Skip to main content
Srishti-2022   >>  Short Story - Malayalam   >>  ചെയ്യാൻ മടിച്ചു നിന്ന കുഞ്ഞു കുഞ്ഞു തെറ്റുകൾ

Preji Kumar KP

Citrus Informatics

ചെയ്യാൻ മടിച്ചു നിന്ന കുഞ്ഞു കുഞ്ഞു തെറ്റുകൾ

എടീ നീ എന്താണ്‌ വല്ലാതിരിക്കുന്നത്?
നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് എന്നെ നീ... എടീ എന്നൊന്നും വിളിക്കരുതെന്ന്...

അപ്പോൾ എന്നെ നീ... എന്ന്‌ വിളിച്ചതോ?
അത്... ന്നെ വിളിച്ചത് കൊണ്ടല്ലേ...

എന്നാൽ... സ്‌ത്രീ... പറയൂ... എന്താണ്‌ വല്ലാതിരിക്കുന്നത്?
ഒന്നുമില്ല പുരുഷൂ...

എന്നാലും ഒരു വല്ലായ്മ മറഞ്ഞിരിക്കുന്നുണ്ട്?
മറഞ്ഞിരിക്കുന്നത് കണ്ടു പിടിക്കാൻ വന്നതാണോ പുരു...

ഏയ്... മുഖത്ത് ഒരു പ്രസാദകുറവ് കണ്ടത് കൊണ്ട് ചോദിച്ചതാ?
അങ്ങനൊന്നും ഇല്ല... ഒരു മിസ്സിംഗ്‌...

എന്നെയാണോ?
പോടാ... പൊട്ടാ...

ദേ വീണ്ടും ടാ... ന്ന്?
ഒന്ന് പോടാ ചെക്കാ...

അപ്പോൾ ശെരി... പോകട്ടെ... നിനക്ക് വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ ല്ലേ?
എല്ലാം ok ആണ്. എന്നാലും ഒരു മടുപ്പ്...

ഹസ്ബൻഡ്മായി വഴക്കിട്ടോ?
ഏയ്... വൺ ഓഫ് ദി ബെസ്റ്റ് ഫാമിലി മാൻ, ഫ്രണ്ട് ആൻഡ്‌ ലവ് ലി പേഴ്സൻ...

പിന്നെ...മോൾക്ക് എന്തേലും അസുഖം?
ഒരു കുഴപ്പവും ഇല്ലാതിരിക്കുന്ന മോളോ...
പോ... പുരുഷാ...

എന്തേലും ഫാമിലി പ്രോബ്ലം?
ഏയ് അതൊന്നുമല്ല...

പിന്നെന്താണ് സ്‌ത്രീരത്നം?
ചെയ്യാൻ മടിച്ചു നിന്ന കുഞ്ഞു കുഞ്ഞു തെറ്റുകൾ...

കുഞ്ഞു കുഞ്ഞു തെറ്റുകളോ?
അന്ന് ചെയ്യാൻ മടിച്ച കാര്യങ്ങളൊക്കെ ചെയ്യേണ്ടിയിരുന്നു എന്ന്‌... ഇപ്പോൾ മിസ്സ്‌ ചെയ്യുന്നു...

അതെന്ത്?
സ്കൂളിൽ പഠിക്കുന്ന സമയത്ത് എന്റെ പിന്നാലെ സൈക്കിളിൽ വന്നോണ്ടിരുന്ന അവനോടു,.. എപ്പോഴെങ്കിലും അവനെ ഇഷ്ടമായിരുന്നു... എന്നൊന്ന് പറയേണ്ടതായിരുന്നു...

അവൻ വന്ന് പറഞ്ഞില്ലേ?
ഞാൻ സ്കൂളിൽ നിന്നും വരുന്ന വഴി അവൻ സൈക്കിളിൽ വന്ന് നിന്നിട്ട് ഇറങ്ങി എന്നോട് എന്തോ പറയാനായി ഞാൻ നടന്ന് വരുന്ന വഴിയുടെ അപ്പുറത്തെ സൈഡിൽ നിൽക്കും. അവൻ ഇപ്പോൾ എന്റെ അടുത്തേക്ക്... വരും!!! വരും!!! എന്ന ഭാവത്തിൽ റോഡ് ക്രോസ്സ് ചെയ്യാനായി നില്ക്കും. വരില്ല...

അതെന്താ?
ഒരു ധൈര്യകുറവ് ആയിരിക്കാം. ഞാൻ ബസ് കേറാൻ വരുമ്പോൾ അവിടെ എവിടെയെങ്കിലും സൈക്കിളിൽ വന്ന് നിൽക്കും. ബസ് പുറപ്പെട്ടു കഴിയുമ്പോൾ ആളെ കാണില്ല. 3-4 കിലോമീറ്റർ വേണം സ്കൂളിനടുത്തുള്ള സ്റ്റോപ്പിൽ എത്താൻ. ബസ് ഇറങ്ങുമ്പോഴേക്കും അവൻ ഞാൻ പോകുന്ന വഴിയിൽ സൈക്കളുമായി നോക്കി നിൽപ്പുണ്ടാവും. വൈകുന്നേരവും ഇത് പോലെ വന്ന് നിൽക്കും. തിരിച്ച് ബസ് ഇറങ്ങുമ്പോഴും അവിടെ കാണും...

കുറെ കഷ്ടപ്പെട്ടല്ലോ പാവം?
അതേ... ഞാൻ പോകുന്ന സ്ഥലങ്ങളിലൊക്കെ അവൻ വരും...

എവിടൊക്കെ?
അമ്പലത്തിൽ, സ്കൂൾ ഫെസ്റ്റിവൽ, വീടിന്റെ ചുറ്റുവട്ടം.

വീടിന്റെ അടുത്ത് വരുമോ?
കൊള്ളാം. വരുമോ എന്നോ... റോഡ് സൈഡിൽ ആണല്ലോ എന്റെ വീട്. വൈകുന്നേരം തിണ്ണയിൽ വിളക്ക് കത്തിച്ചു വെച്ച് നാമം ചൊല്ലുന്ന സമയം, അവൻ സൈക്കിളിൽ റോഡിലൂടെ എന്നെ ഒളിഞ്ഞു നോക്കി നോക്കി പോകും...

കൊറേ കാലം പിറകിനു നടന്നോ?
അവസാനം ഞാൻ കാണുന്നത് സ്കൂളിൽ പോകുന്ന വഴി  കൈയിൽ ഒരു കാർഡ് മായി വന്ന് നിന്നതാ...

കാർഡോ?
ക്രിസ്മസ് കാർഡ് ആയിരുന്നു എന്ന്‌ തോന്നുന്നു. അന്നെങ്കിലും അത് തന്നിട്ട് അവൻ എന്നോട്  "ഐ ലവ് യു" എന്ന്‌ പറയും...അല്ലേൽ ആ കാർഡിൽ എഴുതിയെങ്കിലും വെച്ച് തരുമെന്ന് കരുതി. പക്ഷെ അന്നും അവന് റോഡ് ക്രോസ്സ് ചെയ്ത് വരാൻ കഴിഞ്ഞില്ല. അവൻ നല്ല അസ്വസ്ഥൻ ആയിരുന്നു...

പിന്നെ കണ്ടിട്ടില്ലേ?
ഇല്ല...

ഒരിക്കലും?
കണ്ടു!!! കണ്ടു!!! ഒരു വട്ടം കൂടി...

എവിടെ?
പത്രത്തിൽ...

റാങ്ക് കിട്ടിയ വല്ല വാർത്തയിലും ആവും?
ഞാൻ പൊയ്ക്കൊണ്ടിരുന്ന എന്റെ സ്കൂളിനടുത്ത് ഒരു കുളം ഉണ്ട്. അവിടെ നീന്തൽ പഠിക്കാൻ പോയതാ. കൂടെ ആരൊക്കെയോ ഉണ്ടാരുന്നു. എല്ലാരും പോയിട്ടും അവൻ പോയില്ല. അവന് അപസ്മാരം ഉണ്ടാരുന്നു. കുളത്തിന്റെ നടുക്കിലേക്ക് നീന്തി പോയപ്പോൾ അപസ്മാരം വന്നു. മരിച്ചു. ആ വാർത്ത ന്യൂസ്പേപ്പറിൽ വന്നപ്പോൾ ആണ് അവനെ അവസാനം കണ്ടത്...

അയ്യോ പാവം!!! നിനക്ക് വിഷമം വന്നോ?
പിന്നീട് എന്നും സ്കൂളിൽ നിന്നും വരുന്ന വഴി ആ കുളത്തിന്റെ അടുത്ത് കുറച്ച് നേരം നോക്കി നിൽക്കും...

നിനക്ക് അത്രയ്ക്ക് ഇഷ്ടമാരുന്നോ അവനെ?
അവൻ എന്നെ കാത്ത് നിന്നിരുന്ന റോഡിന്റെ വശത്ത് കൂടി കടന്ന് പോകാൻ ഞാൻ എന്ത് പാട് പെട്ടിട്ടുണ്ടെന്ന്  അറിയുമോ... അവിടെ നിന്ന് ഉറക്കെ ഉറക്കെ അലറി കരയണമെന്ന്  തോന്നാറുണ്ട്. എന്നും കണ്ണ് നിറഞ്ഞ് കൊണ്ടാണ് അത് വഴി പോകുന്നതും വരുന്നതും...

അപ്പോൾ നിനക്ക് വേറെ വഴി പൊക്കൂടാരുന്നോ?
അവൻ അവിടെ തന്നെ സൈക്കിളുമായി എന്നെ നോക്കി നിപ്പുണ്ട് എന്ന്‌ ആശ്വസിച്ചു കൊണ്ട് അവന് വേണ്ടി ഞാൻ ആ വഴി തന്നെ നടന്നു. അത്രക്കെങ്കിലും ചെയ്യേണ്ടേ.

അപ്പോൾ ഇതാരുന്നോ നിന്റെ വിഷമം?
ചെയ്യാൻ മടിച്ചു നിന്ന കുഞ്ഞു കുഞ്ഞു തെറ്റുകൾ...

ഇനി ഏതാണ് അടുത്ത കുഞ്ഞു തെറ്റ്?
പ്ലസ് ടു വിന് കൂടെ പഠിച്ച കൂട്ടുകാരന്റെ അടുത്തെങ്കിലും ഇഷ്ടമാണെന്നു പറയേണ്ടതാരുന്നു...

അവനും നിന്നോട് ഇഷ്ടമാണെന്നു പറഞ്ഞില്ലേ?
അവൻ ആദ്യമേ വന്ന് പറഞ്ഞു. ഇഷ്ടമാണെന്ന്...

പിന്നെ നീയെന്താ അവനെയെങ്കിലും ഇഷ്ടമാണെന്ന് പറയാഞ്ഞത്?
എനിക്ക് അവനോട് അത്രയ്ക്ക് ഇഷ്ടമൊന്നും ഇല്ലാരുന്നു. പിന്നെ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷെ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് അവന്റെ ബൈക്കിന്റെ പിറകിൽ കേറി ഇരുന്ന് ബീച്ചിൽ പോകേണ്ടതാരുന്നു... കൈകൾ കോർത്ത്‌ പിടിച്ചു കടൽ തീരത്ത് കൂടി നടക്കേണ്ടതാരുന്നു... നടന്ന് ക്ഷീണിച്ചു കഴിയുമ്പോൾ കടൽ തീരത്തിരുന്നു അവന്റെ തോളിൽ തല ചായിച്ചിരിക്കേണ്ടതാരുന്നു. അവനോടൊപ്പം ഐസ്ക്രീം പാർലറിൽ പോകണമായിരുന്നു. സിനിമക്ക് പോകണമായിരുന്നു. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണമായിരുന്നു. ഉമ്മ കൊടുക്കണമായിരുന്നു...

മതി!!! മതി!!! ഇതാണോ നിന്റെ വിഷമം?
ചെയ്യാൻ മടിച്ചു നിന്ന കുഞ്ഞു കുഞ്ഞു തെറ്റുകൾ...

ഇനി എന്താണാവോ?
ബുള്ളറ്റ് ഓടിക്കേണ്ടതാരുന്നു...

ലോറി മതിയായിരുന്നു... വേറൊന്നും വേണ്ടേ?
ഇറുകിയ ജീൻസും, ടീ ഷർട്ടും ഇട്ട് കൊണ്ട്, ബുള്ളറ്റ് ഓടിച്ചു ഓടിച്ചു നല്ല തിരക്കുള്ള ബിവറേജിൽ മുന്നിൽ കൊണ്ട് നിർത്തിയിട്ട് ക്യൂ നിൽക്കാതെ മുന്നിൽ കേറി ഒരു ചിൽട് ബിയർ വാങ്ങി, അവിടെ വെച്ച് തന്നെ കടിച്ചു തുറന്ന്, പകുതിയോളം കുടിച്ചിട്ട് ബാക്കി അവിടെ നിൽക്കുന്ന ആർക്കെങ്കിലും കൊടുത്തിട്ട്, തിരിച്ച് ബുള്ളറ്റിൽ കേറി സ്പീഡിൽ ഓടിച്ചു പോകണമായിരുന്നു...

ചെറിയ ആഗ്രഹം തന്നെ... ഇതാണോ വിഷമം?
ചെയ്യാൻ മടിച്ചു നിന്ന കുഞ്ഞു കുഞ്ഞു തെറ്റുകൾ...

ഇതൊക്കെ പഴയ കുഞ്ഞു തെറ്റുകൾ ആയിരുന്നല്ലോ, ഈ അടുത്ത കാലത്തുള്ള ചെയ്യാൻ മടിച്ചു നിന്ന കുഞ്ഞു തെറ്റ് വല്ലതും ഉണ്ടോ?
ആരോടും പറയാതെ ദൂരത്തെവിടേക്കെങ്കിലും പോകണം...

ദൂരെ... എന്ന്‌ പറഞ്ഞാൽ?
ഊട്ടി...

ഒറ്റക്കോ?
അതേ...

ആരോടും പറയാതെ?
അതേ...

എത്ര ദിവസം?
3 ദിവസം

പൈസ ഉണ്ടോ?
കുറച്ച് മിച്ചം പിടിച്ചു വെച്ചിട്ടുണ്ട്...

എങ്ങനെ പോകും?
ബസിന് പോകും

ഒരു ദിവസം തന്നെ കാണാതാകുമ്പോൾ മൊബൈലിൽ വിളിക്കില്ലേ? അന്വേഷിക്കല്ലേ?
മൊബൈൽ എടുക്കുന്നില്ലല്ലോ... കാണാതാകുമ്പോൾ അന്വേഷിക്കട്ടെ...

ഫോട്ടോ ഒക്കെ വെച്ച് ഷെയർ ചെയ്യില്ലേ എഫ് ബി യിലും, വാട്സ്ആപ്പിലും ഒക്കെ?
അങ്ങനെങ്കിലും എന്നെ പത്ത് പേരറിയട്ടെ...

എന്നിട്ട് അവിടെ ഊട്ടിയിൽ ചെന്നിട്ട്?
ലേക്കിലും, ഗാർഡനിലും, കുതിരപ്പുറത്തും, ഷൂട്ടിംഗ് പോയിന്റിലും, മറ്റ് എല്ലാ പ്രധാന സ്ഥലത്തും പോകും...

സൂയിസൈഡ് പോയിന്റിൽ പോകില്ലേ?
അവിടെ ലാസ്റ്റ് പോകണം...

പിന്നെ?
ഊട്ടിയിൽ ഒരു നല്ല ഹോട്ടലിൽ മുറിയെടുക്കും...

എന്നിട്ട്?
ബിയർ ഓർഡർ ചെയ്ത് വരുത്തും...

സിഗരറ്റ് വേണ്ടേ?
ഓഹ്... മറന്നു... അത്... കൊണ്ട് വരുന്ന ചേട്ടന്റെ കൈയിൽ നിന്നും വാങ്ങും...

ക്യാമ്പ് ഫയർ ഇല്ലേ?
പിന്നില്ലാതെ... ചിൽട് ബിയർ നുണഞ്ഞും, സിഗരറ്റ് വലിച്ചിട്ട്, വയറു നിറച്ചും ഫുഡ്‌ കഴിച്ചിട്ട്, ക്യാമ്പ് ഫയറിലെ പാട്ടിനൊത്ത് ഡാൻസ് കളിക്കും...

അമ്മേ കാണാതെ... മോള്... കരയില്ലേ?
മോള്... എന്റെ മോള്... മോള് കരയരുത്... അതും ഞാൻ കാരണം... അപ്പോൾ പിന്നെ ഊട്ടി വേണ്ടാ...

ഊട്ടി അല്ലേൽ പിന്നെ ഏത് സ്ഥലം?
വീടിന്റെ അടുത്ത് എവിടെങ്കിലും...

മാളിലോ, പാർക്കിലോ മറ്റോ?
അവിടെ ഒറ്റയ്ക്ക് പോകാൻ പറ്റില്ലല്ലോ... മോള് വഴക്കുണ്ടാക്കും...

മോള് സ്കൂളിൽ പോകുമ്പോൾ?
രാവിലെ നടക്കില്ല, അടുക്കളയിൽ തിരക്കായിരിക്കും...
വൈകുന്നേരം അവര് വരുന്നതിനു മുൻപ് പോയി വരണം...

അങ്ങനെ പറ്റിയ സ്ഥലം ഏതാണ്?
വീടിനടുത്ത് ഒരു അമ്പലം ഉണ്ട്... അവിടെ പോകാം... നാളെ തന്നെ പോകാം... മോള് രാത്രിയിൽ ഇടക്ക് ഉണർന്നു കരയുന്നുണ്ട്. ഒരു ചരട് ജപിച്ചു കെട്ടിയേക്കാം...
 

(ബെഡ് റൂമിലെ ഒരു സൈഡിലുള്ള അലമാരയുടെ ഒരു പാളിയിലെ കണ്ണാടിയിൽ നോക്കിയിരുന്ന് സംസാരിച്ചു കൊണ്ടിരുന്ന അവൾ, നെറ്റിയിൽ ഒട്ടിച്ചിരുന്ന വലിയ കറുത്ത വട്ട പൊട്ട് ഇളക്കി, കണ്ണാടിയിൽ കാണുന്ന അവളുടെ പ്രതിബിംബത്തിന്റെ നെറ്റിയിലേക്ക്  നേർക്കു ഒട്ടിച്ചിട്ട്, ഉറങ്ങി കിടക്കുന്ന ഭർത്താവിന്റെയും, മോളുടെയും അരികിൽ കിടക്കുന്നു. അമ്മയുടെ സാമിപ്യം അറിഞ്ഞ മോള് അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുന്നു.)

Subscribe to Citrus Informatics