Skip to main content
banner
Srishti-2022   >>  Short Story - Malayalam   >>  അടക്കം

Rohith K A

TCS

അടക്കം

എട്ടുമണി സീരിയലിൽ പട്ടുസാരിയുടുത്ത വീട്ടുകാരി ഏതോ അവിഹിത കഥ പറയുന്നതിനിടയിൽ പെട്ടെന്നൊരു ഇടവേള വന്നു. ടി വി യിൽ  'ചാവറ' മാട്രിമോണിയുടെ പരസ്യമെത്തി. ഫോണും തോണ്ടി കഷ്ടകാലത്തിന് അന്നേരം സോഫയിൽ കാലു നീട്ടി കിടക്കാൻ തോന്നിയ അന്നമോളെ വീട്ടുകാർ ഒന്നിച്ച് ഒന്ന് തുറിച്ചു നോക്കി.

"ഇക്കൊല്ലം ഇരുപത്തെട്ടാവും. ഇനിയും വെച്ച് നീട്ടിക്കൂടാ. എടാ അന്തോണി, നിനക്ക് വല്ല വിചാരോം ഉണ്ടോ..? തന്തപ്പടിയാണ് പോലും. പെണ്ണ് മൂത്ത് നരച്ചു." വല്യമ്മച്ചി കലി കൊണ്ടു. അപ്പനത് ഉള്ളിൽ കൊണ്ടു.
"കേട്ടാ തോന്നും ഞാൻ പറയാത്ത കേടാന്ന്. എന്റെ കൊച്ചേ, മനസ്സിൽ ആരേലും ഉണ്ടേല് അതിങ്ങ് പറ. അല്ലേല് ഇങ്ങനെ ഒഴിഞ്ഞ് മാറാതെ ആ കാര്യം അപ്പന് ഇങ്ങ് വിട്ട് താ. മണി മണി പോലത്തെ നസ്രാണിച്ചെക്കന്മാർ ഈ മുറ്റത്ത് ക്യൂ നിക്കും."
കോളേജിൽ പഠിക്കുന്ന കാലത്തെ ദിവ്യ പ്രേമം അവസാനത്തെ കൊല്ലം വീട്ടിൽ പറഞ്ഞതിന്റെ പുകില് അന്ന ഒന്ന് ഓർത്തപ്പോഴേക്കും അപ്പൻ ഫോണിൽ ചാവറ മാട്രിമോണി ഡൗൺലോഡ് ചെയ്ത് കഴിഞ്ഞിരുന്നു.
നായികയുടെ മകളുടെ യഥാർഥ അച്ഛൻ ആരാണെന്ന സസ്പെൻസ് ബാക്കിയാക്കി സീരിയൽ കഴിയുമ്പോഴേക്കും കല്യാണ മാർക്കറ്റിലെ ഉൽപ്പന്നങ്ങളുടെ ലിസ്റ്റിലേക്ക് അന്നയും രംഗപ്രവേശം ചെയ്തു:
അന്ന ആന്റണി, 27 Years, 5'8" , RC സിറിയൻ ക്രിസ്ത്യൻ, B.E. കമ്പ്യൂട്ടർ സയൻസ്.

രമ്യയും അപർണയും ഇതറിഞ്ഞാൽ തല്ലിക്കൊല്ലും! കല്യാണംന്ന് കേട്ടാ തന്നെ പുച്ഛിക്കും. മാട്രിമോണീന്ന് കൂടി പറയുമ്പോ... വരുന്ന ശനിയാഴ്ച വാഗമണിൽ ഒന്നിച്ചു കൂടുന്നുണ്ട്. അപ്പോൾ പറയാം. അമ്മച്ചിക്ക് അവരുടെ പേരു കേൾക്കുന്നതേ കലിപ്പാണ്.
"അതിറ്റുങ്ങളാണ് എന്റെ കൊച്ചിനെ കൊണ്ട് കളയുന്നത്.. അതെങ്ങനെയാ, അഴിച്ച് വിട്ടേക്കുവല്ലേ വീട്ടീന്ന്. പെൺപിള്ളേരായാ ഇച്ചിരി അടക്കോം ഒതുക്കോം വേണം. ഇവിടുള്ളവളോട് കൂടെ പോണ്ടാന്ന് പറഞ്ഞാ എന്റെ മെക്കിട്ട് കേറാൻ വരും. മാതാവേ...!"

ഇന്നലയേ വീട്ടിൽ നിന്ന് ഇറങ്ങിയ അവരു രണ്ടും ഏതെങ്കിലും കാട്ടുമുക്കിൽ കുറ്റിയടിച്ച് ആർമാദിക്കുന്നുണ്ടാവും!

"ഞാൻ നിനക്കൊരു ആമ്പൽപ്പൂവിറുത്തു തരട്ടേ?!" കുളത്തിൽ കഴുത്തോളം മുങ്ങി അപർണ ചോദിച്ചു.
രമ്യ ഒരു കള്ളച്ചിരിയോടെ കരയ്ക്കിരുന്ന് അവളെ നോക്കി : "അയ്യടാ.. പൂവ് നീ തന്നെ വെച്ചാ മതി; എനിക്കേയ്, കൂമ്പി നില്ക്കുന്ന ആമ്പലിന്റെ മൊട്ടാ ഇഷ്ടം! അത് ഇരുട്ടത്ത് വന്ന് ഞാൻ തന്നെ പറിച്ചോളാം.. മോളിങ്ങ് കേറി വന്നേ!"

അന്ന് ഉച്ചക്ക് അന്ന മല കേറി.
വൈകുന്നേരം മൂവരും മൊട്ടക്കുന്നിന്റെ മേലെ വട്ടത്തിലിരുന്നു.
"ഒന്ന് രണ്ടെണ്ണം കൊള്ളാം. ഈ ഹൈറ്റാണ് പ്രശ്നംന്നേ. എന്നേക്കാൾ പൊക്കമില്ലാത്തെ ഒന്നും വീട്ടിൽ സമ്മതിക്കുകേല"
" എന്നാപ്പിന്നെ വല്ല ജിറാഫിനേം കൊണ്ട് കെട്ടിക്കാം" രമ്യ ആർത്തു ചിരിച്ചു.
"ഹാ ബെസ്റ്റ്! കാലത്ത് ബോഡിഷെയ്മിങ് എഫ് ബി പോസ്റ്റ്, വൈകീട്ട് ഇമ്മാതിരി ഡയലോഗ്." അപർണ എന്നും #ഇരയോടൊപ്പം ആണ്!

"ബ്ലഡി ഫൂൾസ്! നമ്മൾ സബ്ജക്ടിൽ നിന്നും വഴുതിമാറുന്നു. എന്റെ കാര്യത്തിൽ മര്യാദക്ക് ഒരു തീരുമാനം ആക്കിത്താ. അല്ലെങ്കി വീട്ടുകാര്  ഏതെങ്കിലും കോന്തനെ പിടിച്ച് തലേൽ കെട്ടി വെക്കും." അന്ന അവരെ തിരികെ കൂട്ടി വന്നു.
"എന്റെ പൊന്നന്നാമ്മോ... ഈ കെട്ടെന്ന് പറേന്ന തന്നെ ഒരു കെട്ട ഏർപ്പാടാ.. പിന്നെ മാട്രിമോണി. രണ്ട് ഫോട്ടോ, ഹൈറ്റും വെയ്റ്റും, കാസ്റ്റും സബ്കാസ്റ്റും അതിന്റെ ചോടെ വല്ലോം ഉണ്ടേൽ അതും, മേമ്പൊടിക്ക് ഇച്ചിരി കുടുംബ പുരാണം, എടങ്കണ്ണിട്ട് ആനുവൽ ഇൻകം. എന്നാത്തിനാ?! ഫോർ സെലക്റ്റിങ്ങ് എ ലൈഫ് പാർട്ണർ!"

"ഹാ.. വെറുതേയല്ല, നിങ്ങടെ കൂടെയാണെന്ന് പറഞ്ഞാ വീട്ടീന്ന് വിടാത്തെ." അന്നക്ക് അരിശം വന്ന് മൂക്ക് ചുവന്നു.
"പൊട്ടത്തീ, നീ ഇത്തവണേം വീട്ടിൽ പറഞ്ഞാ..! "
"പറയാതെ പിന്നെ. എറണാകുളം പോവുന്നൂന്ന് കള്ളം പറഞ്ഞ് അമ്മയുടെ ഉമ്മയും മേണിച്ച് ചിരിച്ച് കളിച്ച്  വീട്ടീന്ന് ഇറങ്ങി ഇഷ്ടുള്ളോർടെ കൂടെ ട്രിപ് അടിക്കാൻ എനിക്ക് നിങ്ങടെ അത്ര സ്കിൽ ഇല്ലല്ലോ." അന്നയ്ക്ക് അവരോട് അസൂയ തോന്നി.
അപർണ ആശ്വസിപ്പിച്ചു: "അങ്ങനെയല്ല പെണ്ണേ.. വീട്ടുകാർക്ക് ഇതൊന്നും ഇഷ്ടപ്പെടാൻ പോന്നില്ല. വയസ്സ് കാലത്ത് അവരെ പറഞ്ഞ് കൺവിൻസ് ചെയ്യുന്നതിനും ഒരു ലിമിറ്റ് ഇല്ലേ.. അവരോട് സ്നേഹം ഇല്ലാത്തോണ്ടോ അവർക്ക് നമ്മളോട് എന്തെങ്കിലും വിരോധം ഉള്ളതോണ്ടോ അല്ല. അവരെ കുറ്റം പറഞ്ഞ് അടി ഉണ്ടാക്കി വെഷമിപ്പിക്കുന്നതിനേക്കാ നല്ലത് ഇങ്ങനെയല്ലേ..?. അമ്മക്കുള്ളത് അമ്മക്ക്; നമ്മക്ക് തോന്നുന്നത് തോന്നുന്നവർക്ക്!  ഇന്നത്തെ കാലത്ത് സന്തോഷം വേണോ, രണ്ട് ലൈഫ് ജീവിക്കണം! ജീവിതം മൊത്തം സ്റ്റാറ്റസും സ്റ്റോറിയും ആക്കി നാട്ടുകാർക്ക് നക്കാൻ ഇട്ട് കൊടുക്കാണ്ട് നിന്നാ മതി.. തെണ്ടികൾ!"

രാത്രി അവർ കള്ളു കുടിച്ചു. നക്ഷത്രങ്ങളെ നോക്കി കിടന്ന് ആകാശത്തേക്ക് പുക തുപ്പി. അന്നയ്ക്ക് കയ്ച്ചു. അന്ന ചുമച്ചു.  തനിക്ക് ആസ്വദിക്കാൻ കഴിയാത്ത സ്വാതന്ത്ര്യത്തിന്റെ നടുവിലിരുന്ന് അന്ന നെടുവീർപ്പിട്ടു.

തിരിച്ച് വീട്ടിലെത്തിയ അന്നയുടെ ചിന്തയിലാണ്ട മുഖം കണ്ട്  അമ്മ വിജയഭാവത്തിൽ പറഞ്ഞു: 'അപ്പഴേ പറഞ്ഞതാ അവരുടെ കൂടെ പോണ്ടാന്ന്'.

സ്വാതന്ത്ര്യത്തിന്റെ വേനലേറ്റ് അവൾക്ക് പൊള്ളി. തന്റേത് മാത്രമായ ഒരു കാല്പനിക ലോകത്തിന്റെ കുഞ്ഞു തിരമാല കാലിൽ തഴുകി ആശ്വസിപ്പിച്ചു. എങ്ങനെയാണ് താനൊരു പങ്കാളിയെ കണ്ടെത്തേണ്ടതെന്ന മാനദണ്ഡങ്ങൾ ആലോചിച്ച് തല പെരുകി. തീരത്ത്, പെട്ടെന്ന് തനിച്ചായ പോലെ.

അപ്പനും അമ്മക്കും ആലോചിക്കാൻ അധികം തലപുകയ്ക്കേണ്ടി വന്നിരുന്നില്ല.
"അഞ്ചടി എട്ടിഞ്ച്. പോര. രണ്ടാളും നിൽക്കുമ്പോൾ ചെക്കന്റെ ചുമലിന്റെ അത്ര വരണം. അതാ അതിന്റെ കണക്ക്. "
" ഇത് വേണ്ട. ഇത്തിരിക്കൂടി തടി വേണം "
" നെറം പോര. കാണുമ്പോ ഒരു മാച്ച് വേണ്ടേ?"
" ഈ പ്രൈവറ്റ് ജോലി ഒന്നും നമ്പാൻ ഒക്കത്തില്ലന്നേ.. എപ്പോ പറഞ്ഞു വിടുമെന്ന് ആർക്കറിയാം!"
ആരുമറിയാതെ നാട്ടിൽ അന്വേഷണങ്ങൾ വന്നു. "ഞങ്ങള് അടുത്തറിയാവുന്ന ആൾക്കാരല്ലിയോ.. നല്ല അടക്കമൊള്ള കൊച്ചാ.."

അടുക്കിപ്പെറുക്കിയുള്ള തിരച്ചിലുകൾക്കൊടുക്കം ഒത്ത ഒരെണ്ണം അങ്ങ് വന്നു. ആറടിപ്പൊക്കം. സ്റ്റേറ്റ് ബാങ്കിൽ ഓഫീസർ. ഫേസ്ബുക്ക് തപ്പിക്കണ്ടുപ്പിടിച്ച് സ്ക്രോൾ ചെയ്ത് ഭൂമിക്കടിയിലെത്തി. ആളിച്ചിരി പുരോഗമനം ഒക്കെ പറയുന്ന കൂട്ടത്തിലാ.. വല്യ തരക്കേട് ഇല്ലായിരിക്കും. പണ്ട് ബാസ്കറ്റ് ബോൾ ടീം ക്യാപ്റ്റനൊക്കെയായിരുന്നു. ഇപ്പോ ഇച്ചിരി വയറുണ്ട്. മുടി കുറച്ച് പോയിട്ടുണ്ട്. അത് സാരമില്ലെന്നേ. ഇന്നിപ്പോ ആർക്കാ നേരാംവണ്ണം മുടിയുള്ളേ!

പുതിയ കിയ സെൽടോസിൽ പെണ്ണ് കാണാൻ വന്നു. ഒറ്റയ്ക്കുളള സംസാരത്തിൽ കുട്ടിയുടെ കരിയർ പ്ലാൻസിനെ കുറിച്ചും ഗവൺമെന്റ് എക്സാംസ് എഴുതുന്നതിനെ കുറിച്ചും ചോദിച്ചു. 'പണ്ടത്തെപ്പോലെ അല്ലല്ലോ; നമുക്ക് കുറച്ച് നാൾ പുറത്തൊക്കെ ഒന്ന് കറങ്ങി അത്യാവശ്യം പരിചയം ആയിക്കഴിഞ്ഞ ശേഷം ബാക്കി ആലോചിക്കാം'  എന്ന തീരുമാനത്തിൽ പിരിഞ്ഞു.

രണ്ട് സിനിമയും മൂന്ന് നാല് കറക്കവും അഞ്ചാറ് ഡിന്നറും  കഴിഞ്ഞപ്പോൾ സംഭവം സെറ്റായി. ഇനിയെന്തിനാ വലിച്ചു നീട്ടുന്നേ. വീട്ടുകാർ ഒന്നു കൂടി ഒന്ന് ആലോചിച്ചപോലെ വരുത്തി അടുത്ത മാസം അവസാനം മനസ്സമ്മതം അങ്ങ് ഉറപ്പിച്ചു.

പിന്നെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് ആയി, പെട്ടെന്ന് പൊട്ടി വീണ വിശുദ്ധ പ്രേമത്തിന്റെ ഈരടികൾ നാലാളെ കേൾപ്പിക്കാനുള്ള വെമ്പലായി, ബോഡി ഫിറ്റാക്കിയെടുക്കാനുള്ള തത്രപ്പാടായി, ഡ്രസ്സ് എടുക്കലായി, മേക്കപ്പായി, മനസമ്മതമായി, മിന്നുകെട്ടലായി, ഫോട്ടോസ് കൊണ്ട് ഫീഡ് നിറച്ച് നിർവൃതിയടഞ്ഞു.

കല്യാണം കൂടിക്കഴിഞ്ഞ് രമ്യയും അപർണയും ഈ വർഷത്തെ മഞ്ഞുവീഴ്ച തുടങ്ങിയതറിഞ്ഞ് വടക്കോട്ട് വച്ചു പിടിച്ചു. അവളെ ഒന്നു കൊതിപ്പിച്ചു കളയാം എന്നു കരുതി അവിടുന്ന് വീഡിയോ കോൾ ചെയ്തെങ്കിലും എടുത്തില്ല.
"പുതുമണവാട്ടിയല്ലേ... നേരം കാണില്ല ."

ഏത് മല മുകളിൽ പോയാലും ഇപ്പോൾ ഓഫീസ് കൂടെ വരും. വർക്ക് ഫ്രം ഹോം തുടങ്ങിയ ശേഷം ലീവ് എടുക്കാതെ യാത്ര പോവാം എന്നൊരു സൗകര്യം കൂടി വീണുകിട്ടി. മലമുകളിലെ തണുപ്പിൽ ഓഫീസ് ലാപ്ടോപ് തുറന്നു വച്ചു പണിയെടുക്കുമ്പോൾ, എന്തുകൊണ്ട് തങ്ങൾക്ക് ഇന്ത്യാ മഹാരാജ്യത്തെ ഐടി പ്രൊഫഷണൽ പെണ്ണുങ്ങൾക്ക് മാത്രമായി ഇവിടെയിരുന്നു പണിയെടുക്കാൻ പാകത്തിന് ഒരു ഫെസിലിറ്റി തുടങ്ങിക്കൂടാ എന്ന് ആലോചിച്ചു. എത്ര കാലംന്ന് വച്ചാ അടങ്ങിയൊതുങ്ങി വീട്ടിൽ കൂടാനാവുക! രണ്ട് ജീവിതങ്ങളുടെ ലക്ഷ്വറി, എല്ലാവർക്കുമില്ലല്ലോ!

യാത്ര കഴിഞ്ഞ് തിരിച്ചെത്തി ദിവസം കുറേ കഴിഞ്ഞിട്ടും അന്നക്കുട്ടിയുടെ മിണ്ടാട്ടമില്ല.
"കല്യാണം കഴീമ്പോ എല്ലാരും മാറുന്ന പോലെ ഇവളും മാറിപ്പോയോ ഇനി?! മെസ്സേജിനു റിപ്ലൈ ഇല്ല, ഫോൺ വിളിച്ചാൽ എടുക്കുന്നില്ല.. പക്ഷേ ആളു ആക്ടീവ് ആയി ഉണ്ട് താനും. ഇന്നലെ ഭർത്താവിന്റെ വീട്ടിലെ വകയിലെ ആരുടേയോ കൊച്ചിന്റെ ബർത്ത്ഡേയ്ക്ക് സ്റ്റാറ്റസ് ഇട്ടു കണ്ടതാണല്ലോ.."
" ഓൺലൈൻ ഉണ്ടല്ലോ.. ഇപ്പോ ശരിയാക്കിത്തരാം." രമ്യ നല്ല രണ്ട് മലയാളം തെറി അയച്ചു കൊടുത്തു. അപർണ അതിലെ സ്ത്രീവിരുദ്ധത ചികഞ്ഞെടുത്തു.
അടുത്ത നിമിഷം മറുപടി വന്നു : " Don't use bad words like these "
"ഏഹ്! എന്നാ കാണണല്ലോ!"  രമ്യ തിരിച്ച് വിളിച്ചു. വാട്ട്സ്ആപ്പ് കോൾ എടുത്തത് അയാളായിരുന്നു. അവൾ കുളിക്കുകയാണെന്ന് പറഞ്ഞു. അപ്പോൾ... തങ്ങൾ അവളുടെ ഫോണിലേക്ക് അയച്ച മെസേജ് വായിച്ചതും.. മറുപടി തന്നതും... ഓർത്തിട്ട് ഓക്കാനം വന്നു.

പിറ്റേന്ന് രണ്ടു പേരും അവളെ കാണാൻ അയാളുടെ വീട് തേടിപ്പിടിച്ച് ചെന്നു. ആളാകെ മാറിയിരിക്കുന്നു. മുന്നിൽ നില്ക്കുന്നത് അത്രയും കാലം അവർ കണ്ട തങ്ങളുടെ കൂട്ടുകാരിയല്ലെന്ന് തോന്നി. വല്ലാത്ത ഒരു അകൽച്ച.  കരച്ചിലടക്കിപ്പിടിച്ച ചിരി. അയാളുടെ ശബ്ദത്തിന് അധികാരത്തിന്റെ കനം. അവളുടെ വാക്കുകൾക്ക് അനാവശ്യമായ വിധേയത്വം.

അവളുടെ ഫോൺ കേടായി പോലും. അതുകൊണ്ട് സിം കാർഡ് ഭർത്താവിന്റെ ഫോണിലാണത്രെ. "കുറച്ചു കാലം ഇങ്ങനെ പോട്ടേന്നു വെച്ചു. ഡ്യുവൽ ആപ്സ് വച്ച് വാട്ട്സ്സാപ്പ് ആക്കീട്ടിണ്ട് ... "

"എന്നാലും... അതൊരു ശരിയായ ഇതല്ലല്ലോ..!" തിരിച്ചു വന്ന ശേഷം രമ്യ പറഞ്ഞു. അടുത്ത  പിറന്നാളിന് നേരത്തേയുള്ള സമ്മാനമെന്ന് പറഞ്ഞ് അവർ അവൾക്ക് ഫോൺ വാങ്ങിക്കൊടുത്തു. പിന്നെയാണ് വിശേഷങ്ങൾ  അറിയാൻ തുടങ്ങിയത്.  
കാര്യങ്ങൾ അത്ര പന്തിയല്ല. ഫോൺ കേടായതല്ല; അയാൾ എറിഞ്ഞു പൊട്ടിച്ചതാണ്. ഫോൺ നോക്കി ഇരിക്കുന്ന കണ്ടാൽ ദേഷ്യം വരും. ആരെങ്കിലും വിളിച്ചാൽ, മെസേജ് അയച്ചാൽ, ആരാണ് എന്തിനാണ് എന്നെല്ലാം വിശദമായി അറിയണം. ആൺ സുഹൃത്തുക്കൾ വിളിച്ചാൽ സംശയമാണ്.  അവിഹിതം ആരോപിക്കുക വരെ ചെയ്തു.
രമ്യയേയും അപർണനയേയും ഇപ്പോൾ അയാൾക്ക് ഇഷ്ടമല്ല. അവർ വീട്ടിൽ ആദ്യമായി പോയന്നു രാത്രി വഴക്കു കേട്ടു. അവരുടെ പ്രൊഫൈലുകൾ അരിച്ചു പെറുക്കി വഴിവിട്ട ആൺ ബന്ധങ്ങൾ ആരോപിച്ചു. കല്യാണത്തിനു മുന്നേ അന്നയും അതുപോലെ ആയിരുന്നെന്നും തന്നെ ചതിക്കുകയാണെന്നുമുളള നിഗമനത്തിൽ എത്തിച്ചേർന്നു. രണ്ടാമത് കാണാൻ പോയന്ന് രാത്രി അടിപൊട്ടി.  ഇനി അവരോട് വരരുതെന്ന് പറയാൻ പറഞ്ഞു. കോൺടാക്ട് ബ്ലോക്ക് ചെയ്യാൻ പറഞ്ഞു.

പുരുഷമേധാവിത്വത്തെ മുടിനാരിഴ കീറി വിമർശിച്ചെഴുതാറുള്ള രണ്ടു പേരും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു.  

"അയാൾക്ക് എത്രയും പെട്ടെന്ന് ഒരു പ്രൊഫഷണൽ കൗൺസിലിംഗ് ഏർപ്പാടാക്കണം" അപർണ പറഞ്ഞു. രമ്യക്ക് അരിശം പെരുത്തു കയറി : "This is a clear case of mental and physical abuse.  പോലീസിൽ complaint ചെയ്യണം. വനിതാക്കമീഷന് പരാതി കൊടുക്കണം."

അന്നയ്ക്ക് പേടിയായി. വേണ്ടെന്ന് പറഞ്ഞു. ഇനിയും അയാളുടെ അടുത്തു നില്ക്കരുതെന്ന് പറഞ്ഞു, കേട്ടില്ല. വീട്ടിൽ ഒന്നും  അറിയിച്ചും ഇല്ല; വീട്ടുകാർ വിഷമിക്കരുതല്ലോ.. ഒരിക്കലും ആഗ്രഹിക്കാതിരുന്ന ഒരു രീതിയിൽ ഇപ്പോൾ അവളും രണ്ട് ജീവിതങ്ങൾ ജീവിച്ചു തുടങ്ങിയിരിക്കുന്നു - അടക്കത്തോടെ.. ഒടുക്കത്തോടെ..


പിറ്റേന്ന് അപർണയും രമ്യയും നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ ബോധിപ്പിച്ചു. വയസ്സൻ പോലീസുകാരൻ അവരെ അടിമുടി നോക്കി. " മക്കളേ.. എനിക്കുമുണ്ട് ഈ പ്രായത്തിലുള്ള ഒരു മോള്.. ഭർത്താവിന്റെ വീട്ടിൽ സുഖമായി കഴിയുന്നു. കുടുംബം ആവുമ്പോ കുറച്ചു പൊട്ടലും ചീറ്റലും ഒക്കെ കാണും... കുറച്ചൊക്കെ എല്ലാരും അഡ്ജസ്റ്റ് ചെയ്യണ്ടേ.. ആ പെണ്ണിന് അത് ഓകെ ആണെങ്കിൽ നിങ്ങൾ ഇടപെട്ട് ആ ബന്ധം വഷളാക്കണോ...?"
രണ്ടു പേർക്കും ദേഷ്യവും സങ്കടവും വന്നു. പോലീസുകാരൻ പരുങ്ങി " അല്ല.. ഞാൻ പറഞ്ഞെന്നേ ഉള്ളൂ. എന്തായാലും അന്വേഷണം ഉണ്ടാവും. മക്കള് പേടിക്കണ്ട."
സ്വന്തം കൂട്ടുകാരിയുടെ ജീവിതത്തിൽ ഒരു ആവശ്യം വന്നപ്പോൾ അമ്പേ പരാജയപ്പെട്ടുപോയ പോലെ ഫേസ്ബുക്കിലെ വിപ്ലവകാരികൾ ഇരുന്നു. വനിതാകമ്മീഷൻ ഇടപെടുമോ  അതോ 'അനുഭവിച്ചോളാൻ' പറയുമോ എന്നോർത്ത് പരാതി കൊടുക്കാൻ അവർ ആ നിമിഷം അധൈര്യപ്പെട്ടു. ജനാധിപത്യത്തിനും നിയമവ്യവസ്ഥയ്ക്കും മുന്നിൽ അപമാനിതരായെന്നോർത്ത് അവളവളോട് തന്നെ ദേഷ്യം തോന്നി.

ഇപ്പോൾ പരാജയപ്പെട്ടാൽ ജീവിതത്തിനു തന്നെ അർത്ഥം നഷ്ടമായെന്ന് വരും.  വാക്കുകൾ ശക്തമാണ്. ഒരേ മനസ്സുകൾ ഒന്നിക്കുമ്പോൾ മനുഷ്യത്വവും ശക്തമാണ്. പോലീസ് സ്റ്റേഷനിലെ അനുഭവം വിവരിച്ച് അന്ന് രാത്രി തന്നെ ഫേസ്ബുക്കിൽ വിശദമായൊരു പോസ്റ്റിട്ടു. അങ്ങനെ വിട്ടുകൊടുക്കാൻ ആവില്ലല്ലോ. ഇവിടെ എല്ലാവർക്കും ജീവിക്കണ്ടേ..

ആ രാത്രി സംഭവബഹുലമായിരുന്നു. പോസ്റ്റ് കണ്ട് അടുത്തതും അല്ലാത്തതുമായ സുഹൃത്തുക്കൾ വിളിച്ചു. പോലീസ് സ്റ്റേഷനിലെ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. കൊടുത്ത പരാതിയെക്കുറിച്ച് അന്വേഷിച്ചു. പോസ്റ്റ് വളരെ വേഗം ഒരുപാട് ഷെയർ ചെയ്യപ്പെട്ടു. അറിയുന്നതും അല്ലാത്തതുമായ ആക്ടിവിസ്റ്റുകൾ ബന്ധപ്പെട്ടു. അന്നയെ വിളിച്ചപ്പോൾ പതിവുപോലെ രാതി ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പാതിരാത്രിയോടടുപ്പിച്ച് പ്രതീക്ഷിക്കാത്തൊരു കോൾ വന്നു. പോലീസ് മേധാവിയായിരുന്നു. ഇന്നുണ്ടായ അനുഭവത്തിനു ക്ഷമ ചോദിച്ചു. ആ പോലീസുദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുമെന്നും പരാതിക്കുമേൽ നാളെത്തന്നെ തുടർനപടികൾ ഉണ്ടാകുമെന്നും ഉറപ്പ് തന്നു.
പിന്നെയുമൊരു വിളി വന്നു. അത് അന്നയുടെ അമ്മയായിരുന്നു. സംഭവം ആരോ അവരെ അറിയിച്ചിരിക്കുന്നു. പോസ്റ്റിൽ പറഞ്ഞ പരാതിയിലെ പെൺകുട്ടി അന്നയാണോ എന്ന് ദൈന്യതയോടെ ചോദിച്ചു. പിന്നെ പൊട്ടികരഞ്ഞു. നിങ്ങൾ കൂട്ടുകാർക്ക് അവരോട് ഒരു വാക്ക് പറയാമായിരുന്നെന്നും നാളെ രാവിലെ അവളെ വീട്ടിലേക്ക് കൂട്ടികൊണ്ടു വരുമെന്നും അന്നയുടെ അപ്പൻ പറഞ്ഞു.

എടുത്തു ചാടിയ ചുഴിയിലെ പ്രക്ഷുബ്ദത രമ്യയും അപർണയും പ്രതീക്ഷിച്ചതിനേക്കാൾ വലുതും ശക്തിയുള്ളതുമായിരുന്നു. രാവിലെ വരെ പിടിച്ചു നില്ക്കാൻ അവർ ആവുന്ന പോലെ നീന്തി. ചെയ്തത് തെറ്റായിപ്പോയോ.. അപക്വമായിപ്പോയോ.. അവിവേകമാണോ.. അന്നയ്ക്ക് നാളെ ഈ കൊടുകാറ്റിനെ ചങ്കുറപ്പോടെ നേരിടാനാവുമോ... അവൾ തങ്ങളെ തള്ളിപ്പറയുമോ..


നേരം പുലർന്നത് ഞെട്ടലോടെയാണ്. രണ്ടു പേരും അന്നയുടെയടുത്തേക്ക് നിലവിളിച്ചു കൊണ്ട് പാഞ്ഞു. കേട്ടതൊന്നും സത്യമാവരുതേ.. പക്ഷേ, കഴിഞ്ഞ രാത്രി തന്നെ അതു സംഭവിച്ചു കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പുകളുണ്ടായിരുന്നില്ല. പള്ളിയും പാരാവാരവുമുണ്ടായില്ല. സമ്മതം ചോദിച്ചില്ല. പരുക്കനായൊരു കുടുക്കുമാല കഴുത്തിൽ വീണുകഴിഞ്ഞിരുന്നു.  മരണത്തിന്റെ മിന്നുകെട്ടലിന് അതിഥികൾ ആവശ്യമില്ലല്ലോ...

വീടിനു ചുറ്റും കൂടിയ ആൾക്കൂട്ടത്തിൽ പോലീസുകാരും രാഷ്ട്രീയക്കാരും ചാനലുകാരും കുടുംബക്കാരുമുണ്ടായിരുന്നു. ബോഡി പോസ്റ്റ്മാർട്ടത്തിനു കൊണ്ടുപോയി. അവളുടെ അപ്പന്റേയും അമ്മയുടേയും നിലവിളി ദൂരെ നിന്നു കേൾക്കാം.
പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നപ്പോൾ മരണകാരണം ആന്തരിക രക്തസ്രാവമാണെന്ന് കണ്ടെത്തി. ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളയുടുപ്പിട്ട് ഒരു മാലാഖയെപ്പോലെ അന്ന തിരിച്ചെത്തി. അവൾക്കായുള്ള ശവപ്പെട്ടി വന്നു. നിവർന്നു നിന്നാൽ അതിന്റെ തോളോളം വരുമവൾ. അതാണ് അതിന്റെയൊരു കണക്ക്. തനിക്കു വേണ്ടി ഒഴിഞ്ഞു കിടന്ന ആ പെട്ടിയിൽ, ആദിരാത്രിയിൽ ഒരുക്കിവച്ച പട്ടുമെത്തയിലെന്ന പോലെ അവൾ കിടന്നു. ചുറ്റും കുടുംബക്കാരും ഇടവകക്കാരും കൂടി. ചടങ്ങുകളെല്ലാം നടന്നു.  അവൾക്കു വേണ്ടി പണിതീർത്തതുപോലെയുള്ള പെട്ടി. അതിനൊത്ത ഒരു കുഴി. അവളേക്കാൾ ഇത്തിരി നീളം,  ഒത്ത വീതി. ജീവിതത്തിലെന്നപോലെ മരണത്തിലും ഒരേ കാണികൾക്ക് മുന്നിൽ അന്ന ഒതുക്കത്തോടെ അടക്കം ചെയ്യപ്പെട്ടു.
ആൾക്കൂട്ടത്തിൽ നിന്ന് ആരോ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: "നല്ല അടക്കമൊള്ള കൊച്ചായിരുന്നു..."