അഞ്ചു മണിയോടെ ലാബിലെ ഡ്യൂട്ടി കഴിയും. ആന്റിജൻ ടെസ്റ്റിനായി വന്ന അവസാനത്തെ ആളാണ് മുന്നിൽ.നയന തിരക്കിട്ടു മൂക്കിലേക്ക് ട്യൂബ് കയറ്റിയപ്പോ അയാളൊന്നാഞ്ഞു നോക്കി. ഭയപ്പാടോടെ അവളൊന്നു ചിരിച്ചു.
“ചേട്ടാ, കഴിഞ്ഞു. റിസൾട്ട് വാട്സാപ്പ് ചെയ്യാം .”
ഇത്രയേ പറഞ്ഞുള്ളു.ബാഗും മൊബൈലും സാനിറ്റീസിറും എടുത്തു അവളോടി. ഡിറക്ടറെ കാണാനാണ്. നയനയുടെ പഴയൊരു ക്ലാസ്സ്‌മേറ്റ് ആണയാൾ. തമാശയാണ് കക്ഷിയുടെ ഇഷ്ട വിഷയം. കല്ല്യാണ വീഡിയോ ഒക്കെ എടുത്തു പരിചയമുള്ള ഒരു ക്യാമറാമാനും കൂടെയുണ്ട് .ഈ കൂട്ടായ്മയുടെ ആദ്യ ഹ്രസ്വചിത്രം കാണാനുള്ള തിരക്കാണവൾക്ക് . ഓട്ടോയിൽ നിന്നിറങ്ങി കാശും കൊടുത്തു അവൾ എഡിറ്റിംഗ് റൂമിലേക്ക് ഓടി.
മുറിയിൽ എല്ലാവരും ചിരിയിലാണ്.
“എന്തെ ചിരിക്കാൻ ?” നയന അക്ഷമയോടെ ചോദിച്ചു.
"നീയിതു കാണ് .എല്ലാരും നന്നായിട്ടുണ്ടെന്നാ പറേന്നേ ." ഡയറക്ടർ ചിരി നിർത്തിയിട്ടില്ല .
അവളൊരു കസേര നീക്കി അവിടിരുന്നു. എഡിറ്റർ ഒന്ന് കൂടി സ്റ്റാർട്ട് കൊടുത്തു ഫുൾ സ്ക്രീൻ ആക്കി . തിരശീല തെളിഞ്ഞു
“Based on True events.”
നയന ഡിറക്ടറെ തറപ്പിച്ചൊന്നു നോക്കി.അയാളുടെ കണ്ണ് മോണിറ്ററിൽ തന്നെയാണ്.
“തിരക്കഥ : നയന”
അവളും ഒന്ന് പ്രസന്നയായി. സിനിമ ഏതായാലും തുടങ്ങിക്കഴിഞ്ഞു.
കണ്ണൂർ ജില്ലയിലെ ഓടിട്ട, അത്യാവശ്യം പഴക്കം ചെന്ന ഒരു വീടാണ് പശ്ചാത്തലം. വീടാകെ, പണ്ടൊക്കെ കല്യാണത്തിന് കാണാറുള്ളതു പോലെ ചുവപ്പും നീലയും കലർന്ന തുണി കൊണ്ട് പന്തലിട്ടിരിക്കുകയാണ്.
കല്യാണമാണ് .മുറ്റത്തെ കസേരയിൽ മൂന്ന് അമ്മാവന്മാർ പഴവും മിച്ചറും കഴിച്ചു കൊണ്ടിരിക്കുന്നു.
ഒരു ആൾട്ടോ കാർ ആ വീടിനു ദൂരെയായി വന്നു നിർത്തുകയാണ്.വണ്ടി നന്നായി അലങ്കരിച്ചിട്ടുണ്ട്.വരനും വധുവും കാറിൽ നിന്നും ഇറങ്ങുന്നു. തൊട്ടടുത്ത വീട്ടിലെ പെണ്ണുങ്ങളൊക്കെ വന്നു നോക്കുന്നുണ്ട്.
പയ്യന് നീണ്ട മുടിയാണ്. മീശ സ്വൽപ്പം ഇറക്കി വച്ചിരിക്കുന്നു.ചിരിച്ചു കൊണ്ട് കയ്യാട്ടിയാണ് വരവ്.കയ്യിലുള്ള മാലയും ബൊക്കെയും ഒപ്പമാടുന്നുണ്ട്.വധു അയാളുടെ തൊട്ടു പുറകിലായുണ്ട്.വീടിന്റെ പടി കയറിയതെ ഉള്ളൂ.ഒരു കമൻറ് വന്നു.
" ഡാ.. ചിരിയാ .. നിനക്കും അങ്ങനെ പെണ്ണായി അല്ലെ"?
പയ്യന്റെ മുഖം പെട്ടെന്ന് മാറി.
"അതേടാ. വെറും പെണ്ണല്ല. ഡോക്ടറാ…. ഡോക്ടർ ."
പുറകിൽ നിന്ന വധു ഞെട്ടലോടെ അയാളെ നോക്കി.വലിയ ഗൗരവത്തിൽ നിന്നും അയാളുടെ മുഖം പിന്നെയും ചിരിയിലായി.അപ്പോഴാണ് കയ്യിലെ മിച്ചറിൻറെ പൊടിയും തട്ടിമാറ്റി അവന്റെ അച്ഛൻ അങ്ങോട്ടേക്ക് ഓടി വന്നത്.അഭിമാനം കലർന്ന മുഖത്തോടെ അയാൾ അവനെ കെട്ടിപ്പിടിച്ചു.പിന്നെ മെല്ലെ ശ്രദ്ധ പുറകിലെ വധുവിലെക്കായി.പെട്ടെന്ന് മകനെ വിട്ട് അവളെ കെട്ടിപിടിക്കാനായി അയാളടുത്തു.
അവളാകെ പേടിച്ചു. ചിരിയൻ മുൻകൈയെടുത്താണ് അത് തടഞ്ഞത്.കൂടെ തൊട്ടടുത്തുള്ള ഒരു വയസ്സനെ നോക്കി അവന്റെ സ്വതസിദ്ധമായ കണ്ണടച്ചൊരു ചിരിയും.
"ഇയാക്ക് പിന്നേം കൂടീന്നാ തോന്നുന്നേ." ആരൊക്കെയോ മുറു മുറുക്കുന്നുണ്ടായിരുന്നു.ഞെട്ടി നിന്ന അവളുടെ കയ്യിലേക്ക് വയസ്സായ ഒരു സ്ത്രീ വന്ന് വിളക്കെടുത്തു കൊടുത്തു.
"ഞാനമ്മായിയാ.." അവര് പറഞ്ഞു.
അവൾ വിളക്കെടുത്തു അകത്തേക്ക് കയറി.വീട്ടിൽ നിന്നും കൊണ്ടാക്കാനായി പത്തു പേരെ വന്നിട്ടുള്ളൂ.ആകെ ഒരു മുറിയെ ആ വീട്ടിലുള്ളു.പിന്നൊരു ഹാളും. അടുക്കളയും. അവൾ നേരെ റൂമിലേക്ക് ചെന്നിരുന്നു.അങ്ങ് നിന്നും വന്നൊരു സുഹൃത്ത് അവിടേക്ക് വന്ന് അവളുടെ കൈ പിടിച്ചു.
"അമ്മായി അമ്മേടെ പ്രശ്നം ഇല്ല .ഭാഗ്യാ .." രണ്ടാളും ചിരിച്ചു.
"സുമതിയേച്ചിയെ അയാൾ കൊന്നതല്ലേ." ഏതോ ഒരു സ്ത്രീ ജനലിന്റെ അടുക്കൽ നിന്നും പറയുന്നത് കേട്ട് രണ്ടാളും ഞെട്ടി. തിരിഞ്ഞു നോക്കുമ്പോഴേക്കും അവരവിടെ നിന്നും പോയിരുന്നു.
"നീ ഭക്ഷണം കഴിക്ക് ." നിസ്സംഗതയോടെ സുഹൃത്തിനെയും കൂട്ടി അവൾ പുറത്തേക്ക് വന്നു.
വീടിന്റെ ഇറയത്ത് ഒരു വശത്തായി അച്ഛനും അച്ഛന്റെ സുഹൃത്തുക്കളും. മറു വശത്തു ഭക്ഷണം വിളമ്പാനായി എടുത്തു വയ്ക്കുന്ന ചിരിയനും അവന്റെ കൂട്ടുകാരും.ചിരിയൻ അവന്റെ ഇരട്ട പേരാണ് .പൊങ്ങച്ചം അച്ഛന്റെയും മകന്റെയും പാരമ്പര്യ സ്വത്താണ്.രണ്ടാളും രണ്ടു ഭാഗത്തു നിന്നായി വെടി പൊട്ടിക്കുകയാണ് .
"മോൻ മാനേജറാണല്ലോ. ഓനൊന്നിനും നേരൊല്ല.മൂവായിരം പേരുടെ പരിപാടിയായിരുന്നു എന്റെ മനസ്സിൽ.അവനാ പറഞ്ഞെ ഇത്ര ആള് മതീന്ന്."
"അല്ല അതിനവൻ സൂപ്പർ മാർക്കറ്റിലെ ജോലിക്കാരനല്ലേ ." കൂട്ടത്തിലൊരു വയസ്സൻ ചോദിച്ചു.
"ഏ .. അവൻ മാനേജറാ . പെണ്ണാണെ പണ്ടം കുറച്ചു കുറവാണെങ്കിലും (അടക്കത്തിൽ ) സുന്ദരിയാ."
കണ്ണടച്ച് കൊണ്ട് അച്ഛൻ അവരോടു പറയുന്നത് അവളും കേട്ടു.
തോട്ടിപ്പുറത്തു ചിരിയനും കൂട്ടരും അപ്പോഴേക്കും വൻ ഇടി തുടങ്ങിയിരുന്നു.കുറച്ചു പേർ പിടിച്ചു വക്കാൻ ശ്രമിക്കുന്നുണ്ട്.അവളും പേടിയോടെ അങ്ങോട്ടേക്കോടി.നാട്ടിലെ മുഖ്യൻ പ്രശ്നത്തിന്റെ തീർപ്പിനായി അവസാനം മുന്നോട്ടു വന്നു.
"എനിക്കും ഓക്കും ആദ്യം ചോറ് വേണം. ഓള് ഡോക്ടറാ .. ഞാനും ഓളും കഴിച്ചിട്ട് മതി വേറെ ആള് കഴിക്കാൻ ."
"ഞാൻ നേഴ്സ് ആണ് ." കരഞ്ഞു കൊണ്ട് അവൾ ഉച്ചത്തിൽ പറഞ്ഞു.
"നീ വാ . നമ്മളാദ്യം തിന്നും ." എന്നും പറഞ്ഞു ഒരു കസേര നീക്കി ചിരിയൻ അവളെ പിടിച്ചിരുത്തി. അയാളും ഇരുന്നു .
ഭക്ഷണം വിളമ്പാൻ തുടങ്ങി. ബിരിയാണിയാണ് .അടിയുണ്ടാക്കിയവർ തന്നെയാണ് വിളമ്പുന്നെ.
ചിരിയൻ പിന്നെയും ചിരി തുടങ്ങി. രണ്ടു പ്ലേറ്റോളം ബിരിയാണി അയാളുടെ ഇലയിലുണ്ട്.ആർത്തിയോടെയുള്ള കഴിപ്പാണ് .വറ്റുകൾ ചുറ്റും തെറിക്കുന്നുണ്ട് .കോഴിയുടെ കാല് കടിച്ചു പൊട്ടിക്കുന്ന ശബ്ദം കേൾക്കാം.കുറച്ചു എല്ലും ചോറും അവളുടെ പ്ലേറ്റിലേക്കിട്ട് അയാൾ അവളെ നോക്കി ചിരിച്ചു.
"ഭർത്താവ് കഴിച്ചെന്റെ ബാക്കി കഴിച്ചോ ."അവളുടെ ചെവിയോട് ചേർന്നത് പറയുമ്പോഴാണ് അവളുടെ പ്ലേറ്റിലെ അച്ചാർ അവൻ ശ്രദ്ധിച്ചത്. തന്റെ ഇലയിൽ അതില്ല !!!
കണ്ണോടിച്ചപ്പോ രമേശനാണ് അച്ചാർ വിളമ്പുന്നെ. നേരത്തെ അടിയുണ്ടായതും അവനോട് തന്നെ.ചെറിയൊരു റാഗിങ്ങ് രമേശനും കൂട്ടുകാരും പദ്ധതി ചെയ്തതാണ്.ഏറ്റവും അവസാനം പ്രത്യേക കറികൾ കൊണ്ട് വരനും വധുവിനും പ്രത്യേക ഭക്ഷണം. ചിരിയൻ അത് പൊളിച്ചു. അവന്റെ തുറിച്ചു നോട്ടം കണ്ടപ്പോ രമേശനും പ്രതികാരം കലർന്ന ഒരു ചിരി ചിരിച്ചു.
പോരെ പൂരം. ചിരിയന്റെ കവിളുകൾ ചുവന്നു. കണ്ണുകൾ ജ്വലിച്ചു. കസേരയിൽ നിന്നും എണിറ്റു പതുക്കെ രമേശന്റെ അടുത്തേക്ക് അവൻ നടന്നു.
ഒന്ന് . രണ്ട് . മൂന്ന് . എത്രയെണ്ണം കൊടുത്തെന്നോ കിട്ടിയെന്നോ ആർക്കും അറിയില്ല.
ചേരി തിരിഞ്ഞു എല്ലാരും തമ്മിലടിച്ചു.അവളുടെ വീട്ടിൽ നിന്നും വന്നവരെല്ലാം ജീവനും കൊണ്ടോടി.അവളുടെ മേലാകെ അടിക്കിടയിൽ തെറിച്ച സലാഡും അച്ചാറും വീണു നാശമായിരുന്നു. അടി ഏതാണ്ടൊതുങ്ങി.
സാരി കഴുകാനായി അവൾ കുളി മുറിയിലേക്കു പോയി. കരയുന്നുണ്ട്. വീട്ടിൽ നിന്നും മാറിയാണ് കുളിമുറി. പുറകു വശത്തായി രണ്ടു പയ്യന്മാർ ഫോണിൽ കുത്തിയിരിപ്പുണ്ട്. അടുത്ത വീട്ടിലേതാണ് .അവൾ കുളിമുറിയിൽ കയറിയതും രണ്ടാളും നാണത്തോടെ പരസ്പരം നോക്കി.പിന്നെ മെല്ലെ വലിഞ്ഞു ജനാലക്കരികിൽ എത്താനുള്ള ശ്രമമാണ് .ഒളിഞ്ഞു നോട്ടം തന്നെ. ഇടയ്ക്കു രണ്ടാളും വീഴുന്നുമുണ്ട്.
സാരി കഴുകുന്നതിനിടെ എന്തോ ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്. മുകൾ ഭാഗത്തായുള്ള ജനാലയിൽ രണ്ടു കണ്ണുകൾ. സർവ ശക്തിയുമെടുത്തു അവൾ ഒച്ച വച്ചു. പിള്ളേരും പേടിച്ചു.ഒച്ച കേട്ട് എല്ലാരും അങ്ങോട്ട് ഓടിയെത്തി. അവശനാണെങ്കിലും ചിരിയനും വന്നു .പ്രതികളവിടെ തന്നെയുണ്ട് .ചിരിയന്റെ അച്ഛനെന്തായാലും പ്രശ്നം വിടാൻ ഒരുക്കമല്ല.
പ്രതികളിലൊരുത്തന്റെ അമ്മയും അങ്ങോട്ടു വന്നതോടെ രംഗം കൊഴുത്തു.
"അല്ല. ചിരിയാ ..നീയും നിന്റച്ഛനും മാന്യന്മാരാണല്ലോ . ഈ നാട്ടിലെ ഏതേലും പെൺകുട്ടിക്ക് സമാധാനത്തോടെ ഷഡി അയയിൽ ആറിയിടാൻ പറ്റോ. എല്ലാം നീയും നിന്റച്ഛനും ഇങ്ങു കൊണ്ട് വരുവല്ലോ . ഇതിപ്പോ എന്റെ മോനൊന്നിതിലൂടെ പോയതിനാ. ഇവളാണേ ഒരു ശീലാബതി ." ആ സ്ത്രീ അവളെ തുറിച്ചു നോക്കികൊണ്ട് പറഞ്ഞു.
അവളാകെ പേടിച്ചിരിക്കുകയാണ്.
"നീയെല്ലാം കാണിച്ചു കൊടുത്തിട്ടല്ലേ." എന്നും പറഞ്ഞു ചിരിയൻ അവളുടെ ചെകിട്ടത്തു ഒന്ന് കൊടുത്തു. അവളുടെ കണ്ണിൽ നിന്നും പൊന്നീച്ച പാറി.
"എന്റെ ഭാര്യേടെ സീൻ കണ്ട ഒരുത്തനേം വിടില്ലടാ ." എന്നും പറഞ്ഞു അവൻ തിരിച്ചു നടന്നു .രംഗം സമാധാനമായി.പെട്ടെന്നാണ്, അവന്റെ അച്ഛൻ അപ്രതീക്ഷിതമായി ആ സ്ത്രീയെ ആക്രമിച്ചത് .
പിന്നെയും കൂട്ടയിടി. എല്ലാരും ചെളിയിലും മണ്ണിലും കിടന്നുരുളുന്നു.ചിരിയന്റെ മുണ്ടടക്കം എല്ലാം നഷ്ടപ്പെട്ടിരുന്നു.പേടിയോടെ ആ പെൺകുട്ടി ആ വീട്ടിൽ നിന്നും ഇറങ്ങി ഓടുകയാണ്.ക്യാമറയും ഒപ്പമോടുന്നുണ്ട് .സ്‌ക്രീനിൽ ടൈറ്റിൽ തെളിയുന്നു.
"ഒരു ചിരിക്കഥ."
നയന നോക്കുമ്പോ ഡയറക്ടർ അഭിമാനത്തോടെ സ്‌ക്രീനിൽ നോക്കിയിരിപ്പാണ്.
"കൊഴപ്പമില്ല." എഡിറ്റർ അലസമായി പറഞ്ഞപ്പോ ഡിറെക്ടരുടെ മുഖം ഒന്ന് വാടി .
"എങ്ങനെയുണ്ട് ?" അയാൾ നയനയോടു ചോദിച്ചു.
"ഞാൻ തന്ന കഥ ഒരു സീരിയസ് സബ്ജെക്ട് ആയിരുന്നില്ലേ?" അവൾ തൃപ്തയല്ലയിരുന്നു
"യൂട്യൂബിന്ന് വ്യൂ കിട്ടണേ തമാശ വേണം."അയാൾ പറഞ്ഞു.
"അവളുടെ മാനസികാവസ്ഥ നിങ്ങക്കറിയോ?"
"ആരെയും വേദനിപ്പിക്കാതെ നൂറു ശതമാനം നിർദോഷമായൊരു ചിരി ലോകത്തുണ്ടായിട്ടില്ല മോളെ."
എന്നും പറഞ്ഞു അയാൾ അവിടെ നിന്നും എണിറ്റു,
എഡിറ്റിംഗ് റൂമിൽ നിന്നും താഴേക്കിറങ്ങി ഓട്ടോക്കായി നില്കുമ്പോ ബാഗിലെ ഡിവോഴ്സ് പേപ്പറെടുത്തു അവളൊന്നു മറിച്ചു നോക്കി. പിന്നെ ഓട്ടോക്ക് കാത്തു നില്കാതെ ദൂരേക്ക് അവൾ നടന്നു.