Vineetha Anavankot
Infosys
നൽനിമിഷങ്ങൾ
'എന്റെ മീറ്റിങ് തീർന്നൂട്ടോ'
മാധവിന്റെ ഫോണിൽ ധ്വനിയുടെ മെസ്സേജ് വന്നു.
'ഓക്കേ. ഞാൻ കാൾ കഴിഞ്ഞതും ഇറങ്ങും. നീ ഇറങ്ങിക്കോ.കുട്ടേട്ടനും തുളസിയേച്ചിയും അവിടെ നിന്നെ നോക്കിയിരിക്കുന്നുണ്ടാവും. ഞാൻ ഒന്നൂടെ വിളിച്ചോർമ്മിപ്പിച്ചിരുന്നു ഇന്നലെ. എന്നാലും ഒന്നു ശ്രദ്ധിച്ചേക്കണേ. കുളപ്പടവിലെല്ലാം നല്ല പായൽ കാണും. ആ ഇടിഞ്ഞുവീണ പടവിൽ ഒരു കല്ലു കൊണ്ടിട്ടേക്കാൻ പറഞ്ഞോ. അടുക്കളയിൽ കുറച്ചു ഉണങ്ങിയ വിറകുകീറിവച്ചതും കൂടെ ഇട്ടേക്കാൻപറയണേ. പലചരക്കു സാധനങ്ങളുടെ ലിസ്റ്റ് ഞാനിന്നലെ കൊടുത്തിട്ടുണ്ട്. വാങ്ങിവച്ചുകാണും. പച്ചക്കറികൾ ഞാൻ വരുമ്പോ കൊണ്ടുവരാം. എന്റെ തൈരും ചോറും തേങ്ങാച്ചമ്മന്തിയും ഇലയടയും മറക്കല്ലേട്ടോ കുട്ടീ...
കടവത്തു തോണി കാണുമോ എന്തോ !
ആഹ് പിന്നേ... അല്ലെങ്കിൽ വേണ്ട, അതു നീ അവിടെപ്പോവുമ്പോ കണ്ടാൽമതി.’
തന്റെ ഫോണിൽ വന്ന മാധവിന്റെ നീണ്ട മറുപടി വായിച്ചു പുഞ്ചിരിച്ചുകൊണ്ട് ധ്വനി മറുപടി ടൈപ്പ് ചെയ്തു.
'ഓഹ് എന്റമ്മേ എല്ലാം ഞാൻ നോക്കിക്കോളാം. ഇതെത്രാമത്തെ തവണയാ ഒക്കേം ഓർമിപ്പിക്കണേ? ഞാൻ ഇറങ്ങുവാണുട്ടോ. കം സൂൺ..'
മറുപടി അയച്ച് കമ്പ്യൂട്ടർ ഷട്ട് ഡൌൺ ചെയ്ത് അന്നത്തെ ജോലികൾ തീർത്ത ആശ്വാസത്തിലും, മാസങ്ങൾക്കുശേഷം മാധവിന്റെ നാട്ടിലേക്ക് പോകുന്ന സന്തോഷത്തിലും ധ്വനി ഓഫീസിൽ നിന്ന് ഇറങ്ങി.
പുറംനാടുകളിൽ ജനിച്ചുവളർന്നിട്ടും മലയാളത്തോടുള്ള സ്നേഹം ഒന്നിപ്പിച്ച രണ്ടു യുവ ഐടി പ്രൊഫഷണലുകൾ ആണ് മാധവും ധ്വനിയും. തൊഴിൽസംബന്ധമായ ഒരു മീറ്റിങ്ങിൽവച്ചു കണ്ടുമുട്ടി സുഹൃത്തുക്കളായവർ. നാലു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായി കൊച്ചിയിൽ വന്നു സ്ഥിരതാമസമാക്കി, അവിടെ രണ്ടു കമ്പനികളിൽ ജോലിനോക്കുന്നു ഇരുവരും. കവിതകളെയും , യാത്രകളെയും, മഴയെയും, ഭക്ഷണത്തെയും, കാല്പനികതയെയും, തങ്ങളെയും, സുഹൃത്തുക്കളെയും മനംനിറഞ്ഞുചേർത്തുപിടിക്കുന്നവർ. രാജ്യാന്തര യാത്രകളും, സുഹൃദ്‌സംഗമങ്ങളും, ജോലിത്തിരക്കും മാറ്റിവച്ച് ഇടയ്ക്കവർ ഒരൊളിച്ചോട്ടം നടത്താറുള്ള സ്ഥലമാണ് മാധവിന്റെ പാലക്കാട്ടെ കൊച്ചുഗ്രാമം.
നേരത്തെയും വേഗവും എത്താനുള്ളതിനാൽ ധ്വനി കാറെടുത്ത് ഉച്ചതിരിഞ്ഞതും പുറപ്പെട്ടു. സന്ധ്യയ്ക്കുമുൻപേ വീട്ടിലെത്തിയ ധ്വനിയെയും കാത്തിരിക്കുന്നണ്ടായിരുന്നു മാധവ് പറഞ്ഞതുപോലെതന്നെ കുട്ടേട്ടനും തുളസിയേച്ചിയും. മാധവിന്റെ വീട്ടിലുള്ളവർക്ക് അത്യാവശ്യം അകത്തും തൊടിയിലും വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നത് ഇവരാണ്. മാധവിന്റെ കുടുംബം ഇന്നാട്ടിലുണ്ടായിരുന്ന കാലംതൊട്ടേ അവരുമായി അടുപ്പമുണ്ടായിരുന്നവർ. കുട്ടന്റേയും തുളസിയുടെയും കുട്ടിക്കാലവും അവരുടെ അച്ഛനമ്മമാരും മുത്തശ്ശിയുമെല്ലാം വീട്ടിൽ നിറഞ്ഞുനിന്നിരുന്ന ദിവസങ്ങളും, ഓണം - വിഷുക്കാലങ്ങളും അങ്ങനെ ഒരു നൂറു വിശേഷങ്ങളും എന്നും മാധവിന്റെ അച്ഛന്റെ പ്രിയപ്പെട്ട നാട്ടുവർത്തമാനങ്ങളാണ്.
"ആ... കുട്ടി എത്തിയോ. അപ്പൂട്ടൻ(മാധവ് നാട്ടിലെല്ലാവർക്കും അപ്പുവാണ്) കുറച്ചുമുമ്പുംകൂടെ വിളിച്ചതേയുള്ളൂ, കുട്ടി നേരത്തെ പുറപ്പെട്ടിട്ടുണ്ട്, ഉടനെ എത്തുംന്നുംപറഞ്ഞ്."
"വഴീലോക്കെ ബ്ലോക്കായിരുന്നു തുളസിയേച്ചി, സ്കൂളുവിടണ സമയോം പിന്നെ വെള്ളിയാഴ്‌ചേം, ഒന്നും പറയണ്ട തിരക്ക്!"
"നല്ല ക്ഷീണാണ്ടാവൂലോ കുട്ടിക്ക്, ദാ ഈ ശർക്കരക്കാപ്പി കുടിച്ചിട്ട് പോയൊന്ന് മുങ്ങിക്കുളിച്ചിട്ട് വന്നോളൂ. കുളപ്പുരയിൽ ഞാൻ ഒരൂട്ടം കൊണ്ട്‌വെച്ച്ണ്ട്. അപ്പൂട്ടൻ പ്രത്യേകം വിളിച്ചുപറഞ്ഞതാ."
ചേച്ചി തന്ന ചൂടു കാപ്പിയുംകുടിച്ച് ബാഗുകൾ കൊണ്ട് മുകൾനിലയിലെ അവരുടെ മുറിയിൽവെച്ച് തന്റെ പ്രിയപ്പെട്ട ചുവന്നകര മുണ്ടും നേര്യതും തുവർത്തുമെല്ലാമെടുത്ത് ധ്വനി കുളപ്പടവിലേക്കു നടന്നു. സമയം സന്ധ്യയാകാറായിരുന്നു.
കുഞ്ഞായിരുന്നപ്പോൾ, വീട്ടുമുറ്റത്തേക്കിട്ട ചാരുകസേരയിൽ തന്നെയും നെഞ്ചിൽകിടത്തി സന്ധ്യാസമയത്ത് ആകാശം നിറഞ്ഞുപറക്കുന്ന പക്ഷികളെക്കാണിച്ച് 'അവരൊക്കെ വീട്ടിൽപ്പൂവ്വാട്ടോ' എന്നു പറഞ്ഞുതരാറുള്ള ഉണ്ണിമാമയാണ് ധ്വനിയുടെ എറ്റവും പ്രിയപ്പെട്ട സന്ധ്യാ ഓർമ്മ.
എന്തിനെക്കുറിച്ചും ഗൃഹാതുരത്വം നിറഞ്ഞ ഒരോർമ്മയെങ്കിലും പറയാനുണ്ടാവും തനിക്കും മാധവിനും, തങ്ങളെ അടുപ്പിച്ചതിൽ അതൊരു പ്രധാന കാരണമായിരുന്നു, എന്നുമെല്ലാം ചിന്തിച്ചുകൊണ്ട് കുളത്തിലേക്ക് നടന്നെത്തി ധ്വനി.
കഴിഞ്ഞതവണ വന്നപ്പോൾ പായലുനിറഞ്ഞ് പടവുകളിളകിക്കിടന്ന കുളം ഇപ്പോൾ ഭംഗിയായി പടുത്തുവെച്ചിരിക്കുന്നു. തെളിഞ്ഞ ഇളംപച്ച നിറമുള്ള തണുത്തജലത്തിൽ കുറച്ചുനേരം കാലിട്ടിളക്കി കുളത്തിനുചുറ്റുമുള്ള മരങ്ങളെയും ആകാശവുംനോക്കി വെറുതെയിരുന്നപ്പോഴാണ് തുളസിയേച്ചി പറഞ്ഞിരുന്നകാര്യം അവൾക്ക് ഓർമവന്നത്. ഇത്തിരി കറ്റാർവാഴയും നെല്ലിക്കയും കറിവേപ്പിലയും കഞ്ഞുണ്ണിയും ഒക്കെയിട്ടു കാച്ചി അമ്മയുണ്ടാക്കി അയച്ചുതന്ന എണ്ണ അല്പമെടുത്ത് നീണ്ട മുടിയിഴകളിൽപുരട്ടി നെറുകയിൽ മസ്സാജ് ചെയ്തുകൊണ്ട് അവൾ കുളപ്പുരയിലെ കുഞ്ഞുമുറിയിൽ ചെന്നുനോക്കി.
അവിടെയതാ ഒരു വാഴയിലയിൽ നിറയെ കസ്തൂരിമഞ്ഞൾ അരച്ചുവച്ചിരിക്കുന്നു. എന്നോ ഏതോ ഓർമ്മകളിൽനിന്നെടുത്തുപറയുന്ന പൊട്ടും പൊടിയും കൂട്ടിവെച്ച് അപ്രതീക്ഷിതമായി അതു കണ്മുന്നിലെത്തിച്ചുതരുന്ന മാധവ് അവൾക്കെന്നും ഒരത്ഭുതമായിരുന്നു. അവനോളം സർപ്രൈസുകൾ കൊടുത്തു സന്തോഷിപ്പിക്കാൻ ധ്വനിക്കൊരിക്കലും കഴിഞ്ഞിരുന്നില്ല. തന്റെ എറ്റവും പ്രിയപ്പെട്ട മീറ്റിംഗ് ബൈപ്രൊഡക്ട് എന്നവൾ പകുതികളിയായും പകുതി കാര്യമായും വിളിക്കാറുണ്ടവനെ.
"ഞാനുംകൂടി കൂട്ടത്തിൽകൂടിയാൽ മാഡത്തിനതൊരു ബുദ്ധിമുട്ടാകുമോ?" പെട്ടന്നായിരുന്നു അവളുടെ തൊട്ടുപിറകിൽനിന്നും ആ ചോദ്യം.
"മാധവ്!! നീയിതെപ്പോവന്നു ?!? മീറ്റിംഗ് ഇത്രവേഗം കഴിഞ്ഞോ ? എന്നോടൊരു വാക്കു പറഞ്ഞിരുന്നെങ്കിൽ നമുക്കൊരുമിച്ചു വരാമായിരുന്നല്ലോ. ശ്ശൊ! ഞാനാണെങ്കി ഒറ്റയ്ക്കു ഡ്രൈവ് ചെയ്തു ബോറടിച്ചാ വന്നെ. നീയുണ്ടായിരുന്നെങ്കിൽ നിന്റെ പാട്ടൊക്കെകേട്ടു അതിലും വലുതൊന്നും വരാനില്ലാന്ന് വിചാരിച്ചു ഞാനിങ്ങു പറപ്പിച്ചെത്തിയേനെ"
"പോടീ ദുഷ്ടത്തി. എന്റെ ഭാര്യയെ ഒന്ന് സർപ്രൈസ് ചെയ്യാം, വയനാടൻ മലനിരകളിൽ നിന്നും കഷ്ടപ്പെട്ട് ഹാൻഡിപിക്ക് ചെയ്തെടുത്ത, ശ്ശെ കുഴിച്ചെടുത്തു കൊണ്ടുവന്ന കസ്തൂരിമഞ്ഞളൊക്കെക്കണ്ട് ഇമ്പ്രെസ്സ്ഡ് ആയിനിൽകുന്ന അവൾടെ കൈയിൽന്ന് ഒരു നല്ല ഉമ്മയോ ഹഗ്ഗോ ഒക്കെ കിട്ടുംന്ന്പറഞ്ഞു ഓടിവന്ന ഞാനിപ്പോ ആരായി !! മൂരാച്ചി! അവളൊന്നും തന്നില്ലാന്നുമാത്രമല്ല എന്നെ ബോറനെന്നുവരെ വിളിച്ചിരിക്കുന്നു!ഇത് ഈ മാധവ് സഹിക്കില്ല! ഞാൻ പോണു! ആ പാവം തുളസിയേച്ചിക്ക് മാത്രേ എന്നോട്സ്നേഹോള്ളൂ. എന്റെ ഇലയട വേവുന്ന മണംകൂടെ കേട്ടില്ലാന്നു നടിച്ച് ഇങ്ങോട്ടേയ്ക്കോടിവന്ന എനിക്കിതുതന്നെ വേണം!!!!”
"അയ്യയ്യോ ചൂടാവല്ലേ എന്റെ കുട്ടീ... ഞാനൊരു തമാശ പറഞ്ഞതല്ലേ.. എന്നോടുള്ള ഇഷ്ടം ഇങ്ങനെ ഇവിടെനിറഞ്ഞുകവിഞ്ഞുനിൽക്കാണെന്നു എനിക്കറിഞ്ഞൂടെ.." മാധവിന്റെ നെഞ്ചിൽ പതിയെ അടിച്ചുകൊണ്ടു ധ്വനിപറഞ്ഞുനിർത്തി. അതുപറയുമ്പോൾ അവളുടെ കണ്ണിലുണ്ടായ സ്നേഹത്തിന്റെ മിഴിനീർത്തിളക്കം മാത്രം മതിയായിരുന്നു അവന്. അവളെചേർത്തുപിടിച്ചു നെറ്റിയിലൊരുമ്മകൊടുത്തുകൊണ്ട് മുഖത്തും കയ്യിലും മഞ്ഞൾതേച്ചുകൊടുത്തു മാധവ്.
"എന്റെ ധ്വനിക്കുട്ടി ഒന്നൂടെ സുന്ദരിക്കുട്ടി ആവ്വ്വല്ലോ. ദേവീ! എന്നെ കാത്തോളണേ. ഇവളുടെ ഫാൻസിന്റെ ബഹളത്തിൽനിന്നും ഈയുള്ള പാവത്തിന്റെ പ്രണയത്തിനെ എന്നും ഒരു...അല്ല ഒരു പത്തുനൂറ് പടി മുകളിൽവെച്ചേക്കണേ!!"
പോടാ പോടാ..നിന്നെയൊക്കെ ഉണ്ടല്ലോ! എന്നുപറഞ്ഞു ചിരിച്ചുകൊണ്ട് പടവിലേക്കോടിപ്പോയി വെള്ളത്തിലേക്കൂളിയിട്ടു ധ്വനി. മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ്മനൽകിയ ഒരുമണിക്കൂർനീണ്ട ഒരസ്സൽ കുളിക്കുശേഷം രണ്ടുപേരും കരയ്ക്കുകയറിത്തുവർത്തി.
"ഇന്നും ചുവപ്പിലാണല്ലോ എന്റെ കുട്ടി. എനിക്ക് ഏറ്റോം ഇഷ്ടമുള്ള നിറം ആയോണ്ട് പറയല്ലട്ടോ, പക്ഷെ എന്റെധ്വനിക്ക് ചുവപ്പിൽ ഒരു പ്രത്യേ...ക ഭംഗിയാ. കാവിലെ ഭഗവതി എന്നൊക്കെ ആളോള് പറയണത്തില് കാര്യമില്ലാതില്ലാതില്ല മോളേ..!!!"
"നീ ഇന്നെന്നെ വല്ലാതെയങ്ങു സുഖിപ്പിക്കുന്നുണ്ട് കേട്ടോ മോനെ മാധവാ. എന്താ ഉദ്ദേശം?"
ദുരുദ്ദേശം ഒന്നുമില്ലെന്റെ ധ്വനിക്കുട്ടിയേ. വെറും പ്രേമം!! അത്രേള്ളൂ. അതുമാ...ത്രം! എന്നുപറഞ്ഞ് അവളുടെ നെറ്റിയിൽ തന്റെ നെട്ടിമുട്ടിച്ചു വലതുകൈ കൊണ്ട് ധ്വനിയെയും ചേർത്തുപിടിച്ചുകൊണ്ട് മാധവ് വീട്ടിലെത്തി.
'ആ എത്തിയോ! എനിക്കറിയായിരുന്നു കുളിതുടങ്ങിയാൽ രണ്ടാളും അത്രവേഗോന്നും കരയ്ക്കുകയറില്യാന്ന്. അടേടെ രണ്ടാമത്തെ എട് ഞാൻ ഇത്തിരി വൈകിയേ അടുപ്പത്തുകയറ്റീള്ളു. ദാ എടുത്തോണ്ട് വരണു. ഇരിക്കൂകുട്ട്യോളെ' എന്നും പറഞ്ഞു തുളസിയേച്ചി അടുക്കളയിലോട്ടുപോയി ഒരു പ്ലേറ്റിൽ ആവിപറക്കുന്ന ഇലയടയുംകൊണ്ട് തിരിച്ചെത്തി.
അതിങ്ങെത്തേണ്ടതാമസം പ്ലേറ്റോടെ മുന്നിലേക്കെടുത്തുവെച്ചു കഴിപ്പുതുടങ്ങി മാധവ്.
ആഹാ.. ഉം...എന്നൊക്കെയുള്ള സന്തോഷപ്രകടനങ്ങളും ആംഗ്യങ്ങളും കാണിച്ചുള്ള അവന്റെ ഭക്ഷണംകഴിക്കൽകാണേണ്ട കാഴ്ചയാണ്. ഉണ്ടാക്കിക്കൊടുക്കുന്നവരുടെ കണ്ണും മനസ്സും നിറയും. വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും മറ്റുള്ളവർക്ക് സന്തോഷം പകരാൻ ഒരു പ്രത്യേക കഴിവാണ് മാധവിന്. ചെന്നുകയറുന്നിടംമുഴുവൻ സ്വന്തമാക്കിമാറ്റുന്നൊരു മാജിക്.
അവന്റെ സുഹൃദ്‌വലയം ഒരിക്കലും പ്രതീക്ഷിക്കുന്ന വൃത്തത്തിനകത്തു നിൽക്കില്ല. ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരോടും ക്യാന്റീനിലേയും സെക്യൂരിറ്റിയിലെയും ഹൌസ്കീപ്പിംഗിലെയും ആളുകളോടും നാട്ടിലെയും കുടുംബത്തിലെയും സകല പ്രായക്കാരോടും ഉള്ള അവന്റെ സൗഹൃദങ്ങളും ഇടപെടലുകളും ധ്വനി എന്നും അഭിമാനത്തോടെയും സന്തോഷത്തോടെയും ഓർക്കാറുള്ളവയാണ്. എങ്ങനെയാണ് ഒരാൾക്കിങ്ങനെ എല്ലാവരുടെയും പ്രിയപ്പെട്ടവനാകാൻ കഴിയുക!
മാധവിന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം 'ഓർമ്മകൾ' ആണ്. അവിടെയാണവൻ ജീവിക്കുന്നത്. പഴയതും പുതിയതുമായ സംഭവങ്ങളെയും ആളുകളെയും രുചികളെയും അത്രമേൽ ചേർത്തുപിടിക്കുന്നൊരാൾ. എന്തൊരുകാര്യം പറഞ്ഞുതുടങ്ങിയാലും അതിനോടുകൂടാൻ അവനൊരു ഓര്മക്കാര്യം കാണും. സ്നേഹംനിറച്ചു വളർത്തിയെടുത്ത ഒരു കുഞ്ഞായതുകൊണ്ടാവും.
പുറംനാട്ടിലെ സ്കൂൾദിനങ്ങൾ എണ്ണി നാട്ടിലെത്താൻ കൊതിച്ചുകൊതിച്ചിരുന്നതും മുത്തച്ഛന്റെ സഹായിയായികൃഷിയിടത്തിലും വീട്ടിലും കുട്ടിക്കാരാണവർ ആയി വിലസിയ കാലവും ഒരു നൂറാവർത്തി പറഞ്ഞാലും മതിയാവില്ലവന്. മേമമാരുടെയും അമ്മാവന്റെയും കണ്ണിലുണ്ണിചെറുക്കൻ. പഠിപ്പിക്കാൻ വീട്ടിലെത്തുന്ന ആശാന്റെ കണ്ണുവെട്ടിച്ച് കട്ടിലിനടിയിൽ ഒളിച്ചിരുന്ന് പിടിക്കപ്പെടുമ്പോൾ വലിയവായിൽ കരയുന്ന കുസൃതി. കൂട്ടിക്കൊണ്ടുപോയി പൊറോട്ടയും ബീഫും കഴിപ്പിച്ച് അവസാനം വീട്ടിൽവന്നെല്ലാവരോടും പറഞ്ഞുകളിയാക്കിയതോർത്ത് അമ്മാവനോടിപ്പോഴും പരിഭവിക്കുന്ന, കയ്യില്ലാത്ത വെള്ളബനിയനും ട്രൗസറുമിട്ടാദിവസങ്ങളിൽത്തന്നെ ഓടിനടക്കുന്ന കുറച്ചൂടെ വളർന്ന ചെറുക്കൻ. മുത്തച്ഛന്റെ കൂടെ വലിയ ആളായിനടക്കാൻ അച്ഛനമ്മമാരുടെ അടുത്തുനിന്നും സോപ്പിടലുകൾനടത്തി അമ്മവീട്ടിലേക്കെത്തുന്ന പ്രിയപ്പെട്ട പേരക്കുട്ടി. തിരിച്ചു ട്രെയ്‌നിൽപ്പോകാൻനേരം കരഞ്ഞുകരഞ്ഞ് അമ്മയെയും കരയിച്ച് യാത്രമുഴുവനും അടുത്തവരവിന് ദിവസം നോക്കിവയ്ക്കുന്ന മുത്തച്ഛൻകുട്ടി. മുത്തച്ഛൻ എന്ന ഒറ്റ ശബ്ദത്തിൽ ഇന്നും എന്നും കണ്ണുനിറയുന്ന അദ്ദേഹത്തിന്റെ ജീവനുണ്ണി...
***************
ചുണ്ടിൽ മധുരം പുരളുന്നതറിഞ്ഞാണ് ധ്വനി ചിന്തകളിൽനിന്നുണർന്നത്. നോക്കുമ്പോ അട പൊട്ടിച്ചു തന്റെ വായിൽ വച്ചുതരികയാണ് മാധവ്."ദേ ഇനി രണ്ടെണ്ണംകൂടിയെ ബാക്കിയുള്ളു. വേണെങ്കി വേഗം കഴിച്ചോ. അവസാനം തുളസിയേച്ചിയോടു പോയി ഏഷണികൂട്ടാനാണെങ്കി ഉണ്ടല്ലോ!!!"
"ഉയ്യോ രണ്ടെണ്ണമോ!! മനുഷ്യന്മാർക്ക് ഇങ്ങനേം ഉണ്ടോ ഒരു കൊതി? അതും പത്തുമിനിറ്റോണ്ട് എട്ട് അട ഒക്കെ കഴിക്കുകാന്നു പറയുമ്പോ... ഞങ്ങടെ നാട്ടിലൊക്കെ ഇതിനു ആർത്തീന്നാ പറയുക!"
കിട്ടിയ തക്കത്തിന് ധ്വനി അവനെ നന്നായിട്ടൊന്നു വാരി.
'ഓ അതിപ്പോ ആർത്തിക്ക് എല്ലായിടത്തും അതുതന്നെയാ പറയാ. വേണെങ്കി കഴിച്ചിട്ടുപോയി കൈ കഴുകുപെണ്ണെ. പിന്നെ നടക്കാൻപോവുമ്പോ വിളിച്ചില്ലാ പറഞ്ഞില്ലാന്നൊന്നും പറഞ്ഞു വന്നേക്കരുത്' എന്നുപറഞ്ഞു മാധവ് എഴുന്നേൽകാനൊരുങ്ങി.
'പള്ളീൽപ്പോയി പറഞ്ഞാൽമതി. ഞാനൂണ്ട്. ഞാനും ഉണ്ടേ...' എന്ന് കൂവിവിളിച്ചുകൊണ്ട് ബാക്കിവന്ന അടക്കഷ്ണം വായിൽ കുത്തിക്കയറ്റിക്കൊണ്ട് ഓടി ധ്വനി.
"പതുക്കെ ഓടു നീ. ഞാൻ ഉമ്മറത്ത് കാണും."
മനോരാജ്യം തുടങ്ങിയാൽ പിന്നെ ഭൂമികുലുങ്ങിയാലും അറിയില്ല! മാധവ് ഊണുമുറിയിൽനിന്നു പുറത്തേക്കു നടക്കുമ്പോൾ ചിരിച്ചുകൊണ്ട് പിറുപിറുത്തു.
മാധവ് കുട്ടേട്ടന്റെയും തുളസിയേച്ചിയുടെയും കൂടെ നാട്ടുവർത്തമാനങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത് കേട്ടുകൊണ്ടാണ് ധ്വനി വന്നത്. ആഴ്ചയിലൊരിക്കൽ അവരെവിളിച്ച് ഒരു മണിക്കൂറെങ്കിലും സംസാരിക്കുമെങ്കിലും നേരിട്ടുകണ്ടാൽ ഇവിടുത്തെ കാക്കയുടെയും പൂച്ചയുടെയും വരെ വിശേഷങ്ങൾ അറിയാതെ അവരെ വിടില്ല കക്ഷി. വന്നുവന്ന് മാധവിന്റെ അച്ഛനോടും അമ്മയോടും ഉള്ളതിനേക്കാൾ അവർക്കടുപ്പം മകനോടായി.
'ആഹാ! കുട്ടി ടോർച്ചും കുടയുമൊക്കെയായി തയ്യാറായല്ലോ. വാ പോകാം എന്നാൽപ്പിന്നെ, വൈകിക്കണ്ട. ഭക്ഷണം ആവുമ്പോൾ അടച്ചുവെച്ച് വീട് പൂട്ടിയിറങ്ങിക്കോളൂട്ടോ ചേച്ചി. ഞങ്ങൾ കറക്കമൊക്കെ കഴിഞ്ഞുവരാൻവൈകും.' മാധവ് പറഞ്ഞു.
'മഴവരും പെട്ടന്നെത്തിയേക്കണംന്ന് പറയിണ്ല്യ. അത് ലക്ഷ്യംവെച്ചാണല്ലോ ഈ പോക്കുതന്നെ. പോയിട്ടുവാ.' ചിരിച്ചുകൊണ്ടവർ പറഞ്ഞു.
*****************
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങളാണ് മുറ്റത്തുനിന്ന് താഴേക്കുനീളുന്ന പടിക്കെട്ടുകൾക്കപ്പുറം. അങ്ങകലെ കല്ലടിക്കോടൻ മലനിരകളും ഇടയ്ക്കുള്ള തോടുകളും ചെറിയ പാറക്കെട്ടുകളുമൊക്കെയായി നല്ല ഭംഗിയാണ് കാണാൻ. കുറച്ചുനേരം നടന്നാൽ പാടത്തിനു നടുവിലായി ശിവപാർവ്വതിമാർ പ്രതിഷ്ഠയായിട്ടുള്ള ഒരു അമ്പലമുണ്ട്. അരികിലൊരു കുളവും. ആ ക്ഷേത്രപരിസരത്തുനിന്ന് ആകാശത്തുകണ്ടിട്ടുള്ള പൂർണ്ണചന്ദ്രനാണ് താൻ ജീവിതത്തിൽ ഇതുവരെ കണ്ടതിൽ വച്ചേറ്റവും മനോഹരമായകാഴ്ച എന്നാണ് മാധവ് പറയുക. പൗർണ്ണമിരാവിൽ അവിടെപ്പോയങ്ങനെ ഇളംകാറ്റേറ്റു നിൽക്കുമ്പോൾ നമുക്കുംതോന്നിപ്പോകുമത്.
"നീലരാവിലിന്നു നിന്റെ താരഹാരമിളകി
സോമബിംബ കാന്തിയിന്നു ശീതളാംഗമേകി
പാർവ്വതീപരിണയയാമമായ്
ആതിരേ ദേവാംഗനേ
കുളിരഴകിൽ ഗോരോചനമെഴുതാനാണയൂ..."
ശ്രുതിമധുരമായി പാടിക്കൊണ്ട് ധ്വനിയുടെ കൈ തന്റെ കൈയ്യിൽ കോർത്തുപിടിച്ചു മാധവ് ക്ഷേത്രത്തിനുവലംവച്ചു. ജോലിയുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിശേഷങ്ങളും തങ്ങളുടെ ഭാവിയും സ്വപ്നങ്ങളും ലോകകാര്യങ്ങളുമെല്ലാം സംസാരിച്ചുകൊണ്ട് കുറേനേരം അവിടെയിരുന്നും പാടവരമ്പത്തുകൂടെ നടന്നും അവർ മണിക്കൂറുകൾ ചിലവഴിച്ചു. ഒടുവിൽ മഴചാറിത്തുടങ്ങിയപ്പോൾ കൃഷിനോക്കുവാൻവേണ്ടി കെട്ടിവെച്ച ഏറുമാടങ്ങളിലൊന്നിലേക്കു കയറി കാലുകൾരണ്ടും മഴതൊടാൻവിട്ട് ഇനിയൊന്നും പരസ്പരംപറയാനില്ലാതെ മനസ്സുനിറഞ്ഞു രാത്രിമഴയുടെ ശബ്ദംമാത്രം ശ്രവിച്ചുകൊണ്ടവർ ഇരുന്നു.
***********
'നിനക്കോർമയുണ്ടോ മാധവ്, നമ്മൾ പരിചയപ്പെടുന്നത് ഒരു മഴക്കാലത്താണ്.' കുറേനേരം കഴിഞ്ഞപ്പോൾ മൗനംഭഞ്ജിച്ച് പതിഞ്ഞ സ്വരത്തിൽ ധ്വനി പറഞ്ഞുതുടങ്ങി. "ആദ്യമായി നമ്മളൊരുമിച്ച് ഭക്ഷണംകഴിക്കാൻ പുറത്തുപോയ അന്ന് ഇടിവെട്ടിപ്പെയ്ത ആ മഴയെ, ഫുഡ്‌കോർട്ടിന്റെ നാലാൾപ്പൊക്കമുള്ള ഗോപുരത്തിന്താഴെനിന്നു നോക്കിയപോലെ എനിക്കത്രയും നമ്മളെക്കുറിച്ചു പ്രിയപ്പെട്ടതായി ഒരു ദൃശ്യം വേറെയില്ല.
എന്തൊരു കാറ്റായിരുന്നു അന്ന് !
എന്നത്തേയുംപോലെ മറ്റുള്ളവർ മാറിനിൽക്കുമ്പോഴും ഞാൻ അടുത്തുപോയിനിന്നു കണ്ടാസ്വദിക്കാറുള്ള എന്റെ മഴക്കാലങ്ങളിലേക്ക് കൈകോർത്തുപിടിച്ച് ഇനിമുതൽ നീയുമുണ്ടാകണം എന്നെനിക്ക് വല്ലാതെ തോന്നിപ്പോയത് അന്നായിരുന്നു. എങ്ങനെയാ ഇനിയും പറയേണ്ടതെന്ന് അറിയില്ലെനിക്ക്. ചിത്രകാരിയല്ലാതിരുന്നിട്ടും ഒരായിരംതവണ കോറിവരച്ചിട്ടുണ്ട് ഞാൻ ആ രാത്രിയെയും മഴകണ്ട നമ്മളെയും. "
തിരിച്ചൊന്നും പറയാതെ തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടുകൂടി ധ്വനിയെ ചേർത്തുപിടിച്ചുകൊണ്ട് മാധവ്ചോദിച്ചു. 'നാളെ തിരുവാതിരയല്ലേ, അമ്പലത്തിൽ കഥകളിയും ഉണ്ടെന്നുകേട്ടു. പോവണ്ടേ നമുക്ക്?'
'പിന്നേ! വേണം, എത്രനാളായി ഒരു തിരുവാതിരയ്ക്ക് വീട്ടിലുണ്ടായിട്ട്. സ്കൂൾകാലം കഴിഞ്ഞിട്ട് പിന്നെ ഓർമയിൽപോലും ഇല്ല അങ്ങനെയൊരു സമയം. നല്ല ഭർത്താവിനെക്കിട്ടാൻ, നെടുമംഗല്യം ഉണ്ടാകുവാൻ എന്നതിനേക്കാളൊക്കെയുപരി തിരുവാതിരനോയമ്പ് ആ ഭക്ഷണങ്ങളുടെയും തിരുവാതിരക്കളിയുടെയും ഇഷ്ടംപോലെ മുറുക്കാൻകിട്ടുന്ന വെറ്റിലയുടെയും അണിഞ്ഞൊരുങ്ങി നടക്കുന്നതിന്റെയുംപേരിൽ ഇഷ്ടപ്പെടുന്ന വേറെയും ആളുകൾ ഉണ്ടാവുമായിരിക്കും..ല്ലേ?' എന്ന് ചോദിക്കുന്ന അവളുടെ മുഖഭാവംകണ്ട് മാധവിന് ചിരിയാണ് വന്നത്.
"ഓഹോ! ഇതിനാണപ്പോ 'നീർമാതളം പൂത്തകാലത്തെ'യും, 'ഒരു ദേശത്തിന്റെ കഥ'യിലെയും, 'അഗ്നിസാക്ഷി'യിലെയും ഒക്കെ തിരുവാതിരാഘോഷം കുട്ടി റിപ്പീറ്റടിച്ചു വായിക്കണേ! ഇതിനെപ്പറ്റിയൊക്കെ വർഷാവർഷം നീ ചോദിക്കുന്നതുംകേട്ട് കുട്ടിക്കാലത്ത് പുലർച്ചെ ചൂട്ടുംപിടിച്ച് കുളത്തിലേക്ക് തുടിച്ചുകുളിക്കാൻ ഓപ്പോൾമാർക്ക് കമ്പനിപോണ കാര്യൊക്കെ പറഞ്ഞുതന്ന എന്റച്ഛൻ ആരായി?!!!"
"ഹിഹി. അതൊക്കിങ്ങനെ കേൾക്കാൻ ഒരു രസമല്ലേ മോനേ..! ഇനി ഇതൊന്നും കൊണ്ടുപോയി കൊളുത്തിക്കൊടുത്ത് എൻ്റെ കഥയിൽ പാറ്റയിടരുത് കേട്ടോ?"
'ശരി ശരി വാ, നമുക്ക് പോവാം. മഴതോർന്നു.' മാധവ് ചർച്ചയാവസാനിപ്പിച്ചുകൊണ്ട് എഴുന്നേറ്റു. അല്ലാതെ ഇനിയും തുടർന്നുപോയാൽ അത് ആരോഗ്യത്തിനു ഭീഷണിയാണെന്ന് വിചാരിച്ചിട്ടൊന്നും അല്ല!
പാടവരമ്പത്തുമുഴുവൻ നല്ല വഴുക്കലുണ്ടായിരുന്നതുകൊണ്ട് സാവധാനം ആണവർ വീട്ടിലേക്കു നടന്നെത്തിയത്. വീട്ടുമുറ്റത്തെത്തിയതും നല്ല ഉഗ്രൻ വാസന അവരെ നേരെ മുല്ലപ്പന്തലിലേക്കു നയിച്ചു. കഴിഞ്ഞതവണത്തെ വരവിനു രണ്ടുപേരുംകൂടി വച്ചുപിടിപ്പിച്ചതാണ് പലതരത്തിലുള്ള ചെമ്പരത്തികളും റോസ്, കാശിത്തുമ്പ, കിഴക്കൻപനിനീർ, അരളി, ഒട്ടുമാവ്, ഇത്യാദികളടങ്ങിയ ഉദ്യാനവും, പ്രധാന ആകർഷണമായ മുല്ലപ്പന്തലും. പേരറിയാച്ചെടികൾ ചുറ്റിലും ഭംഗിയിൽ വെട്ടിനിരത്തിയ കിണറുമുണ്ട് ഒരരികത്ത്.
മുകൾഭാഗം ചില്ലുകൊണ്ടുമറച്ച പന്തലിനകത്ത് മനോഹരമായ കൊത്തുപണികളുള്ള ഒരു മരയൂഞ്ഞാലും വച്ചിട്ടുണ്ട് ധ്വനി. നിലാവുകണ്ടുകൊണ്ട് കിടക്കാനാണത്രെ. ആളുടെ വായനാ/എഴുത്തുപുര എന്നുവേണമെങ്കിലും ചുരുക്കിവിളിക്കാം അതിനെ. 'ഒടുക്കത്തെ പോസിറ്റിവിറ്റി തരുന്ന സ്ഥലം' എന്നൊരു ബോർഡും വച്ചിട്ടുണ്ട് കക്ഷി.
ആ പിന്നെ, പാട്ടുകേൾക്കാൻവേണ്ടി മൊബൈൽഫോണോ റേഡിയോയോ അങ്ങനെയൊന്നും ഇവിടേയ്ക്ക്കൊണ്ടുപോകാറില്ല. അതിനുപകരമാണല്ലോ നമ്മുടെ കഥാനായകൻ ഉള്ളത്. ആൾക്കാണെങ്കിൽ അതിനകത്തുകയറിയാൽ പിന്നെ ഭോജരാജാവിന്റെ കഥയിലെ ബ്രാഹ്മണനെപ്പോലെയാണ്. സ്വിച്ചിട്ടപോലെപാട്ടുവരും!
'അധരം മധുരം മകരന്ദഭരം
കോമളകേശം ഘനസംഗാശം
മൗനാചരണം മതിയിനി സുമുഖേ
അണയൂ സഖി നീ കുവലയനയനേ
സാമാനസഞ്ചാരിണീ
സരസീരുഹ മധുവാദിനീ..."
...................................................
...................................................
...................................................
....................................................
കാവടിയാടുമീ കൺതടവും
നിൻറെ കസ്തൂരിചോരുമീ കവിളിണയും
മാറിലെ മാലേയ മധുചന്ദ്രനും
നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി
താമരപ്പൂവിരൽ നീ തൊടുമ്പോൾ
തരളമെൻ സ്വപ്നവും തനിത്തങ്കമായ്...'
അങ്ങനെയൊരുനൂറുപാട്ടുകളുടെ വരികളിലൂടെ നീങ്ങിനീങ്ങി ആ രാത്രിയും പുലർന്നിരുന്നു.
************
നേരം വെളുത്തുതുടങ്ങി, എനിക്ക് തിരുവാതിര കുളിച്ച് അമ്പലത്തിൽപ്പോണം എന്നും പറഞ്ഞ് വേഗം തിരിച്ചുവീടെത്തി ഒരുങ്ങാൻകയറിയ ധ്വനിയെയും കാത്ത് കുളിച്ചു റെഡി ആയി ഉമ്മറത്തെ തൂണുംചാരിയിരിപ്പാണ് മാധവ്. പച്ചയും സ്വർണ്ണനിറവും ഇടകലർന്ന കരയുള്ള മുണ്ടും നേര്യതും ഉടുത്ത് നാഗപട മാലയും അണിഞ്ഞുവന്ന ധ്വനിയെ നോക്കിയിരിക്കവേ അവൾതന്നെ പണ്ടെഴുതിയ വരികൾ ആണ് മാധവ്നു ഓർമവന്നത്.
‘നിർമ്മാല്യം തൊഴണം,
ആ പൂമേനിയിൽ ചാർത്തിയൊരു മാലയെനിക്കുതരുമെങ്കിൽ...
വെണ്ണനിവേദ്യം കഴിപ്പിക്കണം,
ഒരു കുഞ്ഞായിമാറി ഒറ്റയിരിപ്പിനു പഞ്ചസാരപ്രസാദംകൂട്ടി കഴിക്കാനാവുമെങ്കിൽ...
കളഭം വാങ്ങണം,
നിന്റെ തണുത്ത നെറ്റിയിൽ ഗോപിക്കുറി ചാർത്താനാവുമെങ്കിൽ...
അടിപ്രദക്ഷിണം ചെയ്യണം,
ചാറ്റൽമഴയുണ്ടാവുമെങ്കിൽ...
കൃഷ്ണനാട്ടം കാണണം,
ഉണ്ണിക്കണ്ണൻ ഇടയിലൂടോടിക്കളിക്കുമെങ്കിൽ...
കാൽകഴയ്ക്കുവോളം അമ്പലത്തിനകം നടക്കണം,
കൈപിടിച്ച് കൂടെ നീയുണ്ടെങ്കിൽ...
മുല്ലപ്പൂ വാങ്ങണം,
നീൾമുടിയെ നീയണിയിക്കുമെങ്കിൽ...
അതികാലേ മഞ്ഞുകൊള്ളണം,
പാർത്ഥസാരഥിയെക്കാണാൻ പോരുമെങ്കിൽ...'
"അതേയ്, അപ്പോ ഞാൻ മാത്രം അല്ല ഇവിടെ കണ്ണുതുറന്നിരുന്നു സ്വപ്നം കാണുന്നത്. ഇതൊന്നു നേരിട്ടുകാണാൻ ഇന്നുതന്നെ അവസരം തന്ന ദൈവമേ നീ വലിയവനാണ്!"
ധ്വനിയുടെ കളിയാക്കൽ കേട്ട് ചിന്തകളിൽനിന്നുണർന്ന മാധവ് അവളുടെ തലയ്ക്കൊരു കിഴുക്കുംകൊടുത്ത് അസ്സലായിട്ടുണ്ടെന്ന് കൈകൊണ്ട് ആംഗ്യംകാണിച്ച് അവളെയുംകൂട്ടി അവരിന്നലെപ്പോയ പാടത്തിനു നടുവിലെ അമ്പലത്തിലേക്ക് നടന്നു. തിരുവാതിരയായതു കൊണ്ട് അവിടെയിന്ന് വിശേഷമായിരുന്നു. പരിചയക്കാർ ഒരുപാടുപേരെ കണ്ടും സംസാരിച്ചും കുറച്ചുനേരം അവരവിടെ ചിലവഴിച്ചു. തിരിച്ചുവന്നു തുളസിയേച്ചിയുടെ തിരുവാതിര സ്‌പെഷ്യൽ റവ ഉപ്പുമാവും, പഴവും, കൂവ വിരകിയതും കഴിച്ച് കുട്ടേട്ടൻ വെട്ടിക്കൊടുത്ത ഇളനീരുംകുടിച്ചുകഴിഞ്ഞപ്പോഴേ ധ്വനിയുടെ തിരുവാതിരയുടെ പ്രധാന ലക്‌ഷ്യം നിറവേറി!
*****
തുളസിയേച്ചി ഉച്ചഭക്ഷണം ശെരിയാക്കുന്നതുവരെ മുകളിലെ വായനാമുറിയിൽ പഴയ ആൽബങ്ങളും പുസ്തകങ്ങളും നോക്കിക്കൊണ്ടിരിപ്പായിരുന്നു മാധവും ധ്വനിയും. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന, കാണാൻകൗതുകമുള്ള ചില പാത്രങ്ങളും, പെട്ടകം മുതലായ സാധനങ്ങളുമൊക്കെ ഭംഗിയായി ആ മുറിയിലവർ സൂക്ഷിക്കുന്നും ഉണ്ട്. മാധവിന്റെ മുത്തശ്ശിക്ക് എംബ്രോയ്ഡറിയിൽ വലിയ കമ്പമായിരുന്നു. ഒഴിവുസമയങ്ങളിൽ മുത്തശ്ശി വെള്ള പരുത്തിത്തുണിയിൽ പല നിറങ്ങളുള്ള നൂലുകളാൽ ചെയ്ത പല തുന്നൽപ്പണികളും പിന്നീട് വീട്ടിലെ തലയിണകളുടെ കവർ ആയും മേശവിരികളായും പരിണമിച്ചിരുന്നു. തറവാട്ടിൽ സ്ഥിരമായി ആരും നിൽക്കാത്തതിനാൽ അവയെല്ലാം ഇപ്പൊ വായനാമുറിയിലെ പെട്ടകങ്ങളൊന്നിൽ നിധിപോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് മാധവ്. ധ്വനിയുടെ തറവാട് വർഷങ്ങൾക്കുമുമ്പേ വിറ്റ് മാതാപിതാക്കളും അവരുടെ സഹോദരങ്ങളും മക്കളുമെല്ലാം ലോകത്തിന്റെ പലഭാഗങ്ങളിൽ താമസമാക്കിയതുകൊണ്ട് മാധവിന്റെ തറവാടിനോട് ഒരു പൊടിക്ക് ഇഷ്ടം കൂടുതലുണ്ട് ധ്വനിക്ക്. അതുകൊണ്ടുതന്നെ രണ്ടുപേരുടെയും കുട്ടിക്കാലത്തെ പ്രിയപ്പെട്ട സാധനങ്ങളും ഈ വായനാമുറിയിൽത്തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.
പണ്ടത്തെ ആൽബങ്ങളിലൂടെ കണ്ണോടിക്കുമ്പോഴാണ് ധ്വനി, അവളുടെ കളിക്കൂട്ടുകാരുമൊത്ത് ഒരു വീടിന്റെമുന്നിൽ നിൽക്കുന്ന ഫോട്ടോ കണ്ടത്. ഫോട്ടോയുടെ ഒരറ്റത്ത് വലിയ പശുത്തൊഴുത്തും അതിലെ പൈക്കളെയുംകാണാം. പെട്ടന്ന് ധ്വനി മാധവിനോട് ചോദിച്ചു. 'നിനക്ക് ഈ ഫോട്ടോയിൽ ഉള്ളവരെ അറിയാം, പക്ഷെ ഈ സ്ഥലത്തെപ്പറ്റി ഞാൻ ഒന്നും പറഞ്ഞിട്ടില്ലാന്ന് തോന്നുന്നു അല്ലേ?' ആ ഫോട്ടോ കുറച്ചുനേരം സൂക്ഷിച്ചുനോക്കിയിട്ട് ശെരിയാണ് എന്ന ഭാവത്തോടെ ഇരിക്കുന്ന മാധവിനോട് ധ്വനി പറഞ്ഞുതുടങ്ങി. 'ഇതാണ് നന്ദിനിച്ചേച്ചിയുടെ വീട്. ചെറുപ്പത്തിൽ ഞാൻ ഒരുപാട് കളിക്കാൻപോകാറുണ്ടായിരുന്ന സ്ഥലം ആണ്. നീ ദാ നമ്മൾ അവിടെ മഞ്ചാടിക്കുരു നിറച്ചുവെച്ചിരിക്കുന്ന ലോട്ട കണ്ടോ? അതു പണ്ടുപയോഗിച്ചിരുന്നത് ചേച്ചിയുടെ വീട്ടിൽനിന്ന് പാലുവാങ്ങിവരാൻ ആയിരുന്നു.
വെക്കേഷന് നാട്ടിൽവരുമ്പോൾ ഞാനായിരുന്നു സ്ഥിരം മേമയുടെ കൂടെ പാൽ വാങ്ങാൻ നന്ദിനിച്ചേച്ചീടെ വീട്ടിൽപോവാറുണ്ടായിരുന്നത്.
എന്നും വൈകീട്ടൊരു മൂന്നുമൂന്നരയാവുമ്പോ ഞങ്ങൾ പോവും.
നിറയെ പശുക്കളുള്ള അവരുടെ വീട്ടിലേക്ക് പോവാൻതന്നെ ഭയങ്കര ആവേശമായിരുന്നു എനിക്ക്. വൈക്കോൽകൂനയിൽനിന്ന് ഇത്തിരി വയ്ക്കോലെടുത്ത് പേടിച്ചുപേടിച്ചു തൊഴുത്തിന്റെ മുന്നിൽച്ചെന്നു പൈക്കൾക്കുനീട്ടും ഞാൻ.
അവരതിന്റെ മറ്റേയറ്റത്തു കടിച്ചാൽപ്പിന്നെ ശക്തിയിൽവലിച്ച് ഒറ്റയടിക്കങ്ങു ശാപ്പിടും!
അതിനുമുൻപേ വേഗം കൈ മാറ്റിക്കോണം.
ചാണകം കൊണ്ടിടുന്ന ഒരു വലിയ കുഴിയുണ്ടവിടെ. മാടന്റെ അടുത്തു ഒടിവിദ്യ പഠിക്കാൻപോയ ശിഷ്യനെക്കൊണ്ട് പുഴുക്കൾനിറഞ്ഞ ചാണകവെള്ളം കുടിപ്പിച്ച ഐതിഹ്യമാലയിലെ കഥയാണ് എനിക്കതുകാണുമ്പോൾ എപ്പോഴും ഓർമ്മവരിക.
പൈക്കൾ അധികവും തൊഴുത്തിനകത്തായിരിക്കും. ഇടയ്ക്ക് പൈക്കിടാവോ അമ്മപ്പശുവോ പുറത്തുമരക്കുറ്റിയിൽകെട്ടിയ നിലയ്‌ക്കോ അല്ലെങ്കിൽ അഴിച്ചുവിട്ടിരിക്കുകയോ ആവും. അപ്പോഴാ എറ്റവും പേടി. നന്ദിനിച്ചേച്ചി കയറിന്റെ ഒരറ്റംപിടിച്ച് പൈക്കളെ മാറ്റിത്തന്നാലും അപ്പുറത്തേക്ക് കടന്നുകിട്ടുന്നതുവരെ സമാധാനമുണ്ടാവില്ല. ഒരിക്കലിങ്ങനെ കടക്കുന്നതിനിടയിൽ മൂക്കിനകത്ത് ഈച്ചപോയിട്ട് പാവം പയ്യൊന്നു തുമ്മി. ഒറ്റച്ചാട്ടത്തിനാ ഞാൻ അപ്പുറത്തെത്തിയേ! ദൂരെനിന്നു കണ്ടുരസിക്കാനായിരുന്നു എനിക്കെന്നും ഇഷ്ടം.
ഞങ്ങളോട് വർത്തമാനം പറഞ്ഞുകൊണ്ടുതന്നെ വേഗം അപ്പോൾക്കറന്ന ആ ഇളംചൂടുള്ള പാൽ ലോട്ടയിലോ തൂക്കുപാത്രത്തിലോ ആക്കിത്തരും ചേച്ചി. പിന്നെ അതു തുളുമ്പിപ്പോവാതെ വീട്ടിലെത്തിക്കാനുള്ള തത്രപ്പാടാണ്.
അതൊക്കെക്കഴിഞ്ഞിട്ടിപ്പോൾ വര്ഷങ്ങളെത്രയോ ആയി. ആ വീട്ടിലിപ്പോ ഏറെക്കുറെ ആളില്ലാതെയായി. തൊഴുത്തിലും തിരക്കൊഴിഞ്ഞു. ഈ ഫോട്ടോയിൽക്കാണുന്ന നമ്മുടെ സിദ്ധിന്റേം പാപ്പൂന്റേം അമ്മാവന്റെ ക്യാമറയിൽ എടുത്ത ഫോട്ടോ ആണിത്. ഒരു വേനലവധിക്ക് അവരെല്ലാവരും വന്നപ്പോ എടുത്തത്.' ആവേശത്തോടെ ധ്വനി പറഞ്ഞുനിർത്തി. അപ്പോഴേക്കും ഉച്ചഭക്ഷണത്തിനായി തുളസിയേച്ചിയുടെ വിളിയുംവന്നിരുന്നു.
'കഥകേട്ട് മനസ്സുനിറഞ്ഞു, ഇനി ഭക്ഷണംകഴിച്ച് വയറുനിറയ്ക്കാം'. മാധവിന്റെ വാക്കുകൾകേട്ട് ധ്വനി ചിരിച്ചുകൊണ്ട് അവന്റെകൂടെ താഴേക്കുപോയി.
എട്ടങ്ങാടി അഥവാ അസ്സൽ തിരുവാതിരപ്പുഴുക്ക് ഉണ്ടാക്കിവെച്ചിരുന്നു തുളസിയേച്ചി. അതും സൂചിഗോതമ്പ് കഞ്ഞിയും കൂട്ടി ഒരു പിടിപിടിച്ചു വിശദമായി വെറ്റിലയും മുറുക്കി രണ്ടാളും. മാധവിനില്ലാത്ത ശീലമായിരുന്നു മുറുക്ക്. ധ്വനിക്കാണെങ്കിൽ അത് അമ്മമ്മയുടെ ഓർമ്മയും. പുകയില ഉപയോഗിക്കാതെ വെറ്റിലയും പാക്കറ്റിൽകിട്ടുന്ന അടക്കയും ഒരിത്തിരി ചുണ്ണാമ്പുംകൂട്ടിയുള്ള മുറുക്ക് ധ്വനിയുടെ ഇഷ്ടപ്പെട്ട പരിപാടിയാണ്. ആണ്ടിലും അമാവാസിക്കും ഇതുപോലെ ഉള്ള ഏതെങ്കിലും അവസരങ്ങളിലോ, കല്യാണങ്ങൾക്കോ ചെയ്യുമെന്നേയുള്ളു എന്നുമാത്രം. മാധവും ഒരു ഓളത്തിനങ്ങു കൂടെക്കൂടും ഇപ്പോൾ.
ഇന്നുംകൂടെയേ മാധവും ധ്വനിയും തറവാട്ടിലുണ്ടാകൂ. നാളെ ഉച്ചകഴിഞ്ഞ് കൊച്ചിയിലേക്ക് തിരിച്ചുപോകും. ഇന്ന് രാത്രിയിലത്തെ കഥകളിയാണ് ഈ വരവിലെ അവരുടെ അവസാനത്തെ കലാപരിപാടി. തലേന്ന് ഒരിത്തിരിപോലും ഉറങ്ങിയിട്ടില്ലാത്തതുകൊണ്ട് രണ്ടുപേർക്കും ഉറക്കം വരുന്നുണ്ടായിരുന്നു. അതുകൊണ്ട് 'വെറ്റിലമുറുക്കു കഴിഞ്ഞാലൊരു ഉച്ചയുറക്കം. അതെനിക്ക് നിർബന്ധാ!'ന്നും പറഞ്ഞുകൊണ്ട് രണ്ടാളുകൂടെപോയി നല്ലൊരുറക്കം അങ്ങുറങ്ങി!!!
******
എഴുന്നേറ്റപ്പോൾ വൈകീട്ട് ഏഴുമണിയായെങ്കിലും രണ്ടുപേരും ഉഷാറായിരുന്നു. കുളിച്ചു റെഡിയായി അത്താഴവുംകഴിച്ച് അവർ വീണ്ടും അമ്പലത്തിലേക്ക് നടന്നു. പണ്ടുകാലങ്ങളിലൊക്കെ ഇവിടങ്ങളിൽ തിരുവാതിരനാൾ പുലരുവോളം കൈകൊട്ടിക്കളി അഥവാ തിരുവാതിരക്കളി ഉണ്ടാകുമായിരുന്നു. ചുറ്റുപാടുമുള്ള വീടുകളിലെ സ്ത്രീകളും പെൺകുട്ടികളും വലിയ മുറ്റങ്ങളുള്ള തറവാടുകളിൽ ഒത്തുകൂടിയിരുന്നു. കാലംകടന്നുപോകെ എല്ലാം കുറഞ്ഞുവന്നു. ഇപ്പോൾ ചിലയിടത്ത് അമ്പലങ്ങളിൽ അല്ലെങ്കിൽ സാംസ്കാരികകേന്ദ്രങ്ങളിൽ തിരുവാതിര ആഘോഷങ്ങൾ നടക്കുന്നുണ്ട്. ധ്വനിയും മാധവും അമ്പലത്തിലെത്തിയതും തിരുവാതിരക്കളി തുടങ്ങി. പണ്ടത്തെ കലോത്സവ ഓർമ്മകൾ അയവിറക്കി വിടർന്ന കണ്ണുകളോടെ എല്ലാംകാണുന്ന ധ്വനിയെ മാധവ് ഒരു ചിരിയോടെ നോക്കി. ഇപ്പോഴും ഓഫീസിൽ ഓണാഘോഷം ഉണ്ടെങ്കിൽ തിരുവാതിര കളിക്കാനുള്ള ഒരവസരവും പാഴാക്കാറില്ല കക്ഷി.
ഇന്ന് കഥകളിയുണ്ടെന്നറിയിക്കാൻ സന്ധ്യയ്ക്കുമുന്പേ കേളികൊട്ടുണ്ടായിരുന്ന്നെങ്കിലും ഉറങ്ങിപ്പോയതുകൊണ്ട് ധ്വനിയും മാധവും അതു കേട്ടില്ലായിരുന്നു. തിരുവാതിരക്കളി കഴിഞ്ഞ് അല്പംകഴിഞ്ഞതും അരങ്ങുകേളി തുടങ്ങി. പാർവ്വതീപരിണയം തന്നെയായിരുന്നു ഇന്നത്തെ കഥ. കഥകളിയുടെയും മറ്റു ക്ഷേത്രകലകളുടെയും കടുംനിറങ്ങളോടും നിലവിളക്കിന്റെ വെളിച്ചത്തോടും ധ്വനിക്ക് ഭയങ്കര അഭിനിവേശമാണ്. ഫോട്ടോഗ്രാഫിയിൽ ചെറിയ താല്പര്യമുള്ളതുകൊണ്ട് ഇത്തരത്തിലുള്ള ചിത്രങ്ങളുടെ ഒരു ശേഖരംതന്നെയുണ്ട് ആൾക്ക്.
പുലരുവോളം കളി കണ്ടും ഇടയ്ക്ക് നാട്ടിലെ പ്രിയപ്പെട്ടവരോട് പരിചയം പുതുക്കിയും നിറഞ്ഞ നിലാവുള്ള ആ തിരുവാതിര രാത്രിയും അവർ അവരുടെ പ്രിയപ്പെട്ട ദിവസങ്ങളിലൊന്നാക്കിമാറ്റി...
******
കഥകളി കഴിഞ്ഞ് തിരിച്ചെത്തി നേരെ ഉറങ്ങാൻപോയ രണ്ടാളും ഉച്ചക്ക് 12 മണിക്കാണ് പിന്നെയുണർന്നത്. തിരിച്ചുപോകുമ്പോൾ വാഹനമോടിക്കേണ്ടതായതുകൊണ്ട് തുളസിയേച്ചി അവരെ വിളിച്ചുണർത്താനുംപോയില്ല.
'എന്തായാലും ഇത്തവണത്തെ വരവ് എന്നത്തേക്കാളും ഭംഗിയായി. കൃത്യമായി ശനിയാഴ്ചതന്നെ തിരുവാതിരവരാനും, കഥകളി കഴിഞ്ഞ് ഞായറാഴ്ച റസ്റ്റ് എടുക്കാനും, തിരിച്ച് ഡ്രൈവ് ചെയ്തുപോകാനും എല്ലാം നല്ല പാകം!' മാധവും ധ്വനിയും മുകളിൽനിന്നും ഇതും പറഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് കേട്ടുകൊണ്ട് ഉച്ചഭക്ഷണം മേശയിൽ നിരത്തിവയ്ക്കുകയായിരുന്നു തുളസിയേച്ചി.
'ശെരിയാണ് ട്ടോ. ഞാനും അതന്നെ ആലോചിച്ചേയുള്ളു ഇപ്പൊ. ഇപ്രാവശ്യം എല്ലാംകൊണ്ടും നന്നായി. ദാ കഴിക്കാനിരുന്നോളു. പുഴമീൻ കിട്ടീണ്ട് ഇന്ന്. വറക്കേം ചെയ്തു കൂട്ടാനുംണ്ടാക്കി. വായോ'
അവർ പറഞ്ഞു.
ആനന്ദലബ്ധിക്കിനി എന്തുവേണം!! മാധവും ധ്വനിയും വയറു പൊട്ടുന്നതുവരെ കഴിച്ചു. ചേച്ചിയും കുട്ടേട്ടനുംകൂടെ കൂടിയപ്പോൾ പിന്നെ പറയുകേംവേണ്ട.
കഴിച്ചുകഴിഞ്ഞ് രണ്ടുപേരും ഇറങ്ങാൻ തയ്യാറായി താഴേക്കുവന്നു. എന്നത്തേയുംപോലെ അന്നും മാധവിന് നൂറായിരം കാര്യങ്ങളുണ്ടായിരുന്നു പറഞ്ഞേൽപ്പിക്കാൻ. എല്ലാതവണയും കേൾക്കുന്നതായിട്ടും തുളസിയേച്ചിയും കുട്ടേട്ടനും എല്ലാറ്റിനും ചിരിയോടെ മറുപടിയും കൊടുക്കുന്നുണ്ട്. പറയുന്ന മാധവിനും സന്തോഷം, കേൾക്കുന്ന അവർക്കും സന്തോഷം.
കാരണം, അടുത്തതവണയും ഒരുപിടി അവധി ദിവസങ്ങളിൽ കുറെയേറെ നൽനിമിഷങ്ങൾ സമ്മാനിയ്ക്കാൻ
അവരുടെ മാധവും ധ്വനിയും ഇവിടേക്കോടിവരുമെന്ന് അവർക്കെല്ലാവർക്കുമറിയാം.