Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഹിമമായ് മഴയായ്

ഹിമമായ് മഴയായ്

കണ്ണടച്ചു പ്രാർത്ഥിക്കുകയായിരുന്ന സിത്താര അറിഞ്ഞില്ല വാതിലിനിരു പുറവും രണ്ട് ആൾ രൂപങ്ങൾ വന്നു മറഞ്ഞു നിന്നത്. കണ്ണ് തുറന്ന് അവൾ തിരിഞ്ഞതും..

ഒന്ന് .. രണ്ട്.. മൂന്ന്.. 

അലർച്ചയോടെ രണ്ടു പേർ അവൾക്കു നേരെ ചാടി വീണു. പേടിച്ചു പോയ അവൾ ഒരു നിമിഷം ഞെട്ടിത്തരിച്ചു് കൈകൾ കൊണ്ട് ചെവി  രണ്ടും പൊത്തിപ്പിടിച്ചു.. അയ്യോ.. അവൾ കണ്ണുകൾ ഇറുക്കിയടച്ചു..

മോളുടെയും കെട്ടിയോൻെറയും  പൊട്ടിച്ചിരി കേട്ടപ്പോഴാണ് അവൾക്കു കാര്യം മനസ്സിലായത്.

"മതി മതി.. കളി കുറച്ചു കൂടുന്നുണ്ട്. എൻെറ ജീവൻ പോയി"

മോളുടെ ചിരി അപ്പോഴും നിന്നില്ല.

"ഇന്നത്തെ ദിവസം ഏതാണെന്നു ഓർമ്മയുണ്ടോ"

പേസ്റ്റും ബ്രഷും എടുക്കുമ്പോൾ പിന്നിലൂടെ നടന്നു നീങ്ങിയ സിത്താര ഒരു ചോദ്യം എറിഞ്ഞിട്ടു പോയി.

അധികം സമയം വേണ്ടി വന്നില്ല, കിരൺ ആലോചിച്ചെടുത്തു.

"തൻെറ ബർത്ത് ഡേ ഞാൻ മറന്നു കളയുമെന്നാണോ വിചാരിച്ചത്. ഇന്നലെ ഒരു ഗിഫ്റ്റ് വാങ്ങി വെക്കണം എന്നു വിചാരിച്ചതാ.  ഓഫീസിൽ നിന്ന് ഇറങ്ങാൻ ലേറ്റ് ആയ കാരണം പറ്റിയില്ല. പകരം ഇന്ന് വൈകിട്ട് നമുക്ക് ഒരു സിനിമക്ക് പോയാലോ"

മനസ്സ് കൊതിച്ച കരുതലിൻെറ ആ തലോടൽ അവളുടെ ചുണ്ടിൽ ഒരു പനീർപ്പൂ വിരിയിച്ചു.

സത്യത്തിൽ കിരൺ അത്  ഓർത്ത് വെച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ എപ്പോഴൊക്കെ ആ ചോദ്യം സിത്താര ചോദിച്ചാലും അതിൻെറ ഉത്തരം അവന് പെട്ടന്ന് ഓർത്തെടുക്കാൻ പറ്റും. കാരണം അവളുടെ മനസ്സിലെ ഒരു  

ചെറു കലണ്ടറിൽ കുറിച്ചിട്ടേക്കുന്ന തീയതികൾ കുറച്ചേ ഉള്ളു. അവളുടെയും കുഞ്ഞിൻെറയും തൻെറയും ജന്മ ദിനങ്ങൾ. പിന്നെ വിവാഹ ദിനം. 

[ പക്ഷേ ഇതു കൂടാതെ,  തന്നെ പെണ്ണു കാണാൻ വന്നതിൻെറയും വിവാഹ നിശ്ചയത്തിൻെറയും തീയതികൾ  സിത്താര ഓർമയിൽ സൂക്ഷിക്കുന്നുണ്ടായിരുന്നു ]

വൈകുന്നേരം ഓഫീസിൽ നിന്നും കിരൺ കുറച്ച് നേരത്തെ ഇറങ്ങി. വരുന്ന വഴിക്ക് നഗരത്തിലെ അറിയപ്പെടുന്ന നല്ലൊരു ബേക്കറിയിൽ കയറി. ചോക്ലേറ്റ് പേസ്റ്ററി കേക്ക് വാങ്ങുമ്പോഴാണ് അവിടെ കോഫി ടേബിളിൽ ഇരുന്ന സ്ത്രീയെ അവൻ ശ്രദ്ധിച്ചത്. അത് .. അത് ഹിമ അല്ലേ.. അതേ.

അവൻ ടേബിളിനെ സമീപിച്ചു  "ഹിമ അല്ലേ"

"യെസ്" അവൾ തല ഉയർത്തി 

"എന്നെ മനസ്സിലായോ"

മനസ്സിൽ അവൾ സ്‌കാൻ ചെയ്‌തു  കൊണ്ടിരിക്കുമ്പോൾ അവൻ സ്വയം പരിചയപ്പെടുത്തി 

"ഞാൻ കിരൺ ആണ്. N.S.S. കോളേജിൽ നമ്മൾ..."

"ആഹ്.. എടോ താനോ.. എനിക്കാദ്യം മനസ്സിലായില്ല. അന്നത്തേതിൽ നിന്നും താൻ മാറി"

"ഹിമക്ക് ഒരു മാറ്റോം ഇല്ല. അന്നത്തെ പോലെ തന്നെ. അതാ ഞാൻ പെട്ടന്ന് തിരിച്ചറിഞ്ഞെ".

"ഇരിക്കെടോ. കോഫി or ജ്യൂസ്. എന്താ വേണ്ടെ"

"ഒന്നും വേണ്ട. കുടുംബത്തെയും കൂട്ടി ഒരു ഫിലിം കാണാൻ പോകണം. ഇരുന്നാൽ വൈകും".

"എന്നാ പിന്നെ നടക്കട്ടെ. carry on. കാണാം".

ഫോൺ നമ്പറുകൾ കൈ മാറി പിരിഞ്ഞു.

സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ കിരണിൻെറ മനസ്സിൽ ഒരു ഭാഗത്ത് ഹിമയെ പറ്റിയുള്ള ഓർമകളും ചിന്തകളും ആയിരുന്നു. 

കോളേജിലൂടെ അവൾ നടന്നു നീങ്ങുമ്പോൾ വീശുന്ന പെർഫ്യൂമിൻ്റെ ആ ഒരു സുഗന്ധം.. അവളെ കടന്നു പോകുന്ന ആരും ഒരു നിമിഷം കണ്ണടച്ച് ശ്വാസം ഉള്ളിലേക്കെടുക്കും.. ഒപ്പം വശ്യമാർന്ന അവളുടെ മുഖവും!

കോളേജ് പഠന കാലത്ത്,  രാഷ്ട്രീയത്തിലൂടെയാണ് തമ്മിൽ പരിചയം വരുന്നത്. യൂണിയൻ ചെയർ മാനായി താനും ആർട്സ് ക്ലബ്ബ് സെക്രട്ടറി ആയി ഹിമയും ജയിച്ചു. വ്യത്യസ്‌ത പാർട്ടികളിൽ ആയിരുന്നെങ്കിലും, കഴിവും പ്രാപ്തിയും ഉള്ളവരെ മനസ്സുകൾ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്‌തു പോന്നു.

രാഷ്ട്രീയ മത ഭേദമന്യേ അവളുടെ മനസ്സിൽ ഇടം നേടാൻ പലരും വോട്ട് ചെയ്തു നോക്കി. പക്ഷേ അതെല്ലാം അവൾ അസാധുവാക്കി. എന്തോ.. തനിക്കന്ന് അങ്ങനെ പിറകെ നടക്കാൻ തോന്നിയില്ല. പണവും പ്രതാപവും കഴിവും പിന്നെ ആരും ശ്രദ്ധിച്ചു പോകുന്ന ആ സൗന്ദര്യവും കൂടിക്കലർന്ന്, ഉയരത്തിൽ പടർന്നു നിൽക്കുന്ന ഒരു വല്ലരിയെ പിടിക്കാൻ എന്തിന് വെറുതെ ശ്രമിക്കണം! മാത്രമല്ല, ഒരു സുഹൃത്തായി മാത്രമേ അവൾ അന്നു തന്നെ കാണുന്നുണ്ടായിരുന്നുള്ളൂ. ഒരുപാടു നേരം അങ്ങനെ സംസാരിച്ചിരിക്കുമായിരുന്നു... പല വിഷയങ്ങളെക്കുറിച്ച്, പല വാർത്തകളെക്കുറിച്ച്, തങ്ങളെക്കുറിച്ച് തന്നെയും...   

കോളേജ് കാലം കഴിഞ്ഞു. എല്ലാരും പല ഇടങ്ങളിലേക്ക് ചേക്കേറി. ബന്ധങ്ങൾ കുറഞ്ഞു വന്നു. ഹിമയുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നെങ്കിലും പോകാൻ കഴിഞ്ഞില്ല. അന്നു തന്നെ ആയിരുന്നു പെങ്ങളുടെ കുഞ്ഞിൻെറ ചോറൂണ്. തൻെറ കല്യാണ സമയത്ത് അവൾ വിദേശത്തായിരുന്നു. വർഷങ്ങൾക്കിപ്പുറം ഇന്നാണ് നേരിൽ കാണുന്നത്

അന്നു ബേക്കറിയിൽ വെച്ച് അധികം സംസാരിക്കാൻ പറ്റാഞ്ഞത് നന്നായെന്ന് കിരണിനു തോന്നി. ഫോണിലെ ചാറ്റിങ്ങിൻെറ ജാലകം തുറക്കാൻ അതൊരു കാരണമായി. നഗരത്തിലെ ഒരു ഫ്ലാറ്റിലാണ്  അവളുടെ താമസം. ഭർത്താവ് വിദേശത്താണ്. മകൾ ഊട്ടിയിലെ ഗുഡ് ഷെപ്പേർഡ് സ്‌കൂളിൽ പഠിക്കുന്നു. 

ഇടയ്ക്കിടെ ഉള്ള മെസ്സേജിങ്ങും സ്മൈലികളും കിരണിൻെറ ദിവസങ്ങളെ ഉത്സാഹമുള്ളതാക്കി മാറ്റി.

ഷോപ്പിംഗ് മാളുകളിലോ കോഫീ ഷോപ്പിലോ വല്ലപ്പോഴും അവർ കണ്ടു മുട്ടി. അവളുടെ സംസാരവും, ചിരിയും, പ്രസരിപ്പും എല്ലാം, കിരണിൻെറ മുഖത്ത്‌   പ്രസന്ന തയും ഹൃദയത്തിൽ താളവും ചുണ്ടിൽ മൂളിപ്പാട്ടുകളും കൂടു കൂട്ടാൻ കാരണമായി.

നെഞ്ചിലെ രാഗം ഒരു കുന്നിക്കുരുവിൽ നിന്നും ഒരു കുന്നോളം വളർന്നിരിക്കുന്നു. ഒരു കാലത്ത് അങ്ങകലെയായിരുന്ന ഒരു സ്വപ്നം, ഇന്ന് കൈ എത്തും ദൂരത്ത്, ഒരു അപ്പൂപ്പൻ താടി പോലെ പറന്ന് ഈ നഗരത്തിൽ തൻെറ അടുത്ത് എത്തിയിരിക്കുന്നു.  

മധുരം നിറച്ചതും കുസൃതികൾ ഒളിപ്പിച്ചതുമായ അവൻെറ മെസ്സേജുകളെ നിശബ്ദത കൊണ്ടും, കാല താമസം വരുത്തിയും, ഉത്തരങ്ങൾക്കു പകരം വെറുതെ  സ്മൈലികൾ മാത്രം അയച്ചും ഹിമ അവനെ നിരുത്സാഹപ്പെടുത്തി. 

പക്ഷേ അവനു വിട്ടു കളയാൻ ഭാവമില്ലായിരുന്നു. "കാണണം.. ഒരുമിച്ചു ചെലവഴിക്കണം.." പിന്നെപ്പിന്നെ അവൻ തൻെറ ആഗ്രഹം അറിയിച്ചു കൊണ്ടേ ഇരുന്നു. 

"ഹേയ് അതൊന്നും വേണ്ട.. ശെരിയാകില്ല" ഹിമ അവനെ പിന്തിരിപ്പിക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു.

"വേണം.. വേണം" അവൻ അവളെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

അവസാനം ഒരു ദിവസം അവൾ മെസ്സേജ് ചെയ്തു  "ശെരി.. നാളെ evening meet ചെയ്യാം"

"എവിടെ വെച്ച്"

"എൻെറ ഫ്ലാറ്റിൽ വെച്ച്"

അവൻെറ മനസ്സിൽ ഒരു ഹിമ മഴ പെയ്തു തുടങ്ങി!

 പിറ്റേന്ന് ഒരു നാലു മണിയോടെ കിരൺ ഓഫീസിൽ നിന്നും ഇറങ്ങി.

ഫ്ളാറ്റിലെ കാളിങ് ബെല്ലിൽ വിരലമർത്തുമ്പോൾ അവൻെറ ഉള്ളം ഹിമം പോലെ തണുത്തുറഞ്ഞിരുന്നു.

പച്ചയും മഞ്ഞയും ഇട കലർന്ന നല്ല ഭംഗിയുള്ള ചുരിദാറിൽ ഹിമ വന്നു വാതിൽ തുറന്നു. 

"വാ.."

ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ അവൾ പറഞ്ഞു "തൻെറ കൈയ്ക്ക് എന്തൊരു തണുപ്പ്"!

"ഒന്നു ഫ്രഷ് ആയിട്ടു വാ. അപ്പോഴേക്കും ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കാം"

നൂഡിൽസ് കഴിച്ചിട്ട്  അവൻ കൗച്ചിൽ ഇരുന്ന് ന്യൂസ് പേപ്പർ വെറുതെ മറിച്ചു നോക്കിക്കൊണ്ടിരുന്നു. 

കിച്ചണിൽ നിന്നും വന്ന ഹിമ പതിയെ അവൻെറ അരികെ വന്നിരുന്നു.

"താൻ എന്തെങ്കിലും ഒക്കെ പറ" ഹിമ നിശബ്ദത ഭേദിച്ചു.

കിരണിനു വാക്കുകൾ ഒന്നും പുറത്തേക്ക് വന്നില്ല. ഒരു പക്ഷിയുടെ നിർത്താതെയുള്ള ചിറകടി പോലെ അവൻെറ ഹൃദയം പിടച്ചു കൊണ്ടിരുന്നു. അവൾ ആ ശബ്ദം കേൾക്കുന്നുണ്ടോ..!

"ഹലോ.." എന്നു പറഞ്ഞു കൊണ്ട് അവൾ അവൻെറ തോളിൽ തട്ടിയുണർത്തി.

പെട്ടെന്ന് അവൻ അവളുടെ ആ കൈത്തലം എടുത്തു തൻെറ കൈകൾക്കുള്ളിലാക്കി. ഹോ.. എന്തൊരു മാർദ്ദവം! എങ്ങു നിന്നോ ഒരു മെലഡി സോങ്ങ് അപ്പൂപ്പൻ താടി പോലെ അവിടെ പറന്നു വന്നു..

അവളുടെ കൈത്തണ്ടയിൽ അവൻ ചുംബിച്ചു. നെയ്യും പഞ്ചസാരയും ചേർത്തുണ്ടാക്കിയ ഒരു മധുര  പലഹാരം നാവിൽ മൃദുവായ് അലിഞ്ഞു ചേരുന്ന പോലെ അവനു തോന്നി.

ഹിമ പതിയെ അവനെ പിടിച്ച് തൻെറ മടിയിൽ കിടത്തി. അവൻെറ മുഖത്തും മുടിയിലും കൈ വിരലുകൾ ഓടിച്ചു കൊണ്ട് അവനെ ഓമനിച്ചു. 

 "കിരൺ മനസ്സിൽ ഇപ്പോ ചിന്തിക്കുന്നതെന്താണെന്നു ഞാൻ പറയട്ടെ"

"ഉം.. പറയ്"

"ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ഞാൻ ആണെന്നല്ലേ"

"ഓഹ്.. എങ്ങനെ മനസ്സിലായി.."!

"ഉം.. അതേ  ഞങ്ങൾ പെണ്ണുങ്ങൾക്ക് നിങ്ങൾ ആണുങ്ങടെ മനസിൽ എന്താണെന്നു  വായിച്ചെടുക്കാൻ നല്ല കഴിവാ.. നിങ്ങൾ ഒന്നും സംസാരിക്കണമെന്നില്ല"

"പിന്നെ.. കിരണിനു തരാൻ ഞാൻ ഒരു സമ്മാനം കരുതി വെച്ചിട്ടുണ്ട്".

ഇവളേക്കാൾ വലിയൊരു സമ്മാനം ഇനി എന്ത്!. 

"എന്താണാവോ ആ സമ്മാനം"

"ഒരു സർപ്രൈസാ. പോകുമ്പോ നീ അറിയാതെ തന്നു വിടാമെന്നാ ആദ്യം വിചാരിച്ചേ"

"പെർഫ്യൂം"?

"അല്ല.."

"വാച്ച്"?

"അല്ലല്ല"

"എന്നാ താൻ തന്നെ പറയ്".. സമയം അങ്ങനെ വൃഥാ നീട്ടിക്കൊണ്ടു പോകാൻ അവന് താല്പര്യം തോന്നിയില്ല.

അവൾ തൻെറ ചുണ്ട് അവൻെറ കാതിനോട് അടുപ്പിച്ചു. ഒരു നിശ്വാസത്തിനൊപ്പം അവൾ ആ രഹസ്യം പതിയെ മൊഴിഞ്ഞു 

"എയ്‌ഡ്‌സ്‌ (AIDS)"!!

ഒട്ടും പ്രതീക്ഷിക്കാത്ത ആ വാക്കു കേട്ടപ്പോൾ അവൻെറ ഉള്ളിൽ നിന്നും പൊടുന്നനെ എല്ലാ ഊർജ്ജവും വലിഞ്ഞു നീങ്ങി വരണ്ടതു പോലെയായി. എന്താണവൾ ഇങ്ങനെ പറയുന്നത്. സ്മാർട്ട് ആയ ഒരു പെണ്ണ്, പരിഭ്രാന്തിയുണ്ടാക്കി രസിക്കാൻ പറഞ്ഞ ഒരു കളി വാക്കണോ.. എങ്കിലും സന്ദർഭത്തിനു യോജിക്കാത്ത ഒരു തമാശ വാക്കായി അതിനെ തള്ളിക്കളയാനും അവൻെറ ചേതനക്കു കഴിഞ്ഞില്ല. കാരണം, അൽപ്പ സമയത്തിനുള്ളിൽ സംഭവിക്കാൻ പോകുന്ന രസങ്ങളുടെ തിരകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന  അപായത്തിൻെറ ഒരു സൈറൺ മുഴക്കം ആ വാക്കിൽ ഉണ്ട്! 

നിറം മങ്ങിയ അവൻെറ മുഖത്തേക്ക് നോക്കി ഗൗരവത്തോടെ ഹിമ പറഞ്ഞു 

"ഞാൻ ഒരു എയ്‌ഡ്‌സ്‌ രോഗി ആണ്"

അതി ശക്തമായ ഒരു ഇടി മുഴക്കം അവൻെറ തലക്കുള്ളിൽ കൂടി കടന്നു പോയി. അവളുടെ സ്ഥാനത്ത് ഇപ്പോൾ ഒരു യക്ഷി!

                                                      @@@@@@@@@@@@@@@@@@

കായൽ തീരത്തെ ആളൊഴിഞ്ഞ ബെഞ്ചിൽ കിരൺ ഒരു ഇടം കണ്ടെത്തി. കഴിഞ്ഞ കുറെ മണിക്കൂറുകൾക്കുള്ളിൽ എന്തൊക്കെ കാര്യങ്ങളാണ് ഒരു ഉരുൾ പൊട്ടൽ പോലെ തൻെറ ജീവിതത്തിലൂടെ കടന്നു പോയത്. ഭാഗ്യത്തിൻെറ കൊടുമുടി ഓടിക്കയറാൻ പോയ താൻ, ഭാഗ്യത്തിൻെറ തല നാരിഴക്കു രക്ഷപ്പെട്ടിരിക്കുന്നു! താനായിട്ട് രക്ഷപ്പെട്ടതല്ല,  അവൾ തന്നെ രക്ഷപ്പെടുത്തിയതാണ്..

ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല.. അതിനേക്കാൾ, ഇതൊന്നും accept ചെയ്യാൻ പറ്റാത്തതു പോലെ. ഉന്നത നിലയിൽ എത്തിച്ചേരും എന്നു നമ്മൾ ഉറച്ചു വിശ്വസിക്കുന്ന ഒരാൾ, ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ജീവിതത്തിൽ നശിച്ചു പോയതു അറിയുമ്പോൾ തോന്നുന്ന ആ ഒരു അമ്പരപ്പ്.. അസ്വസ്ഥത..പ്രത്യേകിച്ചും ആ ആൾ മനസ്സിൽ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടി ആകുമ്പോൾ.

ആദ്യമായാണ് തൻെറ ജീവിതത്തിൽ ഇപ്രകാരം ഒരു സംഭവം.. ശിരസ്സു മുതൽ പാദം വരെ, കറുത്ത വസ്ത്രങ്ങൾ ധരിച്ചു നടക്കുന്ന ഒരു പ്രേത രൂപം പോലെ അവളെ ഇപ്പോൾ തോന്നുന്നു. പകയുടെ തീക്കനൽ ഉള്ളിൽ ഒളിപ്പിച്ചു വെച്ച്, തന്നെ സമീപിക്കുന്നവർക്കു, അവസാനം മരണത്തിൻെറ വിഷ ദ്രാവകം കുടിക്കാൻ കൊടുക്കുന്ന യക്ഷി.. 

പക്ഷേ മറു വശം ചിന്തിക്കുമ്പോൾ, അവളെ എങ്ങനെ കുറ്റപ്പെടുത്തും. അവളായിട്ട് നാശത്തിൻെറ ഈ വഴി തിരഞ്ഞെടുത്തതല്ലല്ലോ.. മറിച്ചു് അവളെ ഇങ്ങനെ ആക്കി തീർത്തതല്ലേ...

തങ്ങളോട് ചേർച്ചയുള്ള നല്ലൊരു കുടുംബത്തിലേക്കാണ് ഹിമയെ വിവാഹം ചെയ്‌തയച്ചത്. ഭർത്താവിന് വിദേശത്തു ജോലി. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം അയാൾ നാട്ടിൽ വന്നു പോയി. ഇടയ്ക്കു ചിലപ്പോ അവൾ വിദേശത്തേക്കും പോയി വന്നു.

"അതു വരെ ആർക്കും കൊടുക്കാതെ കൂട്ടി വെച്ച സ്നേഹമെല്ലാം എൻെറ ചേട്ടനു ഞാൻ കൊടുത്തു. ചേട്ടനും എന്നെ പ്രാണനായിരുന്നു. ചേട്ടൻെറ വീട്ടുകാരും അങ്ങനെ തന്നെ.. നല്ല സ്നേഹമുള്ളവരായിരുന്നു.

അക്കരെയും ഇക്കരെയും ഇങ്ങനെ നിൽക്കാതെ കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി പോരാം എന്നൊക്കെയായിരുന്നു ഞങ്ങളുടെ പ്ലാൻ. 

ഒരിക്കൽ, ലീവിനു വന്ന ചേട്ടൻ, കൂട്ടുകാരോടൊത്തു കുറച്ചു ദിവസം ഒരു ടൂറിന് പോയി. അവർ ആണുങ്ങൾ മാത്രം. കൂടെ പോകാൻ പറ്റാത്തതിൽ എനിക്ക് നീരസം ഉണ്ടായിരുന്നു. മൂന്നു നാലു ദിവസം 

കൊഴിഞ്ഞു പോകുന്നതിൻെറ സങ്കടം ഞങ്ങൾക്ക് രണ്ടാൾക്കും ഉണ്ടായിരുന്നു. അല്ലേലും നിങ്ങൾ ആണുങ്ങൾക്ക് മാത്രം അവകാശം ചാർത്തിക്കിട്ടിയതിൽ ഒന്നാണല്ലോ കൂട്ടം ചേർന്നുള്ള ഈ  ഊരു ചുറ്റൽ. ഞങ്ങൾ പെണ്ണുങ്ങൾക്ക് ഇതൊന്നും പറഞ്ഞിട്ടില്ലല്ലോ. 

കറക്കം ഒക്കെ കഴിഞ്ഞുള്ള മടക്ക യാത്രയിൽ, കൂട്ടത്തിൽ ചിലരുടെ നിർബന്ധ പ്രകാരം അവർ എല്ലാവരും ഒരു whorehouse (വേശ്യാലയം) സന്ദർശിച്ചു. സത്യത്തിൽ ചേട്ടന് അതിന് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. പിന്നെ കൂട്ടുകാരുടെ ഇടയിൽ ഒറ്റപ്പെടേണ്ട എന്നുള്ളത് കൊണ്ടും, ഉള്ളിലെ മദ്യത്തിൻെറ വീര്യം കൊണ്ടും കാലിടറി വീണു.

ആഘോഷങ്ങളും അവധിയും കഴിഞ്ഞ് ചേട്ടൻ തിരികെ വിദേശത്തേക്ക് പോയി. ഒന്നു രണ്ടു മാസങ്ങൾ കഴിഞ്ഞപ്പോഴാണ് തനിക്ക് മനസിലായത് - ചേട്ടൻ തനിക്കൊരു സമ്മാനം തന്നിട്ടാണ് പോയിരിക്കുന്നത്. താൻ ഗർഭിണിയാണ്! 

മാസങ്ങൾ കഴിഞ്ഞു.തീയതി അടുത്തു വരുന്നു.  ഹോസ്പിറ്റലിൽ ചെക്കപ്പ് ചെയ്യുന്നതിനിടയിൽ ഡോക്ടർമാർക്ക് ഒരു സംശയം. ചില ടെസ്റ്റുകൾ കൂടി നടത്തിയ ശേഷം ഹിമയെ റൂമിലേക്ക് വിളിപ്പിച്ചു. 

"ഹിമ.. ഹിമക്കൊരു അസുഖം ഉണ്ടെന്ന് ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്"

"ഓ.. ഡോക്ടർ, എന്താ ചെയ്യേണ്ടേ. ട്രീറ്റ് ചെയ്‌താൽ മാറുന്നതല്ലേ"

"ഇല്ല ഹിമ. ഇതു ട്രീറ്റ് ചെയ്താൽ മാറില്ല. മാത്രമല്ല ഇതു ഹിമയുടെ കുഞ്ഞിനേയും ബാധിച്ചിട്ടുണ്ട്"

"ഓ, ജീവിത കാലം മുഴുവൻ മെഡിസിൻ കഴിക്കേണ്ടി വരുമോ. അത് എന്ത് അസുഖമാണ് ഡോക്ടർ"

"അത്.. മെഡിക്കൽ സയൻസിന് ഇതു വരെ അതിന് മരുന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല..  ഹിമക്ക് HIV പോസിറ്റീവ് ആണ്"!

ഒരു ഇടി മിന്നൽ തലയിൽ നിന്നും കാൽ വരെ പാഞ്ഞു പോയി  "എയ്‌ഡ്‌സ്‌ (AIDS)"!

"പക്ഷേ.. എനിക്കെങ്ങനെ.. ഇത്.. ഇല്ല ഡോക്ടർ.. എനിക്കൊരിക്കലും ആ അസുഖം വരില്ല"

"കൂൾ ഹിമ... ഹിമയായിട്ട് അത് കൊണ്ടു വരില്ല എന്ന് ഞങ്ങൾക്കറിയാം. പക്ഷേ.. ഹിമയുടെ ഹസ്ബൻഡ് ആൾ എങ്ങനെയാ.. ഇനി ഹിമ അറിയാതെ.. അയാൾ വഴിയാണോ... "

"Nooo... ഇല്ല ഡോക്ടർ.. എൻ്റെ ചേട്ടൻ അത്തരത്തിൽ ഒരാളല്ല. എന്നെ വിട്ട് ചേട്ടൻ വേറൊരാളുടെ അടുത്ത് പോകില്ല.."

"ok.. ok.. എന്നാലും സാവകാശം അയാളോട് ഒന്ന് ചോദിച്ചു നോക്കൂ.."

അവൾ അപ്പോൾ തന്നെ ചേട്ടനെ ഫോണിൽ വിളിച്ചു...

"ചേട്ടാ.. ഡോക്ടർമാർ പറയുന്നു എനിക്കും മോൾക്കും എയ്‌ഡ്‌സ്‌ ഉണ്ടെന്ന്. അവർ സംശയം പറഞ്ഞു ചേട്ടൻ വഴിയെങ്ങാനുമാണോ ഇത് എനിക്ക് കിട്ടിയതെന്ന്. അല്ലെന്നു ഞാൻ തർക്കിച്ചു. പിന്നെങ്ങനെയാ ചേട്ടാ ഇതെനിക്കു വന്നേ"

പക്ഷേ അവൾ പ്രതീക്ഷിച്ച പോലെ അതിനെ നിഷേധിക്കുന്ന വാക്കുകളോ, സ്വാന്ത്വന സ്വരമോ ഒന്നുമായിരുന്നില്ല മറുപടി. അങ്ങേത്തലയ്ക്കൽ കനത്ത നിശബ്ദത. 

ആ മൂകതയിൽ നിന്നും അവൾ ആ സത്യം വായിച്ചെടുത്തു. തൻെറ ചേട്ടനിൽ നിന്നുമാണ് തനിക്ക് ഈ അസുഖം കിട്ടിയത്. വലിയ വിസ്ഫോടനങ്ങൾ അവളുടെ ഉള്ളിൽ ഒന്നിനു പിറകേ ഒന്നായി പൊട്ടിത്തെറിച്ചു. നിരപരാധിയായ താൻ മരണത്തിനു കീഴടങ്ങാൻ പോകുന്നു. തൻെറ സ്വപ്‌നങ്ങൾ, ആഗ്രഹങ്ങൾ എല്ലാം ഇവിടം കൊണ്ട് അവസാനിച്ചിരിക്കുന്നു. താൻ മാത്രമോ, ഒന്നുമറിയാത്ത എൻെറ കുഞ്ഞ്. അവൾ എന്തു പിഴച്ചു. ഞാൻ എന്ത് തെറ്റു ചെയ്‌തു. ഒരു നല്ല വീട്ടിൽ വളർന്നു വന്നവളാണ്‌ ഞാൻ. വിദ്യാഭ്യാസവും, ആരോഗ്യവും, സൗന്ദര്യവും, കഴിവുകളും പാകത്തിനുണ്ട്. എന്നിൽ നിന്നും കിട്ടാത്ത എന്തു കാര്യം തേടിയാണയാൾ മറ്റൊരു പെണ്ണിൻെറ അടുക്കലേക്ക് പോയത്. എൻെറ ശരീരവും മനസ്സും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. എൻെറ മാത്രമല്ല എൻെറ വീട്ടുകാരുടെയും. അയാളോടുള്ള രോഷം അവളുടെ തലക്കുള്ളിൽ ഒരു തീക്കുണ്ഡം പോലെ എരിഞ്ഞു തുടങ്ങി. അയാളോടു മാത്രമല്ല കളവു കാണിക്കുന്ന ആണുങ്ങളോടെല്ലാം ആ പകയുടെ തീ ആളി പടർന്നു.

'കൊല്ലണം.. എനിക്കു കിട്ടിയ അതേ അസുഖം അവറ്റകൾക്കു തിരികെ കൊടുക്കണം..'

ഭർത്താവ് വിദേശത്ത് ആത്മഹത്യ ചെയ്തു എന്ന വാർത്ത അവളെ ഒട്ടും സങ്കടപ്പെടുത്തിയില്ല.

"കിരണിനറിയാമോ, എൻെറ മോൾ ഊട്ടിയിലെ സ്കൂളിൽ അല്ല പഠിക്കുന്നത്. ഒരു പാലിയേറ്റിവ് കെയർ യൂണിറ്റിലാ. പാവം. എത്ര നാൾ ആണോ ആയുസ്സ്. ഉണ്ടെങ്കിൽ തന്നെയോ, വേദനയുടെയും വിട്ടു മാറാത്ത അസുഖങ്ങളുടെയും ചെറിയൊരായുസ്സ്".

"ഹിമയുടെ ആരോഗ്യത്തെ പറ്റി ഡോക്ടർ എന്തു പറയുന്നു"

"ഇമ്മ്യൂണിറ്റി മെയിൻറ്റെയിൻ ചെയ്യാനുള്ള മരുന്ന് കഴിക്കുന്നുണ്ട്.  കുറെ വർഷങ്ങൾ കൂടി വല്യ കുഴപ്പമില്ലാതെ പോകും. അതു കഴിഞ്ഞാൽ ചെറുതും വലുതുമായ അസുഖങ്ങൾ ഒന്നൊന്നായി വന്നു തുടങ്ങും. അങ്ങനെ ഞാൻ കടന്നു പോകും".

ഭയജനകമായ ഇത്രയും കാര്യങ്ങൾ കേട്ടു തണുത്തു മരവിച്ചു പോയ കിരണിൻെറ നേരെ പകയുടെ കനൽചിരിയോടെ അവൾ പറഞ്ഞു "പക്ഷേ കടന്നു പോകുന്നതിനു മുൻപ് കുറേ ചതിയന്മാർക്ക് ഈ അസുഖം ഞാൻ പകർത്തും. കുറച്ചു പേർക്ക്  ഇതിനോടകം ഞാൻ കൊടുത്തു കഴിഞ്ഞു.."

ഇപ്പോഴാണ് കിരൺ ശരിക്കും സ്തബ്ദനായിപ്പോയത്! എന്തൊക്കെയാണീ കേൾക്കുന്നത്.  അവസാനം അവൾ പറഞ്ഞു നിർത്തിയ ആ കുറച്ചു പേരിൽ താനും ഉൾപ്പെട്ടു പോകുമായിരുന്നല്ലോ.. ദൈവമേ.. ബലം നഷ്ടപ്പെട്ട അവൻ താനിരുന്ന കസേരയുടെ കൈകളിൽ മുറുകെ പിടിച്ചു.

 കേട്ട വാക്കുകളുടെ ജാള്യത മറച്ചു കൊണ്ട് അവൻ ചോദിച്ചു.. "ആർക്കൊക്കെ.. ഇതൊക്കെ എങ്ങനെ.."

"കിരൺ, കാണാൻ ഭംഗിയുള്ള ഒരു പെണ്ണിനോട്  കൂട്ടു കൂടാൻ, അടുത്തും അകലെയും ചുറ്റുപാടുകളിലും എപ്പോഴും ആണുങ്ങൾ ഉണ്ടാകും. കുറച്ചു മണിക്കൂറുകൾ ... അവൻെറ ജീവനു മേൽ മരണത്തിൻെറ വിത്തുകൾ വാരിയെറിഞ്ഞിട്ടു ഞാൻ പോരും. വീണ്ടും കാണാൻ  അവർ ഇടയ്ക്കിടെ എന്നെ ക്ഷണിച്ചു കൊണ്ടിരിക്കും. പക്ഷേ അവരറിയുന്നില്ലല്ലോ ഇനി ഒരിക്കലും എനിക്ക് അവരെ കാണണ്ട കാര്യം ഇല്ലെന്ന്‌.. ഹ ഹ.."

                                                         @@@@@@@@@@@@@@@@@

ആ കായലോരത്ത് അങ്ങനെ ഇരിക്കുമ്പോൾ കിരൺ ഹിമക്ക് മെസ്സേജ് അയച്ചു: "എനിക്കിട്ട് ഹിമ എന്താ പണി തരാഞ്ഞത്. എന്നെ എന്തു കൊണ്ട് ഒഴിവാക്കി"

"അത്.. എന്തോ.. കിരണിനോട് അങ്ങനെ ഒരു ചതി ചെയ്യാൻ എനിക്ക് തോന്നിയില്ല. ഓർമ്മയിൽ സൂക്ഷിക്കുന്ന 

എൻെറ നല്ല കാലങ്ങളിലെ ഒരാൾ. അന്ന് മനസ്സിൽ  എന്നോട് തോന്നിയ ഒരു  മോഹം, ഇപ്പോൾ ഈ സാഹചര്യത്തിൽ പുറത്തു വന്നതാണെന്നേ ഞാൻ കരുതുന്നുള്ളൂ. നമ്മൾ പഴയകാല ഫ്രണ്ട്സ് അല്ലേ. 

എന്നെ സമീപിച്ചവരിൽ, മരണ ശിക്ഷ ഒഴിവാക്കി ഞാൻ വെറുതെ വിട്ട ഒരേ ഒരാൾ താൻ മാത്രമാ. കുറേ തെറ്റുകൾക്കിടയിൽ ചെയ്യാൻ തോന്നിയ ഒരു ശരി".

തണുത്ത വിരലുകൾ കൊണ്ട് ഒരു സ്മൈലി മാത്രം അവൻ തിരിച്ചയച്ചു.

"മാത്രമല്ല കിരൺ..  എനിക്കിത് ആരോടെങ്കിലും ഒന്ന് ഷെയർ ചെയ്യണ്ടേ. മനസ്സിൻെറ ഭാരം ഒന്ന് ഇറക്കി വെക്കണ്ടേ. വിശ്വാസമുള്ള ഒരാളോടല്ലേ ഇതൊക്കെ പറയാൻ പറ്റൂ. വിധിയായിട്ട് അതിന് എൻെറ മുന്നിൽ കൊണ്ടെത്തിച്ചതാകും നിന്നെ. എൻെറ ശ്വാസം നിലയ്ക്കുന്ന സമയം എനിക്കാശ്വാസിക്കാമല്ലോ, എല്ലാം അറിയുന്ന ഒരാളെ ബാക്കി വെച്ചിട്ടാണ് ഞാൻ കടന്നു പോകുന്നതെന്ന്.. 

താൻ പോയി ജീവിക്ക്.. അവർക്കു രണ്ടു പേർക്കും താൻ മാത്രമല്ലേ ഉള്ളൂ. ഒരു രണ്ടാം ജന്മം കിട്ടിയെന്നു വിചാരിച്ചാൽ മതി"

സന്ധ്യയായി. കായലിലെ കാറ്റിന് നേർമയേറിയ തണുപ്പ്. ഫ്ളാറ്റിലെ ജനാലയിൽ നിന്ന് ഹിമയും ആ കായലിലേക്ക് നോക്കി അങ്ങനെ നിൽക്കുന്നുണ്ടായിരുന്നു.

കിരണിൻെറ മൊബൈൽ ഫോൺ റിങ് ചെയ്‌തു. സിത്താരയാണ്. 

"ചേട്ടാ ഓഫീസിൽ നിന്നിറങ്ങിയോ.. വരാൻ താമസിക്കുമോ. മോൾ കാത്തിരിക്കുന്നു"

"ദേ ഞാൻ ഇറങ്ങുകയായി"

കിരൺ ബൈക്ക് സ്റ്റാർട്ട് ചെയ്തു.

കുളിക്കുമ്പോൾ ഒരു സുഖം. തണുത്ത വെള്ളം തൻെറ ജീവിതത്തെ കഴുകി തണുപ്പിച്ച് ഒഴുകി പോകുന്നു. 

ദോശ ചുടുകയായിരുന്ന സിത്താരയുടെ അടുത്ത് ചെന്ന് അവളെ പിന്നിൽ കൂടി കെട്ടിപ്പിടിച്ചു.

"ഉം.. എന്തു പറ്റി.. ഒരു സ്നേഹ പ്രകടനം" അത് ആസ്വദിച്ചു കൊണ്ട് അവൾ അൽപ്പം കൂടി ചേർന്ന് നിന്നു കൊടുത്തു.

"ഒരു അപകടത്തിൽ നിന്നും ഞാൻ ഇന്നു തല നാരിഴക്ക് ഞാൻ രക്ഷപ്പെട്ടു. വലിയൊരു ആക്‌സിഡൻ്റിൽ നിന്നും.."

"ഓ ആണോ.. ആരുടെ ഭാഗത്താരുന്നു തെറ്റ്. ചേട്ടൻെറ ഭാഗത്തോ അതോ മറ്റേ ആളിൻെറ ഭാഗത്തോ"

"ഉം.. രണ്ടു പേരുടെ ഭാഗത്തും തെറ്റുണ്ട്"

"ഓ ആണോ.. സാരമില്ല.. ഏതായാലും ഒന്നും പറ്റിയില്ലല്ലോ"

"ഹാ.. നിൻെറ പ്രാർത്ഥന കൊണ്ടാകും"

ആ ഒരു സന്ധ്യ തൻെറ ജീവിതത്തിൽ കുറെയേറെ മാറ്റങ്ങൾ കൊണ്ടു വന്ന പോലെ. മനസ്സിന് ഒരു ഇരുത്തം വന്നു. അനാവശ്യമായ തിടുക്കമോ, പരിഭവങ്ങളോ കുറഞ്ഞിരിക്കുന്നു. ഒരു സ്വച്ഛത ജീവിതത്തിൽ കടന്നു വന്നിരിക്കുന്നു. 

സിത്താരയും ഇപ്പോൾ ഏറെ സന്താഷവതിയായി. ചേട്ടൻ തന്നെ ഇപ്പോൾ കൂടുതൽ care ചെയ്യുന്ന പോലെ. ഒരു ആക്‌സിഡൻ്റിന് ഇത്രയൊക്കെ മാറ്റങ്ങൾ കൊണ്ടു വരാൻ കഴിയുമോ. ഏതായാലും അതു നന്നായി!

ഹിമയോടുള്ള ഫോൺ വിളികളും മെസ്സേജിങ്ങും കിരൺ തീരെ കുറച്ചു. തങ്ങൾക്കിടയിലെ കനത്ത നിശബ്‌ദത മാറ്റാൻ ഒന്നു രണ്ടു പ്രാവശ്യം ഹിമ അവനെ വിളിച്ചു. ഒരു പ്രാവശ്യം അവളോടൊപ്പം ഹോസ്പിറ്റൽ ചെക്ക് അപ്പിന് കൂട്ട് പോയി. അന്ന് സന്ധ്യക്ക് അവൻ അവൾക്ക് മെസ്സേജ് ഇട്ടു.

"ഹിമ.. വിഷമം തോന്നല്ലേ.. ഇനി കഴിവതും നമ്മൾ തമ്മിൽ കാണുകയോ ഫോൺ വിളികളോ ഒന്നും വേണ്ട. വേറൊന്നും കൊണ്ടല്ല.. എന്നെങ്കിലും ഒരു ദിവസം നിൻെറ ഫോൺ പൊടുന്നനെ നിശ്ചലമാകും.  അത് അറിയുമ്പോൾ എൻെറ മനസ്സിന് വല്ലാത്തൊരു നീറ്റലായിരിക്കും.. 

എവിടെയെങ്കിലും നീ ജീവിച്ചിരിപ്പുണ്ടായിരിക്കും എന്ന് ഞാൻ വെറുതെ കരുതിക്കൊള്ളാം. ചില സത്യങ്ങൾ അറിയാതെ ഇരിക്കുന്നതാണ് നല്ലത്. മറക്കില്ലൊരിക്കലും. ഒരു ഹിമ മഴയായ് എൻെറ മനസ്സിൽ എന്നും നീ ഉണ്ടാകും.".

ആ മറുപടി കണ്ടപ്പോൾ ഹിമക്ക് നീരസം തോന്നിയില്ല. ആത്മാർത്ഥതയുള്ള ആ മനസ്സിൻെറ നല്ല വാക്കുകൾ കേട്ടപ്പോൾ  മനസ്സിൽ സന്തോഷം തോന്നി. അവനെ വെറുതെ വിട്ടത് എത്ര നന്നായി. സ്വസ്ഥതയോടെ തനിക്കീ ലോകത്തു നിന്നും എന്നെങ്കിലും കടന്നു പോകാം. എല്ലാം അറിഞ്ഞിട്ടും താൻ നന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്ന  മനസ്സ് ഉള്ള .. തന്നെ മനസ്സിലാക്കുന്ന ഒരാളെ ബാക്കി വെച്ചിട്ടാണല്ലോ താൻ കടന്നു പോകുന്നത്. ആ രാത്രിയുടെ ഉറക്കത്തിലേക്ക് അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു. 

Srishti-2022   >>  Article - Malayalam   >>  സ്ത്രീ ധനവും മലയാളിയുടെ വിവാഹ സംസ്കാരവും

സ്ത്രീ ധനവും മലയാളിയുടെ വിവാഹ സംസ്കാരവും

ഒരു പിടി കൗതുക കാഴ്ചകൾ പൂക്കുല വിടർത്തി നിൽക്കുന്ന ഒരു വേദിയാണ് മലയാളിയുടെ വിവാഹ പന്തൽ. മുന്നമേ നടന്ന വിവാഹ നിശ്ചയ ദിനം മോതിരം മാറുന്നതിനു മാത്രമല്ല, സ്ത്രീ ധനം കൂടി കൈ മാറുന്നതിനുള്ള ദിവസം കൂടിയാണ്. തീയതി ഓർമ്മിപ്പിക്കലിൻെറ (സേവ് ദി ഡേറ്റിൻെറ) പരിസമാപ്തിയുടെ ആഘോഷം വിവാഹ ദിനത്തിൽ ഒരു ഭാഗത്ത് നടക്കുമ്പോഴും,  'ഇനി എന്താകും' എന്ന ആധി മാതാ പിതാക്കളുടെ, ഒരു പക്ഷെ വധുവിൻെറ, മനസ്സിൽ കൂടി മറു ഭാഗത്ത് കടന്നു പൊയ്കൊണ്ടിരിക്കയാവും. 

കുടുംബം എന്ന ആവശ്യത്തിനും, ആൺ പെൺ തുണക്കും വേണ്ടി മത, ധാർമികതകളിലൂന്നി നടത്തുന്ന വിവാഹം എന്ന ചടങ്ങ് കാലാ കാലങ്ങളായി മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. മാറ്റം എന്നും അനിവാര്യമാണല്ലോ. ആണും പെണ്ണും കുടുംബമായി സന്തോഷത്തോടെയും, ഐശ്വര്യത്തോടെയും  ജീവിക്കണം എന്ന അടിസ്ഥാന ഉദ്ദേശത്തിന് ഇപ്പോഴും മാറ്റം ഇല്ല. എല്ലാവരും കാംഷിക്കുന്നതും അതു തന്നെ. 

തലമുറയും കാലവും മാറുന്നതനുസരിച്ച് ചില മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്. സേവ് ദ ഡേറ്റ്, വിവാഹ കുറികളിൽ വന്ന മാറ്റങ്ങൾ, വിലപിടിപ്പുള്ള വസ്ത്ര വിധാനങ്ങൾ,  ആർഭാടത്തോടെയുള്ള വിവാഹ സൽക്കാര-ചടങ്ങുകൾ, ബിഗ് ബജറ്റ് ഫോട്ടോ, വീഡിയോ ചിത്രീകരണങ്ങൾ, ഓൺലൈൻ ലൈവ് സ്ട്രീമിങ്, വിവാഹത്തിനു മുന്നും പിന്നും ഉള്ള ഫോട്ടോ ഷൂട്ടുകൾ, ടീസർ വീഡിയോകൾ.. അങ്ങനെ അങ്ങനെ..     

മുൻപുണ്ടായിരുന്ന ലളിതമായ രീതികളിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ കടന്നു വന്നിരിക്കുന്നു. സിനിമയും, സോഷ്യൽ മീഡിയായും, പരിഷ്ക്രിത രാജ്യങ്ങളിലെ രീതികളും എല്ലാം ഇക്കാര്യത്തിൽ സ്വാധീനം ചെലുത്തുന്നു. പക്ഷെ ഇതൊക്കെ കണ്ട് മൂക്കത്ത് വിരൽ വെച്ച് മുൻ തലമുറ പറയും 'ഇത്രയൊക്കെ വേണോ? എന്തൊരു മാറ്റം. എല്ലാം നന്നായി കണ്ടാൽ മതി'. മാറ്റങ്ങളും ആർഭാടവും ആഡംബരവും കൂടുമ്പോഴും എല്ലാവരും ആഗ്രഹിക്കുന്നത് ഇതൊരു നല്ല തുടക്കം ആകട്ടെ എന്നു മാത്രം.  

കേരളത്തിലെ വിവാഹ സംസ്കാരത്തിൽ വരുന്ന മാറ്റങ്ങൾ നമ്മുടെ കൺ മുന്നിൽ കൂടി നാം കണ്ടു കൊണ്ടിരിക്കുന്നു, പ്രത്യേകിച്ചും കഴിഞ്ഞ ഒരു പത്തു വർഷത്തിനുള്ളിൽ. മാറ്റങ്ങൾ എന്നും 'കൂടുതൽ നല്ലതിനാവണം'; അല്ലാതെ പിന്നോക്കം പോകാൻ പാടില്ല. വിവാഹം അല്ലല്ലോ, അതിനു ശേഷം ഉള്ള ജീവിതമാണ് പ്രധാനം. അങ്ങനെ നോക്കുമ്പോൾ അമ്പരപ്പിക്കുന്ന കണക്കുകളും സംഭവങ്ങളും പിന്നാമ്പുറങ്ങളിൽ ഉണ്ട്. ഇന്ത്യയിൽ തന്നെ വിവാഹ മോചന കേസുകൾ ഉയർന്ന നിരക്കിലുള്ള സംസ്ഥാനങ്ങളിൽ കേരളം മുൻ പന്തിയിലാണ്.

ഇതിൻെറ പിന്നാമ്പുറങ്ങൾ തിരയുമ്പോൾ പല കാരണങ്ങൾ ഉണ്ട്. ഒന്നാമതായി വിവാഹം കഴിക്കുന്ന ആണും പെണ്ണും - അവർക്കിടയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ. രണ്ടാമതായി വീട്ടുകാർ, സമൂഹം, സമൂഹ മാധ്യമങ്ങൾ എന്നിവയുടെ ഇടപെടൽ.    

ഓരോ വ്യക്തിയും, ഓരോ വിവാഹ ജീവിതങ്ങളും വ്യത്യസ്തങ്ങൾ ആണ്. കൃത്യമായി നിർവചിക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും ഒരു പൊതു രീതി വെച്ച് ഇങ്ങനെ കാണാം:

പ്രണയ വിവാഹം - നന്നായി പോകാം; വല്യ കുഴപ്പമില്ലാതെ പോകാം; പിരിയാം.    

ആലോചിച്ചു നടത്തിയ വിവാഹം - നന്നായി പോകാം; വല്യ കുഴപ്പമില്ലാതെ പോകാം; പിരിയാം.

എങ്ങനെ ആണെങ്കിലും, മുകളിൽ പറഞ്ഞ സാധ്യതകളിൽ കൂടി ആയിരിക്കും എല്ലാ വിവാഹ ജീവിതങ്ങളും കടന്നു പോവുക.  

 

ചില സാഹചര്യങ്ങൾ നോക്കാം: 

അതിലൊന്ന് താൻ വിവാഹം കഴിക്കുന്നത് എന്തിനാണെന്ന് ഉള്ളിൽ വ്യക്തതയില്ലാത്ത ഒരു വിഭാഗം. ഒരു പ്രായം ആയാൽ ആണും പെണ്ണും വിവാഹം കഴിക്കാറായി എന്ന സമൂഹത്തിൻെറ പൊതു രീതി പിൻ തുടരുന്നവർ. പ്രണയം എന്താണെന്നു അറിയുവാൻ, വീട്ടിലെയോ സമൂഹത്തിലെയോ വിലക്കുകൾ കാരണമോ; അല്ലെങ്കിൽ പ്രണയിക്കുവാൻ ഉള്ള സാഹചര്യം അവർക്ക് ലഭിച്ചിട്ടില്ല. 

എന്തിനാണ് വിവാഹം കഴിക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ചിലർക്ക് പറയാൻ കഴിഞ്ഞു എന്ന് വരില്ല. മറ്റേ ആളെ കൂടാതെ എനിക്ക് ജീവിക്കാൻ വയ്യാ ; മറ്റെയാളെ എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ എന്ന് ഉത്തരം പറയാൻ ഒരു ആണിനോ പെണ്ണിനോ കഴിഞ്ഞാൽ, അത് വളരെ നല്ല കാര്യം. 

പ്രണയത്തിൻെറ മധുരവും വേദനയും വിവാഹത്തിനു മുന്നേ ആണും പെണ്ണും അറിയട്ടെ; എങ്കിലേ വിവാഹ കാര്യത്തിൽ ഏറെക്കുറെ പക്വതയാർന്ന തീരുമാനങ്ങൾ എടുക്കാൻ അവർക്ക് കഴിയൂ. നല്ല ആൺ പെൺ ബന്ധങ്ങളും പ്രണയങ്ങളും പ്രോത്സാഹിക്കപ്പെടട്ടെ.   

 പ്രണയിച്ചിട്ടാണെങ്കിലും വീട്ടുകാർ ആലോചിച്ചു നടത്തിയതാണെങ്കിലും, വിവാഹ ശേഷം ഒത്തൊരുമിച്ചു പോകുന്നതിലും വലിയ വെല്ലു വിളികൾ ഉണ്ട്. വലിയ പ്രതീക്ഷയോടെയും സ്വപ്നങ്ങളോടെയും വിവാഹ ജീവിതത്തിലേക്ക് കടന്നു വരുന്നവർ സ്നേഹത്തിൻെറ വലിയ ആഴങ്ങൾ ആഗ്രഹിക്കുന്നു. അതു നഷ്ടപ്പെടുമ്പോൾ ബന്ധങ്ങൾക്ക് മങ്ങലേൽക്കുന്നു. പക്വതയും, കാഴ്ചപ്പാടും, പുതിയ വീട്ടിലെ അന്തരീക്ഷവും,വിവാഹ ശേഷം സ്വഭാവത്തിൽ വരുന്ന മാറ്റവും എല്ലാം പ്രധാനമാണ്.

മറ്റൊരു കാര്യം, വിവാഹത്തിനു മുൻപും ശേഷവും ഉള്ള ജീവിതത്തിലെ വ്യത്യാസങ്ങൾ ആണ്. വിവാഹത്തിന് മുൻപ് ആഗ്രഹിച്ച പോലെ ആകില്ല പ്രായോഗികമായ വിവാഹ ജീവിതം. പങ്കാളികളുടെ സ്വഭാവത്തിൽ അത് മാറ്റങ്ങൾ ഉണ്ടാക്കാം. അത് മറ്റേ വ്യക്തിയിൽ അമ്പരപ്പും അകൽച്ചയും ചിലപ്പോൾ ഉണ്ടാക്കും.     

പ്രണയ വിവാഹം ആണെങ്കിലും വീട്ടുകാർ ആലോചിച്ചു നടത്തിയ വിവാഹം ആണെങ്കിലും ഒട്ടും ചേർന്നു പോകാൻ പറ്റാതെ വരിക. മുൻ പരിചയം അധികം ഇല്ലാത്ത വ്യക്തികൾ തമ്മിൽ ചേർന്നാൽ പിന്നീടാവും അവർ രണ്ട് പേരും മനസ്സിലാക്കുന്നത് - തങ്ങൾ ചേരുന്നില്ലല്ലോ! രണ്ടു തരം അഭിരുചികൾ ആണല്ലോ എന്നത്. പ്രണയ വിവാഹം ആണെങ്കിൽ, വിവാഹ ശേഷം വരുന്ന വിരസത, മാറ്റങ്ങൾ.. ഇതും പ്രശ്നമാണ്. 

ഒരുപാട് കാര്യങ്ങൾ ഒരു വിവാഹ ജീവിതത്തിൽ പ്രധാനമാണ്; അതിലൊന്ന് വിട്ടു വീഴ്ച മനോ ഭാവം. പക്ഷേ വീഴ്ചകളുടെ ഒരു ഘോഷ യാത്രയാണ് സംഭവിക്കുന്നതെങ്കിൽ പിന്നെ എന്തു ചെയ്യാം. മറ്റെയാളെ ചൂഷണം ചെയ്യുന്ന രീതിയിൽ എപ്പോഴും കാര്യങ്ങൾ പോവുകയാണെങ്കിൽ അത് നന്നായി അധിക നാൾ പോവുകയില്ല. 

ചില അപൂർവം ആളുകളിൽ സഹന ശക്തിയുടെ അളവും ഒരു വിഷയമാണ്. ചിലർ വളരെ ക്ഷമ കാട്ടുമ്പോൾ , ചിലർക്ക് അത്രത്തോളം പറ്റിയെന്നു വരില്ല. പണ്ടത്തെ നാളിനെ അപേക്ഷിച്ച് ഇപ്പോഴത്തെ കാലത്ത് ഇത് വളരെ പ്രകടമാണ്. ലോകം ഒത്തിരി മുന്നേറിയപ്പോൾ വ്യക്തികളുടെ സഹന ശക്തി കുറഞ്ഞിരിക്കുന്നു. സെൻസിറ്റീവ് ആയിരിക്കുന്നു.    

മറ്റൊരു കാര്യം അബോധമായി ഇടപെടുന്ന സമൂഹവും, സമൂഹ മാധ്യമങ്ങളുമാണ്. അവയെ തൃപ്തിപ്പെടുത്താനായി കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ, സാമ്പത്തിക ബാധ്യതകൾ. ഇതൊക്കെയും പങ്കാളികൾക്കോ, കുടുംബത്തിനോ, സമൂഹത്തിനോ പ്രത്യക്ഷമായോ പരോക്ഷമായോ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാം.   

ഈ പറഞ്ഞ കാര്യങ്ങൾ ആണിനും പെണ്ണിനും ഒരേ പോലെ ബാധകമാണെങ്കിലും, പെണ്ണിനെയാണ് മലയാളി സമൂഹത്തിൽ ഇത് കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. മുൻപത്തെ പോലെ അല്ല, ഇപ്പോഴത്തെ പെൺ കുട്ടികൾക്ക് വിദ്യാഭ്യാസവും ജോലിയും ഉണ്ട്. അതിനാൽ ഒരു പരിധി കഴിഞ്ഞാൽ അവർ പ്രതികരിക്കും, തീരുമാനങ്ങൾ എടുക്കും. ഒട്ടും യോജിച്ചു പോകാൻ പറ്റില്ലെങ്കിൽ ഇനി പിരിയാം എന്ന തീരുമാനം അവർ എടുത്തു തുടങ്ങും. മുൻ തലമുറയിലെ പോലെ, എന്തും കേട്ടും സഹിച്ചും നിന്നു പോകാൻ ഇനി അവർ നിൽക്കില്ല. വ്യക്തിത്വവും, അഭിമാനവും, ജോലിയും,  സാമ്പത്തിക സ്വാതന്ത്ര്യവും ഇന്നവൾക്കുണ്ട്. അതു കൊണ്ട് ഇന്നത്തെ കാലത്ത് വിവാഹ മോചനം കൂടുന്നു എന്ന് കേൾക്കുമ്പോൾ അതിൽ ഒരു കാര്യം പെണ്ണുങ്ങൾക്ക് ഉണ്ടായ മാറ്റങ്ങൾ കൂടിയുണ്ട്. അടുക്കളയിൽ നിന്നും അവർ അരങ്ങത്തേക്ക് വന്നു കഴിഞ്ഞു! ഇപ്പോഴത്തെ തലമുറകൾക്ക് ബന്ധങ്ങളുടെ വില അറിയാൻ വയ്യാഞ്ഞിട്ടല്ല; ഒട്ടും യോജിച്ചു പോകാൻ പറ്റാത്ത ആളിനൊപ്പം ജീവിതം ഹോമിച്ചു കളയാനുള്ളതല്ല എന്ന് ആണും പെണ്ണും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

വിവാഹം എന്നത് രണ്ട് വ്യക്തികൾ മാത്രമല്ല, രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ബന്ധം കൂടിയാണ്. അതിനാൽ ഇവർക്കെല്ലാവർക്കും പരസ്പരം ബന്ധങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയും. മിക്ക ഇടങ്ങളിലും പ്രശ്നനങ്ങൾ കൂടുന്നതായാണ് കാണുന്നത്. 

അമ്മായി 'അമ്മ പോര്, നാത്തൂൻ പോര്.. ഇങ്ങനെ പലതും ഇപ്പോഴും മലയാളി വീടുകളിൽ ഉണ്ട്. സ്ത്രീ തന്നെ സ്ത്രീക്ക് ശത്രു എന്നത് മിക്കയിടങ്ങളിലും ശെരി തന്നെ. മാറ്റം വരേണ്ടിയിരിക്കുന്നു. കൂട്ടു കുടുംബം നല്ലതാരുന്നു, ഇപ്പോൾ അത് ഇല്ലാതാകുന്നു എന്നു പറയുമ്പോഴും, എത്ര കൂട്ടു കുടുംബങ്ങൾ സ്നേഹത്തിൽ വർത്തിക്കുന്നു എന്നത് പ്രധാനമാണ്.       

പങ്കാളികൾ തമ്മിലാണെങ്കിലും വീട്ടുകാരിൽ നിന്നാണെങ്കിലും സ്നേഹവും, കരുതലും, ഇഷ്ടവും, ബഹുമാനവും കുറഞ്ഞു ഇല്ലാതെയാവുകയാണെങ്കിൽ ആ ബന്ധവും ഒരു ഭാരമാകും. ഈ പറഞ്ഞ കാര്യങ്ങൾ ഏതെങ്കിലും ഒക്കെ ഉള്ളപ്പോഴാണ് വിവാഹേതര ബന്ധങ്ങൾ ഉടലെടുക്കുന്നത്.

മലയാളിയുടെ വിവാഹത്തിനോട് ചേർത്തു വെച്ച് പറയേണ്ട ഒന്നാണ് സ്ത്രീ ധനം! സ്ത്രീ തന്നെ ധനം എന്നൊക്കെ മേമ്പൊടി പറയുമെങ്കിലും സംഗതി അതല്ലാ. സ്ത്രീ-ധനം (ലോകത്ത് പല ഭാഗങ്ങളിലും ഉണ്ടെങ്കിലും) മലയാള നാട്ടിൽ ഒരു വൻകാര്യം തന്നെ ആണ്. ബന്ധം ഉറപ്പിക്കുന്നതിനും, അതിനു ശേഷം മുന്നോട്ടുള്ള പ്രയാണത്തിനും ഗതി നിശ്ചയിക്കുന്ന ഒരു പ്രധാന ഇന്ധനം! സ്ത്രീ ധനത്തിൻെറ ഒരു ചരിത്രം പെട്ടന്നു പരിശോധിക്കുകയാണെങ്കിൽ അത് വിവാഹ സമയം വധുവിനു ലഭിക്കുന്ന ധനം,വധുവിൻെറ ഉപയോഗത്തിനായി വരനു നൽകുന്ന ധനം, സ്ത്രീകൾക്ക് പ്രത്യേക അവകാശമുള്ള ധനം, വധുവിൻ്റെ  ബന്ധുക്കൾ വരനു നൽകുന്ന ധനം എന്നൊക്കെ കാണാം. ഇതിൻെറ എല്ലാം പിന്നിൽ വധുവിനെ നന്നായി നോക്കാൻ അല്ലെങ്കിൽ അവളുടെ ജീവിതം നന്നായി പോകുവാൻ ഉപകരിക്കും വിധം നൽകുന്ന ഒന്നായി  സ്ത്രീ ധനത്തെ ലളിതമായി പറയാം. പക്ഷേ ഇന്ന് ഒട്ടു മിക്ക സ്ത്രീകളും ദുരിതം അനുഭവിക്കുന്നതും ഇതിൻെറ പേരിൽ തന്നെ.

നിയമ പരമായി സ്ത്രീ ധനം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും മലയാളി സമൂഹത്തിൽ അതുണ്ട്. നിയമ വശത്തിനപ്പുറം, സ്ത്രീ ധനം എന്നത് പീഡനത്തിന് ഒരു കാരണം ആകുന്നുണ്ടെങ്കിൽ അതിൻെറ കാരണം യഥാർത്ഥത്തിൽ സ്ത്രീ ധനം അല്ല, വരൻെറയും വരൻെറ വീട്ടുകാരുടെയും സ്വാർത്ഥ മനസാണ്, സ്നേഹിക്കാൻ അറിയാത്ത ഇരുണ്ട മനസുകളാണ്. സ്ത്രീ ധനം കാരണം പ്രശ്നങ്ങൾ പണ്ടും ഉണ്ട് ഇപ്പോഴും ഉണ്ട്. സ്ത്രീ ധനം വാങ്ങിയിട്ടും ഒരു പ്രശ്നവും അതിൻെറ പേരിൽ ഉണ്ടാക്കാത്ത അനേകം ആൾക്കാർ പണ്ടും ഉണ്ട് ഇപ്പോഴും ഉണ്ട്. മാത്രമല്ലാ, സ്ത്രീ ധനത്തിൻെറ പേരിൽ മരുമകളെ ഉപദ്രവിക്കുമ്പോൾ അയാളുടെ അമ്മയ്ക്കും അച്ഛനും പെങ്ങൾക്കും അയാളെ ഉപദേശിച്ചു കൂടേ? മരുമകൾക്ക് സംരക്ഷണം കൊടുത്ത് മകൻെറ തെറ്റ് ചൂണ്ടി കാട്ടി കൂടെ? അപ്പോൾ അത് ആ ചെന്നു കയറുന്ന വീട്ടിലെ സ്നേഹ രാഹിത്യത്തിൻെറ പ്രശ്നമാണ്. സ്ത്രീ ധനം അല്ലെങ്കിൽ മറ്റെന്തെങ്കിലും അവിടെ പ്രശ്നം സൃഷ്ടിച്ചു കൊണ്ടിരിക്കും! എന്തായാലും സ്ത്രീ ധനം എന്നത് നിയമ വിരുദ്ധം തന്നെയാണ് ഒരിക്കലും അത് പ്രോത്സാഹിക്കപ്പെടേണ്ടതല്ല.   സ്‌നേഹമില്ലായ്മയാണ് ഇവിടുത്തെ പ്രശ്നം. ഉള്ളു തുറന്ന് കപടതയില്ലാതെ മറ്റൊരാളെ ഇഷ്ടപ്പെടാൻ കഴിയാത്തതാണ് മലയാളിയുടെ ഒന്നാമതായി പരിഹരിക്കപ്പെടേണ്ട പ്രശ്നം. രണ്ടാമതായി സമൂഹത്തിൻെറ മുൻപിൽ പൊങ്ങച്ചവും ദുരഭിമാനം കാട്ടാൻ ചെയ്യുന്ന അഭിനയവും!        

പാശ്ചാത്യ നാടുകളെ അനുകരിക്കുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട പല കാര്യങ്ങളും പിൻ തുടരാൻ വിട്ടു പോകുന്നു. വിവാഹം ചെയ്തു കൊടുത്താൽ മാത്രമേ ഒരു വ്യക്തി ജീവിതം പൂർണ്ണമാകൂ, ഒറ്റക്ക് ജീവിച്ചാൽ 

സമൂഹത്തിൻെറ മുൻപിൽ എന്തോ കുറച്ചിലാണ് എന്ന വിചാരം. എന്തെങ്കിലും കുറവുണ്ടെങ്കിൽ സ്ത്രീ ധനം കൂട്ടി കൊടുത്ത് അതിനെ പരിഹരിക്കാൻ ശ്രമിക്കുന്നു മലയാളി! സ്ത്രീ ധനം മോഹിച്ചു വരുന്ന ആണ് പിന്നീടും പല ആവശ്യങ്ങളുമായി വന്നു കൊണ്ടിരിക്കും! വൈകല്യമുള്ള മകളെയോ, ഭർതൃ വീട്ടിൽ നിന്നും പിരിഞ്ഞു വരുന്ന പെണ്ണിനെയോ പിന്നെയും നിർബന്ധിച്ചു വിടാതെ ചേർത്ത് നിർത്തുക. വീണ്ടും മാനസിക ശാരീരിക പീഡനത്തിന് വിട്ടു കൊടുക്കാതിരിക്കുക.    

വിവാഹം എന്നത് തുടക്കത്തിൽ സാമൂഹിക ആവശ്യം ആയിരുന്നു. പിന്നെ മലയാളി അതിൽ കുറച്ചൊക്കെ പൊങ്ങച്ചവും ആഡംബരവും കൂടി കാട്ടാനുള്ള വസ്തു വകകൾ ചേർത്തു തുടങ്ങി. ഇപ്പോൾ അതൊക്കെ ഈ ആധുനിക യുഗത്തിൽ അതിൻെറ മൂർദ്ധന്യാവസ്ഥയിലേക്ക് യാത്ര ചെയ്‌തു കൊണ്ടിരിക്കുന്നു. വികസിത രാജ്യങ്ങളിലെ സംസ്കാരം, സമൂഹ മാധ്യമങ്ങൾ, സമൂഹത്തിൻെറ മുന്നിൽ കാണിക്കുന്ന നാട്യം എല്ലാം അതിൻെറ ഭാഗങ്ങളാണ്. ഇതെല്ലം സമൂഹ മനസ്സിനെ ബാധിക്കുന്നു. പാവപ്പെട്ടവർക്കും വിവാഹം എന്നത് വലിയൊരു ഭാരവും ബാധ്യതയും അയി മാറുന്നു.         

 മലയാളിയുടെ വിവാഹം വലിയ മാറ്റങ്ങളിൽ കൂടിയാണ് കടന്നു പോയ്കൊണ്ടിരിക്കുന്നത്. ഒന്ന് കാലുറച്ച് നില്ക്കാൻ ഇനിയും വർഷങ്ങൾ വേണ്ടി വരും. പ്രണയ സാഫല്യമോ, പ്രണയിക്കുന്നതിനോ വേണ്ടി ആകട്ടെ മലയാളിയുടെ വിവാഹം. പങ്കു വെക്കൽ മധുരമാണെന്നും, ജീവിതം ഇനി മറ്റൊരാളുമായി പങ്കു വെക്കുമ്പോൾ കൂടുതൽ മധുരതരമാകും എന്ന് തിരിച്ചറിഞ്ഞിട്ടാകണം ആണും പെണ്ണും വിവാഹ പന്തലിലേക്ക് കാലെടുത്തു വെക്കാൻ. സ്നേഹത്തിൻെറ വലം കൈ പിടിച്ചാകണം പുതു വീട്ടിൽ അവർ സ്വീകരിക്കപ്പെടാൻ. അതിന് ഒന്നാമതായി സ്നേഹം എന്താണെന്ന് എല്ലാവരും അറിയണം. ആണും പെണ്ണും വീട്ടുകാരും സമൂഹവും എല്ലാവരും. അതിൻെറ തുടക്കം ഓരോ വീടുകളിലും തുടങ്ങണം, വിദ്യാലയങ്ങളിൽ അത് കുട്ടികളെ കാട്ടി കൊടുക്കണം, സമൂഹത്തിൽ അത് പരിശീലിക്കപ്പെടണം. സർക്കാറിനും ഒരുപാട് കാര്യങ്ങൾ ഇതിനായി ആവിഷ്കരിക്കാൻ പറ്റും.

സ്നേഹമാണഖില സാരമൂഴിയിൽ എന്ന നിത്യ നിതാന്ത സത്യം ആചരിക്കപ്പെടണം. എങ്കിലേ കരുത്താർന്ന വിവാഹ ജീവിതങ്ങൾ ഉണ്ടാവൂ. നാളത്തെ നല്ല സമൂഹം ഉണ്ടാവൂ. നല്ല കുടുംബങ്ങൾ ഉണ്ടാകേണ്ടത് സമൂഹത്തിൻെറ ആവശ്യം ആണ്. ഇല്ലെങ്കിൽ ഞെട്ടിക്കുന്ന വാർത്തകളും കെട്ടുറപ്പില്ലാത്ത പ്രശ്നങ്ങൾ നിത്യം ഉണ്ടാവുന്ന ഒരു സമൂഹമായി മാറും. 

ചുരുക്കി പറഞ്ഞാൽ മലയാളി ഇപ്പോഴും വിവാഹ കാര്യത്തിൽ വികസ്വരത്തിൽ ആണ്.  ഇല്ലത്തൂന്ന് പുറപ്പെട്ടിട്ടേ ഉള്ളൂ.. ഒരുപാട് നല്ല സഞ്ചാരങ്ങൾ, പഠിക്കലുകൾ ഇനിയും ബാക്കി ഉണ്ട്.    

മുഖ്യമായി സ്നേഹവും, അറിവും, നല്ല ജീവിത കാഴ്ച്ചപ്പാടുകളും ഉണ്ടാവട്ടെ... വീടുകളിൽ, വിദ്യാലയങ്ങളിൽ, സമൂഹത്തിൽ. മലയാളി അവിടെ എത്തും, വിദൂരമല്ല അത്. ദുഃഖ വാർത്തകൾ ഇടക്ക് കേൾക്കുമ്പോഴും ഇപ്പോഴും ഉണ്ട് സന്തോഷത്തിലും സ്നേഹത്തിലും വസിക്കുന്ന മലയാളി വീടുകൾ. കൂടുമ്പോൾ ഇമ്പമുള്ള ഭവനങ്ങൾ. സാരമില്ലെടാ പോട്ടെ എന്നു പറയുന്ന തലോടലുകൾ. ഇവൾ മരുമകളല്ല എൻെറ മോളാണ്/മോനാണ്  എന്ന് പറയുന്ന വീടുകൾ. എല്ലാം നന്നാവട്ടെ. ശുഭ പ്രതീക്ഷയോടെ നമുക്ക് മുന്നേറാം. 

Subscribe to UST Global Technologies