Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  നിധി

Sooraj Jose

EY

നിധി

കള്ളങ്ങളുടെ അനവധി ആവരണങ്ങൾ കൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്ന നിധിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്ന ഭാഗ്യാന്വേഷിയെ പോലെ, തിങ്ങി നിറഞ്ഞ ഇലകൾക്കിടയിലൂടെ നുഴഞ്ഞിറങ്ങുന്ന സൂര്യൻ. ആ വെളിച്ചത്തെ അവൾ കൈകുമ്പിളിൽ ആക്കി, അതിനേക്കാൾ തെളിച്ചത്തിൽ തൂവെള്ള പല്ലുകൾ കാട്ടി ചിരിച്ചു. കവിളിലേക്ക് വീണ് കിടന്ന ചുരുണ്ട മുടിയിഴകൾ വകഞ്ഞ് മാറ്റിയപ്പോൾ വെള്ളാരം കല്ല് പോലെ തിളങ്ങുന്ന അവളുടെ കണ്ണുകൾ കാണാം. മറ്റെല്ലാം, അവളും ഈ കാടും കറുത്തതാണ്. അവൾക്ക് പിന്നിലായി ഒരാൾ കൂടി ഉണ്ട്. ക്ഷീണത്താൽ അരയിൽ കൈകുത്തി, വിറയ്ക്കുന്ന കാൽമുട്ടുകളിൽ ഒന്ന് മടക്കി, അവളെ നോക്കി നിൽക്കുന്ന ചെറുപ്പക്കാരൻ. അയാളുടെ നിറവും തോളിലെ ബാഗും ഈ കാട് അവന്റേതല്ല എന്ന് സംശയമേതുമില്ലാതെ പറയുന്നു. 

“ ഭാ.. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്.. രണ്ട് മലകൾ.. പിന്നെയും മല.. പിന്നെ പുഴ... അവിടെ... “ 

ഓരോ വാക്കുകളും പെറുക്കിയെടുത്ത് പറയുന്നതിൽ നിന്നും ഈ ഭാഷ അവൾക്കും കാടിനും അത്ര പരിചിതമല്ല എന്ന് മനസിലാക്കാം. 

28 വയസ്സോളം പ്രായമുള്ള ചെറുപ്പക്കാരനും 12 വയസ്സുള്ള പെൺകുട്ടിയും ചേർന്നുള്ള ഒരു സാഹസിക സഞ്ചാരം, അവളുടെ വീട്ടിലേക്കുള്ള യാത്ര. ആ പെൺകുട്ടിയുടെ പേരാണ് നിധി             

അധ്യായം 1 : നിധി 

നിധി കേരളത്തിലെ ഒരു ഗവണ്മെന്റ് ഓർഫനേജ് ഇൽ ആണ് വളരുന്നത്. മറ്റ് കുട്ടികളിൽ നിന്നും വ്യത്യസ്തമായ രൂപവും സ്വഭാവവും, അവളെ എല്ലാവരും ഒരു പ്രത്യേക ജീവി ആയി കണ്ടു. കാരണം നിധി അവരുടെ ലോകത്തെ കുട്ടിയല്ല. പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് കിടന്നിരുന്ന ഒരിടത്തുനിന്നും മരണാസന്നയായ അവളെ കളഞ്ഞ് കിട്ടിയതാണ്. 

കൂട്ടിലടച്ചിട്ടിരിക്കുന്ന കിളികളിൽ ഒന്നിനെ പറത്തി വിടാൻ ശ്രമിച്ച അവളെ ഹോസ്റ്റൽ വാർഡൻ തടഞ്ഞു. “മനുഷ്യരുടെ കൂടെ കഴിഞ്ഞ അതിന് ഇനി ഒറ്റയ്ക്ക് ജീവിക്കാൻ കഴിയില്ല. മറ്റ് പക്ഷികൾ അതിനെ കൊത്തി ഓടിക്കും” നിധിയെ തിരിച്ച് ദ്വീപിലെ കാട്ടിലേക്ക് തന്നെ അയക്കണം എന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടപ്പോഴും ഉയർന്ന മറു വാദം ഇത് തന്നെ ആണ്. തിരികെ പോയാലും അവൾക്ക് അവിടെ ജീവിക്കാൻ ആകില്ല. ഇതിന് മറ്റൊരു വശം കൂടി ഉണ്ട്. ഇന്ത്യ സ്വതന്ത്രം ആകുന്നതിനും മുൻപ്, കുറച്ച് ബ്രിട്ടീഷ് നരവസംശ ശാസ്ത്രജ്ഞർ പരിഷ്‌കൃത മനുഷ്യർ കടന്ന് ചെല്ലാത്ത നോർത്ത് സെന്റിനൽ എന്ന ദ്വീപിൽ നിന്നും 2 വൃദ്ധരെയും 4 കുട്ടികളെയും പരീക്ഷണാർത്ഥം തട്ടികൊണ്ട് വന്നു. കരയിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ വൃദ്ധർ മരിച്ചു. കാരണം മറ്റ് മനുഷ്യവർഗങ്ങളുമായും കരയുമായും ബദ്ധമില്ലാതെ ഐസൊലേറ്റഡ് ആയി കഴിഞ്ഞ അവർക്ക് ഇവിടുത്തെ വൈറസ് നെയും ബാക്ടീരിയകളെയും മറ്റും ചെറുക്കാൻ ഉള്ള ശക്തിയില്ലായിരുന്നു. കുട്ടികൾക്കും അപായം സംഭവിക്കുമെന്ന് ഭയന്ന് അവരെ തിരികെ കൊണ്ടുപോയി വിട്ടു. നന്മ എന്ന് തോന്നാമെങ്കിലും അതിന് ശേഷം ചിലപ്പോൾ വലിയ ഒരു അപകടം നടന്നിരിക്കാം. കരയിലെ രോഗാണുക്കളുമായി ദ്വീപിലെത്തിയ ആ കുട്ടികളിലൂടെ അവിടെ എത്രപേർ മരണപ്പെട്ടിട്ടുണ്ടാകും. അതല്ലെങ്കിൽ ദ്വീപിലെത്തിയ ഉടനെ അവർ സ്വന്തം ആളുകളാൽ കൊല്ലപ്പെട്ടിരിക്കാം. ഈ വാദങ്ങളൊക്കെയും നിധിയുടെ കാര്യത്തിലും ഉണ്ടായി. കേസ് ഇപ്പോഴും കോടതിയിൽ നടക്കുന്നു. 

8 വയസ്സുള്ളപ്പോൾ എത്തിയ ഈ പുതിയ ഇടത്തെ പിന്നീടുള്ള നാല് വർഷങ്ങൾകൊണ്ട് നിധി മനസ്സിലാക്കി. കണ്ടതിനും അപ്പുറമുള്ള ലോകത്തെ  അവൾ വായിച്ചറിഞ്ഞു. ഇവിടെ അവൾ ഇഷ്ടപ്പെടുന്നവരും അവളെ ഇഷ്ടപ്പെടുന്നവരും ഒക്കെ ഉണ്ട്. കായിക മത്സരങ്ങളിൽ നിധി സ്കൂളിന്റെ അഭിമാനമായി. അസൂയ പൂണ്ട ചിലർ അവളെ വംശീയമായി അധിക്ഷേപിച്ചു. എന്നാൽ നിധിയെ ചേർത്ത് പിടിക്കാൻ ഒരുപാട് സുഹൃത്തുക്കൾ മുന്നോട്ട് വന്നു. 

കാഴ്ച്ചകൾ തിരികെ ദ്വീപിലെ കാട്ടിലേക്കും നിധിയുടെയും യുവാവിന്റെയും സാഹസിക യാത്രയിലേക്കുമായി. നിധിയെ അവളുടെ പ്രിയപെട്ടവരുടെ അരികിലെത്തിക്കാം എന്നതിനപ്പുറം അവന്റെ ഉള്ളിൽ മറ്റെന്തൊക്കെയോ ലക്ഷ്യങ്ങൾ കൂടി ഉണ്ട്. 

അധ്യായം 2 : അവൻ

വിശ്വാസങ്ങളെയും ആചാരങ്ങളെയുമൊക്കെ മുറുകെ പിടിച്ചുകൊണ്ട് ഭാഗ്യാന്വേഷിയായി നടക്കുന്ന ചെറുപ്പക്കാരൻ. വിശ്വാസങ്ങളെ നിയമങ്ങൾ വച്ച് വിധി എഴുതുന്നതിനെതിരെ അവന് ശക്തമായ പ്രതിക്ഷേധമുണ്ട്. എല്ലാ ആചാരങ്ങൾക്കും പൈതൃകവും കാലിക പ്രസക്തിയുമുണ്ട് എന്ന് അവൻ വാദിക്കുന്നു. ധനാകർഷക യന്ത്രങ്ങളെക്കുറിച്ചും അമ്പലഗോപുരത്തിലെ ഇറിഡിയം ലോഹത്തിന്റെ ശക്തിയെക്കുറിച്ചുമെല്ലാം വളരെ ആധികാരികമായി സംസാരിക്കാൻ കഴിയുന്ന ഒരാൾ. ജപ്‌തി ചെയ്ത് പോയ തന്റെ ഇല്ലം പൊളിച്ചപ്പോൾ നിധി കിട്ടിയതറിഞ്ഞ് സമനില തെറ്റിയ നാരായണൻ നമ്പൂതിരിയുടെ മകന് നിധി ഭ്രാന്തില്ലെങ്കിൽ അല്ലെ അത്ഭുതം ഉള്ളു. സ്വബോധത്തിൽ അല്ലെങ്കിലും നാരായണൻ നമ്പൂതിരി പറഞ്ഞ പല കാര്യങ്ങളിലും സത്യമുണ്ടായിരുന്നു, അല്ലെങ്കിൽ അർദ്ധ സത്യങ്ങൾ. അതിനാൽ തന്നെ ആ ആഗ്രഹങ്ങളെല്ലാം അവനിലും ഉണ്ടായി. 

ഓർഫനേജിൽ ജോലിക്ക് കയറിയ ദിവസം തന്നെ അവൻ നിധിയെ പരിചയപെട്ടു. കാഴ്‌ചയിൽ വ്യത്യസ്തമായ ആ പെൺകുട്ടി എല്ലാവർക്കും എന്നപോലെ അവനും ഒരു കൗതുകമായിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ അവർ അടുത്തു. അവളിൽ നിന്നാണ് ആ നിധിയുടെ കഥ അവൻ കേൾക്കുന്നത്. കടൽ ചുഴിയിൽ പെട്ട ഒരു ചരക്ക് കപ്പൽ അവളുടെ ദ്വീപിൽ വന്നടിഞ്ഞു. അതിലെ ജീവനക്കാരിൽ ചിലർ ദ്വീപ് നിവാസികളാൽ കൊല്ലപ്പെട്ടു. മറ്റുളളവരെ ഗവൺമെന്റ് രക്ഷപെടുത്തി. എന്നാൽ ആ കപ്പലും ഹൈദരാബാദ് നിസാമിന്റെ അമൂല്യമായ വജ്ര ശേഖരവും ഇപ്പോഴും ദ്വീപിലുണ്ട്. കരയിൽ നിന്നും വന്ന മറ്റെന്തിനെയും പോലെ ദ്വീപ് നിവാസികൾ അവരുടെ ആവാസ സ്ഥലത്തുനിന്നും വളരെ മാറ്റി അത് കുഴിച്ചുമൂടി. വാമൊഴിയായി പകർന്ന് വന്ന നിധിയുടെ ഈ കഥ അവളിൽ നിന്നും അറിഞ്ഞ  രാത്രിയിൽ അവൻ ഉറങ്ങിയിട്ടില്ല. ദ്വീപിന് ഉള്ളിലെ പുഴയും, പുഴയുടെ നടുവിലെ തുരുത്തും, അതിന് നടുവിൽ മിന്നാമിനുങ്ങുകളാൽ പൊതിഞ്ഞ് നില്കുന്ന വയസ്സൻ മരവും, മരത്തിന് താഴെയായുള്ള ഗുഹയിൽ നിറയെ വജ്രങ്ങളും രത്നങ്ങളും. അതിൽ ഒന്ന് മതി ജീവിതകാലം മുഴുവൻ ആഡംബരത്തിൽ മുഴുകി കഴിയാൻ. ബീജത്തിൽ തന്നെ അവനിലെത്തിയ നിധി ഭ്രാന്തും അവൾ, നിധി പകർന്ന് നൽകിയ പ്രതീക്ഷകളും കൂടി ചേർന്നപ്പോൾ ഒരുനാൾ ആ നാട്ടിലേക്ക്, നിധിയുടെ ദ്വീപിലേക്ക്‌ പോകാൻ അവൻ തീരുമാനിച്ചു. 

കാഴ്ച വീണ്ടും ദ്വീപും കാടും അവരുടെ യാത്രയുമാകുന്നു. 

അധ്യായം 3 : ലക്‌ഷ്യം

വെളിച്ചം തെല്ലും കടന്ന് ചെല്ലാത്ത ഉൾവനങ്ങളും, പുൽമേടുകളും, മൊട്ടക്കുന്നുകളും ഒക്കെ കടന്ന് അവർ മുന്നോട്ട്  നടക്കുന്നു. ബാഗിൽ അവശേഷിച്ചിരുന്ന ആഹാരം ഇരുവരും പങ്ക് വച്ച് കഴിച്ചു. തിരികെ പോരുമ്പോൾ കഴിക്കാനായി കാട്ടരുവിയിൽ നിന്നും ശേഖരിച്ച വെള്ളമല്ലാതെ മറ്റൊന്നും ഇല്ല എന്നത് അവനെ വ്യാകുലപ്പെടുത്തി. കാട്ട് മൃഗങ്ങളുടെ ശബ്ദം ഇടയ്ക്കിടെ കേൾക്കുന്നുണ്ടെങ്കിലും ഒന്നും കണ്ണിന് മുന്നിൽ വന്നിട്ടില്ല. എന്നിട്ടും അവൻ അരയിൽ കരുതിയിരിക്കുന്ന ആയുധത്തിൽ ഇടയ്ക്കിടെ കൈ അമർത്തി. സത്യത്തിൽ അവൻ വന്യ മൃഗങ്ങളെക്കാൾ ഭയന്നിരുന്നത് ആ ദേശത്തെ മനുഷ്യരെ ആയിരുന്നു. അമ്പ് ഏയ്തും കുന്തം കൊണ്ട് കുത്തിയും കീഴ്പെടുത്തുന്ന എന്തിനെയും പച്ചയായി ഭക്ഷിക്കുന്നവർ. നിധിയെ മുന്നിൽ നിർത്തി അവരിൽ നിന്നും രക്ഷനേടാം എന്ന പ്രതീക്ഷ ഉണ്ടെങ്കിൽ കൂടി ചുറ്റും ഉള്ള ഓരോ ചലനങ്ങളിലും അവൻ കാതോർത്തു. വള്ളി പടർപ്പുകളാൽ ബന്ധിതമായ പാലത്തിലൂടെ പുഴ കടക്കുമ്പോൾ ക്ഷീണം കൊണ്ടും ഭയം കൊണ്ടും അവന്റെ കാൽ മുട്ടുകൾ വിറച്ചു. താഴെ ശക്തമായി ഒഴുകുന്ന പുഴയുടെ ഇരമ്പലിലേക്ക് ഒന്ന് കണ്ണ് പായിച്ചതും ആ കാഴ്‌ചയോടൊപ്പം അവൻ താഴേക്ക് പതിച്ചു. എന്നാൽ അതി സാഹസികമായി നിധി അവനെ വലിച്ച് കരയിലേക്ക് എത്തിച്ചു. ആ വീഴ്‌ചയുടെ ഭയവും ക്ഷീണവും അകന്നപ്പോൾ അവർ യാത്ര തുടർന്നു.  

യാത്രയ്ക്കിടെ രണ്ടാളും നടത്തുന്ന സംഭാഷണങ്ങൾക്കിടയിൽ അവന്റെ പല ചിന്തകളെയും തച്ചുടക്കുന്ന മറുപടികൾ നിധിയിൽ നിന്നും ഉണ്ടായി. കാരണം അവളുടെ ലോകം, രാജ്യം, ജീവികൾ, മനുഷ്യർ എല്ലാം അവിടെയാണ്. അവിടെ വേറൊരു ലോകവും വേറിട്ട ചിന്തകളുമാണ്. 

“നിങ്ങളുടെ ഒരു ദൈവത്തിന്റെ പുസ്തകത്തിലും ഞങ്ങളുടെ നാടിനെ കുറിച്ച് ഒന്നും ഇല്ലല്ലോ ? അത് ദൈവങ്ങൾക്ക് ആർക്കും ഞങ്ങളെ അറിയാത്ത കൊണ്ടാണോ ? അതോ അവ എഴുതിയവർക്കോ ?!”

നിധിയുടെ ഇത്തരം ചോദ്യങ്ങൾക്ക് ഒന്നും അവന് ഉത്തരം ഇല്ലായിരുന്നു, എങ്കിലും മനുഷ്യരും മതങ്ങളും ദൈവങ്ങളും ആചാരങ്ങളും ആഗ്രഹങ്ങളും, എല്ലാത്തിനെയും കുറിച്ചും അവനിൽ അനവധി സംശയങ്ങൾക്ക് അവ ജന്മം നൽകി. ചിന്തകളുടെ ഭാരം പരസ്പരം കൈമാറി ഇരുവരും മുന്നോട്ട് നടന്നു. പതിയെ നിധിയുടെ നിഷ്കളങ്കതയും, എന്തിന്‌ ആ പുഞ്ചിരി പോലും അവന്റെ മുഖത്ത് തെളിഞ്ഞു. എന്നാൽ മുത്തശ്ശൻ മരത്തിന്റെ ചുവട്ടിലെത്തിയപ്പോൾ, ജനനം മുതൽ തേടി നടക്കുന്ന നിധി തന്റെ മുന്നിലുണ്ടെന്ന ബോധ്യം വന്നപ്പോൾ, തന്ത്രശാലിയായ ആ നാടൻ മനുഷ്യന്റെ ഭാവം മാറി. അവൻ അവൾക്ക് നേരെ ആയുധം എടുത്തു. അവൻ അത് വരെ കാണിച്ച സ്നേഹവും കരുതലുമെല്ലാം ബൗദ്ധികമായ ആ നിധിയിലേക്ക് എത്തുവാനുള്ള മാർഗം മാത്രമായിരുന്നു എന്ന് മനസ്സിലാക്കിയപ്പോൾ, ആദ്യമായി വിശ്വസിച്ച, സ്നേഹിച്ച മനുഷ്യൻ തന്നെ ചതിക്കുക ആയിരുന്ന എന്ന തിരിച്ചറിവിൽ അവൾ തളർന്ന് പോയി. എല്ലാ നേരവും പുഞ്ചിരി വിടർന്നിരുന്ന നിധിയുടെ കവിളിലൂടെ കണ്ണുനീർ ഒഴുകി. ഒറ്റയ്ക്ക്, നിരായുധയായി, മരണം മുന്നിൽ കണ്ട് നിൽക്കുന്ന അവൾ ദൂരെ ഒരു മലയിലേക്ക് ചൂണ്ടി സംസാരിച്ച് തുടങ്ങി, 

“ അവിടെ ആയിരുന്നു ഞങ്ങൾ ജീവിച്ചിരുന്നത്, ആ വലിയ കുന്നിനും അപ്പുറം. ഇനി എന്റെ പ്രിയപെട്ടവരുടെ അരികിലേക്ക് തിരികെ ചെന്നാലും അവർ എന്നെ സ്വീകരിക്കില്ല. മനുഷ്യരുടെ വിഷം പുരണ്ട മറ്റെന്തിനെയും പോലെ ജീവി വാസമില്ലാത്ത ഒരിടത്ത് കുഴിച്ച് മൂടും.”

അവൾ ഒന്ന് നിർത്തി, വീണ്ടും സംസാരം തുടർന്നു

“എല്ലാ നാടുകളിലും ചില ആചാരങ്ങൾ ഉണ്ട്. അത് മാറ്റാൻ ആകില്ല. അശുദ്ധമായവർക്ക് ഒപ്പം ജീവിച്ചാൽ ശിക്ഷ മരണം ആണ്. അത് പ്രകൃതിയുടെ കൂടി നിയമം ആണ്… പക്ഷെ ശുദ്ധി ആകാൻ ഒരു മാർഗം ഉണ്ട്. ഇവിടെ മറ്റൊരു ആചാരവുമുണ്ട്... ” 

അവൻ കാര്യം മനസ്സിലാകാതെ അന്തിച്ച് നിന്നു

“...യുവാവിന്റെ ഹൃദയത്തിലെ ചൂടുള്ള രക്തം കൊണ്ട് സ്നാനം ചെയ്താൽ..!”

അത് പറഞ്ഞ് കഴിഞ്ഞതും വന്യമായ ഭാവത്തോടെ അവൾ അവന്റെ നേരെ പാഞ്ഞടുത്തു.