രാകി മൂര്‍ച്ച കൂട്ടിയ ക്ഷൗരക്കത്തി, അരയില്‍ കെട്ടിയ പച്ച ബെല്‍റ്റിന്‍റെ തുഞ്ചത്ത് തലോടിച്ച് പപ്പുവാശാന്‍ വേല തുടര്‍ന്നു. മംഗലത്തെ കുഞ്ഞിരാമന്‍ വൈദ്യരുടെ ഇടത്തേച്ചെവിയുടെ കടുക്കനില്‍ താളത്തിലൊന്ന് പിടിച്ച്, കണ്ണ് മേല്‍പ്പോട്ടാക്കി മനസ് കൊണ്ട് പവന്‍റെ തൂക്കം അളന്നു.
“സൂക്ഷം, കാല്‍ പവന്‍”.
ക്ഷൗരഗതിയിലെ മന്ദതയും, കടുക്കനിലെ അസാമാന്യ തട്ടും തിരിച്ചറിഞ്ഞ വൈദ്യര്‍ ഒന്ന് മൂളി-
“ങ്ങും..ന്താ...”
പപ്പുവാശന്‍ കത്തിയിലേക്ക് മെയ്യും മനസും തിരികെ വിളിപ്പിച്ച് മറുമൂളല്‍ മൂളി.
“ഓ..ഒന്നൂല്ലാ വൈദ്യരേ...അടയ്ക്കാ കാച്ച് ചിരിച്ച് നില്‍ക്കുവാ..”
കത്തിയ്ക്ക് നല്ല ബഹുമാനം കൊടുത്തുകൊണ്ട് തന്നെ, ഇടം കണ്ണ് മേല്പ്പോട്ട് ചരിച്ച് പപ്പുവാശാനോടായി-
“അതിന് നിനക്കെന്താടാ? അടക്കയാകുമ്പോ പൂക്കും കായ്ക്കും!!”.
വൈദ്യന്‍ കത്തി ഇച്ചിരി താഴേക്ക് പായിച്ച്, തൊണ്ടയ്ക്ക് മേലെ തലോടി.
“കുരുമുളകും ചൊകന്നു നില്‍പ്പുണ്ട്... പിന്നെ തെക്കേ പറമ്പിലെ ഇരട്ടത്തലയന്‍ വരിക്ക ചക്ക മൂക്കിലെ പൂട വിറപ്പിച്ചങ്ങനെ നില്‍പ്പാ...
ഇന്ന് പോകുമ്പോ അടിയന്‍???”.
അതും പറഞ്ഞ് വൈദ്യര്‍ തൊണ്ടക്കുഴിയിലെ തല പൊക്കിയ ഈര്‍ച്ച രോമങ്ങളില്‍ കത്തി കൊണ്ട് ആഞ്ഞുഴിഞ്ഞു.
മറുപടി വളരെ പെട്ടെന്നായിരുന്നു..
“ആയിക്കോ ആയിക്കോ...”.
പിന്നെ എണ്ണിക്കൊണ്ട് നാല് മിനുട്ടില്‍ വൈദ്യരുടെ മുഖം മാര്‍ബിള്‍ ആയി.
കാരക്കല്ല് വെള്ളത്തില്‍ മുക്കി, പപ്പുവാശാന്‍ വൈദ്യരുടെ മുഖവടിവിന് മെഴുകിന്‍റെ മാറ്റ് പകര്‍ന്നു.
ആശാന്‍, പോകും വഴി രണ്ട് കുല അടയ്ക്കയും ഒരു കൈ കുരുമുളകും, ഒരു സ്വയമ്പന്‍ വരിക്ക ചക്കയും തോളത്ത് കയറ്റി, തോടിലേക്ക് നടന്നിറങ്ങി.
വൈദ്യര്‍ കഴുത്തിന് ചുറ്റും കൈപ്പത്തിയോടിച്ച് ഭരദൈവങ്ങളെ നീട്ടി വിളിച്ച്, കുളക്കടവിലേക്ക് നടന്നു.
“വേറെ ഒരുത്തരേം പേടിക്കണ്ടാ.. പക്ഷെ ഇവരെ ഭയക്കാണ്ട് പറ്റുവോ... തൊണ്ടക്കുഴിയിലല്ലേ കത്തി ശിവ..ശിവാ...”
ഇതെല്ലാം കണ്ടുകൊണ്ട്, ഉമ്മറത്തെ ചെമ്പന്‍ തൂണില്‍ ചാരി നിന്ന പെങ്ങള്‍, ദേവുക്കുട്ടിയുടെ, നുണക്കുഴി തെളിഞ്ഞ മുഖത്തെ പാതി പൊതിഞ്ഞ ചിരി മറച്ചുകളഞ്ഞു.
ആഴ്ചയില്‍ രണ്ട് തവണയുള്ള, പച്ച ബെല്‍റ്റിന്‍റെ വാലില്‍ തൂകിയ, പാറപ്പൊടിയില്‍ ഉരസുന്ന കത്തിനാവിന്‍റെ പരുപരുത്ത ശബ്ദത്തിന് പതിയെപ്പതിയെ ഒരു താളമുള്ളതായി ദേവുക്കുട്ടിക്ക് തോന്നി തുടങ്ങിയ ഒരു ചൊവ്വാഴ്ച്ച. മാസത്തില്‍ ആറോ ഏഴോ മാത്രം നടന്നിരുന്ന ക്ഷൗരക്രീയ ഇപ്പോള്‍ പത്തും പന്ത്രണ്ടും തവണയായി.
“പപ്പുവേ, ഇന്ന് ചൊവ്വയല്ലേ, ചൊവ്വയ്ക്ക് വെട്ടിയാല്‍ നേരെ ചൊവ്വേ ആകുവോ?”
വൈദ്യര്‍, കിറിക്ക് താഴെ തലപൊക്കിയ വെളുത്ത കുറ്റിരോമങ്ങള്‍ തലോടി, കോക്കത് നടയ്ക്ക് അരികിലായി നിന്ന പപ്പുവശാനെ നോക്കി, ചോദിച്ചു.
“പണ്ടത്തെപ്പോലല്ലല്ലോ വൈദ്യരേ, കത്തിക്ക് മൂര്‍ച്ച കൂടിയാല്‍, കിളിര്‍ക്കുന്ന രോമത്തിന്റേം മൂപ്പ് കൂടും ന്നാ...”. അതും പറഞ്ഞാശാന്‍ പിന്‍കഴുത്ത് തടവി.
പത്തായപ്പുരയുടെ ഓടാമ്പല്‍ തള്ളി നീക്കുന്നതിനിടയില്‍, വൈദ്യര്‍, ചെവിക്കുഴിക്ക് അരികിലായി, ഞാറ് മുളച്ച പോലെ നിന്നിരുന്ന നീളന്‍ മുടി ചുരുട്ടി പറഞ്ഞു.
“ശരിയാ, എന്നാ... നീ പണി തുടങ്ങിക്കോ...”.
ചെന്തെങ്ങിന്‍റെ ചോലയില്‍, കിഴക്കോട്ട് നോക്കി, വേപ്പില്‍ പണിത കസേരയിട്ട് കുഞ്ഞിരാമന്‍ വൈദ്യര്‍ ഇരുന്നു. തെറ്റുടുത്ത ബാലരാമപുരം കൈത്തറി ഒറ്റമുണ്ട്. വയറിന് മുകളിലേക്ക് വലിച്ച് കയറ്റി ഒന്ന് മുറുക്കി. പപ്പുവശാന് മുന്നില്‍ തലയൊന്ന് ചെറുതായി കുനിച്ചു.
കത്തി രാകി മിനുക്കുന്ന സമയത്ത് എന്തോ ഓര്‍ത്തത് പോലെ വൈദ്യര്‍ പറഞ്ഞു-
“ങ്ങ്ഹാ...നിനക്ക് ചൊവ്വ മുടക്ക് പോലെ, അകത്തൊരാള്‍ ഇരിപ്പുണ്ട്.. അവള്‍ക്കും മുടക്ക് ചൊവ്വയാ..”
പെട്ടന്ന്, പിന്നിലേക്ക് തിരിഞ്ഞ പപ്പുവാശന്‍റെ നോട്ടമെത്തുന്നതിന് മുന്‍പേ, തൂണിന്‍റെ മറ പറ്റി നിന്നിരുന്ന രണ്ട് കണ്ണുകള്‍ പിന്‍വലിഞ്ഞിരുന്നു.
ഇത്തവണ പറമ്പിലെ മൂവാണ്ടന്‍ മാങ്ങയെപ്പറ്റിയോ, വളപ്പിലെ പൂങ്കള്ളി വഴക്കുലയെപ്പറ്റിയോ പപ്പുവാശന്‍ മിണ്ടിയില്ല. വൈദ്യരോട് എന്തോ പറയണം എന്നുണ്ടായിരുന്നു. നെഞ്ച് തട്ടി വന്ന വാക്കുകളെ തൊണ്ടക്കുഴി ഉമിനീരിട്ട് മൂടിക്കളഞ്ഞു.
“ആയ കാലത്ത് തൊട്ടും തൊടാതെയും നോക്കിയും നോക്കാതെയും രോഗം ഭേദമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തനിക്കറിയോ ചില രോഗങ്ങള്‍ക്ക് പച്ചവെള്ളമാണ് മരുന്ന്!. ചിലതിന് ഉപ്പും. മാന്തളിരില ചുണ്ണാമ്പില്‍ മുക്കിയൊരു വേലയുണ്ട്, വാതത്തിന് പഷ്ടാ..പറഞ്ഞിട്ടെന്താ ഒരനന്തരവന്‍ ഇല്ലാണ്ട് പോയില്ലേ...ചൊല്ലിക്കൊടുക്കാന്‍... ചോവ്വേം വ്യഴോം ഒന്നും ഇല്ലാന്ന് പറഞ്ഞ ഒരു നാസ്തികനായിരുന്നു അവളുടെ സംബന്ധക്കാരന്‍. താലി കെട്ടി നാഴിക കഴിഞ്ഞില്ല. കോക്കത് നടയില്‍ ഇടത് കാല്‍ വച്ചാ കേറിയേ...ചിറ കഴിഞ്ഞ് പാലം കടന്ന് ഞാന്‍ ഓടിയെത്തുമ്പോഴേക്കും കഴിഞ്ഞിരുന്നു, എല്ലാം... ചിലത് ദൈവം ചെയ്യിക്കണതാ...ചെയ്യുന്നവര്‍ പഠിക്കാന്‍...വേറെ ചിലത് കാണണോര്‍ക്കും... ങ്ങും..ചിലര് പഠിക്കും...വേറെ ചിലര് വീണ്ടും വീണ്ടും പഠിച്ചോണ്ടന്നേ കാലം തീര്‍ക്കും. വാഴക്കല്യാണം തീര്‍ക്കേണ്ട ദോഷം അയാളിലൂടെ തീര്‍ന്നൂന്ന് പറയാന്‍ ദണ്ഡം ഉണ്ട്..ങ്ങും.. താന്‍ പോകുമ്പോ, ചിറ കഴിഞ്ഞ് ചീവീട് കരയണുണ്ടോന്നു നോക്കുക...ഉണ്ടേല്‍ ഒന്ന് ഓരിയിട്ടേര്... വേറൊന്നിനും അല്ല...ഉച്ച തിരിഞ്ഞ് അസാധ്യമായി കൂമന്‍ കൂകുന്നത് കേട്ടു...നാളെ രാവിലെ പാല്‍ വേണ്ടി വരില്ലാന്നൊരു തോന്നല്‍..അരത്തുടം വേണ്ടാ... കാല്‍ മതി എന്ന് കറവക്കരനോട് പറഞ്ഞേച്ചു പൊക്കോളൂ.”
ഇത്രയും പറയുന്നതിനകം തന്നെ പപ്പുവാശന്‍ വേല തീര്‍ത്തിരുന്നു.
നാസികാസ്ഥിക്ക് മുകളിലെ വിയര്‍പ്പ് ഒപ്പി, തിരിഞ്ഞു നടക്കുന്നതിനിടയില്‍ വൈദ്യര്‍ ആരോടെന്നില്ലാതെ പറഞ്ഞു-
“കിഴക്കൂന്ന് ഒരു കൂട്ടര് വരും ന്നാ ഗൗളി പറഞ്ഞെ...അവരെന്തായാലും ഞാന്‍ നോക്കിയാല്‍ തീരണ വ്യധിക്കാരല്ലാ ന്ന് തോന്നണു. അതോ എനിക്ക് നോക്കാന്‍ തരപ്പെടാത്തതാണോ?. അറിയില്ല..”
പപ്പുവാശന്‍ മിണ്ടിയില്ല. തന്‍റെ സ്ഥിരം കുസൃതിത്തരങ്ങള്‍ക്ക് കൂട്ടം വയ്ച്ച് നില്‍ക്കുന്ന ആളാണ്,മീനച്ചൂടില്‍ പുളി പൊട്ടുന്നത് പോലെ അത് പറഞ്ഞത്.
അന്ന് രാത്രി അയാള്‍ക്ക് ഉറങ്ങാന്‍ സാധിച്ചില്ല. കയറ്റു പായത്തലയ്ക്കല്‍ ക്ഷൗരക്കത്തി വയ്ക്കുന്നതിന് മുന്നേ വെള്ളാരക്കല്ല് കൊണ്ടുള്ള മിനുസപ്പെടുത്തല്‍. ഓരോ തവണ കത്തിത്തല തിളങ്ങുമ്പോഴും ആരുടെയോ മുഖം തെളിഞ്ഞു വരുന്നത് പോലെ തോന്നി അയാള്‍ക്ക്.
എന്ത് തന്നെ സംഭവിച്ചാലും പിറ്റേന്ന് വൈദ്യരോട് പറയണമെന്ന് കരുതി അയാള്‍ കിടന്നു.
പിറ്റേന്ന് ഇട്ടിവിര മുതലാളിക്ക് മുണ്ഡനക്രീയ നടത്തുമ്പോഴാണ് ആ വാര്‍ത്ത കേട്ടത്.
“കൊത്തിയവനെ വിളിച്ച് വരുത്തി, വിഷമിറക്കിക്കുക, കൊടിയ കര്‍മം തന്നെ. ചെയ്ത ദോഷം തന്നെയാ വൈദ്യരെ വീഴ്ത്തിയത്”- വാര്‍ത്ത കേട്ടയുടനെ ഇട്ടിവിര അനുതപിച്ചു. പാതി വടിച്ച തല അതേപടി നിറുത്തി പപ്പുവാശന്‍ അങ്ങാടിക്കടയിലേക്ക് ഓടി.
പൂവും മാവിറകും ചാക്കിലാക്കി പപ്പുവാശന്‍ മംഗലത്തേക്ക് ഓടി. ഏഴ് നാള്‍ക്കുള്ളില്‍ ഭൂമിദേവിയെ തണുപ്പിച്ചു കൊള്ളാം എന്ന വാക്കില്‍ വൈദ്യരെ ഉണക്ക തൊണ്ടിന്മേല്‍ കിടത്തി. തലയ്ക്കല്‍ ഊന്നിയ ചെറു ചേമ്പില്‍, വെള്ളം തൂകി ദേവുക്കുട്ടി ഏങ്ങലടിച്ച് അകത്തേക്ക് ഓടിപ്പോയി. അവസാന മാവിറകും വൈദ്യരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ച് പപ്പുവാശന്‍ ഒന്ന് നോക്കി.
ദോഷങ്ങള്‍ ഒത്തിരിയുള്ള തറവാടാണ്. വിഷഹാരിയായിരുന്നു വൈദ്യര്‍. ദൂര ദേശങ്ങളില്‍ നിന്ന് തന്നെ പലരും ചികിത്സക്കായി എത്തിയിരുന്നു. ആകെയുള്ളത് ഈ പെങ്ങളാണ്. പ്രകൃതിയും അതിന്‍റെ നിയമങ്ങളും നോക്കാതെയുള്ള ചില ചികിത്സകള്‍, ചില കര്‍മങ്ങള്‍, അതിന്‍റെ ഫലമാണ് ആ കുടുംബത്തിന്‍റെ ശാപം എന്ന് പലരും പറഞ്ഞു നടന്നു.
ഒന്നരമാസം കഴിഞ്ഞു.
നടവഴിയില്‍ ചെറു പുറ്റുകള്‍ കണ്ടു തുടങ്ങി. കിണറിനു ചുറ്റും പതിവില്‍ കൂടുതല്‍ തവളകളും എലികളും പെറ്റ് പെരുകി. വീടിന്‍റെ ഉത്തരത്തില്‍ കടന്നല്‍ കൂട് കെട്ടി. അകത്ത് ദേവുക്കുട്ടി എന്നൊരാള്‍ ജീവനോടെ ഉണ്ട് എന്ന് തന്നെ തോന്നാത്ത വിധം വീടും പരിസരവും നശിച്ചു കൊണ്ടേ ഇരുന്നു. എല്ലാ ദിവസവും രാവിലെ ആ വഴി പോകാറുണ്ടെങ്കിലും പപ്പുവാശന്‍ അവിടെ കേറിയില്ല.
കടന്നലിന്‍റെ കൂട് ഏതാണ്ട് ഒരു കൂഴച്ചക്കയോളം വലുപ്പത്തില്‍ വളര്‍ന്നിട്ടുണ്ട്. മറ്റൊന്നാലോചിക്കാതെ,തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത്, തോട്ടുവക്കിലെ ചേറ് മുങ്ങിയ വെള്ളത്തില്‍ ഒന്ന് പരത്തി, ഇരു കൈയും വീശി കടന്നല്‍ക്കൂട്ടില്‍ ചേര്‍ത്തൊന്നു പിടിച്ചു. ചില ഞെരുക്കങ്ങള്‍... മൂളലുകള്‍. ചീറ്റലുകള്‍. തോര്‍ത്തിന്‍റെ നിറം മാറി വരുന്നുണ്ട്. എല്ലാം ചത്ത ലക്ഷണം ഇല്ല... കാട്ടു കടന്നല്‍ ആണ്..വീറും മൂപ്പും കൂടും... കൂട് കുറച്ചു നേരത്തിനുള്ളില്‍ ചതഞ്ഞ തൊണ്ട് പോലെ നിലത്തു വീണുരുണ്ടു.
ഒരു മലക്കം മറിച്ചിലില്‍ പപ്പുവാശാനും നിലത്ത്.
മുഖത്ത് കുത്തി നില്‍ക്കുന്ന കടന്നലുകളെ അയാള്‍ ആവതും അകറ്റിയോടിക്കാന്‍ ശ്രമിച്ചു. മുഖം നീലിച്ചു. കണ്ണുകള്‍ തടിച്ചു വീര്‍ത്തു. അയാള്‍ മുഖം നിലത്തിട്ടുരച്ചു.
കാലില്‍ തടഞ്ഞ പഴയൊരു മണ്ണെണ്ണ വിളക്ക്. ഉടുമുണ്ട് ഊരി, അതില്‍ മണ്ണെണ്ണയൊഴിച്ച് ആഞ്ഞു വീശി, അരയില്‍ കരുതിയ തീപ്പെട്ടി കൊള്ളി ഒന്നുരസി. ചോരയൊലിച്ചിറങ്ങിയ മുഖത്ത് പടര്‍ന്ന നീലിമ കഴുത്തിലേക്ക് വ്യാപിച്ചു. പോരാളികള്‍ കരിഞ്ഞു നിലത്ത് വീണു.
ആള്‍ക്കാര്‍ വന്നു തുടങ്ങിയിട്ടുണ്ട്.. പലരും അടക്കം പറയുന്നുണ്ട്.
“മുന്തിയ ഇനമാ... രാവ് താണ്ടൂലാ.. കട്ടായം.”
“അല്ലെ, ദോഷമുള്ള മണ്ണാ... എന്തൊക്കെ ചെയ്താ കുഞ്ഞിരാമന്‍ പോയതെന്ന് ആര്‍ക്കറിയാം... കന്നിക്കോണിലെ പനയില്‍ പട്ടു ചുറ്റിയ ആണി കണ്ടവരുണ്ട്... അപ്പൊ പിന്നെ മണ്ണില്‍ കാലു കുത്തിയാല്‍ തന്നെ ഉറപ്പാ...”.
അതും പറഞ്ഞു നാട്ടുകാരില്‍ ഒരാള്‍ പിന്തിരിഞ്ഞു തുപ്പി.
“ബ്രഹ്മചാരിയാണ് എന്നൊരു കൂട്ടര്‍..നാലും അഞ്ചും സംബന്ധം ഉണ്ട് എന്ന് ചിലര്‍...പക്ഷെ ഈ തായ് വഴിയില്‍ കര്‍മം കാക്കാന്‍ വേറെ ആന്തരി ഇല്ലല്ലോ..വൈദ്യര്‍ മുശടനാണേലും നാടിന് നല്ലവനായിരുന്നു. അല്ല ഈ ആശാന് ഇതെന്തിന്‍റെ കേടായിരുന്നു... ഈ വഴി വന്നുകൂടാന്നറിഞ്ഞിട്ടും!!!”.
അതിനെ പിന്താങ്ങിയും മറു ചൊല്ല് പറഞ്ഞും ആള്‍ക്കാര് വന്നും പോയും ഇരുന്നു...
ഏതാനും നിമിഷങ്ങള്‍.
ചിതല് തിന്ന ഓടാമ്പല്‍ പതിയെ ഞെരങ്ങി നീങ്ങി.
ചെറുതായി ജടപിടിച്ച മുടിയിഴകള്‍. ചുവന്ന കണ്ണുകള്‍. കൈത്തലത്തില്‍ പച്ച നിറം. മുറ്റത്തും വേലിമേലും നിന്നിരുന്ന ആള്‍ക്കാര്‍ കാലുകള്‍ പിന്നോട്ട് നീക്കി.
പച്ച നനച്ച കൈത്തലത്തില്‍ എന്തോ ഞെരിഞ്ഞമര്‍ന്നു.
നിലത്ത് കിടന്ന പപ്പുവശാന്‍റെ തലയൊന്ന്, ചരിപ്പിച്ച് വീണ്ടും ആ കൈ മുറുകി.
അയാളുടെ ചുണ്ട് നനയും വിധം കുഴമ്പ് രൂപത്തില്‍ ഒരു ദ്രാവകം അവളുടെ വിരലുകള്‍ക്കിടയിലൂടെ അയാളുടെ അണ്ണാക്കിന്‍റെ നനുത്ത പിന്‍ഭാഗം കടന്ന് അരിച്ചിറങ്ങി. അയാളൊന്ന് ചുമച്ച് തുപ്പി.
പുരികങ്ങളിലെ തടിപ്പ് വക വയ്ക്കാതെ അയാളൊന്ന് കണ്ണ് തുറന്നു.
നിലത്ത് കിടന്ന തോര്‍ത്ത് അരയില്‍ ചുറ്റി, ഒന്നെണീറ്റു.
മുന്നിലായി ഒരു സ്ത്രീ രൂപം നില്‍പ്പുണ്ട്. അവള്‍ ഒന്ന് തിരിഞ്ഞു.
പപ്പുവാശാന്‍റെ അരയില്‍ നിന്ന് വീണ ക്ഷൗരക്കത്തിയില്‍ ഇപ്പോള്‍ പച്ചിലക്കറയുണ്ട്. മുറുകെ പിടിച്ച ആ കത്തി, അയാള്‍ക്ക് നേരെ നീട്ടി, ദേവൂട്ടി, ഒന്ന് മൂളി.
ഉമ്മറത്തെ പൊടി തൂകിയ കസേര, കുളക്കടവിലേക്ക് എടുപ്പിച്ചു.
“ജട മുറിയണം...ചോര പൊടിയരുത്... ഇന്ന് സന്ധ്യക്ക് മുന്നേ ഒരു കൂട്ടര് വരും... വടക്കൂന്നാ...ചന്ദ്രന്‍ തെളിയണ മുന്നേ തീരേണ്ട കര്‍മ്മമാണ്... ചിറ കടന്ന് അപ്പുറം എത്തുമ്പോഴേക്കും ഒന്ന് ഉറക്കെ ഓരിയിടണം... അറിയാനാണ്, വരമ്പിന്‍റെ ഘനം....വരുന്നോരുടെ വേഗവും...”.
ദേവൂട്ടിയുടെ കൈയ്യില്‍ നിന്ന് കത്തി വാങ്ങി, പപ്പുവാശാന്‍ പതിയെ പച്ച ബെല്‍റ്റിലേക്ക് കൈ നീട്ടി.
അപ്പോഴും അയാള്‍ക്ക് എന്തോ പറയണം എന്നുണ്ടായിരുന്നു... അയാള്‍ മിണ്ടിയില്ല.