Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  അമ്മയാണ് തീരം

അമ്മയാണ് തീരം

തിരുവനന്തപുരത്തെ ഒരു സ്വകാര്യ IT  സ്ഥാപനത്തിൽ ആണ് ഗിരീഷ് ജോലി ചെയ്യുന്നത്. എല്ലാ ആഴ്ചത്തെയും പോലെ ശനി,ഞായർ ദിവസങ്ങൾ വീട്ടിൽ ചിലവഴിക്കാനുള്ള യാത്രയിലാണയാൾ.

സമയം 7മണിയോടടുക്കുന്നു. ധനുമാസത്തിന്റെ കുളിരിന് കാഠിന്യമേകുവാൻ ഇരുട്ട് പടർന്നു കൊണ്ടിരുന്നു.’ലോ-ഫ്ളോർ’ ബസിനുള്ളിലെ തിരക്ക് കൂടിക്കൊണ്ടിരുന്നു.കാത്തിരുന്ന് കിട്ടിയ സ്ഥാനക്കയറ്റത്തിന്റെ സന്തോഷം പങ്കിടാൻ വീട്ടിലേക്ക് ഫോൺ ചെയ്തെങ്കിലും പ്രതികരണം ഉണ്ടായില്ല; നേരിട്ട് കാണുമ്പോൾ അറിയിക്കാം - അത്ഭുതം നിറഞ്ഞ സന്തോഷത്തോടെ.

3 വർഷങ്ങൾക്കു മുൻപ് 'അപ്പോയിന്റ്മെന്റ് ലെറ്റർ’ മുന്നിൽ വെച്ച് നേരിയ അന്ധാളിപ്പോടെ ഇരുന്ന തനിക്ക് വഴിതെളിച്ചത് അച്ഛന്റെ വാക്കുകളാണ്. 

പുത്തൻതുരുത്തിലെ അലയടങ്ങാത്ത ആ സന്ധ്യയിലേക്ക് ഗിരീഷിന്റെ ഓർമ്മകൾ നീങ്ങി. ഗിരീഷ്:”നമ്മൾ ആഗ്രഹിക്കുന്നതും കണക്ക് കൂട്ടുന്നതും ഒന്നും നമ്മുടേതാവില്ല; പഠിച്ച സിവിൽ എഞ്ചിനീയറിങ്ങിൽ ഒരവസരവും  വിളിച്ചില്ല. കിട്ടിയ ഈ പിടിവള്ളി കൊണ്ട് ഞാനെന്റെ അന്വേഷണം അവസാനിപ്പിച്ചാൽ അതൊരു തോൽവിയല്ലേ?”

ഒരു ചിരിയിൽ ഒരുപാട് ഓർമ്മകൾ                 ഒതുക്കിക്കൊണ്ട് അച്ഛൻ ഗോപി:”ആ കടൽ നീ കാണുന്നില്ലേ, പണ്ട് സ്കൂളിലെ പഠിത്തം കഴിഞ്ഞ് കോളേജിൽ ചേരാൻ അച്ഛനോട് അനുവാദം വാങ്ങാൻ വന്നപ്പോൾ ഞാൻ കണ്ടത്  മഞ്ഞപ്പിത്തം ബാധിച്ചു കിടക്കുന്ന അച്ഛന് മരുന്ന് വാങ്ങാൻ കാശ് തികയാതെ ഈ തീരത്തെ വീടുകളിൽ കയറിയിറങ്ങി കടംചോദിക്കുന്ന അമ്മയെയാണ്. വല തുന്നാനും കടലിൽ പോയി നീട്ടി എറിയാനും അന്നേ ഈ ഗോപിക്കറിയാം; പിന്നെ വേണ്ടത് ധൈര്യം - അത് അന്നുണ്ടായി. പിന്നീട് ഒരിക്കലും അമ്മയ്ക്ക് ആ ഗതി വരുത്തിയിട്ടില്ല. ഒരു വർഷം നീ പഠിച്ച പഠിപ്പിന് ജോലി തേടി നടന്നു. പക്ഷേ ഈ ജോലി അതിന്റെ എല്ലാ പരീക്ഷകളും ജയിച്ചു നീ നേടിയതാണ്; നിനക്ക് വേണ്ടിയാണ് ഇതുവരെ എല്ലാം ചിലവാക്കിയത്.

ഇപ്പോ ഹരീഷ് സ്കൂളിൽ ആയിട്ടെ ഉള്ളൂ;.ഇനി അവന്റെ കാര്യങ്ങൾ നീ വേണം നോക്കാൻ.” ഒരു ദീർഘ നിശ്വാസത്തോടെ ഗോപി തുടർന്നു:

“ഞാൻ കടലിൽ പോകുമ്പോൾ തിരകയറുന്നതും കാറ്റ് വീശുന്നതും മാനത്ത് കാറ് കൊള്ളുന്നതും ഒക്കെ നോക്കും. ഈ ജോലി ആ കടലാണെന്ന് വിചാരിക്ക്; അക്കര വരെ നീന്താമെന്ന് നിനക്ക് ഉറപ്പുണ്ടെങ്കിൽ നീ ധൈര്യമായിട്ട് പൊയ്ക്കോ; ചാകര നിന്റെ വലയിൽ കുടുങ്ങും”

കണ്ടക്ടർ വിളിച്ചുണർത്തിയപ്പോഴാണ് ബസ് സ്റ്റാന്റിൽ എത്തിയെന്ന് ശ്രദ്ധിച്ചത്.

                               *****

അതേ ദിവസം പുത്തൻതുരുത്തിലെ വൈകുന്നേരം. ഏതാനും മണിക്കൂറുകളായി പെയ്യുന്ന മഴ ഇതുവരെ ശമിച്ചില്ല. ആലപ്പാട്ടെ എല്ലാവരെയും പോലെ ഗോപിയും ഭീതിയിലാണ് - കടലും കായലും ഒന്നിച്ച് കരയെ ഏത് നിമിഷവും വിഴുങ്ങാൻ കാത്തുനിൽക്കുന്നു. എങ്കിലും ആവോളം അറിയുന്ന തൊഴിൽ ചെയ്യാതെ വീടിനുള്ളിൽ ഇരിക്കാനും മനസ് അനുവദിച്ചില്ല - അയൽവാസിയായ ഖാദറിനൊപ്പം പതിവ് പോലെ കടലിൽ പോയി തിരിച്ചു വരുന്ന വഴി ആ കാഴ്ച അവർ കണ്ടു. കൊട്ടൂർ അമ്പലത്തോട് ചേർന്ന് കിടക്കുന്ന ഭൂമിയിൽ ഉയരുന്ന വെള്ളം.പണ്ട് കൃഷി ചെയ്തിരുന്ന ആ മണ്ണ് അനുമതി ഇല്ലാതെ ഈ തീരത്ത് ഖനനം തുടങ്ങിയതിൽ പിന്നെ തരിശായി. ചെയ്യാൻ ജോലി ഇല്ലാതെ വന്നപ്പോൾ ഒരുപാട് കുടുംബങ്ങൾ ഈ കര വിട്ട് പോയി. ആ പാടത്ത് വെള്ളം കയറിയാൽ കന്നേറ്റിക്കരയിലെ ബണ്ടും കൊറ്റിക്കുളത്തെ പാലവും മാത്രമെ മണ്ണിന് താങ്ങുണ്ടാവൂ; ഇവ രണ്ടും കരകവിയാൻ മണിക്കൂറുകൾ മതി. അങ്ങനെ സംഭവിച്ചാൽ പുത്തൻതുരുത്ത് മുഴുവനും വെള്ളത്തിനടിയിലാവും. ഹരീഷിന് 6 വയസ്സുള്ളപ്പോൾ ഉണ്ടായ ഒരു കടൽക്ഷോഭത്തിൽ അവർക്ക് അമ്മയെ നഷ്ടമായി.അന്ന് നടന്ന പ്രതിഷേധങ്ങളുടെ ഫലമാണ് ഒന്നര കിലോമീറ്റർ നീളമുള്ള കടൽഭിത്തി. ഇനി ആരുടെയും ജീവൻ കടലെടുക്കില്ലെന്ന വിശ്വാസം ഇവിടുത്തുകാർക്ക് ഉണ്ടായിരുന്നു. എന്നാൽ,

കോരിയെടുത്ത മണൽത്തരികൾക്കൊപ്പം ആ വിശ്വാസവും ഇവിടെ നിന്ന്   അപ്രതീക്ഷിതമായിരിക്കുന്നു.

 ചിന്തകളിൽ നിന്നും ഉണർത്തിയത് തന്നെ അന്വേഷിച്ചെത്തിയ ഹരീഷിന്റെ വള്ളം. നേരം ഇരുട്ടി തുടങ്ങിയിരുന്നു.

ഖാദർ:”എന്താ ഇപ്പൊ ചെയ്യേണ്ടത് ഗോപിയേട്ടാ?”

ഗോപി:”ഞാനും ഹരിയും കൂടി അമ്പലമുറ്റത്തൊരു ബണ്ട് കെട്ടാം.കൊറ്റിക്കുളത്തെ ആൾക്കാരെ പന്മനയ്ക്ക് മാറ്റാൻ നിനക്ക് പറ്റുമോ?കരയിലെത്തി നമ്മുടെ പിള്ളേരെയും കൂട്ടിക്കോ”

                               ****

സ്റ്റാന്റിലെ ഓർഡിനറി ബസ് ലക്ഷ്യം വെച്ച് നടന്ന ഗിരീഷിനെ തടഞ്ഞുകൊണ്ട് ബക്കറ്റ് പിരിവുമായി ഒരുപറ്റം ചെറുപ്പക്കാർ എത്തി. 'സേവ് ആലപ്പാട്’ എന്ന വാചകത്തോടൊപ്പം ഗിരീഷിന് മുന്നിൽ പരിചിത മുഖങ്ങൾ. ഗിരീഷ് ബസ്സിലേക്ക് നോക്കി - പകുതി യാത്രക്കാർ , അടുത്ത ബസ്സിലെ കണ്ടക്ടറുമായി വാഗ്വാദത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡ്രൈവർ.

ഒരു സംഭാവനക്കായി കാത്ത് നിന്ന അവരോട് ബക്കറ്റിന്റെ നിറം നോക്കാതെ ഗിരീഷ് പറഞ്ഞു: “കുറെ അണികൾക്കും അതിനുമേലെ ഉള്ള നേതാക്കൾക്കും കൊത്തിത്തിന്നാൻ വേണ്ടി ആ തീരത്തെ കാരണമാക്കരുത്.

യഥാർഥ സ്നേഹമാണ് നിങ്ങൾക്ക് നാടിനോട് ഉള്ളതെങ്കിൽ അവശേഷിക്കുന്ന മണ്ണ് നിലനിർത്താൻ ശ്രമിക്കുന്ന പാവങ്ങൾക്ക് വേണ്ടി ആ തീരത്ത് കാവൽ നിൽക്ക് “

തർക്കത്തിന് നിൽക്കാതെ അണികൾ പിൻവാങ്ങി.

പുത്തൻതുരുത്തിലേക്കുള്ള ബസ് അതിന്റെ യാത്ര തുടങ്ങി.  

                               ***

മഴ വീണ്ടും ശക്തി പ്രാപിച്ചു. വഞ്ചിയിൽ കരുതിയിരുന്ന പിക്കാസും മറ്റുമായി ഇരുവരും ബണ്ട് നിർമ്മാണത്തിൽ മുഴുകി. മഴ തുടങ്ങിയപ്പോൾ തന്നെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നതിനാൽ ഇരുവരും നന്നേ ബുദ്ധിമുട്ടി. സമീപത്തുള്ള വീടുകളിൽ നിന്ന് സഹായം ചോദിക്കാൻ ഹരീഷ് പോയി. എന്നാൽ, കുതിച്ചുയരുന്ന അഷ്ടമുടിക്കായലിന്റെ വേഗം ഗോപിയുടെ താളം തെറ്റിച്ചു;ഒഴുക്കിനൊപ്പം അയാൾ ദൂരെയെത്തി. ശബ്ദം കേട്ട് പിന്നാലേ ചാടിയെങ്കിലും കണ്ണെത്താത്ത ദൂരത്തെ ഇരുട്ടിൽ എന്ത് ചെയ്യണമെന്ന് അറിയാതെ ഹരീഷ് കുഴങ്ങി.

                                 **

അതേ ദിവസം രാവിലെ തലസ്ഥാനത്ത് എഞ്ചിനീയർസ് ഫോറം എന്ന കൂട്ടായ്മയും സ്ഥലം എംഎൽഎ യും ഖനനത്തിനായി കരാർ ഒപ്പിട്ട കമ്പനിയും ഉൾപ്പെട്ട യോഗം. ഈ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചതും ഊട്ടി ഉറപ്പിച്ചതും ഗിരീഷ് ആയിരുന്നു. വിദേശ രാജ്യങ്ങളിലെ സമാനസാഹചര്യങ്ങളുടെ അനുഭവസമ്പത്തുമായി വന്ന ഒരു വിദഗ്ധ എഞ്ചിനീയർ പറഞ്ഞു

“എണ്ണ, ധാതുക്കൾ എന്നിവ പോലെ അല്ല മണൽ ഖനനം ചെയ്യുമ്പോൾ.ആ ഭൂമിയുടെ ഘടന, മണ്ണിന്റെ ഉള്ളടക്കം എന്നിവ തന്നെ എന്നെന്നേക്കുമായി മാറുന്നു. ഒരു ഗ്രാമത്തിൽ ഇന്ന് സംഭവിക്കുന്നത് നാളെ ഈ ജില്ലയ്ക്ക് തന്നെ ഭീഷണിയായി മാറിയേക്കാം”

മുന്നണി നയങ്ങളും നിലപാടുകളും എതിർവാദഗതികളും കൊണ്ട് ആ മുറി പ്രകമ്പനം കൊണ്ടു. പരിസ്ഥിതി സംരക്ഷണ സമിതിയുടെ മുന്നറിയിപ്പുകൾ അവഗണിക്കുവാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പുറത്ത് വന്നിരുന്നു. കീഴടങ്ങലിന്റെ വക്കെത്തിയ പോരാട്ടത്തിൽ നേതാവിന്റെ മറുപടിയ്ക്കായി ഗിരീഷും സംഘവും കാത്ത് നിന്നു.

                              *

 മഴ ശമിച്ചു.ഏതാനും നിമിഷങ്ങൾ നീണ്ട നിശബ്ദതയുടെ ഒടുവിൽ കുറച്ചു അകലത്തായി ഒരു വഞ്ചിയിൽ റാന്തൽ വിളക്കുകൾ തിരിയുയർത്തി.  ഖാദർ അയച്ച ചെറുപ്പക്കാർ ഗോപിയെ ഒഴുക്കിൽ നിന്നും കരകയറ്റി. 

ബണ്ടിന്റെ ബാക്കി ജോലികൾ അവർ ഏറ്റെടുത്തു. അവശനായിരുന്ന ഗോപിയെയും കൊണ്ട് ഹരീഷ് വീട്ടിൽ എത്തി. 

ജംഗ്ഷനിൽ നിന്നും ഗിരീഷ് നടന്ന് വീട്ടിൽ എത്തിയപ്പോഴേക്കും ഗോപി ഊർജസ്വലതയോടെ തന്റെ റേഡിയോ ഓൺ ആക്കി.

“ദീർഘനേരത്തെ ചർച്ചകൾക്ക് ഒടുവിൽ ഖനനം നിർത്തിവെക്കുവാനും തീരദേശം   ജനവാസയോഗ്യമാക്കുവാനും സർക്കാർ തീരുമാനം പുറപ്പെടുവിച്ചു.”

അന്നത്തെ അത്താഴത്തിന് അവർക്ക് പരസ്പരം പങ്കുവെയ്ക്കാൻ ഒരു വലിയ കഥ തന്നെ ഉണ്ടായിരുന്നു - ഒരു നാടിനെ രക്ഷിച്ച കഥ !

തിരികെ എത്താൻ ഒരു തീരം ഉണ്ടെന്ന വിശ്വാസത്തിൽ മറുനാടുകളിൽ പോകുന്ന ഏവർക്കും നാടിന്റെ വേദന അമ്മയുടെ ശാസന പോലെ തീഷ്ണമാണ്..

 

 

പ്രതീക്ഷകൾ കൺതുറക്കുന്ന ഒരു ശുഭദിനം നമ്മുടെ തീരുമാനങ്ങളിലൂടെ, പ്രവർത്തികളിലൂടെ, വാക്കുകളിലൂടെ പിറക്കുവാൻ നമുക്ക് പ്രത്യാശിക്കാം...