Skip to main content

ഞാനും സ്റ്റാപ്ലറും പിന്നെ ഓണക്കോടിയും

Onakkurippu 6

Entry No:006

Binu Monippally [M Squared Software & Services (p) Ltd.]

"എടാ ....കുഞ്ഞുമണീ ....ഒന്ന് വേഗം വാന്ന് ....."

അച്ഛമ്മ തിടുക്കം കൂട്ടി. പാതയോരത്തെ കാട്ടുപടർപ്പിൽ ചാടുന്ന ഓന്തുകളെയും നോക്കി നടക്കുമ്പോൾ, ഇടയ്ക്ക് പുറകിലായിപ്പോകുന്ന എന്നോടാണ് .....

"ഇപ്പം ..തിരക്കായിട്ടുണ്ടാകും .. വേഗം വാന്നേ ..."

എനിയ്ക്ക് ഓണക്കോടി എടുക്കാനുള്ള പോക്കിലാണ് ഞങ്ങൾ. പിന്നെ, റേഷനും വാങ്ങണം. ഇത്തിരി തേങ്ങായുള്ളത് വിറ്റതിന്റെ പൈസ കിട്ടിയത്, ഇന്ന് രാവിലെയാണ്.

തോട്ടം പാപ്പൻ ചേട്ടന്റെ കടയിലേയ്ക്കാണ് നടന്നുള്ള ഞങ്ങളുടെ ഈ യാത്ര.

"ദൈവാധീനം ..ഇന്ന് വലിയ തിരക്കായിട്ടില്ല...."

അല്ല, നാളെയല്ലേ ഓണം. എല്ലാവരും നേരത്തെ തന്നെ ഓണക്കോടിയൊക്കെ എടുത്തിട്ടുണ്ടാകും.

ഒറ്റമുറിക്കടയാണ്. അവിടെ സെയിൽസ്മാനും, കാഷ്യറും, മുതലാളിയും ഒക്കെ ഒരാളാണ്. ഒരേയൊരു തോട്ടം പാപ്പൻ.

"..ആഹ് ...ഇതാരാ ... കൊറേ ആയല്ലോ കണ്ടിട്ട് ..." പുള്ളിക്കാരൻ അച്ഛമ്മയോട് പരിചയം പുതുക്കി.

ആ കടയിൽ കേറിയാൽ പിന്നെ എന്റെ കണ്ണുകൾ, അവിടെ ഒരു ചരടിൽ തൂക്കിയിട്ടിരിയ്ക്കുന്ന ഒരു ചെറിയ യന്ത്രത്തിൽ ആണ് കേട്ടോ. വലുതാകുമ്പോൾ അതൊരെണ്ണം സ്വന്തമാക്കണം എന്നതായിരുന്നു അന്നത്തെ എന്റെ ആ കുഞ്ഞുമനസിലെ വല്യ ആഗ്രഹം.

വേറെ ഒന്നും അല്ലന്നേ .. നമ്മടെ സ്റ്റാപ്ലർ ഇല്ലേ? അത് തന്നെ. എടുത്ത തുണിയൊക്കെ, ഒരു ബ്രൗൺ കൂട്ടിനുള്ളിലാക്കി, പിന്നെ അതിന്റെ അരികുകൾ മടക്കിയതിനു ശേഷം, ചരടിലെ ഈ യന്ത്രം എടുത്ത്, അവിടെയും ഇവിടെയും ഒക്കെയായി 'ടിക്....ടിക്' എന്ന് അടിയ്ക്കുന്നത്, ഞാൻ ഇങ്ങനെ കണ്ണും മിഴിച്ച് നോക്കി നിൽക്കും.

പാക്കറ്റ് എന്റെ കയ്യിൽ കിട്ടുമ്പോൾ, തിരിച്ചും മറിച്ചും നോക്കും. "ശ്ശെടാ ഇതെങ്ങിനെയാണീ ഈ ചെറ്യേ കമ്പിക്കഷ്ണം ആ യന്ത്രത്തിനകത്തു വന്നത് ..?" എന്ന മട്ടിൽ.

ആ... അത് പോട്ടെ ....

ഞങ്ങൾ ഒന്നും പറയാതെ തന്നെ പാപ്പൻ ചേട്ടനറിയാം, ഈ വരവ് ഓണക്കോടിയ്ക്കു വേണ്ടിയാണെന്ന്.

അന്നൊക്കെ എനിയ്ക്കു കിട്ടിയിരുന്ന ഓണമുണ്ട് ഇപ്പോഴും ഓർമ്മയിൽ ഉണ്ട്. നിറയെ പൂക്കളുള്ള, കടുംനിറങ്ങളുള്ള കുഞ്ഞുമുണ്ട്. ശരിയ്ക്കും അത് മുണ്ടായിരുന്നില്ല. പിന്നെയോ? അന്നൊക്കെ മുതിർന്ന പെൺകുട്ടികൾ പാവാടയാണ് ധരിച്ചിരുന്നത്. അവരുടെ ആ പാവാട തുണിയുടെ ഒരു കഷ്ണം ആണ് മുണ്ടായി, ഞങ്ങൾ ചെറിയ ആൺകുട്ടികൾക്ക് മുറിയ്ക്കാറുള്ളത്.

നല്ല കളർഫുൾ ആയ ഒരെണ്ണം മുറിച്ച്, പിന്നെ, അത് ചുരുട്ടിയെടുത്ത് പാപ്പൻ ചേട്ടൻ ഒരേറാണ്. തയ്യൽക്കാരന്റെ നേർക്കാണ്. നിത്യാഭ്യാസം ആയതു കൊണ്ടു തന്നെ, അനായാസം രാജപ്പൻ ചേട്ടൻ അത് പിടിച്ചെടുക്കും.

മുണ്ടിന്റെ രണ്ട് അരികുകളും മടക്കി അടിയ്ക്കാനാണ്.

ഈ സമയം, എന്നെ അവിടെ നിർത്തി അച്ഛമ്മ റേഷൻ കടയിലേക്കു പോയിട്ടുണ്ടാകും.

ശനിയാഴ്ച ആണെങ്കിൽ, റോഡിനെതിർവശത്തെ വാകത്തണലിൽ ചെറിയ ആൾക്കൂട്ടമുണ്ടാകും. അവിടെയാണ് ശൗരി ചേട്ടന്റെ "കിലുക്കി കുത്ത്".

തലയിൽ അരിയും പിന്നെ മറ്റ് അത്യാവശ്യം സാധനങ്ങളും അടങ്ങുന്ന ചാക്ക് കെട്ടുമായി, അച്ഛമ്മ മടങ്ങിയെത്തുമ്പോഴേയ്ക്കും സ്റ്റാപ്ലർ അടിച്ച കൂട്ടിൽ, എന്റെ ഓണക്കോടി പാപ്പൻ ചേട്ടന്റെ കയ്യിൽ റെഡി ആയിരിയ്ക്കും. അതും വാങ്ങി, ഞങ്ങൾ രണ്ടുപേരും തിരികെ വീട്ടിലേയ്ക്കു നടക്കാൻ തുടങ്ങും.

ഒരു കിലോമീറ്റർ നടന്നു കഴിയുമ്പോൾ നിരപ്പുംപുറം എത്തും. അവിടെ ശ്രീധരേട്ടന്റെ ചായക്കടയുണ്ട്. രാവിലത്തെ അപ്പം ബാക്കി കാണും. രണ്ടെണ്ണം പഞ്ചസാര കൂട്ടി കഴിയ്ക്കാൻ എനിയ്ക്കു വാങ്ങിത്തരും. അച്ഛമ്മയാകട്ടെ ഒരു ഗ്ലാസ് വെള്ളത്തിൽ നിർത്തും. പിന്നെ രണ്ടോ മൂന്നോ അപ്പം പാഴ്‌സൽ ആക്കും. ആ പാഴ്‌സൽ ഒരു പ്രത്യേക രീതിയിൽ ആണ് കേട്ടോ. ഒരു അപ്പം, പിന്നെ അതിനു മുകളിൽ കുറച്ചു പഞ്ചസാര, പിന്നെ ഒരപ്പം, വീണ്ടും പഞ്ചസാര അങ്ങിനെ.

ശേഷിയ്ക്കുന്ന രണ്ടു കിലോമീറ്റർ ദൂരം കൂടെ താണ്ടി, വീട്ടിൽ എത്തുമ്പോഴേയ്ക്കും ആ പഞ്ചസാര അലിഞ്ഞ്, അപ്പത്തിൽ ചേർന്നിട്ടുണ്ടാകും. പഴയ പത്രക്കടലാസിന്റെ ആ പൊതി അഴിച്ച്, അതു തിന്നുമ്പോൾ കിട്ടിയിരുന്ന ആ രുചി .. അതൊന്നു വേറെ തന്നെ.

രാത്രി, കുഞ്ഞൻ ഓണക്കോടിയുടെ കവറും ചേർത്തുപിടിച്ച്, പിറ്റേന്നത്തെ ആ ഓണസദ്യയും സ്വപ്നം കണ്ട് കിടന്നുറങ്ങും.

ഓണസദ്യയിൽ അന്നും ഇന്നും ഏറെ ഇഷ്ടം,നാടൻ ശർക്കരയും ചെറുപയറ്റിൻപരിപ്പും ചേർത്ത് തയ്യാറാക്കുന്ന, ആ കോട്ടയം സ്റ്റൈൽ പായസമാണ്. തേങ്ങ ചിരവി, ഒരല്പം വെള്ളം മാത്രം ചേർത്ത്, മൂന്ന് തവണയായി പാൽ പിഴിഞ്ഞെടുത്ത്, തയ്യാറാക്കുന്ന വിഭവമാണത്. അതും വിറകടുപ്പിലെ ഓട്ടുരുളിയിൽ.

തിരുവോണനാളിലെ സദ്യയിൽ, ആ പായസം തൂശനിലയിൽ ഒഴിച്ച്, കൂടെ ഒരു പപ്പടവും, പിന്നെ ഒരു ചെറുപഴവും ചേർത്ത് നന്നായി കുഴച്ച്, കുഞ്ഞുവയർ നിറയെ കഴിയ്ക്കുന്നത്, ഇന്നലെ എന്ന പോലെ, ഇന്നുമുണ്ട് മനസ്സിൽ.

".....അതെയ് .... മനുഷ്യാ.... നിങ്ങളിതുവരെ പോയില്ലേ? ഇങ്ങേരെക്കൊണ്ട് ഞാൻ തോറ്റല്ലോ ....ദിവാസ്വപ്നവും കണ്ടിരുന്നോ കേട്ടോ... നാളെ ഓണമാണെന്ന് ഒരു ഓർമയും ഇല്ല ...ഇങ്ങനെ ഒരു മനുഷ്യൻ .... വല്ലതും വാങ്ങിയ്ക്കണ്ടേ ..?..."

പുറകിൽ നിന്നും വന്ന ഭാര്യയുടെ, ഉച്ചത്തിലുള്ള ചോദ്യമാണ് ചിന്തകളിൽ നിന്നും ഉണർത്തിയത്.

വേണ്ട, ഒന്നും മിണ്ടണ്ട ... അവൾ എത്ര നേരം മുൻപേ പറഞ്ഞതാ, നാളേയ്ക്ക് കുറച്ചു പച്ചക്കറി വാങ്ങിയ്ക്കാൻ ...

വേഗം തന്നെ മാസ്കും എടുത്തു വച്ച്, അയാൾ മുറ്റത്തേയ്ക്കിറങ്ങി.

അന്നത്തെ ഓണം അങ്ങിനെ ...ഇന്നത്തെ ഓണം ഇങ്ങനെ .... അല്ല പിന്നെ...!!

ഒന്നുമല്ലെങ്കിലും ഒരു മലയാളിയല്ലേ ഞാനും .....!!

-ബിനു മോനിപ്പള്ളി

==================================

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ... ആഘോഷിയ്ക്കുക ... കരുതലോടെ ...!!