Entry No:020
Balendu S Kumar [Tata Elxsi]
ഓണത്തിന് ഉപ്പേരി നിർബന്ധമാണ്. അവധി തുടങ്ങുമ്പോ തുടങ്ങും ഉപ്പേരി ഇത്തവണ ഒരുപാട് ഉണ്ടാക്കണം കായ വാങ്ങിച്ചോ എന്നും ചോദിച്ച് അച്ഛന്റേം അമ്മേടേം പുറകേ നടക്കാൻ. സ്വര്യക്കേടു കാരണം മടുത്തിട്ട് അവസാനം അവർ പറഞ്ഞു കായ മുഴുവൻ പൊളിച്ചു തന്നാൽ പൊളിക്കുന്നത്രയും വറത്തു തരാം.
പിന്നെ കുല എത്ര വേണമെന്നായി, ഒരുപാട് ഉപ്പേരി വേണമല്ലോ അപ്പോ അവസാനം കണക്ക് കൂട്ടിയും കിഴിച്ചും മൂന്നു കുല വാങ്ങിത്തരണം എന്നു പറഞ്ഞു.
ആദ്യമായിട്ടല്ലെ വാഴക്ക പൊളിക്കാൻ പോണെ. ഇതുവരെ തിന്നല്ലേ ശീലം. എന്നാ അങ്ങനെതന്നെ ആവട്ടെ, എനിക്കൊരു പണി തന്ന സന്തോഷത്തിൽ അച്ഛനും അമ്മേം കൂടുതലൊന്നും പറഞ്ഞില്ല. അന്നു വൈകിട്ടുതന്നെ മൂന്നു കുല അടുക്കളപ്പുറത്തു റെഡി.
കയ്യിൽ കറ പറ്റും എന്നു പറഞ്ഞ് കയ്യിൽ പ്ലാസ്റ്റിക് കവറൊക്കെ അമ്മ ഫിറ്റ് ചെയ്തു തന്നു. പൊളിക്കുന്നതിന്റെ ബേസിക്സും പറഞ്ഞുതന്നു.
പൊളി തുടങ്ങിയപ്പോഴാണ് ഇതു നല്ല കട്ടപ്പണിയാണ് കിട്ടിയേക്കുന്നേന്ന് എനിക്ക് മനസിലായത്. പിന്നെ ഞാൻ ഉപ്പേരീടെ സ്വാദു മാത്രം ഓർത്ത് പൊളിക്കാൻ തുടങ്ങി.
അച്ഛനും അമ്മേം സ്വപ്നത്തിൽ പോലും കരുതിയതല്ല ഞാനത് മുഴുവനും പൊളിക്കും എന്ന്. വാശിക്കിരുന്ന് പണത് പാതിര ആയപ്പോഴേക്കും മൂന്നു കുലയും ഫിനിഷ് ചെയ്തു. അപ്പഴാണ് അച്ഛനും അമ്മക്കും പണിയായിന്ന് മനസിലായത് ഇനി അതു മുഴുവൻ അരിഞ്ഞ് വറക്കണ്ടെ!
അവർ രാത്രി രണ്ടുമണി വരെയിരുന്ന് വറത്തിട്ടും തീർന്നില്ല, അടുത്ത ദിവസവും വറക്കുന്നത് കണ്ടു. പിന്നെ രണ്ടു മൂന്നു ദിവസം വാഴക്ക തോരനും മെഴുക്കുവരട്ടിയും മാറി മാറി കിട്ടിക്കൊണ്ടിരുന്നത് ശ്രദ്ധയിൽപ്പെട്ടെങ്കിലും ചോദിക്കാൻ പോയില്ല, കാരണം ഓണം തീർന്നു കഴിഞ്ഞും ഉപ്പേരി തീർന്നിട്ടില്ലായിരുന്നു.
എന്തായാലും പിന്നീടുള്ള എല്ലാ ഓണത്തിനും കുല പൊളിക്കൽ എന്റെ പെർമനെന്റ് ജോലിയായി. പക്ഷെ പിന്നീടൊരിക്കലും ഒന്നിൽ കൂടുതൽ കുല വാങ്ങിത്തരാൻ അവർ ധൈര്യപ്പെട്ടില്ല.
ഇത്തവണേം ഉണ്ടായി ഒരു കുല പൊളിക്കാൻ.
എല്ലാവർക്കും ഒരു നല്ല ഓണം നേരുന്നു.