Skip to main content
Srishti-2022   >>  Short Story - Malayalam   >>  എന്‍റെ മകൾക്കൊരു ഹൃദയമുണ്ടായിരുന്നു

Sajeeth Sathyan

Allianz Service Pvt Ltd

എന്‍റെ മകൾക്കൊരു ഹൃദയമുണ്ടായിരുന്നു

വെയിൽ ചാഞ്ഞുതുടങ്ങിയിരിക്കുന്നു.

മുൻവശത്തെ വാതിൽ പുറത്തു നിന്നും പൂട്ടി രജനി പുറത്തേയ്ക്കിറങ്ങി. വലതു കയ്യിൽ ഭാരിച്ച ഒരു പ്ലാസ്റ്റിക്ക് ബാഗ് തൂക്കിപിടിച്ചിരുന്നു. ഉമ്മറത്തെ തടിത്തൂണിൻ മുകളിലായി വാതിലിന്‍റെ താക്കോല്‍ വച്ചു തിരിഞ്ഞതും മുറ്റത്തു നിന്ന് ഒരു വിളി കേട്ടു.

"രജനി"

രജനി സംശയത്തോടെ മുറ്റത്ത് നില്‍ക്കുന്ന മദ്ധ്യവയസ്കനെ നോക്കി.

"ആരാ?"

"ഞാൻ  സിദ്ധാർഥൻ. കുറച്ച് വടക്കുന്നാണ്"

അയാള്‍ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.രജനി ഒന്നും മിണ്ടാതെ വീണ്ടും സംശയഭാവത്തിൽ അയാളെ നോക്കി നിന്നു.

അതുമനസ്സിലാക്കിയിട്ടാവണം അയാൾ  അപേക്ഷ സ്വരത്തിൽ ചോദിച്ചു.

"എനിക്ക് പതിനഞ്ചു മിനിറ്റ് സമയം തരണം. കുറച്ച് സംസാരിക്കുവാനുണ്ട്"

രജനി അയാളുടെ കുഴിഞ്ഞ കണ്ണുകളിലേയ്ക്ക് നോക്കി നിന്നു. അയാൾ വളരെയധികം ക്ഷീണിതനാണ്.

എന്തായിരിക്കും അയാൾക്ക്‌  തന്നോട് പറയുവാനുളളത്.

"എന്‍റെ മകൾ ആശുപത്രിയിൽ കിടക്കുവാണ്. ഞാൻ ചെന്നിട്ട് വേണം ഈ ആഹാരം കൊടുക്കുവാൻ .അല്പം ധൃതിയുണ്ട്."

രജനിയുടെ ശബ്ദത്തിൽ ഒരു വെപ്രാളം നിഴലിച്ചിരുന്നു.

"ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം.

നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും എനിക്കറിയാം .മകളുടെ അസുഖത്തെക്കുറിച്ചും , സാമ്പത്തിക പരാധീനതകളെക്കുറിച്ചും എല്ലാം മനസ്സിലാക്കിയിട്ട് തന്നാണ് ഞാനിവിടെ നിങ്ങളെ തിരഞ്ഞ് എത്തിയത് . എനിക്ക്..................എനിക്ക് വേണ്ടി ഒരല്പം സമയം തരണം. നമ്മളെ രണ്ടാളെയും സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ട സമയത്തിന്  വേണ്ടിയാണ് ഞാൻ അപേക്ഷിക്കുന്നത്."

അയാൾ കൈകൂപ്പി നിന്നു. കാവി ജുബയും വെളളമുണ്ടും ധരിച്ച് തോളിൽ ഒരു തുണിസഞ്ചിയും തൂക്കി നിന്ന ആ സാധുവിനെ നോക്കി രജനി കണ്ണുകൾ വിടർത്തി.

"നിങ്ങൾ ആരാണ് ?  ഞങ്ങളെപ്പറ്റി നിങ്ങൾക്കെങ്ങനെ അറിയാം ?"

അയാൾ തോളിൽ നിന്നും സഞ്ചിയെടുത്തു. അതിന്‍റെ സിബ് തുറന്ന് പഴയ ഒരു പത്രക്കടലാസ് പുറത്തെടുത്തു. എന്നിട്ട് അത് രജനിയുടെ നേർക്ക് നീട്ടി.

രജനി അത് സംശയത്തോടെ വാങ്ങി നിവർത്തി നോക്കി.

                പതിനാറുകൊല്ലം  മുൻപുള്ള ഒരു പത്രമായിരുന്നു അത്. അതിലെ വാർത്ത കണ്ട് രജനിയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി. തന്‍റെ ഭര്‍ത്താവിന്‍റെ അപകട മരണത്തെക്കുറിച്ചുളള വാർത്തയായിരുന്നു  അത്.

"നിങ്ങളെന്തിനാണിപ്പോൾ ഇതും കൊണ്ട് വന്നത്. താങ്ങാനാവുന്നതിലും അപ്പുറത്തുളള വേദനയിലൂടെയാണ് ഞാനും എന്‍റെ മോളും പൊയ്ക്കൊണ്ടിരിക്കുന്നത്. അതിനിടയിൽ വീണ്ടും ഞങ്ങളെ വേദനിപ്പിക്കാൻ വേണ്ടി എന്തിനാണ് ഈ കടലാസും കൊണ്ട് നിങ്ങൾ ഇവിടേയ്ക്ക് വന്നത്?"

അയാൾ ആ പത്രം രജനിയുടെ കൈയിൽ നിന്നും തിരികെ വാങ്ങി.

"രജനിയെ വിഷമിപ്പിക്കാൻ വേണ്ടി വന്നതല്ല ഞാൻ. ചില സത്യങ്ങൾ രജനിയെ അറിയിക്കണമെന്ന് തോന്നി."

രജനി മുഖമുയർത്തി അയാളെ നോക്കി.

"രജനി വിചാരിക്കുംപോലെ സഖാവ് അജയന്‍റേത് ഒരു അപകട മരണമല്ല"

രജനിയുടെ കണ്ണുകൾ വിടർന്നു. അതിൽ നിന്നും നൂറായിരം ചോദ്യങ്ങൾ ഉയരുന്നുണ്ടായിരുന്നു.

"പിന്നെ?"

"അതൊരു കൊലപാതകമാണ്"

രജനി ഒരു ഞെട്ടലോടെ വിശ്വസിക്കാനാകാതെ അയാളെ നോക്കി നിന്നു.

"വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ?"

അയാൾ രജനിക്കരികിലേക്ക് വന്നു.

"എനിക്കറിയാം രജനി ഇത് വിശ്വസിക്കില്ല എന്ന്. കാരണം മരണമൊഴിയിൽ അജയൻ തന്നെ പറഞ്ഞതാണല്ലോ താൻ അപകടത്തിൽപെട്ടതാണെന്ന്."

രജനിയുടെ തലച്ചോറിലൂടെ ആവേഗങ്ങൾ പതിനാറു കൊല്ലങ്ങൾക്കു പിന്നിലേക്ക് പായാൻ തുടങ്ങി.

പാർട്ടി പ്രവർത്തകനായിരുന്ന തന്‍റെ ഭർത്താവ് പീരുമേട്ടിൽ ഒരു സംഘടനാ പ്രവർത്തനത്തിനായി പോയിമടങ്ങിവരും വഴി ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും ഇറങ്ങവേ ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ച് വീഴുകയായിരുന്നു. പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.

മരിക്കുന്നതിന്  മുൻപ്  പാർട്ടി പ്രവർത്തകരോടും, ആശുപത്രിയിൽ വച്ച് ഡോക്ടർമാരോടും അജയൻ പറഞ്ഞതും ഇതേ സംഭവം തന്നെയായിരുന്നു.

രജനി കണ്ണുകൾ തുടച്ചു രൂക്ഷഭാവത്തിൽ അയാളെ നോക്കി.

"എന്‍റെ ഭർത്താവിന് പാർട്ടിക്കകത്തും പുറത്തും ഒരുപാട് ശത്രുക്കൾ ഉണ്ടായിരുന്നെന്ന് എനിക്കറിയാം. മരിച്ചു കഴിഞ്ഞാലും ആ പാവത്തിനെ വെറുതെ വിട്ടുകൂടെ. ? നിങ്ങൾക്കിപ്പോ എവിടന്നു കിട്ടി ഈ പുതിയകഥ ?"    

രജനിയുടെ ശബ്ദം കടുത്തിരുന്നു,.

"രജനി അങ്ങനല്ല !"

അയാൾ പറഞ്ഞു തുടങ്ങും മുൻപേ അവൾ കൈയുയർത്തി.

"മതി ! ഇനിയിപ്പോ നിങ്ങൾ പറയുന്നത് സത്യമാണെങ്കിലും എനിക്കിപ്പോ കേൾക്കാൻ സമയവും മനോധൈര്യവുമില്ല!

നിങ്ങൾ ഇപ്പോ പോകണം."

അയാൾ ദയനീയമായി അവളെ നോക്കി.

"രജനി, നിങ്ങളെപ്പോലെ എനിക്കും സമയത്തിന് വിലയുണ്ട് .എന്നിട്ടും ഇക്കണ്ട ദൂരം താണ്ടി ഞാൻ  വന്നത് ആ സത്യം രജനിയെ അറിയിക്കാൻ  വേണ്ടി മാത്രമാണ്."

"എന്ത് സത്യം ? എന്‍റെ ഭർത്താവിന്റെ നാവിൽ നിന്നും ഞാൻ  കേട്ടതിനപ്പുറം ഒരു സത്യവുമില്ല."

രജനി ധൃതിയിൽ നടന്നു നീങ്ങി.

"ഞാനിവിടുണ്ടാകും. രജനി തിരികെ വരും വരെ"

അയാൾ ശബ്ദം താഴ്ത്തിപ്പറയുന്നത് ശ്രദ്ധിക്കാതെ രജനി നടന്നു നീങ്ങി.

വണ്ടാനം മെഡിക്കൽ കോളേജിലെ ഇന്‍റന്‍സീവ് കാര്‍ഡിയാക് കെയർ യൂണിറ്റിലെ വാതിലിനരികിൽ രജനി എന്തോ ആലോചിച്ച് നില്‍ക്കവേ, നഴ്സ് വന്നു വിളിച്ചു.

രജനി ചെരിപ്പ് അഴിച്ച് വെളിയിൽ വച്ച ശേഷം അകത്തേയ്ക്ക് കയറി.

പതിനാലാം നമ്പർ ബെഡിൽ കിടക്കുന്ന തന്‍റെ മകളുടെ അടുത്തേയ്ക്ക് നടന്നു ചെന്നു.

ഒരു മാസം മുൻപാണ് കോളേജിൽ വച്ച് ലക്ഷ്മി തളർന്നു വീണത്.

                                പലസ്ഥലത്തും കൊണ്ടുപോയെങ്കിലും ഒടുവിൽ വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്ടമാരാണ് അവളുടെ അസുഖം കണ്ടെത്തിയത്. അവരുടെ ഭാഷയിൽ പറഞ്ഞാൽ വെൻട്രികുലാർ അരിത്മിയാസിസ്. കൂടാതെ, ട്രീറ്റ്മെന്‍റ് പുരോഗമിച്ചപ്പോൾ വാല്‍വിനും തകരാറുണ്ടെന്നും കണ്ടെത്തി. ഇനി തന്‍റെ മോളുടെ ജീവൻ രക്ഷിക്കാൻ ഒരേ ഒരു മാർഗമേ ഉളളൂ, ഹൃദയം മാറ്റിവയ്ക്കൽ ! അതിനായി ഒരു ദാതാവിനേയും പ്രതീക്ഷിച്ച് കിടക്കുകയാണ് തന്‍റെ പൊന്നുമോൾ. പാർട്ടി  പ്രവർത്തകരും, ഡോക്ടർമാരുടെ കൂട്ടായ്മയുമെല്ലാം അവരുടേതായ രീതിയിൽ പരിശ്രമിക്കുന്നുണ്ട്. സഖാവ് അജയന്‍റെ മകളോട് പലർക്കും സ്നേഹവും സഹതാപവും തോന്നുന്നതിൽ അത്ഭുതമില്ല. ജനങ്ങൾക്കിടയിൽ അത്രയും സ്വാധീനവും , ക്ലീൻ ഇമേജും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു സഖാവ് അജയൻ !

ഓഡ്സ് ചെറുചൂടോടെ ലക്ഷ്മിയുടെ വായിലേക്ക് സ്പൂണ്‍കൊണ്ട് കോരി കൊടുത്തു കൊണ്ടിരിക്കവേ ഹെഡ് നേഴ്സ് വന്നു വിളിച്ചു.

"നിങ്ങളെ ഡോക്ടർ രാമചന്ദ്രൻ അന്വേഷിക്കുന്നു. വേഗം ചെല്ലാൻ പറഞ്ഞു."

രജനി സാരി തലപ്പുകൊണ്ട് ലക്ഷ്മിയുടെ ചുണ്ടു തുടച്ചു കൊടുത്തു.

"അമ്മ നാളെ രാവിലെ വരാം".

 

രജനി കൈയ്യിലിരുന്ന ഓഡ്സ് പാത്രം അടുത്തു നിന്ന നഴ്സിന്‍റെ കൈകളിൽ കൊടുത്ത ശേഷം പുറത്തേയ്ക്ക് നടന്നു.

രാമചന്ദ്രൻ ഡോക്ടറുടെ കാബിനിലേക്ക് കയറി ചെല്ലുമ്പോൾ അദ്ദേഹം മറ്റ് രണ്ട് ജൂനിയർ ഡോക്ടറുമായി എന്തോ ഡിസ്ക്ഷനിലായിരുന്നു. അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. രജനിയെ കണ്ടതും അദ്ദേഹം അവളെ അകത്തേക്കു ക്ഷണിച്ചു.

"വരൂ രജനി, ഞങ്ങൾ മൊബൈലിൽ ഒരുപാട് ശ്രമിച്ചു. സ്വിച്ച് ഓഫ് ആയിരുന്നു."

"അത് ഡോക്ടർ, ചാര്‍ജ്ജ് തീർന്നു, ഞാൻ വീട്ടിൽ ചാര്‍ജ്ജ് ചെയ്യാൻ വച്ചിരിക്കുകയാ. ക്ഷമിക്കണം."

"ഏയ് കുഴപ്പമില്ല ഞങ്ങൾ വിളിച്ചത് ഒരു സന്തോഷ വാർത്ത പറയാനാണ്."

രജനി എല്ലാപേരെയും മാറി മാറി നോക്കി. അവരുടെ മുഖത്തെ സന്തോഷം കണ്ടിട്ടാവണം. രജനിയിൽ വല്ലാത്തൊരു ഭാവം വിടർന്നു. ആ കണ്ണുകളിൽ പറഞ്ഞറിയിക്കാനാകാത്ത ഒരു പ്രതീക്ഷയുടെ വെട്ടം തെളിഞ്ഞു.

ഡോക്ടർമാർക്ക്  എന്താണ് പറയാനുളളതെന്ന ആകാംഷയോടെ അവൾ കണ്ണുകൾ വിടർത്തി നിന്നു.

"യെസ് രജനി , ലക്ഷ്മി മോൾക്ക് ഒരു ഡോണറിനെ കിട്ടി !"

ഡോക്ടർ രാമചന്ദ്രൻ അതു പറയുമ്പോൾ വിശ്വസിക്കാനാകാതെ രജനി കൈകൂപ്പി നിന്നു.

"എല്ലാം പെര്‍ഫെക്ട്. എവരിതിംഗ് ഈസ് മാച്ചിംഗ്. ഇനി എത്രയും പെട്ടെന്ന് വേണ്ട പ്രിപ്പറേഷന്‍സ് സ്റ്റാര്‍ട്ട് ചെയ്യാം."

രജനിയുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി. വാക്കുകൾ തൊണ്ടയിൽ വന്നുടക്കി നിന്നു.

"ആരാണു ഡോക്ടര്‍ ?

ആരാണ് ഈ മഹാമനസ്കത എന്‍റെ മോളോടു കാട്ടിയത് ?" രജനി ഒരു വിധം ചോദിച്ചു.

"പീരുമേട്ടിലെ ഒരു കുട്ടിയാണ്. ഒരാക്സിഡന്റിൽപെട്ട് ബ്രെയിന്‍ ഡെത്തായി. കുട്ടിയുടെ അച്ഛൻ തന്നെ നേരിട്ട് വന്ന് പറഞ്ഞതാണ്.

സിദ്ധാർഥൻ എന്നാണ് അയാളുടെ പേര്. ഞാൻ രജനിയുടെ വിലാസവും നമ്പറും അയാൾക്ക് കൊടുത്തിട്ടുണ്ടായിരുന്നു. അയാൾ നിങ്ങളെ നേരിട്ട് കാണാൻ വരുമെന്ന് പറഞ്ഞിട്ടുണ്ട്."

രജനിക്ക്, താൻ അന്തരീക്ഷത്തിലേയ്ക്കുയരുന്ന പോലെ തോന്നി. ശരീരത്തിന് ഭാരം ഇല്ലാത്തതുപോലെ . ഡോക്ടർമാർ വേറെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും അവൾ കേട്ടില്ല.

അപ്പോൾ വീട്ടിൽ വന്നത് ?

ആരാണയാൾ ?

രജനി തിരികെ വീടെത്തും വരെ പ്രാർത്ഥിക്കുകയായിരുന്നു. അയാൾ അവിടെത്തന്നെയുണ്ടാകണേ എന്ന പ്രാർഥന ! അയാൾക്ക് പറയാനുളളത് കേൾക്കാൻ പോലും നിൽക്കാതെ താനയാളെ അവഗണിച്ച് നടന്നു പോയതിൽ അവൾക്കു പശ്ചാത്താപം തോന്നി.

രജനി ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങി വീടിന്‍റെ മുറ്റത്തേയ്ക്ക് നടന്നു.

നിറഞ്ഞു തുളുമ്പിയ കണ്ണുകളിലൂടെ അവൾ കണ്ടു ; ആ പാവം മനുഷ്യൻ ഉമ്മറത്തെ പടിക്കെട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു, ഇരുട്ടു പരന്ന വരാന്തയിലേക്ക് നോക്കി.

രജനിയെ കണ്ടതും അയാൾ മെല്ലെ എഴുന്നേറ്റു.

"രജനി വേഗം തിരികെ വരുമെന്ന് എനിക്കറിയാമായിരുന്നു."

"ആരാണ് നിങ്ങൾ ? എന്തിന് ഞങ്ങളോട് ഇത്രയും വലിയ ഒരു ത്യാഗം ചെയ്യുന്നു ? അതിനും മാത്രം എന്ത് കടപ്പാടാണ് നിങ്ങൾക്ക്  ഞങ്ങളോടുള്ളത് ? "

തെക്കു നിന്നും ചെറുകുളിരുള്ള ഒരു കാറ്റ് അതുവഴി കടന്നു പോയി.

"നിങ്ങളാരാ ? ഞങ്ങളെ നിങ്ങൾക്കെങ്ങനെ അറിയാം?"

രജനി വീണ്ടും ചോദിച്ചു.

അയാൾ ദീർഘമായൊന്നു നിശ്വസിച്ചു.

"ഒരുപാടുത്തരങ്ങൾക്കുള്ള ചോദ്യങ്ങളാണ് രജനി ഒറ്റ ശ്വാസത്തിൽ ചോദിച്ചത്.

ഞാൻ ഇനി പറയാൻ പോകുന്നത് കേൾക്കാനുള്ള  ക്ഷമ രജനിക്കുണ്ടാകണം."

രജനി പ്രത്യേകിച്ച് ഒരു മറുപടിയും പറയാതെ അയാളെ നോക്കി നിന്നു.

"ഞാൻ സിദ്ധാർഥൻ. പീരുമേടാണ് എന്‍റെ സ്ഥലം. അത്യാവശ്യം കൃഷിയും കാര്യങ്ങളുമൊക്കെയായി സന്തോഷത്തോടെ ഉള്ളത് കൊണ്ട് ഓണം പോലെ ഞങ്ങൾ അവിടെ ജീവിച്ച് പോന്നു. പ്രസവത്തിൽ ഭാര്യ മരിച്ചതോടെ ഞാനും എന്‍റെ മകളും മാത്രമായിത്തീർന്നു  ആ വീട്ടിൽ. എന്‍റെ മോൾക്ക് ഞാൻ അമ്മയായും, കൂട്ടുകാരനായും, അച്ഛനായും ഒരു ലോകം തീർത്തു.

എന്‍റെ മകളിലൂടെ ഞാൻ നഷ്ടപ്പെട്ടുപോയ എന്‍റെ സന്തോഷങ്ങളെ കണ്ടെത്തുകയായിരുന്നു. ഈ ഭൂമിയിൽ എനിക്കു സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും ദൈവം തന്നിട്ടുപോയ മാലാഖ ! എന്‍റെ പൊന്നുമോള്‍ !

പക്ഷേ ആ സന്തോഷത്തിന് മൂന്ന് വർഷമേ ആയുസുണ്ടായിരുന്നുള്ളൂ.

അവൾക്കു മൂന്ന് വയസ്സുള്ളപ്പോൾ ക്ഷണിക്കപ്പെടാത്ത ഒരതിഥി ഞങ്ങളുടെ വീട്ടിലെത്തി. എന്‍റെ ഒരു കളിക്കൂട്ടുകാരൻ ! പഴയ ചങ്ങാതി!

സഖാവ് അജയൻ !

ഞങ്ങളുടെ സ്വകാര്യതയിലേയ്ക്ക് സന്തോഷവും, പഴയ തമാശകളുമായി അജയൻ കടന്നു വന്നപ്പോൾ എന്‍റെ ചെറിയ ചെറിയ വേദനകളെ ഞാൻ മറക്കുകയായിരുന്നു.

എന്‍റെ മകൾ അജയനുമായി പെട്ടെന്നടുത്തു. അവർ വലിയ കൂട്ടുകാരായി.

വിപ്ലവഗാനങ്ങൾ പാടിക്കൊടുത്തും, അവളുടെ വിരലിൽ പിടിച്ച് തൊടിയിലൂടെ നടന്നും, അവളുടെ ഇഷ്ടങ്ങള്‍ക്ക് കുടപിടിച്ചും അജയൻ

അവൾക്ക് പ്രിയപ്പെട്ട അങ്കിളായി തീർന്നു.

ഒരാഴ്ചയോളം അജയൻ അവിടെ ഉണ്ടായിരുന്നു. എല്ലാം മാറി മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു."

സിദ്ധാർഥൻ ഒന്നു നിർത്തിയശേഷം രജനിയെ നോക്കി.

അവൾ ഒരു കഥ കേൾക്കുന്ന ആകാംഷയിലായിരുന്നു. അവളുടെ നെഞ്ചിടിപ്പിന്‍റെ വേഗത, സിദ്ധാർത്ഥന് അനുഭവപ്പെടുന്നുണ്ടായിരുന്നു.

"മനുഷ്യനും മൃഗവും തമ്മിലുള്ളവ്യത്യാസം എന്താണെന്ന് അറിയാമോ  രജനിക്ക്?"

രജനി മറുപടിപറയാതെ അയാളെ നോക്കി നിന്നു.

"ഒരു മൃഗത്തിന് ഒരിക്കലും മനുഷ്യനായി മാറാനോ ചിന്തിക്കാനോ കഴിയില്ല. എന്നാൽ മനുഷ്യന് മൃഗമായി മാറാൻ നമ്മൾ കണ്ണടയ്ക്കുന്ന നിമിഷം മതി."

സിദ്ധാർഥൻ കണ്ണുകൾ തുടച്ചു.

"അന്നൊരു ബുധനാഴ്ചയായിരുന്നു. നല്ല മഴയുള്ള വൈകുന്നേരം. എനിക്ക് അത്യാവശ്യമായി ടൗണ്‍ വരെ പോകേണ്ടി വന്നു.

എന്‍റെ മകളെ അജയൻ നോക്കിക്കൊള്ളാം എന്നു പറഞ്ഞപ്പോൾ ആ വാക്കിനേയും സഖാവ് അജയൻ എന്ന കറകളഞ്ഞ വ്യക്തിത്വത്തേയും ഞാൻ വിശ്വസിച്ചു.

അങ്ങനെ ആദ്യമായി എന്‍റെ മകളെ കൂട്ടാതെ ഞാൻ പുറത്തേയ്ക്ക് പോയി.

എന്നാൽ മഴ കാരണം യാത്ര പകുതിക്ക് നിർത്തി എനിക്ക് തിരികെ പോരേണ്ടി വന്നു. വീട്ടിൽ അനക്കമൊന്നും കേൾക്കാതിരുന്നത് കൊണ്ട്  സംശയത്തോടെ ഞാൻ അകത്തേക്ക് ചെന്നു. അപ്പോൾ ഞാൻ കണ്ടത് എന്‍റെ മോളുടെ വായപൊത്തിപ്പിടിച്ച് കാമവെറി തീർക്കുന്ന അജയൻ എന്ന പിശാചിനെയാണ്.

തുടയിലൂടെ ചോര വാർന്നൊഴുകിയിട്ടും, ഒന്നലറിക്കരയാൻ പോലും സമ്മതിക്കാതെ ആ പിഞ്ചുകുഞ്ഞിനെ അവൻ പിച്ചിചീന്തുന്ന കാഴ്ച പടു പാപിയായ ഈ അച്ഛന്  കാണേണ്ടി വന്നു.

എന്‍റെ കൈയ്യിൽ കിട്ടിയത് പഴയ ഇസ്തിരിപ്പെട്ടി ആയിരുന്നു. അലറിക്കരഞ്ഞു കൊണ്ട് ഞാനവന്‍റെ തലയ്ക്കടിച്ചു വീഴ്ത്തി."

പൊട്ടിക്കരയുന്ന രജനിയെ നോക്കി സിദ്ധാർഥൻ നിന്നു.

രജനി സാരിത്തലപ്പുകൊണ്ട് കണ്ണുനീരൊപ്പി. അവളുടെ ഉള്ളിൽ നിന്നും സഖാവ് അജയൻ എന്ന തന്‍റെ ഭര്‍ത്താവിനോടുള്ള വെറുപ്പും സങ്കടവുമെല്ലാം അണപൊട്ടി ഒഴുകുകയായിരുന്നു.

നെഞ്ചിൽ നിന്നും ഒരു വലിയ ഭാരമിറങ്ങിയ ആശ്വാസത്തിൽ സിദ്ധാർഥൻ ഇരുളിലേയ്ക്ക് നോക്കിനിന്നു.

"അന്ന് തൊഴുതുകൊണ്ട്, തലക്കേറ്റ മാരകമായ മുറിവുമായി ഇരുട്ടിലേയ്ക്ക് ഓടി മറഞ്ഞ അജയൻ, പിറ്റേന്ന് അപകടത്തിൽ മരിച്ചുവെന്നറിഞ്ഞപ്പോൾ നേരെ പോലീസിൽ പോയി സത്യം പറയാനാണ് എനിക്ക് തോന്നിയത്.

എന്‍റെ മകളെയോർത്തു ഞാനത് ചെയ്തില്ല. അടുത്ത സുഹൃത്തായ ഒരു ഡോക്ടറാണ് എന്‍റെ മോളെ രക്ഷിച്ചത്. ഈ രഹസ്യം അറിയാവുന്ന മറ്റൊരാള്‍ ആ ഡോക്ടറാണ്. ഇന്ന് അയാള്‍ ജീവിച്ചിരിപ്പില്ല."

രജനി സിദ്ധാർഥന്‍റെ കാല്‍ക്കൽ വീണു

അലറിക്കരയുന്ന ആ പാവം സ്ത്രീയെ ആശ്വസിപ്പിക്കാൻ ബുദ്ധിമുട്ടുകയായിരുന്നു സിദ്ധാർഥൻ.

"രജനി നമുക്ക് സമയം കളയാനില്ല. നിന്‍റെ മകളുടെ ജീവൻ രക്ഷിക്കണം. ഇനി അതിനെപ്പറ്റി മാത്രം ചിന്തിച്ചാൽ മതി."

രജനി കണ്ണുകൾ തുടച്ചുകൊണ്ട് എഴുന്നേറ്റു.

"ആ മോള്‍ ഇപ്പോൾ എവിടെയാണ്?  അവൾക്കെന്താണ് സംഭവിച്ചത്?. "

രജനി ഒറ്റ ശ്വാസത്തിൽ ചോദിച്ചു.

സിദ്ധാർഥന്‍റെ തൊണ്ടയിടറിപ്പോയി.

"അവൾക്ക് മൂന്ന് ദിവസം മുൻപ് ഒരാക്സിഡന്‍റ് ഉണ്ടായി. ഇന്നിപ്പോ ബ്രെയിൻ ഡത്തും സംഭവിച്ചു.

അവളുടെ ജീവൻ രക്ഷിക്കാൻ ഈ അച്ഛന് കഴിയില്ല. എങ്കിലും നിങ്ങളുടെ മകളിലൂടെ എന്‍റെ മകളുടെ ഹൃദയം തുടിക്കണം. എനിക്ക് അതുമതി."

സിദ്ധാര്‍ത്ഥൻ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.

രജനി അയാൾക്ക് നേരെ കൈകൂപ്പി നിന്നു.

"നിങ്ങളുടെ ജീവിതത്തെ ഇത്രയും മാറ്റി മറിച്ച, ദ്രോഹിച്ച ഒരുത്തന്റെ മകൾക്കു വേണ്ടി എന്തിനാണ് ഈ ത്യാഗം നിങ്ങൾ ചെയ്യുന്നത്. ?"

രജനിയുടെ ചോദ്യം കേട്ട് സിദ്ധാര്‍ത്ഥൻ പുച്ഛത്തോടെ ചിരിച്ചു.

"ഇത് ത്യാഗമല്ല രജനി എന്‍റെ പ്രതികാരമാണ്. ആത്മാവ് എന്നൊന്നുണ്ടെങ്കിൽ അവൻ അറിയണം. അവന് നോവണം, അവന്‍റെ മകളുടെ നെഞ്ചിൽ തുടിക്കുന്നത്, ഒരിക്കൽ അവൻ പിച്ചിചീന്തിയ എന്‍റെ പൊന്നുമോളുടെ ഹൃദയമാണെന്ന്. അവൻ അന്ന് കശക്കിയെറിഞ്ഞത് ഒരർത്ഥത്തിൽ അവന്‍റെ മകളെതന്നെയായിരുന്നുവെന്ന്."

സിദ്ധാര്‍ത്ഥൻ ഇരുളിലേയ്ക്ക് നടന്നകലുന്നതും നോക്കി നിറഞ്ഞകണ്ണുകളോടെ രജനി നിന്നു

സഖാവ് അജയൻ മൃഗമായി മാറിയപ്പോൾ സിദ്ധാര്‍ത്ഥൻ എന്ന മനുഷ്യൻ ഈശ്വരനായി അവതരിച്ചത് ഒരു വിങ്ങലോടെ അവൾ അനുഭവിച്ചറിയുകയായിരുന്നു.

Subscribe to Allianz Service Pvt Ltd