Skip to main content
Srishti-2022   >>  Short Story - Malayalam   >>  തോട്ട

Jithin P Jose

Suyati Technologies

തോട്ട

ഇടിച്ചുകുത്തി പെയ്യുന്ന പെരുമഴയും നോക്കി, ചേന്നൻ തൻ്റെ ഓല കൂരയുടെ ചാണകം മെഴുകിയ ഭിത്തിയിൽ ചാരി ഇരിക്കുകയാണ്. ആ ഇരുപ്പു തുടങ്ങിയിട്ട് നേരം കുറെ ആയി.

 

മുറ്റത്തു തളം കെട്ടിയ മഴവെള്ളം മുള്ളുവേലിക്കിടയിലൂടെ ഒഴുകി ഇറങ്ങാൻ ഉള്ള വെപ്രാളത്തിൽ ആയിരുന്നു. ആ കൊച്ചു പ്രളയത്തിൽ ആവാസസ്ഥലം നഷ്ട്ടപെട്ട ഒരു പോക്കാച്ചിത്തവള ചേന്നൻ്റെ അടുത്തു വന്നിരുന്നു.

 

മേൽക്കൂരയിലെ ഓലകീറിനിടയിലൂടെ നുഴ്ന്നിറങ്ങുന്ന മഴത്തുള്ളികൾ, ആ ഒറ്റമുറി കുടിലിലെ മൺതറയിൽ മേഘ ചിത്രങ്ങൾ വരക്കുന്നുണ്ട്. മഴത്തുള്ളികളുമായി വീശി അടിക്കുന്ന കാറ്റിൻ്റെ ലക്ഷ്യം ചേന്നൻ ആണ്. കാരിരുമ്പിൻ്റെ നിറമുള്ള ചേന്നൻ്റെ തൊലിക്കുള്ളിലേക്കു പടർന്നിറങ്ങാൻ ശ്രമിച്ചു അത് പരാജയപ്പെട്ടു.

 

നിന്ന് പെയ്താലും, നീണ്ട് പെയ്താലും ചേന്നൻ അനങ്ങില്ലെന്ന് മനസ്സിലാക്കിയപ്പോൾ, മഴമേഘങ്ങൾ തോൽവി സമ്മതിച്ചു പിൻവാങ്ങി തുടങ്ങി.

 

മഴ ഒതുങ്ങിയപ്പോൾ ചേന്നൻ എഴുന്നേറ്റു.ആ ഓലകൂരയെ താങ്ങി നിർത്തിയ, ദ്രവിച്ച അടക്കാമരത്തിൻ്റെ നാരുള്ള പട്ടിക്കക്കു ഇടയിൽ നിന്നും, പന കൈ വെട്ടി, കണ്ണപ്പ് ഒരുക്കി, ചുടാക്കി വഴക്കി എടുത്ത ചൂണ്ട കണ എടുത്തു.

 

മൺതറയുടെ ഓരത്തു, ഓലകീറിൻ്റെ തണലിൽ, കുഴിയാന ചുഴിയുടെ അരികിൽ നിന്നും കണ്ണില്ലാത്ത ഒരു ചിരട്ട ചേന്നൻ തപ്പി എടുത്തു. എന്നിട്ടു അത് അലക്കു കല്ലിൽ കൊട്ടി വൃത്തിയാക്കി. വാഴത്തോപ്പിനിടയിലെ കരിയില ചിഞ്ഞു കറുത്ത മണ്ണിൽ, മുറ്റത്തു കിടന്ന ചെറുകവര കൊമ്പ് കൊണ്ട് അയാൾ മണ്ണ് മാന്തി നോക്കി.

 

മണ്ണിളകി വെളിച്ചം കണ്ടപ്പോൾ വീണ്ടും മണ്ണിൽ ഒളിക്കാനായി പാഞ്ഞു നീണ്ട മണ്ണിരകൾ. ചേന്നൻ അതിനെ പിറക്കി എടുത്തു ചിരട്ടയിൽ ഇട്ടു. മണ്ണ് തപ്പി ചിരട്ടക്കുള്ളിൽ ഇരുവശത്തേക്കും അലഞ്ഞു നടന്ന അവറ്റകൾക്കു ആശ്വാസമായി, ചേന്നൻ ഒരു പിടി ചിഞ്ഞ മണ്ണ് വാരി ചിരട്ടയിൽ ഇട്ടു.

 

അയാൾ ആ ഓലക്കുടിലിൽ ഒറ്റക്കായിട്ടു വർഷങ്ങൾ ഒരുപാടായി. തന്തയെ കണ്ട ഓർമ്മയില്ല, തള്ള അവനു പത്തു വയസുള്ളപ്പോൾ ദീനം പിടിച്ചു ചത്തു. കപ്പയുടെ ചോട് മാന്തിയും, ഒടിഞ്ഞ വാഴക്കുല വെട്ടിയും ചാലിച്ചിറയിൽ ചൂണ്ട ഇട്ടും അവൻ വളർന്നു.

 

വേനലിൽ കായ്ക്കുന്ന പ്ലാവും മാവും അവൻ്റെ നാവിനെ രുചിയറിയിച്ചു. അവൻ ആരോടും മിണ്ടാറില്ല. അവൻ ഊമ ആണോ എന്ന സംശയം ചാലിക്കരയിലെ പല കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടായിരുന്നു.

 

പുറമെ ശാന്തമായി ഒഴുകുന്ന ചാലിച്ചിറയുടെ ഉള്ളിൽ ഒരുപാടു രഹസ്യങ്ങൾ ഉണ്ട്. ഒച്ച ഉണ്ടാകാതെ, ഓളം ഉണ്ടാകാതെ കടും പച്ച നിറത്തിൽ ഒഴുകുന്ന ചിറയുടെ അടിയിൽ ആഴത്തിലുള്ള കുളങ്ങൾ ഉണ്ട്, നിലയില്ലാത്ത കിണറുകൾ ഉണ്ട്, അരികുകളിൽ നട്ടുച്ചക്കും വെയിലിനെ കടത്തി വിടാത്ത പച്ചപ്പും ഉണ്ട്. ഇല്ലിക്കാടും പാതാള ചുഴിയും ഉണ്ട്.

 

ഇല്ലിക്കാടും പാതാള ചുഴിയും ചാലിക്കരയുടെ പേടി സ്വപ്നം ആണ്. ചാലിച്ചിറ ഇല്ലിക്കാട്ടിലേക്കു ഒഴുകി എത്തുമ്പോൾ, ഒരു കൈവഴിയിൽ കേറി പാതാള ചുഴിയെ വലം വെച്ച് പുറത്തേക്കു ഒഴുകി വരും. അവിടെ നിലയില്ലാത്ത ആഴത്തിൽ ഒരു കിണർ ഉണ്ടെന്നും, പാതാള ചുഴിയിലേക്കു പോയ മനുഷ്യനും മൃഗങ്ങളും ഒരിക്കലും തിരികെ വരില്ല എന്നും കേട്ടറിവുകൾ ഉണ്ട്.

 

മഹാബലി ഓണത്തിന് പാതാളത്തിൽ നിന്നും വരുന്നതും പോകുന്നതും ആ ചുഴിയിലൂടെ ആണെന്ന് അവിടത്തെ കുട്ടികൾ വിശ്വസിക്കുന്നുണ്ട്. പൂർവികർ പറഞ്ഞു പേടിപ്പിച്ച ഇല്ലിക്കാട്ടിലേക്കും പാതാളച്ചുഴിയിലേക്കും ആരും പോകാറില്ല, ചേന്നൻ ഒഴികെ. അയാളെ പറഞ്ഞു പേടിപ്പിക്കാൻ പൂർവികർ ആരും ഇല്ലാത്തതു കൊണ്ട് അയാൾ മാത്രം ചുണ്ട കണയുമായി എന്നും അവിടെ പോകും. വാഴവള്ളിയിൽ കോർത്ത മീനുകളുമായി തിരികെ വരും.

 

ചേന്നൻ്റെ ചുണ്ടയിൽ ചില്ലൻ കൂരിയും, പള്ളത്തിയും, വരാലും അങ്ങനെ പല മീനുകളും കൊത്തും. പിടിക്കുന്ന മീനിന് അവനൊരു കണക്കുണ്ട്, അതിൽ കൂടുതൽ ഒരിക്കലും പിടിക്കില്ല. കിട്ടിയ മീനുകളെ എല്ലാം വാഴവള്ളിയിൽ കോർത്ത് ചെത്തുകാരൻ കോരനു കൊടുക്കും. അയാൾ അവനു ഒരു മൊന്ത കള്ളും കൊടുക്കും.

 

"എടാ ചേന്നാ ...നീ പിടിക്കുമ്പോൾ കുറച്ചു അധികം പിടിക്കടാ ...ആറ്റു മീനിനെ ഷാപ്പിലെ മാപ്പിളക്ക് കൊടുത്താൽ ചോദിക്കുന്ന കാശ് തരും."

 

കോരൻ പലപ്പോഴും ചേന്നനോട് അത് പറയാറുണ്ട്. അത് കേൾക്കുമ്പോൾ ചേന്നൻ തിടുക്കത്തിൽ മൊന്തയിലെ കള്ള് വാങ്ങി കുടിച്ചിട്ട് ഓടി രക്ഷപ്പെടും. ഒന്നും ആവശ്യത്തിൽ അധികം എടുക്കാൻ ചേന്നന് ആവില്ല, അത് കൊടിയ പാപം ആണ്.

 

പെരുമഴ തോർന്നു കഴിഞ്ഞു തോളത്തു ചുണ്ട കണയുമായി, ഇടം കൈയ്യിൽ കണ്ണില്ലാ ചിരട്ടയിലെ മണ്ണിരകളുമായി, ഇല്ലിക്കാടിനടുത്തുള്ള പെണ്ണുങ്ങളുടെ കുളിക്കടവിനു മുന്നിലൂടെ ചേന്നൻ നടന്നു. ചേന്നനെ കണ്ടാൽ കുനിഞ്ഞു നിന്ന് അലക്കുന്ന പെണ്ണുങ്ങൾ തോർത്തുമുണ്ട് കൊണ്ട് മാറ് ഒളിപ്പിക്കാറില്ല, നാണിക്കാറില്ല കാരണം അവൻ പെണ്ണിനെ നോക്കാറില്ല. അവൻ പോയിക്കഴിയുമ്പോൾ അലക്കു കൂട്ടത്തിലെ പെണ്ണുങ്ങൾ കളി പറയും.

 

"ചേന്നൻ ആണാണോ എന്ന് സംശയം ഉണ്ട്?"

 

"പെണ്ണിൻ്റെ മുലയിൽ നോക്കാത്ത ആണുങ്ങൾ ഉണ്ടോ?"

 

"അതെങ്ങനെയാ പെണ്ണിൻ്റെ ചൂട് അറിയാനും ഒരു യോഗം വേണം."

 

അവരുടെ കളിയാക്കലുകൾ കൂടിയപ്പോൾ അലക്കികൊണ്ടിരുന്ന നീലി പറഞ്ഞു.

 

"ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ. ഒരു ശല്യവും ഇല്ലാതെ പോകുന്ന അവനെ കളിയാക്കുന്നത് എന്തിനാ?"

 

"ഓ ..പെണ്ണിന് മുത്തല്ലോ... അതെങ്ങനെയാ കെട്ടിക്കൊണ്ട് വന്ന മൂന്നാം മാസം കെട്ടിയവൻ്റെ തള്ള ചത്തു.. ആണ്ട് തികയുന്നതിനു മുന്നേ കെട്ടിയവനും ഇട്ടേച്ചു പോയി.."

 

"തള്ളേ ...തൊള്ള തുറക്കല്ലേ..സൂക്ഷിച്ചു സംസാരിക്കണം."

 

നീലി വേലത്തിയുടെ മരുമകൾ ആണ്. വേലത്തിയുടെ കാലം കഴിഞ്ഞു വലിയ വീടുകളിലെ വിഴുപ്പു അലക്കിയാണ് ജീവിക്കുന്നത്.

 

അലക്കു കൂട്ടത്തിലെ പെണ്ണുങ്ങളില്ലാത്ത  ഒരിക്കൽ ചേന്നൻ ഇല്ലിക്കാട്ടിലേക്ക് നടക്കുന്നത് നീലി കണ്ടു. വേഗത്തിൽ നടന്ന ചേന്നനെ നീലി ഉറക്കെ വിളിച്ചു.

 

"ചേന്നാ...ഇല്ലിക്കാട്ടിലേക്കു എനിക്ക് വരാമോ?"

 

ചേന്നൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി, എന്നിട്ട് ഒന്നും മിണ്ടാതെ ഇല്ലിക്കാട്ടിലെ നടവഴിയിലൂടെ മുന്നോട്ടു നടന്നു. നീലി ചിറയിലെ വെള്ളത്തിൽ സോപ്പ് പത കഴുകി മുണ്ടിൽ തുടച്ചു, ചേന്നൻ നടന്ന വഴിയിലൂടെ ഇല്ലിക്കാട്ടിനുള്ളിലേക്കു കേറി.

 

മനുഷ്യൻ ശല്യപ്പെടുത്താത്ത പച്ചപ്പിൻ്റെ കലവറ. പരിചയം ഇല്ലാത്ത കാലൊച്ച കേട്ടപ്പോൾ ഇഴജന്തുക്കൾ തല പൊക്കി നോക്കി. തവളകൾ വെള്ളത്തിലേക്ക് എടുത്തു ചാടി. മീനുകൾ നീരാട്ട് നിർത്തി എത്തി നോക്കി. മുന്നോട്ടു ഇഴഞ്ഞെത്തിയ ഒരു മൂർഖൻ അവളുടെ വഴി തടഞ്ഞു നിന്നു. പരിഭ്രമിച്ചു പോയ അവൾ അടഞ്ഞ ശബ്ദത്തിൽ വിളിച്ചു.

 

"ചേന്നാ..."

 

അത് കേട്ട ചേന്നൻ പച്ചപ്പിനിടയിൽ നിന്നും എത്തി നോക്കി, മുർഖനോട് വഴി മാറാൻ ആംഗ്യം കാട്ടി. അത് കണ്ട മൂർഖൻ അനുസരണയുള്ള ഒരു നായക്കുട്ടിയെ പോലെ ഇഴഞ്ഞു മാറി നിന്നു. നീലി ചേന്നനു പിന്നിലായി ആ നടവഴിയിലൂടെ നടന്നു.

 

അവർ എത്തിച്ചേർന്നത് ഇല്ലിക്കാട്ടിന് നടുവിൽ ഉള്ള ചാലിച്ചിറയുടെ കൈവഴിയിൽ ആയിരുന്നു. ചുറ്റും മരങ്ങളും ഇല്ലിയും പടർന്നു നിൽക്കുന്ന കുളം പോലെ തോന്നുന്ന ആ ചിറയുടെ ഉർജ്ജ സ്രോതസ്സിൽ. ചേന്നൻ മിനുസം ഉള്ള ഒരു പാറയിൽ ഇരുന്നു, തൻ്റെ ചുണ്ടയിൽ ഇര കോർത്ത് ചിറയിലേക്കു എറിഞ്ഞു, പൊങ്ങ് അനങ്ങുന്നതിനായി  കാത്തിരുന്നു.

 

നീലി ആ അത്ഭുത ലോകത്തെ കാഴ്ചകൾ ആസ്വദിച്ചു. പച്ചപ്പ്‌ നിറഞ്ഞ ആ ഇല്ലിക്കാട്ടിൽ തവള കുഞ്ഞുങ്ങൾ ചാടി കളിക്കുന്നു. കിളികൾ പതിവില്ലാതെ ഒരു അതിഥിയെ കണ്ടപ്പോൾ ഉത്സാഹിച്ചു പാട്ട് പാടി. മീനുകൾ തെളിഞ്ഞ വെള്ളത്തിലൂടെ നീന്തി തുടിക്കുന്നു. കാട്ടിലെ പച്ചപ്പിനിടയിലൂടെ പല ജീവികളും എത്തി നോക്കുന്നു. ചേന്നൻ മാത്രം അവളെ ശ്രദ്ധിക്കാതെ, ഒന്നും മിണ്ടാതെ, ചൂണ്ട പൊങ്ങ് അനങ്ങുന്നതും നോക്കി ഇരുന്നു.

 

നീലി അവളുടെ വെളുത്ത കാൽവിരലുകൾ കൊണ്ട്, ആ തെളിഞ്ഞ വെള്ളത്തിൽ തൊട്ടു. അവിടെ നിന്നും ഉൽഭവിച്ചു പടർന്ന ഓളങ്ങൾ കണ്ട് ചേന്നൻ അവളുടെ കാൽ വിരലുകളിലേക്ക് നോക്കി. ചേന്നൻ്റെ നോട്ടം എത്തിയപ്പോൾ അവളുടെ കാലുകളെ മറച്ചിരുന്ന, വെള്ള മുണ്ടിൻ്റെ നനഞ്ഞ തുമ്പു പതിയെ അവൾ വലിച്ചുയർത്തി.

 

വെണ്ണപോലുള്ള ആ കാലുകളിൽ നിന്നും നോട്ടം എടുക്കാൻ ചേന്നനു കഴിഞ്ഞില്ല. അത് കണ്ട നീലി എഴുന്നേറ്റു ചേന്നനു അടുത്തേക്ക് വന്ന്, നഗ്നമായാ അവൻ്റെ നെഞ്ചിൽ കൈകൾ അമർത്തി. അവനെ പാറയിടുക്കിലെ പച്ചപ്പിലേക്ക് തള്ളി. കമ്യൂണിസ്റ് പച്ചയുടെ തണ്ടുകൾ വളഞ്ഞു അവനായി മെത്ത ഒരുക്കി. ഉടയാടകൾ അവളുടെ ദേഹത്ത് നിന്നും ഇല്ലികൊമ്പിലെക്കു ചെക്കേറി, ചെറുകാറ്റിൽ നൃത്തം ആടിക്കൊണ്ടിരുന്നു. അവൻ്റെ മുകളിലെ നിശ്വാസങ്ങൾ പതിയെ കിതപ്പുകൾ ആയി മാറി. അവളുടെ കിതപ്പുകൾക്ക് താളവും വേഗതയും കൂടിക്കൊണ്ടിരുന്നു. അവൾ കിതച്ചുകൊണ്ട് ചെറുകുന്നുകളും പർവതങ്ങളും കൊടുമുടികളും കീഴടക്കി താഴ്വാരങ്ങളിലേക്കു എടുത്തു ചാടി.

 

നഗ്നമായ അവനെ പൊതിഞ്ഞു കിടക്കുമ്പോൾ നീലി ചോദിച്ചു.

 

"എന്നെ കൂടെ പൊറുപ്പിക്കാമോ?.. പുതപ്പിൻ്റെ തണലിലും, ചിറയുടെ തണുപ്പിലും, ഉള്ളിലെ മോഹങ്ങൾ അടക്കാൻ കഴിയുന്നില്ല.... എനിക്ക് ഒരു ആണിൻ്റെ ചൂട് വേണം."

 

"നീ കെട്ടിയത് ആണോ?"

 

ചേന്നൻ്റെ ശബ്‌ദം ആദ്യമായി അവൾ കേട്ടു.

 

"ഉം...കഴിഞ്ഞ വൃശ്ചികത്തിൽ കരിമഷിയും കുപ്പിവളകളുമായി വരാം എന്ന് പറഞ്ഞു പോയതാ ... തിരികെ വന്നില്ല."

 

ചേന്നൻ്റെ നെഞ്ചിലെ കറുത്ത രോമങ്ങൾക്കിടയിലൂടെ നീലി വിരലുകൾ കൊണ്ട് തഴുകി, അതിൽ നിന്ന് ഒന്നിനെ പിഴുതെടുത്തു.

 

ചേന്നൻ്റെ അമ്മയുടെ മരണ ശേഷം, അവൻ്റെ ചെറ്റക്കുടിലിൽ വീണ്ടും ഒരു സ്ത്രീയുടെ പാദം പതിഞ്ഞു. പുതിയ അതിഥിയെ കണ്ടപ്പോൾ മാറാല കെട്ടിയ മൂലകളിൽ നിന്നും പല്ലികൾ തല ഉയർത്തി നോക്കി. സ്വയം നെയ്ത് വലക്കുള്ളിൽ ഇര വന്നുവീഴുന്നതിനായി കാത്തിരുന്ന ചിലന്തികൾ അവളുടെ നേരെ കണ്ണെറിഞ്ഞു. പഴകി ദ്രവിച്ച ആ കുടിലും, ഒരു കീറപായും അവളെ എതിരേറ്റു.

 

കീറപായിൽ അന്ന് രാത്രിയും ചേന്നനും നീലിയും കുന്നുകളും പർവതങ്ങളും തേടി വീണ്ടും യാത്ര പോയി. അവൻ്റെ പൗരഷത്തിനു മുകളിൽ നീലി കാലുകൾ വിടർത്തി, നഗ്നമായ അവളുടെ പുറത്തഴിഞ്ഞു കിടന്ന മുടി വാരികെട്ടി നൃത്തമാടി. ഒടുവിൽ തളർന്നു വിയർപ്പു പൊടിഞ്ഞ അവൻ്റെ ദേഹത്ത് ഒട്ടികിടക്കുമ്പോൾ അവൾ പറഞ്ഞു.

 

"നാളെ മുറ്റത്തൊട്ടു ചാഞ്ഞു നിൽക്കുന്ന ആ തെങ്ങിൽ നിന്നും ഒരു കൈ വെട്ടണം. ഓല കീറി ചൂല് കെട്ടി ഇവിടെ എല്ലാം ഒന്ന് വൃത്തിയാക്കണം."

 

അങ്ങനെ തെങ്ങും കൈ കുറ്റിച്ചൂലായി മാറി. കുലച്ചു നിന്ന പന, ചട്ടികളും കലങ്ങളുമായി മാറി. മൂത്തുവിളഞ്ഞു നിന്ന നാളികേരം വെള്ള അരിയും, ചായ പൊടിയും, പഞ്ചസാരയും ഒക്കെയായി മാറി. പതിയെ ചേന്നൻ്റെ ചെറ്റക്കുടിലും ഒരു വീടായി മാറി.

 

ഒരിക്കൽ ചൂണ്ട കണയുമായി മുറ്റത്തേക്ക് ഇറങ്ങിയ ചേന്നനോട് നീലി ചോദിച്ചു.

 

"മീൻ കൊടുക്കുമ്പോൾ ചെത്തുകാരൻ കോരനോട്, കള്ളിന് പകരം അല്പം കാശ് തരാൻ പറഞ്ഞാൽ വീട്ടു സാധനങ്ങൾ മേടിക്കാമായിരുന്നല്ലോ?"

 

അന്ന് ചേന്നൻ കോരനോട് ആദ്യമായി മിണ്ടി. അവൻ ഊമ അല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ കോരൻ ആദ്യം ഒന്ന് ഞെട്ടി, പിന്നെ പറഞ്ഞു.

 

"എൻ്റെ കൈയ്യിൽ എവിടന്നാ ചേന്നാ കാശ്. കാശു വേണമെങ്കിൽ നീ ഷാപ്പിലെ മാപ്പിളക്ക് കൊണ്ട് പോയി കൊടുക്ക്."

 

പിറ്റേ ദിവസം പിടിച്ച മീനുമായി ചേന്നൻ ഷാപ്പിലെ മാപ്പിളയുടെ അടുത്ത് ചെന്നു. അയാൾ ആ വാഴവള്ളിയിലെ മീനുകളെ എടുത്തുയർത്തി നോക്കി. എന്നിട്ട് മേശയുടെ അറയിൽ നിന്നും ഒരു നൂറു രൂപ എടുത്തു, തല ചൊറിഞ്ഞു നിൽക്കുന്ന ചേന്നനു കൊടുത്തു.

 

ചേന്നൻ തിടുക്കത്തിൽ വീട്ടിലെത്തി, കാശ് നീലിയുടെ കൈയ്യിൽ കൊടുത്തു. അപ്പോൾ അവളുടെ മുഖത്തു വിടർന്ന പുഞ്ചിരിക്കും ആ ഒറ്റനോട്ടിൻ്റെ തിളക്കം ഉണ്ടായിരുന്നു.

 

അന്ന് രാത്രിയിലെ അവളുടെ കിതപ്പുകൾക്ക് താളവും വേഗതയും കൂടുതലായിരുന്നു. അവൾ കിതച്ചുകൊണ്ട് ചെറുകുന്നുകളും പർവതങ്ങളും കൊടുമുടികളും കീഴടക്കി താഴ്വാരങ്ങളിലേക്കു എടുത്തു ചാടി. ഒടുവിൽ തളർന്നു വിയർപ്പു പൊടിഞ്ഞ അവൻ്റെ ദേഹത്ത് ഒട്ടികിടക്കുമ്പോൾ അവൾ ചോദിച്ചു.

 

"മീൻ അല്പം കൂടുതൽ കൊടുത്താൽ ഷാപ്പിലെ മാപ്പിള കൂടുതൽ കാശ് തരില്ലേ?"

 

അങ്ങനെ ചേന്നൻ പിടിക്കുന്ന മീനുകളുടെ എണ്ണം കൂടി, വാഴവള്ളികൾ കൂടി. അവളുടെ ആവശ്യങ്ങളും കൂടി.

 

ആഗ്രഹങ്ങൾ എത്തിപ്പിടിക്കാൻ ചേന്നനു കഴിയാതായപ്പോൾ കീറപായിലെ അവളുടെ ആവേശങ്ങൾ കുറഞ്ഞു വന്നു. കുന്നുകളും പർവതങ്ങളും തേടിയുള്ള യാത്രകളും മടുത്തു തുടങ്ങി.

 

അടുത്ത തുലാവർഷത്തിനു മുൻപ് മേൽക്കൂരയിലെ പഴകി ദ്രവിച്ച ഓല മാറണം. നീലി അലക്കി മടക്കി വെച്ച വെള്ള മുണ്ടിൻ്റെ ഇടയിലെ നോട്ടുകൾ എടുത്ത് എണ്ണി നോക്കി നിരാശയോടെ പറഞ്ഞു.

 

"അതെങ്ങനെയാ ദിവസവും ഒരു ചൂണ്ട കണയും, ഒറ്റ കൊളുത്തും ആയി പോയാൽ എത്ര മീൻ കിട്ടാനാ. ആണുങ്ങൾ ആണെങ്കിൽ വല്ലോ വീശുവല എറിഞ്ഞോ, തൊട്ട പൊട്ടിച്ചോ കാശ് ഉണ്ടാകാൻ നോക്കും. "

 

അത് കേട്ടിട്ടും ഭാവ വിത്യാസം ഒന്നും ഇല്ലാത്ത ചേന്നനെ കാണുമ്പോൾ നീലി അരിശത്തോടെ പറയും.

 

"മനുഷ്യനെ ഊറ്റി ജീവിക്കാൻ ആയി കുറെ എണ്ണങ്ങൾ ഉണ്ട്. മറ്റുള്ളവരുടെ കഷ്ടപ്പാട് വല്ലതും അറിയണോ? എന്ത് പൊട്ടബുദ്ധിക്കാണോ ഈ തെണ്ടികൂട്ടത്തിലേക്ക് ഇറങ്ങി പോരാൻ തോന്നിയത്, അന്ന് മുതൽ അനുഭവിച്ചു തുടങ്ങിയതാ. അതെങ്ങനെയാ ആരു ചത്തിട്ടായാലും കഷ്ട്ടപ്പെട്ടിട്ടു ആണെങ്കിലും സ്വന്തം കാര്യങ്ങൾ ഒക്കെ നടക്കുന്നുണ്ടല്ലോ, വെറുതെ ഇരുന്നു തിന്നാൽ മതിയല്ലോ?"

 

ഇതുവരെ ചേന്നനെ ഇടവപ്പാതിയും തുലാവർഷവും ഒന്നും ഭയപ്പെടുത്തിയിരുന്നില്ല. ഇടിച്ചു കുത്തി പെയ്യ്ത പെരുമഴയും, ചുട്ടുപൊള്ളിച്ച വേനലും ഒന്നും അവൻ വേർതിരിച്ചിരുന്നില്ല. എല്ലാം ഒരുപോലെ ആയിരുന്നു. പക്ഷേ ഇപ്പോൾ, അവൻ്റെ ഉള്ളിൽ എന്തോ ഒരു വിറയൽ.

 

ശാപ വാക്കുകൾ കേട്ട് മടുത്ത ഒരു വൃശ്ചിക പുലരിയിൽ, ചേന്നൻ ചൂണ്ട കണയും മണ്ണിരകളും ഇല്ലാതെ ഇല്ലിക്കാട്ടിലേക്ക് നടന്നു. പതിവായി കേട്ടിരുന്ന കാലടികളുടെ പ്രകമ്പനം കൂടുന്നത് ഇല്ലിക്കാടും അന്തേവാസികളും അറിഞ്ഞു. അവറ്റകൾ പച്ചില മറയിൽ ചേന്നനെ എത്തി നോക്കി. ചേന്നനും നീലിയും കെട്ടുപിടഞ്ഞു ഇണചേർന്ന ആ പാറക്കല്ലിൽ അയാൾ കുത്തിയിരുന്നു. അരയിൽ ഒളിപ്പിച്ച ചാക്ക് നൂലുകൊണ്ട് വലിഞ്ഞു കെട്ടി മുറുക്കിയ തോട്ട പുറത്തെടുത്തു. കരിമരുന്നു പുരട്ടി നീണ്ടു കിടന്ന ആ കറുത്ത തിരിയിൽ അയാൾ ചുണ്ടിലെ ബീഡികുറ്റികൊണ്ട് തീ പകർന്നു. ചെറുപൂത്തിരി വിടർത്തി എരിഞ്ഞു കയറിയ ആ തിരി കണ്ട് ഇല്ലിക്കാട് വിറച്ചു. എരിച്ചിൽ കടയോട് അടുത്തപ്പോൾ ചേന്നൻ ആ തോട്ട, പാതാള ചുഴിയിലേക്ക് വലിച്ചെറിഞ്ഞു.

 

"ഭും"

 

ഭയാനകമായ ഒരു ശബ്ദത്തോടെ പാതാള ചുഴിയിലെ വെള്ളം ഇല്ലിപൊക്കത്തിൽ കുതിച്ചു ചാടി.

 

ചതി കൊടുംചതി.

 

ചെളിക്കുണ്ടിൽ തുള്ളികളിച്ച താവളക്കുഞ്ഞുങ്ങൾ പിന്നോട്ട് ചാടി, ഭയത്തോടെ ചേന്നനെ നോക്കി. കിളികൾ പാട്ട് നിർത്തി. ഇല്ലിക്കാട്ടിലെ പച്ചപ്പിനിടയിലെ ജീവികൾ ഭയന്നു മാളത്തിൽ ഒളിച്ചു. തെളിവെള്ളത്തിൽ നീന്തി കളിച്ചിരുന്ന മീനുകൾ ചത്തു മലർന്നു പാതാള ചുഴി ചുറ്റിയോഴുകി.

 

മൂകത ശ്മാശാനമൂകത.

 

നിശബ്തതയെ ഭേദിച്ചു കൊണ്ട് ഇഴഞ്ഞെത്തിയ കരിമൂർഖൻ ചേന്നൻ്റെ വഴി തടഞ്ഞു. മിനുസ്സമുള്ള ആ പറയിലേക്കു ഇഴഞ്ഞുകേറി ചേന്നൻ്റെ നേരെ പത്തി വിടർത്തി ചീറ്റി. ഭയന്നു പിന്നോട്ടു മാറിയ ചേന്നൻ്റെ കാലുകൾ ആദ്യമായി ആ പാറയിൽ വഴുതി. അയാൾ മലർന്നു പാതാള ചുഴിയിലേക്കു പതിച്ചു. നിലയില്ലാ കിണറിൻ്റെ ആഴങ്ങളിലേക്ക് പാതാള ചുഴി വലിച്ചടുപ്പിച്ചപ്പോൾ, നീലിയോട് അവൻ അവസാനം പറഞ്ഞ വാക്കുകൾ ഓർത്തു.

 

"കരിമഷിയും കുപ്പിവളകളുമായി തിരികെ വരാം".

Subscribe to Suyati Technologies