Entry No :037
Deepa N [ Zyxware Technologies Private Limited]
ചിങ്ങം പിറന്നാൽ പിന്നെ ഓണത്തിനായുള്ള കാത്തിരിപ്പാണ്... ആ കാത്തിരിപ്പിനു മധുരം കൂട്ടാൻ ഒരുപിടി ഓർമ്മകൾ അയവിറക്കാത്ത മലയാളിയുണ്ടോ!
ഒരു കൈയിൽ അപ്പൂപ്പൻ ഉണ്ടാക്കിത്തന്ന ഇലക്കുമ്പിളും മറു കൈയിൽ ഒരു നീല കോളാമ്പി പൂവും പിടിച്ചു പൂക്കൾ തേടി പോയ ഓണക്കാലം... കൈയെത്തി പറിക്കാൻ പാകത്തിൽ തൂക്കുചെമ്പരത്തിയുടെ ചില്ല ചായ്ച്ചു തന്ന ഏട്ടൻ... എന്നിട്ടും എത്താക്കൊമ്പിലെ പൂവ് ചൂണ്ടിക്കാണിച്ചപ്പോൾ ആ പൂഞ്ചില്ലയോളം എടുത്തുയർത്തിയ അച്ഛൻ... കിട്ടിയ പൂക്കൾ കൊണ്ട് എന്തുണ്ടാക്കിയാലും "കൊള്ളാല്ലോ പൂക്കളം" എന്നും പറഞ്ഞു വരുന്ന അമ്മ.
ഊഞ്ഞാലുകെട്ടിയാൽ ആദ്യം ആടുന്നത് അച്ഛൻ തന്നെയായിരിക്കും... കയറിന്റെ ബലം ഉറപ്പുവരുത്താനുള്ള അച്ഛന്റെ തന്ത്രം.
ചോറും കൂട്ടാനും അമ്മ കാലമാക്കുമ്പോൾ പായസം സ്വന്തം ഡിപ്പാർട്മെന്റാക്കി അച്ഛനും ഓണദിനങ്ങൾ സംഗീതസാന്ദ്രമാക്കാൻ അടുക്കളയിൽ പാടുന്ന ടേപ്പ് റെക്കോർഡറിൽ കാസ്സറ്റ് മാറ്റുന്ന ജോലി ഏറ്റെടുത്തു ഏട്ടനും ഓണവിഭവങ്ങളുടെ ഒഫീഷ്യൽ ടേസ്റ്റർ ആയി ഞാനും കൂടുമ്പോൾ അതായിരുന്നു ഓണം.
ഈ ഓർമ്മകൾ ഇല്ലായിരുന്നെങ്കിൽ ഓണം അഞ്ചാം ക്ലാസ്സിൽ പഠിച്ച ഒരു ഉപന്യാസം മാത്രമായിപ്പോയേനെ!
ഈ ഓർമകളാണ് ചിന്തകൾക്ക് തീപിടിപ്പിച്ചത്. നമുക്കും നിർമ്മിച്ചു കൂടെ, ഒരു പിടി നല്ല ഓർമ്മകൾ... നമ്മുടെ കുഞ്ഞുങ്ങൾക്കു വേണ്ടി?
കമ്പ്യൂട്ടറും ഓൺലൈൻ ക്ലാസ്സുകളും ഒക്കെ മാറ്റിവെച്ചു ഒരു ശ്രമം. ഇത്തവണ ചിത്രം ഒരല്പം വ്യത്യസ്തമായിരുന്നു. ഒരു കൈയിൽ യൂട്യൂബിൽ നോക്കി പഠിച്ചുണ്ടാക്കിയ ഓല പൂക്കൂടയും മറു കൈയിൽ കണ്ണും തിരുമ്മി എണീറ്റ് വന്ന മോന്റെ കുഞ്ഞിക്കൈയും. വീട്ടിലെ പച്ചക്കറി തോട്ടത്തിൽ നിന്ന് കുറച്ചു വെണ്ടക്കയും പച്ചമുളകും പിന്നെ ചെണ്ടുമല്ലിയും പൊട്ടിച്ചു. ഉത്രാടപ്പാച്ചിലും ഓണക്കോടിയും ഇല്ലാതെ ഓർമ്മകൾ നിർമ്മിക്കാൻ വേണ്ടി ഒരോണം