Skip to main content
Srishti-2021   >>  Poem - Malayalam   >>  ഭയം

Aravind Kesav K

Allianz

ഭയം

ഇരുട്ട്.

ഇരുട്ടിന്‍റെ നിറമെന്താണ്? കറുപ്പോ?

ഇനി എന്തിന് ഇരുട്ടിനെ ഭയക്കണം.

 

ഇവിടെ ഈ ഇരുട്ടിൽ ആഴിയ്ക്കരികെ നിമിഷാർദ്രം കൊണ്ട് മാടൻ മുതൽ മറുതയായി വരെ രൂപം മാറുന്ന നിഴലുകൾക്ക് മദ്ധ്യേ യിരുന്നിട്ടും ഭയം എന്നെ കീഴ്പ്പെടുത്താത്തത് എന്തുകൊണ്ടാണ് ?

 

ഒരുപക്ഷെ മുത്തശ്ശി പറഞ്ഞു തന്ന യക്ഷി പ്രേത പിശാചുക്കളെ ചെറുത്ത് നിൽക്കുവാനുള്ള മന്ത്രം അബോധത്തിൽ ഉരുവിടുന്നത് കൊണ്ടാകുമോ.

 

അതോ, ഒരിക്കൽ തട്ടിൻപുറത്തെ ഇരുണ്ടകോണിൽ അയാളുടെ ശ്വാസ നിശ്വാസങ്ങൾക്കിടയിൽ പെട്ട് ഭയം പണ്ടേ ഭയപ്പെട്ട് തീർന്നതാകുമോ.

 

പിന്നൊരിക്കൽ ഗോവണിയുടെ കീഴെ നനുത്ത തറയുടെ തണുപ്പേറ്റ് മരവിച്ച തന്‍റെ ശരീരം രക്ഷപ്പെടാൻ വെമ്പിയ അന്ന് രാത്രി ഭയം മരവിച്ചു മരിച്ചു പോയതാകുമോ.

 

പിന്നൊരിക്കൽ അയാളുടെ കൈക്കരുത്തിൽ നിന്നും രക്ഷ നേടാനാവാതെ നിലയില്ലാക്കയത്തിലേക്ക് വീണപ്പോളുയർന്ന നിലവിളിയ്ക്കൊപ്പം മത്സരിച്ച് ഭയം പരാജയപ്പെട്ട് പിന്മാറിയതാകുമോ.

 

പിന്നൊരിക്കൽ തോർത്തു കൊണ്ട് വായ മൂടിക്കെട്ടി കട്ടിലിൽ ചേർത്ത് ബന്ധിച്ചപ്പോൾ നിസഹായയായി കരഞ്ഞന്നേരം ഭയം ശരീരം വിട്ടു പോയതാകുമോ.

 

അയാൾ ബാക്കി വെച്ച് പോയ കഴുത്തിലെയും നാഭിയിലെയും തുടയിലെയും നഖക്ഷതങ്ങൾ വർഷങ്ങൾക്കിപ്പുറവും വേദനിപ്പിക്കുന്നത് എന്ത് കൊണ്ടാണ്.

 

ചൂടുകാറ്റേറ്റ് പറക്കുന്ന തന്‍റെ മുടിയിഴകൾക്കും പറയുവാനുണ്ടാകും സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ശ്വാസം മുട്ടിയ പല രാത്രികളുടെ വേദന.

 

കത്തിയെരിയുന്ന ആഴിയിൽ അച്ചന്‍റെ ചിതയ്‌ക്കരികെയിരിക്കുമ്പോൾ എന്‍റെ ശരീരവും മനസും നോവുന്നില്ല മറിച്ച് ഇതുവരെ തോന്നാത്ത ഒരു സുഖം അനുഭവപ്പെടുന്നു.

 

ഇരുട്ട്.

ഇരുട്ടിന്‍റെ നിറമെന്താണ്? കറുപ്പോ?

ഇനി എന്തിന് ഇരുട്ടിനെ ഭയക്കണം.

Srishti-2021   >>  Poem - English   >>  Back to School

Jannathunzia Shamsudeen

Allianz

Back to School

From a middle class family
To a near by school..
All that bothered was
 a walk to home for lunch..
 My parents didn't know about the complexity
 For history and geography in std one..
 And being the topper
 People exclaimed
 Why not a bigger school??
 My dad turned to be Einstein
 Eureka... Alas a convent school..
 Admissions closed..
 But headmistress excited with my achievements..
 To class two..
 Dad found it easy 
 For two kids in same school
 As travel was better
 Excelled in sports and Arts..
 Studies and goodness..
 To the higher convent school for class 5
 No big memories so far..
 For sometimes I have astonished 
 If I had amnesia..
 Yes.. my third school paved a way..
 Land of girls..
 Fullest of freedom..
 Deep down I was an introvert..
 Picked me up from the pool of apples..
 To the height of accomplishments..
 Not a notable person of rewards
 But to know who I am..
 Interests were explored..
 A nightingale in the choir..
 An artist in the dreams..
 An athlete in the ground..
 A sportsperson in the court..
 A Leader for the entire school..
 Teacher's pet..
 Famous to be a boyy..
 Known for naughtiness..
 87 percent in 10th was not appreciated by parents..
 But I was happy to the core..
 For school was my home..
 Organiser..event manager.. 
 Humanitarian.. facilitator..
 A bookish worm to a crackerjack..
 Finally the second topper..
 Never dropped a tear on the final day
 For I know it is my home 
 And I can walk in any time..
 Now back to the school
 Is not a collection of memories
 For they made living moments in me ..
 Was , is and will be my home alwayssss…
 

Srishti-2021   >>  Short Story - Malayalam   >>  മാറാല

Abhilash Kunjukrishnan

Allianz

മാറാല

മാറാല

"ആലുവ - ഒണ്‍ ടിക്കറ്റ് പ്ലീസ്..!"

 

06-ഡിസംബര്‍-1997 

 

ചുവന്ന മഷിയില്‍ പഞ്ച് ചെയ്യപ്പെട്ട തീയതി.

 

ജോലാര്‍പേട്ട് യളഗിരികുന്നിന്‍റെ താഴ്വാരമാണ്. ഭംഗിയുള്ള സ്റ്റേഷന്‍. നനുത്ത കാറ്റത്ത് മഞ്ഞുകണങ്ങള്‍ പൊഴിക്കുന്ന ആസ്ബറ്റോസ് മേല്‍ക്കൂരകള്‍ മേഞ്ഞ നീളന്‍ പ്ലാറ്റ്ഫോമുകള്‍. മഞ്ഞു വീണ മേല്‍ക്കൂരയില്ലാത്ത മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ പാതിരാ ചന്ദ്രന്‍ പ്രതിബിംബിച്ചു. 

 

ട്രെയിന്‍ വന്നു നിന്നു. 

 

അധികം തിരക്കില്ല എന്ന് തോന്നിച്ച ട1 കോച്ച്.

 

"വേഗം വരൂ.... പെരുമ്പാവൂരെത്തീട്ടോ....! "

 

കോച്ചിലേയ്ക്കു കയറുമ്പോള്‍ ഏറെ വൃദ്ധമായ ഒരു ശബ്ദം എതിരേറ്റു.

 

"ഒന്ന് പിടിച്ചേക്കൂ മോനേ... വയ്യായ്കയുള്ള ആളാ.." 

 

പിന്നാലെ ഒരു സ്ത്രീ ശബ്ദവും. 

 

കൈവിടര്‍ത്തി വഴിതടഞ്ഞുകൊണ്ട് അല്പം ബലമായി അയാളുടെ കയ്യില്‍ പിടിച്ച് ഉള്ളിലേയ്ക്കു നടന്നു.  കാലിയായിരുന്ന സൈഡ് സീറ്റില്‍ ബാഗ് നീക്കി ഞാന്‍ ആ അമ്മയ്ക്കു അഭിമുഖമായി ഇരുന്നു. 

 

കമ്പാര്‍ട്ട്മെന്‍റിനകത്ത് യളഗിരിക്കുന്നിനെ തൊട്ടുരുമ്മി വരുന്ന നേരിയ തണുപ്പ്.

 

ഡൈ ചെയ്ത തലമുടി മാടിയൊതുക്കി, കഴുത്തിലെ ചാര നിറമുള്ള ഷാള്‍ ശരിയാക്കി, കൈപ്പത്തികള്‍ പിന്നിലേയ്ക്കൂന്നി അദ്ദേഹം ലോവര്‍ ബര്‍ത്തിലേയ്ക്കു ചാഞ്ഞു. 

 

എഴുപത്തിയാറിനു മേല്‍ തോന്നിക്കില്ല. 

 

നോട്ടത്തില്‍ ഒരു റിട്ടയേര്‍ഡ് ഗവണ്‍മെന്‍റുദ്യോഗസ്ഥന്‍റെ ആഢൃത്വം കാണാനുണ്ട്. 

 

അലസമായി ചുറ്റിയ കസവുകരയുള്ള കോട്ടണ്‍ സാരിയാണ് ഭാര്യയുടെ വേഷം. 

 

വീണ്ടും ചാടിയെണീറ്റ അയാളെ അവര്‍ ശബ്ദമൊതുക്കി ശകാരിച്ചു. 

 

"ദെന്താദ് കാണിക്ക്ണേ ?"

 

"അവിടെ കിടക്കൂ... കിടക്കൂന്നേ...."

 

"ഭാനൂ.... ആലുവ എത്തീട്ട്വോ"  അദ്ദേഹം പരവശപ്പെട്ടു.

 

"ഇല്ല്യാ... ആലുവയ്ക്ക് ഇനിയുമുണ്ട്."

 

അവര്‍ സ്വല്പം ശുണ്ഠിയോടെ അയാളെ കിടത്താന്‍ ശ്രമിച്ചു. 

 

ഉറക്കത്തിന്‍റെ പല തലങ്ങള്‍ പിന്നിട്ട ആരുടേയോ കൂര്‍ക്കം വലി ഏതോ ബര്‍ത്തില്‍ ഉയര്‍ന്നു. 

 

കണ്ണ് കൊണ്ട് ഞാന്‍ അവരുടെ ബദ്ധപ്പാടളക്കുന്നു എന്ന് തോന്നിയപ്പോള്‍ അവര്‍ പറഞ്ഞു തുടങ്ങി. 

 

"കൊറച്ച് കാലായി ഓര്‍മ്മക്കുറവ് തൊടങ്ങീട്ട്.... യാത്ര ചെയ്യുമ്പ്ളാ പെട്ആ. ഒരിക്കല്‍ ഞാന്‍ നല്ലോണം പെട്ടു. "

 

അവര്‍ വൃദ്ധന്‍റെ വലതു കൈ തലോടി. 

 

എന്നിട്ട് ചോദിച്ചു. 

 

"മോന്‍ എങ്ങോട്ടേയ്ക്കാ ?"

 

"ആലുവയ്ക്ക്.."

 

"ഞങ്ങളും ആലുവയ്ക്കാ... വീട് പെരുമ്പാവൂര്. 

 

എനിക്ക് രണ്ട് പെണ്‍കുട്ട്യോളാണേയ്"  

 

"മൂത്തവള്‍ മദ്രാസിലാ..... കല്‍പ്പാക്കം.... ഇളയവള്‍ നാട്ടിലും. 

 

ഇപ്പോ മൂത്തോള്‍ടുത്ത്ന്ന് മടങ്ങ്േ.”

 

 

 

മുകള്‍ ബര്‍ത്തില്‍ ആരോ ചുമച്ച് പുതപ്പ് വലിച്ച് തിരിഞ്ഞു കിടന്നു.

 

 

 

"അപ്പോ ആലുവയിലെവിടെയാ..........?"

 

അവരുടെ ശബ്ദം കിണറ്റില്‍ വീണ തൊട്ടിപോലെ മുഴങ്ങുന്നതായിരുന്നു. 

 

അതിനൊരു താളവുമുണ്ട്.

 

"വീടു പാലക്കാടാ.....ആലുവയില്‍ ഒരു കല്യാണത്തിന് പോവ്വാണ്."

 

"രാത്രി ഉറങ്ങിക്കോളുമോ..?”  ഞാന്‍ അദ്ദേഹത്തിനു നേരേ കണ്ണയച്ചു. 

 

”ഉം..... ചെലപ്പ കുഴപ്പല്ല്യാ...."

 

ഭാരമിറക്കി വെയ്ക്കുന്ന പോലെ കുറേ ശ്വാസമെടുത്ത് അവര്‍ തുടര്‍ന്നു.

 

"കഴിഞ്ഞ തവണ ഞാന്‍ ശരിക്കും പെട്ടു".

 

എടയ്ക്കെങ്ങാണ്ട് എറങ്ങി പോയി.... ഏതോ സ്റ്റേഷനില്..... 

 

ചായ കുടിക്കാനാരുന്നൂത്രേ.......

 

ഞാന്‍ ഈറോഡിറങ്ങി പരാതി കൊടുത്ത് പ്രയാസപ്പെട്ടു വീട്ടിലെത്ത്യപ്പ... ദേ ചാരു കസേരയിലിരുന്ന് ഉറങ്ങുന്നു...”

 

വേദന കലര്‍ന്ന നര്‍മ്മത്തോടെ അവരതോര്‍ത്തു പുഞ്ചിരിച്ചു.

 

ടി.ടി.ഇ പുറകിലെത്തി.

 

ബര്‍ത്ത് ഒപ്പിക്കണം. കയ്യിലുള്ള സാദാ ടിക്കറ്റ് കാണിച്ച് കാര്യം പറഞ്ഞപ്പോള്‍

 

"ഇന്ത കോച്ചില്‍ കാലി ഇല്ലെ സാര്‍... നീങ്ക ട3 യിലെ ഉക്കാറുങ്ക. I will come there “ എന്ന് ടിടിഇ.  

 

ബാഗ് എടുത്ത് എണീറ്റപ്പോള്‍ ആ അമ്മ നേര്‍ത്ത ചിരിയോടെ തലയാട്ടി.

 

ട3യിലെ ഒഴിഞ്ഞ സൈഡ് ലോവര്‍ ബര്‍ത്തില്‍ ഞാന്‍ ബാഗും ചാരിക്കിടന്നു.

 

തൊണ്ണൂറ്റിരണ്ടില്‍ ബി.ടെക് കഴിഞ്ഞ് ബാംഗ്ലൂരില്‍ വിവിധ കമ്പനികളില്‍ ചേക്കേറിയത് ഇന്നലെ കഴിഞ്ഞപോലെ. മഡിവാള മാരുതിനഗര്‍ റോഡിലെ രണ്ട് മുറി വീട്ടിലെ താമസം ഹോസ്റ്റല്‍ ദിനങ്ങളുടെ പുനരാവര്‍ത്തനങ്ങളായി. അച്ഛന്‍റെ പെട്ടെന്നുള്ള മരണശേഷം അമ്മയുടെ നിരന്തര സമ്മര്‍ദ്ദം കൂടിയപ്പോള്‍ ആണ് അരുണ്‍ സൈറ്റില്‍ ആവാന്‍ തീരുമാനിച്ചത്. കൂട്ടത്തിലെ ആദ്യത്തെ കല്ല്യാണം. 

 

കൂടെ താമസിക്കുന്നവരെല്ലാം തലേന്നേ തിരിച്ചു.

 

പ്രോജക്റ്റ് റിലീസുായിരുന്നതു കൊണ്ട് അവരോടൊപ്പം കൂടാന്‍ കഴിഞ്ഞില്ല.

 

അടുത്ത റൂമിലെ സെല്‍വരാജാണ് ജോലാര്‍പേട്ട്ന്ന് രാത്രി പന്ത്രമേുക്കാലിന് ആലപ്പി എക്സ്പ്രസ് ഉണ്ട്ന്ന പറഞ്ഞത്.

 

വേണു എല്ലാര്‍ക്കും ആലുവ ഠൗണില്‍ തന്നെ മുറി ശരിയാക്കിയിട്ടുണ്ട്.

 

അവന്മാര്‍ ഇന്ന് ഫുള്‍ ഫോമിലാകും.

 

ബാഗ് തലേയ്ക്കലേയ്ക്കു നീക്കി ഉറങ്ങാനുളള വട്ടം കൂട്ടുമ്പോള്‍ വെറുതെ മനസ്സിലേയ്ക്ക് ആ വൃദ്ധ ദമ്പതികള്‍ കടന്നു വന്നു.

 

ഗതിവേഗം കുറച്ച തീവണ്ടി സേലം പ്ലാറ്റ്ഫോമില്‍ നിര്‍ത്തി. 

 

പുറത്തെ ടി സ്റ്റാളില്‍ നിന്ന് ഇളയരാജയുടെ ‘ആഗായ വെണ്ണിലാവേ...’ !

 

ഇടയ്ക്കിടെ ഓര്‍മ്മ നഷ്ടമാകുന്ന ട1 ലെ ആ മനുഷ്യന്‍ അന്നിവിടെയാകുമോ ചായകുടിക്കാനിറങ്ങിയത് ?

 

പകലത്തെ ജോലിഭാരവും യാത്രാക്ലേശവും കണ്ണുകളെ ക്ഷീണിപ്പിച്ചു.

 

എപ്പോഴോ ഉറക്കം പിടിച്ചു.

 

..............

 

...............

 

വലിയൊരു കുലുക്കവും പൊട്ടിത്തെറിയും അനുഭവിച്ചുകൊണ്ടണ് പിന്നെ കണ്ണു തുറന്നത്.

 

നേരം വെളുത്തിരുന്നു.

 

ശബ്ദം കേട്ടതെവിടെനിന്നാണെന്ന് അമ്പരക്കുമ്പോള്‍ എല്ലാവരും പ്ളാറ്റ്ഫോമിലൂടെ ഓടുന്നു.

 

കോച്ചിനകത്തും പരിഭ്രാന്തമായ ചലനങ്ങള്‍

 

"എന്താ.......?

 

എന്താണ് സംഭവിച്ചത്...?"

 

ആരോടെന്നില്ലാതെ ചോദിച്ചു.

 

"ബോംബ്...... ബോംബ് പൊട്ടിയതാ.........ട1ലാണ്......”

 

ആ മരണപ്പാച്ചിലിനിടയില്‍ തെറിച്ചു വീണ ഉത്തരം.

 

പുറത്തു കനത്ത പൊടിപടലം.

 

അവ്യക്തമായ മുഖങ്ങള്‍.......

 

രൂപങ്ങള്‍...........

 

അമര്‍ന്നുതാണ പൊടിപടലങ്ങള്‍ക്കിടയിലൂടെ ചൂടു ചായ ഊതിയാറ്റാതെ നുകരുന്ന തലേന്നത്തെ വൃദ്ധന്‍റെ ചുണ്ട്കള്‍.

 

വിറയലില്ലാത്ത കൈകള്‍..........

 

അതേ ചാരനിറമുള്ള ഷാള്‍..........

 

അപ്പോള്‍ ആ അമ്മ........!!?”

 

അറിയാതെ വാച്ചിലേക്കു നോക്കി.

 

സമയം 7.30 AM

 

06-ഡിസംബര്‍- 1997

 

പശ്ചാത്തലത്തില്‍ അനൗണ്‍സറുടെ പെണ്‍ശബ്ദം 

 

“തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു".

Note:    06- ഡിസംബര്‍- 1997, തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ബോംബ് സ്ഫോടനമാണ് ഈ കഥയ്ക്ക് അവലംബം.

Srishti-2021   >>  Poem - Malayalam   >>  അന്യഗൃഹജീവി

Renjith Rajeev

Allianz

അന്യഗൃഹജീവി

അങ്ങു ദൂരെ നിന്നും വന്ന ജന്തുജാലമേ

എന്ത് കാട്ടാൻ വന്നു നീ ഇന്ദ്രജാലമോ

 

നീണ്ടു മേലിഞ്ഞൊരു നിൻ ശരീരപ്രകൃതി

എന്നിട്ടും നിൻ പേടകത്തിനെന്തിനീ ഗോളകൃതി

 

കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു യാത്രാക്ഷീണമോ

ആന്റിന പോലുള്ള നിൻ കൊമ്പുകൾക്കെന്തർത്ഥം

 

ഭൂവിലേക്കു ക്ഷണിച്ചതാര് നിന്നെ നാസയോ

അതോ ഭൂവിനെ സന്ധിക്കാനുള്ള നിൻ ജിജ്ഞാസയോ

 

പ്രപഞ്ചത്തിന്റെ ഉത്‌കൃഷ്ടതയിൽ നിന്നും അവതരിച്ചതെന്തിന് നീ

ഈ ഭൂഗോളത്തിന്റെ വിനാശമോ നിൻ ലക്ഷ്യം

 

ഭൂസംഹാരമോ നിൻ ലക്ഷ്യമെങ്കിൽ ഓർത്തുകൊള്ളുക നീ

നശിപ്പിക്കാൻ ഈ ഭൂവിലൊന്നും ബാക്കി വച്ചിട്ടില്ല മനുഷ്യൻ.

Srishti-2021   >>  Article - Malayalam   >>  കലാസൃഷ്ടികളിലെ ആവിഷ്കാര സ്വാതന്ത്ര്യം

Lakshmi M Das

Allianz

കലാസൃഷ്ടികളിലെ ആവിഷ്കാര സ്വാതന്ത്ര്യം

"എപ്പോൾ കലാകാരന്റെ സർഗ്ഗശേഷിക്കുമേൽ ബാഹ്യശക്തികൾ ആധിപത്യം നേടുന്നുവോ

  അപ്പോൾ അവനിലെ കല വെറും പ്രചാരണം മാത്രമായ് ഒതുങ്ങുന്നു "     - സീവ് എന്ഗേൽമയെർ 

 

ചരിത്രാതീത കാലം മുതൽ സമൂഹത്തിന്റെ പ്രത്യയശാസ്ത്രപരമായ താത്പര്യങ്ങളുടേയും അധികാര ബന്ധങ്ങളുടേയും സ്ഥാപനവത്കരണത്തിനുള്ള ജനപ്രിയ മാധ്യമമായാണ് കലയെ  കണക്കാക്കുന്നത് . കലയെ ഒരു കാലഘട്ടത്തിന്റെ പ്രതിച്ഛായ എന്നോ പരിച്ഛേദനമെന്നോ വിശേഷിപ്പിക്കുന്നത് കൊണ്ട് തന്നെ സമൂഹത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ അതിനുള്ള പങ്കു വളരെ വലുതാണ് . ലോകത്തെ മാറ്റിമറിച്ച പല വിപ്ലവങ്ങളിലും ഒരു സുപ്രധാന ആയുധം കലയിലൂടെ സംവദിച്ച ആശയങ്ങൾ ആയിരുന്നു.നവോത്ഥാനപരമായ ആശയങ്ങൾക്ക് ജനഹൃദയങ്ങളിലേക്കു സുഗമമായി കടന്നു ചെല്ലാൻ കല ഒരുക്കുന്ന തന്മയത്വമാർന്ന അന്തരീക്ഷം ഏറെ സഹായകമായി .ആസ്വാദക  ഹൃദയങ്ങളിലേക്ക് ആശയങ്ങൾ  ആഴത്തിൽ പതിപ്പിക്കാൻ  ഉള്ള കലയുടെ  അനതിസാധാരണമായ പ്രാപ്തി കൊണ്ട് തന്നെ , പലപ്പോഴും കലാകാരന് പൂർണ സ്വാതന്ത്ര്യം നൽകുന്നതിന് ഭരണകൂടങ്ങൾ ഭയപ്പെട്ടിരുന്നു .രാജഭരണകാലം മുതൽക്കു തന്നെ ഇതിനു ഒട്ടനവധി ഉദാഹരണങ്ങൾ നമുക്ക് കാണാൻ സാധിക്കും .

സർഗ്ഗശേഷിക്കു കൈവിലങ്ങുകൾ തീർത്ത ചരിത്രം

1945 il സ്റ്റാലിന്റെ സ്വേച്ഛാധിപത്യത്തിനു എതിരെ ശബ്ദം ഉയർത്താൻ ധൈര്യപ്പെട്ട റഷ്യൻ നോവലിസ്റ്റ് അലക്സൻഡർ സോൽഹെനിസ്റ്റിനെ (നോബെൽ പുരസ്കാര ജേതാവ് ) വര്ഷങ്ങളോളം നീണ്ട ലേബർ ക്യാമ്പുകളിലെ പീഡനത്തിന് ശേഷം നാടുകടത്തുകയുണ്ടായി.നാസി ഗവണ്മെന്റ് നിരവധി അന്താരാഷ്ട്ര പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടികൾ 'ജർമൻ വികാരത്തെ അധിക്ഷേപിച്ചു ' എന്ന പേരിൽ നിരോധിച്ചു .'വെർണകുലർ പ്രസ് ആക്ട് ' എന്ന പേരിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എതിരെ ശബ്ദിച്ച പത്രങ്ങളെയും ലേഖനങ്ങളേം വെളിച്ചം കാണാൻ അനുവദിക്കാതിരുന്ന ചരിത്രം നമുക്ക് അറിയാവുന്നതു ആണ്.

ഇത്തരത്തിൽ ഭരണകൂടങ്ങൾക്കും സ്വേച്ഛാധിപതികൾക്കും എതിരായി ആശയങ്ങൾ പ്രകടിപ്പിച്ച കലാ സൃഷ്ടികളും അവയുടെ ഉപജ്ഞാതാതകളും  എക്കാലത്തും ക്രൂശിക്കപ്പെട്ടിരുന്നു എന്ന് വേണം മനസിലാക്കാൻ .സമാനമായ സംഭവങ്ങൾ  അന്നും ഇന്നും നമുക്ക് ചുറ്റും കാണുവാൻ സാധിക്കും.അവയിലേക്ക് ഒന്ന് കടന്നു ചെല്ലാം 

 

ആവിഷ്കാര സ്വാതന്ത്ര്യത്തിന്ടെ നിയമവശങ്ങൾ 

60 ഓളം രാജ്യങ്ങളിൽ  ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിരുകൾ വ്യക്തമാക്കുന്ന നിയമങ്ങൾ നിലവിലുണ്ട് .സംഗീതം,സാഹിത്യം,സിനിമ ,ചിത്രകല  എന്നിങ്ങനെ ഒട്ടുമിക്ക കലകൾക്കും ഈ നിയന്ത്രണം ബാധകമാണ്.ലോകത്തുടനീളം സർഗ്ഗശേഷിക്കു ചട്ടക്കൂടുകളും കാൽ ചങ്ങലകളും നൽകി നിയന്ത്രിക്കാൻ ഇന്നും ശ്രമങ്ങൾ നടക്കുന്നു.ക്യൂബ യിൽ ഏതു കലാസൃഷ്ടിയുടെ പ്രസിദ്ധീകരണത്തിനു മുൻപ് ഗോവെർന്മെന്റിന്റെ അനുമതി വാങ്ങണം എന്നു പ്രതിപാദിക്കുന്ന 'ഡെക്രീ 349 ' നിലവിൽ വന്നത്  2019 ഇൽ ആണ്.

കലാകാരന്മാരുടെ സംരക്ഷണത്തിനായി രൂപീകരിച്ച ആഗോള സംഘടനയായ freemuse ഇന്ടെ കണക്കുകൾ പ്രകാരം 2018 ഇൽ മാത്രം, 80 രാജ്യങ്ങളലായി 635 കേസുകൾ ആണ് ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപെട്ടു ഉണ്ടായിട്ടുള്ളത്. ഇതിൽ 4 കൊലപാതകങ്ങളും (പാകിസ്താനി ഗായികയായ സുമ്പുൾ ഖാൻന്റേത് ഉൾപ്പടെ ), 97 നാടുകടത്തലുകളും, 14 മാരകമായ അക്രമങ്ങളും ഉൾപ്പെടുന്നു. ഇതിൽ മിക്കതും ഭരണകൂടങ്ങളുടെ പ്രേരണയാലും മൗനാനുവാദത്തോടെയും ഉള്ളതാണെന്നുള്ളതാണ് ഭയാനകമായ യാഥാർഥ്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഭരണകർത്താക്കൾക്ക് എതിരെ ശബ്ദിച്ച പത്ര പ്രവർത്തകക്ക് ഉണ്ടായ ദാരുണാന്ത്യം ആശങ്കങ്ങൾ സൃഷ്ടിച്ചു. 

ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 19  പ്രകാരം ഒരു ഇന്ത്യൻ പൗരന് ആവിഷ്കാര സ്വാതന്ത്ര്യം  ഉറപ്പു വരുത്തുന്നുണ്ട് .രാജ്യരക്ഷ,തീവ്രവാദ പ്രചാരണം ,അധിക്ഷേപിക്കൽ മുതലായ ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ അവകാശത്തിനു പരിമിതി ഏർപ്പെടുത്തിയിട്ടുണ്ട്.എന്നാൽ പലപ്പോഴും ഈ സാഹചര്യങ്ങളെ വളച്ചൊടിച്ചു ,കലാകാരന്റെ സൃഷ്ടിയെ നിരോധിക്കാനോ വികലമാക്കുന്ന തരത്തിൽ വെട്ടി ചുരുക്കാനോ ഉള്ള പ്രവണതയാണ് കാണുന്നത്.ഇതിനെ ആവിഷ്കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനു മേലുള്ള കടന്നുകയറ്റം ആയി മാത്രമേ കാണുവാൻ സാധിക്കൂ .

സാഹിത്യ രംഗത്തെ ആവിഷ്കാര സ്വാതന്ത്ര്യ ലംഘനങ്ങൾ  

 ഗ്രീക്ക്  സാഹിത്യകാരൻ കസാന്റ്‌സാകിയുടെ കൃതിയെ അവലംബിച്ചു പിഎം ആന്റണി എഴുതിയ 'ക്രിസ്തുവിന്റെ  ആറാം തിരുമുറിവു ' എന്ന കൃതി ,ക്രിസ്തീയ മത വികാരങ്ങളെ വ്രണപ്പെടുത്തി എന്ന പേരിൽ കേരളത്തിൽ നിരോധിക്കപെടുകയുണ്ടായി .പെരുമാൾ മുരുഗൻ എന്ന തമിഴ് നോവലിസ്റ്റിന്റെ 'സാഹിത്യ ആത്മഹത്യക്കു'  വഴി വച്ചതു അദ്ദേഹത്തിന്റെ കൃതിയിലെ ഹിന്ദു മതത്തെ കുറിച്ചുള്ള തുടർന്നുള്ള പരാമർശങ്ങളും തുടർന്നുണ്ടായ കോലാഹലങ്ങളും ആണല്ലോ.തന്റെ ലജ്ജ എന്ന കൃതിയിലൂടെ മുസ്ലിം വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന പേരിൽ നാടുകടത്തലും വധ ഭീഷണിയും വരെ നേരിട്ട തസ്‌ലീമ നസ്രിൻന്ടെ അവസ്ഥയും നമുക്ക് ഇതോടു ചേർത്ത് വായിക്കാം.'മീശ' എന്ന നോവലും ,'പർദ്ദ ' എന്ന കവിതയും ഈ ശ്രേണിയിൽ പുതിയ അംഗങ്ങൾ ആണ് .

പലപ്പോഴും കലാകാരന്റെ /സാഹിത്യകാരന്റെ കാഴ്ചപ്പാടുകളെ രണ്ടാമതൊരാളുടെ അഭിപ്രായം മാത്രമായി കാണുവാനുള്ള പക്കുവത  സമൂഹം കാണിക്കുന്നില്ല എന്നത് തീർത്തും  നിരാശ ജനകമാണ് .ആസ്വാദകന് തനിക്കു ഇഷ്ടമുള്ളത് തിരഞ്ഞെടുത്തു ആസ്വദിക്കാനുള്ള പൂർണ സ്വാതന്ത്ര്യം നിലനിൽക്കെ ,സ്രഷ്ടാവിന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിന് പ്രത്യക്ഷത്തിൽ ന്യായീകരണം ഒന്നും ഉള്ളതായി തോന്നുന്നില്ല.

 

ചലച്ചിത്ര മേഖലയിലെ നിയന്ത്രണങ്ങളും നിരോധനങ്ങളും

ആധുനികതയുടെ അവസാന വാക്കായി നാം കാണുന്ന അമേരിക്കൻ ചലച്ചിത്രങ്ങൾക്കു  പോലും ഒരു കാലത്തു ഹെയ്‌സ് നിയമങ്ങളുടെ ചട്ടക്കൂടിൽ പെട്ട് ശ്വാസം മുട്ടിയിരുന്നു എന്നാണ് ചരിത്രം പറയുന്നത് .ലോകത്തിൽ ഉടനീളം സിനിമകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഈയിടെ ആയി ഇന്ത്യൻ സിനിമകൾ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ വളരെ അധികം നേരിടുന്നതായി നമുക്ക് കാണാൻ സാധിക്കും. ''ഫയർ ', ഉഡ്ഡ്ത്ത പഞ്ചാബ്   ', 'വിശ്വരൂപം , 'പദ്മാവത് ', ' യെഹ് ദിൽ ഹേ മുഷ്കിൽ ', തുടങ്ങി ഒട്ടനവധി ഉദാഹരണങ്ങൾ നമുക്ക് കാണുവാൻ സാധിക്കും

Censor Board എന്നാൽ  സിനിമയിൽ എവിടെയും വെട്ടലും ചുരുക്കലും നടത്താനുള്ള അധികാര കേന്ദ്രമാണെന്നാണ് നമ്മുടെ കാഴ്ചപാട്.പലപ്പോഴും വെട്ടി വിലകാലമാക്കപ്പെട്ട തന്ടെ സൃഷ്ടി മാത്രമാണ് ഒരു സംവിധായകന് പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാൻ സാധിക്കുന്നത്. Woodey Allen തന്ടെ ' Blue Jasmine' എന്ന സിനിമയുടെ സ്‌ക്രീനിംഗ് ബഹിഷ്കരിച്ചതു censor board തന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കടന്നു കയറുന്നു എന്ന് ആരോപിച്ചാണ്.ചലച്ചിത്രങ്ങളെ നിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പകരം അവക്ക് വ്യക്തമായ തരം തിരിവുകൾ നൽകി ,അവ ആസ്വദിക്കാനുള്ള അവകാശം പ്രേക്ഷകന്റെ താല്പര്യത്തിനു വിടുന്നത് ഒരു മാതൃകാ പരമായ രീതിയാണ് .എന്നാൽ ഇന്നത്തെസാഹചര്യത്തിൽ ഇത് ഇന്ത്യയിൽ എത്രത്തോളം പ്രാവർത്തികമാകും എന്ന് തീരുമാനിക്കുന്നത് ആസ്വാദക സമൂഹമാണ്.

സാഹിത്യവും സിനിമയും മാത്രമല്ല ആവിഷ്കാര സ്വാതന്ത്ര്യത്തിനു വെല്ലുവിളി നേരിടുന്ന മേഖലകൾ.കാനായി കുഞ്ഞിരാമന്റെ യക്ഷിയും എം ഫ്  ഹുസൈൻ ന്ടെ ചിത്രവും അടക്കം നിരവധി മേഖലകളിൽ അനവധി ഉദാഹരണങ്ങൾ നമുക്ക് കണ്ടെത്താനാകും. 

ആസ്വാദകനും കലാകാരനും ഉണ്ടാകേണ്ട തിരിച്ചറിവുകൾ 

1973 ഇൽ മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്കാരം നേടിയ 'നിർമാല്യം  എന്ന ചിത്രത്തിൽ വിഗ്രഹത്തിലേക്കു കാർഖിച്ചു തുപ്പുന്ന വെളിച്ചപ്പാടിനെ കാണാം. ഇന്നാണ് ആ ചിത്രം പുറത്തിറങ്ങുന്നതെങ്കിൽ(പുറത്തിറങ്ങാൻ ഉള്ള സാധ്യത ഇല്ല ) ഉണ്ടാകുന്ന കോലാഹലങ്ങൾ  ഒന്ന് ചിന്തിച്ചാൽ  മാത്രം  മതി  നമ്മുടെ ചിന്തകൾ എത്ര സങ്കുചിതമായി കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിയാൻ.കലയെ കലയായും വിശ്വാസത്തെ വിശ്വമായും കാണാൻ കഴിയാത്ത തക്ക വിധം സ്രഷ്ടാവും ആസ്വാദകനും വളർന്നാൽ മാത്രമേ ആവിഷ്കാര സ്വാതന്ത്ര്യം  യാഥാർഥ്യമാകുകയുള്ളു.

ആസ്വാദകന്റെ സങ്കുചിത മനസ്ഥിതിയോടൊപ്പം തന്നെ കണക്കാക്കേണ്ട വിഷയമാണ് സ്രഷ്ടാവിന്റെ സാമൂഹ്യ ബോധവും. തന്റെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു ഏതെങ്കിലും ഒരു പ്രത്യേക ആശയത്തെ പ്രചരിപ്പിക്കുന്നതിനോ, മറ്റൊന്നിന്നെ താറടിച്ചു കാണിക്കുന്നതിനോ വേണ്ടി ആവരുത് ഒരു കലാകാരൻ തന്റെ സർഗ്ഗശേഷി ഉപയോഗിക്കേണ്ടത്. ഇന്ത്യയെ പോലെ  സങ്കീർണമായ സാമൂഹ്യ വ്യവസ്തിയും ,വ്യത്യസ്തയും നിറഞ്ഞു നിൽക്കുന്ന ഒരു രാജ്യത്തു അത്യന്താഅപേക്ഷിതമായ നിയന്ത്രണങ്ങൾ, ഏതൊരു മൗലികാവകാശത്തിനും എന്ന പോലെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും ആവശ്ശ്യമാണ് എന്നത്  കലാകാരനും മനസിലാക്കേണ്ട വസ്തുത ആണ് . ഇതു തിരിച്ചറിഞ്ഞു ദേശീയത ,രാജ്യ രക്ഷ മുതലായ മൂല്യങ്ങളിൽ അധിഷ്ഠിതമായുള്ള സ്വാതന്ത്ര്യമാണ് തന്ടെത്  എന്ന തിരിച്ചറിവ് കലാകാരനും ഉണ്ടാകുകയും, ആസ്വാദക മനസ്ഥിതി വിശാലമാകുകയും ചെയ്താൽ മാത്രമേ ആവിഷ്കാര സ്വാതന്ത്ര്യത്തിനു അതിന്റെ  പൂർണമായ  അർത്ഥത്തിൽ നിലനിൽക്കാൻ സാധിക്കുകയുള്ളു. 

Srishti-2021   >>  Poem - Malayalam   >>  പാലപ്പൂക്കൾ

Priya Koranchirath

Allianz

പാലപ്പൂക്കൾ

പാല പൂത്തിട്ടുണ്ട് ;

 കാറ്റ്  പറഞ്ഞതാണ് .

അത് ഒരോര്മപെടുത്തൽ ആയിരുന്നുവോ ?

മനസ് അസ്വസ്ഥമാകുന്നു .

കിനാവിന്റെ താഴ്വരകളിൽ മഞ്ഞുരുകി തുടങ്ങിയിരിക്കുന്നു .

 

നമ്മുടെ മനസ്സുകൾ പരസ്പരം പുറംതിരിഞ്ഞിരിക്കുന്നുവെങ്കിലും 

എനിക്കു ചുറ്റിലും നിന്റെ മണമാണ്.

ഒറ്റപ്പെടലുകൾ മനസ്സുമടുപ്പിക്കുമ്പോൾ ഞാൻ-

നിന്നെ ഗാഢമായി ശ്വസിക്കുന്നു 

നിന്നിലൂടിന്നൊരുന്മാദത്തിനായി.

 

ഇന്നലെകളിലെ രാജകുമാരൻ ഓർമ്മക്കോട്ടയിലെ-

പാലമരത്തിലേക്  ഓടി മറഞ്ഞപ്പോൾ എവിടെയോ ഒരു- 

ഒരു നേർത്ത വെള്ളിടിവെട്ടി .

 

തിരസ്കരിക്കപ്പെട്ടവന്റെ നിരാശ,

 വഞ്ചിക്കപെട്ടവന്റെ ആത്മനിന്ദ,

എല്ലാം തലയ്ക്കുമുകളിൽ  വട്ടമിട്ട്  പറക്കുന്ന പോലെ 

എങ്കിലും മനസ്സ്   പുതു സ്വപ്നം  പടിയിറങ്ങി.

 

ഈ അഴികൾക്കപ്പുറത് കനത്ത ആകാശം 

 ചങ്ങലകൾ  പൊട്ടിച്ചെറിഞ്ഞ ഭ്രാന്തിയെപ്പോലെ-മഴ 

കറുത്തിരുണ്ട മാനം നിറയെ പെയ്തോഴിയാത്ത സ്വപ്നങ്ങളോ ;

അറിയില്ല ;

 

അവനു ചിരി ഇഷ്ടമായിരുന്നു മഴയും വൈകുന്നേരങ്ങളും .

 

മഴ കനത്തു,  ഇത് തുലാവർഷം

 

മഴകാണണം മുറ്റത്തേക്കിറങ്ങണം 

പക്ഷേ;

മുറ്റം നിറയെ പാലപ്പൂക്കൾ.

Srishti-2021   >>  Poem - Tamil   >>  களவி

Kripa KB

Allianz

களவி

களவி என்று  சொன்னாரா ,

அய்யயோ  நீ  காதை பொத்திக்கொள்,

 

கிழவி  ஆனா  போதிலும்  நீ  களவி  கூறினால் ,

கூடி  தளர்ந்து  பேசுவதை  மறந்துகொள் .

 

 மெய்யும் கலந்தது களவி என   உரைக்காமல்,

 மெய் மட்டுமே களவி  என்பதை  தெரிந்துகொள்.

 

 களவி  என  ஒரு  முறை  சொல்ல  வெக்கப்பட்டு ,                                                  

 ஆனால் ஆயிரம் முறை கலந்தது பெருமைகொள் 

 

கண்ணில் துடங்கி, இதழில்  இறங்கி , கழுத்தில்  சென்றால்  களவி  என சொன்னாரா,

கண்ணில் துடங்கி , இதழில்  இறங்கி , கழுத்தும்  கடந்து  , நெற்றியில் முடிவதும்  களவிதான். 

 

மெய்யின் ஆட்டம் மட்டுமே   களவி யென தெரிந்துகொள்,

 ஆனாலோ மனமோ மிதக்கவேண்டும் தெரிந்துகொள்                                                  

 

களவி பேசினால், கருப்பு மறையுமென்ன கருத்து சொன்னாரா கேட்டுக்கொள் ,

 நெருப்பு நீ என நினைத்தாளோ, நொறுங்கி  விடுவாய்  புரிந்துகொள் 

 

களவி கற்க   காதலி என சொன்னாரா 

  நீ  கலந்தபின் கரம் நீட்டாமல் இருந்தால் கருகி விடுவாள் புரிந்துகொள் 

 

கோரிக்கைகள்  குறிக்க களவி என சொன்னாரா  நீ  தெரிந்துகொள் 

கோர்காத மனமோடு கலந்தால் அதற்க்கு  பெயர்  வேறு புரிந்துகொள் 

 

கல்யாணத்துக்கு   முன்   களவி   

கல்யாணத்துக்கு  பின்   களவி   என்ன  பிரித்தாரா தெரிந்துகொள்

காதலுடன்  கூடினால்  காலமில்லை  புரிந்துகொள்

Srishti-2021   >>  Poem - English   >>  Drowned in Black

Kripa KB

Allianz

Drowned in Black

deep and dark did her robe flutter,

Like the long wings of a bird

weak and feeble drifting in the wind.

Neither could she embrace it tight nor could she let it fly.

 

The veil on her face hid her mouth 

into the light did her eyes peep, like a dropped pearl in a glass bowl,

dancing its way left and right and to the corner ,

perhaps they waited to narrate ...

was it the agony , that silenced her laughs 

or was that she felt a warmth under the black.

 

Her fingers were white and clean, 

nails were short and plain.

She embraced her veil to her bosom,

her eyes still dancing and robe still fluttering.

Srishti-2021   >>  Poem - Malayalam   >>  വേഴാമ്പൽ

Krishna Ramkumar

Allianz

വേഴാമ്പൽ

ജീവിതമെന്ന മായാനൂലുകളാൽ 

ബന്ധനസ്ഥരായ നാം ഏവരും 

എന്തെന്നറിയാതെ ആരെന്നറിയാതെ 

പാരിൽ അങ്ങൊളം ഇങ്ങോളം അലയുമ്പോൾ 

ഓർക്കുക മർത്യരെ !

ഈ ജീവിതം വെറും മിഥ്യയെലോ 

അനന്തമായ ഏകാന്തതയുടെ 

ബ്രമണത്തിലേക്കുള്ള ചവിട്ടുപടികൾ !!!

 

മനസിൽ നന്മകൾ  നാമ്പിട്ടാൽ 

പരമമായ ശാന്തതയുടെ വിഹായുസ്സിൽ ലയിച്ചിടാം 

വിധിയുടെ കാർമേഘങ്ങളിൽ പെട്ടുഴലാതെ 

ആശ്വാസത്തിൻ പൊൻകിരണങ്ങളിൽ തളിർത്തിടാം 

ജീവിതമാകുന്ന പൂന്തോട്ടത്തിലെ വർണ്ണശലഭങ്ങൾ ആകാം 

 

എന്നാൽ ചിത്തം വിഷപൂരിതമായാൽ 

വേർപാടിൻ തീച്ചൂളയിൽ മുങ്ങിതാണു 

ഹൃദയം നോവാൽ തുടിച്ചിടും 

 

ദൈവം വിരൽത്തുമ്പുകളാൽ തീർത്ത 

വിസ്മയമല്ലോ നാം ഏവരും 

ആ പ്രപഞ്ചശക്തിയിൽ അലിഞ്ഞുതീരാൻ  

വിധിക്കപ്പെട്ടവർ 

ആ പുണ്യനിമിഷത്തെ പുണരാൻ 

വെമ്പിനിൽക്കുന്ന  വേഴാമ്പലുകൾ ! ! !

Srishti-2021   >>  Short Story - Malayalam   >>  ബാനസവാടിയിലെ ഓട്ടോക്കാരൻ

Abhilash Kunjukrishnan

Allianz

ബാനസവാടിയിലെ ഓട്ടോക്കാരൻ

പുള്ളോവറിൽ തങ്ങിനിന്ന സുഖമുള്ള ചൂടും പ്ലാറ്റ്ഫോമിലെ തണുത്ത 

വെയിലും  ചങ്ങാത്തം  കൂടുന്നതിനു  മുന്നേ  റെയിൽവേ സ്റ്റേഷനു  വെളിയിലെ 

ഓട്ടോ ഡ്രൈവർമാരുടെ ശൃംഖല ഭേദിക്കുവാൻ സച്ചി ശ്രമം തുടങ്ങി

 

"ഏനു സാർ...ത്രിഫിഫ്റ്റി ലാസ്റ്റു.... "

 

കഷ്ടിച്ച് അഞ്ചോ ആറോ കിലോമീറ്റർ പോകാൻ അഞ്ഞൂറ് രൂപയിൽ 

തുടങ്ങിയ    പേശലാണ്.    രൂപയുടെ    മൂല്യത്തകർച്ചയുടെ    പ്രതിഫലനം

പണ്ടൊക്കെ   ഒരു   മുപ്പത്   കിലോമീറ്ററിൽ   കൂടുതൽ   പോകാനായിരുന്നു 

ഇത്രയും തുക കൊടുത്തിരുന്നത്.  

ബാനസവാടി റെയിൽവേ സ്റ്റേഷന്റെ പ്രധാനകവാടം വിട്ട് സച്ചി മെല്ലെ 

റോഡിലേയ്ക്ക് തിരിഞ്ഞു

വരണ്ട  വയലറ്റ്  പൂക്കൾ  കൊഴിയുന്ന  മരത്തിന്  കീഴെ  ഓട്ടോയുടെ 

ഡ്രൈവിംഗ് സീറ്റിൽ ഇംഗ്ലീഷ് പത്രവും  നിവർത്തിപ്പിടിച്ച് ഒരു ഓട്ടോക്കാരൻ

ബംഗളൂരു   നഗരത്തിൽ   അത്യാവശ്യം   ഇംഗ്ലീഷറിയാത്തവർ   ചുരുങ്ങും

എങ്കിലും സച്ചിക്കു കൗതുകം തോന്നി.  

"സാർ   ...   രാമമൂർത്തീനഗർ   ഓവർബ്രിഡ്ജ്   ....   പോകലാമാ?"

ബഹുഭാഷാജ്ഞാനിയായ അവന് തമിഴാണ് അപ്പോൾ വായിൽ വന്നത്.  

പത്രത്തിൽ നിന്നും പ്രസാദഭാവത്തിൽ മുഖമുയർത്തി ഓട്ടോ ഡ്രൈവർ 

പോകാം എന്ന് തലയാട്ടി

 

"എവ്വളവ് ആകും"

സച്ചി    തെല്ലു    സംശയത്തോടെ    താടിയിൽചൂണ്ടുവിരൽ    കൊണ്ട് 

ചൊറിഞ്ഞു

"അത്ക്ക് എന്ന സാർ... മീറ്റർ കാശു കൊടുങ്കെ..."

സംശയം  ആശ്ചര്യമായിബംഗളൂരു  പട്ടണത്തിൽ  ഓട്ടത്തിന്  മീറ്റർ 

കാശു മാത്രം വാങ്ങുന്ന ആളോ

 

ലാപ്പ്ടോപ്പ് ബാഗ് കടത്തിവച്ച്  അവൻ പിൻസീറ്റിലമർന്നു

മുന്നിലെ  കണ്ണാടിയുടെ  ഒരുവശത്തിരുന്ന്  ഉപേന്ദ്രയും  കമലഹാസനും 

പുഞ്ചിരിക്കുന്നു

കുലുക്കത്തോടെ ഓട്ടോ മുന്നിലേയ്ക്കു ചലിച്ചു

തുടക്കത്തിൽ   തന്നോട്   മുന്നൂറ്റമ്പതു   രൂപ   പറഞ്ഞ   ഓട്ടോക്കാരൻ 

മറ്റൊരു സവാരിയുമായി പോകുന്നതു സച്ചി ശ്രദ്ധിച്ചു

"എന്ത ഊരു നീങ്കെ?' അവൻ ഡ്രൈവറോട് ചോദിച്ചു. "

ഇംഗ്ലീഷ് പരിജ്ഞാനിയായ ഇയാൾ ഏതുനാട്ടുകാരനായിരിക്കും

 

"സേലം    പക്കം    സാർ...    തലൈവാസൽന്ന്    സൊല്ലുവാങ്കെ... 

കേൾവിപ്പട്ടിര്ക്കാ...?'' 

 

തലൈവാസൽ  വിജയ്  എന്ന  സിനിമാ  താരത്തിന്റെ  പേരിനൊപ്പമാണ് 

സ്ഥലനാമം സച്ചി ആകപ്പാടെ കേട്ടിട്ടുള്ളത്. സേലത്തുനിന്നും എൺപത്  

കിലോമീറ്ററോളം    ഉള്ളിലായി    കിടക്കുന്ന    ചെറിയൊരു    പട്ടണമാണ് 

തലൈവാസൽ.        അത്        മൈസൂർ        രാജ്യത്തിന്റെ        പ്രധാന 

കവാടമായിരുന്നുവത്രെ

 

ഇടറോഡ് വിട്ട് ഓട്ടോ മെയിൻ റോഡിന്റെ തിരക്കിലേക്ക് ഊർന്നു

  

  " Amma  Calling .."   

 

 സച്ചി   ഫോൺ   എടുത്തുകൊണ്ട്   ഇരുവശത്തേയ്ക്കും   നോക്കി

നിരത്തിലെ  കാഴ്ചകൾ  മായിച്ചുകൊണ്ട്  വാഹനങ്ങളുടെ  സൂകര  പ്രസവം

മെട്രോനഗരങ്ങളിലെ സ്ഥിരം കാഴ്ച

 

വീട്ടിലേയ്ക്കുള്ള    വഴിയിലാണെന്ന്    അമ്മയോടു    പറഞ്ഞ്    കാൾ 

 കട്ടുചെയ്തിട്ട് സച്ചി വാട്ട്സപ്പ് പേജുകൾ ഒന്നൊന്നായി മറിച്ചുനോക്കി.

 

"അപ്പോ ബംഗളൂരു....?'' 

''രണ്ട് വർഷത്തേക്ക് മേലയാ ഇങ്ക താൻ.... അതോ അന്ത ബ്രിഡ്ജോട 

പക്കം..."

ബാനസവാടി  റെയിൽവേ  ഓവർ  ബ്രിഡ്ജ്  കയറിയപ്പോൾ  അയാൾ 

ഇടത്തേക്കു ചൂണ്ടിപ്പറഞ്ഞു

"എവ്വളവ് വർഷമാ ഓട്ടോ ഓട്ടിട്ടിരിക്ക്... ?" 

     "ഒന്നരവർഷം     സർ...     അത്ക്ക്     മുന്നാടി     വിവസായം... 

അഗ്രിക്കൾച്ചർ....വെജിറ്റബിൾസ്..."

കൃഷിക്കു തമിഴിൽ വിവസായം എന്നാണു പറയുന്നത്.  

"നീങ്ക കേരളാവിൽ എന്ത ഊര് സർ...?''  

കോളേജ്   ഗ്രൂപ്പിലേയ്ക്കു      വന്ന   ഒരു   പോസ്റ്റിന്   മൂന്ന്   ചരിഞ്ഞ് 

വാതുറന്ന് ചിരിക്കുന്ന സ്മൈലികൾ ഇട്ടുകൊണ്ട് സച്ചിപറഞ്ഞു.  

"ട്രിവാൻഡ്രം..."

"കേരളാ... സൂപ്പർ സാർ..."

കൈകൊണ്ട് അയാൾ ആഗ്യം കാണിച്ചു

"നാൻ ഒരു വാട്ടി വന്തിരിക്ക് അങ്കെ ..."

"ഇങ്ക എന്ത കമ്പനിയിലെ വേല പാക്ക്റോം സാർ....?'' 

''ഫോർച്ച്യൂൺ കംപ്യൂട്ടേഴ്സ്... ഒരു ചിന്ന ഐറ്റി കമ്പനി.' 

"ഉങ്ക പേര്...?'' 

''സത്ചിത്" സച്ചി മുഴുവൻപേര് പറഞ്ഞു

"സർ നാൻ... ശബരിനാഥൻ..." 

ഡ്രൈവർ സ്വയം പരിചയപ്പെടുത്തി

 

ബാനസവാടി അയ്യപ്പക്ഷേത്രത്തിനുമുന്നിലെ തിരക്കിൽ ഓട്ടോകുടുങ്ങി.   

 

"അപ്പറം വിവസായത്ത്ക്ക് എന്നാച്ച്...?'' 

സച്ചി വീണ്ടും ചോദിച്ചു

പുഞ്ചിരി മായാതെ ശബരിനാഥൻ പറയാനാരംഭിച്ചു

 

നാട്ടിൽ    കോളേജ്    വിദ്യാഭ്യാസം    നേടിയ    ചുരുക്കം    ചിലരിൽ 

ഒരാളാണത്രെ   ശബരിനാഥൻ.   കാർഷിക   വിപണിയിലെ   ഇടനിലക്കാരുടെ 

മത്സരത്തിലും  കുതന്ത്രങ്ങളിലും  പിടിച്ചുനിൽക്കാനാകാതെ  കൂട്ടാളികൾ  മറ്റ് 

പണികൾ   തേടി   പല   പട്ടണങ്ങളിലേക്ക്   തിരിഞ്ഞു.   ഇയാൾ   മാത്രം 

ചങ്കുറപ്പോടെ കൃഷിയിൽ തന്നെ ഉറച്ചുനിന്നു. കൂട്ടുകാരുടെ സഹായത്തോടെ 

പട്ടണങ്ങളിലെ ഹോട്ടലുകളിൽ വിഷവിമുക്ത പച്ചക്കറി എത്തിക്കലായിരുന്നു 

കൃഷിയോടനുബന്ധിച്ചുള്ള ഇടപാട്

പ്രധാനമായും ബംഗളൂരു നഗരമായിരുന്നു അയാളുടെ കച്ചവടകേന്ദ്രം

"വേറെ വേലയ്ക്ക് ട്രൈ പണ്ണലയാ...കോളേജ്ക്കപ്പറം?" 

"ഇല്ല  സാർ...  മുന്നാടി  അപ്പാതാൻ  വിവസായം  പണ്ണീട്ടിരുന്തോ... 

അതുക്കപ്പറം  നാൻ  കൺടിന്യൂ  പണ്ണിയാച്ച്...എനക്കും  അത്  മേലെ  താൻ 

പാസം ഇരുന്തത്..." 

അയാളുടെ  പുഞ്ചിരിക്കുന്ന  കണ്ണുകളിലെ  തിളക്കം  റിയർവ്യൂ  മിററിൽ 

പ്രതിബിംബിച്ചു

കച്ചവടം  മെച്ചപ്പെട്ടതോടെ  പലരും  പങ്കുകച്ചവടത്തിന്  മുന്നോട്ട്  വന്നു

നേരത്തെ       പറഞ്ഞ       ഇടനിലക്കാരും       കുടിലബുദ്ധികളുമൊക്കെ 

അക്കൂട്ടത്തിലുണ്ടായിരുന്നുപോൽ.   പക്ഷേ   അവരോട്   വിട്ടുവീഴ്ചചെയ്യാൻ 

അയാൾക്ക് താൽപര്യം ഉണ്ടായിരുന്നില്ല

"നേർ വഴിവിട്ട പൊഴക്ക്റ്ത്ക്ക് തെരിയാത് സർ..."

ഇടറിയതെങ്കിലും ദൃഢമായ ശബ്ദത്തോടെ അയാൾ പറഞ്ഞു നിർത്തി

ക്ഷേത്രത്തിനു മുന്നിലെ തിരക്ക് ഒട്ടൊന്നു കുറഞ്ഞു

"ട്രാഫിക് ഇങ്കെ കൊഞ്ചം അധികമായിരിക്കാ ഇന്നയ്ക്ക്...?'' 

സച്ചി        സമയം        നോക്കി.        പത്തുമണിക്ക്        മുന്നേ 

ഓഫീസിലെത്തേണ്ടതാണ്

സൈഡിലൂടെ     വെട്ടിച്ചുകടന്ന     ഇരുചക്രവാഹനത്തെ     മുട്ടാതെ 

തികഞ്ഞൊരഭ്യാസിയെപ്പോലെ     ശബരിനാഥൻ     ഓട്ടോറിക്ഷ     വീണ്ടും 

മുന്നോട്ടെടുത്തു.      ഇപ്പോഴുള്ള            തിരക്കൊന്നും      അയാൾക്ക് 

പുത്തരിയായിരിക്കില്ല.  

ക്ഷേത്രത്തിലെ     മണിമുഴക്കത്തോടെയുള്ള     ശരണം     വിളിയും 

ശബരിനാഥന്റെ  പുഞ്ചിരിതെളിയുന്ന  കണ്ണുകളും  സച്ചിയിൽ  ഒട്ടൊരാവേശം 

പകർന്നു

ചിക്കബാനസവാടി സിഗ്നൽ കടന്ന് ഓട്ടോവീണ്ടും മുന്നോട്ട് കുതിച്ചു

ഇടതുവശത്തെ   കല്യാൺ   നഗറിലേയ്ക്കുള്ള  സെവൻത്   മെയിൻ  റോഡ് 

ചൂണ്ടിക്കാണിച്ച് ശബരിനാഥൻ പറഞ്ഞു.  

 

"അങ്ക ഒരു ഹോട്ടൽ ഇരിക്ക് സർ... ശ്രീനിധി വെജ്കോർട്ട്. നാന്താൻ 

അങ്ക    വെജിറ്റബിൾ    സപ്ലൈ    പണ്ണീട്ടിരുന്തത്...    അങ്കതാൻ    എനക്കും 

കലാവുക്കും ഫസ്റ്റ് മീറ്റ്..."

അത്     പറഞ്ഞപ്പോൾ     അയാളുടെ     കണ്ണുകൾ     പുഞ്ചിരിയാൽ 

കൂമ്പിയതുപോലെ സച്ചിക്കു തോന്നി

"അത്ക്കപ്പറം വണ്ണിയറുക്കുള്ളെ കല്യാണം...കൊളന്തെ..."

"... എത്തന കൊളന്തയിരിക്ക്?"

വാട്സാപ്പ് ഫോർവേഡുകൾ അവഗണിച്ചുകൊണ്ട് സച്ചി ചോദിച്ചു

"ഒന്തേതാൻ സർ...പൊണ്ണ്...ഫാർത്ത് സ്റ്റാൻഡേർഡിലെ പഠിക്കറോം..." 

കലവെ  മാരേജ്  പണ്ണുമ്പോത്  ബിസിനസ്സ്  നല്ല  താൻ  നടന്തത്.... 

ആനാ...   യാര്   പണ്ണ്റ്ത്ന്ന്   തെരിയാത്   സർ...   ഷൂലഗിരിയിലെ   അന്ത 

ആക്സിഡന്റ്..."

' അയാളുടെ ശബ്ദം ഇടറിത്തുടങ്ങി

അത്ക്കപ്പറം തലൈവാസൽ പോകറ്ത്ക്ക് ആർവം വരലെ...' 

അയാളുടെ കണ്ണ് കലങ്ങിയത് തോന്നലാകുമോ

ഓട്ടോറിക്ഷ  രാമമൂർത്തിനഗർ  ഓവർ  ബ്രിഡ്ജ്  എത്തുന്നതിനുമുന്നെ 

വലതുവശത്തെ പെട്രോൾ പമ്പ് കണ്ടു. ഇറങ്ങേണ്ടയിടം ആയല്ലോ... 

'എന്നാ സർ... ഔട്ടർ റിംഗ് റോഡ്  പക്കത്ത്ക്ക് പോണമാ?' 

 

ഷൂലഗിരി  ആക്സിഡന്റിൽ  നിന്ന്  സച്ചി  മടങ്ങിവരുന്നതിനു  മുന്നേ 

ഡ്രൈവർ കർത്തവ്യബോധത്തോടെ പുറകിലേക്ക് നോക്കി

'വേണ്ട... ഇങ്ക ഓരമാ നിർത്ത്ട്ങ്കേ...' 

മീറ്ററിൽ എഴുപത്തൊമ്പത് രൂപ..

 

പേഴസിൽ   നൂറിന്റെയോ   ഇരുന്നൂറിന്റെയോ   ഒറ്റ   നോട്ട്   പോലുമില്ല

ചില്ലറകൾ   ഇരുപതോ   മുപ്പതോ   വരും.   കയ്യിൽ   തടഞ്ഞ   അഞ്ഞൂറ് 

രൂപയെടുത്ത് ഓട്ടോക്കാരന് നീട്ടി

'അയ്യോ... ചേഞ്ച് ഇല്ലിയാ  സർ...' 

അവൻ നിഷേധഭാവത്തിൽ തലയാട്ടി

'സരി ...ഉക്കാറ്ങ്ക....ഓപ്പസിറ്റ് സൈഡിലെ ഓട്ടോസ്റ്റാന്റ് ഇരിക്ക് നാൻ 

അങ്കപോയി കേട്ട് വാങ്കിയിട്ട് വരലാം...' 

സച്ചിയെ  ഭൂതകാലത്തിലെവിടെയോ  അലയാൻ  വിട്ടിട്ട്  ശബരീനാഥൻ 

വീണ്ടും പുഞ്ചിരിച്ചു

ഷൂലഗിരിയിൽ വച്ചെന്തുണ്ടായി... 

കഥ പൂർത്തിയായില്ലല്ലോ...  

 

ഷൂലഗിരിയിൽ എന്താണുണ്ടായത്...? 

ചോദ്യം അവന്റെ തൊണ്ടയിൽത്തന്നെ ഇരുന്ന് കുറുകി

പെട്ടെന്ന്   ഡ്രൈവർ   കുനിഞ്ഞ്   കാൽക്കൽ   വച്ചിരുന്ന   സ്ട്രെക്ച്ചർ 

വലിച്ചെടുത്ത്    ഒറ്റക്കാലിൽ    ഊന്നി    വണ്ടിക്കു    വെളിയിലിറങ്ങി

റോഡിനിരുവശവും നോക്കി സച്ചി കൊടുത്ത അഞ്ഞൂറിന്റെ നോട്ടും പിടിച്ച് 

മറുവശത്തേക്ക് കുന്തിച്ചു കുന്തിച്ചു പോയി... 

 

അന്ധാളിപ്പ്   നിറഞ്ഞ   വേദനയോടെ   സച്ചി   അത്   നോക്കിയിരുന്നു

പെട്ടെന്ന് ബോധോദയം വന്നകണക്കെ ലാപ്ടോപ് ബാഗും തൂക്കി ധൃതിയിൽ 

നിരത്തു   വക്കിലൂടെ   നടന്നു   പോയി.   മാറിയ   ചില്ലറയുമായി   പുറകിൽ 

ശബരീനാഥന്റെ  "സർ...  സർ..."  വിളി  മുഴങ്ങവെ  സ്റ്റോപ്പിൽ  വന്നു  നിന്ന 

അഞ്ഞൂറാം    നമ്പർ    ബസ്സിൽ    കയറി    അവൻ    ആളുകൾക്കിടയിൽ 

അപ്രത്യക്ഷനായി.

Srishti-2021   >>  Short Story - Malayalam   >>  രാധമ്മ

Sarika

Allianz

രാധമ്മ

'അപ്പൂ, എന്താ പറ്റിയത് , കണ്ണ് തുറന്നേ ' രാധമ്മയുടെ ശബ്ദമാണ് . ഞാൻ കണ്ണ് തുറക്കാൻ ശ്രമിച്ചു . വെള്ളത്തുള്ളികൾ കൺപീലികളിൽ നിന്നും കണ്ണിലേക്ക് വീണതിലുള്ള അസ്വസ്ഥത കൊണ്ട് പിന്നേം ഇറുക്കിയടച്ചു . എന്നിട്ട്  വീണ്ടും പതുക്കെ തുറന്നു. ഒരു ചെറിയ മൊന്തയുമായി രാധമ്മ, അടുത്തുതന്നെ അമ്മ, വിശ്വാമ്മാവൻ , അമ്മായി, ജാനുകുട്ടി, കുഞ്ഞൻ എല്ലാവരും ഉണ്ട്

'ഒന്നുമില്ല, ഉച്ച വെയിലത്ത് കയ്യാലമേൽ പോയി ഇരുന്നിട്ടാ . അവൾ ഒന്ന് റെസ്റ് എടുക്കട്ടെ , അപ്പോഴേക്കും മാറും. കുട്ടികളൊക്കെ കണക്കാ, മര്യാദക്ക് ഒന്നുമൊട്ട് കഴിക്കത്തില്ല . എച് ബി ഒക്കെ കുറവാകും. പനിയും   വിട്ടിട്ടുണ്ടാവില്ല '.  ഇത്രേം പറഞ്ഞു വിശ്വാമ്മാവൻ പുറത്തേക്കു പോയി; പിറകിനു അമ്മായിയും

'അപ്പൂന് വയ്യായ്ക  വല്ലതും ഉണ്ടോ, പനി തോന്നുന്നുണ്ടോ ?'

'ഇല്ലമ്മേ '

'ജാനു, ജാറും ഗ്ലാസ്സും ഒന്നെടുക്കൂ '

ഞാൻ പതുക്കെ എഴുന്നേറ്റിരുന്നു

' വെയിലത്ത് പറമ്പിലൊക്കെ കറങ്ങി നടക്കരുതെന്നു നിന്നോടെത്ര പറഞ്ഞിട്ടുള്ളതാ . അനുസരണാശീലം  പണ്ടേ ഇല്ലലോ . കുറച്ചു നേരം കിടന്നോളൂ'. ഗ്ലാസ്സ് തിരികെ വാങ്ങിക്കൊണ്ടു അമ്മ പോയി .

'ജാനു, ഇത് അടുക്കളയിൽ വച്ചേക്കൂ ' രാധമ്മയുടെ കയ്യിലെ മൊന്തയുമായി ജാനുകുട്ടിയും കുഞ്ഞനും മുറി വിട്ടു

'എന്താ അപ്പൂ , എന്താ പറ്റിയത് '

കുറച്ചുനേരം ഞാനൊന്നും മിണ്ടിയില്ല .

'ഞാൻ അപ്പൂപ്പനെ കണ്ടു'

രാധമ്മ എന്നെത്തന്നെ നോക്കിയിരുന്നു .

പണ്ട് മുതലേ നാട്ടിൽ വന്നാൽ രാധിക എന്ന രാധമ്മയാണ് എനിക്ക് കൂട്ട്. അപ്പൂപ്പനേം അമ്മൂമ്മയെക്കാളുമൊക്കെ അടുപ്പവും രാധമ്മയോടായിരുന്നു. റയിൽവേയിൽ നിന്നും റിട്ടയർ  ചെയ്ത ശേഷം അമ്പലവും, അതിന്റെ  നടത്തിപ്പും, പിന്നെ പറമ്പും കൃഷിയുമൊക്കെയായി തിരക്കോടു തിരക്കാണ് അപ്പൂപ്പന്. അമ്മൂമ്മക്കാണെങ്കിൽ എപ്പോഴും അകത്തു എന്തെങ്കിലുമൊക്കെ പണികാണും

 

എല്ലാ സമ്മർ വെക്കേഷനും രണ്ടാഴ്ച, പിന്നെ ഓണത്തിന് മൂന്നോ, നാലോ ദിവസം. അപ്പോഴൊക്കെയാണ് ഞാൻ രാധമ്മയെ കാണുന്നത്. ഓണത്തിന് വിശ്വമ്മാവനും , ചെറിയമ്മാവനും, അവരുടെ കുടുംബവും കാണും. ഓണത്തിന്റെ  ഒരുക്കങ്ങളും ബഹളവുമൊക്കെയാകും. പക്ഷെ സമ്മർ വെക്കേഷൻ അങ്ങനെയല്ല. ഞാനും അച്ഛനും അമ്മയും കൂടി കല്ലടയിലെ അച്ഛന്റെ വീട്ടിൽ ഒരു ദിവസം നിന്നിട്ടു നേരെ പരവൂരിലേക്ക് . ഒന്നോ, രണ്ടോ ദിവസം കഴിയുമ്പോൾ, അച്ഛനും അമ്മയും പോകും.പിന്നെ രണ്ടാഴ്ച കഴിഞ്ഞു അച്ഛൻ വിളിക്കാൻ വരുമ്പോഴേക്കും അടുത്ത ഒരു വർഷത്തേക്കും , എന്നത്തേക്കുമായുള്ള ഓർമ്മകൾ ഉണ്ടാക്കിയിരിക്കും ഞാനും രാധമ്മയും. എനിക്ക് അഞ്ചോ ആറോ വയസുള്ളപ്പോൾ വരെ അമ്മയും നിൽക്കുമായിരുന്നു

ഡി ബി കൂപ്പർ , പാബ്ലോ എസ്കോബാർ തുടങ്ങി ഹിസ്റ്ററി ബുക്സിൽ പഠിക്കാൻ ഇല്ലാത്ത  പലരെക്കുറിച്ചും, മൊസാദിന്റെ ഓപ്പറേഷൻസിനെക്കുറിച്ചുമൊക്കെ ഞാൻ അറിയുന്നതു രാധമ്മയിലൂടെയാണ്. എന്നെ പഠിപ്പിച്ചിരുന്ന ഒരു ഹിസ്റ്ററി ടീച്ചറും ഇത്ര ഭംഗിയോടെ ചരിത്രം പറഞ്ഞിരുന്നില്ല; ഹിസ്റ്ററി ടീച്ചർ എന്നല്ല, ആരും തന്നെ പറഞ്ഞിരുന്നില്ല. ലോകചരിത്രം മാത്രമല്ല, കുടുംബചരിത്രവും, നാട്ടിലുള്ളവരുടെ ചരിത്രവും എല്ലാം വളരെ രസത്തോടെയാണ് രാധമ്മ പറഞ്ഞിരുന്നത്.

 

എന്റെ നാലാം ക്ലാസ്സുകഴിഞ്ഞുള്ള വെക്കേഷന് , താഴേലെ  കുളത്തിൽ ആമ്പൽപ്പൂക്കൾ വിരിഞ്ഞിട്ടുണ്ടെന്നറിഞ്ഞു രാധമ്മയുടെ ആക്ടിവയിൽ ഞാനും  , രാധമ്മയും, വടക്കേലെ നാരായണമ്മാന്റെ ചെറുമകൻ മഹേഷുമായി പുറപ്പെട്ടു

ഉടുപ്പൊക്കെ മാറ്റി ഒരു തോർത്തും ചുറ്റി അവനങ്ങനെ  നീന്തിക്കളിക്കുന്നതു കാണാൻ തന്നെ ഒരു ഉഷാറാണ്. അവന്റെ മട്ടും ഭാവവും ഒക്കെ കണ്ടാൽ ഏറ്റവും സന്തോഷം ഇങ്ങനെ വെള്ളത്തിൽ കിടക്കാനാണെന്ന് തന്നെ തോന്നും

ആദ്യം അടുത്തുള്ള ഒന്ന് രണ്ടെണ്ണം പറിച്ചു കൊണ്ട് വന്നു.

 'ഇനി ഏതാ ചേച്ചി വേണ്ടത്? ' സ്ഥിരമുള്ള പുഞ്ചിരിയോട് കൂടിത്തന്നെ നീന്തൽ വിദഗ്ധൻ ചോദിക്കും. എന്നിട്ടു ഞാൻ ചൂണ്ടികാണിക്കുന്നതിനെ ലക്ഷ്യമാക്കി ഒരു പോക്കാണ്. ചിലതൊക്കെ വേരോടുതന്നെ അവൻ പറിച്ചുകൊണ്ടുവരും. അങ്ങനെ കിട്ടുമ്പോൾ അവന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ്.'ചേച്ചിക്ക് വല്യേടത്തെ കുട്ടികുളത്തിൽ ഇടാം ഇതിനെ' . ചിരിച്ചുകൊണ്ട് ഞാൻ സമ്മതിക്കും. രാധമ്മ ഒരാളോട് സംസാരിച്ചു കഴിഞ്ഞു തിരിച്ചെത്തിയപ്പോഴേക്കും ഞങ്ങളുടെ ശേഖരം അതിവിപുലമായിക്കഴിഞ്ഞിരുന്നു. അത് കാണുമ്പോൾ രാധമ്മ ഞെട്ടുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്

' മതി അപ്പു . ഉടുപ്പൊക്കെയെടുത്തിട്ടു വാ കുട്ടാ, പോകാം '. അത് കേട്ട് ഞാനാണ് ഞെട്ടിയത്

'എന്ത് പറ്റി രാധമ്മ ?'

'ഒന്നൂല്ല, രാധമ്മക്കു ചെറിയ ഒരു തലവേദന. നമുക്ക് ഇപ്പോൾ പോകാം'. വിളറിയ മുഖത്തോടെ രാധമ്മ പറഞ്ഞു.

അന്ന് വൈകിട്ടു  അപ്പൂപ്പന്റെ ഉയർന്ന ശബ്ദം കേട്ടിട്ടാണ് വായിച്ചുകൊണ്ടിരുന്ന പുസ്തകവുമായിത്തന്നെ ഞാൻ താഴേക്കു ചെന്നത്.

'ജാതകം ദോഷം ഉണ്ടെന്നു പറഞ്ഞു ഒരന്യജാതിക്കാരനെ കൊണ്ട് കെട്ടിക്കണ്ട ഗതികേടൊന്നും ഇവിടില്ല. ഞാൻ ജീവിച്ചിരിക്കുന്നടത്തോളം അത് നടക്കുമെന്നും ആരും കരുതണ്ട'. 

'അതിനു അവൾ എന്ത് ചെയ്തു? പയ്യൻ ഇവിടെ വന്നു ആലോചിച്ചതല്ലേ. പിന്നെ, എന്നും അവളോടൊപ്പം നമ്മളുണ്ടാകുമോ?'

'അവൾ അറിയാതെയൊന്നും അവളുടെ സ്കൂളിലെ ഒരാള് ഇവിടെ വരില്ല. കണ്ട ചോവനും , ക്രിസ്ത്യാനിയുമൊന്നും ഇവിടെ പറ്റില്ല. ഇത് ആദ്യമല്ലലോ '

'നിങ്ങളൊക്കെക്കൂടി നോക്കീട്ടു നല്ല ആലോചനയൊന്നും കിട്ടീലല്ലോ?. അവൾക്കു വയസ്സെത്രയായീന്നാ വിചാരം?'

'എങ്ങനെ കിട്ടാനാ , നല്ല അസ്സൽ  ചൊവ്വയല്ലേ.പിന്നെ ഏതെങ്കിലും ചേർന്നാൽ അത് നിന്റെ മോൾക്കൊട്ടു പിടിക്കത്തതുമില്ല . വെറുതെ പണ്ടത്തെപ്പോലെ ആളുകളെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് എന്ന് പറഞ്ഞേക്കണം അവളോട് '

ഇത്രേം പറഞ്ഞു തിരിഞ്ഞതും അപ്പൂപ്പൻ എന്നെ കണ്ടു.

'ആഹാ, അപർണ്ണകുട്ടീ, കറവക്കാരന്റെ അവിടുത്തെ ചെക്കന്റെ കൂടെ താഴേത്തെ  കുളത്തിൽ പോയി അല്ലെ. ആമ്പൽപ്പൂ വേണമെങ്കിൽ അപ്പൂപ്പനോട് പറഞ്ഞാൽപ്പോരേ . ആരെലേം വിട്ടു വരുത്തിക്കാമായിരുന്നല്ലോ . ആഴമുള്ള കുളമാണ്. ഇനി അവിടെ പോകരുത് കേട്ടോ. വിളക്കിൽ ഒരുക്കിയോ?'

എന്റെ മറുപടിക്കു കാത്തുനിൽക്കാതെ അപ്പൂപ്പൻ ഇറയത്തേക്കു  പോയി. അമ്മൂമ്മ കണ്ണും തുടച്ചുകൊണ്ട് പൂജാമുറിയിലേക്കും.

ഞാൻ ചെല്ലുമ്പോൾ രാധമ്മ കിടക്കുകയാണ്. എന്റെ കൈ ചേർത്തുപിടിച്ചുകൊണ്ടു രാധമ്മ കുറെയേറെ കരഞ്ഞു. ഞാൻ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ അവിടെ ഇരുന്നു

'അപ്പു , പേടിച്ചുപോയോ ?'

'ഇല്ല, അപ്പൂപ്പൻ എന്തിനാ രാധമ്മയെ വഴക്കു പറഞ്ഞത്?'

'രാധമ്മക്കു മിടുക്കു പോരാഞ്ഞിട്ട് ' .

അന്ന് ആരും ഒന്നും മിണ്ടാതെയാണ് അത്താഴം കഴിച്ചത്.

'അപ്പുക്കുട്ടി നല്ല മിടുക്കിയായി വളരണം കേട്ടോ. നമുക്ക് ഉറപ്പും , ഇഷ്ടവും, ആവശ്യവുമുള്ളതൊക്കെ ചെയ്യാനുള്ള ധൈര്യവും ഉണ്ടാകണം '

ഞാൻ ഒന്ന് മൂളിയിട്ടു രാധമ്മയോടു ചേർന്ന് കിടന്നു.

തിരിച്ചു ഇൻഡോറിൽ എത്തിയിട്ട് ഞാൻ വാശിപിടിച്ചു സ്വിമ്മിങ് ക്ലാസിനു ചേർന്നു !

വർഷം ഓണത്തിന് മുൻപ് തന്നെ വീണ്ടും നാട്ടിൽ വരേണ്ടി വന്നു . അമ്മൂമ്മ മരിച്ചു. ഹാർട്ട് അറ്റാക്ക് ആയിരുന്നു.

ഫ്ലോറിഡയിൽനിന്നും  വിശ്വമ്മാവൻ എത്താൻ വേണ്ടി രണ്ടു ദിവസം പിന്നേം എടുത്തു. അത് കഴിഞ്ഞിട്ടായിരുന്നു അടക്കം. സഞ്ചയനം കഴിഞ്ഞു തിരിച്ചു പോകാൻ നേരം വരേയും രാധമ്മ ആരോടും ഒന്നും മിണ്ടിയിരുന്നില്ല, എന്നോടും. പോകാൻ നേരം ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരുമ്മ, അത്രമാത്രം

 

അത്തവണ ഞങ്ങൾക്ക് ഓണമില്ലായിരുന്നു. പിന്നീട് പലതവണ ഫോണിൽ സംസാരിച്ചപ്പോഴും രാധമ്മക്കു പഴയ ഉത്സാഹമില്ലാത്തതുപോലെ തോന്നി. രാധമ്മ ഇനി ഇങ്ങനെ തന്നെ ആയിരിക്കുമോ എന്ന് ഞാൻ പേടിച്ചു

അടുത്ത വെക്കേഷന് ചെന്നപ്പോഴേയ്ക്കും പേടിയൊക്കെ മാറി. രാധമ്മ പഴേപോലെ തന്നെ. എന്നാൽ ഇപ്പോൾ പിടിപ്പതു പണിയാണ് . വീടിനകത്തും പുറത്തുമായി ഒരുപാട് കാര്യങ്ങൾ നോക്കാനുണ്ട് . പറമ്പിൽ പണിക്കു വരുന്നവർക്ക് ചോറ് കൊടുക്കണം, മൂപ്പര് വരുമ്പോൾ കൂടെ നിന്ന് തേങ്ങയും, അടക്കയും, അടത്തിക്കണം , വീട്ടിലേക്കാവശ്യമുള്ള തേങ്ങ പൊതിപ്പിച്ചു ചായ്പ്പിൽ വയ്ക്കണം, അകമൊക്കെ അടിച്ചു തുടക്കണം അങ്ങനെ പലതും. ഇതിനൊക്കെ രാധമ്മയുടെ വാലായി ഞാനും കൂടി . തിരക്കുകൾക്കും ഒരു രസമുണ്ടായിരുന്നു

അമ്മൂമ്മയുടെ ആണ്ടിന് അമ്മ മാത്രമേ പോയുള്ളു. എനിക്ക് എക്സാം ഉണ്ടായിരുന്നു

അടുത്ത ഓണത്തിന് പ്രധാനമായും ചർച്ചയായതു രാധമ്മയുടെ കല്യാണക്കാര്യമാണ്.

 

'ജാതകപ്പൊരുത്തം തരക്കേടില്ല. ഇത്തിരി പടിപ്പുകുറവായാൽ എന്താ, നല്ല കുടുംബമാ. കുറുപ്പിന്റെ കാലശേഷം കടയൊക്കെ നോക്കിനടത്തേണ്ടതു അവനല്ലേ. എന്ത് പറയുന്നു ?'

മുകളിലത്തെ കോണിപ്പടിയുടെ മറവിൽ നിന്നുകൊണ്ട് ഞാൻ തളത്തിലേക്ക്  ചെവി കൂർപ്പിച്ചു .

'അവൾക്കു കുറേക്കൂടി പഠിപ്പും , സ്വന്തമായി നല്ലൊരു ജോലിയുമുള്ള ആളെ വേണമെന്ന് പറയുമ്പോൾ..'

അമ്മയാണ് ആദ്യം മറുപടി പറഞ്ഞത് 

'നീയും ലക്ഷ്മിയെപ്പോലെ തുടങ്ങുകയാണോ? എങ്ങനെയെങ്കിലുമാണ് ഒരെണ്ണം ഒത്തുകിട്ടുന്നത്. അല്ല, ഇങ്ങനെ  പഠിക്കാൻ വിട്ട എന്നെ പറഞ്ഞാൽ മതി. കൊടിയും പിടിച്ചു കണ്ട സമരക്കാരന്റെ കൂടെ കറങ്ങി നടന്ന മാനക്കേട് ഇപ്പോഴും മാറിയിട്ടില്ല . ഇത് തന്നെ ഭാഗ്യമാണെന്ന് കരുതുമ്പോഴാണ് ഓരോ മുടക്കും കൊണ്ട് വരുന്നത്.തലയിലെ വര മാറ്റാൻ പറ്റില്ല  '  

ശബ്ദം ഉയർത്തിയാണ് അപ്പൂപ്പൻ സംസാരിച്ചത് .

'അച്ഛൻ പറയുന്നതിലും കാര്യമുണ്ട്. നമുക്കുകാരിയാവുന്ന കുടുംബവുമല്ലേ ? കല്യാണശേഷം അവർക്കു ഇവിടെത്തന്നെ നിൽക്കാമല്ലോ. അവൾക്കു സ്കൂളിൽ പോകാനും എളുപ്പമുണ്ട്. അച്ഛനും ഒരു കൂട്ടാകും .'

ചെറിയമ്മാവൻ പറഞ്ഞു നിർത്തി

'രാധ എന്ത് പറയുന്നു?' വിശ്വാമ്മാവൻ ചോദിച്ചു.

'എനിക്ക് പറയാനുള്ളത്പത്മേച്ചി പറഞ്ഞു '

'രാധ ഒന്നുകൂടി ആലോചിക്കൂ . സമയം പോകുകയല്ലേ? എന്റെ പ്രായമല്ലേ രാധക്ക് . നല്ല ആൾക്കാരാണെന്നാണല്ലോ കണ്ണേട്ടൻ പറയുന്നത്. ' ഇളയമകനെ  ലാളിച്ചുകൊണ്ടു ചെറിയമ്മായി ഭർത്താവിനെ പിൻതാങ്ങി .

'എനിക്കിനി ഒന്നും ആലോചിക്കാനില്ല. എനിക്ക് പറയാനുള്ളത് പത്മേച്ചി പറഞ്ഞു.' അങ്ങനെ തീർത്തു പറഞ്ഞിട്ട് രാധമ്മ അകത്തേക്ക് പോയി

'പത്മ കുറേക്കൂടി ആലോചിച്ചിട്ട് സംസാരിക്കണമെന്ന് ഞാൻ എപ്പോഴും പറയാറുള്ളതാണ് . ഇങ്ങനെ എല്ലാ വാശികൾക്കും കൂട്ടുനിൽക്കേണ്ടതുണ്ടോ?' അച്ഛൻ എന്നത്തെയും പോലെ എന്തിലും അമ്മയെ കുറ്റപ്പെടുത്താൻ മറന്നില്ല.

'നമുക്ക് നിർബന്ധിച്ചു കല്യാണം കഴിപ്പിക്കാൻ പറ്റുകയില്ലലോ , നോക്കാം ' വിശ്വാമ്മാവൻ പറഞ്ഞു

'എന്ത് നോക്കാം? അവൾക്കു ജാതീം മതവുമൊന്നും വേണ്ടെന്നു കരുതി നമുക്കെങ്ങനെ കല്യാണം നടത്തിക്കാൻ പറ്റുമോ? അവൾക്കങ്ങനെയൊന്നില്ലെങ്കിലും കുടുംബത്തിന് ഒരന്തസ്സില്ലേ ?'  അപ്പൂപ്പൻ ദേഷ്യത്തിൽ പുറത്തേക്കു പോയി

കുറെ നേരത്തേക്ക്ആരും ഒന്നും മിണ്ടിയില്ല. കളിപ്പാട്ടങ്ങളുമായി അകത്തേക്ക് കയറിവന്ന ജാനുകുട്ടിയും, കുഞ്ഞനും, പ്രണവുമാണ് പിന്നെ അന്തരീക്ഷം ഒന്ന് മയപ്പെടുത്തിയത്.

 

വർഷങ്ങൾ  കടന്നുപൊയ്ക്കൊണ്ടിരുന്നു . ഇതിനിടയിൽ രാധമ്മ രണ്ടു പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. ഞാൻ വളരും തോറും രാധമ്മയുമായി കൂടുതൽ അടുക്കുകയായിരുന്നു. എന്തൊക്കെ ട്യൂഷനും , ക്ലാസ്സുമൊക്കെ ഉണ്ടെന്നു പറഞ്ഞാലും സമ്മർ വെക്കേഷന്റെ രണ്ടാഴ്ച രാധമ്മയുടെ കൂടെ വേണമെന്ന് ഞാൻ ശഠിച്ചു . അത് നടക്കുകയും ചെയ്തു.

 

സ്കൂളിലെ പ്രണയങ്ങൾ, പ്രണയ തകർച്ചകൾ , ഫിസിക്സ് പഠിപ്പിച്ചിരുന്ന ചാറ്റർജി സാറിന് ക്ലാസ്സിലെ മഞ്ജുവിനോടുണ്ടായിരുന്ന പ്രത്യേക മമത , എന്റെ പിറകെ നടക്കുന്ന പ്രവീൺ, പാട്ടുകാരൻ നവ്നീതിനോടുള്ള എന്റെ ക്രഷ് , അച്ഛനും അമ്മയും ഓഫീസിലായിരുന്ന ഒരു ദിവസം ഫ്രണ്ട്സിനോടൊപ്പം വീട്ടിൽ നടത്തിയ കോള പാർട്ടി , അങ്ങനെ ഫോണിലൂടെ പറയാൻ പറ്റാത്തതൊക്കെ വിശദമായിത്തന്നെ ഞാൻ രാധമ്മയോടു പറഞ്ഞിരുന്നു.

 

ടെൻത് കഴിഞ്ഞു ഒരു മാസം രാധമ്മയുടെ കൂടെ നിൽക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛൻ ആദ്യം എതിർത്തു . പിന്നെ അമ്മ എങ്ങനെയൊക്കെയോ പറഞ്ഞു സമ്മതിപ്പിച്ചു . കുറെയേറെ പുസ്തകങ്ങൾ വായിക്കണം, രാധമ്മയുടെ സാൻഡ്രോയിൽ നാട് മുഴുവൻ ചുറ്റിക്കാണണം, മുകളിൽ എനിക്കിഷ്ടമുള്ള മുറി എന്റെ താത്പര്യത്തിന് ഒന്നൊരുക്കിയെടുക്കണം, താഴേത്ത കുളത്തിൽ മഹേഷിനോപ്പം നീന്തണം, രാധമ്മയെ നീന്തൽ പഠിപ്പിക്കണം , അങ്ങനെ വിവിധ പദ്ധതികളുമായിട്ടാണ് ഞാൻ നാട്ടിൽ എത്തിയത്.

എന്നെ കണ്ടപ്പോൾ രാധമ്മയുടെ സന്തോഷത്തിനു അതിരുകളുണ്ടായിരുന്നില്ല

 

'അപ്പു വല്യ കുട്ടിയായി ' . കെട്ടിപ്പിടിച്ചുകൊണ്ട് രാധമ്മ പറഞ്ഞു. ചെന്ന് രണ്ടു ദിവസത്തിനകം തന്നെ ഞാൻ എന്റെ മുറിയെ റെഡിയാക്കി. എന്നിരുന്നാലും എല്ലാ ദിവസവും ഉറങ്ങുന്നതു രാധമ്മയുടെ കൂടെയാണ്. എപ്പോഴും എന്തെങ്കിലും പുതിയ കഥയും, വാർത്തയുമൊക്കെ ഉണ്ടാവും രാധമ്മയുടെ അടുത്ത്. രാധമ്മക്കു ഇടയ്ക്കിടയ്ക്ക് അപ്പൂപ്പനെ നോക്കാൻ എഴുന്നേൽക്കണം. ആസ്ത്മയുടെ അസുഖമുണ്ട് അപ്പൂപ്പന്. ചിലരാത്രികളിൽ കൂടുതലാകും. ഒരിക്കൽ അപ്പൂപ്പന് ആസ്തമ കൂടിയിട്ട്  ഞങ്ങൾക്ക് രാത്രി ഹോസ്പിറ്റലിൽ പോകേണ്ടി വന്നു. പിറ്റേന്ന് തന്നെ തിരിച്ചു പോരാൻ പറ്റി . കാര്യങ്ങളൊക്കെ നോക്കാൻ അപ്പൂപ്പന്റെ അനിയന്റെ മകനായ ശ്രീനിയമ്മാവനും ഉണ്ടായിരുന്നു

 

ഒരു ദിവസം രാധമ്മയുടെ കൂടെ ഒരു കലാ സാംസ്കാരിക സമിതിയുടെ അവാർഡ് വാങ്ങാൻ ഞാനും പോയി. രാധമ്മക്കു കിട്ടുന്ന മൂന്നാമത്തെ അവാർഡായിരുന്നു അത്. അപ്പൂപ്പന് ഇതിൽ ഒന്നും ഒട്ടും താത്പര്യം ഇല്ല എന്ന് മാത്രമല്ല, രാധമ്മ എന്തോ തെറ്റ് ചെയ്യുകയാണെന്നപോലത്തെ കടുത്ത എതിർപ്പും പ്രകടിപ്പിച്ചിരുന്നു

'കുടുംബത്തിന്റെ മാനം കളയാൻ ഇറങ്ങിപ്പുറപ്പെട്ടാൽ എന്താ ചെയ്ക ?' അപ്പൂപ്പൻ പലപ്പോഴായി ഇത് പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്

 

എന്നെ ചേർത്ത് പിടിച്ചു നിർത്തിക്കൊണ്ടാണ് രാധമ്മ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തത്. എന്നോടുള്ള സ്നേഹവും വാത്സല്യവുമൊക്കെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു

'ദേ കണ്ടോളു , ഇതാണ് എന്റെ അപ്പുക്കുട്ടി '. അധികം മുഖവുര കൂടാതെതന്നെ ഒരു സുഹൃത്തിനു എന്നെ പരിചയപ്പെടുത്തിയതങ്ങനെയാണ്

രാധക്ക് എപ്പോഴും അപ്പൂനെ കുറിച്ച് പറയാനേ നേരമുള്ളൂ. ഇനിയിപ്പോൾ കുറച്ചു ദിവസം കൂടി ഇവിടെ ഉണ്ടാകുമല്ലോ അല്ലെ ?' എനിക്ക് അധികം പരിചയം ഇല്ലാത്ത ഒരാൾ എന്നെ 'അപ്പു ' എന്നും രാധമ്മയെ 'രാധ ' എന്നും വിളിച്ചതു തീരെ ഇഷ്ട്ടമായില്ലെങ്കിലും ഒരു നല്ല മനുഷ്യനാണെന്ന് സംസാരത്തിൽ നിന്നും തോന്നി. അയാളുടെ കയ്യിൽ തൂങ്ങി നടന്നിരുന്ന രണ്ടാം ക്ലാസ്സുകാരി കുഞ്ഞാറ്റയും പെട്ടെന്നുതന്നെ എന്നോടൊപ്പം കൂടി

 

രാധമ്മയുടെ കഥകളിലെ പ്രണയവും, വിരഹവും, ജീവിതത്തോടുള്ള അടങ്ങാത്ത ആഗ്രഹത്തെയുമൊക്കെക്കുറിച്ചു വേദിയിൽ അയാൾ വാചാലനായി . രാധമ്മയുടെ കഥകളെല്ലാം  തന്നെ ഞാനും വായിച്ചിട്ടുണ്ട്. സംഗതിയൊക്കെ ശരിയുമാണ് . എന്നാലും അയാളുടെ വാക്കുകളിൽ എന്തോ ഒരു പ്രത്യേകത തോന്നി. ഒരേ സമയം തന്നെ എനിക്ക് സന്തോഷവും , എന്നാൽ എന്തെന്നില്ലാത്ത ഒരു ദേഷ്യവും അനുഭവപ്പെട്ടു

 

അന്ന് വൈകുന്നേരം ഞാനും രാധമ്മയും കൊഴിഞ്ഞുവീണ ചെമ്പകപ്പൂക്കൾ പറക്കുകയായിരുന്നു

പെട്ടെന്ന് ഞാൻ ചോദിച്ചു ,' രാധമ്മക്കു ഏറ്റവും ഇഷ്ട്ടം ആരെയാണ്?'

'അതിനെന്താ സംശയം, എന്റെ അപ്പൂനെത്തന്നെ .' 

'എന്നും ?' 

'എന്നും . അപ്പൂനോളം വരില്ല ഒരിക്കലും  ആരും . അതിപ്പോൾ ഇനി ആരൊക്കെ തന്നെ വന്നാലും . മതിയോ ?' എന്റെ  കവിളിൽ പിടിച്ചുകൊണ്ടു രാധമ്മ പറഞ്ഞു .ഞാൻ ചിരിച്ചു. എനിക്ക് സമാധാനമായി

അന്ന് രാത്രി രാധമ്മയോടു ചേർന്ന് കിടക്കുമ്പോൾ എന്റെ ചോദ്യം അതിക്രൂരമായ ഒന്നായിരുന്നുവെന്നു എനിക്ക് തോന്നി

 

പിറ്റേന്നാണ്എന്റെ എക്സാം റിസൾട്ട് വന്നതു. ഉയർന്ന മാർക്കോടുകൂടി തന്നെ ഡിസ്റ്റിംഷനും ഉണ്ടായിരുന്നു. എന്നെ ചേർത്ത് നിർത്തി അപ്പൂപ്പൻ പറഞ്ഞു ' മിടുക്കി , വിശ്വാമ്മാവനെ പോലെ ഒരു ഡോക്ടർ ആകണം അപർണ്ണ കുട്ടി'. 

 

രാധമ്മയെപ്പോലെ ഒരു ടീച്ചറും എഴുത്തുകാരിയുമൊക്കെ ആയാൽ കൊള്ളാം എന്നതൊഴികെ , എന്താകണം എന്ന് എനിക്ക് വല്യ ധാരണയൊന്നും ഇല്ലായിരുന്നു. കുറെ കഥകളും കവിതകളുമൊക്കെ സ്കൂൾ മാഗസിനിൽ വന്നിട്ടുണ്ട്. മത്സരങ്ങൾക്കൊക്കെ കുറെ സമ്മാനങ്ങളും കിട്ടീട്ടുണ്ട് എന്നതൊഴികെ അതിലും എനിക്ക് വല്യ ഉറപ്പൊന്നും ഇല്ലായിരുന്നുഎന്തോ, ഞാൻ വല്ല ഡോക്ടറോ എൻജിനീയറോ ഒക്കെയാണ് ആകാൻ പോകുന്നതെന്ന് തോന്നിയിരുന്നു

 

രാധമ്മ പറയും ' എഴുതാനായി  എന്റെ കുട്ടി ടീച്ചർ  ആകേണ്ടതില്ല. എന്ത് തന്നെ ആയാലും നിനക്കെഴുതണം എന്നുണ്ടെങ്കിൽ എഴുതാമല്ലോ. പിന്നെ ഇപ്പോഴേ അതൊന്നും ആലോചിച്ചു വിഷമിക്കുകയും വേണ്ട . അപ്പു ആരായാലും മിടുക്കിയായിരിക്കും. പിന്നെന്തുവേണം ?' എനിക്ക് ആശ്വാസം തോന്നി.

 

രാധമ്മയെ നീന്തൽ പഠിപ്പിക്കുന്നതൊഴിച്ചു ബാക്കി പദ്ധതികളെല്ലാം നടപ്പാക്കിയിട്ടാണ് ഞാൻ തിരിച്ചു പോന്നത്. എല്ലായ്പ്പോഴും വെക്കേഷൻ കഴിഞ്ഞു പോരുന്നത് വളരെ വിഷമമുള്ള കാര്യമാണെങ്കിലും , ഇപ്രാവശ്യം അതിന്റെ കാഠിന്യം കുറച്ചധികം തന്നെയായിരുന്നു. അച്ഛന്റെ കൂടെ ഇറങ്ങാനായി നിൽക്കുമ്പോൾ ഞാൻ ശെരിക്കും കരഞ്ഞുപോയി

'എന്താ അപ്പൂ ഇത്, ഇനി ഓണത്തിന് വരാമല്ലോ . അയ്യയ്യേ , രാധമ്മയുടെ അപ്പുക്കുട്ടി കരയുന്നോ ?' എന്നെ ചേർത്ത് പിടിച്ചു കരഞ്ഞുകൊണ്ട് തന്നെ രാധമ്മ ചോദിച്ചു .

'വല്യകുട്ടികൾ ഇങ്ങനെ കരയുമോ ? അപർണ്ണകുട്ടി ഇങ്ങനെ തൊട്ടാവാടി ആയാലോ ?' അപ്പൂപ്പൻ എന്റെ തോളിൽ തട്ടി

' പഠിക്കാനൊക്കെ ഒരുപാടുണ്ട് . ഇപ്പോൾ തന്നെ ട്യൂഷന് ചേരാൻ താമസിച്ചു '. അച്ഛൻ ടാക്സിയുടെ ഡോർ തുറന്നുകൊണ്ടു പറഞ്ഞു. എയർപോർട്ട് വരെയും ഞാൻ കരയുക തന്നെയായിരുന്നു

 

അങ്ങനെ ഓണത്തിന് വേണ്ടി ഞാൻ കാത്തിരുന്നു. ഇതിനിടക്ക് എൻട്രൻസ് കോച്ചിങ്ങും , ട്യൂഷനും ഒക്കെയായി നല്ല തിരക്കുമായി. പക്ഷെ തിരക്കുകൾ ഒക്കെ കൊണ്ട് ഒരു ഗുണമുണ്ടായി. ഒരു മൊബൈൽ വേണമെന്ന ആവശ്യം ഞാൻ അച്ഛനോട് അവതരിപ്പിച്ചു

'പഠിക്കുന്ന കുട്ടികളുടെ ശ്രദ്ധ പഠിത്തത്തിൽ മാത്രം മതി. വെറുതെ സമയം കളയാൻ ഇല്ല ' . ഇതായിരുന്നു അച്ഛന്റെ പ്രതികരണം .

'എന്തെങ്കിലും ആവശ്യം ഉള്ളപ്പോൾ അവൾക്കു പെട്ടെന്ന് വിളിക്കാമല്ലോ. ഇപ്പോഴത്തെ കാലമല്ലേ. കുട്ടികൾ എവിടെയാ , എന്താ എന്നൊക്കെ അറിഞ്ഞിരിക്കണം'.  അമ്മയുടെ  സമ്മർദ്ദത്തിനൊടുവിൽ എനിക്കൊരു മൊബൈൽ കിട്ടി

രാധമ്മ ഒരു മൊബൈൽ വാങ്ങിയിട്ട് ഏതാനം മാസങ്ങളായിരുന്നു. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് ഒരു രണ്ടു മിനുട്ടെങ്കിലും ഞാൻ രാധമ്മയുമായി സംസാരിച്ചിരുന്നു .

 

ഒരു ശനിയാഴ്ച ഉച്ചക്ക് കോച്ചിങ് ക്ലാസ്സു കഴിഞ്ഞു ഫോൺ എടുത്തു നോക്കിയപ്പോൾ രാധമ്മയുടെ ഒരു മെസ്സേജ്, ' അപ്പുക്കുട്ടി  ഫ്രീ ആകുമ്പോൾ എന്നെ ഒന്ന് വിളിക്കണം. സംസാരിക്കാനുണ്ട് '.

ഞാൻ ധൃതിയിൽ പിയാ മൗസിയുടെ അവിടുന്ന് ഫ്ലാറ്റിന്റെ താക്കോൽ വാങ്ങി അകത്തു കയറി കഥകടച്ചിട്ടു രാധമ്മയെ വിളിച്ചു.

'എന്താ രാധമ്മ? '

കുറച്ചുനേരം രാധമ്മ ഒന്നും മിണ്ടിയില്ല .

'ഞാൻ ഒരു കല്യാണം കഴിക്കുന്നതിനെ കുറിച്ച് അപ്പൂനെന്താ അഭിപ്രായം '

ഞാൻ ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു ചോദ്യമായിരുന്നെങ്കിലും തിരിച്ചു ഒരു മറുചോദ്യമാണ് ഞാൻ ചോദിച്ചതു .

'വിനയൻ സാറാണോ ?'

'അതെ '

'സാറ് നല്ല ആളാണ്. രാധമ്മക്കു ഇഷ്ട്ടമാണെങ്കിൽ പിന്നെന്താ കുഴപ്പം ?'

'അപ്പൂന് ഉറപ്പാണോ ?'

'അതെന്നെ , ശെരിക്കും ഉറപ്പാണ് . അപ്പൂപ്പൻ ?'

'സാറ് വന്നു പറഞ്ഞോളും '

പിന്നെ എന്ത് പറയണമെന്ന് എനിക്കും രാധമ്മക്കും അറിയില്ലായിരുന്നു. വേറെ എന്തൊക്കെയോ പറഞ്ഞു ഞങ്ങൾ ഫോൺ വച്ചു .

ഞാൻ ഉടനെത്തന്നെ വിനയൻ സാറിന്റെ ഫേസ്ബുക് പ്രൊഫൈലിൽ കയറി നോക്കി. അതിൽ വിശേഷിച്ചൊന്നും ഇല്ലായിരുന്നെങ്കിലും , കുറെ നേരം അത് തന്നെ നോക്കിയിരുന്നു. പഠനത്തിനെക്കുറിച്ചും , കഥയെഴുത്തിനെക്കുറിച്ചുമൊക്കെ ചോദിച്ചുകൊണ്ടുള്ള മെസ്സേജുകൾ ഞാൻ പല ആവർത്തി വായിച്ചു

 

എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരുന്നപ്പോൾ പ്രവീണിന്റെ മെസ്സേജ് . വൈകിട്ട് ഫ്രണ്ട്സ് എല്ലാവരും കൂടെ ഒരു സിനിമയ്ക്കു പോകാൻ പ്ലാൻ ഇടുന്നുണ്ട്. വീട്ടിൽ ഗസ്റ്റ് കാണുമെന്നു ഞാൻ കള്ളം പറഞ്ഞു. എന്നിട്ടു ലോഗൗട്ട് ചെയ്തു സോഫയിൽ അങ്ങനെ എന്തൊക്കെയോ ആലോചിച്ചുകൊണ്ടു ഇരുന്നു. എപ്പോഴോ എഴുന്നേറ്റുപോയി ചോറ് കഴിച്ചു. എന്നിട്ടു കിടന്നുറങ്ങി.

 

'അവൾക്കിഷ്ട്ടമാ. ഒരു കുട്ടിയുണ്ടെങ്കിൽ എന്താ , കേട്ടിടത്തോളം നല്ല മനുഷ്യനാണ് . കണ്ണന്റെ വേവലാതി മുഴുവൻ അവൾ അങ്ങ് പാലക്കാടു പോയാൽ പിന്നെ അച്ഛനേം , പറമ്പും ഒക്കെ ആര് നോക്കും എന്നുള്ളതാണ്. ആൾക്കാർ ഓരോന്ന് പറയുമത്രെ. അച്ഛന് വേണമെങ്കിൽ ഇവിടെയോ , ബാഗ്ലൂരോ നിൽക്കാമല്ലോ. അതല്ല, അവിടെ തന്നെ നിൽക്കണം എന്നുണ്ടെങ്കിൽ സഹായത്തിനു ആരെയെങ്കിലും ഏർപ്പാട് ചെയ്യാമല്ലോ. അച്ഛൻ ഇനിയും ജാതകവും, ജാതിയുമൊക്കെ പറഞ്ഞു അവളുടെ ജീവിതം നശിപ്പിക്കുന്നതെന്തിനാ '

' കണ്ണന് വിവരമുണ്ട്‌ '. ഇത്രേം മാത്രം പറഞ്ഞു അച്ഛൻ കൈ കഴുകാൻ എഴുന്നേറ്റു

 

അക്കൊല്ലത്തെ ഓണത്തിനും രാധമ്മയുടെ കല്യാണക്കാര്യമായിരുന്നു ചർച്ചാ വിഷയം. നല്ല പ്രായത്തിൽ പറഞ്ഞപ്പോൾ കേട്ടില്ല, ആൾക്കാരോടെന്തു സമാധാനം പറയും, ജാതി, അന്തസ്സ്, കുടുംബം, ഭാര്യ മരിച്ചു ഒരു കുട്ടിയുമുള്ള മനുഷ്യൻ, അങ്ങനെപോയി ചർച്ചകൾ. അപ്പൂപ്പനെ ഇത്രേം ദേഷ്യപ്പെട്ടു ഞാൻ കണ്ടിട്ടില്ല. ഞാനും രാധമ്മയും മുകളിലിരുന്ന് കുഞ്ഞാറ്റക്ക് പിറന്നാളിന് കൊടുക്കാൻ ഒരു കാർഡ് ഉണ്ടാക്കുകയായിരുന്നു. പൊതുവെ ഒട്ടും തന്നെ സമാധാനപരമല്ലാത്ത ഓണം ആയിരുന്നെങ്കിലും എനിക്ക് സന്തോഷം തോന്നി, കാരണം രാധമ്മ വളരെ സന്തോഷവതിയായി തന്നെ കാണപ്പെട്ടു. അത് മതി.

ഞാൻ പഠനവുമായി തിരക്കിലായിരുന്നെങ്കിലും , രാധമ്മയുടെ കല്യാണകാര്യത്തിലുള്ള എതിർപ്പുകളും, അഭിപ്രായ ഭിന്നതകളുമൊക്കെ അറിയുന്നുണ്ടായിരുന്നു. അപ്പൂപ്പനും രാധമ്മയും മിണ്ടാറില്ല. പാവം രാധമ്മ. പാവം വിനയൻ സാറും, കുഞ്ഞാറ്റയും.

 

അടുത്ത വെക്കേഷന് നാട്ടിൽ വിടില്ല എന്ന് അച്ഛൻ തീർത്തു പറഞ്ഞു.

'ഇനി ഇങ്ങനെ നടന്നാൽ പറ്റില്ല. പിന്നെ കണ്ടു പഠിക്കാൻ പറ്റിയ കൂട്ടാണല്ലോ അവിടെ ഉള്ളതും. ഒരു വർഷം  കൂടിയേ ഉള്ളു. മെറിറ്റിൽ തന്നെ കിട്ടണം. പിന്നെ ഇതിനു വേണ്ടി സമയം കളയുന്നതു മണ്ടത്തരമാണ്'.എന്റെ വാശിയുംകരച്ചിലുമൊന്നും ഇപ്രാവശ്യം വിലപ്പോയില്ല

 

വെക്കേഷൻ തുടങ്ങി, കൂടെത്തന്നെ തകൃതിയായി ക്ലാസ്സുകളും

 

ഒരു ദിവസം അതിരാവിലെ അച്ഛന് ഒരു ഫോൺ വന്നു.

 

'വല്യച്ഛൻ പോയി ' ശ്രീനിയമ്മാവൻ ആയിരുന്നു വിളിച്ചത്

അന്ന് വൈകിട്ട് തന്നെ ഞങ്ങൾ നാട്ടിലേക്ക് പോയി

 

' പെങ്കൊച്ചിനു ഒരു ജീവിതം വേണമെന്ന് എത്ര ആശിച്ചതാ പിള്ള സാറ്  . ഓരോന്നിനും  ഓരോ യോഗം വേണം, അല്ലാതെന്താ '

' പ്രായം കുറെ ആയില്ലേ , പിന്നെ ഈയിടെയായി അസ്തമ കുറച്ചു കൂടുതലായിരുന്നു '. അങ്ങനെയൊക്കെ പോയി ഓരോ സംസാരങ്ങൾ.

 

തിരിച്ചു വെക്കേഷൻ തീരുന്നതു വരെയെങ്കിലും ഞങ്ങളോടൊപ്പം നില്ക്കാൻ അമ്മ ആവുന്നതു നിർബന്ധിച്ചു . പക്ഷെ രാധമ്മ കൂട്ടാക്കിയില്ല. കുറെ നാൾ രാത്രി കൂട്ടിനു മഹേഷും അവന്റെ അമ്മയും വന്നു കിടന്നു. പിന്നെ രാധമ്മ ഒറ്റയ്ക്ക് തന്നെയായി

ഓണത്തിന് നാട്ടിൽ പോയില്ല. രാധാമയെക്കുറിച്ചോർത്തായിരുന്നു എന്റെ വിഷമം. തിരുവോണത്തിന് ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു. രണ്ടു ദിവസം കുഞ്ഞാറ്റ രാധമ്മയുടെ കൂടെ വന്നു നിന്നിരുന്നു. വിനയൻ സാറിനു തിരുവനന്തപുരത്തെന്തോ പരിപാടിക്ക് പോകണമായിരുന്നു. നാട്ടുകാരുടെ ചോദ്യവും പറച്ചിലുമൊന്നും രാധമ്മ വകവച്ചില്ല

 

'ഇനിയിപ്പോൾ അതങ്ങു നടത്താം. കണ്ണനും അത് തന്നെയാ പറയുന്നത്. ആളുകളെകൊണ്ട് വെറുതെ ഓരോന്നും പറയിപ്പിക്കുന്നതെന്തിനാ. എന്തെകിലുമൊക്കെ ആകട്ടെ ' അച്ഛൻ ആയിരുന്നു അത് പറഞ്ഞതു

' അച്ഛന്റെ ആണ്ട് കഴിഞ്ഞയുടൻ നടത്താൻ നോക്കാം. വല്യ ഒരുക്കങ്ങളൊന്നും വേണ്ടതില്ലലോ ' .

 

അങ്ങനെ അവസാനത്തെ എൻട്രൻസ് പരീക്ഷയും കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഞാൻ രാധമ്മയുടെ അടുത്തേക്ക് പോയി. ആദ്യമായിട്ടാണ് ഞാൻ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്. എന്തോ, അച്ഛൻ സമ്മതിക്കുകയും ചെയ്തു. പ്രതീക്ഷിച്ചതിലും ചൂടായിരുന്നു നാട്ടിൽ. അതിനടുത്ത ദിവസം തന്നെ എനിക്ക് പനിയായി . ഡോക്ടറെ കണ്ടു, കുറെ മരുന്നുമൊക്കെ വാങ്ങി. എഴുന്നേറ്റു നടക്കാനും വയ്യ, ഉറങ്ങാനും വയ്യാത്ത ഒരവസ്ഥ. രാധമ്മ അടുത്ത് തന്നെ ഇരുന്നു കഥകളും വിശേഷങ്ങളുമൊക്കെ പറഞ്ഞു. പനിക്കിടയിലും ഒരു ചെറു ചിരിയോടുകൂടി തന്നെ പ്രവീൺ നൽകിയ ആദ്യ ചുംബനത്തെ കുറിച്ചും ഞാൻ പറഞ്ഞു. രാധമ്മ ചിരിച്ചു

' എന്റെ അപ്പുക്കുട്ടിക്കു  ആശിക്കുന്നതൊക്കെ കിട്ടട്ടെ '.

 

ചിലപ്പോൾ രാധമ്മ എന്തെകിലുമൊക്കെ പറഞ്ഞുകൊണ്ടിരുക്കുന്നതിനിടയിൽ ഞാൻ മയക്കത്തിലേക്ക് വീഴും. പനിയൊന്നു കുറയാൻ നാല് ദിവസം കഴിഞ്ഞു.

 

അടുത്ത ഞായറാഴ്ച അപ്പൂപ്പന്റെ ആണ്ടാണ് . വിശ്വമ്മാവൻ നാട്ടിലുണ്ട് . ബുധനാഴ്ച വരും. അമ്മ ചൊവ്വാഴ്ച എത്തും. അച്ഛന് ഓഫീസിൽ തിരക്കാണ്. ചെറിയമ്മാവന്അമ്മായീടെ വീട്ടിൽ ഒരു ഫങ്ഷൻ ഉണ്ടായതുകൊണ്ടു അന്നേക്കെ എത്താൻ പറ്റുള്ളു എന്ന് പറഞ്ഞിട്ടുണ്ട്

 

രാധമ്മയുടെ തിരക്കിനൊരു കുറവുമില്ല. ആണ്ടിന്റെ ഒരുക്കങ്ങൾ വേറെയും. സ്കൂളിൽ പോകുമ്പോൾ ഇതൊക്കെ എങ്ങനെ കൊണ്ട് പോകുന്നു എന്ന് ഞാൻ ആലോചിക്കാറുണ്ട്. എന്റെ രാധമ്മ ഒര്തഭുതമാണ്

 

ദിവസങ്ങൾ കഴിഞ്ഞു.എല്ലാവരും ഓരോ ജോലിക്കിടയിലാണ്. ഞാൻ പതുക്കെ ഇറങ്ങി പറമ്പിലേക്ക് നടന്നു. വെയിലുണ്ടായിരുന്നു, പക്ഷെ ഞാൻ അത് കാര്യമാക്കിയില്ല. അപ്പൂപ്പന്റെ അസ്ഥിത്തറക്കടുത്തുള്ള കയ്യാലയിൽ ചാരി കുറച്ചുനേരം അങ്ങനെ ഇരുന്നു. എപ്പോഴോ മയങ്ങിപ്പോയി

 

പിന്നെ ഉണരുമ്പോൾ ഞാൻ കട്ടിലിൽ കിടക്കുകയാണ്. രാധമ്മ അടുത്തിരുന്നു എനിക്ക് കഥ പറഞ്ഞു തരികയാണ്

'അങ്ങനെ ദുഷ്ടനായ രാജാവ് കാൽവഴുതി പൊട്ടക്കിണറ്റിലേക്കു. അതിന്റെ ഓരത്തു തൂങ്ങിക്കിടന്നുകൊണ്ടു ജീവനുവേണ്ടി അയാൾ യാചിച്ചു . ഒരു മുനി പറഞ്ഞതനുസരിച്ചു ദീർഘായുസ്സിനും , അഭിവൃദ്ധിക്കും വേണ്ടി തന്റെ ഒരു ഭൃത്യന്റെ ജീവൻ ബലികൊടുത്തവനാണയാൾ. അങ്ങനെയുള്ളയൊരാൾ ഇനി ജീവിക്കണമോ? വിധിക്കു കീഴടങ്ങുന്നതാവില്ലേ എല്ലാവർക്കും നല്ലത്. കിണറ്റിലേക്ക് വീഴും മുൻപ് അയാൾ താൻ ബാലീ കൊടുത്ത ഭൃ ത്യനെ വീണ്ടും കണ്ടു. തന്നെ പിടിച്ചു കയറ്റാൻ കേണപേക്ഷിച്ചു. ഭൃത്യൻ ഒന്നും ചെയ്യാതെ നിർവികാരനായി നോക്കി നിന്നതേയുള്ളൂ. അങ്ങനെ അയാൾ വെള്ളത്തിൽ വീണു ശ്വാസം മുട്ടി മരിച്ചു. '

 

ആരോ തോളിൽ തട്ടുന്നതുപോലെ തോന്നി. രാധമ്മയുടെ ഗന്ധം, ഞാൻ തിരഞ്ഞു നോക്കി, കണ്ണിൽ തുളച്ചുകയറുന്ന പ്രകാശം. പ്രകാശത്തിനൊടുവിൽ ഞാൻ കണ്ടു, അപ്പൂപ്പനെ

Srishti-2021   >>  Short Story - Malayalam   >>  ഒരു പക്ഷെ…

Sabarish Parameswaran

Allianz

ഒരു പക്ഷെ…

ഒരുപക്ഷെ ആദ്യമായിട്ടപ്പോഴായിരിക്കും താൻ വേറാണ്‌ എന്ന് അയാൾക്ക്‌ ഉറപ്പായും തോന്നിയത്ഞാൻ കണ്ടിട്ടുണ്ട്പലപ്പോഴുംചേർത്ത്പിടിച്ച സമത്വ സിദ്ധാന്തങ്ങളിൽ എവിടെയോപിഴവുകൾ ഇല്ലേ എന്ന് ചിന്തിച്ചിരിക്കുന്ന അയാളുടെ മുഖംമദ്യപാനം നന്നാണോ പിഴയാണോ എന്ന വാദ പ്രതിവാദത്തിനു മാറ്റ് കൂട്ടുകയല്ല ഞാൻ പക്ഷെ  രണ്ട് കോപ്പ കള്ളിന്റെ ധൈര്യംഇല്ലായിരുന്നെങ്കിൽ അയാൾ ഇന്ന് എന്റെ മുന്നിൽ കരയുക അചിന്തനീയംകലാലയത്തിന്റെ പടവുകൾ അയാളുടെ സമരവീര്യം മാത്രമേ അറിഞ്ഞിട്ടുള്ളു പോർവിളികൾക്കു  പിന്നിലെഅലമുറകൾ എനിക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്ന വരെ...ഞാൻ പോലും അയാളുടെ ചെയ്തികളെഅല്ലെങ്കിൽ ചെയ്തികളുടെ പുറകിലെ ചിന്തയെ പൂർണമായിമനസ്സിലാക്കിയിരുന്നില്ല.

സർക്കാർ ജീവനക്കാരായ അച്ഛനമ്മമാരുടെ മകനായ എനിക്ക് ആകെ ഉണ്ടായിരുന്ന ജോലി നന്നായി പഠിക്കുക എന്നത് മാത്രമായിരുന്നുഎല്ലാവരെയും പോലെ പലപ്പോഴും  പണിയിൽഞാനും മായം ചേർത്ത് തന്നെ വളർന്നുസമൂഹം ചാർത്തി തന്ന മേൽജാതി പട്ടം പല ഘട്ടങ്ങളിലും എനിക്ക് വിലങ്ങു തടി ആയിഅന്നൊക്കെ എന്റെ പകുതി മാർക്ക് പോലും ഇല്ലാത്ത 'ഒരുകൂട്ടംഎനിക്ക് അർഹതയുള്ളത് എന്ന് ഞാൻ വിശ്വസിച്ചു പോന്ന പലയിടങ്ങളിലും എന്നേക്കാൾ എളുപ്പത്തിൽ ഇടം പിടിച്ചുഒരു ജാതി കോമരം അവിടെ ഉടലെടുത്തുഎന്നിലെസവർണതക്ക് മാറ്റ് കൂട്ടാൻവീട്ടിൽ രാജാവിന്റെ കയ്യിൽ നിന്നും പട്ടും വളയും വാങ്ങിയ പാരമ്പര്യത്തിൽ ഇന്നും ഊറ്റം കൊള്ളുന്ന മുത്തശ്ശി കൂടി ആയപ്പോൾ കാര്യങ്ങൾ കുശാൽ. 'കമ്മ്യൂണിസ്റ്റ്എന്ന വാക്കു ഞാൻ ആദ്യം കേൾക്കുന്നത് അച്ഛനിൽ നിന്നാണ്അന്നതിന്റെ അർഥം എനിക്കറിയില്ല...ഒരു പക്ഷെ ഇന്നുംതാരതമ്യേന മുന്തിയ ജാതി വിഷം എന്റെ ഉള്ളിൽരൂപം കൊള്ളുന്നത് തിരിച്ചറിയാൻ സെക്രെട്ടറിയേറ്റിലെ  പഴയ യൂണിയൻ നേതാവിന്  അധികം മെനക്കെടേണ്ടി വന്നതും ഇല്ലലോകപരിചയവും മനുഷ്യത്വവും വേണ്ടുവോളം ഉള്ളത്കൊണ്ടാകാം എന്നിലെ വായനക്കാരനെ വളർത്തി ആണ് പുള്ളി അതിനു പരിഹാരം കണ്ടത്ഒന്നാലോചിച്ചാൽ  പ്രായത്തിൽ നാം എന്ത് കാണുന്നോഅറിയുന്നോ...അവയെല്ലാം നമ്മുടെവ്യക്തിത്വത്തിന്റെ അടിക്കല്ലുകൾ തന്നെ ആണ്അച്ഛൻ ഒരിക്കലും എന്നെ കമ്മ്യൂണിസ്റ് ആക്കി വളർത്തിയില്ല....പക്ഷെ ഏതു വിഷയത്തിലും മനുഷ്യത്വം കാണാൻ എന്നെ പഠിപ്പിച്ചു.സ്കൂൾ കടന്നു കോളേജ് തലം ആയപ്പോഴേക്കും എന്നിലെ സവർണതക്ക് ഞാൻ പിണ്ഡം വച്ചിരുന്നു.

എന്റെ ചുറ്റിലും നിറയെ വർണ്ണങ്ങൾ ആണ്പക്ഷെ പലയിടത്തും അപ്പോഴും കറുപ്പ് മുഴച്ചു നിൽക്കുന്നത് എനിക്ക് കാണാംഎല്ലാ വർണ്ണങ്ങളിലും വച്ച് ഏറ്റവും അഴക് കറുപ്പിനാണെന്നുപറയുമ്പോഴുംപലയിടങ്ങളിലും അവൾ (അതോ അവനോ! )അധികപ്പെറ്റാകുന്നത് ഞാൻ കാണുന്നു.  മുന്നേറ്റവും നവോദ്ധാനവും എല്ലാം അവകാശപ്പെടുന്ന എന്റെ മലയാളത്തിലും 'കറുപ്പ്'അഴുക്കിന്റെ നിറമാണ്കറുപ്പിന് സ്വന്തമായി രാഷ്ട്രീയ മാനങ്ങൾ കല്പിക്കപെടുന്നുഎല്ലാവരും സർവ്വശക്തനായിവാഴ്ത്തുന്ന ദൈവം പോലും മഴവില്ലിൽ കറുപ്പിന് ഇടം നൽകിയില്ല.എന്നാൽ സദാ നിറഞ്ഞു പെയ്യുന്ന കണ്ണീർ മേഘങ്ങൾക്ക് നിറം ഇരുണ്ടതു നൽകി!!! പ്രകൃതി പോലും കറുപ്പിന് എതിരാണോ എന്ന് എന്നിലെ സമത്വ വാദി സംശയിച്ചുഅങ്ങനെ ഉള്ള എന്റെമുന്നിലേക്കാണ് അയാൾ കടന്നു വരുന്നത്യൂണിയൻ ഭാരവാഹി ആണ്...എങ്കിലും ഒരു രാഷ്ട്രീയ അടിമ അല്ല...സ്വന്തമായ കാഴ്ചപ്പാടുകൾ ആണ് അയാളിലേക്ക് എന്നെ അടുപ്പിച്ചത്

“കറുപ്പിനെ കറുപ്പായി നിർത്തിയാൽ എന്താണ് കുഴപ്പം!!! കറുപ്പിന്റെ കോണിലെ മനുഷ്യരുടെ തോഴരായി വരുന്നവർ പോലും കറുപ്പിനെ വെളുപ്പിലേക്കു അടുപ്പിക്കാൻ ആണ് നോക്കുന്നത്.” – അയാൾ വാദിച്ചു

മഴവില്ലിനു മാത്രമാണ് അഴകെന്നും കാര്മേഘത്തിന്റെ കറുപ്പിന് വേദന മാത്രമെന്നും ഉള്ള എന്റെ തോന്നലുകൾ ആണ് ജീർണ്ണത എന്ന് അയാൾ എന്നെ പഠിപ്പിച്ചുസമൂഹത്തിൽ താഴ്മകല്പിക്കപെട്ടവരിൽ ഒരാളെങ്കിലും എന്റെ ചുറ്റിലുമുള്ള മേന്മ കൂടിയവരേക്കാൾ വെണ്മ അയാളുടെ മനസ്സിനാണെന്നു എനിക്ക് തോന്നി പോയി.

വിഷയങ്ങൾക്ക് പഞ്ഞമേതുമില്ലാത്ത നമ്മുടെ നാട്ടിലെ കലാലയങ്ങളും വ്യത്യസ്ഥമല്ലല്ലോഞങ്ങളുടെ ഇടയിലും നടന്നു സമരങ്ങളുംആഘോഷങ്ങളുംതർക്കങ്ങളുംപ്രണയങ്ങളും,പഠനവുംപ്രണയം പോലെ തന്നെ എല്ലാ കലാലയങ്ങളിലുംഎന്തിനു എല്ലാ തുറകളിലും ഒരു പോലെ നിത്യ ഹരിതമാണ് ‘സംവരണം’ എന്ന വിഷയവുംഒരു പക്ഷെഭരണഘടനഅനുശാസിക്കുന്ന മറ്റൊരു വിഷയത്തിലും ഇത്രമേൽ വാദപ്രതിവാദങ്ങളും മുതലെടുപ്പും നടന്നിട്ടുണ്ടാവില്ല.

ഒരു തർക്ക സഭയിൽ (മെറിറ്റിൽ സീറ്റ് കിട്ടിയഅയാളോട് “നീ ഉൾപ്പടെ ഉള്ളവർ പഠിക്കാൻ അർഹത ഉള്ള ഒരു വലിയ സമൂഹത്തിന്റെ അവസരം നശിപ്പിക്കുകയാണെന്നു” മറ്റൊരുമാന്യദേഹം പറഞ്ഞതിന് - "അഷ്ടിക്ക് വകയില്ലാത്ത നമ്പൂതിരിക്കു അരി നൽകേണ്ട എന്ന് ആരും പറഞ്ഞില്ല....അഞ്ചക്ഷരം പഠിച്ചവന്റെ ഉയർച്ച കണ്ടാലേ അവന്റെ കൂടെ ഉള്ളവരുംപാഠപുസ്തകം കയ്യിലെടുക്കു എന്ന ന്യായമേ എനിക്ക് നിങ്ങളോടു പറയാനുള്ളു...നെറികെട്ടവർ എല്ലാ കൂട്ടത്തിലും ഉണ്ട്...അത് മാത്രം കണ്ടിട്ട്, ഇപ്പോഴും ഗാന്ധിയും ഗന്ധർവനും തമ്മിൽവ്യത്യാസം അറിയാത്തവന്റെ അസ്തിത്വം നശിപ്പിക്കരുത്എന്ന് മറുപടി പറഞ്ഞു പോകുന്നതും ഞാൻ കണ്ടുകലുഷിതമായ അയാളുടെ മുഖത്ത് ഞാൻ കണ്ടത് രോഷത്തെക്കാൾനിരാശയായിരുന്നു

ഹോസ്റ്റലിലെ സദസ്സുകളേക്കാൾ ഏറെ ഞങ്ങൾ സംവദിച്ചിരുന്നത് പുസ്തക കൂനകൾക്കിടയിൽ ആയിരുന്നുഅച്ഛന് ശേഷം ഒരു പക്ഷെ അക്ഷരങ്ങളോട് ഇത്രയേറെ പ്രണയം കാത്തു വച്ചഒരാളെ  ഞാൻ കണ്ടിട്ടില്ല എന്ന് തന്നെ പറയാംഅതിനു കാരണം ചോദിച്ചപ്പോ തന്ന മറുപടി പോലും എന്നെ ഇരുത്തി ചിന്തിപ്പിച്ചതാണ്  - "പുസ്തകങ്ങൾക്ക് അയിത്തം ഇല്ലല്ലോ... എനിക്കുംതോന്നിയിട്ടുണ്ടെടോ പ്രണയമൊക്കെ...പറയണമെന്നും ധരിച്ചതാണ്പക്ഷെ  ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഏതൊരു ദളിതനും മനസ്സിൽ പ്രണയം തോന്നുന്നത് മേൽജാതിക്കാരിയോടാണെങ്കിൽ അവനൊന്നു മടിക്കുംഅവനെ ഒഴിവാക്കാൻ അവൾക്കോ അവളുടെ വീട്ടുകാർക്കോ ആയിരം കാരണങ്ങൾ ഉണ്ടാകാം...ചിലപ്പോ അവയെല്ലാംസത്യവുമായേക്കാം..പക്ഷെ അതിലൊന്ന് അവന്റെ ജാതിയാണെങ്കിൽ മുറിവിനു നൂറ്റാണ്ടുകളുടെ ആഴമുണ്ടാകും.അതറിയാൻ അടിയാനായി ജനിച്ചെങ്കിലേ പറ്റൂഎന്റെ പോരാട്ടം'സമൻആകാനാണ്ഞാൻ നേടുന്നതെല്ലാം മേലാളന്റെയോസർക്കാരിന്റെയോ ഇളവ് കൊണ്ടാണെന്നു ധരിച്ചു ഇന്നും തമ്പ്രാൻ കളിക്കുന്നവന്മാർക്കെതിരെ ആണ്ആദ്യം പേടിക്കാതെനടക്കാൻ മനസ്സ് പടിക്കട്ടെ എന്നിട്ടാകാം ബാക്കി.... ഇവിടെ ഹിന്ദുവിനെ യോജിപ്പിക്കാൻ നടക്കുന്നവന് പോലും കാലു കഴുകാൻ അടിയാൻവേണം...മതസൗഹാർദ്ദം പോട്ടെ ആദ്യം ഈകുഷ്ഠത്തിനു ചികിത്സ വേണം...പ്രണയമൊക്കെ പിന്നെ അല്ലെ.."

 അപ്പോഴാണ്  തിരിച്ചറിവ് എനിക്കുമുണ്ടായത്...തമാശക്കെങ്കിലും നമ്മളും പറഞ്ഞിട്ടില്ലേ...."അവൾ നായരാണ്...നീ ഈഴവനാണ്"...വേണ്ട കേട്ടോഎന്നൊക്കെ?. അറിഞ്ഞോഅറിയാതെയോ  ജാതി വേരോട്ടം നിരുപദ്രവകരമായിട്ടെങ്കിലും നമ്മൾ എല്ലാവരുടെയും ഉള്ളിൽ  പതിഞ്ഞു പോയി കഴിഞ്ഞില്ലേ... അടിത്തറകൾ അല്ലെ ആദ്യം ഇളക്കേണ്ടത്...ഇങ്ങനെചിന്തിച്ചിരുന്ന എന്റെ തോളത്തു തട്ടി - "എന്ന്  വച്ച് ഒരു പെണ്ണ് എന്നെ ഇഷ്ടപ്പെട്ടാൽ ഒരുത്തനെയും പേടിച്ചു വിട്ടു കൊടുക്കത്തും ഇല്ല കേട്ടോ.." എന്നും പറഞ്ഞു ഉറക്കെ ചിരിച്ചു അയാൾനടന്നു പോയി....

പുരോഗമന വാദി എന്നുള്ള എന്റെ തോന്നലുകൾക്കു ഒരു ബദൽ ചോദ്യം ആയിരുന്നു അയാൾ എന്നുംസമത്വം പറയുമ്പോഴും അതിലേക്കുള്ള ദൂരത്തെ കുറിച്ച അയാൾക്ക്‌ വ്യക്തമായധാരണകൾ ഉണ്ടായിരുന്നു.  വീട്ടുകാരെ കുറിച്ചയാൾ പറഞ്ഞ ഓര്മ  ഇല്ലപക്ഷെ കൂടെ നടന്നു മുദ്രാവാക്യം വിളിച്ച ഒരു കൂട്ടുകാരൻ ജാതിവാലിന്റെ പേരിൽ പെങ്ങടെ കല്യാണത്തിന്വിളിക്കാത്ത വിഷമം പറഞ്ഞിട്ടുണ്ട്അയാൾക്ക്‌ നാണക്കേട് ഉണ്ടായിട്ടല്ല പക്ഷെ തന്റെ വീട്ടിൽ കയറാൻ മാത്രം നന്മ ചുറ്റിലും ഉള്ള പലർക്കും ഇല്ല എന്നയാൾ ഉറച്ചു വിശ്വസിചിരുന്നു.

അയാൾ ഒരു പ്രഹേളിക ആണ്ഒരു വിചിത്രൻക്രൂരമായ തമാശകളാൽ സന്തുലിതമായ ഒരു സമൂഹത്തെ നേരിന്റെതുല്യതയുടെ കണ്ണാടി വച്ച് നോക്കി കാണുന്ന ഒരു ഒറ്റയാൻഓരോസർക്കാരുകൾ മാറി മാറി വരുമ്പോഴും....അവർ പാവപ്പെട്ടവരുടെയും ദളിതരുടെയും ഒക്കെ ഉന്നമനത്തിനു വേണ്ടി ചെയ്ത കാര്യങ്ങളെ അക്കമിട്ടു പറയുമ്പോഴും അയാളിൽ അവജ്ഞമാത്രമേ ഞാൻ കണ്ടുള്ളുനിയമത്താൽ സ്ഥാപിതമായ ഒരു വ്യവസ്ഥിതിതിയെ ഇന്ന് വരെ പ്രവർത്തിയിൽ വരുത്താൻ ആകാത്ത സമൂഹത്തോട് അയാൾക്ക്‌ സമരമായിരുന്നുഒരു പക്ഷെഅത് കൊണ്ടാകാം കോളേജിന് പുറത്തെ അയാളുടെ കൂടുതൽ സുഹൃത്തുക്കളും, നാടുകാണാനും നൃത്തം പഠിക്കാനും വന്നിരുന്ന വിദേശികൾ ആയിരുന്നുകഞ്ചാവിന്റെ ലഹരിയാണ്അയാളുടെ വിദേശി കൂട്ടുകെട്ടുകൾ എന്ന് പലരും പറഞ്ഞു പരത്തി.... "അവിടെ അവർക്കിടയിൽ പുകയുണ്ട്...പുകമറകൾ ഇല്ലഎന്ന് മാത്രം അയാൾ മറുപടി നൽകി...

സ്ഥിരമായി അയാളെ കാണാൻ കഴിയുന്ന ഒരിടം മാത്രമേ എന്റെ അറിവിൽ ഉള്ളു...നഗരിയിലെ ഏറ്റവും വലിയ അർബുദാശുപത്രി ആയിരുന്നു അത്മതമോ ജാതിയോ വേർതിരിവോകൂടാതെ ജീവന് മാത്രം വില നൽകപെടുന്ന അവിടെ അല്ലാതെ അയാൾക്ക്‌ സജീവമായി പ്രവർത്തിക്കാൻ മറ്റൊരിടം ഇല്ലായിരുന്നു എന്നെനിക്ക് തോന്നാറുണ്ട്അങ്ങനെ ഒരു ദിവസംഎപ്പോകണ്ടാലും  ജാതി വിഷയത്തിലേക്കു മാത്രം എന്ത് കൊണ്ട് നമ്മൾ സഞ്ചരിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരമായി അയാൾ എനിക്ക് കാട്ടി തന്നത് കുറച്ചു അകലെ മാറി ചായ കുടിച്ചുകൊണ്ടിരുന്ന ഒരു വയോവൃദ്ധനെ ആയിരുന്നുഅയാളുടെ ഭാര്യക്ക് ചോര കൊടുക്കാൻ വന്നതാണ് എന്റെ സുഹൃത്ത്കാര്യം കഴിയുന്ന വരെ 'മോനെഏന്നു മാത്രം വിളിച്ചിരുന്ന ആൾ,കാര്യം കഴിഞ്ഞ ഉടനെ...വിശേഷങ്ങൾ എല്ലാം ചോദിചറിഞ്ഞു തിരിഞ്ഞു നടക്കവേ കൂടെ ഉള്ള ആളിനോടായി പറഞ്ഞത്രേ... "ചെക്കൻ ഹരിജനാണെന്നു കണ്ടാൽ പറയില്ല... നല്ല ലക്ഷണം". ഇത്കേട്ടിട്ട് കൊടുത്ത ചോര തിരിച്ചു മേടിക്കാൻ അയാൾക്ക് തോന്നിപ്പോയാൽ തെറ്റ് പറയാനൊക്കുമോഎത്രത്തോളമുണ്ട് പ്രബുദ്ധരായ നമ്മുടെ ഇടയിലും  വിഷത്തിന്റെ വ്യാപ്തി?!.

ഇന്ന് പക്ഷെ എല്ലാ സീമകളും തകർത്തെറിയപ്പെട്ടതായി അയാൾക്ക്‌ തോന്നിയിരിക്കാം...അല്ലെങ്കിൽ ആശുപത്രി കിടക്കയിൽ വച്ച് എന്നോട് രണ്ട് തുള്ളി വിഷംചോദിക്കില്ലല്ലോ...എതിർത്തപ്പോൾ എങ്ങനെ എങ്കിലും രണ്ട് തുള്ളി മദ്യം എത്തിക്കാമോ എന്നായി ആവശ്യം...ബോധം അയാൾക്കിപ്പോ പീഡനമാണ് എന്ന്.

മനുഷ്യൻ സ്വബോധത്തിൽ ചിലതു ചെയ്യാനും പറയാനും മടിക്കുന്നത് അവനിൽ വിവേചന ബുദ്ധി എന്ന ഒരു സിദ്ധി ഉള്ളത് കൊണ്ടാണ് എന്നാണ് എന്റെ പക്ഷം...മദ്യം അല്ലെങ്കിൽ ലഹരിഅതാണ് നശിപ്പിക്കുന്നത്മരുന്നുകളുടെയുംകൂടെ ഞാൻ ഒളിച്ചു കടത്തി നൽകിയ വോഡ്കയുടെയും മയക്കം അയാളെ വികാരാധീനന്നാക്കി... അക്കമിട്ടു മനസ്സ് തുറന്ന അയാൾക്കു പറയാൻഉണ്ടായിരുന്നത് ഉപകരിച്ചാൽ പോലും അകറ്റി നിർത്തുന്ന ചെന്നായ് കൂട്ടത്തെ കുറിച്ചായിരുന്നുകുറച്ചു നാളുകൾക്കു മുൻപ് നഗരത്തിൽ നടന്ന ഒരു വാഹനാപകടത്തിൽ മരിച്ചു പോയ ഒരുഅമ്മയുടെ മൃതദേഹം ഏറ്റു വാങ്ങാൻ ആരും വന്നില്ല... എന്റെ സുഹൃത്ത് ഉൾപ്പെട്ട ഒരു സംഘം ചെറുപ്പക്കാരാണ് അന്ന് അവരുടെ കർമങ്ങൾ ചെയ്തത്... ഇന്നിപ്പോ ആരോ അവരുടെവിവരം അറിഞ്ഞു വന്നു പ്രശ്നം ഉണ്ടാക്കിയത്രേ...ഇവരുടെ ജാതികൂടി അറിഞ്ഞപ്പോൾബ്രാഹ്മണത്വത്തിനോടുള്ള ‘കലി’ക്ക്കൊന്നതാണ് എന്ന് വരെ ആരോപിച്ചിരിക്കുന്നു.  ഏതുധൈര്യശാലിയും പതറുന്ന ഒരു നിമിഷം ഉണ്ടല്ലോഅതാണ് അയാളെ ആശുപത്രിയിൽ എത്തിച്ചത്ആത്മഹത്യാ ശ്രമം.

എനിക്ക് വിശ്വാസമായില്ല....കൂടുതൽ ചോദിച്ചപ്പോൾ അയാൾ ഇങ്ങനെ പറഞ്ഞു –

"ഞാനാര്!! നേടിയാലും നശിച്ചാലും ഒളിഞ്ഞും തെളിഞ്ഞും അവഹേളനം മാത്രം കേൾക്കാൻ വിധിച്ച ഒരു അധഃകൃതൻഒരു വേള സ്വർഗ്ഗത്തിലും അടിയാൻപണി ആകില്ലെന്ന്ആരുകണ്ടു...എങ്കിലും അവിടൊരു ദേവൻ ഉണ്ടെങ്കിൽഅയാൾക്കായി കരുതിവെച്ച ചില ചോദ്യങ്ങൾ ഉണ്ടെനിക്ക് ചോദിക്കാൻ...ഭൂമിയിൽ തുടർന്നിട്ട് അർഥം ഇല്ല.... ഇത് അവസരം ആണ്....എല്ലാറ്റിനും മുകളിൽ ഒരു ശക്തി ഉണ്ടെങ്കിൽ അവനോടു അന്തരത്തിന്റെ അളവുകോൽ ചോദിച്ചറിയാൻഅറിയണമല്ലോ... താണവൻ മരിക്കുന്നതിന്റെ അന്ന് മരിച്ചാൽ ആത്മാവിനോടുംഅയിത്തം ഉള്ള സഹ പ്രേതങ്ങൾ ഉണ്ടോ എന്ന്...അങ്ങനെ ഉണ്ടങ്കിൽ അവിടെയും സമരം നടത്താൻ ആള് വേണ്ടേ...”

ആശുപത്രിയിലെ സന്ദർശന സമയം കഴിഞ്ഞു വീട്ടിലെത്തി കുറിപ്പെഴുതുമ്പോൾഅയാൾ എന്റെ മനസ്സിൽ നിറയുന്നു...നാളെ  പുലരുമ്പോൾ ഒരു പക്ഷെ അയാൾ....

Srishti-2021   >>  Short Story - Malayalam   >>  പരിശുദ്ധി

Visakh Karunakaran

Allianz

പരിശുദ്ധി

ഇരുട്ടടഞ്ഞ അപ്പാർട്മെന്റിന്റെ പടിക്കെട്ടിലൂടെ ശാന്തനായി അയാൾ താഴേക് നടന്നിറങ്ങുകയായിരുന്നു. അയാളുടെ നനഞ്ഞ വസ്ത്രങ്ങൾ പുറത്തു പെയ്തുക്കോണ്ടിരുന്ന മഴയുടെ പ്രതിഫലനമായിരുന്നു. മനസ്സിൽ കാത്തൂസൂക്ഷിച്ച ഭാരം ഇറക്കിവച്ചതിന്റെ നിർവൃതി മുഖത്ത് പുഞ്ചിരി തൂക്കിയിരുന്നു. ശാന്തമായ ഭാവം വിജയത്തെ പ്രകടിപ്പിക്കുന്നു. പാർക്കിംഗ് ഏരിയയിൽ തന്നെ കാത്തുനിൽക്കുന്നവരെ കണ്ടപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു. അവരുടെ വാഹനത്തിന്റെ പിൻസീറ്റിലേക്ക് കയറി ഇരുന്നപ്പോഴും മുഖത്ത് പുഞ്ചിരി മായാതെ നിലനിന്നു. അപ്പോഴെല്ലാം അവൾ ചോദിച്ച ചോദ്യമായിരുന്നു അയാളുടെ മനസ്സിൽ.

കാഴ്ചകൾക്കെല്ലാം മൂകസാക്ഷിയായി തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു അവൾ, സിയ. അല്പനേരം മുൻപ് വരെയും അവളുടെ ജീവിതത്തിൽ ഒട്ടും പ്രധാന്യമില്ലാത്തിരുന്ന ഒരാൾ, ഇപ്പോൾ പ്രധാനമായ ഒരു ചോദ്യത്തിനു ഉത്തരം നൽകാതെ ഇതാ പോകുന്നു. "എന്തിനുവേണ്ടി", എത്ര ആലോചിച്ചിട്ടും അവൾക്ക് അതിനുള്ള ഉത്തരം കിട്ടിയിരുന്നില്ല. ഇതൊന്നും കാണാതിരിക്കാൻ നിറഞ്ഞ കണ്ണുകൾ അവൾ അടച്ചുപിടിച്ചു. അവളുടെ ചിന്തകൾ കഴിഞ്ഞ കുറേ നിമിഷങ്ങൾ പിന്നിലേക്ക് പോയി.

വിണ്ണിൽ നിന്നും പൊഴിഞ്ഞു വീഴുന്ന മഴമൊട്ടുകളെ കീറിമുറിച്ചു മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന കാറിന്റെ കണ്ണാടി ചില്ലിലൂടെ സിയ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു. പങ്കുചേർന്നിട്ടു വരുന്ന മരണാനന്തര ചടങ്ങുകൾ അവളെ വല്ലാതെ അസ്വസ്ഥയാക്കിയിരിന്നു.

കാർ ഒരു ബഹുനില അപാർട്മെന്റ് കെട്ടിടത്തിന്റെ ഗേറ്റ് കടന്നു പാർക്കിംഗ് ഏരിയയിൽ നിന്നു. നിർത്തിയ കാറിൽ നിന്നു അവളിറങ്ങി ഡ്രൈവറോട് ഒന്നും പറയാതെ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു. തന്റെ ഫ്ലാറ്റ് എത്തിയ സിയ, ബാത്റൂമിലെ ഷവറിനു കീഴിൽ കുറെ നേരം നിന്നു. അപ്പോഴെല്ലാം ലോകം വിട്ടുപോയ രഞ്ജിത്ത് ആയിരുന്നു അവളുടെ മനസ്സിൽ. രഞ്ജിത്ത്. രതിയുടെ പല ഭാവങ്ങളും അനുഭൂതികളും അവളിലേക്ക് പകർന്നവൻ. ഏതൊരു സ്ത്രീയെയും തന്റെ വാക്കുകൾ ആകുന്ന വലയിൽ കുരുക്കുന്ന നായാട്ടുകാരൻ. അവൻ വാക്കുകളിലൂടെ സന്നിവേശിപ്പിച്ച മായാലോകം അവനിലൂടെ അറിഞ്ഞ നിമിഷങ്ങൾ സിയയുടെ മനസ്സിൽ മിന്നിമാഞ്ഞു. നേട്ടങ്ങൾക്കല്ലാതെ രതിപ്രീതിക്കായി മാത്രമുള്ള ബന്ധംപ്രണയരഹിതമായ ബന്ധം. അതായിരുന്നു രഞ്ജിത്ത്.

കുളി കഴിഞ്ഞു ഈറൻ മാറിയ അവൾ ഡ്രോയിങ് റൂമിലേക്ക് വന്നു. ലക്ഷ്യമില്ലാത്ത കാട്ടുകുതിരയെപോലെ പായുന്ന തന്റെ മനസ്സിനെ ശാന്തമാക്കാൻ പ്രിയ സുഹൃത്തായ സ്കോച്ചിനെ കൂട്ടുപിടിച്ചു. തനിക്കിഷ്ടമുള്ള സംഗീതം ശ്രവിക്കാൻ അവളുടെ മനസ്സ് മോഹിച്ചു .മ്യൂസിക് പ്ലെയർ ഗാനം മൂളി തുടങ്ങിയ  നിമിഷം തന്നെ മുൻകൂട്ടി നിശ്ചയിച്ചപോലെ വൈദ്യുതി എങ്ങോട്ടെന്നില്ലാതെ മാഞ്ഞുപോയി. ഇരുട്ടിൽ നിന്ന് രക്ഷക്കായി മെഴുകുതിരി വെളിച്ചമെത്തി. നേർത്ത കിരണത്തെ സാക്ഷിയാക്കി അവൾ തന്റെ ചിന്തകളുമായി പകിടകളി തുടർന്നു. താനുമായി കിടക്ക പങ്കിട്ട 6 പേരിൽ 5 പേർ കഴിഞ്ഞ മാസത്തിനുള്ളിൽ മരിച്ചിരിക്കുന്നു. അതും അപകട മരണങ്ങൾ. യാദൃച്ഛികമോ, അതോ... ആശങ്ക വർദ്ധിച്ചുക്കോണ്ടിരുന്നു. പെട്ടെന്നു വാതിലിൽ ആരോ മുട്ടി. അസമയത്തിൽ ആരായിരിക്കും! സംശയത്തോടെ അവൾ വാതിൽ പാതി തുറന്നു. അരണ്ട വെളിച്ചത്തിൽ നനഞ്ഞു കുതിർന്ന മുഖം അവൾ കണ്ടു. അടിമുടി നനഞ്ഞ്  ഒരു ചെറു പുഞ്ചിരിയുമായി അയാൾ, മഹാധർ... സിയയുടെ സഹപ്രവർത്തകൻ.

അവൾ ചോദിച്ചു, "എന്താ നേരത്ത്". ഒരു കാര്യം പറയാനുണ്ടെന്ന മറുപടി താഴ്ന്ന സ്വരത്തിൽ അയാൾ നൽകി. രാത്രി നേരത്തു ഏതൊരു ആണിനും പറയാൻ ഉള്ളത് എന്താണെന്നു അവൾക്ക് അറിയാം. ഒരുപ്പാട് തവണ കാര്യങ്ങൾ കേട്ടിട്ടുണ്ടവൾ. അവജഞ മറച്ചുവച്ചു അവൾ അയാളെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ടവൽ നൽകിയ ശേഷം ഗ്ലാസ്സിൽ സ്കോച്ച് ഒഴിച്ചു അയാൾക്കു നേരെ നീട്ടി. അയാൾ അതു വാങ്ങിയ ശേഷം എതിർ വശത്തുള്ള കസേരയിൽ സിയ ഇരുന്നു. അവൾ ചോദിച്ചു, "എന്താ കാര്യം"? കയ്യിൽ ഇരുന്ന ഗ്ലാസ് കുടിച്ചു തീർത്ത് മാറ്റിവച്ച ശേഷം മഹാധർ പറഞ്ഞു തുടങ്ങി. "എനിക്കു സിയയെ ഇഷ്ടമാണ്". ഇതുകേട്ട സിയ്ക്ക് ചിരി വന്നു. ഇഷ്ടം, അവശ്യക്കാരന്റെ ഇഷ്ടം. 5 പേരുടെ ഇഷ്ടങ്ങൾക്കായി പല തവണ വഴങ്ങിയിട്ടുണ്ട്. അതുകൊണ്ടു നേട്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. കാണുന്ന ജീവിതവും പണവും ഉയർന്ന പോസ്റ്റും എല്ലാം. പിന്നെ സുഖം. കർമ്മത്തിൽ രഞ്ജിത്ത് പങ്കാളിയായി. മറ്റുളവർക്കായി താൻ കിടന്നു കൊടുത്തപ്പോൾ, രഞ്ജിതു തനിക്കായി കിടന്നു തന്നു. അന്തർമുഖനും വെറും സാധാരണക്കാരനുമായ മഹാധരിന്റെ ഇഷ്ടത്തിന് വഴങ്ങുന്നതുക്കൊണ്ടു തനിക്കെന്ത് നേട്ടം, സിയ ചിന്തിച്ചു.

അയാൾ ഇടറുന്ന ശബ്ദത്തിൽ തുടർന്നു പറഞ്ഞു, "ഞാൻ ഇഷ്ടപ്പെട്ട, സ്വന്തമാക്കാൻ ആഗ്രഹിച്ച എന്റെ സിയ ജീവിതത്തിൽ ഉയരാൻ വേണ്ടിയും സുഖത്തിനു വേണ്ടിയും പലരുമായി കിടക്ക പങ്കിട്ടെന്നറിഞ്ഞപ്പോൾ ഞാൻ തകർന്നുപോയി". ഇതു കേട്ട അവൾക്ക് പുച്ഛം തോന്നി. തന്റെ ആയുധം എന്തെന്നറിഞ്ഞപ്പോഴാണ് ജീവിതത്തിൽ വിജയം വന്നു തുടങ്ങിയത്. തനിക്കു മുന്നിൽ തുറന്ന വാതിലുകളിലൂടെ പ്രവേശിച്ചു ഒരോ പടിയും കയറി കയറിയാണ് നിലയിൽ എത്തിയത്. കഴിവില്ലാത്ത പുരുഷ പ്രജകൾ ഇതുപോലെ പുലമ്പികൊണ്ടിരിക്കും, കുറ്റപ്പെടുത്തും, ഒളിഞ്ഞു മാറി പല്ല പേരുകൾ വിളിക്കും. ഇതിനെ ഇവർകാക്കൂ. ചിന്തയിൽ കുരുങ്ങി കിടന്ന അവളെ അതിൽ നിന്നും താഴേക്ക് ഉന്തിയിടുന്ന പ്രഹരം പോലെ വാർത്ത അയാൾ അറിയിച്ചു. "നിന്റെ 6 സുഹൃത്തുക്കളിൽ രഞ്ജിത്ത് ഉൾപ്പെടെ 5 പേരെയും കൊലപ്പെടുത്തിയത് ഞാനാണ്". ഭയത്തിന്റെ ആഗമനത്തോടെ പുച്ഛം എന്ന വിരുന്നുകാരൻ സിയയുടെ മനസ്സിൽ നിന്നും ഓടിയൊളിച്ചു. ഇരുട്ടിൽ മെഴുകുതിരി വെളിച്ചം പ്രകാശിക്കുന്ന പോലെ ശാന്തനായ മനുഷ്യനിൽ ഭ്രാന്തമായ ഒരു മനസ്സുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അവ. ആളിക്കത്തുന്ന മനസ്സിനെ പിടിച്ചുകെട്ടി ഒരു ചെറു പുഞ്ചിരിയോടെ അയാൾ തുടർന്നു, "നിന്നെ കണ്ട നാൾ മുതൽ നിന്റെ കണ്ണുകൾ എന്നെ വേട്ടയാടാൻ തുടങ്ങിയതാണ്, നിന്റെ ശബ്ദം എന്നെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടുപോയി. നീ നഷ്ടമാകുമെന്ന ഭയത്താൽ ഞാൻ അതു അറിയിച്ചില്ല. പക്ഷെ നീ... നീ പല്ലർക്കും പല്ലത്തിനുമായി വഴങ്ങി കൊടുത്തു". രാത്രിയുടെ നിശബ്ദത അതിഥിയായെത്തിയ കുറച്ചു നിമിഷങ്ങൾ. അവയുടെ ആയുസ്സ് തീരുമുൻപ്പ് അതിലേക്ക് വന്നു വീണ ഇടിമിന്നൽ പോലെ അയാളുടെ വാക്കുകൾ പ്രതിധ്വനിച്ചു. "നീ ഓരോ തവണ ഭോഗിച്ചപ്പോഴും അവിടെ നശിച്ചത് എന്റെ പ്രണയമാണ്". കേട്ടതെല്ലാം സിയയെ തളർത്തിയിരിക്കുന്നു. അവളുടെ മനസ്സിൽ ധൂപ പൂർണമായ ഒരു ജ്വാലാമുഖി ഉടലെടുത്തിരുന്നു. മഹാധർ തുടർന്നു, "എന്റെ പ്രണയം കളങ്കിതയായ നിന്നോട് പറയാൻ എനിക്കു കഴിയുന്നില്ലായിരുന്നു. പറയാതിരിക്കാനും കഴിയുന്നില്ല. എന്റെ ബുദ്ധിയും മനസ്സും തമ്മിലുള്ള യുദ്ധത്തിനൊടുവിൽ ഞാനൊന്നുറപ്പിച്ചു. നിന്നെ പരിശുദ്ധയാക്കണം. അതിനു ഇതല്ലാതെ മറ്റൊരു മാർഗ്ഗം ഞാൻ കണ്ടില്ല. കൊന്നു 5 പേരെയും... അല്ല ആറാമനേയും കൊന്നിട്ടാണ് ഞാൻ ഇവിടേയ്ക്ക് വന്നത്". വീണു കിടന്നവൾക്കുമേൽ പതിച്ച തൊഴിയായിരുന്നു വാക്കുകൾ.

ഒരു പോലീസ് ജീപ്പിന്റെ ശബ്ദം അപ്പാർട്ട്മെന്റിനെ ലക്ഷ്യമാക്കി വന്നു നിന്നു. ഇതു കേട്ട മഹാധർ പറഞ്ഞു, "ഞാൻ തെറ്റു ചെയ്തു, അതിനുള്ള ശിക്ഷ എനിക്കു കിട്ടണം. അതിനാൽ പോലീസിനെ ഞാൻ വിവരം അറിയിച്ചു. എന്നെ കൊണ്ടുപോകാൻ അവരെത്തി". യാത്ര ചോദിച്ചിട്ട് അയാൾ നടന്നു. അതിനിടയിൽ സിയയോട് പറഞ്ഞു, "മറ്റുള്ളവരുടെ മുന്നിൽ നീ എന്താണെന്നു എനിക്കു അറിയേണ്ട. എന്റെ മനസ്സിൽ നീ ഇപ്പോൾ പരിശുദ്ധയാണ്. പുറത്തു പെയ്യുന്ന മഴപോലെ അവരുടെ രക്തം നീ ചെയ്തുകൂട്ടിയ കളങ്കമെല്ലാം കഴുകി കളഞ്ഞിരിക്കുന്നു. ഇപ്പോൾ... ഇപ്പോൾ ഞാൻ പറയുന്നുസിയ ലവ് യൂ". അതുവരെ നിശ്ശബ്ദമായിരുന്ന അവളുടെ അധരങ്ങൾ ശബ്ദിച്ചു. "മഹാധർ, അർഹതയില്ലാത്ത എന്നെപോലൊരുവളെ എന്തിനു  ഇത്ര സ്നേഹിക്കുന്നു". മറുപടിയായി ഒരു പുഞ്ചിരി നൽകി അയാൾ ഫ്ലാറ്റ് വിട്ടിറങ്ങി. സിയയുടെ കണ്ണുകൾ നിറഞ്ഞു. ഇതുവരെയും കേൾക്കാത്ത വാക്കുകളായിരുന്നു ഇത്രനേരം കേട്ടത്. അവളുടെ ശരീരത്തെ അല്ലാതെ മനസ്സിനെ സ്നേഹിച്ച ഒരാളുടെ വാക്കുകൾ. യഥാർത്ഥ സ്നേഹത്തിന്റെ വാക്കുകൾ.

അവൾ ബാൽക്കണിയിൽ വന്നു നിന്നു. പാർക്കിംഗ് ഏരിയയിൽ കാത്തുനിന്ന പോലീസ് ജീപ്പിലേക്ക് ചിരിച്ചുകൊണ്ട് കയറുന്ന മഹാധറിനെ ഇമവെട്ടാതെ നോക്കി നിന്നു.

ജീപ്പ് സ്റ്റാർട്ട് ചെയ്ത ശബ്ദം കഴിഞ്ഞ നിമിഷങ്ങളുടെ ചിന്തയിൽ നിന്നുണർത്തി. വാഹനം അപാർട്മെന്റ് വിട്ടിറങ്ങി ദൂരെ ഇരുട്ടിലേക്ക് മാഞ്ഞുപോകുന്നത് അവൾ നോക്കി നിന്നു. സിയ അവളോടു തന്നെ ചോദിച്ചു, "ഒരാൾക്ക് മറ്റൊരാളെ ഇത്രയധികം സ്നേഹിക്കാൻ കഴിയുമോ"? 
സമയം ഇടവേളയ്ക്കായി പോയിരുന്ന വൈദ്യുതി തിരിച്ചെത്തി. മ്യൂസിക് പ്ലേയർ പാടി തുടങ്ങി. ജിം കോർസിന്റെ അതിമനോഹരമായൊരു ഗാനം.

"ഇഫ് കുഡ് സേവ് ടൈം ഇൻ ബോട്ടിൽ,
ഫസ്റ്റ് തിങ് വുഡ് ലൈക് ടു ഡു.
ഇസ് ടു സേവ് എവ്രി ഡേ റ്റിൽ ഇറ്റർണിറ്റി പാസ്സസ് എവേ
ജസ്റ്റ് ടു സ്പെൻഡ് ദെമ് വിത് യൂ...."

Srishti-2021   >>  Short Story - Malayalam   >>  പാപി

Raji Chandrika

Allianz

പാപി

"നിങ്ങളിൽ പാപികളല്ലാത്തവർ ആദ്യം കല്ലെറിയുക"...

 

ഒരു മഹാസമുദ്രത്തിനോളം ആഴമുള്ള ശാന്തതയ്ക്കു മുന്നിൽ പകച്ച കണ്ണുകളുമായി ഞാനിരുന്നു

 

എൻറെ വിധി നിർണ്ണയിക്കപ്പെട്ടിരിക്കുന്നു . മണിക്കൂറുകളായുള്ള കാത്തിരിപ്പിനും മരവിപ്പിനും ഒടുവിൽ എൻറെ ശിക്ഷ വിധിക്കപ്പെട്ടിരിക്കുന്നു...

 

പൊടിയും വിയർപ്പും ഒഴുകിപ്പടർന്ന  കൺതടങ്ങളിൽ പ്രതീക്ഷയുടെ അവസാന കണികയും വറ്റി നിശ്ചലയായി ഞാനിരുന്നു. ചുറ്റും ഒരായിരം കണ്ണുകൾ.. മൂർച്ചയുള്ള കല്ലുകൾ ..

 

കിതയ്ക്കുന്നു വേട്ടപ്പട്ടികളെ പോലെ, തങ്ങളുടെ ഊഴത്തിനായി കാത്തുനിൽക്കുന്ന ജനക്കൂട്ടത്തെ അവസാനമായി ഞാൻ ഒരു നോക്കു കണ്ടു .. ഇരുട്ടിൻറെ മറവിൽ എത്രയോ തവണ ഞാൻ നിങ്ങളെ  കണ്ടിരിക്കുന്നു . എൻറെ സൗന്ദര്യത്തിന്റെ ലഹരിയിൽ മത്തുപിടിച്ചു എത്രയോ തവണ നിങ്ങൾ നൃത്തം ചെയ്തിരിക്കുന്നു . എൻറെ മാറിടങ്ങൾക്കിടയിൽ ഒരു കൈക്കുഞ്ഞിനെ പോലെ നിങ്ങൾ വീണുറങ്ങിയിരിക്കുന്നു. എൻറെ വിയർപ്പിന്റെ ഗന്ധം മുകർന്ന്, ശരീരത്തിൻറെ ചൂടേറ്റ്എത്രയോ കവിതകൾ നിങ്ങൾ പാടിയിരിക്കുന്നു

എന്നിട്ടും...എന്നിട്ടും...പകൽച്ചൂടിന്റെ തീക്ഷ്ണതയിൽ തെരുവീഥികളിലൂടെ നിങ്ങളെന്നെ വലിച്ചിഴച്ചു. കൈകാലുകൾ കെട്ടിയും, ചാട്ടവാറിന്നടിച്ചും, തുപ്പിയും, തൊഴിച്ചും , ശപിച്ചുംചന്തപ്പറമ്പിലേയ്ക്ക്  നിങ്ങളെന്നെ  വലിച്ചെറിഞ്ഞു.  

എന്താണ് ഞാൻ ചെയ്ത തെറ്റ്??? ദൈവം എന്നെയും നിങ്ങളെയും ഒരുപോലെ സൃഷ്ടിച്ചു. നിങ്ങളെപ്പോലെ എനിക്കും സൗന്ദര്യം തന്നു. ഇണചേരുവാനുള്ള  അവകാശവും തന്നുഎന്നെ  തേടി വന്നവരെ ഞാൻ സന്തോഷിപ്പിച്ചു

എന്നിട്ടും.. എന്നിട്ടും... നിങ്ങൾ എന്നെ മാത്രം ശിക്ഷിക്കുന്നു . കൂർത്ത കല്ലുകളുമായി എനിക്കു ചുറ്റും കൂകി വിളിക്കുന്നു.

 

"ഇവൾ പാപിയാണ്. ഇവളെ കല്ലെറിഞ്ഞു കൊല്ലുക "

 

പരമ കാരുണികനായ നീതിമാൻ ഒടുവിൽ എൻറെ ശിക്ഷ വിധിച്ചു.

 

"നിങ്ങളിൽ പാപികളല്ലാത്തവർ ആദ്യം കല്ലെറിയുക!!" 

 

തോറ്റുപോയ ജനക്കൂട്ടത്തിനു മുന്നിൽ, അതിലേറെ തോറ്റവളായി ഞാനിരുന്നു.

 

"എങ്കിലും ഗുരോ.. എറിയുവാൻ തന്നെയല്ലേ അങ്ങാവശ്യപ്പെട്ടത് !! " 

 

പക്ഷേ.. അവർ വീണ്ടും വന്നു. ആത്മവിശ്വാസം വീണ്ടെടുത്ത ഒരുപറ്റം ചെന്നായ്ക്കൾ എനിക്കു നേരെ ആക്രോശിച്ചു.

 

"നീയാണ് പെണ്ണ്!! നീയാണ് പാപി !!"

 

അടുക്കളയിലേയ്ക്കും, അമ്പലങ്ങളിലേയ്ക്കും,അൾത്താരകളിലേയ്ക്കും അവരെന്നെ വീണ്ടും വലിച്ചിഴച്ചു. എൻറെ ബാല്യവും, കൗമാരവും, വാർദ്ധക്യവും അവരുടെ കൈകളിൽ ഞെരിഞ്ഞമർന്നു. രക്തം വാർന്ന മാംസക്കെട്ടിലും, ചത്തു മലച്ച ശവപ്പറമ്പിലും അവർ എന്നിലെ പാപിയെ തിരഞ്ഞു. വിത്തുവിതച്ച മടിത്തട്ടിലും വിദ്യയേകിയ മരത്തണലിലും വിശ്രമമില്ലാതെ ഞാനലഞ്ഞു. കർത്താവിന്റെയും കപ്പിയാരുടെയും മണവാട്ടിയായി ഒരേ സമയം അവരെന്നെ വാഴിച്ചു

സദാചാരത്തിന്റെ കരിങ്കൽ മുനകളേറ്റു കീറിമുറിഞ്ഞ തിരു വസ്ത്രവുമായി  ഞാനാ  നീതിമാൻറെ മുന്നിൽ വീണ്ടുമിരുന്നു..

 

"എങ്കിലും ഗുരോ.. കല്ലെറിയുവാൻ തന്നെയല്ലേ അങ്ങാവശ്യപ്പെട്ടത്!!!"

Srishti-2021   >>  Short Story - Malayalam   >>  അഭയാർത്ഥികൾ

Anoop Abraham

Allianz

അഭയാർത്ഥികൾ

ഞാൻ അവളെ യാത്രയാക്കാൻ വന്നതാണ്. ഒരു അഭയാർത്ഥിയായാണ് അവൾ നാട്ടിൽ വന്നത്. അവളും അവളുടെ ആളുകളും പിന്നിട്ട വഴികളെക്കുറിച്ച്, അവൾ വാചാലയാകാറുങ്ങ്.അവളുടെ പൂർവികരുടെ പോരാട്ടങ്ങളും,ചെറുത്ത് നില്പ്പുകളും അവൾ വിവരിച്ച്തരും. ഒടുവിൽ അവരെല്ലാം മണ്ണിൽ തന്നെ വീണു ഒടുങ്ങിയതും, അവരുടെ ചരിത്രത്തെയും ഓർമ്മകളെയും വിട്ട് നാട്ടിലേക്ക് പറിച്ച് എറിയപ്പെട്ടതും അവള് പറയും. ഓർമ്മകളുടെ പറുദീസയാണ് എല്ലാവർക്കും സ്വന്തം നാട് എന്ന് അവൾ പറഞ്ഞ് വക്കും.

                       എന്നെങ്കിലും അവൾ തിരിച്ച് ചെല്ലുമെന്നും, അവൾ പിന്നിട്ട വഴികളിലൂടെ തിരിച്ച് നടന്ന് എല്ലാം വീണ്ടും തിരിച്ച് പിടിക്കുമെന്നും അവൾ പറയും. പഴയഓർമ്മകൾ തിരിച്ച് പിടിക്കാനുള്ള വാശിയാണത്രേ, അവളെയും, പല ഇടങ്ങളിലായി ചിന്നി ചിതറികിടക്കുന്ന, അവളുടെ ആളുകളെയും, ഇന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

 

                        ഒരു അഭയാർത്ഥി അല്ലായിരുന്നിട്ടും, സ്വന്തം നാട്ടിലേക്കും ആളുകളിലേക്കും തിരിച്ച് പോകാത്തതിനെപറ്റി അവൾ ചോദിക്കും.എനിക്ക് ഓർമ്മകൾ ഇല്ല എന്ന് പറഞ്ഞ് ഞാൻ പുഞ്ചിരിക്കും.മരിച്ച് മണ്ണിനടിയിൽ കിടക്കുന്നവർവരെ ഓർമ്മ കളിൽ മുഴുകി ആണ് വിശ്രമിക്കുന്നതെന്നും, ഞാൻ കളളം പറയുക ആണെന്നും പറഞ്ഞ് അവൾ തർക്കിക്കും.മനുഷ്യൻ ജീവിച്ചു എന്ന് തോന്നുന്നത്, പുതിയ ചിന്തകൾ ഉണ്ടാകുമ്പോഴാണ്, ഇന്നലത്തെ ഓർമ്മകളിൽ ഇന്നും ജീവിച്ചാൽ, അവൻ ഇന്നലെ ജീവിച്ചു ഇന്ന് മരിച്ചു, എന്നാണ് അർത്ഥം, എന്നൊക്കെ പറഞ്ഞ് ഞാൻ അവൾടെ വായടപ്പിക്കും.

                 ഇന്ന് വരെ പിന്നിട്ട വഴികളിൽ നിന്നാണ്, ഇനി മുന്നേറേണ്ട ഊർജ്ജം കിട്ടുന്നതെന്നും, എന്റെ ഓർമ്മ ഇല്ലായ്മ മൂഢത്തം ആണെന്നും പറഞ്ഞ് അവൾ ചിരിക്കും.അവൾക്കൊപ്പം ചിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ, ഒരു നിറവയറ് മാത്രം സ്വന്തമായ് ഉണ്ടായിരുന്നവൾ  ഒരു കയറിൽ തൂങിയാടുന്നതും, ഒരു നാടും കുറേ  ദൈവങ്ങളും എന്നെ, എന്റെ ഓർമ്മകളുടെ പറുദീസയിൽ നിന്ന്  ആട്ടിയോടിക്കുന്നതും, എന്റെ ഓർമ്മയിൽ വരും.എന്നിട്ട് ഞാൻ പറയും പിന്നിട്ട വഴികളിൽ ഇനി ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്തെങ്കിലും ഉണ്ടെങ്കിലേ ഓർമ്മകൾക്ക് അർത്ഥം ഉണ്ടാകൂ.ഒന്നും മനസ്സിലായില്ലെങ്കിലും അവൾ തലയാട്ടും.

                    ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് ഞങ്ങൾ രണ്ട്  ധ്രുവങ്ങളാണെന്ന്, ഞാൻ കഴിഞ്ഞ്പോയ കാലം മറക്കാൻ ജീവിക്കുന്നു, അവൾ അത് തിരിച്ച് പിടിക്കാനും. അവൾ ഇന്ന് തിരിച്ച് സ്വന്തം ദേശത്തേക്ക് യാത്രയാവുകയാണ്‌. അവളുടെ ഭാഷയിൽ പറഞ്ഞാൽ,ഇനി ജീവിക്കാൻ വേണ്ട ഊർജ്ജം തേടി,ഭൂതകാലത്തിലേക്ക് പോവുകയാണ്.

                     അവൾക്ക് എല്ലാ ആശംസകളും നേർന്ന് ഞാൻ തിരിച്ച് നടന്നു.ഇനിമുതൽ  ഇവളും എന്റെ ഒരു ഓർമ്മയായ് മാറും.ചിലപ്പോൾ ഇനി അങ്ങോട്ട് ജീവിക്കാൻ പ്രേരിപ്പിക്കുന്ന പിന്നിട്ട വഴികളിലെ എന്തോ ഒന്ന്.

Subscribe to Allianz