Pramod Chandran
IBS
വളപ്പൊട്ടുകള്‍
കാറിന്റെ ഡാഷ് ബോര്‍ഡില്‍ സമയം നോക്കി, മൂന്നു മണി കഴിഞ്ഞിരിക്കുന്നു. Asiana Dreams Pub and Dance Bar എന്ന ബോര്‍ഡ് എന്റെ കണ്ണില്‍ നിന്നും മാഞ്ഞിരുന്നു . കഴിഞ്ഞ രണ്ടു വര്‍ഷമായി എന്റെ ജീവിതത്തിന്റെ ഭാഗമാണ് ആ Pub. കാറിലെ രൂക്ഷമായ മദ്യത്തിന്റെ ഗന്ധം എന്നെ മത്തു പിടിപ്പിച്ചില്ല. ആ ഗന്ധം എന്റെ സിരകളെ ത്രസിപ്പിച്ചില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി അത് എന്റെ ഗന്ധമാണ് . രാത്രിയില്‍ വിരിയാന്‍ തയ്യാറായി നില്‍ക്കുന്ന മുല്ലമൊട്ടുകളുടെ സുഗന്ധം ഞാന്‍ ചെറുപ്പത്തില്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഏതൊരു പെണ്‍കുട്ടിയെയും പോലെ ആ പൂവുകള്‍ ഇറുത്തെടുത്തു ഞാന്‍ മുടിയില്‍ ചൂടിയിരുന്നു . “എന്തു ചന്തമാ എന്റെ കുട്ടിയെ കാണാന്‍ “.. അമ്മമ്മ പലപ്പോഴും എന്റെ സൌന്ദര്യത്തെ പുകഴ്ത്തിയിരുന്നു. മുല്ലയും പിച്ചിയും കനകാംബരവും മൊട്ടിട്ടു നിന്നിരുന്നഒരു പഴയ നായര്‍ തറവാടായിരുന്നു എന്റേത്. വസന്തത്തിന്റെ വരവറിയിച്ചു കൊണ്ട് വിരിയുന്ന ആ പൂക്കള്‍ തൊടിയിലേക്ക് എന്നെ മാടി വിളിച്ചിരുന്നു. എന്നാല്‍ ഇന്ന് എന്റെ ശരീരത്തിന് മദ്യത്തിന്റെ രൂക്ഷമായ ഗന്ധമാണ്. ആ ഗന്ധം എന്നെ സന്തോഷിപ്പിക്കുകയില്ല, ദുഖിപ്പിക്കുകയും.
സമൂഹത്തിന്റെ ഭാഗമാകാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നു. പക്ഷെ സമൂഹം എന്നെ ഒരു വേശ്യയെ എന്ന പോലെ അകറ്റി നിര്ത്തുന്നു. Pub ല്‍ മദ്യം വിളമ്പുന്നതും വേശ്യാവൃത്തിയും ഒരുപോലെയാണ് എന്ന അവര്‍ കരുതുന്നു. ആ ചിന്തകളെ ഒഴിവാക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. പക്ഷെ ഒരു വേശ്യയല്ല എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ വഴി പിഴച്ചിട്ടില്ല എന്ന് പറയാന്‍, നെഞ്ചില്‍ കൈ വച്ച് കൊണ്ട് പറയാന്‍ എനിക്കും കഴിയില്ല. മദ്യക്കുപ്പികളുടെയും മദ്യ ലഹരിയുടെയും ഇടയില്‍ എനിക്കെപ്പോഴോ അതെല്ലാം നഷ്റെപ്പെട്ടിരിക്കുന്നു. ബാറില്‍ മദ്യം വിളംബുന്നവള്‍ക്ക് എന്തു പാതിവൃത്യം അല്ലെ ?ആ ചോദ്യം ഞാന്‍ എന്നോട് തന്നെ പലപ്പോഴും ചോദിച്ചിരുന്നു. … ഉത്തരം അറിയാമെങ്കില്‍ കൂടി.
എന്റെ ജീവിതം ഒരു തരത്തില്‍ എന്റെ തന്നെ തെരെഞ്ഞെടുപ്പാണ്. വിധി എന്ന രണ്ടക്ഷരത്തെ പഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഇത് എന്റെ വിധിയല്ല. എന്റെ പാളിപ്പോയ തെരെഞ്ഞെടുപ്പാണ്. അച്ഛനമ്മമാരുടെ തീരുമാനത്തിന് ചെവി കൊടുക്കാതെ എന്റെ തീരുമാനം ഞാന്‍ എന്നില്‍ തന്നെ അടിച്ചേല്‍പ്പിച്ചു.. ആ വിവാഹത്തിനും, പ്രിയതമന്റെ കാരണമെന്തന്നരിയാത്ത തിരോധാനത്തിനും ശേഷം ഈ ജോലിയും എന്റെ ഒരു തെരഞ്ഞെടുപ്പായിരുന്നു. പക്ഷെ ആ തീരുമാനത്തിലും ഞാന്‍ ഒട്ടു പാശ്ചാത്തപിച്ചില്ല. താങ്ങ് നഷ്ടപ്പെട്ട അബലയുടെ അവസാന പിടിവള്ളിയായി മാന്യതയുടെ മുഖം മൂടി ഇല്ലാത്ത എന്റെ ജോലി., ബാറില്‍ മദ്യം വിളമ്പുന്ന ജോലി.
പാതിരാത്രി വരെ നീളുന്ന ആഘോഷമാണ് pub ല്‍ എന്നും. മദ്യ ലഹരിയില്‍ പാടുകയും ചുവടു വക്കുകയും ചെയ്യുന്ന യുവാക്കള്‍. പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്ന കമിതാക്കള്‍. ജീവിതാസ്വാദനതിന്റെ പുതിയ തലങ്ങള്‍ തേടുന്ന മധ്യ വയസ്കര്‍. കാതടപ്പിക്കുന്ന സംഗീതം. എന്റെ മനസ്സിന്റെ പ്രതിഫലനം എന്ന പോലെ അരണ്ട വെളിച്ചം. രാത്രിപുലരുവോളം തുടരുന്ന ഈ ആഘോഷങ്ങള്‍ക്ക് വേദി ഒരുക്കലാണ് എന്റെ ജോലി. ഒഴിയുന്ന മദ്യ ഗ്ലാസ്സുകളിലേക്ക് മദ്യം പകരുമ്പോള്‍ പലരുടെയും നോട്ടം എന്റെ യുവത്വതിലേക്കായിരുന്നു. ആ യുവത്വം ഒരു വില്പന ചരക്കാണ് എന്ന് ഞാന്‍ തിരിച്ചറിയുന്നു. ശരീരം ഒരു പ്രദര്സന വസ്തുവാണ് എന്നും. എന്റെ ശരീര വടിവുകള്‍ കാണിക്കുന്ന വസ്ത്രങ്ങള്‍ മാത്രം തെരഞ്ഞെടുക്കാന്‍ ഞാന്‍ നിര്ബന്ധിതയായിരീക്കുന്നു. ശരീരത്തെ തുളച്ചു കയറുന്ന നോട്ടങ്ങളെ പുഞ്ചിരിയോടെ ഞാന്‍ നേരിടുന്നു… ഉള്ളില്‍ അമര്‍ഷം പുകയുംബോളും
വിജനമായ പാതയിലൂടെ കാര്‍ അതിന്റെ ലക്ഷ്യ സ്ഥാനത്തേക്ക് പാഞ്ഞു കൊണ്ടിരുന്നു. ചാവാലി പട്ടികള്‍ ഇണയുടെ പുറകെ ഉള്ളിലൊളിപ്പിച്ച കാമം പ്രകടിപ്പിക്കാതെ ഓടിക്കൊണ്ടിരുന്നു. മറ്റു യുവതികളെപ്പോലെ രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഞാന്‍ ഭയപ്പെടുന്നില്ല. ഇരുളിന്റെ മറയില്‍ ഡ്രൈവര്‍ എന്നെ അപായപ്പെടുതുമെന്നു ഞാന്‍ ഭയപ്പെടുന്നില്ല. നഷ്ടപ്പെടുവാന്‍ മറ്റൊന്നും ഇല്ലാതവള്‍ക്ക് പ്രാന ഭയം അല്ലാതെ മറ്റൊന്നും ഉണ്ടാവില്ലല്ലോ.
കാറിന്റെ ഗ്ലാസ് തുറന്ന് ശുദ്ധവായു ശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പുതിയ ജോലി എന്റെ യഥാര്‍ത്ഥ പേര് പോലും എനിക്ക് അന്യമാക്കിയിരിക്കുന്നു. തൃശ്ശൂരിലെ ഗ്രാമ പ്രാന്തങ്ങളില്‍ വിദ്യാലക്ഷ്മി ആയിരുന്ന ഞാന്‍ ഇനന്‍ വിറ്റിയാണ്. താമസിയാതെ എന്റെ ഓര്‍മകള്‍ക്കും വിദ്യാലക്ഷ്മി അന്യയാകും. എന്റെ മാതാപിതാക്കള്‍ക്ക് ഞാന്‍ അന്യയായപോലെ. ആ ഓര്‍മകള്‍ക്ക് മേല്‍ എന്റെ പുതിയ ജീവിതത്തിന്റെ കാല്‍പ്പാടുകള്‍ പതിക്കും. ഉണങ്ങാത്ത മുറിവുകള്‍ തീര്‍ക്കും, ആഹ്ലാദത്തിന്റെ നനുത്ത മഞ്ഞു തുള്ളികളും. അവയുടെ തണുപ്പിനുള്ളില്‍ ഒരു കമ്പിളി പുതപ്പിനുള്ളില്‍ എന്നാ പോലെ ഒതുങ്ങി കൂടാനാണ് എന്റെ ആഗ്രഹം.
ഒരു പുരുഷന്റെ സംരക്ഷണത്തിന്റെ ചൂടിനായി ഞാന്‍ ആഗ്രഹിക്കുന്നു. പബില്‍ സ്ഥിരം സന്ദര്ശകനായിരുന്ന റോബര്‍ട്ട് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളില്‍ ഞാന്‍ എന്റെ സംരക്ഷകനെ കണ്ടിരുന്നു. പക്ഷെ എന്റെ ശരീരത്തിന്റെ ഗന്ധം മടുത്തപ്പോള്‍ ആ സന്ദര്ശനം നിലച്ചു. പിന്നീടറിഞ്ഞു റോബര്‍ട്ട് എന്ന പേര് പോലും വ്യാജമായിരുന്നു എന്ന്. നിര്‍വികാരത മാത്രമായിരുന്നു എന്റെ പ്രതികരണം. ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ ആകുലപ്പെടുതുന്നില്ല. കാലത്തിന്റെ ഒഴുക്കില്‍ എന്റെ യൌവനം എനിക്ക് നഷ്ടമാകും. ഇതളുകള്‍ കൊഴിഞ്ഞ ഒരു പുഷ്പം പോലെ ഞാന്‍ സൌന്ദര്യം നഷ്ടപ്പെട്ടു എന്റെ ജോലിയില്‍ അയോഗ്യയാവും. രാതിര്യുടെ ആഘോഷങ്ങളില്‍ നിന്ന് ഞാന്‍ ഒഴിവാക്കപ്പെടും. ജീവിക്കാന്‍ തന്നെ അ യോഗ്യയാവളെ സമൂഹം പുച്ഛത്തോടെ ആട്ടിപ്പായിക്കും. പക്ഷെ അപ്പോളും പുതിയ ഒരു തെരഞ്ഞെടുക്കല്‍ എനിക്ക് ആവശ്യമായി വരും. തോല്‍ക്കാതിരിക്കാനുള്ള ഒരു തെരഞ്ഞെടുപ്പ്
പക്ഷെ ഈ ആരവങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നില്ലേ?? നശിച്ചു എന്ന് സ്വയം മനസ്സിലാക്കിയിട്ടും വീണ്ടും വീണ്ടും ശരിയാണെന്ന് ഞാന്‍ കരുതുന്ന തെറ്റുകളിലേക്ക് , എന്റെ ശരികളിലേക്ക് ഞാന്‍ യാത്ര തുടരുക തന്നെ ചെയ്യും.സന്ധ്യ മയങ്ങുമ്പോള്‍, ഇരുട്ടിന്റെ കമ്പളത്തില്‍ ഭൂമി മയങ്ങുമ്പോള്‍, ആര്‍ഭാട പൂര്‍ണമായ വസ്ത്രം ധരിച്ച്, ചുണ്ടില്‍ ചായം തേച്, തിളയ്ക്കുന്ന യൌവ്വനങ്ങള്‍ക്കൊപ്പം ചുവടു വക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആഗ്രഹത്തേക്കാള്‍ അതെന്റെ ജീവിതമാണ് purse ല്‍ നിറയുന്ന നോട്ടുകെട്ടുകള്‍ ആ അരണ്ട വെളിച്ചത്തിലേയ്ക്കു എന്നെ സ്വാഗതം ചെയ്യുന്നു.
ജീവിതത്തിന്റെ ഊഷരതയില്‍ വസന്തം വിരിയിക്കാന്‍ ആ നോട്ടുകെട്ടുകള്‍ എന്നെ സഹായിച്ചേക്കാം . ഒരിക്കല്‍ ആടിപ്പാടുന്ന മധ്യ വയസ്കരില്‍ ഒരാള്‍ സംരക്ഷണത്തിന്റെ ഒരു കൈതാങ്ങ് എനിക്ക് നേരെ നീട്ടിയേക്കാം. അയാള്‍ എന്റെ ജീവിതത്തില്‍ വസന്തം വിരിയിചെക്കാം. ആ വസന്തത്തിനു വേണ്ടി ഞാന്‍ കാത്തിരിക്കാം. . ഒരു പൂക്കാലം എന്റെ ജീവിതത്തില്‍ ഉണ്ടാകുമോ?
കാര്‍ ചെറിയ ശബ്ദതോടെ “Mary’s Ladies Hostel” എന്ന ബോര്‍ഡ് സ്ഥാപിച്ച gate നു മുന്‍പില്‍ നിന്നു. ഇറങ്ങിക്കോളൂ എന്ന ഭാവത്തില്‍ ഡ്രൈവര്‍ എന്നെ നോക്കി. ഞാന്‍ വാതില്‍ തുറന്നു പുറത്തിറങ്ങി. ശക്തിയായി ഡോര്‍ അടച്ചു. ആ ശക്തിയില്‍ എന്റെ കയ്യിലെ കറുത്ത വള ഉടഞ്ഞു. വളപ്പൊട്ടുകള്‍ ചെറിയ ശ ബ്ദതോടെ റോഡില്‍ വീണു. കാര്‍ സ്പീഡില്‍ ഓടിച്ചു പോയി. ഞാന്‍ ആ കറുത്ത വളപ്പോട്ടുകളിലേക്ക് നോക്കി കുറച്ചു നേരം നിന്നു. അവ തിരികെ ചെര്‍ക്കനാവാത്ത ജീവിത ബന്ധങ്ങളെ ഓര്‍മിപ്പിച്ചു.