Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  എഴുതപ്പെടേണ്ട വികാരം

SHERIN MARIAM PHILIP

Envestnet Pvt Ltd

എഴുതപ്പെടേണ്ട വികാരം

പൊട്ടി പൊളിഞ്ഞു കിടന്ന ആ പ്രധാന റോഡിൻറെ നടുവിലൂടെ ഞാൻ നാലുകാലിൽ നടന്നുവരികയായിരുന്നു. ആഹാ...... എന്ത് ഭംഗി ഉള്ള സ്ഥലം. പകുതി കുഴിയും ബാക്കി പകുതി ടാറും. ഇരുവശങ്ങളിലും ആവശ്യത്തിലധികം   പുല്ലുകളും തിന്നാൻ പറ്റാത്ത അവശിഷ്ടങ്ങളും. ഇത്തരം അവശിഷ്ടങ്ങൾക്ക് പകരം തിന്നാൻ കൊള്ളാവുന്ന വല്ലതും ആയിരുന്നെങ്കിൽ നന്നായേനെ.

 

വിശന്നു വിശന്ന് വയർ എൻറെ എല്ലിനോട് ഒട്ടി ഇരിക്കുന്നു.ഒന്നു കുനിഞ്ഞു നോക്കി. ആഹാ വയർ ഏതാ എല്ല്  ഏതാ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല. എന്തായാലും ഇന്നലെ മഴ പെയ്തത് കാര്യമായി.കുഴി മുഴുവൻ വെള്ളം. അതെങ്കിലും കുടിക്കാം.നാവു നീട്ടി കുഴിയിൽ നിന്നും വെള്ളം നക്കി നക്കി  കുടിച്ചു.ദാഹം മാറി. വിശപ്പോ? അത് ഇപ്പോഴും പഴയ പോലെ തന്നെ.

 

വരുന്ന വഴിയിൽ പല  കടകളുടെയും മുന്നിൽ നാവുനീട്ടി നിന്നു. മുതലാളിമാരെ നോക്കി വാലാട്ടി കാണിച്ചു. ഇടയ്ക്ക് കുനിഞ്ഞ്  വയറിലേക്ക് നോക്കി.വിശക്കുന്നു.... എന്തെങ്കിലും..... ബാക്കിവന്ന അവശിഷ്ടം എങ്കിലും  താ എന്ന് ഇതിലും നന്നായി ഞാൻ എങ്ങനെയാണ് മനുഷ്യരെ പറഞ്ഞ് മനസ്സിലാക്കുക. എങ്ങനെ പഴകിയ ഭക്ഷണം വരാനാണ് ഇവിടെ? ദിവസങ്ങൾ പഴക്കമുള്ളവ ചൂടാക്കി ചൂടാക്കി ഫ്രഷ് എന്നും ടുഡേ സ്പെഷ്യൽ എന്നും പറഞ്ഞ് വിളമ്പുന്നു. ചൂടാക്കാൻ പറ്റാത്തവയാകട്ടെ പുതിയ രൂപത്തിൽ ആയി അലങ്കാര പെട്ട പ്ലേറ്റിൽ എത്തുന്നു. കുറച്ച് ആൾക്കാർ എന്നെ ആട്ടിയോടിച്ചു.  മറ്റുപലർ  ആകട്ടെ അഴുക്കുവെള്ളം കോരിയൊഴിച്ചു. അതിൻറെ ആകും   ദേഹത്തിന് ഒരു നാറ്റം. എന്തായാലും ഈ കുഴിയിലെ വെള്ളത്തിൽ തന്നെ ഒന്നും മുങ്ങാം. ദേഹത്തുവീണ്  വെള്ളത്തിനേക്കാൾ വൃത്തി ഉണ്ട്.

 

 

വഴിയരികിൽ കണ്ട പല കാഴ്ചകളെയും പറ്റി ആലോചിച്ച് കൂട്ടത്തിലേ വലിയ കുഴിയിൽ മുങ്ങികുളിച്ചു കൊണ്ടിരുന്നപ്പോൾ അതാ പാഞ്ഞു പോകുന്നു ഒരു ബൈക്ക്. പുറകിൽ എന്തോ ഒരു കവറും. ഫോണിൽ സംസാരിച്ചുകൊണ്ടാണ് ആശാൻറെ യാത്ര. ഈ കുണ്ടും കുഴിയുമുള്ള റോഡിൽ ഇങ്ങനെ ഇത്രയും സ്പീഡിൽ ഫോണിൽ സംസാരിച്ചുകൊണ്ട് പോകാൻ ധൈര്യം വേണം...... അസാമാന്യ ധൈര്യം. അല്ല ഇവൻ മണ്ടൻ ആണോ? അതോ മണ്ടനായി അഭിനയിക്കുകയാണോ? ഇങ്ങനെ ആലോചിച്ചിരുന്നപ്പോൾ ആ ബൈക്കിൻറെ പിന്നിലെ കവറിൽ നിന്നും ഒരു പൊതി താഴേക്ക് വീണു.

 

 

വീഴ്ചയിൽ പൊതിയുടെ പ്ലാസ്റ്റിക് കവറിംഗ് ഒക്കെ നഷ്ടപ്പെട്ടു. ബൈക്കുകാരൻ ഒന്നും അറിഞ്ഞിട്ടില്ല. അല്ല ഫോൺ കയ്യിൽ കിട്ടിയാൽ സ്വന്തം ഹൃദയം ആരെങ്കിലും അടിച്ചോണ്ടു പോയാൽ പോലും ഈ മനുഷ്യഗണം അറിയുന്നില്ലല്ലോ. ഞാൻ എന്തായാലും പൊതിയുടെ അരികിലെത്തി. മുൻ കാലുകൾ കൊണ്ട് പേപ്പറും വാഴയിലയും പതിയെ മാറ്റിനോക്കി. ദൈവമേ ഭക്ഷണം. ആഹാ...... എന്താ ഇതിൻറെ ഒരു മണം. തിന്നാൻ വേണ്ടി പൊളിച്ചതും എൻറെ മുതുകിൽ ആരോ തൊട്ടു.

 

 

"എനിക്ക് തരുമോ ഈ ഭക്ഷണം"? ഒരു  ബാലൻ.... എന്നെ പോലെ തന്നെ. കറുത്ത്  മെലിഞ്ഞു എല്ലിനോട് ഒട്ടിയ പള്ളയും. "കഷ്ട്ടമുണ്ട്... അഞ്ചു ദിവസമായി വല്ലതും കഴിച്ചിട്ട്".  അവൻ എൻറെ മുന്നിൽ നിന്നും കരയാൻ തുടങ്ങി. ഒരു ശ്വാനൻ ആയ  എന്നോട് ഒരു മനുഷ്യ കുഞ്ഞ് അപേക്ഷിക്കുന്നു. അവൻറെ അവസ്ഥ അപ്പോൾ എന്നെക്കാൾ  കേമം ആയിരിക്കും.  ആ...... അവനു കൊടുത്തേക്കാം. ഒന്നൂടെ നോക്കാം. എനിക്ക് എന്തെങ്കിലും തിന്നാൻ കിട്ടാതിരിക്കില്ല. ഞാൻ  പതിയെ മുന്നോട്ടു നടന്നു. ഉടനെ അവൻ പിന്നെയും എന്നെ തൊട്ടു. അല്ല ഇനി എന്താ വേണ്ടേ? എൻറെ കയ്യിൽ ഒന്നുമില്ല. ഒരു  മുഷിച്ചിലോടെ ഞാൻ അവനെ തിരിഞ്ഞു നോക്കി. "അല്ലെങ്കിൽ നമുക്ക് ഒരുമിച്ച് കഴിക്കാം".

 

 

അവൻ ആ ഭക്ഷണം പൊതിഞ്ഞ പേപ്പർ പകുത്തു. പകുതി ഭക്ഷണം അതിലേക്ക്  മാറ്റി. ബാക്കി ഭക്ഷണം അവനും എടുത്തു. റോഡിൻറെ സൈഡിൽ   മാറിയിരുന്നു രണ്ടു പേപ്പർ കഷ്ണങ്ങളിൽ ഞങ്ങൾ ആ ഭക്ഷണം പങ്കിട്ടു കഴിച്ചു. കഴിക്കുന്നതിനിടയിൽ അവൻ പറയുന്നുണ്ടായിരുന്നു. "ഞാൻ ഒരുപാട് വീടുകളുടെയും  കടകളുടെയും മുന്നിൽ ചെന്ന് കരഞ്ഞ് പറഞ്ഞു. എനിക്ക് വിശക്കുന്നു. വല്ലോം കഴിക്കാൻ തരുമോ എന്ന് ചോദിച്ചു. എല്ലാവരും എന്നെ ആട്ടിയോടിച്ചു. ഇച്ചിരി ആഹാരം എനിക്ക് തന്നു കൂടായിരുന്നോ അവർക്ക്". അവൻറെ കരച്ചിൽ ഞാൻ നോക്കി.  അതെ.... അവൻറെ അവസ്ഥയും എന്നെപ്പോലെ തന്നെ. ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു.

 

 

ഉയർന്ന ശബ്ദത്തിലെ പാട്ടും, ഡാൻസും, ബഹളവും ഒക്കെയായി ഒരു കോളേജ് ടൂർ ബസ് അതു വഴി വന്നു. ഇത്രയും കുഴിയുള്ള റോഡ് അല്ലേ... വണ്ടിയുടെ വേഗത കുറഞ്ഞു.   ഡ്രൈവർക്ക് ധൈര്യം അല്പം കുറവാണെന്ന് തോന്നുന്നു! പെട്ടെന്ന് ഒരു അലർച്ച.  "ദാണ്ടെഡാ നോക്ക്!  ഒരു  കൊച്ചും പട്ടിയും ഒരു ഇലയിൽ നിന്ന് ആഹാരം കഴിക്കുന്നു. ഇപ്പൊ തന്നെ ഒരു ഫോട്ടോ എടുക്കട്ടെ. ആഹാ.... നല്ല അടിപൊളി ഫോട്ടോ. ഇത് ഞാൻ സോഷ്യൽ മീഡിയയിൽ ഇടും. ഒരു 10K ലൈക്ക് എങ്കിലും കിട്ടാതെ ഇരിക്കില്ല. ഇവന്മാര് എല്ലാവരും  എടുക്കുന്നോ ഫോട്ടോ. എന്നാ ആദ്യം ഞാൻ തന്നെ ഇടും". എല്ലാവരും ഫോട്ടോ എടുക്കാനും അത് പോസ്റ്റ് ചെയ്യാനുമുള്ള തിരക്കിൽ.

 

 

അപ്പോഴാണ് അവരുടെ കൂടെ ഉണ്ടായിരുന്ന അധ്യാപകൻ ആ കാഴ്ച കണ്ടത്. "ഓഹോ! അൾട്രാ സ്പീഡിൽ ഉള്ള നമ്മുടെ നാടിൻറെ അവസ്ഥ  കണ്ടില്ലേ.....". അദ്ദേഹം മനസ്സിൽ ഓർത്തു. മനസ്സിൽ മനുഷ്യത്വത്തിൻറെ ഒന്നോ രണ്ടോ കണികകൾ ബാക്കി ഉള്ളത് കൊണ്ട് ആകാം.... അദ്ദേഹത്തിൻറെ കണ്ണുകൾ  അറിയാതെ തന്നെ നിറയാൻ തുടങ്ങി.  പതിയെ അദ്ദേഹം ചിന്തിച്ചു. "അതെ!  ലോകത്തിൽ ഏറ്റവും കൂടുതൽ ചിന്തിക്കേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതും എഴുതപ്പെടേണ്ടതും   ആയ വികാരം പ്രണയമല്ല  മറിച്ച് വിശപ്പാണ്". എല്ലാ ജീവജാലങ്ങൾക്കും ഉള്ള ഒരേ വികാരം....... വിശപ്പ്!!!!!!!