Anish Chandran
UST Global
മോഹം
മോഹം
സമയം രാവിലെ 10 മണിയോടടുക്കുന്നതേയുള്ളൂ എങ്കിലും മീനച്ചൂടിന്റെ തീക്ഷ്ണതയിൽ മണ്ണിൽ നിന്നും ഉയർന്നുപരന്ന ഉഷ്ണവായൂപ്രാവാഹം വിദൂരതയിലെ ദൃശ്യങ്ങളെ നൃത്തം ചെയ്യിച്ചു തുടങ്ങിയിരുന്നു. അമ്പലനടയിലേക്ക് നീളുന്ന ടാറിട്ട റോഡിലൂടെ പതിയെ ഒരു കാർ ക്ഷേത്രത്തിന്റെ ഓരം പറ്റിനിൽക്കുന്ന പൂജാസാധനങ്ങൾ വിൽക്കുന്ന കടയുടെ മുന്നിലായി നിന്നു. യൗവ്വനത്തിന്റെ മധ്യകാലത്തിൽ എത്തി നിൽക്കുന്ന ഒരു പുരുഷനും കൂടെ ഒരു കൊച്ചുപെൺകുട്ടിയും കാറിൽനിന്ന് പൊള്ളുന്ന വെയിലിലേക്കിറങ്ങി. വിഷാദത്തിന്റെ കരിനിറം ഇരുവരുടെയും മുഖത്തു വല്ലാതെ പ്രകടമായിരുന്നു. കടക്കാരിയായ വൃദ്ധയോട് എണ്ണയും,മാലയും മറ്റും എടുക്കാൻ പറഞ്ഞ ശേഷം പോക്കറ്റിൽനിന്നും ഒരു സിഗരറ്റ് എടുത്തുകൊളുത്തി അയാൾ കടയുടെ പുറത്തേയ്ക്കിറങ്ങി.
അമ്പലത്തിന്റെ വലിയ കൽപ്പടവുകളിൽ വീണ് വേനൽ കത്തിയമരുന്നതിന്റെ ധൂളിപോലെ ആവി പൊങ്ങുന്നുണ്ടായിരുന്നു. അപ്പോഴാണ് പടവുകളുടെ താഴെ വെറും നിലത്ത് ഭിക്ഷാംദേഹിയായ ഒരു ബാലികയെ അയാൾ കണ്ടത്. ജീർണിച്ച് പിഞ്ചിയ കുപ്പായമണിഞ്ഞ് നിഷ്കളങ്കത തുളുമ്പിനിൽകുന്ന ഒരു കൊച്ചു പൈതൽ. ഏറിയാൽ പത്തോ പതിനൊന്നോ വയസ് പ്രായം. കളിച്ചുതിമിർക്കേണ്ട ബാല്യം ഈ വെയിലിൽ ഉരുകിത്തീർക്കുന്നതിന്റെ വ്യഥയോർത്ത് അൽപം പണമെടുത്ത് മകളുടെ കൈയ്യിൽ കൊടുത്തുകൊണ്ടു പറഞ്ഞു "നീന, ഇത് ആ കുട്ടിക്ക് കൊടിത്തിട്ടു വരൂ". വേദനകൾ ഒളിഞ്ഞിരിക്കുന്ന ഒരു ശരീരവും പറിയെന്നോണം അവൾ പതിയെ നടന്ന് പണമായാചക പാത്രത്തിലിട്ടു.
"വളരെ നന്നായി സർ", കടക്കാരിയുടെ ശബ്ദം കേട്ട് അയാൾ തിരിഞ്ഞുനോക്കി. "ദിക്കേതെന്നോ, ദേശമേതെന്നോ അറിയാതെ വർഷങ്ങൾക്ക് മുൻപ് ഈ അമ്പലനടയിൽ വന്നു കയറിയ ഒരു ഭ്രാന്തിപെണ്ണിൻ്റെ ഒക്കത്തിരുന്ന ജീവൻ്റെ തുടിപ്പാണിവൾ, 'മുത്ത്'. ഇവളുടെ അമ്മ കഴിഞ്ഞ മാസം ഒരു വാഹനാപകടത്തിൽ മരിച്ചു. അമ്മയുടെ മരണമൊന്നും ഈ കുഞ്ഞിന് എപ്പോഴുമറിയില്ല. അവൾ എന്നും അമ്മയേകാത്ത് ഇവിടെയിരിക്കും. അമ്പലത്തിലെ പ്രസാദവും കഴിച്ച് ഈ കടമുറിയിൽ എന്നോടൊപ്പം ഉറങ്ങി അങ്ങനെ കഴിയുന്നു". വളരെ ദൈന്യതയോടെ അയാൾ ആ കുട്ടിയെ നോക്കുമ്പോൾ പണം നൽകിയതിന്റെ കൃതാർത്ഥതയും സന്തോഷവും മുറ്റിനിന്ന ഒരു ചിരി അവൾ അയാൾക്കു സമ്മാനിച്ചു.
പൂജാസാധനങ്ങൾ വാങ്ങി മകളുടെ കൈ പിടിച്ച് ക്ഷേത്രത്തിനുള്ളിലേക്ക് കയറിയവർ തിരികെ ഇറങ്ങുമ്പോൾ ഉച്ചശീവേലിക്ക് ശേഷം നട അടച്ചിരുന്നു. ചുട്ടുപൊള്ളുന്ന പടവുകൾക്ക് താഴെ അമ്പലവീഥിയെ പൂർണമായും വിജനമാക്കി ജനം അവരവരുടെ കൂരയുടെ തണലിലേക്ക് ചേക്കേറിയിരുന്നു. അപ്പോഴും കടയുടെ മുന്നിലെ ഇത്തിരി തണലിൽ ആ അനാഥബാല്യം ഇരിപ്പുണ്ടായിരുന്നു.
പടവുകളിറങ്ങി മെല്ലെ ആ കുട്ടിയുടെ അടുത്തുചെന്നു, "മുത്തേ, നീയെന്റെ കൂടെ വരുന്നോ, നല്ല ഉടുപ്പും കളിപ്പാട്ടവും, മാലയും വാങ്ങിത്തരാം". ബാല്യത്തിന്റെ നിഷ്കളങ്കതയോടെ അവൾ അയാളെ നോക്കി. തൻ്റെ മകളെ ചൂണ്ടി അയാൾ തുടർന്നു "നിനക്കും അവളെപ്പോലെ ആവണ്ടേ, എൻ്റെ കൂടെവരൂ. വൈകുന്നേരം ആവുമ്പോളേക്കും തിരികെ വിടാം". അയാൾ അവൾക്കു നേരെ കൈ നീട്ടി. അപരിചിതത്വത്തിൻ്റെ ആശങ്ക അവളെ പിന്നോട്ട് വലിച്ചെങ്കിലും ബാല്യത്തിൻ്റെ മോഹങ്ങൾക്ക് അതിനെ അതിജീവിക്കാനുള്ള ശക്തിയുണ്ടായിരുന്നു. നീട്ടിയ കൈ പിടിച്ച് പാതി മനസ്സോടെ അവൾ കാറിൽ കയറി. മൂവരുമായി കാർ മെല്ലെ നീങ്ങിതുടങ്ങി.
ആശ്രയ ഹോസ്പിറ്റൽ എന്നെഴുതിയ ഒരു ചെറിയ ആശുപത്രി മുറ്റത്താണ് കാർ പിന്നെനിന്നത്. പിന്നിലെ ഡോർ തുറന്ന് കുട്ടികളോടായ് പറഞ്ഞു "നിങ്ങൾ രണ്ടുപേരും പുറത്തേക്ക് വരൂ, നമുക്കിവിടെ ഒരാളെ കണ്ടശേഷം ഹോട്ടലിൽ പോയി വല്ലതും കഴിക്കാം". പുറത്തേയ്ക്കിറങ്ങിയ കുട്ടികളുടെ കൈ പിടിച്ച് ആശുപത്രിയുടെ ഉള്ളിലേക്കയാൾ നടന്നു.
നീളൻ വരാന്തയിലൂടെ നടക്കുമ്പോഴും മുത്തിന് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല. തൻ്റെ ആരാണ് ഈ ആശുപത്രിയിൽ കിടക്കുന്നത്? ഇനി അമ്മയെങ്ങാനും ഈ ആശുപത്രിയിലായിരിക്കുമോ? അറിയില്ല, അവൾക്ക് ആ ചോദ്യങ്ങൾ അയാളോട് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ധൈര്യമില്ലാത്തതിനാൽ മിണ്ടാതെ കൂടെ നടന്നു.
ഇടനാഴിയുടെ അറ്റത്തെ കസേരകളിൽ കുട്ടികളെ ഇരുത്തി അയാൾ ഡോക്ടറുടെ മുറിയിലേക്ക് കയറി. അമ്മ ഇവിടെ ഉണ്ടാകുമോ, എപ്പോൾ വരും എന്നെലാമുള്ള ചിന്തകൾ ആ കുരുന്നിന്റെ ഉള്ളിൽ സന്തോഷവും ആകാംഷയും നിറച്ചു.
ഈ സമയം മുറിയിൽ ഏതോ മാഗസിൻ വായിച്ചുകൊണ്ടിരുന്ന ഡോക്ടർ ആഗതനെ ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്തു. "വരണം മിസ്റ്റർ മനോജ്, എന്തൊക്കെയുണ്ട് വിശേഷങ്ങൾ. താങ്കളുടെ മകൾക്ക് ഹൃദയം നൽകാൻ പറ്റിയ donors നെ ആരെയെങ്കിലും കിട്ടിയോ". ഒരു നെടുവീർപ്പിനുശേഷം മന്ദഹാസത്തോടെ അയാൾ പറഞ്ഞു "ഒരാളുണ്ട് ഡോക്ടർ, ഹൃദയതാളം തെറ്റിയ എൻ്റെ മകൾക്കു ഹൃദയംനൽകാൻ ഒരാൾവന്നിട്ടുണ്ട്". വായിച്ചുകൊണ്ടിരുന്ന മാഗസിൻ താഴെവച്ച് വളരെ ഗൗരവത്തോടെ ഡോക്ടർ ചോദിച്ചു "ഇനി ഇതും അവൾക്കു പറ്റില്ലെങ്കിൽ എന്തുചെയ്യും". മുഖത്തേ മന്ദഹാസം തെല്ലൊന്നുമാഞ്ഞു. ഒരുനിമിഷത്തെ മൗനത്തിനുശേഷം തൻ്റെ ഷർട്ടിന്റെ കീശയിൽനിന്നും ഒരു കടലാസെടുത്ത് ഡോക്ടർക്കുനീട്ടി "ഈ ലിസ്റ്റിലെ ആർക്കെങ്കിലും ചേരുമോയെന്നു നോക്കിപ്പറയൂ, എല്ലാവരും അവയവങ്ങൾക്കായി പണവുമായി കാത്തിരിക്കുന്നു". ഒരു ചെറുചിരിയോടെ ഡോക്ടർ ആ ലിസ്റ്റിലൂടെ കണ്ണോടിച്ചു.