Skip to main content
banner
Srishti-2022   >>  Article - Malayalam   >>  സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

Rini A

UST

സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

"എനിക്കൊരു പെണ്ണിനെ വേണം വളർത്താൻ,കൊഞ്ചിക്കാൻ, എന്നെയും എൻറെ വീട്ടുകാരേയും പൊന്നുപോലെ നോക്കാൻ"

 

ഒരിടയ്ക്ക് സോഷ്യൽമീഡിയയിൽ ട്രോൾ മഴയിൽ നനഞ്ഞൊലിച്ചു പോയ ഒരു പോസ്റ്റാണിത്. വളർത്താൻ പട്ടിക്കുഞ്ഞിനെ പോലൊരു പെണ്ണിനെ അന്വേഷിക്കുന്നവരും അവർക്ക് നേരെ ചാടുന്ന മലയാളിയുടെ കപട സദാചാരവും നമുക്കിവിടെ കാണാം. 

ഈ ഒറ്റ സോഷ്യൽമീഡിയ പോസ്റ്റും കമൻ്റുകളും മതി ഒരു ശരാശരി മലയാളിയുടെ വിവാഹ സംസ്കാരത്തിൻറെ ചുരുളഴിയാൻ. പോസ്റ്റിട്ട മഹാ നേക്കാൾ സംഭവബഹുലമാണ് കമൻറ് ഇട്ടവരുടെ പേജ് നോക്കിയാൽ ഉള്ള അവസ്ഥ. എന്നാണ് സ്ത്രീധനം വിവാഹ ചടങ്ങുകളുടെയും മലയാളിയുടെയും ജീവിതത്തിലെ പ്രധാനകഥാപാത്രമായി തുടങ്ങിയത് എന്ന് കൃത്യമായി അറിയില്ല. ചരിത്രം ചികഞ്ഞിട്ട് 

ഈ അവസരത്തിൽ പ്രത്യേകിച്ച് പ്രയോജനവുമില്ല. ഇന്നത്തെ സമൂഹത്തിൽ ആരാണ് വിവാഹ കച്ചവടത്തിനും സ്ത്രീധന മരണങ്ങൾക്കും ഉത്തരവാദികൾ? ഈ ചോദ്യത്തിനുള്ള ഉത്തരം അന്വേഷിച്ചു തുടങ്ങും മുൻപ് മനസ്സിൽ ഇഷ്ടപ്പെട്ടവരെ സ്നേഹപൂർവ്വം ഉപാധികളില്ലാതെ സ്വീകരിച്ചവരെയും സ്വീകരിക്കാൻ തയ്യാറുള്ളവരെയും സമൂഹത്തിലെ അലിഖിത ലിംഗവിവേചിത ഉത്തരവാദിത്തങ്ങൾ അടിച്ചേൽപ്പിച്ച് ശ്വാസം മുട്ടിക്കാത്ത രക്ഷാകർത്താക്കളെ യും ഭാര്യമാരെയും ഭർത്താക്കന്മാരെയും ബന്ധുക്കളെയും 

സമൂഹത്തിനായി അവർ ചെയ്തചെയ്ത സമഗ്രസംഭാവനയ്ക്ക് നന്ദിപറഞ്ഞുകൊണ്ട് മാറ്റി നിർത്തട്ടെ. അവർക്ക് ഭൂരിപക്ഷ മലയാളിയുടെ വിവാഹ കമ്പോളത്തിൽ പ്രസക്തി വളരെ കുറവാണ്.

 

വിവാഹം:

പ്രണയവിവാഹം അല്ലെങ്കിൽ വീട്ടുകാരുടെ ആസൂത്രണ ഫലമായുള്ള വിവാഹം അങ്ങനെ രണ്ട് തരം വിവാഹങ്ങളാണ് സാധാരണയായി കേരളത്തിലും ലോകത്തിലും കണ്ടു വരുന്നത്. ഈ രണ്ടുതരം വിവാഹങ്ങളും ഗുണദോഷസമ്മിശ്രം ആണ്. അതിൽ മലയാളികളുടെ മാറേണ്ട വിവാഹ വ്യവസ്ഥിതികളെ കുറിച്ചും ചിന്തകളെ കുറിച്ചും ആണ് നമ്മൾ ചർച്ച ചെയ്യേണ്ടത്.

വിവാഹത്തിന് സമാനചിന്താഗതിക്കാരായ രണ്ട് മനുഷ്യരുടെ ഒരുമിച്ചുള്ള ജീവിത യാത്രയുടെ ആരംഭം എന്നതിനപ്പുറം ഒരു കച്ചവട മുഖം കൈവന്നിരിക്കുന്നു. 

 

വിവാഹവും സ്ത്രീധനവും സമൂഹത്തിലെ പല മനുഷ്യരിലും പലവിധ ചിന്തകൾ ആണ് ഉണ്ടാക്കുന്നത്. വിവാഹ കമ്പോളത്തിലെ തസ്തികകൾക്ക് അനുസരിച്ച് ചിന്തകളിലും മാറ്റങ്ങൾ വരും.   നമുക്ക് ചിന്തകളുടെ അവലോകനം കല്യാണച്ചെറുക്കനിൽ നിന്നും  ആരംഭിക്കാം. വിവാഹ കമ്പോളത്തിലെ നായകന് തീർച്ചയായും തുടക്കത്തിൽ ആഗ്രഹങ്ങൾ ഒരുപാട് ആയിരിക്കും. പെണ്ണിന് സൗന്ദര്യം ഉണ്ടായിരിക്കണം, നിറം വേണം, വിദ്യാഭ്യാസം വേണം.സാധാരണമായ ആവശ്യങ്ങൾ. ഇനിയാണ് വൈവിധ്യങ്ങൾ ആരംഭിക്കുക. 

ചിലർക്ക് ജോലി ഉണ്ടായിരിക്കണം. പറ്റിയാൽ സർക്കാർ ജോലി. യമണ്ടൻ ശമ്പളമുള്ള പ്രൈവറ്റ് ജോലി ആയാലും മതി. അതില്ലെങ്കിൽ പെണ്ണിൻറെ അപ്പൻറെ പോക്കറ്റിന് നല്ല കനം ഉണ്ടായാലും ആശ്വാസം തന്നെ. കല്യാണത്തോടെ അതെല്ലാം തനിക്ക് കിട്ടണം. അത് നേരിട്ട് പറയില്ല അത് പറയാൻ വീട്ടുകാരെ നിയോഗിക്കും. ഇതിനിടയിൽ പ്രണയത്തെപ്പറ്റി പറയേണ്ടതില്ലല്ലോ.ചിലർ വിവാഹ അഭ്യർത്ഥനയുമായി യാതൊരു താൽപര്യവും ഇല്ലാത്ത പെൺകുട്ടികൾക്കു പിന്നാലെ അലയുന്നത് ഒരു തൊഴിൽ ആയി കാണുന്നു. ഇവരുടെ ചിന്തകൾ പലപ്പോഴും പെൺകുട്ടികളുടെ ജീവഹാനിക്ക് വരെ കാരണമാകാറുണ്ട്.

 

 പ്രണയിക്കാൻ പോലും പെണ്ണിൻറെ ആസ്തി അറിഞ്ഞ ശേഷം മാത്രം പ്രണയാഭ്യർത്ഥന നടത്തുന്ന എത്രയോ ആൾക്കാർ കേരളത്തിൽ ഉണ്ട്.  ഇതിൽ തേപ്പ് കിട്ടിയവരും കൊടുത്തവരും ഉൾപ്പെടും. അവർ സ്ത്രീധനത്തെ പരസ്യമായി എതിർക്കും എന്നിട്ട് ബിനാമികൾ വഴി പ്രോത്സാഹിപ്പിക്കും. കാറും സ്വർണ്ണവും വീടും സ്ഥലവും ഒക്കെ മകളോട് രക്ഷാകർത്താക്കൾക്ക് എത്ര ഇഷ്ടമുണ്ടോ അത്രയും മതി കൂടുതൽ ഒന്നും വേണ്ട. ഇനി കല്യാണം കഴിക്കുന്നത് സാമ്പത്തിക ഭദ്രതയുള്ള ഒറ്റമകൾ ഉള്ള വീട്ടിൽ നിന്നാണെങ്കിൽ ചെറുക്കന്‌ ഒന്നും വേണ്ട. ഒന്നും ചോദിക്കാൻ ഇല്ല.  എത്രയുണ്ട് ആസ്തി എന്നവർ നാട്ടുകാർ വഴി അന്വേഷിച്ച് അറിഞ്ഞോളും. ഇവർക്ക് വയസ്സും വയറും കൂടുന്നതിനും തലയിലെ മുടി കൊഴിയുന്നതിനുമനുസരിച്ച് 

ഡിമാൻഡുകളിൽ ഏറ്റക്കുറച്ചിലുകളുണ്ടാവും.

 

ഇവരുടെ ലിസ്റ്റിലേക്ക് ഉള്ള പുതിയ ഇനമാണ് വിദേശത്തു കൊണ്ടുപോയി പണിയെടുപ്പിക്കാൻ പറ്റിയ ഭാര്യ. തുറന്ന ചിന്താഗതിയാണ് ഇവർക്കുള്ളത്. അത്ഇഷ്ടമാണെങ്കിൽ മാത്രം ആലോചനയുമായി മുന്നോട്ടു പോയാൽ മതി. ഇവർക്കിടയിൽ പ്രേമിക്കുന്ന പെണ്ണിൻറെ വാക്കുകേട്ട് കൈനിറയെ പണം  വാരാൻ പോയി തിരിച്ചു വന്നപ്പോൾ കാമുകി ഗവൺമെൻറ് ജോലിക്കാരനെ കെട്ടിയ വാർത്ത കേട്ടു ഞെട്ടിയ വരും ഉൾപ്പെടും. 

 

കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളുടേയും ചിന്തകൾ വ്യത്യസ്തമല്ല.

അവർക്കും വേണം സുന്ദരനും സംസ്കാര സമ്പന്നനും വിദ്യാസമ്പന്നനും ഉയർന്ന ശമ്പളമുള്ള ജോലി കാരനും ആയ ഒരു പയ്യനെ. വിദ്യാഭ്യാസവും സ്വന്തമായി ജോലിയും ഉള്ള പെൺകുട്ടികൾ സമാനരായ ചെറുപ്പക്കാരെ അന്വേഷിക്കുന്നത് ഒരു തെറ്റല്ല. എന്നാൽ പൊതുവേ ബോധം വെച്ചു തുടങ്ങുംമുൻപേ കല്യാണം കഴിഞ്ഞു പോകാനാണ് പല പെൺകുട്ടികളുടേയും വിധി.  പക്വതക്കുറവിന്റെ പ്രശ്നങ്ങൾ അവരുടെ കുടുംബജീവിതത്തിലും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.  എന്നാൽ കലിപ്പൻ്റെ കാന്താരിമാർക്ക് മുന്നിൽ യാഥാർത്ഥ്യബോധം ഉള്ളവർക്ക് പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടായിരിക്കും. 

തനിക്കുകിട്ടിയ വിവാഹ ജീവിതത്തിൽ സന്തോഷം പോരാ എന്ന് തോന്നി പുതിയ ജീവിതത്തെയും പങ്കാളിയെയും തേടി പോകുന്നവരുമുണ്ട്. ഇങ്ങനെ പോകുന്നത് ഒരു തെറ്റല്ല എങ്കിൽ പോലും, പോകുന്ന വഴിയെ താൻ പ്രസവിച്ച കുഞ്ഞിനെ പോലും കഴുത്തറുത്തു കൊന്നും ഭർത്താവിനെയും വീട്ടുകാരെയും ഗുണ്ടകളെ വിട്ട് ആക്രമിക്കുന്ന ഇടത്താണ് ഭീകരത ഏറുന്നത്. 

 

ഓരോ വൈവാഹിക ജീവിതത്തിലും രക്ഷകർത്താക്കളുടെ പങ്ക് വളരെ വലുതാണ്. മക്കൾക്ക് ഏറ്റവും നല്ലത് കിട്ടണം എന്ന ഒറ്റ ലക്ഷ്യം മുന്നിൽ കണ്ട് നീങ്ങുന്നവർ. നല്ലതെല്ലാം കൊടുത്തു വളർത്തിയ മക്കൾക്ക് നല്ലതുതന്നെ മുന്നോട്ടും കിട്ടാൻ തനിക്കും മറ്റുള്ളവർക്കും നല്ലതിനാണോ ചെയ്യുന്നതെന്നു പോലും ചിലപ്പോൾ ചിന്തിക്കാതെ തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നവർ. ഭൂതകാലത്തിലെ വരനും വധുവും  ആയിരുന്ന ഇന്നത്തെ രക്ഷാകർത്താക്കൾ അറിഞ്ഞോ അറിയാതെയോ ഈ കല്യാണ കമ്പോളത്തിലെ കച്ചവടത്തിൽ പുതിയ നിക്ഷേപകരുടെ കുപ്പായമണിയുന്നു. ഈ അവസരം മുതലെടുത്ത് ദല്ലാൾമാരും മാട്രിമണി ആപ്പുകളും അവരെ ചൂഷണം ചെയ്യുന്നു. സ്വന്തം മക്കളെ അവരുടെ സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ അനുവദിക്കുമെന്നും, തങ്ങൾ സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്നും ഉള്ള സമീപഭാവിയിൽ ഒരിക്കലും നടക്കാൻ ഇടയില്ലാത്ത കൂട്ടായ തീരുമാനം രക്ഷിതാക്കൾ എടുത്താൽ കുറെ ഏറെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. എന്നാൽ "മക്കളെ, നിങ്ങൾ മരിച്ചാൽ ഞങ്ങൾ എങ്ങനെ ജീവിക്കും ?" എന്ന് ചോദിക്കുന്ന ചില രക്ഷകർത്താക്കൾ ഉള്ള നാട്ടിൽ മക്കൾ കേവലം അത്യാഗ്രഹം സാധിച്ചെടുക്കാൻ ഉള്ള ഉപാധികളായി തീരുന്നതിൽ അത്ഭുതമില്ല. 

 

വിവാഹം ഒരു കച്ചവടമാക്കി മാറ്റുന്നതിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും ഉള്ള പങ്ക് ചെറുതല്ല. മറ്റുള്ളവരെ അളക്കാൻ നടക്കുന്നവരാണ് ഇവരിൽ കൂടുതൽ ആൾക്കാരും. ആരുടെ മക്കൾക്ക് ആണ് ഏറ്റവും നല്ല പങ്കാളിയെ കിട്ടിയത് ? വന്നുകയറിയ പെണ്ണിൻറെ പോരായ്മകൾ എന്തെല്ലാം ? പെണ്ണിൻറെ ദേഹത്ത് മിന്നുന്നതെല്ലാം പൊന്നു തന്നെയാണോ? ആണെങ്കിൽ എത്ര പവൻ? പയ്യൻറെ ശമ്പളം എത്ര? ചെറുക്കന് കൊടുത്ത വണ്ടിയുടെ വില എത്ര? അതിൻറെ മൈലേജ് എത്ര ? അവരുടെ സംശയങ്ങൾ കല്യാണം കഴിഞ്ഞാലും നീളും. മെഗാ സീരിയലുകൾക്ക് അവസാനം ഉണ്ടെങ്കിൽ പോലും ബന്ധുജന കുശലാന്വേഷണങ്ങൾക്ക് ഭൂമിമലയാളത്തിൽ അവസാനം കാണുന്നില്ല. 

 

മേൽപ്പറഞ്ഞ കൂട്ടത്തിൽ പെടുന്നവർ ആവാം നമ്മളിൽ ആരെങ്കിലുമൊക്കെ. അത്തരം 

ആളുകൾക്ക് ചെവികൊടുക്കാതെ അവരിലൊരാൾ ആകാതെ മാറി നടക്കാൻ തുടങ്ങുമ്പോഴാണ് മലയാളി വിജയിച്ചു തുടങ്ങുന്നത്.

ആഗ്രഹങ്ങൾ നല്ലതാണ്; എന്നാൽ ആ ആഗ്രഹങ്ങളുടെ ഭാരം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ തുടങ്ങുന്നിടത്താണ് പ്രശ്നങ്ങളുടെ തുടക്കം. പ്രതീക്ഷിച്ച സ്ത്രീധനം കിട്ടാത്തതിന്റെ പരാതി, ആഗ്രഹങ്ങൾക്കനുസരിച്ച് പെരുമാറാത്ത പങ്കാളി,  കൂടെ നിൽക്കാത്ത കുടുംബം, അങ്ങനെ പോരായ്മകൾ നീണ്ടു പോകും. 

സ്ത്രീധനത്തിന്റേയും ദ്രവിച്ച വിവാഹ സംസ്കാരത്തിന്റേയും ദുരിതങ്ങൾ എല്ലാ മനുഷ്യരെയും ബാധിക്കുന്നു. എങ്കിൽ കൂടി അതിൻറെ ആഘാതം കൂടുതൽ ഏറ്റുവാങ്ങുന്നത് സ്ത്രീകളാണ്. നീതിക്കായി നിയമവ്യവസ്ഥയെ സമീപിക്കുന്ന സ്ത്രീകൾ ഇന്ന് തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പീഡന കേസുകളിലെ പ്രതികളെ പോലും "വെറുതെ വിട്ടിരിക്കുന്നു" എന്ന് ഉറക്കെ പറഞ്ഞു മടങ്ങുന്ന വിധി ന്യായ വ്യവസ്ഥയിൽ അവർക്ക് പ്രതീക്ഷ മങ്ങുന്നു. 

മലയാളികളുടെ മേൽപ്പറഞ്ഞതിലെ അധ:പതിച്ച ചിന്താഗതികൾ മാറാത്തിടത്തോളം ഇനിയും പെൺകുട്ടികൾ പാമ്പുകടിച്ചും തീ പിടിച്ചും തൂക്കിലേറിയുംതൂക്കിലേറിയും മരിച്ചെന്നു വരും. 

ഭൂമി ഉരുണ്ടത് കൊണ്ടും കാലം നീളുന്നത് കൊണ്ടും കാലാവസ്ഥാവ്യതിയാനം നമ്മുടെ ചിന്തകളെ ഏശാത്തതുകൊണ്ടും  ലോകം  കുറച്ചുനാൾ കൂടി ഇങ്ങനെ മുന്നോട്ടു പോകും എന്ന് കരുതാം. അതുവരെ  പ്രാകൃത ചിന്തകളോടെ, ആർത്തി പിടിച്ച മനസ്സുമായി, ആശയങ്ങൾ വാക്കുകളിൽ മാത്രം നിറച്ച് മുന്നോട്ടു നീങ്ങണമോ അതോ സ്വയം നന്നായി മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതെ നമ്മുടെ മുന്നോട്ടുള്ള ജീവിതം ആയാസരഹിതവും ആനന്ദ പൂർണവും ആക്കണോ എന്ന് ചിന്തിക്കേണ്ട ഉത്തരവാദിത്വം ഓരോ മലയാളിയേയും ഏൽപ്പിക്കുന്നു.