായി പെയ്യും."

"മതി മതി ചേച്ചി ഇറങ്ങാൻ നോക്ക്." മാളുവും ഞാനും ഒന്നിച്ചാണെന്നും ഓഫീസിലേക്ക് പോകുന്നത്.
അടുത്ത വീട്ടിലെയാണെങ്കിലും സ്വന്തം അനിയത്തിയെപ്പോലെയായിരുന്നു അവൾ.

ജീവിതം വരുന്ന വഴിയെ പോട്ടെ. എങ്ങനെയും നമ്മൾ അതിനെ നേരിടണം.തളരരുത്. എവിടെയും. ആരുടെയും മുന്നില്‍ തോല്‍ക്കരുത്‌. ഇതൊക്കെയാണ് മാളുവിന്റെ പ്രമാണങ്ങൾ. അതുകൊണ്ട് എന്ത് പറഞ്ഞാലും തിരിച്ചൊന്നും ദേവു പറയില്ല. അനുസരിക്കും.
മാളുവിന്റെ ശകാരത്തിനു മറുത്തൊന്നും പറയാതെ അകത്തേക്ക് പോയപ്പോൾ അറിയാതെ മോനെ ഓര്‍ത്തു.
പെട്ടന്ന് ബാഗും എടുത്തു പുറത്തു വന്നു. വീട് പൂട്ടി, താക്കോൽ പതിവ് പോലെ ബാഗിൽ വച്ചു.

നടന്നു ഞങ്ങൾ കവലയിലേക്കു എത്തി , ഇന്ദിര ഗാന്ധിയുടെ ഒന്നാം ഓര്മ ചരമ വാർഷികം ആയതു കൊണ്ട് അവിടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തുന്നു .

"ഇന്ന് ആ ബസ്‌ കിട്ടുമോ ആവോ, ഈ ചേച്ചിയാ എന്നും എന്റെ സമയം കൂടി കളയുന്നത്.
ഇനി മുതൽ ആലോചിക്കാനുള്ളത് രാത്രി തന്നെ തീർത്തു വച്ചേക്കണം. ഇല്ലെങ്കിൽ ഞാൻ നേരത്തെ അങ്ങ് പോകും. കാത്തു നില്ക്കാൻ ഞാനുണ്ടാകില്ല."

ഇവൾക്കിതെന്നും എന്നോട് പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ലേ....മനസ്സിൽ പറഞ്ഞു.
ഉറക്കെ പറഞ്ഞാൽ അവളെന്നെ നോക്കി ഭാസ്മമാക്കും.
എന്തും പറയുമെങ്കിലും, എന്നെ കൂട്ടാതെ ഇത് വരെ അവൾ പോയിട്ടില്ല.
അമ്മ മരിച്ചതിൽപ്പിന്നെ അച്ചനാണവൾക്കെല്ലാം. വയ്യാത്തത് കൊണ്ട് അച്ഛൻ പുറത്തു ജോലിക്കൊന്നും പോകുന്നില്ല. അത്യാവശ്യം വീട്ടു ജോലികൾ ചെയ്തു കൊടുക്കും. അവർ അടുത്തുള്ളതാണ് തന്റെയും ഏറ്റവും വലിയ ആശ്വാസം.

ബസ്സ്‌ കണ്ടാലെ മാളുവിനു സമാധാനമാകൂ.
ബസ്‌ സ്റ്റോപ്പില്‍ ഉള്ള കടയിലെ ചേട്ടനോട് എന്നും ചോദിക്കണം,
ചേട്ടാ ഞങ്ങളുടെ ബസ്‌ പോയോ?".
നിനക്കെന്നും ആ ചേട്ടനോട് മിണ്ടാനല്ലേ ഈ ചോദ്യം എന്ന് പറഞ്ഞു ഞാൻ കളിയാക്കും.

സമയത്ത് തന്നെ ഞങ്ങളെത്തി. ഒരേ സ്റ്റോപ്പിലാണ് രണ്ടു പേരും ഇറങ്ങുന്നത്.
മാളു മറ്റൊരു ഓഫീസിലാണ്. "ചേച്ചി ഇന്ന് ഉച്ചക്ക് വരണേ, കാണാം." പറഞ്ഞിട്ട് മാളു പോയി.

ഒരു ചെറിയ ഓഫീസ് ആയിരുന്നു ദേവുവിന്റെത്. വിരലിലെണ്ണാവുന്ന സഹപ്രവര്‍ത്തകർ മാത്രം. എങ്ങനെയും ഒന്ന് വൈകുന്നേരമായാൽ മതി എന്ന് വിചാരിച്ചാണ് എന്നും തന്റെ ജോലി. ഈ ഓഫീസിലെ അന്തരീക്ഷം അത്ര പിടിക്കുന്നില്ല.എന്നാലും വരാതെ നിവൃത്തിയില്ലല്ലോ.
ഓരോന്ന് ആലോചിച്ചിരുന്നു ജോലി ചെയ്യുമ്പോൾ പെട്ടെന്ന് ആകാശത്ത് കാർമേഘം ഉരുണ്ടു കൂടി.

"ഇന്നും നല്ല മഴയ്ക്ക് സാധ്യതയുണ്ട്."പ്യൂൺ പറഞ്ഞു."അതെ".

പെട്ടന്നാണ് മാനജേരുടെ മുറിയിൽ നിന്നും ബെൽ അടിച്ചത്.

"എവിടെയെങ്കിലും ഇരിക്കുന്നത് കണ്ടാൽ ഉടനെ അങ്ങേരു തുടങ്ങിക്കോളും". പറഞ്ഞത് മുഴുമിപ്പിക്കാതെ പ്യൂണ്‍ പോയി.
ഒരു പാവം മനുഷ്യനാണ്. സകുടുംബം സുഖമായി കഴിയുന്നു. വയസു അൻപത്തിയഞ്ചു ആയിക്കാണും.
ഇതുവരെ മോശമായി ഒരു നോട്ടം പോലും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഓഫീസിൽ ആകെ സംസാരിക്കുന്നത് അദ്ദേഹത്തോടാണ്‌. അത് പോലും മോശം കണ്ണ് കൊണ്ട് കാണുന്ന മറ്റു രണ്ടു സ്ത്രീ സഹപ്രവര്‍ത്തകരോട് ദേവു അധികം ഇടപെടാറില്ല. തന്റെ ജോലി തീർത്തു സമയത്ത് തന്നെ ഇറങ്ങും. അതാണ് പതിവ്.

നല്ല സന്തോഷത്തോടെയാണ് പ്യൂൺ തിരിച്ചു വന്നത്.

"ദേവു, ശമ്പളം വാങ്ങിക്കാനാണ് വിളിച്ചത്, ചെല്ലാൻ പറഞ്ഞിട്ടുണ്ട് "

മാനജേരുടെ റൂമിൽ ചെന്ന് ശമ്പളവും വാങ്ങി സീറ്റിൽ വന്നിരുന്നു.
എന്നിയപ്പോ ശെരിക്കും സങ്കടം വന്നു. മോന് വയ്യത്തപ്പോ എടുത്ത ലീവും കഴിച്ചു കുറച്ചു മാത്രമാണ് കൈയിൽ കിട്ടിയത്.

മോനൊരു കുട……….. അത് ഈ മാസവും നടക്കില്ല. മോന്റെ ഫീസും പലചരക്കും എല്ലാം ഇതില്‍ ഒതുക്കണം.
അപ്പോൾ പുറത്തു മഴ തകർത്തു പെയ്യുകയായിരുന്നു.....

"ഈ നശിച്ച മഴ വീണ്ടും വന്നോ!" അറിയാതെ പറഞ്ഞു പോയി.
മോനെപ്പറ്റി ഓർത്താൽ അപ്പൊ കണ്ണ് നിറയും.എല്ലാം ശെരിയാകും.

സമയം എത്ര പെട്ടന്നാണ് പോയത്.

ശമ്പളം കിട്ടിയാൽ ഉച്ചക്ക് ഇറങ്ങണമെന്ന് മാളു നേരത്തെ തന്നെ പറഞ്ഞിരുന്നു. മാനേജര്‍ സമ്മതിക്കുകയും ചെയ്തു.
ഊണ് കഴിച്ച ഉടനെ ഇറങ്ങി. അപ്പോഴേക്കും മഴയും മാറിയിരുന്നു. എന്തായാലും മഴ പോയി.
നനയാതെ പോകാമല്ലോ. എന്ന് മനസിലോര്‍ത്തു.
പെട്ടന്ന് ചെന്നില്ലെങ്കിൽ മാളു വഴക്ക് തുടങ്ങും. വേഗം എല്ലാം ഒതുക്കി ഇറങ്ങി.

ശമ്പളം കിട്ടിയാൽ എന്തെങ്കിലുമൊക്കെ വാങ്ങിക്കാനുണ്ടാവും അവള്‍ക്ക്.
പതിവുള്ള കടയിൽകയറി എല്ലാം വാങ്ങി.
ഒരു ഹോര്‍ലിക്ക്സ് വാങ്ങി , മോന് കൊടുക്കുന്ന വിശേഷപ്പെട്ട ഒരു കാര്യം അത് മാത്രമാണ്.

കടയിൽ നിന്നിറങ്ങുമ്പോൾ ആരോ മാളുവിനെ പുറകിൽ നിന്നും വിളിച്ചു. അവള്‍ക് ആളെ പെട്ടന്ന് മനസിലായില്ലെങ്കിലും പേരെടുത്തു വിളിച്ചപ്പോ ആരാണെന്നു ശ്രദ്ധിച്ചു . ആരോ കാറിൽ നിന്നിറങ്ങി. ഒരു പെണ്‍കുട്ടിയായിരുന്നു.
"നീയെന്താ ഇവിടെ? എത്രനാളായി കണ്ടിട്ട് "
മാളു അവളെ കണ്ടു വല്ലാതെ ആശ്ചര്യത്തോടെ ചോദിച്ചു.
“ഞാൻ നിന്നെ കാണാൻ വേണ്ടി വന്നതാണ്‌. ഒരു അത്യാവശ്യമുണ്ട്. വീട്ടിൽ പോയിരുന്നു. അച്ഛനാണ് പറഞ്ഞത് ഇവിടെ കാണുമെന്ന്."
“എന്താ കാര്യം?. നീയെന്താ വല്ലാതെ” നല്ല അടുപ്പമുള്ളത് പോലെയാണ് മാളു സംസാരിച്ചത്.
"എനിക്ക് നിന്റെ ഒരു സഹായം വേണം മാളു.ഇവിടെ നിന്നെയല്ലാതെ എനിക്ക് വേറെ ആരെയും അറിയില്ല.അതാ ഞാന്‍ നിന്റെ അടുത്തേക്ക് തന്നെ വന്നത്"
അവർക്കിടയിൽ പെടേണ്ട എന്ന് കരുതി ദേവു മാറി നിന്നു.
കോളേജിൽ പഠിക്കുമ്പോൾ മാളു എല്ലാവർക്കും പ്രിയങ്കരിയയിരുന്നു. വന്ന കുട്ടിയുടെ സംസാരത്തിൽ നിന്നും അവർ തമ്മിലുള്ള അടുപ്പം മനസ്സിലായി ദേവുവിന്.
അവർ എന്തോ കാര്യമായിട്ട് പറയുന്നുണ്ട്. ഇടയ്ക്കാ കുട്ടി കണ്ണ് തുടക്കുന്നുണ്ട്. കാര്യം അറിയാൻ ഒരു തിരക്കു തോന്നി ദേവുവിന്.
"ചേച്ചീ" മാളു വിളിച്ചു.
"എന്താ മാളു"
"ഇതെന്റെ കൂട്ടുകാരി ലേഖ. കോളേജില്‍ ഒരുമിച്ചുണ്ടായിരുന്നതാ. ഇപ്പൊ ബാംഗ്ലൂർ വര്‍ക്ക്‌ ചെയ്യുന്നു. വീട് ഇവിടെ അടുത്താ."
"എന്താ മാളു പ്രശ്നം?
എന്തോ വല്ലാതിരിക്കുന്നല്ലോ ഈ കുട്ടി?"
"അതെ ചേച്ചി. ഇവള്‍ക്കൊരു ആവശ്യം വന്നു. സഹായിക്കാ൯ ആരുമില്ല. ചേച്ചി അച്ഛനോട്‍ പറഞ്ഞാൽ മതി. ഞാൻ ഇവളുടെ കൂടെ ഹോസ്പിറ്റൽ വരെ ഒന്ന് പോകട്ടെ."
"എന്തായാലും എന്നോട് കൂടെ പറയു മാളു." ദേവു ചോദിച്ചു.
"ചേച്ചി ഇവളുടെ സഹോദരൻ ഹോസ്പിറ്റലിൽ ആണ്. ഇവര്‍ ബാംഗ്ലൂര്‍ നിന്നും വന്ന വണ്ടി ആക്‌സിഡന്റിൽ പെട്ടു. നല്ല പരിക്ക് ഉണ്ടായി ആരും കാണാത്ത കിടന്നു കൂറേ അധികം രക്തം പോയി .പെട്ടന്ന് തന്നെ ബ്ലഡ്‌ വേണമെന്ന് ഡോക്ടർ പറഞ്ഞു. ബ്ലഡ്‌ ബാങ്കിൽ നിന്നും സെയിം ഗ്രൂപ്പ്‌ കിട്ടിയില്ല. ഇനി ആരെങ്കിലും തരാൻ തയ്യാറായാലെ കാര്യം നടക്കു. അമ്മയും ഇവളും മാത്രമേ ഒള്ളു. അമ്മയാണെങ്കില്‍ അകെ മോശമായ അവസ്ഥയിലാണ്. പറയാൻ വേറെ ആരുമില്ല. ഞാനും കൂടെ പോയാലെ കാര്യം നടക്കു. അച്ഛനോട് ചേച്ചി പറഞ്ഞാൽ മതി."

അവർ കാറിൽ കയറാൻ തുടങ്ങി. അപ്പോഴാണ് ദേവു ഓർത്തത്, ബ്ലഡ്‌ ഗ്രൂപ്പ്‌ ചോദിച്ചില്ല..
"മാളു..ഏതാ ബ്ലഡ്‌ ഗ്രൂപ്പ്‌?"
പെട്ടന്ന് മാളു തിരിഞ്ഞു നിന്നു.
ലേഖയാണ് മറുപടി പറഞ്ഞത്..

"AB നെഗറ്റീവ് ."

ദേവുവിന് വല്ലാത്ത സന്തോഷം തോന്നി.
"മാളു അവിടെ നില്ക്. ഞാനും വരുന്നു". ദേവു ഓടി കാറിൽ കയറി.
"ഇത് നേരത്തെ പറയണ്ടേ. എന്റെയും ഇതു തന്നെയാ."

ലേഖയുടെ മുഖം സന്തോഷം കൊണ്ട് വികസിക്കുന്നത് പോലെ തോന്നി.

അവർ നേരെ ഡോക്ടർ‍ടെ അടുത്തെത്തി. എല്ലാം വളരെ വേഗത്തിൽ തന്നെ നടന്നു.
സമയം ഏകദേശം 4 .30 കഴിഞ്ഞു. അപ്പോഴാണ് മോന്റെ കാര്യം ഓര്‍ത്തത്‌. സ്കൂള്‍ വിട്ടു കാണും. മോൻ‍ തന്നെ കാണാതെ പേടിക്കും. മാളുവിനോട് കാര്യം പറഞ്ഞു.
പോയിട്ട് നാളെ വരാമെന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങി.
എന്ത് പറയണമെന്നറിയാതെ നിന്ന ലേഖ ഓടി അടുത്ത് വന്നു. "ചേച്ചി എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്ത് തന്നാലും മതിയാവില്ല. എന്നാലും ഇതിരിക്കട്ടെ."

അവൾ ദേവുവിന്റെ കൈയിലേക്ക്‌ കുറച്ചു നോട്ടുകൾ വച്ച് കൊടുത്തു.

"ഞാൻ ഇത് ചെയ്തത് പകരം ഒന്നും പ്രതീക്ഷിച്ചല്ല. ഇത് കുട്ടി കൈയിൽ വച്ചോളു. ഇവിടെ ഇനിയും ആവശ്യം വരും."
"ഇല്ല. ഇത് ചേച്ചിക്കുള്ള പ്രതിഫലം അല്ല. എന്റെയും കുടുംബത്തിന്റെയും സന്തോഷത്തിന് ഇത് വാങ്ങണം.

"ചേച്ചി ഇതവളുടെ സന്തോഷമാണ്. വാങ്ങിയില്ലെങ്കിൽ അവൾക്കു വിഷമമാകും " ലേഖയുടെ കൂടെ മാളുവും പറഞ്ഞു.
"ശെരി, ഇതാ ഇത് ഞാൻ എടുക്കുന്നു. ഇത്ര മാത്രം. നൂറ് രൂപ. ഇത് മതി."
ബാക്കി പണം തിരികെ കൊടുത്തു. മാളുവിനെയും കൂട്ടി ഇറങ്ങി.

മനസ്സിൽ തെളിഞ്ഞ മുഖം, ആ മുഖത്തിന്‌ പതിവിലേറെ തിളക്കമുണ്ടായിരുന്നു.
അതെ തന്റെ മോ൯. ഇന്ന് അവനേറ്റവും സന്തോഷിക്കും. മാളുവിനെയും കൂട്ടി നേരെ ഒരു കടയിൽ കയറി. നല്ല നിറങ്ങളുള്ള ഒരു കുട വാങ്ങി.
ദേവുവിന് അടക്കാനാവാത്ത സന്തോഷം തോന്നി. "മാളു സമയം 4.45 കഴിഞ്ഞു.
നല്ല മഴക്കാറുണ്ട് നീ നടന്നോളു. ഞാൻ മോനെ വിളിച്ചിട്ട് വരാം"
“ശെരി ചേച്ചി”

മാളു വീട്ടിലേക്കു പോയി. ദേവു നേരെ സ്കൂളിലേക്ക് നടന്നു.
മഴയ്ക്ക് മുന്‍പേ സ്കൂളിൽ‍ എത്തണം. ഓടിയാണോ താന്‍ പോകുന്നതെന്ന് അവൾ‍ക്ക് തോന്നി. എത്രയും പെട്ടന്ന് മോനെ കാണണം. ചെല്ലുമ്പോൾ മോന്‍ മറ്റു കുട്ടികളുടെ കൂടെ കളിക്കുകയാണ്. ദേവുവിനെ കണ്ടതും അവന്‍ ബാഗ്‌ എടുത്തു ഓടി വന്നു.
"അമ്മയെന്താ വൈകിയത്. ഞാന്‍ കുറെ നേരമായി നോക്കി നില്‍ക്കുന്നു."
"അമ്മ ഒരു സ്ഥലം വരെ പോയി. മോനൊരു സാധനം വാങ്ങാന്‍‍.കാണണ്ടേ എന്താണെന്നു"

"ഉം എന്താ അമ്മെ?"

ദേവു പേപ്പർ ബാഗിൽ നിന്നും കുട എടുത്തു. അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു.

"ഹായ് !!!!!!!! നല്ല കുട.ഇതെവിടുന്നാ അമ്മെ?"

"മോന് വേണ്ടി അമ്മ വാങ്ങിയതാ. ഇഷ്ടമായോ"

"ഇഷ്ടമായല്ലോ.അമ്മെ ഞാൻ ഇത് നിവർ‍ത്തി നോക്കട്ടെ?"

"നിവർത്തിക്കോ"

ആരോടും ഒന്നും ചോദിക്കാതെയും പറയാതെയും മഴ പെയ്യാ൯ തുടങ്ങി. മോ൯ കുട നിവർ‍ത്തി മഴയത്ത് കളിക്കുന്നു.

ഇന്നാദ്യമായി മഴ പെയ്തപ്പോള്‍ ദേവു മനസ്സില്‍ പറഞ്ഞു.

"പെയ്തു കൊള്ളൂ........................ഇനി പെയ്താൽ ഞാൻ നിന്നെ വഴക്ക് പറയില്ല. കാരണം ഇപ്പൊ എന്റെ മോനും നിന്നെ ഇഷ്ടമാണ്. ആരെക്കാളും ഞാനും നിന്നെ സ്നേഹിക്കുന്നു"....അവളുടെ കണ്ണിൽ നിന്നും വീണ കണ്ണുനീർ ആ മഴയിൽ അലിഞ്ഞില്ലാതായി....

"അയ്യോ അമ്മ കുടയെടുക്ക്. നനയുന്നു.എന്റെ കുടയില്‍ ഞാൻ അമ്മയെ കയറ്റില്ല."
ആ സന്തോഷത്തിൽ അതിലേറെ സന്തോഷിച്ച്‌ അവളും മോനോടൊപ്പം കുടയില്ലാതെ നടന്നു ... 

 

Subscribe to srishti 2022