Entry No:029
Anas Kottukadu [ Envestnet ]
പണ്ട് പണ്ട് വളരെ പണ്ട്, എന്ന് വെച്ചാ ഫഹദ് ഫാസിലിന് മുടി കൊഴിയുന്നതിന് മുന്നേയുള്ള ഒരോണക്കാലം. പ്ലസ് ടു സമയമാണ്. ഒന്നൊഴിയാതെ എല്ലാ പടങ്ങളും റിലീസ് ദിവസം തന്നെ തിയേറ്ററിൽ പോയി കാണണം എന്ന മനോഹരമായ ആചാരം കൃത്യമായി പിന്തുടർന്നിരുന്ന സുന്ദര കാലഘട്ടം. വീട്ടിലറിയാതെ എന്ന് എടുത്ത് പറയുന്നില്ല.
ആ ഓണത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. സിനിമ കാണാൻ പോകാൻ വീട്ടിൽ നിന്നും ഔദ്യോഗിക അനുമതി ലഭിക്കുന്നു.സംഗതി ഇങ്ങനെ...
എന്റെ സഹോദര തുല്യനും മലയാളം മാഷുമായ മനോജ് അണ്ണൻ ഞങ്ങൾ പയ്യന്മാർക്കു മുന്നിൽ ഒരു ഓഫർ വെക്കുന്നു. തിരുവോണ ദിവസം ഒരു ഫസ്റ്റ് ഷോയ്ക്ക് ഞങ്ങളെ കൊണ്ട് പോകാം. സിനിമ നിങ്ങൾക്ക് തീരുമാനിക്കാം.
മനസ്സിൽ പൊട്ടിയ ലഡു ഞങ്ങൾ ആറു പേരും കൂടി വീതിച്ചു കഴിച്ചു. മിച്ചം വന്നത് അണ്ണനും കൊടുത്തു. വീടുകളിൽ നിന്നുള്ള സമ്മതം അണ്ണൻ നോക്കിക്കൊള്ളും. ബാക്കിയുള്ള കോർഡിനേഷൻ ...?? അത് ഞമ്മളാ ....
'അല്ല ഏതാ പടം?' അണ്ണന്റെ ചോദ്യം.
ഒരേസ്വരത്തിൽ അഞ്ച് പേരുടെയും മറുപടി "താണ്ഡവം!!".
പശ്ചാത്തല സംഗീതം മുഴങ്ങുന്നു. "നെഞ്ച് വിരിച്ചു ...ലാലേട്ടൻ ... മീശ പിരിച്ചു...." (പാട്ട് ഇറങ്ങാൻ താമസിച്ചെങ്കിലും ലാലേട്ടൻ എന്ന വികാരം അന്നുമിന്നും ഒന്ന് തന്നെ.)
ഷാജി കൈലാസ് എന്ന് കേട്ടാൽ രോമാഞ്ച പുളകിതനാകുമായിരുന്ന ഈയുള്ളവൻ പക്ഷേ അനങ്ങിയില്ല.....
ബാക്കിയുള്ളവരുടെ നോട്ടം വോട്ടിംഗ് വെയിറ്റേജ് കൂടുതലുള്ള എന്നിലേക്ക്...
"അല്ലേലും അണ്ണാ ഇവൻ മമ്മൂട്ടി ഫാനാ... പക്ഷേ ആ കൂറ പടം കാണാൻ ഞങ്ങളില്ല..." അവന്മാർ കലിപ്പിലാണ്....
മമ്മൂക്കയ്ക്ക് ഓണം റിലീസ് ഇല്ലായിരുന്നെങ്കിലും മുന്നേ ഇറങ്ങിയ 'കാർമേഘം' എന്ന തമിഴ് സിനിമ ഗ്രാൻഡ് തിയേറ്ററിൽ ഒരു ഷോയോ മറ്റോ ഓടുന്നുണ്ട്. അതല്ലെന്നു ഞാൻ വ്യക്തമാക്കി. അവരെ ഞാൻ ദയനീയതയോടെ നോക്കി.
ആദ്യ ദിനങ്ങളിൽ മാത്രം സിനിമ കണ്ടവർക്ക് ദർശന സൗഭാഗ്യം ലഭിച്ച ലാലേട്ടന്റെ സ്പെഷ്യൽ മസ്സാജ് സീനുൾപ്പെടെ, (ആ രംഗം പിന്നീട് സദാചാരക്കാരുടെ കത്രികയ്ക്കിരയായി വെട്ടിമാറ്റപ്പെട്ടിരുന്നു.) കൊല്ലം ആരാധനാ തിയേറ്ററിൽ താണ്ഡവം കണ്ട എന്നോടോ ബാലാ.....??
പിന്നെ ഏതു പടം ???
എന്റെ ഊഴം. ഹൃദയമിടിപ്പ് തുടങ്ങി .. അന്നത്തെ എന്റെ നിൽപ്പ് തൃശ്ശൂരാരുന്നേ പുലികളിക്കു വേറെ വാദ്യ മേളം വേണ്ടാരുന്നു.
ഞാൻ മത്സരിക്കാൻ പോകുന്നത് ലാലേട്ടനോടാണ് .. എതിർ വശത്തു ആരും അന്നുവരെ കേട്ടിട്ടില്ലാത്ത ഒരിറക്കുമതി .
പ്രണയാർദ്രമായ പ്ലസ് ടു കാലഘട്ടമായിട്ടും സ്വന്തം കീശയിൽ നിന്നും കാശു മുടക്കി കാണാൻ ധൈര്യമില്ലാതിരുന്ന ഫാസിലിന്റെ റൊമാന്റിക് അഡ്വെഞ്ചർ- "കൈയെത്തും ദൂരത്ത്"
നിറഞ്ഞ മനസ്സോടെ ഒരോണം അടിച്ചു പൊളിക്കാൻ വെമ്പി നിന്നിരുന്ന അഞ്ച് കൂട്ടുകാരും പരസ്പരം നോക്കി. പിന്നവർ എന്നെ നോക്കി.. അവസാനം നോട്ടം അണ്ണനിലായി..
എന്റെ ഹൃദയമിടിപ്പ് സാധാരണ ഗതിയിലായി... ഹോ, പറഞ്ഞു കഴിഞ്ഞപ്പോ എന്തൊരാശ്വാസം!!! (പിന്നീട് ജോലിയൊക്കെയായി മനസ്സിലെ പ്രണയം വീട്ടിലവതരിപ്പിച്ചപ്പോൾ പോലും ഇത്രേം ആശ്വാസം തോന്നിയില്ല എന്ന് തോന്നുന്നു). ഞാനവരെ നോക്കി....
അവരുടെ തുറന്ന വായകളിൽ നിന്നും, വഴിമാറി കേറി പോയ ഈച്ചകളൊക്കെ തിരിച്ചു പറക്കുന്നു... കടലിരമ്പുന്ന പോലെ.... കണ്ണ് ചുവക്കുന്നു.... മുഷ്ടി ചുരുട്ടുന്നു.... ബ്രേക്ക്!!!!!!!!!
അർച്ചന തിയേറ്ററിൽ ബോക്സ് എന്നൊരു സംഭവം അന്നുണ്ടായിരുന്നു. ഒരു വരിയെ ഉള്ളൂ. ബാൽക്കണിക്കും മുകളിലാണ്. VVIPകളൊക്കെ ഇരുന്നു പടം കാണുന്ന സ്ഥലമാണെന്ന് തോന്നുന്നു... അണ്ണന്റെ കാശ്!! നമുക്കെന്തു ചേതം !!!
പടം തുടങ്ങുന്നു. എന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ അഞ്ചു പേർ അപ്പുറവും ഇപ്പുറവുമുണ്ട്. അണ്ണനിലാണ് അകെ പ്രതീക്ഷ!! എന്തായാലും അണ്ണന് പടം ഇഷ്ടപ്പെടും. കുബേരൻ സിനിമയൊക്കെ ഒരുമിച്ച് കയ്യടിച്ചിരുന്ന് കണ്ട ടീമാണ്...
അല്ല, അന്നെന്തു പറഞ്ഞാണ് എന്റെ സൗഹൃദങ്ങളെ താണ്ഡവത്തിൽ നിന്നും കൈയെത്തും ദൂരത്തേക്ക് കൊണ്ട് വന്നതെന്ന് ഇന്നും ഓർമയില്ല. പക്ഷെ എന്റെ ശ്രീമതി പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്. 'ഇങ്ങേരു വായ് തുറന്നാ പിന്നെ ട്രെയിനിന് എൻജിൻ വേണ്ടാത്രേ'!! അതെന്താണോ എന്തോ????
ഏതായാലും ഒരുത്തന്റെ ചുമലിൽ മറ്റൊരുവൻ എന്ന രീതിയിൽ ആരാധനയുടെ ടിക്കറ്റ് കൗണ്ടറിനു മുന്നിൽ ആളുകൾ തിക്കും തിരക്കും കൂട്ടുമ്പോൾ, അതെ കോംപ്ലക്സിൽ തന്നെയുള്ള അർച്ചനയിൽ നിന്നും യാതൊരു തിരക്കുമില്ലാതെ ഞങ്ങൾ ടിക്കറ്റ് വാങ്ങി സിനിമ കാണാൻ തുടങ്ങി.
അതും ബോക്സിൽ ഇരുന്നു...!!! അഞ്ചു കശ്മലന്മാർക്കു നടുവിൽ ഒരു മാൻപേടയെ പോലെ പേടിച്ചാണിരുന്നതെങ്കിലും ഞാനാ സിനിമ ആസ്വദിച്ചു. ആ ആസ്വാദനത്തിന്റെ ഇടവേളകളിൽ അങ്ങോട്ടും ഇങ്ങോട്ടും തല ചെരിക്കുമ്പോ യാതൊരു വികാരവുമില്ലാത്ത ആറ് ജീവനുകൾ എന്റടുത്തി രിക്കുന്നത് കാണാമായിരുന്നു...
പടം കഴിഞ്ഞു. നിറഞ്ഞ മനസ്സോടെ ഞാനും നിറയാത്ത മനസ്സോടെ അവരും എണീറ്റു. ഞങ്ങളേഴു പേർ പത്തു മണിയുടെ മുകുന്ദപുരം ബസ്സിനായി അഷ്ടമുടി കായലിനോട് ചേർന്ന് കിടക്കുന്ന കൊല്ലം ട്രാസ്പോർട് സ്റ്റാന്റിലെത്തി. ലാസ്റ്റ് വണ്ടിയായതു കൊണ്ട് അധികം തിരക്കില്ല... ബസിലേക്ക് കയറും മുന്നേ ആദ്യ അടി പുറത്തു വീണു... അതും അകെ പ്രതീക്ഷയുണ്ടായിരുന്ന അണ്ണന്റെ കൈ!!!! പിന്നെ ചറപറാ അടിയാരുന്നു.. എന്റെ കൂട്ടുകാരുടെ താണ്ടവം എന്റെ മുതുകിൽ... ഒന്നുമൊഴിയാതെ എല്ലാം കൃത്യമായി ഞാൻ ഏറ്റുവാങ്ങി....
താണ്ഡവം കാണാൻ പറ്റാത്തതിന്റെ സങ്കടമാണോ അതോ കയ്യെത്തും ദൂരത്തു കാണിച്ചതിന്റെ ദേഷ്യമാണോ അവരെന്റെ പുറത്തു തീർത്തത് എന്നറിയില്ല... ഏതായാലും അവര് ഹാപ്പി, ഞാനും ഹാപ്പി... വണ്ടിയെടുക്കും മുന്നെ ഉപ്പിട്ട നാരങ്ങാ വെള്ളം രണ്ടെണ്ണം എനിക്കും പഞ്ചസാരയിട്ട നാരങ്ങാ സോഡാ അവരും കുടിച്ചിട്ടാണ് യാത്രയായത് ...
പതിനെട്ടു വർഷങ്ങൾക്കിപ്പുറം ഓർക്കുമ്പോൾ ഒരു രസം...!! അവരിലാരെങ്കിലുമൊക്കെ കാണുമ്പോ ഇപ്പോഴും ചോദിക്കാറുണ്ട്.. 'അളിയാ, കയ്യെത്തും ദൂരത്തു' കാണാൻ പോയാലോന്ന്... ഞാൻ സ്നേഹപൂർവ്വം മൊഴിയും 'വോ, വേണ്ടളിയാ ...."
ശുഭം !!!!
[അന്ന് ഞാനിടി വാങ്ങിച്ചെങ്കിലെന്ത്, ഇന്ന് ഫഹദ് സൂപ്പർ സ്റ്റാറായില്ലേ....]