Skip to main content
Srishti-2022   >>  Short Story - Malayalam   >>  നേർകാഴ്ച്ച

Priyanka K M

Rimit Payments Pvt Ltd

നേർകാഴ്ച്ച

 മഴ പെയ്തുകൊണ്ടേയിരുന്നു, കാറ്റിനും ഒരു കുറവും ഉണ്ടായിരുന്നില്ല. അനു തൻറെ സ്കൂട്ടി മരത്തിനടിയിൽ നിർത്തി തൻറെ റെയിൻകോട്ട് എടുത്തിട്ടു. പുഴയിൽ വെള്ളം നിറഞ്ഞു നിൽക്കുന്നത് കാണാനുള്ള ആവേശം അവളെ അപ്പോൾ തന്നെ വണ്ടി എടുക്കാൻ പ്രേരിപ്പിച്ചു. വഴിയിലെവിടെയോ ഉയരത്തിൽ ഉണ്ടായിരുന്ന ഒരു ഫ്ളക്സ് ഇളകി അവളുടെ സ്കൂട്ടിയിൽ പതിച്ചു.

ആശുപത്രിയിൽ കിടക്കയിൽ അവൾ പതിയെ ചാരിയിരുന്നു. പുറത്തേക്ക് നോക്കിയപ്പോൾ പുറത്തേക്കും അകത്തേക്കും ആയി വരുന്ന ആംബുലൻസുകൾ, കണ്ണീരണിഞ്ഞ വേദനയണിഞ്ഞ പല മുഖങ്ങൾ..... പതിവില്ലാത്ത പല ചിന്തകളിലേക്കും അവൾ കടന്നു. മനുഷ്യൻറെ അശ്രദ്ധകളും ആവശ്യങ്ങളും വരുത്തിവെക്കുന്ന ദുരന്തങ്ങൾ അവളുടെ മനസ്സിനെ വരിഞ്ഞുമുറുക്കി. തനിക്ക് ഉണ്ടായ അപകടം തൻറെ പിഴവ് അല്ല എന്ന് അവൾ പിറുപിറുത്തു.

ആശുപത്രിയിൽ  അപ്പോഴേക്കും കുറച്ചു ബന്ധുക്കൾ എത്തിയിരുന്നു ചിലർ അഭിപ്രായ പ്രകടനങ്ങളും നടത്തി. നിനക്ക് അപ്പൊ യാത്ര ചെയ്യേണ്ട കാര്യം എന്തായിരുന്നു? ഇത്ര മഴയും കാറ്റും ഉള്ളപ്പോൾ യാത്ര ഒഴിവാക്കിക്കൂടെ? 18 വയസ്സ് ഒന്നും വണ്ടി ഓടിക്കുവാൻ ഉള്ള പ്രായമല്ല തുടങ്ങി നിരവധി ചോദ്യങ്ങളും അഭിപ്രായപ്രകടനങ്ങളും. അപകടം പറ്റി എന്ന് കേട്ടപ്പോൾ ഓടി വന്ന ബന്ധുക്കൾ ഫ്ലക്സ് വില്ലൻ ആയതിനെ അതിനെ പറ്റി മിണ്ടിയതുമില്ല. പക്ഷേ വേറൊരു ബന്ധു അവളെ ഉപദേശിച്ചു, ‘റോഡിലൂടെ വണ്ടി ഓടിച്ചു പോകുമ്പോൾ പല കെണികളും ഉണ്ടാകും അവനവൻ ശ്രദ്ധിക്കണം’.

അനു അന്തംവിട്ടു . 'ഞാനിതെങ്ങനെ ശ്രദ്ധിക്കാനാണ്', അവൾ തിരിച്ചു ചോദിച്ചു. ആ ചോദ്യം ആ ബന്ധുവിന് പിടിച്ചില്ല എന്ന് തോന്നുന്നു, അവർ വിഷയം മാറ്റി, പോകാൻ നേരത്ത് ഒരു കുത്തലും, ‘തന്നിഷ്ടം കൂടുതലുള്ള കുട്ടികളായാൽ ഒന്നും ചെയ്യാൻ പറ്റില്ല’.

അനു കിടക്കയിൽ നിവർന്നു കിടന്നു അന്ന് രാവിലെ അവൾ വൈകിയാണ് എഴുന്നേറ്റത് നല്ല മഴ പെയ്യുന്നത് കണ്ടപ്പോൾ വീട്ടിൽ മടിച്ചിരുന്നതാണ് ആണ്. ഇടയ്ക്കെപ്പോഴോ മഴ തോർന്നു അപ്പോഴാണ് പുഴയിൽ വെള്ളം കൂടിയ കാര്യം സുഹൃത്ത് വിളിച്ചു പറയുന്നത് ഉടനെ സ്കൂട്ടി എടുത്തു ഇറങ്ങി. ഇതാദ്യമല്ല ഇങ്ങനെ പോകുന്നത് ഏകദേശം പുഴയുടെ അടുത്ത് വീടുള്ള സുഹൃത്തിൻറെ കൂടെ പുഴയിൽ പോകുന്നത് തന്നിഷ്ടം കാണിക്കൽ ആണെങ്കിൽ ആയിക്കോട്ടെ എന്ന് അവൾ പതിയെ പറഞ്ഞു.

അച്ഛൻ ആശുപത്രിയിലേക്ക് അപ്പോൾ കടന്നുവന്നു. അമ്മ അച്ഛനോട് പറഞ്ഞു ' രാവിലെ ഒറ്റയ്ക്ക് വണ്ടി എടുത്തു പുഴ കാണാൻ പോയതാ എത്ര തവണ പോണ്ട എന്ന് പറഞ്ഞു കേൾക്കാനുള്ള ഭാവമില്ല അനുവിന് അവിടെ പോയി സെൽഫി എടുക്കാൻ ആവും സെൽഫി എടുക്കുമ്പോൾ ഉണ്ടായ എത്ര അപകടങ്ങളാണ് കേൾക്കുന്നേ പുഴയിൽ വെള്ളം കൂടിയ സമയമല്ലേ പുഴയിൽ നല്ല ഒഴുക്കും ഉണ്ട്' അമ്മ തുടർന്നുകൊണ്ടേയിരുന്നു.

            അച്ഛൻ അവളുടെ അടുത്തിരുന്നു അവളുടെ മുടിയിൽ തലോടി. അവൾ ചോദിച്ചു, ‘അച്ഛനും ഇതൊക്കെ തന്നെയാണോ പറയാനുള്ളത്?’. 'ഇപ്പൊ എങ്ങനെയുണ്ട്', അച്ഛൻ ചോദിച്ചു.

ഇത്ര നേരമായി അച്ഛൻ മാത്രമേ ഇത് എന്നോട് ചോദിച്ചുള്ളൂ അവൾ മറുപടി പറഞ്ഞു. അച്ഛൻ ചിരിച്ചു. അമ്മ വിട്ടുകൊടുത്തില്ല 'നിൻറെ അച്ഛൻ ഇപ്പൊ വന്നേയുള്ളൂ അപ്പോ ഇതൊക്കെ ചോദിക്കും'.

അച്ഛൻ തുടർന്നു, ഡോക്ടറെ കണ്ടിരുന്നു ഇന്ന് തന്നെ ഡിസ്ചാർജ് ആകും. ആശുപത്രിയിൽ വൈകുന്നേരം വരെ തള്ളിനീക്കാൻ അവൾ പാടുപെട്ടു തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ അവൾ വഴിയിൽ ഫ്ലക്സുകൾ  എണ്ണി ‘8’.

രണ്ടു നാളുകൾക്കുശേഷം അനുവിന് സീനിയർ ചേട്ടൻറെ ഫോൺ കോൾ വന്നു ,'അനു അല്ലേ കോളേജ് ടെക് ഫെസ്റ്റ് സമയത്ത് തൻറെ ഡിസൈനിലുള്ള കഴിവ്ഞങ്ങൾ കണ്ടതാണ് ആണ്. എൻറെ ചേട്ടന് ഒരു കമ്പനി ഫ്ലക്സ് ഡിസൈൻ ചെയ്യാൻ കൊടുത്തിട്ടുണ്ട്   ചേട്ടന് തിരക്കായത് കൊണ്ട് അത് ചെയ്യാൻ പറ്റില്ല തന്നെ അത്  ഏൽപ്പിക്കട്ടെ’.

'ഓക്കേ' എന്നായിരുന്നു അനുവിൻറെ മറുപടി. അത് ഡിസൈൻ ചെയ്തു കൊടുത്താൽ കിട്ടുന്ന കുറച്ചു പൈസ ആയിരുന്നു അവളുടെ മനസ്സ് നിറയെ.

Subscribe to Rimit Payments Pvt Ltd