Skip to main content

തിരിച്ചുവരവില്ലാത്ത ആ ഓണക്കാലം

onakkurippu35

Entry No : 035

Sujan Miranda (Ernst & Young)

 

 

പ്രിൻസിപ്പൽ ഓഫീസ്

നിങ്ങൾ ഇത്തവണ ഓണവും ഫ്രഷേഴ്‌സ് ഡേയും ഒരുമിച്ച് ആഘോഷിക്കൂ.... ഒരു കാര്യം ചെയ്യാം... അടുത്ത ആഴ്ച തന്നെ നടത്തം.... അപ്പോ ശെരി അത് തീരുമാനമായല്ലോ.

ഇതെന്തൊക്കെയാടാ ഇങ്ങേര് പറയുന്നേ....ഒരു കോളേജും ഇത്രെയും പെട്ടെന്ന് ഓണാഘോഷം വയ്ക്കില്ല.

കോളേജിലെ അവസാനത്തെ ഓണമാണ്.ഓണക്കോടിയുടെ കളർ തീരുമാനിക്കണം.എല്ലാവർക്കുമുള്ള ഷർട്ടിന്റെ തുണി എടുക്കണം.ഡ്രോൺ ഒക്കെ സെറ്റ് ചെയ്യണം, അത്തത്തിന് പൂവ് എടുക്കാൻ പോകണം. ഓണത്തിന് മുന്നേ ഉള്ള കുറച്ച് ദിവസങ്ങൾ ഒരു ഓളമായിരുന്നു. ക്ലാസ്സിലൊന്നും കേറാതെ ഓണത്തിന്റെ പരിപാടി എന്നും പറഞ്ഞങ് ഇറങ്ങുക, ഇടവേളകളിൽ ഒക്കെ ഡിപ്പാർട്മെന്റിന്റെ പരിപാടികളെ പറ്റിയൊക്കെ സംസാരിക്കുക,

അന്നൊരുപക്ഷേ അതിന്റെ മനോഹാരിത തിരിച്ചറിയാൻ എനിക്ക് പറ്റിയിരുന്നില്ല. പക്ഷെ ഇന്ന് ഒരു ജോലിയൊക്കെ കിട്ടി ജീവിതത്തിൽ തിരക്കായപ്പോൾ ആടിപ്പാടി നടന്ന ആ ദിവസങ്ങൾക്ക് എന്തെന്നില്ലാത്ത ഒരു സൗന്ദര്യം തോന്നുന്നു.

അങ്ങനെ ആ ദിവസമെത്തി.കോളേജിന് മുന്നേ ഒരു ജംഗ്ഷനുണ്ട്. അവിടെ നിന്ന് ഒരു ഘോഷയാത്ര പോലെയാണ് എൻട്രി. മുത്തുകൂടയും തെയ്യവും ചെണ്ടമേളവും തലേക്കെട്ടും ബാന്റടിമേളവുമൊക്കെയായി ഓരോ ഡിപ്പാർട്മെന്റും എൻട്രി ഗംഭീരമാക്കിയിരുന്നു.എന്റെ മുണ്ട് ഇടക്ക് എനിക്ക് ചെറിയ പണികൾ തരും, പിന്നെ അതിനെയൊന്ന് ശരിയാക്കാൻ പോകണം. എല്ലാ ഡിപ്പാർട്മെന്റും കോളേജിലെത്തിക്കഴിഞ്ഞാൽ പിന്നെയൊരു ഒരുമണിക്കൂർ അധ്യാപകരും വിദ്യാർഥികളിമൊക്കെയായിട്ട് മേളത്തോടൊപ്പം ചുവടുവെക്കലായിരുന്നു പണി.ചില സാറുമാർക്കൊക്കെ ഞങ്ങളെക്കാളും എനർജി ആയിരുന്നു. പിന്നെ കുറച്ച് ഓണക്കളികളും ഓണസദ്യയുമായിട്ട് ഞങ്ങളങ് കൂടി. ഓണസദ്യയ്ക്ക് പലപ്പോഴും ക്ലാസ്സിലെ എല്ലാവർക്കും ഒരുമിച്ചിരിക്കാൻ പറ്റിയിരുന്നില്ല, പക്ഷെ അന്ന് ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന്‌ സദ്യ കഴിച്ചു.എന്റെ ഇലയിലെ ഭക്ഷണ സാധങ്ങൾ പലപ്പോഴും അപ്രതീക്ഷിതമായികൊണ്ടിരുന്നു. അവസാനത്തെ ആവേശകരമായ വടംവലി മത്സരം ഇന്നും ഓര്മകളിലുണ്ട്.അവസാനത്തെ ഓണമായതുകൊണ്ട് ഫോട്ടോയെടുപ്പിന്റെ മേളമായിരുന്നു. പരിപാടി ഒക്കെ കഴിഞ്ഞപ്പോൾ ഭയങ്കര മഴ, അവസാന ഓണമല്ലേ, ക്ലാസ്സിലെ എല്ലാവരും കൂടി ചേർന്ന് മഴ ഒക്കെ നനഞ്ഞു, പെൺകുട്ടികളുടെ കയ്യും പിടിച്ചു മഴ നനഞ്ഞു കളിക്കുന്നോ എന്നും പറഞ്ഞു ഒരു ടീച്ചർ ഞങ്ങളെയെന്ന് ഒരുപാട് വഴക്ക് പറഞ്ഞു.പാതിരാത്രി വരെ ചെണ്ടമേളമൊക്കെയായിട്ട് ഒരു ആഘോഷമായിരുന്നു.പ്രിൻസിപ്പൽ ഞങ്ങളുടെ പാട്ടും ഡാൻസുമൊക്കെ മുഖത്തൊരു പുഞ്ചിരിയോടെ നോക്കിയിരുന്നു. അന്ന് രാത്രി വീട്ടിലെത്തിയപ്പോ പലരുടെയും വാട്സ്ആപ്പ് സ്റ്റാറ്റസിൽ ട്രെയിൻ ഓടിക്കൊണ്ടിരുന്നു.

ആ വര്ഷം(2019) ഓണമാഘോഷിച്ച ഏക കോളേജ് ഞങ്ങളായിരുന്നു.നേരത്തെ ഓണമാഘോഷിക്കാമെന്ന പ്രിൻസിപ്പലിന്റെ തീരുമാനത്തിന്റെ വില ഇപ്പോഴാണെനിക്ക് മനസിലായത്. കേരളത്തിൽ ഓണം ഒരുത്സവമാക്കുന്നത് കലാലയങ്ങളാണ്. ഒരിക്കലും നമുക്കിനി പുനഃസൃഷ്ടിക്കാൻ പറ്റാത്തതും ക്യാമ്പസ്സിലെ ആ ഓണകാലമാണ്. ലോകത്തിന്റ ഏത് കോണിലേക്ക് പോയാലും ആ ഓർമ്മകൾ എന്നെ പുഞ്ചിരിപ്പിച്ചുകൊണ്ടേയിരിക്കും.