Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  സ്പന്ദനം

സ്പന്ദനം

അധികമാരുംതന്നെ അപ്പോളാ കടപ്പുറത്തുണ്ടായിരുന്നില്ല. ഭൂമിയും ആകാശവുമൊരുപോലെ ശാന്തമാകാൻ തുടങ്ങിയിരുന്നു.സന്ധ്യയിലെ കുങ്കുമം മെല്ലെമാഞ്ഞു തുടങ്ങിയിരുന്നു. പുറംകടലിലേക്ക് പോകാനായി വലയും സജ്ജമാക്കിക്കൊണ്ട് മൂന്നാല് പേരങ്ങു ദൂരെ നിൽക്കുന്നത് കാണാം. അവരോരോരുത്തരുടേയും മനസ്സിൽ കടലുമായി മല്ലിടുന്ന തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന പെറ്റമ്മയേയും, നല്ലപാതിയെയും, തിരയിൽ കളിച്ചുതിമിർത്ത് മണലിൽ കൊട്ടാരങ്ങൾ തീർക്കുന്ന കുഞ്ഞുങ്ങളുടെയും മങ്ങിയ ചിത്രങ്ങൾ ഒരു മിന്നൽ പോലെ കടന്നുപോയിട്ടുണ്ടാവണം.... 

 

നാല് പാദങ്ങൾ തീരത്തുകൂടി പഞ്ചരമണലിനെ ആലിംഗനം ചെയ്ത് മുന്നോട്ടു നീങ്ങുന്നുണ്ടായിരുന്നു. തീരത്തെ ദ്രവിച്ചു തുടങ്ങിയ പഴയ ചാരുബെഞ്ചിൽ അവരിരുവരും ഇരുന്നു.... പ്രദോഷത്തിലേക്ക് തുറന്നുപിടിച്ച നയനങ്ങളോടെയുള്ള രണ്ടു ശിലപോലെ എത്രനേരമങ്ങനെ ഇരുന്നൂ എന്നറിയില്ല.നിമിഷങ്ങളേറെ പിന്നിട്ടിരിക്കുന്നു..ഇരുട്ട് വീഴാറായി. മാനം കറുത്തുതുടങ്ങിയിരുന്നു... അയാളുടെ മുഖഭാവം അതേപടി പകർത്തും പോലെ. നര വീണ കൺപീലികൾക്കിടയിൽ എവിടെയോ ഈർഷ്യ തളംകെട്ടിക്കിടന്നു. 

എപ്പോഴോ അവിടെ നേരിയ മഴ പെയ്തിട്ടുണ്ടാവണം.ബെഞ്ചിന് പുറകെ തങ്ങളിലേക്ക് ചാഞ്ഞു നിന്ന ചെറുമരത്തിലെ ചില്ലയിൽ നിന്ന് മഴത്തുള്ളികൾ വീഴ്ത്തി ഒരു കാറ്റു കടന്നുപോയി. അത് ഹൃദയത്തിന്റെ ആഴത്തിലെവിടെയോ സ്പർശിച്ചതുകൊണ്ടാവണം അയാളുടെ കണ്ണുകളിൽനിന്ന് കണ്ണീർ ഊർന്നിറങ്ങി. സുമ കാണാതെ അയാളത് മുണ്ടിന്റെ കോന്തലകൊണ്ട് ഒപ്പിയെടുത്തു.കടലിരമ്പുന്ന ശബ്ദത്തിലും അയാൾക്ക് നിശബ്ദത കണ്ടെത്തി.. ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അയാളുടെ വിറങ്ങലിച്ച ചുണ്ടുകൾ പയ്യെ ചലിച്ചു.

 

"അവനും നമ്മോട് തീരെ ഇഷ്ടല്ല്യാലെ സുമതിയേ ?തെക്കിനീലോ പത്തായത്തിലോ ഒരു കീറപ്പായും തലോണിയും തന്നാച്ചാലും മതിയാർന്നു. ആർക്കും ശല്യണ്ടാക്കാതെ കഴിഞ്ഞേനല്ലൊ ? "

 

വായുവിലപ്പോൾ രൂപംകൊണ്ട അസ്വാസ്ഥ്യം ഉളവാക്കിയ ഒരുതരം വീർപ്പുമുട്ടലവർ തിരിച്ചറിഞ്ഞു. 

 

" ഇഷ്ടല്ല്യാന്നാരാ പറഞ്ഞെ ?നോക്കൂ, ശ്രീകുട്ടന് സ്നേഹല്ലാഞ്ഞിട്ടാ ?വല്യ ശമ്പളക്കാരനല്ലേ ?തിരക്കല്ലേ എപ്പളും. ബാലുമോനേംകൂടി ലാളിക്കാറില്ല അവനിപ്പോ. പിന്നെ അവനെനോക്കാൻ ഉഷമോള് തന്നെ ധാരാളം. ഇതിനെടേല് മ്മ്‌ടെ കൈവേദനേം കാല്കഴപ്പിന്റെമൊക്കെ പിറകേയോടാൻ അവർക്കെവിടെയാ നേരം ?.... പിന്നെ.... പിന്നെ അതിലും നല്ലതല്ലേ മ്മ്‌ളെ അവിടെകൊണ്ടാക്കിയത്.മോന്റടുത്ത് നിന്നപ്പോളുള്ള ആ ഒരു മരവിപ്പ് മാറീലെ ?അവിടെ ഇലഞ്ഞിയ്ക്കലാകുമ്പോ രാഘവൻ നായരും ഗോപാലേട്ടനും ഗോപിയും പദ്മിനിയും സുഹ്‌റാബിയും അന്നമ്മ ടീച്ചറുമൊക്കെയില്യേ.. ?

ബെഞ്ചിൽനിന്നെഴുന്നേറ്റ് തിരിച്ചുനടക്കുമ്പോ കല്ലിൽത്തട്ടി വീഴാനാഞ്ഞ സുമയെ വാരിപിടിച്ചുകൊണ്ട് അയാളവളുടെ മുഖത്തേക്ക് 'സൂക്ഷിക്കരുതോ?'എന്നർത്ഥം വച്ചൊന്ന് നോക്കി. അവർ കിതയ്ക്കുന്നുണ്ടായിരുന്നു . ആഴിയിലേയ്ക്കാഴുന്ന സൂര്യന്റെ അവസാന രശ്മിയും പാതയിലൂടെ നടന്ന അവർക്ക് വഴി കാട്ടി.

 

ഒരു കടലിനെ വറ്റിക്കാൻപോന്നത്രയും കനലെരിയുന്നുണ്ട് മനസ്സിൽ.ഒരു ഗ്രാമത്തെ ചുഴറ്റിയെറിയാൻപോന്ന കാറ്റു ചങ്കിൽ ആഞ്ഞടിക്കുന്നുണ്ടെങ്കിലും പുറമെ സ്വസ്ഥയായിരുന്നു അവർ.... പ്രസന്നവതിയായിരുന്നു സുമ..... തുടർന്ന് നടക്കുമ്പോൾ തന്നെ തോളോടൊപ്പം പിടിച്ച ആ മനുഷ്യന്റെ മുഖം കണ്ടിട്ടാവണം, അവൾ ചോദിച്ചു, 

 

"നോക്കൂ, എന്നോട് പിണക്കാ ?മോനെക്കാണാൻ കൊത്യാവണൂന്നല്ലേ പറഞ്ഞുള്ളു. അവൻ മ്മളെ അവിടാക്കിയോണ്ടുള്ള ശുണ്ഠിയാ ?സാരല്യ മാഷേ... മ്മ്‌ടെ കുട്ട്യല്ലേ അവൻ ?നമ്മളല്ലാണ്ടാരാ അവനോടു ക്ഷമിക്ക്യാ ?....ശരീ.... !!മ്മക്ക് നമ്മളില്ലേ ?വേറെ ആരും വേണ്ട.... ! "

 

പറഞ്ഞുതീരുമ്പോഴേയ്ക്കും സുമയുടെ കണ്ണു കലങ്ങിയിരുന്നു...കവിളിലൂടൂർന്നിറങ്ങിയ കണ്ണീർതുള്ളിയെ ഇരുകൈകളുംകൊണ്ട് തുടച്ചുകൊണ്ട് ചുളിവ് വീണ അവരുടെ നെറ്റിമേല് അയാൾ ഒന്നമർത്തി ചുംബിച്ചു. ഒരായിരം സന്ധ്യയെ ആവാഹിച്ച കുങ്കുമ ചുവപ്പാ നെറ്റിയിലയാൾ കണ്ടു. അന്തിചുവപ്പിൽ ചാലിച്ച സുമയുടെ രൂപം.. അതേ... സുമക്കുട്ടി .. താനെപ്പോഴോ ആ പേര് വിളിച്ചായി ഓർക്കുന്നു. തന്നോടൊപ്പം കളിച്ചുവളർന്ന സുമക്കുട്ടിയുടെ പഴയചിത്രം മനസിലൊരു മിന്നായംപോലെ വരച്ചുചേർത്തു...

 

 തന്റെ കളിക്കൂട്ടുകാരി.. 

താനാദ്യമായി പ്രണയം കൈമാറിയവൾ... 

തന്റെ പതിനേഴാം വയസ്സിൽ ഒറ്റവരെയൊക്കെ ദൈവം നേരത്തെ വിളിച്ചപ്പോഴും തന്നോടൊപ്പം ഉണ്ടായിരുന്നവൾ... 

തനിക്കു വേണ്ടി കാത്തിരുന്നവൾ... 

ഒടുവിലൊരുനാൾ മറ്റൊരുവന്റെ താലിച്ചരട് കഴുത്തിലണിയേണ്ടി വരുമെന്നറിഞ്ഞിട്ട് പെറ്റവരെ ഉപേക്ഷിച്ചു തന്നോടൊപ്പം ഇറങ്ങിവന്നവൾ...

തൊടുവിരൽകൊണ്ട് തന്നെ സിന്ദൂരരേഖയായ് നെറ്റിയിലണിഞ്ഞവൾ.... 

അസ്ഥിനുറുങ്ങുന്ന വേദനയോടെ എനിക്കെന്റെ പൊന്നോമനയെ സമ്മാനിച്ചവൾ.... 

ജീവിതത്തിൽ സന്തോഷം മാത്രം പകുത്തുനല്കിയവൾ... 

 

ഭൂതകാല സ്‌മൃതിയിൽ ലയിച്ചുപോയ പാവം വൃദ്ധൻ അപ്പോൾ മാമ്പള്ളിയിലെ പിടിവാശിക്കാരനായിരുന്ന പതിനഞ്ചുകാരനായി മാറിയിരുന്നു.

 

" പണ്ട് കാവില് വച്ചാരും കാണാതെ തന്ന കൽമണിമാലയെവിടെ?? "

 

ജീവിതത്തിലെപ്പോഴോ തനിക്കന്യമായതീർന്ന ആ കണ്ണുകളിലെ തിളക്കം അവളപ്പോൾകണ്ടു. ഓര്മകളിൽനിന്ന് മടങ്ങിവന്നയാൾ അവരെനോക്കി ചിരിച്ചു... 

 

അത് ദിനാന്തനെയും ഉഷസ്സാക്കിമാറ്റുന്ന ഒന്നായിരുന്നു.. അമാവാസിയെയും പൗർണ്ണമിയാക്കി മാറ്റുന്നതായിരുന്നു... 

അപ്പോഴേയ്ക്കും അയാളുടെ ശബ്ദം മധ്യകാലത്തെ ഗംഗാധരൻമാഷിന്റെ ഗാംഭീര്യം വീണ്ടെടുത്തിരുന്നു. ഏറെ നാളായി ഗോപനം ചെയ്യപ്പെട്ടിരുന്ന ഒരു വലിയ രഹസ്യം വെളിപ്പെടുത്തുംപോലെ അയാളവരുടെ ചെവിയിൽ മന്ത്രിച്ചു. 

 

" നിന്റെ ഈ പുഞ്ചിരിയാണെന്നെ എന്നും ശാന്തനാക്കിയിട്ടുള്ളത്. എന്റെ ചുറ്റുമുള്ള ഈ പ്രപഞ്ചം തന്നെ നിശ്ചലമായി എന്നുതോന്നിയപ്പോഴും നിന്റെ പുഞ്ചിരിയാണെന്നെ സ്വപ്നം കാണിച്ചത്... "

 

അയാളവരുടെ കൈകളിൽ മുറുകെ പിടിച്ചു. അതിനു കാലങ്ങളുടെ നൈർമല്യവും , പഴമയുടെ ഗന്ധവും, പ്രണയത്തിന്റെ സുരക്ഷിതത്വവുമുണ്ടായിരുന്നു. സ്മൃതിയിലാണ്ടുപോയ മനസ്സിനെ താല്പര്യമില്ലാതിരുന്നിട്ടും അവർ തിരികെ വിളിച്ചു. 

 

"നോക്കൂ, സമയം ഇരുട്ടിയിരിക്കുന്നു. പിണക്കമെല്ലാം മറക്കൂ..ശ്രീകുട്ടൻ മ്മ്‌ടെ മോനല്ലേ, അവൻ തെറ്റുചെയ്താൽ പൊറുക്കേണ്ടത് നമ്മളല്ലേ.. 

അവനെ കാണാൻപോണ്ടേ ? ഓർമയില്ലേ ?മുൻപ് ബാലുമോൻ അച്ചച്ചന്റെ നെഞ്ചിലല്ലേ ഉറങ്ങീരുന്നേ.. അച്ചമ്മേടെ കൈയിന്നല്ലേ ഉണ്ടിട്ടുള്ളെ... അവനൊരുപാട് വളർന്നിരിക്കണൂ. ഇക്കൊല്ലം പത്തിലാ.. കണക്കു വല്ല്യ പ്രയാസാണ്. ഉഷമോളേപ്പളും പറയും...... "

 

അങ്ങുദൂരെ ചക്രവാളത്തിലെയ്ക്കയാൾ കണ്ണൂന്നി. പക്ഷെ അതിന്റെ സീമകൾ അനർവചനീയമായിരുന്നു.. അതിന്റെ അനന്തതയിൽ അയാളുടെ ശബ്ദം വീണ്ടും.. 

 

" ഉം.. കണക്ക്... ശ്രീകുട്ടനും അതുതന്നാണ് തെറ്റാറുണ്ടായിരുന്നതും.. "

 

ധ്രുവങ്ങളിൽഒറ്റപ്പെട്ടു കിടന്ന പരിഭവത്തെ ഒരുമിച്ചു ചേർത്ത സംതൃപ്തിയോടെ സന്തോഷത്തോടെ അവർ നടന്നു... 

 

ആകാശം മുട്ടെ ഉയരമുള്ള വീടിന്റെ കവാടത്തിനുമുന്പിൽ സന്ധ്യ മയങ്ങീയിരുന്നു. മുറ്റത്തു ലൈറ്റുണ്ട്. കയറിച്ചെല്ലുമ്പോൾ തന്റെ ചാരുകസേരയിൽ മലർന്നുകിടന്നെന്തോ വായിക്കുന്ന ശ്രീകുമാറിനെ അയാൾ ചൂണ്ടികാണിച്ചു. ഒന്നും മിണ്ടാതെ തെല്ലു ഭയത്തോടെ അവരിരുവരും ഉള്ളിലേയ്ക്ക് കയറിച്ചെന്നു.

 

- - - - - - - - - - - - - - - - - - - - - - -

 

പതിവ്തെറ്റിയ ഈർഷ്യയോടെ ചായയ്ക്ക് വേണ്ടി അയാളലറി. 

 

  "ഉഷേ......... !! "

 

പഠനമലോസരപ്പെട്ട പരിഭവത്തോടെ ബാലു പൂമുഖത്തേയ്ക്ക് വന്നു. ഈറനണിഞ്ഞ കണ്ണുകളോടെ അവൻ ശ്രീകുമാറിനെ നോക്കി.ശേഷം മെല്ലെ പറഞ്ഞു. 

 

" ഒച്ചവയ്ക്കാതിരിക്കൂ അച്ഛാ, 

അമ്മ അച്ഛാച്ഛന്റേം അമ്മമ്മേടേം അസ്ഥിതറേല് തിരി കൊളുത്താൻ പോയിരിക്ക്യാ....!!"