Skip to main content

ഓർമയിലെ ഓണം, പഴമയിലെ ഓണം

onakkurippu23

Entry No:023

Anoop M U [ Incredible Visibility ]

 

 

ഓണം എന്ന് കേൾക്കുമ്പോഴേ മനസ്സിലേക്കോടിയെത്തുന്നത് ഒരു പിടി നല്ല ഓർമ്മകളാണ്. അവ കൂട്ടിക്കൊണ്ടു പോകുന്നതോ നിഷ്കളങ്കമായ ബാല്യത്തിലേക്കും. ഓണക്കാലം അവധിക്കാലം മാത്രമല്ല ആഘോഷങ്ങളുടെ കാലം കൂടിയായിരുന്നു. ആ ദശദിനങൾ മനസ്സിൽ നിറയ്ക്കുന്നത് മഴവില്ലിന്റെ നിറങ്ങളും മനം കുളിർപ്പിക്കുന്ന ഗന്ധവും നാവിൽ കൊതി നിറയ്ക്കുന്ന രുചികളുമാണ്.അത്തം മുതൽ ഉത്രാടം വരെ നീണ്ടു നിൽക്കുന്ന ഒരു മത്സരമുണ്ട് ഞങ്ങൾ കൂട്ടുകാർക്കിടയിൽ, ഏറ്റവും ഭംഗിയായി പൂക്കളം തീർക്കാനുള്ള മത്സരം. അത് പൂവിറുക്കാൻ പോകുമ്പോൾ മുതൽ ആരംഭിക്കും. കൂട്ടുകാർ ഒരുമിച്ചാണ് പൂവിറുക്കാൻ പോകുന്നതെങ്കിലും പൂക്കളുടെ അടുത്തെത്തുമ്പോഴേക്കും അതുവരെ ഉണ്ടായിരുന്ന കളിയും ചിരിയും വർത്തമാനവുമെല്ലാം അവസാനിക്കും. പിന്നെ ഒരു ഓട്ടമാണ്, കൂടുതൽ സ്വന്തമാക്കാൻ. പൂക്കൾ പറിച്ച് കൂടകളിലാക്കി കഴിഞ്ഞാൽ ആ പഴയ സൗഹൃദം വീണ്ടും ദൃഢമാകും. വൈകുന്നേരങ്ങളിലാണ് ഞങ്ങളുടെ പൂവിറുക്കൽ. ആദ്യം പോകുന്നത് പാടത്തിന്റെ അക്കരയ്ക്കാണ്. അവിടെ കടും നീല നിറത്തിലുള്ള കദളിപ്പൂക്കൾ ഞങ്ങളെ പ്രതീക്ഷിച്ചു നിൽപ്പുണ്ടാകും. ആറു മാസ ചെടികളുടെ കുലകളും അവിടെ നിന്നും സ്വായത്തമാക്കും. പിന്നീട് വേലികളിൽ നിറഞ്ഞു നിൽക്കുന്ന കോളാമ്പി പൂക്കളുടെയും കൊങ്ങിണി പൂവിന്റെയും ഊഴമാണ്. അതും കഴിഞ്ഞാൽ പറമ്പിലേക്കാണ് യാത്ര. ഓണപ്പൂക്കളത്തിലെ രാജാവായ തുമ്പപ്പൂക്കളെ തേടി.. അത് മാത്രം കുറച്ചു പ്രയാസമേറിയ ജോലിയാണ്. തുമ്പപ്പൂക്കൾ ധാരാളമുണ്ടെങ്കിലും അവ നുള്ളി എടുക്കുക ശ്രമകരമാണ്. ചെമ്പരത്തിയും നമ്പ്യാർവെട്ടവും തൊട്ടാവാടി ചെടിയുടെ പൂക്കളുമെല്ലാം രാവിലെയാണ് പറിയ്ക്കുക. ഇത് കൂടാതെ വീട്ടിൽ നട്ട് വളർത്തുന്ന ചെടികളുടെ പൂക്കളും ഓണപ്പൂക്കളത്തിൽ ഇടം നേടും. പൂക്കളം തീർത്തു കഴിഞ്ഞാൽ പിന്നെ അടുത്തത് വീടുവീടാന്തരം കയറിയുള്ള വിലയിരുത്തൽ ആണ്. അപ്പോഴാണ് പിറ്റേന്നത്തെ പൂക്കളത്തിനുള്ള ആവേശം ഉടലെടുക്കുക. ഉത്രാടത്തിന്റ അന്ന് വൈകുന്നേരം പൂക്കൾക്ക് പകരം തുമ്പക്കുടങ്ങളാണ് ശേഖരിക്കുക. അപ്പോഴും മത്സരത്തിന് അയവില്ല കേട്ടോ. തുമ്പക്കുടങ്ങൾ എത്തിച്ചു കഴിഞ്ഞാൽ എന്റെ ജോലി അവസാനിച്ചു. പിന്നെ അമ്മയും മുത്തശ്ശിയും കൂടി ആ തുമ്പക്കുടങ്ങൾ കഴുകി അരിഞ്ഞു വയ്ക്കും. തിരുവോണ നാൾ വെളുപ്പിന് ഓണത്തപ്പനെ പൂത്തറയിൽ പ്രതിഷ്ഠിച്ച്, മാവേലി മന്നനെ തുമ്പക്കുടങ്ങളാൽ എതിരേൽക്കാനുള്ളതാണ്. പൂത്തറയും ഓണത്തപ്പനെയുമൊക്കെ ഞങ്ങൾ വിശാഖം നാളിൽ ഉണ്ടാക്കും. അത് മുത്തശ്ശിയുടെ നേതൃത്വത്തിൽ ആണ് നടക്കുക. അപ്പുറത്തെ റബ്ബർ തോട്ടത്തിൽ ഉറുമ്പിൻപുററ് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം എനിക്കാണ്. ഞാനും മുത്തശ്ശിയും കൂടി പോയി ആ മണ്ണ് കൊണ്ടുവരും. പൂത്തറയും ഓണത്തപ്പൻമാരേയും മുത്തശ്ശിയാണ് ഉണ്ടാക്കുക. ഉരലും ഉലയ്ക്കയും മാവേലിയും ഒക്കെ എന്റെ വക. ആവണി പലകയുടെ ആകൃതിയിലാണ് മുത്തശ്ശി പൂത്തറ ഉണ്ടാക്കുന്നത്. മറ്റു വീടുകളിൽ വൃത്തത്തിലും ചതുരത്തിലും തറകൾ ഉണ്ടാക്കുന്നത് കണ്ട് ഞാൻ വാശി പിടിച്ചാലും മുത്തശ്ശി സമ്മതിക്കില്ല. അതാണ് ചട്ടം എന്ന് പറഞ്ഞു എന്റെ വായടപ്പിക്കും. ഇനിയാണ് രസം. ഇതൊക്കെ ഒന്ന് ഉണക്കി എടുക്കണമല്ലോ!! പിറ്റേന്ന് മുതൽ നിർത്താതെ പെയ്യുന്ന മഴയായിരിക്കും. ഈ മഴ ഇത് എങ്ങനെ കൃത്യമായി അറിയുന്നുവോ ആവോ! ഓണത്തപ്പൻമാരെ എല്ലാം ഉമ്മറക്കോലായിലേക്ക് കയറ്റി വയ്ക്കും. പൂത്തറയ്ക്ക് ഒരു കുടയേയും കൂട്ടായി കൊടുക്കും. രസംതിരുവോണത്തിൻറെ അന്ന് വെളുപ്പിന് കുളിച്ചു മുണ്ടും നേരൃതും ഉടുത്ത് അമ്മയും മുത്തശ്ശിയും കൂടി പൂത്തറ മെഴുകി, അരിമാവ് കൊണ്ട് അണിഞ്ഞ്, ഓണത്തപ്പൻമാരേയും ഇരുത്തി, പൂവടയും പൂവിളിയുമായി തുമ്പക്കുടങ്ങളാൽ മഹാബലി തമ്പുരാനെ എതിരേൽക്കും. ഞാൻ ഉറക്കച്ചടവോടെയാണ് ഇതെല്ലാം നോക്കി നിൽക്കുക. ശീവോതിയേം മക്കളേയും പുറത്താക്കി, മാവേലിയേം മക്കളേം അകത്തിരുത്തിയിട്ട് അമ്മയും മുത്തശ്ശിയും അടുക്കളയിലേക്ക് പോകും. ഞാൻ വീണ്ടും മയക്കത്തിലേയ്ക്കും. എന്നാലും അധികനേരം ഉറങ്ങാൻ കഴിയാറില്ല കേട്ടോ. മനസ് ഓണക്കോടി ഓണക്കോടി എന്ന് മന്ത്രിച്ചു കൊണ്ടിരിക്കും. വേഗം എഴുന്നേറ്റു പല്ല് തേച്ചു കുളിച്ച് അച്ഛന്റെ കയ്യിൽ നിന്നും ഓണക്കോടി വാങ്ങി ഉടുത്ത്കൊണ്ട് കൂട്ടുകാരുടെ കൂടെ അമ്പലത്തിൽ ഒന്ന് പോയി വരും. പുതിയ ഷർട്ട് നാലു പേരെ കാണിക്കാൻ കൂടി ആണ് ട്ടോ ഈ അമ്പലത്തിൽ പോക്ക്. തിരികെ വന്നു ചായയും ഇലയടയും കഴിച്ചു കഴിഞ്ഞാൽ പിന്നെ ഞങ്ങൾ കൂട്ടുകാർ ചേർന്നുള്ള കളികളാണ്. കളികൾക്കിടയ്ക്കിടെ വെള്ളം കുടിക്കാനെന്ന വൃജേന വീട്ടിൽ ഒന്ന് പോകും. അടുക്കളയിലേക്ക് കയറുമ്പോൾ തന്നെ പ്രഥമൻറേയും പലതരം കറികളുടേയും ത്രസിപ്പിക്കുന്ന മണം മൂക്കിലേക്ക് അടിച്ചു കയറും. വേഗം രണ്ടു ഉപ്പേരിയും ശർക്കര വരട്ടിയും എടുത്ത് കളിസ്ഥലത്തേയ്ക്ക്. പന്ത്രണ്ടര ആവുമ്പോൾ കളി നിർത്തി വീട്ടിൽ വരും. അപ്പോഴേക്കും അമ്മ ഇല ഇട്ടിട്ടുണ്ടാകും. പിന്നെ എല്ലാവരും ചേർന്നിരുന്നു വിഭവസമൃദ്ധമായ സദ്യ. ഞാൻ അന്ന് ചോറ് കുറച്ചേ കഴിയ്ക്കൂ, പായസത്തിനുള്ള സ്ഥലം ഒഴിച്ചിടണമല്ലോ. വർഷത്തിൽ ഓണത്തിനും വിഷുവിനും മാത്രമാണ് വീട്ടിൽ പാലട പ്രഥമൻ വയ്ക്കുന്നത്. അപ്പോൾ പിന്നെ അത് ആസ്വദിക്കാതെ തരമില്ലല്ലോ. ഊണു കഴിഞ്ഞ് മയങ്ങാൻ തുടങ്ങുമ്പോഴേക്കും വിരുന്നുകാരുടെ വരവായി. തറവാട് ആയതുകൊണ്ടും മുത്തശ്ശി ഉള്ളതുകൊണ്ടും അച്ഛന്റെ പെങ്ങന്മാരും അനിയനുമെല്ലാം കുടുംബത്തോടൊപ്പം വരും. അവർ വരുന്നതും നല്ല സന്തോഷമുള്ള കാരൃം തന്നെ. കാരണം അവർ വരുമ്പോൾ മുത്തശ്ശിയ്ക്ക് ഒരു മുണ്ടും എനിക്കും അനിയനും ഓരോ ഷർട്ട് വീതവും കൊണ്ട്വരും.പിന്നെ കാരണവന്മാർ ചേർന്നിരുന്നു വെടിപറച്ചിലും വിശേഷവും. ഞങ്ങൾ കുട്ടികൾ മറ്റ് ചില വിനോദങ്ങളിലും. സന്ധ്യ ആകുന്നതോടെ എല്ലാവരും മടങ്ങും. ഒരു മഴ പെയ്ത് തോർന്ന പോലെ വീട് ശാന്തമാകും. അന്നത്തെ അത്താഴം വളരെ നേരത്തെ ആയിരിക്കും. ക്ഷീണത്തോടെ ആണ് അന്ന് എല്ലാവരും ഉറങ്ങുക.