Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  ബ്ലൂ ടീഷർട്ട്

Dileep Perumpidi

TCS

ബ്ലൂ ടീഷർട്ട്

സമയം രാത്രി 8. വലിയ ഗേറ്റിലൂടെ ഉള്ളിലേക്ക് കയറിവരുന്ന യൂബർ ടാക്സി നാല് വലിയ കെട്ടിടങ്ങൾ അടങ്ങിയ ഫ്ലാറ്റ് സമുച്ചയത്തിലെ മൂന്നാമത്തെ കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തു . പിന്നിലെ സീറ്റിൽ നിന്നും 3 പെണ്കുട്ടികൾ പുറത്തോട്ടിറങ്ങി . അവരിലൊരാൾ  വളരെ വേഗത്തിൽ കെട്ടിടത്തിലേക്ക് നീങ്ങി. ബാക്കി രണ്ടുപേർ അവർക്ക് പുറകിലായി നടന്നു . ടാക്സിയിൽ മുന്നിലെ സീറ്റിലിരുന്ന രമ്യ പയ്മെന്റ്റ് ഓക്കെ  എന്ന് ഉറപ്പു വരുത്തി അവർക്കു 3 പേർക്കും പുറകിലായി നടന്നു.  

സമയം 8 അല്ലെ ആയിട്ടുള്ളു . ഇവൾ ഇത് എങ്ങോടാ ഓടുന്നെ . രമ്യ മുന്നിൽ നടക്കുന്ന ജെസ്നിയോടും ആര്യയോടുമായി ചോദിച്ചു  .

നിനക്ക് വല്ല കാര്യോം ഉണ്ടാർന്നോ  നൈറ്റ് ഷിഫ്റ്റ്  ഉള്ള ഒരുത്തിയെ നിർബന്ധിച്ച് കൊണ്ടുവരാൻ . ജെസ്നി തിരിഞ്ഞു നോക്കി രമ്യയോട് പറഞ്ഞു 

അതും നല്ല ഒന്നാന്തരം പടമായിരുന്നാലോ .  ആര്യ സർക്കാസം കൂട്ടിച്ചേർത്തു .

ആദ്യം നടന്ന മേഘ അപ്പോഴേക്കും ലിഫ്റ്റിനുമുന്നിൽ സ്ഥാനം പിടിച്ചിരുന്നു . പിന്നിൽ വരുന്ന മൂന്നു പേരോടും ആയി വേഗം വരാൻ ആംഗ്യം കാണിച്ചു . അവരും ലിഫ്റ്റിനുമുന്നിൽ എത്തി .

അതെ,  നിനക്ക്  9 നല്ലേ ക്യാബ്  ഇനിയും സമയം ഉണ്ട് . രമ്യ മേഘയോട് പറഞ്ഞു.

ഉവ്വ് ഇനി ഫ്രഷായി ഭക്ഷണം കഴിച്ച് വരുമ്പോളേക്കും ക്യാബ് പോകും ...താഴോട്ട് വന്നുകൊണ്ടിരിക്കുന്ന ലിഫ്റ്റ് അക്ഷമയോടെ നോക്കികൊണ്ട് മേഘ പറഞ്ഞു .

ഹോ പോയാൽത്തന്നെ ഇപ്പൊ എന്താ  കുറച്ച് ലേറ്റ്  ആയ ആകാശം ഒന്നും ഇടിഞ്ഞു വീഴുല്ലലോ  . രമ്യ മേഘയെ നോക്കാതെ പറഞ്ഞു

 നിന്നോട് ഞാൻ പറഞ്ഞതല്ലേ നാളെ പോവാം,  ഇന്നാണെ ഞാനില്ലാന്ന്. എന്നിട്ട്....ബാക്കി ഞാൻ റൂമിൽ ചെന്നിട്ട് തരാം. ലിഫ്റ്റിലേക്ക് കേറാൻ വേറെയും ആളുകൾ നിൽക്കുന്നത് കണ്ട് മേഘ ശബ്ദം കുറച്ചുകൊണ്ട് പറഞ്ഞു   

ലിഫ്റ്റ് താഴെ ഓപ്പൺ ആയി . എല്ലാരും ലിഫ്റ്റിലേക്ക് കയറി . ലിഫ്റ്റ്  നേരെ മുകളിലോട്ട് നീങ്ങി 12 ത്ത്   ഫ്ലോറിൽ വന്ന്  ഒരു മുരൾച്ചയോടെ ഡോർ തുറന്നു  .  അവർ നാലുപേരും പുറത്തോട്ടിറങ്ങി .

 

നീയെന്താ  നുഴഞ്ഞുകേറി വരുന്നപോലെ നേരെ നടന്നാൽ പോരെ ?  ആര്യ ജെസ്നിയോട് ചോദിച്ചു  

അതല്ല ആ ചെറുക്കനെ തട്ടേണ്ട എന്ന കരുതി ചെരിഞ്ഞ് കടന്നത് ...അല്ലാതെ ഞാൻ അവനേം തള്ളിക്കൊണ്ട് പുറത്തിറങ്ങണമായിരുന്നോ ? 

അവന്മാർ മുൻപിൽ അല്ലാർന്നോ .... നീ ലിഫ്റ്റിന്റെ ബാക്കീന്ന് മുന്നോട്ട് നടക്കാൻ തുടങ്ങുമ്പോ ഉള്ള കാര്യമാ ചോദിച്ചേ? ആര്യ ചോദിച്ചു 

അത് തന്നെ എന്റെ ലെഫ്റ്റിൽ ഒരു ബ്ലൂ ടീഷർട്ട്  ഇട്ട് ചെറുക്കൻ നില്കുന്നുണ്ടാരുന്നില്ലേ ? അവന്റെ ഷോൾഡർ തട്ടണ്ടാ എന്ന് വെച്ചാ ചെരിഞ്ഞ് നടന്നത് . അതിനിപ്പോ നിനക്കെന്താ ? ജെസ്നി ദേഷ്യം മറച്ചുവെക്കാതെ പറഞ്ഞു  

നിന്റെ ലെഫ്റ്റിൽ ഞാൻ അല്ലാർന്നോ ? നിനക്ക് വട്ടായോ ? ആര്യ ചോദിച്ചു 

എനിക്കല്ല . നിനക്കാ  വട്ട് . നിനക്കും എനിക്കും ഇടയിൽ ലെഫ്റ്റ് മൂലയിൽ ഒരു പയ്യൻ നിന്നില്ലേ അവന്റെ കാര്യമാ ഞാൻ പറയുന്നേ ? ജെസ്നി പറഞ്ഞു 

 

നിങ്ങൾ  സമയം കളയാതെ വാതിൽ തുറക്ക്   ...ഫ്ലാറ്റിന്റെ മുൻപിൽ അക്ഷമയായി നിന്ന  മേഘ പറഞ്ഞു .

 

അങ്ങനെ നമുക്കിടയിൽ ആരും ഉണ്ടായിരുന്നില്ലലോ ....  താക്കോൽ  ഹാൻഡ്ബാഗിൽ നിന്നും മേഘ്ക്ക് നേരെ  നീട്ടികൊണ്ട്  ആര്യ ജെസ്നിയെ നോക്കി പറഞ്ഞു

 

മേഘ വാതിൽ തുറന്ന് റൂമിലേക്കു നീങ്ങി . 

 

നിനക്കെന്താ കാഴ്ചപോയോ  ആര്യ ?  ജെസ്നി ചോദിച്ചു 

എന്റെ കാഴ്ചക്കല്ല കുഴപ്പം നിന്റെ തലക്കാ  .  ടീ രമ്യ നിന്റെ ഹീറോന്റെ പടം കണ്ട് ഇവളുടെ ഫ്യൂസ് പോയീന്നാ തോന്നുന്നേ ?

എന്താ മക്കളെ പ്രശനം ...നിങ്ങൾ രണ്ടും കൊറേ നേരമായാലോ ? രമ്യ ചോദിച്ചു 

ഇവളുടെ അടുത്ത് നമ്മൾ ആരും കാണാത്ത ഏതോ ഒരു ബ്ലൂ ടിഷർട്ട് കാരൻ ലിഫ്റ്റിൽ ഉണ്ടായിരുന്നത്രെ ... ആര്യ ചിരിച്ചുകൊണ്ട് പറഞ്ഞു .

എടീ രമ്യ  ലിഫ്റ്റിന്റെ ബാക്ക് ലെഫ്റ്റ് കോർണറിൽ ഒരു ബ്ലൂ ടി ഷർട്ട് ഇട്ട് ഒരാൾ നിന്നിരുന്നിലെ .  പരിഭ്രമം മറക്കാതെ ജെസ്നി ചോദിച്ചു 

നാല് ഗയ്‌സ് നമ്മുടെ മുൻപിൽ അല്ലെ നിന്നിരുന്നേ? എന്റെ ബാക്കിൽ നീയല്ലേ ഉണ്ടായിരുന്നെ . പിന്നെ സൈഡിൽ  ആര്യ.  നിന്റെ റൈറ്റിൽ മേഘ .  രമ്യ വിശദീകരിച്ചു 

നിങ്ങൾ  വെറുതെ എന്നെ കളിപ്പിക്കല്ലേ കേട്ടോ ...ഞങ്ങൾ  3 പേര് ഉണ്ടായിരുന്നു  ലാസ്റ്റ് റൗ യിൽ .  ലിഫ്റ്റിൽ കേറുമ്പോൾ അയാൾ ആണ് ആദ്യം കയറിയത് .

ഞാൻ കണ്ടതാണലോ നീ ആദ്യം കയറുന്നത് ...ഇതിപ്പോ ആരാ ബ്ലൂ ടീഷർട്ട് ചേട്ടൻ ഇവൾക്ക് മാത്രം കാണാൻ പറ്റുന്നത് ....രമ്യ ചിരി അടക്കാതെ തുടർന്നു ...ആര്യേ ലാലേട്ടന്റെ ഒരു ഫിലിം ഇല്ലേ നയൻതാരയെ ലാലേട്ടന് മാത്രം കാണാൻ പറ്റുന്നത് ... ഇനിയിപ്പോ അങ്ങനെ വല്ലോം ആണോ?

സത്യം നിങ്ങൾ രണ്ടാളും ശ്രദ്ധിച്ചുകാണില്ല അവിടെ ഒരാൾ ഉണ്ടാരുന്നു ... വെറുതെ കളിയാക്കാതെ ഒന്ന് ആലോചിച്ച് പറ .... ജെസ്നി ഇടറിയ സ്വരത്തിൽ പറഞ്ഞു

ഐ ഡി കാർഡും കഴുത്തിലിട്ടുകൊണ്ട്  മേഘ റൂമിൽ നിന്നും പുറത്തേക്ക് വന്നു 

ആ എന്ന പിന്നെ ഇവളോടുംകൂടി ഒന്ന് ചോദിച്ചേക്കാം...നമ്മൾ ലിഫ്റ്റിൽ വന്നപ്പോൾ ഏറ്റോം ബാക്‌സൈഡിൽ ജെസ്നിയുടെ "വാമ" ഭാഗത്തായി ഒരു ബ്ലൂ ടീഷർട്ടിട്ട ചേട്ടനെ നീ കണ്ടാർന്നോ  ... രമ്യ ചിരി പുറത്തുവിടാതെ അടക്കി പിടിച്ചുകൊണ്ട് ചോദിച്ചു 

ഗയ്‌സ് മുഴുവനും മുൻപിൽ അല്ലാരുന്നോ ബാക്കിൽ നമ്മൾ മാത്രമല്ലെ ഉണ്ടാർന്നുള്ളൊ ... ഞാൻ പോട്ടെ ... ഫുഡ് കഴിക്കാൻ നിന്ന ശെരിയാവൂലാ ... മേഘ പുറത്തോട്ട് നീങ്ങി 

മോളെ അപ്പൊ നീ പേടിക്കണ്ട അവൾ കണ്ടിട്ടില്ല.  ബ്ലൂ ടിഷർട്ട് ചേട്ടൻ നിനക്ക് തന്നേ ....രമ്യയും ആര്യയും അടക്കിവെച്ച ചിരി സോഡാകുപ്പി പൊട്ടിച്ച കണക്കെ വാരി വിതറി

ഒന്ന് നിർത്തുന്നുണ്ടോ ....എന്താ സംഭവിക്കുന്നെ എന്ന് മനസിലാകാതെ നിൽകുവാ ഞാൻ ...അപ്പോഴാ ....കുറച്ച നേരം ഒന്ന് മിണ്ടാകാതിരിക്കാമോ ....പരിഭ്രമവും സങ്കടവും അടക്കാനാകാതെ  ജെസ്നി നെറ്റിയിൽ കൈ വെച്ചു . 

ആര്യാ രമ്യയോട്  മിണ്ടണ്ട എന്ന ആംഗ്യം കാട്ടി. അവർ രണ്ടും രമ്യയുടെ റൂമിലോട്ട് പോയി .

 

 

ആര്യ ജെസ്നിയുടെ റൂമിലെ ലൈറ്റ് ഓൺ ചെയ്തു കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന ജെസ്നി .

ആര്യ അവളുടെ അരികിൽ ഇരുന്നു 

ജെസ് ഡിന്നർ കഴിക്കാൻ വാ സമയം 10 ആയി ...

നിങ്ങൾ കഴിച്ചോ ...കണ്ണ് തുടച്ചുകൊണ്ട് മുഖത്തു നോക്കാതെ ജെസ്നി മറുപിടി പറഞ്ഞു .

അയ്യേ ഇപ്പോഴും കരയുവാന്നോ . രമ്യ ....ഇങ്ങോട്ടൊന്ന് വന്നേ ......

രമ്യ അവിടേക്ക് ചെന്നു  

നീ അത് വിട്ടുകള . ഞങ്ങൾ തമാശ പറഞ്ഞതല്ലേ ...നീ അതൊക്കെ സീരിയസ് ആക്കണോ  .... രമ്യ പറഞ്ഞു 

അതല്ല ...അപ്പൊ ഞാൻ മാത്രം കണ്ടത് ആരെയാണ് ....അതാലോചിച്ചാണ് 

അത് ...അത് നിനക്ക് തോന്നിയതാവും ...എന്തെങ്കിലും ആലോചിച്ച് നിന്നപ്പോൾ തോന്നിയതാവും ... നീ അത് വിട്ടുകള .

അല്ല അങ്ങനെ ഒരാൾ ഉണ്ടായിരുന്നു .....എനിക്കുറപ്പാണ് ...

അത്...രമ്യ പറഞ്ഞു തുടങ്ങിയപ്പോളേക്കും  ആര്യ പിന്നിൽ നിന്നും നിർത്താൻ ആംഗ്യം കാണിച്ചു ...എന്നിട്ട് തുടർന്നു . ചിലപ്പോ ഉണ്ടായിരുന്നിരിക്കാം നമ്മൾ രണ്ടാളും ശ്രദ്ധിച്ചുകാണില്ല ... അതായിരിക്കും രമ്യ ...ജെസ് നീ വാ നമുക്ക് കഴിക്കാം ....

ഇല്ല നിങ്ങൾ രണ്ടാളും അങ്ങിനെ ഒരാളെ കണ്ടിട്ടില്ല... എനിക്കറിയാം .. ഇതിപ്പോ എന്നെ സമാധാനിപ്പിക്കാൻ പറയുവാ ...

അതെന്തെങ്കിലും ആകട്ടെ ......നീ വെറുതെ അത് തന്നെ പറയാതെ... ഭക്ഷണം കഴിക്കാൻ നോക്ക്  ...രമ്യ ജെസ്നിയുടെ കൈ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു . 

ഇതെന്താണെന്ന് അറിഞ്ഞിട്ടേ എനിക്ക് മനസമാധാനം കിട്ടു ... ഇപ്പൊ എനിക്ക് വിശക്കുന്നില്ല .. നിങ്ങൾ കഴിച്ച് കിടന്നോ ... ജെസ്നി മൂടിപ്പുതച്ച് കിടന്നുകൊണ്ട് പറഞ്ഞു .

 

 

സമയം രാവിലെ 8 കഴിഞ്ഞിരിക്കുന്നു . ആര്യ രമ്യയുടെ റൂമിലേക്ക് ചെന്ന് അവളെ വിളിച്ചുണർത്തി 

ടീ രമ്യ എണീക്ക് ....ജെസ്നു പനിക്കുന്നുണ്ട് . നിന്റേൽ ടാബ്ലറ്റ് എന്തെങ്കിലും ഉണ്ടോ ?

രമ്യ എണീറ്റ് ബാഗിൽ നിന്നും ഒരു ടാബ്‌ലെറ്റ് സ്ട്രിപ്പ് തപ്പിയെടുത്ത് ഡേറ്റ് കഴിഞ്ഞതല്ലെന്ന് ഉറപ്പുവരുത്തി .

ഇത് നല്ല ഡോസുള്ളതാണ്... അവളാണേ ഇന്നലെ ഒന്നും കഴിച്ചിട്ടും ഇല്ല .... എന്തേലും കഴിപ്പിച്ചട്ട് കൊടുക്കാം 

ഒന്ന് ബഹളം വെക്കാതെ പോ രണ്ടും ....മനുഷ്യൻ ഒന്ന് കിടന്നേ ഉള്ളൂ .... നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വന്ന കിടക്കുന്ന മേഘയുടെ അലർച്ച അവരെ പെട്ടന്ന് പുറത്തോട്ട് നയിച്ചു .

 

അവർ രണ്ടുപേരും ജെസ്നിയുടെ റൂമിൽ എത്തി . രമ്യ അടുത്ത് വന്ന് നെറ്റിയിൽ തൊട്ടുനോക്കി . 

ആ ചെറിയ ചൂടെ ഉള്ളൂ ...ആര്യയോട് പറഞ്ഞുകൊണ്ട്  തുടർന്നു . ടീ ജെസ്നി നീ എണീറ്റ്  എന്തെങ്കിലും കഴിക്ക് . എന്നിട്ട് ഈ ഗുളിക കഴിക്കാം . 

നിങ്ങൾ കഴിച്ചോ ...എനിക്ക് വിശപ്പില്ല ... കണ്ണുകൾ പാതി തുറന്ന് പറഞ്ഞ് തിരിഞ്ഞ് കിടന്നു 

ശെടാ  ഇതിപ്പോ നമ്മളോട് ഇത്രേം വാശി തോന്നാൻ എന്താ ... ആര്യ ചോദിച്ചു 

നിങ്ങളോട് വാശിയൊന്നും ഇല്ല .... ഇതിപ്പോ എന്റെ സ്ഥാനത്ത് നിങ്ങൾ ആണെങ്കിൽ ഒന്ന് ആലോചിച്ച് നോക്കിക്കേ ... ജെസ്‌നി  പറഞ്ഞു നിർത്തി 

ഓക്കേ ... നിനക്ക് ഇന്നലെ ലിഫ്റ്റിൽ ഉണ്ടായ സംഭവം എന്താണെന്ന് അറിയണം അത്രയല്ലേ ഉള്ളോ ? രമ്യ ചോദിച്ചു 

അതെ ...എന്താ വഴി ? ജെസ്നി ചോദിച്ചു 

കുറച്ച് നേരത്തെ ആലോചനക്ക് ശേഷം രമ്യ പറഞ്ഞു.  ഒരു വഴിയുണ്ട് ...നീ  ആദ്യം വന്ന് ഭക്ഷണം കഴിച്ച് ഈ ഗുളിക കഴിക്ക് . എന്നിട്ട് ശെരിയാക്കാം 

അത് പറ്റില്ല ...എന്താ പ്ലാൻ എന്ന് പറ ...എന്നിട്ട് കഴിക്കാം 

ദേ ഡ്രാമയെറക്കാതെ വന്ന് കഴിച്ചോ അല്ലെ എന്റ്റേന്ന് നല്ല കിഴുക്ക് കിട്ടും . ആര്യ ഭീഷണിമുഴക്കി 

നിൽക്ക് ..ഞാൻ പ്ലാൻ പറയാം. ലിഫ്റ്റിന്റെ മുൻപിൽ നിന്നായിരുന്നു പയ്യന്മാർ ഇല്ലേ അവന്മാരോട് ചോദിക്കാം . അതിലൊരുത്തൻ എന്റെ കൂടെ വർക്ക് ചെയ്യുന്നവന്റെ  ഫ്രണ്ട് ആണ് . രമ്യ പറഞ്ഞു 

എന്നാ അവനെ വിളിക്ക് .. ഇപ്പോൾ തന്നെ നമ്പർ വാങ്ങി നമുക്ക് വിളിച്ച് നോക്കാം .. ജെസ്നി തിരക്കുകൂട്ടി 

അവന്മാരൊന്നും എഴുന്നേക്കുന്ന സമയം ആയില്ല .  ഞാൻ ഒരു വാട്സാപ്പ്  വോയിസ് ഇട്ടുവെക്കാം. നീ ഇപ്പോൾ കഴിക്കാൻ വാ

 

 

സമയം  കടന്നുപോയി . രമ്യ  ജെസ്നിയുടെയും  ആര്യയുടെയും റൂമിലേക്ക് കയറിവന്നു.

നമ്പർ കിട്ടിയിട്ടുണ്ട് ...ഞാൻ വിളിക്കാൻ പോകുവാണ് .

ജെസ്നിയും  ആര്യയും  രമ്യയുടെ ഫോണിന്റെ  അടുത്തോട്ടു  ചെവി കൂർത്തു . രമ്യ നമ്പർ ഡയല് ചെയ്തു 

ആ ആദർശ്‌ അല്ലെ ഞാൻ രമ്യ,  ജോബിന്റെ കൂടെ വർക്ക് ചെയ്യുന്നതാണ് ...ആ  ... അതെ .. നിങ്ങളുടെ ഫ്ലാറ്റിന്റെ താഴെ ഉള്ള നിലയില ....ഒരു കാര്യം ചോദിക്കാനായിരുന്നു ...

വെള്ളം വരുന്നില്ലലെ ഫ്‌ളാറ്റിൽ ....അതാണോ ... ആദർശ് ചോദിച്ചു .

ആ ..അതല്ല ... അത് .. ഒരു കാര്യം ചെയ്യാമോ  ... ഒന്ന് ഗ്രൗണ്ടിലോട്ട്  വരാമോ ...? ആ  ഒരു 15 മിനുറ്റിൽ എത്താം.... രമ്യ ഫോൺ കട്ട് ചെയ്തു.

നിനക്ക് കാര്യം ചോദിക്കാര്നില്ലേ .  ജെസ്നി ചോദിച്ചു 

ഫോണിലൂടെ ചോദിച്ച് ശെരിയാവൂല്ല .. നേരിട്ട് സംസാരിക്കാം ....പിന്നെ  സൂക്ഷിച്ചും കണ്ടും ഓക്കേ പറയണം ....ഇവന്റെ  കൂട്ടുകാരൻ ജോബ് എന്ന് പറഞ്ഞ മൊതലുണ്ടല്ലോ.... കഥയടിച്ചിറക്കാൻ ബഹുമിടുക്കനാ.  ഓഫീസിലൊക്കെ  ഇല്ലാത്തത് കണ്ട് പേടിച്ചു എന്നൊക്കെ പറഞ്ഞുനടക്കും.  

അവർ  15  മിനുറ്റിൽ  ഇറങ്ങി . ലിഫ്റ്റിനടുത്ത്  വന്നപ്പോൾ  ജെസ്നി  പിന്നോട്ട്  വലിച്ചു .

അതെ  നമുക്ക്  സ്റ്റെയർകേസ്  വഴി താഴോട്ടിറങ്ങാം 

ഓഹോ ... ഇനി എന്നും  ഇങ്ങനാണോ .... 12th ഫ്ലോർ  വരെ  ഇറങ്ങലും  കേറലും  ആയിരിക്കുമല്ലേ  ... ആര്യ കളിയാക്കികൊണ്ട് പറഞ്ഞു. സ്റ്റെയർ കേസ് വഴി ഗ്രൗണ്ടിൽ എത്തിയപ്പോഴേക്കും ആദർശ് അവിടെ വെയിറ്റ് ചെയുന്നുണ്ടാർന്നു.

 

ഹായ് ആദർശ് ...   രമ്യ പറഞ്ഞു  തുടങ്ങി 

ഹായ് രമ്യ .  എന്താ  പ്രോബ്ലം

ആ  ഇത് ജെസ്നി ... ഇത്  ആര്യ ....ഞങ്ങൾ  12 എ യിലാണ് താമസം ...നിങ്ങൾ  എത്രപേരുണ്ട്  ഫ്‌ളാറ്റിൽ ?

ഞങ്ങൾ  5 പേരുണ്ട് ... 13 സി  യിലാണ് ... എന്തുപറ്റി .

ആലോചിച്ചു  നിന്ന  രമ്യയോട്  ജെസ്നി  ചോദിക്കാൻ  ആംഗ്യം  കാണിച്ചു .

അരുൺ 29 വയസ്  വിശാഖം , വിമൽ 30 വയസ്സ്  തൃക്കേട്ട ,  സിജോ 27 വയസ്സ്  ആർ സി ..ആരെ  പറ്റിയാ അറിയേണ്ടത് ....നിങ്ങളുടെ ചുറ്റിത്തിരിയൽ കണ്ടപ്പോൾ തന്നെ മനസിലായി കല്യാണ  കാര്യം ആണെന്ന് ...ആദർശ്  ചിരിച്ചുകൊണ്ട്  പറഞ്ഞു

 

അതല്ല ....  ഇന്നലെ  വൈകീട്ട്  ലിഫ്റ്റിൽ  നമ്മൾ ഒരുമിച്ചല്ലേ  കേറിയത് .. അപ്പൊ നിങ്ങൾ റൂം  മേറ്റ്സ് 5 പേരും ഉണ്ടാർന്നില്ലേ ? രമ്യ  ചോദിച്ചു 

ഇല്ലല്ലോ ... ഞങ്ങൾ നാലുപേരെ ഉണ്ടാർന്നുള്ളൊ വിമൽ  നാട്ടിൽ പോയേക്കുയാണ് .

അപ്പൊ നിങ്ങളുടെ കൂടെ  ഒരു ബ്ലൂ ടീഷർട്ട്  ഇട്ട ഒരാൾ ഉണ്ടാർന്നില്ലേ ? രമ്യയുടെ ആലോചനക്കിടയിൽ ജെസ്നി സംശയം അടക്കാനാകതെ ചോദിച്ചു .

ബ്ലൂ ടീഷർട്ട് ....അതെനിക്ക് ഓർമയില്ല ....വെയിറ്റ്  ഞങ്ങൾ  ഇന്നലെ  ബീച്ചിൽ വെച്ച് സെൽഫി എടുത്തായിരുന്നു ....മൊബൈലിൽ ഫോട്ടോ  എടുത്ത്  നോക്കികൊണ്ട്  ആദർശ് തുടർന്നു ....ഇല്ലല്ലോ  നോക്കിക്കേ ... പിക്  അവർക്കു  3 പേർക്കും നേരെ നീട്ടി .. എന്നിട്ട്  3  പേരുടെയും  നോട്ടം  നിരീക്ഷിച്ചു ... ഇത്   അരുൺ , ഇത്  സിജോ , ഇത്  ധ്യാൻ  ഹിന്ദിക്കാരനാ അവനെ വിട്ടേക്ക് .. പിന്നെ  ഞാൻ 26  വയസ്സ് ... അരുൺ ചിരിച്ചുകൊണ്ട് പറഞ്ഞു 

 നമ്മളുടെ  കൂടെ   ബ്ലൂ  ടീഷർട്ട് ഇട്ട  ഒരാളുകൂടെ കേറിയില്ലേ  ലിഫ്റ്റിന്റെ പിന്നിൽ ...ജെസ്നി  തുറന്ന് ചോദിച്ചു .

ഇല്ലല്ലോ ..... ലിഫ്റ്റിൽ ഞങ്ങള് നാല് പേരും പിന്നെ നിങ്ങൾ 3 പേരും  അല്ലെ ഉണ്ടായിരുന്നത്  ... ആ നിങ്ങളുടെ  കൂടെ ഒരു  ഗേൾ കൂടെ ഇല്ലായിരുന്നോ 

ആ  അതെ  അവൾ ഞങ്ങളുടെ റൂം മേറ്റ് ആണ് ...രമ്യ ആലോചനയിൽ മുഴുകി  കൊണ്ട് പറഞ്ഞു .

അതെ എന്താ പ്രശ്നം ... ലവ് / മാര്യേജ്  അങ്ങനെ വല്ലതും ആണോ ?  ആദർശ്  ചോദിച്ചു 

അതെ ... ഞങ്ങളുടെ ഒരു ഫ്രണ്ടിന് വേണ്ടിയർന്നു ... പക്ഷെ ഇവരാരും അല്ല ... വേറെ  ഒരാൾക്കാണ് ... ഞങ്ങൾ  തെറ്റി  നിങ്ങളുടെ റൂം  മേറ്റ് ആണോ എന്ന് വിചാരിച്ചു . ആര്യ  ഒരു വിധത്തിൽ  പറഞ്ഞൊപ്പിച്ചു 

ഹോ ഓക്കെ .... എന്തേലും  അന്വേഷിക്കാൻ  ഉണ്ടേൽ  പറഞ്ഞാ മതി ...ആദർശ് മുഖത്തെ സന്ദേഹം മുഴുവൻമാറാതെ ലിഫ്റ്റിലേക്ക്  നീങ്ങി ... പിന്നാലെ  രമ്യയും ആര്യയും നടന്നു... ജെസ്നി അനങ്ങാതെ സ്റൈർക്കസിലേക്ക് ആംഗ്യം കാണിച്ചു.

ഇന്നത്തെ  ഫിറ്റ്നസ്  മതിയെടി ... ഇങ്ങോട്ട്  വാ ... ഒറ്റക്ക്  കോണി കേറുന്നതിലും  നല്ലതല്ലെ ഒരുമിച്ച്  ലിഫ്റ്റിൽ പോകുന്നത് ...അല്ലെ   ആദർശിന്റെ  ശങ്കയുള്ള മുഖത്തേക്ക് നോക്കി  ഒരു ചിരി  ഫിറ്റ് ചെയ്യാൻ ശ്രമിച്ചുകൊണ്ട് രമ്യ പറഞ്ഞു.

ആ ഭീഷണി ഫലിച്ചു ...ജെസ്നി  പാതി  മനസ്സോടെ ലിഫ്റ്റിന്റെ  വാതിലിനോട്  ചേർന്ന്  തിരിഞ്ഞു നോക്കാതെ നിന്നു .

 

നിനക്ക് സത്യം  സത്യമായി ചോദിച്ചാൽ എന്താ ?  വാതിൽ  തുറന്ന്  ഫ്ലാറ്റിലേക്ക്  കയറിയതും ജെസ്നി ദേഷ്യത്തോടെ  രമ്യയോട് ചോദിച്ചു 

അതെ എനിക്ക്  നിന്നെപ്പോലല്ല ... ഓഫീസിൽ അത്യാവശ്യം ബ്രേവ് ലേഡി ഇമേജ് ഓക്കേ ഉള്ളതാ... വെറുതെ ഇല്ലാത്തൊരു കാര്യത്തെ പറ്റി  ചോദിച്ച് എന്റെ ഇമേജ് കളഞ്ഞാൽ ശരിയാകൂല്ല ... നിനക്ക്  അറിയാനുള്ളതൊക്കെ  അറിഞ്ഞല്ലോ ... അവിടെ ഒരു ബ്ലൂ ടിഷർട്ടും  ഉണ്ടായിരുന്നില്ല .. അവന്മാർ നാലുപേർ  എന്റെ മുന്പിലാ  നിന്നിരുന്നേ ... എനിക്ക്  എല്ലാം  കൃത്യാമായി  കാണാം... ജെസ്നിയെ ഒളിഞ്ഞു നോക്കികൊണ്ട് പറഞ്ഞു 

ശേ ... അപ്പൊ  ഞാൻ  കണ്ടത്  എന്താ ?

ഇനി ഇതിനെ പറ്റി ഇവിടെ സംസാരം ഇല്ല .... അസംബ്ലി ഡിസ്‌പെർസ്‌ .. ആര്യ പറഞ്ഞുകൊണ്ട് റൂമിലേക്ക് പോയി.  

വൈകീട്ട്  5 മണി.  ബണ്ണും ചായയും കഴിച്ചുകൊണ്ടിരിക്കുന്ന  മേഘ .

ഇതിനാണോ  ഇന്നലെ രാത്രി മുതൽ നീ  ബഹളം വെച്ചതും പനി പിടിച്ച് കിടന്നതും ....കൊള്ളാം ....കിളിപോയി ഇരിക്കുന്ന സമയത്ത് അങ്ങനെ ഇല്ലാത്തത് പലതും കാണും . ... നീയൊക്കെ നൈറ്റ് ഷിഫ്റ്റ് ജോബ് ആയിരുന്നേൽ ഇതൊക്കെ സ്വാഭാവികം ആയി എടുത്തേനേ .... മേഘ ചിരിച്ചുതള്ളികൊണ്ട് പറഞ്ഞു .

എടി  ഇതങ്ങനെയല്ല .... എന്റെ  മുന്നിൽ ഇപ്പോൾ  നീ ഇരിക്കുന്നത് പോലെ തന്നെ എന്റെ തൊട്ടപ്പുറത്ത് ഒരാൾ ഉണ്ടായിരുന്നു ....നീയൊന്ന് ആലോചിക്ക് നമ്മൾ രണ്ടുപേരും ലിഫ്റ്റിൽ കേറുന്നതിനു മുൻപ് അയാൾ ലിഫ്റ്റ് പ്രെസ്സ് ചെയ്ത് മുന്നോട്ട് പോയത് ഓർക്കുന്നില്ലേ.

 വെറുതെ ഇതുതന്നെ പറഞ്ഞ് പേടിപ്പിക്കാതെ ...കേൾക്കുമ്പോൾ തന്നെ എന്തോപോലെ .... ദേ ഒരു കാര്യം ....നൈറ്റ് ഷിഫ്റ്റ്  കഴിഞ്ഞ് വന്ന് ഞാനാണ്  ഈ റൂമിൽ  വൈകീട്ട് വരെ ഒറ്റക്ക് നിൽക്കേണ്ടത് . പ്ളീസ്  എന്റെ ഉള്ള ഉറക്കംകൂടെ കളയല്ലേ  .... മേഘ പരാതി ബോധിപ്പിച്ച് എന്തോ ജപിച്ചു

 

ഇത് കേട്ടുകൊണ്ട് രമ്യയും ആര്യയും അവർക്കടുത്തേക്ക് വന്നു .

ടീ ജെസ് നിന്നോടല്ലേ ഇതിവിടെ ഇനി സംസാരിക്കരുത് എന്ന് പറഞ്ഞത് ...ആര്യ ദേഷ്യത്തോടെ പറഞ്ഞു 

ഇവൾ ഈ സംസാരം നിർത്തണേൽ അവൾക്ക് ഒരു ഉത്തരം കിട്ടണം ...നമുക്ക് ഒരു സൈക്കോളജിസ്റിനെയോ മറ്റോ കണ്ടാലോ ? മേഘ പറഞ്ഞു 

എനിക്ക് മനസ്സിന് സുഖമില്ല എന്നാക്കുവാണോ നിങ്ങൾ എല്ലാരും കൂടി ...ജെസ്നി പ്രകടമായ  നിസ്സഹായതയോടെ  ചോദിച്ചു 

അവൾ പറഞ്ഞതിലും കാര്യമുണ്ട്  സൈക്കോളജിസ്റ് ആകുമ്പോൾ ഇതിന്റെ റീസൺ വ്യക്തമായി പറഞ്ഞുതരും .. അപ്പോൾ പിന്നെ നിനക്ക് ടെൻഷനും ഉണ്ടാകില്ല . രമ്യ പറഞ്ഞു .

എന്ന പിന്നെ ഇപ്പോൾ തന്നെ ഇറങ്ങിയാലോ ... ഇവൾ ഇത് തന്നെ പറഞ്ഞോണ്ടിരുന്ന ശെരിയാകില്ല ...ആര്യ പറഞ്ഞു 

എന്ന അങ്ങനെ ...എനിക്ക് ഇതിനു ഉത്തരം  കിട്ടിയാമതി .  നല്ല സൈക്കോളജിസ്റ് ആരാ ഉള്ളത് ?  ജെസ്നി ചോദിച്ചു 

ഞാൻ  ഗൂഗിളിൽ ഒന്ന് നോക്കട്ടെ .... രമ്യ സെർച്ച് ചെയ്യാൻ തുടങ്ങിയതും ഫോൺ ബെല്ലടിച്ചു 

എന്താ ആദർശ് ?  ഇപ്പോഴോ? ... ഞങ്ങൾ  ഒരു സ്ഥലം വരെ പോകാൻ നില്കുവായിരുന്നു 

... ഓക്കേ ...ഇപ്പോൾ താഴോട്ട് വരാം ...

നേരത്തെ സംസാരിച്ച കാര്യത്തെപ്പറ്റി എന്തോ സംസാരിക്കാൻ. നമ്മൾ 4 പേരോടും ഇപ്പോൾ താനേ താഴോട്ട് വരാൻ .. രമ്യ ബാക്കി  3 പേരോടുമായി പറഞ്ഞു 

ആ കല്യാണം റെഡിയാക്കികാണും ..ആര്യ ചിരിച്ചുകൊണ്ട് പറഞ്ഞു .

 

 

അവർ നാലുപേരും ഗ്രൗണ്ട് ഫ്ലോറിൽ കാത്തുനിന്നു ...അല്പസമയത്തിനകം ആദർശും റൂംമേറ്റ്സ്  3 പേരും കോണിയിലൂടെ ഇറങ്ങിവന്നു.

ഒരുകാര്യം ചോദിക്കാനായിരുന്നു ....നേരത്തെ നമ്മൾ സാറ്റർഡേ വൈകീട്ട് 8 നു ലിഫ്റ്റിൽ കയറിയ കാര്യം സംസാരിച്ചല്ലോ... അപ്പോൾ ഒരു ബ്ലൂ ടീഷർട്ട് ഇട്ട ആളുടെ കാര്യം പറഞ്ഞില്ലേ.... അതെന്താ ചോദിക്കാൻ ...? ആദർശ് ചോദിച്ചു

നിങ്ങൾ ഇത് ചോദിക്കാൻ കാരണം എന്താ .... ജെസ്നി ആകാംഷയടക്കാനാകാതെ തിരിച്ച് ചോദിച്ചു .

അത് ... രാവിലത്തെ സംഭാഷണം ഞാൻ വെറുതെ ഇവന്മാരോട് പറയുവായിരുന്നു ....വേറെ  ആരോടും പറഞ്ഞിട്ടില്ലാട്ടോ ..ആദർശ്  തുടർന്നു .... അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ചെറിയ കൺഫ്യൂഷൻ .... അന്ന്  ലിഫ്റ്റിൽ നമ്മൾ 8 പേരല്ലാതെ ഒരു ആൾകൂടെ ഉണ്ടായിരുന്നു എന്ന് അരുൺ ഉറപ്പിച്ച് പറയുന്നു . എന്നാൽ അങ്ങനെ ഒരാളെ ഞങ്ങൾ 3 പേരും കണ്ടിട്ടില്ല 

രമ്യയും ആര്യയും മേഘയും അന്താളിപ്പോടെ  ജെസ്നിയെ നോക്കി ... ജെസ്നിയുടെ മുഖത്ത് കുറെ സമയത്തിന് ശേഷം നേരിയ ആശ്വാസം നിഴലിച്ചു . ഇപ്പോൾ എങ്ങനെയുണ്ട് എന്ന ഭാവത്തിൽ അവൾ തിരിച്ചും ഒരു നോട്ടം വെച്ചു കൊടുത്തു  .

സത്യം പറായാം അത് തന്നെയാണ് ഞങ്ങളുടെയും പ്രശ്നം ....ജെസ്നി മാത്രം ഒരു ബ്ലൂ ടീ ഷർട്ട് ഇട്ട ആളെ കണ്ടു . പക്ഷെ ഞങ്ങൾ 3 പേരും അങ്ങനെ ഒരാളെ കണ്ടിട്ടില്ല .  ഇത് പറഞ്ഞാൽ ആദർശ് കളിയാക്കിയെങ്കിലോ എന്ന കരുതിയാണ് ഞങ്ങൾ കല്യാണആലോചന ആണെന്ന് കള്ളം പറഞ്ഞത് ...ഒരു നിമിഷ നേരത്തെ ആശ്ചര്യം കലർന്ന ആലോചനക്ക് ശേഷം രമ്യ ചോദിച്ചു . അരുൺ  കണ്ടത്  എന്താണ് ?

ഞങ്ങള് ഈ വാതിലിലൂടെ ഗ്രൗണ്ട് ഫ്ലോറിലേക്ക് വളരെ പതുക്കെയാണ് നടന്ന് വന്നുകൊണ്ടിരുന്നത് .  ഞാൻ റൈറ്റിലായിരുന്നു നടന്നത് . ഏതാണ്ട്  വാതിൽ കടന്ന ഉടനെ അയാൾ  എന്നെ  പാസ് ചെയ്ത്‌ കടന്നുപോയി . ലിഫ്റ്റിന്റെ മുൻപിലേക്ക് നീങ്ങികൊണ്ട്  അരുൺ തുടർന്നു .  ലിഫ്റ്റ് ഓപ്പൺ ആകുന്നതിന് മുൻപ് അയാൾ റൈറ്റ് സൈഡിൽ ആണ് നിന്നിരുന്നത്  എന്നാണ് ഓർമ .

അതെ  എന്റെയും റൈറ്റ്  സൈഡിൽ ....എന്നിട്ട്  അയാൾ ആണ് ആദ്യം ലിഫ്റ്റിലേക്ക്  കയറിയത് . കയറുന്നതിനു മുൻപേ ഏതോ ഒരു ബട്ടൺ കിക്ക്‌ ചെയ്തു .  എന്നിട്ട് പിറകിൽ ലെഫ്റ്റ് മൂലയിൽ നിന്നു . ഞാൻ അയാളുടെ  റൈറ്റിൽ ആയി . അയാളുടെ മുൻപിൽ ആയി ആര്യ . എന്നിട്ട് 12  എത്തിയപ്പോൾ അയാളെ  തട്ടാതെ  ഞാൻ ചെരിഞ്ഞിറങ്ങി . അതിനാണ്  ഇവൾ  എന്നെ കളിയാക്കിയത് . ജെസ്നി ആര്യയെ നോക്കികൊണ്ട് അതുവരെ ഇല്ലാത്ത വ്യക്തതയിലും കോൺഫിഡൻസിലും തുടർന്നു  . അപ്പോഴാണ്  ഞാൻ മാത്രമേ അയാളെ കണ്ടിട്ടുള്ളൂ എന്ന് മനസിലാക്കിയത് .

എല്ലാവരും ഒരു മിനുട്ടുനേരം സ്തബ്ധരായി ജെസ്നിയെ തന്നെ നോക്കിയിരുന്നു .

12 ത്ത്  ഫ്ലോറിൽ നിന്നും ലിഫ്റ്റ് പോയിട്ട് പിന്നെ എന്താ ഉണ്ടായത് .. രമ്യ അരുണിനെ നോക്കി ചോദിച്ചു .

ഞങ്ങൾ 13 ത്തിൽ ഇറങ്ങി . അയാൾ ബാക്കിൽ ഉണ്ടായിരുന്നു എന്നുറപ്പാണ് .  14 ത്ത്  പ്രെസ്സ്ഡ്  ആയിരുന്നു . എന്നാൽ ഇവരാരും അങ്ങനെ ഒരാളെ കണ്ടിട്ടില്ല എന്ന്  ഇന്ന് സംസാരിച്ചപ്പോളാണ് മനസിലായത് .

സൊ നമ്മൾ 8 പേരിൽ 2 പേർ അയ്യാളെ കണ്ടിരിക്കുന്നു .....എന്തായിരിക്കാം  ചിലർക്ക് മാത്രം കാണാൻ പറ്റുന്നത് ? ആദർശ് അവനവനോടോ മറ്റുള്ളവരോടോ  ആയി ചോദിച്ചു...

മനസ്സിന് കട്ടിയില്ലാത്തവർക്കാണ്  ഇങ്ങനെ പ്രേതങ്ങളെ കാണാൻ പറ്റുന്നത് എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് . ആര്യ പറഞ്ഞു 

അപ്പോഴേക്കും പ്രേതം ആണെന്ന് ഉറപ്പിച്ചോ ? രമ്യ ചോദിച്ചു 

പിന്നെ  അതല്ലാതെ എന്താണ് ?  ജെസ്നിയാണ് അതിന് മറുപിടി പറഞ്ഞത് .

നമുക്ക് ഇതെന്താണെന്ന് അറിയണം അല്ലെങ്കിൽ ആർക്കും സമാധാനം കിട്ടില്ല . ആദർശ് പറഞ്ഞു .

അതെ . പക്ഷെ എങ്ങനെ അറിയും എനിക്ക് ഒരു ബ്ലൂ ടീഷർട്ട് മാത്രേ ഓര്മയുള്ളു . അരുണിന് അയാളുടെ മുഖം ഓർമ്മയുണ്ടോ ? ജെസ്നി ചോദിച്ചു 

ഇല്ല ...ഞാൻ അയാളുടെ മുഖത്തേക്ക് നോക്കിയിരുന്നു പക്ഷെ . എന്റെ ഓർമ്മയിൽ  മുഖം  രെജിസ്റ്റർ  ചെയ്തിട്ടില്ല   . ഏതാണ്ട് നമ്മുടെയൊക്കെ പ്രായം ഉള്ള ഒരാൾ എന്നാണ് എനിക്ക് തോന്നിയത് 

നമുക്ക്  ഈ ലിഫ്റ്റിന്റെ മുന്നിലുള്ള സിസിടിവി  ചെക്ക്‌ ചെയ്തുടെ ? രമ്യ ചോദിച്ചു . 

അതിന് നമ്മൾ പലരേം ഈ സംഭവം കൺവിൻസ്‌ ചെയ്‌യേണ്ടി വരും . എന്നാലും ഞാൻ  കെയർ ടേക്കർനോട് ഒന്ന് സംസാരിച്ച് നോക്കട്ടെ 

അവർ അവിടെ നിന്നും പിരിഞ്ഞ് പോയി .

 

 

പിറ്റേന്ന് വൈകീട്ട് ഓഫീസിൽ  നിന്നും  വൈകീട്ട് 7 മണിയോടെ  രമ്യ തിരിച്ചെത്തി. . മെയിൻ ഹാളിൽ ചിന്തയിൽ മുഴുകിയിരിക്കുന്ന ജെസ്നി . 

ഇവൾ ഇപ്പോഴും കിളിപോയിരിക്കുവാണോ ...രമ്യ  ഫോണിൽ കുത്തികൊണ്ടിരുന്ന ആര്യയോട് ജെസ്നിയെ ചൂണ്ടി പറഞ്ഞു .

ഞാൻ ഒരു 10  തവണയെങ്കിലും പറഞ്ഞതാ വേറെ എന്തേലും ചിന്തിക്കാൻ ...ആരോട് പറയാൻ ആര് കേൾക്കാൻ 

ഞാൻ ഇന്ന് രാവിലെ തൊട്ട് കൊറേ ആൾക്കാരെ കണ്ടു ഓഫീസിലും ഇങ്ങോട്ട് വരുന്ന വഴിയിലും ഓക്കേ . അതിൽ ഇനി ആരൊക്കെ മരിച്ചവരായിരിക്കും . ജെസ്നി വിദൂരതയിലേക്ക് നോക്കി പറഞ്ഞു 

ഇവളിത് എന്തൊക്കെയാ പറയുന്നേ . ആര്യ ഹെഡ്‍ഫോൺ എടുത്ത് ചെവിയിൽ കുത്തികൊണ്ട് പറഞ്ഞു 

മൊബൈൽ റിങ് കേട്ട് രമ്യ ഫോൺ അറ്റൻഡ് ചെയ്തു ....

ആണോ ... ഓക്കെ ....ഇപ്പൊ  വരാം ....

ആദര്ശാണ് വിളിച്ചത് . ...സി സി ടി വി ഫുറ്റേജ്  കിട്ടിയിട്ടുണ്ട് . ഇപ്പോൾ ചെന്നാൽ കാണാം . 

 

അവർ താഴെ ഓഫീസ് റൂമിൽ എത്തുമ്പോഴേക്കും ആദർശും റൂം മെറ്റസും  അവിടെ എത്തിയിരുന്നു . അവരുടെ കൂടെ കെയർ ടേക്കറും ഉണ്ടായിരുന്നു .

സാറ്റർഡേ 8 ന് ശേഷം എന്നല്ലേ പറഞ്ഞേ ...ഇവിടുന്ന് പ്ലേ ചെയാം ... കെയർ ടേക്കർ വീഡിയോ പ്ലേ ചെയ്തു .

എല്ലാവരും ഇമവെട്ടാതെ സ്ക്രീനിലേക്ക് നോക്കി നിന്നു .  

ദേ നിങ്ങൾ ലേഡീസ് നാലുപേർ വരുന്നു ....ദേ  ഇവന്മാർ വരുന്നു ... ദാ  ലിഫ്റ്റ് വന്നു ... ഇല്ലലോ ഇതിൽ നിങ്ങൾ എട്ടുപേരെ ഉള്ളോ....വേറെ ആർക്കേലും എന്തേലും കാണുന്നുണ്ടോ ? കെയർ ടേക്കർ അവരെ എല്ലാരേയും നോക്കി. അരുണിനേയും  ജെസ്നിയെയും ബാക്കിയുള്ളവർ തുറിച്ചുനോക്കി ...രണ്ടുപേരും ഇല്ലെന്ന് തലയാട്ടി 

അവർ എല്ലാം ഓഫീസിന് പുറത്തേക്ക് നടന്നു 

 

എന്തായാലും അയാൾ പോയത് 14 ത്ത് ഫ്ലോറിലോട്ടല്ലേ . നമുക്ക് അവിടെ ഉള്ളവരോട് ഒന്ന് അന്വേഷിച്ചാലോ ? രമ്യ പറഞ്ഞു 

അതുംകൂടി  ഒന്ന് ട്രൈ ചെയ്തേക്കാം   ആദർശ് പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങി വരുന്ന കെയർ ടേക്കരോട്  ചോദിച്ചു  . ചേട്ട  14 ത്ത് ഫ്ലോറിൽ എത്രെ ഫ്ലാറ്റ്സ് ഒക്കുപൈഡ് ആണ് ?

രണ്ടെണം 14 സി  യും 14 ഇ യും .. ഒരു കാര്യ,കാര്യം ...അവരോടൊക്കെ ചെന്ന് ചോദിക്കുമ്പോൾ  സൂക്ഷിച്ച് വേണം . പ്രേതകഥ പോലെ പറയരുത് . മനസിലായല്ലോ ?

അവർ  തലയാട്ടി ...മനസില്ല മനസോടെ ലിഫ്റ്റിൽ കയറി നേരെ 14 ത്ത് ഫ്ലോർ സെലക്ട് ചെയ്തു . ലിഫ്റ്റ്  പതിവിലും വേഗത കുറഞ്ഞതായി അവർക്ക്  തോന്നി ,പതിയെ  ഒപേറാ മ്യൂസിക്  ശബ്ദത്തോടെ ഡോർ ഓപ്പൺ ആയി.  അവർ ഓരോരുത്തരും ശബ്ദമുണ്ടാക്കാതെ പുറത്തോട്ടിറങ്ങി . അവിടത്തെ നിശബ്ദത ഭീതിക്ക് ആക്കം കൂട്ടുന്നതായി അനുഭവപ്പെട്ടു . അവർ ആദ്യം 14 സി യിലോട്ടാണ് ചെന്നത് .  രമ്യ കാളിങ് ബെല്ലടിച്ചു .

50 വയസിനോടടുത്ത ഒരാൾ വാതിൽ തുറന്നു .

സർ ഞാൻ രമ്യ . താഴെ 12  എ യിൽ  താമസിക്കുന്നു . ഒരു കാര്യം ചോദിക്കാനായിരുന്നെ . ഇവിടെ ആരൊക്കെ താമസം ഉണ്ട് ?

ഞാനും ഭാര്യയും .. എന്തുപറ്റി ?

സാറിന്റെ മക്കളോ മറ്റോ  ഈ സാറ്റർഡേ എങ്ങാനും ഇങ്ങോട്ട് വന്നിരുന്നോ ?

ഇല്ലലോ . എനിക്ക് ആകെ ഒരു മകൾ ആണ് ഉള്ളത് .  അവൾ ചെന്നൈയിൽ എഞ്ചിനീയറിംഗ് പഠിക്കുകയാണ് . എന്താ കാര്യം ?

സാറ്റർഡേ ഇവിടെ നമ്മുടെ  കെട്ടിടത്തിൽ ഒരു അപരിചിതൻ  വന്നോ എന്നൊരു സംശയം . കള്ളനോ മറ്റോ ആണോ അതോ ഇവിടെ ഉള്ളവരുടെ ബന്ധുക്കളോ മറ്റോ ആണോ  എന്നറിയാനായിരുന്നു 

ഇല്ല ഇവിടെ ആരും വന്നിട്ടില്ല .

അപ്പുറത്തെ ഫ്ലാറ്റിൽ  ചെറുപ്പക്കാർ ആരെങ്കിലും വന്നതായോ  താമസിക്കുന്നതായോ അറിയാമോ ? 14 ഇ  ചൂണ്ടിക്കൊണ്ട് ആദർശ് ചോദിച്ചു .

ഇല്ല. അവിടെ കുറുപ്പ് സാറും ഫാമിലിയും ആണ് താമസം .  ഇപ്പൊ അടുത്തൊന്നും അങ്ങനെ ആരെയും കണ്ടിട്ടില്ല .

അവർ 14 ഇ യിലോട്ട് നീങ്ങി .... കോളിങ് ബെൽ റിങ്ങിൽ  കുറുപ്പ് സാർ വാതിൽ തുറന്നു . 

എന്താ കുട്ടികളെ എന്താ പ്രശനം ?  കുറുപ്പ് സാർ സ്നേഹം കലർന്ന ചിരിയോടെ ചോദിച്ചു

സാർ ഇവിടെ പുതിയതാണല്ലെ ... രമ്യ ചോദിച്ചു

അതെ ഒരു മാസം ആയിട്ടുള്ളു ഇങ്ങോട്ട്  വന്നിട്ട്  

ഹോ ഓക്കെ  . ഞങ്ങളൊക്കെ താഴെ താമസിക്കുന്നവരാണെ . രമ്യ പറഞ്ഞു 

ഹോ ആണോ ...  .നിങ്ങൾ കയറിവരു ..എല്ലാരും ഇരിക്ക് ...  കഴിക്കാൻ എടുക്കാൻ എന്ന പോലെ കുറുപ്പ് സാർ ഭാര്യയെ നോക്കി . അവർ  അകത്തോട്ട് പോയി ... വന്നവർ എല്ലാവരും അവിടവിടങ്ങളിലായി ഇരിപ്പുറപ്പിച്ചു .

അയ്യോ സാർ വേണ്ട . ഞങ്ങൾ ഒരു കാര്യം ചോദിയ്ക്കാൻ വന്നതാ ... നമ്മുടെ ബിൽഡിങ്ങിൽ സാറ്റർഡേ  ഒരു തെഫ്റ്റ് നടന്നോ എന്നൊരു സംശയം .  ഒരു സസ്‌പെക്റ്റിനെ ഐഡന്റിഫൈ  ചെയ്തിട്ടുണ്ട്. അത് ഇവിടത്തെ ആരുടേങ്കിലും റിലേറ്റീവ്സ് ആണോ എന്നറിയാൻ  വന്നതാ .  സാറ്റർഡേ ഇവിടെ പരിചയക്കാർ ആരെങ്കിലും  വന്നായിരുന്നോ? ആദർശ് ചോദിച്ചു  

ഹോ . ഞാൻ ഇപ്പോളാ അറിഞ്ഞത്  കേട്ടോ. സാറ്റർഡേ ഇവിടെ ആരും വന്നില്ല  . മകളുടെ ഫ്രണ്ട്സ് കുറച്ചുപ്പേർ വന്നായിരുന്നു . അത് പക്ഷെ.... ലാസ്റ്റ് വീക്ക് ആയിരുന്നു .  നിധി ... കുറുപ്പുസാർ മകളെ വിളിച്ചു .

മോൾടെ  ഫ്രണ്ട്‌സ്  ലാസ്റ്റ് ടുസ്‌ഡേ അല്ലെ വന്നത് ?

അതെ ...കുറുപ്പുസാറിന്റെ പുറകിലായി വന്നു നിന്ന് നിധി മറുപിടി പറഞ്ഞു  .

ലാസ്റ്റ് സാറ്റർഡേ  14 ത്ത് ഫ്‌ളോറിലോ മറ്റോ അപരിചിതർ  ആരെങ്കിലും കണ്ടായിരുന്നോ . ആദർശ്‌  നിധിയോടും കുറുപ്പുസാറിനോടും ആയി ചോദിച്ചു .

രണ്ടുപേരും ഇല്ലെന്ന് തലയാട്ടി  

അപ്പോഴേക്കും കുറുപ്പുസാറിന്റെ ഭാര്യ കൂൾഡ്രിങ്ക്‌സ്  ടീപ്പോയിൽ കൊണ്ടുവച്ചു.

ഇതൊന്നും വെണ്ടാർന്നു ഈ സമയത്ത് ... രമ്യ  പറഞ്ഞുകൊണ്ട് ഒരു സീപ്പെടുത്തത്  തുടർന്നു . ആന്റി സാറ്റർഡേ ഇവിട പരിചയമില്ലാത്ത ആരെങ്കിലും കണ്ടായിരുന്നോ ?

ഇല്ലെന്ന് അവരും തലയാട്ടി 

എല്ലാവരുടെയും മുഖത്ത് മ്ലാനത പരന്നു. രമ്യ ചുറ്റും നോക്കി ഇറങ്ങാമല്ലേ. എന്ന മട്ടിൽ എണീക്കാൻ ശ്രമിച്ചതും .ജെസ്നി അവളുടെ ചെവിയിൽ ചോദിച്ചു  പുള്ളിയോട് ആരെങ്കിലും കണ്ടോന്ന് ചോദിക്കുന്നില്ലേ ...

അവളുടെ ഒതുക്കി ചൂണ്ടിയ വിരൽ തുമ്പത്ത്  ഒഴിഞ്ഞൊരു സോഫ കണ്ട്  രമ്യ ചോദിച്ചു നീ ആരുടെ കാര്യമാ പറയുന്നേ ....

ബ്ലൂ ടിഷർട്ട് സോഫയിൽ ...ഉള്ളിലെ വിറയൽ മാറാതെ  അരുൺ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു .  എല്ലാരുടെയും നോട്ടം  അരുണിന്റേയും ജെസ്നിയുടെയും കാഴ്ചയെ പിന്തുടർന്ന് ശൂന്യമായ സോഫയിൽ  വന്നിടിച്ചു .

എന്തുപറ്റി എന്താ എല്ലാരും വല്ലാതിരിക്കുന്നെ ... കുറുപ്പ് സാറിന്റെ ചോദ്യം  രാമ്യയെ  മനസ്സാനിധ്യം വീണ്ടെടുക്കാൻ  സഹായിച്ചു .  മുഖത്തെ ഭീതിയും പരിഭ്രവും മറച്ചുകൊണ്ട് അവൾ ചോദിച്ചു . ഇവിടെ നിങ്ങൾ 3 പേരും അല്ലെ  ഉള്ളോ  ?

 

അതെ ..കുറുപ്പ് സാർ മറുപിടി പറഞ്ഞു 

നിധിക്ക് സിബിലിങ്സ് ? രമ്യ ചോദ്യം പകുതിയിൽ നിർത്തി .

കുറുപ്പുസാർ മൗനം അണിഞ്ഞു . ഭാര്യയുടെ കണ്ണുകൾ നനഞ്ഞു .

നിധി പറഞ്ഞു ചേട്ടൻ മരിച്ചിട്ട് ഒരു വര്ഷം കഴിഞ്ഞു .

ജെസ്നിയുടെ കണ്ണുകളിൽ നീല നിറമുള്ള കൂരിരുൾ നിറഞ്ഞുകവിഞ്ഞു .