Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  വിശപ്പ്

Surya C G

UST

വിശപ്പ്

ഉമ്മറത്ത് പെയ്യുന്ന പേമാരിക്കു പോലും തണുപ്പിക്കാനാകാത്ത വിധം ഉള്ളിൽ തീയെരിയുന്നു. പനിച്ചു കിടന്ന ദിവസങ്ങളത്രയും മുഴുപ്പട്ടിണി തന്നെയായിരുന്നല്ലോ..! ഇനിയും കിടന്നു പോയാൽ മരിച്ചു പോകുക തന്നെ ചെയ്യും. തനിക്കു വേണ്ടി ജോലി ചെയ്യാൻ മറ്റാരാണുള്ളത്?

 

      ഇച്ഛ പോലെ തന്നെ ഫോണിൽ പൊടുന്നനെ നോട്ടിഫിക്കേഷൻ മുഴങ്ങി. നെല്ലുശ്ശേരിയിൽ നിന്നൊരാൾ ചിക്കൻ ബിരിയാണി ഓർഡർ ചെയ്തിരിക്കുന്നു. ദൂരം നന്നേ കൂടുതലാണ്. എന്നിരുന്നാലും ഇനിയും ഇങ്ങനെ കിടന്നു പോയിക്കൂടാ!

 

     കട്ടിലിൽ പിടിച്ചിരുന്നു ഒരു നെടുവീർപ്പോടെ യൂണിഫോമും തൊപ്പിയും ധരിച്ച് അവൻ ഇറങ്ങി. ഒരു റൈൻകോട്ട് വാങ്ങുക എന്നത് വളരെ നാളത്തെ ആഗ്രഹമാണ്. പക്ഷെ വിശക്കുന്ന വയറിനു കൂടുതൽ പ്രാധാന്യം ഭക്ഷണം ആണല്ലോ..

 

    ഹോട്ടലിൽ നല്ല തിരക്കുണ്ട്. നന്നേ പനിക്കുന്നും ഉണ്ട്. കണ്ണുകളടച്ചു അവൻ വരാന്തയിൽ ഇരുന്നു. അര മണിക്കൂർ പിന്നിടുന്നു. അപ്പോഴാണ് കോൾ വന്നത്.

 

"ഒരു ചിക്കൻ ബിരിയാണി കഴിക്കണമെങ്കിൽ എത്ര നേരം കാത്തിരിക്കണം! കളക്ട് ഇറ്റ് ഫാസ്റ്റ് ആൻഡ് കം!"

 

"ഓക്കേ മാഡം."

 

നെഞ്ചിടിക്കുന്നുണ്ട്! തെല്ലൊരാശ്വാസം പോലെ ബിരിയാണി തയ്യാറായി. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ബിരിയാണി വാങ്ങുമ്പോൾ അവൻ ഒരു നിമിഷം കണ്ണുകളടച്ചു!

'നറുനെയ്യിൻറ്റെ ഭ്രാന്ത് പിടിപ്പിക്കുന്ന ഗന്ധം!'

 

പെട്ടെന്ന് തന്നെ ബിരിയാണി വാങ്ങി ബാഗിൽ തിരുകി അവൻ സ്കൂട്ടർ എടുത്ത് തിരിച്ചു. മഴ തോർന്നിട്ടില്ല. ഓരോ ഇടവഴിയിലും ഓരോ മണമാണ്...

സുഗന്ധദ്രവ്യങ്ങളത്രയും കൊതിയൂറുന്ന ബസ്മതി അരിയിൽ പൊതിഞ്ഞു കിടക്കുന്ന ഗന്ധം..

ഏറെ നേരം പാകം ചെയ്ത മസാലയിൽ ചിക്കൻ കഷണങ്ങൾ പാകപ്പെടുത്തിയെടുത്ത ഗന്ധം..

ഇപ്പോൾ ദം പൊട്ടിച്ചെടുത്ത ബിരിയാണിചെമ്പിൻറെ തടുക്കാനാകാത്ത സുഗന്ധം!

 

വിറയ്ക്കുന്ന പനിയും, തോരാത്ത മഴയും, ഭ്രാന്തമായ സുഗന്ധങ്ങളും!

 

"മാഡം.. ലൊക്കേഷൻ എത്തിയിട്ടുണ്ട്. ഒന്ന് പുറത്തേക്ക് വരാമോ?"

 

"എന്തിന് ?? ഒരു മണിക്കൂറായി ഓർഡർ ചെയ്തിട്ട്! അതിനി നിങ്ങൾ തന്നെ കൊണ്ട് പൊയ്‌ക്കോ!"

 

"മാഡം പ്ളീസ്! ഹോട്ടലിൽ തിരക്ക് കാരണമാണ്. എന്റെ ശമ്പളത്തെ ബാധിക്കും!"

 

"ഐ ഡോണ്ട് വാണ്ട് ടു ഹിയർ യുവർ എക്സ്പ്ലനേഷൻസ്. ബൈ!"

 

തളർന്ന് സ്കൂട്ടറിൽ തെല്ലു നേരം ഇരുന്നതിനു ശേഷം ഒരു വിങ്ങലോടെ അവൻ തിരിച്ചു.

പനിച്ചു തളരുന്ന ശരീരവും, വിശന്നു മങ്ങുന്ന കാഴ്ചയും..

 

കാഴ്ച വീണ്ടും വീണ്ടും മങ്ങുകയാണ്. ഈ പ്രപഞ്ചമത്രയും തന്നെയും പേറി ഈ തിരക്കേറിയ റോഡിലൂടെ ഒഴുകുന്നു! കാഴ്ച തീർത്തും മങ്ങിയിരിക്കുന്നു.. ഇരമ്പുന്ന ആൾക്കൂട്ടത്തിന്റെ സ്വരം! ചിതറിത്തെറിച്ച നറുനെയ്യിന്റെ സുഗന്ധം! അവസാനശ്വാസത്തിൽ ആ സുഗന്ധമേന്തി തെല്ലു നോവേറിയ പുഞ്ചിരിയോടെ ആ കണ്ണുകളടഞ്ഞു.