Skip to main content

ഓർമ്മയിലെ ഓണം

onakkurippu40

Entry No :040

Anand S[RSGP consulting pvt ltd]

 

ടിങ് േടാം.... വീട്ടിൻ്റെ കോളിംഗ് ബെൽ മുഴങ്ങി. ഞാനും അനുജനും ഉച്ചയ്ക്ക് ഊണ് കഴിക്കാനിരിക്കുകയായിരുന്നു. ഞാനെഴുന്നേറ്റ് ചെന്ന് നോക്കി. കൂട്ടുകാരൻ വിനോദ് ആണ്. വൈകിട്ട് 6.30ന് അത്ത തട്ടിൽ വരണം എന്ന് ഓർമിപ്പിക്കാനാണവൻ വന്നത്. ആ ദിവസം തിരുവോണ തലേന്നായിരുന്നു. ഞങ്ങൾ കുറച്ചു പേർ ചേർന്ന് വീട്ടിനടുത്ത് അത്തമിടുന്നുണ്ടായിരുന്നു. അതാണ് അവൻ പറഞ്ഞ അത്ത തട്ട്. അവൻ പോയ ശേഷം ഞാൻ ഊണ് തുടർന്നു. ഊണിന് ശേഷം ഞാൻ കിടക്കാൻ വേണ്ടി മുറിയിലേക്ക് പോയി. ഉച്ചയ്ക്ക് ഉറക്കം പതിവില്ലാത്തതാണ്. പക്ഷേ അന്ന് വെളുപ്പിന് അത്തമൊരുക്കാൻ പോയതു കാരണമാവാം ഞാൻ പെട്ടന്ന് തന്നെ നല്ല ഉറക്കത്തിലേക്ക് വഴുതി വീണു.

"അമ്പലമണികളുടെ മുഴക്കം രാവിലെ എന്നെ വിളിച്ചുണർത്തി. നേരം പുലരുന്നതേയുള്ളൂ. അമ്മയുടെ ശകാരം എഴുന്നേറ്റ് കുളിച്ചിട്ട് വാടാ......"

ഉച്ചയുറക്കത്തിൽ ഞാൻ അമ്മയുടെ നാട്ടിലെ തിരുവേണപുലരിയിൽ ഉണർന്നെഴുന്നേൽക്കുകയായിരുന്നു ...

ഉറക്കത്തിൻ്റെ നിമിഷങ്ങളിലാണേലും ഞാൻ ബാല്യകാലത്തെ അമ്മ വീട്ടിലെ തിരുവോണ പുലരിയുടെ സുന്ദരമായ ഓർമ്മകളിലേക്ക് ഊളിയിടുകയായിരുന്നു......

അമ്മയുടെ നാടായ ആനന്ദേശ്വരം എന്ന കൊച്ചുഗ്രാമം തിരുവനന്തപുരം ജില്ലയിലെ ആര്യനാട് എന്ന സ്ഥലത്താണ് '. കരമനയാറാൽ അനുഗ്രഹീതമാണ് ഈ ആനന്ദേശ്വരം ഗ്രാമം. അവിടുത്തെ ശിവൻ്റെ അമ്പലം വളരെ പ്രശസ്തമാണ്. ഈ അമ്പലത്തിലെ ശിവലിംഗം സ്വയംഭൂവാണത്രേ. കേട്ടുകേൾവിയാണ്. "പ്രഭാതമായ് തൃക്കണി ഏകിയാലും പ്രസാദമായ് പൊന്നൊളി തൂകിയാലും" യേശുദാസിൻ്റെ ഗംഗാതീർത്ഥത്തിലെ വരികളാണ്. ഇവിടെയായിരിക്കുന്ന ദിവസങ്ങളിൽ രാവിലെ ഞാനെഴുന്നേൽക്കുന്നത് മിക്കവാറും ഈ പാട്ട് കേട്ടാണ്.

അമ്മയുടേത് ഒരു വലിയ കുടുംബമാണ്. അമ്മയാണ് ആ കുടുംബത്തിലെ ഏറ്റവും ഇളയ യാൾ. വളരെ അപൂർവ്വമായേ തിരുവേണത്തിന് മുൻപ് ഞാൻ അമ്മ വീട്ടിൽ എത്താറുള്ളൂ. ആ പ്രാവശ്യം ഞങ്ങൾ തിരുവേണത്തലേന്ന് അമ്മ വീട്ടിൽ എത്തിയിരുന്നു. വല്യമ്മമാരുടേയും മാമൻ മാരുടേയും മക്കളായി ഒത്തിരി പേർ ഉണ്ട്. തിരുവേണപ്പുലരിയിൽ ഞങ്ങൾ എല്ലാപേരും ഒന്നിച്ചാണ് ആറ്റിൽ കുളിക്കാൻ പോകുന്നത്. ഞങ്ങൾ അമ്പലക്കടവിലാണ് കുളിക്കാൻ പോകുന്നത്. അമ്പലക്കടവിന് തൊട്ടു മുമ്പായി ഒരു വലിയ പുളിച്ചി മാവുണ്ട്. അതിനെപ്പറ്റി ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നു. മാമ്പഴക്കാലമാവുമ്പോൾ ഈ മാവിലെ മാമ്പഴം കൊണ്ട് മാമ്പഴ പുളിശ്ശേരിയുണ്ടാക്കുന്നത് പതിവാണ്. നാവിൽ ആ മാമ്പഴപ്പുളിശ്ശേരിയുടെ സ്വാദ് ഇപ്പോഴും തങ്ങിനിൽക്കുന്നു. ഒരു മാമ്പഴക്കാലത്ത് കാറ്റത്തും മഴയത്തും ഈ മാവിൻ്റെ കൊമ്പൊരെണ്ണം ഒടിഞ്ഞു വീഴുകയുണ്ടായി. അന്ന് എന്തോരം മാമ്പഴമാണെന്നോ ഞാൻ അകത്താക്കിയത്.

അമ്പലക്കടവിലെ കൽപ്പടവുകൾക്ക് നൂറുകണക്കിന് വർഷങ്ങളുടെ പഴക്കമുണ്ടത്രേ. വളരെ വലിയതാണ് ഓരോ പടവുകളും. പടവുകളിലൂടെ ആറ്റിലേക്കിറങ്ങുമ്പോൾ തന്നെ നമ്മെ സ്വാഗതം ചെയ്യുന്നതിനെന്നോ ണ്ണം പരൽ മീനുകൾ നമ്മുടെ കാലുകൾക്ക് ചുറ്റും വട്ടം കൂടും. പിന്നെ കുറച്ച് നേരം കുറേ ദിവസങ്ങളുടെ കടം വീട്ടുകയെന്നോണം തിമിർത്തൊരു കുളി. ചെറു നീന്തലുകളും മുങ്ങാങ്കുഴിയിടലുമായി കുറച്ചു നേരം. സത്യം പറഞ്ഞാൽ കുളികഴിഞ്ഞു കയറുമ്പോൾ ഞങ്ങളുടെയെല്ലാപേരുടെയും കണ്ണുകൾ ചെറുതായെങ്കിലും ചുവന്നിരിക്കും.

തിരികെ വീട്ടിലേക്ക് വരുന്ന സമയം വഴിവക്കിൽ നിൽക്കുന്ന തുമ്പയും മുക്കുറ്റിയും ചെമ്പരത്തിയും എന്നു വേണ്ട കണ്ണിൽ കാണുന്ന എല്ലാ പൂക്കളും ശേഖരിച്ചു കൊണ്ടാണ് വരവ്. അമ്മ വീട്ടിലെ പറമ്പിൽ ധാരാളം പൂക്കളുണ്ടാവും അവയും ശേഖരിക്കും. ഇതിനിടയിൽ ജേഷ്ഠൻമാരിൽ ചിലരും ചേച്ചിമാരും ചേർന്ന് അത്തമിടൽ ആരംഭിച്ചിട്ടുണ്ടാകും. അത്തപൂക്കളമിടുന്നതിൽ അന്ന് എ നിക്ക് വലിയ റോളൊന്നുമുണ്ടാവില്ല. കുഞ്ഞായതു കാരണമാവും പൂക്കളമിടാൻ അവരെന്നെ അടുപ്പിക്കാത്തത് എന്നാലും ഞാൻ പൂവിറുത്തിടുകയൊക്കെ ചെയ്യും.

ഞാൻ പുത്തനുടുപ്പൊക്കെയിട്ട് കയ്യിലൊരു മഞ്ഞ ക്കോടിയുമായി പ്രാതലൊക്കെ കഴിഞ്ഞ് ഊഞ്ഞാലാടാനായെത്തിയപ്പോഴേക്കും എൻ്റെ അനുജനും ജേഷ്ഠൻമാരും ചേച്ചിമാരും ഊഞ്ഞാലിനു ചുറ്റും ഇടം പിടിച്ചിരുന്നു. ഇവിടെ ഊഞ്ഞാലൊരുക്കുന്നതിനൊരു പ്രത്യേകതയുണ്ട്. സാധാരണ പോലെ ചകിരി കയർകൊണ്ടല്ല പകരം തെങ്ങോലയിലെ വഴുതയും ഓലക്കാലും എടുത്ത് തീചൂടത്ത് വാട്ടി മെനഞ്ഞെടുത്താണ് കയർ ഉണ്ടാക്കുന്നത്. ഇതിന് നല്ല ബലമാണ്. ഞങ്ങൾ കുറച്ചു പേരെ "പൊടീസ്" എന്ന് പറഞ്ഞ് ജേഷ്ഠൻമാർ ആദ്യമൊക്കെ ഊഞ്ഞാലാടുന്നതിൽ നിന്ന് മാറ്റി നിർത്തും. ഞങ്ങൾ വിട്ടു കൊടുക്കില്ല ഞങ്ങളും ഊഞ്ഞാലാടിയിട്ടേ അവിടുന്ന് മാറുകയുള്ളൂ.

അങ്ങനെ ഊഞ്ഞാലാടാൻ വേണ്ടി ഊഞ്ഞാലിനു ചുറ്റും നടക്കുന്ന സമയത്ത് "ആർപ്പോ ഹിർ റോ , ആർപ്പോ ഹിർ റോ, ഹീർ റോ::... ആർപ്പോ .....ഹീർ റോ". എന്നെ രു ശബ്ദവും വലിയ ബഹളവും വീടിൻ്റെ മുൻ വശത്ത് കേട്ടത്. ഊഞ്ഞാലാടിക്കൊണ്ടിരുന്നവരും അടുത്ത ഊഴം കാത്ത് നിന്നവരും ഞങ്ങളെപ്പോലുള്ള " പൊടീസ്സും" എല്ലാവരും വീട്ട് മുറ്റത്തേക്ക് ഓടി. വീട്ട് മുറ്റത്ത് കേട്ട ശബ്ദം ഓണത്തപ്പൻ്റെയും സംഘത്തിൻ്റെയും ആയിരുന്നു. ഈ സംഘത്തിൽ വേഷം കെട്ടിയിരിക്കുന്നത് എൻ്റെ വലിയ ജേഷ്ഠൻ്റെ കൂട്ടുകാരാ ണെന്നറിയാം, പക്ഷേ അവരാരൊക്കെ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല. അവരിൽ മഹാബലി, വാമനൻ, കുമ്മാട്ടികോലങ്ങൾ ,കരിയിലപ്പൊട്ടൻ ,പുലിയും വേട്ടക്കാരനും , കൊട്ടും പാട്ടും ആർപ്പോ വിളികളുമായി പിന്നെയും കുറേ പേർ. അന്നൊക്കെ എനിക്ക് കരിയില പൊട്ടനെ വലിയ ഭയമായിരുന്നു. ഞങ്ങൾ കുഞ്ഞുങ്ങളെ ഭയപ്പെടുത്താനായി വേഷമിടുന്നയാൾ പല നമ്പരുകളും കാണിക്കു മാ യി രു ന്നു. ഉണങ്ങിയ വാഴയില ദേഹത്ത് വച്ചുകെട്ടി കാലിൽ കമുകിൻ പാളയുടെ ചെരുപ്പും വച്ചുകെട്ടി മുഖത്ത് മുഖമൂടി യും കയ്യിലൊരു വടിയുമാണ് കരിയിലപ്പൊട്ടൻ്റെ രൂപം. ഒരു സത്യം പറയട്ടെ ഈ കരിയിലപ്പെട്ടൻ ഞങ്ങൾ കുഞ്ഞുങ്ങളെ ഭയപ്പെടുത്തുന്നതു കാരണം കരിയിലയിൽ ഒരു പുഴുവെങ്കിലുമിരുന്ന് അവനെ കടിച്ചിരുന്നെങ്കിലെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടുണ്ട്. മഹാബലി യുടെയും സംഘത്തിൻ്റെയും ആർപ്പോ വിളികളും പാട്ടും കളികളും കാരണം അങ്ങനെ കുറേ നേരം നല്ല രസമായി കടന്ന് പോകും.

പോലീസും കള്ളനും ', സാറ്റ്' കളിയും ഓലക്കാലിൽ തീർത്ത പന്ത് കൊണ്ട് കളിക്കുന്നതും ഓണക്കാലത്ത് പതിവാണ്. ഓലക്കാൽ പന്തിൽ കളിക്കുന്നതിനിടെ അന്ന് ഒരപകടം പറ്റി. അനുജൻ ഒന്ന് വീണു. അവൻ്റെ കാൽമുട്ട് മുറിയുകയും ചെയ്തു. പരിക്ക് അത്ര സാരമായിരുന്നില്ല. പക്ഷേ അവനവിടെ കരച്ചിലിൻ്റെ ഒരയ്യപ്പൻ വിളക്കു തന്നെ നടത്തി. ഞങ്ങൾ പറമ്പിൽ നിന്ന് മഞ്ഞൾ എടുത്ത് കല്ലേൽ ഉരച്ച് അവൻ്റെ മുറിവിൻമേൽ ഇട്ടു കൊടുത്തു. ഒരു വിധം അവനെ സമാധാനിപ്പിച്ചു. കളികൾക്ക് താത്കാലികമായി അവധി കൊടുത്ത് ഞങ്ങൾ ഓണ സദ്യ കഴിക്കാനായി പോയി. വല്യച്ഛൻമാരും വല്യമ്മമാരും അമ്മൂമ്മയും അച്ഛനും അമ്മയും മാമൻ മാരും മാമി മാരും ഞങ്ങൾ കുട്ടികളുമായി ഒരു വലിയ പട തന്നെ യുണ്ടാവും ഓണസദ്യക്ക്. മിക്കവാറും ഓണസദ്യ കഴിഞ്ഞ് ഞങ്ങൾ കുട്ടികൾക്ക് ഊഞ്ഞാലാടാൻ അവസരം കിട്ടുക കുറവാണ്. ഊണിനു ശേഷം ഊഞ്ഞാലാട്ടവും കളികളും ഒക്കെ വലിയവരുടേയും കൂടി ആകും.

"എഴുന്നേൽക്ക് എഴുന്നേൽക്ക് ചേട്ടാ.... എഴുന്നേൽക്ക്.... കുളിച്ചിട്ട് വാ ..... അത്തതറ ഒരു ക്കാനും പൂവിറുക്കാനും പോവേണ്ടേ .... എഴുന്നേൽക്ക് ......'' അനുജനാണ് വിളിക്കുന്നത്. ഉച്ചയൂണിൻ്റെ ആലസ്യത്തോടെ ഞാനെഴുന്നേറ്റു. ഒരു നിമിഷത്തേക്ക് ഞാൻ അമ്മയുടെ നാട്ടിലെത്തിയത് പോലെ എനിക്ക് തോന്നി. അൽപം കഴിഞ്ഞാണ് ഇതൊക്കെ ഉച്ചയുറക്കത്തിനിടയിലെ കഴിഞ്ഞ കാല എത്തിനോട്ടമാണെന്ന് എനിക്ക് ബോധ്യമായത്.

നല്ലൊരു കുളിയൊക്കെ കഴിഞ്ഞ് ഞാനും അനുജനും അത്തതറയി ലേക്ക് പോയി. അവിടെ ഒത്തിരി കടയിൽ നിന്ന് വാങ്ങിയ പൂക്കൾ ഇറുക്കുവാൻവേണ്ടി ഇരിക്കുകയാണ്. പൂക്കളിറുത്തതിന് ശേഷം ഞങ്ങൾ വീട്ടിൽ പോയി അത്താഴമൊക്കെ കഴിച്ചിട്ട് വരും. എന്നിട്ടേ അന്നിട്ട അത്തം മാറ്റുകയുള്ളൂ... പിറ്റേന്ന് തിരുവോണമാണ്. അതിനായി വളരെ മനോഹരമായ ഒരു മാതൃകയാണ് ഞങ്ങൾ തിരഞ്ഞെടുത്തിരുന്നത്. തിരുവോണപ്പുലരിയിലേക്കായി അത്തമൊരുക്കുന്ന തിരക്കിലേക്ക് ഞങ്ങൾ മെല്ലെ നീങ്ങി.