Entry No :028
Lekshmi R.S [EY]
ഇതിനെ ഓണക്കുറിപ്പെന്നു വിളിക്കണോ അതോ ഓർമ്മക്കുറിപ്പെന്ന് വിളിക്കണോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. എല്ലാ മലയാളികളേയും പോലെ ഒരുപിടി നല്ല ഓർമ്മകൾ ഓണത്തെക്കുറിച്ചു എനിക്കും ഉണ്ട്. അവയിൽ ചിലത് ഇവിടെ കുറിക്കുന്നു
ആടിയറുതി: കർക്കിടകത്തിലെ എന്റെ പിറന്നാൾ കഴിഞ്ഞാൽ പിന്നെ, ഒരു കാത്തിരിപ്പാണ് ചിങ്ങം1 എത്താൻ. കർക്കിടകം 31 വൈകിട്ട് അമ്മ വീടും വഴിയും ഒക്കെ വൃത്തിയാക്കിയിട്ട് ഞങ്ങളെ വിളിക്കും ആടിയറുതി കളയാൻ. "അഞ്ചും പിഞ്ചും പുറത്തേ പോ ആവണി മാസം അകത്തേ വാ " ഇതും പാടി ചവറു കളഞ്ഞിട്ട് അകത്തേക്ക് ഒരു വരവുണ്ട്, മനസ്സിൽ അപ്പൊ ഒരു ഉത്സവം കൊടിയേറിയ തോന്നലാണ്.
ഇന്ന് ചിങ്ങം ഒന്ന് അറിയുന്നതുതന്നെ ഫേസ്ബുക്ക് വഴിയായി.
ഓണക്കോടി: കുട്ടിക്കാലത്ത് ഓണം ഏറ്റവും പ്രിയപ്പെട്ടതാവാനുള്ള ഒരു കാരണം ഓണത്തിന് അച്ഛന് ബോണസ് കിട്ടുമ്പോൾ മാത്രം കിട്ടുന്ന പുതിയ ഉടുപ്പാണ്. എല്ലാവർഷവും പട്ടുപാവാട തന്നെയാവും മേടിക്കുന്നത്. പുതിയ ഉടുപ്പിനേക്കാൾ, അത് തയ്ച്ചു കിട്ടുന്നത് വരെയുള്ള കാത്തിരിപ്പാണ് ഓണം, പിന്നെ തയ്ച്ചു തേച്ചു മടക്കി കൊണ്ടു വരുമ്പോഴുള്ള ഒരു മണമില്ലേ അതാണ് എനിക്കിപ്പോഴും ഓണത്തിന്റെ മണം.
ഇപ്പോൾ മേടിക്കുന്ന റെഡിമെയ്ഡ് തുണികൾക്ക് ഒന്നും ഉണ്ടാവാറില്ല ആ മണം.
ഇന്നിപ്പോൾ ആവശ്യമുള്ളപ്പോഴൊക്കെ ഡ്രസ്സ് മേടിക്കുന്നത് കൊണ്ട് ഓണക്കോടി തന്നിരുന്ന സന്തോഷം മണ്മറഞ്ഞു.
പിന്നെ, മോൾക്ക് പട്ടുപാവാട തയ്പ്പിച്ചു തിരുവോണത്തിന് ഇട്ടു കൊടുത്തു ഞാനെന്റെ പഴയ ഓർമ്മകളിലേക്ക് ഒരു എത്തിനോട്ടം നടത്തും
പൂക്കളം: പൂക്കളം എന്നും ടെൻഷനുള്ള ഓർമ്മകളായിരുന്നു. ആദ്യത്തെ അഞ്ചു ദിവസം വരെ വലിയ കുഴപ്പമില്ലാതെ പോകും അഞ്ചു തരം പൂക്കൾ വീട്ടിൽ തന്നെ കിട്ടും അത് കഴിയുമ്പോഴാണ് ടെൻഷൻ. രാത്രി കിടക്കുമ്പോൾ മുഴുവൻ ഞാനും അനിയത്തിയും ഇതുതന്നെയാവും ചർച്ച. "തൊട്ടാവാടി, മൂന്നിനം ചെമ്പരത്തി, തെറ്റി പിന്നെ കുറച്ച് ഇലകൾ എടുക്കാം പിന്നെ എന്തു ചെയ്യും?". രാവിലെ എണീറ്റാൽ പറമ്പിലേക്ക് ഒരു കവറുമെടുത്ത് ഇറങ്ങും തൊട്ടടുത്ത വീട്ടിലെ പിള്ളേരും കാണും. അവസാനം എല്ലാരും കൂടെയിരുന്ന് കുറവുള്ളത് അങ്ങോട്ടുമിങ്ങോട്ടും പങ്കുവെച്ച് പിരിയും. പിന്നെ പിന്നെ പൂരാടം ഒക്കെ ആവുമ്പോൾ അച്ഛൻ പൂ മേടിച്ചു തരാൻ തുടങ്ങി. അപ്പോഴും ഞങ്ങൾ കുട്ടികൾ പങ്കുവെച്ച് എടുക്കും. പിന്നെ ഉത്രാടത്തലേന്ന് അത്തത്തിന്റെ ഡിസൈൻ ഓർത്തുള്ള ടെൻഷനാണ്.
ഇന്നിപ്പോ, പൂക്കളം ഇല്ല. മോളെ കാണിക്കാൻ തിരുവോണത്തിന് മാത്രം കടയിൽ നിന്ന് ഒരു ടെൻഷനുമില്ലാതെ ആവശ്യമുള്ള പൂ മേടിച്ച് ഇന്റർനെറ്റ് നോക്കി ഒരു സിമ്പിൾ ഡിസൈൻ കണ്ടുപിടിച്ച ഒരു ഇൻസ്റ്റന്റ് അത്തമിടൽ.
ഓണസദ്യ: ശർക്കര വരട്ടിയും പായസവും ആണ് ഓണസദ്യയിലെ എന്റെ പ്രധാന കൂട്ടുകാർ. ഉത്രാടത്തിന് വിളക്ക് കത്തിച്ചാൽ പിന്നെ തിരുവോണത്തിന് സദ്യ കഴിയുംവരെ ഒരു ചെടിയും പഠിക്കാൻ പാടില്ല, ചൂല് തൊടാൻ പാടില്ല അങ്ങനെ കുറെ വിശ്വാസങ്ങൾ ഉള്ളതുകൊണ്ടാവണം തിരുവോണത്തിന് 11 മണിക്ക് തന്നെ സദ്യ കഴിയും. വാഴയില കീറലും, കഴുകലും സദ്യ വിളമ്പലും മാത്രേ എനിക്കും അനിയത്തിക്കും പതിച്ച് തന്നിട്ടുള്ളൂ. ബാക്കിയെല്ലാം അമ്മയുടെ മാത്രം പണിയാണ്.
ഇന്നിപ്പോ സദ്യ ഉണ്ടാക്കിയാൽ ഉണ്ടാക്കി, വാഴയില കിട്ടിയാൽ കിട്ടി. തറയിലിരുന്നു വിളമ്പി കഴിച്ചിരുന്നത് മാറി ഡൈനിങ് ടേബിളിലേക്കായി സദ്യ.
പ്രായത്തിന്റെ പക്വത തല്ലി കെടുത്തുന്ന ചില നിഷ്കളങ്കമായ സന്തോഷങ്ങളുണ്ട്. അതിൽ പെടും ഇന്നെനിക്ക് ഓണവും. ആഘോഷങ്ങളും ചടങ്ങുകളും തരുന്ന സന്തോഷം ശാശ്വതമല്ല എന്നുള്ള പ്രായത്തിന്റെ തിരിച്ചറിവിലും ഉള്ളിൽ എവിടെയോ മനസ്സ് മന്ത്രിക്കും, ചിങ്ങം ആയി ഓണമായി!!