Skip to main content
Srishti-2022   >>  Short Story - Malayalam   >>  മാരി സെൽവി ജിൻസൺ

മാരി സെൽവി ജിൻസൺ

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി കൊതിക്കാത്ത ഒരു ഗ്രാമമായിരുന്നു എന്റേത്. അതുകൊണ്ട് ആ കോളേജ് അവധിക്കാലം പോണ്ടിച്ചേരിയിൽ  തന്നെ ആഘോഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞാൻ മുനീർ, വിനീഷ് ഒഴികെ ബാക്കി എല്ലാവരും നാട്ടിൽ പോയി. സമയം രാവിലെ 11 മണി. ഞാൻ ഉറക്കം എണീറ്റു.ഇന്ന് കോളേജിൽ പോകണ്ട. ഇന്നത്തെ ദിവസം എത്ര മനോഹരമായിരിക്കും എന്ന് ഓർത്ത് ഞാൻ പുളകിതനായി. ഉറക്കത്തിന്റെ അബോധാവസ്ഥയിൽ മുനീർ എഴുന്നേറ്റു ചമ്രം മടിഞ്ഞി‌രിക്കുന്നുണ്ട്. അവനെ കുലുക്കി കുറച്ച് ബോധം വരുത്തിച്ചു. അടുക്കളയിൽ പോയി ഒരു കട്ടനിട്ട്, വീടിന്റെ പുറത്ത് അലക്കുകല്ലിൽ അതും കുടിച്ച് കഥ പറഞ്ഞിരുന്നു. രാവിലെ തന്നെ തള്ള് പറഞ്ഞിരിക്കാൻ നല്ല രസമാണ്. കുറച്ച് കഴിഞ്ഞ് വിനീഷും കൂടെ കൂടി. അവൻ ആണെങ്കിൽ കട്ട ഫോം. ഒരു മയമില്ലാത്ത തള്ള്. പെട്ടെന്ന് ഞങ്ങളുടെ മുന്നിൽ ഒരു ഉപ്പൻ കുണുങ്ങി നടന്നു പോകുന്നു. ഭാരിച്ച ചന്തിഭാരം കാരണമാകാം, അതിനു പറക്കാൻ പറ്റുന്നില്ല. വിനീഷ് ചാടി ഒരു പച്ച ഇലയിൽ തൊട്ടു. "നല്ല ഫുഡ്‌ വേണേൽ വേഗം തൊട്ടോ" അവൻ ഞങ്ങൾക്ക് ഒരു മുൻകരുതൽ നൽകി. ഞാനും വിനീഷും വിശ്വാസം ഇല്ലെങ്കിലും അവനു മാത്രം നല്ല ഭക്ഷണം കിട്ടണ്ട എന്നോർത്ത് ഒരു പച്ച ഇലയിൽ ഞെക്കി.പെട്ടന്ന് ഗേറ്റിന്റെ അവിടെ നിന്നും "മച്ചാനെ......" എന്ന നീണ്ട ഒരു വിളി. ഇത്രയും പെട്ടെന്ന് ഫുഡും കൊണ്ടുവന്നതാരാ എന്നാ മട്ടിൽ വിനീഷ് നോക്കി നിൽക്കുന്നു. ഞാനും അങ്ങോട്ട് നോക്കി. ബാഗും തൂക്കി രണ്ടു പേർ. ഒരൊറ്റ ഫ്രയ്മിൽ ആ രണ്ട് പേരെയും ഒരുമിച്ച് കണ്ടത് എനിക്ക് വിശ്വസിക്കാനായില്ല.

ഒരാൾ എന്റെ ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി - മാരി സെൽവി ഫ്രം റെഡിയാർപ്പാളയം, പോണ്ടിച്ചേരി.മറ്റൊരാൾ സ്കൂളിൽ ഒരുമിച്ച് പഠിച്ച ജിൻസൺ ജോൺ ജേക്കബ് ഫ്രം കടവന്ത്ര, എറണാകുളം. ഞാൻ വിനീഷിനെ നോക്കി. വിനീഷ് മുനീറിനെ നോക്കി. മുനീർ എന്നെ നോക്കി.ഞങ്ങൾ മൂന്നു പേരും അവരെ നോക്കി. അവർ രണ്ട് പേരും ഞങ്ങളെ നോക്കി. സ്കൂൾ ബാഗും തൂക്കി സാരിയും ഉടുത്ത് നിൽക്കുന്ന മാരി സെൽവിയുടെ കൈകളെ മുറുകെ പിടിച്ചിരിക്കുന്ന 3/4 ട്രൗസറും ടി ഷർട്ടും ഇട്ടു നിൽക്കുന്ന ജിൻസൺ. ആകെമൊത്തം അലുവയും മത്തി കറിയ്ക്കും വെല്ലുവിളിയാകുന്ന ഒരു ജോഡി പൊരുത്തം. എന്റെ ഉള്ളിന്റെ ഉള്ളിൽ ആംബുലൻസിന്റെ സൈറെൻ "ഗ്യാവൂ ഗ്യാവൂ" എന്ന് ഉച്ചത്തിൽ മുഴങ്ങി. എന്തോ മാരകമായ ഐറ്റം, ജോഡിയായി കൈകോർത്ത് വരുന്ന പോലെ. വീണ്ടും ഒരു നീണ്ട "മച്ചാനെ" വിളിയോട് കൂടി അവൻ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു.പാണ്ടിപ്പടയിൽ ദിലീപിനെ ആദ്യം കാണുമ്പോൾ ഹരിശ്രീ അശോകൻ ഡ്രെസ്സൊക്കെ ഊരി കയ്യിൽ കൊടുത്ത് വിനീതമായി കൈ തൊഴുതു നിൽക്കുന്ന പോലെ എനിക്ക് തൊഴാൻ തോന്നി. ബോക്സർ മാത്രം ഇട്ടു നിന്ന എനിക്ക് മാരി സെൽവിയുടെ മുന്നിൽ ആ  സാഹസം കാണിക്കാനുള്ള ധൈര്യം കിട്ടിയില്ല. ഉദ്ദേശം മനസിലായില്ല എന്ന രീതിയിൽ ഞാൻ അവനെ നോക്കി. അമ്പട സണ്ണി കുട്ടാ"! എന്ന രീതിയിൽ അവൻ എന്നെയും നോക്കി. "അണ്ണാ അണ്ണാ" എന്നും പറഞ്ഞു മാരി സെൽവി എന്നോട് എന്തോ പറയാൻ വന്നു. അവൾ "അണ്ണാ അണ്ണാ" എന്ന് തന്നെ അല്ലെ വിളിച്ചത് എന്ന് ഞാൻ തലയിൽ റിവയിൻണ്ട് അടിച്ചു നോക്കി.

ഒരേ ക്ലാസ്സിൽ ആണെങ്കിലും ഇതുവരെ പുച്ചത്തോടെ അല്ലാതെ ഇവൾ എന്നെ നോക്കിയിട്ടില്ല.ഒരിക്കെ ക്ലാസ്സിലിരിക്കെ തലക്കുള്ളിൽ പെട്ടെന്ന് ഏതോ ഒരു പാട്ട് വന്നു. എന്റെ നിഷ്കളങ്കമായ മനസിന്‌ അതൊന്നു മൂളണം എന്ന് തോന്നി. വെറും ഒരു മൂളൽ.പതിയെ. ലോലമായി. ഇരു ചെവി അറിയാതെ. ഒഴുക്കിൽ വേറെ പല പാട്ടുകളും വന്നു പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വശത്തു നിന്നും എന്നെകാളും വൃത്തികെട്ട മറ്റൊരു മൂളൽ. ഒരു പെൺ അശരീരി. കണ്ണാ!!!!!... ലഡ്ഡു തിണ്ണ ആസയ!!!!!. എന്റെ പാട്ടിനു ഡ്യുവറ്റ് അടിക്കാൻ ഒരാളോ?!.. ആരാത്?!.. ഞാൻ നോക്കി. ങേ!!.. മാരി സെൽവി ആണല്ലോ!.. വേണ്ടായിരുന്നു.. വേറെ ആരേലും മതിയായിരുന്നു. മാരി സെൽവിക്കു ചുറ്റും കുറച്ച് പെൺപിള്ളേരും ഉണ്ടല്ലോ!.. മാരി സെൽവി മൂളിയതല്ല. മോങ്ങിയതായിരുന്നു.. മാരി സെൽവി എന്തിനാ കരയണേ?. മാരി സെൽവിക് എന്റെ പാട്ടിന്റെ വൈബ് ആസ്വദിക്കാൻ പറ്റാത്തതിൽ എനിക്ക് സഹതാപം തോന്നി. "എന്നാച്ച് എന്നാച്" എന്ന് സുബ്ബു ലക്ഷ്മി, പൂവരസിയും അവളോട്‌ ചോദിക്കുന്നുണ്ട്. ഇല്ല!.. മാരി സെൽവിക്കു വിങ്ങുന്നതിനിടയിൽ സംസാരിക്കാൻ പറ്റുന്നില്ല. അവസാനം ടീച്ചർ വന്നു ചോദിച്ചു. മണി ഡെയിലി എന്നെ നോക്കി പാടാറുണ്ടെന്നും, എന്റെ വീട്ടിൽ അറിഞ്ഞാൽ എന്റെ അപ്പാ എന്നൈ കൊണ്ട്രു പോടുവാർ എന്നും, എന്നെ നിർബന്ധിക്കരുത്, മനസ്സിലാക്കൂ പ്ലീസ് എന്നും പറഞ്ഞ് അവൾ എന്നെ നോക്കി കൈ കൂപ്പി തൊഴുതു. ശേഷം എല്ലാ കണ്ണുകളും എന്റെ നേർക്ക്. നിനക്ക് വേറെ ആരെയും കിട്ടിയില്ലേ എന്ന രീതിക്ക് ജോസ് എന്നെ നോക്കി.എനിക്ക് ചിരി വന്നു. മാരി സെൽവിടെ കുറുമ്പ് ഇച്ചിരി കൂടുന്നുണ്ട്. ക്ലാസ്സിന്റെ ഇടയ്ക്ക് വെച്ചാണ്...!. കുറുമ്പത്തി!

ചിരിക്കുന്ന എന്നെ കണ്ട് "തിരുട്ടു മുണ്ടം, സ്റ്റാൻഡ് അപ്പ്‌" എന്ന് ടീച്ചർ അലറി. പണി പാളി, സീൻ കോമഡി അല്ലെന്ന് എനിക്ക് മനസിലായി. തല്ലിന്റെ മണമടിച്ച ജോസ് സ്വല്പം നീങ്ങിയിരുന്നു. "എരുമ്മ മാട്.. ഇൻഗ വാടാ" എന്നും പറഞ്ഞ് ടീച്ചർ എന്നെ സ്റ്റാഫ്‌ റൂമിലോട്ട് കൊണ്ട് പോയി. എനിക്ക് അറിയാവുന്ന തമിഴിൽ ഞാൻ മൂളിയ പാട്ടിന്റെ ടോൺ മാരി സെൽവി തെറ്റിധരിച്ചതിന്റെ പ്രശ്നം ആണെന്ന് പറഞ്ഞ് നോക്കി. ഇല്ല. ആരും കേൾക്കുന്നില്ല. നാല് ദിശയിലേക്കും ആന്റി ക്ലോക്ക് ദിശയിൽ പമ്പരം കണക്കിന് കറങ്ങി, കൈ മലർത്തി, "ഞാൻ ഒണ്ണും പണ്ണലൈ...ഞാൻ ഒണ്ണും പണ്ണലൈ" എന്ന് പറഞ്ഞ് നോക്കി. ഇല്ല ആരും വിശ്വസിക്കുന്നില്ല. അവർക്ക് വഴക്ക് പറഞ്ഞ് ബോർ അടിച്ചപ്പോൾ എന്നോട് പൊയ്ക്കോളാൻ പറഞ്ഞു. അപമാനിതനായി, വിശണ്ണാനായി.. അതിലുപരി വേറെ എന്തൊക്കെയോ ആയി ഞാൻ തിരിച്ച് ക്ലാസ്സിൽ കയറി. തളർന്നു നിൽക്കുന്ന എന്നെ നോക്കി വീണ്ടും കൈകൂപ്പി "എന്നെ വിടൂ, പ്ലീസ്‌"  എന്ന് നോക്കി നിൽക്കുന്ന മാരി സെൽവിയെണു ഞാൻ അവസാനമായി കണ്ടത്. പിന്നെ അവൾ ഉള്ള എക്സാം ഹാളിൽ കയറി ചെല്ലാൻ വരെ എനിക്ക് ഒരു പേടിയായിരുന്നു.ശേഷം കേൾക്കുന്നത് ഈ "അണ്ണാ അണ്ണാ" എന്നുള്ള ഈ വിളിയാണ്.

മാരി സെൽവിയും ജിൻസണും ഇൻസ്റ്റാഗ്രാം വഴി കടുത്ത പ്രണയത്തിൽ ആയെന്നും അവൾ ആരും അറിയാണ്ട് കുറിപ്പ് എഴുതി വീട് വിട്ടു ഇറങ്ങിയെന്നും. അവളെ കല്യാണം കഴിക്കാനാണ് അവൻ പോണ്ടിച്ചേരിയിൽ വന്നതെന്നും, നിങ്ങളുടെ മാനസിക ശാരീരിക സാമ്പത്തിക കട്ട സപ്പോർട്ട് വേണമെന്നും അവർ പറഞ്ഞു. മാരി സെൽവിയെ എന്റെ റൂമിൽ എല്ലാവർക്കും അറിയാം. സൗന്ദര്യം ഉള്ള വിശ്വസിക്കാൻ പറ്റാത്ത ഒരു സാധനം. ജിൻസനേയും ചെറിയ രീതിക്ക് അറിയാം. ചാടി കയറി എന്തോ പറയാൻ പോയ വിനീഷിന്റെ വാ ഞാൻ പൊത്തി, പിടിച്ചു മാറ്റി നിർത്തി. അവന്റെ നെഞ്ച് തടവികൊണ്ട് ഞാൻ പറഞ്ഞു "ആവേശം വേണ്ടാ.. ആവേശം വേണ്ടാ... നിനക്ക് അറിഞ്ഞൂടാ ആ ജിൻസണെ!.. ബ്രേക്കിങ് ബാഡ് കണ്ട് എന്തോ ഉണ്ടാകാൻ നോക്കി കെമിസ്ട്രി ലാബിന് തീ ഇട്ടവനാണ്.!. ഇവനെ കോഴിന്ന് വിളിച്ചാൽ അത് കോഴിക്കാണ് നാണക്കേട്.. ഇവന്റെ പേര് കേട്ടിട്ടുണ്ട് എന്ന് പറഞ്ഞാൽ തന്നെ നാട്ടിൽ ആരും വീട്ടിൽ കേറ്റില്ല!... നോ.!. നെവർ!.. ഇല്ല!.. പറ്റില്ലാ!.. അങ്ങനെ എന്തേലും ഒക്കെ പറഞ്ഞ് രണ്ടിനെയും പറഞ്ഞ് വിടടാ!.. ഞാൻ മാത്രം പറഞ്ഞാൽ ആ അലവലാതി പോവില്ല…”

“പ്രണയത്തിന്റെ നൊമ്പരം, ഒത്തു ചേരാൻ പറ്റാത്തതിന്റെ മനോവിഷമം... താജ്മഹൽ.. മുംതാസ്.. ഇതൊക്കെ നിനക്കെന്തേലും അറിയോട!!!! " എന്നും പറഞ്ഞ് എന്നെ വെറും പുച്ചത്തോടെ നോക്കി. ഹു!! ഈ വികാരജീവിയെ ഞാൻ  എങ്ങനേ പറഞ്ഞു മനസിലാക്കും എന്ന് ഓർത്ത് ഞാൻ ടെൻഷനടിച്ചു. അവിടെ മുനീറിനോട് ജിൻസൺ കൈയും കാലും കൊണ്ടൊക്കെ ആക്ഷൻ കാണിച്ചു എന്തൊക്കെയോ തള്ളി മറിക്കുന്നുണ്ട്. ജിൻസണും മാരി സെൽവിയും എല്ലാവരെയും നാക്കിട്ടടിച്ചു വീഴ്ത്തി. അവരുടെ വിശുദ്ധ പ്രണയത്തിനു തുണയെക്കാൻ എന്റെ റൂംമേറ്റ്സ് വെമ്പൽ കൊള്ളുന്ന പോലെ എനിക്ക് തോന്നി. ഞാൻ കണ്ണൊക്കെ ഇറുക്കി വേണ്ടാ വേണ്ടാ എന്ന് പല തവണ പറഞ്ഞ് നോക്കി. ഇല്ല!,കാര്യങ്ങൾ കൈ വിട്ടുപോയിരിക്കുന്നു. മുനീർ ജിൻസനോട് പ്ലാൻ എന്താണെന്ന് ചോദിച്ചു. ജിൻസൺ മുഖം കുറച്ചൂടെ സീരിയസ് ആക്കി,  "ആദ്യം കല്യാണം, ഫസ്റ്റ് നൈറ്റ്‌, ഇവിടെ ഒരു വീട്, ജോബ്, പിന്നെ മാരി സെൽവിടെ അച്ഛൻ അമ്മയുടെ പിണക്കം.. അത് ഒരു കുഞ്ഞി കാലു കാണിച്ചു കൊടുത്താൽ മാറികോളും.".. അവൻ പറഞ്ഞ്  നിർത്തി. ഞാൻ എല്ലാവരെയും തിരിഞ്ഞും മറിഞ്ഞും നോക്കി. അവർക്ക് എല്ലാവർക്കും പ്ലാൻ ഇഷ്ടപെട്ട മട്ടാണ്. എനിക്ക് അത് കണ്ട് ദേഷ്യം വന്നു. "എടാ മാങ്ങാണ്ടി ജിൻസാ!.. നിനക്ക് ഇവള്ടെ അച്ഛനെ പറ്റി അറിയതോണ്ടാണ്!.. കുഞ്ഞി കാലിണ്ടക്കാൻ  നീ ചെല്ല്!..നിന്നെ കുന്തത്തിൽ കുത്തി തന്തൂരിയടിച്ച് ടച്ചിങ്‌സ് ആയിട്ട് തിന്നും!... എടാ അയാള് ഇവിടെത്തെ വല്യ കവുണ്ടറോ കോണാണ്ടാറോ ഒക്കെയാണ്..നീ തിരിച്ച് നാട്ടിൽ പോക്കേ ജിൻസാ!..നിനക്ക് ഈ വ്യാളി പരിപാടിയൊക്കെ നിർത്തിക്കൂടെ!"..ജിൻസൺ ഒരു സെക്കന്റ്‌ മൗനത്തിനു ശേഷം വളരെ പക്വതയോടെ എന്റെ തോളിൽ കൈവച്ചുകൊണ്ട് പറഞ്ഞു. "ഈ ഒളിച്ചോട്ടം എന്ന സമ്പ്രദായത്തിൽ രണ്ട് ഇടി ഇണ്ടാകും!.. കുറച്ച് ചോര ഒഴുകുന്നതൊക്കെ സർവ സാധാരണം.. കൊറച് തീയും പുകയും... കൊറച്ച് ആളുകളുടെ അമറലും ചീറ്റലുമൊക്കെയുണ്ടാക്കും!... അതൊക്കെ സ്വാഭാവികമെല്ലെടാ മണിയെ! ". അവസാനമായി ഈ ജിൻസൺ എന്നവനെ കണ്ടത് ഏതോ ഒരു മണിചെയിൻ ജോബിന് ചേരുന്നുണ്ടോ എന്നും ചോദിച്ചു വന്നപ്പോളാണ്. പിള്ളേരെ പറ്റിച്ച പൈസയും കൊണ്ട് ‘ലേ ലാഡക്ക്’ പോയവനെ കാണണത് ഇപ്പോഴാ. എനിക്ക് ഉള്ള ചോര തന്നെ എന്റെ ശരീരത്തിൽ ഇല്ല!. ഇനി ഞാൻ ഇവനു വേണ്ടി.. അതും ഈ മാരി സെൽവിക്കും കൂടെ വേണ്ടി, ഞാൻ അത് ഒഴുക്കി കളയണം പോലും!. ഞാൻ എല്ലാവരെയും പറഞ്ഞ് മനസിലാക്കിപ്പിക്കാൻ നോക്കി. ആരും വിട്ടുമാറുന്ന പ്രശ്നമില്ല. എല്ലാവരും ഒളിച്ചോട്ടത്തിൽ പങ്ക് ചേരാനുള്ള ആവേശത്തിലാണ്.അങ്ങനെ മനസില്ലാ മനസോടെ ഞാനും കൂടെ കൂടി. ആദ്യം അടുത്തുള്ള അമ്പലത്തിൽ പോയി താലി കേട്ടാമെന്ന് മാരി സെൽവി പറഞ്ഞു. ഫുഡ്‌ കഴിച്ചിട്ട് ആകാമെന്ന് ജിൻസൺ. ജിൻസൺ പറഞ്ഞ ആ പോയിന്റ്.. അതെനിക് ഇഷ്ടപ്പെട്ടു. ആദ്യം കല്യാണ സദ്യ, പിന്നെ താലിക്കെട്ട്. കൊള്ളാം!.

റിച്ച് ലുക്ക്‌ തോന്നിക്കുന്ന ഒരു വല്യ റെസ്റ്റെറന്റിൽ ജിൻസൺ ഞങ്ങളെ നിർബന്ധിച്ച് കയറ്റി. ഓർഡർ എടുക്കാൻ വന്ന തമിഴ് അണ്ണനോട് ജിൻസൺ ചിക്കൻ പൊട്ടി തെറിച്ചത് ഉണ്ടോന്ന് ചോദിച്ചു. എനിക്ക് അവന്റെ അണ്ണാക്കിലോട്ട് കുറച്ച് സോസ് ഒഴിച്ച് മിണ്ടാണ്ടിരിക്കാൻ പറയാൻ തോന്നി. മുനീർ മുൻകൈയെടുത്ത് പറക്കുന്നതും നടക്കുന്നതും നീന്തുന്നതുമായാ എല്ലാം ഓർഡർ ചെയ്തു. പിന്നെ ഒരു യുദ്ധമായിരുന്നു. ചിക്കനെ ഒക്കെ വലിച്ചു കീറി. പ്ലേറ്റിൽ എല്ലു വീഴുന്ന "ട്യൂൺഗ് ട്യൂൺഗ്" ശബ്ദം ഇടയ്ക്കിടെ കേട്ടു. മട്ടണിന്റെ എല്ലിൽ വിനീഷ് വിസിലൂതി. മയോണിസ് ഒക്കെ സേമിയ പായസം കുടിക്കണ പോലെ കിണ്ണത്തോടെ എടുത്ത് മാരി സെൽവി മോന്തി. പെട്ടെന്ന് ജിൻസൺ വളരെ മൃദുലമായി പൊരിച്ച മീനിന്റെ വാലിന്റെ അറ്റത്ത് പിടിച്ച് എയറിൽ നിർത്തി ഒരു സൂത്രം കാണിച്ചു തരട്ടെ എന്ന് ചോദിച്ചു. എന്തേലും വ്യാളി പരിപാടിയിരിക്കും. ഞാൻ എന്തായിരിക്കും അതെന്ന് നോക്കിയിരുന്നു. മാരി സെൽവി "കമോൺ കമോൺ" എന്ന രീതിയ്ക്കു തലയാട്ടി. ഇടയ്ക്കൽ ഗുഹ പോലെത്തെ അവന്റെ വാ തുറന്നു. മീൻ മുഴുവനായി അകത്തു കടത്തി. വായടച്ചു. തിരിച്ചു പതിയെ എടുത്തു. മുള്ളു മാത്രമായി പുറത്തേക്ക് വന്നു. മാരി സെൽവിക്ക് ആണെങ്കിൽ ആ സൂത്രം കണ്ടിട്ട് കൈയടിക്കാതെ ഇരിക്കാൻ പറ്റണില്ല!. ആ സൂത്രം കണ്ട് വിനീഷിന് ഏകദേശം ജിൻസണെ പറ്റി കത്തി തുടങ്ങി. ജെസിബി മണ്ണ് മാന്താണ പോലെ ജിൻസൺ ബിരിയാണിയിൽ ഒരു പിടി പിടിച്ചു. എല്ലാവരും വയറു നിറയേ ആർമാദിച്ച് ഫുഡ്‌ കഴിച്ചു. ഞാൻ നക്കി വടിച്ച് എടുത്ത എന്റെ പ്ലേറ്റിൽ നോക്കിയാൽ ആധാർ കാർഡിലെ ഫോട്ടോ പോലെ എന്നെ കാണാം. ഷവർമ പോലെത്തെ ഒരു റോളായി ബില്ല് വന്നു. 4500 രൂപ. കാർഡ് ആണോ ക്യാഷ് ആണോന്ന് അയാൾ ജിൻസനോട് ചോദിച്ചു. അവൻ ഓരോരുത്തരുടെയും നേർക്ക് കൈ ചൂണ്ടി വളരെ വേഗത്തിൽ പിറുപിറുത്തുകൊണ്ട്  "ഒരമ്മ കടയിൽ പോയി.. ഒരു ഡസൻ വള വാങ്ങി..." എന്ന് പാടാൻ തുടങ്ങി. സൂത്രശാലിയായ ജിൻസന്റെ ഒരു സൂത്രമാണിതെന്ന് മാത്രം എനിക്ക് മനസിലായി.വിരൽ അവസാനം മുനീറിന്റെ നേർക്കു നിന്നു. കോളടിച്ചല്ലോ കുട്ടാ!! എന്ന രീതിക്ക് ജിൻസൺ അവനെ നോക്കി. അവനോടു ഇടത്തെ കൈ നീട്ടാൻ പറഞ്ഞു. അവൻ നീട്ടി. ഒരൊറ്റ അടി കൈ വെള്ളയിൽ അടിച്ചിട്ട് ചോദ്യം പാസ്സ് എന്നും പറഞ്ഞു, അവന്റ കവിളത്ത് നുള്ളി!. മുനീർ തിടുക്കത്തിൽ കൈ തുടച്ച്കൊണ്ട് "ഇല്ല.. വേണ്ടാ... വേണ്ടാ... എനിക്ക് പാസ്സ് വേണ്ടാ" എന്ന് പറഞ്ഞു. മുനീർ ഞങ്ങളെ നോക്കി. ആരുടേയും കയ്യിൽ പൈസയില്ല. തിന്ന കോഴിയൊക്കെ വിയർത്തൊലിച്ചു പോകുന്ന പോലെ തോന്നി. ഹോട്ടലിന്റെ ഇരിപ്പ് വശം കണ്ടിട്ട് മാവാട്ടാനും ദോശ ചുടാനുമൊക്കെ പുതിയ ഒരാളുടെ ആവശ്യം ഉണ്ടന്ന് തോന്നുന്നില്ല. എന്റെ കയ്യിൽ പൈസയുണ്ട്. കോളേജിലെ ട്രിപ്പിനു ക്ലാസ്സിലെ തമിഴ്, മണിപ്പൂർ, മലയാളി, ബംഗാളി, ഹിന്ദികാര് എന്നിങ്ങനെ എല്ലാവരുടെയും അടുത്ത് നിന്ന് മേടിച്ച പൈസ. അതിൽ ഞാൻ ഇപ്പോൾ തൊട്ടാൽ, ഇന്ത്യയുടെ നാനാ സംസ്ഥാനങ്ങളിൽ വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരുടെ അടുത്ത് നിന്നും ഒരുമിച്ച് ഇടിക്കാനുള്ള സുവർന്നാവസരത്തിനു കുഴി തോണ്ടുന്ന പോലെയാകും. മാരി സെൽവിക്കു ഇതിനെ പറ്റി അറിയാം. കള്ളി. കാട്ടു കള്ളി. കാട്ടു കോഴിക്ക് ചേർന്ന കള്ള കള്ളി. ആ പൈസ കൊടുക്കെന്നും, മാരി സെൽവിടെ കയ്യിലുള്ള ഗോൾഡ് പോകുന്ന വഴിയ്ക്കു പണയം വെച്ച് തിരികെ തരാമെന്നും ജിൻസൺ അവന്റെ നെഞ്ചത്തടിച്ചു പറഞ്ഞു. പിന്നെ!!! രണ്ട് പേന ഉണ്ടോന്ന് ചോദിച്ചാ അച്ഛനേം അമ്മേനേം വിളിച്ചോണ്ട് വരണ ടീമാണ് ഈ മാരി സെൽവി. ഇവള് സ്വർണം പണയം വെച്ച് ചിക്കന്റെയും മീനിന്റെയും പൈസ തരാൻ പോണു. ജിൻസൺ നെഞ്ചത്തടിച്ചു അത്ര ഉറപ്പിച്ച് പറഞ്ഞതുകൊണ്ട് മാത്രം എനിക്ക് ഒട്ടും വിശ്വാസമായില്ല. വേറെ വഴിയില്ലാത്തോണ്ട് ഞാൻ ആ പൈസ വീശി. ശ്യൂ...

എല്ലാവരും പുറത്തിറങ്ങി. ഒരു ആകാംഷയുടെ പുറത്ത് അവരുടെ കയ്യിൽ എത്ര രൂപയുണ്ടെന്ന് ഞാൻ ചോദിച്ചു. രണ്ടുപേരുടെയും കയ്യിൽ ആകെ 800 രൂപ!. കപ്പലണ്ടി മുട്ടായി മേടിക്കാനുള്ള പൈസക്ക് ഒളിച്ചോടി കുഞ്ഞിക്കാലുണ്ടാകാൻ ഇറങ്ങിയേക്കുന്ന നല്ല ബെസ്റ്റ് കപ്പിൾസ്... സഭാഷ്!!..ഞാൻ വിനീഷിനോട് പറഞ്ഞു."ഇപ്പോഴും വൈകിയിട്ടില്ല.. ഇവനെ നാട്ടിലേക്കും... ഇവളെ വീട്ടിലേക്കും നമ്മക്ക് പിരിച്ചുവിടാം".അവൻ ഒരടി പോലും പിന്നോട്ടില്ല എന്ന് തറപ്പിച്ചു പറഞ്ഞു. രണ്ടടി കിട്ടുമ്പോ തനിയെ പിന്നിലേക്കു ഒരടി വെച്ചോളും എന്നെനിക്ക് ഉറപ്പായിരുന്നു.

ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന മുഹൂർത്തമാണ് കല്യാണം. അതുകൊണ്ട് എല്ലാവർക്കും പുതിയ ഡ്രസ്സ്‌ എടുക്കണം എന്നും പറഞ്ഞു ജിൻസൺ ഞങ്ങളെ ഒരു കടയിൽ കയറ്റി. കാഞ്ചിവരം സാരിയില്ലാതെ താലി കെട്ടാൻ കഴുത്ത് നീട്ടില്ലെന്ന്  മാരി സെൽവി വാശിപിടിച്ചു. ഉച്ചയ്ക്ക് കാഞ്ചിവരം കിട്ടില്ല.. അതുകൊണ്ട് കല്യാണം നിർത്തി എല്ലാവർക്കും വീട്ടിലേക്ക് പിരിഞ്ഞു പോകാമെന്ന് ഞാൻ പറഞ്ഞു നോക്കി. വ്യത്യസ്തമായി ഒന്നും സംഭവിച്ചില്ല. അതും ഏറ്റില്ല. ഞങ്ങൾ റൂമിലെ എല്ലാവർക്കും വെള്ള ഷർട്ട്, മണവാട്ടിക്ക് ചുവപ്പ് സാരി, മണവാളന്  ചുവപ്പ് ഷർട്ട്‌.എന്റെ കാർഡ് വീണ്ടും ഉരസി. അതിങ്ങനെ ഉരസുമ്പോളൊക്കെ നെഞ്ചിൽ ഒരു എക്സ്ട്രാ "ടുപ്പ് ടുപ്പ്" ശബ്ദം കേൾക്കുന്നത് പോലെ തോന്നി. രാംരാജ് പരസ്യത്തിലെ പോലെ ഞങ്ങളെല്ലാവരും ഒരുമിച്ച് പുറത്തേക്ക് നടന്നു വന്നു. ഒരു യൂബർ വിളിച്ച് നേരെ അമ്പലത്തിലോട്ട് വിട്ടു. സേവ് ദി ഡേറ്റ് ഇല്ലാത്ത ഒരു കല്യാണം എന്നുള്ള സങ്കടം ജിൻസൻ ഇടയ്ക്കിടെ പറഞ്ഞു. മഞ്ഞളും മഞ്ഞ ചരടും മേടിച്ച്, അത് താലിയായി കേട്ടമെന്ന് മാരി സെൽവി. ഞാൻ അവളെ ശരിക്കും ഒന്ന് നോക്കി. ഇവളുടെ ആദ്യത്തെ ഒളിച്ചോട്ടം തന്നെ ആണോ?. ക്ലാസ്സിൽ ട്രിപ്പിന്റെ കാര്യം ചർച്ച ചെയ്തപ്പോൾ, സന്ധ്യ കഴിഞ്ഞു വീട്ടീന്ന് ഇറങ്ങിയാൽ "അപ്പ തിട്ടും!!.. സാമി കണ്ണ കുത്തും!" എന്നൊക്കെ ഡയലോഗ് അടിച്ചവളാ!. ഇപ്പോൾ പുട്ട് കുറ്റിന്ന് പുട്ട് വരുന്ന പോലെയാ കാഞ്ജീവരം, മഞ്ഞൾ, ചരട് ന്നൊക്കെ ഓരോന്നും വരുന്നത്. ഞാൻ പിന്നെ ജിൻസണെ നോക്കി. നല്ല അടിപൊളി ജോഡി. പത്ത് പേർക്ക് പണി കൊടുത്തണേലും ജീവിച്ചു പൊയ്ക്കോളും. വണ്ടി ഒരു കടയ്ക്കു മുന്നേ നിർത്തി.എല്ലാം ഞാൻ മേടിച്ചോളാം എന്നും പറഞ്ഞു  ഞാൻ മാത്രം ഇറങ്ങി. എല്ലാവരും കൂടെ ഇറങ്ങിയാൽ എന്റെ കാർഡ് താങ്ങില്ല. ഞാൻ ബാലൻസ് ചെക്ക് ചെയ്തു. ട്രിപ്പിനു പോകുമ്പോൾ എല്ലാവർക്കും ഒരു മൊട്ട പപ്പ്സ് മേടിച്ചു കൊടുക്കാനുള്ള പൈസ ബാക്കിയുണ്ട്. എന്റെ ധന ലക്ഷ്മി!!!!... എന്നെ കാത്തോളണേ!!... കടയിൽ നിന്നും രണ്ട് പൂമാലയും, മഞ്ഞളും, ചരടും മേടിച്ചു. പെട്ടെന്ന് എന്നെ തട്ടി മാറ്റി ഒരു ആറടി ഭീകരൻ കടകരോനോട് ഒരു ഫോട്ടോ കാണിച്ച് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. അയാൾ പേടിച്ചുകൊണ്ട് ഇല്ല എന്ന് തലയാട്ടി. അയാൾ എന്റെ നേർക്കു തിരിച്ചു തിരിഞ്ഞു. ഫോട്ടോ കാണിച്ചു. മാരി സെൽവിയുടെ ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോ. അയാളുടെ പിൻവശത്ത് യൂബറിന്റെ ഉള്ളിൽ മാരി സെൽവി ജിൻസന്റെ മാരകമായ എന്തോ ഒരു ചളി കേട്ട് ആഞ്ഞു ചിരിക്കുവാണ്. ഫോട്ടോയിലെ മാരി... യൂബറിലെ മാരി... രണ്ട് മാരിയിലേക്കും എന്റെ കൃഷ്ണമണി മാറി മാറി നോക്കി.അയാളെ കണ്ടാൽ ഇപ്പോൾ എന്നെ പീഡിപ്പിക്കും എന്ന മട്ടാണ്. പേടിച്ചിട്ട് ഉമിനീര് ഇറക്കാൻ പറ്റണില്ല. എന്റെ കൽമുട്ടുകൾ കുട്ടിയിടിച്ചു. കയ്യിലുള്ള മഞ്ഞൾ അയാളുടെ കണ്ണിൽ തേച്ചിട്ട് ഓടിയാലോ എന്ന് തോന്നി. ഞാൻ ഇല്ലന്ന് തലയാട്ടി. എന്തോ വശപ്പിശ ക് ഉള്ളതുപോലെ അയാൾ എന്റെ കയ്യിലുള്ള മാല നോക്കി. "അപ്പൂപ്പൻ സെത്ത് പോയി!!.. അവരുക്കു പോടാതുക്ക്" എന്നും പറഞ്ഞു ഞാൻ ഒരു കരച്ചിൽ കരഞ്ഞു. ഭീകരൻ ചുമ്മാ ഫ്ലാറ്റ്!.. എന്റെ തോളിൽ തട്ടി ആശ്വാസിപ്പിച്ചു പുള്ളി നടന്നകന്നു!. പെട്ടെന്നു ഒരു ശബ്ദം. "മണി... സീക്രമം വാ!!.. അപ്പ ആള് പാത്ത സീൻ.... സീൻ ആയിടും". കടക്കാരൻ, ഭീകരൻ തിരിഞ്ഞു നോക്കി. കാറിൽ ഇരുന്നു എന്നെ "വാങ്കോ വാങ്കോ" എന്ന് മാടി വിളിക്കുന്ന മാരി സെൽവി. ഭീകരൻ എന്നെ നോക്കി. ഞങ്ങളുടെ രണ്ട് പേരുടെയും തലക്കുള്ളിൽ "അപ്പൂപ്പൻ സെത്ത് പോയി" എന്നുള്ള ഡയലോഗും "ങ്ങീ.. ങ്ങീ" എന്നുള്ള എന്റെ മോങ്ങലും മുഴങ്ങി കേട്ടു. അയാൾ എന്റെ കോളേറിൽ പിടിച്ചു തൂക്കി. യൂബറുക്കാർനോട് "വണ്ടി വിട് അണ്ണാ!!!!!" എന്ന് ജിൻസൺ അലറുന്നത് ഞാൻ കേട്ടു. എന്നെ വിട്ടിട്ട് പോകാനുള്ള പ്ലാൻ. എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല. ജിൻസന്റെ ഓരോരോ കുഞ്ഞി കുഞ്ഞി സൂത്രങ്ങളെ!.പക്ഷേ ഇത്തവണ ഏറ്റില്ല. ഭീകരന്റെ ഭീമന്മാർ വണ്ടി അങ്ങ് വളഞ്ഞു. ഞങ്ങളെ മൊത്തത്തിൽ അങ്ങ് പൊക്കി!.

ഏതോ ഒരു വീട്ടിൽ ഭീകരനും ഭീമന്മാരും ഞങ്ങളും നിന്നു. ചീറി പാഞ്ഞു  വന്ന് ശടാന്ന് ബ്രേക്കിട്ട് രണ്ട് സ്കോർപിയോ നിന്നു. പൊടിക്കാറ്റിൽ മുങ്ങി നിന്ന സ്കോർപിയോയിൽ നിന്ന് കാവി മുണ്ടുടുത്ത ഒരാൾ ഇറങ്ങി വന്നു. മാരി സെൽവിയുടെ ചുണ്ടുകൾ "അപ്പാ" എന്ന് പിറുപിറുത്തു. നടന്നു വരുംതോറും അയാളുടെ പിന്നിൽ ഭീമന്മാരുടെ എണ്ണം കൂടി. വിസിൽ അടിക്കാൻ മുട്ടി നിൽക്കുന്ന കുക്കറിന്റെ പോലെത്തെ അയാളുടെ മുഖത്തു നിന്നും രണ്ട് തെറി ഇപ്പോൾ പായും എന്ന് ഞാൻ പ്രതീക്ഷിച്ചു. ശോ! ബസ് കയറി പോണ്ടിച്ചേരിയിൽ വന്ന് ഇടി കൊണ്ട് ചാവാനുള്ള ജിൻസന്റെ തലവിധി ഓർത്ത് എനിക്ക് സങ്കടം വന്നു. അയാൾ വേഗം വന്നു മാരി സെൽവിയുടെ മുഖത്തേക്ക് തന്നെ നോക്കി. രണ്ട് പേരും കുറച്ചു നേരം മുഖത്തോട് മുഖം നോക്കി നിന്നു. പെട്ടെന്ന് അയാൾ "തങ്കമേ" എന്നും പറഞ്ഞു അവളെ കെട്ടിപിടിച്ച് ഒരൊറ്റ കരച്ചിൽ!. ഇതെന്ത് പണ്ടാരമാണ്!. ഒരുമാതിരി അവാർഡ് പടം പോലെ. ആകെ ശോകമൂകം. ഫുൾ കരച്ചിലും കെട്ടിപിടിത്തവും. സമാധാനിപ്പിക്കലും. വല്യ മീശ വെച്ചിട്ട് ആ മൊണ്ണ ഒരു പഞ്ച് ഡയലോഗ് പോലും അടിക്കാണ്ട് കിടന്ന് മോങ്ങണ്. മ്ലേച്ചൻ!. ആ ട്രിപ്പിന്റെ പൈസ കിട്ടിയിരുന്നേൽ പോകാമായിരുന്നു എന്ന മട്ടിൽ ഞങ്ങൾ നിന്നു. പെട്ടെന്ന് കാറിന്റെ ഡോർ ആഞ്ഞടിക്കുന്ന ശബ്ദം കേട്ടു, ഞങ്ങൾ അങ്ങോട്ടേക്ക് നോക്കി. സാരിയും മടക്കികുത്തി പല്ലും കടിച്ച് വരുന്ന സീനിയർ മാരി സെൽവി. അമ്മ - മുത്തു മാരി!. വായിലെ കടുത്ത ചുവപ്പ് നിറഞ്ഞ മുറുക്കാൻ പുറത്തേക്ക് ആഞ്ഞു തുപ്പി. ആഞ്ഞു ഉരുണ്ടു വന്ന അവരുടെ ചെരുപ്പുകൾ കാലിൽ നിന്നും തെറിച്ചു. കെട്ടഴിഞ്ഞ കറുത്ത മുടികൾ ഒരു സർപ്പത്തെ പോലെ ആടി. മുറുക്കാനിൽ ചുവന്ന ചുണ്ടുകൾ ദേഷ്യത്തിൽ വിറച്ചു. നാലടി പൊക്കമുള്ള ഒരു തിരി കൊളുത്തിയ ഡൈനമൈറ്റ് ഉരുണ്ടു വരുന്ന പോലെ എനിക്ക് തോന്നി. നിരന്നു നിൽക്കുന്ന ഞങ്ങൾ രാംരാജ് ബോയ്സിലേക്ക് അവർ പാഞ്ഞാടുത്തു. ആരുടെ നേർക്കാണ് വരണ്ടത്ത് എന്നറിയാത്ത ഒരു വരവ്. അവിടെയാണ് ജിൻസൺ ഒരു പുതിയ സൂത്രം കാണിച്ചത്. ഒരടി അവൻ പിന്നോട്ട് നിന്നു. എന്നിട്ട് എന്നെ നോക്കി ഉറക്കേ "തലേ!..... ഇനി നമ്മ എണ്ണ പണ്ണും?" എന്ന് ചോദിച്ചു. എന്റെ കണ്ണ് തള്ളി!. കാള ചുവപ്പ് കണ്ടപോലെ തള്ള എന്റെ നേർക്കു വന്ന് ചാടി വലതു കൈ പിറകിലോട്ട് ഓങ്ങി ഒരൊറ്റ ഒരു അടി.  ലെയ്സിന്റെ പാക്കറ്റ് പൊട്ടിയതുപോലെ ഒരു ശബ്ദം. എന്റെ താടിയെല്ല് ഒന്ന് ഇടേത്തേ അറ്റം പോയി തിരികെ വന്നു. തലച്ചോറ് ഗുളു ഗുളുന്ന് ഒന്ന് ഇളകി. നട്ടുച്ചക്ക് മാരി സെൽവിടെ അമ്മക്ക് ചുറ്റും മിന്നാമിനുങ്ങിനെ ഞാൻ മാത്രേ കണ്ടുള്ളു. ഞാൻ ഇപ്പോൾ കേൾക്കുന്നത് "ക്കൂൂയ്... കൂയ്...' ന്നൊരു മൂളക്കം മാത്രം. രണ്ട് പെഗും ഒരു സിഗരറ്റും വലിച്ചാൽ കിട്ടുന്ന കിക്ക് ഒരു ചെറിയ സ്പർശനത്തിൽ എനിക്ക് കിട്ടി. താഴെ വീഴാതെ ഒരു മൂൺ വാൾക് ഇട്ട് തൊട്ട് അടുത്തുള്ള മതിലിൽ ചാരി, താഴേക്ക് ഞാൻ ഊർന്നിറങ്ങി. ഞാൻ മങ്ങിയ കാഴ്ച്ചയിൽ ജിൻസണെ നോക്കി. ഒന്നും പറയാനില്ലടാ എനിക്ക്!. ഒന്നും!. അവരെ ഒന്നും ചെയ്യണ്ട എന്ന് കവുണ്ടർ അപ്പൻ അമ്മയെ തടഞ്ഞു. ഈ അലവലാതിക്ക് ഇത് നേരത്തെ പറഞ്ഞൂടായിരുന്നോ!, എന്ന് എനിക്ക് തോന്നി. താനൊന്ന് പോക്കേടോ എന്ന രീതിയ്ക്ക് അയാളെ അമ്മ തള്ളി മാറ്റി!!.. ഭീകരി!.. എന്നിട്ട് മുട്ട് മടക്കി ജിൻസന്റെ മർമ ഭാഗത്ത് നോക്കി ഒരിടി. ജീവിതത്തിൽ സങ്കടം വരുമ്പോൾ ഓർത്ത് സന്തോഷിക്കാൻ അതൊരു ചിത്രം പോലെ എന്റെ ഓർമയിലേക്ക് സൂക്ഷിച്ചുവെച്ചു. പക്ഷേ, സന്തോഷതിലുപരി അവൻ കണ്ടത് മിന്നാമിനുങ് തന്നെ ആയിരിക്കോ അതിലും കൂടിയത് ആയിരിക്കുമോ എന്നുള്ള എന്റെ സംശയം എന്നെ അലട്ടി. അവൻ ഒന്ന് ഉഷാറാകുമ്പോ ചോദിക്കണം. അവൻ എന്റെ അടുത്ത് വന്ന് കിടന്നു. എന്തായാലും കുഞ്ഞികാലിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. ആവേശകാരൻ വിനീഷിന് സ്പർശന സുഖം കിട്ടിയത് നെഞ്ചാംകൂട്ടിലായിരുന്നു. നിന്ന നിൽപ്പിൽ അവൻ എങ്ങലിടിച്ച് “വെള്ളം വെള്ളം” എന്ന് പറഞ് താഴെ വീണു. മാരി, അമ്മ, അച്ഛൻ കട്ട സെന്റി സംഭാഷണം ആണ്. "കൂയ് കൂയ്" ശബ്ദം ഒന്ന് മങ്ങി തുടങ്ങി.ഇനിയും ഇടി കിട്ടിയാലോ എന്നോർത്ത് ഞാൻ എഴുന്നേറ്റില്ല. അവസാനം ഞാൻ നോക്കുമ്പോ മാരിയും കുടുംബക്കാരും കെട്ടി പിടിച്ചു കരഞ്ഞുകൊണ്ട് പോകാനൊരുങ്ങുന്നു. മുനീർ എങ്ങനെയുണ്ടടാ എന്നും ചോദിച്ചു എന്റെ അടുത്ത് വന്നു. അവനു മാത്രം ഇടി കിട്ടാത്തതിൽ എനിക്കിച്ചിരി സങ്കടം തോന്നി. പോകുന്ന വഴിയേ അവളുടെ ഒരു അണ്ണൻ വടി കൊണ്ട് മുനീറിന്റെ പിന്നിൽ ഒരൊറ്റ ഒരു അടി. അവന്റെ ചന്തിയിലെ മാംസങ്ങൾ ഒരു തിരമാല പോലെയിളകി. ഹു.. എന്തൊരു സന്തോഷം!!.. എല്ലാവർക്കും പ്രണയത്തിന്റെ പങ്ക് ഇച്ചിരി എങ്കിൽ ഇച്ചിരി കിട്ടിയിരിക്കുന്നു. കുടുംബക്കാര് പുറത്ത് പോയി കഴിഞ്ഞ് ഭീകരൻ ചേട്ടൻ ഷട്ടർ ഒന്ന് താഴ്ത്തി തിരിഞ്ഞ് ഞങ്ങളെ ഒന്ന് നോക്കി.. വീണ്ടും സഭാഷ്‌!!!!!

Srishti-2022   >>  Short Story - Malayalam   >>  ഫ്ലാഷ്ബാക്ക്

ഫ്ലാഷ്ബാക്ക്

ഫ്ലാഷ്ബാക്ക്

ഓഫീസിലെ ആദ്യ നാളുകൾ . ആദ്യമൊക്കെ  ഭയങ്കര സന്തോഷമായിരുന്നു. AC ഉള്ള ഓഫീസ്,  സ്വന്തമായി ഒരു കമ്പ്യൂട്ടർ, ചക്രമുള്ള കറങ്ങുന്ന  കസേര. പിന്നെ എന്ത് വേണം?. ഒരു  കാര്യം  കൂടി  ഉണ്ടായിരുന്നെങ്കിൽ.. ഞാൻ  എന്റെ കറങ്ങുന്ന കസേരയിൽ നിന്നും  ഓഫീസ് മൊത്തം ഒന്ന് കണ്ണ് കറക്കി നോക്കി. ഇല്ല ..എന്റെ സൈസിന് പറ്റിയതിനൊന്നും നിലവിൽ ഇല്ല. വേണ്ടാ..എല്ലാംകൂടി ഒരുമിച്ച് കിട്ടിയാൽ അതിലൊരു ത്രില്ലില്ല. പക്ഷേ, പയ്യെ പയ്യെ പണികൾ കിട്ടി തുടങ്ങി.തട്ടിയും മുട്ടിയും ഗൂഗിളിനോട്  ചോദിച്ചും അറിഞ്ഞും ഓരോ പണിയും ചെയ്ത്  തീർത്തു. ധനുഷ്ന്റെ 'യാരടി നീ മോഹിനി' സിനിമയിൽ അവൻ ഒരു നൈറ്റ് മൊത്തം ഇരുന്ന് ഒരു ടാസ്ക്  ചെയ്ത തീർക്കുന്ന ഒരു സീൻ ഉണ്ട്.നയൻ‌താര രാവിലെ വരുമ്പോ  ധനുഷ്  കൊറേ പേപ്പർ ഒക്കെ കാണിച്ചു അവളെ ഞെട്ടിക്കണ സീൻ. ഞാൻ ഇവിടെ ആരെ ഞെട്ടിക്കാൻ??.. ആരേലും ഇണ്ടെങ്കിൽ തന്നെ ഞെട്ടിക്കാൻ എനിക്ക് അറിയില്ലല്ലോ.പടത്തിലെ സീനൊക്കെ വെറും നുണ, ശുദ്ധ നുണ. അങ്ങനെ എല്ലാ ടാസ്ക് ഉം ഒരു കാപ്പിയും കുടിച്ചോണ്ട് ഒറ്റ രാത്രികൊണ്ട് ചെയ്ത തീർക്കാനൊന്നും പറ്റത്തില്ല.അല്ലെങ്കിൽ പിന്നെ ഞാൻ വല്ല രജനികാന്തോ ധനുഷോ ആകണം. ഓഫീസ് ഭയങ്കര സൈലന്റ് ആയിരിക്കുമ്പോ പലപ്പോഴും എന്റെ ഉള്ളിലെ സൈക്കോ പറയാറുണ്ട്. "ഏതെങ്കിലും ഒരു ലൈവ് സെർവർ പൊട്ടിക്കട...അപ്പോ ഒച്ചപ്പാടും ബഹളവും നല്ല രസമായിരുക്കുന്ന"...അമ്മാതിരി ഉൾവിളികൾ ഞാൻ ഗൗനിക്കാറില്ല.പലപ്പോഴും കോഡുകൾ കുത്തി നിറഞ്ഞു കിടക്കുന്ന മോണിറ്ററിലേക്  ഒന്നും മനസിലാകാതെ മണിക്കൂറുകൾ നോക്കിയിരുന്നിട്ടുണ്ട്. ഒരു നാൾ..എന്താ ചെയ്യണ്ടതെന്നും  ,എങ്ങനെയാ ചെയ്യണ്ടതെന്നും  അറിയാത്ത ഒരു പണി കിട്ടി നിൽക്കുന്ന  സമയം. എന്തോ എവിടെയൊക്കെയോ കുറേ തകരാറുണ്ട്.അങ്ങനെയല്ല,  എന്തോ എവിടെയോ കുറച്ചൊക്കെ ശരിയാണ്.ഇതാണെങ്കിൽ ചെയ്ത് തീർക്കേണ്ട സമയം കഴിഞ്ഞു. കഴിഞ്ഞോ കഴിഞ്ഞോന്ന്  ചോദിച് ഇടക്ക് ഇടക്ക്‌ മെസ്സേജ് വരുന്നുണ്ട്. പുട്ട് കുറ്റിയിൽ നിന്നും പുട്ട് തള്ളി പുറത്തിറക്കുന്നത് പോലെ സിമ്പിൾ ആയിരുന്നേൽ വേഗം ചെയ്ത് കൊടുക്കാമായിരുന്നു. ഇതിപ്പോ ഇണ്ടാകുന്നത് പുട്ടാണോ ദോശയാണോന്ന് അറിയാത്ത അവസ്ഥ.ഒരു  അവസാന  ശ്രമം എന്ന രീതിയിൽ ഞാൻ എന്റെ മോണിറ്ററിലേക്  സൂക്ഷിച്ചു നോക്കി .പല പല വർണ്ണങ്ങളിൽ  വാക്കുകൾ കുനു കുനാന്ന്  കിടക്കുന്നു. ഒരുമാതിരി പൂക്കളൊക്കെ  തീരെ  പൊടിക്  അറിഞ്ഞു വാരി വലിച്ച് ഒരു ബ്ലാക്ക്  ബോർഡ്  ഇട്ടാൽ എങ്ങനെ ഇരിക്കും..അത്  പോലെ ..അതിന്റെ  ഇടയിൽ  ചോദ്യ  ചിന്ഹവും , അന്ധാളിക്കണ  ചിന്ഹവും  ഒകെ  കാണാം.എന്തോ സംസ്‌കൃത ശ്ലോകം പോലെ ഖണ്ഡം ഖണ്ഡമായി കിടക്കുന്ന പോലെ. മൊത്തത്തിൽ  കാണാൻ എന്തോക്കെയോ ഒരു ഭംഗിയുണ്ട് . പക്ഷേ, എനിക്കെന്തോ അത്രക്ക് ആസ്വദിക്കാൻ തോന്നിയില്ല. വേണേൽ  അതിന്റെ  മുൻപിൽ ഇരുന്നു ഒരു ചിന്തിക്കുന്ന സെൽഫിയെടുക്കാൻ കൊള്ളാം....എന്തൊക്കെ  ചെയ്തിട്ടും ERROR പോകുന്നില്ല ...

എന്ത് ചെയ്യാനാ ഞാനിപ്പോ  ഇത്  തുറന്ന്  വെച്ചേക്കുന്നേ ? 

എനിക്ക് അറിഞ്ഞൂടാ .....

എന്ത്  ചെയ്തപ്പോളാ ERROR  വന്നത് ?.

അതും  എനിക്ക്  അറിഞ്ഞൂടാ....

ഇനിയിപ്പോ  എന്ത് ചെയ്യാനാ പോണേ?.

സത്യമായും  അതും  എനക്കറിഞ്ഞൂടാ ....

തനിക്  കൊറച്ചു മണ്ണ്  വാരി തിന്ന് ഇറങ്ങി ഓടികൂടെടോ ?? ഞാൻ  എന്റെ  മനസ്സിനോട്  സ്വയം ചോദിച്ചു  പോയി . ആദ്യം  ERROR ശരിയാക്കാം..ബാക്കി പിന്നെ . ഈ  ഇരിക്കുന്ന  സാധനം  വല്ല  ചെക്കൻ  ആയിരുന്നേൽ  ചന്തിക്  രണ്ടു പെട കൊടുത്ത് നന്നാവടാന്ന്  പറഞ്ഞ് നന്നാക്കാമായിരുന്നു. ഇതൊരുമാതിരി  കമ്പ്യൂട്ടർ ആയി പോയി. ചിലപ്പോഴൊക്കെ ഹാങ്ങ്‌ ആയിരിട്ടിരിക്കണ കാണുമ്പോൾ ചാടി ഒരു ചവിട്ട് കൊടുക്കാൻ തോന്നും.എന്ത്  ചെയ്യാൻ?.. ചോറ് തരുന്ന സാധനമായി  പോയി.എന്ത്  വിഷമാണ്  മണി  ഇതിൽ നീ  കുത്തിവെച്ചത് ?..ഞാൻ  വീണ്ടും  കോഡ്  പരതി. കുറേ  വരികളിലായി  നീണ്ടു  നിവർന്ന്  കിടക്കുന്ന  കോഡ്. ഒന്നും കൃത്യമായിട്ട് അങ്ങ് മനസിലാകുന്നില്ല. കുറേ നേരം നോക്കി ദേഷ്യം വന്നിട്ട്  ബൈജുനെ വിളിച്ചു രണ്ടു തെറി പറഞ്ഞു. തിരിച്ചും രണ്ടു തെറി കേട്ടപ്പോൾ ചെറിയ ഒരു ആശ്വാസം. മനസ് ശാന്തമാക്കി സമാധാനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു. വാഷ്‌റൂമിൽ പോയി മുഖം കഴുകി,  താഴെ പോയി ഒരു കട്ടനടിച്ചു. തിരിച്ചു വന്നു നടുവ് നേരെ നിവർത്തിയിരുന്നു. ശാന്തമായിട്ടിരിക്കാൻ "വിണ്ണൈത്താണ്ടി വരുവായ" പടത്തിലെ ബിജിഎം ജൂക്ക്ബോക്സ്, ഹെഡ്സെറ്റിൽ പ്ലേ ചെയ്തു. കോഡ് മൊത്തത്തിൽ ഒരു പോസ്റ്റ്മോർട്ടം  ചെയ്യാൻ  തീരുമാനിച്ചു . പതുക്കെ പതുക്കെ ഓരോന്നും നോക്കി .ഒരു  കാര്യം  ഉറപ്പാണ്.എന്റെ  അനധികൃതമായ  കൈ  കടത്തലുകൾ മൂലം ഇത് മൊത്തത്തിൽ പിഴച്ചി രിക്കുന്നു .കൂടോത്രം ചെയ്ത് വീട്ടിൽ  കുഴിച്ചിട്ട  മൊട്ട പോലെയുള്ള  ഒരു  സാധനത്തെ,  അവസാനം  ഞാൻ  അതിന്ന്  തപ്പി  കണ്ടുപിടിച്ചു . കണ്ടപാടെ  അതിനെ  അങ്ങ്  ശൂന്യമാക്കി. മൗസിനെ തൊട്ടും  കീബോർഡിനെ തലോടിയും ഓരോന്നായി  ശരിയാക്കി .നീണ്ട പോരാട്ടത്തിന്  ഒടുവിൽ  ഞാൻ  അതിനെ   വൃത്തിയായി  ടെസ്റ്റർ  ഇന്  സമർപ്പിച്ചു . ടെസ്റ്റർ ...സിമ്പിൾ ആയിട്ട്  പറയുവാണേൽ  നമ്മൾ  ഉണ്ടാക്കുന്ന ഒരു ചിക്കൻ കറി  രുചിച്ചു നോക്കി അതിൽ ഉപ്പുണ്ടോ എരിവിണ്ടോന്നൊക്കെ  പറയുന്നയാൾ ...പക്ഷേ ഒരിക്കലും അത് ശരിയാക്കില്ല.. ശരിയാക്കാൻ പാടില്ല...ഈ  ചിക്കൻ  കറിയ്ക്ക്  സാമ്പാറിന്റെ മണമില്ല..., എരിവ്  ഉള്ളത്  കൊണ്ട്  മധുരം  അറിയാൻ  പറ്റണില്ല...എന്നൊക്കെയുള്ള  തികച്ചും  ന്യായവും  ലോജിക്  തുളുബുന്നതുമായ  വിമര്ശനങ്ങൾ ഉന്നയിച്ചു 

. അവിടെയൊക്കെ കറിയ്ക്  എരിവ് ലേശം കൂടുതൽ വേണമെന്ന്  പറഞ്ഞത് കൊണ്ടാണല്ലോ, അങ്ങനെ ചെയ്തപ്പോ ഉപ്പു  കൂടി സാമ്പാറിന്റെ മണവും , പഞ്ചാരടെ  മധുരവും കിട്ടാതെ പോയതെന്ന് വിനീതമായി  അവരെ പറഞ്ഞു ബോധിപ്പിച്ചാൽ മതി. മൗനം കലർന്ന വാക്ക് തർക്കങ്ങൾക്കും, ചാറ്റിങ്  കശപിശകൾക്കും  ഒടുവിൽ ചില അറ്റകുറ്റപണികൾ ഒക്കെ ചെയ്ത് അവരെ തൃപിതിപ്പെടുത്തി.എല്ലാം കഴിഞ്ഞപ്പോ വൈകി. രാത്രിയായി. ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി യമുന  ബിൽഡിങിന്റെ താഴെയെത്തി. അപ്പുറത്തെ സൈറ്റിലെ ബംഗാളികളൊക്കെ പണി കഴിഞ്ഞ് വീട്ടിൽ  പോയിട്ടുണ്ടാകണം .ഞാൻ ബിൽഡിങ്ങിൽ  നിന്നും  മെയിൻ ഗേറ്റിലേക്  നടന്നുനീങ്ങി.ഹെഡ്സെറ്റിൽ  "മെല്ലിനമേ മെല്ലിനമേ" പാട്ട്. പാട്ടും കാറ്റും നിലാവും നിശബ്ദതയും ആസ്വദിച് രാത്രിയിൽ നടക്കാൻ നല്ല രസമാണ്.  എന്തോ അറിയില്ല ഞാൻ ചുമ്മാ തിരിഞ്ഞ് സ്ലോമോഷനിൽ യമുന  ബിൽഡിങ്ങിലേക്  നോക്കി . ഒരു വലിയ ഒറ്റ  കളർ  ഉള്ള  റൂബിക്ക്സ് ക്യൂബിനെ നടുവിൽ നിന്ന് ചെരിച്ചു  വെട്ടി കമഴ്ത്തി വെച്ച്, അതിനെ രണ്ടു തൂണ്  ചെരിച്ചു താങ്ങി വെച്ചേക്കുന്നേ  പോലത്തെ  ഒരു കെട്ടിടം . യമുന ബിൽഡിങ്.എപ്പോഴും ആ തൂണിന്റെ  മുകളിൽ കയറിട്ട് ശൂന്ന്.. തെന്നി താഴെ വരാൻ തോന്നും.കറുത്ത ആകാശത്തിൽ വെളുത്ത  ചന്ദ്രനും പിന്നെ യമുനയും. എന്തൊരു ഭംഗിയാണ്.വൈകിട്ട് ചുവന്ന ആകാശത്തിന്റെ ഒപ്പം കാണാൻ മറ്റൊരു ഭംഗിയാണ്. യമുന സുന്ദരിയാണ്. ഭംഗിയിൽ നിന്നും ശ്രദ്ധ അറിയാതെ മാറി.പല നിലകളിലും  ഇപ്പോളും  ലൈറ്റ്  കത്തുന്നുണ്ട് . ആ ലൈറ്റിൽ കത്തിയമരുന്ന  എത്രെയെത്ര  യൗവനങ്ങൾ!!..എന്റെ യൗവനവും അതിൽ  എരിഞ്ഞു ചാമ്പലാകുമോ !!?....ടി വി സീരിയൽ പരസ്യത്തിൽ ചോദിക്കുന്ന പോലെയുള്ള ചോദ്യങ്ങൾ എന്റെ മനസിലൂടെ കടന്നു പോയി.  ഒരു ഫിലിം കഥ എഴുതണം ..ഡയറക്ടർ  ആകണം ..മണി രാജി വെക്ക് ...വെക്ക്  മണി  ..വെക്ക് ...ഞാൻ ഒന്നും നോക്കിയില്ല. ചൂടാറും മുൻപേ  അമ്മയെ  ഫോൺ  ചെയ്തു . യൗവനം , മുതലാളിത്തം , 4 ചുവരിൽ , സിനിമ , ലക്ഷ്യം  എന്നൊക്കെ  പറഞ്ഞുള്ള  ഒരു  വമ്പൻ  പഞ്ച് ..പഞ്ച്  ആണ്  ഉദ്ദേശിച്ചത് ...അവസാനം  ജോലി  നിർത്താൻ  പോകുവാന്നുള്ള ഒരു ഫുൾ സ്റ്റോപ്പും. അമ്മ  ഒന്നും  മിണ്ടുന്നില്ല ..ഫോണ്ണിൽ  നിന്നും  കട്ട്  ചെയ്ത ശേഷം കേൾക്കുന്ന  "ട്ടു  ട്ടു" ശബ്ദം മാത്രം കേട്ടു.. ഞാൻ വീണ്ടും വിളിച്ചു. ബാക്കി  പഞ്ച്  അടിക്കാൻ  ഡീപ് ബ്രീത്  എടുത്ത് വരുവായിരുന്നു. പെട്ടെന്ന് അച്ഛന്റെ  ശബ്ദം...."തിന്നിട്ട്  എല്ലിന്റെ  ഇടയിൽ  കയറിയാൽ  പലതും  തോന്നും "....ഈ  തവണ  ഞാൻ  അച്ഛനെ  "ട്ടു  ട്ടു" ശബ്ദം  കേൾപ്പിച്ചു ..ഒരു  സെക്കന്റ്  മിന്നായം  പോലെ  കോളേജ്  കഴിഞ്ഞു,  ടെക്നോപാർക്കിൽ ജോലി കിട്ടുന്ന സമയം വരെയുള്ള  കാര്യങ്ങൾ  കടന്ന്  പോയി .അറബിക്കഥയിലെ ശ്രീനിവാസന്റെ ഗൾഫിലെ ആദ്യ നാളുകൾ പോലെയുള്ള ഒരു മിനി ഫ്ലാഷ്ബാക്ക്. തിരിച്ചു  ഒന്നൂടെ  ഞാൻ ബിൽഡിങ്ങിലേക് നോക്കി ..അപ്പോ എന്താണെന്ന്  അറിഞ്ഞൂടാ  അതിന്റെ  ഉള്ളിൽ  അത്ര വലിയ  എരിച്ചിലൊന്നും  എനിക്ക് അപ്പൊ തോന്നിയില്ല .വീണ്ടും  ഹെഡ്സെറ്റ് ബാക്  ഇൻ  ആക്ഷൻ.ഈ  തവണ പാട്ട് .."അടി റാക്കമ്മ കയ്യെ തട്ട് "......."ട്ടും ട്ടും ട്ടട  ട്ടടട  ടാങ്".... 

Subscribe to Socius innovative global brains