Skip to main content
banner
Srishti-2022   >>  Poem - Malayalam   >>  ഭയം

Aravind Kesav K

Allianz

ഭയം

ഇരുട്ട്.

ഇരുട്ടിന്‍റെ നിറമെന്താണ്? കറുപ്പോ?

ഇനി എന്തിന് ഇരുട്ടിനെ ഭയക്കണം.

 

ഇവിടെ ഈ ഇരുട്ടിൽ ആഴിയ്ക്കരികെ നിമിഷാർദ്രം കൊണ്ട് മാടൻ മുതൽ മറുതയായി വരെ രൂപം മാറുന്ന നിഴലുകൾക്ക് മദ്ധ്യേ യിരുന്നിട്ടും ഭയം എന്നെ കീഴ്പ്പെടുത്താത്തത് എന്തുകൊണ്ടാണ് ?

 

ഒരുപക്ഷെ മുത്തശ്ശി പറഞ്ഞു തന്ന യക്ഷി പ്രേത പിശാചുക്കളെ ചെറുത്ത് നിൽക്കുവാനുള്ള മന്ത്രം അബോധത്തിൽ ഉരുവിടുന്നത് കൊണ്ടാകുമോ.

 

അതോ, ഒരിക്കൽ തട്ടിൻപുറത്തെ ഇരുണ്ടകോണിൽ അയാളുടെ ശ്വാസ നിശ്വാസങ്ങൾക്കിടയിൽ പെട്ട് ഭയം പണ്ടേ ഭയപ്പെട്ട് തീർന്നതാകുമോ.

 

പിന്നൊരിക്കൽ ഗോവണിയുടെ കീഴെ നനുത്ത തറയുടെ തണുപ്പേറ്റ് മരവിച്ച തന്‍റെ ശരീരം രക്ഷപ്പെടാൻ വെമ്പിയ അന്ന് രാത്രി ഭയം മരവിച്ചു മരിച്ചു പോയതാകുമോ.

 

പിന്നൊരിക്കൽ അയാളുടെ കൈക്കരുത്തിൽ നിന്നും രക്ഷ നേടാനാവാതെ നിലയില്ലാക്കയത്തിലേക്ക് വീണപ്പോളുയർന്ന നിലവിളിയ്ക്കൊപ്പം മത്സരിച്ച് ഭയം പരാജയപ്പെട്ട് പിന്മാറിയതാകുമോ.

 

പിന്നൊരിക്കൽ തോർത്തു കൊണ്ട് വായ മൂടിക്കെട്ടി കട്ടിലിൽ ചേർത്ത് ബന്ധിച്ചപ്പോൾ നിസഹായയായി കരഞ്ഞന്നേരം ഭയം ശരീരം വിട്ടു പോയതാകുമോ.

 

അയാൾ ബാക്കി വെച്ച് പോയ കഴുത്തിലെയും നാഭിയിലെയും തുടയിലെയും നഖക്ഷതങ്ങൾ വർഷങ്ങൾക്കിപ്പുറവും വേദനിപ്പിക്കുന്നത് എന്ത് കൊണ്ടാണ്.

 

ചൂടുകാറ്റേറ്റ് പറക്കുന്ന തന്‍റെ മുടിയിഴകൾക്കും പറയുവാനുണ്ടാകും സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ശ്വാസം മുട്ടിയ പല രാത്രികളുടെ വേദന.

 

കത്തിയെരിയുന്ന ആഴിയിൽ അച്ചന്‍റെ ചിതയ്‌ക്കരികെയിരിക്കുമ്പോൾ എന്‍റെ ശരീരവും മനസും നോവുന്നില്ല മറിച്ച് ഇതുവരെ തോന്നാത്ത ഒരു സുഖം അനുഭവപ്പെടുന്നു.

 

ഇരുട്ട്.

ഇരുട്ടിന്‍റെ നിറമെന്താണ്? കറുപ്പോ?

ഇനി എന്തിന് ഇരുട്ടിനെ ഭയക്കണം.