Skip to main content
Srishti-2022   >>  Short Story - Malayalam   >>  നാല് കാശും കുഴിയിലെ ഒരു പിടി മണ്ണും.!

Jishnu R Chandran

Xerox Technologies

നാല് കാശും കുഴിയിലെ ഒരു പിടി മണ്ണും.!

 

ഡിസംബർ മാസത്തിലെ മഞ്ഞിൻ്റെ അകമ്പടിയോടെ കിഴക്ക് സൂര്യൻ എത്തിക്കഴിഞ്ഞിരുന്നു. അയൽവക്കത്തെ വീട്ടിലെ മോളി ആൻ്റിടെ "എൻ്റെ സുബിനേ, നിനക്ക് ഈ നാട്ടിൽ നിക്കാതെ വെളിയിൽ എവിടേലും പോയിക്കൂടെ. നല്ല പ്രായത്തിൽ നാല് കാശ് ഉണ്ടാക്കികൂടെ. നീ ഞങ്ങടെ സൂസിയെ കണ്ട് പഠിക്ക്" എന്ന സ്ഥിരം പല്ലവിയിൽ നിന്നും ഒഴിവാകാൻ വേണ്ടി അവർ മുറ്റത്തില്ലാത്ത നേരം നോക്കി അവൻ പതുക്കെ ഇറങ്ങി. 

 

 

മദ്ധ്യ തിരുവിതാംകൂറിലെ ഏതൊരു യുവാവും യുവതിയും കേൾക്കുന്ന ഈ ചോദ്യം ഏത് കാലത്ത് നിക്കും എന്ന ചിന്തയോടെ പൊട്ടി പൊളിഞ്ഞ ടാറിട്ട റോഡിലൂടെ വീടിനടുത്ത് നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരമുള്ള മൈതാനത്തേക്ക് പതിവ് പോലെ സുബിൻ നടന്നു. കോവിഡ് കാലത്ത് തുടങ്ങിയ ഈ ശീലം ഇതിനോടകം പതിവായിക്കഴിഞ്ഞിരുന്നു. ആരോഗ്യവും ഉന്മേഷവും തരുന്ന ഈ ചെറിയ വ്യായാമത്തിന് സുബിന് കൂട്ടായി കുറച്ച് പേരുമുണ്ടായിരുന്നു. എഴുപതിനോടടുത്ത ഒരു ഭാര്യാഭർത്താക്കന്മാരായിരുന്നു അതിലെ സ്ഥിരം കൂട്ടുകാർ. എൽസിയും പീറ്ററും.!

 

 

മക്കൾ വിദേശത്തുള്ളതിനാൽ മകൻ്റെ പ്രായമുള്ള സുബിനുമായി അവർക്ക് നല്ലൊരു ആത്മബന്ധം ഇതിനോടകം വന്നിരുന്നു.

 

അങ്ങനെയിരിക്കെ, സുബിന് അത്യാവശ്യമായി തൻ്റെ ജോലി സ്ഥലമായ എറണാകുളത്തേക്ക് പോകേണ്ടി വന്നു. കോവിഡ് കാരണം ഒരു വർഷത്തിലേറെയായി വീട്ടിലിരുന്ന് ജോലി ചെയ്തിരുന്ന എല്ലാവരെയും തിരിച്ച് കൊണ്ട് വരുന്നതിൻ്റെ ഭാഗമായി ഒരാഴ്ച ഓഫീസിൽ വരാൻ പറഞ്ഞിരിക്കുകയാണ്. വാക്സിൻ സർട്ടിഫിക്കറ്റും മാസ്കും മറ്റ് സ്ഥാവര ജംഗമ വസ്തുക്കളുമൊക്കെ എടുത്ത് സുബിൻ പോയിട്ട് തിരിച്ച് വന്നു.

 

അങ്ങനെ ഒരാഴ്ചത്തെ നഗരജീവിതത്തിൻ്റെ മടുപ്പ് മാറ്റാൻ പിറ്റെ ദിവസം തന്നെ പതിവ് യാത്രക്ക് സുബിൻ പോയി. എന്നാൽ അന്നവൻ ഒറ്റയ്ക്കായിരുന്നു. എൽസിയേയും പീറ്ററേയും കണ്ടില്ല. നടത്തത്തിൻ്റെ തുടക്ക കാലത്ത് പത്തിരുപത് പേരുണ്ടായിരുന്നത് കാലക്രമേണ ചുരുങ്ങി വന്നുകൊണ്ടിരുന്നു. അതിനാൽ അത്ര അത്ഭുതമൊന്നും അവന് തോന്നിയില്ല. മാത്രമല്ല എൽസി അർബുദബാധിതയായിരുന്നതിനാൽ ഇടക്കിടക്ക് ചെക്ക്-അപ്പ് കാരണം ഇങ്ങനെയുള്ള അസാന്നിധ്യങ്ങൾ പതിവായിരുന്നു.

 

 

അങ്ങനെ വീണ്ടും ഒരാഴ്ച കഴിഞ്ഞു ഒരു ദിവസം പീറ്റർ മാത്രം നടക്കാൻ വന്നു. കടുത്ത മരുന്നുകളുടെ ക്ഷീണത്തിലാവാം എൽസി വരാത്തത് എന്ന അടിസ്ഥാനത്തിൽ സുബിൻ ചോദിച്ചു.

 

 

"ആ, അച്ചായാ കുറെ നാളായല്ലോ കണ്ടിട്ട്. അമ്മാമ്മ എന്തിയെ".

 

സ്വതവേ നല്ല സന്തോഷവാനായി ഉത്സാഹത്തോടെ സംസാരിക്കുന്ന പീറ്റർ ഒന്ന് മൂളുക മാത്രം ചെയ്തു .

 

"എന്താ അച്ചായാ, എന്നാ പറ്റി". സുബിൻ സാഹചര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കി ചോദിച്ചു.

 

നിന്ന നില്പിൽ പീറ്റർ പൊട്ടിക്കരഞ്ഞു. വിശന്ന് കരയുന്ന പിഞ്ചു കുഞ്ഞുങ്ങളെ പോലെ.!!

 

സുബിന് എന്താണ് കാര്യമെന്നോ, എന്ത് ചെയ്യണമെന്നോ മനസിലായില്ല. അരോഗ്യദൃഢഗാത്രനായ മുൻ പ്രവാസിയുടെ അടുത്ത് നിന്ന് ഇങ്ങനൊരു പ്രതികരണം അവൻ പ്രതീക്ഷിച്ചിരുന്നില്ല.

 

 

കരയുന്ന പീറ്ററിൻ്റെ തോളത്ത് തട്ടി സമാശ്വസിപിച്ച് കൊണ്ട് അവൻ ചോദിച്ചു.

 

"എന്താ അച്ചായാ, എന്താ ഉണ്ടായേ. അമ്മാമ്മക്ക് എന്തെങ്കിലും ബുദ്ധിമുട്ട്??"

 

കഷ്ടപ്പെട്ട് നിയന്ത്രിച്ച കരച്ചിലിൻ്റെ ഇടയിലൂടെ ചെറിയൊരു ശബ്ദത്തിൽ പീറ്റർ പറഞ്ഞു, "അവള് പോയെടാ"..!

 

 

ചെറിയൊരു ഞെട്ടലിൽ സുബിൻ എന്ത് പറയണം എന്നറിയാതെ നിന്നു.

 

 

അർബുദം ബാധിച്ചിരുന്നെങ്കിലും വളരെ സന്തോഷവതിയും മാനസികമായി യാതൊരു തളർച്ചയും ഇല്ലാതെയും തൻ്റെ ജീവിതത്തിൻ്റെ എല്ലാ നിമിഷങ്ങളും രസിച്ച് ആഘോഷിച്ചും ദൈവവിശ്വാസത്തോടെയും പ്രസരിപ്പോടെയും ജീവിച്ചിരുന്ന എൽസിക്ക് ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു വിയോഗം, കുറച്ച് നാളത്തെ പരിചയം കൊണ്ട് തന്നെ, സുബിനെ വളരെ വിഷമത്തിലാക്കി.

 

 

"പോട്ടെ അച്ചായാ, നമ്മൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം നമ്മൾ ചെയ്തില്ലേ, വിഷമിക്കാതെ. അമ്മാമ്മ മരിക്കുന്നവരെ അവർക്ക് വേണ്ട എല്ലാ കാര്യങ്ങളും അച്ചായൻ ചെയ്തില്ലേ, ഒരു അല്ലലും അറിയിക്കാതെ എല്ലായിടത്തും കൊണ്ട് പോയി, വേണ്ട ചികിത്സയും മറ്റും കൊടുത്തില്ലെ. എനിക്ക് ഉറപ്പാണ്, ഇങ്ങനെ ഒരു ഭർത്താവിനൊപ്പം ജീവിച്ച സന്തോഷത്തിലായിരിക്കും അമ്മാമ്മ കണ്ണടച്ചത്". 

 

കരച്ചിലിൻ്റെ ഇടയിൽ പീറ്ററിൻ്റെ കണ്ണിലെ ആശ്വാസം കണ്ട് സുബിൻ തുടർന്നു..

 

"വിഷമം ഉണ്ടാകും, ഈ ചെറിയ കാലത്തെ പരിചയം കൊണ്ട് എനിക്ക് തന്നെ സങ്കടമുണ്ട്. അപ്പോ പിന്നെ അച്ചായൻ്റെ കാര്യം എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷെ, അമ്മാമ്മയുടെ സ്വഭാവം വെച്ച് അവരുടെ മരണശേഷം അവർ ചെയ്ത നല്ല കാര്യങ്ങളും പുള്ളിക്കാരിയോടൊപ്പം ചിലവഴിച്ച നല്ല നിമിഷങ്ങളും മാത്രം എല്ലാവരും ഓർക്കണം എന്നായിരിക്കും മരണത്തിലും അവർ ആഗ്രഹിക്കുന്നത്. "

 

 

പീറ്റർ ശാന്തനാകുന്നത് സുബിൻ കണ്ടൂ. യാഥാർഥ്യം തിരിച്ചറിഞ്ഞ് കണ്ണ് തുടയ്ക്കുന്ന പീറ്ററെ കെട്ടിപിടിച്ച് അവൻ തുടർന്നു.

 

"അങ്ങനെയുള്ള അമ്മാമ്മയെ നമ്മൾ ഒരു പുഞ്ചിരിയോടെ ഓർക്കണം എന്നാണ് എൻ്റെ മനസ്സ് പറയുന്നത്. അമ്മാമ്മയുടെ മരണം അച്ചായനെ എത്രത്തോളം വിഷമിപ്പിക്കുന്നു എന്നെനിക്ക് മനസ്സിലാകും. ഞാൻ പറഞ്ഞത് ഏതെങ്കിലും തരത്തിൽ ആ വിഷമം കൂട്ടിയെങ്കിൽ എന്നോട് ക്ഷമിക്കണം".

 

ആ സാഹചര്യത്തിൽ കുറച്ച് ആശ്വാസമെങ്കിലും ക്രൂരമായ പരമാർത്ഥം പറഞ്ഞ് തീർത്ത് സുബിൻ പീറ്ററിനെ നോക്കി.

 

അത്താണി കണ്ട ചുമട്ടുകാരനെപ്പോലെ പീറ്റർ സന്തോഷവാനായി.

 

വർഷങ്ങളുടെ അമേരിക്കൻ ജീവിതം പഠിപ്പിച്ച ശീലത്തിൽ പീറ്റർ പറഞ്ഞു. "താങ്ക്യൂ.. താങ്ക്യൂ വേരി മച്ച്,സുബിൻ.!"

 

"എന്തിനാ അച്ചായാ, ഇതിനൊക്കെ പോയി…" സുബിനെ മുഴുമിക്കാൻ അനുവദിക്കാതെ പീറ്റർ തുടർന്നു.

 

"എനിക്ക് രണ്ട് മക്കളുണ്ടെന്ന് നിനക്ക് അറിയാമല്ലോ. രണ്ട് പേരും അമേരിക്കയിലാണ്. പക്ഷെ സ്വന്തം അമ്മ മരിച്ചിട്ട് അവർക്ക് വരാൻ പോലും സമയമുണ്ടായില്ല. നേരത്തെ പ്ലാൻ ചെയ്ത യൂറോപ്പ് ട്രിപ്പിന് പോയി പോലും. അത് കാൻസൽ ചെയ്താൽ കുറെ പൈസ നഷ്ടം ആണത്രെ. അമ്മയുടെ കുഴിയിലെ ഒരു പിടി മണ്ണിന് യൂറോപ്യൻ ട്രിപ്ൻ്റേ വില ഇല്ലല്ലോ.!!"

 

സ്തബ്ധനായി നിന്ന സുബിൻ്റെ തലയിൽ കൈ വെച്ച് കണ്ണിൽ നോക്കി പീറ്റർ തുടർന്നു. 

 

"എൻ്റെ മക്കളിൽ നിന്നു ഞാൻ കേൾക്കാൻ ആഗ്രഹിച്ചതാണ് മോനെ നീ പറഞ്ഞത്. നന്നായി വരട്ടെ.!"

 

തിരിച്ച് കാറിലേക്ക് നടക്കുമ്പോൾ പീറ്റർ ആരോടെന്നില്ലാതെ പറഞ്ഞു…

 

"മക്കളേ പണത്തിൻ്റെ പുറകെ പോകാൻ മാതാപിതാക്കൾ തന്നെയാണ് പഠിപ്പിക്കുന്നത്.. അപ്പോ പിന്നെ പണത്തിൻ്റെ പുറകേ പോയതിനു അവരെ കുറ്റം പറയാനും പറ്റില്ല…!!!" 

 

എന്ത് ചെയ്യണം എന്നറിയാതെ നിന്ന സുബിനെ കൈ കാണിച്ച് തൻ്റെ വെള്ള മാരുതിക്കാറിൽ പീറ്റർ ദൂരേക്ക് പോയി…

 

"നീ ഇങ്ങനെ വെറുതെ ഓരോന്ന് ആലോചിച്ച് തെക്ക് വടക്ക് നടന്നോ.."

 

കേട്ട കാര്യങ്ങളെ കുറിച്ചുള്ള ഗാഢമായ ചിന്തയിൽ നിന്നും മോളി ആൻ്റിയുടെ ഈ ചോദ്യമാണ് സുബിനെ വീട്ടിലെത്തിയ ബോധത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്. രാവിലെ ചോദിക്കാൻ പറ്റാത്ത സ്ഥിരം ചോദ്യം ഒരു പതിവ് പോലെ വീണ്ടും മോളി ആൻ്റി ചോദിച്ചു.

 

"എൻ്റെ സുബിനേ, നിനക്ക് ഈ നാട്ടിൽ നിക്കാതെ വെളിയിൽ എവിടേലും പോയിക്കൂടെ. നല്ല പ്രായത്തിൽ നാല് കാശ് ഉണ്ടാക്കികൂടെ. നീ ഞങ്ങടെ സൂസിയെ കണ്ട് പഠിക്ക്".

 

 

സൂസി പറഞ്ഞ് കേൾക്കാൻ ആഗ്രഹിക്കുന്നത് ഇവരോടും താൻ തന്നെ പറയേണ്ടി വരുമോ എന്ന ആലോചനയിൽ മറുപടിയൊന്നും പറയാതെ ഒരു ചെറു ചിരിയോടെ സുബിൻ തൻ്റെ വീട്ടിലേക്ക് കയറികൊണ്ട് പറഞ്ഞു.

 

"അമ്മേ..ചായ.."

Subscribe to Xerox Technologies