Shilpa T A
QuEST Global
താനേ കിളിര്‍ക്കുന്ന ചെടികള്‍
താനേ കിളിര്‍ക്കുന്ന ചെടികള്‍ക്കടിവേരുകള്‍
ശക്തമായിരിക്കും!
അടിയോടെ പിഴുതെറിയാൻ ശ്രമിച്ചിട്ടും
(പലരും! പലതവണ!)
ഭൂമിതന്നാഴത്തിലള്ളിപ്പിടിച്ച്
നിലനിൽപ്പ് കാത്തുസൂക്ഷിച്ചിരിക്കും
നശിക്കാതവയുടെ വേരുകൾ!
ഇലകളും തണ്ടുകളും ചിന്നിച്ചിതറിയിരിക്കാം
പലവുരു, ചവിട്ടിയരച്ചും വലിച്ചു പറിച്ചും
പടർന്നു പന്തലിച്ചു, ഒറ്റയ്ക്കവ!
ഭ്രാന്തമാം ചൂടും മഞ്ഞിൻ തണുപ്പും തടുക്കാനൊരു
ചെറുതണൽ പോലുമില്ലാതെ!
പൊട്ടിത്തെറിച്ചു തണ്ടുകൾ
വീണ്ടും മുളപൊട്ടി
പുതിയ ചെടികളായി!
പൂക്കളും കായ്കളും നിറഞ്ഞോരോ ചെടികളും
വളർന്നു പടർന്നാ മണ്ണു പിടിച്ചെടുത്തു!
വിജയമാരുടെയും കുത്തകയല്ലെന്നും
തോൽക്കാതെ നിൽക്കുന്നവർക്കുള്ളതാണെന്നും
ഓരോ ചെടിയും പറഞ്ഞിരിക്കാം!
നാമത് കേള്‍ക്കാതെ പോയിരിക്കാം!