ഞാനിന്ന് സക്കാരിനെ കണ്ടൂന്ന് പറഞ്ഞിട്ട് മണിച്ചേട്ടൻ വിശ്വസിക്കണില്ലല്ലോ നക്ഷത്രങ്ങളേ...
മണിച്ചേട്ടനെ അറിയില്ലേ? ദേ എന്റെ അടുത്ത് കെടക്കണെ കണ്ടില്ലേ? ചേട്ടൻ നന്നായി പാടും. പക്ഷേ, ചെലപ്പളേ അഞ്ഞൂറു രൂപാ കിട്ടൂ. നാനൂറ്റമ്പത് രൂപാ കിട്ടിയാലും പാക്കരേട്ടൻ വയറ് നിറയെ ചോറ് തരില്ല. ഞാനൊരിക്കലും വയറ് നിറയെ തിന്നിട്ടില്ലെന്നാ മണിച്ചേട്ടൻ പറയണത്.
മണിച്ചേട്ടൻ നല്ല കഥകള് പറയും. മണിച്ചേട്ടൻ ഉസ്കൂളിൽ പോയിട്ടുണ്ടത്രേ! മണിച്ചേട്ടന്റെ വീട് മൂന്നാറ്‌ന്ന് പറയണ സ്‌ഥലത്താണ്. ചേട്ടന്റെ അച്ഛനും അമ്മയും മരിച്ചപ്പോൾ ചേട്ടനെ പാക്കരേട്ടൻ പിടിച്ചോണ്ട് വന്നതാത്രേ! എനിക്കും ഉണ്ടാവും അച്ഛനും അമ്മയും വീടും ഒക്കെ എന്നാ മണിച്ചേട്ടൻ പറയാറ്. അമ്മേം അച്ഛനും ഒക്കെ നല്ലവരാത്രേ. അന്നൊരു ദിവസം ഞാൻ ചോദിച്ചു :
"നല്ലവരെന്ന് പറഞ്ഞാ?"
"നല്ലവരെന്ന് പറഞ്ഞാ... പാക്കരേട്ടനെ പോലയേ അല്ല. പാക്കരേട്ടൻ ദുഷ്ടനാ."
ഞാനപ്പൊ പാക്കരേട്ടന്റെ അടുത്തേക്കോടി. മൊബീലിൽ സംസാരിച്ചോണ്ടിരുന്ന പാക്കരേട്ടനോടു ചോദിച്ചു : "പാക്കരേട്ടൻ ദുഷ്ടനാണോ?" പാക്കരേട്ടൻ ഒരു വലിയ വടിയെടുത്ത് എന്റെ തലയ്ക്കടിച്ചു. എന്തിനാണാവോ?! വേദന കൊറഞ്ഞപ്പൊ ഞാൻ പാക്കരേട്ടനെ തോണ്ടി: "പാക്കരേട്ടാ, പാക്കരേട്ടൻ ദുഷ്ടനാണോ?" പാക്കരേട്ടൻ ആ വടിയെടുത്ത് എന്നെ ഒത്തിരി അടിച്ചു. കൊറച്ച് കഴിഞ്ഞപ്പൊ എല്ലാം കറുപ്പായി. പിന്നെ കണ്ണ് തൊറന്നപ്പൊ ഞാൻ മണിച്ചേട്ടന്റെ മടീലാരുന്നു.
മണിച്ചേട്ടന്റെ കഥേല് എനിക്ക് ഏറ്റോം ഇഷ്‌ടം സക്കാരിന്റെ കഥയാ. പാക്കരേട്ടൻ പിടിച്ചോണ്ട് വന്ന് കൊറച്ച് ദിവസം കഴിഞ്ഞപ്പൊ മണിച്ചേട്ടനെ സക്കാരിന്റെ ആൾക്കാര് രക്ഷിച്ചുവത്രേ! സക്കാര് ചേട്ടന് വയറു നിറയെ ചോറ് കൊടുത്തു, നല്ല ഉടുപ്പ് കൊടുത്തു, പിന്നെ ഉസ്കൂളിലുമാക്കി. മണിച്ചേട്ടൻ അവിടെ മൂന്നാം ക്ലാസ് വരെ പഠിച്ചു. സക്കാരിന്റെ ആൾക്കാര് പാക്കരേട്ടനെ ഒത്തിരി ഇടിച്ചുവത്രേ! അതിന്റെ ദേഷ്യത്തിന്, പാക്കരേട്ടൻ വേഷം മാറി മണിച്ചേട്ടനെ ആ ഉസ്‌കൂളീന്ന് പിന്നേം പിടിച്ചോണ്ട് വന്നതാത്രേ!!!
ഇന്നലേം കെടന്ന് കഴിഞ്ഞപ്പൊ ചേട്ടനീ കഥ പറഞ്ഞു. ഞാൻ ചോദിച്ചു: "സക്കാരിനെ കണ്ടാ എങ്ങനാ ഇരിക്യാ?" ചേട്ടൻ എന്തോ പറഞ്ഞു. ഞാൻ കേട്ടില്ല. കണ്ണടഞ്ഞുപോയി.
ഇന്ന് റോട്ടിലൂടെ കൊറേ നേരം നടന്നു കഴിഞ്ഞപ്പൊ നല്ല...എന്താത്...ഉം...ആ, നല്ല വെശപ്പ് തോന്നി. കൈയില് നോക്കീപ്പൊ രണ്ട് അമ്പത്‌രൂപായും, പതിനാറ് പത്തുരൂപായും ഉണ്ട്. (മണിച്ചേട്ടൻ എന്നെ എണ്ണാൻ പഠിപ്പിച്ചിട്ടുണ്ട് കേട്ടോ). വഴീല് ഒരു കടക്കാരന് ചില്ലറ കൊടുത്തപ്പൊ കിട്ടീതാ അതിലൊരു അമ്പത്രൂപാ. മുന്നുറു രൂപായാകാൻ ഇനീം നാല് പത്തുരൂപാ വേണം. അല്ലെങ്കി, ഒരു അമ്പത്‌രൂപാ. അത് കിട്ടീല്ലെങ്കി, ഇന്ന് പാക്കരേട്ടൻ കൊറച്ച് ചോറ് പോലും തരൂല്ല. ഈ കടലാസൊക്കെ പാക്കരേട്ടന് എന്തിനാണാവോ?!
അയ്യോ, ഇനി എന്താ ചെയ്യാന്ന് ആലോചിച്ചോണ്ട് ഞാൻ നടന്നു. അപ്പൊ, ദൂരേന്ന് ഒരാള് വരണെ കണ്ടു. പാക്കരേട്ടൻ പഠിപ്പിച്ച പോലെ, ഞാൻ കടലാസ് പിടിച്ച കൈ വയറ്റത്ത് വെച്ച്, മറ്റേ കൈ ആ ആളുടെ നേരേ നീട്ടി. അയാള് അടുത്തുവന്നിട്ട് എന്നെ കൊറേനേരം നോക്കി നിന്നു. ഞാൻ വിചാരിച്ചു- ഹാവൂ, ഒരമ്പത് രൂപാ കിട്ടുവാരിക്കും. പക്ഷേ, അയാളെന്റെ കൈ നിവർത്തി കടലാസിലേക്ക് നോക്കി. എന്നിട്ട്, പെട്ടെന്ന് തിരിഞ്ഞ് നടന്നു.
ഞാൻ പേടിച്ചുപോയി-അയാള് പാക്കരേട്ടനെ വിളിക്കാൻ പോയതാരിക്കുവോ? ഇതുവരെ മുന്നുറുരൂപാ ആയില്ലെന്നറിഞ്ഞാ പാക്കരേട്ടനെന്നെ കൊറേ തല്ലും. ഞാൻ ഓടി.
പക്ഷേ, കൊറച്ച് ദൂരം ഓടീപ്പോ, പൊറകീന്ന് ആരോ വിളിക്കണപോലെ തോന്നി: "മോനേ, നിക്ക്, നിക്ക്." മണിച്ചേട്ടൻ മാത്രേ എന്നെ മോനേന്ന് വിളിച്ചിട്ടൊള്ളു. അതോണ്ട് ഞാൻ നിന്നു.
മുമ്പത്തെ ആ ആള് ഓടി എന്റടുത്തെത്തി. വലിയ ഒരു പൊതി അയാള് നീട്ടി. ഞാൻ ചോദിച്ചു:
"എന്താത്?"
"ബിരിയാണിയാ, മോനേ..."
"എന്നുവെച്ചാ?"
"എന്നുവെച്ചാ...ചോറ്. മോന് കഴിക്കാനാ."
ഞാനത് വാങ്ങി തറേല് വെച്ച് കഴിച്ചു. അത് മുഴുവൻ കഴിച്ച് കഴിഞ്ഞപ്പൊ, മണിച്ചേട്ടന്റെ കഥ കേക്കുമ്പോഴത്തേപ്പോലെ, ഒരു സുഖം തോന്നി. പക്ഷേ, ഞാൻ തലപൊക്കി നോക്കിയപ്പൊ അയാളെ അവിടെങ്ങും കണ്ടില്ല.
ഞാൻ നേരേ പാക്കരേട്ടന്റെ വീട്ടിലേക്കോടി - അത്, വീടല്ല, ചന്തേടെ പൊറകിലെ കടത്തിണ്ണയാന്നാ മണിച്ചേട്ടൻ പറയാറ്. നേരത്തേ വന്നേന് പാക്കരേട്ടൻ എന്നെ കൊറേ തല്ലി. ഇരുന്നൂറ്റിയറുപതു രൂപായേ ഒണ്ടാക്കിയൊള്ളോന്നും പറഞ്ഞ്, ബാക്കിയൊള്ളോര് വരണവരെ, എന്നെ തല്ലി.
ഒറങ്ങാനായി, ദാ, ഇവിടെ കെടന്നപ്പൊ മണിച്ചേട്ടൻ ചോദിച്ചു: "അയാളെന്തിനാ തല്ലിയത്? രൂപാ തെകയാഞ്ഞിട്ടാ? ഇന്നെന്താ എനിക്കുവേണ്ടി കാത്ത് നിക്കാഞ്ഞെ? കാശ് കൊറവാണെങ്കിൽ എന്റതിൽനിന്ന് തരാമെന്ന് പറഞ്ഞിട്ടില്ലേ ഞാൻ? വെശക്കുന്നില്ലേ നിനക്ക്??"
ഞാൻ പറഞ്ഞു: "ഞാനിന്ന് സക്കാരിനെ കണ്ടു."
ചേട്ടൻ ചോദിച്ചു:"എന്താ?"
"ഞാനിന്ന് സക്കാരിനെ കണ്ടൂന്ന്."
"ശെരിക്കും?"
"ഉം. ശെരിക്കും. സക്കാരെനിക്ക് വയറ് നെറയെ ചോറ് തന്നു."
"എന്നിട്ട് സർക്കാര് എവിടെ പോയി?"
"അതറീല്ല."
അപ്പത്തൊട്ട് മണിച്ചേട്ടൻ മേലോട്ട് നോക്കി കെടപ്പാ. ഞാനും നോക്കി മേലോട്ട്. അപ്പൊ, ആകാശത്ത് നിങ്ങളെ കണ്ടു. എന്താ നക്ഷത്രങ്ങളേ, ഞാൻ പറഞ്ഞത് മണിച്ചേട്ടന് വിശ്വാസായില്ലേ?
"മണിച്ചേട്ടാ, എന്താ ഒന്നും പറയാത്തെ?"
"മോനൂ, ഞാനൊരു കാര്യം ചോദിക്കട്ടേ? നീ വിഷമിക്കരുത്... അത് സർക്കാരായിരുന്നെങ്കിൽ പിന്നെന്താ നിന്നെ ഉസ്കൂളിൽ ആക്കാഞ്ഞേ?"
"അത്... അത്.... ചെലപ്പൊ നാളെ വരുവാരിക്കും."
ഇല്ലേ നക്ഷത്രങ്ങളേ, നാളെ വരില്ലേ? നാളെ വരും. എന്നെ ഉസ്കൂളിലുവാക്കും.
"മണിച്ചേട്ടാ,...മണിച്ചേട്ടാ,..."
മണിച്ചേട്ടാ ഒറങ്ങി.