Vishnulal Sudha
Envestnet Trivandrum
കറ
ചിരപരിചിതമായൊരു വേദനയുടെ നെടുവീർപ്പിൽ ആലസ്യം കുടഞ്ഞകറ്റി രേണുക ഉണർന്നു. ഉള്ളിലെ നനവും പുറത്തെ കറയും കഴുകി വിരിച്ച്, ദൂരെ മറനീക്കി പുറത്തു ചാടുന്ന പ്രകാശകണങ്ങളെ സജല മിഴികളാൽ പുൽകി, നനഞ്ഞ അലക്കു കല്ലിൻമേൽ അവൾ അമർന്നിരുന്നു. തട്ടിച്ചിതറി അകന്ന് പോകുന്ന നിദ്രയുടെ ശേഷിപ്പുകൾ കറുത്തിരുണ്ട് കണ്ണുകൾക്ക് ചുറ്റും പറ്റിപ്പിടിച്ചിട്ടുണ്ട്. മലമുകളിലെ ഒഴിഞ്ഞൊരു മൂലയിൽ ആരും തേടിവരാനില്ലാത്ത തന്റെ ഉടലിന്റെ ഇപ്പോഴത്തെ അവസ്ഥ രേണുകയ്ക്ക് തന്നെ വല്യ നിശ്ചയമില്ല. കണ്ണാടിയിൽ തന്റെ മുഖം കണ്ട നാളുകൾ ഓർത്തെടുക്കാൻ പറ്റാത്തത്ര ദൂരെ പോയി മറഞ്ഞിരിക്കുന്നു. ഖാദറിക്കാന്റെ കടയിൽ സാധനങ്ങളെടുത്തു കൊടുക്കാൻ നിൽക്കുമ്പോൾ ആദ്യമൊക്കെ പല കണ്ണുകളും തന്റെ മുലയും അരയും അളന്ന് തിട്ടപ്പെടുത്തുന്നത് രേണുക അറിഞ്ഞിട്ടുണ്ട്. പലരെയും തന്നിലേക്ക് വലിച്ചടുപ്പിക്കാൻ അവൾ ഒരുപാട് മോഹിച്ചിട്ടുമുണ്ട്. എന്നാൽ അവൾക്കതിന് കഴിഞ്ഞില്ല. ഇന്ന് പലരും നോക്കാറുകൂടിയില്ല. അതിൽ ഇപ്പോൾ വല്യ വിഷമവുമില്ല. യാഥാർത്ഥ്യവുമായി എന്നേ താദാത്മ്യപ്പെട്ടു കഴിഞ്ഞു. ഇപ്പോൾ ചുറ്റും വിരസത തളം കെട്ടി കിടക്കുന്നു. അതിൽ പോങ്ങു തടിപോലെ ശരീരം ഒരു കാറ്റിന്റെ ഉന്തലിൽ തെന്നി നീങ്ങി മർമ്മരങ്ങൾ തീർക്കാൻ വെമ്പുകയാണ്. നിശ്ചലം.
ചുവന്നു തെറിച്ച രശ്മികൾ മഞ്ഞിച്ചു പിന്നെ പതിയെ വെളുപ്പു പറ്റി. ചിന്തയുടെ കൂരമ്പുകൾ കുത്തിക്കയറി സമയം പിറകിലെവിടെയോ ഉടഞ്ഞു വീഴുന്നത് രേണുക അറിഞ്ഞിരുന്നില്ല. കാലിലെ നനവ് തുടച്ചു മാറ്റി അവൾ അകത്തേക്ക് നടന്നു. പൂക്കാൻ മറന്നൊരു മൂവാണ്ടൻ മാവിൽ ഓടിയും ചാടിയും അവിടവിടിരുന്ന് കലഹം കൂട്ടുന്ന അണ്ണാറക്കണ്ണന് കൂട്ടിനെന്ന പോലെ ഒരു ബലിക്കാക്ക കരഞ്ഞു തുടങ്ങി.
“എനിക്കും വിരുന്നുകാരോ!” രേണുകയുടെ ചുണ്ടിൽ ഒരു മന്ദസ്മിതം മൂരി നിവർന്നു.
ഉള്ളിലെ പിടച്ചിലിന്റെ ശബ്ദത്തെ കൂട്ടുപിടിച്ച് ഗതകാലങ്ങൾ സ്മരണയുടെ മുഖംമൂടി ചൂടി അവളിൽ പെയ്തിറങ്ങി. ഇരുപതു വർഷങ്ങൾക്ക് മുൻപ് തന്റെ പതിനാറാം വയസ്സിൽ ശുഹൈബിൽ നിന്നാണ് ആദ്യമായി അവളാ സുഖം അറിയുന്നത്. പേടിച്ചരണ്ട മുഖവുമായി മൂസാക്കാന്റെ കളപ്പുരയ്ക്കു പിന്നിൽ ഒളിച്ചിരുന്ന ശുഹൈബിന്റെ വിറയാർന്ന കൈകളിൽ ഇറുകെ പിടിച്ച് അവയെ തന്റെ മാറിലേക്ക് വഴികാട്ടി, അവന്റെ നനഞ്ഞ ചുണ്ടുകൾ തന്നിലേക്ക് വലിച്ചടുപ്പിക്കുമ്പോൾ അവൾ ഉന്മാദത്തിന്റെ മറ്റൊരു വാതിൽ തുറക്കുകയായിരുന്നു. ഒരുപാട് പേര് വിരുന്നുകാരായി വീണ്ടും ആ വാതിൽ കടന്നു വന്നു. തന്നെ വാരി പുണരുന്ന കൈകളിൽ വല്ലാത്തൊരു സുരക്ഷിതത്വം അനുഭവിച്ചിരുന്നത് കൊണ്ടാകണം ജനിപ്പിച്ച പുരുഷൻ തന്നെ അമ്മയെ ചവിട്ടി കൊന്ന് കുളത്തിലിട്ടപ്പോഴോ ഇരുപത് വയസാകും മുന്നേ ഒരു വീട്ടിൽ ഒറ്റപ്പെട്ട് പോയപ്പോഴോ അവൾ തെല്ലും ഭയന്നില്ല. പണത്തിന്റെയും ശുക്ളത്തിന്റെയും ഗന്ധം കൊണ്ടവൾ മാളിക പണിഞ്ഞു. അവളെ കാണുവാൻ മാത്രമായി കൊടി വെച്ചതും വെയ്ക്കാത്തതുമായ ആഡംബര വണ്ടികൾ ആ മാളികയിൽ വന്നു പോയി. ഒറ്റപ്പെടാൻ അവൾക്ക് നേരമില്ലാതായി.
പുറത്തു കേട്ട ശബ്ദം തൊടുത്ത ഞെട്ടലിൽ ഓർമ്മയുടെ തേരിൽ നിന്നും അവൾ താഴേക്ക് പതിച്ചു. അവൾക്ക് നൊന്തു. മാറിലെ കീറ തുണികൊണ്ടു വേദന തുടച്ചു മാറ്റി അവൾ പുറത്തേക്ക് വന്നു. മെലിഞ്ഞു നീണ്ട് കുറ്റിത്താടിയുമായി മുന്നിൽ പുഞ്ചിരിച്ച് നിൽക്കുന്ന സുമുഖനെ അവൾ വേഗം തിരിച്ചറിഞ്ഞു. രവി. അവളുടെ ചുണ്ടുകൾ വിറയാർന്നു. തിരിച്ചറിവിന്റെ ആഘാതം തീർത്ത ചുഴിയിൽ അവൾ നിലയില്ലാതെ കൈകാലുകളിട്ടടിക്കാൻ തുടങ്ങി. രവിയുടെ ശക്തമായ കരങ്ങൾ അവളെ താങ്ങി വലിച്ചു കയറ്റി.
“നീ ഇവിടെ വരരുതായിരുന്നു.” രേണുക വിതുമ്പി.
“ഞാൻ വരില്ലെന്ന് നീ വിശ്വസിച്ചിരുന്നോ?”
രവിയുടെ ആ ചോദ്യം അവളിൽ തുളച്ചു കയറി. ഒരുപക്ഷെ അവൾ ഇനിയവനെ കാണുകയില്ലെന്ന് വിശ്വസിച്ചിരുന്നു.
രവി അധ്യാപകനാണ്. ആറ് വർഷങ്ങൾക്ക് മുന്നെയാണ് ആദ്യമായി രവിയെ കാണുന്നത്. തളർന്നു മാറിക്കിടന്ന ഏതോ ഒരു യാമത്തിൽ അവൻ അവളോട് പ്രണയം യാചിച്ചു. ഉടലിനു മുകളിൽ ഒന്നും നൽകാനില്ലാത്ത ദരിദ്രയാണവളെന്ന് അവനു മനസ്സിലായിരുന്നില്ല. അവനിലെ പൗരുഷം പ്രണയമായി അവളിൽ പെയ്തിറങ്ങിയപ്പോൾ ആദ്യമായി അവൾക്ക് തണുത്തു. ശബ്ദമടഞ്ഞു. അവൾ മൗനിയായി. ഒരു പുരുഷന്റെ കരവലയത്തിനുള്ളിൽ സ്വയം തളച്ചിടാൻ അവൾക്ക് സമ്മതമല്ലായിരുന്നു. ദീർഘമായ നിശബ്ദത അവരെ അകറ്റി. അവൻ നീട്ടിയ ജീവിതം അപ്പുപ്പൻ താടി പോലെ പറന്ന് കാറ്റിലൂടെ ഒഴുകി വിഹായസ്സിലെവിടെയോ മറഞ്ഞു. അവൻ നൽകിയ ഓർമ്മ തുണ്ടുകൾ കണ്ണുനീരിന്റെ ധ്വംസനമേറ്റ് ചുവന്ന് മഞ്ചാടി മണികളായ് ഓർമ്മയുടെ ചെപ്പിൽ സുരക്ഷിതമായി.
“നീ ഇപ്പോൾ എല്ലാം മതിയാക്കിയെന്നു ഞാനറിഞ്ഞു. പക്ഷെ ഈ ഒരവസ്ഥയിൽ…”
“തീരെ പ്രതീക്ഷിച്ചില്ലല്ലേ.” അവന്റെ വാക്കുകൾ മുഴുമിപ്പിച്ച് പരിഹാസം നിറഞ്ഞ പുഞ്ചിരിയുമായി അവൾ മുഖം തിരിച്ചു. രവി കണ്ണുകൾ താഴ്ത്തി.
“കൂടെ കൂട്ടാൻ വന്നതാണോ?” അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.
“അല്ല.” അവൻ നിർവികാരമായി പറഞ്ഞു.
“നന്നായി. അല്ലെങ്കിൽ നിന്റെ സഹതാപത്തിന്റെ ചൂളയിൽ ഞാൻ എരിഞ്ഞില്ലാതായേനെ.” അവൾ അവനെ നോക്കി ദീർഘ നിശ്വാസമിട്ട് അകത്തേക്ക് പോകാനൊരുങ്ങി.
“ഞാൻ ചായ എടുക്കാം.” അവൾ ധൃതി കൂട്ടി.
“എനിക്ക് നിന്നെ ഒന്നൂടെ അറിയണം. നിന്നെക്കാൾ നല്ലൊരുവളെ എനിക്ക് പിന്നെ കിട്ടിയിട്ടില്ല.” രവിയത് പറയുമ്പോൾ അവന്റെ കണ്ണുകൾ താഴ്ന്നു തന്നെയിരുന്നു.
രേണുക കണ്ണുകളുയർത്തി അവനെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും ചുണ്ടിൽ പുഞ്ചിരി അണിയാൻ അവൾ വിഫല ശ്രമം നടത്തി. കുറെ നേരം രണ്ടുപേരും മൗനിയായി തുടർന്നു.
“നീ പോ രവി. ഇനി ഇവിടെ വരരുത്.” ഉള്ളിലെ വിതുമ്പലിനു മുകളിലായി ഗൗരവത്തിന്റെ മൂടുപടം ചൂടി രേണുക ശബ്‌ദിച്ചു.
രവി കണ്ണുകളുയർത്തി അവളെ നോക്കി. അവന്റെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഝടുതിയിൽ ചാടി എഴുന്നേറ്റ അവൻ തന്റെ ഇരുകൈകളും കൊണ്ട് അവളുടെ കൈയിലും കഴുത്തിലും പിടി മുറുക്കി അവളെ ഭിത്തിയോട് ചേർത്തു. അവന്റെ കണ്ണുകൾ ചുവന്നു. അവൻ ചുണ്ടുകൾ അവളുടെ ചെവിയോട് ചേർത്തു.
“ഒരിക്കൽ പോകാൻ പറഞ്ഞപ്പോൾ ഒഴിഞ്ഞു പോയവനാണ് ഞാൻ. ഇന്നെന്നെ പറഞ്ഞു വിടരുത്.” ശബ്ദം താഴ്ത്തി അവളുടെ കാതുകളോട് മാത്രം പറഞ്ഞ ആ വാക്കുകളിൽ ഭയാനകമായ വികാരങ്ങളുടെ ശേഷിപ്പ് ഒളിച്ചിരുന്നു.
രേണുകയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ കണ്ണുകൾ ഇറുക്കിയടച്ച് ചുണ്ടുകൾ അമർത്തി കടിച്ച് വേദന നുണഞ്ഞു. കിതപ്പിൽ ഹൃദയം വഴിതെറ്റി ഓടനാരംഭിച്ച നിമിഷത്തിൽ അടഞ്ഞ ശബ്ദത്തിൽ അവൾ മുരണ്ടു.
“എനിക്ക് വേദനിക്കുന്നു രവി.”
അവൻ കുറച്ചു നേരം കൂടി അങ്ങനെ തന്നെ നിന്നു. എന്നിട്ടു പതിയെ പിൻവാങ്ങി. ശിഥിലമായ ഉടലോടെ അവൾ തളർന്നു താഴെ ഇരുന്നു. അവൾ വിതുമ്പി കരഞ്ഞു. രവി അവളെ തന്നെ നോക്കി കുറെ നേരമിരുന്നു. സ്വന്തം ചെയ്തികളിൽ അമർഷം തോന്നിയത് കൊണ്ടാകണം അവൻ കൈ വിരലുകൾ വാതിലിന്റെ മടക്കിനിടയിൽ വെച്ച് ആഞ്ഞടച്ചത്. വലത്തേ കൈയിലെ മൂന്നു വിരലുകൾ ചതഞ്ഞു രക്തം ചീന്തി. രവി കണ്ണുകളടച്ച് ആ വേദന ആസ്വദിച്ചു. ശബ്ദം കേട്ട് തലയുയർത്തി നോക്കിയ രേണുക മുന്നിലെ കാഴ്ച കണ്ട് നടുങ്ങി. അവൾ അലറി കരഞ്ഞു കൊണ്ട് അവന്റെ കൈകൾ എടുത്ത് മാറോടു ചേർത്ത് ചുംബിക്കാൻ തുടങ്ങി. ശേഷം ആ കൈകൾ മാറിൽ താങ്ങി അലറി കരഞ്ഞു.
“എനിക്ക് നിന്നെ വേണം രേണുക. ഞാൻ അത്രയ്ക്ക് ആശിച്ചു പോയി.” രവി അവളെ ചുംബിച്ചു.
“എനിക്കതിനു പറ്റില്ല രവി.” അവൾ അവന്റെയടുത്തു നിന്നും തെന്നി മാറി.
“പക്ഷെ എന്ത് കൊണ്ട്?” രവിയുടെ ശബ്ദം ഉയർന്നു.
എല്ലാം രവിയോട് പറയണം. അവൻ അറിയണം. ദീർഘ നേരത്തെ നിശ്ശബ്ദതയ്ക്കൊടുവിൽ ഇരുൾ നീക്കി ഒരു കടങ്കഥ പുറത്തു വന്നു.
അഞ്ചു വർഷങ്ങൾക്ക് മുന്നേ, കൃത്യമായി പറഞ്ഞാൽ രവി തന്റെ ജീവിതത്തിൽ നിന്നും നടന്നു നീങ്ങിയിട്ട് ആഴ്ചകൾ മാത്രം പ്രായമായ ഒരു ദിവസം. മാസമുറയ്ക്ക് സമയമാകും മുന്നേ തന്നിൽ നിന്നും ഒലിച്ചിറങ്ങിയ ചുവപ്പു അന്നവളെ തെല്ല് അത്ഭുതപെടുത്തിയിരുന്നു. ഏഴ് ദിവസം കൊണ്ട് തീരേണ്ട ഒഴുക്ക് പത്തും പതിനഞ്ചും ദിവസം നീണ്ടപ്പോൾ അവൾ ചെറുതായി ഭയന്നു. ആശുപത്രിയിൽ പോയെങ്കിലും ചുവപ്പിന്റെ തുടക്കം എവിടാണെന്ന് അവർക്ക് മനസിലായില്ല. മാസമുറയല്ല. ക്യാൻസറോ മറ്റസുഖങ്ങളോ ഒന്നും കണ്ടെത്താനായില്ല. ഉള്ളിൽ നിന്നും പോകുന്ന രക്തം ഏതോ അക്ഷയ പാത്രത്തിൽ നിന്നും ചോർന്നുകൊണ്ടേയിരുന്നു. വിദഗ്ധർ പലരും നോക്കി അവലോകന യോഗം കൂടി ഒടുവിൽ പരാജയം സമ്മതിച്ചു. രേണുകയുടെ അവസ്ഥ അവളുടെ സാമ്പത്തിക സ്രോതസ്സുകളെ വല്ലാതെ ബാധിച്ചു. അറിയാവുന്ന പണി ചെയ്യാൻ പറ്റാതായി. മറ്റൊരു പണിയും അവൾക്ക് അറിയില്ല. മരുന്നിനും ചികിത്സയ്ക്കും മറ്റുമായി പണം ഒരുപാട് ചിലവായി. അവളിലേക്ക് പ്രയാണം ചെയ്തിരുന്ന വിരുന്നുകാർ അവളെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. ഒടുവിലവൾ തീരാ നോവും ചോരുന്ന ഉള്ളുമായി ഇവിടെ തളയ്ക്കപ്പെട്ടു.
പറഞ്ഞു കഴിയുമ്പോൾ അവളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു.
“നിനക്കിനി ഒരിക്കലും എന്നെ…” അവൾക്കു വാക്കുകൾ മുഴുമിപ്പിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
വിടർന്ന കണ്ണുകളുമായി ഏതോ യക്ഷിക്കഥ കേൾക്കുന്ന അമ്പരപ്പോടെ അവളെ നോക്കി നിൽക്കുകയായിരുന്നു രവി. അവന്റെ കണ്ണുകൾ വിടർന്നു. ചുണ്ടുകളിൽ മന്ദഹാസം പടർന്നു. അവൻ അവളുടെ കൈയിൽ ആഞ്ഞു പിടിച്ചു. അവൾ എതിർത്തില്ല. കാറിന്റെ മുൻ സീറ്റിലേക്ക് അവളെ വലിച്ചു കയറ്റുമ്പോൾ കലങ്ങിയ കണ്ണുകളുമായി നിസ്സഹായതയോടെ അവൾ അനുസരിച്ചു.
വണ്ടി ചെന്നു നിന്നത് ഒരു രണ്ടു നില വീട്ടിലായിരുന്നു. രവിയുടെ വീട്. അവൻ അവളുടെ കൈയിൽ മുറുകെ പിടിച്ച് അവളെയും കൊണ്ട് വീടിനു മുകളിലേക്കോടി. ഏറ്റവും മുകളിൽ, മട്ടുപ്പാവിൽ, അവൻ അവളെയും കൊണ്ട് ചെന്നു നിന്നു. അവിടെ കണ്ട കാഴ്ച്ച അവളെ സ്തംഭിപ്പിച്ചു. മട്ടുപ്പാവിലെ അയയിൽ നിറയെ ചുവന്ന കറ പറ്റിയ അടിവസ്ത്രങ്ങൾ. രേണുക രവിയെ നോക്കി. അവൾ ചിരിച്ചു. പൊട്ടിച്ചിരിച്ചു. അവരുടെ കാലുകൾക്കിടയിൽ അപ്പോഴും ചുവന്നൊരു നനവ് ബാക്കിയുണ്ടായിരുന്നു.