Skip to main content
Srishti-2022   >>  Short Story - Malayalam   >>  കാൻഡിൽ ലൈറ്റ് ഡിന്നർ

കാൻഡിൽ ലൈറ്റ് ഡിന്നർ

മായയുടെ കണ്ണുകൾ തുറന്നിട്ട ജനാലയ്ക്കപ്പുറം കുങ്കുമം പുരണ്ട മേഘശകലങ്ങളിലും കൂടണയാൻ വെമ്പുന്ന പറവകൾക്കൊപ്പവും അലഞ്ഞുനടന്നു. വാതിൽക്കലെ കാൽപ്പെരുമാറ്റം വീണ്ടും ജനാലയ്ക്കുള്ളിലെ മരുന്നിൻ്റെ മണമുള്ള കിടക്കയിലേക്ക് അവളെ വലിച്ചിട്ടു. ഒരു സുന്ദരസ്വപ്നം മുറിഞ്ഞ നീരസത്തോടെ അവൾ കണ്ണുകളിറുക്കിയടച്ചു. ഞൊടിയിടയിൽ ലോകം മുഴുവൻ കീഴ്മേൽ മറിഞ്ഞു. സർവതും ഭാരം നഷ്ടപ്പെട്ട് മുകളിലേക്കുയർന്നു. അവൾ കണ്ണുകൾ വലിച്ചുതുറന്നു. ഇല്ല! ഒന്നും മാറിയിട്ടില്ല. അതേ ആശുപത്രിക്കിടക്ക തന്നെ. 

 

വാതിൽ തുറന്ന് അകത്തേക്ക് വന്ന നഴ്‌സ്, ഡ്രിപ് സ്റ്റാൻഡ് അവളുടെ അരികിലേക്ക് നീക്കി വച്ച് പുതിയൊരു കുപ്പി ഡ്രിപ് ഇടാനുള്ള തയ്യാറെടുപ്പിലാണ്. 

 

പിന്നിൽ മനുവിൻ്റെ അമ്മ! 

 

അവൾ എഴുന്നേറ്റിരിക്കാൻ ഒരു വിഫലശ്രമം നടത്തി. 

 

എണീക്കണ്ട! ക്ഷീണം കാണും. ബ്ലഡ് ഒത്തിരി പോയതല്ലേ. ഈ ഡ്രിപ് കൂടി കഴിഞ്ഞാൽ വീട്ടിൽ പോകാം നഴ്സ് പറഞ്ഞു. 

 

കൈപ്പത്തിയുടെ പുറകിൽ പിടിപ്പിച്ച സൂചിയിലേക്ക് ആദ്യം ഒരു ഇൻജക്ഷനും പിന്നീട് ഡ്രിപ്പിൻ്റെ കുഴലും പിടിപ്പിച്ച്, ഡ്രിപ്പ് കയറുന്നുണ്ടെന്ന് ഉറപ്പാക്കി അവർ പോയി. 

 

മനുവിൻ്റെ അമ്മ അപ്പോഴേക്കും കട്ടിലിൻ്റെ വശത്തേക്ക് അമർന്നിരുന്നു.  

 

അവൻ എന്തെടുത്താ നിന്നെ എറിഞ്ഞത്? അമ്മ ശബ്ദം താഴ്ത്തി ചോദിച്ചു. 

 

അവളുടെ വിരലുകൾ അറിയാതെ നെറ്റിത്തടത്തിൽ പരതി.

 

 

മനുവിൻ്റെ അമ്മയുടെ ചുണ്ടിൻ്റെ കോണിൽ ഒരു പരിഹാസച്ചിരി മിന്നിമാഞ്ഞു. ഗൗരവം വീണ്ടെന്നുത്ത് അവർ തുടർന്നു.

 

അവനെ ദേഷ്യം പിടിപ്പിക്കാതെ നോക്കണം. മൂക്കത്താ ദേഷ്യം! എന്തേലും പറയണേൽ തന്നെ അപ്പുറത്തോ ഇപ്പുറത്തോ മാറിനിന്ന് പറയണം. 

 

നിനക്കറിയാല്ലോ അവൻ്റെ സ്വഭാവം. 

 

അവൻ്റെ അച്ഛനും വലിയ ദേഷ്യക്കാരനായിരുന്നു. എന്നെ എന്തോരം തല്ലുമായിരുന്നു. ഇപ്പൊ പിന്നെ മക്കളൊക്കെ വലുതായപ്പോഴല്ലേ...! ഒരു ദീർഘനിശ്വാസം ഉതിർന്നു പൊലിഞ്ഞു.

 

ഒരു കുഞ്ഞൊക്കെ ആവുമ്പോ അവനും മാറും. 

 

ഒരാഴ്ച കടന്നു പോയിരിക്കുന്നു. മനുവിൻ്റെ അമ്മ നാട്ടിലേക്ക് തിരിച്ചു പോയിരുന്നു. ജീവിതം വീണ്ടും  ശീലങ്ങളിലേക്ക് മടങ്ങി. കലിയുടെ കൊടുമുടിയിൽ മനു ഒരിക്കൽ എറിഞ്ഞുടച്ച പളുങ്ക് ഹൃദയം പോലെ നിവൃത്തിയില്ലായ്മയുടെ പശതേച്ചൊട്ടിച്ച ദാമ്പത്യത്തിൻ്റെ ഒന്നാം വാർഷികചിത്രം അവളുടെ ടൈം ലൈനിൽ ഇടം പിടിച്ചു.

 

 

മോളൂ, ഇന്നെനിക്കൊരു ക്ലൈൻ്റ് മീറ്റിംഗ് ഉണ്ട്. നമുക്ക് കാൻഡിൽ ലൈറ്റ് ഡിന്നർ വീക്കെൻഡിൽ ആക്കാം. ഓക്കേ?

 

അവൾ സമ്മതപൂർവ്വം തലയിളക്കി.

 

പതിവില്ലാതെ ഫോണിൽ അമ്മയുടെ മിസ്ഡ് കാൾ. അവൾ തിരിച്ചുവിളിച്ചു. 

 

ഹലോ, അമ്മേ!

 

മോളേ, സുഖമാണോ? അച്ഛനാണ് ഫോൺ എടുത്തത്. അവൾ ഒരു നിമിഷം സ്തബ്ദയായി.

 

ഹലോ... മോളേ!

 

അച്ചനെന്നോട്... മുഴുമിപ്പിക്കാൻ അവൾക്ക് കഴിഞ്ഞില്ല.

 

നിന്നോട് പിണങ്ങാൻ എനിക്കു പറ്റുമോ മോളേ.

 

അതൊക്കെ പോട്ടെ! 

 

ഒരു ഗുഡ് ന്യൂസ് ഉണ്ട്! നീ ഹയർ സ്റ്റഡീസിന് അപ്ലൈ ചെയ്തിരുന്നില്ലേ, അതിൻ്റെ ലെറ്റർ വന്നിട്ടുണ്ട്. സ്കോളർഷിപ്പുണ്ട്.

 

ഹാപ്പിയല്ലേ?

 

മ്മം. 

 

അച്ഛൻ വെക്കട്ടെ! അമ്മയ്ക്ക് മരുന്നുകൊടുക്കാൻ സമയമായി. 

 

അമ്മയ്ക്കെന്ത് പറ്റി?

 

ഒന്നൂല്ല. അല്പം ബിപി കൂടി. ഇപ്പൊ വീട്ടിലുണ്ട്.

 

എനിക്ക് ആമ്മയെ കാണണം!

 

എന്നാ പോരേ. ആ! പിന്നെ, നെറ്റിയിലെ മുറിവ് വഴുക്കി വീണതാണെന്ന് പറഞ്ഞാമതി. 

 

അങ്ങേതലയ്ക്കൽ ഫോൺ കട്ടായി.

 

അച്ഛൻ എല്ലാം അറിഞ്ഞിരിക്കുന്നു. അവളുടെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ കടന്നുപോയി.

 

ആരാ ഫോൺ ചെയ്തത്?

 

അപ്പുറത്തെ മറ്റവനാണോ?

 

മനുവിൻ്റെ ചോദ്യം കേട്ട് മായ ഒന്നുഞെട്ടി.

 

ആണെങ്കിൽ? അവളുടെ ശബ്ദമുയർന്നു. 

 

താൻ തെരഞ്ഞെടുത്ത ജീവിതപങ്കാളി മോശക്കാരനായിപ്പോയി എന്നു അച്ഛനും അമ്മയും അറിയരുതെന്നൊരു വാശി അവളിൽ രൂഢമൂലമായിരുന്നു. അതുവരെയുണ്ടായിരുന്ന ഒരു ചങ്ങല പൊട്ടിച്ചെറിഞ്ഞ ഊർജ്ജം അവളിൽ നിറഞ്ഞു. 

 

പെട്ടെന്നുള്ള അവളുടെ ഭാവമാറ്റം മനുവിനെ തെല്ലൊന്നമ്പരപ്പിച്ചു.

 

അടങ്ങെടോ! ഞാനൊരു തമാശ പറഞ്ഞതല്ലേ. 

 

മനൂ, യു ഹാവ് ടു ട്രസ്റ്റ് മീ.

 

താൻ നാളെ ആരുടെയെങ്കിലും കൂടെ ഇറങ്ങി പോകില്ല എന്നാരു കണ്ടു!

 

പോയാൽ? അവളുടെ ശബ്ദം കനത്തു.

 

മനുവിൻ്റെ മുഖം വിളറി.

 

താനൊരു ചുക്കും ചെയ്യില്ല! പോകാത്തത് എൻ്റെ ഗുണം. മായ അടിമുടി വിറയ്ക്കുകയായിരുന്നു.

 

ഏതു നിമിഷവും തൻ്റെ മുടിക്ക് കുത്തിപ്പിടിച്ച് ചുമരിലോ തറയിലോ ചേർത്തേക്കാം. അത്തരമൊരു ആക്രമണത്തെ ചെറുക്കാൻ അവൾ മനസ്സുകൊണ്ട് തയ്യാറെടുക്കുകയാണ്. അന്നതുണ്ടായില്ല. 

 

 

വിധിപോലെ അവർക്കിടയിലേക്ക്  സംശയത്തിൻ്റെ നിഴൽ വീഴ്ത്തിയത് തൊട്ടടുത്ത ഫ്ളാറ്റിലെ താമസക്കാരനായ അരവിന്ദാണ്. അയാളുടെ കണ്ണുകൾക്ക് വല്ലാത്തൊരു ആകർഷണമുണ്ടായിരുന്നു. അലിവാർന്ന ആ കണ്ണുകൾ അവളിൽ പതിക്കാൻ അധികം വൈകിയില്ല. അതിനു കാരണമായത് ശോഭേച്ചിയാണ്. ഫ്ലാറ്റിലെ വിശേഷങ്ങൾ പറഞ്ഞുപരത്തുന്നതിൽ പ്രത്യേകവൈഭവം തന്നെയുണ്ട് ശോഭേച്ചിക്ക്. 

 

അയാളൊരു ദുഷ്ടൻ സാറേ! പാവം കൊച്ച്,  ഒരുമിച്ച് ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്നവരാ. അവൻ്റെ ചക്കരവാക്കും കേട്ട് വീട്ടിൽ നിന്നിറങ്ങിപ്പോന്നത് നരകത്തലേക്കാ. അന്നുതൊട്ട് പാവം കണ്ണീരു കുടിക്കുവാ. അതിൻ്റെ ജോലീം കളയിച്ചു. ഇനിയിപ്പോ തിരിച്ചു ചെന്നാൽ വീട്ടുകാർ സ്വീകരിക്കുമോ? 

 

അരവിന്ദ് ശ്രെദ്ധിക്കാത്തമട്ടിൽ തൻ്റെ റൈറ്റിങ് പാഡിൽ എന്തൊക്കെയോ കുത്തിക്കുറിച്ചു. 

 

പിന്നെ, സാറൊന്ന് കരുതിയിരിക്കുന്നത് നല്ലതാ. പെണ്ണല്ലേ വർഗ്ഗം! അവിടെ ഗതികെട്ടാൽ ഇങ്ങോട്ടേക്കു ചാഞ്ഞുകൂടെന്നില്ല.

 

ചേച്ചി എന്തൊക്കെയാ പറയുന്നത്. കല്യാണം കഴിഞ്ഞ് കുടുംബമായി ജീവിക്കുന്നവരെക്കുറിച്ച് അപവാദം പറയുന്നത് ശരിയല്ല.

 

ഇതതൊന്നുമല്ല... ഏതാണ്ട് ലിവിംഗ് ടുഗദറാ.

 

അരവിന്ദിന് അതൊരു പുതിയ അറിവായിരുന്നു.

 

ഇതൊന്നുമറിയാതെ മായ ബാൽക്കെണിയിലെ പനിനീർ ചെടികൾക്ക് വെള്ളമൊഴിച്ച് അവരെ പരിപാലിച്ചു കൊണ്ട് നിൽക്കുകയായിരുന്നു. അവളുടെ പതിവുകൾ ഹൃദിസ്ഥമാക്കാൻ അരവിന്ദിന് അധികനാൾ വേണ്ടിവന്നില്ല.

 

ചില പുഞ്ചിരികൾക്ക് അവളുടെ മറുപടി കിട്ടിയതൊഴിച്ചാൽ മായ മിക്കപ്പോഴും തന്നിലേക്കൊതുങ്ങി, അവനിൽ നിന്ന് തെന്നിമാറിക്കൊണ്ടിരുന്നു.

 

അതേയ്, ഒരു പൂവ് തരുമോ? എനിക്ക് ഒരാൾക്ക് കൊടുക്കാനാ!

 

അവൾ കേൾക്കാത്തമട്ടിൽ തിരിഞ്ഞുനടന്നു. 

 

ഹാ! വെറുതേ വേണ്ടെടോ.

 

അതും കേട്ടു കൊണ്ടാണ് മനു അവിടേക്ക് വന്നത്. 

 

മുറിയിലേക്ക് കയറിവന്ന മനുവിന് ഒരു ചെകുത്താൻ്റെ രൂപമായിരുന്നു.

 

മുടിക്ക് കുത്തിപ്പിടിച്ച് ചുമരിലിടിച്ചത് മാത്രമേ അവൾക്ക് ഓർമയുണ്ടായിരുന്നുള്ളൂ. കണ്ണുകൾ തുറക്കുമ്പോൾ അവൾ ആശുപത്രിയിലായിരുന്നു.

 

വീട്ടിൽ തിരിച്ചെത്തിയപ്പോൾ ബാൽക്കെണിയിലേക്കുള്ള വാതിൽ പൂട്ടിയ നിലയിലായിരുന്നു. അവളുടെ പനിനീർച്ചെടികൾ കരിഞ്ഞുണങ്ങി. 

 

സോറി, തന്നെ മറ്റാരും നോക്കുന്നത് പോലും എനിക്ക് സഹിക്കില്ല. പലപ്പോഴായി പറഞ്ഞുകേട്ട ആ വരികളുടെ അർഥം അവൾക്ക് അപ്പോൾ വ്യക്തമായിരുന്നു. തനിക്കിഷ്ടമുള്ള എല്ലാറ്റിൽ നിന്നും അടർത്തിമാറ്റി ഒറ്റപ്പെടുത്തുന്ന അവൻ്റെ സ്നേഹം അവളിൽ ഭയമായി രൂപാന്തരം പ്രാപിച്ചു.

 

മോളു, വൈകിട്ട് ഞാൻ വരുമ്പോൾ റെഡി ആയി ഇരിക്കണം. കാൻഡിൽ ലൈറ്റ് ഡിന്നർ, ഓക്കേ?

 

വേണ്ട, ഞാനുണ്ടാക്കാം!

 

അവൻ്റെ മുഖം വികസിച്ചു. 

 

ഓഫീസിൽ നിന്ന് തിരിച്ചെത്തുമ്പോൾ അവൾ  എല്ലാം ഒരുക്കി വച്ചിരുന്നു. കുളിച്ചുവരുമ്പോൾ  ബെഡ്റൂമിലും ബാത്ത്റൂമിലും ചില മാറ്റങ്ങളും ശ്രദ്ധയിൽ പെട്ടു.  

 

ബൽക്കെണിക്ക് അഭിമുഖമായി ടേബിളിൽ വിഭവങ്ങൾ നിരത്തി, അവൾ ഒരു ചുവന്ന മെഴുകുതിരി കൊളുത്തി വച്ചു. 

 

ഇരിക്കൂ... ഞാനിപ്പോ വരാം.

 

അവൾ പതിയെ മുറിയിലെ ലൈറ്റ് അണച്ച് പുറത്ത് കടന്നു. എന്നിട്ട് ഡൈനിംഗ് റൂമിൻ്റെ വാതിലടച്ചു പുറത്ത് നിന്ന് കുറ്റിയിട്ടു. 

 

മനു കസേരയിൽ നിന്ന് ചാടിയെണീറ്റു. 

 

ഡൈനിംഗും ലിവിംഗും വേർതിരിക്കുന്ന ജാളിയിലൂടെ മനു ആ കാഴ്ച കണ്ട് നടുങ്ങി. അവൾ നേരത്തേ തയ്യാറാക്കി വച്ചിരുന്ന പെട്ടിയുമായി പോകാനൊരുങ്ങുന്നു.

 

നീയെങ്ങോട്ടാ?

 

ഗുഡ്ബൈ മനു.

 

യൂ ചീറ്റ്! എനിക്കറിയാം, നീ അവൻ്റെ കൂടെ പോകാനല്ലേ? മനു അലറി.

 

നിന്നെ ഞാൻ! അവൾടെ ഒടുക്കത്തെ പ്രേമം!

 

മനു, അവളെ ഒന്നും ചെയ്യരുത്. ബാൽക്കെണിയിലെ ജനലക്കൽ അരവിന്ദിനെ കണ്ട് ഇരുവരും അമ്പരന്നു. 

 

 

അതെ, എനിക്ക് പ്രേമമാണ്... എന്നോട് തന്നെ!

 

അതു കൊണ്ട് ഞാൻ പോവാ!!!

 

ചവിട്ടിപ്പൊളിക്കണ്ട!

 

വീടിൻ്റെ താക്കോൽ പോകുന്ന വഴിക്ക് മനുവിൻെറ അമ്മയുടെ കൈയിൽ കൊടുത്തേക്കാം.

 

 

പിന്നെ, അവൾ അരവിന്ദിനോടായി പറഞ്ഞു. സോറി, നിങ്ങളുടെ പേര് എനിക്കറിയില്ല. എന്നാലും ഞാൻ പോകുന്നതുവരെ നിങ്ങൾ ഇയാളെ തുറന്നുവിടരുത്. 

 

 

മുനിഞ്ഞു കത്തുന്ന മെഴുകുതിരിക്കഭിമുഖമായി അവരിരുവരും പകച്ചു നിൽക്കേ, അവൾ പെട്ടിയുമെടുത്ത് പുറത്ത് കാത്തുകിടന്ന ടാക്സി കാർ ലക്ഷ്യമാക്കി നടന്നു.

Srishti-2022   >>  Poem - Malayalam   >>  പൂമൊഴി

പൂമൊഴി

പുഞ്ചിരി മൊഴിയാക്കി, മിണ്ടാൻ പഠിക്കണം
നന്ദിവാക്കോതുവാൻ നൽച്ചിരി വിടർത്തണം

ഒരുദിനം കൊണ്ടേയൊടുങ്ങുമീ ജീവിതം
പരിഭവമേതുമില്ലാതെ ചിരിക്കണം

മുള്ളുള്ള പൂച്ചെടിച്ചുണ്ടിലും വിടരണം
മുറ്റത്തെ പുൽക്കൊടിത്തുമ്പിലും വിടരണം    

രാവിലെ പെയ്ത മഴയോടും ചിരിക്കണം
വൈകീട്ടു ചാഞ്ഞ വെയിലോടും ചിരിക്കണം

ഇനിയൊരു കാറ്റത്തു ഞെട്ടറ്റു വീഴിലും
ഈ പകല്മായുവോളം ചെമ്മേ ചിരിക്കണം 

 

Srishti-2022   >>  Poem - Malayalam   >>  കുഞ്ഞു ദൈവം

കുഞ്ഞു ദൈവം

ആർത്തവമുള്ളോരമ്മതൻ മാറിൽ

ചേർന്നുറങ്ങുന്നൊരു കുഞ്ഞുദൈവം

കോർത്തൊരു പൂമാലപോൽ കരങ്ങൾ

ചാർത്തി തന്നമ്മതൻ പൊൻകഴുത്തിൽ

 

കോമളഭാവമാർന്നീശരൂപം

അമ്മയ്ക്ക് കണ്ണിന്നു പൊൻകണിയാം

ലോകമഖിലവും കൈവെള്ളയിൽ

തൂമയിൽപ്പീലിയായ് വീണപോലെ

 

പാൽമണം ചോരുമാ പുഞ്ചിരിയിൽ

പൂതനമാരോ ഭയന്നിരിക്കാം

പിഞ്ചു കാൽപാദങ്ങൾ പിച്ചവയ്ക്കേ

കാളിയനോ തലതാഴ്ത്തി നിൽക്കാം

 

നന്മവിളക്കു തെളിച്ചവർക്കോ

വാത്സല്യപൂരം കാണായ്‌വരും

കണ്ണനെ ഉള്ളാൽ സ്മരിച്ചിരിക്കെ

കണ്ണിന്നു മുന്നിൽത്തെളിഞ്ഞപോലെ

 

നന്മതൻ മൂർത്തിമത്ഭാവമല്ലോ

അമ്മയുപാസിക്കും കുഞ്ഞുദൈവം

നിർമ്മലസ്നേഹവിശുദ്ധിയാലേ

ശ്രീലകം പൂകുന്നിതമ്മയെന്നും

 

കേവലമാനവചിന്തകളിൽ

പാരം അശുദ്ധികലർന്നിരിക്കാം

സ്നേഹം വ്രതമായറിഞ്ഞവർക്കേ

വിശ്വാസത്തിൻ്റെ പൊരുളറിയൂ!

 

Subscribe to Zyxware Technologies Pvt. Ltd