Anas Abdul Nazar
Envestnet Asset Management
ചോദ്യങ്ങൾ
ചോദ്യം 1
അത്താഴം കഴിച്ച് കൊണ്ടിരുന്നപ്പോൾ ആറ് വയസ്കാരൻ അരുമ മകൻ ചോദിച്ച ചോദ്യം കേട്ട് അച്ചൻ അഭിമാനിതനായി. മകന് പ്രശംസ, ഒപ്പം തലച്ചോർ കൊണ്ട് ചിന്തിക്കേണ്ടതിന്റെയും ചോദ്യങ്ങൾ ചോദിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചുള്ള വാചാലത. ശേഷം തലച്ചോർ തന്ന സർവ്വശക്തന് സർവ്വസ്തുതിയും രേഖപ്പെടുത്തി മകന്റെ ചോദ്യത്തിന് ഉത്തരം നൽകുന്നു.
ചോദ്യം 2
ദീർഘയാത്രയ്ക്കായി കുടുംബ സമേതം വീട് പൂട്ടി ഇറങ്ങിയപ്പോൾ
മകന് മൂന്നാം തവണയും മൂത്രശങ്ക. തോന്നൽ മാത്രമാണെന്ന് പറഞ്ഞിട്ടും അവൻ കേൾക്കുന്നില്ല. ഒടുവിൽ എല്ലാം കഴിഞ്ഞ് വന്നിട്ടും അച്ഛന്റെയും അമ്മയുടേയും ശകാരം തീരുന്നില്ല.
കാർ മുന്നോട്ട് നീങ്ങുകയാണ്. പിൻസീറ്റിൽ പുറത്തെ കാഴ്ചകളും കണ്ട് കൊണ്ടിരിക്കെ മകന്റെ ശാന്തമായ ചോദ്യം.
'ഈ ലോകം സൃഷ്ടിച്ചത് സർവ്വശക്തനായ ദൈവം അല്ലേ അച്ഛാ?' അച്ഛന്റെ ദേഷ്യം പുഞ്ചിരിക്ക് വഴി മാറുന്നു. മകന്റെ ചോദ്യത്തിന് അതേ എന്ന മറുപടി.
'ഈ ലോകത്തിലെ എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്നത് ആ സർവ്വശക്തൻ അല്ലേ?' മകന്റെ ദൈവ വിചാരത്തിൽ അച്ഛന് വല്ലാത്ത മതിപ്പ്. വീണ്ടും അതേയെന്ന മറുപടി.
ഒടുക്കത്തെ ചോദ്യം...
'അപ്പോ എന്നെ എന്തിനാ അച്ഛനും അമ്മയും വഴക്ക് പറഞ്ഞേ? എനിക്ക് മുള്ളാൻ തോന്നിപ്പിച്ച സർവ്വശക്തനെയല്ലേ വഴക്ക് പറയണ്ടേ?' അച്ഛൻ വലിയ ശബ്ദത്തിൽ വണ്ടി ചവിട്ടി നിർത്തി. അച്ഛനുമമ്മയും ഇരുവാതിലുകളിലൂടെ മകനടുത്തേക്ക് നടന്നു.
ആ മകൻ പിന്നീട് ചോദ്യമൊന്നും ചോദിച്ചിട്ടില്ല. അനുസരണയുള്ള, ഭയഭക്തിയുള്ള കുട്ടിയായി അവൻ വളർന്നു.