Skip to main content
banner
Srishti-2022   >>  Poem - Malayalam   >>  ഒരു കാറ്റു പറഞ്ഞത്....

George Philip Manamel

UST Global

ഒരു കാറ്റു പറഞ്ഞത്....

പുലരൊളികരതീർത്ത പൊന്നാഭയിൽ മുങ്ങി

വേളിക്കൊരുങ്ങിയുണർന്നിളം കാറ്റവൾ

മഞ്ഞിൻ മറക്കൂട്ടിലൊളിഞ്ഞും തെളിഞ്ഞും  

വെയിൽ കാഞ്ഞുലഞ്ഞൊരീ പൂമരക്കൊമ്പിലെ

സ്നിഗ്ധമാമിത്തിരി സുഗന്ധം കവർന്നും

 

ഇലച്ചാർത്തിലൂർന്നോരീ മഞ്ഞിൻകണങ്ങളിൽ

ഇക്കിളിതീർത്തുകുലുങ്ങിപ്പൊഴിഞ്ഞതും...

ഇത്തിരിതേൻ ചേർത്തു കുറിയിട്ട പൂക്കളിൽ

മോഹത്തിൻ പൂമ്പൊടി വാരിപ്പകർന്നതും...

 

ഈറൻമുടിത്തുമ്പുലച്ചാർത്തൊഴുകിയോ-

രരുവിയിൽ മുങ്ങിനീരാടി വിറച്ചതും...

വളയിട്ടകൈകളാൽ മുഖംമറച്ചാടിയ-

മുളങ്കാടിനുള്ളിൽ കുരവായിട്ടാർത്തതും...

 

ഈപകൽചേക്കേറാനായുംമുമ്പൊരിക്കലൂടീ-

മരക്കൂട്ടങ്ങൾക്കൊത്തു ചാഞ്ചാടിയും...

ഇനിയും മതിയാകാതിനിയുമൊരുവട്ടംകൂടീ-

ജീവനുണർന്നുവീണുതിർന്ന താഴ്വരകളിൽ

 

ചുറ്റിത്തിരിഞ്ഞുപടർന്നിറങ്ങുമ്പോഴും

വേവുമൊരോർമ്മയായുള്ളിൽ പിടയുന്നു...

ദിക്കറിയാതെ തിരഞ്ഞോടിയെത്തിയ...

ശകുനം പിഴച്ചഴിഞ്ഞാടിയെൻ നാൾവഴികൾ

 

കാലമുണർത്തിയ മോഹങ്ങൾ പങ്കിടാൻ

ഇമയിടറാതെ ഞാൻ കാത്തൊരു പൂങ്കാറ്റേ...

പേർത്ത കിനാക്കളിൽ നിൻ നെഞ്ചിൽ മിഴിപൂട്ടി-

യുറങ്ങുവാനെന്നുമേ മോഹിച്ചിരുന്നു ഞാൻ

തെളിഞ്ഞില്ലെനിക്കു നിലാവിൻ നിഴൽക്കൂത്തിൽ

ദുരമൂത്തിറുങ്ങിയിരുണ്ട നിൻകണ്ണുകൾ  

 

 

ഈ മരുയാത്രയിലതിരുകൾ മായ്ച്ചു-

പലവികട താളങ്ങളുമുടൽ ചേർന്നുനോവിച്ച

മലകളും മരങ്ങളുമെന്തൊരു പുൽക്കൊടിയും

തകർത്തുടച്ചലറിയ നോവിന്നിരവുകൾ

 

കണിയുണർത്താനൊരു പുൽനാമ്പും പിറന്നില്ല

കടക്കണ്ണെറിഞ്ഞൊരു ദലംപോലുമുണർന്നില്ല

ദിഗന്തം നടുങ്ങിപ്പിടഞ്ഞാർത്ത നാദത്തിൽ

തകർത്തു ചീന്തിയെറിഞ്ഞ തൻചില്ലകളിടറി-

പ്പുഴകിയ മരങ്ങൾ കബന്ധങ്ങൾ...

 

വഴിമുടക്കിയണപൊട്ടിയണച്ചാർത്തോ-

രരുവികൾ നദികൾ അതിൽപൂണ്ട സ്വപ്‌നങ്ങൾ

വിളികൾ വിഴുങ്ങിയെൻ ഹുങ്കാരമടക്കത്തിൻ

ദൈന്യത്താൽ വിങ്ങിയിഴഞ്ഞ മിടിപ്പുകൾ

 

കൈയിലിഴചേർന്നു വീശും കരുത്തിൻ കരങ്ങളെ-

ക്കുടഞ്ഞെറിയാൻ വെമ്പിപ്പിടഞ്ഞൊരുവേളയിൽ

മൊഴിഞ്ഞിരുന്നു ഞാൻ ഇനിയുമെൻ ദുഖമാ-

യണയരുതെ നീ കൊടുങ്കാറ്റായൊരുനാളും

 

ഒഴിഞ്ഞരാഗങ്ങൾ പിടഞ്ഞു നാഗങ്ങളാ-

യിഴഞ്ഞമൺപാത്രമിതുടയാതെയേന്തുവാൻ

കെൽപില്ലെനിക്കിനിയിരയായി തകരുവാൻ

തൃപ്തയായിരുന്നു ഞാനെന്നുമെൻ ചെറുകൂട്ടിൽ,

തൃപ്തയായിരുന്നു ഞാനെന്നുമെൻ ചെറുകൂട്ടിൽ....