Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  ചെമ്പകം

Abhishek S S

Acsia Technologies

ചെമ്പകം

“മുരുകാ...ഇന്ന് കണി കണ്ടവനെ എന്നും കണികാണിക്കണേ!”

 

ആരെയോ മനസ്സിലോർ‍ത്ത്, മുന്നിലിരുന്നിരുന്ന വേൽ മുരുകന്റെ പ്രതിമ തൊട്ട്, കണ്ണൊന്നടച്ച് “ആണ്ടവൻ‍” ഓട്ടോ ഡ്രൈവര്‍ ജയന്‍കുട്ടന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു.

 

ഇടക്ക് കണ്ണാടിയില്‍ നോക്കി, തലമുടി ഒന്ന് ചീകിയെടുത്ത്, കീഴ്ച്ചുണ്ടിനു താഴെ അങ്ങിങ്ങായി തലപൊക്കിയ ചെറുരോമങ്ങളെ ഓമനിച്ച്, ജയന്‍കുട്ടന്‍ ഗിയര്‍ മാറ്റി.

 

“ലൈഫില്‍ ആദ്യമായിട്ടാ ഇത്രേം ലോങ്ങ്‌ ഓട്ടം...അപ്പൂപ്പന് സ്ഥലം അറിയാമല്ലോ അല്ലേ?... അല്ല...ഇല്ലെങ്കിലും കുഴപ്പമില്ല, അവിടെ നമ്മുടെ പിള്ളേരൊണ്ട്... നമുക്ക്‌ ശരിയാക്കാം...കൊണ്ട് വരേണ്ട സാധനം നല്ല വെയിറ്റ് ഉള്ളതാണോ? എന്നാലും പ്രശ്നമില്ല! നമുക്ക്‌ സെറ്റ്‌ ആക്കാം..”

 

“എടാ..ഒന്നുകില്‍ നീ ചോദ്യം ചോദിക്കണം, അല്ലേല്‍ ചോദിച്ചതിന് മറുപടി പറയാന്‍ സമയം തരണം...അല്ലാതെ..എല്ലാം കൂടെ നീ പറയാനാണേ പിന്നെന്തിനാടാ എന്നോട് ചോദിക്കുന്നത്?”

 

കടവായുടെ അറ്റത്ത് പറ്റിയിരുന്ന വെറ്റിലത്തണ്ട് ചൂണ്ടുവിരല്‍ കൊണ്ടിളക്കിയെടുത്ത്, പിന്നിലിരുന്നയാള്‍ മുഷിച്ചില്‍ രേഖപ്പെടുത്തി.

 

പൊടുന്നനെയുള്ള മറുപടികേട്ട്‌ ജയന്‍കുട്ടന്‍ ഒന്ന് പരുങ്ങി. എങ്കിലും അത് പുറത്ത് കാണിക്കാതെ, അവന്‍ ചെറുതായി ചിരിച്ചു.

 

ഒന്ന് രണ്ടു നിമിഷങ്ങള്‍.

 

ഓട്ടോയില്‍ പുതുതായി പിടിപ്പിച്ച ഓഡിയോ പ്ലയെര്‍  ഓണ്‍ ചെയ്തു.

 

“മധുരയ്ക്ക്‌ പോകാതെടീ അന്ത മല്ലിപ്പൂ....”

 

പാട്ടിനനുസരിച്ച് പിന്നിലെ സീറ്റിനിരുവശത്തും പിടിപ്പിച്ച ചെറിയ LEDകള്‍ ചുവപ്പിലും നീലയിലും റോന്ത്‌ ചുറ്റി.  

 

വലത് വശത്ത് രജനികാന്തും, ഇടത് വശത്ത് 'തല അജിത്തും' പിന്‍സീറ്റില്‍ ഇരുന്ന അപ്പൂപ്പനെ തന്നെ നോക്കി ചിരിച്ചു കൊണ്ടേ ഇരുന്നു.

 

അപ്പൂപ്പന്‍ : “എടേയ് നിന്‍റെ പേരിലെ കേസോക്കെ തീര്‍ന്നോടെ?”

 

ജയന്‍കുട്ടന്‍: ”കേസ്‌ തീര്‍ന്നാല്‍ പിന്നെ ലൈഫില്‍ ഒരു ത്രില്ല് വേണ്ടേ അപ്പൂപ്പാ...അതങ്ങനെ കിടക്കും... ഇതൊക്കെ ഇല്ലാതെ ജീവിതത്തിന് ഗുമ്മുണ്ടോ!”. അതും പറഞ്ഞവൻ ഷർട്ടിന്റെ കോളറിന്റെ അറ്റം പിടിച്ചൊന്ന് പൊക്കി.

 

പുറത്തോട്ട് നോക്കി കൊണ്ട് അപ്പൂപ്പന്‍ അതിന് മറുപടി കൊടുത്തു.

 

“ഗുമ്മിനല്ലല്ലോ അവളെ ഇഷ്ടമായോണ്ടല്ലേ നീ അടിച്ചോണ്ട് വന്നത്...അവന്‍റെയൊരു ഗുമ്മ് !. രണ്ടു വട്ടം നിന്നെ ഇറക്കി കൊണ്ട് വന്നത് ഞാനാന്ന് ഓര്‍ക്കണം നീ... പിന്നെ അവളുടെ തന്ത സുകുമാരനെ എനിക്ക് കൊല്ലങ്ങളായിട്ട്...”

 

പുറത്തേക്ക് വന്ന ചമ്മല്‍ അകത്തേക്ക് വിഴുങ്ങി ജയകുട്ടന്‍ സൈഡ് മിറര്‍ വഴി അപ്പൂപ്പനെ നോക്കി.

 

“പിന്നില്ലാതെ...ആ ഓര്‍മ ഉള്ളതോണ്ടാണല്ലോ രാത്രിയായിട്ടും ഞാന്‍ വണ്ടി എടുത്തത്..അവളടത്ത് ഞാന്‍ പറഞ്ഞില്ല, അപ്പൂപ്പനേം കൊണ്ടാണ് എറങ്ങിയെക്കുന്നതെന്ന്.... മരുമകൻ ഗോപാലകൃഷ്ണന്‍ സാര്‍ സ്ഥലത്തില്ലേ?. അല്ല, അപ്പൂപ്പന്‍ ഈ സമയത്ത് ഇറങ്ങിയോണ്ട് ചോദിച്ചതാ...”

 

ആ ചോദ്യം, അത്ര സുഖിക്കാത്തത് പോലെ അപ്പൂപ്പന്‍ തല വെട്ടിച്ച് പുറത്തേക്ക് നോക്കി ഇരുന്നു.

 

“നീ എന്തിനാ വണ്ടി ഓടിക്കുന്നെ?”

 

ജയന്‍കുട്ടന്‍: ”വേറെ എന്തിന്? പൈസയ്ക്ക്...”

 

അപ്പൂപ്പന്‍: ”എന്നാ നേരെ നോക്കി വണ്ടി വിട്...നീ   ചോദിക്കാറാകുമ്പോ ഞാന്‍ പറയാം..”

 

ഒന്ന് നിറുത്തിയ ശേഷം, ഇത്തിരി ഘനത്തിൽ ഒരു തിരുത്തൽ പോലെ, ജയൻകുട്ടനോടായി

 

അപ്പൂപ്പൻ: “പിന്നെ…മരുമകനല്ല...അനന്തിരവൻ...അനിയത്തിയുടെ മോൻ...”

 

ജയന്‍കുട്ടന്‍: “ഈ കലിപ്പ് ഇല്ലെങ്കില്‍ അപ്പൂപ്പനെ പണ്ടേ കാക്ക കൊത്തിക്കൊണ്ട് പോയേനെ!”

 

അവന്‍ തന്നെ പറഞ്ഞ്, അവന്‍ തന്നെ ചിരിച്ച് പ്ലയറില്‍ പാട്ട് മാറ്റി.

 

”മരണോം മാസ് മരണോം....”

 

“എടാ, ഗുരുത്വ ദോഷി, അഹങ്കാരം പിടിച്ചവനേ.....ഒരു യാത്രക്കിറങ്ങുമ്പോ ഇമ്മാതിരി പാട്ടാണോടാ ഇടുന്നേ?”

 

മറുപടി പറയാതെ തന്നെ ജയന്‍കുട്ടന്‍ പാട്ട് മാറ്റി.

 

”തിരുപ്പതി ഏഴുമല വെങ്കിടേശാ...കാതലുക്ക് പച്ചക്കൊടി ...”  

 

“ആരൽവായ്മൊഴി കഴിഞ്ഞിട്ട് ഒരു ഒന്നര ഫർലോങ്...ഒരു ചെറിയ ദാബ ഉണ്ട്...നല്ല പൊറോട്ടയും തന്ഗ്രി കബാബും കിട്ടും...അവിടെ എത്താറാകുമ്പോ വിളിക്ക്...”

 

ജയൻകുട്ടൻ, പാട്ടിന്റെ ഒച്ചയൊന്ന് കുറച്ചുകൊണ്ട്, അപ്പൂപ്പനെ നോക്കി ചോദിച്ചു- "എവിടാന്ന്? ആരൽവായ്മൊഴിയാ...അതിന് ഇനീം ഒരു മണിക്കൂർ എടുക്കും....അപ്പൂപ്പൻ ഉറങ്ങാൻ പോവുവാണോ? അപ്പോൾ ഞാൻ ഒറ്റയ്ക്ക്???"

 

അപ്പൂപ്പൻ :"എടേ, നീ എന്തിന് പേടിക്കണത്?..സമയം പത്തര അല്ലേ ആയുളളൂ...നൂത്ത്‌ ഓടിച്ചാ മതി..."

 

അതും പറഞ്ഞയാൾ ഫോൺ പതിയെ ഞെക്കി സൈലന്റിൽ ആക്കി, തലൈവരുടെ ഫോട്ടോയിലേക്ക് ചാഞ്ഞു.

 

ജയൻകുട്ടൻ  ചെറിയൊരാധിയോടെ, പിന്നിലേക്ക് കഴുത്ത് ചായ്ച് ചോദിച്ചു -

 

"അല്ല...ഈ രാത്രി തന്നെ പോയി കൊണ്ട് വരേണ്ട സാധനമാണോ? നമ്മളവിടെ എത്തുമ്പോ മൂന്ന് നാല് മണിയാകും!"

 

അപ്പൂപ്പൻ പോക്കറ്റിൽ നിന്ന് രണ്ടായിരത്തിൻറെ ഒരു നോട്ട് അവന് നേരെ നീട്ടി...ഒന്നും പറയാതെ പിന്നെയും രജനികാന്തിന്റെ തോളത്തോട്ടു  ചാഞ്ഞു..

 

തുടർന്ന് കണ്ണടച്ച് കൊണ്ട് തന്നെ അവനോടായി പറഞ്ഞു -

 

"ഇന്നത്തെ വിലയ്ക്ക് ഫുൾ ടാങ്കിന് 2100 രൂപ ആകും...ബാക്കി നൂറ് നീ കൈയ്യീന്നിട്ടേര്...കഴിഞ്ഞ ആട്ടത്തിരുവാതിരയുടെ അന്ന് മുടി എഴുന്നള്ളത്തിന് വാങ്ങിയതിൽ 350 തരാൻ ഉണ്ട് നീ..."

 

"താടിയിൽ ഒറ്റ കറുപ്പില്ല...എന്നാലും കാഞ്ഞ ഓർമയാണ്!”- അവൻ മനസ്സിൽ പറഞ്ഞു.

 

എന്തോ ഓർത്തെന്ന വണ്ണം അപ്പൂപ്പൻ : "ടാ...പിന്നേ, വേണേൽ കന്നാസിൽ ഇച്ചിരി കരുതിക്കോ...തിരികെ വരുമ്പോ നിറുത്തി അടിക്കാൻ പറ്റിയില്ലെങ്കിലോ ?"

 

ജയൻകുട്ടൻ ഒന്ന് ചിന്തിച്ചത് പോലെ തോന്നിച്ചെങ്കിലും, അടുത്തുള്ള പമ്പിനരുകിൽ നിറുത്തി,വണ്ടിയുടെ പിന്നിലിരുന്ന കന്നാസ് എടുത്ത് പുറത്തേക്ക് പോയി.

 

കുറച്ച് നിമിഷങ്ങൾ കൊഴിഞ്ഞു വീണു.

 

മുന്നിലെ വിജനമായ റോഡ് നോക്കി ജയൻകുട്ടൻ -"ഞാൻ ഒരു കാര്യം ചോദിക്കട്ടാ, അപ്പൂപ്പൻ എന്താണ് കെട്ടാത്തത്?"

 

മറുപടി ഇല്ല..

 

പിന്നിൽ നിന്നുളള കൂർക്കം വലി കേൾക്കാതിരിക്കാൻ ജയൻകുട്ടൻ വീണ്ടും പ്ലെയറിന്റെ ശബ്ദം കൂട്ടി..      

 

ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞു കാണണം.

 

പശ്ചാത്തലത്തിലെ ഹിന്ദി പാട്ടിന്റെ ശബ്ദം കേട്ട് അപ്പൂപ്പൻ ഉണർന്നു... പോക്കറ്റിൽ കരുതിയിരിന്ന കവറിൽ നിന്ന് ഒരു ഗുളിക പൊട്ടിച്ച് പാതി വിഴുങ്ങി...

 

മുന്നിലെ ദാബയിൽ നിന്ന് രണ്ട് പ്‌ളേറ്റ് പൊറോട്ടയും പൊരിച്ച കോഴിക്കാലുമായി ജയൻകുട്ടൻ  നടന്നു വരുന്നുണ്ടായിരുന്നു.

 

"ഒഴിക്കാൻ ഒന്നും ഇല്ലേടേയ് ?? ഓ ...ഇച്ചിരി കോഴിച്ചാറ് വാങ്ങിച്ചോണ്ട് വാ.."

 
“അപ്പൂപ്പന് ഈ കട മുതലാളിയെ നേരത്തെ അറിയാമല്ലേ? അങ്ങേര് നിങ്ങളെ കണ്ടപ്പോ കൈ കാണിച്ചത് ഞാൻ കണ്ടു..”

 

“ഓ..കുറച്ചൊക്കെ അറിയാം” - ആ  ചോദ്യത്തിന് വലിയ പ്രസക്തി ഇല്ല എന്ന മട്ടിൽ ആപ്പൂപ്പൻ വെളിയിലേക്കെവിടെയോ നോക്കി മറുപടി പറഞ്ഞതായി ഭാവിച്ചു.

 

അപ്പൂപ്പൻ ഓട്ടോയിൽ ഇരുന്ന് തന്നെ പൊറോട്ടയുള്ള പ്ളേറ്റ് വാങ്ങി മടിയിൽ വച്ചു. ചാറുമായി വന്ന ജയൻകുട്ടന്റെ കൈയ്യിൽ നിന്ന് പാതി വാങ്ങി, കീറിയിട്ട പൊറോട്ടയുടെ മേൽ പരത്തി ഒഴിച്ചു.

 

കോഴിത്തുടയുടെ നല്ലൊരു ഭാഗം മുറിച്ചെടുത്തു ചവച്ചു... ബാക്കി ജയൻകുട്ടന് കൊടുത്തു.അവൻറെ മുഖത്ത് എന്തെന്നില്ലാത്ത ഒരു തിളക്കം. അപ്പൂപ്പൻ കിറി തുടച്ച്, കൈയിൽ കരുതിയ കുപ്പിയിൽ നിന്ന് വായ് കുലുക്കി തുപ്പി.

 

"ടേയ്  വേഗം...നേരത്തേ എത്തേണ്ടതാ..."

പോക്കറ്റിൽ നിന്ന് ഒരു ഇരുനൂറു രൂപ നോട്ട് അവന് നേരെ നീട്ടി, ദാബയുടെ മുതലാളിക്ക് കൈ നീട്ടി സലാം പറഞ്ഞ് അപ്പൂപ്പൻ ഓട്ടോയുടെ സീറ്റിൽ ചാരിയിരുന്നു.

 

വേൽ പിടിച്ചിരുന്ന സാക്ഷാൽ മുരുകനെ ഒന്ന് വണങ്ങി, ഡ്രൈവർ ജയൻകുട്ടൻ വണ്ടി സ്റ്റാർട്ട് ചെയ്തു...

 

"എടാ...ചെറുക്കാ...തിന്നത് ചിക്കൻ...മുട്ടയിട്ട് ഉണ്ടാക്കിയ പൊറോട്ട ! നിന്റെ മുരുകന് ഇഷ്ട്ടപ്പെടുവോടേയ്? "

 

ഡ്രൈവർ ജയൻകുട്ടൻ ഒന്ന് അമാന്തിച്ചു.


"ശരിയാണല്ലോ..." അവൻ ചെറു സങ്കോചത്തോടെ അപ്പൂപ്പനെ നോക്കി..

 

"എൻറെ അപ്പൂപ്പാ നിങ്ങളല്ലേ കയറിയപ്പോ ചിക്കൻ കഴിക്കണമെന്ന് പറഞ്ഞത്. എന്നിട്ട് അതും ഇതും പറയല്ലേ...അല്ലേൽ തന്നെ രാത്രി ഓട്ടം! "

 

"ഹഹഹ..." അപ്പൂപ്പൻ അത് കേട്ട് നന്നായൊന്നു ചിരിച്ചു.

 

ജയൻകുട്ടൻ:" ഇനി നിങ്ങൾ ഉറങ്ങണ്ടാ...എൻറെ കോൺഫിഡൻസ് അങ്ങ് പോയി..പോരാത്തതിന് പാണ്ടി ലോറികൾ അറഞ്ചം പുറഞ്ചം വരണ റോഡാണ്...മുരുകാ.."

 

അവനത് പറഞ്ഞു കൊണ്ട്, മുന്നിലിരുന്ന മുരുക വിഗ്രഹം ഒന്ന് തൊട്ട്, തൊഴാൻ തുടങ്ങി.

 

"അല്ലേ വേണ്ട..."

 

തൊടാതെ തന്നെ, മുരുകാന്ന് ഒന്ന് കൂടെ വിളിച്ച്, വണ്ടി ഗിയറിൽ ഇട്ടു...

 

അപ്പൂപ്പൻ റോഡിലേക്ക് ഒന്ന് നോക്കി അവനോടായി പറഞ്ഞു –

 

"വള്ളിയൂര് കയറി, നഞ്ചൻകുളം വഴി വിട്ടോ...നെൽവേലി പിടിക്കണ്ടാ...റോഡ് നല്ല പാളീഷാണ്..."

 

"ഇതൊക്കെ ഉള്ളത് തന്നേ?..രാത്രിയാണ്...ആരേലും വന്ന് ചാർത്തീട്ട് പോയാലും അറിയൂല...പറഞ്ഞില്ലാന്നു വേണ്ടാ..."

 

അപ്പൂപ്പൻ ഇത്തിരി ഗൗരവത്തിൽ പറഞ്ഞു -"പറയണത് കേട്ട് വണ്ടി ഓടിച്ചാൽ മതി..അറിയാല്ലാ... അവളുടെ തന്ത സുകുമാരനെ ഇരുപത്തിയെട്ട് കൊല്ലത്തെ പരിചയമാണെനിക്ക്...അന്ന് നീ രണ്ടിടത്തായിരുന്നു! ങ്ങും.."

 

അപ്പൂപ്പൻ ഒന്ന് ഇരുത്തി മൂളി..  

 

ടെസ്റ്റിന് ശേഷം ആദ്യമായി ഇൻഡിക്കേറ്റർ തെളിഞ്ഞ സന്തോഷത്തിൽ, ഓട്ടോ ഇടറോഡിലേക്ക് ഇറങ്ങി.

 

അന്തരീക്ഷത്തിന് തണുപ്പ് കൂടി.  ചീവീടുകളുടെ അലോസരപ്പെടുത്തുന്ന ഒച്ച. അതിനെ കീറി മുറിച്ചു കൊണ്ട് ജയൻകുട്ടൻ പറഞ്ഞു-

 

"മധുര എത്തിയാൽ എനിക്കൊരു സ്ഥലം വരെ പോകണം...അപ്പൂപ്പനെ ഇറക്കിയിട്ട് ഞാൻ അവിടം വരെ ചെന്നിട്ട് വരാം...വൈകീട്ട് നാലിന് തിരിക്കാം...എന്താ?"

 
ചെറിയ ഉറക്കത്തിൽ നിന്നെന്നവണ്ണം അപ്പൂപ്പൻ എന്തോ പറയാൻ തുനിഞ്ഞു..


പറയാതെ വന്ന ഒരു തികട്ടൽ. എരിഞ്ഞുയർന്ന പുളിപ്പ്, തൊണ്ട കാറി, കണ്ണിരുത്തിയടച്ച് ചെറു വൈഷമ്യത്തോടെ ഒന്നിറക്കി.

 

"അതിനിവിടെ ആരാ മധുരയ്ക്ക് പോകുന്നത്?"

 

ജയൻകുട്ടൻ ഞെട്ടി.

 

"നമ്മൾ പോകുന്നത്...കോവിൽപ്പെട്ടിക്ക് അടുത്ത് അയ്യനേരി എന്ന സ്ഥലത്താണ്... സൂക്ഷം പറഞ്ഞാൽ ഇവിടെ നിന്ന് കഷ്ടിച്ച് ഒന്നര മണിക്കൂർ....പിന്നെ നീ ഓടിക്കുന്നത് പോലെ ഇരിക്കും."

 

ജയൻകുട്ടൻ അറിയാതെ തന്നെ ഓട്ടോ സ്ലോ ആയി...എതിർ ഭാഗത്ത് നിന്നും വണ്ടികൾ ഒന്നും തന്നെയില്ല. അങ്ങിങ്ങായി കുറുനരിയുടേത് പോലെ തോന്നിച്ച ഓരിയിടൽ കേൾക്കാം!

 

അവൻ നന്നേ പരുങ്ങി. മുന്നിലിരുന്ന മുരുകനെ അവൻ ശരിക്കൊന്ന് നോക്കി.

 

ജയൻകുട്ടൻ :" അപ്പൂപ്പാ...ഇത്...ഇത്..."

 

അപ്പൂപ്പൻ:" നീ പേടിക്കാതെ വണ്ടി ഓടിക്കെടാ ചെറുക്കാ.."

 

സമയം പുലർച്ചെ മൂന്ന് മണി.

 

അയ്യനേരിക്കടുത്ത്, ചെറുവീരി ഗ്രാമം.

 

നീണ്ടു നിവർന്നു കിടക്കുന്ന തെരുവ്. രണ്ടു മൂന്ന് പട്ടികൾ, റാന്തൽ തെളിച്ച ഒരു വീടിൻറെ ഓരത്ത് കിടന്നുറങ്ങുണ്ട്.

 

അകലെയുള്ള ഒരു കള്ളിമുൾക്കൂട്ടത്തിനടുത്ത് ഓട്ടോ ഒതുക്കി, ജയൻകുട്ടൻ പുറത്തിറങ്ങി...

 

"ഇനിയെങ്കിലും ഒന്ന് പറയാമോ? ആരെ കാണാനാ?"

 

അപ്പൂപ്പൻ വിരൽ പൊക്കി, ശബ്ദമുണ്ടാക്കാതെ 'കൂടെ വാ' എന്ന് ആംഗ്യം കാണിച്ചു.

 

"ഒരാളെ രക്ഷിക്കാനുണ്ട്....ഇന്ന് പറ്റിയില്ലെങ്കിൽ ഇനി പറ്റൂലാ ...ഒരിക്കലും...".

 

കൈയ്യിൽ കരുതിയിരുന്ന ഒരു ചെറിയ ഫോട്ടോ അവന് നേരെ നീട്ടി.

 

അതുവരെ കാണാതിരുന്ന ഒരു തിടുക്കം ഉണ്ടായിരുന്നു അയാളുടെ ശരീര ഭാഷയിൽ.

 

ഫോട്ടോ തിരികെ കീശയിൽ ഇട്ട്, പതിയെ മുന്നോട്ട് നീങ്ങി.

 

ഏതാണ്ട് അരക്കിലോമീറ്റർ അകലയെയായി ഒരു വീടിൻറെ മുൻഭാഗത്ത് പച്ചയോല പന്തൽ കെട്ടിയ രീതിയിൽ കാണപ്പെട്ടു.. അപ്പൂപ്പന്റെ മുഖം വിളറി... അയാൾ പരവശപ്പെട്ടത് പോലെ തോന്നിച്ചു...

 

അയാളുടെ നടത്തത്തിന്റെ വേഗം കൂടി. ആ വീട് ലക്ഷ്യമാക്കി അയാൾ നടന്നു...

 

പൊടുന്നനെ, ഒരു കൂട്ടം ആൾക്കാർ ഒരു കസേരയുയർത്തി തമിഴിൽ എന്തോ ഉറക്കെ പാടിക്കൊണ്ട് അപ്പൂപ്പന് നിൽക്കുന്നതിന് രണ്ട് വീട് മുന്നേ എന്നവണ്ണം നടന്നു നീങ്ങി.. ആ കസേരയിൽ ഏതാണ്ട് എഴുപത്തഞ്ചിനോടടുത്ത പ്രായമുള്ള ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു..

 

അവരുടെ നെറ്റിയിൽ പതിച്ചിരുന്നു ഒരു രൂപ നാണയം നിലത്തേക്ക് ഉരുണ്ടു പോയി, അരികിലെ ഓടയിലേക്ക്  വീണു.

 

അപ്പൂപ്പൻ, ഒരു നിമിഷം ചലനമറ്റത് പോലെ നിന്നുപോയി.

 

അപ്പൂപ്പന് പിന്നാലെ വന്ന ജയൻകുട്ടൻ ആ വീടിൻറെ, വലത്തേക്ക് തിരയുന്ന ഭാഗത്തേക്ക് ഒന്ന് മാറി നിന്നു. ആദ്യം കണ്ട വീടിൽ നിന്ന് കുറെയധികം സ്ത്രീകളും, ആ ആൾക്കൂട്ടത്തിന് പിന്നാലെ പോയി.

 

ഏതാനും നിമിഷങ്ങൾ.

 

എന്തോ കണ്ണിലുടക്കി എന്ന നിലയിൽ ജയൻകുട്ടൻ അപ്പൂപ്പനെ നോക്കി.

 

അവൻ കൈയ്യുയർത്തി അയാളെ വിളിക്കാൻ ശ്രമിച്ചു. ഒടുവിൽ ശബ്ദം കേൾപ്പിക്കാതെ നടന്ന് അപ്പൂപ്പന്റെ അരികിൽ എത്തി, തൊട്ടടുത്തുള്ള വീടിന്റെ തുറന്ന ജനാലയിലേക്ക് അവൻ വിരൽ ചൂണ്ടി.


അവർ ജനാലയ്ക്ക് അരികിലേക്ക് നടന്നു.

 

ആ ജനാലയുടെ കൈവരിയിലായി എന്തൊക്കെയോ വച്ചിരിക്കുന്നു...നാലഞ്ച് കരിക്കുകൾ...രണ്ടു പാത്രത്തിയാലായി തണുപ്പിച്ച തൈര്...ചുവട്ടിൽ ഒരു വലിയ ഭരണിയിൽ നല്ലെണ്ണയും...


അപ്പൂപ്പൻ ആകാംക്ഷയോടെ ഉള്ളിലേക്ക് തന്നെ നോക്കി... കുറച്ചു മാറി ഒരു ചൂരൽ കസേര...അതിൽ ഒരാൾ ഇരുന്നുറങ്ങുന്നുണ്ടായിരുന്നു... ഏതാണ്ട് എഴുപതിനു മുകളിൽ പ്രായമുള്ള ഒരമ്മൂമ്മ...

 
ജയൻകുട്ടൻ, ചുറ്റും നോക്കി ആരുമില്ലായെന്ന് ഉറപ്പ് വരുത്തി അകത്തേക്ക് കയറി... അമ്മൂമ്മ ഇരുന്നിരുന്ന കസേരയുടെ ഒരു കൈയ്യിൽ പിടിച്ചു...
 

അരമണിക്കൂർ കഴിഞ്ഞ്...
 

ആണ്ടവൻ ഓട്ടോ മുന്നോട്ട് തള്ളുന്നതിനിടയിൽ അപ്പൂപ്പനോടായി
 

ജയൻകുട്ടൻ: "അവരിപ്പോ വന്നാലോ?"


ഒരു ചെറിയ പ്രതീക്ഷയുള്ള ചിരിയോടെ അപ്പൂപ്പൻ പറഞ്ഞു -"ഇപ്പോൾ ഒരാളെ കസേരയിൽ കൊണ്ടു പോയില്ലേ, ആ ചടങ്ങ് ഒക്കെ കഴിഞ്ഞേ എന്തായാലും ആണുങ്ങൾ എത്തുള്ളൂ...അതിനുള്ളിൽ നമുക്കെത്തേണ്ടിടത്ത്  എത്താം... ഇതീ നാട്ടിൽ പതിവാ....ഒരു പ്രായം കഴിഞ്ഞാൽ കുറച്ചു പേർ ചേർന്നങ്ങു തീരുമാനിക്കും...ദയാവധം എന്നൊക്കെയാ ഇവന്മാർ പറയുന്നത്...വധത്തിൽ എവിടെയാ ദയ...അല്ലേ? കഴിഞ്ഞ ആഴ്ച ഞാൻ ഇവിടെ വന്നിരുന്നു... കഴിഞ്ഞയാഴ്ച എന്നല്ല, ഇടക്കിടെ ഞാൻ വരുമായിരുന്നു ഈ നാട്ടിൽ...  പലപ്പോഴും ശ്രമിച്ചതുമാണ്...പക്ഷേ, നടന്നില്ല.. കഴിഞ്ഞ ആഴ്ച അറിഞ്ഞതാ ഇവളുടെ കാര്യം…നമ്മൾ എത്തുന്നതിന് മുന്നേ നറുക്ക് വീണ വേറെ ഏതോ ഒരാൾ...അവരെയാണ് നമ്മൾ ആദ്യം കണ്ടത്... രണ്ടു നാൾ എണ്ണ തലയിൽ ഒഴിച്ച് മുറിയിൽ ഒരു മൂലയ്ക്കിരുത്തും....കുടിക്കാൻ തൈരും, തണുപ്പിച്ച കരിക്കിൻ വെള്ളവും....മൂന്ന് നാൾ തികയ്ക്കാറില്ല ആരും! "
 

അപ്പോഴേക്കും തലയിൽ തൂകിയ എണ്ണ വാർന്ന് അമ്മൂമ്മയുടെ മുഖത്തേക്ക് പടർന്നിരുന്നു. അപ്പൂപ്പൻ മുണ്ടിന്റെ തലപ്പ് കൊണ്ട് അവരുടെ മുഖം തുടച്ചു. അമ്മൂമ്മ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.

 
ഒന്നര മണിക്കൂറിന് ശേഷം.
 

അപ്പൂപ്പന്റെ തോളിൽ ചാരി മയങ്ങുന്ന അമ്മൂമ്മയെ നോക്കി ജയൻകുട്ടൻ

ചോദിച്ചു - "എൻറെ പൊന്നപ്പൂപ്പാ ഇന്നലെ ഞാൻ ശരിക്കും പേടിച്ചു പോയി...ഇനി ചോദിക്കാല്ലോ?...ഇതാരാ?"

 
അപ്പൂപ്പൻ വെളുത്ത താടിയൊന്ന് തടവി... ഒരു ചെറു ചിരിയോടെ പറഞ്ഞു.

" ഇതാണ് ചെമ്പകം...ഇവിടത്തെ ഒരു പഴയ ഗവൺമെന്റ് സ്‌കൂളിൽ ഒരു പതിനഞ്ച്  കൊല്ലം തമിഴ് വാധ്യാരായി ജോലി നോക്കിയിട്ടുണ്ട് ഞാൻ... അങ്ങനെ…"

 
ഒരു ചിരിയോടെ ജയൻകുട്ടൻ തുടർന്നു - "ബാക്കി പറയണ്ടാ...ഞാൻ ഊഹിച്ചോളാം... എനിക്കൊരു കാര്യത്തിൽ സമാധാനം ആയി...അവളെ ഇറക്കി കൊണ്ട് വരാൻ സഹായിച്ച കാര്യം പറഞ്ഞ്, ഇനി എന്നെ വിരട്ടൂലല്ലോ...?"

 
അപ്പൂപ്പൻ, മറുപടി ഒരു ചെറുചിരിയിൽ ഒതുക്കി, നന്നേ തണുത്തു വിറച്ചിരുന്നിരുന്ന ചെമ്പകം അമ്മൂമ്മയെ ചേർത്ത് പിടിച്ചു. നനുത്ത സൂര്യപ്രകാശം, അമ്മൂമ്മയുടെ കൺകോണിൽ തട്ടി തിളങ്ങി. 
  

അതേസമയം, ചെറുവീരിയിലെ ഏതോ ഒരു വീട്ടിൽ, ആരോ ഒരാൾ, ആർക്കോ വേണ്ടി തണുത്ത തൈരും, ഒരു പാത്രം നിറയെ എണ്ണയും നിറയ്ക്കുന്ന തിരക്കിലായിരുന്നു..