Skip to main content
Srishti-2022   >>  Article - Malayalam   >>  സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

പുതിയ വികസന സുസ്ഥിര സൂചിക പ്രകാരം ഒന്നാം സ്ഥാനത്ത് നിൽക്കുന്നതാണ് നമ്മുടെ ഈ കൊച്ചു കേരളം. വിദ്യാഭ്യാസപരമായും , രാഷ്ട്രീയ സാമൂഹികപരമായും നമ്മുടെ നാട് ഏറെ മുന്നിൽ തന്നെയാണ്. എങ്കിലും ഇപ്പോഴും നാം നമ്മുടെ ചില പഴയ ഫ്യുഡൽ സംസ്കാരത്തിന്റെ കാഴ്ചപ്പാടുകൾ പിന്തുടരുന്നവരാണ്. അതിന്റെ ഒരു ഉദാഹരണമാണ് നമ്മുടെ വിവാഹവും അതിന്റെ ഉപോല്പന്നമായ സ്ത്രീധനവും . 2020-2021 കാലങ്ങളിലെ ചില പത്രവാർത്തകൾ പഴയ ഇരുണ്ട കാലത്തിലെ "ക്രുരതകൾ " നാം ഇപ്പോഴും പിന്തുടരുന്നുയെന്നതിന്റെ തെളിവുകളാണ്. ഉത്രയുടെയും , വിസ്മയയുടെയും മരണങ്ങൾ ചില ഉദാഹരണങ്ങൾ മാത്രം. 2019 - 2021 കാലഘട്ടത്തിൽ സംസ്ഥാന പോലീസിന്റെ കണക്കുപ്രകാരം സ്ത്രീധനത്തിന്റെ പേരിൽ 200 ൽ പരം മരണങ്ങളും , 15, 000 ൽ അധികം പേർ പീഢനത്തിെന്റെ ഇരകളും ആയിട്ടുണ്ട് യെന്നാണ്. അപ്പോൾ പുറം ലോകമറിയാത്ത, ഇപ്പോഴുമെല്ലാം മനസ്സിലൊതുക്കി ജീവിക്കുന്നവരുടെ കണക്കുകൾ അതിലുമധികമായിരിക്കും. സാക്ഷരതയിൽ ഏറെ മുന്നിൽ നിൽക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്തിന് ഇത്തരം കണക്കുകൾ ഒട്ടും ഭൂഷണമല്ല. സ്ത്രീധനം നിയമം മൂലം നിരോധിക്കപ്പെട്ടിട്ടും, പരസ്യമായ രഹസ്യം പോലെ വിവാഹമെന്ന കമ്പോളത്തിൽ അത് അനസ്യൂതം തുടരുന്നു. പെൺമക്കളുണ്ടായാൽ അവർക്ക് കൊടുക്കേണ്ട വിദ്യാഭ്യാസം ഏതു രീതിയിൽ ആയിരിക്കണമെന്നതിനേക്കാൾ കൂടുതൽ ചിന്തിക്കുന്നതും , ധനം സമാഹരിക്കുന്നതും അവളുടെ വിവാഹത്തിന് വേണ്ട കാര്യങ്ങൾക്കായിരിക്കും. ഒരു കാലത്ത് വിവാഹ കമ്പോളത്തിൽ തുക പറഞ്ഞുറപ്പിക്കുന്ന പ്രദർശന വസ്തുക്കളായിരുന്നു സ്ത്രീകൾ. അത്തരം പരസ്യ ലേലവിളികൾ ഒഴിവായെങ്കിലും, സ്ത്രീധനമെന്ന വിപത്ത് നമ്മുടെ സമൂഹത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. ഇത്തരം വിപത്ത് ഒരു വ്യക്തി മാത്രം വിചാരിച്ചാൽ തുടച്ചുനീക്കാൻ പറ്റില്ല. നമ്മുടെ ഓരോരുത്തരുടെയും ചിന്താഗതികൾ മാറണം. അതിന് നമ്മുടെ പാഠ്യപദ്ധതിയിൽ തന്നെ സ്ത്രീധനമെന്ന വിപത്തിനെക്കുറിച്ചും, വിവാഹമെന്ന കൂടിച്ചേരലിൽ പരസ്പര ബഹുമാനം പുലർത്തേണ്ട പ്രാധാന്യവും ഉൾക്കൊള്ളികണം. അതു പോലെ  സ്ത്രീധനനിരോധന നിയമവും അതിന്റെ പരിരക്ഷയെക്കുറിച്ചും ജനങ്ങൾക്കിടയിൽ കൂടുതൽ ബോധവത്കരണങ്ങൾ നടക്കണം .
 
മലയാളിയുടെ വിവാഹ സംസ്കാരം
..........................................................
പണ്ടുകാലങ്ങളിൽ വിവാഹമെന്നത്  തറവാട്ടിലെ മുതിർന്ന കാരണവർ നിശ്ചയിക്കുകയും, ആണും പെണ്ണു അത് അക്ഷരംപ്രതി അനുസരിക്കുകയും ചെയ്യുകയെന്നതാണ്. വിവാഹത്തിന് ശേഷം സ്വന്തം ഇഷ്ടങ്ങളൊക്കെ മനസ്സിലൊതുക്കി " ഉത്തമ കുടുംബിനി "യായി അടുക്കളയുടെ ചുമരുകൾക്കുള്ളിൽ എരിഞ്ഞ് തീരുകയെന്നതുമാണ് വിവാഹം കൊണ്ട് സ്ത്രീക് കിട്ടുന്ന പ്രതിഫലവും. പക്ഷെ ഇന്ന് നാം അതിൽ നിന്നുമേറെ മുന്നോട്ട് വന്നിരിക്കുകയാണ്. പരസ്പരം കാണുകയും, അഭിപ്രായങ്ങളും ഇഷ്ടങ്ങളും പങ്കുവെയ്ക്കുവാനും ഇന്ന് സാധിക്കുന്നണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടങ്കിൽ പരസ്പര സമ്മതത്തോടെ വേർപിരിയാനും മറ്റൊരു പങ്കാളിയെ കണ്ടെത്തുവാനും ഇന്നത്തെ മലയാളിക്ക് മടിയില്ല. എങ്കിലും വിവാഹ മോചിതയായ സ്ത്രീയെ നോക്കി കാണുന്നതിൽ ഇപ്പോഴും നമ്മുടെ ചിന്താഗതി പഴഞ്ചനാണെന്നതിൽ തർക്കമില്ല. വിവാഹമോചനമെന്നത് മഹാ പാപമായി കരുതിയ കാലഘട്ടത്തിലെ മനസ്സിൽ നിന്നുമേറെ മുന്നോട്ട് പോയ നമ്മുക്ക് , അതിലും വിശാല പരമായ മുന്നേറ്റമുണ്ടാകുമെന്ന് പ്രത്യാശിക്കാം. അതു പോലെ പ്രണയവിവാഹം, ലീവിങ് ടുഗതർ, വ്യത്യസ്ത മതങ്ങളിൽ ഉള്ളവർ തമ്മിലുള്ള വിവാഹം, തുടങ്ങിയ കാര്യങ്ങളിലുള്ള നമ്മുടെ ചിന്താഗതിയിനിയുമേറെ മുന്നോട്ട് പോകേണ്ടതുണ്ട്. വളർന്നു വരുന്ന പുതിയ തലമുറക്ക് അത്തരം കാര്യങ്ങളിൽ വിശാലപരമായി ചിന്തിക്കാനുള്ള കഴിവ് ഉണ്ടാകട്ടെയെന്ന് പ്രത്യാശിക്കാം .
 

Subscribe to Svizzera Solutions pvt ltd