Skip to main content
Srishti-2022   >>  Short Story - Malayalam   >>  പെയ്തൊഴിയാതെ

Anandh R

Dinoct Solutions

പെയ്തൊഴിയാതെ

എങ്ങും മഴ തിമിർത്തു പെയ്യുകയാണ്. പാടവും പറമ്പുമെല്ലാം നിറഞ്ഞു കവിഞ്ഞു. അമ്പലത്തിലെ തിടപ്പള്ളിയിൽ ചാരിയിരിക്കുമ്പോൾ ഞാൻ ഓർത്തു , എന്റെ മനസ്സിന്റെ വിങ്ങൽ തന്നെയാണല്ലോ ഈ മഴയായി ആർത്തലക്കുന്നത്. അങ്ങനെയിരിക്കെയാണ് വാരസ്യാരുടെ വരവും പുറകെ ഒരു ചോദ്യവും, എന്താ , ദിവാസ്വപ്നം കാണുകയാണോ ? ഉച്ചപൂജ ആയിരിക്കണു. പെരുമഴയായതുകൊണ്ട് ആരുമില്ല തൊഴാൻ. ഞാൻ പതിയെ എഴുന്നേറ്റു നടന്നു. ഭഗവാനെ ഉറക്കാൻ സമയമായി. മഴ അല്പം ശമിച്ചിരിക്കുന്നു. ഇടയ്ക്ക എടുക്കാൻ തുടങ്ങിയപ്പോഴാണ് ആ കൊലുസ്സിന്റെ ശബ്ദം കേട്ടത്. പതിവുപോലെ അവൾ തന്നെയായിരുന്നു. ഇതുപോലെ ഒരു മഴയത്താണ് ആദ്യമായി കണ്ടത്. എങ്ങനെയോ അടുത്തു. പക്ഷേ ഇന്നത്തോടെ എല്ലാം അവസാനിക്കുകയാണ്. അവൾ നേരെ എന്റടുത്തു വന്നു പറഞ്ഞു, ഞാൻ നാളെ പോവും. ഇനി ഒരിക്കലും........മുഴുമിപ്പിക്കാൻ അവൾക്കായില്ല. കേൾക്കാൻ എനിക്കും ആവുമായിരുന്നില്ല. ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും വെറുതെ മോഹിച്ചു. മനസ്സ് ചിലപ്പോഴൊക്കെ അങ്ങനെയാണ്. കുറേ ഉയരങ്ങളിലേക്ക് നമ്മളെ കൊണ്ടുപോകും. അവസാനം പടുകുഴിയിലേക്ക് എടുത്തെറിയും. ഭഗവാനെ തൊഴുതു ചുറ്റമ്പലത്തിനു വലം വെക്കുമ്പോൾ മഴവെള്ളത്തിൽ പതിഞ്ഞു അവളുടെ കാല്പാടുകൾ മാഞ്ഞു തുടങ്ങിയിരുന്നു. നടയ്ക്കൽ എത്തി തൊഴുത്തിട്ടു പറഞ്ഞു, എന്നാൽ ഞാൻ പോട്ടെ , അടുത്ത മഴ വരുന്നു. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് എനിക്ക് കാണാമായിരുന്നു. കൊലുസ്സിന്റെ ശബ്ദം പതിയെ അകന്നു തുടങ്ങിയിരുന്നു. ഒപ്പം അവളും. ഉടനെ വലിയ ഒരു ശബ്ദത്തോടെ നടയടഞ്ഞു. ഭഗവാനേ, എന്റെ ആഗ്രഹങ്ങൾക്കുമേൽ നീ വാതിൽ കൊട്ടിയടച്ചുവല്ലോ, എങ്കിലും നിന്നെ ഉറക്കാൻ പാടാതെ വയ്യ. ദൂരേന്നു ഒരു മഴ ഇരച്ചുവരുന്നുണ്ടായിരുന്നു. എന്റെ മനസ്സിലും. ഞാൻ ഇടയ്ക്കയിൽ പാടിത്തുടങ്ങി.

 

നീലകണ്ഠാ മനോഹരേ ജയാ.....

നീലകഞ്ചാ വിലോചനേ ജയാ .....

നീലകുന്തളഗാലസങ്കട

ബാലചന്ദ്ര വിഭൂഷണേ ജയാ........ 

Subscribe to Dinoct Solutions